ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
പേമാരി പൂര്‍വാധികം ശക്തിയോടെ രണ്ടു ദിവസമായി ശമനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിന്നു.പുഴ കവിഞ്ഞൊഴുകുന്നതിനാല്‍ പ്രളയ ഭീതി ഗ്രാമവാസികളെ ഒന്നടങ്കം ഭയാകുലരാക്കി.പുഴക്കരയിലെ വീടുകളില്‍ ജലം കയറുമെന്ന ഭീതിയില്‍ പലരും ദൂര ദേശങ്ങളിലെ ബന്ധുക്കളുടെ വീടുകളിലേക്ക് പലായനം ചെയ്തുകൊണ്ടിരിന്നു.ദൂര ദേശങ്ങളില്‍ ബന്ധുക്കള്‍ ഇല്ലാത്തവര്‍ എങ്ങും പോകുവാന്‍ ഇടമില്ലാത്തത്കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ അവരവരുടെ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടി. പുഴക്കരയിലെ പുറമ്പോക്ക് ഭൂമിയിലാണ് കുമാരന്‍റെ വീട്.കുമാരനും അവിവാഹിതരായ മകളും മകനുമാണ് വീട്ടില്‍ താമസം. കുമാരന്‍ മദ്യപാനിയായത് കൊണ്ടും, ദേഹോപദ്രവം സഹിക്കാതെയായതു കൊണ്ടും, മക്കള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ തന്നെ കുമാരന്‍റെ സഹധര്‍മ്മിണി,ആത്മഹത്യ ചെയ്യുകയായിരുന്നു.
കുമാരന്‍ ഇപ്പോഴും കഠിനാധ്വാനിയാണ്. പക്ഷെ തോട്ടം തൊഴില്‍ ചെയ്തു കിട്ടുന്ന വേതനം ഏറെയും മദ്യപിച്ചു തീര്‍ക്കുകയാണ് അയാളുടെ പതിവ്.മകള്‍ സുലോചനയ്ക്ക് ഇരുപത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടും വിവാഹംകഴിച്ചു കൊടുക്കാത്തതില്‍ ഗ്രാമവാസികള്‍ കുമാരനെ കുറ്റപെടുത്താറുണ്ട്.പക്ഷെ കുമാരന്‍ അതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല . ഒരു പക്ഷെ മകളെ വിവാഹം ചെയ്തുകൊടുക്കുവാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടും ആകാം .അങ്ങിനെയൊരു നിലപാട് കുമാരന്‍ സ്വീകരിക്കുന്നത്. സുലോചന ,തയ്യല്‍കാരി എന്നാണ്ഗ്രാമത്തില്‍ അറിയപെടുന്നത് . ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സൗജന്യമായി പഞ്ചായത്ത് വക തയ്യല്‍ യന്ത്രം ലഭിച്ചപ്പോള്‍ അവള്‍ തയ്യല്‍ക്കാരിയായി പരിണമിക്കുകയായിരുന്നു . അന്നത്തിനായി സാഹചര്യം സുലോചനയെ തയ്യല്‍ക്കാരിയാക്കി എന്ന് പറയുന്നതാവും ശെരി . ഗ്രാമത്തിലുള്ള യു പി വിദ്യാലയത്തില്‍ നിന്നും ഏഴാംതരം വിജയിച്ചുവെങ്കിലും തുടര്‍ന്നു പഠിക്കുവാന്‍ സുലോചനയ്ക്കായില്ല. ബാല്യകാലത്ത് സഹോദരങ്ങള്‍ ഇല്ലാത്ത വിഷമത്തില്‍ കഴിയുമ്പോഴാണ് തന്‍റെ ഒന്‍പതാം വയസ്സില്‍ സഹോദരന്‍ സുരേഷ് ജനിക്കുന്നത്.ഏഴാം തരം വിജയിച്ച് ഗ്രാമത്തില്‍ നിന്നും ദൂരെയുള്ള ഹൈസ്ക്കൂളില്‍ ചേര്‍ന്ന രണ്ടാം ദിവസമാണ് സുലോചനയ്ക്ക് അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്.അപ്പോള്‍ മൂന്നു വയസ്സുള്ള തന്‍റെ സഹോദരനെ വീട്ടില്‍ തനിച്ചാക്കി വിദ്യാലയത്തിലേക്ക് പോകുവാന്‍ അവള്‍ക്കു മനസ്സുവന്നില്ല.പിന്നീടുള്ള അവളുടെ ജീവിതം സഹോദരന് വേണ്ടി മാറ്റിവെച്ചു.
