ചിന്താക്രാന്തൻ

16 February 2014

ലേഖനം . പ്രതിബന്ധതയില്ലാത്ത സമൂഹവും ഭരണകര്‍ത്താക്കളും

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

         മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടേയും ഉപഭോഗം  ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍  നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു പൂര്‍വാധികം ശക്തിയോടെ .സര്‍ക്കാരിന്‍റെ സഹായം വേണ്ടുവോളം മദ്യപാനികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് വളരെയധികം ഖേദകരമാണ് ,മദ്യപാനികളുടെ വോട്ട് ലഭിച്ചില്ലെങ്കില്‍ വീണ്ടും  അധികാരത്തിലിരിക്കുവാനും സുഖലോലുപരായി ജീവിക്കുവാനും അധികാരവര്‍ഗ്ഗത്തിന് ആവില്ലല്ലോ .നമ്മുടെ നാട്ടിലെ കുടുംബിനികളും, അമ്മമാരും ,സഹോദരികളും,മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്കായി മണിക്കൂറുകളോളം നീണ്ട നിരകളില്‍  നില്‍ക്കുമ്പോള്‍, നമ്മുടെ നാട്ടിലെ മദ്യ ഉപഭോക്താക്കള്‍    ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ മണിക്കൂറുകളോളം മദ്യം വാങ്ങുവാനായി കാത്തു നില്‍ക്കുന്നു .സമൂഹത്തില്‍ മാന്യന്മാരായവര്‍ പോലും ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ പൊരിവെയിലില്‍ സര്‍ക്കാരിന്‍റെ സഹായ  മദ്യം വാങ്ങുവാനായി ഒരു ഉളുപ്പും അപമാനവും ഇല്ലാതെ നില്‍ക്കുന്ന കാഴ്ചകള്‍ കേരളത്തിന്‍റെ നാനാഭാഗത്തും നമുക്ക് കാണുവാന്‍ കഴിയും .മദ്യപാനികള്‍  വഴിയോരങ്ങളില്‍ മദ്യപിച്ച് അര്‍ദ്ധബോധാവസ്ഥായില്‍   ഉടുതുണി പോലും ഇല്ലാതെ കിടക്കുന്ന കാഴ്ചകള്‍ ധാരാളം നമുക്ക് കാണേണ്ടി വരുന്നു .ഇതാണോ നാം ആഗ്രഹിക്കുന്ന ജനാധിപത്യ രാജ്യം. 

  ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൂലിപ്പണിക്ക്  പോകുന്നവര്‍ക്ക് പോലും അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നു .നിത്യവൃത്തിക്കായി  പാവപെട്ട കുടുംബിനികള്‍ കല്ലും മണ്ണും ചുമന്ന്   പൊരിവെയിലില്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്നു രൂപ പോലും വഴക്കടിച്ചു വാങ്ങിച്ച് ഇക്കൂട്ടര്‍ മദ്യപിക്കാനായി ചിലവഴിക്കുന്നു .   ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്ന  മനുഷ്യരുടെ സിരകളില്‍ രക്തം ഉറഞ്ഞുതുള്ളുന്നതിനാല്‍ ,അവരുടെ   സ്വബോധം നഷ്ടമാകുന്നതിന്‍റെ  പരിണിതഫലമായ്  മനുഷ്യര്‍ മൃഗതുല്ല്യരായി  അധംപതിക്കുന്നു  .ക്രോധം, ആക്രോശം,അധര്‍മ്മം ,   കാമം എന്നിവ മാത്രം ഇങ്ങനെയുള്ളവരുടെ   ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍,ആസക്തിയുടെ ശമനത്തിനായി ഇകൂട്ടര്‍ അഹോരാത്രം  പരിശ്രമിക്കുന്നു . കാമാസക്തിക്ക് മുന്നില്‍   നൊന്ത് പ്രസവിച്ച മാതാവെന്നോ , സഹോദരിയെന്നോ മകളെന്നോ  ബന്ധങ്ങള്‍  ഒന്നുമില്ലാതെയാകുന്നു . 

