10 September 2015

ചെറുകഥ. ധാതുരത്‌നാദികള്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
മദ്ധ്യ പൂര്‍വേഷ്യ രാജ്യങ്ങളിലെ  സമ്പന്നതയുടെ കൊടുമുടിയില്‍ എത്തപ്പെട്ട  ഖത്തറെന്ന രാജ്യത്തെ വേനല്‍ക്കാല ചൂടിന് എക്കാലത്തെക്കാളും കാഠിന്യം ഏറിയിരിക്കുന്നു .സ്വപ്ന സാക്ഷാത്കാരത്തിനായി സാമ്പത്തിക ശ്രോതസ്സ് തേടിയെത്തിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള, വിവിധ ഭാഷ സംസാരിക്കുന്ന ,വിവിധ വര്‍ണ്ണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഖത്തറെന്ന രാജ്യത്തിന്‍റെ  തലസ്ഥാനവും പ്രധാന നഗരിയുമായ  ദോഹ എന്ന നഗരത്തിലെ ഏറ്റവും  വശ്യമനോഹരമായ കാഴ്ചകള്‍ കാണുവാനാവുന്നത് കോര്‍ണീഷ് എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട്‌ ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളുമാണ് .കടല്‍ തീരത്തോട് ചേര്‍ന്നുപോകുന്ന പാത തുടങ്ങുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്ററോളം   യാത്ര ചെയ്‌താല്‍  റബേക്ക മാത്യൂസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണ കമ്പനിയുടെ ഓഫീസില്‍ എത്തിച്ചേരാം.വെളുത്ത ശരീരവും  ആകര്‍ഷകമായ ഭാവത്തിനുടമയുമായ റബേക്കയ്ക്ക് മുപ്പത്തൊന്ന് വയസ്സ് കഴിഞ്ഞിരിക്കുന്നു.വിവാഹമോചിതയായ റബേക്ക സ്ഥാപനത്തിന്‍റെ   മാനേജിംഗ് ഡയറക്ടർ പദവിയിലേക്ക് എത്തിയിട്ട് മൂന്ന് വര്‍ഷം തികയുവാന്‍ രണ്ടു മാസംകൂടി കഴിയണം .

റബേക്കയുടെ പിതാവ് മാത്യൂസ് ജോര്‍ജ്ജ് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് തുടങ്ങിയ സ്ഥാപനം ആദ്യകാലങ്ങളില്‍ നഷ്ടത്തിലായിരുന്നു.റബേക്കയുടെ ജനനം മുതല്‍ സ്ഥാപനത്തിന്‍റെ വളര്‍ച്ച അസൂയാവഹമായിരുന്നു.മാത്യൂസിന് റബേക്ക കൂടാതെ ഒരു മകന്‍ കൂടി ഉണ്ടായിരുന്നു.റബേക്കയെക്കാളും നാല് വയസ്സിന് ഇളയതായ റോബിന്‍ ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ലണ്ടനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു .അപകടസമയത്ത് റോബിനായിരുന്നു വാഹനമോടിച്ചിരുന്നത്.  ലണ്ടൻ യൂണിവേഴ്സിറ്റി കോളെജില്‍  ഉപരിപഠനം കഴിഞ്ഞ് മടങ്ങുവാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റോബിന്‍ കൊല്ലപ്പെടുന്നത് .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോബിന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞപ്പോള്‍ മാത്യൂസ് മകനെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയച്ച നിമിഷങ്ങളെ ശപിച്ചു.ഒരുപാട്  പ്രതീക്ഷകളുണ്ടായിരുന്നു മാത്യുസിന്. മകനിലൂടെ കെട്ടിടനിര്‍മാണ രംഗത്ത് സ്ഥാപനത്തെ ഉന്നതിയില്‍  എത്തിക്കുവാന്‍  റോബിന്  വിദേശ പഠനം അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് മകനെ   ലണ്ടനിലേക്ക് പഠനത്തിനയച്ചത്.

