ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
പാതയോരത്തെ പൊതു കിണറ്റിനരികില്‍ ഊണ് തയ്യാറാക്കുവാനായി അരി കഴുകികൊണ്ടിരിക്കുകയാണ് മാധവന്‍ നായര്‍. ഇപ്പോള്‍ സ്വന്തമായി വീടില്ലാത്ത അയാള്‍ക്ക് പ്രായം ഏതാണ്ട് എഴുപത് വയസ്സ് കഴിഞ്ഞുകാണും .ഈ അടുത്തകാലത്തായി മറവിയുടെ അസ്ഥിരത അയാളെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു . സമയം നട്ടുച്ച ആയതിനാല്‍ വേനല്‍ ചൂടിന്‍റെ കാഠിന്യം മൂലം അയാളുടെ ശരീരമാസകലം വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു കൊണ്ടിരുന്നു . അരിയിലെ അഴുക്ക് മുഴുവനായും പോകുവാന്‍ മൂന്നു തവണ അരി കഴുകണം എന്നാണ് അയാളുടെ അറിവ് .പക്ഷെ അയാള്‍ യാന്ത്രികമായി അരി പല തവണ കഴുകികൊണ്ടിരിന്നു .വലതു മുട്ടുകാലില്‍ തലചായ്ച്ചിരിക്കുന്ന അയാളുടെ കൈ വിരലുകളില്‍ അരി മണികള്‍ ഞെരിഞ്ഞുകൊണ്ടിരുന്നു .അയാള്‍ ചെയ്യുന്ന പ്രവര്‍ത്തി അയാളുടെ മനസ്സറിയുന്നുണ്ടായിരുന്നില്ല .ജീവിച്ചു തീര്‍ത്ത നാള്‍വഴിയെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു മനസ്സ് നിറയെ . അഞ്ചു വര്‍ഷം മുന്‍പ് ഭാര്യയുടെ മരണംവരെ മാധവന്‍ നായര്‍ സന്തോഷപ്രദമായ ജീവിതമായിരുന്നു നയിച്ചിരുന്നത് .സന്താനഭാഗ്യം ഉണ്ടായില്ലെങ്കിലും ഭാര്യയുടെ പവിത്രമായ സ്നേഹത്തിന് മുന്‍പില്‍ സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അയാള്‍ അറിഞ്ഞിരുന്നില്ല .
നാട്ടിലെ ഒരു പ്രമാണിയുടെ കാര്യസ്ഥനായിരുന്ന മാധവന്‍ നായര്‍ക്ക് നിത്യ ചിലവുകള്‍ കഴിഞ്ഞ് മിച്ചം വെയ്ക്കുവാന്‍ കാര്യമായി സമ്പാദ്യം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം .
അന്യംനിന്നു പോയ തറവാട്ടിലെ ഏക സന്താനമായ മാധവന്‍ നായര്‍. സ്വന്തമായി അദ്ധ്വാനിച്ച് കരസ്ഥമാക്കിയ അഞ്ചു സെന്‍റെ ഭൂമിയും വീടും ബാങ്ക് വായ്പ തിരികെ നല്‍കാത്തത് കൊണ്ട് ജപ്തി ചെയ്യപെടുകയായിരുന്നു .വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അയാളുടെ ഭാര്യയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ കൂടി. ഹൃദയ സംബന്ധമായ അസുഖം പിടിപെട്ടതു മുതലാണ് ജീവിതത്തിലെ യാതനകള്‍ അയാള്‍ അറിയുവാന്‍ തുടങ്ങിയത് .മാസങ്ങളുടെ ചികിത്സക്കൊടുവില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍ ഭാര്യയുടെ അസുഖം ഭേദമാവാന്‍ ഹൃദയ ശാസ്ത്ര ക്രിയ കൂടിയേ തീരു എന്ന് വിധിയെഴുതിയപ്പോള്‍ ജീവിതത്തിനു മുന്‍പില്‍ അയാള്‍ പാകച്ചുപോയി .ശാസ്ത്ര ക്രിയക്ക് വേണ്ടുന്ന ഭീമമായ തുക കണ്ടെത്തുവാന്‍ അയാളുടെ മുന്‍പില്‍ ഒരേയൊരു പോംവഴിയെ ഉണ്ടായിരുന്നുള്ളു .ആകെയുള്ള അഞ്ചു സെന്‍റെ പുരയിടം പണയം വയ്ക്കുക എന്നത് മാത്രം .
