17 November 2012

ചെറു കഥ : സുഖലോലുപതയുടെ പര്യവസാനം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്


      ഹരിതാഭമായ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശം.   പാടശേഖരങ്ങളുടെ ഓരം ചേര്‍ന്നു പോകുന്ന ടാറിട്ട  പഞ്ചായത്ത് റോഡിനു മറുവശം ഇടതൂര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍ അവിടിവിടെയായുള്ള വീടുകള്‍ ഗ്രാമത്തിന് ചാരുതയേകുന്നു. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ വിരളമായത് കൊണ്ട് ഗ്രാമത്തില്‍ വാര്‍ക്ക വീടുകള്‍ നന്നേ  കുറവേയുള്ളൂ എന്നു പറയാം. വീടുകളില്‍ അധികവും മേല്‍ക്കൂര ഓടിട്ടതും ബാക്കിയുള്ളവ ഓലമേഞ്ഞതുമാണ്. കൃഷിയാണ്  ഗ്രാമവാസികളില്‍ അധികം പേരുടേയും ഉപജീവന മാര്‍ഗ്ഗം. അതുകൊണ്ടുതന്നെ ഭൂസ്വത്തിനുടമാകളാണ് അധികം പേരും.  നെല്‍ക്കൃഷിയും കേര വൃക്ഷവുമാണ്  പ്രധാന വിള.  പാടശേഖരങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും തൊഴില്‍ ചെയ്യുന്ന പാവപെട്ട തൊഴിലാളി കുടുംബങ്ങളും താമസിക്കുന്ന ഗ്രാമത്തിലെ അറിയപെടുന്ന ഭൂസ്വത്തിനുടമയാണ് രാജശേഖരന്‍ മുതലാളി. മുപ്പത് ഏക്കറില്‍ കൂടുതല്‍ പറമ്പും അതില്‍ കൂടുതല്‍ പാടശേഖരങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

രാജശേഖരന്‍ മുതലാളിയുടെ അച്ഛന് പാരമ്പര്യമായി ലഭിച്ച വസ്തുവഹകള്‍, അച്ഛന്‍റെ കാലശേഷം മുഴുവന്‍ വസ്തുവഹകളും ഒരേയൊരു മകനായ  രാജശേഖരന്‍ മുതലാളിക്ക് ലഭിക്കുകയായിരുന്നു. രാജശേഖരന്‍ മുതലാളിയുടെ അച്ഛനുള്ള കാലത്തു തന്നെ കുടികിടപ്പവകാശ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍  കുറെയേറെ ഭൂമി അവകാശികള്‍ക്ക്‌ സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. പ്രതാപം വിളിച്ചോതുന്ന മൂന്നു നിലയുള്ള മേല്‍ക്കൂര ഓടിട്ട വീട്   ഗ്രാമത്തിലെ ഏറ്റവും വലിയ വീടാണ്. എങ്ങിനെയൊക്കെ സ്വത്ത് അധികരിപ്പിക്കുവാന്‍ കഴിയുമെന്ന ചിന്തയില്‍ ജീവിക്കുന്ന രാജശേഖരന്‍ മുതലാളി  തൊഴിലാളികളോട് യാതൊരുവിധ ദാക്ഷിണ്യവും കാണിക്കാത്ത പ്രകൃതകാരനാണ്. സമ്പത്ത്‌ വേണ്ടുവോളം ഉണ്ടെങ്കിലും ദാനധര്‍മങ്ങള്‍ ചെയ്യുന്ന പതിവ് അദ്ദേഹത്തിനില്ല. സദാസമയവും കൃഷിയില്‍ ശ്രദ്ധാലുവായ  അദ്ദേഹത്തിന്‍റെ വീട്ടില്‍ അമ്മ ദാക്ഷായണിയും, ഭാര്യ സുലോചനയും, ഇളയമകള്‍  സൗപര്‍ണികയും, രണ്ടു വാല്യക്കാരികളുമാണ് താമസം.  മൂത്തമകന്‍ ഡോക്ടര്‍ മഹേഷും, ഭാര്യ ഡോക്ടര്‍ സുനന്ദയും, ആറും മൂന്നും വയസ്സുള്ള രണ്ടു മക്കളും,  പട്ടണത്തില്‍ വീട് വെച്ച് താമസിക്കുന്നു.

അച്ഛന്‍റെ സ്വഭാവത്തോടും  കാഴ്ചപാടുകളോടും ഒട്ടുംതന്നെ യോജിക്കുവാന്‍ കഴിയാത്തത് കൊണ്ട്  മഹേഷ് വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം തന്നെ പട്ടണത്തിലേക്ക്‌ താമസം മാറുകയായിരുന്നു. അവിവാഹിതയായ സൗപര്‍ണികയ്ക്ക് ഇപ്പോള്‍ വയസ്‌ ഇരുപത്തേഴു  കഴിഞ്ഞിരിക്കുന്നു.  ഈ  പ്രായമായിട്ടും അവിവാഹിതയായി കഴിയുന്നതിന്‍റെ കാരണം  കുഞ്ഞുനാള്‍ തൊട്ട് അവളുടെ കളികൂട്ടുകാരനായിരുന്ന വിനയചന്ദ്രന്‍റെ തിരോധാനമാണ്.  രാജശേഖരന്‍ മുതലാളിയുടെ വീടിനു ഏതാനും ദൂരെ രാജശേഖരന്‍ മുതലാളിയുടെ അച്ഛനില്‍ നിന്നും കുടികിടപ്പവകാശം ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന രാജശേഖരന്‍ മുതലാളിയുടെ തൊഴിലാളിയായിരുന്ന  രാജേന്ദ്രന്‍റെ മകനായിരുന്നു വിനയചന്ദ്രന്‍. വീട്ടില്‍നിന്നും അധികമൊന്നും സ്നേഹം ലഭിക്കാതെയിരുന്ന സൗപര്‍ണികയ്ക്ക് വിനയചന്ദ്രനുമായുള്ള സൗഹ്യദം വളരെയധികം ആശ്വാസം ലഭിച്ചിരുന്നു. ബാല്യകാലം കഴിഞ്ഞപ്പോള്‍ അവരുടെ സൗഹ്യദം പൂര്‍വാധികം ശക്തിപ്രാപിച്ചു.

രണ്ടുപേരും പഠിച്ചിരുന്നത് വെവ്വേറെ സ്കൂളുകളിലായിരുന്നു.  സൗപര്‍ണിക പട്ടണത്തിലെ ഇംഗ്ലീഷ്മീഡിയത്തിലും,  വിനയചന്ദ്രന്‍ ഗ്രാമത്തിലെ സ്കൂളിലും. സൗപര്‍ണിക ഒരുപാട് ആഗ്രഹിച്ചിരുന്നു വിനയചന്ദ്രന്‍ പഠിക്കുന്ന സ്കൂളില്‍ പഠിക്കുവാന്‍.  അവളുടെ ആഗ്രഹങ്ങള്‍ സാധാരണക്കാരുടെതായിരുന്നു.  തീന്‍മേശയില്‍ ഒരുപാട് വിഭവങ്ങള്‍ ഉള്ള അവളുടെ വീട്ടിലെ ഭക്ഷണത്തേക്കാളും അവള്‍ക്കിഷ്ടം വിനയചന്ദ്രന്‍റെ വീട്ടിലെ ഭക്ഷണത്തോടായിരുന്നു.  ഊണിന്‌ ഒരു കറി അതായിരുന്നു വിനയചന്ദ്രന്‍റെ വീട്ടിലെ പതിവ്.   ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളും  ഒരിക്കലും അവള്‍ ധരിച്ചിരുന്നില്ല.  സമ്പത്ത് കൂടും തോറും വീട്ടിലെ സ്നേഹം കുറയും അതായിരുന്നു അവളുടെ കാഴ്ചപ്പാട്.  മക്കളോട് വാത്സല്യത്തോടെയുള്ള  വാക്കുകളോ നോട്ടമോ     രാജശേഖരന്‍ മുതലാളിയില്‍ നിന്നും ഉണ്ടാവാറില്ല. സുഖലോലുപനായ  അച്ഛന്‍റെ പരസ്ത്രീഗമനം നാട്ടിലെങ്ങും പാട്ടാണ്. അച്ഛന്‍റെ എല്ലാ തോന്നിവാസങ്ങളും അറിഞ്ഞിട്ടും നിസഹായാവസ്ഥയില്‍ കഴിയുന്ന അമ്മയെക്കുറിച്ചോര്‍ത്ത് അവള്‍ സങ്കടപെട്ടു.  അതുകൊണ്ടുതന്നെ അച്ഛനെ അവള്‍ വെറുപ്പോടെയാണ് നോക്കിയിരുന്നത്.

