18 October 2014

ചെറുകഥ:ശരണാഗതന്‍

                            
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                      
                             

മനുഷ്യജീവിതങ്ങളുടെ   തിരക്കുപിടിച്ച  ജീവിത പ്രയാണങ്ങള്‍ തുടര്‍ന്നുകൊണ്ടിക്കുമ്പോള്‍   സ്വന്തം ജീവത നിലവാരം ഭംഗിയായി നിര്‍വഹിക്കുവാന്‍ ഓരോരുത്തരും  നെട്ടോട്ടമോടുന്നതിനിടയില്‍. സമൂഹ നന്മയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഭൂരിഭാഗം മനുഷ്യരിലും അന്യമാവുന്നു . അവരുടെ ചിന്തകളില്‍ പോലും ഈയൊരു വിഷയം കടന്നു വരികയില്ല .എന്നാലും അശരണരും,അനാഥരും ,അലംബഹീനരുമായവരുടെ രക്ഷക്കായ് ഭൂലോകത്ത് ചിലര്‍ ജന്മമെടുക്കുന്നു  .അത് പ്രകൃതിയുടെ വരദാനമാണ് .  വിശ്വാസികള്‍ക്കിടയില്‍  അദൃശ്യ ശക്തി ഭൂമിയിലേക്ക്‌ നന്മകള്‍ ചെയ്യുവാനായി നിയോഗിക്കപെട്ടവന്‍ എന്ന്  പറയപ്പെടുന്നത് പോലെ .

 ഗിരീഷ്‌ .  ഗിരീഷ്‌  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍  ജീവിത ദിനചര്യയുടെ ഭാഗമാക്കിയത് അച്ഛന്‍ പകര്‍ന്നു നല്‍കിയ  പ്രചോദനം ഒന്നുകൊണ്ടു മാത്രമാണ്  , സത്യസന്ധതയോടെ അയാൾ തന്‍റെ കര്‍മ്മം പ്രാവര്‍ത്തികമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.  ഒരു അഗതിമന്ദിരം പണിയുക,രോഗം മൂലംഅവശരായി, ചികിത്സിക്കുവാന്‍ പണമില്ലാതെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്നത്  അച്ഛന്‍റെ ഏറ്റവുംവലിയ    ആഗ്രഹമായിരുന്നു.പക്ഷെ അച്ഛന്‍റെ ജീവിതത്തില്‍ അച്ഛന്‍റെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല . അച്ഛന് നിറവേറ്റാന്‍ കഴിയാതെപോയ         ആഗ്രഹങ്ങള്‍  സാക്ഷാത്ക്കരിക്കുക   എന്നതാണ്  ഗിരീഷിന്‍റെ എക്കാലത്തെയും  ജീവിത ലക്ഷ്യം .

വക്കീലായിരുന്ന അച്ഛന്‍റെ ആഗ്രഹം, തന്നെപ്പോലെ മകനും പേര് കേട്ട വക്കീലാവണം എന്നതായിരുന്നു. പക്ഷെ അച്ഛന്‍റെ ആഗ്രഹത്തോട്  വിയോജിപ്പ്‌ പ്രകടിപ്പിച്ച ഗിരീഷ്‌  തിരഞ്ഞെടുത്തത്  അദ്ധ്യാപക വൃത്തിയായിരുന്നു.വക്കീലായാല്‍ പ്രതിഭാഗത്തിനായി വാദിക്കേണ്ടി വരുമ്പോള്‍ സത്യത്തെ അസത്യമായി ചിത്രീകരിക്കേണ്ടി വരും എന്നതായിരുന്നു അയാളുടെ ഭാഷ്യം . നേടിയ അറിവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി രാജ്യത്തോട് പ്രതിബന്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഗിരീഷിന്‍റെ മോഹം .