മകന്‍റെ വേര്‍പാട് മത്യുസിനെ മാനസീകമായി തളര്‍ത്തി.പിന്നീട്  മാനേജിംഗ് ഡയറക്ടർ പദവിയോട്  നീതിപുലര്‍ത്തുവാന്‍  മത്യുസിനായില്ല.റബേക്കക്കായി അപ്പന്‍ കണ്ടെത്തിയ വരന്‍ വേണ്ടുവോളം സാമ്പത്തീക ശ്രോതസ്സുള്ള കുടുംബത്തിലെ സുന്ദരനായിരുന്നു.ആദ്യമായി  ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തിയ അന്ന് ഭക്ഷണം കഴിക്കുവാനിരുന്നപ്പോള്‍ അടുക്കള വേലക്കാരി ഭക്ഷണത്തോടൊപ്പം  തീന്മേശയില്‍ പലതരം വിദേശ മദ്യക്കുപ്പികള്‍ നിരത്തുന്നത് കണ്ടപ്പോള്‍ റബേക്ക അന്ധാളിച്ചിരുന്നുപോയി .അപ്പനും മക്കളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ടപ്പോള്‍തന്നെ അവിടത്തെ ജീവിതരീതിയോടവള്‍ക്ക്  പൊരുത്തക്കേട് തോന്നി.സമുദായത്തിലെ ആചാരപ്രകാരം  ആദ്യരാത്രി ഭര്‍ത്താവിന്‍റെ വീട്ടിലാണ് പതിവ്.ആദ്യരാത്രിയില്‍ മദ്യപിച്ച് തലയ്ക്ക് വെളിവില്ലാതെ വന്ന ഭര്‍ത്താവിന്‍റെ  ലൈംഗീകമായ ക്രൂര വിനോദങ്ങള്‍ക്ക് മുന്‍പില്‍ തന്‍റെ പവിത്രമായ ശരീരത്തെ അയാള്‍ക്ക്‌  മുന്‍പാകെ  അടിയറവ് വെക്കാനവള്‍ക്കായില്ല. റബേക്ക കണ്ട സ്വപ്നങ്ങളിലെ ആദ്യരാത്രി അങ്ങിനെയായിരുന്നില്ല.  സ്നേഹലാളനകളോടെ ആദ്യമായി തന്‍റെ കൈത്തലം നുകര്‍ന്ന് സ്നേഹത്താല്‍  വീര്‍പ്പുമുട്ടിക്കുന്ന ഭര്‍ത്താവിനെയായിരുന്നു അവള്‍ കൊതിച്ചത്.

അവള്‍ക്ക്  ആദ്യരാത്രി ഭയാനകമായ രാത്രിയായിമാറി .മദ്യത്തിന്‍റെ രൂക്ഷഗന്ധം മുറിയിലാകെ നിറഞ്ഞുനിന്നു. അയാളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിക്കാതെയിരുന്നപ്പോള്‍ അവളെ  ദേഹോപദ്രവം ഏല്‍പ്പിക്കാനായി  അയാളുടെ ശ്രമം.ഒന്ന് ഉറക്കെ പൊട്ടിക്കരയുവാന്‍ പോലുമാവാതെ റബേക്ക നിസഹായയായി എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി തെങ്ങികരഞ്ഞുകൊണ്ടിരുന്നു.മുഖം പൊത്തിപ്പിടിച്ച് കരയുന്ന റബേക്കയുടെ ഇരു കൈത്തലങ്ങളും അടര്‍ത്തിയെടുത്ത്‌ അയാള്‍  അവളെ തന്നോടടുപ്പിച്ചു.   പിന്തിരിയാന്‍ ഭാവമില്ലായിരുന്ന ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടുവാനായി റബേക്ക  കളവുപറഞ്ഞു.

,,എന്നോട് ക്ഷമിക്കണം    എനിക്കിപ്പോള്‍ ആര്‍ത്തവകാലമാണ് ഒരു നാലുദിവസം കൂടി ക്ഷമിക്കൂ ...,,

അയാള്‍ അവളെ നിരാശയോടെ  തന്‍റെ മാറില്‍ നിന്നും അകറ്റിനിര്‍ത്തിക്കൊണ്ട് പറഞ്ഞു .