ഒരിക്കല്‍ അച്ഛന്‍റെ മുന്‍പില്‍  തന്‍റെ കുഞ്ഞിന്‍റെ പിതൃത്വം അവകാശപെട്ടുവന്ന ഗ്രാമത്തിലെ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ആക്രോശിച്ചു തിരികെ അയച്ചത് സൗപര്‍ണിക കാണുവാന്‍ ഇടയായി. അടുത്ത ദിവസം യുവതിയേയും കുഞ്ഞിനേയും ഗ്രാമത്തിലെ കായലില്‍ മരണപെട്ട നിലയില്‍ കണ്ടെത്തിയ വാര്‍ത്തകേട്ടാണ് ഗ്രാമം ഉണര്‍ന്നത്. പോലീസ് ആത്മഹത്യയായി കേസ്‌ രജിസ്റ്റര്‍ ചെയ്തു.  യുവതിയേയും കുഞ്ഞിനേയും അച്ഛന്‍ കൊലപ്പെടുത്തി കായലില്‍ കൊണ്ടിട്ടതാണെന്ന് സൗപര്‍ണികയുടെ  മനസ് മന്ത്രിച്ചു.   യുവതിയും കുഞ്ഞും വീട്ടില്‍ വന്ന ദിവസം, രാത്രി  ഒരുപാട് വൈകിയാണ് രാജശേഖരന്‍ മുതലാളി വീട്ടില്‍ എത്തിയത്.  തലവേദനയായി കിടന്നിരുന്ന അമ്മ. അച്ഛന്  കതകു തുറന്നു കൊടുക്കുവാന്‍ പറഞ്ഞതു കൊണ്ടാണ് അവള്‍ അന്ന്  കതക്‌ തുറന്നു കൊടുക്കുവാന്‍ പോയത്.  അച്ഛന്‍റെ വിളറിയ മുഖഭാവം കണ്ടപ്പോഴേ അവള്‍ ഓര്‍ത്തു അച്ഛന്‍ ഏതോ കൃത്യം നിര്‍വഹിച്ചുകൊണ്ടുള്ള വരവാണെന്ന്. സമാനമായ സംഭവങ്ങള്‍ വേണ്ടുവോളം ഗ്രാമത്തില്‍ ഉണ്ടായിട്ടുണ്ട്.പക്ഷെ എല്ലാ കേസും പോലീസ് ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്.  രാജശേഖരന്‍ മുതലാളിയുടെ പതിവായുള്ള മദ്യ സല്‍ക്കാരത്തിലെ മുഖ്യ ക്ഷണിതാക്കളായിരുന്നു പോലീസ് മേധാവികള്‍. 

പ്രായം കൂടും തോറും സുഖലോലുപതയുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്ര രാജശേഖരന്‍ മുതലാളി തുടര്‍ന്നുകൊണ്ടേയിരുന്നു. രാജശേഖരന്‍ മുതലാളിയുടെ എല്ലാ ദുസ്വഭാവങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന സുഹൃത്തിന്‍റെ മകനായ ഇന്ദ്രജിത്തുമായി  സൗപര്‍ണികയുടെ വിവാഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ  വാക്കാലെ ഉറപ്പിച്ചിരുന്നു. ഇന്ദ്രജിത്ത് കലാലയത്തിലെ അറിയപെടുന്ന തെമ്മാടി സംഘത്തിലെ അംഗവും കാമാതുരനുമാണ്. അതുകൊണ്ടുതന്നെ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് സൗപര്‍ണികയ്ക്ക് ഇഷ്ടമില്ല.  രാജശേഖരന്‍ മുതലാളിക്ക് സുഹൃത്തിന്‍റെ സമ്പത്തിലായിരുന്നു നോട്ടം. സൗപര്‍ണികയുടെ കലാലയ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെതന്നെ ധൃതിയില്‍ വിവാഹ നിശ്ചയം നടന്നു. നിശ്ചയം കഴിഞ്ഞു ഇരുപത്തിനാലാം നാള്‍  വിവാഹ തിയ്യതിയും തീരുമാനിച്ചു. ഇന്ദ്രജിത്തുമായി  തന്‍റെ വിവാഹം നടത്തരുതെന്ന് സൗപര്‍ണിക അച്ഛനോട് കേണപേക്ഷിച്ചു. അയാള്‍ അവളുടെ മുഖത്തടിച്ചു ആക്രോശിച്ചു.
,,അശ്രീകരം എങ്ങിനെ ധൈര്യം വന്നു എന്നോട് ഇങ്ങിനെ പറയാന്‍.  ഞാന്‍ തീരുമാനിച്ചതെ ഇവിടെ നടക്കു.  എന്തിന്‍റെ കുറവാ ഇന്ദ്രജിത്തിന് ഉള്ളത്. ഇവിടെത്തെക്കാളും പത്തു മടങ്ങ്‌ സമ്പത്ത് ഉണ്ടവര്‍ക്ക്.  ഇനി ഒരക്ഷരം വിവാഹത്തിനെ  എതിര്‍ത്തു പറയരുത്. പോ എന്‍റെ മുന്നില്‍ നിന്ന്.,,

അച്ഛന്‍റെയും മകളുടേയും സംസാരം കേട്ട് ഭയത്താല്‍ ഒന്നു ഉരിയാടാന്‍ പോലും കഴിയാതെ സുലോചന പകച്ചുനിന്നു.  ഇന്ദ്രജിത്തുമായുള്ള വിവാഹം നടന്നാല്‍ ജീവിതം നരകതുല്ല്യമാകുമെന്ന് സൗപര്‍ണിക ഭയന്നു. അവള്‍ വിനയചന്ദ്രനോട് തന്‍റെ സങ്കടം പറഞ്ഞു.

,, ഈ വിവാഹം നടന്നാല്‍ പിന്നെ  ഞാന്‍ ഭൂലോകത്ത്‌ ഉണ്ടാവില്ല. വിനയന് അറിയാവുന്നതല്ലേ ഇന്ദ്രജിത്തിന്‍റെ സ്വഭാവം. എനിക്ക് ഇഷ്ടമല്ല അയാളെ.,,
,,എന്താ സൗപര്‍ണിക ഈ പറയുന്നത്. വിവാഹ തിയ്യതി തീരുമാനിച്ചതല്ലേ ഇനി ഇപ്പോള്‍ എന്താചെയ്യുക.  വിവാഹം കഴിഞ്ഞാല്‍ ഒരു പക്ഷെ  അയാളുടെ സ്വഭാവം നന്നായിക്കോളും.,,

,,ഇല്ല വിനയന്‍ അയാളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടാകുവാന്‍ പോകുന്നില്ല. എനിക്കത് ഉറപ്പാ... വിനയന് എന്നെ രക്ഷിക്കുവാന്‍ കഴിയുമോ ,,

,,ഞാന്‍ രക്ഷിക്കുകയോ എന്‍റെ ഈശ്വരാ.....  എന്താ പറയുന്നത്,,

,, നമുക്ക് നാടുവിട്ടു എങ്ങോട്ടെങ്കിലും പോകാം എന്നെ രക്ഷിക്കില്ലേ വിനയാ ,,

വിനയചന്ദ്രന്‍ ധര്‍മസങ്കടത്തിലായി, പ്രിയസുഹൃത്തിന് ആപത്ത് വന്നാല്‍ രക്ഷിക്കേണ്ട കടമ തനിക്ക് ഉണ്ടല്ലോ എന്ന് അയാള്‍ ഓര്‍ത്തു. ഏതു പ്രതിബന്ധതയും തരണംചെയ്യാന്‍ അയാള്‍ തീരുമാനിച്ചു.
സൗപര്‍ണിക തുടര്‍ന്നു.
,, നമുക്ക് നല്ല സുഹൃത്തുക്കളായി ജീവിക്കാം.  കുറച്ചുനാള്‍ കഴിഞ്ഞാല്‍ നമുക്ക് തിരികെ വരാം.  അപ്പോള്‍ വിവാഹം മുടങ്ങുമല്ലോ ,,

