9 May 2014

ചെറുകഥ.ചാരിത്ര്യം


ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

ശവക്കോട്ടയുടെ സമീപം റെയില്‍വേയുടെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍  തകര ഷീറ്റും, മറ്റു പാഴ്‌വസ്തുക്കളാലും നിര്‍മിച്ച ഒരു കുടില്‍ സ്ഥിതിചെയ്യുന്നുണ്ട് .ആ കുടിലില്‍ വര്‍ഷങ്ങളായി തമിഴ് വംശജരായ  കുടുംബമാണ് താമസിക്കുന്നത് .കുടിലില്‍    മദ്ധ്യവയസ്കയായ മുനിയമ്മ എന്ന   കാഴ്ചശക്തിയില്ലാത്ത സ്ത്രീയും, പതിമൂന്നും, ഒന്‍പതും വയസ്സ് പ്രായമായ കസ്തൂരി ,സെല്‍വി എന്ന   രണ്ടു പെണ്‍കുട്ടികളുമാണ്   താമസം . കുട്ടികളുടെ മാതാവിന്‍റെ അമ്മയാണ് മുനിയമ്മ , കുട്ടികളുടെ  മാതാവ് ന്യുമോണിയ ബാധയെ തുടര്‍ന്ന്  നിര്യാതയായിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു .തമിഴ്‌നാട്ടില്‍ നിന്നും കൂട്ടമായി കേരളത്തിലേക്ക് കുടിയേറിയ നാടോടികളില്‍ പെട്ടവരായിരുന്നു ഈ കുടുംബവും .പൊതുവേ  ഗ്രാമങ്ങളില്‍ പുറമ്പോക്ക് ഭൂമികളില്‍  കൂട്ടമായി കുടിലുകള്‍ കെട്ടിയാണ് നാടോടികളുടെ താമസം .പക്ഷെ ഇപ്പോള്‍ മുനിയമ്മയും മകളുടെ മക്കളും ഒറ്റപെട്ട് ജീവിക്കേണ്ടി  വന്നത് .വിധിയുടെ വികൃതിയാണ് .

ആക്രി  ക്കച്ചവടവും, കക്കൂസ് ടാങ്കുകള്‍ വൃത്തിയാക്കലുമാണ് നാടോടികളുടെ പ്രധാന   തൊഴില്‍ .വിദ്യാഭ്യാസം തീരെയില്ലാത്ത നാടോടികള്‍  കുത്തഴിഞ്ഞ ജീവിതത്തിന് ഉടമകളാണ്   .പുരുഷന്മാരും, സ്ത്രീകളില്‍ കുറെയേറെ പേരും മദ്യപാനികളാണ്  .വിവാഹപ്രായമാകുമ്പോള്‍ രക്ത ബന്ധം ഇല്ലാത്തവര്‍ തമ്മില്‍ വിവാഹിതരാകും.പരമ്പരയായി യാതൊരുവിധ ജീവിത മാറ്റങ്ങളും ഇല്ലാതെ നാടോടികള്‍ ഇപ്പോഴും പണ്ടത്തെപ്പോലെ   ജീവിക്കുന്നു .ഈ നാടോടി കൂട്ടത്തില്‍ നിന്നും .ഒളിച്ചോടിയതാണ്‌ മുനിയമ്മയും കുടുംബവും  .കൂട്ടത്തില്‍ കൊള്ളാവുന്ന ഒരുത്തന് തന്നെയാണ് മുനിയമ്മ തന്‍റെ  മകളെ വിവാഹം ചെയ്തു കൊടുത്തത് .മകള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് വരെ പറയത്തക്ക പ്രശനങ്ങള്‍ ഒന്നുംതന്നെയില്ലാതെയാണ് മുനിയമ്മയും കുടുംബവും ജീവിച്ചിരുന്നത്  .

കക്കൂസ് ടാങ്കുകള്‍  വൃത്തിയാക്കല്‍ തൊഴിലാക്കിയിരുന്ന മരുമകനെ  വിവാഹ ശേഷം  മുനിയമ്മ ആ തൊഴിലിന് അയച്ചില്ല .പകരം മുനിയമ്മയും മകളും ചെയ്തിരുന്ന ആക്ക്രി വ്യാപാരത്തില്‍ അയാളേയും ഒപ്പം കൂട്ടുകയായിരുന്നു .വീടുവീടാന്തരം കയറിയിറങ്ങി ആക്രി  സാദനങ്ങള്‍  ചാക്കുകളില്‍ ശേഖരിച്ച് അവ തലച്ചുമടായി വില്പന കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു  മുനിയമ്മയും മകളും  ചെയ്തുപോന്നിരുന്നത്‌ ,മകളുടെ വിവാഹശേഷം  ഒരു മുച്ചക്ര സൈക്കിള്‍ റിക്ഷ വാങ്ങിച്ചു മരുമകന് നല്‍കി.പിന്നീട് മൂന്നുപേരും ഒരുമിച്ചു ആക്രിക്കച്ചവടം ആരംഭിച്ചു .മദ്യപാനിയായ മരുമകന് ഓരോ ദിവസത്തെ വേതനവും മുനിയമ്മ  കൊടുത്തു കൊണ്ടിരുന്നു .ഏതാനും വര്‍ഷങ്ങള്‍ സന്തോഷപ്രദമായ ജീവിതമായിരുന്നു അവരുടേത് . മകള്‍ ആദ്യ കുഞ്ഞിനെ പ്രസവിച്ച് മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴാണ് പ്രശനങ്ങള്‍ക്ക് നാന്ദികുറിച്ചത്‌ .