പഠിക്കുവാന്‍ മിടുക്കനായ സുരേഷിപ്പോള്‍ പതിനൊന്നാം തരത്തില്‍ പഠിക്കുന്നു.തയ്യലിനോടൊപ്പം വീട്ടില്‍ താറാവ്,കോഴി,ആട് മുതലായവയെ സുലോചന വളര്‍ത്തുന്നു.കോഴി,താറാവ്,എന്‍ നിവയുടെ മുട്ടകളും കുഞ്ഞാടുകള്‍ വലുതാവുമ്പോള്‍ ആടുകളെ വില്‍ക്കുകയും ചെയ്യുന്ന വരുമാനമാനം കൊണ്ടാണ് സുരേഷിന്‍റെ പഠിപ്പും നിത്യവൃത്തിയും കഴിഞ്ഞുപോകുന്നത്.പുഴയുടെ അങ്ങേയറ്റം ജനവാസമില്ലാത്ത വനാന്തരങ്ങളാണ്.അവിടെ വന്യജീവികളുടെ ആവാസ കേന്ദ്രമായത് കൊണ്ട് അവിടേയ്ക്ക് ആരുംതന്നെ പോകാറില്ല.പുഴയിലൂടെ വള്ളത്തില്‍ പോകുമ്പോള്‍ ആനകള്‍ , പുലികള്‍ .കാട്ടുപോത്തുകള്‍,മറ്റു ഇതര വന്യജീവികളും ജലം കുടിക്കുന്നത് കാണാം . കുമാരന് ഒരു കൊച്ചു തോണിയുണ്ട്. തോട്ടങ്ങളില്‍ പണിയില്ലാത്ത ദിവസങ്ങളില്‍ .തോണിയില്‍ പോയി പുഴയില്‍ വല വീശി മത്സ്യങ്ങളെ പിടിച്ച്. കവലയില്‍ കൊണ്ട് പോയി വില്‍ക്കുന്ന പതിവ് അയാള്‍ക്ക് ഉണ്ടായിരുന്നു .മദ്യപാനത്തിനുള്ള രൂപ കണ്ടത്തലാണ് അയാളുടെ പ്രധാന ലക്ഷ്യം .
പഠിക്കുവാന്‍ മിടുക്കനായ സുരേഷിപ്പോള്‍ പതിനൊന്നാം തരത്തില്‍ പഠിക്കുന്നു.തയ്യലിനോടൊപ്പം വീട്ടില്‍ താറാവ്,കോഴി,ആട് മുതലായവയെ സുലോചന വളര്‍ത്തുന്നു.കോഴി,താറാവ്,എന്‍
അന്ന് കുമാരന്‍ പണി അന്യേഷിച്ചു, ലഭിക്കാതെ ഉച്ചയോടെ മൂക്കറ്റം മദ്യപിച്ചാണ് വീട്ടില്‍ തിരികെയെത്തിയത് .പേമാരി അപ്പോഴും ശക്തിയോടെ പെയ്യുന്നുണ്ടായിരുന്നു.കാര്മേ ഘം സൂര്യനെ മൂടിയതിനാല്‍ പ്രപഞ്ചം ഇരുട്ട് വീണ പ്രതീതി ഉളവാക്കി.സുരേഷിന് പഠിക്കുവാന്‍ പോകുമ്പോള്‍ ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ടുപോകാനായി പാചകം ചെയ്യുന്നതിനോട് കൂടി അവള്‍ക്കും അച്ഛനും കഴിക്കുവാനുള്ള ഭക്ഷണം കൂടി ഉണ്ടാക്കുമായിരുന്നു. .സുലോചന തയ്യല്‍ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു . മഴയായതുകൊണ്ട് വളര്‍ത്തുജീവികളെ കൂടുകളില്‍ നിന്നും പുറത്തു വിടാത്തത് കൊണ്ട് അവറ്റകള്‍ പുറത്തിറങ്ങാനായി ശബ്ദകോലാഹലങ്ങള്‍ കൂട്ടുന്നുണ്ടായിരുന്നു. സുലോചന കുടയെടുത്ത് ജീവികള്‍ക്ക് തീറ്റ നല്‍കാനായി പുറത്തിറങ്ങിയപ്പോഴാണ്.കുമാരന് റെ വരവ്.അയാള്‍ മഴ നനയാതെയിരിക്കുവാന്‍ തൊപ്പികുട കുട ധരിച്ചിരുന്നു.സ്ഥിരമായി കുപ്പായം ധരിക്കാത്ത അയാളുടെ ഉടുമുണ്ട് അഴിഞ്ഞു പോയപ്പോള്‍ വാരിവലിച്ചു കുത്തിയ നിലയിലായിരുന്നു. സുലോചനയെ ദൂരെ നിന്നും കണ്ടപ്പോള്‍ കുമാരന്‍ ഉച്ചത്തില്‍ പറഞ്ഞു .