അന്നൊരു ശനിയാഴ്ചയായിരുന്നു .വിദ്യാലയത്തിന്   അവധിയായിരുന്നതുകൊണ്ട് , മക്കളാല്‍ ഉപേക്ഷിക്കപെട്ട   ആസ്ത്മയുടെ അസ്ഥിരത വര്‍ദ്ധിച്ച  വൃദ്ധനേയും കൊണ്ട് താലൂക്കാശുപത്രിയില്‍ എത്തിയതാണ് ഗിരീഷ്‌.ഡോക്ടറെ കാണുവാനായി നമ്പര്‍ എടുത്ത് കാത്തിരിക്കുമ്പോള്‍ അങ്ങ് ദൂരെ കുറേയാളുകൾ  ബഹളം കൂട്ടുന്നത്‌ ഗിരീഷിന്‍റെ ശ്രദ്ധയില്‍ പെട്ടു .  വൃദ്ധനെ ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്നിനുള്ള കുറിപ്പ് എഴുതി വാങ്ങിച്ച്  അദ്ദേഹത്തെ സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും ഇരിക്കുവാനുള്ള ഇരിപ്പിടത്തില്‍ ഇരുത്തി  .ഗിരീഷ്‌ ബഹളം നടക്കുന്ന  ഇടത്തേക്ക് പോയി നോക്കി   .രോഗികളെ കിടത്തി ചികിത്സിക്കുവാനായുള്ള  വാര്‍ഡിന്‍റെ ഓരം ചേര്‍ന്ന് നിലത്ത് പായയില്‍ പൊതിഞ്ഞ നിലയില്‍ ഒരു മൃതദേഹം കിടത്തിയിരിക്കുന്നു .ആ കാഴ്ച അയാളെ വല്ലാതെ നൊമ്പരപെടുത്തി . കുറേ യുവാക്കള്‍ അധികൃതരെ ചോദ്യം ചെയ്യുന്നത് കണ്ടപ്പോള്‍ ഗിരീഷ്‌ കാര്യം തിരക്കി .ഒരു യുവാവ് രോഷാകുലനായി പറഞ്ഞു.

,, എന്ത് പറയാനാ സാറേ ഇവമ്മാരുടെ അനാസ്ഥയെ ചോദ്യം ചെയ്യാന്‍‌ ആരുമില്ല ഇവിടെ. ആ .....മരണപെട്ടു കിടക്കുന്ന വൃദ്ധയെ  ഒരാഴ്ച മുന്‍പ്‌ ആരോ ഇവിടെയാക്കി പോയതാ .ഇന്നലെ പുലര്‍ച്ചെ അവര്‍ മരണപെട്ടു .ഈ നേരംവരെ മൃതദേഹം  മോര്‍ച്ചറിയിലേക്ക് മാറ്റുവാന്‍ ഇവന്മാര്‍ക്ക് കഴിഞ്ഞില്ല .അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റതെയിരുക്കുന്നതിനു പറയുന്ന ന്യായം ,ശീതീകരണ യന്ത്രം പ്രവര്‍ത്തിക്കുന്നില്ല എന്നാണ് .മൃതദേഹം അവിഞ്ഞു തുടങ്ങിയിരിക്കുന്നു ,നാറ്റവും വരുന്നുണ്ട് .ഇവിടെ രോഗികള്‍ കിടക്കുന്ന സ്ഥലമല്ലേ ,,

കട്ടിലില്‍ കിടക്കുന്ന വൃദ്ധനെ ചൂണ്ടികൊണ്ട്‌ യുവാവ് തുടര്‍ന്നു

,, എന്‍റെ അച്ഛനാ ആ കട്ടിലില്‍ കിടക്കുന്നത് ഈ മൃതദേഹം ഇവിടെ കിടത്തിയിരിക്കുന്നത്കൊണ്ട്. ഒരുപോള കണ്ണടച്ചിട്ടില്ല ഇന്നലെ .അനാഥ മൃതദേഹമാണെങ്കില്‍ ഇവന്മാര്‍ക്ക് ഈ മൃതദേഹം കൊണ്ടു പോയി മറയാടിക്കൂടെ ,,

യുവാവിന്‍റെ രോഷം അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല . അയാള്‍ വീണ്ടും അധികൃതരോട് കയര്‍ത്തുകൊണ്ടിരുന്നു .ഗിരീഷ്‌ തിരികെപോയി താലൂക്കാശുപത്രിയുടെ അധീനതയിലുള്ള മരുന്നുകള്‍ സൌജ്യന്യമായി നല്‍കുന്ന ഇടത്ത്  മരുന്നുകള്‍ വാങ്ങുവാനായി നീണ്ട  നിരയില്‍ നിന്നു .പലരും ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നുകള്‍ ലഭിക്കാതെ രോഷാകുലരായി പിറുപിറുത്തു തിരികെ പോകുന്നു .ഒരുപാടുനേരത്തെ തിക്കുംതിരക്കുകള്‍ക്കൊടുവില്‍ ഗിരീഷിന്‍റെ ഊഴമെത്തി .ഫാര്‍മസിസ്റ്റിന്   കുറിപ്പ് സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് മൊഴിഞ്ഞു .