 നാടോടി കൂട്ടത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ മുനിയമ്മയുടെ മകളെ വിവാഹം ചെയ്യുവാന്‍ അതിയായി  ആഗ്രഹിച്ചിരുന്നു .പക്ഷെ  അവള്‍ക്ക് അയാളെ ഇഷ്ടമായിരുന്നില്ല .ഒരു ദിവസ്സം സമയം ഏതാണ്ട് രാത്രി എഴുമണി കഴിഞ്ഞുകാണും .മുനിയമ്മയും മകളുടെ കുഞ്ഞും നിത്യോപയോഗ സാധനങ്ങള്‍  വാങ്ങിക്കുവാന്‍ പോയിരുന്ന നേരം  .മരുമകന്‍ നേരത്തെതന്നെ  ദിനചര്യയുടെ ഭാഗമായ മദ്യപാനത്തിനും പോയിരുന്നു  .ഇടവപ്പാതിയായത്‌ കൊണ്ട് അന്നും കനത്ത മഴ പെയ്തുകൊണ്ടിരുന്നു .മുനിയമ്മയുടെ മകളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്ന ചെറുപ്പക്കാരന്‍ കുടിലില്‍ താന്‍ ആഗ്രഹിക്കുന്ന പെണ്ണ് മാത്രമേയുള്ളൂ എന്നറിഞ്ഞപ്പോള്‍  .  അയാള്‍ കാമാസക്തനായി കുടിലിലേക്ക് കയറിച്ചെന്നു .അകത്ത് കയറിയ അയാള്‍  കതക് ശബ്ദ മുണ്ടാക്കാതെ സാക്ഷയിട്ടുക്കൊണ്ട് പറഞ്ഞു .

,, ഇന്ത അവസരത്ത്ക്കാകെ എവളോ നാളായി നാന്‍ കാത്തിരുന്തേന്‍ .   ചെല്ലം എനക്ക് നീ  ഇല്ലാമ്മല്‍ വാഴുവേ മുടിയാത് .എന്‍ കനവിലും നിനൈവിലും നീ താന്‍ . ഉന്നെ എന്നുടെ പൊണ്ടാട്ടി ആക്ക്രതുക്ക് നാന്‍  റൊമ്പ ആശ പെട്ടേന്‍  ആനാ  അന്ത ആശൈ ഇനിമേ നടക്കമാട്ടെ .ഒരു വാട്ടി എനക്ക് ഉന്നെ വേണം ,,

 അയാള്‍ അവളെ തന്‍റെ കരവലയത്തിലാക്കി. കുളിച്ച് പൌഡര്‍ ഇട്ടിരുന്ന അവളുടെ ശരീരത്തിലെ മണം   അയാളുടെ സിരകളിലെ രക്തയോട്ടത്തിന്‍റെ വേഗത അധികരിപ്പിച്ചു  .ശക്തനായ അയാളില്‍ നിന്നും കുതറിയോടാന്‍  ശ്രമിച്ചെങ്കിലും അവള്‍ക്കതിനു  കഴിഞ്ഞില്ല .ബലിഷ്ടമായ അയാളുടെ കരങ്ങള്‍ക്കുള്ളില്‍ അവള്‍ ഞെരിഞ്ഞുകൊണ്ടിരുന്നു . കുപ്പിവളകള്‍ പൊട്ടി ചിതറിവീണു .വായ പൊത്തി പിടിച്ചത് മൂലം ഉറക്കെ ഒച്ചവെയ്ക്കുവാന്‍ പോലും കഴിയാതെ അവള്‍ നിലംപതിച്ചു .യുദ്ധത്തില്‍ വിജയിച്ച യോദ്ധാവിനെ പോലെ അയാള്‍ തന്‍റെ ആഗ്രഹ സഫലീകരണത്തിനു ശേഷം എഴുനേറ്റു പോകുമ്പോള്‍ അബലയായ അവളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .അയാളില്‍ നിന്നുമുള്ള പീഡനം അവള്‍ക്ക് വീണ്ടുംവീണ്ടും ഏല്‍ക്കേണ്ടി വന്നു .പിന്നെപ്പിന്നെ ഭര്‍ത്താവിനോട് പറയും എന്ന അയാളുടെ ഭീഷണി മൂലം .മദ്യലഹരിയില്‍ ഉറങ്ങി കിടക്കുന്ന  ഭര്‍ത്താവിന്‍റെ അരികില്‍ നിന്നും അയാള്‍ പാതിരാത്രിയില്‍ വന്നു വിളിക്കുമ്പോള്‍ കുടിലുകള്‍ക്ക് അടുത്തുള്ള ആള്‍താമസം ഇല്ലാത്ത വീടിന്‍റെ വരാന്തയിലേക്ക്‌ അയാളോടൊപ്പം അവള്‍ക്ക് പലവട്ടം പോകേണ്ടിവന്നു  .

