29 November 2015

ചെറുകഥ .അപസ്മൃതി

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

വിനയചന്ദ്രന്‍ വസ്ത്രം ഇസ്തിരിയിടുകയാണ്. അയാള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന പഴയകാല ക്ലോക്കിലേക്ക് നോക്കി നേരം എട്ടരയായിരിക്കുന്നു.ആ ക്ലോക്കില്‍ തലമുറകള്‍ സമയം നോക്കിയിട്ടുണ്ട് .അത്രയ്ക്ക് പഴക്കമുണ്ട് ആ ക്ലോക്കിന് .ക്ലോക്കില്‍ സമയം നോക്കുന്നവര്‍ക്ക് കാലക്രമേണ രൂപഭേദങ്ങള്‍ സംഭവിക്കുമ്പോള്‍ കൃത്യമായി നാഴികമണി മുഴക്കുന്ന ആ ക്ലോക്കിന് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ല .ആ ക്ലോക്കിന് സംസാരിക്കുവാന്‍ ആവുമായിരുന്നെകില്‍ അനേകം തലമുറകളുടെ നേര്‍ക്കാഴ്ചകളെകുറിച്ച്  പറയുവാനുണ്ടാകുമായിരുന്നു.തന്‍റെ വസ്ത്രം ഇസ്തിരിയിട്ട് വൈദ്യുതി സ്വിച്ച് ഓഫാക്കി തിരിഞ്ഞപ്പോള്‍ അനിയത്തി വിജയലക്ഷ്മി അവളുടെ വസ്ത്രം അയാളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു.

,,ഒന്‍പതുമണിയോടെ ഏട്ടന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. അപ്പോള്‍ത്തന്നെ ഞാന്‍ വന്നു ബൈക്കിന്‍റെ പുറകില്‍ കയറിയിരുന്നില്ലെങ്കില്‍ എന്‍റെ ഏട്ടന് കോപം വരുമല്ലോ .നേരം വൈകിയാല്‍ ഏട്ടന്‍ എന്നെ വഴക്കുപറയുകയും ചെയ്യും.വഴക്ക് കേട്ട് കോളിജില്‍ പോയാല്‍ അന്നത്തെ എന്‍റെയൊരു ദിവസം  പോക്കാ ... എന്‍റെ പൊന്നു ഏട്ടനല്ലേ...... ഞാന്‍ കുളിച്ച് വരുമ്പോഴേക്കും എന്‍റെ ഈ വസ്ത്രം ഇസ്തിരിയിട്ട് വയ്ക്കു ,,

വിനയചന്ദ്രന്‍ സഹോദരിയുടെ ചെവിയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .

,,എടീ മടിച്ചി ....പെങ്ങമ്മാരുള്ള വിവാഹിതരാവാത്ത ആങ്ങളമാരുടെ വസ്ത്രം ഇസ്തിരിയിടെണ്ട ചുമതല പെങ്ങമ്മാര്‍ക്കുള്ളതാ .....എനിക്കുള്ള ഒരേയൊരു പെങ്ങള്‍ ഭൂലോക മടിച്ചിയായല്ലോ ഭഗവാനെ ,,

വിജയലക്ഷ്മി അല്പദൂരം പിന്നിട്ടപ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു.

,,ഏട്ടാ ...തിരക്കുകൂട്ടാതെ വസ്ത്രം നല്ല വൃത്തിയായി ഇസ്തിരിയിടണം .കോളേജില്‍ എനിക്ക് വിലസാനുള്ളതാ ,,