വിനയചന്ദ്രന്‍ മറിച്ചൊന്നും ഉരിയാടാതെ അവളുടെ ആവശ്യം അംഗീകരിച്ചു. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം  അന്നുരാത്രി അവര്‍ ഗ്രാമത്തോട് വിടപറഞ്ഞു. യാത്ര ക്കൊടുവില്‍ അവര്‍ എത്തിപെട്ടത് തമിഴ്‌ നാട്ടിലെ ഒരു ഗ്രാമത്തിലായിരുന്നു. അവിടെ രണ്ടു കിടപ്പുമുറിയുള്ള  ഒരു ചെറിയ വാടകവീട്ടില്‍ അവര്‍ താമസം തുടങ്ങി.  വീട് വിട്ടിറങ്ങുമ്പോള്‍ അച്ഛന്‍റെ അലമാരയില്‍ നിന്നും കുറച്ചധികം പണം സൗപര്‍ണിക എടുത്തിരുന്നു. പകല്‍ സമയങ്ങളില്‍ ഭക്ഷണം പാചകം ചെയ്തും തമാശകള്‍ പറഞ്ഞും  പുതിയൊരു ജീവിതത്തിന് അവര്‍ നാന്ദി കുറിച്ചു.  രാത്രി ഉറങ്ങുവാനായാല്‍ രണ്ടു പേരും അവരവരുടെ മുറിയിലേക്ക് പോകും നല്ലൊരു സുഹൃത്ത് ബന്ധം ആയിരുന്നു അവരുടേത്.  

കരുതിയ പണം കഴിയാറായപ്പോള്‍ വിനയചന്ദ്രന്‍ ജോലി അന്യേഷിക്കുവാന്‍   തുടങ്ങി.  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ക്ക്‌ പട്ടണത്തിലെ അറിയപ്പെടുന്ന വസ്ത്രവ്യാപാര കേന്ദ്രത്തില്‍ കണക്കുപരിശോധകനായി ജോലി ലഭിച്ചു.  അയാള്‍ ജോലിക്കു പോകുവാന്‍ തുടങ്ങിയപ്പോള്‍. സൗപര്‍ണികയ്ക്ക് കൂട്ടിരിക്കുവാന്‍ അടുത്ത വീട്ടിലെ പ്രായമായ തമിഴ് സ്ത്രീയെ വീട്ടിലിരുത്തിയാണ് വിനയചന്ദ്രന്‍ ജോലിക്ക്‌ പോകുന്നത്. വിനയചന്ദ്രന്‍റെ ഭാര്യയാണ് സൗപര്‍ണിക എന്നാണ് ഗ്രാമത്തിലുള്ളവര്‍ ധരിച്ചിരുന്നത്.  തമിഴ് സ്ത്രീ വാതോരാതെ സൗപര്‍ണികയോട് സംസാരിച്ചിരിക്കും.  പക്ഷെ അവരുടെ ഭാഷ സൗപര്‍ണികയ്ക്ക് ഒട്ടും വഴങ്ങുന്നുണ്ടായിരുന്നില്ല.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം സൗപര്‍ണികയ്ക്ക് പനി പിടിപെട്ടു. അന്ന് വിനയചന്ദ്രന്‍ അവധിയെടുത്ത് അവളെ ശുശ്രൂഷിച്ചു. നെറ്റിയില്‍ ചന്ദന ലേപം പുരട്ടുകയും,  തുണി കഷണം നനച്ചിടുകയും,  മരുന്നു നല്‍കുകയും,  ചെയ്തു.  അന്നവള്‍ ആദ്യമായി അയാള്‍ അവളുടെ സ്വന്തമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.  ഈ കാലംവരെ അരുതാത്ത ഒരു നോട്ടം പോലും വിനയചന്ദ്രനില്‍ നിന്നും ഉണ്ടായിട്ടില്ല.  തന്‍റെ ആഗ്രഹം അയാളോട് പറഞ്ഞാല്‍ പവിത്രമായ സുഹൃത്ത് ബന്ധം തകരുമെന്ന ഭയത്താല്‍ അവളുടെ ആഗ്രഹം അവള്‍ അയാളോട് പറഞ്ഞില്ല.   നമുക്ക് വിവാഹിതരായി ജീവിച്ചുകൂടേ എന്ന ചോദ്യം അയാളില്‍ നിന്നും കേള്‍ക്കുവാനായി പ്രതീക്ഷയോടെ അവള്‍ കാത്തിരുന്നു.  വിനയചന്ദ്രന്‍ തന്‍റെ കുടുംബത്തെ ഓര്‍ത്ത്‌ വല്ലാതെ സങ്കടപെട്ടു.  വിനയചന്ദ്രന് വേതനം ലഭിച്ചാല്‍ അത് അതേപടി  സൗപര്‍ണികയെ ഏല്‍പ്പിക്കുകയാണ് പതിവ്.ഒരു ദിവസം ചിലവുകള്‍ കഴിഞ്ഞു മിച്ചം വന്ന  പണം വിനയചന്ദ്രന്‍റെ നേര്‍ക്കു നീട്ടി സൗപര്‍ണിക പറഞ്ഞു.

,, ഈ രൂപ വിനയന്‍റെ വീട്ടിലേക്ക്‌ അയച്ചുകൊടുത്തോളൂ.  വീട്ടിലുള്ളവരെ ഓര്‍ത്ത്‌ വിനയന്‍ ഒരുപാട് ദുഖിക്കുന്നുണ്ട് അല്ലേ.  എനിക്കു വേണ്ടി എല്ലാവരേയും ഉപേക്ഷിച്ചു പോന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.,,

,, എന്താടോ താനീ പറയുന്നേ ...തനിക്ക് ഇഷ്ടമില്ലാത്ത ജീവിതത്തിന് തന്നെ ഞാന്‍ വിട്ടു കൊടുക്കുമോ..സങ്കടപെടേണ്ട തന്‍റെ സന്തോഷം കാണുമ്പോള്‍ നാടു വിട്ടു പോന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.,,

അവള്‍ നീട്ടിയ പണം അയാള്‍ വാങ്ങി അയാളുടെ വീട്ടിലേക്ക്‌ അയച്ചു.  ഒപ്പം വിശദമായി ഒരു എഴുത്തും.   ഞങ്ങള്‍ ഇവിടെയുള്ള വിവരം ആരും അറിയരുത്  എന്ന് അയാള്‍ പ്രത്യേകം എഴുതി.   പക്ഷെ അവരുടെ സന്തോഷം അധികം നാള്‍ നീണ്ടു നിന്നില്ല.  രാജശേഖരന്‍ മുതലാളിക്ക് അറിയാമായിരുന്നു വിനയചന്ദ്രന്‍ അയാളുടെ വീട്ടിലേക്ക്‌ എഴുത്ത് അയക്കും എന്ന്.  അതുകൊണ്ടുതന്നെ തപാല്‍ ജീവനക്കാരനെ  പണം കൊടുത്ത് വിവരം അറിയിക്കുവാന്‍ സജ്ജമാക്കിയിരുന്നു.  വിനയചന്ദ്രന്‍റെ തമിഴ് നാട്ടിലെ മേല്‍വിലാസം തപാല്‍ ജീവനക്കാരന്‍ രാജശേഖരന്‍ മുതലാളിക്ക് കൈമാറി.

ഒരു ദിവസം വിനയചന്ദ്രന്‍ ജോലിക്ക്‌ പോയനേരം.  രാജശേഖരന്‍ മുതലാളിയും പരിവാരങ്ങളും സൗപര്‍ണികയെ ബലമായി വാഹനത്തില്‍ കയറ്റി നാട്ടിലേക്ക് പോന്നു.  അവള്‍ കരഞ്ഞുകൊണ്ട് അച്ഛനോട് പറഞ്ഞു.

