ചിന്താക്രാന്തൻ

23 October 2013

കഥ. അപശകുനം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്



          ഞാനൊരു തനി ഗ്രാമവാസിയാണ്. ഗ്രാമവാസിയായതില്‍ വളരെയധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു .വാര്‍ക്ക കെട്ടിടങ്ങളോട് താല്‍പര്യമില്ലാത്ത ഞാന്‍     അതുകൊണ്ടുതന്നെയാണ്   ഗ്രാമ വാസികള്‍ വാര്‍ക്ക വീടുകള്‍ പണിതുയര്‍ത്താന്‍  അന്യോന്യം മത്സരിക്കുമ്പോഴും  പുരാതനമായ മേല്‍കൂര  ഓടുകളാല്‍ മേഞ്ഞ   തറവാട് പൊളിക്കാതെ ഞാനും കുടുംബവും തറവാട്ടില്‍ തന്നെ വസിക്കുന്നത്. കുടുംബമെന്ന് പറഞ്ഞാല്‍ ഞാനും റിട്ടയര്‍ അദ്ധ്യാപകന്‍ ഗംഗാധരമേനോന്‍ എന്ന എന്‍റെ അച്ഛനും , അച്ഛന്‍റെ മാതാവ് ദാക്ഷായണിയമ്മയും, അനിയന്‍ ഉണ്ണികൃഷ്ണനും, അനിയത്തി കനകാംബികയും, അമ്മ..... അമ്മയെ കുറിച്ചാകും നിങ്ങള്‍ ചിന്തിക്കുന്നത് .കുടുംബാംഗങ്ങളെ പരിചയപെടുത്തുമ്പോള്‍ ആദ്യം പരിചയ പെടുത്തേണ്ടത് പെറ്റമ്മയെ തന്നെയാണെന്ന് എനിക്ക് നന്നായി അറിയാം .പക്ഷെ  അമ്മ ഈ ഭൂലോകത്ത് ഇന്ന്  ജീവിച്ചിരിക്കുന്നില്ല  എന്നത്  കൊണ്ട് തന്നെയാണ് അമ്മയെ കുറിച്ച് പറയാതെയിരുന്നത് .

അമ്മയ്ക്ക് എന്ത് അസുഖവും നിസാരമാണ് അങ്ങിനെ അസുഖം നിസാരമാക്കിയത് കൊണ്ടാണ് അമ്മയ്ക്ക് ഇഹലോകവാസം വെടിയേണ്ടിവന്നത്.കനക മോളെ പ്രസവിച്ചു എണ്‍പത്തിനാലാം ദിവസമായിരുന്നു അമ്മയുടെ മരണം .മഞ്ഞപ്പിത്തം പിടിപെട്ടു ദേഹമാസകലം മഞ്ഞനിറമായിട്ടും അമ്മ ആശുപത്രിയിലേക്ക് പോകുവാന്‍ കൂട്ടാക്കിയില്ല .   ആശുപത്രിയിലേക്ക് പോകുവാന്‍ പറയുന്നവരോട് അമ്മ പറയുമായിരുന്നു.

,,   അസുഖം മഞ്ഞപ്പിത്തമാ. ഇതിന് അലോപ്പതി ചികിത്സ ഫലിക്കില്ല. കീഴാര്‍ നെല്ലി അരച്ച് അകത്തേക്ക് സേവിച്ചാല്‍ അസുഖം മാറിക്കിട്ടും .കുഞ്ഞുനാളില്‍ എത്ര തവണ ഈ അസുഖം പിടി പെട്ടിരിക്കുന്നു .അന്നൊക്കെ കീഴാര്‍ നെല്ലി അരച്ച് പശുവിന്‍ പാലില്‍ അങ്ങ് സേവിക്കും. നാലാം ദിവസം ശരീരത്തിലെ മഞ്ഞ നിറം പൂര്‍ണ്ണമായും മാറികിട്ടും .എന്നെകൊണ്ടാവില്ല ആശുപത്രിയില്‍ പോയി കിടക്കാന്‍.,,

വേനല്‍ക്കാലമായത് കൊണ്ട്  വരണ്ടുണങ്ങിയ പാടശേഖരങ്ങളില്‍ നിന്നും കീഴാര്‍ നെല്ലി ചെടികള്‍ ലഭിച്ചില്ല. അമ്മ അസുഖത്തിന് കാര്യമായി മരുന്നുകള്‍ ഒന്നും തന്നെ കഴിച്ചിരുന്നില്ല എന്നതാണ് വാസ്തവം..അബോധാവസ്ഥയില്‍ ആയപ്പോഴാണ് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയത് .അപ്പോഴേക്കും രോഗം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു .ആശുപത്രിയില്‍ എത്തിയ  രണ്ടാം പക്കം അമ്മ മരണ പെട്ടു.
കൈകുഞ്ഞായ കനകത്തിന്‍റെ കാര്യത്തിലായിരുന്നു എല്ലാവര്‍ക്കും സങ്കടം.അച്ഛന്‍റെ ഒരു അകന്ന ബന്ധുവിന്‍റെ മകള്‍ ആ ഇടയാണ് പ്രസവിച്ചത് .അച്ഛന്‍ തന്‍റെ സങ്കടം ബോധിപ്പിക്കുവാന്‍ ബന്ധുവിന്‍റെ വീട്ടിലേക്ക് യാത്രയായി.പടിപ്പുര കടന്നപ്പോള്‍തന്നെ  ദൂരെ ഉമ്മറത്ത്  നേരിയതെടുത്ത് തറയില്‍ ഇരുന്ന് മുറത്തിലെ ധാന്യത്തിലെ കല്ല്‌ പറക്കുന്ന ബന്ധുവായ മദ്ധ്യവയസ്കയായ  സ്ത്രീയെ അച്ഛന്‍ കണ്ടു . അവരുടെ മകളാണ് പ്രസവിച്ച് കിടക്കുന്നത്. അവരുടെ അരികില്‍ പോയി അച്ഛന്‍ കാര്യം പറഞ്ഞു .

,, എന്‍റെ കുഞ്ഞിന്‍റെ അമ്മ ഈ ഇടെ മരണ പെട്ട വിവരം അറിഞ്ഞിരിക്കുമല്ലോ .എന്‍റെ മോള്‍ക്ക്‌ മുലപ്പാല്‍ കൊടുക്കുവാന്‍ ഇവിടെ പ്രസവിച്ചു കിടക്കുന്നയാള്‍ക്ക് കഴിയുമോ എന്നറിയാന്‍ വന്നതാ .,,

,,കഴിയുമോ എന്നോ  എന്താ ഗംഗാധര ഈ പറയുന്നേ ഞങ്ങള്‍ ഈ വിവരം അവിടെ വന്ന് പറയുവാന്‍ ഇരിക്കുകയായിരുന്നു.നിങ്ങളുടെ കുടുംബത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് ഞങ്ങള്‍ക്ക്.  ഗംഗാധരന്‍റെ അച്ഛന്‍ ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നിട്ടുണ്ട് അതൊന്നും ഈ ജന്മത്തില്‍ ഞങ്ങള്‍ക്ക് മറക്കുവാന്‍ ആവില്ല  ,,

അച്ഛന് സന്തോഷമായി .എന്നും അച്ഛന്‍  വിദ്യാലയത്തിലേക്ക്‌ പോകുമ്പോള്‍  കനകത്തെ അവരുടെ വീട്ടില്‍ ഏല്‍പ്പിക്കും. തിരികെ പോരുമ്പോള്‍ കനകത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയും  ചെയ്യും .രാത്രിയില്‍ കനകം മുലപ്പാലിനായി കരയുമ്പോള്‍ കൊടുക്കുവാന്‍ പിഴിഞ്ഞെടുത്ത മുലപ്പാല്‍ കുപ്പിയിലാക്കി നല്‍കുമായിരുന്നു  .  മൂന്നാമത്തെ കുഞ്ഞിനെയാണ് ചേച്ചി പ്രസവിച്ചു കിടന്നിരുന്നത് ആ ചേച്ചിക്ക് മൂന്നും ആണ്‍ കുഞ്ഞുങ്ങളായിരുന്നു .പെണ്‍കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടപെടുന്ന ചേച്ചിക്ക് പെണ്‍ കുഞ്ഞുങ്ങള്‍ പിറക്കാത്തത് കൊണ്ട് കനകത്തെ അവര്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു .വിദ്യാലയത്തില്‍ നിന്നും വന്നാല്‍ എന്‍റെ പ്രധാന വിനോദം കനകത്തെ കളിപ്പിച്ചിരിക്കലാണ് .

തൊണ്ണൂറാം ദിവസം..... ചേച്ചി ഭര്‍ത്താവിന്‍റെ ഒന്‍പതു കിലോമീറ്ററോളം ദൂരെയുള്ള  വീട്ടിലേക്ക് പോകേണ്ട ദിവസം .കനകത്തെയായി ചെന്ന അച്ഛനോട് ചേച്ചി പറഞ്ഞു .

,, ഇന്ന് ഞാന്‍ മക്കളുടെ അച്ഛന്‍റെ വീട്ടിലേക്ക് പോകുകയാണ് .കനകത്തെ ഞാന്‍ എന്‍റെ കൂടെ കൊണ്ടുപോയ്ക്കോട്ടേ .എന്‍റെ സ്വന്തം കുഞ്ഞിനെപോലെ ഇവളെ ഞാന്‍ വളര്‍ത്തും .,,

മനസ്സില്ലാമനസ്സോടെ അച്ഛന്‍ സമ്മതിച്ചു. വിദ്യാലയത്തില്‍ നിന്നും വന്ന ഞാന്‍ കനകത്തെ കാണാതെ ബഹളം വെച്ചു.ഞാനും  അനിയന്‍ ഉണ്ണിയും കരഞ്ഞ് നിരാഹാരസമരമിരുന്നത് കൊണ്ട് രാത്രീ ഒന്‍പതു മണിക്ക് ശേഷം വാഹനം വരുത്തി ഞങ്ങളെ കനകത്തിന്‍റെ അരികിലേക്ക് കൊണ്ട് പോയി .അവിടെയെത്തിയ അച്ഛന്‍റെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ കനകത്തെ കാണുവാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് തോന്നി.എന്നേയും ഉണ്ണിയേയും എന്നും അച്ഛന്‍ കനകത്തിന്‍റെ അരികിലേക്ക് കൊണ്ട് പോകും  .ചേച്ചിയുടെ ഭര്‍ത്താവ് പട്ടാളക്കാരനായിരുന്നു .ഇടയ്ക്കൊക്കെ അയാള്‍ നാട്ടില്‍ വന്നുപോയി കൊണ്ടിരുന്നു. രണ്ടു വയസ്സ് വരെ കനകത്തിന് മുലപ്പാല്‍ നല്‍കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പക്ഷെ ആ ആഗ്രഹം നിറവേറിയില്ല .കനകത്തിന് ഏതാണ്ട് ഒന്നര വയസായപ്പോള്‍  അച്ഛനേയും ചേച്ചിയേയും കുറിച്ച് നാട്ടില്‍ അപവാദങ്ങള്‍ ആരൊക്കയോ ചേര്‍ന്ന് പറഞ്ഞുണ്ടാക്കി .ഈ വിവരം അച്ഛന്‍റെ ചെവിയില്‍ എത്തിയ ഉടനെതന്നെ കനകത്തെ അച്ചന്‍ തിരികെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോന്നു .കനകത്തെ കൊണ്ടുപോരുമ്പോള്‍ ,, എന്‍റെ മോളെ  കൊണ്ട് പോകരുതേ....,, എന്ന് പറഞ്ഞ് ചേച്ചി  നെഞ്ച് പൊട്ടി കരയുന്നുണ്ടായിരുന്നു.

,, ഇല്ലാ കഥകള്‍ നാട്ടിലെങ്ങും പാട്ടാണ് എനിക്ക് എന്‍റെ മോളെ കാണാതെയിരിക്കുവാന്‍ ആവില്ല  .എന്‍റെ മകള്‍ക്ക് വേണ്ടി നിങ്ങളുടെ ജീവിതം നശിക്കുവാന്‍ ഇട വരരുത് . ഞാന്‍ എന്‍റെ മോളെ കൊണ്ട് പോകുന്നു . ചെയ്തു തന്ന ഉപകാരങ്ങള്‍ മറക്കില്ല ഞാനും എന്‍റെ മക്കളും  ,,

പിന്നെ കനകം  അച്ഛമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്നു .ഇപ്പോള്‍ കാലം ഒത്തിരിയൊത്തിരി കഴിഞ്ഞൂട്ടോ .അദ്ധ്യാപകന്‍റെ മകന്‍ അദ്ധ്യാപകന്‍ ആവണം എന്നാണല്ലോ ചൊല്ല് .അച്ചന്‍ ഹൈസ്കൂള്‍ അദ്ധ്യാപകനാ,  ഞാനും  ആയി അദ്ധ്യാപകന്‍.  എല്‍ പി സ്കൂളിലെ  അദ്ധ്യാപകന്‍ ആണെന്ന് മാത്രം  . ഉണ്ണി പട്ടണത്തിലെ കലാലയത്തില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്നു . കനകം പത്താം തരം  കഴിഞ്ഞ് പരീക്ഷാഫലം കാത്തിരിക്കുന്നു  .അച്ഛമ്മയ്ക്ക് ഇപ്പോള്‍ തിമിരത്തിന്‍റെ അസ്ഥിരതയുണ്ട് .ക്ഷേത്രത്തില്‍ പോകുമ്പോള്‍ കനകം അച്ഛമ്മയുടെ കൈപിടിച്ചു കൊണ്ട് പോകും .അച്ഛമ്മയെ പരിപാലിക്കലാണ് കനകത്തിന്‍റെ ഇപ്പോഴത്തെ പ്രധാന ജോലി .

 പി എസ് സി എഴുതി ലഭിച്ച  അദ്ധ്യാപക   ജോലി അങ്ങ് ഇടുക്കിയിലെ മലയോര ഗ്രാമത്തിലായി പോയി .തോട്ടം തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഒരു എല്‍ പി സ്കൂള്‍.ബസ്സിറങ്ങി മൂന്ന് കിലോമീറ്ററില്‍ കൂടുതല്‍ നടന്നാലെ സ്കൂളില്‍ എത്തിച്ചേരുവാന്‍ കഴിയൂ .വെള്ളിയാഴ്ച അദ്ധ്യാപനം  കഴിഞ്ഞാല്‍ ഞാനിങ്ങു വീട്ടിലേക്ക് പോരും .തിരികെ പോരുന്നത് തിങ്കളാഴ്ച പുലര്‍ച്ചയും .ഓരോ ആഴ്ചയും വീട്ടിലേക്ക് ചെല്ലുമ്പോള്‍ കനകത്തിന് വാങ്ങിക്കേണ്ട സാധനങ്ങളുടെ ലീസ്റ്റ് പോകുമ്പോള്‍ തന്നെ എന്നെ ഏല്‍പ്പിക്കും .കുപ്പിവളകള്‍ കണ്മഷി റിബണ്‍ ചാന്ത് അങ്ങിനെയുള്ള സാധനങ്ങളുടെ ലിസ്റ്റ് ആണ് കേട്ടോ .ഞാന്‍ തിടുക്കത്തില്‍ വീട്ടിലേക്ക് പോകുന്നത് കനകത്തെയായി സമയം ചിലവഴിക്കാനാ .വായാടിയാ കനകം ഏത് നേരവും സംസാരിച്ചുകൊണ്ടിരിക്കും.

അച്ഛന്‍റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക് ശെരിക്കും സങ്കടം തോന്നും .അമ്മയുടെ മരണശേഷം മറ്റൊരു വിവാഹത്തിന് അച്ഛന്‍ മുതിര്‍ന്നില്ല .കുടുംബാംഗങ്ങള്‍ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ അച്ഛന്‍ അവരോട് പറയുമായിരുന്നു  .

,,എന്‍റെ മക്കള്‍ക്ക്‌ അവരുടെ അമ്മയെ പോലെ ഒരു സ്ത്രീയെ നല്‍കുവാന്‍ എന്നെ കൊണ്ട് ആവില്ല .കാരണം അവള്‍ക്ക് പകരംവെക്കാന്‍ ഈ ഭൂലോകത്ത് ആരും തന്നെ ഉണ്ടാവില്ല .,,

അച്ഛനിപ്പോള്‍ റിട്ടയറായി വീട്ടില്‍ തന്നെ ഒതുങ്ങികൂടുന്നു.നേരംപോക്കിനായി  പുരയിടത്തില്‍ കൃഷി തോട്ടം ഒരുക്കി പരിപാലിക്കുന്നു .ഞാന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ എത്തിച്ചേരുവാന്‍ നാല് ബസ്സ് കയറിയിറങ്ങണം .ഒരു കിലോമീറ്ററോളം നടന്നാല്‍ വീടിനടിത്തുള്ള ബസ്സ്റ്റോപ്പില്‍ എത്താം .പുലര്‍ച്ചെ അഞ്ചുമണിക്കുള്ള ബസില്‍ പോയാലെ അദ്ധ്യാപനം തുടങ്ങുന്നതിനു മുന്‍പ് വിദ്യാലയത്തില്‍ എത്തുവാന്‍ കഴിയുകയുള്ളൂ .കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ നിന്നും യാത്രയ്ക്കായി  പുറപ്പെട്ടപ്പോള്‍ അപശകുനം പോലെ ഒരു കറുത്ത പൂച്ച പാതയ്ക്ക് കുറുകെ ഓടി .അപ്പോള്‍ തന്നെ എന്തോ വല്ലായ്ക മനസ്സില്‍ അനുഭവപെട്ടു .രാവിലെ ബസ്റ്റോപ്പില്‍ പതിവായി ചിലര്‍ ഉണ്ടാകും അവരില്‍ ഭൂരിഭാഗം പേരും  ഇരുപത്തഞ്ചു വയസിനു താഴെയുള്ള ചെറുപ്പക്കാരാണ്  . പത്ര എജന്‍സിയുടെ ഉടമ വറീത് മാപ്പിള  പ്രായാധിക്യം വകവെക്കാതെ ഓരോരുത്തര്‍ക്കും വിതരണം ചെയ്യുവാനുള്ള പത്രങ്ങള്‍ വീതിച്ചുനല്‍കും .