ഒരു ദിവസം പാതിരാത്രിയില്‍ മദ്യലഹരയില്‍ ഉറങ്ങി കിടന്നിരുന്ന അവളുടെ ഭര്‍ത്താവ്  ഉറക്കമുണര്‍ന്നു .ഭാര്യയുടെ സാനിദ്ധ്യം ആഗ്രഹിച്ച അയാള്‍ഇരുട്ടില്‍  കിടക്ക പായയില്‍ അവളെ പരതി .കാണാതെയായപ്പോള്‍ അയാള്‍ അവളെ വിളിച്ചു. മറുപടി ലഭിക്കാതെയായപ്പോള്‍  എഴുന്നേറ്റു  വിളക്ക് തെളിയിച്ചു നോക്കി .ഭാര്യയെ കാണാതെയായ   അയാള്‍ ആകെപ്പാടെ  അസ്വസ്ഥനായി .അയാള്‍ വിളക്കുമായി കുടിലിനു പുറത്ത് പോയിരുന്നു .അല്‍പ നേരം കഴിഞ്ഞപ്പോള്‍  വിളക്ക് അണച്ച്  തിരകെ വന്നു  കിടന്നു .ആദ്യമായി അയാള്‍ക്ക്‌ ഭാര്യയുടെ ചാരിത്ര്യത്തെ കുറിച്ച്  സംശയം ഉളവാക്കി . കുറേ നേരം കഴിഞ്ഞപ്പോള്‍ അവള്‍ അയാള്‍ക്കരികില്‍ വന്നു കിടന്നു .അയാള്‍ സ്വരം താഴ്ത്തി ചോദിച്ചു .

,, നീ എങ്കെ പോയിരുന്തേ ? ,,

പ്രതീക്ഷിക്കാതെയുള്ള ഭര്‍ത്താവിന്‍റെ ചോദ്യം അവളെ നടുക്കി

,,  വയറുക്ക് നോയി നാന്‍ വെളിയില്‍ ഇരിക്ക പോയത് ,,

,, ഇവളോ സമയം വെളിക്കിരിക്ക പോയതാ ,,

.. ആമാങ്കെ ,,

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ അവിഹിത ബന്ധം അയാള്‍ പിടികൂടി .നാടോടികളുടെ എല്ലാ കുടിലുകളിലും വിവരം കാട്ടുതീ പോലെ പടര്‍ന്നൂ .ഭാര്യ തന്നെ ചതിച്ചതിലുള്ള  മനോവിഷമം മൂലം അയാള്‍ പിന്നീട്  മുഴുനീള മദ്യപാനിയായി മാറി. അവള്‍ക്ക് അയാളില്‍ നിന്നും ദേഹോപദ്രവം പതിവായി ഏല്‍ക്കേണ്ടി വന്നു .അവളുടെ ജീവിതം ശിഥിലമാകുവാന്‍ ഹേതുവായ ചെറുപ്പക്കാരന്‍ അവളെ കയ്യൊഴിഞ്ഞു .അയാള്‍ക്ക്‌ പിന്നെ അവളുടെ ശരീരം വേണ്ടാതെയായി . ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  തന്‍റെ ഉദരത്തില്‍ രണ്ടാമത്തെ കുഞ്ഞ് പിറവിയെടുക്കുന്ന വിവരം അവളറിഞ്ഞു. രണ്ടുപേരുമായി ശാരീരിക ബന്ധം പുലര്‍ത്തേണ്ടി വന്നതുകൊണ്ട് . കുഞ്ഞിന്‍റെ പിതൃത്വം രണ്ടു പേരില്‍  ആരുടെയാണെന്ന്   അറിയാന്‍ കഴിയാത്ത അവസ്ത അവളെ വല്ലാതെ ധര്‍മ്മസങ്കടത്തിലാക്കി .ഭാര്യ ഗര്‍ഭണിയാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവിന്‍റെ മര്‍ദ്ദനം കൂടുതല്‍ അവള്‍ക്ക് ഏല്‍ക്കേണ്ടി വന്നു .ഒരു ദിവസം വഴക്കിനിടയില്‍ അടുപ്പില്‍ നിന്നും തിളച്ച വെള്ളം അയാള്‍ ഭാര്യയുടെ മുഖത്തേക്ക് ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍  അയാളെ തടുക്കാന്‍ പോയതാണ് മുനിയമ്മ .പക്ഷെ മദ്യലഹരിയിലായിരുന്ന അയാള്‍ തിളച്ച വെള്ളം മുനിയമ്മയുടെ മുഖത്തേക്ക് ഒഴിച്ചു .മുഖമാകെ പൊള്ളലേറ്റ മുനിയമ്മ ദിവസങ്ങളോളം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നു .അപ്പോഴേക്കും മുനിയമ്മയുടെ കാഴ്ചശക്തി ഇല്ലാതെയായി  .