,, എടീ സുലൂ ....നീയാ വലയും പങ്കായവും ഇങ്ങോട്ട് എടുത്തേടീ ... ഈ ഒടുക്കത്തെ മഴയായത് കൊണ്ട് എനിക്കിന്ന് തോട്ടത്തില്‍ പണിയൊന്നും കിട്ടിയില്ലേടി ....,,
മദ്യലഹരിയില്‍ നല്ലതുപോലെ നടക്കുവാന്‍ കഴിയാത്ത കുമാരനെ കണ്ടപ്പോള്‍ സുലോചന പറഞ്ഞു .
,, നേരം ഉച്ചയായിട്ടില്ല .അപ്പോഴേക്കും മൂക്കറ്റം കുടിച്ചുകൊണ്ടാണോ ഇന്നത്തെ വരവ് . ഇത് എന്തൊരു ജന്മമാണെന്‍റെ ഇശ്വരോ ....,,
,, എന്തോന്നാടി നിന്നു പുലമ്പുന്നേ ഒരുമ്പെട്ടോളെ പറഞ്ഞതു കേട്ടില്ലേ ...എന്‍റെ വലയും പങ്കായവും ഇങ്ങോട്ടെടുക്കാന്‍ ,,
,, അച്ഛനിത് എന്തിനുള്ള പുറപ്പാടാ .ഇനിയും കള്ളു കുടിക്കുവാനുള്ള രൂപ ഉണ്ടാക്കാന്‍ വേണ്ടിയല്ലെ മത്സ്യം പിടിക്കുവാനയിട്ട് പുഴയിലോട്ടു പോകുന്നേ .കള്ളുകുടിക്കുവാനുള്ള രൂപ ഞാന്‍ തരാം .അച്ഛന്‍ തലയ്ക്കു വെളിവില്ലാതെ പുഴയിലോട്ടു പോകേണ്ടാ ട്ടോ ...,,
,, ഫാ പുല്ലേ ...എനിക്ക് വേണ്ടടി നിന്‍റെ ഔദാര്യം ഈ കുമാരന്‍ ഇന്നോളം കള്ളുകുടിക്കുവാന്‍ ആരുടേം മുന്നില്‍ കൈ നീട്ടീട്ടില്ല.ഈ ജീവനുള്ള കാലം വരെ കൈ നീട്ടേം ഇല്ല .എനിക്ക് വേണ്ടടീ... നിന്‍റെ രൂപ . .എന്നെ ഭരിക്കാന്‍ നീ വളര്‍ന്നിട്ടില്ലടീ.അവളുടെയൊരു രൂപ ഫൂ ......,,
അയാള്‍ കാര്‍ക്കിച്ചു തുപ്പി . സുലോചന വലയും പങ്കായവും എടുത്തു നല്‍കാതെയായപ്പോള്‍ .അയാള്‍ അസഭ്യ വാക്കുകള്‍ ഉച്ചരിച്ചു കൊണ്ട് പുരയ്ക്ക് അകത്തു വെച്ചിരുന്ന വലയും പങ്കായവും എടുത്തുക്കൊണ്ട് തോണി ലക്ഷ്യമാക്കി നടന്നു .അപ്പോള്‍ സുലോചനയുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകികൊണ്ടിരുന്നു.അവള്‍ അച്ഛന്‍ മദ്യലഹരിയില്‍ നടക്കുവാന്‍ നന്നേ പാടുപെട്ടു പോകുന്നത് നിസഹായയായി നോക്കി നിന്നു .ഇടിമിന്നലോടെ പേമാരി അപ്പോഴും ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. കൂടുകളില്‍ തീറ്റ വെച്ചതിന് ശേഷം സുലോചന വീടിന് അകത്ത് കയറി കതകടച്ച് വീണ്ടും തയ്യല്‍ ജോലികളില്‍ മുഴുകിയിരുന്നു .