,,ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല വിനയചന്ദ്രനെ ഒന്നും ചെയ്യരുത്,,

രാജശേഖരന്‍ മുതലാളി അവളുടെ വാക്കുകള്‍ കേട്ടതായി ഭാവിച്ചില്ല.   അയാളുടെ മുഖഭാവം അപ്പോള്‍  യുദ്ധത്തില്‍ ജയിച്ച യോദ്ധാവിന്‍റെതായിരുന്നു.  വീട്ടിലെത്തിയ സൗപര്‍ണിക മാനസീകമായി തകര്‍ന്നു.  അവള്‍ തന്‍റെ പ്രിയ സുഹൃത്തിന്‍റെ വരവിനായി കണ്ണുംനട്ടിരുന്നു.  പക്ഷെ അവളുടെ കാത്തിരുപ്പ് വിഫലമായി.  വര്‍ഷങ്ങള്‍ ഒന്‍പതു കഴിഞ്ഞിട്ടും വിനയചന്ദ്രന്‍ മടങ്ങി വന്നില്ല.  അയാളെ കുറിച്ചു ഒരു വിവരവും അവള്‍ക്ക്  അറിയുവാന്‍  കഴിഞ്ഞില്ല.    . ആരും അറിയാതെ തമിഴ്‌ നാട്ടിലെ അയാളുടെ വിലാസത്തില്‍ പല തവണയായി എഴുത്തുകള്‍ അയച്ചു.  പക്ഷെ എഴുത്തുകള്‍ മേല്‍വിലാസക്കാരന്‍ ഇല്ലാത്തത് കൊണ്ട് തിരികെ ലഭിച്ചു കൊണ്ടേയിരുന്നു.

രാജശേഖരന്‍ മുതലാളി സൗപര്‍ണികയുടെ വിവാഹം നടത്തുവാന്‍ ആഗോത്രം പരിശ്രമിക്കുന്നുണ്ടായിരുന്നു .വിവാഹം നടത്തിയാല്‍ ഭൂലോകത്ത് താന്‍ ജീവിച്ചിരിക്കില്ലാ എന്ന സൗപര്‍ണികയുടെ വാക്കുകള്‍  രാജശേഖരന്‍ മുതലാളിയെ വിഷമവൃത്തത്തിലാക്കി.   തന്നോട്  പ്രേമമാണെന്ന് ഒരിക്കല്‍ പോലും വിനയചന്ദ്രന്‍ പറഞ്ഞിട്ടില്ല. എന്നിട്ടും പ്രതീക്ഷ കൈവിടാതെ അയാളുടെ തിരിച്ചുവരവിനായി അവള്‍ ആയിരം കണ്ണുംനട്ട് കാത്തിരുന്നു.

ഒരു ദിവസം  കൃഷിയിടത്തില്‍ നിന്നും തിരികെയെത്തിയ രാജശേഖരന്‍ മുതലാളി,  വീടിന്‍റെ ചവിട്ടു പടികള്‍ കയറുമ്പോള്‍ ശരീരം തളര്‍ന്ന് നിലത്തു വീണു.  നിലത്തു വീണ അദ്ദേഹത്തിന് തനിയെ എഴുന്നേല്‍ക്കുവാന്‍ കഴിഞ്ഞില്ല. സുലോചന തോട്ടം തൊഴിലാളികളെ വിളിച്ചു കൂട്ടി അദ്ദേഹത്തെ കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. ഫോണ്‍ വിളിച്ചു ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോള്‍,  എഴുന്നേറ്റു നടക്കുവാന്‍ ഇനി അദ്ദേഹത്തിനു കഴിയില്ലാ എന്ന് ഡോക്ടര്‍ പറഞ്ഞു .അലോപ്പതിയില്‍ അസുഖത്തിന് ചികിത്സഇല്ലായെന്നും വേണമെങ്കില്‍ ആയുര്‍വേദ ചികത്സ നടത്താമെന്നും ഡോക്ടര്‍ പറഞ്ഞു .മാസങ്ങളുടെ ഉഴിച്ചിലും തിരുമ്മലും നടത്തിയിട്ടും അദ്ദേഹത്തിന്‍റെ അസുഖം ഭേതപ്പെട്ടില്ല.

ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ സൗപര്‍ണികയെ അരികിലേക്ക് വിളിച്ചു വരുത്തി  രാജശേഖരന്‍ മുതലാളി പറഞ്ഞു.
,, അച്ഛന്‍റെ ജീവിതം കുത്തഴിഞ്ഞതായിരുന്നു.   വീട്ടിലെ ആരേയും ഞാന്‍ സ്നേഹിച്ചിരുന്നില്ല. അതിനു ഞാന്‍ സമയം കണ്ടെത്തിയില്ലാ എന്ന് പറയുന്നതാവും ശെരി.  സുഖങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രയില്‍  ഞാന്‍ ഇവിടെയുള്ളവരെ മറന്നു.  ചെയ്തുകൂട്ടിയ പാപങ്ങളുടെ ശിക്ഷ ഈശ്വരന്‍ ഭൂമിയില്‍ തന്നെ എനിക്കു നല്‍കി.    മോളെ വിനയചന്ദ്രന്‍ പ്രേമിച്ചു വശത്താക്കി കൂട്ടി കൊണ്ടു പോയതാണ് എന്ന് ഞാന്‍ അന്നു തെറ്റിദ്ധരിച്ചു.    എന്‍റെ കുട്ടി വിനയചന്ദ്രനെ കാത്തിരിക്കരുത്.  വിനയചന്ദ്രനെ ഞാന്‍ ഏര്‍പ്പാടാക്കിയവര്‍..........  ,,

അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുറിഞ്ഞു.   സങ്കടം സഹിക്കുവാന്‍ കഴിയാതെ സൗപര്‍ണിക കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കട്ടിലിലേക്കു വീണു.     എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷസ്ഥാനത്തായപ്പോള്‍ അവള്‍ അലറിക്കരയുവാന്‍ തുടങ്ങി. തന്‍റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു . താന്‍ കാരണമാണ്  വിനയചന്ദ്രന് ഈ ദുര്‍വിനിയോഗം ഉണ്ടായത് എന്ന ചിന്ത അവളെ സങ്കടപെടുത്തി. അവള്‍ പുറത്തിറങ്ങാതെ തന്‍റെ മുറിയില്‍ തന്നെ വിനയചന്ദ്രന്‍റെ ഓര്‍മകളുമായി കഴിച്ചുകൂട്ടി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിനയചന്ദ്രന്‍റെ സഹോദരി സൗപര്‍ണികയെ കാണുവാന്‍ വന്നു.  സംസാരത്തിനിടെ അവള്‍ പറഞ്ഞു.

,, ചേച്ചിയോട് അച്ഛന്‍ വീട്ടിലേക്ക് വരുവാന്‍ പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കില്‍ ഇന്നു തന്നെ വരുവാനാ പറഞ്ഞേ .  എന്തോ പ്രധാനപെട്ട കാര്യം പറയുവാനുണ്ട് എന്നാ അച്ഛന്‍ പറഞ്ഞത് ,,

സൗപര്‍ണിക അപ്പോള്‍ തന്നെ അവളുടെ കൂടെ വിനയചന്ദ്രന്‍റെ അച്ഛന്‍റെ അരികിലേക്ക് ചെന്നു.  വിനയചന്ദ്രന്‍റെ തിരോധാനത്തിനു ശേഷം വിനയചന്ദ്രന്‍റെ അച്ഛന്‍ രാജശേഖരന്‍ മുതലാളിയുടെ തോട്ടത്തില്‍ ജോലിക്കു വരാറില്ലായിയിരുന്നു .വിനയചന്ദ്രന്‍ ഇല്ലാത്ത വീട്ടിലേക്ക്‌ പോകുവാന്‍ സൗപര്‍ണികയ്ക്കും മനസുവന്നിരുന്നില്ല .ദീര്‍ഘകാലങ്ങള്‍ക്കു ശേഷം കാണുന്ന സൗപര്‍ണികയോട് അച്ഛന്‍ പറഞ്ഞു .