,, ഇതില്‍ എട്ടു തരം മരുന്നുകള്‍ ഡോക്ടര്‍ കുറിച്ചിട്ടുണ്ട് .ഇതില്‍ ഒരു തരം മരുന്നേ ഇവിടെ സ്റ്റൊക്കുള്ളൂ .ബാക്കിയുള്ള മരുന്നുകള്‍  നിങ്ങള്‍ പുറത്തുനിന്നും വാങ്ങിക്കേണം . ,,

ഫാര്‍മസിസ്റ്റിന്‍റെ സംസാരം കെട്ടപ്പോള്‍ ഗിരീഷിന്‍റെ പുറകില്‍ നിന്നയാൾ പറഞ്ഞു .

,, ഇത് ഇവടത്തെ സ്ഥിരം ഏര്‍പ്പാടാ സാറേ ....പാവപെട്ടവര്‍ക്ക് സൌജ്യന്യമായി നല്‍കേണ്ടുന്ന  മരുന്നുകള്‍ ഇവന്മാര് മറിച്ചുവില്‍ക്കുകയാണ് പതിവ്  .ഇതൊന്നും ചോദ്യം ചെയ്യുവാന്‍ ആണൊരുത്തനായി ആരും തന്നെയില്ല ഇവിടെ .,,

,, ഫാര്‍മസിസ്റ്റ് സംസാരിച്ചയാളെ   കോപത്തോടെ തുറിച്ചുനോക്കി .ഗിരീഷ്‌ ലഭിച്ച മരുന്നും  കുറിപ്പും  വാങ്ങിച്ച്  കാത്തുനിന്നിരുന്ന ഓട്ടോറിക്ഷയില്‍   വൃദ്ധനേയും കയറ്റി അല്‍പമകലെയുള്ള സ്വകാര്യ മരുന്ന് ഷോപ്പില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചു   .വൃദ്ധന്‍ മരുന്നുകള്‍ വാങ്ങുമ്പോള്‍  കൃതജ്ഞതയോടെ  ഗിരീഷിന്‍റെ കൈത്തലം നുകര്‍ന്നുകൊണ്ട് പറഞ്ഞു .

,, ആരോരുമില്ലാതെ ജീവിക്കുന്ന എനിക്ക് ഭക്ഷണവും മരുന്നും നല്‍കുന്ന മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും .ഈ കിളവന് മോന് വേണ്ടി പ്രാര്‍ഥിക്കുവാന്‍ മാത്രമേ കഴിയൂ .ചെയ്തു തരുന്ന ഉപകാരങ്ങള്‍ മറക്കില്ലൊരിക്കലും ,,

അപ്പോള്‍  വൃദ്ധന്‍റെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു .ഗിരീഷ്‌ വൃദ്ധന്‍റെ പുറത്ത് സ്നേഹത്തോടെ തലോടിക്കൊണ്ടിരുന്നു .ഓട്ടോറിക്ഷക്കാരനോട് തന്നെ   താലൂക്കാശുപത്രിയില്‍ ഇറക്കുവാന്‍ പറഞ്ഞ് വൃദ്ധനെ അദ്ദേഹത്തിന്‍റെ വസതിയില്‍ സുരക്ഷിതമായി എത്തിക്കുവാന്‍ ഏൽ‌പ്പിച്ച് ഓട്ടോറിക്ഷയുടെ കൂലിയും നല്‍കി .താലൂക്കാശുപത്രിയില്‍ തന്നെ തിരികെയെത്തിയ ഗിരീഷ്‌ അവിടത്തെ  അധികൃതരുമായി കൂടികാഴ്ച നടത്തി .മൃതദേഹം സംസ്കരിച്ചതിന് ശേഷം  അതിനുള്ള  തെളിവ് ഹാജരാക്കാം എന്ന വ്യവസ്ഥയില്‍       അനാഥമായി കിടക്കുന്ന മൃതദേഹം സംസ്കരിക്കുവാനുള്ള അനുമതി വാങ്ങി . മൃതദേഹത്തിന് അരികില്‍ കൂടി നിന്നിരുന്ന യുവാക്കളോടായി പറഞ്ഞു .

