1 May 2016

കഥ .ആഹിണ്ഡകന്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്
മിസോറാമിന്റെ തലസ്ഥാനമായ  ഐസോളിലെ ഒരു പ്രഭാതം .വാടക വീടിന്റെ മട്ടുപ്പാവിൽ നിന്നും  അഭിജിത്ത് നമ്പൂതിരി നിരത്തിലേക്ക് നോക്കിയിരുന്നു . തണുപ്പകറ്റാൻ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞ  കാൽനട യാത്രക്കാർ നിരത്തിലൂടെ   തലങ്ങും വിലങ്ങും ലക്ഷ്യസ്ഥാനത്ത്  എത്താൻ നടന്നു നീങ്ങുന്നുണ്ട് .ഇടയ്ക്ക്  ശുദ്ധവായു മലിനമാക്കിക്കൊണ്ട് പുക വിസർജിച്ച് വാഹനങ്ങൾ പോകുന്നത് കാണാം .ഉറക്കമുണർന്നാൽ മട്ടുപ്പാവിൽ വന്നിരുന്ന്  നിരത്തിലേക്ക് നോക്കിയിരിക്കുന്നത് അയാളുടെ ദിനചര്യയിൽപ്പെട്ടതാണ് .ചൂടുള്ള ഒരു കപ്പ്  കാപ്പി ടീപോയിൽ വെച്ചിട്ട് അയാളുടെ മിസോറം സ്വദേശിനിയായ ഭാര്യ അയാളുടെ നെറ്റിയിലും കഴുത്തിലും  കൈത്തലം ചേര്‍ത്തുവച്ചുനോക്കി .ഇന്നലെ പനിയുടെ ലക്ഷണങ്ങൾ  പ്രകടമായപ്പോൾ തന്നെ അവളുടെ ഗ്രാമത്തിൽ നിന്നും കൊണ്ടുവന്ന ആയൂർവേദ മരുന്ന് അയാൾക്കവൾ   നൽകിയിരുന്നു .മ്യാന്മറിന്റെ  രാജ്യാന്തര അതിർത്തി പങ്കിടുന്ന മലനിരകളുള്ള ഗ്രാമത്തിലാണ് അവളുടെ സ്വദേശം .അയാൾ  ഐസോളിൽ  വെച്ചാണ് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ്  അദ്ധ്യാപികയായ അവളെ പരിചയപ്പെട്ടത്‌ ,ആസാമിലെ മിസോറം എന്ന  സംസ്ഥാനത്തെ ഐസോൾ എന്ന പട്ടണത്തിൽ  അയാൾ എത്തിപ്പെട്ടത് യാദ്രിഛികമാണ് .

മുൻജന്മ പാപം   തലമുറകളായി ഇല്ലത്ത്  ഭ്രാന്തർ   പിറവിയെടുക്കും  എന്നതായിരുന്നു അയാളുടെ ഇല്ലത്തുള്ളവരുടെ വിശ്വാസം .വേദങ്ങൾ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്ത അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛൻ ഭ്രാന്ത് മൂത്ത്    വർഷങ്ങളോളം ചങ്ങലയിൽ ബന്ധിതനായി നരകയാതന അനുഭവിച്ചാണ് മരണപ്പെട്ടത് .അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛന്റെ കാലശേഷം വേദങ്ങൾ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്ത അഭിജിത്ത് നമ്പൂതിരിയുടെ ഇളയച്ഛൻ സന്യാസ വൃത്തിയിൽ ഏർപ്പേട്ടയാളായിരുന്നു  ശങ്കരൻ നമ്പൂതിരിപ്പാട്.ഇല്ലത്തിന്റെ വടക്കുപടിഞ്ഞാറുകോണിൽ ഒരു കുളമുണ്ടായിരുന്നു .  അഭിജിത്ത് നമ്പൂതിരിയുടെ ബാല്യകാലത്ത് ആ കുളത്തിൽ കുളിക്കുവാൻ  ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കൂടെയായിരുന്നു അയാൾ  പതിവായി പോയിരുന്നത് .കുളത്തിൽമുങ്ങി  ഗായത്രീമന്ത്രമടക്കമുള്ള മന്ത്രോച്ചാരാണങ്ങൾ ചൊല്ലേണ്ടത്  അയാളെ പഠിപ്പിച്ചത് ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു .

ശങ്കരൻ നമ്പൂതിരിപ്പാട്  ചുവപ്പുകരയുള്ള ഒരു പരുക്കൻ തോർത്തും, കൌപീനവും മാത്രമേ  സാധാരണയായി ധരിച്ചിരുന്നുള്ളൂ.ഇല്ലത്ത്  ഒതുങ്ങികൂടിയിരുന്ന ശങ്കരൻ നമ്പൂതിരിപ്പാടിന്റെ സ്വഭാവത്തിലും, സംസാരത്തിലും ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ  അഭിജിത്ത് നമ്പൂതിരിയുടെ പ്രായം പതിനെട്ട്  കഴിഞ്ഞിരുന്നു.ഇല്ലത്തുള്ളവർ   ശങ്കരൻ നമ്പൂതിരിപ്പാടിനെ  ഭ്രാന്തിനുള്ള ചികിത്സ ആരംഭിച്ചു .ചെറിയ രീതിയിൽ മാനസീക അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നുവെങ്കിലും ഇല്ലത്തുള്ളവരുടെ പെരുമാറ്റവും ,സംസാരവും ശങ്കരൻ നമ്പൂതിരിപ്പാടിന്റെ  സമനില താളം തെറ്റുന്നത് നിസഹായനായി നോക്കി നിൽക്കുവാനെ  അഭിജിത്ത്  നമ്പൂതിരിക്കായുള്ളൂ .മാനസീക അസ്വസ്ഥതകൾ  പ്രകടമാക്കുവാൻ തുടങ്ങി നാലാം മാസം അകത്തളത്തിൽ അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛനെ തളച്ചിരുന്ന  ചങ്ങലയിൽ ശങ്കരൻ നമ്പൂതിരിപ്പാടിനേയും   ബന്ധിതനാക്കി .

ഏതാണ്ട് നാലുവർഷം  കഴിഞ്ഞപ്പോൾ ഇടിയോട് കൂടിയ മഴയുള്ള ഒരു രാത്രിയിൽ  അഭിജിത്ത് നമ്പൂതിരി  അച്ഛൻ നമ്പൂതിരിയുടെ കിടപ്പ് മുറിയിൽ നിന്നും ശങ്കരൻ നമ്പൂതിരിപ്പാടിനെ ബന്ധിപ്പിച്ച ചങ്ങലയുടെ പൂട്ടിന്റെ താക്കോൽ മോഷ്ടിച്ച്  ഇല്ലത്തുള്ളവർ  ഉറങ്ങുവാനായി കാത്തിരുന്നു.ഇല്ലത്തെവൈദ്യുതി  വെട്ടം അണഞ്ഞുവെങ്കിലും അയാൾ  ഉറങ്ങാതെ കാത്തിരുന്നു.  സമയം  ഏതാണ്ട്  അർദ്ധരാത്രിയായപ്പോൾ അയാൾ ചെറിയച്ഛനെ ബന്ധിപ്പിച്ച മുറിയുടെ അരികിലേക്ക് നടന്നു.അപ്പോഴും മഴ ശമനമില്ലാതെ പെയ്തുകൊണ്ടേയിരുന്നു .മഴയുടെ ശബ്ദവും, ഇടിമുഴക്കവും ,ചിവിടുകളുടെ കരച്ചിലും അയാളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടികൊണ്ടിരുന്നു.നാളിതുവരെ അനുഭവിക്കാത്ത ഭയത്താൽ അയാളുടെ ശരീരമാസകലം വിറകൊണ്ടു.തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന മിന്നലിന്റെ വെട്ടത്തിൽ ചുമരിൽ തപ്പിയയാൾ  ശങ്കരൻ നമ്പൂതിരിപ്പാടിനെ ബന്ധിപ്പിച്ച മുറിയുടെ അരികിലെത്തി ജാലകത്തിലൂടെ അകത്തേക്ക് നോക്കി .മുറിയുടെ ഒരു മൂലയിൽ  ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അപ്പോൾ ശങ്കരൻ നമ്പൂതിരിപ്പാട്  .അഭിജിത്ത് നമ്പൂതിരി  കതക് തുറന്ന്  അകത്തേക്ക് പ്രവേശിച്ച്  ചെറിയച്ചന്റെ അരികിൽ ചെന്നിരുന്നു .കാല്പെരുമാറ്റം കേട്ടിട്ടാവണം ശങ്കരൻ നമ്പൂതിരിപ്പാട്  എഴുനേറ്റ്  ചുമരിൽ ചാരിയിരുന്നു .മുറിയിലെ  മൂത്രത്തിന്റെ മണം  അഭിജിത്ത് നമ്പൂതിരിയെ വിമ്മിഷ്ടനാക്കി .  അഭിജിത്ത് നമ്പൂതിരി  അയാളോട് ചോദിച്ചു .