അവള്‍ പൊട്ടിച്ചിരിച്ചുക്കൊണ്ട് തിടുക്കത്തില്‍ അകത്തളത്തിലൂടെ നടന്നകന്നു.വിജയലക്ഷ്മി അങ്ങിനെയാണ് എപ്പോഴും വിനയചന്ദ്രനെ ദേഷ്യപ്പെടുത്തിക്കൊണ്ടിരിക്കും .അമ്മയുടെ സ്നേഹലാളനകള്‍ ലഭിക്കാതെ വളര്‍ന്ന സഹോദരിയുടെ കുസൃതികള്‍ അയാള്‍ക്ക്‌ ഇഷ്ടമാണ്.ഈയടുത്ത കാലം വരെ അവരുടെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് അലമാരയില്‍ മടക്കിവെച്ചിരുന്നത് അദ്ധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച അവരുടെ അച്ഛന്‍ വാസുദേവനായിരുന്നു.അമ്മയുടെ കര്‍ത്തവ്യങ്ങള്‍ എല്ലാംതന്നെ മക്കള്‍ക്കായി അച്ഛന്‍ നിര്‍വഹിക്കുമായിരുന്നു.വിനയചന്ദ്രന്‍ ജനിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ചികിത്സയുടെ പരിണിതഫലമായി പിറവിയെടുത്തതാണ് വിജയലക്ഷ്മി .ഇനിയൊരു ഗര്‍ഭധാരണം ഉണ്ടായാല്‍ പ്രസവാനന്തരം ജീവനു തന്നെ ഭീഷണിയാണ് എന്ന ഡോക്ടറുടെ വാക്കുകള്‍ അമ്മ ചെവിക്കൊണ്ടില്ല .വൈദ്യശാസ്ത്രം പിഴച്ചില്ല .പ്രസവത്തില്‍ അമ്മയുടെ ജീവന്‍ പൊലിഞ്ഞു .അമ്മയുടെ വിയോഗത്തിന് ശേഷം അമ്മയുടെ മാതാവ് വാസുദേവന്‍റെ വീട്ടിലേക്ക് താമസമാക്കി .ആയിടെ പ്രസവിച്ച അകന്ന ബന്ധത്തിലുള്ള സ്ത്രീയുടെ അമ്മിഞ്ഞപ്പാല്‍ കുടിച്ചാണ് വിജയലക്ഷ്മി വളര്‍ന്നത്‌.പുനര്‍ വിവാഹത്തിന് വാസുദേവനെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചുവെങ്കിലും അയാള്‍ പുനര്‍ വിവാഹത്തിന് സമ്മതിച്ചില്ല .

വാസുദേവന്‍‌ അദ്ധ്യാപന വൃത്തി ചെയ്തിരുന്ന വിദ്യാലയത്തില്‍ തന്നെയാണ് മക്കളും പഠിച്ചിരുന്നത് .വാസുദേവന്‍‌ ആ ഗ്രാമത്തിലെ സഹതാപ കഥാപാത്രമായിരുന്നു. വിജയലക്ഷ്മിയുടെ പതിനൊന്നാം വയസ്സില്‍ അമ്മാമ്മ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ട് ഇഹലോകവാസം വെടിഞ്ഞതില്‍പ്പിന്നെ മക്കളുടെ എല്ലാമെല്ലാം അച്ഛനായിരുന്നു.വിനയചന്ദ്രനിപ്പോള്‍ അദ്ധ്യാപകനാണ്. സഹോദരിയെ കോളേജിലാക്കിയത്തിനു ശേഷമാണ് അയാള്‍ വിദ്യാലയത്തിലേക്ക് പോകുന്നത് .വിജയലക്ഷ്മിയുടെ പഠനം നേരത്തെ കഴിയുമെങ്കിലും അവള്‍ സഹോദരന്‍ വരുന്നത് വരെ കോളേജില്‍ തന്നെയിരിക്കും.ഈയിടെയായി അച്ഛന് മറവിയാണ് ഒന്നും ഓര്‍മ്മയില്‍‌ നില്‍ക്കില്ല .ഭക്ഷണം പാചകം ചെയ്തിരുന്നത് പോലും അച്ഛന്‍ മറന്നിരിക്കുന്നു.ഇപ്പോള്‍ അച്ഛന്‍ ചെയ്തിരുന്ന വീട്ടിലെ ജോലികളൊക്കെ വിനയചന്ദ്രനാണ് ചെയ്യുന്നത് .വിജയലക്ഷ്മി അയാളെ സഹായിക്കും .

വിജയലക്ഷ്മി കുളികഴിഞ്ഞ് വന്നപ്പോഴേക്കും വസ്ത്രം ഇസ്തിരിയിട്ട് പ്രഭാതഭക്ഷണം തീന്മേശയില്‍ വിനയചന്ദ്രന്‍ വിളമ്പി വെച്ചിരുന്നു.പ്രഭാതഭക്ഷണം മൂന്നുപേരും കൂടി കഴിച്ചതിനു ശേഷം വിനയചന്ദ്രന്‍ തിടുക്കത്തില്‍ വസ്ത്രം ധരിച്ച്‌ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും വിജയലക്ഷ്മി ഓടിവന്ന് ബൈക്കിന്‍റെ പുറകില്‍ കയറിയിരുന്നു. പൂമുഖത്ത് ചാരുകസേരയില്‍ പത്രവുമായി ഇരുന്നിരുന്ന വാസുദേവന്‍‌ മകനോട്‌ ചോദിച്ചു .