,, ഈ മരണ പെട്ടുകിടക്കുന്ന  അമ്മയുടെ സ്വദേശമോ ബന്ധുക്കളെ കുറിച്ചോ ആശുപത്രി   അധികൃതര്‍ക്ക് അറിയില്ല .അതുകൊണ്ട് ഞാന്‍ ഈ അമ്മയെ വൈദ്യുതി ശ്മശാനത്തില്‍  സംസ്കരിക്കുവാന്‍ കൊണ്ടുപോകുകയാണ് .എന്നെ സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍റെ കൂടെ കൂടാം  ,,

ഗിരീഷിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കൂട്ടംകൂടി നിന്നിരുന്ന യുവാക്കളില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ പിരിഞ്ഞുപോയി .മൃതദേഹം സംസ്കരിക്കുവാന്‍ സന്നദ്ധരായ രണ്ടുയുവാക്കളുടെ സഹായത്താല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി .ആശുപത്രി ശുദ്ധീകരണ ജോലികള്‍ ചെയ്യുന്ന സ്ത്രീകളെ കൊണ്ട് മൃതദേഹം കുളിപ്പിച്ചതിനു ശേഷം  ,ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ കൊണ്ടുപോയി സംസ്കരിക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  .ആശുപത്രി അന്തേവാസികള്‍ക്ക് ശല്ല്യമായ ദുര്‍ഗന്ധം വമിക്കുന്ന    മൃതദേഹം ഏതാനും സമയംകൊണ്ട് ചാരമായി തീര്‍ന്നു .കൂടെ സഹായത്തിനായി ഉണ്ടായിരുന്ന യുവാക്കളില്‍ ഒരാള്‍ ഗിരീഷിന്‍റെ കൈത്തലം നുകര്‍ന്നു കൊണ്ട് പറഞ്ഞു .

,,താങ്കളെപോലെയുള്ളവരെയാണ് നമ്മുടെ രാജ്യത്തിന്‌ ആവശ്യം . താങ്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ച്ചെയ്യുന്ന ആളാണെന്ന് താങ്കളുടെ ഈയൊരു കര്‍മ്മം കൊണ്ട് ഞങ്ങള്‍ക്ക് മനസ്സിലായി .ഈയൊരു കര്‍മ്മത്തില്‍ താങ്കളുടെ കൂടെ കൂടിയപ്പോള്‍ ഒരു നന്മ ചെയ്തതിന്‍റെ സംതൃപ്തി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .ഇനി എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളെ അറിയിക്കുവാന്‍ മടിക്കരുത് ,,

യുവാക്കള്‍ മൊബൈല്‍ഫോണ്‍  നമ്പരുകള്‍ കൈമാറിയതിന്  ശേഷം യാത്രപറഞ്ഞിറങ്ങി .ഗിരീഷ്‌ മണിക്കൂറുകള്‍ക്ക് ശേഷം ചിതാഭസ്മവും ,മൃതദേഹം സംസ്കരിച്ചതിനുള്ള തെളിവായ കുറിപ്പും വാങ്ങിയാണ് മടങ്ങിയത്. അപ്പോഴേക്കും സമയം സന്ധ്യയായിരുന്നു .ഉച്ചയൂണ് കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ്‌ അയാള്‍ക്ക്‌ അനുഭവപെട്ടു .കുറിപ്പ് അടുത്ത ദിവസം ആശുപത്രി  അധികൃതര്‍ക്ക് കൈമാറാം എന്ന ചിന്തയില്‍ അയാള്‍ തന്‍റെ വീട് ലക്ഷ്യമാക്കി യാത്രയായി .വീടിന്‍റെ  പടിപ്പുര കടന്നപ്പോള്‍ തന്നെ അയാള്‍ അമ്മയും സഹോദരിയും തന്‍റെ വരവും കാത്ത് ചാരുപടിയില്‍ ഇരിക്കുന്നത് കണ്ടു .കിണ്ടിയിലെ ജലംകൊണ്ട് അയാള്‍ പാദങ്ങള്‍ കഴുകുമ്പോള്‍ അമ്മ പറഞ്ഞു .

,,ഉച്ചയൂണിന് മോന്‍ എത്തുമെന്ന് പറഞ്ഞുപോയിട്ട് എവിടെയായിരുന്നു ഇതുവരെ .ഇന്ന് ആരെ സഹായിക്കുവാനാണ് പോയത് . അവധി ദിവസ്സമെങ്കിലും വീട്ടില്‍ കഴിഞ്ഞൂടെ  .,,

അമ്മയുടെ പരിഭവം പറിച്ചില്‍ കേട്ടപ്പോള്‍ ഗിരീഷ്‌ അമ്മയുടെ കവിളില്‍ നുള്ളികൊണ്ട്‌ പറഞ്ഞു .