മദ്യപാനികളുടെ  മസ്തിഷ്കത്തില്‍ ശൂന്യത .... ശൂന്യത മാത്രം . കാഴ്ചയില്‍ എല്ലാ സ്ത്രീകളും    ഒരുപോലെ   തോന്നിപ്പിക്കുന്നതിനാല്‍ കാമാസക്തരാകുന്നവര്‍     അല്‍പ നേരത്തെ  ശാരീരിക സുഖത്തിനുവേണ്ടി  പിച്ചി ചീന്തുന്നു സ്ത്രീ ശരീരങ്ങള്‍ .ലഹരിക്കടിമയാകുന്നവര്‍ മാതാവെന്നോ സഹോദരിയെന്നോ വേര്‍തിരിവുകള്‍ ഇല്ലാതെ മൃഗതുല്ല്യരാകുന്നു .മൃഗങ്ങള്‍ പക്ഷെ ഭോഗം കഴിഞ്ഞാല്‍പ്പിന്നെ ഭോഗത്തിന് ഇരയായ മൃഗത്തെ  പരിക്കുകള്‍ ഏല്‍പ്പിക്കാതെ സ്വതന്ത്രരാക്കുന്നു    .മറിച്ച്  മനുഷ്യന്‍ പരിക്കുകള്‍ ഉണ്ടാക്കി നിഷ്കരുണം പച്ചമാംസത്തില്‍ നിന്നും ഊര്‍ന്നുവരുന്ന രക്തം കണ്ട് ആസ്വദിച്ച് , ലഹരിയാല്‍  ആനന്ദ നൃത്തം ചവിട്ടി നടനമാടുന്നു . ലഹരിക്കടിമയാകുന്ന   മനുഷ്യന്‍റെ  രൌദ്രഭാവം  കാണുന്നവരിലെല്ലാം ഭയാനകം ഉളവാക്കുന്നു. ദാക്ഷിണ്യം ഇല്ലാതെ നിഷ്കരുണം കൊലപാതകങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ലഹരിക്കടിമയായവരിലാണധികവും എന്നതാണ് വാസ്തവം .

മര്‍ദ്ദനങ്ങളും , സ്നേഹമില്ലായ്മയും,  സാഹോദര്യമില്ലായ്മയും  എല്ലാംതന്നെ ഹേതുവാകുന്നത് മദ്യത്തിന്‍റെയും ,ലഹരി വസ്തുക്കളുടേയും ഉപഭോഗം നിമിത്തമാണ്എന്നത് നാം ഏവര്‍ക്കും അറിയാവുന്ന നഗ്നമായ സത്യമാണ് . പത്ര,ദൃശ്യ മാധ്യമങ്ങളില്‍ പീഡനങ്ങളുടെ വാര്‍ത്തകളാണ് നാള്‍ക്കുനാള്‍ അധികവും വായിക്കുവാനും കാണുവാനും ശ്രവിക്കുവാനും  നമുക്ക് മുന്‍പിലേക്ക് എത്തുന്നത് .മനുഷ്യന്‍റെ ജീവിക്കുവാനുള്ള സ്വത്രന്ത്യത്തെ ഇല്ലായ്മ ചെയ്യുവാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെയാകുന്നത് വളരെയധികം ഖേദകരമായകാര്യമാണ് .അധികാരവര്‍ഗ്ഗത്തിനും നീതിന്യായ വര്‍ഗ്ഗത്തിനും മനുഷ്യനെ സംരക്ഷികേണ്ടുന്ന എല്ലാവര്‍ക്കും തന്നെ ഈ വിപത്ത് നന്നായിട്ടറിയാം .എന്നിട്ടും എല്ലാവരും മൌനരാകുന്ന കാഴ്ചകള്‍ അസഹനിയം  തന്നെ .

രാഷ്ട്രീയക്കാര്‍ക്കും മറ്റും  യാതൊരുവിധ സാമൂഹിക  പ്രതിബന്ധതയും ഇല്ലെ . ഈ   കാര്യത്തില്‍ .മദ്യവും ലഹരി വസ്തുക്കളും നിരോധിച്ച എത്രയോ രാജ്യങ്ങളുണ്ട് നമ്മുടെ ഈ ഭൂലോകത്ത് .ആ രാജ്യങ്ങളിലെ പൌരന്മാര്‍  ഒക്കെയും  തന്നെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് നാം ഏവര്‍ക്കും അറിയാം .എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ദിനംപ്രതി കോടികളുടെ മദ്യം വില്‍ക്കപെടുന്നത് ? മദ്യപാനികളുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?പീഡനങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?