ഏറെനേരം കഴിഞ്ഞപ്പോള്‍ വരാന്തയില്‍ ആളനക്കം തോന്നിയപ്പോള്‍ ജാലക പാളികള്‍ തുറന്ന് പുറത്തേക്ക് നോക്കിയ സുലോചന ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. ഭയാകുലയായ അവള്‍ പൊടുന്നനെ അടുക്കളയിലേക്ക് ഓടി. തിടുക്കത്തില്‍ വാക്കത്തി എടുത്ത് കതകിന് അരികില്‍ വന്നു നിന്നു .ഹൃദയ മിടിപ്പിന്‍റെ വേഗത ശക്തി പ്രാപിച്ചുകൊണ്ടിരുന്നു .ശരീരമാസകലം വിറയ്ക്കുവാന്‍ തുടങ്ങി.ജാലക വാതില്‍ തുറക്കുന്നത് വരെ തണുപ്പിനാല്‍ ശരീരം വിറങ്ങലിച്ചിരുന്ന അവളുടെ ശരീരത്തില്‍നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുവാന്‍ തുടങ്ങി. ഈ ഭൂലോകത്ത് ഏറ്റവും കൂടുതല്‍ ഭയക്കുന്നയാള്‍ .തന്‍റെ ശരീരത്തിലേക്ക് എപ്പോഴും കാമാസക്തതയോടെ മാത്രം നോക്കുന്നയാള്‍ തന്‍റെ കണ്‍ മുന്നില്‍ നില്‍ക്കുന്ന കാഴ്ച സുലോചനയെ വല്ലാതെ ഭയപെടുത്തി. ഒരിക്കല്‍ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് അവളെ മാനഭംഗപെടുത്തുവാന്‍ അയാള്‍ തുനിഞ്ഞതാണ് അന്ന് അകത്തിരുന്ന പങ്കായം കൊണ്ട് അയാളുടെ തലയ്ക്ക് അടിച്ചാണ് അവള്‍ രക്ഷപെട്ടിരുന്നത് .സുബോധമില്ലാതെ നടക്കുന്ന അച്ഛനോട് അവള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ദുരാനുഭവത്തെ കുറിച്ചു പറഞ്ഞില്ല .പറഞ്ഞാല്‍ അയാളുമായി അച്ഛന്‍ വഴക്കിനു പോകുമെന്ന ഭയമായിരുന്നു അവള്‍ക്ക് . അന്നുമുതല്‍ മാനം കാക്കുവാനായി കയ്യെത്താ ദൂരത്ത് കരുതി വെച്ചതാണ് വാക്കത്തി .
കുറേനേരം കഴിഞ്ഞപ്പോള്‍ ,, മോളേ ..... സുലൂ ... ,,എന്ന സ്ത്രീയുടെ സ്വരം കെട്ടപ്പോള്‍ സുലോചാനയ്ക്ക് ആശ്വാസമായി. അവള്‍ വാക്കത്തി അടുക്കളയില്‍ തന്നെ കൊണ്ട് വെച്ച് കതക് തുറന്നുകൊടുത്തു . അല്‍പമകലെയുള്ള വീട്ടിലെ കാര്‍ത്ത്യായനി ചേച്ചി. അവളുടെ പരിഭ്രമത്തോടെയുള്ള മുഖഭാവം കണ്ടപ്പോള്‍ അവര്‍ ചോദിച്ചു .