ബസ്റ്റൊപ്പിനോട് ചേര്‍ന്ന് നാണു അമ്മാവന്‍റെ ചായപീടികയുണ്ട് .സ്ഥിരമായി നേരം പുലരുന്നതിന് മുന്‍പ്തന്നെ ചായ കുടിക്കുവാന്‍ വരുന്ന അനവധി പേരുണ്ട്.ചായകുടിയും പത്രവായനയുമാണ് അവിടെ പ്രധാനം .വാര്‍ത്തകളെ കുറിച്ച് സമഗ്രമായ ചര്‍ച്ചതന്നെ അവിടെ നടക്കും.  ബസ്‌ കയറുന്നതിന് മുന്‍പ് കടുപ്പത്തിലൊരു ചായ കുടിയും അരമണിക്കൂറില്‍ കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന  പതിവ് എനിക്കുണ്ട് .ഞാന്‍ ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബസ്‌റ്റോപ്പില്‍ പതിവായി കാണാത്ത ഒരു സുമുഖനായ ചെറുപ്പക്കാരനെ കണ്ടു .ഷര്‍ട്ട് ഇന്‍ ചെയ്ത് ടൈ കെട്ടിയ അയാളെ കണ്ടപ്പോള്‍ നല്ല ഉദ്യോഗസ്ഥന്‍ ആണെന്ന് തോന്നിപ്പിച്ചു .അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എവിടെയോ കണ്ടുമറന്ന മുഖം പോലെ തോന്നിപ്പിച്ചു .ഞാന്‍ തിടുക്കത്തില്‍ ചായകുടിച്ച്‌ പതിവായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാതെ ചെറുപ്പക്കാരന്‍റെ അരികിലേക്ക് ചെന്നു .എന്നെ കണ്ടപ്പോള്‍ അയാള്‍ നമസ്കാരം പറഞ്ഞ്  എന്നോട് ചോദിച്ചു ?
,,ഇനി എപ്പോഴാ പട്ടണത്തിലേക്കുള്ള ബസ്‌ ,,
,,ഇരുപത് മിനുട്ട് കഴിഞ്ഞാല്‍ ഇത് വഴി പോകുന്ന ആദ്യത്തെ ബസ്‌ വരും ഞാനും ആ ബസിന് കാത്ത് നില്‍ക്കുകയാണ് .,,
അല്‍പനേരം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി പറഞ്ഞു .
,, ഗംഗാധരമേനോന്‍ മാഷിന്‍റെ മകനല്ലെ  കനകത്തിന്‍റെ വല്ല്യേട്ടന്‍ ,,
,, അതെ നിങ്ങള്‍ക്ക് എന്നെ എങ്ങിനെ അറിയാം ,,
,,   കനകം കുഞ്ഞായിരിക്കുമ്പോള്‍ എന്‍റെ അമ്മയാണ് കനകത്തെ ,,
അയാള്‍ വാക്കുകള്‍ മുഴുവിപ്പിക്കുന്നതിനു മുന്‍പ് ഞാന്‍ ഇടയില്‍ കയറി പറഞ്ഞു .
,, ഒത്തിരി നാളായില്ലെ കണ്ടിട്ട് എനിക്ക് പെട്ടന്ന് ആളെ മനസിലായില്ല .എന്താ അമ്മയുടെ വിശേഷങ്ങള്‍ ,,
,, അമ്മ കിടപ്പിലായിട്ട് ഒത്തിരിനാളായി അച്ഛന്‍ പട്ടാളത്തില്‍ നിന്നും വിരമിച്ചതിനു ശേഷം  മദ്യപിച്ച് സ്വയ ബോധം  ഇല്ലാതെ  എന്നും   വീട്ടില്‍ വന്ന്   അമ്മയുമായി വഴക്ക് പതിവായിരുന്നു .ഒരു ദിവസം വഴക്കിനിടയില്‍ അച്ഛനില്‍ നിന്നും അമ്മയ്ക്ക് നട്ടെല്ലിന് ഏറ്റ ക്ഷതം അമ്മയെ കിടപ്പിലാക്കി .ആ സംഭവത്തിന് ശേഷം അച്ഛന്‍ മദ്യപാനം ഒഴിവാക്കി അമ്മയെ പരിപാലിക്കുന്നു .ഇപ്പോള്‍ ഞങ്ങള്‍ക്ക് അച്ഛന്‍റെ സ്നേഹം ഞങ്ങള്‍ ആഗ്രഹിച്ചത്‌ പോലെ ലഭിക്കുന്നു പക്ഷെ അമ്മ ...,,
സ്വരം ഇടറിയ  അയാള്‍ക്ക് വാക്കുകള്‍ മുഴുവിപ്പിക്കാന്‍ കഴിഞ്ഞില്ല  .കണ്ണുനീര്‍ തുള്ളികള്‍ തുടച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു .
,, അമ്മാമ കുറച്ചു നാളായി ഞങ്ങളുടെ വീട്ടിലായിരുന്നു .ഇന്നലെ അമ്മാമയെ തിരികെ കൊണ്ടന്നാക്കാന്‍  ഞാന്‍  ഇവിടെ വന്നതാ .ഞാനിപ്പോള്‍ കൊച്ചിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിനോക്കുന്നു .ഇനി വെള്ളിയാഴ്ചയെ വീട്ടിലേക്ക് മടങ്ങുകയുള്ളൂ .അമ്മയ്ക്ക് കനകത്തെ ഒത്തിരി ഇഷ്ടമായിരുന്നു . എപ്പോഴും കനകത്തെ കുറിച്ച് അമ്മ സംസാരിക്കും .കനകത്തിന് അമ്മയെ ഓര്‍മ്മയുണ്ടോ ആവോ .അമ്മ കിടപ്പിലാകുന്നതിനു മുന്പ് ഇടയ്ക്കൊക്കെ കനകത്തിനെ കാണുവാന്‍ വിദ്യാലയത്തിലേക്ക് അമ്മ വരുമ്പോള്‍ അമ്മയ്ക്ക് കൂട്ടിന് ഞാന്‍ വരാറുണ്ട് .കനകം അറിയാതെ കനകത്തെ ഞങ്ങള്‍ വഴിയരികില്‍ നിന്നു വീക്ഷിക്കുമായിരുന്നു.  ഞാന്‍ നിങ്ങളുടെ വീട്ടിലേക്ക് വരുവാന്‍ ഇരിക്കുകയായിരുന്നു .കനകത്തെ ഒരു ദിവസം വീട്ടില്‍ക്ക്‌ പറഞ്ഞയക്കുമോ എന്നറിയാന്‍ .,,
,, കനകത്തിന് എല്ലാം അറിയാം അവള്‍ നിങ്ങളുടെ അമ്മയെ കാണുവാന്‍ വാശി പിടിക്കാറുണ്ട് അച്ഛന്‍ സമ്മതിക്കാറില്ല എന്നതാണ് വാസ്തവം.അമ്മയുടെ മുഖം കനകത്തിന് ഓര്‍മയില്ല പക്ഷെ കഥകള്‍ എല്ലാം അവള്‍ക്ക് അറിയാം  .അടുത്തയാഴ്ച ഞാന്‍ വരുമ്പോള്‍ അച്ഛനോട് വിവരങ്ങള്‍ പറഞ്ഞ് അനുവാദം വാങ്ങി കനകവുമായിതീര്‍ച്ചയായും    നിങ്ങളുടെ വീട്ടിലേക്ക്  വരും.,,

അന്ന്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു .മൊബൈല്‍ നമ്പര്‍ പരസ്പരം കൈമാറി .പട്ടണത്തില്‍ എത്തിയപ്പോള്‍ രണ്ടു പേരും രണ്ടു ദിക്കിലേക്കായത് കൊണ്ട് അന്ന് ഞങ്ങള്‍ പിരിഞ്ഞു  .ബസ്‌ ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് പോകുവാനുള്ള ബസ്‌ ബസ്റ്റാണ്ടില്‍ നില്‍പ്പുണ്ടായിരുന്നു .അയാള്‍ എന്നെ കൈവീശി യാത്രയാക്കി .ഞാന്‍ യാത്ര തുടര്‍ന്നു.
ആ അമ്മയുമായി ബന്ധം തുടരാതെയിരുന്നതില്‍ മനസ്സില്‍ കുറ്റബോധം തോന്നി.
ഏതാണ്ട് എട്ടരയോടെ  ബസ്‌ അടുത്ത  സ്റ്റാന്‍ഡില്‍ എത്തി.

 പത്ത്‌ മിനുട്ട് കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലേക്കുള്ള ബസില്‍ വീണ്ടും യാത്ര തുടര്‍ന്നു .ഒരു വിധം ബസില്‍ നില്‍ക്കുവാനുള്ള ഇടം ലഭിച്ചു എന്ന് പറയാം അത്രയ്ക്ക് തിരക്കായിരുന്നു ബസില്‍ .വിദ്യാലയത്തിലെ ഒട്ടുമിക്ക അദ്ധ്യാപകരും ഈ ബസിലാണ് വരുന്നത് .സ്ത്രീകളുടെ ഭാഗത്തെക്കായിരുന്നു എന്‍റെ നോട്ടം, അതിനൊരു കാരണവും ഉണ്ട് .ഞാന്‍ വിദ്യാലയത്തില്‍ ജോയിന്‍ ചെയ്ത ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എത്തിയ അദ്ധ്യാപികയോട് ഒരു അടുപ്പം തോന്നിയിരുന്നു . ബസിലെ തിരക്കുമൂലം മുന്‍ഭാഗത്തേക്കുള്ള നോട്ടം എത്തിയില്ല .മലയോര പ്രദേശമായത് കൊണ്ടും ദുര്‍ഘടമായ പാതയായതുകൊണ്ടും വളരെ പതുക്കെയാണ് ബസ്‌ നീങ്ങികൊണ്ടിരുന്നത് .സര്‍ക്കാരിന്‍റെ ഔദാര്യം കൊണ്ട് നയാപൈസ കൊടുക്കാതെ ലഭിച്ച ജോലിയായത് കൊണ്ടും,  ഇതൊക്കെ സഹിക്കാതെ മറ്റു നിര്‍വാഹമില്ല എന്നത് കൊണ്ടും .ബസിനകത്ത് ക്ഷമയോടെ വളരെയധികം പ്രയാസപെട്ടു ഞാന്‍ നിന്നു .

ബസിറങ്ങിയപ്പോള്‍ ഞാന്‍ തേടിയിരുന്ന മുഖം കണ്ടു .അല്‍പം മാറി ഞാന്‍ നിന്നു .അവള്‍ നടക്കുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവളുടെ പുറകെ നടന്ന് ചോദിച്ചു .
,, എന്താ റ്റീച്ചറെ വീട്ടിലെ വിശേഷങ്ങള്‍ ,,
,, അമ്മയും അനിയത്തിയും തനിച്ചാണ് വീട്ടില്‍ . കഴിഞ്ഞ ആഴ്ച ഞാന്‍ പോന്നതിനു ശേഷം അനിയത്തിയോട് ഒരുത്തന് വല്ലാത്ത പ്രേമം, ശല്ല്യം സഹിക്കാതെയായപ്പോള്‍ അനിയത്തി എന്നോട് വിവരം പറഞ്ഞു .ഞാനും നാട്ടിലെ ചിലരും ചേര്‍ന്ന്‍ അവന്‍റെ വീട്ടിലേക്ക് അങ്ങ് ചെന്നു .ഞങ്ങളെ കണ്ടതും പയ്യന്‍ ശെരിക്കും പേടിച്ചുപോയി .പ്രേമം എന്ന് പറഞ്ഞ് അനിയത്തിയുടെ പുറകെയെങ്ങാനും ഇനി നടന്നാല്‍  ശെരിയ്ക്കും വിവരമറിയും എന്ന് ഞങ്ങള്‍ പറഞ്ഞു .പക്ഷെ പയ്യന്‍ നല്ല ഒന്നാംതരം തറവാട്ടില്‍ പിറന്നവനാ .തിരികെ പോരുവാന്‍ നേരം ഞാന്‍ അവനോടു പറഞ്ഞു .പഠിച്ച് നല്ല ഉദ്ധ്യോഗസ്ഥനായിട്ടു വീട്ടില്‍ വന്ന് പെണ്ണ് ചോദിക്കുവാന്‍ .,,

എനിക്ക് റ്റീച്ചറുടെ സംസാരം കേട്ടപ്പോള്‍ ചിരിക്കാതെയിരിക്കുവാന്‍ കഴിഞ്ഞില്ല .
,, നല്ല കഥയായി പോയി അനിയത്തിയെ ശല്ല്യം ചെയ്തവനെ ഭീഷണി പെടുത്തുവാന്‍ പോയവര്‍ അനിയത്തിക്ക്  കല്ല്യാണം ആലോചിച്ചു തിരികെ പോന്നോ ,,
,, എനിയ്ക്ക് അവനെ നേരില്‍  കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി മാഷെ..... . അവന് അനിയത്തിയോടുള്ള സ്നേഹം ആത്മാര്‍ത്ഥമാണെന്ന് . മാഷിന്‍റെ വീട്ടിലെ വിശേഷങ്ങള്‍ എന്തൊക്കെയാണ്. കനകത്തിന് സുഖം തന്നെയല്ലെ ,,
,,എല്ലാവരും സുഖമായിരിക്കുന്നു .,,
ഞങ്ങള്‍ വിദ്യാലയത്തില്‍ എത്തുന്നത് വരെ സംസാരം തുടര്‍ന്നു .മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത അനുഭവപെട്ടു .ആ അമ്മയുടെ മുഖമായിരുന്നു .മനസ്സ് നിറയെ അവര്‍ കനകത്തിനെ കാണുവാന്‍,  കനകം അറിയാതെ വരാറുണ്ടെന്ന വിവരം അറിഞ്ഞതില്‍ പിന്നെ തുടങ്ങിയ അസ്വസ്ഥത അതെപടി മനസ്സില്‍ നിലകൊണ്ടു .കനകത്തിനെ വിളിച്ചു കാര്യം പറഞ്ഞാല്‍  ഒരു പക്ഷെ അവരുടെ അരികില്‍ ഇന്ന് തന്നെ പോകണം എന്ന് കനകം വാശി  പിടിക്കും എന്ന ഭയം മൂലം കനകത്തിനെ വിളിച്ചില്ല .പകരം അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു .അല്‍പം നേരം കഴിഞ്ഞപ്പോള്‍ അച്ഛന്‍ എനിയ്ക്ക് തിരികെ വിളിച്ചു പറഞ്ഞു .
,, ഞങ്ങള്‍ അവിടെ  നാളെ പോകുവാന്‍ തീരുമാനിച്ചിട്ടുണ്ട് .മക്കളെ ഞാന്‍ അവരുടെ അരികില്‍ പോകുന്നത് വിലക്കിയത് അവര്‍ക്ക് വേണ്ടിയാ ....അവരുടെ നല്ല ഭാവിക്ക് വേണ്ടിയാ .പക്ഷെ ഇപ്പോള്‍ അതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു .,,
അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  എന്‍റെ കണ്ണുകള്‍ നിറഞ്ഞു .അച്ഛന്‍ തന്നെ കനകത്തെ അവരുടെ അരികിലേക്ക് കൊണ്ട് പോകും എന്ന് ഞാന്‍ ഒട്ടും നിനച്ചിരുന്നില്ല .

അദ്ധ്യാപനം കഴിഞ്ഞ് വിദ്യാലയത്തില്‍ നിന്നും അല്‍പമകലെയുള്ള വാടക വീട്ടില്‍ എത്തി കുളികഴിഞ്ഞ് ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കിടപ്പ് മുറിയില്‍ വെച്ചിരുന്ന  മൊബൈല്‍ഫോണ്‍   റിങ്ങ് ചെയ്യുന്നത് കേട്ടു .ഞാന്‍ കിടപ്പ് മുറിയിലേക്ക് എത്തുമ്പോഴേക്കും റിങ്ങ് ചെയ്യുന്നത് നിലച്ചിരുന്നു . മൊബൈല്‍ഫോണ്‍ എടുത്ത് നമ്പര്‍ നോക്കിയപ്പോള്‍ രാവിലെ പരിചയ പെട്ട ആ അമ്മയുടെ മകന്‍റെ നമ്പര്‍ .തിരികെ അയാള്‍ക്ക്‌ വിളിക്കുവാന്‍ നോക്കിയപ്പോള്‍ കാള്‍ പോകുന്നുണ്ടായിരുന്നില്ല .തിടുക്കത്തില്‍ പാചകം ചെയ്തിരുന്നത് തീര്‍ത്ത്‌ മൊബൈല്‍ഫോണ്‍ എടുത്ത് പുറത്തേക്ക് ഇറങ്ങി കാള്‍ ചെയ്തപ്പോള്‍ കിട്ടി .അങ്ങേ തലയില്‍ നിന്നും ശബ്ദം
  ,, ഹലോ ഞാന്‍ രാവിലെ പരിചയ പെട്ടില്ലെ ,,
,,   മനസ്സിലായി യാത്ര സുഖമായിരുന്നില്ലെ ഞാന്‍ വിളിക്കണം എന്ന് കരുതിയതാ ,,
,,സുഖമായിരുന്നു .ഞാന്‍ ഇന്നു തന്നെ വീട്ടിലേക്ക് തിരികെ പോകുന്നു . യാത്രയിലാണ് ഇപ്പോള്‍ .അമ്മയ്ക്ക് ദീനം അല്‍പം കൂടുതലാണ് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളിച്ചിരുന്നു .,,
,, പോയി വരൂ അമ്മയോട് എന്‍റെ അന്വേഷണം പറയണം പിന്നെ നാളെ കനകവും അച്ഛനും നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട് .,,
,,  ഉവ്വോ അച്ഛനും കൂടി വരുന്നുണ്ടെന്ന് അറിഞ്ഞതില്‍ വളരെയധികം  സന്തോഷം ,,

   അയാളുമായി സംസാരിച്ചതിന് ശേഷം ഞാന്‍ കനകത്തിന് വിളിച്ചു .ആ അമ്മയ്ക്ക് ദീനം കൂടുതലാണ് എന്ന വിവരം കനകത്തിനോട് പറഞ്ഞില്ല .കാരണം കനകത്തിന് അവരുടെ അരികിലേക്ക്‌ എത്തുവാന്‍ അത്രയ്ക്ക് തിടുക്കമുണ്ടായിരുന്നു .
,, ഏട്ടാ ഞാന്‍ ഇന്ന് തന്നെ അമ്മയുടെ അരികിലേക്ക് പോകണം എന്ന് അച്ഛനോട് പറഞ്ഞതാ അച്ഛന്‍ സമ്മതിച്ചില്ല, ഞാന്‍ നാളെ അവിടെ എത്തിയാല്‍ ഒരാഴ്ച കഴിഞ്ഞേ തിരികെ പോരുകയുള്ളൂ .മുത്തശ്ശിയെ ഒരാഴ്ച അച്ഛന്‍ നോക്കിക്കോളും .,,
,, ഞാന്‍ അത് പറയുവാനിരിക്കുകയായിരുന്നു.അവര്‍ കിടപ്പിലല്ലേ സ്വന്തമായി അവര്‍ക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതല്ലെ.ഏട്ടന്‍ അടുത്തയാഴ്ച  വരുമ്പോള്‍ അവിടെ വരാം .,,