ആശുപത്രിയില്‍ നിന്നും  തിരികെ  പോരുമ്പോള്‍ മുനിയമ്മ ഒരു തീരുമാനം എടുത്തിരുന്നു .മരുമകനില്‍ നിന്നും മകളേയും കുഞ്ഞിനേയും രക്ഷിക്കാനായി അയാളുടെ കണ്ണില്‍ പെടാത്ത ഏതെങ്കിലും ദൂര ദേശത്തേക്ക് പാലായനം ചെയ്യുക എന്നതായിരുന്നു ആ തീരുമാനം .അങ്ങിനെ എത്തിപ്പെട്ടതാണ് മുനിയമ്മയും കുടുംബവും ശവക്കോട്ടയുടെ മതിലുകള്‍ക്ക് ഏതാനും മീറ്ററുകള്‍ ദൂരെയുള്ള .റെയില്‍വേ യുടെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ . മുനിയമ്മ ഗ്രാമത്തിലെ അറിയപെടുന്ന ക്ഷേത്ര നടയില്‍ ഭിക്ഷ യാചനയ്ക്ക് ഇരിക്കും .അമ്മയെ ക്ഷേത്ര നടയില്‍ ഇരുത്തിയ ശേഷം മകളും കുഞ്ഞും ശവക്കോട്ടയിലേക്ക്‌ പോകും .  ഏക്കര്‍ കണക്കിന് വരുന്ന  പറമ്പില്‍ കൂറ്റന്‍ മതിലുകളുള്ള ശവക്കോട്ടയില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാറില്ല പകരം ശവക്കോട്ടയുടെ മുന്‍ഭാഗത്ത് വൈദ്യുതി  സ്മശാനം സ്ഥിതിചെയ്യുന്നു ,അവിടെ  മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ് ഇപ്പോഴത്തെ  പതിവ് .അനാഥ ശവങ്ങള്‍ അടക്കം ചെയ്യുവാനായി രാജ ഭരണകാലത്ത് നിര്‍മ്മിച്ച ഈ ശവക്കോട്ട ഇന്ന് പരിസരവാസികള്‍ക്ക് ശാപമാണ്. കാരണം മുനിസിപ്പാലിറ്റിയുടെ പരിതിയില്‍ നിന്നുമുള്ള മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഈ ശവക്കൊട്ടയിലാണ് .പരിസരമാകെ കൊതുകുകളുടെ ശല്ല്യം മൂലം പരിസരവാസികളില്‍ ഭൂരിഭാഗവും നിത്യ രോഗികളാണ്.ശവക്കോട്ടയില്‍ ടിപ്പര്‍  ലോറികളില്‍ കൊണ്ടുവന്ന്‌ തള്ളുന്ന മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കുകളും ഇരുമ്പും പെറുക്കിയെടുത്തു വില്‍ക്കുകയായിരുന്നു മുനിയമ്മയുടെ മകളുടെ തൊഴില്‍  .

  രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍  മുനിയമ്മയുടെ മകള്‍ മലമ്പനി പിടിപ്പെട്ട് അസുഖം കൂടി  ന്യുമോണിയ  ബാധിച്ചു മരണപെട്ടത്തില്‍ പിന്നെ മകള്‍ കസ്തൂരി ആ ജോലി ഏറ്റെടുത്തു  .കസ്തൂരിക്ക്  ഇപ്പോള്‍ വയസ്സ് പതിമൂന്നു കഴിഞ്ഞിട്ടേയുള്ളൂ . പക്ഷെ  മുതിര്‍ന്നവരുടെ ചിന്തകളും പ്രവര്‍ത്തികളുമാണ് അവള്‍ക്കിപ്പോള്‍ . വ്യക്തമായ ജീവിത കാഴ്ചപാടുകളുണ്ട് കസ്തൂരിക്ക് .അവളുടെ ഇപ്പോഴത്തെ ഏറ്റവുംവലിയ ആഗ്രഹം സഹോദരി സെല്‍വിയെ പഠിപ്പിച്ച് നല്ല നിലയിലാക്കണം എന്നതാണ് .അതുകൊണ്ടുതന്നെ ഗ്രാമവാസികളുടെ സഹായത്താല്‍ സെല്‍വിയെ വിദ്യാലയത്തില്‍ ചേര്‍ത്തു .ഇപ്പോള്‍ സെല്‍വി നാലാം തരത്തില്‍ പഠിക്കുന്നു .    മുനിയമ്മയെ അവളിപ്പോള്‍  ഭിക്ഷാടനത്തിന് അയക്കാറില്ല . മാലിന്യ കൂമ്പാരത്തില്‍ നിന്നും പെറുക്കിയെടുക്കുന്ന ആക്രി സാധനങ്ങള്‍ വില്പന ചെയ്തു ലഭിക്കുന്ന തുകയില്‍  നിന്നും നിത്യവൃത്തി വേണ്ടുന്ന തുക കഴിച്ച് മിച്ചം വരുന്ന  നല്ലൊരു തുക ബാങ്കില്‍ അവള്‍ നിക്ഷേപിക്കുന്നുണ്ട് .വലിയ പെണ്‍കുട്ടിയായി എന്ന തിരിച്ചറിവും അര്‍ത്ഥംവെച്ചുള്ള ചില പുരുഷന്മാരുടെ നോട്ടവും അവളെ സങ്കടപെടുത്തി .ഇപ്പോള്‍ അവള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ശവക്കോട്ടയുടെ കാവല്‍ക്കാരനെയാണ് .അയാളെ കാണുമ്പോഴേ ഭയപെടുത്തുന്ന പ്രകൃതമാണ്.  കൊമ്പന്‍മീശയും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഇമകളും ജടപിടിച്ച  തലമുടിയും ,താടിയും ഉള്ള അയാള്‍ ഈയിടെയായി അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുവാന്‍ തുടങ്ങിയിരിക്കുന്നു .അതുകൊണ്ടുതന്നെ അവളിപ്പോള്‍ സന്ധ്യയാകുന്നതിനു മുന്‍പ് തന്നെ തന്‍റെ ജോലി മതിയാക്കും. കസ്തൂരിയെ കൂടാതെ മറ്റുപലരും ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട് എല്ലാവരും തമിഴ് വംശജര്‍ തന്നെയാണ് .

കാവല്‍ക്കാരന്‍ താമസിക്കുന്നത് ശ്മശാനത്തിനോട് ചേര്‍ന്നുള്ള മുറിയിലാണ് ഒരു ദിവസ്സം കാവല്‍ക്കാരന്‍ കസ്തൂരിയോട് പറഞ്ഞു .

,, കസ്തൂരി ഞാന്‍ കുറേ ആക്രി സാദനങ്ങള്‍ മുറിയില്‍ എടുത്തുവെച്ചിട്ടുണ്ട് .എല്ലാം കസ്തൂരിക്കായി എടുത്ത് വെച്ചതാണ് .എന്‍റെ കൂടെ വന്നാല്‍ ഞാന്‍ അവയെല്ലാം  എടുത്തുതരാം ,,

കസ്തൂരി ധര്‍മസങ്കടത്തിലായി .കാവല്‍ക്കാരനെ പിണക്കിയാല്‍ അയാള്‍ പിന്നെ ശവക്കോട്ടയിലേക്ക്‌ പ്രവേശിക്കുവാന്‍ തന്നെ  അനുവദിക്കില്ല എന്ന് അവള്‍ക്ക് അറിയാം . അതുക്കൊണ്ട്  അവള്‍ പറഞ്ഞു .

,, സാമി നാന്‍ ഇങ്കെ നിക്കിരേന്‍ .ഉങ്കള്‍ അന്ത സാധനങ്ങള്‍    ഇങ്കെ കൊണ്ടു വാങ്കെ ,,

,, അത് പറ്റില്ല കുറേ സാധനങ്ങളുണ്ട് അവിടെ വന്നാല്‍ .എല്ലാം ഞാന്‍ കസ്തൂരിക്ക് എടുത്ത് തരാം ,,

അവള്‍ മനസ്സില്ലാമനസ്സോടെ അയാളെ പിന്‍ തുടര്‍ന്നു .മുറിയുടെ അടുത്ത് എത്തിയപ്പോള്‍ അയാള്‍ കതക് തുറന്ന് സാധനങ്ങള്‍ കാണിച്ചുകൊടുത്തു .കുറേ ഇരുമ്പു പൈപ്പുകളും മറ്റും മുറിയുടെ ഓരം ചേര്‍ത്തു വെച്ചിരിക്കുന്നത് അവള്‍ കണ്ടു . അവള്‍ അകത്തേക്ക് കയറുവാന്‍ മടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ കാവല്‍ക്കാരന്‍ പറഞ്ഞു .