,, ചെറിയച്ഛന്  ഈ ചങ്ങലയിൽ നിന്നും രക്ഷപ്പെടണോ ? ,,

 ശങ്കരൻ നമ്പൂതിരിപ്പാട്  മറുപടി പറയാതെ അയാളുടെ കൈത്തലം നുകർന്നു .

,, എനിക്ക് സഹിക്കിണില്ല ചെറിയച്ഛനെ ഇങ്ങിനെ കാണാൻ   .ചെറിയച്ഛനല്ല ഭ്രാന്ത് അന്ധവിശ്വാസത്താൽ   ഇവിടെയുള്ളവർക്ക് എല്ലാവർക്കും ഭ്രാന്താ .ഇനിയിവിടെ നിക്കേണ്ട  എവിടെയെങ്കിലും പോയി രക്ഷപെട്ടോളൂ ,,

ഇരുട്ടിൽ  ചങ്ങലയിലെ പൂട്ട്‌ തുറക്കുമ്പോൾ കാലിലെ വ്രണത്തിൽ അയാളുടെ കൈത്തലം സ്പർശിച്ചു .ഒരു ലുങ്കി മുണ്ട് മാത്രമായിരുന്നു അപ്പോൾ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വേഷം .അഭിജിത്ത് നമ്പൂതിരി ഓർത്തു .രണ്ടു നേരം കുളിച്ച്  വൃത്തിയായി  സുഗന്ധലേപനങ്ങൾ ശരീരമാസകം പൂശി നടന്നിരുന്നയാൾ  ദിവസങ്ങളോളം കുളിക്കാതെ  വൃത്തിഹീനനായി കിടക്കേണ്ടി വന്നത് .അഭിജിത്ത് നമ്പൂതിരി അയാളുടെ കൈത്തലം നുകർന്ന് മുറിയിൽ  നിന്നും  പുറത്തിറങ്ങി പറഞ്ഞു .

,, അൽപനേരം ഇവിടെ നിക്കു  ഞാൻ ചെറിയച്ഛന് ധരിക്കാനുള്ള വസ്ത്രം എടുത്തുവരാം ,,

ശങ്കരൻ നമ്പൂതിരിപ്പാട്   അനുസരണയുള്ള കുഞ്ഞിനെപ്പോലെ  തലയാട്ടി . തുലാവർഷ ത്തിലെ മഴയുടെ തോത് ഇത്തവണ വളരെ  കൂടുതലാണ് .ശക്തമായ മഴയത്ത് വീഴുന്ന മഴ തുള്ളികളുടെ ശബ്ദം അയാൾ  കാതോർത്തു നിന്നു .മഴ നനഞ്ഞു നടക്കുന്നത്  അയാൾക്ക്‌ വലിയ ഇഷ്ടമായിരുന്നു .  അഭിജിത്ത് നമ്പൂതിരി കരുതി വെച്ചിരുന്ന വസ്ത്രങ്ങളും കുടയും എടുത്ത്  തിരികെവന്നു .ധൃതഗതിയിൽ  ശങ്കരൻ നമ്പൂതിരിപ്പാട്  വസ്ത്രങ്ങൾ  ധരിച്ച ശേഷം  അകത്തളത്തിലൂടെ നടന്നു .അഭിജിത്ത് നമ്പൂതിരി അയാളെ അനുഗമിച്ചു . നാലുകെട്ടിന്റെ പൂമുഖത്ത് എത്തിയപ്പോൾ കുറച്ച്  രൂപ അയാളുടെ നേർക്ക്‌ നീട്ടികൊണ്ട്  അഭിജിത്ത് നമ്പൂതിരി പറഞ്ഞു .

