21 December 2014

ലേഖനം .തെറ്റിദ്ധരിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ



മനുഷ്യത്വം അല്‍പം പോലും ഇല്ലാത്ത പ്രവണതകള്‍ കൂടുതലായും ഉണ്ടായികൊണ്ടിരിക്കുന്നത് ആരുടെ ഇടയിലാണ് ?  മതം ഗുണകാംക്ഷയാകുന്നു.മതത്തിൽ നിങ്ങൾ കാലുഷ്യം, ഉണ്ടാക്കരുത്.നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.നന്മ കൽപിക്കണം തിന്മ വിരോധിക്കണം.ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം.അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെ ഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്.കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. 

മതങ്ങള്‍ മനുഷ്യ നന്മയ്ക്കായി പിറവിയെടുത്തതല്ലെ .ജിഹാദ് എന്നും പറഞ്ഞ് കണ്ണിനു മുന്‍പില്‍ പെടുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന ഈ മഹാപാപികള്‍ക്ക് മാപ്പ് കൊടുക്കാന്‍ സര്‍വശക്തനാവുമോ . മനുഷ്യജീവന് യാതൊരുവിധ വിലയും കല്‍പ്പിക്കാത്ത   നിരപരാധികളെ കൊലപെടുത്തുന്നവര്‍ ഭൂമിയിലെ പിശാചുക്കളാണ് .യതാര്‍ത്ഥ  വിശ്വാസികള്‍ക്ക് ആരേയും കൊലപെടുത്തുവാനോ വേദനിപ്പിക്കുവാനോ ആവില്ല   .അന്ധവിശ്വാസികള്‍ ഒരു മതത്തിന്‍റെയും വാക്താക്കളല്ല .അന്ധവിശ്വാസങ്ങളുമായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ മതങ്ങളുടെ ശത്രുക്കള്‍ .എല്ലാമതവും നമ്മെ പഠിപ്പിക്കുന്നത്‌ പരസ്പര സ്നേഹവും, സാഹോദര്യവും ,കരുണയും, നന്മയും ,സാമ്പത്തീകമായി കഴിവുള്ളവര്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം എന്നുമാണ് . മതങ്ങള്‍  ഓരോ വചനങ്ങളും നന്മയുടെ സന്ദേശങ്ങളല്ലെ നമ്മെ പഠിപ്പിക്കുന്നത്‌ . അല്ലാതെ കൊലപാതകങ്ങള്‍ ചെയ്യുവാനാണോ ? .അന്ധവിശ്വാസികള്‍ ചില സ്വാര്‍ത്ഥതല്പരരുടെ,  വാക്കിനാല്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ്  .മാളികകളില്‍ ഒളിഞ്ഞിരുന്ന് തീവ്രവാദങ്ങള്‍ക്ക് ആഹ്വാനങ്ങള്‍ നല്‍കുന്നവരുടെ അന്ത്യം വെടിയുണ്ടകള്‍ ഏറ്റായിരിക്കും എന്ന് നമ്മെ മുന്‍കാലങ്ങളില്‍ ഉണ്ടായ പ്രവണതകളില്‍ നിന്നും പഠിപ്പിക്കുന്നു .

തെറ്റുകള്‍ ചെയ്‌താല്‍ ശിക്ഷ അനുഭവിക്കണം എന്നതിനോട് നാം എല്ലാവരും യോജിക്കുന്നു, . പക്ഷെ യാതൊരുവിധ തെറ്റുകളും ചെയ്യാത്ത നൂറ്റി മുപ്പതില്‍ പരം കുഞ്ഞുങ്ങളെ കൊലപെടുത്തിയ ഭീകരവാദികളുടെ ന്യായീകരണങ്ങള്‍ എന്ത് തന്നെയായാലും ഒരു മനുഷ്യ സ്നേഹിക്കും ഈ മഹാപാപികള്‍ക്ക് മാപ്പു നല്‍കുവാനാവില്ല  .ഈ മനുഷ്യത്വ രഹിതമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ  പ്രത്യയശാസ്ത്രങ്ങൾ ഈ ഭൂലോകത്ത് നിന്നും എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യേണ്ടിയിരിക്കുന്നു .മനുഷ്യന്‍ എന്താണെന്നും മനുഷ്യന്‍റെ ആയുസ്സ് എത്രയാണെന്നും. മനുഷ്യന്‍ മണ്ണില്‍ ലയിച്ചുപോകെണ്ടാവരാണെന്നുമുള്ള  തിരിച്ചറിവാണ് മനുഷ്യനില്‍ ആദ്യം ഉണ്ടാവേണ്ടത് അങ്ങിനെയുള്ള തിരിച്ചറിവുകള്‍ ഉണ്ടായാല്‍ പിന്നെ ആരും ഭീകരവാദികളാവുകയില്ല  .