,, എന്‍റെ കണ്ണട എവിടെയാണ്. ഈ പത്രം വായിക്കുവാനായിട്ട് ഞാന്‍ ആ കണ്ണട കുറേനേരമായി തിരയുന്നു,,

വിനയചന്ദ്രന്‍ അച്ഛനെ നോക്കിയപ്പോള്‍ അച്ഛന്‍റെ പോക്കറ്റില്‍ കണ്ണടയിരിക്കുന്നത് അയാള്‍ കണ്ടു .അയാള്‍ പറഞ്ഞു .

,, അച്ഛന്‍റെ പോക്കറ്റില്‍ തന്നെയുണ്ട്‌ അച്ഛന്‍ അന്യേഷിക്കുന്ന കണ്ണട .അച്ഛാ ....ഞങ്ങള്‍ തിരികെ വരുന്നത് വരെ പുറത്തേക്കൊന്നും പോയേക്കല്ലേ ,,

വാസുദേവന്‍‌ പോക്കറ്റില്‍ തപ്പിക്കൊണ്ട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ തലയാട്ടിക്കൊണ്ട് കണ്ണട ധരിച്ച് പത്രവായനയില്‍ മുഴുകി.ദിനരാത്രങ്ങള്‍ വിടവാങ്ങുംതോറും വാസുദേവന്‍റെ മറവി കൂടിക്കൂടി വന്നു .വിനയചന്ദ്രന്‍ അച്ഛനെ ആശുപത്രിയില്‍ക്കൊണ്ടുപോയി ഡോക്ടറെ കാണിച്ചു .നീണ്ട പരിശോധനയ്ക്കൊടുവില്‍ ഡോക്ടര്‍ വിനയച്ചന്ദ്രനോട് പറഞ്ഞു.

അച്ഛനെ വരാന്തയിലെ ഇരിപ്പിടത്തില്‍ ഇരുത്തിയിട്ട് താങ്കള്‍ ഇങ്ങോട്ട് വരൂ .ഇയാളോട് മാത്രമായി എനിക്ക് അല്പം സംസാരിക്കുവാനുണ്ട് ,,

വിനയചന്ദ്രന് ആകപ്പാടെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു .ഹൃദയമിടിപ്പിന്‍റെ വേഗം കൂടുന്നത് പോലെ .തൊണ്ട വറ്റിവരണ്ടതുപോലെ .അയാള്‍ നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ തൂവാലയെടുത്ത് തുടച്ചുക്കൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെന്നു.ഡോക്ടര്‍ കൈ സോപ്പിട്ട് കഴുകിതുടച്ച് ഇരിപ്പിടത്തില്‍ ഇരിക്കുന്നതോട് കൂടി വിനയചന്ദ്രനോട് ഇരിക്കുവാനായി ആംഗ്യം കാട്ടി ഡോക്ടര്‍ പറഞ്ഞു .

,, താങ്കളുടെ അച്ഛന് ഓര്‍മയെ മായ്ച്ചു കളയുന്ന ‘അള്‍ഷിമേഴ്‌സ് രോഗത്തിന്‍റെ തുടക്കമാണ് .സ്ഥിരമായ മറവിയിലേക്ക് മനുഷ്യ തലച്ചോറിനെ കുട്ടി കൊണ്ട് പോകുന്ന അപൂർവ്വ രോഗങ്ങളിൽ ഒന്നാണ് അൾഷിമേഴ്സ് . ഓര്‍മ നഷ്ടപ്പെട്ട് മറവിക്കും മരണത്തിനുമിടയില്‍ കഴിയുന്നത് രണ്ടു ലക്ഷം കേരളീയരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറങ്ങിയ അള്‍ഷിമേഴ്‌സ് ഡീസീസ് ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ലോകത്ത് നാല്‍പ്പത്തിഏഴ് ദശലക്ഷം പേര്‍ക്കാണ് അള്‍ഷിമേഴ്‌സ് പിടിപെട്ടിരിക്കുന്നത്.ഞാന്‍ മരുന്നുകള്‍ കുറിച്ചുതരാം രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തിനേടുവാനായുള്ള മരുന്നുകള്‍ വൈദ്യശാസ്ത്രത്തില്‍ കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം .അച്ഛന്‍റെ കൂടെ എപ്പോഴും ഒരാള്‍ ഉണ്ടാകണം .കാലക്രമേണ ഓര്‍മ്മ എന്നത് അദ്ദേഹത്തിന് അന്യമാകും ,,