,,എത്രകാലമായി മോളെ കണ്ടിട്ട് ഇടയ്ക്കൊക്കെ ഇവിടം വരെ വന്നുകൂടെ. ഇനി എപ്പോഴും മോള് ഇവിടെ  വന്നേ പറ്റൂ.  വിനയചന്ദ്രന്‍ അടുത്ത ദിവസം തന്നെ ഇവിടെ എത്തും. ,,
അയാളുടെ വാക്കുകള്‍ വിശ്വസിക്കുവാന്‍ കഴിയാതെ ആശ്ചര്യത്തോടെ അവള്‍ പറഞ്ഞു.
,, എന്താ അച്ഛന്‍ പറഞ്ഞേ ! ,, 

,, അതെ മോളെ നമ്മുടെ വിനയന്‍ തിരികെ വരുന്നു. എന്‍റെ മോനെ ഭൂമിയില്‍ നിന്നും ഉന്‍മൂലനം ചെയ്യുവാന്‍  നോക്കിയതാ മോളുടെ അച്ഛന്‍ , പക്ഷെ ഈശ്വരന്‍റെ തീരുമാനം അവനെ ഭൂമിയില്‍ തന്നെ ജീവിപ്പിക്കുവാനായിരുന്നു. മോളുടെ അച്ഛനെ ഭയന്നിട്ടു തന്നയാ എന്‍റെ മോന്‍ ഇത്രയും കാലം ഒളിവില്‍ കഴിഞ്ഞത്.ഇപ്പോള്‍  ഞാനാ പറഞ്ഞേ മോനോട് തിരികെ പോന്നോളാന്‍.   ഭയക്കുന്ന ആള്‍ പരസഹായമില്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാതെ കിടപ്പിലായില്ലേ. ചെയ്തു കൂട്ടിയ പാപങ്ങള്‍ക്കുള്ള ശിക്ഷ ഈശ്വരന്‍ അദ്ദേഹത്തിനു ഭൂമിയില്‍ വെച്ചു തന്നെ നല്‍കി. ഇനി പശ്ചാതപിച്ചിട്ട്  എന്താ കാര്യം.  എല്ലാം ഈശ്വര നിശ്ചയം അല്ലാണ്ടെ എന്താ പറയ. ,,

വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി അവള്‍ സന്തോഷിച്ചു. സന്തോഷം നിയന്ത്രിക്കാന്‍ അവള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.  പുഞ്ചിരിയോടെ അവള്‍  വീട്ടിലേക്കു ചെന്നപ്പോള്‍ സുലോചനയ്ക്ക് അത്ഭുതം തോന്നി. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് മകളുടെ പുഞ്ചിരി തൂകിയ മുഖം സുലോചന കാണുന്നത് , കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായി അവള്‍ വിനയചന്ദ്രന്‍റെ വരവിനായി കാത്തിരുന്നു.  രണ്ടാംദിവസം വിനയചന്ദ്രന്‍ വീട്ടില്‍ എത്തിയ വിവരം അനിയത്തിയാണ് അവളോട്‌ വന്നു പറഞ്ഞത്.  വിവരം അറിഞ്ഞയുടനെ അവള്‍ വിനായചന്ദ്രനെ കാണുവാനായി പുറപ്പെട്ടു.    ദൂരെ നിന്ന്‌ വീടിന്‍റെ മുന്‍വശത്ത് ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെ കണ്ട് അവള്‍ നടുങ്ങി.  വിനയചന്ദ്രന്‍റെ വിവാഹം കഴിഞ്ഞു കാണും എന്ന് അവള്‍ കരുതി .സൗപര്‍ണികയെ കണ്ടതും യുവതി പരിചയം ഉള്ളതു പോലെ ,,ചേച്ചി,, എന്നു പറഞ്ഞു സൗപര്‍ണികയുടെ കരം പിടിച്ചു.  പുറത്തെ സംസാരം കേട്ടപ്പോള്‍ വിനായചന്ദ്രന്‍ അകത്തുനിന്നും പുറത്തേക്കു വന്നു.  നേരില്‍ കണ്ട രണ്ടു പേരുടേയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.   വിനയചന്ദ്രനെ നേരില്‍ കാണുമ്പോള്‍ ഓടി ചെന്ന്‍ കെട്ടിപിടിക്കണം എന്ന് അവള്‍ തീരുമാനിച്ചിരുന്നു. പക്ഷെ യുവതിയെ കണ്ടപ്പോള്‍ തീരുമാനം അവള്‍ ഉപേക്ഷിച്ചു.  ആരായിരിക്കും യുവതി എന്നറിയാതെ അവള്‍ വ്യാകുലതപെട്ടു.

വിനയചന്ദ്രന്‍ സൗപര്‍ണികയെ പണ്ട് പതിവായി സന്ധിക്കാറുള്ള പറങ്കിമാവിന്‍ ചുവട്ടിലേക്കു ക്ഷണിച്ചു.  അനുസരണയുള്ള കുഞ്ഞിനെപ്പോലെ അവള്‍ അയാളോടൊപ്പം നടന്നു.  മനുഷ്യരില്‍ വളരെവേഗം മാറ്റം സംഭവിക്കുന്നതുപോലെ പറങ്കിമാവുകള്‍ക്കും ഭൂപ്രകൃതിക്കും മാറ്റം  ഒന്നുംതന്നെ സംഭവിച്ചിട്ടില്ല.പറങ്കിമാവുകളുടെ ശിഖരങ്ങളില്‍ കിളികള്‍ ധാരാളം ഉണ്ടായിരുന്നു.  വര്‍ഷങ്ങളായി കാണാതെപോയവരെ വീണ്ടും കണ്ടതിലുള്ള സന്തോഷം പങ്കു വെക്കുന്നതു പോലെ കിളികള്‍ ശിഖരങ്ങളില്‍ നിന്നും ശിഖരങ്ങളിലേക്ക് പറന്നു  ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അണ്ണാറകണ്ണന്മാര്‍ അവരെ നോക്കി വാലുകള്‍ പൊക്കി  ചിലച്ചു രണ്ടു മൈനകള്‍ ശിഖരത്തില്‍  കൊക്കുരുമ്മി ഇരിക്കുന്നത് സൗപര്‍ണികയുടെ ശ്രദ്ധയില്‍ പെട്ടു. വിനയചന്ദ്രന്‍ മറ്റൊരാളുടെ ആയാല്‍ പിന്നെ തന്‍റെ ജീവിതത്തില്‍   ഇനി ശുഭാപ്തി ഉണ്ടാവുകയില്ലല്ലോ എന്നതായിരുന്നു അവളുടെ ചിന്ത.  നഷ്ടപെട്ടു എന്നു കരുതിയ പ്രിയസുഹൃത്ത് തിരികെയെത്തിയതില്‍ അവളുടെ മനസ് ആനന്ദനൃത്തമാടി. 

വിനയചന്ദ്രന്‍ വര്‍ത്തമാനത്തിനു തുടക്കമിട്ടു.

,,സുഖമല്ലെടോ തനിക്ക്, താന്‍ ഒരുപാട് മാറിയിരിക്കുന്നു. ആ പഴയ പ്രസരിപ്പും വാതോരാതെയുള്ള സംസാരവുമൊക്കെ തന്നില്‍ നിന്നും അന്യമായിരിക്കുന്നു.,,

അവള്‍ ഒന്നു മൂളുകമാത്രം ചെയ്തു.