പണയം വെച്ചാല്‍ പ്രമാണം എങ്ങിനെ തിരികെയെടുക്കും എന്നൊന്നും അപ്പോള്‍ അയാള്‍ ചിന്തിച്ചില്ല .ഭാര്യയെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ചിന്തകളില്‍ നിറഞ്ഞു നിന്നിരുന്നത് . ഹൃദയ ശാസ്ത്ര ക്രിയ കഴിഞ്ഞ ഭാര്യയുടെ അസുഖം ഭേദമായെങ്കിലും .പിന്നീട് ഏതാണ്ട് ഒന്നര വര്‍ഷ കാലമേ ഭാര്യയ്ക്ക് ഈ ഭൂലോകത്ത് ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചുള്ളൂ .ഒരു ദിവസ്സം രാത്രി ഉറങ്ങുവാന്‍ കിടന്ന ഭാര്യ നേരം പുലര്‍ന്നപ്പോള്‍ ഉറക്കമുണര്‍ന്നില്ല .അവര്‍ ഉറങ്ങുകയായിരുന്നു ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവര്‍ വഴുതി വീണിരുന്നു .ഭാര്യയുടെ മരണം മാധവന്‍ നായരുടെ മനസ്സിനെ തളര്‍ത്തി .ശിഷ്ടകാലം തുണയ്ക്ക് ആരോരുമില്ലാതെ ജീവിക്കണം എന്ന തിരിച്ചറിവിനു മുന്‍പില്‍ അയാള്‍ പകച്ചുനിന്നു .
പിന്നീട് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വായ്പയായി എടുത്ത രൂപ തിരികെ അടയ്ക്കാത്തതു കൊണ്ട് പുരയിടം ജപ്തി ചെയ്യപ്പെട്ടു .അയാള്‍ എങ്ങും പോകുവാന്‍ ഇടമില്ലാതെ അലക്ഷ്യമായി പെരുവഴിയിലേക്കിറങ്ങി .ഭാര്യയുടെ ചികിത്സാര്‍ത്ഥം ഉണ്ടായിരുന്ന ജോലിക്കു പോകുവാന്‍ കഴിയതെയായപ്പോള്‍ ഉണ്ടായിരുന്ന ജോലി അയാള്‍ക്ക് നേരത്തെതന്നെ നഷ്ടമായിരുന്നു .വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അപ്പോഴേക്കും മാധവന്‍ നായരേയും പിടികൂടിയിരുന്നു .രാത്രിയില്‍ പീടിക കോലായില്‍ അന്തിയുറങ്ങാനെ പിന്നീട് അയാള്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ .ഗ്രാമവാസികള്‍ കനിഞ്ഞു നല്‍കുന്ന ധര്‍മ്മം കൊണ്ട് പുറമ്പോക്ക് ഭൂമിയില്‍ ഭക്ഷണം പാചകം ചെയ്തു വിശപ്പ് മാറ്റും .രണ്ടു തവണ വെള്ളം കോരി കൊണ്ടു പോകുമ്പോഴും കിണറിനടുത്ത് താമസിക്കുന്ന ജാനു, അയാള്‍ അരി കഴുകി കൊണ്ടിരുന്നത് തുടര്‍ന്നപ്പോള്‍ ചോദിച്ചു .
,, എന്താ മാധവന്‍ നായരെ ഈ കാണിക്കുന്നത് . ഒരുപാട് നേരമായല്ലോ അരി കഴുകുവാന്‍ തുടങ്ങിയിട്ട് ? ,,
ജാനുവിന്‍റെ ചോദ്യം അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി .അരി കഴുകി കൊണ്ടിരുന്ന പാത്രത്തില്‍ പാചകം ചെയ്യുവാനുള്ള വെള്ളവും ,കഴുകി വൃത്തിയാക്കാനായി കൊണ്ടുവന്ന വെറെയൊരു പാത്രവും തവിയും എടുത്ത് പുറമ്പോക്കില്‍ തയ്യാറാക്കിയ അടുപ്പ് ലക്ഷ്യമാക്കി അയാള്‍ നടന്നു .കാല്‍ മുട്ടിലെ തേയ്മാനം മൂല മാകാം അയാള്‍ നടക്കുവാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു .അല്‍പം നടന്നപ്പോള്‍ പാദം കല്ലില്‍ തട്ടി മാധവന്‍ നായര്‍ നിലംപതിച്ചു .പാത്രങ്ങളും അരിയും നിലത്ത് ചിതറിതെറിച്ചു .അയാള്‍ നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അയാളുടെ ശ്രമം വിഫലമായി .നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ പരസഹായത്തിനായി പരിസരമാകെ അയാള്‍ വീക്ഷിച്ചു .അടുത്തൊന്നും ആരേയും കാണാതെയായപ്പോള്‍ നിസഹായനായി അയാള്‍ മണ്ണില്‍ തലചായ്ച്ചു, അപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .
ശുഭം
rasheedthozhiyoor@gmail.com
|