 ഡോക്ടറുടെ ഉപദേശങ്ങള്‍  തുടര്‍ന്നുകൊണ്ടേയിരുന്നു .മരുന്നിനുള്ള കുറിപ്പ് ഡോക്ടര്‍ നല്കിയപ്പോള്‍ വിനയചന്ദ്രന്‍ പുറത്തിറങ്ങി അച്ഛനെ ഇരുത്തിയിരുന്ന ഇടത്തേക്ക് നോക്കിയപ്പോള്‍ ഇരിപ്പിടത്തില്‍ അച്ഛനെ കണ്ടില്ല.വരാന്തയിലുടനീളം അന്വേഷിച്ചുവെങ്കിലും അവിടെയെങ്ങും അച്ഛനെ കാണുവാനായില്ല .അച്ഛന്‍ എവിടെപ്പോയി എന്ന ആശങ്കയില്‍ അയാള്‍ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ വാഹനങ്ങളുടെ കൂട്ട ഹോണ്‍ മുഴക്കവും ,നടുറോഡില്‍ ആള്‍ക്കൂട്ടവും കണ്ടു . വിനയചന്ദ്രന്‍ ആള്‍ക്കൂട്ടത്തിലേക്ക് ധൃതിയില്‍ നടന്നു .അവിടെ അച്ഛന്‍ ഒരു ബസിനു മുമ്പില്‍ മാറാതെ നില്‍ക്കുന്നു.അച്ഛന്‍ ബസിനുള്ളിലേക്ക് നോക്കി ,, എന്‍റെ മോന്‍..... എന്‍റെ മോന്‍ ...,,എന്നുരുവിടുന്നുണ്ടായിരുന്നു .വാസുദേവന്‍‌ വിനയചന്ദ്രനെ കണ്ടപ്പോള്‍ അച്ഛന്‍റെ ഓര്‍മ്മകളില്‍ നിന്നും വിനയചന്ദ്രന്‍ അപ്രത്യക്ഷമായിട്ടുണ്ടായിരുന്നില്ല.വാസുദേവന്‍‌ മകനെ തിരിച്ചറിഞ്ഞു വാസുദേവന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു .വിനയചന്ദ്രന്‍ അച്ഛന്‍റെ കൈപിടിച്ചു റോഡിന്‍റെ ഓരത്തേക്ക് നടക്കുമ്പോള്‍ ബസ്സിലെ ഡ്രൈവര്‍ വിനയചന്ദ്രനോടായി പറഞ്ഞു .

,, തലയ്ക്ക് വെളിവില്ലത്തവരെ ഇങ്ങിനെ പുറത്തേക്ക് വിട്ടാലെങ്ങനയാ ശെരിയാവുക .മനുഷ്യരെ ബുദ്ധിമുട്ടിക്കുവാനായിട്ട് ഇറങ്ങിക്കോളും ഇങ്ങിനെയോരോന്ന്‍.നേരം വൈകി മരണപ്പാച്ചില്‍ പായുമ്പോള്‍ ഇങ്ങിനെയോരോ കുരിശുകള്‍ വന്ന് മുമ്പില്‍പ്പെടും ,,

ഡ്രൈവര്‍ പിറുപിറുത്ത് വാഹനമോടിച്ച്പ്പോയി .പുറകിലെ വാഹനത്തിലുള്ളവരുടെ മുഖങ്ങളില്‍ വഴിയിലെ തടസ്സം മാറിക്കിട്ടിയാതിന്‍റെ ആശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു .വിനയചന്ദ്രന് അച്ഛന്‍റെ അവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ സങ്കടം അസഹനീയമായി തോന്നി.അടുത്തകാലം വരെ അച്ഛനെ ബൈക്കിന്‍റെ പുറകില്‍ ഇരുത്തിയാണ്‌ യാത്രകള്‍ ചെയ്തിരുന്നത് ഇപ്പോള്‍ വിനയചന്ദ്രന് അങ്ങിനെ യാത്രചെയ്യുവാന്‍ ധൈര്യം  ഇല്ലാതെയായി .ആശുപത്രിയുടെ മുന്‍വശത്തുള്ള ഓട്ടോറിക്ഷ സ്റ്റാണ്ടിലെ ഓട്ടോറിക്ഷയില്‍ കയറി അച്ഛനും മകനും വീട്ടിലേക്ക് യാത്രതിരിച്ചു.റോഡിന്‍റെ ഇരുവശങ്ങളിലുള്ള വൃക്ഷങ്ങളും ഓട്ടോറിക്ഷയ്ക്കൊപ്പം സഞ്ചരിക്കുന്നതുപോലെ വിനയചന്ദ്രന് തോന്നി.