,, അമ്മ പാചകം ചെയ്യുന്ന രുചി പുറത്തു നിന്നും കഴിച്ചാല്‍ ലഭിക്കാത്തത് കൊണ്ട് ഞാന്‍ ഊണ് കഴിച്ചിട്ടില്ല .എനിക്ക് വിശന്നിട്ട് കുടല്‍ കരിയുന്നു .അമ്മ ഭക്ഷണം എടുത്ത് വെയ്ക്കൂ.... ഞാനൊന്ന് കുളിച്ചിട്ടു വരാം ,,

അയാള്‍ ചിതാഭസ്മം അമ്മയുടെ നേര്‍ക്ക്‌ നീട്ടി ഉണ്ടായ കാര്യങ്ങള്‍ വിവരിച്ചുകൊടുത്തു .ഭക്ഷണം കഴിച്ചതിനു ശേഷം ഗിരീഷ്‌ വീണ്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്യേണ്ടുന്ന സല്‍കര്‍മ്മങ്ങള്‍ ചെയ്യുവാനായി പോയി .തിരികെ എത്തുമ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു . അടുത്ത ദിവസ്സം മൃതദേഹം സംസകരിച്ചതിനുള്ള തെളിവായ കുറിപ്പുമായി ഗിരീഷ്‌ താലൂക്കാശുപത്രിയിലേക്ക് യാത്രയായി .കുറിപ്പ് കൈമാറി തിരികെ പോരുവാന്‍ നേരം ശുദ്ധീകരണ ജോലികള്‍ ചെയ്യുന്ന ഒരു പ്രായമായ  സ്ത്രീ അയാളുടെ അരികില്‍ വന്നു പറഞ്ഞു .

,, ഇന്നലെ മോന്‍  ഇവിടെ നിന്നും കൊണ്ടുപോയ ആ അമ്മയുടെ ഒരു ഭാണ്ഡകെട്ട് ഇവിടെ ഇരിപ്പുണ്ട്. ഞാന്‍ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട് .അത് ഞാന്‍ എടുത്ത് തരട്ടെ .ഞാന്‍ അത് തുറന്നു നോക്കിയിട്ടൊന്നുമില്ല .ഇവിടെയുള്ളവരോട് ആരോടും ഞാന്‍ ഈ വിവരം പറഞ്ഞിട്ടുമില്ല .എന്തോ എനിക്ക് അവരെ കണ്ടപ്പോള്‍ ഏതോ തറവാട്ടില്‍ ജനിച്ച സ്ത്രീയെ പോലെ തോന്നി. എന്ത് തേജസ്സായിരുന്നു അവരുടെ മുഖത്തിന് . ഒരു പക്ഷെ അവകാശികളെ കണ്ടെത്തുവാന്‍ കഴിഞ്ഞങ്കിലോ .അവര്‍ മരണപെടുന്നത് വരെ  ആ  ഭാണ്ഡകെട്ട് തുറന്നു നോക്കുവാന്‍ ആരേയും അനുവധിച്ചിരുന്നില്ല .,,

മുഷിഞ്ഞ ഭാണ്ഡകെട്ടുമായി അയാള്‍ തിടുക്കത്തില്‍ തന്‍റെ വീട്ടിലേക്ക് യാത്രയായി .വീട്ടില്‍ എത്തിയ ഗിരീഷ്‌  ജിജ്ഞാസയോടെ  ഭാണ്ഡകെട്ട് തുറന്നുനോക്കി .ഭിക്ഷാടനം ചെയ്താണ് അവര്‍ ജീവിച്ചിരുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായി .എഴുതിയ കുറേ നോട്ടുപുസ്തകങ്ങള്‍ , കുറെയേറെ ചില്ലറ പൈസകളും, നോട്ടുകളും ഒരു പ്ലാസ്റ്റിക് കവറില്‍ കെട്ടി വെച്ചിരിക്കുന്നു .പുസ്തകങ്ങളില്‍ മുഴുവനും കവിതകള്‍ ,പല കവിതകളിലും അമ്മയാകുവാന്‍ കഴിയാത്തതിലുള്ള ദുഃഖം നിഴലിക്കുന്നു  .മനോഹരമായ കയ്യക്ഷരത്തിനുടമ  ഇന്നലെ വൈദ്യുതി ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയ സ്ത്രീയുടെതാവും എന്ന് അയാള്‍ ഊഹിച്ചു . ഒരു നോട്ടുബൂക്കില്‍ കുറേ കണക്കുകള്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ അത് വായിച്ചു നോക്കി  .ഓരോ ദിവസത്തെ അവരുടെ വരുമാനം കുറിച്ച് വെച്ചിരിക്കുന്നു .അവ മാസാമാസം ഏതോ ഒരു അനാഥാലയത്തിലേക്ക്  അയച്ചു കൊടുത്ത കണക്കായിരുന്നു പുസ്തകം നിറയെ .പിന്നെ കുറെയേറെ  പ്രമാണങ്ങള്‍ . എല്ലാംതന്നെ അനാഥാലയത്തിന് തീറെഴുതിവെച്ചതായിരുന്നു .  ഗിരീഷ്‌ തിടുക്കത്തില്‍ ആര്‍ക്കാണ് രൂപ അയക്കുന്നത് എന്ന് അറിയാന്‍ ഭാണ്ഡകെട്ട് മുഴുവന്‍ പരതി .ഒരു പ്ലാസ്റ്റിക് കവര്‍ നിറയെ തപാല്‍ വഴി രൂപ അയച്ച കണക്കുകള്‍ കണ്ട് ഗിരീഷ്‌ അത്ഭുതന്ത്രനായി . ഒരു തുണിയില്‍ കെട്ടിവെച്ച നിലയില്‍ ഒരു ഫോട്ടോ ഫ്രെയിം അയാളുടെ കയ്യില്‍ ഉടക്കി .കെട്ട് അഴിച്ചു നോക്കിയപ്പോള്‍ ഒരു പഴയ വിവാഹ ഫോട്ടോ  .