ഞാന്‍ ഇവിടെ നില്‍ക്കാം കസ്തൂരി പോയി സാധനങ്ങള്‍ എടുത്തോളൂ ,,

കസ്തൂരി ചാക്കുമായി അകത്തേക്കുപോയി. ധൃതിയില്‍ സധങ്ങള്‍ ഓരോന്നായി ചാക്കിലേക്ക് പെറുക്കിയിടുന്നതിനിടയില്‍  പൊടുന്നനെ വാതിലുകള്‍ കൊട്ടിയടക്കപെട്ടു .അവള്‍ നടുക്കത്തോടെ തിരിഞ്ഞു നോക്കി .കാമാസക്തനായ അയാളുടെ മുഖഭാവം അവളെ പേടിപ്പെടുത്തി  .മദ്യത്തിന്‍റെ ഗന്ധം   മുറിയില്‍ ആകമാനം നിറഞ്ഞു നിന്നു .അവള്‍ മുറിയില്‍ നിന്നും പുറത്തേക്ക് ഓടുവാന്‍ ശ്രമിച്ചു. ഞൊടിയിടയില്‍ അയാള്‍ അവളെ തന്‍റെ കരവലയത്തിലൊതുക്കി .ആരേയും ഭയപെടുത്തുന്ന അയാളുടെ മുഖം കസ്തൂരിയുടെ മുഖത്തോട് ചേര്‍ന്നു .അവള്‍ അയാളുടെ കവിളില്‍ സര്‍വശക്തിയും എടുത്ത് കടിച്ചു .കുതറിയോടാന്‍ ശ്രമിച്ച അവള്‍ക്ക് അതിന് കഴിയാതെയായപ്പോള്‍ .പ്രാണരക്ഷാര്‍ഥംഅയാളുടെ  കവിളിലെ  മാംസത്തിന്‍റെ ഒരു കഷണം   അവള്‍ കടിച്ച് പറിച്ചെടുത്ത് പുറത്തേക്ക് തുപ്പി .രക്തം അവളുടെ മുഖത്ത് ആകമാനം തെറിച്ചു .അയാള്‍ അസഹ്യമായ വേദനയോടെ പിടുത്തം വിട്ടു .കസ്തൂരി  കതക് തുറന്നു  കുടിലിലേക്ക് ഓടി .വായില്‍നിന്ന് അവെശേഷിച്ച രക്തവും താടി രോമങ്ങളും മാംസവും ഓട്ടത്തിനിടയില്‍ അവള്‍ തുപ്പിക്കൊണ്ടിരുന്നു .

പിന്നീടോരിക്കലുമവള്‍  ശവക്കോട്ടയിലേക്ക്‌ പോയില്ല. അടുത്ത ദിവസ്സം സെല്‍വിയെ വിദ്യാലയത്തില്‍ ചേര്‍ക്കുവാന്‍ സഹായിച്ച അദ്ധ്യാപകനെ പോയികണ്ട്  കാര്യങ്ങള്‍ ബോധിപ്പിച്ചു .എല്ലാം കേട്ടതിന് ശേഷം അദ്ധ്യാപകന്‍  പറഞ്ഞു .

,,ശവക്കോട്ടയിലെ കാവല്‍ക്കാരനെ പോലെയുള്ളവരാണ്‌ ഇപ്പോള്‍ ഈ സമൂഹത്തില്‍ കൂടുതല്‍ .അമ്മയേയും സഹോദരിയേയും മകളേയും തിരിച്ചറിയാത്ത    വര്‍ഗങ്ങള്‍ മോള് ഇനിയും ആ പുറമ്പോക്ക് ഭൂമിയില്‍ അന്തിയുറങ്ങുന്നത് ബുദ്ധിയല്ല .അയാള്‍ ഇനിയും മോളെ ശല്ല്യം ചെയ്യുവാന്‍ വരാതെയിരിക്കില്ല . എന്‍റെ സുഹൃത്തിന് താമസിക്കാനായി  വാടകയ്ക്ക് കൊടുക്കുന്ന ചെറിയ വീടുകളുണ്ട്. ആയിരത്തി അഞ്ഞൂറ് രൂപയെ മാസ വാടക കൊടുക്കേണ്ടി വരികയുള്ളു .അഡ്വാന്‍സ് തുക  കൊടുക്കാതെ അവിടെ താമസിക്കുവാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്യാം .,,

കസ്തൂരിക്ക് നന്ദി പറയുവാന്‍ വാക്കുകള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല .അവളുടെ ഇമകള്‍ നിറയുന്നുണ്ടായിരുന്നു .യാത്ര പറഞ്ഞ് തിരികെ നടക്കുമ്പോള്‍ പുറകില്‍ നിന്നും ,, കുട്ടി  നില്‍ക്കൂ ,, എന്ന സ്ത്രീയുടെ ശബ്ദംകേട്ട്  അവള്‍ തിരിഞ്ഞു നോക്കി .കുറച്ച് വസ്ത്രങ്ങളുമായി അവര്‍ കസ്തൂരിയുടെ അരികിലേക്ക് വന്നുപറഞ്ഞു .