ദിനരാത്രങ്ങള്‍ കൊഴിഞ്ഞുപോകുംതോറും വാസുദേവന്‍റെ ഓര്‍മ്മകള്‍ മാഞ്ഞുപോയിക്കൊണ്ടിരുന്നു .വാസുദേവന്‍റെ മനസ്സ് കുഞ്ഞുങ്ങളുടെതുപ്പോലെയായി .ഇപ്പോള്‍ കൊഴിഞ്ഞുപോയ  ജീവിതത്തെക്കുറിച്ച് യാതൊന്നും അയാളുടെ ഓര്‍മ്മകളില്‍ അവശേഷിക്കുന്നില്ല. സ്വന്തം മക്കളെ ക്കുറിച്ചുള്ള ഓര്‍മ്മകളും അയാളുടെ ഓര്‍മ്മച്ചെപ്പില്‍ നിന്നും അന്യമായിരിക്കുന്നു.വാസുദേവന്‍‌ മാഷ്‌ ഗ്രാമത്തിലെ മാതൃകാ പുരുഷനായിരുന്നുന്നു.യാതൊരു ദുശീലങ്ങളും അയാള്‍ക്കുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ വാസുദേവന്‍‌ മാഷിന്‍റെ ഇന്നേയുടെ അവസ്ഥയെക്കുറിച്ചോര്‍ത്ത് ഗ്രമാവാസികള്‍ ഒന്നടങ്കം സങ്കടപ്പെട്ടു.

വാസുദേവന്‍‌ മലമൂത്രവിസര്‍ജ്ജനം കുഞ്ഞുങ്ങളുേടത്പോലെയായി .വിനയചന്ദ്രന്‍ അദ്ധ്യാപനത്തില്‍ നീണ്ട അവധിയെടുത്ത് അച്ഛനെ ശുശ്രൂഷിക്കുവാന്‍ നിന്നപ്പോള്‍ .ബന്ധുക്കളുടെ നിര്‍ബന്ധം മൂലം അച്ഛനെ ശുശ്രൂഷിക്കാന്‍ ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കുവാന്‍ തീരുമാനിച്ചു .അതിനായി പട്ടണത്തിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ അടുത്ത ദിവസ്സം ഹോം നഴ്സ് വീട്ടില്‍ എത്തുമെന്ന് അവര്‍ ഉറപ്പുനല്‍കി.

അടുത്തപ്രഭാതത്തില്‍ പതിവിലും നേരത്തെ വിനയചന്ദ്രന്‍ ഉറക്കമുണര്‍ന്നു.പുലര്‍ച്ചെ അരമണിക്കൂര്‍ ഓടാന്‍ പോകുന്ന പതിവയാള്‍ക്കുണ്ട്.ഡിസംബര്‍ മാസത്തെ ഇത്തവണത്തെ തണുപ്പിന് നല്ല കാഠിന്യം അയാള്‍ക്കനുഭവപ്പെട്ടു.റോഡില്‍ ക്ഷേത്രക്കുളത്തിലെ കുളിയും പ്രാര്‍ഥനയും കഴിഞ്ഞു മടങ്ങുന്ന അയ്യപ്പഭക്തരുടെ തിരക്കുണ്ടായിരുന്നു. വ്യായാമവും കുളിയും കഴിഞ്ഞ് അടുക്കളയില്‍ കയറി തിടുക്കത്തില്‍ വിജയലക്ഷ്മിക്ക് കൊണ്ടുപോകാനുള്ള ഭക്ഷണവും, പ്രാതലും ഒരുക്കുമ്പോള്‍ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു .പുലര്‍ച്ചെ തന്നെ ആരാണാവോ ? എന്ന ചിന്തയോടെ അയാള്‍ വിജയലക്ഷ്മിയോടായി പറഞ്ഞു .