മരണമടഞ്ഞു പോയ ആ അമ്മയുടെ യൌവ്വനകാലത്തെ ഫോട്ടോയാകും എന്ന് ഗിരീഷ്‌  ഊഹിച്ചു. നല്ല ഐശ്വര്യമുള്ള രണ്ടു മുഖങ്ങള്‍ .അവരുടെ   ജീവിതത്തില്‍ അവര്‍ക്ക് അഭിമൂകരിക്കേണ്ടി വന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ ഒരുപാടുണ്ടാവും ,ഗിരീഷ്‌ അവരെ കുറിച്ച്  കൂടുതലറിയുവാന്‍  ജിജ്ഞാസനായി .ഭാണ്ഡകെട്ട് മുഴുവനും അരിച്ചുപെറുക്കിയിട്ടും അവരുടെ ദേശത്തെ കുറിച്ചോ ,കുടുംബത്തെ കുറിച്ചോ ,ഒന്നും തന്നെ അറിയുവാന്‍ കഴിഞ്ഞില്ല .ആകെകൂടി കന്യാകുമാരിയിലെ എതോ ഒരു അനാഥാലയത്തിന്‍റെ അഡ്രസ്സ് മാത്രം .ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ വിളിച്ചു നോക്കാം എന്ന് കരുതി നമ്പറിനായി പരതിയെങ്കിലും നിരാശയായിരുന്നു ഫലം .അനാഥാലയവുമായി അവര്‍ക്ക് അടുത്ത ബന്ധമായിരുന്നുവെന്ന്  ഭാണ്ഡകെട്ട് പരിശോധനയില്‍ നിന്നും ഗിരീഷിന് മനസ്സിലായി .  ആ രാത്രി ഉറങ്ങുവാന്‍ കഴിയാതെ ഗിരീഷ്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു .

അവധിക്കുള്ള അപേക്ഷ  എഴുതി വിദ്യാലയത്തില്‍ കൊണ്ടുക്കൊടുക്കുവാനായി സഹോദരിയെ    ഏല്‍പ്പിച്ച് ,  നേരം പുലരുന്നതിനു മുന്‍പ് തന്നെ ഗിരീഷ്‌ അനാഥാലയത്തില്‍ ഏല്‍പ്പിക്കേണ്ടുന്നതെല്ലാം തന്‍റെ ബാഗിലാക്കി   യാത്രയായി .  നീണ്ട യാത്രക്കൊടുവില്‍ അയാള്‍  അനാഥാലയം സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ ബസ്സിറങ്ങി അടുത്തുള്ള മുറുക്കാന്‍ കടയില്‍ വഴി ചോദിച്ചപ്പോള്‍ കടക്കാരന്‍ വായില്‍നിന്ന്  മുറുക്കാന്‍ രണ്ടു വിരലുകള്‍ ചുണ്ടില്‍ ചേര്‍ത്തു വെച്ച് പുറത്തേക്ക് നീട്ടി തുപ്പിക്കളഞ്ഞു കൊണ്ട് ചോദിച്ചു   .