,, ശ്ശെ ....നീ ഇത് നിന്‍റെ വീട്ടുകാരെ അറിയിച്ചില്ലേ ...അല്ല സാധാരണ ഈ സമയത്ത് ആരെങ്കിലും വിവാഹം നടത്തുമോ ?ശ്ശെ ആദ്യരാത്രി കുളമായി ,,

മദ്യലഹരിയില്‍ അയാളുടെ വാക്കുകള്‍ കുഴയുന്നുണ്ടായിരുന്നു.ഗ്ലാസിലെ പാലും പലതരം പഴവര്‍‍ഗങ്ങളും മേശപ്പുറത്തിരിക്കുന്നുണ്ടായിരുന്നു.ഭര്‍ത്താവ് വന്ന്  മെത്തയിലിരുന്നാല്‍  ഗ്ലാസിലെ പാല്‍ ഭര്‍ത്താവിന്‍റെ നേര്‍ക്ക്‌  നീട്ടണം എന്ന് കരുതിയിരുന്നതാണ് പക്ഷെ അയാള്‍ കതക്‌ തുറന്നു അകത്ത് കടന്നതും അവളെ കെട്ടിപ്പിടിക്കുകയുമാണ് ഉണ്ടായത്.അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കൂര്‍ക്കംവലിച്ചുറങ്ങി.റബേക്ക അപ്പോഴും  സങ്കടം സഹിക്കവയ്യാതെ തെങ്ങികരയുന്നുണ്ടായിരുന്നു.റബേക്ക ഒത്തിരി വൈകിയാണ് ഉറങ്ങിയത്  അടുത്ത പുലരിയിലയാള്‍  ഉറക്കമുണര്‍ന്നപ്പോള്‍ റബേക്ക അടുക്കളയിലായിരുന്നു. അയാളവളെ കിടപ്പുമുറിയില്‍ നിന്നും  ഉച്ചത്തില്‍ വിളിച്ചു.

,,റബേക്ക ഇവിടെ വരൂ ...,,

ഭയാഷങ്കയോടെ റബേക്ക കിടപ്പുമുറിയിലേക്ക് ചെന്നു.അയാളപ്പോള്‍ ശാന്തനും സൗമ്യനുമായിരുന്നു .അയാളവളെ മെത്തയില്‍ പിടിച്ചിരുത്തി ക്ഷമാപണം നടത്തി .

,,റബേക്ക ഞാനിന്നലെ അല്‍പം ഓവറായിരുന്നു അല്ലെ,,

സൗമ്യതയോടെയുള്ള അയാളുടെ പെരുമാറ്റം അവളെ അത്ഭുതപ്പെടുത്തി .റബേക്ക മെത്തയില്‍ നിന്നും എഴുനേറ്റ് ജാലകത്തിനരികില്‍ പോയി തുറന്നുകിടക്കുന്ന ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.

,,ആദ്യരാത്രിയില്‍ ഒരു സ്ത്രീയും ആഗ്രഹിക്കാത്തതാണ് ഇന്നലെ ഇവിടെ ഉണ്ടായത്.മദ്യലഹരിയില്‍ ഇന്നലെ ഈ മുറിയില്‍ അരങ്ങേറിയത് എന്തെങ്കിലും ഓര്‍മ്മയുണ്ടോ,,

അയാള്‍ ചിന്താവിഷ്ടനായി വീണ്ടും മെത്തയിലേക്ക് ചാഞ്ഞു.റബേക്ക അവളുടെ സങ്കടങ്ങള്‍ അയാളോട് പങ്കുവയ്ക്കുകയായിരുന്നു പക്ഷെ അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. സമയം ഏതാണ്ട് പത്തുമണി കഴിഞ്ഞപ്പോഴാണ് അയാള്‍ വീണ്ടും ഉറക്കമുണര്‍ന്നത്‌. തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് റബേക്കയോട് യാത്രപോലും പറയാതെ വാഹനത്തില്‍ കയറി അയാള്‍ പോയി.പിന്നെ തിരികെ വന്നത് രാത്രിയിലാണ് അന്നും അത്താഴത്തിന് മുന്‍പ് അപ്പനും മക്കളും മൂക്കറ്റം മദ്യപിച്ചു .സ്റ്റെയര്‍കേസ്‌ കയറാന്‍ ബുദ്ധിമുട്ടിയപ്പോള്‍ റബേക്ക അയാളെ നടക്കുവാന്‍ സഹായിച്ചു.കിടപ്പുമുറിയിലേക്ക് എത്തിയ ഉടനെ വസ്ത്രംപോലും മാറാതെ  അയാള്‍ മെത്തയിലേക്ക് ചാഞ്ഞു .ഒരുപാട് പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച റബേക്ക അയാളുടെ പ്രവര്‍ത്തികള്‍ കണ്ട് തുടര്‍ന്നുള്ള ജീവിതത്തെ ഓര്‍ത്ത്‌ അങ്കലാപ്പിലായി.കുറെയേറെ നേരം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു.ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ അയാള്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നില്ല.മൊബൈല്‍ഫോണിന്‍റെ സ്ക്രീനില്‍ നോക്കിയപ്പോള്‍ സുസന്‍ എന്നപേര് കണ്ടു .അവള്‍ മനസ്സില്ലാമനസ്സോടെ മൊബൈല്‍ഫോണ്‍ ചെവിയോടടുപ്പിച്ചു.അങ്ങേത്തലയ്ക്കല്‍ നിന്നുമുള്ള ശബ്ദം കേട്ട് ഭൂമി കീഴ്മേല്‍ മറിയുന്നത് പോലെ അവള്‍ക്ക് തോന്നി.