,, എന്താ മോള് വല്ലാതെയിരിക്കുന്നത് .സുഖമില്ലേ നിനക്ക് ,,
,, ഒന്നുമില്ല ചേച്ചി പനിക്കുവാനുള്ള ലക്ഷണം കാണുന്നു .,,
,, മഴക്കാലത്ത് സൂക്ഷിക്കണം, പകര്‍ച്ചവ്യാധികള്‍ നാടൊട്ടുക്കുമുണ്ട്, മോളെ വറ്റല്‍മുളക് ഇരിപ്പുണ്ടോ ഇവിടെ .ഇന്ന് കറി വെയ്ക്കാന്‍ ഒന്നും കിട്ടിയില്ല .പിള്ളേര് സ്കൂളില്‍നിന്നും ഉച്ചയൂണിന് വരാറായി. അവറ്റകള്‍ക്ക് ഇത്തിരി ചമ്മന്തി പൊടിക്കാനാ ,,
സുലോചന വറ്റല്‍ മുളക് നല്‍കിയപ്പോള്‍ കാര്‍ത്ത്യായനി യാത്ര പറഞ്ഞിറങ്ങി . സുലോചന കതകടച്ച് സാക്ഷയിട്ട് തയ്യല്‍ ജോലിക്കായി ഇരുന്നു .പക്ഷെ ഭയം അപ്പോഴും വിട്ടകന്നു പോകാത്തത് കൊണ്ട് തയ്ക്കുവാനായി കാലുകള്‍ ചലിപ്പിക്കുവാന്‍ നന്നേ പാടു പെട്ടു . കിടക്കുവാന്‍ കലശലായ മോഹം തോന്നിയപ്പോള്‍ തറയില്‍ പായ വിരിച്ച് അവള്‍ കിടന്നു .പിന്നീട് എപ്പോഴോ ഉച്ചമയക്കത്തിലേക്ക് അവള്‍ വഴുതി വീണു .വിദ്യാലയത്തില്‍ നിന്നും തിരികെയെത്തിയ സുരേഷിന്‍റെ വിളി കേട്ടാണ് നിദ്രയില്‍ നിന്നും സുലോചന ഉണര്‍ന്നത് .കതക് തുറന്നുകൊടുത്തപ്പോള്‍ സുരേഷ് ചോദിച്ചു ?.
,, എത്ര നേരമായി ഞാന്‍ വിളിക്കുന്നു .എന്ത് ഉറക്കമാ ചേച്ചി ഇത് ,,
സുരേഷിന്‍റെ വസ്ത്രങ്ങള്‍ നനഞ്ഞതു കണ്ടപ്പോള്‍ സുലോചന പറഞ്ഞു .
,, ഈ മഴയത്ത് ഇന്ന് പഠിക്കുവാന്‍ പോകേണ്ടാ എന്ന് പറഞ്ഞതല്ലേ വേഗം കുളിച്ചിട്ടു വാ.... ഞാന്‍ ചായ ഉണ്ടാക്കി വെയ്ക്കാം ,,
സുരേഷ് വസ്ത്രം മാറി തോര്‍ത്തുമുണ്ട് എടുത്ത് സോപ്പുപെട്ടിയുമായി കുളിക്കുവാനായി പുഴക്കരയിലേക്ക് നടന്നു .ഒപ്പം സുലോചന അടുക്കളയിലേക്കും .നേരം സന്ധ്യയോടടുത്തിട്ടും മത്സ്യബന്ധനത്തിന് പോയ അച്ഛനെ കാണാതെയായപ്പോള്‍ സുരേഷിനേം കൂട്ടി അവള്‍ പുഴക്കരയിലേക്ക് നടന്നു .കുട ചൂടീട്ടും ശീത കാറ്റിനാല്‍ രണ്ടു പേരുടേയും ശരീരമാസകലം ന്നനഞ്ഞു കൊണ്ടിരുന്നു.ആകാശം മേഘാവൃതമായാത് കൊണ്ട് പ്രപഞ്ചമാകെ ഇരുട്ട് പരന്നിരുന്നു .പറവകള്‍ അന്നത്തെ അന്നം തേടിയുള്ള യാത്ര മതിയാക്കി അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി കൂട്ടത്തോടെ പറന്നു പോകുന്നുണ്ടായിരുന്നു .കലശലായ കുളിര് അനുഭവപെട്ടപ്പോള്‍ സുരേഷ് പറഞ്ഞു .