,, എവിടെ നിന്നും വരുന്നു ? അനാഥാലയത്തിലേക്ക് ഇവിടെ നിന്നും രണ്ടു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട് .ഓട്ടോറിക്ഷയില്‍ പോകുന്നതാകും ഉചിതം. അങ്ങിനെയാവുമ്പോള്‍ വഴി തെറ്റാതെ അവിടെ എത്തി ചേരുവാന്‍ കഴിയും ,, 

കവലയില്‍  കുറേനേരം കാത്തുനിന്നതിനു ശേഷമാണ് ഓട്ടോറിക്ഷ ലഭിച്ചത് .അനാഥാലയത്തില്‍ എത്തിയപ്പോള്‍ സമയം രണ്ടുമണി കഴിഞ്ഞിരുന്നു .  ഒരു ഇരുനില  വീട് അനാഥാലയമാക്കിയ നിലയിലായിരുന്നു . ഗിരീഷ്‌ പൂമുഖത്തേക്ക്‌ കയറിയപ്പോള്‍ അയാളുടെ കണ്ണുകള്‍  ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ചില്ലിട്ട ചിത്രങ്ങളില്‍ പതിഞ്ഞു . ഭാണ്ഡകെട്ടില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ കണ്ട അതേ മുഖങ്ങളായിരുന്നു  ചിത്രങ്ങളില്‍ അധികവും . ഗിരീഷിനെ  കണ്ടപ്പോള്‍ അകത്തു നിന്നും ഒരു മദ്ധ്യവയസ്കന്‍ ഗിരീഷിന്‍റെ അരികില്‍ വന്നു ചോദിച്ചു .

,, ആരാണാവോ ..മനസ്സിലായില്ല... എന്താണാവോ വന്ന ഉദ്ദേശം ,,

,, ഞാന്‍ ഗിരീഷ്‌ ഒരുപാട് ദൂരെ നിന്നും വരുന്നു ,,

ഗിരീഷ്‌ തന്‍റെ ബാഗില്‍ നിന്നും ചിത്രം പുറത്തെടുത്ത് അയാള്‍ക്ക്‌ കാട്ടിക്കൊണ്ട്  തുടര്‍ന്നു .

,, ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീ കഴിഞ്ഞ ദിവസ്സം നിര്യാതയായി ഇവരെ കുറിച്ച് അറിയാനാണ് ഞാന്‍ വന്നത്  ,,

സ്ത്രീയുടെ മരണവിവരം അറിഞ്ഞതും മദ്ധ്യവയസ്കന്‍

,, ചതിച്ചൂലോ  എന്‍റെ ഈശ്വരാ ..  ,, എന്ന് പറഞ്ഞ് നെഞ്ചില്‍ കൈ വെച്ചു .
ഗിരീഷ്‌ അയാളുടെ അനുഭവങ്ങള്‍ മദ്ധ്യവയസ്കന് വിവരിച്ചുകൊടുത്തു .
മദ്ധ്യവയസ്കന്‍ കസേരയില്‍ ഇരുന്നതിനു ശേഷം അടുത്ത് കിടക്കുന്ന കസേരയില്‍ ഗിരീഷിനോട് ഇരിക്കുവാന്‍ പറഞ്ഞ് മേശയില്‍ ഇരിക്കുന്ന മണ്‍ കൂജയില്‍ നിന്നും വെള്ളം ഗ്ലാസിലേക്കു പകര്‍ന്നു കുടിച്ചു കൊണ്ട്.പറഞ്ഞു .

,,അവരുടെ പേര് ദേവകി അന്തര്‍ജ്ജനം  .ഈ അനാഥാലയത്തിലെ അന്തേവാസികളുടെ രക്ഷക . ഈ വീടും വസ്തു വഹകളും  അവരുടേതാണ് .പേരു കേട്ട നമ്പൂതിരി  തറവാട്ടില്‍ പിറന്ന അവരുടെത്  പ്രണയ വിവാഹമായിരുന്നു. കീഴ്‌ ജാതിക്കാരനെ വിവാഹം  ചെയ്തതോടെ അവരെ  കുടുംബക്കാർ  പടിയടച്ച് പിണ്ഡം വെച്ചു.അദ്ധ്യാപകരായ ദമ്പതികളുടെ പ്രയത്നം കൊണ്ട് പണിതുയര്‍ത്തിയതാണ് ഈ വീട്. ഈശ്വരന്‍ അവര്‍ക്ക് സന്താനഭാഗ്യം നല്‍കിയില്ല .ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മരണമടഞ്ഞു പോയത് കൊണ്ട് അവര്‍ തികച്ചും ഒറ്റപെട്ടു പോയി .അവരുടെ ആഗ്രഹപ്രകാരം ഈ വീട് അനാഥാലയമാക്കി .ഇവിടെ  അന്തേവാസികള്‍ കൂടിയപ്പോള്‍ ,നിത്യ വൃത്തിക്ക് സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവപെടാന്‍ തുടങ്ങി  .ഒരു ദിവസം    അന്തര്‍ജ്ജനത്തെ കാണാതെയായി .പക്ഷെ മാസാമാസം അവരുടെ പണം ഇവിടെ എത്തിയിരുന്നു .ഞങ്ങള്‍ അവരെ തേടാത്ത ഇടങ്ങളില്ല .എവിടെയായിരുന്നു അന്തര്‍ജ്ജനം  ഈ കാലം വരെ ?,,