,, സണ്ണി വിവാഹം കഴിഞ്ഞപ്പോള്‍ നീ എന്നെ മറന്നൂലെ.എനിക്ക് നിന്‍റെ സാനിധ്യമില്ലാതെ ഉറങ്ങുവാനാവുന്നില്ല.രണ്ടു ദിവസം കഴിഞ്ഞാല്‍ അങ്ങേര് ബംഗളൂരു നിന്നും വരും അതിനുമുന്‍പ്‌ നീ എന്‍റെ അരികില്‍ വരണം എനിക്ക് നിന്‍റെ സാനിധ്യമില്ലാതെ ഭ്രാന്ത് പിടിക്കുന്നുണ്ട് .സണ്ണി നീയെന്താ ഒന്നും മിണ്ടാത്തെ നീ നാളെ വരില്ലെ ... ,,

റബേക്ക മൊബൈല്‍ഫോണ്‍ കട്ടുചെയ്തു.അവള്‍ അസ്വസ്ഥതമായ മനസ്സോടെ ഉറങ്ങുവാനായി കിടന്നെങ്കിലും അവള്‍ക്കുറങ്ങുവാനായില്ല.പ്രക്ഷുബ്ദമായ മനസ്സിന് ശാന്തി ലഭിക്കുവാനായി പ്രാര്‍ത്ഥനയോടെ റബേക്ക ഇമകള്‍ ഇറുക്കിയടച്ചു.ആ വീട്ടില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്നത് മാത്രമായിരുന്നു റബേക്കയുടെ ചിന്ത .അടുത്ത ദിവസ്സം അപ്പനെ വിളിച്ചുവരുത്തി റബേക്ക എന്നെന്നേക്കുമായി  ആ വീടിന്‍റെ ചവിട്ടുപടിയിറങ്ങി .പിന്നെ അധികം താമസിയാതെ വിവാഹമോചനവും നടന്നു .പുനര്‍വിവാഹത്തിന് അപ്പനും അമ്മച്ചിയും നിരന്തരം നിര്‍ബന്ധിച്ചുവെങ്കിലും റബേക്ക ഒഴിഞ്ഞുമാറി .പിന്നെ സഹോദരന്‍റെ വിയോഗത്തെ തുടര്‍ന്ന്‍  സ്ഥാപനത്തിന്‍റെ   മാനേജിംഗ് ഡയറക്ടർ  പദവി ഏറ്റെടുത്തപ്പോള്‍ റബേക്കയുടെ ജീവിതം തിരക്കുപിടിച്ചതായി .