,, ഈ പരിസരത്തൊന്നും ചെറിയച്ഛനെ കാണരുത് .ചെറിയച്ഛനെ ഇവിടെയുള്ളവർ കണ്ടെത്തിയാൽ വീണ്ടും ചങ്ങലയിൽ ബന്ധിപ്പിക്കും .ദൂരെ ഏതെങ്കിലും നാട്ടിൽപോയി  ജീവിച്ചോളൂ ,,

കൊടുത്ത രൂപ   വാങ്ങാതെ  മുറ്റത്തേക്ക്‌  ഇറങ്ങി കുട ദൂരേക്ക്‌ വലിച്ചെറിഞ്ഞ് ഇരുകൈകളും മേൽപ്പോട്ടുയർത്തി ശങ്കരൻ നമ്പൂതിരിപ്പാട്    മഴനനഞ്ഞ്  ഇരുട്ടിലേക്ക് ഓടിയകന്നു .വർഷങ്ങളോളം കൂട്ടിൽ  അടക്കപ്പെട്ട പക്ഷിയെ കൂട്ടിൽ നിന്നും തുറന്നുവിട്ടത്  പോലെയായിരുന്നു  ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഓട്ടം .അയാൾ ഇരുട്ടിലേക്ക് മറഞ്ഞപ്പോൾ ഇമകളിൽ നിന്നും ഉതിർന്നൊഴുകിയ  കണ്ണുനീർ  തുടച്ചുകൊണ്ട് കതകിന്റെ സാക്ഷയിട്ട്  ഇടിമിന്നലിന്റെ വെട്ടത്തിൽ തപ്പിത്തടഞ്ഞ്  അഭിജിത്ത് നമ്പൂതിരി തന്റെ കിടപ്പ് മുറിയിലേക്ക് നടന്നു.ഉറങ്ങുവാൻ കിടന്നപ്പോൾ ഇളയച്ഛന്റെ  ഇന്നെയുടെ അവസ്ഥയെ കുറിച്ചോർത്ത്  മനസ്സിന്  അന്നുവരെ അനുഭവിക്കാത്ത മാനസീക സംഘർഷത്താൽ വല്ലാതെ അസ്വസ്ഥമായിരുന്നു.ചങ്ങലയിൽ നിന്നും വിമുക്തനാക്കിയതിൽ സന്തോഷവും ഒപ്പം  ഇനിയുള്ള ഇളയച്ഛന്റെ ജീവിതം എന്തായിരിക്കുമെന്ന ഉത്തരമില്ലാത്ത ചോദ്യവും നിമിത്തം ഉറങ്ങുവാനുള്ള അയാളുടെ ശ്രമം വിഫലമായി.

നേരം പുലർന്നപ്പോൾ ഇല്ലത്താകെ ബഹളമായിരുന്നു.ഇളയച്ഛനെ ചങ്ങലയിൽ നിന്നും വിമുക്തനാക്കിയത് ആരാണെന്ന അച്ഛൻ നമ്പൂതിരിയുടെ ചോദ്യം അവിടമാകെ മുഴങ്ങികേൾക്കാം .ഉറക്കച്ചടവോടെ അഭിജിത്ത് നമ്പൂതിരി അച്ഛൻ നമ്പൂതിരിയുടെ അരികിൽപോയി മുഖത്ത്  നോക്കാതെ പറഞ്ഞു .