വിനായചന്ദ്രന്‍ തുടര്‍ന്നു.
,, എന്താടോ വിവാഹിതയാവാതെ ഇങ്ങിനെ, അന്നു നമ്മള്‍ ഗ്രാമത്തില്‍നിന്നു പോയത് ഇന്ദ്രജിത്തില്‍ നിന്നും  രക്ഷപെടാനായിരുന്നു.   തനിക്ക് ഇഷ്ട പെട്ട വേറെയൊരാളുമായി വിവാഹിതയാവാമായിരുന്നില്ലെ.,,

കൂടെവന്ന യുവതിയെ കുറിച്ച് വിനയചന്ദ്രന്‍ പറയാതെയായപ്പോള്‍ അവള്‍ ചോദിച്ചു !,, ആരാ കൂടെ വന്നയാള്‍ ?,,

,,അവളുടെ പേര് അംബുജം, ഞാന്‍ ഇന്നു തന്‍റെ മുന്‍പില്‍ നിന്നു സംസാരിക്കുവാന്‍ എന്‍റെ ജീവന്‍ തിരികെ തന്നവള്‍,,

,, ജീവന്‍ തിരികെ  തരികയോ ,,

,, അതേടോ എന്‍റെ ജീവന്‍ രക്ഷിച്ചവള്‍. അന്ന് തന്നെത്തേടി തന്‍റെ  അച്ഛന്‍ തമിഴുനാട്ടിലേക്ക് വന്ന ദിവസം. ബസ്സ്‌ സ്റ്റോപ്പിലേക്ക്  പോകുകയായിരുന്ന എന്നെ വാഹനത്തില്‍ വന്ന കുറേപേര്‍  ബലമായി വാഹനത്തില്‍ കയറ്റി വിജനമായ ഒരിടത്തേക്ക് കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു.  മര്‍ദ്ദനത്തിനോടുവില്‍ അബോധാവസ്ഥയിലായ എന്നെ അവര്‍ റയില്‍വേ പാളത്തില്‍ കൊണ്ടിട്ടു.  ട്രെയിന്‍തട്ടി മരണപെട്ടു എന്നു വരുത്തി തീര്‍ക്കുവാനായിരിക്കും അവര്‍ എന്നെ കൊലപെടുത്താതെ റയില്‍വേ പാളത്തില്‍ കൊണ്ടിട്ടത്. റയില്‍വേ ഗേറ്റില്‍ ജീവനക്കാരനായ അച്ഛന് ഭക്ഷണം കൊണ്ടുകൊടുക്കുവാന്‍ പോകുകയായിരുന്നു അംബുജം.  പതിനൊന്നു വയസ്സ് പ്രായമേ അന്ന് അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.   അവളുടെ കണ്മുന്നില്‍ അന്നു ഞാന്‍ പെട്ടില്ലായിരുന്നെങ്കില്‍ ഇന്ന് ഈ ഭൂലോകത്ത് ഞാന്‍ ഉണ്ടാകുമായിരുന്നില്ല.  എനിക്കറിയാമായിരുന്നു തന്‍റെ അച്ഛനാണ് എന്നെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതെന്ന്. അവളുടെ മാതാപിതാക്കള്‍ അവളുടെ ആവശ്യം അംഗീകരിച്ചു.ആശുപത്രിയില്‍ നിന്നും എന്നെ അവര്‍ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. അവര്‍ അവരുടെ    വീട്ടിലെ ഒരംഗത്തെ പോലെ എന്നോട് പെരുമാറി.  സഹോദരന്‍ ഇല്ലാത്ത അവള്‍ക്ക് ഞാന്‍ സഹോദരനായി. എനിക്ക് ഭയമായിരുന്നു ഗ്രാമത്തിലേക്കു തിരികെ വരുവാന്‍. ആള്‍ബലം ഉള്ള തന്‍റെ അച്ഛന്‍ എന്നെ ഉന്മൂലനം ചെയ്യും എന്ന് ഞാന്‍ ഭയന്നു.  ഞാന്‍ ജീവിച്ചിരിക്കുന്ന വിവരം എന്‍റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.സുഖം പ്രാപിച്ച ഞാന്‍ അവിടെ ജോലിക്കു പോകുവാന്‍ തുടങ്ങി. കിട്ടുന്ന വേതനത്തില്‍ നിന്ന് അവിടത്തെ ചിലവുകള്‍ കഴിഞ്ഞുബാക്കി തുക അംബുജത്തിന്‍റെ അച്ഛന്‍ ഇവിടെ വീട്ടില്‍ വന്നു കൊടുക്കുമായിരുന്നു.  എല്ലാവരേയും ഒന്നു കാണുവാന്‍ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു.  തന്‍റെ അച്ഛന്‍ കിടപ്പിലായി എന്നറിഞ്ഞപ്പോള്‍ പിന്നെ എനിക്ക് അവിടെ നില്‍ക്കുവാന്‍ കഴിഞ്ഞില്ല.  ഈ കാലയളവില്‍ അംബുജത്തിനെ പിരിഞ്ഞ് ഒരു ദിവസം പോലും ഞാന്‍  മാറി താമസിച്ചിട്ടില്ല .ഞാന്‍ നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ അംബുജം വല്ലാതെ സങ്കടപെട്ടു അപ്പോള്‍ അവളേയും ഞാന്‍ കൂടെ കൂട്ടി ,,

സൗപര്‍ണിക ഒരുപാട് സന്തോഷിച്ചു.നഷ്ടപെട്ടതൊക്കെ തിരികെ ലഭിക്കുന്ന സന്തോഷമായിരുന്നു അവളില്‍, വിനയചന്ദ്രന്‍റെ ജീവന്‍ രക്ഷിച്ച അംബുജത്തിനോട് നന്ദി പറയുവാന്‍ അവള്‍ക്ക് വാക്കുകള്‍ ഇല്ലായിരുന്നു.  സൗപര്‍ണികയുടെ സന്തോഷപ്രകടനങ്ങള്‍ കണ്ട് അംബുജം അന്ധാളിച്ചു പോയി . സന്ധ്യയാകും വരെ സൗപര്‍ണിക വിനയചന്ദ്രന്‍റെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. സൗപര്‍ണിക പകല്‍ മുഴുവന്‍ വിനയചന്ദ്രന്‍റെ വീട്ടില്‍ തന്നെയായിരുന്നു സമയം ചിലവഴിച്ചിരുന്നത്.  വിനയചന്ദ്രന്‍ സുഹൃത്ത് എന്നതിലുപരി വേറെയൊന്നും അവളോട്‌  സംസാരിച്ചില്ല.വിവാഹത്തെ കുറിച്ചുള്ള സംസാരം അയാളില്‍ നിന്നും അവള്‍ ആഗ്രഹിച്ചു.  പക്ഷെ അങ്ങിനെയൊന്ന് അയാളില്‍ നിന്നും ഉണ്ടാവാത്തത് അവളെ ദുഃഖത്തിലാഴ്ത്തി. ഒരു ദിവസം സംസാരത്തിനിടെ വിനയചന്ദ്രന്‍ പറഞ്ഞു.

,, എടോ എന്‍റെ അവധി കഴിയാറായി ഞങ്ങള്‍ക്ക് തിരികെ പോകണം അംബുജം അവര്‍ക്ക് ഒരേയൊരു മകളല്ലേ, അവര്‍ അവളെ കാണാതെ വിഷമിക്കുന്നുണ്ടാവും.,,

സൗപര്‍ണികയ്ക്ക് എന്തു മറുപടി പറയണം എന്ന് അറിയില്ലായിരുന്നു
വീട്ടില്‍ തിരികെയെത്തിയ സൗപര്‍ണികയുടെ ദുഃഖത്തോടെയുള്ള   മുഖഭാവം കണ്ട് സുലോചന  കാര്യം തിരക്കി. വിനയചന്ദ്രന്‍ തിരികെ പോകുന്നു എന്ന്  പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സുലോചന നേരെ  ഭര്‍ത്താവിന്‍റെ അരികില്‍ പോയി പറഞ്ഞു.

,, നമ്മുടെ മോള്‍ക്ക്‌ ഇപ്പോള്‍ വയസ്സ് ഇരുപത്തേഴു കഴിയുന്നു. വിവാഹത്തിനു നിര്‍ബ്ബന്ധിക്കുമ്പോള്‍ വിസമ്മതിക്കുന്നതിന്‍റെ കാരണം ഇതുവരെ നമ്മള്‍ അവളോട്‌ തിരക്കിയിട്ടുണ്ടോ, അവളുടെ മനസ്സില്‍ ഒരാളുണ്ട് ,,

,, നിന്നോട് പറഞ്ഞുവോ ആരാ അവളുടെ മനസ്സില്‍ ഉള്ളതെന്ന്? ,,

,,എന്നോട് പറയണ്ട പക്ഷെ എനിക്ക് അറിയാം അവളുടെ മനസ്സില്‍ ആരാ ഉള്ളതെന്ന് ,,

,, എന്നാല്‍ പറയു ആരാവളുടെ മനസ്സില്‍ ,,

,, വിനയചന്ദ്രന്‍ ,,

വിനയചന്ദ്രന്‍ എന്നു കേട്ടപ്പോള്‍ രാജശേഖരന്‍ മുതലാളി ധര്‍മസങ്കടത്തിലായി
ജീവിച്ചിരിക്കാത്തയാളെ കുറിച്ചു കേള്‍ക്കുന്നത്  പോലെയുള്ള അയാളുടെ മുഖഭാവം കണ്ടപ്പോള്‍ സുലോചന തുടര്‍ന്നു.