സാമ്പത്തീക ക്രമക്കേടുകള്‍  നടത്തിയതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട മാനേജര്‍ ഉണ്ണിത്താന്‍റെ  ഒഴിവിലേക്കാണ്  പാലക്കാട് സ്വദേശി ആദിത്യന്‍ നമ്പൂതിരി പ്രവേശിച്ചത്‌.ജോലിയിലുള്ള ആത്മാര്‍ഥതയും കഠിനപ്രയത്നവും മൂലം പുതിയ ഒരുപാട് വര്‍ക്കുകള്‍ സ്ഥാപനത്തിന് ലഭിച്ചു.ഇപ്പോള്‍ റബേക്കയ്ക്ക് ജോലിഭാരമില്ല എല്ലാകാര്യങ്ങളും  ആദിത്യന്‍ നമ്പൂതിരി ശ്രദ്ധിക്കുന്നുണ്ട്.റബേക്കയുടെ സഹപാഠിയും ആത്മ സുഹൃത്തുമാണ് നാന്‍സി ചെറിയാന്‍  .ദോഹയില്‍ സ്വന്തമായി ട്രാവല്‍സ് നടത്തുകയാണ് ചെറിയാന്‍ .അവധിദിനങ്ങളില്‍ നാന്‍സിയാണ് റബേക്കയുടെ ഏക ആശ്വാസം .നാന്‍സിക്ക് ഒന്‍പതു വയസ്സുള്ള ആണ്‍കുട്ടിയും  ഏഴു  വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട് .നീണ്ട ഇടവേളയ്ക്കു ശേഷം നാന്‍സി ഇപ്പോള്‍ നാല്‌ മാസം ഗര്‍ഭണിയാണ്. കഴിഞ്ഞ ആഴ്ച വയറുവേദന കണ്ടപ്പോള്‍ പരിശോധനയ്ക്കായി   നാന്‍സിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു .പരിശോധിച്ച ഡോക്ടര്‍ നാന്‍സിക്ക് ബെഡ്ഡ് റെസ്റ്റ് പറഞ്ഞതിനാല്‍ നാന്‍സി ഇപ്പോള്‍ പരിപൂര്‍ണ്ണ വിശ്രമത്തിലാണ്.ഒഴുവുദിനങ്ങളില്‍ റബേക്കയും നാന്‍സിയും,നാന്‍സിയുടെ കുഞ്ഞുങ്ങളും കൂടി  പതിവായി   കോര്‍ണീഷില്‍ പോകുമായിരുന്നു.വ്യായാമം ചെയ്യുവാനും വര്‍ത്തമാനം പറഞ്ഞിരിക്കുവാനും    കോര്‍ണീഷില്‍ വിവിധരാജ്യക്കാര്‍ വരുമായിരുന്നു .

ചെറിയാനിപ്പോള്‍  പതിവിലും നേരത്തെ ഉറക്കമെഴുന്നേറ്റ് പ്രാതലും ഉച്ച ഭക്ഷണവും തയ്യാറാക്കി കുഞ്ഞുങ്ങളെ വിദ്യാലത്തില്‍ കൊണ്ടാക്കിയത്തിനു ശേഷമാണ് ജോലിക്ക് പോകുന്നത്.ഇന്ന് വ്യാഴാഴ്ചയാണ് സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.ഓഫീസ്‌ ബോയി മേശപ്പുറത്തു കൊണ്ടുവന്നു വെച്ച ഫയലുകള്‍ പരിശോധിച്ച് ഒപ്പിടെണ്ടുന്നവയില്‍ ഒപ്പിട്ട് നാലരയോടെ റബേക്ക മേനേജരോട് യാത്ര പറഞ്ഞിറങ്ങി.വെള്ളിയും,ശനിയും സ്ഥാപനത്തിന് അവധിയാണ്.ഇനി ശനിയാഴ്ച  രാത്രിവരെ നാന്‍സിയുടെ കൂടെ സമയം ചിലവഴിക്കും.അവിടെയാവുമ്പോള്‍ നാന്‍സിയോടും മക്കളോടും കൂടി കഴിയുമ്പോള്‍ നേരം പോകുന്നത് അറിയില്ല .റബേക്ക വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ഓര്‍ക്കുകയായിരുന്നു.ചെറിയാനും നാന്‍സിയും കുഞ്ഞുങ്ങളും എത്ര സന്തോഷമായി ജീവിക്കുന്നു.ഭര്‍ത്താവ്‌ കുഞ്ഞുങ്ങള്‍ സന്തോഷകരമായ  ജീവിതം ഇതൊക്കെ തനിക്കും വേണ്ടേ .ഇവിടെ  അസുഖമായി കിടന്നാല്‍ പോലും  ആത്മാര്‍ത്ഥമായി തന്നെ പരിപാലിക്കാന്‍ ആരുമില്ല .ഒരു വേലക്കാരി ഉണ്ടായിരുന്നത് അപ്പനും അമ്മച്ചിയും  നാട്ടിലേക്ക് പോയപ്പോള്‍ കൂടെ വിട്ടു. അപ്പച്ചനും അമ്മച്ചിയും നാടിലെ ജീവിതമാണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ റബേക്ക തന്നെയാണ് അവരെ നാട്ടിലേക്ക് പറഞ്ഞയക്കുവാന്‍ മുന്‍കൈയെടുത്തത്.ആറുമാസം കൂടുമ്പോള്‍ അപ്പച്ചനും അമ്മച്ചിയും  ഇവിടെ വന്ന് വിസ പുതുക്കി പോകുന്നുണ്ട്. തലമുറകള്‍ക്ക് ജീവിക്കുവാനുള്ള സ്വത്തുക്കള്‍ അപ്പനായിട്ട്‌ തന്നെ സമ്പാദിച്ചിട്ടുണ്ട് ഇപ്പോള്‍ താനും സമ്പാദിച്ചുകൂട്ടുന്നു .