,, മോളുടെ പ്രായമുള്ള എന്‍റെ മകളുടെ വസ്ത്രങ്ങളാണ് ഇത് .ഇതില്‍ നിന്നും മോള്‍ക്ക്‌ ഇഷ്ടമായ  വസ്ത്രം ധരിച്ച് ഞാന്‍ പറയുന്ന ഇടത്തേക്ക് മോള് നാളെ പോകണം. ഒരു പക്ഷെ മോള്‍ക്ക്‌ നാളെ അവിടെ ജോലി ലഭിക്കും  ,,

ആശ്ചര്യത്തോടെ കസ്തൂരി  ആ സ്ത്രീയെ നോക്കുന്നത് കണ്ടപ്പോള്‍ അദ്ധ്യാപകന്‍ അവരുടെ  അരികിലേക്ക് വന്നു  പറഞ്ഞു .

എന്താ ആശ്ചര്യത്തോടെ നോക്കുന്നെ ....ഇത് എന്‍റെ സഹധര്‍മ്മിണി .ബാങ്കില്‍ ജോലി നോക്കുന്നു .കൂടെ ജോലി നോക്കുന്ന സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നതാണ് വ്യാപാരം. ചെമ്മീന്‍ സംസ്കരണ ശാലയിലേക്ക് അവര്‍ ആളെ  തേടുന്നുണ്ട് .കുഞ്ഞിന് അവിടെ ജോലി ലഭിക്കും തീര്‍ച്ച ,,

കസ്തൂരിക്ക് ജോലി ലഭിച്ചു .ഒപ്പം തരക്കേടില്ലാത്ത വേതനവും .അവര്‍ വാടക വീട്ടിലേക്ക് താമസം മാറി .ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു .ഇപ്പോള്‍ കസ്തൂരിക്ക് പത്തൊന്‍പതും സെല്‍വിക്ക് പതിനഞ്ചും വയസ്സ്  കഴിഞ്ഞിരിക്കുന്നു .സെല്‍വി പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം അറിയാനായി കാത്തിരിക്കുന്നു . ഒരു ദിവസ്സം  ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ കസ്തൂരി വീട്ടില്‍ വന്ന അഥിതിയെ കണ്ട് നടുങ്ങി .അച്ഛന്‍റെ മുഖം ഓര്‍മ്മയില്‍ ഇല്ലെങ്കിലും അവള്‍ ആളെ  തിരിച്ചറിഞ്ഞൂ .മുനിയമ്മ മരുമകനെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞിരുന്നു  .ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പ് പറയുന്നത് പോലെയായിരുന്നു അയാളുടെ സംസാരം .അയാള്‍ തിരികെ പോകും എന്നായിരുന്നു കസ്തൂരി കരുതിയത്‌. പക്ഷെ അയാള്‍ അവിടെ നിന്നും  പോയില്ല .തന്നെയുമല്ല സന്ധ്യ ആയപ്പോള്‍ അയാള്‍ മൂക്കറ്റം മദ്യപിച്ച് വീട്ടില്‍ തിരികെയെത്തി ബഹളം വെയ്ക്കുവാന്‍ തുടങ്ങി .സെല്‍വിയെ ചൂണ്ടി കൊണ്ട് കസ്തൂരിയോടായി അയാള്‍ പറഞ്ഞു .

,, ഇന്ത പൊണ്ണ്‍  എന്നുടെയല്ലൈയ് ഉന്നുടെ  അമ്മ എന്നെ  ഏമാത്തി പുറന്ത    പെണ്ണ്, ഇന്ത പെണ്ണെ നാന്‍ വിടമാട്ടെ കൊന്നിടുവേന്‍,,

കസ്തൂരി അയാളെ ഒരു വിദം വീടിന് പുറത്താക്കി കതകടച്ച് സാക്ഷയിട്ടു .പേടിച്ച് കരഞ്ഞിരിരുന്ന  സെല്‍വിയെ അവള്‍ മാറോട് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു .കസ്തൂരിയുടെ പിതാവ് പുലമ്പിക്കൊണ്ട് ദൂരേക്ക്‌ നടന്നകന്നു .അടുത്ത ദിവസ്സം ജോലിക്ക് പോയി തിരികെ വന്ന കസ്തൂരി വീട്ടില്‍ ആരെങ്ങേറിയ സംഭവവികാസങ്ങള്‍ അറിഞ്ഞ് നടുങ്ങി നിന്നു .കസ്തൂരി ജോലിക്ക് പോയി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കസ്തൂരിയുടെ പിതാവ് വീട്ടില്‍ വന്ന് മുനിയമ്മയെ ബലമായി മുറിയില്‍ പൂട്ടിയിട്ട് സെല്‍വിയുടെ  ചാരിത്ര്യം  നശിപ്പിച്ചിരിക്കുന്നു .സഹോദരിയെ ആശ്വസിപ്പിക്കുവാന്‍ കഴിയാതെ കസ്തൂരി പൊട്ടിക്കരഞ്ഞു .തന്‍റെ അച്ഛനെന്നു പറയുന്ന ആ ദ്രോഹിയെ നേരില്‍ കണ്ടാല്‍ വെട്ടി കൊല്ലുവാനാണ്‌ അവള്‍ക്ക് അപ്പോള്‍ തോന്നിയത് .