,, വിനയച്ചന്ദ്രന്‍ മരണപെട്ടിട്ടില്ല. അവന്‍   തിരികെയെത്തിയിട്ടുണ്ട്. പക്ഷെ അവന്‍ നമ്മുടെ മകളെ സുഹൃത്തായിട്ടാ ഇപ്പോഴും കാണുന്നത്.,,

ആശ്ചര്യത്തോടെ! അയാള്‍ ചോദിച്ചു .

,, എന്ത് വിനയച്ചന്ദ്രന്‍ തിരികെയെത്തിയെന്നോ!. എനിക്ക് വിനയനെ കാണണം,  എനിക്കവനോട് മാപ്പ് പറയണം. ആരെയെങ്കിലും അയച്ച് അവനോട്‌ ഇപ്പോള്‍ തന്നെ ഇവിടേക്ക്‌ വരുവാന്‍ പറയു ,,

സുലോചന ആളെ അയച്ച് വിനയചന്ദ്രനെ വരുത്തി,
വിനയചന്ദ്രനെ സുലോചന    രാജശേഖരന്‍ മുതലാളിയുടെ അരികിലേക്ക് കൂട്ടി കൊണ്ടു പോയി,  വിനയചന്ദ്രനെ കണ്ടതും സന്തോഷംകൊണ്ടു  രാജശേഖരന്‍ മുതലാളിയുടെ കണ്ണുകള്‍ നിറഞ്ഞു. കട്ടിലിനോട് ചേര്‍ന്നുള്ള കസേരയില്‍ അയാളോട് ഇരിക്കുവാന്‍ പറഞ്ഞു.  അനുസരണയുള്ള കുഞ്ഞിനെപ്പോലെ അയാള്‍ കസേരയില്‍ ഇരുന്നു.     രാജശേഖരന്‍ മുതലാളി തുടര്‍ന്നു .
,, ക്ഷമ ചോദിക്കുവാന്‍ ഞാന്‍ അഹനല്ലാ എന്ന് എനിക്ക് അറിയാം തെറ്റിദ്ധാരണയുടെ പേരില്‍ അന്ന് അങ്ങിനെയൊക്കെ ഉണ്ടായതില്‍ എന്നോട് പൊറുക്കണം. സ്നേഹം എന്താണ് എന്ന് അറിയാന്‍ ഞാന്‍ കിടപ്പിലാവേണ്ടി വന്നു. സ്നേഹത്തിന് പകരംവയ്ക്കാന്‍ ഈ ഭൂലോകത്ത് ഒന്നും തന്നെയില്ലാ എന്ന് എനിക്ക് ഇപ്പോള്‍ മനസിലായി.  എനിക്ക് ഒരു അപേക്ഷയുണ്ട് എന്‍റെ മോളുടെ മനസ്സ് അറിഞ്ഞിട്ടും അറിയാത്ത ഭാവം ഇനിയും നടിക്കരുത് .

,, അങ്ങ് എന്നോട് ക്ഷമിക്കണം അര്‍ഹതയില്ലാത്തത് ആഗ്രഹിക്കുവാന്‍ പാടില്ലാ  എന്നാണ് എന്‍റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത് അങ്ങയുടെ തോട്ടം തൊഴിലാളിയായിരുന്ന രാജേന്ദ്രന്‍റെ മകന് അങ്ങയുടെ മകളെ വിവാഹം കഴിക്കുവാന്‍ ഒരു  യോഗ്യതയും  ഇല്ലാ എന്ന് നന്നായിട്ടറിയാം.  അതുകൊണ്ടുതന്നെയാണ്   എനിക്ക് ഇഷ്ടമായിരുന്നിട്ടും അങ്ങയുടെ മകളുടെ മനസ്സ് അറിയാത്തവനെ പോലെ നടിക്കേണ്ടി വന്നത്.  ഞാന്‍ ഈ ഭൂലോകത്ത് ജീവിച്ചിരിക്കുന്നുണ്ടാവില്ലാ എന്ന് കരുതിയിട്ടും എന്‍റെ ഓര്‍മകളുമായി കഴിയുകയാണ് അങ്ങയുടെ മകള്‍  എന്നറിഞ്ഞിട്ടും, . നിസഹായനായി നില്‍ക്കേണ്ടി വരുന്നവന്‍റെ മനസ്സ് ആര്‍ക്കും അറിയില്ലാ ,,

വാതിലിനരികില്‍ അകത്തെ സംസാരം ശ്രവിച്ചു നിന്നിരുന്ന സൗപര്‍ണിക ഈശ്വരാ എന്ന് പറഞ്ഞ് ഹൃദയത്തോട് കൈ വെച്ചു. അവളുടെ ഹൃദയമിടിപ്പ് അധികരിക്കുന്നത് പോലെ അവള്‍ക്ക് അനുഭവപെട്ടു .ഇഷ്ട മായിരുന്നിട്ടും ഒരു വാക്ക് പോലും പറയാതെ ഇത്രയും കാലം....... അവള്‍ക്ക് സങ്കടം സഹിക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

 രാജശേഖരന്‍ മുതലാളി തുടര്‍ന്നു

,,  കണ്ണടയും മുന്‍പ് ഒരു നന്മയെങ്കിലും എനിക്ക് ചെയ്യണം. എന്‍റെ മകളെ വിനയചന്ദ്രന്‍ സ്വീകരിക്കണം. ഭൂലോകത്ത് എന്‍റെ മോള്‍ക്ക്‌ എനിക്ക് നല്‍കാവുന്ന ഏറ്റവുംവലിയ സമ്മാനം വിനയചന്ദ്രന്‍ മാത്രമാണ്,,

വിനയചന്ദ്രന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. തന്‍റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുവാന്‍ പോകുന്നു എന്നത് തെല്ലൊന്നുമല്ല അയാളെ ആനന്ദിപ്പിച്ചത്  .വിനയചന്ദ്രന്‍ യാത്ര പറഞ്ഞിറങ്ങി, അയാള്‍ യാത്ര പറയുന്നത് കേട്ടപ്പോള്‍ സൗപര്‍ണിക അയാള്‍ പോകുന്ന ഇടവഴിയിലേക്ക് ഓടി, തുടിക്കുന്ന ഹൃദയത്തോടെ അയാളെ അവള്‍ കാത്തു നിന്നു.  അയാള്‍ അരികിലേക്ക് എത്തിയപ്പോള്‍ രണ്ടു പേരും കണ്ണുകളിലേക്ക് പരസ്പരം നോക്കി നിന്നു.  അല്‍പനേരം കഴിഞ്ഞപ്പോള്‍ അവള്‍ അയാളുടെ മാറിലേക്ക് ചാഞ്ഞു കൊണ്ടു ചോദിച്ചു .

,, ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചിരുന്ന വാക്കുകള്‍ എന്തേ എന്നോട് ഇതു വരെ പറയാതെയിരുന്നത് . ,,

,, ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ്‌ വരെ താന്‍ എന്‍റെ സുഹൃത്ത് ആയിരുന്നില്ലേ ആത്മ സുഹൃത്ത്. അച്ഛന്‍റെ മനസ്സ് മാറിയത് കൊണ്ടല്ലേ ഇങ്ങിനെയൊരു സമാപ്തി സംജാതമായത് അല്ലെങ്കില്‍ എനിക്ക് അത് ഓര്‍ക്കുവാന്‍ കൂടി കഴിയുന്നില്ല. ,,

,, ഊം എന്‍റെ മനം ഉരുകിയുള്ള  പ്രാര്‍ത്ഥനയുടെ ഫലം , ഈശ്വരന്‍ എന്നെ കൈവെടിഞ്ഞില്ലാ ,, 

. ശുഭസൂചനകള്‍ അവിടമെങ്ങും മാറ്റൊലി കൊണ്ടു. കുളിരേകുന്ന ശീതകാറ്റ്‌ വീശുവാന്‍ തുടങ്ങി.  ആകാശത്തുനിന്നും ചാറ്റല്‍മഴ പൊഴിഞ്ഞു. വൃക്ഷ ശിഖരങ്ങള്‍ കാറ്റിനാല്‍ ഇളകിമറിഞ്ഞു പറവകള്‍ വട്ടമിട്ടു പറന്നാനന്ദിച്ചു ,അപ്പോള്‍ ഒരു വൃക്ഷ ശിഖരത്തില്‍ രണ്ടു മൈനകള്‍ കൊക്കുരുമ്മി സ്നേഹം പങ്കുവെക്കുന്നുണ്ടായിരുന്നു.
                                        ശുഭം
rasheedthozhiyoor@gmail.com


16 comments:

 1. പ്രിയ സ്നേഹിതാ താങ്കളുടെ എഴുത്തിൽ പുതുമയൊന്നുമില്ലെങ്കിലും ഒരു നല്ല കഥ വായിച്ചു എന്നതിനാലും ഇത് ഇത്ര സുന്ദരമായി എഴുതിയതിന്ന് ഒരു നൂറ് ആശംസകൾ

  കഥയുടെ വിവരണം ഒരു സ്ക്രീനിൽ ചിത്രീകരിച്ച ഫീലിൽ താങ്കൾ എഴുതി, വായിക്കാൻ നല്ല രസമുള്ള എഴുത്ത്

  ആശംസകൾ തുടരുക ഈ എഴുത്ത്

  ReplyDelete
 2. കഥയുടെ വിഷയത്തിൽ പുതുമയൊന്നും ഇല്ല. പഴയ പ്രേമ കഥ തന്നെ... നായികക്ക് കാശുണ്ടെങ്കിൽ നായികയുടെ അഛൻ വില്ലൻ. മറിച്ചാണെങ്കിൽ നായകന്റെ അഛൻ വില്ലൻ...
  നന്നായിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
 3. നന്ദി ശ്രീ ഷാജു അത്താണിക്കല്‍ നല്ല വാക്കുകള്‍ക്ക്.കുഞ്ഞുനാള്‍ തൊട്ടേ എഴുതുവാന്‍ വളരെയധികം ആഗ്രഹമുള്ള ആളായിരുന്നു ഞാന്‍ പക്ഷെ ഞാന്‍ അതിനു അര്‍ഹനല്ല എന്നത് കൊണ്ട് എഴുതാറില്ല എന്നതാണ് സത്യം .പക്ഷെ ഈ അടുത്തകാലത്ത് എഴുതുവാന്‍ തുടങ്ങിയപ്പോള്‍ പതിനേഴു കഥകള്‍ എഴുതുവാന്‍ എനിക്ക് കഴിഞ്ഞു എഴുതിയതിന് നല്ല അഭിപ്രായം ലഭിക്കുമ്പോള്‍ മനസിലെ സന്തോഷം പറഞ്ഞറിയിക്കുവാന്‍ വാക്കുകള്‍ ഇല്ല

  ReplyDelete
 4. നന്ദി ശ്രീ വി കെ പുതുമ ഇല്ലാതിരുന്നിട്ടും നന്നായി എന്ന് എഴുതിയതിന് .എഴുതുവാന്‍ ഇരിക്കുമ്പോള്‍ കഥയിലെ കഥാപാത്രങ്ങള്‍ കണ്മുന്നില്‍ ജീവിക്കുന്നത് പോലെ അനുഭവപെടുന്നു .അതു കൊണ്ട് വളരെ കുറഞ്ഞ സമയമേ വേണ്ടു ഒരു കഥ രചിക്കുവാന്‍ .ഈ പ്രവാസ ജീവിതത്തില്‍ സമയ ലഭ്യത ഇല്ലാതിരുന്നിട്ടും എഴുത്ത് ഒരു പാട് ഇഷ്ട പെടുന്നത് കൊണ്ട് എഴുതുന്നു .

  ReplyDelete
 5. സ്ഥിരം സിനിമാക്കഥ തന്നെ. പക്ഷേ എഴുത്തിന് വല്ലാത്തൊരു ഒഴുക്കുണ്ട്.
  വത്യ്സ്തതയും പുതുമയുമുള്ള വിഷയങ്ങളെ സമീപിക്കൂ. 

  ReplyDelete
 6. നന്ദി ചീരാമുളകിന്‍റെ വാക്താവിന് എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിന്.ഞാന്‍ എല്ലാം തികഞ്ഞ എഴുത്തുകാരനല്ല പ്രിയ സുഹൃത്തേ .ഒരേ രചന നിര്‍വഹിക്കുമ്പോഴും വിത്യസ്തമായ രചനയാണ്‌ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് .എന്നെകൊണ്ട് ആവുംവിധം ഞാന്‍ എഴുതുന്നു .സമയ ലഭ്യത പോലെ എന്‍റെ മറ്റു രചനകളും വായിക്കുമല്ലോ

  ReplyDelete
 7. ഇത് തിരക്കഥയുടെ ശൈലിയാണ് റഷീദ് -ആ വഴിക്കൊന്നു ശ്രമിച്ചാലോ ?

  ReplyDelete
 8. നന്ദി ശ്രീ സിദ്ധീഖ്തൊഴിയൂര്‍ വീണ്ടും എഴുതുവാന്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ എഴുതിയതിന്.അങ്ങിനെ വലിയ മോഹങ്ങള്‍ ഇല്ലാ എന്നതാണ് വാസ്തവം ഇതുവരെ പതിനേഴ് ചെറുകഥകള്‍ എഴുതുവാന്‍ കഴിഞ്ഞു ഇതില്‍ നിന്നും പത്ത്‌ ചെറുകഥകള്‍ തിരഞ്ഞെടുത്ത് ചെറുകഥ സമാഹാരം പുസ്തക രൂപേണ ഇറക്കണം എന്ന് വലിയ ആഗ്രഹമുണ്ട് കഴിയുമെങ്കില്‍ വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക

  ReplyDelete
 9. എഴുത്തിന് വല്ലാത്തൊരു ഒഴുക്കുണ്ട്.

  ReplyDelete
 10. നന്ദി പ്രിയ സുഹൃത്തേ നല്ല വാക്കുകള്‍ക്ക്

  ReplyDelete
 11. പ്രമേയത്തില്‍ പുതുമ ഇല്ല ,എന്നാല്‍ തുടര്‍ന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്തിന്‍റെ ശൈലി ഇഷ്ടമായി ,,,

  ReplyDelete
 12. നന്ദി ശ്രീ ഫൈസല്‍ ബാബു ഇവിടം വരെ വന്നതിന്. സമയം ലഭ്യമാകുന്നത് പോലെ എന്‍റെ മറ്റു രചനകളും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ

  ReplyDelete
 13. നല്ല ഒഴുക്കോടെ കഥ പറഞ്ഞു ആശംസകള്‍ ..

  ReplyDelete
 14. നന്ദി ശ്രീമതി Shahida Abdul Jaleel നല്ല വാക്കുകള്‍ക്ക്.

  ReplyDelete
 15. വിഷയത്തിൽ പുതുമയില്ല. പക്ഷെ കഥ പറയുന്ന ശൈലി അതി ലളിതം സുന്ദരം. ആശംസകൾ.

  ReplyDelete
 16. എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
  1 ലവ് സ്പെൽ
  2 വിൻ എക്സ് ബാക്ക്
  3 ഗർഭത്തിൻറെ ഫലം
  4 പ്രൊമോഷൻ സ്പെൽ
  5 സംരക്ഷണ സ്പെൽ
  6 ബിസിനസ്സ് സ്പെൽ
  7 നല്ല ജോലി സ്പെൽ
  8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.

  ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