ഗിരീഷ്‌ വ്യക്തമായ മറുപടി നല്‍കിയില്ല .ഭിക്ഷാടനമായിരുന്നു അവരുടെ തൊഴിലെന്ന് അയാള്‍ക്ക് പറയുവാന്‍ തോന്നിയില്ല  .അന്തര്‍ജ്ജനത്തെ കുറിച്ച് കൂടുതലറിഞ്ഞപ്പോള്‍  ഗിരീഷിന് അവരോട് അഭിമാനം തോന്നി .അനാഥാലയത്തിലെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ അപ്പോള്‍ വിദ്യാലയങ്ങളിലായിരുന്നു .കുഞ്ഞുങ്ങള്‍ വന്നതിനുശേഷം യാത്ര ആവാം എന്ന ചിന്തയാല്‍ ഗിരീഷ്‌ അനാഥാലയത്തില്‍ തന്നെ ഇരുന്നു . ഏതാണ്ട് നാലരയോടെ കുഞ്ഞുങ്ങളെല്ലാം അനാഥാലയത്തില്‍   തിരികെയെത്തി .ഏതാണ്ട് അന്‍പതില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ അവിടെ അന്തേവാസികളായി  ഉണ്ടായിരുന്നു .മൂന്നു പരിചാരകരും,  പരിചാരകര്‍ മൂന്നുപേരും സൗജന്യമായാണ് അവിടെ ജോലി നോക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ .മൂന്ന്  മനുഷ്യ സ്നേഹികളുടെ മുഖമാണ് അയാള്‍ക്ക്‌ അവിടെ  കാണുവാന്‍ കഴിഞ്ഞത്  .പരിചാരകരില്‍ പ്രധാനിയായ ആളാണ്‌ ഗിരിഷിനെയായി സംസാരിച്ചുകൊണ്ടിരുന്നത് .ഇനിയങ്ങോട്ടുള്ള അനാഥാലയത്തിന്‍റെ നടത്തിപ്പ് എങ്ങിനെയെന്ന് അയാള്‍ക്ക് യാതോരുനിശ്ചയവും ഇല്ലാ എന്ന് അയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. 

ഗിരീഷ്‌ അവിടെത്തെ  ഒരു മാസത്തെ ചിലവുകള്‍ക്ക് എത്ര രൂപ  വരും എന്ന് ചോദിച്ചറിഞ്ഞു .   ഏതാനും സമയം കുഞ്ഞുങ്ങളുമായി ചിലവഴിച്ച ഗിരീഷ്‌ അവിടെ എല്‍പ്പിക്കേണ്ടുന്ന വസ്തുക്കള്‍ നല്‍കുന്നതിനോടൊപ്പം അയാളുടെ കൈവശം ഉണ്ടായിരുന്ന കുറേ രൂപയും നല്‍കി   അവിടെ നിന്നും യാത്രപറഞ്ഞിറങ്ങി .ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യ മാക്കി നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തുപോയി  ഇങ്ങിനെയൊരു ഇടത്തേക്ക് താന്‍ എത്തിപ്പെട്ടത് എന്തിനാകും ? അച്ഛന്‍റെ സഫലമാകാത്ത ആഗ്രഹം സഫലമാക്കുവാനാണോ? .ഇനിയുള്ള കാലം അനാഥാലയത്തിനായി പ്രവര്‍ത്തിക്കണം .അതിനുള്ള സാമ്പത്തിക ശ്രോതസ്സ് കണ്ടെത്തുവാന്‍ എങ്ങിനെ തനിക്കാവും എന്ന ചിന്തയില്‍ ബസ്‌ സ്റ്റോപ്പ് ലക്ഷ്യമാക്കി ധൃതഗതിയില്‍ നടന്നു . അപ്പോള്‍ അയാള്‍ക്ക്  ശരണാഗതന്‍റെ മുഖഭാവമായിരുന്നു .
                                                                ശുഭം
rasheedthozhiyoor@gmail.com