കൊന്നു കൊലവിളി നടത്തുന്ന മഹാപാപികള്‍ ഓര്‍ക്കണം നൊന്തു പ്രസവിച്ച മാതാവിന്‍റെ മനസ്സ് .ഒരു നിമിഷ നേരംകൊണ്ട് ഇല്ലാതെയാക്കുന്നത് അനേകം പേരുടെ പ്രതീക്ഷകളാണ് .മക്കളെ മാതാപിതാക്കള്‍ എത്ര കരുതലോടെയാണ് വളര്‍ത്തുന്നത് .ഇപ്പോള്‍ പൊലിഞ്ഞുപോയ കുരുന്നുകള്‍ പഠിച്ച് ഉന്നതിയില്‍ എത്തേണ്ടാവരായിരുന്നില്ലേ .വിദ്യാലയത്തിലേക്ക്‌ പോയ മക്കളെ കാത്തിരുന്ന രക്ഷിതാക്കള്‍ക്ക് കാണേണ്ടി വന്നത് അവരുടെ പൊന്നോമനകളുടെ മൃതശരീരങ്ങളല്ലെ .മക്കളെ നഷ്ടമായ മാതാപിതാക്കളുടെ ഇനിയുള്ള ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തിരുന്നുവെങ്കില്‍ ഇങ്ങിനെയൊരു നീച പ്രവര്‍ത്തി ചെയ്യുവാന്‍ മനസാക്ഷിയില്ലാത്ത നീചന്മാര്‍ക്ക് പോലും ആവുമായിരുന്നില്ല  .

 ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ കൊലപാതകങ്ങള്‍ ചെയ്തു കൂട്ടിയിട്ട് ഇക്കൂട്ടര്‍ എന്ത് നേടുന്നു .വാളെടുത്തവന്‍ വാളാലെ എന്ന് പറയുന്നത് പോലെ ഇക്കൂട്ടരെ കാത്തിരിക്കുന്നത് നിയമപാലകരുടെ വെടിയുണ്ടകളോ തൂക്കു കയറോ ആണെന്നുള്ളതാണ് ഇതുവരെ നമുക്ക് കാണുവാന്‍ കഴിഞ്ഞിട്ടുള്ളത് .ഈ നരഹത്യ ചെയ്തവര്‍ വെടിയുണ്ടകള്‍ ഏറ്റു മരണപ്പെട്ടു എന്നതാണ് വസ്തുത . കഴിഞ്ഞ കുറേ കാലങ്ങളായി ഇറാഖില്‍ നിന്നും ,സിറിയയില്‍ നിന്നുമുള്ള ചില വീഡിയോകള്‍ കാണുവാനിടയായി മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു പല വീഡിയോകളിലും ചില വീഡിയോകള്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും മുഴുവനായി കാണുവാന്‍ കഴിയുകയില്ല .അനേകം യുവാക്കളെ കൈകള്‍ പുറകിലേക്ക് വരിഞ്ഞുകെട്ടി .കണ്ണുകള്‍ മൂടിക്കെട്ടി വിജനമായ സ്ഥലത്ത് കൊണ്ടുപോയി മണ്ണില്‍ നിരത്തി ക്കിടത്തി, ശിരസ്സിലേക്ക് തുരുതുരെ വെടിയുതിര്‍ത്തു നിഷ്കരുണം വധിക്കുകയും മരണപെട്ടവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയും ബൂട്ടിട്ട പാദങ്ങളാല്‍ ചവിട്ടുകയും ചെയ്യുന്നു .മരണം മുന്നില്‍ കണ്ടുക്കൊണ്ട് നിരായുധരായ ആ യുവാക്കളുടെ മുഖഭാവങ്ങള്‍ ഇടയ്ക്കിടയ്ക്ക് മനസ്സിനെ നൊമ്പരപെടുത്തി ക്കൊണ്ടേയിരിക്കുന്നു .ആ വീഡിയോകള്‍ കാണേണ്ടിയിരുന്നില്ല കാണുവാന്‍ ഇടയായ ആ നിമിഷങ്ങളെ ഞാന്‍ വെറുക്കുന്നു .കാരണം ഇങ്ങനെയുള്ള രംഗങ്ങള്‍ കാണുവാനുള്ള ത്രാണി എനിക്കില്ല എന്നതാണ് വാസ്തവം .സിറിയയിലെ ആഭ്യന്തര കലാപം നടക്കുമ്പോള്‍ കണ്ട വേറൊരു ദൃശ്യങ്ങള്‍ ഇതിനെക്കാളും ക്രൂരമായതായിരുന്നു . ചരക്കുകള്‍ കൊണ്ട് പോകുന്ന ഒരു വാഹനത്തില്‍ നൂറുകണക്കിന് യുവാക്കളുടെ മൃതദേഹങ്ങള്‍ വാഹനം  ഒരു ബ്രിഡ്ജിനു മുകളില്‍ നിറുത്തി ഒഴുക്കുള്ള പുഴയിലേക്ക് മൃതദേഹങ്ങള്‍ വലിച്ചെറിയുന്നു.ഇത്ര നീചമായ പ്രവര്‍ത്തികള്‍ മനുഷ്യര്‍ക്ക്‌ എങ്ങിനെ ചെയ്യുവാന്‍ കഴിയിന്നു  .മനുഷ്യത്വരഹിതമായ ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ക്ക് പ്രചോദനമാകുന്ന  പ്രത്യയശാസ്ത്രങ്ങൾ, ഈ ഭൂലോകത്ത് നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടേണ്ടതാണ് എന്നാല്‍ മാത്രമേ ലോകജനതയ്ക്ക് മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ ആവുകയുള്ളൂ  . ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാവട്ടെ.ഭീകരവാദം ഇല്ലതെയാവട്ടെ .
                                                                              ശുഭം 
rasheedthozhiyoor@gmail.com