കനകത്തിനെയായി സംസാരിച്ചതിന് ശേഷം വേഷം മാറി വീട് പൂട്ടി പ്രധാന അദ്ധ്യാപകന്‍റെ വീട്ടിലേക്ക് പോയി അവിടെ അല്‍പനേരം സംസാരിച്ചിരുന്നു .അവിടെ ധാരാളം പുസ്തകങ്ങള്‍ ഉണ്ട്. അവയില്‍ അധികവും കഥകളും നോവലുകളുമാണ്. പതിവായി പുസ്തകങ്ങള്‍ അവിടെ നിന്ന് എടുക്കുകയും വായന കഴിഞ്ഞാല്‍ അവ തിരികെ കൊടുക്കയും ചെയ്യുന്നത് കൊണ്ട് മാഷ്‌ എനിക്ക്  പുസ്തകങ്ങള്‍ നല്‍കാറുണ്ട് .പദ്മശ്രീ വൈക്കം മുഹമ്മത് ബഷീറിന്‍റെ ലഭ്യമാകുന്ന എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട് .ഇന്ന് ഞാന്‍ .....വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ച  സ്ഥലത്തെ പ്രധാന ദിവ്യന്‍ ,മരണത്തിന്‍റെ നിഴലില്‍ ,എന്ന രണ്ടു പുസ്തകങ്ങള്‍ വീണ്ടും വായിക്കുവാനായി  എടുത്തുകൊണ്ടുവരികയും, എട്ടുമണി യോട് കൂടി ഭക്ഷണം കഴിച്ച് മരണത്തിന്‍റെ നിഴലില്‍ എന്ന പുസ്തകം വായിക്കുവാന്‍ തുടങ്ങി  അല്‍പം കഴിഞ്ഞപ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു.മെത്തയില്‍ നിന്നും എഴുന്നേറ്റ്  കാള്‍ എടുത്തപ്പോള്‍ ആ അമ്മയുടെ മകന്‍റെ ശബ്ദം, അയാള്‍ കരയുന്നത് പോലെ എനിക്ക് തോന്നി. ഒപ്പം ആരൊക്കയോ കരയുന്നത് പോലെ... ഇത് വരെ ഫോണിലൂടെ കേള്‍ക്കാത്ത ശബ്ദങ്ങള്‍. അല്ലെങ്കില്‍ നാം ആരും കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്ത രോദനങ്ങള്‍ ആണെന്ന് പറയുന്നതാവും ശെരി. അല്‍പസമയം കഴിഞ്ഞപ്പോള്‍ അയാളുടെ ശബ്ദം
,, അമ്മ അമ്മ പോയി മാഷെ ഞാന്‍ ഇവിടെ എത്തുന്നതിനു മുന്പ് തന്നെ അമ്മ പോയി ,,
അയാളുടെ വാക്കുകള്‍  കേട്ടപ്പോള്‍  എന്‍റെ കാല്‍ പാദങ്ങളില്‍ നിന്നും ശിരസിലേക്ക് എന്തോ ഒരു പ്രഹരം ഏറ്റത് പോലെ അനുഭവപെട്ടു . കൈകാലുകള്‍ മരവിച്ചത്‌ പോലെ മൊബൈല്‍ഫോണ്‍ കയ്യില്‍നിന്നും നിന്നും ഊര്‍ന്നുവീണു .മെത്തയിലേക്ക് കിടക്കുവാനോ മെത്തയില്‍ നിന്നും എഴുന്നേല്‍ക്കുവാനോ  കഴിയാതെ ഞാന്‍ ആ ഇരുപ്പ് ഒരു പാട് നേരം ഇരുന്നു . ഞാന്‍ ഓര്‍ക്കുകയായിരുന്നു എന്തിനാണ് ആ അമ്മയുടെ മകനെ ഇന്ന് കാണുവാന്‍ ഇടയായത് അനേകം വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ അമ്മയെ ഓര്‍ക്കുവാന്‍ അവസരം ഉണ്ടാകുകയും, എത്രയും പെട്ടന്നുതന്നെ ആ അമ്മയെ നേരില്‍ കാണുവാന്‍ മോഹമുദിക്കുകയും, അവരുമായുള്ള  ബന്ധം ഉപേക്ഷിച്ചതില്‍ ദുഖിക്കുകയും ചെയ്തത് .കനകത്തിനെ മുലയൂട്ടാന്‍ അവരുടെ അരികില്‍ പോയിരുന്ന കാലത്ത് ഞാനും ആ സ്ത്രീയെ അമ്മയുടെ സ്ഥാനത്തല്ലെ കണ്ടിരുന്നത് .അമ്മയെ എന്നെന്നേക്കുമായി നഷ്ട്ടപെട്ട ഞാന്‍  മോനേ എന്ന  വിളിയോടെ  അവരുടെ തലോടല്‍  ഒരുപാട് ആഗ്രഹിച്ചിരുന്നില്ലേ.ആ കാലത്ത്  ഒരു പാട് സ്നേഹം നല്‍കിയ അവരെ ഓര്‍ക്കുക പോലും ചെയ്യാതെയിരുന്നത് വലിയ തെറ്റായിപ്പോയി  എന്നുള്ള കുറ്റബോധം എന്നെ വല്ലാതെ ദുഖിതനാക്കി .

സ്തംഭനാവസ്ഥയില്‍ നിന്നും മുക്തനായപ്പോള്‍ കട്ടിലിനടുത്ത് സ്റ്റൂളില്‍ വെച്ചിരുന്ന കൂജയിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു .എന്നിട്ടും ദാഹം തീരാത്തത് പോലെ തൊണ്ട വരണ്ടുണങ്ങിയ പ്രതീതി വീണ്ടും ഉളവാക്കി.ജീവിതത്തില്‍ ഇന്നേവരെ അനുഭവിക്കാത്ത മാനസീക  അവസ്ഥ .എല്ലാം ഒരു  സ്വപ്നമാണോ ......അല്ലെങ്കില്‍ത്തന്നെ ഇങ്ങനെയൊരു അനുഭവം വളരെ വിരളമല്ലേ ഉണ്ടാവുകയുള്ളൂ .രാവിലെ തന്നെ ആ അമ്മയുടെ ഭൌതികശരീരത്തിനരികില്‍ എത്തണം. ആ ചിന്തയില്‍  വിഷമ വൃത്തത്തിലായ മനസ്സുമായി ഞാന്‍ വീണ്ടും   ഉറങ്ങുവാനായി തുനിഞ്ഞപ്പോള്‍ , രാവിലെ വീട്ടില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ വഴിയില്‍ കണ്ടതുപോലെയുള്ള  കറുത്ത പൂച്ച കരഞ്ഞുകൊണ്ട്കിടപ്പുമുറിയിലെ   തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക്‌ ചാടിപ്പോയി .ആത്മാക്കള്‍ ഇഷ്ടമുള്ളവരുടെ കൂടെ പല രൂപത്തില്‍ എപ്പോഴും കൂടെയുണ്ടാകും എന്ന ആരോ ഓതിതന്ന വാക്കുകള്‍ അപ്പോള്‍ മനസ്സില്‍ മിന്നിമറഞ്ഞു .ഞാന്‍ തിടുക്കത്തില്‍ ജാലകവാതിലുകള്‍ കൊട്ടിയടച്ച് മെത്തയിലേക്ക് ചാഞ്ഞ്‌ ഇമകള്‍ ഇറുക്കിയടച്ചു .  
                                                             
                                                                             ശുഭം
rasheedthozhiyoor@gmail.com
















  

20 September 2013

ചെറുകഥ . പ്രതിബന്ധം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
 
                     അദൃശ്യ  ശക്തിഎഴുതി തയ്യാറാക്കിയ, തിരുത്തുവാന്‍ കഴിയാത്ത  തിരകഥയില്‍ നടനമാടുന്ന അനേകായിരം പേരില്‍ താനും നടനമാടുന്നു . അതായിരുന്നു  സൂസന്‍റെ വിശ്യാസം. സൂസന് കുഞ്ഞുനാള്‍ മുതല്‍ക്കേ  ആഗ്രഹങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നു .ആഗ്രഹിക്കുന്നത്   ഒന്നും തന്നെ   നിറവേറാതെയായപ്പോള്‍ സൂസന്‍റെ ആഗ്രഹങ്ങള്‍ക്ക് അവള്‍   പ്രാധാന്യം നല്‍കാതെയായി.പ്രാരാപ്തങ്ങളുടെ കയത്തില്‍ മുങ്ങികൊണ്ടിരിക്കുന്ന കുടുംബത്തിലെ   ആറുമക്കളില്‍ മൂത്തവളായി ജനിച്ചത്‌ തന്നെയാണ് അതിനുള്ള പ്രധാനകാരണം.സഹോദരങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് മാത്രമേ സൂസന്‍ പ്രാധാന്യം നല്‍കിയിരുന്നുള്ളൂ.  ഇടവകയിലെ പള്ളിയില്‍  കപ്പ്യാര് ജോലി നോക്കുന്ന  സൂസന്‍റെ അപ്പന്   ആണ്‍ മക്കളോടായിരുന്നു കൂടുതല്‍ ഇഷ്ടം. പക്ഷെ  ഉടയ തമ്പുരാന്‍ അഞ്ചു   പെണ്‍  മക്കളെ  നേരില്‍ കാണുവാനുള്ള ഭാഗ്യമേ അദ്ദേഹത്തിനു  നല്‍കിയുള്ളൂ  .ആറാമത് ജനിച്ച  കുഞ്ഞിനെ കാണുവാനുള്ള ഭാഗ്യം സൂസന്‍റെ അപ്പന് ഉണ്ടായില്ല .

     ഒരു പള്ളിപെരുന്നാള്‍ ദിനം . ഗ്രാമവാസികള്‍ ഒന്നടങ്കം  പള്ളി പെരുന്നാന്‍റെ ആഘോഷതിമര്‍പ്പിലായിരുന്നു. സൂസന്‍റെ അപ്പന് അന്ന്  അരമനയില്‍  പതിവില്‍ കൂടുതല്‍ ജോലികള്‍ ഉണ്ടായിരുന്നു.    ദാഹം തോന്നിയപ്പോള്‍  സൂസന്‍റെ  അപ്പന്‍ അല്‍പം വെള്ളം കുടിക്കുവാനായി  അരമനയിലെ കുശിനിയിലേക്ക് പോയതായിരുന്നു.ഒരു കവിള്‍ വെള്ളം ഇറക്കുമ്പോഴേക്കും അദ്ദേഹം കുശിനിയില്‍  കുഴഞ്ഞു വീണു.കുശിനിക്കാരന്‍ വറീത് മാപ്പിള ഒച്ചവെച്ച് ആളെകൂട്ടി .ഓടി കൂടിയവര്‍ സൂസന്‍റെ അപ്പനേയും കൊണ്ട് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ വെച്ചുതന്നെ അദ്ദേഹം   ഇഹലോകവാസം വെടിഞ്ഞു.
 . സൂസന്‍റെ   അമ്മച്ചിയുടെ ഉദരത്തില്‍ അപ്പോള്‍  ഒരു കുഞ്ഞ് പിറവിയെടുത്തിരുന്നു  .  സൂസന്‍    ബി എസ് സി നഴ്സിങ്ങിനു  പഠിക്കുന്ന കാലം  . അദ്ദേഹത്തിന്‍റെ മരണ ശേഷം  സൂസന്‍റെയും കുടുംബത്തിന്‍റെയും ജീവിതം ദുരിതപൂര്‍ണ്ണമായി.അമ്മച്ചിയുടെ ആറാമത്തെ പ്രസവത്തിലെ കുഞ്ഞും പെണ്‍കുഞ്ഞാവും  എന്ന് സമൂഹം മുന്‍വിധി എഴുതിയെങ്കിലും  സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ട്‌ അമ്മച്ചി  ആറാം കാലം  ഒരു  ആണ്‍ കുഞ്ഞിനു ജന്മംനല്‍കി. 

കുടുംബത്തിന്‍റെ  ഉപജീവനമാര്‍ഗ്ഗം ഇടവകയിലെ സുമനസ്സുകളുടെ  സഹായം ഒന്നു  മാത്രമായിരുന്നു .മെത്രാനച്ചന്‍ അപ്പന്‍ ജീവിച്ചിരിക്കുന്ന കാലത്ത്  അപ്പനോട് പറയുമായിരുന്നു .

,, പെണ്‍കുഞ്ഞുങ്ങളെ മക്കളായി ലഭിക്കുന്നത് ദൈവത്തിന്‍റെ അനുഗ്രഹമാണ് വര്‍ഗീസ്‌ മാപ്പിള എന്തിനാ ഇങ്ങിനെ വിഷമിക്കുന്നത് .മക്കള്‍ക്ക്‌ വിദ്യാഭ്യാസം വേണ്ടുവോളം നല്‍കുക ദൈവാനുഗ്രഹം നിങ്ങളില്‍ എപ്പോഴും ഉണ്ടാകും .,,

,,എന്നാലും തിരുമേനി അഞ്ചു  പെണ്‍മക്കളെ  മാത്രമല്ലേ ഉടയതമ്പുരാന്‍ ഈയുള്ളവനു നല്‍കിയുള്ളൂ ഒരു ആണ്‍ കുഞ്ഞിനു വേണ്ടിയുള്ള എന്‍റെ പ്രാര്‍ത്ഥന വെറുതെയായില്ലേ ,,

 വര്‍ഷങ്ങള്‍ ഏതാനും കഴിഞ്ഞു  സൂസന്‍ നഴ്സിംഗ് പൂര്‍ത്തിയാക്കി  ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു . തുടക്കക്കാരിയായതുകൊണ്ട് കുറഞ്ഞ വേതനമേ സൂസന് ലഭിച്ചിരുന്നുള്ളൂ. കിട്ടുന്ന വേതനം അതേപടി സൂസന്‍ അമ്മച്ചിക്ക് അയച്ചു കൊടുക്കും. സമൂഹത്തിനു  മുന്‍പില്‍ കൈനീട്ടാതെ സഹോദരങ്ങളെ പഠിപ്പിക്കേണം എന്നതായിരുന്നു അവളുടെ ആഗ്രഹം. ലഭിച്ചു കൊണ്ടിരിക്കുന്ന വേതനംകൊണ്ട് അനിയത്തിമാരുടെ വിവാഹം നടത്തുവാന്‍ കഴിയില്ലാ എന്നത് കൊണ്ട് സൂസന്‍ വിദേശത്ത്‌ ജോലി അന്യേഷിക്കുവാന്‍ തുടങ്ങി.  നഴ്സിങ്ങിന് കൂടെ പഠിച്ചിരുന്ന സഹപാഠികളില്‍ ചിലര്‍ക്ക് അമേരിക്കയില്‍  ജോലി ലഭിച്ചിരുന്നു .അവരുടെ സഹായത്താല്‍ ഡല്‍ഹിയില്‍ നിന്നും സൂസന്‍ അമേരിക്കയിലേക്ക് യാത്രയായി .മൂന്നര വര്‍ഷത്തെ ഡല്‍ഹിയിലെ ജോലിയില്‍ നിന്നും കാര്യമായി ഒന്നും  സമ്പാദിക്കുവാന്‍ സൂസന് കഴിഞ്ഞിരുന്നില്ല .പക്ഷെ അമേരിക്കയില്‍ എത്തിയപ്പോള്‍ സൂസന്‍റെ കുടുംബത്തിന്‍റെ ജീവിത നിലവാരം തന്നെ മാറിമറിഞ്ഞു .ആശുപത്രിയില്‍ എട്ടുമണിക്കൂറെ സൂസന് ജോലി നോക്കേണ്ടതുള്ളു പക്ഷെ സൂസന്‍  രണ്ടു ഷിഫ്റ്റിലായി പതിനാറു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തു പണം സമ്പാദിക്കുവാന്‍ തുടങ്ങി .

ഏതാനും വര്‍ഷങ്ങള്‍ക്കകം വീട്ടില്‍ നിന്നും അല്‍പമകലെ ഗതാഗത സൗകര്യമുള്ള മുപ്പതു സെന്‍റെ വസ്തു അമ്മച്ചിയുടെ പേരില്‍  വാങ്ങി ഇരുനില വാര്‍ക്ക വീട് പണിതു . വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും   സൂസന്‍   നാട്ടില്‍ പോകാതെ തന്‍റെ കുടുംബത്തിനു വേണ്ടി  ജോലി ചെയ്തു. ഈ കാലയളവില്‍ നാലു സഹോദരിമാരെ വിവാഹംകഴിപ്പിച്ചയച്ചു .അമ്മച്ചിയും സഹോദരനും വീട്ടില്‍ തനിച്ചായപ്പോള്‍ ഒരു ദിവസ്സം വീട്ടിലേക്ക് വിളിച്ചപ്പോള്‍  അമ്മച്ചി  സൂസനോട് ചോദിച്ചു ?

,, എന്‍റെ മോള്‍ക്ക്‌ ഇനി നാട്ടിലേക്ക് പോന്നൂടെ .മോള്‍ക്ക് ഇപ്പോള്‍ വയസ്സ് മുപ്പത്തോന്പത് കഴിഞ്ഞു. കണ്ണടയുന്നതിനു മുന്‍പ് നിന്‍റെ വിവാഹം കൂടി കഴിഞ്ഞു കാണണം അമ്മച്ചിക്ക് ,,

അമ്മച്ചിയുടെ സംസാരം കേട്ടപ്പോള്‍ സൂസന്‍ പൊട്ടിച്ചിരിച്ചു .ചിരിക്കുമ്പോള്‍ അവളുടെ മനസ്സ് നഷ്ടമായ വിവാഹ ജീവിതത്തെ ഓര്‍ത്ത്‌ ‍  തേങ്ങി യത് അവള്‍ അറിഞ്ഞു.പെടുന്നനെ ചിരി അവളില്‍ നിന്നും അപ്രത്യക്ഷമായി. മിഴികളില്‍ കണ്ണുനീര്‍   പൊഴിഞ്ഞു. കണ്ണുനീര്‍ തുള്ളികള്‍ തുടച്ച് സൂസന്‍ തുടര്‍ന്നു.

,,  ഞാന്‍ വരാം അമ്മച്ചി .ഒരു രണ്ടു വര്‍ഷം കൂടിയങ്ങ്  കഴിയട്ടെ .ഇവിടെ ബാങ്കില്‍ നിന്നും  ലോണ്‍ എടുത്തിട്ടുണ്ട്.കുടിശിക   കഴിയാന്‍ ഇനിയും രണ്ടു വര്‍ഷം കൂടി  കഴിയണം. ഇനിയും ചിലവുകള്‍ വരികയല്ലേ. എബി മോന്‍ നന്നായി പഠിക്കുന്നുണ്ടല്ലോ .എബി  അടുത്തവര്‍ഷം മുതല്‍ എം ബി ബി എസ് നു പഠിക്കുവാന്‍ പോകുകയല്ലേ  ,,

പതിവ് പോലെ അന്നും അവര്‍ ഒരുപാട് നേരം സംസാരിച്ചു  അമ്മച്ചിയുമായുള്ള സംസാരം കഴിഞ്ഞപ്പോള്‍  സൂസന്‍  മേശയില്‍ തല ചായ്ച്ചിരുന്നു.മനസ്സില്‍ നഷ്ടബോധം അലയടിച്ചുയരുന്ന കടല്‍ തിരമാലകളെ പോലെ ഇളകിമറിഞ്ഞു.വിവാഹം, ഭര്‍ത്താവ്‌, മക്കള്‍, എല്ലാം തന്നില്‍ നിന്നും അന്യമായി എന്ന സത്യം സൂസനെ വല്ലാതെ  നൊമ്പരപ്പെടുത്തി .  സൂസന്‍റെ  മനസ്സ്  പതിയെ  നഴ്സിങ്ങിനു പഠിക്കുവാന്‍ പോകുന്ന കാലത്തെ ഓര്‍മ്മകളിലേക്ക്  കൂട്ടിക്കൊണ്ടുപോയി  .ഈ കാലം വരെ ഒരാളോട് മാത്രമേ സൂസന് പ്രണയം തോന്നിയിട്ടുള്ളൂ . പഠിക്കുവാന്‍ പോകുമ്പോള്‍ ബസ്സില്‍  ഇടയ്ക്കു നിന്നും കയറുന്ന സുമുഖനായ യുവാവിനെ അയാള്‍ അറിയാതെസൂസന്‍  പതിവായി  വീക്ഷിക്കുമായിരുന്നു. അവള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ തന്നെയാണ് അയാളും സ്ഥിരമായി ഇറങ്ങിയിരുന്നത്  .ഒരിക്കല്‍ ബസ്സില്‍ നിന്നും ആദ്യം ഇറങ്ങിയത്‌  സൂസനായിരുന്നു. പുറകില്‍ യുവാവും  . പുറകില്‍ നിന്നും യുവാവിന്‍റെ  കുട്ടീ...... എന്ന നീട്ടിയുള്ള  വിളി കേട്ടപ്പോള്‍ സൂസന്‍  തിരിഞ്ഞു നോക്കി. പുസ്തകത്തിനുള്ളില്‍ വെച്ചിരുന്ന    പേന നിലത്തു വീണത്‌ സൂസന്‍ അറിഞ്ഞിരുന്നില്ല . അയാള്‍ നിലത്തു നിന്നും  പേന  എടുത്ത് സൂസന്‍റെ  നേര്‍ക്ക്‌ നീട്ടി പറഞ്ഞു .