,,ഇളയച്ഛനെ  ഞാനാണ് ചങ്ങലയിൽ നിന്നും മോചിപ്പിച്ചത് .ഇല്ലത്തെ സ്വത്ത് വഹകൾ വീതം വെക്കേണ്ടി വരുമെന്നതിനാൽ ഭ്രാന്താണെന്ന്  മുദ്രകുത്തി  ജീവിതകാലം മുഴുവൻ കാരാഗ്രഹത്തിൽ അടയ്ക്കാൻ ഞാൻ സമ്മതിക്കില്ല .ആ പാവം എവിടെയെങ്കിലും പോയി ജീവിക്കട്ടെ ,,

അച്ഛൻ നമ്പൂതിരി തോളിലെ തോർത്തുമുണ്ട്  തോളിൽ നിന്നും എടുത്തുകുടഞ്ഞു പറഞ്ഞു.

,, എന്താ  ഈ  പറയുന്നേ ....മനസ്സിൽപോലും നിരീക്കാത്ത  കാര്യാണല്ലോ  ഈ  പറയുന്നെ ജന്മാന്തരങ്ങളായി അനുഭവിക്കുന്ന ഭ്രാന്ത്  ഇല്ലാണ്ടാവണത് എങ്ങന്യാ...ഭാന്ത് വന്നാൽ ചങ്ങലയിൽ തളയ്ക്കുകയല്ലാതെ വേറെയെന്താ മാർഗ്ഗം ,,

വടക്കേപുറത്ത്  നിന്നും അടിച്ചുതളിക്കാരി തള്ളയുടെ നിലവിളി കേട്ടപ്പോൾ  എല്ലാവരും  വടക്കേപുറത്തേക്ക് ഓടിച്ചെന്നു . അടിച്ചുതളിക്കാരി തള്ള കിതച്ചുകൊണ്ട് പറഞ്ഞു .

,,ചതിച്ചുലോ  ഭഗവാനെ  ആരാ   തബ്രനെ അഴിച്ചുവിട്ടത്. ആ കിളിച്ചുണ്ടൻ മാവിൽ തബ്രാൻ തൂങ്ങി കിടക്കുണൂ  ,,

അഭിജിത്ത് നമ്പൂതിരിക്ക് ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി. അടിച്ചുതളിക്കാരി തള്ള തളർന്ന് തൂണിൽ ചാരിയിരുന്നു.എല്ലാവരും കിളിച്ചുണ്ടൻ മാവിന്റെ അരികിലേക്കോടി .ഏറെ ഉയരത്തിലെ മാവിൻകൊമ്പിൽ തൂങ്ങി കിടക്കുന്ന ഇളയച്ഛനെ ഒരു നോക്ക് നോക്കുവാനെ അഭിജിത്ത് നമ്പൂതിരിക്ക് കഴിഞ്ഞൊള്ളൂ .അയാൾ  ശിരസ്സിൽ കൈവെച്ചു കുന്തകാലിൽ ഇരുന്നു.കുഞ്ഞുനാളിൽ കിളിച്ചുണ്ടൻ മാമ്പഴം വേണമെന്ന് ആഗ്രഹം പറയുമ്പോൾ  എത്ര ഉയരത്തിൽ കയറിയാണെങ്കിലും  തന്റെ ആഗ്രഹം സഫലമാക്കി തന്നിരുന്ന ഇളയച്ഛൻ ഈ മാവിൽ തന്നെ  ഇങ്ങിനെയൊരു പതാകം ചെയ്യുമെന്ന് അയാൾ നിരീച്ചിരുന്നില്ല .
അച്ഛൻ നമ്പൂതിരി അയാളുടെ അരികിൽ വന്നുപറഞ്ഞു .