 അടുത്ത ദിവസ്സം അവള്‍ നേരെ പോയത് പോലീസ് സ്റ്റെഷനിലെക്കാണ് .അയാളെ  ഇനിയും തടങ്കലിലാക്കിയില്ലെങ്കില്‍  ആവര്‍ത്തിച്ച അരുതാത്ത തെറ്റ് ഇനിയും ആവര്‍ത്തിക്കപെടും .പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി തിരികെ പോരും നേരം എസ് ഐ ഫോണില്‍ പത്ര മാധ്യമ പ്രവര്‍ത്തകനായ സുഹൃത്തിനെയായി  സംസാരിക്കുന്നത് കസ്തൂരി കെട്ടു .

,, എടോ ...നല്ല ചൂടുള്ള ഒന്നാംതരം വാര്‍ത്തയുണ്ട്. താന്‍ വേണമെങ്കില്‍ തന്‍റെ പത്രത്തില്‍ വാര്‍ത്ത  കൊടുത്തോ .അതെ ബലാല്‍സംഗം തന്നെയാണ് .ഇത് പക്ഷെ സ്പെഷല്‍ വാര്‍ത്തയാണ് അച്ഛന്‍ മകളെ ഹ ഹാ ഹാ ....ഞങ്ങള്‍ പോയി പുള്ളിയെ പൊക്കിയിട്ട് വരാം.അപ്പോഴേക്കും താനിങ്ങു പോരെ ഫോട്ടോ സഹിദം തനിക്ക് വാര്‍ത്ത നല്‍കാം  ,,

പോലീസ് കാരന്‍റെ അട്ടഹാസം അവിടെമാകെ മാറ്റൊലി കൊണ്ടൂ .തിരികെ പോരുമ്പോള്‍ റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോള്‍ ദൂരെ ആള്‍ക്കൂട്ടം കസ്തൂരി കണ്ടു . അവള്‍  അവിടെ പോയി വട്ടമിട്ട് കൂടി നില്‍ക്കുന്നവരുടെ ഇടയിലേക്ക് എത്തി നോക്കി. ഒരാളുടെ ശിരസ്സ് അറ്റ നിലയില്‍ കിടക്കുന്നു .ആരോ ആത്മഹത്യ ചെയ്തതാണെന്ന്  അവള്‍ക്ക് ഒറ്റനോട്ടത്തില്‍  മനസ്സിലായി റെയില്‍വേ പാളത്തിനു പുറത്ത് ഉടലും അകത്തായി ശിരസ്സും കിടക്കുന്നു . രക്തംപുരണ്ട   ശിരസ്സിലേക്ക് സൂക്ഷിച്ചു  നോക്കിയ കസ്തൂരി ഒരു നിമിഷം നടുങ്ങി നിന്നു .തന്‍റെ അച്ചന്‍റെ ശിരസ്സറ്റ മൃതദേഹം, അവള്‍ അല്‍പനേരം ആ കാഴ്ച നോക്കി നിന്നു .ജന്മം നല്‍കിയ സ്വന്തം അച്ഛന്‍റെ രക്തംപുരണ്ട ശിരസ്സ്‌ കണ്ടപ്പോള്‍ തെല്ലും മനസ്താപമുണ്ടായില്ല .പകരം മനസ്സിന് വല്ലാത്ത ആനന്ദമാണ് അനുഭവപെട്ടത്‌ .അച്ഛന്‍റെ ക്രൂരമായ മര്‍ദ്ദനം മൂലമാണ് അമ്മയ്ക്ക് ജീവന്‍ നഷ്ടമായത് എന്നവള്‍ ഓര്‍ത്തുപോയി . അല്‍പനേരം കഴിഞ്ഞപ്പോള്‍ കസ്തൂരി   തിരികെ വീട്ടിലേക്ക്  നടന്നു .ഇനിയുള്ള ജീവിതം ആരേയും ഭയക്കാതെ ജീവിതം ആസ്വദിച്ചു  ജീവിക്കാം എന്ന ശുഭ പ്രതീക്ഷയോടെ .അപ്പോള്‍ ദൂരെ നിന്നും ട്രയിന്‍ ചൂളംവിളിയോടെ   ചീറിപ്പാഞ്ഞ് വരുന്നുണ്ടായിരുന്നു .

                                                                       ശുഭം



rasheedthozhiyoor@gmail.com                rasheedthozhiyoor.blogspot.com