റബേക്ക വാഹനം ഓരം ചേര്‍ത്തു നിറുത്തി നാന്‍സിയുടെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു.നാന്‍സി മെത്തയില്‍ തന്നെ കിടക്കുകയാണ്.കുഞ്ഞുങ്ങള്‍ ടാബില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നു.നാന്‍സി റബേക്കയെ കണ്ടപ്പോള്‍ അടുത്ത് കിടക്കുന്ന കസേരയില്‍ ഇരിക്കുവാന്‍ ആംഗ്യം കാട്ടികൊണ്ട് പറഞ്ഞു.

,, ഞാന്‍ തന്നെയും കാത്തിരിക്കുകയാണ്.ഇവിടെ ഇങ്ങിനെ കിടന്ന് ശെരിക്കും ബോറടിക്കുന്നു.എന്താടോ താന്‍ വല്ലാതെയിരിക്കുന്നത് ? കമ്പനിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ?,,

റബേക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കസേരയില്‍ നിവര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു

,, ഹേയ് ...അവിടെ നമ്മുടെ നമ്പൂതിരി വന്നതില്‍പിന്നെ യാതൊരുവിധ പ്രശ്നങ്ങളുമില്ല സെയില്‍സില്‍ കുറേ പുതിയ ആളുകളെ നിയമിച്ചിട്ടുണ്ട് .പുതിയ പ്രൊജെക്റ്റുകളും വേണ്ടുവോളമുണ്ട്.എന്തോ മനസ്സിന് ആകപ്പാടെ വല്ലാത്ത അസ്വസ്ഥത തോന്നുന്നു.,,

നാന്‍സി റബേക്കയുടെ കൈത്തലം നുകര്‍ന്നുകൊണ്ട് പറഞ്ഞു.

,, എനിക്ക് മനസ്സിലാകും തന്‍റെ ഇപ്പോഴത്തെ വല്ലായ്മയുടെ കാര്യം.കൂട്ടിന് ഒരാള്‍ വേണമെന്ന് തോന്നി തുടങ്ങി അല്ലെ.എത്രകാലം എന്ന് വെച്ചാ ഇങ്ങിനെ തനിയെ ജീവിക്കുന്നത്,,

റബേക്കയുടെ ഇമകളില്‍ നിന്നും ഇറ്റിയ കണ്ണുനീര്‍  തുള്ളികള്‍ നാന്‍സിയുടെ കൈത്തലങ്ങളില്‍ പതിച്ചു

,, എന്താടോ ഇത് കൊച്ചുകുട്ടികളെ പോലെ കരയുന്നത്.ഇനിയും വൈകീട്ടില്ല.അപ്പച്ചന്‍ ഇന്നലെ എനിക്ക് വിളിച്ചിരുന്നു.ഒരു വിവാഹാലോചന തനിക്കായി വന്നിട്ടുണ്ട് എന്ന് പറഞ്ഞു തന്നോട് പറഞ്ഞ് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നും പറഞ്ഞു.കേട്ടിട്ട് തരക്കേടില്ലാത്ത ബന്ധമാണ് എന്ന് തോന്നുന്നു.ആളൊരു റബര്‍ എസ്റ്റേറ്റ് മുതലാളിയാ പ്രായം മുപ്പത്തിയാറ് അയാളുടെ ആദ്യവിവാഹമാണ് എന്നാണ് അപ്പന്‍ പറഞ്ഞത് .ഞാന്‍ അപ്പന് വിളിച്ചു പറയട്ടെ ഇയാള് വിവാഹത്തിന് സമ്മതിച്ചു എന്ന് ,,

റബേക്ക കണ്ണുനീര്‍ തുടച്ചുകൊണ്ട് ചിരിക്കുക മാത്രം ചെയ്തു. നാന്‍സി ഉടനെ മൊബൈല്‍ഫോണ്‍ എടുത്ത് റബേക്കയുടെ അപ്പച്ചന്  കാള്‍ ചെയ്തു .സംസാരത്തിനിടയില്‍ റബേക്ക അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍  അപ്പച്ചന്‍ ഫോണ്‍ റബേക്കയ്ക്ക് കൊടുക്കുവാന്‍ പറഞ്ഞു. റബേക്ക ഫോണ്‍ ചെവിയോടടുപ്പിച്ചു