,, തൃപ്തിയായില്ലെ അഴിച്ചു വിട്ടില്ലായിരുന്നെങ്കിൽ ജീവനോടെ കാണാമായിരുന്നില്ലേ ?,,

പോലിസ് എത്തിയതിനു ശേഷമാണ് മൃതദേഹം താഴെയിറക്കിയത് .പൊസ്റ്റ്മൊട്ടം കഴിഞ്ഞ്  അധികം താമസിയാതെ ശങ്കരൻ നമ്പൂതിരിപ്പാട്  അഗ്നിയിൽ എരിഞ്ഞമർന്നു ചാരമായി .ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വിയോഗം അഭിജിത്ത് നമ്പൂതിരിയെ മാനസീകമായി തളർത്തി .ദിനേന ഷേവ് ചെയ്തിരുന്ന അയാൾ ഷേവ് ചെയ്യാതെയായി ഏതാനും മാസങ്ങൾ  കഴിഞ്ഞപ്പോൾ നീട്ടിവളർത്തിയ  തലമുടിയും,താടിയും മൂലം അയാളുടെ രൂപംതന്നെ മാറിപ്പോയി . എപ്പോഴും  തന്റെ കിടപ്പ് മുറിയിൽ കഴിഞ്ഞു കൂടുന്ന അയാളെ ഇല്ലത്തുള്ളവർ ഭ്രാന്തിന്റെ ലക്ഷണമുണ്ടോയെന്നു സംശയ ദൃഷ്ടിയോടെ വീക്ഷിക്കുവാൻ തുടങ്ങി .  അടുത്ത ഇല്ലാത്തെ ഇര താനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അഭിജിത്ത് നമ്പൂതിരി നാടുവിട്ടു.പല സംസ്ഥാനങ്ങളിലും അയാൾ പലവിധ ജോലികളും ചെയ്തു .കുറേ പണം കൈകളിൽ വന്നുചേർന്നാൽ അവിടെ നിന്നും പുതിയ ഇടം തേടിപോകും .ഇന്ത്യ മുഴുവനും സഞ്ചരിക്കണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം .

മിസോറാമിന്റെ തലസ്ഥാനമായ  ഐസോളിൽ  അയാൾക്ക്‌ ലഭ്യമായ   തൊഴിൽ വിദ്യാലയത്തിന് അടുത്തുള്ള പുസ്തകശാലയിലായിരുന്നു.അവിടെ പതിവായി വന്നിരുന്ന ഒരു  പെൺകുട്ടിക്ക്  തന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ജീവിതത്തിലൊരു പങ്കാളിയെ വേണമെന്ന് അയാളും ആഗ്രഹിച്ചു.ഏറെത്താമസിയാതെ അവൾ അയാളുടെ ഭാര്യയായി.അവളുടെ സ്നേഹത്തിനു മുമ്പിൽ അയാൾ  ആശ്ചര്യപെട്ടു.പുസ്തകശാലയുടെ ഉടമസ്ഥൻ  പുസ്തകശാല വില്പ്പനയ്ക്ക്  ഒരുങ്ങിയപ്പോൾ അയാളുടെ ഭാര്യ സ്വരൂപിച്ചിരുന്ന പണവും തികയാതെ വന്ന പണം അവൾ അവളുടെ പിതാവിന്റെ പക്കൽ  നിന്നും വാങ്ങിയും  പുസ്തകശാല അവർ അവരുടെ സ്വന്തമാക്കി . ഏതാനും വർഷങ്ങൾക്കുള്ളിൽ അവർക്ക്  രണ്ട്  കുഞ്ഞുങ്ങൾ  പിറന്നു . ആൺ കുഞ്ഞും,പെൺ കുഞ്ഞും മക്കൾക്കിപ്പോൾ     പതിനാറും,പതിനാലും വയസ്സ് പ്രായമായി. അവർ പരസ്പരം ആശയവിനിമയം നടത്തുന്നത് ഇംഗ്ലിഷ്  ഭാഷയിലാണെങ്കിലും അയാൾ  അത്യാവശ്യം  ആശയവിനിമയം നടത്താനുള്ള മലയാളം ഭാഷയും അവരെ പഠിപ്പിച്ചു.ഇരുപത്  വർഷങ്ങൾക്കു ശേഷം അവർ അയാളുടെ സ്വദേശത്തേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.ഇല്ലത്ത് നിന്നും പോന്നതിൽ പിന്നെ ഇല്ലത്തെ യാതൊരു വിവരവും അയാൾ  അറിഞ്ഞിട്ടില്ല .ഇല്ലത്ത് ആരൊക്കെയാണ് ജീവിച്ചിരിക്കുന്നത്‌ ? ആരായിരിക്കും ചങ്ങലയിൽ തളക്കപ്പെട്ടിട്ടുണ്ടാവുക ? ഒരുപാട് ചോദ്യങ്ങൾക്ക്  ഉത്തരം ലഭിക്കാതെ ചിലപ്പോഴൊക്കെ അയാൾ  വല്ലാതെ   അസ്വസ്ഥനാകാറുണ്ട്  .