,,എനിക്ക് കുളിരുന്നു ചേച്ചി ,നമുക്ക് വീട്ടിലേക്ക് പോകാം .അച്ഛന്‍ തോണി ദൂരെയെവിടെയെങ്കിലും കരയ്ക്കടുപ്പിച്ച് കള്ളു കുടിക്കാനായി കവലയിലേക്ക് പോയിട്ടുണ്ടാവും ,,
,, അച്ഛന്‍ തോണി വേറെ എവിടേയ്ക്കും കൊണ്ടുപോയി കരയ്ക്ക് അടുപ്പിക്കില്ല .ഇവിടേയ്ക്ക് തന്നെ വരികയുള്ളു .എനിക്ക് പേടിയാവുന്നു.അച്ഛന് എന്തെങ്കിലും അപകടം പിണഞ്ഞോ ആവോ ,,
,, എന്തിനാ ചേച്ചി ഇങ്ങിനെ സങ്കടപെടുന്നത് .എന്നും മദ്യപിച്ചു നടക്കുന്ന അച്ഛന്‍ നമ്മുടെ കാര്യങ്ങള്‍ നോക്കുന്നുണ്ടോ .സ്നേഹത്തോടെ എന്തെങ്കിലും ഒരു വാക്ക് ഈ കാലം വരെ നമ്മളോട് പറഞ്ഞിട്ടുണ്ടോ.എന്നേം ചെച്ചിനേം തല്ലാനല്ലേ അച്ഛന് ആകെ കൂടെ അറിയൂ .അച്ഛന്‍ എവിടെയെങ്കിലും പോയി തുലയട്ടെ.നമുക്ക് സമാധാമായി ജീവിക്കാമല്ലോ , ചേച്ചി വാ നമുക്ക് വീട്ടിലേക്ക് പോകാം ,,
,, ഇങ്ങനെയൊന്നും പറയരുത് .കുരുത്തക്കേടു ലഭിക്കും . എന്തുതന്നെയായാലും അച്ഛന്‍ അച്ചനാവാതെയിരിക്കില്ലല്ലോ.കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില ആര്‍ക്കുംതന്നെ അറിയില്ല .കാഴ്ച ഇല്ലാണ്ടായാലെ അത് അറിയൂ ,,
സുരേഷ് നടന്നപ്പോള്‍ അവള്‍ മനസ്സില്ലാ മനസ്സോടെ അവനു പുറകെ നടന്നു .
വീട്ടില്‍ കയറിയ സുരേഷ് അകത്ത് റാന്തല്‍ വിളക്കിന്‍റെ വെട്ടത്തില്‍ പഠിക്കുവാനായി ഇരുന്നു. സുലോചന ഉമ്മറത്ത് എത്തി അച്ഛനേയും നോക്കിയിരുന്നു .രാത്രി ഒന്‍പതു മണി കഴിഞ്ഞിട്ടും കുമാരനെ കാണാതെയായപ്പോള്‍ .സുലോചന പരിഭ്രമിച്ചു ,അവള്‍ പരിസരവാസികളെ വിവരമറിയിച്ചു .അപ്പോഴൊക്കെ അവളുടെ ഇമകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു .പേമാരി അപ്പോഴും തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു .പരിസരവാസികളില്‍ ചിലര്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കുമാരനെ തിരയുവാനായി തോണിയുമായി പോയി .കുമാരനെ കാണാതെ തിരച്ചിലുകള്‍ക്ക് വിരാമമിട്ട് അര്‍ദ്ധരാത്രിയോട് കൂടി എല്ലാവരും തിരികെയെത്തി .എല്ലാവരും പിരിഞ്ഞുപോയപ്പോള്‍ സുരേഷും സുലോചനയും കതകടച്ച് അകത്തിരുന്നു .പിന്നീട് എപ്പോഴോ സുരേഷ് നിദ്രയിലാണ്ടൂ .നേരം പുലരാനായപ്പോള്‍ സുലോചനയും അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു . മഴയുടെ ആരവത്തിനോടൊപ്പം ചിവിടുകളുടെ ശബ്ദവും പ്രപഞ്ചത്തില്‍ മാറ്റൊലി കൊണ്ടിരുന്നു.