നമ്മുടെ കേരളത്തില്‍ സമരങ്ങള്‍ക്കൊടുവില്‍ ചാരായം നിരോധിച്ചത് പോലെ മദ്യവും ലഹരി വസ്തുക്കളും നിരോധിക്കുവാനാവില്ലേ ? .ഉത്തരവാദിത്തപെട്ടവര്‍ ഇവയെല്ലാം നിരോധിക്കണം എന്ന് വെച്ചാല്‍ നിരോധിക്കാവുന്നതെയുള്ളൂ. പക്ഷെ അങ്ങിനെയൊന്ന് ഉണ്ടാവുന്നില്ല എന്നത്  വളരെയധികം  ഖേദകരമാണ്.മദ്യം രാജ്യത്ത് നിന്നും മുക്തമാക്കിയാല്‍ സര്‍ക്കാരിന് കോടാനുകോടി രൂപയുടെ നഷ്ടം ഉണ്ടാകും എന്നത് കൊണ്ടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മദ്യം നിരോധിക്കുവാന്‍ സന്നദ്ധരാകാത്തത് എന്ന് എല്ലാവര്‍ക്കും അറിയാം .പക്ഷെ മദ്യ നിരോധനത്തിനായി ഒരു രാഷ്ട്രീയ പ്രസ്താനവും ശബ്ദമുയര്‍ത്തുന്നില്ല എന്നതല്ലെ വാസ്‌തവം 

. പണ്ടുകാലത്ത് കലര്‍പ്പില്ലാത്ത നാടന്‍ തെങ്ങിന്‍ കളളും നാടന്‍ പനം കള്ളും ഉപയോഗിച്ചിരുന്നു .അവയൊന്നും വിഷം കലര്‍പ്പില്ലാത്തതായിരുന്നു .പക്ഷെ ഇന്നേയുടെ അവസ്ത അതല്ല .മദ്യങ്ങളില്‍  എല്ലാം തന്നെ  വിഷം ............. സര്‍വത്ര വിഷം .അറിഞ്ഞുകൊണ്ട് തന്നെ മനുഷ്യന്‍ ആരോഗ്യത്തിന്‌ ഹാനികരമായ മദ്യം സന്തോഷവും ദുഃഖവും വേര്‍തിരിവുകള്‍ ഇല്ലാതെ എന്തിനും ഏതിനും കുടിച്ചു കൂത്താടി തിന്മയുടെ പാതയിലേക്ക് സഞ്ചരിക്കുന്നു  . ഇന്ത്യയെ മദ്യ മുക്തമാക്കുക എന്നത്    പ്രാവര്‍ത്തികമാക്കാന്‍  ഒരു രാഷ്ട്രീയ പ്രസ്താനവും തയ്യാറാവില്ല എന്ന് അറിയാമെങ്കിലും .മദ്യ മുക്തമായ ഇന്ത്യ എന്ന ആഗ്രഹം പേറി നടക്കുന്ന കോടാനുകോടി ജനങ്ങളില്‍ ഞാനും ഉള്‍പെടുന്നു .
ഉണരുക... ..സോദരരെ മദ്യ വിമുക്തമായ ഇന്ത്യക്കായ്......., 
അക്രമരഹിതമായ ഇന്ത്യക്കായ്. 
അഴിമതി രഹിതമായ ഇന്ത്യക്കായ് .
പട്ടിണിയില്ലാത്ത ഇന്ത്യക്കായ് .
സ്ത്രീ പീഡന വിമുക്തമായ ഇന്ത്യക്കായ് .
വിദ്യാസമ്പന്നമായ ഇന്ത്യക്കായ് .

                                                               ശുഭം 
rasheedthozhiyoor@gmail.com                rasheedthozhiyoor.blogspot.com