കൊല്ലവസാന പരീക്ഷ കഴിഞ്ഞപ്പോൾ രണ്ടു മാസത്തെ അവധിക്ക്  അവർ കേരളത്തിലേക്ക് യാത്രയായി.ട്രെയിനുകളും ബസ്സുകളും മാറിക്കയറി യാത്രയ്ക്കൊടുവിൽ അവർ ഇല്ലത്തെത്തി . അമ്മ  അന്തർജ്ജനം കിടപ്പിലായിട്ട് ഏതാനും മാസങ്ങൾ  കഴിഞ്ഞിരിക്കുന്നു .വേറിട്ട മുഖച്ഛായയുള്ള അയാളുടെ ഭാര്യയെയും മക്കളേയും എല്ലാവരും കൗതുകത്തോടെയാണ് നോക്കിയത്.ഇല്ലത്തുള്ളവരുമായി സംസാരിക്കുമ്പോൾ അച്ഛൻ നമ്പൂതിരിയെ അവിടെയെങ്ങും അയാൾക്ക്‌ കാണുവാനായില്ല . അച്ഛൻ നമ്പൂതിരി എവിടെയെന്നുള്ള അയാളുടെ ചോദ്യത്തിന് ആരും ഉത്തരം നൽകിയില്ല .ഭാര്യയും മക്കളും  അമ്മ  അന്തർജ്ജനത്തിനോട് അവർക്ക്  അറിയാവുന്ന മലയാള ഭാഷയിൽ  സംസാരിക്കുന്നുണ്ട് .ഭാര്യയും മക്കളും അത്ഭുതത്തോടെയാണ്‌  ഇല്ലം വീക്ഷിച്ചത്‌ .അല്പം കഴിഞ്ഞപ്പോൾ അയാൾ  അകത്തളത്തിലൂടെ കാലാകാലങ്ങളായി  ഭ്രാന്ത്  വരുന്നവരെ   തളച്ചിടുന്ന മുറി ലക്ഷ്യമാക്കി നടന്നു.ആരും ആ മുറിയിൽ  ഉണ്ടാകുവാൻ തരമില്ല .കാൽപെരുമാറ്റം കേട്ടപ്പോൾ  അടച്ചിട്ട മുറിയിൽ നിന്നും ചങ്ങല അനങ്ങുന്ന ശബ്ദം കേട്ടയാൾ നടുങ്ങി.അടച്ചിട്ട ജാലക പാളികൾ അയാൾ  പതുക്കെ തുറന്നതും  അകത്ത്  നിന്നും നിലവിളി ഉയർന്നു .അയാൾ ചങ്ങലയിൽ ബന്ധസ്തനാക്കിയ ആ മെലിഞ്ഞ രൂപത്തെ സൂക്ഷിച്ചു നോക്കി .ജടപിടിച്ച തലമുടിയും താടിയുമുള്ള ആ  രൂപത്തെ കണ്ട്  അയാൾ  ഇമകൾ ഇറുക്കിയടച്ചു മന്ത്രിച്ചു ,,ഈശ്വരാ ... അച്ഛൻ .......  അച്ഛൻ  ,,

                                                            ശുഭം
rasheedthozhiyoor@gmail.com                              rasheedthozhiyoor.blogspot.qa