പുലര്‍ച്ചെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടുകുണ്ടാണ് സുലോചനയും സുരേഷും ഉറക്കമുണര്‍ന്നത് .സുലോചന ജാലക പാളികള്‍ തുറന്ന് നോക്കിയപ്പോള്‍ .അയല്‍വാസി അശോകേട്ടനെ കണ്ടു. അവള്‍ കതക് തുറന്നു.പരിഭ്രമം നിറഞ്ഞ അയാളെ കണ്ടപ്പോള്‍ സുലോചന ചോദിച്ചു ?.
,, എന്താ അശോകേട്ടാ ...അച്ഛനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ ,,
,, ആ മോളേ ..അച്ഛന്‍ .....അച്ഛന്‍റെ തോണി മറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട് പക്ഷെ അച്ഛനെ കുറിച്ച് ഒരു വിവരവും ഇല്ല .അച്ഛന് അപകടം പറ്റിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ് ,,
അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ സുലോചന ,നിയന്ത്രണം വെടിഞ്ഞ് തോണി മറിഞ്ഞു കിടക്കുന്ന ഇടത്തേക്ക് ലക്ഷ്യമാക്കി ഓടി..... ഒപ്പം സുരേഷും .കരയോട് അടുത്ത് തോണി മറിഞ്ഞ നിലയില്‍ കിടക്കുന്നു.അടുത്തായി പങ്കായവും അച്ഛന്‍റെ തൊപ്പി കുടയും .പോലീസും ഗ്രാമവാസികളും കുമാരന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചു .സുലോച ഓര്‍ത്തുപോയി . സ്നേഹം വാരിക്കോരി നല്‍കിയില്ലെങ്കിലും അച്ഛന്‍ സുലോചനയ്ക്ക് തുണയായിരുന്നു. എത്ര മദ്യപിച്ചാലും .സന്ധ്യയാകുന്നതിനു മുന്‍പ് തന്നെ കുമാരന്‍ വീട്ടില്‍ എത്തുന്ന പതിവ് ഉണ്ടായിരുന്നു .മദ്യം അകത്തു ചെന്നാല്‍ പിന്നെ അച്ഛന്‍ നാടന്‍ പാട്ടുകള്‍ ഈണത്തില്‍ പാടിക്കൊണ്ടിരിക്കും .മദ്യപിക്കാത്ത സമയത്ത് അച്ഛന്‍ ആരോടും അധികമൊന്നും സംസാരിക്കാറില്ല .പക്ഷെ അച്ഛനെ മദ്യപിക്കാതെ കാണുവാന്‍ കഴിയുന്നത് രാവിലെയാണെന്നുമാത്രം . സ്നേഹം പ്രകടിപ്പിക്കുവാന്‍ അച്ഛന് കഴിഞ്ഞിരുന്നില്ലെങ്കിലും സുലോചാനയ്ക്ക് അറിയാമായിരുന്നു .തന്നെയും സഹോദരനേയും അച്ഛന് ജീവനാണെന്ന് . ഗ്രാമവാസികളും പോലീസും ഒന്നടങ്കം തിരഞ്ഞിട്ടും. കുമാരനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല . . ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന പേമാരി ശമാനമായതോടെ സുലോചന പ്രത്യാശയോടെ അച്ഛന്‍റെ തിരിച്ചുവരവും പ്രതീക്ഷിച്ചിരുന്നു........... ......
ശുഭം
rasheedthozhiyoor@gmail.com
ശുഭം
rasheedthozhiyoor@gmail.com