,, ഇത് ഇയാളുടെയല്ലേ ,,

ഊം ...എന്ന്  മൂളി പേന  യുവാവില്‍ നിന്നും  വാങ്ങിച്ച് മുന്‍പോട്ടു നടക്കുവാന്‍ തുടങ്ങിയപ്പോള്‍  .യുവാവ്  അവളുടെ ഒപ്പം ചേര്‍ന്നുനടന്നു . യുവാവ്   അയാളെ  സൂസന് പരിചയപെടുത്തി.

 ,, ഞാന്‍ ബിനോയ്‌ കുറേ നാളായി ഇയാളെ ഒന്ന് പരിചയപെടണം എന്ന് കരുതുന്നു വിരോധമില്ലെങ്കില്‍ പേര് പറയാമോ  ,,

അത് ഒരു സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു .പതിവായികാണുന്ന അവര്‍  ദുഃഖങ്ങളും സന്തോഷങ്ങളും  പരസ്പരം കൈമാറി.  ബിനോയിയുടെ സാനിധ്യം സൂസന് ആശ്വാസമായി  .ലളിതമായ ജീവിതം ഇഷ്ടപെടുന്ന സല്‍സ്വഭാവത്തിന്നുടമയായ,  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബിനോയിയില്‍   ഒരു കുറവും സൂസന്‍ കണ്ടിരുന്നില്ല  .ഒരു അവധി ദിവസ്സം ബിനോയിയും  വേറെ രണ്ടു മധ്യവയസ്കരും  കൂടി സൂസന്‍റെ   വീട്ടിലേക്ക് വിവാഹാലോചനയുമായി വന്നു .പ്രതീക്ഷിക്കാതെയുള്ള  ബിനോയിയുടെ വീട്ടിലേക്കുള്ള വരവ് സൂസനെ അമ്പരപ്പിച്ചു .അമ്മച്ചി തറയില്‍ പായവിരിച്ച്  എല്ലാവരോടും ഇരിക്കുവാന്‍ പറഞ്ഞു .കൂട്ടത്തില്‍ പ്രായം കൂടിയ ആളാണ് സംസാരത്തിന് തുടക്കമിട്ടത് .

,, ഞങ്ങള്‍ അടുത്ത ഗ്രാമത്തിലുള്ളവരാ,,  .....ബിനോയിയെ ചൂണ്ടിക്കാട്ടി അയാള്‍ തുടര്‍ന്നു , ഇത് ബിനോയ്‌ എന്‍റെ ഇളയ സഹോദരന്‍റെ മകന്‍, ട്രഷറിയില്‍ കാഷ്യര്‍ ആയി ജോലി നോക്കുന്നു .ഇവന്‍റെ  അപ്പന്‍ ഇവന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മരണപെട്ടു .ഇവനും ഇവന്‍റെ അമ്മച്ചിയും മാത്രമേയുള്ളൂ ഇവരുടെ വീട്ടില്‍ . ഇവടത്തെ മൂത്തകുട്ടിയെ ഇവന് വേണ്ടി  പെണ്ണ് ചോദിക്കുവാന്‍ വന്നതാ ഞങ്ങള്‍ .,,

 സൂസന്‍റെ അമ്മച്ചി  എന്ത് മറുപടി പറയണം എന്നറിയാതെ  അല്‍പനേരം പരിഭ്രമിച്ചുനിന്നു ..

,, ഇപ്പോള്‍ തല്‍ക്കാലം വിവാഹത്തെ കുറിച്ച് ചിന്തിക്കുവാനാവില്ല. എന്‍റെ മോളാണ് ഈ വീടിന്‍റെ ഏക ആശ്രയം.ഇവളുടെ  പഠിപ്പ് കഴിഞ്ഞ് ജോലിക്ക് പോയിട്ട് വേണം  ഇവളുടെ താഴെയുള്ളവരെ നല്ല നിലയില്‍ വളര്‍ത്താന്‍. ,,
അമ്മച്ചിയുടെ വാക്കുകള്‍ക്ക് ബിനോയിയാണ് മറുപടി നല്‍കിയത്
,
, പൊന്നും പണവും ഒന്നും എനിക്ക് ആവശ്യമില്ല, സൂസനെ എനിക്ക് വിവാഹംകഴിച്ചു തന്നാല്‍ മാത്രം മതി ,,
,, എന്തുതന്നെയായാലും ഇപ്പോള്‍ വിവാഹത്തിന് ഞങ്ങള്‍ തയ്യാറല്ല,,
സൂസന്‍റെ അമ്മച്ചി നീരസത്തോടെ വീണ്ടും പറഞ്ഞപ്പോള്‍
 ബിനോയിയും  കൂടെ വന്നവരും തിരികെ പോയി.
 അടുത്ത ദിവസ്സം ബിനോയിയും സൂസനും നേരില്‍ക്കണ്ട് പിരിയാന്‍ നേരം ബിനോയ്‌ ‌  സൂസനോട് ‌ പറഞ്ഞു .

,, സൂസന്‍  എന്‍റെ കൂടെ പോരുന്നോ എന്‍റെ കണ്ണിന്‍റെ കൃഷ്ണമണി പോലെ ഇയാളെ ഞാന്‍ നോക്കിക്കോളാം സൂസന്‍റെ  അമ്മച്ചിയുടെ സമ്മതത്തോടെ ഈ അടുത്ത കാലത്തൊന്നും നമുക്ക് വിവാഹിതരാകാന്‍ കഴിയില്ല  ,,

   അവള്‍ക്ക്  മറുപടി പറയുവാന്‍ വാക്കുകള്‍ ഇല്ലായിരുന്നു .സഹോദരങ്ങളുടെ മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നു . മിഴികളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ ‍  തൂവാല കൊണ്ട് സൂസന്‍  ‍തുടച്ചുകൊണ്ടിരുന്നു.
ഏതാനും ദിവസ്സങ്ങള്‍ക്ക് ശേഷം ബിനോയ്‌  സൂസനോട് ‌ പറഞ്ഞു .

,,എനിക്ക് സ്ഥലമാറ്റം ലഭിച്ചു. ഞാന്‍ അടുത്ത ദിവസ്സം തന്നെ  ഇവിടം വിട്ടു പോകും വിധിയുണ്ടെങ്കില്‍ നമുക്ക് എവിടെയെങ്കിലും വെച്ച് കാണാം ,,

   ബിനോയ്‌ യാത്രപറഞ്ഞു നടന്നു .  കണ്ണില്‍ നിന്നും മറയുന്നത് വരെ സൂസന്‍ ബിനോയിയെ തന്നെ നോക്കി നിന്നു .അയാളൊന്ന് തിരിഞ്ഞു നോക്കിയെങ്കില്‍ എന്ന് സൂസന്‍ ആഗ്രഹിച്ചു .പക്ഷെ
തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ബിനോയ്‌ നടന്നുനീങ്ങി.

   പിന്നീട് ബിനോയിയെ  കുറിച്ച് യാതൊരു വിവരവും സൂസന്‍  അറിഞ്ഞില്ല  . അയാള്‍ അവളെ തേടി വരും എന്ന് തന്നെയായിരുന്നു സൂസന്‍റെ  പ്രതീക്ഷ പക്ഷെ സൂസന്‍റെ കാത്തിരിപ്പ് വെറുതെയായി.
ഓര്‍മകളില്‍ നിന്നും വിമുക്തയായപ്പോള്‍    സൂസന്‍ ‍ എഴുന്നേറ്റ് കണ്ണാടിയുടെ മുന്‍പില്‍ പോയിനിന്ന്  മുഖത്തേക്ക് സൂക്ഷിച്ചു  നോക്കി, ‍കണ്‍ തടങ്ങളില്‍ ചുളിവുകള്‍ വീണിരിക്കുന്നു, മുടിയിഴകളിലെ നര തെളിഞ്ഞു കാണാം. സൂസന്‍ ഒരുപാട് മാറിയിരുന്നു . കാലം പോയതറിഞ്ഞില്ല പ്രരാപ്തങ്ങള്‍ ഇനിയും ബാക്കി. ഇനി ഒരു വിവാഹ ജീവിതം.... അതിന് ഇനി പ്രസക്തിയുണ്ടോ എന്നവള്‍ ചിന്തിച്ചു .ബിനോയിയുടെ   മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നു .വര്‍ഷങ്ങള്‍ക്കുശേഷം അയാളെ ഒന്നുനേരില്‍ കാണുവാന്‍ സൂസന്‍  വല്ലാതെ കൊതിച്ചു  .

വര്‍ഷങ്ങള്‍ വീണ്ടും കൊഴിഞ്ഞു പോയി. ഇപ്പോള്‍ എബി മോന്‍ എം ബി ബി എസിനു പഠിക്കുന്നു .സൂസന്‍ നാട്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചു .സഹോദരങ്ങള്‍ ആവശ്യപെട്ടതും അല്ലാത്തതുമായ കുറെയേറെ സാധനങ്ങള്‍ സൂസന്‍  വാങ്ങിച്ചു .പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂസന്‍  നാട്ടിലേക്ക് പോകുന്നത് . പ്രിയപ്പെട്ടവരെ നേരില്‍ കാണുവാന്‍ സൂസന്‍റെ മനസ്സ് തുടിച്ചു.പ്രതീക്ഷയോടെ സൂസന്‍ നാട്ടിലേക്ക് യാത്ര തിരിച്ചു,

 സൂസനെ വരെവേല്‍ക്കുവാന്‍ എയര്‍പ്പോര്‍ട്ടില്‍ എല്ലാവരും എത്തിയിരുന്നു .എല്ലാവരുടെയും മുഖത്ത് സന്തോഷം. സൂസന്‍റെ മിഴികളില്‍ ആനന്ദ കണ്ണുനീര്‍ പൊഴിഞ്ഞു .എല്ലാവരും മാറിയിരിക്കുന്നു . സഹോദരിമാരെ ആരെയും തിരികെ പോകുവാന്‍ അന്ന്  സൂസന്‍ അനുവതിച്ചില്ല. വീട്ടില്‍ സഹോദരിമാരുടെ മക്കളും ഭര്‍ത്താക്കന്മാരും എല്ലാവരും കൂടി ആയപ്പോള്‍ വീട് നിറയെ ആളായി  .സൂസനും അമ്മച്ചിയും എബിയും കുട്ടികളും കൂടി ഒരു മുറിയിലാണ് അന്നുരാത്രി ഉറങ്ങുവാന്‍  കിടന്നത് . സൂസന്‍  ചെറിയ കുഞ്ഞിനെപോലെ അമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നുറങ്ങി .

അടുത്ത ദിവസ്സം  മെത്രാനച്ചനെ  കാണുവാനായി സൂസന്‍ പള്ളിയില്‍ പോയി    .ഓടിട്ട മൂന്നുനിലയുള്ള പള്ളിയുടെ രണ്ടാമത്തെ നിലയിലെ വരാന്തയില്‍ ചാരുകസേരയില്‍ കിടക്കുകയായിരുന്നു അച്ഛന്‍, ഗോവണി പടികള്‍ കയറിവരുന്ന  സൂസനെ കണ്ടപ്പോള്‍ അച്ഛന്‍ നിവര്‍ന്നിരുന്നു .

,, ഈശോമിശിഹായക്ക് സ്തുതിയായിരിക്കട്ടെ ,,

,, ഇപ്പോഴുമെപ്പോഴും എല്ലായിപ്പോഴും സ്തുതിയായിരിക്കട്ടെ,,

,,ആരാ ഈ വന്നിരിക്കുന്നെ   നീയങ്ങ് മദാമ്മയെ പോലെ ആയല്ലോടി കൊച്ചെ .കുടുംബ പ്രാരാപ്തങ്ങളുടെ ഇടയില്‍ നീ നിന്‍റെ ജീവിതത്തെ കുറിച്ചു മറന്നൂലെ ....  ഒപ്പം ഈ ഗ്രാമത്തേയും .നീയിനി  തിരികെ പോകേണ്ട ഇവിടെയങ്ങ് കൂടിക്കോ കാലം കുറെ ആയില്ലേ നീയിങ്ങിനെ കഷ്ടപെടുവാന്‍ തുടങ്ങിയിട്ട്. ഇനിയിപ്പോ അനിയന്‍ കുട്ടിയുടെ പഠിപ്പ് കൂടി കഴിഞ്ഞാല്‍ നീ പിന്നെ എന്തിനാ അന്യനാട്ടില്‍ പോയി കഷ്ടപെടുന്നത് ,,

,, ഇല്ല തിരുമേനി ഒരു മാസത്തെ അവധി കഴിഞ്ഞാല്‍ എനിക്ക്   തിരികെ പോകേണം. എബിയുടെ പഠിപ്പ് കൂടി കഴിഞ്ഞിട്ടേ തിരികെ പോരുന്നതിനെ കുറിച്ച് ഞാന്‍   ചിന്തിക്കുകയുള്ളൂ.,,

,,നീ നിന്‍റെ ജീവിതത്തെ കുറിച്ച് മറന്നെങ്കിലും, കുടുംബത്തെ മുഴുവനും നീ രക്ഷിച്ചില്ലേ നിന്‍റെ അപ്പന് ഇതൊന്നും കാണുവാനുള്ള യോഗം ഉണ്ടായില്ല. എല്ലാം വിധി അല്ലാതെ എന്താ പറയ .... .,,

ദിവസങ്ങള്‍ ഏതാനും കഴിഞ്ഞു ബിനോയിയെ കാണണം എന്ന സൂസന്‍റെ  ആഗ്രഹം മാത്രം ബാക്കിയായി  .സൂസന്‍ നാട്ടില്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ അമ്മച്ചി സൂസന് വേണ്ടി   വിവാഹലോചനകള്‍ ക്ഷണിച്ചിരുന്നു .രണ്ടുപേര്‍ സൂസനെ കാണുവാന്‍ വരികയും ചെയ്തു .ഒരാളുടെ ഭാര്യ മരണപെട്ടതും രണ്ടു മക്കള്‍ ഉള്ള ആളുമായിരുന്നു .രണ്ടാമത് വന്നയാള്‍ വിവാഹമോചിതാനായിരുന്നു . അമ്മച്ചിയോട്‌ സൂസന്‍ കനത്ത സ്വരത്തില്‍ തന്നെ പറഞ്ഞു .
,, ഞാന്‍ അടുത്ത ദിവസ്സം തിരികെ പോകും വിവാഹാലോചനയുമായി ഇനി ആരേയും അമ്മച്ചി ഇവിടേക്ക്‍ ക്ഷണിക്കേണ്ട .ഞാന്‍ വിവാഹിതയാകാന്‍ വേണ്ടി വന്നതല്ല. എല്ലാവരുടെയും കൂടെ കുറച്ചു ദിവസം  ജീവിക്കുവാന്‍ വേണ്ടി വന്നതാ... .നല്ല കാലത്ത് പൊന്നും പണവും ഒന്നും ആവശ്യപെടാതെ എന്നെ വിവാഹം കഴിക്കുവാന്‍ ഒരാള്‍ വന്നതല്ലെ അന്ന് അമ്മച്ചി സമ്മതിച്ചില്ല. ഇനി എനിക്ക് വേണ്ട ഒരു വിവാഹ ജീവിതം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല  ,,

,, മോളുടെ മനസ്സില്‍ ഇപ്പോഴും അയാളുണ്ടോ, അന്ന് ഞാന്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെങ്കില്‍ ഈ കുടുംബത്തിന്‍റെ അവസ്ഥ എന്താകുമായിരുന്നു .,,

,, ഇപ്പോഴത്തെ അവസ്ഥയെക്കാളും നന്നാകുമായിരുന്നു .എനിക്ക് താഴെ നാല് അനിയത്തിമാരുണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബിനോയ്‌ വിവാഹാലോചനയുമായി ഇവിടെ വന്നത് .,,

 അപ്പോള്‍ അമ്മച്ചിയുടെ മുഖത്ത് കുറ്റബോധം കൊണ്ട് സങ്കടം നിഴലിച്ചിരുന്നു .
സൂസന്‍ മുറിയില്‍ പോയി മെത്തയില്‍ ചാഞ്ഞു .അനിയത്തിമാരുടെ മക്കള്‍ എല്ലാവരും സൂസനെ അമ്മച്ചി എന്നാണ് വിളിക്കുന്നത്.ഒരു കുഞ്ഞ് ഓടി വന്ന് കമഴ്ന്നു കിടക്കുന്ന സൂസന്‍റെ പുറത്ത് ചാടി കയറി കിടന്നു കൊണ്ട് ചോദിച്ചു ?.

,,അമ്മച്ചി കരയുകയാണോ എന്തിനാ അമ്മച്ചി കരയുന്നേ ,,

,, അമ്മച്ചിയുടെ കണ്ണില്‍ കരട് പോയതാ ... ചക്കരകുട്ടി  അപ്പുറത്ത് പോയി കളിച്ചോള്ളൂ അമ്മച്ചി ഇത്തിരി നേരം ഇവിടെ കിടക്കട്ടെ ,,

,, ഞാന്‍ പോവില്ലാല്ലോ ഞാനിവിടെ അമ്മച്ചിയുടെ കൂടെ കി
ടക്കുകയുള്ളു ,,

അല്പനേരം കഴിഞ്ഞപ്പോള്‍ എബി സൂസന്‍റെ അരികില്‍ വന്നിരുന്നു

,, ചേച്ചിയുടെ മുഖം വല്ലാതെയിരിക്കുന്നു .ചേച്ചി കരഞ്ഞുവോ എന്താ ഇപ്പോള്‍ ഇവിടെ ഉണ്ടായേ,,

,, ഒന്നും ഇല്ല എന്‍റെ കുട്ട്യേ ... ,,
,,
  ചേച്ചി ഇനി തിരികെ പോകേണ്ട ഒത്തിരി കാലമായില്ലേ ചേച്ചി ഞങ്ങള്‍ക്കൊക്കെ വേണ്ടി കഷ്ടപെടുവാന്‍ തുടങ്ങിയിട്ട് ,,

സൂസന്‍ എഴുന്നേറ്റിരുന്ന് എബിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു .

,, എന്‍റെ കുട്ടിയുടെ പഠിപ്പ് കൂടി  കഴിഞ്ഞാല്‍ ചേച്ചിയുടെ ഉത്തരവാദിത്തം എല്ലാം കഴിയും, എന്നിട്ട്  വേണം ചേച്ചിക്ക് നാട്ടില്‍ വന്ന് മോന്‍റെ വിവാഹം കൂടി കഴിഞ്ഞ്, മോന് ഉണ്ടാവുന്ന മക്കളേയും കളിപ്പിച്ച് ഇവിടെ കൂടാന്‍ .,,

,, നമ്മുടെ തറവാട് നില്‍ക്കുന്ന പത്തു സെന്‍റെ വസ്തു വില്‍പ്പന ചെയ്‌താല്‍  പോരെ ചേച്ചി  എനിക്ക് പഠിക്കുവാനുള്ള തുക കണ്ടെത്തുവാന്‍ ,,

,, അത് വേണ്ട അത് എല്ലാവര്‍ക്കും അവകാശപെട്ടതല്ലേ ഇനി അടുത്ത തവണ ചേച്ചി നാട്ടില്‍ വരുമ്പോള്‍ അത് കൊടുത്തിട്ട് എല്ലാവര്‍ക്കും വീതം വെയ്ക്കണം എന്‍റെ കുട്ടിക്ക് പഠിക്കുവാനുള്ള പണം ചേച്ചി തന്നെ സമ്പാദിക്കും ,,

ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ബിനോയിയെ കാണണം എന്ന ആഗ്രഹം മാത്രം സഫലമാകാതെ   സൂസന്‍ അമേരിക്കയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ സൂസന്‍റെ മനസ്സ് വല്ലാതെ സങ്കടപെടുന്നുണ്ടായിരുന്നു  .പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ കുടുംബത്തിനായി പ്രയത്നിക്കുവാന്‍ സൂസന് കഴിഞ്ഞുവെങ്കിലും ആഗ്രഹിച്ച ഒരേയൊരു ആഗ്രഹം സഫലമാകാതെ ഇനിയുള്ള ജീവിതം ആര്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത് എന്ന ചോദ്യം ഉത്തരം ലഭിക്കാതെ സൂസനില്‍ അവശേഷിച്ചു .

വിമാനതാവളത്തിലേക്ക് സൂസനെ അനുഗമിക്കുന്നത് അനിയത്തിയും ഭര്‍ത്താവും എബിയുമാണ് .എല്ലാവരോടും യാത്രപറഞ്ഞ്‌ നേരം പുലരുന്നതിന് മുന്‍പ് തന്നെ സൂസന്‍ വീട്ടില്‍ നിന്നും ഇറങ്ങി .ചവിട്ടുപടികള്‍ ഇറങ്ങി. വാഹനത്തിലേക്ക് കയറുമ്പോള്‍ ശീതക്കാറ്റ് വീശുന്നുണ്ടായിരുന്നു .നേര്‍ത്ത  മഴത്തുള്ളികള്‍ സൂസന് മേല്‍ പതിക്കുവാന്‍ തുടങ്ങിയപ്പോള്‍  ശരീരമാകെ കുളിരുകോരി .അപ്പോള്‍  ആകാശത്ത്‌ കാര്‍മേഘങ്ങള്‍ക്കുള്ളില്‍ നിന്നും പ്രഭാതകിരണങ്ങള്‍ പുറത്തേക്ക് പ്രകാശിക്കുവാന്‍ തുടങ്ങിയിരുന്നു ,യാത്ര പുറപ്പെട്ടത്‌ മുതല്‍  വാഹനത്തില്‍ ഇരുന്ന് വഴിയോരത്ത് എങ്ങാനും ബിനോയിയെ ഒരുനോക്കു കാണാനാവുമോ എന്ന് സൂസന്‍ പ്രതീക്ഷയോടെ നോക്കിയിരുന്നു . വിമാനത്താവളം അടുക്കും  തോറും സൂസന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത അധികരിച്ച്കൊണ്ടേയിരുന്നു . വീണ്ടും അദൃശ്യ  ശക്തി എഴുതി വെയ്ക്കപെട്ട തിരക്കഥയിലെ നടനം സൂസനില്‍ തുടര്‍ന്നുകൊണ്ടേയിരിന്നു , അവസാന രംഗം വരെ .

                                                                                                           ശുഭം

rasheedthozhiyoor@gmail.com










 

15 February 2013

കഥ .പെയ്തൊഴിയാതെ

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                          മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് അറിയപെടുന്ന പുരാതനമായ തറവാടാണ് റഹീം ഹാജിയുടേത്. പാരമ്പര്യമായി ഭൂസ്വത്ത് വേണ്ടുവോളം ഉണ്ടെങ്കിലും വ്യാപാര പ്രിയനായിരുന്നു അദ്ദേഹം. കേരളത്തിലും ഗള്‍ഫ് നാടുകളിലും വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്‍റെ വ്യാപാര കേന്ദ്രങ്ങള്‍. .... .വ്യാപാരത്തോടൊപ്പം കൃഷിയിലും  തല്‍പരനായ അദ്ദേഹം കൃഷിയിടം അധികരിപ്പിക്കാന്‍ അഹോരാത്രം പരിശ്രമിച്ചു.സമ്പന്നത വിളിച്ചോതുന്ന എട്ട്‌ കിടപ്പുമുറികളുള്ള ഇരുനില മണിമാളികയായിരുന്നു റഹീം ഹാജിയുടേത് . മാളികയില്‍ ഇപ്പോള്‍ താമസിക്കുന്നത് റഹീം ഹാജിയും, ഭാര്യ ഫാത്തിമയും ,മക്കളായ  ഷാഹിദും, ഷാഹിനയും ,ഷാഹിനയുടെ  രണ്ടും നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ടു വാല്യക്കാരികളുമാണ് . മാളികയോട് ചേര്‍ന്നുള്ള കയ്യാലപുരയില്‍ കാര്യസ്ഥന്‍ ഉമ്മര്‍കുട്ടിയും കുടുംബവും താമസിക്കുന്നുണ്ട് .

  ഷാഹിദ്‌ ലണ്ടനില്‍ നിന്നും ഉപരിപഠനം കഴിഞ്ഞതില്‍ പിന്നെ വിദേശങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലെ മേല്‍നോട്ടം വഹിക്കുന്നു.  ഷാഹിനയുടെ വിവാഹം പതിനേഴാമത്തെ വയസ്സിലായിരുന്നു നടത്തപ്പെട്ടത്‌ .ഷാഹിന അന്ന് പ്ലസ്‌ടു വിജയിച്ചിരിക്കുന്ന സമയമായിരുന്നു   .തുടര്‍ന്നു പഠിക്കണം എന്ന് ഷാഹിനയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും റഹിം ഹാജി അവളുടെ വാക്കുകള്‍ ചെവികൊണ്ടില്ല.
,, വല്ല്യ പഠിപ്പുകാരിയായിട്ട് ജോലിയ്ക്ക് പോകേണ്ട  ഗതികേടൊന്നും എന്‍റെ മോള്‍ക്കില്ലാ ,,
എന്നതായിരുന്നു റഹീം ഹാജിയുടെ ഭാഷ്യം .ഷാഹിനയ്ക്ക് ഹാഷിം എന്ന സ്നേഹസമ്പന്നനായ ഭര്‍ത്താവിനെയാണ് ലഭിച്ചത് .ഒരു ജര്‍മ്മന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ കപ്പലിലെ മാനേജറായ ഹാഷിം ആറുമാസം കൂടുമ്പോള്‍ അവധിക്ക്‌ നാട്ടില്‍ വന്നുപോകും .ഹാഷിം നാട്ടിലെത്തിയാല്‍  ഹാഷിമും ഷാഹിനയും മക്കളും പട്ടണത്തില്‍ റഹീം ഹാജി ഷാഹിനയ്‌ക്കായി  പണിതുയര്‍ത്തിയ  വീട്ടിലാണ് താമസിക്കുക .

 ഹാഷിം തിരികെ പോയാല്‍ ഷാഹിനയും മക്കളും റഹീം ഹാജിയുടെ വീട്ടിലേക്ക് തന്നെ തിരികെ പോരും .പിന്നീട് ആ വീട് പൂട്ടിയിടുകയാണ് പതിവ് . ഹാഷിമിന്‍റെ വീട്ടുകാരുമായി  ഷാഹിന സ്വരച്ചേര്‍ച്ചയില്ലല്ല.വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ ഹാഷിമിന്‍റെ സഹോദരിമാരുമായി ഷാഹിന വഴക്ക് കൂടുന്നത് പതിവായിരുന്നു.ഷാഹിദിന് ഷാഹിനയെ ജീവനാണ് ഒരേയൊരു സഹോദരിക്ക് വേണ്ടി ജീവിക്കുന്നത് പോലെയാണ് അയാളുടെ  പ്രവൃത്തികൾ,
ഷാഹിന എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അത് നിറവേറ്റി ക്കൊടുക്കാതെ ഷാഹിദിന് ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല  .വിവാഹം കഴിഞ്ഞതില്‍ പിന്നെ ഷാഹിന ഡ്രൈവിംഗ് പഠിച്ചു .സ്ത്രീധന മായി നല്‍കിയ ആഡംബര വാഹനം ഉള്ളപ്പോള്‍ ത്തന്നെ പുതുതായി ഇറങ്ങിയ ആഡംബര വാഹനം വേണം എന്ന് ഷാഹിന ഷാഹിദിനോട് പറഞ്ഞപ്പോള്‍ ഒരാഴ്ചത്തെ അവധിക്ക് ഷാഹിദ് നാട്ടിലേക്ക് പോന്നു .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  പുതിയ വാഹനം ഷാഹിദ്‌ സഹോദരിക്ക് വാങ്ങിച്ചു നല്‍കി.

പുതിയ വാഹനം  വാങ്ങിച്ചു നല്‍കിയപ്പോള്‍  ഫാത്തിമ മകനോട്‌ പറഞ്ഞു.

,, ഇപ്പൊ ഓള്‍ക്ക് എന്തിനാ വേറെ വണ്ടി വാങ്ങിക്കൊടത്തത്  ഇയ്യ് ഒരുത്തനാ ഓളെ വെടക്കാക്കണത് . രണ്ട് കുട്ട്യോള് ഉണ്ട് അവറ്റകളെ നോക്കാനുണ്ടോ ഓള്ക്ക് നേരം .സര്‍ക്കീട്ട് പോകാനേ ഓള്ക്ക് നേരോളളു. സര്‍ക്കീട്ട് കയിഞ്ഞു വന്നാല് പിന്നെ കംബ്യൂട്ടറിന്‍റെ മുന്നില് ഇരിക്കാനേ ഓള്ക്ക് നെരോളളു.പെണ്ണാണെന്നുള്ള ബല്ല ബിജാരോം ഒണ്ടോ ഓള്ക്ക്   ,,

,, എന്‍റെ ഉമ്മച്ചി ഞാനും വാപ്പേം കൂടി പണം ബേണ്ടത് പോലെ ഉണ്ടാക്ക്ണു ണ്ട്. മയ്യത്താകുമ്പോ കൂടെ കൊണ്ടോകോ ഈ പണോക്കെ .എന്‍റെ ഒരേയൊരു പെങ്ങളാ ഓള് ,ഓള് പറഞ്ഞാല്‍ എന്നെകൊണ്ട് കയ്യണത്  ഞാനോള്‍ക്ക് ബാങ്ങിച്ചു കൊടുക്കും.എനക്ക് എന്‍റെ ജീവനാ ഓള് ഇങ്ങള് ഓരോന്ന്‍ പറഞ്ഞ് ഞമ്മളെ ബേജാറാക്കല്ലേ  ...... ,,

റഹീം ഹാജി ഇടയ്ക്കൊക്കെ നാട്ടില്‍ വന്നു പോയികൊണ്ടിരിന്നു .
ഷാഹിനയുടെ പ്രധാന ഹോബി ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുക എന്നതാണ് .കഴിഞ്ഞ ദിവസം ഒരു സുമുഖനായ ചെറുപ്പക്കാരന്‍റെ ഫ്രെണ്ട് റിക്കൊസ്റ്റ് കണ്ടപ്പോള്‍ അവള്‍ അയാളെ  സുഹൃത്തായി  അംഗീകരിച്ചു. സുഹൃത്താക്കിയതിലുള്ള നന്ദി വാക്കുകളായിരുന്നു തുടക്കം. അയല്‍ ജില്ലക്കാരനായ രോഹിത് എന്ന ചെറുപ്പക്കാരനില്‍ മറ്റാരിലും ഇല്ലാത്ത സ്നേഹം ഉണ്ടെന്ന്  തിരിച്ചറിയുവാന്‍ ഷാഹിനയ്ക്ക് അധിക നാളുകള്‍ വേണ്ടി വന്നില്ല. താന്‍ എന്നും  ഷാഹിനയുടെ  നല്ലൊരു സുഹൃത്തായിരിക്കും  എന്നായിരുന്നു ആദ്യമൊക്കെ അയാളുടെ ഭാഷ്യം.പിന്നീട്‌ ഫേസ്ബുക്ക് ചാറ്റിംഗില്‍ നിന്നും വീഡിയോ ചാറ്റിംഗിലേക്കും സുഹൃദ്ബന്ധത്തില്‍നിന്നും പ്രണയബന്ധത്തിലേക്കും  അവരുടെ ബന്ധം വഴി മാറി .വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണെന്ന് അവള്‍ അയാളോട് പറയാറുണ്ടെങ്കിലും . ഷാഹിന ഇല്ലാതെ ജീവിക്കുവാന്‍ തനിക്കാവില്ലാ  എന്ന്അയാള്‍   നിരന്തരം അവളോട്‌ പറഞ്ഞു കൊണ്ടേയിരുന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞു പോയി ഷാഹിനയ്ക്ക് ഇപ്പോള്‍ രോഹിതുമായി ഒരു ദിവസം പോലും സംസാരിക്കാതെ ഇരിക്കുവാന്‍ കഴിയാതെയായി .ഒരു ദിവസം രോഹിത്‌ പറഞ്ഞു .

,, എന്‍റെ പൊന്നെ എനിക്ക് ഷാഹിനയെ നേരില്‍ കാണുവാന്‍ കൊതിയാവുന്നു,,

ഷാഹിന അയാളില്‍ നിന്നും അങ്ങിനെയൊരു വാക്ക് കേള്‍ക്കുവാന്‍ കൊതിച്ചിരുന്നു വെങ്കിലും അവള്‍ പറഞ്ഞു .

,, എന്താ ഇങ്ങള്  ഈ പറയണത് ആരെങ്കിലും അറിഞ്ഞാല്‍ ?,,

,,എന്‍റെ പൊന്നെ  ആരും അറിയില്ല എനിക്ക് ഇനിയും ഷാഹിനയെ കാണാതെയിരിക്കുവാന്‍ ആവില്ല. നേരില്‍ ഒന്ന് കണ്ടാല്‍ മാത്രം  മതി .,,

അവരുടെ  ആദ്യസമാഗമം പട്ടണത്തിലെ പാര്‍ക്കില്‍ വെച്ചായിരുന്നു .ഫോട്ടോയില്‍ കാണുന്നതിനെക്കാളും സുമുഖനായിരുന്നു രോഹിത്.എപ്പോഴും ചിരിച്ചുകൊണ്ടുള്ള രോഹിതിന്‍റെ സംസാരം ഷാഹിനയ്ക്ക് ഒരുപാട് ഇഷ്ടമായി . പിന്നീട് കുറച്ചു നാളത്തേക്ക് അവര്‍ക്ക് നേരില്‍ കാണുവാന്‍ കഴിഞ്ഞില്ല .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  ഒന്നുകൂടി നേരില്‍ കാണണം എന്ന് രോഹിത് പറഞ്ഞപ്പോള്‍ ഷാഹിനയാണ് പട്ടണത്തിലെ തന്‍റെ വീടിനെ കുറിച്ച് അയാളോട് പറഞ്ഞത് .അവള്‍ പറഞ്ഞത് പ്രകാരം പട്ടണത്തില്‍ അയാള്‍ അവളെ കാത്തു നിന്നു.അവളുടെ വാഹനത്തില്‍ അയാളെ അവള്‍ പട്ടണത്തിലെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി .രോഹിത് കയ്യില്‍ കഴിക്കുവാന്‍ ഭക്ഷണവും ശീതളപാനീയവും കരുതിയിരുന്നു.

അന്ന് അവര്‍ ഒരു പാട് നേരം സംസാരിച്ചിരുന്നു .സംസാരത്തിനിടയില്‍ അയാള്‍ കൊണ്ടു വന്ന ഭക്ഷണം അവര്‍  ഭക്ഷിച്ചു.ശീതളപാനീയം കുടിച്ചപ്പോള്‍  എന്തെന്നില്ലാത്ത ഒരു അനുഭൂതി ഷാഹിനയ്ക്ക് അനുഭവപെട്ടു . കണ്ണിമകള്‍ അടയുന്നത് പോലെ ,എത്രശ്രമിച്ചിട്ടും കണ്ണിമകള്‍ തുറക്കുവാന്‍ അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല .കൈകള്‍ കഴുകുവാനായി ഇരുന്നിടത്തു നിന്നും എഴുനേറ്റപ്പോള്‍ പാദങ്ങള്‍ നിലത്ത് ഉറക്കാത്തത് പോലെ അനുഭവപെട്ടു.  അപ്പോള്‍  അവള്‍ രോഹിതിനെ നിസഹയായി നോക്കി . അയാള്‍ അവളുടെ അരികിലേക്ക് ച്ചെന്ന് അവളുടെ  കൈ പിടിച്ചു, അയാള്‍ അവളെ തന്‍റെ മാറിലേക്ക് ചായ്ച്ചു . പിന്നീട്  അവള്‍ ഒന്നും  അറിയുന്നുണ്ടായിരുന്നില്ല . ഏതോ മായികലോകത്ത് അകപെട്ടത്‌ പോലെ ഒരു നവ്യാനുഭവമായി അവളില്‍ അവശേഷിച്ചു .അര്‍ദ്ധ അബോതാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ കിടപ്പുമുറിയിലെ മെത്തയില്‍ അവള്‍ വിവസ്ത്രയാക്കപെട്ടിരുന്നു .

ചെയ്തുപോയ തെറ്റിനെക്കുറിച്ചോര്‍ത്ത്  അവളുടെ മനം നൊന്തു .രോഹിത് അപ്പോള്‍  അവളുടെ നഗ്നമായ ശരീരം മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു .  എല്ലാം നേടിയെടുത്ത അഹങ്കാരിയുടെ മുഖഭാവത്തോടെയുള്ള അയാളുടെ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് ആദ്യമായി അയാളോട് അവള്‍ക്ക് വെറുപ്പ്‌ തോന്നി .വസ്ത്രങ്ങള്‍ ഒരുവിധം എടുത്തണിഞ്ഞ് അവള്‍ തിടുക്കത്തില്‍ വാഹനത്തില്‍ കയറി വീട്ടിലേക്ക് തിരികെ പോന്നു .മനസ്സ് നിറയെ കുറ്റബോധവുമായി   വീട്ടില്‍ എത്തിയപ്പോള്‍ ഫാത്തിമ മകളെ കാണാതെ ഉമ്മറത്ത് കാത്തിരിപ്പുണ്ടായിരുന്നു .