,,  മോളെ എന്താ വിശേഷം ,,

,, സുഖമായിരിക്കുന്നു അപ്പച്ചാ ,,

,,മോളെ ഇന്നലെ ഞങ്ങള്‍ ചെറുക്കനെ പോയികണ്ടിരുന്നു.മോളുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ അവര്‍ക്ക് മോളെ ഇഷ്ടപ്പെട്ടു.ഞാന്‍ എല്ലാകാര്യങ്ങളും അവരോട് പറഞ്ഞു ചെറുക്കന്‍റെ ഫോട്ടോകള്‍ മോള്‍ക്ക്‌ മെയില്‍ ചെയ്തിട്ടുണ്ട് മോള്‍ക്ക്‌ ഇഷ്ടമാകുകയാണെങ്കില്‍ നമുക്ക് ഈ ബന്ധം ഉറപ്പിക്കാം.കൃഷിയുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്ന പുരാതന തറവാട്ടുകാരാണ് .മണ്ണിനെ സ്നേഹിക്കുന്നവര്‍ സന്മനസ്സുള്ളവരായിരിക്കും,,

സംസാരത്തിനൊടുവില്‍ തിരികെ വിളിക്കാം എന്ന് പറഞ്ഞ് റബേക്ക ഫോണ്‍ കട്ട് ചെയ്തു.ഹൃദയത്തിന്‍റെ വേഗത അധികരിക്കുന്നത് പോലെ . ആകാംക്ഷയോടെ റബേക്ക മെയില്‍ തുറന്നുനോക്കി.കട്ടമീശ, ചീകി ഒതുക്കിയ ചുരുണ്ട മുടി.ഇരുനിറം ജുബ്ബയും മുണ്ടും വേഷം.ഒറ്റനോട്ടത്തില്‍ തന്നെ അവള്‍ക്കവനെ  ഇഷ്ടമായി.ഇങ്ങനെയൊരു ബന്ധം തന്നെ തേടിയെത്തുന്നതിന്‍റെ മുന്നറിയിപ്പാവുമോ ഒരു ജീവിത പങ്കാളി തനിക്ക് അനിവാര്യമാണെന്ന  തോന്നല്‍ തന്നില്‍  ഉണ്ടായതെന്നവള്‍  ഓര്‍ത്തുപോയി.മനസ്സ് ഉന്മാദ നൃത്തം ചവിട്ടുന്നത് പോലെ അറിയാന്‍ കൊതിച്ചത് ഇനിയും വിദൂരമല്ല എന്ന തിരിച്ചറിവിനാല്‍ റബേക്ക പ്രസന്നവതിയായി.ശനിയാഴ്ച സന്ധ്യ കഴിഞ്ഞപ്പോള്‍ റബേക്ക യാത്രപറഞ്ഞിറങ്ങി സ്വന്തം വാസസ്ഥലത്തേക്ക് തിരികെ പോന്നു.

അടുത്ത ദിവസം ഓഫീസില്‍ പോയി  രണ്ടുമാസത്തെക്കുള്ള ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടുകൊടുക്കുകയും   ആദിത്യന്‍ നമ്പൂതിരിയെ സ്ഥാപനത്തിന്‍റെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്ത് ചെറിയാന്‍റെ ട്രാവല്‍സിലേക്ക് വിളിച്ച് വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്തു.രണ്ടാം നാള്‍ പര്യാലോചനയോടെ  റബേക്ക കേരളത്തിലേക്ക് യാത്രയായി. സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരിക്കണേ തന്‍റെ ജീവിതത്തിലേക്ക് വരുന്ന യുവാവ് എന്നവള്‍ പ്രാര്‍ഥിച്ചുകൊണ്ട് വിമാനത്തിന്‍റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു അപ്പോള്‍ മേഘപടലങ്ങള്‍ക്കുള്ളിലൂടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുവാനായി കുതിച്ചുപായുകയായിരുന്നു.
                                                               ശുഭം
rasheedthozhiyoor@gmail.com                                    rasheedthozhiyoor.blogspot.com