,, ഇത് എന്താപ്പോ കഥ നേരം എത്രയായി എന്ന് അറിയോ അനക്ക് .
ചോയിക്കാനും പറയാനും ആരും ഇല്ലാത്തതിന്‍റെ  ഹുങ്കാണ് അനക്ക്. അവര് വിളിക്കുമ്പോ ഞാന്‍ പറയണുണ്ട്‌ പുന്നാര മോളുടെ അഴിഞ്ഞാട്ടം.  ഇത് എന്തൊരു ജന്മാ എന്‍റെ പടച്ചോനെ,,ഫാത്തിമ പിറുപിറുത്തു കൊണ്ടിരുന്നു .

ഷാഹിന ഉമ്മയോട് മറുപടി പറഞ്ഞില്ല.  കിടപ്പുമുറിയുടെ കതകടച്ച് മെത്തയിലേക്ക് അവള്‍ ചാഞ്ഞു .അന്നവള്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്നില്ല .തന്‍റെ ജീവിതം ശിഥിലമാകുവാന്‍ കാരണമായ സൈബര്‍ ലോകത്തെ അവള്‍ വെറുത്തു .അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ മക്കളെ അരികിലേക്ക് വിളിച്ച് കെട്ടി പിടിച്ച് ഒരുപാട് നേരം കരഞ്ഞു .സമയം ഒന്‍പത്‌ കഴിഞ്ഞപ്പോള്‍ അവളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തു. ഷാഹിന മൊബൈല്‍ഫോണ്‍ എടുത്ത് നോക്കി. രോഹിത്‌ ആണെന്ന് കണ്ടപ്പോള്‍ അവള്‍ കാള്‍ എടുത്തില്ല .തുടരെത്തുടരെ റിംഗ് ചെയ്തപ്പോള്‍ മനസ്സില്ലാമനസ്സോടെ കാള്‍ എടുത്തു.

,, എന്താ ഫോണ്‍ എടുക്കാത്തത് .എനിക്ക് ഇന്ന് രണ്ടു മണിക്ക് തന്നെ നേരില്‍ കാണണം. ഞാന്‍ ഇന്നലെ നമ്മള്‍ ഒത്തുകൂടിയ വീട്ടില്‍ കാത്തിരിക്കും,,

,, ഇല്ല ഞാന്‍ വരില്ല ഇങ്ങള് എന്നെ ചതിച്ചു ,,

  ഇന്നലെ ഞാന്‍ എടുത്ത വീഡിയോ ക്ലിപ്പ് എന്‍റെ ഫോണില്‍ ഭദ്രമായി ഇരുപ്പുണ്ട് .എന്താ ഷാഹിന വരില്ലേ  ......നീ വരും നിനക്ക് വരതെയിരിക്കുവാനാവില്ല ,,

ഭീഷണിയുടേ സ്വരമായിരുന്നു അയാളുടേത്.

അവള്‍ ,ഊം ,എന്ന് മൂളുക മാത്രം ചെയ്തു .

അവള്‍ക്ക് അയാളുടെ അരികിലേക്ക് പോകാതെയിരിക്കുവാന്‍ നിര്‍വാഹം ഉണ്ടായിരുന്നില്ല .അന്ന് അയാളുടെ കൂടെ രണ്ടു ചെറുപ്പക്കാര്‍ വേറെയും ഉണ്ടായിരുന്നു .രോഹിതിന്‍റെ കൂടെ ആളെ കണ്ടപ്പോള്‍  ഷാഹിന പകച്ചു നിന്നു.തിരികെ നടക്കുവാന്‍ ശ്രമിച്ച ഷാഹിനയെ  രോഹിത് കൈയ്യില്‍ പിടിച്ച് കിടപ്പ് മുറിയിലേക്ക് തള്ളി. രോഹിതിന്‍റെ കൂടെ വന്ന ഒരു ചെറുപ്പകാരനും ഒപ്പം  കയറി . രോഹിത് മുറിയില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ ചെറുപ്പക്കാരന്‍ കിടപ്പുമുറിയുടെ കതകടച്ച് സാക്ഷയിട്ടു .അവള്‍ക്ക് ഉറക്കെ കരയണം എന്നുണ്ടായിരുന്നു പക്ഷെ ശബ്ദം    തൊണ്ടയില്‍ കുരുങ്ങി നിന്നു .അന്ന് മൂന്നു പേരും ഷാഹിനയെ മാറിമാറി  ഉപയോഗിച്ചു.പിന്നീട് ഇത് തുടര്‍ന്നു കൊണ്ടേയിരുന്നു.രോഹിതിന്‍റെ       കൂടെ പലരും വന്നുകൊണ്ടേയിരുന്നു ..ശീതളപാനീയത്തില്‍ മയക്കുമരുന്ന്‌ സ്ഥിരമായി രോഹിത് ശാഹിനയ്ക്ക് നല്‍കികൊണ്ടിരുന്നു പതിയെപ്പതിയെ ഷാഹിനയ്ക്ക് മയക്കുമരുന്ന്‌ ഇല്ലാതെ ജീവിക്കുവാന്‍ കഴിയാതെയായി .ഷാഹിന രോഹിതില്‍ നിന്നും മയക്കുമരുന്ന്‌ നേരിട്ട് വാങ്ങിക്കുവാന്‍ തുടങ്ങി  അയാള്‍ ചോദിക്കുന്ന രൂപ അവള്‍ അയാള്‍ക്ക്‌ കൊടുത്ത് കൊണ്ടും ഇരുന്നു .

ഹാഷിം അവധിക്ക് നാട്ടിലേക്ക് വരുന്നു എന്ന വാര്‍ത്ത ഷാഹിനയെ തളര്‍ത്തി                                                                                                                                                                                                                                                                                                                                                                                                                    അന്ന് ഷാഹിന രോഹിതിന് വിളിച്ചു.
,, എന്‍റെ ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ വരുന്നുണ്ട് ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ ,,

,, വെറുതെ വിടുവാനോ എന്‍റെ കയ്യില്‍ കുരുങ്ങിയ ഇരയെ ഇത് വരെ ഞാന്‍ വെറുതെ വിട്ടിട്ടില്ല .നമ്മള്‍ നാട് വിടുന്നു .നിനക്ക് ഇനി എന്നെ പോലെ മയക്കുമരുന്ന്‌ ഇല്ലാതെ ജീവിക്കുവാന്‍ ഈ ഭൂലോകത്ത് കഴിയില്ല . കിട്ടാവുന്ന രൂപയും എടുത്ത് നാളെ പോന്നോളു    വന്നില്ലാ എങ്കില്‍ ലോകം മുഴുവന്‍ ഞാന്‍ കാമകേളിയുടെ വീഡിയോ പ്രചരിപ്പിക്കും ,,

അന്തര്‍ദ്ദേശീയ മയക്കുമരുന്ന്‌ മാഫിയയുടെ കണ്ണിയായിരുന്നു രോഹിത് .കലാലയ ജീവിതം തുടങ്ങുന്നത് വരെ സല്‍സ്വഭാവിയായിരുന്നു അയാള്‍ .അദ്ധ്യാപകരായ മാതാപിതാക്കളുടെ സ്നേഹസമ്പന്നനായ മകന്‍. മയക്കുമരുന്ന്‌ മാഫിയയില്‍ അകപ്പെട്ടതിന്  ശേഷമാണ് ക്രൂരമായ മനസ്സിന്‍റെ ഉടമയായത്   .വീട്ടില്‍ നിന്നും മയക്കുമരുന്നിനായി രൂപ ലഭിക്കാതെ ആയപ്പോള്‍ .ഫേസ്ബുക്ക് കേന്ദ്രീകരിച്ച്‌ സമ്പന്നരായ പെണ്‍ കുട്ടികളെ സ്നേഹം നടിച്ച്‌ വലയിലാക്കുന്നത്  അയാള്‍ പതിവാക്കി .അതിനായി ഫേസ്ബുക്കില്‍ ഇരയെ തിരഞ്ഞു കൊണ്ടേയിരിക്കും .പത്തുപേരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചാല്‍ ഒരാള്‍ തന്‍റെ ഇംഗിതത്തിന് വഴങ്ങും എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .വീടിന്‍റെയും പുതിയ വാഹനത്തിന്‍റെയും ചിത്രങ്ങള്‍ സുഹൃത്തുക്കളുമായി പങ്കു വെച്ചതാണ് ഷാഹിനയ്ക്ക് വിനയായത്.ഇരയെ ആയി ബോംബെയിലേക്ക് നാട് വിടുന്ന രോഹിത് ഇരയുടെ സാമ്പത്തിക സ്രോതസ്സ് നിലച്ചാല്‍ ചുവന്നതെരുവിലെ പെണ്‍ വാണിഭ  ശൃംഖലയ്ക്ക്    ഇരയെ വില്‍ക്കും അതാണ്‌ അയാളുടെ രീതി .

അടുത്ത ദിവസ്സം ഷാഹിന  സഹോദരന്‍ വാങ്ങി നല്‍കിയ ആഡംബര കാറുമായി   കുഞ്ഞുങ്ങളെയും കൊണ്ട് രോഹിതിന് അരികില്‍ എത്തി .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ബോംബെയെന്ന മഹാനഗരത്തില്‍   എത്തി .പോരുമ്പോള്‍ ഷാഹിനയുടെ  എ റ്റി എം കാര്‍ഡും സഹോദരന്‍റെ എ റ്റി എം കാര്‍ഡും സ്വര്‍ണവും ഷാഹിന കരുതിയിരുന്നു .ബോംബെയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് അവര്‍ വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. ഷാഹിന രോഹിതില്‍ നിന്നും ആഗ്രഹിച്ചിരുന്നത് മയക്കുമരുന്ന്‌ മാത്രമായിരുന്നു .അയാള്‍  അത് അവള്‍ക്ക് വേണ്ടുവോളം നല്‍കി .

ഷാഹിനയും കുഞ്ഞുങ്ങളും വീട് വിട്ട് എങ്ങോട്ട് പോയി എന്നറിയാതെ റഹീം ഹാജിയും ഷാഹിദും നാട്ടില്‍  എത്തി തിരച്ചില്‍ ആരംഭിച്ചു.ഹാഷിം അവധിക്കാലം കഴിഞ്ഞ് ഭാര്യയെയും കുഞ്ഞുങ്ങളേയും കാണാന്‍ കഴിയാതെ തിരികെപോയിരുന്നു . ഏതാനും ആഴ്ചകള്‍  കഴിഞ്ഞപ്പോള്‍ .ഷാഹിനയുടെ മക്കള്‍ ദാരുണമായി ബോംബയിലെ റെയില്‍വേ പാളത്തില്‍ മരണപെട്ടു എന്ന നാടിനെ നടുക്കിയ വാര്‍ത്തയുമായാണ് ഗ്രാമം ഉണര്‍ന്നത് . പേരക്കുട്ടികളുടെ മരണ വാര്‍ത്തയറിഞ്ഞ റഹീം ഹാജിയെ ഹൃദയ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഷാഹിദും സുഹൃത്തുക്കളും ബൊംബയിലേക്ക് യാത്ര തിരിച്ചു .അത്ത്യാഹിതം നടന്ന പരിധിയില്‍ പെട്ട പോലീസ് സ്റ്റേഷനില്‍ തിരക്കിയപ്പോള്‍ അവിടെ ഷാഹിന ഉണ്ടായിരുന്നു .പോലീസ് കാര്യങ്ങള്‍ ഷാഹിദിനോട് വിശദീകരിച്ചു.ഉറങ്ങി കിടന്നിരുന്ന രോഹിതിനെ ഷാഹിന കഴുത്തറുത്തുകൊന്നു.കുഞ്ഞുങ്ങള്‍ എങ്ങിനെയാണ് മരണ പെട്ടത് എന്ന്അജ്ഞാതമാണ്   ഷാഹിന ഒന്നും ഉരിയാടുന്നുണ്ടായിരുന്നില്ല.മനോനില തെറ്റിയ ഷാഹിനയെ കണ്ടപ്പോള്‍ ഷാഹിദ് പൊട്ടികരഞ്ഞുപോയി .കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ ബോംബെയിലെ ഒരു കബര്‍സ്ഥാനില്‍ കബറടക്കി.

ഷാഹിനയ്ക്ക്  ജാമ്യം ലഭിക്കുവാനായി ഷാഹിദ് പണം വാരിയെറിഞ്ഞു.നാലാം ദിവസ്സം  റഹീം ഹാജിയുടെ മരണ  വാര്‍ത്തയാണ് ഷാഹിദിനെ തേടിയെത്തിയത്  .ഷാഹിദും സുഹൃത്തുക്കളും  നാട്ടിലേക്ക് തിരിച്ചു .സഹോദരി മൂലം നഷ്ടങ്ങള്‍ വേണ്ടുവോളം ഉണ്ടായെങ്കിലും അയാള്‍ ഷാഹിനയെ വെറുത്തില്ല .എങ്ങനെയെങ്കിലും സഹോദരിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട്  പോകണം എന്നായിരുന്നു അയാളുടെ ചിന്ത .അതിനായി അയാള്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരുന്നു  .

പോലീസ് സ്റ്റേഷനിലെ കാരാഗ്രഹത്തില്‍ ഷാഹിന ഏകയായിരുന്നു .അവളുടെ മനസ്സ് ശൂന്യമായിരുന്നു കഴിഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാത്ത മനസ്സായിരുന്നു   അപ്പോള്‍ അവളുടേത് .പോലീസ് അവളുടെ തല മുണ്ഡനം ചെയ്തു .മയക്കുമരുന്ന്‌ ലഭിക്കാതെ ആയപ്പോള്‍   ശിരസ്സ് ചുമരില്‍ സ്വയം  ഇടിച്ച് പരിക്കേല്‍പ്പിച്ചു  ഷാഹിന ആശ്വാസം കണ്ടെത്തി  .ശിരസ്സില്‍ നിന്നും രക്തം  വാര്‍ന്നു തുടങ്ങിയപ്പോള്‍ പോലീസ് ഷാഹിനയെ മാനസീക  ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി .റഹീം ഹാജിയുടെ മൃതദേഹം കബറടക്കിയ ഉടനെ തന്നെ ഷാഹിദ് ബോംബയിലെക്ക് തിരികെയെത്തി ഷാഹിനയെ ജാമ്യത്തിലിറക്കുവാന്‍ ശ്രമമാരംഭിച്ചു.ഒരാഴച്ചയ്ക്കു ശേഷം ,ബോംബെ വിട്ടു പോകെരുത് എന്ന നിബന്ധനയോടെ ശാഹിനയ്ക്ക് ജാമ്യം ലഭിച്ചു .ഷാഹിദ് അപ്പാര്‍ട്ട്മെന്‍റെ വാടകയ്ക്ക് എടുത്ത് ഷാഹിനയെ പരിപാലിച്ചു.ഷാഹിന ഒന്നും ഉരിയാടാതെ ഇരുന്നിടത്ത് തന്നെയിരിക്കും  .ഷാഹിന സംസാരിക്കുന്നത് കേള്‍ക്കുവാന്‍ ഷാഹിദ് കൊതിച്ചു .പക്ഷെ നിരാശയായിരുന്നു ഫലം.  ഷാഹിനയെ കുളിപ്പിക്കുവാനും മറ്റും ഷാഹിദ് ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കി.

മാസങ്ങള്‍ക്കൊടുവില്‍ മാനസിക നില തെറ്റിയത് മൂലം കോടതി ഷാഹിനയെ കുറ്റവിമുക്തയാക്കി .അപ്പോഴും ഷാഹിനയുടെ  മക്കള്‍ എങ്ങിനെ കൊലചെയ്യപ്പെട്ടുവെന്ന് അജ്ഞാതമായിരുന്നു  . അടുത്തദിവസം നാട്ടിലേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യം വെച്ച് ഷാഹിദ് ഷാഹിനയുടെ കൈ പിടിച്ചിറങ്ങുമ്പോള്‍ ഷാഹിനയുടെ മനോനില വീണ്ടെടുക്കാന്‍ കഴിയുമെന്ന് അയാളുടെ  മനസ്സ്‌ മന്ത്രിച്ചു.അപ്പോള്‍   പെയ്തൊഴിയാന്‍ വെമ്പുന്ന മഴക്കാറുകളെ ഞൊടിയിടയില്‍ ശക്തമായി  ആഞ്ഞടിച്ച കാറ്റ് അപഹരിച്ചു കൊണ്ടു പോയി  ഒരു പക്ഷെ അരുതാത്ത തെറ്റുകള്‍ ചെയ്തതിന് ഷാഹിനയോടുള്ള പ്രകൃതിയുടെ നീരസമാവാം ആ പ്രതിഭാസം.
                                                              ശുഭം
rasheedthozhiyoor@gmail.com

5 February 2013

ലേഖനം.കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളിവന്നോ

     




മലയാളസിനിമയുടെ പൊന്‍തൂവലായി ഒരു ഗാനം  കൂടി 
പിറവിയെടുത്തിരിക്കുന്നു.എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ല അത്രയ്ക്ക് മനോഹരമായിരിക്കുന്നു ഈ ഗാനം .ഇനിയും റിലീസ് ചെയ്യാത്ത വിഗതകുമാരന്‍റെ നിര്‍മാതാവായ  ജെ.സി .ഡാനിയലിന്‍റെ ജീവിത കഥ പറയുന്ന സെല്ലുയോടിലെ   കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളിവന്നോ  എന്ന ഗാനം ശ്രവിച്ചാല്‍   ഒരു മഴ പെയ്തു തോര്‍ന്ന പ്രതീതിയാണ് തോന്നുക .   റഫീക്ക്‌ അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും എഴുതിയ വരികള്‍ക്ക് എം .ജയചന്ദ്രന്‍റെ  ഈണത്തില്‍    ജി. സ്രിരാമും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

      മലയാള സിനിമയിലെ ആദ്യ നായിക എന്ന വിശേഷണത്തിനര്‍ഹയായി ജീവിതത്തിലെ ദുരന്തനായികയായി മാറിയ പി.കെ. റോസിയുടെയും ജെ.സി. ഡാനിയേലിന്‍റെയും  ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജ് ജെ.സി. ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവായ, സംവിധായക വേഷമണിയുന്ന ചിത്രത്തില്‍ പുതുമുഖം ചാന്ദ്‌നിയാണ് നായിക. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിനു എബ്രഹാമിന്‍റെ 'നഷ്ടനായിക' എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്‍റെ ജെ.സി. ഡാനിയേല്‍ ജീവചരിത്രത്തെയും ആധാരമാക്കിയാണ് കമല്‍ 'സെല്ലുലോയ്ഡ്' ഒരുക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനത്തിനൊപ്പം തിരക്കഥയും, നിര്‍മാണവും കമല്‍ നിര്‍വഹിക്കുന്നു.


                         മനോഹരമായ ഗാനത്തിന്‍റെ ഈരടികള്‍ 


കാറ്റേ കാറ്റേ നീ പൂക്കാമരത്തില് 
പാട്ടും മൂളി വന്നോ..
പാട്ടും മൂളി വന്നോ..

ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
ആകേ തേന്‍ നിറഞ്ഞോ..ആകേ തേന്‍ നിറഞ്ഞോ.. 

ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
തൂവല്‍ വീശി നിന്നോ...തൂവല്‍ വീശി നിന്നോ...( കാറ്റേ കാറ്റേ...)

ഇന്നലെയെങ്ങോ പോയ്മറഞ്ഞൂ
ഇന്നൊരു സ്വപ്നം കൂടെ വന്നൂ‍
വെന്തുകരിഞ്ഞൊരു ചില്ലകളില്‍
ചെന്തളിരിന്‍ തല പൊന്തിവന്നൂ
കുഞ്ഞിളം കൈ വീശി വീശി
ഓടിവായോ പൊന്നുഷസ്സേ
കിന്നരിക്കാന്‍ ഓമനിക്കാന്‍
മുത്തണിപൂ തൊട്ടിലാട്ടി
കാതില്‍ തേന്മൊഴി ചൊല്ലാമോ..(കാറ്റേ കാറ്റേ...)

വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളി നിലാവിന്‍ തേരുവന്നു
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിന്‍ കോലൊഴിഞ്ഞു
ഇത്തിരിപ്പൂ മൊട്ടുപോലെ
കാത്തിരിപ്പൂ കണ്‍പീലിയാല്‍
തത്തിവരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലതു നേരാമോ...

കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു
പാട്ടും മൂളി വന്നോ..
ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
ആകേ തേന്‍ നിറഞ്ഞൂ..ആകേ തേന്‍ നിറഞ്ഞൂ.. 

ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവും കായും വന്നൂ
മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
തൂവല്‍ വീശി നിന്നൂ...തൂവല്‍ വീശി നിന്നൂ.


                                      കാറ്റേ കാറ്റേ എന്ന യുഗ്മഗാനം ജി ശ്രീറാമൊത്ത് ആലപിച്ചു കൊണ്ട് ചലച്ചിത്ര പിന്നണി ഗായികയായ തുടക്കമിട്ട വിജയലക്ഷ്മി 

                                              ശുഭം

rasheedthozhiyoor@gmail.com

2 February 2013

ശിഥിലമായ ആദ്യാനുരാഗം


ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്




ആദ്യസമാഗമത്തില്‍ 
നയനമനോഹരമായ
ചാരുതയാര്‍ന്ന അവളുടെ
 മുഖഭാവം കണ്ടപ്പോള്‍
അയാളുടെ  മനസ്സു മന്ത്രിച്ചു .
ഇവളാണ് നിന്‍റെ  പ്രേയസിയെന്ന്‍. .
 അയാള്‍  ഇതുവരെ  മറ്റാരിലും കാണാത്ത
 തിളക്കമുള്ള വലിയ നയനങ്ങളില്‍ നിന്നുള്ള
 തീക്ഷ്ണമായ നോട്ടത്തിന്‍റെ അനന്തരഫലം .
അയാളുടെ  സിരകളിലൂടെ പ്രവഹിക്കുന്ന
 രക്തത്തിന്‍റെ വേഗത കൂടിയതിന്‍റെ 
പരിണിതഫലം ഹൃദത്തിന്‍റെ
 മിടിപ്പിലും അയാളില്‍  മാറ്റൊലികൊണ്ടു.
ആദ്യാനുരാഗത്തിന്‍റെ വൈകാരികമായ
അനുഭൂതിയുടെ സുഖം ഇതുവരെ
അറിയാത്ത നവ്യാനുഭവമായി
 അയാളില്‍  അലയടിച്ചു കൊണ്ടിരുന്നു.
അയാളുടെ പ്രണയ സങ്കല്പങ്ങളിലെ
വശ്യമനോഹരമായ മുഖകാന്തിയുള്ള 
രാജകുമാരി എന്നും നിദ്രയുടെ
മൂര്‍ദ്ധന്യത്തില്‍ സ്വപ്നലോകത്ത്
അയാളോടൊപ്പം  ചടുലമായ  ആനന്ത നൃത്തം 
നടനമാടുന്നവള്‍  തന്‍റെ   
കണ്മുന്നില്‍ സന്നിഹിതയായിരിക്കുന്നു 
എന്ന തോന്നല്‍ മനസ്സിന് തെല്ലൊന്നുമല്ല 
അയാള്‍ക്ക്‌  ആനന്ദം നല്‍കിയത് .
ജീവിതാഭിലാഷം പൂവണിയുമെന്ന 
ആത്മവിശ്വാസം .
അയാളെ  മാലാഖ പോലെയുള്ള
അവളുടെ അരികിലേക്ക് ആനയിച്ചു.
വിറയാര്‍ന്ന സ്വരത്താല്‍ പേരെന്താണെന്ന 
അയാളുടെ  ചോദ്യത്തിന് മധുരിമയാര്‍ന്ന 
സ്വരത്താല്‍ അവള്‍ ഉത്തരം 
മൊഴിഞ്ഞു കൊണ്ട്‌. മന്ദഹസിച്ചു അയാളുടെ 
 നയനങ്ങളിലേക്ക് തന്നെ കണ്ണിമകള്‍ 
അടയ്ക്കാതെ നോക്കിനില്‍ക്കെ .
പ്രേയസിയുടെ നോട്ടത്തിന്‍റെ അര്‍ത്ഥം 
അയാള്‍ മനസ്സില്‍ കണ്ടു  .തന്നെ 
 ഇഷ്ടമാണ് നൂറുവട്ടം .
ഇവളാണ്‌ ഇവള്‍ തന്നെയാണ്
താന്‍  തേടിയിരുന്ന പ്രിയസഖി  എന്ന് 
മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് 
അടുത്ത ചോദ്യം ഉന്നയിക്കുവാന്‍ 
 അയാള്‍ തുനിഞ്ഞപ്പോള്‍. 
ദൂരെനിന്നും കളികഴിഞ്ഞ് അവളുടെ 
അരികിലേക്ക് ഓടി അടുക്കുന്ന കുഞ്ഞിന്‍റെ
അമ്മേയെന്ന ഉച്ചത്തിലുള്ള വിളി അയാളുടെ 
ചോദ്യം പാതിവഴിയില്‍ മുറിഞ്ഞു .
സൂക്ഷ്മമായി അയാള്‍ അവളുടെ കഴുത്തിലേക്ക്
നോക്കിയപ്പോള്‍ കണ്ട മംഗല്യസൂത്രം
 അയാളുടെ സിരകളിലെ  രക്തയോട്ടം
മന്ദഗതിയിലാവുന്നത്  ഹൃദയവേദനയോടെ 
അയാള്‍ തിരിച്ചറിഞ്ഞു.
 ആദ്യാനുരാഗം ശിഥിലമായ
ഹൃദയവേദനയോടെ പരാജയപെട്ട 
ആദ്യാനുരാഗ അനുഭവ  ഭാണ്ഡകെട്ടും  
പേറി വിദൂരതയിലേക്ക് അയാള്‍   നടന്നു നീങ്ങി  .
                                       ശുഭം 


        rasheedthozhiyoor@gmail.com .    

27 January 2013

ചെറുകഥ :മിഴിനീര്‍കണങ്ങള്‍

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ്  ഡ്രോയിംഗ്

                       

                               മണലാരണ്യത്തിലെ നീണ്ട പതിനഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, നാട്ടിലേക്ക് പോകുവാന്‍ രാമചന്ദ്രന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു .പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് അബുദാബിയിലേക്ക് യാത്ര തിരിക്കുമ്പോഴുണ്ടായിരുന്ന ആഗ്രഹങ്ങള്‍ ഒന്നൊഴികെ ഏറെക്കുറെ അയാളില്‍ സഫലമായിരിക്കുന്നു .പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍  നിറവേറ്റി യതിലുള്ള ആത്മ സംതൃപ്തിയോടെയാണ് അയാള്‍ തിരികെ ജന്മനാട്ടിലേക്ക് പോകുന്നത് . ജോലിയില്‍നിന്നും വിരമിക്കുന്നതിനുള്ള അപേക്ഷ അടുത്തദിവസം പട്ടണത്തിലുള്ള ഓഫീസില്‍ പോയി കൊടുക്കുവാന്‍ അയാള്‍ തീരുമാനിച്ചു.

തന്‍റെ കിടപ്പു മുറിയില്‍ കൂടെ താമസിക്കുന്ന രണ്ടുപേരും ഉറക്കമായിട്ടും അയാള്‍ക്ക്‌ ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ജീവിതത്തില്‍നിന്നും കൊഴിഞ്ഞു പോയ താളുകള്‍  അയാളുടെ മനസ്സിലേക്ക്  ഓടിയെത്തി.കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അയാളുടെ ജനനം.കുഞ്ഞുനാളിലെ അയാളുടെ ആഗ്രഹം, ഉന്നതവിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനാകണം എന്ന് തന്നെയായിരുന്നു. കര്‍ഷക കുടുംബത്തില്‍ ജനിച്ച അയാള്‍ വളരെയധികം സന്തോഷത്തോടെയാണ് ബാല്യകാലം ചിലവഴിച്ചിരുന്നത്.പക്ഷെ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല .

 കാര്‍ഷിക വിളകള്‍ വിറ്റു ലഭിക്കുന്ന തുകയായിരുന്നു വീട്ടിലെ ഉപജീവനമാര്‍ഗ്ഗം .പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് മുഴുനീള കര്‍ഷകനായ അച്ഛന്‍റെ പെട്ടന്നുള്ള  മരണം ഉന്നതവിദ്യാഭ്യാസം നേടുക എന്ന ആഗ്രഹം അയാള്‍ക്ക്‌ ഉപേക്ഷിക്കേണ്ടി വന്നു .അന്ന് പതിവുപോലെ തൊടിയിലെ പണികള്‍ കഴിഞ്ഞ് അച്ഛന്‍ കവലയില്‍ പോയി വീട്ടിലേക്ക്‌ അവശ്യസാധനങ്ങള്‍ വാങ്ങി തിരികെ പോരുമ്പോള്‍ സമയം നന്നേ ഇരുട്ടിയിരുന്നു.പടിപ്പുരയില്‍ നിന്നും  ,,രാമാ..... ,,എന്നുള്ള അച്ഛന്‍റെ നീട്ടിയുള്ള വിളി കേട്ടപ്പോള്‍ അയാള്‍ ഓടി പടിപ്പുരയില്‍ എത്തി . അപ്പോള്‍  അച്ഛന്‍ കയ്യിലെ സഞ്ചി താഴെ വെച്ച് പടിപുരയുടെ  വരാന്തയില്‍ രണ്ടു കൈകളും വലതു കാലില്‍ മുട്ടിനു താഴെ മുറുകെ  പിടിച്ചിരിക്കുകയായിരുന്നു .അയാളെ കണ്ടതും അച്ഛന്‍ പറഞ്ഞു .

,, രാമാ അച്ഛന്‍റെ കാലില്‍ ഇടവഴിയില്‍ നിന്നും എന്തോ കടിച്ചു .അച്ഛന് വേദന സഹിക്കുവാന്‍ കഴിയുന്നില്ല മോനെ  .ഇനി ഒരടിപോലും നടക്കുവാന്‍ അച്ചനെകൊണ്ടാവില്ല . മോന്‍ പോയി  അമ്മയോട് ഇവിടേക്ക് വരുവാന്‍ പറയു ,,

.രാമചന്ദ്രന്‍ അടുക്കളയിലേക്ക്  ഓടിപ്പോയി അമ്മയെ വിളിച്ചു  തിരികെയെത്തിയപ്പോഴേക്കും .അച്ഛന്‍ വരാന്തയില്‍  കിടക്കുന്ന നിലയിലായിരുന്നു . അച്ഛന്‍റെ ശരീരമാസകലം അപ്പോള്‍  നീല നിറമായി കാണപെട്ടു .അമ്മ  അച്ഛന്‍റെ അരികിലെത്തിയതും ,, ചതിച്ചുലോ  ഈശ്വരാ ..,,
എന്ന് പറഞ്ഞ് അച്ഛന്‍റെ ശിരസ്സ് മടിയില്‍വെച്ചു പൊട്ടി കരയുവാന്‍ തുടങ്ങി .
അമ്മയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടി കൂടുവാന്‍ തുടങ്ങി  .കൂടി നിന്നവരില്‍ ചിലര്‍ അടക്കം പറയുന്നുണ്ടായിരുന്നു .
,, വിഷം തീണ്ടിയെന്നാ തോന്നുന്നത് ,,
അടുത്ത വീട്ടിലെ ദിവാകരേട്ടന്‍ തിടുക്കത്തില്‍ വാഹനവുമായി വന്നപ്പോള്‍ ഓടി കൂടിയിരുന്നവരില്‍ ചിലര്‍ അച്ഛനെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.പിന്നീടുള്ള നിമിഷങ്ങള്‍ വേവലാതിയുടേതായിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീടിനു മുന്‍പില്‍ അംബുലന്‍സ് വന്നു നിന്നു.ആരൊക്കെയോ ചേര്‍ന്നു അച്ഛന്‍റെ മൃതദേഹം പൂമുഖത്ത് വിരിച്ച പായയില്‍ കിടത്തി.

ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്‌ തന്നോട് സംസാരിച്ച അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞു എന്ന നഗ്നസത്യം ഉള്‍ക്കൊള്ളുവാന്‍ രാമചന്ദ്രന് എത്ര ശ്രമിച്ചിട്ടും കഴിയുന്നുണ്ടായിരുന്നില്ല.സ്നേഹസമ്പന്നനായ കുടുംബനാഥന്‍റെ വേര്‍പാട്‌ ആ കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി.മുത്തശ്ശനേയും മുത്തശ്ശിയേയും അമ്മയേയും രണ്ടു സഹോദരിമാരേയും പോറ്റാന്‍ വിദ്യാഭ്യാസം രാമചന്ദ്രന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.ഗള്‍ഫിലേക്ക്‌ യാത്രതിരിക്കുവാന്‍ അയാള്‍ അഹോരാത്രം  പരിശ്രമിച്ചുകൊണ്ടേയിരുന്നു .അവധിക്ക് നാട്ടില്‍ വന്ന  ബന്ധുവിനോട് വിസ തരപെടുത്തുവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അയാളോട് പറഞ്ഞു .

,,കൈത്തൊഴില്‍ എന്തെങ്കിലും അറിയാതെ ഇപ്പോള്‍ ഗള്‍ഫില്‍ വന്നിട്ട് നല്ലൊരു തൊഴില്‍ ലഭിക്കുക എന്നത് അസാദ്ധ്യമാണ് ...  ....., ഒരു വര്‍ഷത്തെ പൈപ്പ് വെല്‍ഡിംഗ് കോഴ്സ്‌  പഠിക്കുകയാണെങ്കില്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍  വിസ  തരപെടുത്താം ,,

ബന്ധു പറഞ്ഞതു പ്രകാരം രാമചന്ദ്രന്‍ പട്ടണത്തില്‍  പൈപ്പ് വെല്‍ഡിംഗ് കോഴ്‌സ് പഠിക്കുവാനായി  ചേര്‍ന്നു.ഒഴിവുസമയങ്ങളില്‍ അച്ഛന്‍ പരിപാലിച്ചിരുന്ന  കൃഷിയിടം അയാള്‍ക്ക്‌ ആവുംവിധം പരിപാലിച്ചു.സഹോദരിമാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം എന്നതായിരുന്നു അപ്പോഴത്തെ അയാളുടെ ഏറ്റവുംവലിയ ആഗ്രഹം .അമ്മയുടെ സഹോദരന്‍റെ മകള്‍ ഇന്ദുലേഖയെ അയാള്‍ക്ക്‌ ഇഷ്ടമായിരുന്നു .അമ്മയുടെ വീട്ടിലേക്ക് നടന്നു പോകുവാനുള്ള ദൂരമേയുള്ളു. അച്ഛന്‍ അമ്മയെ പ്രണയിച്ചു വിവാഹം കഴിക്കുകയയ്യിരുന്നു .
ഒഴിവുസമയങ്ങളില്‍ ഇന്ദുലേഖ രാമചന്ദ്രന്‍റെ വീട്ടില്‍ സഹോദരിമാരുടെ കൂടെയാണ് സമയം ചിലവഴിച്ചിരുന്നത് .ഇന്ദുലേഖയുടെ എപ്പോഴുമുള്ള വരവിന്‍റെ ഉദ്ദേശം രാമചന്ദ്രനെ കാണുക എന്നതു തന്നെയാണ് .ഒരു വര്‍ഷത്തെ പൈപ്പ് വെല്‍ഡിംഗ് കോഴ്സ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധു വാക്ക്‌ പാലിച്ചു.വിസ ലഭിച്ച് പത്താം പക്കം രാമചന്ദ്രന്‍ മണലാരണ്യത്തിലേക്ക്  യാത്ര തിരിച്ചു .

ഗള്‍ഫിലെ അയാളുടെ ജീവിതം ആയാസകരമായിരുന്നില്ല .മരുഭൂമിയില്‍ എണ്ണ പൈപ്പ്‌ലൈന്‍ കൂട്ടി യോജിപ്പിക്കുന്ന തൊഴിലാണ് അയാള്‍ക്ക്‌ ലഭ്യമായത് വേനല്‍ക്കാലത്ത്.കഠിനമായ വെയിലിലും ശീതകാല ത്ത് കഠിനമായ തണുപ്പിലും ആത്മബലം ചോര്‍ന്നു പോകാതെ  മോഹങ്ങളുടെ സാക്ഷാത്കാരത്തിനായി അയാള്‍ തൊഴിലെടുത്തുകൊണ്ടേയിരുന്നു.
വര്‍ഷങ്ങളുടെ കഠിനപ്രയത്നത്തിന്‍റെ ഫലമായി പുതിയ വാര്‍ക്ക വീട് പണിയുകയും സഹോദരിമാരെ വിവാഹംചെയ്‌തയക്കുകയും ചെയ്തപ്പോഴേക്കും അയാളുടെ വിവാഹപ്രായം അധികരിച്ചിരുന്നു .
ഇന്ദുലേഖയെ അയാള്‍ക്ക്‌ നഷ്ടമായി. ഇന്ദുലേഖയുടെ വിവാഹം കഴിഞ്ഞതില്‍ പിന്നെ  വിവാഹത്തെ കുറിച്ച് അയാള്‍ ചിന്തിച്ചിരുന്നില്ല.ഇളയ  സഹോദരിയുടെ വിവാഹം അടുത്തകാലത്ത് കഴിഞ്ഞതില്‍ പിന്നെ അമ്മ ഇപ്പോള്‍ ഇടക്കിടെ അയാളെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു .

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതുവരെയുള്ള  ജീവിതത്തിന്‍റെ പാതിയും പ്രിയപെട്ടവര്‍ക്കായി ജീവിച്ചു തീര്‍ത്ത ഗള്‍ഫിലെ മണലാരണ്യത്തിലെ ജീവിതത്തില്‍ നിന്നും അയാള്‍  എന്നെന്നേക്കുമായി വിടവാങ്ങി.നാട്ടിലെത്തിയ രാമചന്ദ്രന്‍  തൊടിയിലെ കൃഷി പുനരാരംഭിച്ചു.ഒരു പശുവിനേയും കിടാവിനേയും വാങ്ങിച്ചു. ശിഷ്ടകാലം മുഴുനീള കര്‍ഷകനായി ജീവിക്കണം എന്നതായിരുന്നു അയാളുടെ ആഗ്രഹം .അമ്മ അയാള്‍ക്കൊരു  വധുവിനായുള്ള  അന്വേഷണം ധൃതഗതിയില്‍  ആരംഭിച്ചു.

അയാള്‍ നാട്ടിലെത്തിയിട്ട് മാസം മൂന്ന്‍ കഴിഞ്ഞു .ഈ കാലയളവില്‍ ഒരുപാട് പെണ്‍കുട്ടികളെ പോയി കണ്ടുവെങ്കിലും അയാള്‍ക്ക് ഇഷ്ടപെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അയാളില്‍ കണ്ട കുറവ് അയാള്‍ക്ക്‌  പ്രായം കൂടുതല്‍ ആയി എന്നതായിരുന്നു .നീണ്ട അന്യേഷണങ്ങള്‍ക്ക് ഒടുവില്‍ അടുത്ത ജില്ലയില്‍ നിന്നും ഒരു ബന്ധം ശെരിയായി .കോടതിയില്‍ ഗുമസ്തനായി ജോലിനോക്കുന്ന ഹരിഹരന്‍റെ   മകളായിരുന്നു വധു . സുചിത്ര എന്നായിരുന്നു അവളുടെ പേര്.  മൂന്ന്‍ പെണ്‍മക്കളില്‍ മൂത്തമകളാണ് സുചിത്ര .  എല്‍ പി  സ്കൂള്‍ അധ്യാപികയായ അവളുടെ കുടുംബം  സാമ്പത്തീകമായി വളരെയധികം കഷ്ടതകള്‍ അനുഭവിക്കുന്നത് കൊണ്ട് പ്രായത്തില്‍ അധികമൊന്നും വ്യത്യാസം ഇല്ലാത്ത  അനിയത്തിമാരുടെ വിവാഹം ആദ്യം നടക്കട്ടെ എന്ന് സുചിത്ര തീരുമാനിക്കുകയായിരുന്നു .
ഹരിഹരന്‍റെ വേതനം മക്കളുടെ വിദ്യാഭ്യാസ ചിലവുകളും വീട്ടിലെ ചിലവുകളും കഴിഞ്ഞാല്‍ മിച്ചം വെയ്ക്കുവാന്‍ ഒന്നും തന്നെ ബാക്കി  ഉണ്ടായിരുന്നില്ല .സുചിത്ര അദ്ധ്യാപനം കഴിഞ്ഞു വന്നാല്‍ വീട്ടില്‍ തയ്യല്‍ ജോലിയും ചെയ്തിരുന്നു .അതുകൊണ്ട് തന്നെ സുചിത്ര എപ്പോഴും തിരക്കിലായിരുന്നു .

വിശ്രമം ഇല്ലാതെ ജോലി ചയ്തു ലഭിച്ച വേതനം സ്വരൂപിച്ച്‌ അനിയത്തിമാരുടെ വിവാഹം നടത്തി .ഇപ്പോള്‍ സുചിത്രയ്ക്ക് വയസ്സ് ഇരുപത്തൊന്‍പത് കഴിഞ്ഞിരിക്കുന്നു.  ഏറ്റവും ഇളയ സഹോദരിയുടെ വിവാഹ ചിലവുകള്‍ക്ക് രൂപ തികയാതെ വന്നപ്പോള്‍ ആകെയുള്ള പത്തു സെന്‍റ് പുരയിടം ബാങ്കില്‍ പണയപെടുത്തി മൂന്നു ലക്ഷം രൂപ കടമെടുത്തിരുന്നു .ഹരിഹരന്‍ സുചിത്രയെ  വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ അവള്‍ പറയും .

,, എന്‍റെ അച്ഛാ ഇത്രേം പ്രായമായ എന്നെ കെട്ടാന്‍ ഇനി ആരാ വരുവാന്‍ പോകുന്നെ .ഈ വര്‍ഷം അച്ഛന്‍ ജോലിയില്‍ നിന്നും വിരമിക്കുവാന്‍ പോകുകയല്ലെ എന്നെ വിവാഹം ചെയ്തയച്ചാല്‍ ബാങ്കിലെ കടം ആര് വീട്ടും .
ഇനി എന്നെ വിവാഹം ചെയ്തയക്കണം  എന്ന് തന്നെയാണ് അച്ഛന്‍റെ നിര്‍ബ്ബന്ധമെങ്കില്‍   ബാങ്കിലെ കടം തീര്‍ത്തിട്ട് നമുക്ക് വിവാഹത്തെ കുറിച്ച്  ആലോചിക്കാം ,,

 അവളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഹരിഹരന്‍റെ കണ്ണുകള്‍ നിറയുന്നത് കാണുമ്പോള്‍ സുചിത്ര പറയും  .

,, ഈ അടുത്ത കാലത്തായി അച്ഛന് എന്നോട് പറയുവാന്‍ എന്‍റെ വിവാഹ കാര്യം മാത്രമേയുള്ളൂ  .എനിക്ക് ഒരു  സങ്കടവും ഇല്ല . ഞാന്‍ അച്ഛനേം അമ്മേനേം   പരിപാലിച്ചു ഇവിടെ ജീവിച്ചോളാം.വിവാഹത്തെ കുറിച്ച് അച്ഛനെന്നോട് സംസാരിക്കാതെയിരുന്നാല്‍ മാത്രം മതി എനിക്ക് .,,

,, എന്താ എന്‍റെ കുട്ടി ഈ പറയുന്നേ .അച്ഛനും അമ്മേം എന്നും ഉണ്ടാകുമോ എന്‍റെ മോള്‍ക്ക്‌ കൂട്ടിന്.ഞങ്ങള്‍ക്ക് പ്രായമായി വരികയല്ലേ .വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ  അച്ഛനമ്മമാരുടെ മനസ്സിന്‍റെ വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയു .ഞാനില്ല എന്‍റെ മോളോട് തര്‍ക്കിക്കുവാന്‍ .,,

രാമചന്ദ്രന്‍ സുചിത്രയെ ആദ്യമായി പെണ്ണ് കണ്ടു പോയി .അയാള്‍ അവളില്‍ ഒരു കുറവും കണ്ടില്ല .വിവാഹ നിശ്ചയ തിയ്യതി  തീരുമാനിക്കുവാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ .രാമചന്ദ്രന്‍റെ മൊബൈല്‍ഫോണ്‍ നമ്പര്‍ തേടി പിടിച്ച് അവള്‍ അയാള്‍ക്ക്‌ വിളിച്ച് നേരില്‍ സംസാരിക്കണം എന്നു പറഞ്ഞു .
അവള്‍ പറഞ്ഞതു പ്രകാരം സ്കൂളില്‍ സുചിത്രയെ കാണുവാനായി രാമചന്ദ്രന്‍ ചെന്നു.പ്രധാന അധ്യാപികയുടെ അനുമതി വാങ്ങി സുചിത്ര അയാളോടൊപ്പം നടന്നു .കുറച്ചു ദൂരം നടന്നപ്പോള്‍ അവളാണ് സംസാരത്തിന് തുടക്കമിട്ടത്.

,, അങ്ങയെ  കുറിച്ച് കൂടുതല്‍ ഒന്നും തന്നെ  എനിക്ക് അറിയില്ല .ഇപ്പോള്‍ ഏതാണ്ട് നമ്മുടെ വിവാഹം നടക്കും എന്ന് ഉറപ്പായി .നിങ്ങളെ പോലെ ഞാനും കുടുംബത്തിന് വേണ്ടിയാണ് വിവാഹം മാറ്റി വെച്ചത് .ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു ലക്ഷംരൂപയുടെ കടം കൂടി വീട്ടുവാനുണ്ട് .അച്ഛന്‍ അടുത്ത്‌ തന്നെ ജോലിയില്‍ നിന്നും വിരമിക്കും. അതുകൊണ്ട് നമ്മുടെ വിവാഹം കഴിഞ്ഞാല്‍ ജോലിയില്‍ തുടരുവാന്‍ അങ്ങ് എന്നെ അനുവദിക്കുമോ ?.,,

,, സത്യത്തില്‍ നമ്മുടെ വിവാഹം കഴിഞ്ഞാല്‍ സുചിത്രയെ ജോലിക്ക് അയക്കില്ല എന്നാണ് എന്‍റെ തീരുമാനം കാരണം നമുക്ക് പ്രായം ഒത്തിരി ആയില്ലേടോ.ഇനിയുള്ളകാലം ഇയാള് എപ്പോഴും എന്‍റെ അരികില്‍ ഉണ്ടാകണം എന്നാണ് എന്‍റെ ആഗ്രഹം . വീട്ടിലെ അവസ്ഥയെ കുറിച്ച്  എല്ലാം അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു .
സ്ത്രീധനം ആയി നയാപൈസപോലും എനിക്ക് വേണ്ട എന്ന് പറഞ്ഞതു കൊണ്ട് തന്നെയാണ് സുചിത്രയുടെ അച്ഛന്‍ നമ്മുടെ വിവാഹ കാര്യവുമായി മുന്‍പോട്ടു നീങ്ങുന്നത് .പിന്നെ ബാങ്കിലെ  കടം വീട്ടുവാനുള്ള കഴിവൊക്കെ ഈശ്വരന്‍റെ കടാക്ഷം കൊണ്ട് ഇപ്പോള്‍  എനിക്കുണ്ട്  .കടം വീട്ടുവാനായി സുചിത്ര അദ്ധ്യാപനം  തുടരണമെന്നില്ല .പിന്നെ കുരുന്നു മക്കള്‍ക്ക്‌ നാലക്ഷരം പഠിപ്പിക്കുന്നത്‌ പുണ്ണ്യ കര്‍മം ആയതുകൊണ്ട് അദ്ധ്യാപനം തുടരാം എന്ന് മാത്രം ,,

രാമചന്ദ്രന്‍ വാക്കുകള്‍ സുചിത്രയുടെ കണ്ണുകള്‍ ഈറനണിയിച്ചു.അയാള്‍ അവളുടെ കണ്ണുനീര്‍ തുടച്ചു കൊണ്ടു പറഞ്ഞു .

,, എന്താടോ താന്‍  ഇങ്ങിനെ .വേഗം സങ്കടം വരുന്ന പ്രകൃതകാരിയാണല്ലേ  നമ്മുടെ വിവാഹം കഴിഞ്ഞാല്‍ പിന്നെ എപ്പോഴും ഇങ്ങിനെ സങ്കടപെടുവാന്‍ പാടില്ലാട്ടോ ,,

അയാളുടെ വാക്കുകള്‍ അവള്‍ക്ക് അയാളിലുള്ള വിശ്വാസത്തെ അധികരിപ്പിച്ചു .ഏതൊരു സ്ത്രീയും ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നതൊക്കെ അയാളില്‍ നിന്നും ലഭിക്കും എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.വരുംകാല ജീവിതത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിലെ സന്തോഷത്തെ നിയന്ത്രിക്കുവാന്‍ അവള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

ഒരു മാസത്തിനകം രാമചന്ദ്രനും സുചിത്രയും വിവാഹിതരായി.വൈകി ലഭിച്ച ദാമ്പത്യജീവിതം രണ്ടു പേരും വേണ്ടുവോളം ആസ്വദിച്ചു.ആഗ്രഹിച്ചതു പോലെയുള്ള ഇണയെ ലഭിച്ചതില്‍ രണ്ടുപേരും ആത്മ നിര്‍വൃതിപൂണ്ടു .
സുചിത്രയുടെ  അദ്ധ്യാപനം മുടക്കേണ്ടതില്ലാ എന്ന് രാമചന്ദ്രന്‍ തീരുമാനിച്ചു .
രാമചന്ദ്രന്‍റെ വീട്ടില്‍ നിന്നും സുചിത്ര ഇപ്പോള്‍ പഠിപ്പിക്കുന്ന സ്കൂളിലേക്ക്  ദൂരം  കൂടുതല്‍ ഉള്ളത് കൊണ്ട്‌.  രാമചന്ദ്രന്‍റെ വീടിനടുത്തുള്ള സ്കൂളിലേക്ക് സുചിത്രയ്ക്ക്  മാറ്റം ലഭിക്കുന്നത് വരെ സുചിത്രയുടെ വീട്ടില്‍ നിന്നും  അദ്ധ്യാപനത്തിന് പോകുവാനുള്ള അനുമതി രാമചന്ദ്രന്‍  സുചിത്രയ്ക്ക്  നല്‍കി

 രാമചന്ദ്രന്‍റെ  മനസ്സിന്‍റെ നന്മയെ സുചിത്ര തിരിച്ചറിഞ്ഞു.രണ്ടു പേര്‍ക്കും പരസ്പരം പിരിഞ്ഞിരിക്കുവാന്‍ കഴിയാത്തത് കൊണ്ട് രാമചന്ദ്രനും സുചിത്രയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.രാവിലെ സുചിത്ര സ്കൂളിലെക്കിറങ്ങുമ്പോള്‍  രാമചന്ദ്രനും ഒപ്പം ഇറങ്ങും .അയാള്‍ അയാളുടെ വീട്ടില്‍ പോയി കൃഷിടം പരിപാലിക്കും .സുചിത്ര അദ്ധ്യാപനം കഴിഞ്ഞ്‌ സുചിത്രയുടെ വീട്ടില്‍ തിരികെയെത്തുമ്പോഴേക്കും രാമചന്ദ്രനും  തിരികെയെത്തും .അവധി ദിവസങ്ങളില്‍ രണ്ടുപേരും രാമചന്ദ്രന്‍റെ വീട്ടിലേക്ക് പോരും .പരിഭവങ്ങളും പരാതികളും ഇല്ലാത്ത ഒരു പുതിയ ജീവിതത്തിന് അവര്‍ നാന്ദ്യം കുറിച്ചു.

ആനന്ത നിര്‍വൃതിയോടെയുള്ള ജീവിത മാണെങ്കിലും  വര്‍ഷങ്ങള്‍ നാലു കഴിഞ്ഞിട്ടും സുചിത്രയ്ക്ക് അമ്മയാകുവാന്‍ കഴിഞ്ഞില്ല .ഇനിയും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന തിരിച്ചറിവ് രണ്ടു പേരെയും കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തവരെ ചികിത്സിക്കുന്ന പ്രശസ്തമായ ആശുപത്രിയിലേക്ക് എത്തിച്ചു .രണ്ടു പേരേയും വിശദമായി പരിശോധിച്ച ഡോക്ടര്‍ സുചിത്രയെ തനിയെ പരിശോധിക്കണം എന്നു പറഞ്ഞ്  ആ നടുക്കുന്ന നഗ്നസത്യം സുചിത്രയോട്   പറഞ്ഞു .

,, മിസ്റ്റര്‍ രാമചന്ദ്രന്‍ അമിതമായ ചൂടില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തത് കൊണ്ടാകാം അദ്ദേഹത്തിന് അച്ചനാകുവാനുള്ള കഴിവ് തൊണ്ണൂറ് ശതമാനവും ഇല്ലാതെയായിരിക്കുന്നു.ചികിത്സ തുടരാം പക്ഷെ ചികിത്സയുടെ അനന്തരഫലം എന്താകും എന്ന്  എനിക്ക്  പറയുവാന്‍ സാധ്യമല്ല.ഈ വിവരം രാമചന്ദ്രന്‍ ഇപ്പോള്‍ തല്‍ക്കാലം അറിയേണ്ട.,,

,, ഇല്ല ഡോക്ടര്‍ അദ്ദേഹം ഈ വിവരം ഒരിക്കലും അറിയരുത് എനിക്കും മരുന്നുകള്‍ കുറിച്ചു നല്‍കൂ രണ്ടു പേരും മരുന്ന് കഴിച്ചാല്‍ എല്ലാം ശേരിയാകും എന്ന് ഞാന്‍ അദ്ദേഹത്തോട് പറയാം,,

ഡോക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭൂമി കീഴ്മേല്‍ മറിയുന്നത് പോലെ സുചിത്രയ്ക്ക് അനുഭവ പെട്ടു . അപ്പോള്‍ അവള്‍ നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു  .ആകാംക്ഷയോടെ കാത്തു നിന്നിരുന്ന രാമചന്ദ്രന്‍ സുചിത്രയെ കണ്ടതും അക്ഷമയോടെ ചോദിച്ചു ?

,, എന്താ എന്താ ഡോക്ടര്‍ പറഞ്ഞത് ? നമുക്കൊരു കുഞ്ഞിനെ ലഭിക്കുവാനുള്ള ഭാഗ്യം ഉണ്ടാവില്ലെ സുചിത്രേ ...,,

,, എന്തിനാ സുരേട്ടാ  ഇങ്ങിനെ വിഷമിക്കുന്നത്. രണ്ടു പേര്‍ക്കും മരുന്ന് കുറിച്ചു തന്നിട്ടുണ്ട് മൂന്നു മാസം മരുന്ന് കഴിച്ചിട്ട് ഡോടറെ വീണ്ടും വന്നു കാണുവാനും  പറഞ്ഞിട്ടുണ്ട് ,,

അന്നു രാത്രി രണ്ടു പേരും പതിവുപോലെ ഉറങ്ങുവാന്‍ കിടന്നു .രാമചന്ദ്രന്‍റെ മുടിയിഴകളിലൂടെ സുചിത്രയുടെ കൈവിരലുകള്‍ തലോടികൊണ്ടിരുന്നു.അവളുടെ തലോടല്‍ അയാളെ വേഗം നിദ്രയിലാഴ്ത്തി .
അവള്‍ നിഷ്കളങ്കമായ അയാളുടെ മുഖത്തേക്ക്‌ തന്നെ നോക്കി  കിടന്നു .  രാമചന്ദ്രന്‍ ഉറങ്ങിയിട്ടും സുചിത്രയ്ക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല .ഒരുപാട് ആഗ്രഹിക്കുന്ന  കുഞ്ഞിനായുള്ള കാത്തിരിപ്പിന്‍റെ  ഹൃദയ തുടിപ്പിന്‍റെ വേഗത കുറയുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു.വിവാഹിതയായതിനു ശേഷം ഉറങ്ങുവാനായി ഇമകള്‍ അടയ്ക്കുമ്പോള്‍ എന്നും മനസ്സില്‍ കണ്ടിരുന്ന പിറക്കുവാന്‍ പോകുന്ന കുഞ്ഞിന്‍റെ മുഖം ഇന്നവള്‍ക്ക് കാണുവാന്‍ കഴിഞ്ഞില്ല .പുഞ്ചിരി തൂകിയ കുഞ്ഞിന്‍റെ  മുഖത്തിനു പകരം .ജീവന്‍ നിലയ്ക്കുന്ന കുഞ്ഞിന്‍റെ     രോദനം മാത്രം പ്രപഞ്ചമാകെ മാറ്റൊലികൊണ്ടു  .ഭയാനകമായ ആ രോദനം അസഹനീയമായപ്പോള്‍  .ഒന്നും അറിയാതെ കുഞ്ഞിനെപ്പോലെ നിദ്രയിലാണ്ട രാമചന്ദ്രനെ  അവള്‍ ഇറുകെ  കെട്ടിപിടിച്ചു.അപ്പോള്‍ അവളുടെ  നയനങ്ങളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു .
                                                                ശുഭം

   rasheedthozhiyoor@gmail.com