,,ലക്ഷ്മി ആരോ കോളിംഗ് ബെല്ലടിക്കുന്നു . ആരാണെന്ന് നോക്കൂ ....ഇനിയും നീ ഉറക്കമുണര്‍ന്നില്ലേ ? ,,

കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടുക്കൊണ്ടാണ് വിജയലക്ഷ്മി ഉറക്കമുണര്‍ന്നത്‌.ഉറക്കച്ചടവിന്‍റെ ആലസ്യത്തോടെ വിജയലക്ഷ്മി പോയി പൂമുഖത്തെ കതക് തുറന്നു നോക്കി .ഒരു സ്ത്രീയും കൂടെ ഒരു കുഞ്ഞും വിജയലക്ഷ്മി അടുക്കളയിലേക്കോടി ഏട്ടനോട് പറഞ്ഞു .

,,അവിടെ ഒരു സ്ത്രീയും കുഞ്ഞും നിക്കുന്നു. ,,

വിനയചന്ദ്രന്‍ ഒന്ന് ആലോചിച്ചതിനു ശേഷം പറഞ്ഞു.

,, ഇന്ന് ഹോം നഴ്സ് വരും എന്ന് പറഞ്ഞിരുന്നു.വന്നിരിക്കുന്നത് ഹോം നാഴ്സായിരിക്കും,,

വിജയലക്ഷ്മി ശങ്കയോടെ പറഞ്ഞു.

,, അപ്പോള്‍ ആ സ്ത്രീയുടെ കൂടെയുള്ള കുഞ്ഞോ ?,,

വിനയചന്ദ്രന്‍ പുറത്തുപോയി നോക്കിയപ്പോള്‍ വെള്ള സാരിയും കറുപ്പ് ബ്ലൌസും ധരിച്ച ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും നാല് വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു പെണ്‍കുഞ്ഞും .ആരാണെന്ന് അറിയുവാനുള്ള ജിജ്ഞാസയോടെ നോക്കുന്ന വിനയചന്ദ്രനോട് സ്ത്രീ പറഞ്ഞു .

,,എന്‍റെ പേര് ആലീസ്. ഇവിടെ ഒരു ഹോം നഴ്സിനെ വേണമെന്ന് ഏജന്‍സിയില്‍ പറഞ്ഞിരുന്നില്ലേ ? ,,

വിനയചന്ദ്രന്‍ തലയാട്ടിക്കൊണ്ട് കുഞ്ഞിനെ നോക്കിയപ്പോള്‍ ആലീസ് തുടര്‍ന്നു

,, എന്‍റെ മോളാ.... ഇവളെ ഏല്പിച്ചു പോരാന്‍ എനിക്ക് ബന്ധുക്കള്‍ ആരുമില്ല .അച്ഛനെ ശുശ്രൂഷിക്കുവാനല്ലേ ഇവിടെ ഹോം നഴ്സിനെ ആവശ്യം .ഞാന്‍ ഈ വീട്ടിലെ എല്ലാ ജോലികളും ചെയ്തോളാം..... ദയവുചെയ്ത് എന്‍റെ മോളെക്കൂടി ഇവിടെ താമസിക്കുവാന്‍ അനുവദിക്കണം ,,

ദയനീയമായ അവളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ത്തുള്ളികള്‍ പൊടിയുന്നത് പോലെ വിനയചന്ദ്രന് തോന്നി .അലീസിനേയും കുഞ്ഞിനേയും അവര്‍ സ്വീകരിച്ചു .ആലീസ് നേരെ അച്ഛന്‍റെ കിടപ്പുമുറിയിലേക്കാണ്പോയത് .ആലീസ് അവളുടെ ബാഗ് അവിടെ വെച്ച് അല്പനേരം ഉറങ്ങിക്കിടക്കുന്ന വാസുദേവനെ നോക്കിനിന്നു .പിന്നെ തിടുക്കത്തില്‍ അടുക്കളയിലേക്ക് ചെന്ന് വിനയചന്ദ്രനോട് പറഞ്ഞു .

,, സര്‍ ഇന്നുമുതല്‍ വിദ്യാലയത്തിലേക്ക് പൊയ്ക്കോളൂ .ഇന്നത്തെ അദ്ധ്യാപനം മുടക്കേണ്ടാ എന്ന് കരുതിയാണ് ഞാന്‍ നേരത്തെ തന്നെ ഇവിടേയ്ക്ക് പോന്നത് ഏജന്‍സിയില്‍ നിന്നും ഇവിടത്തെ അവസ്ഥയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു.ഭക്ഷണം ഞാന്‍ പാചകം ചെയ്തോളാം. സര്‍ പോകുവാന്‍ തയ്യാറായിക്കോളൂ ,,

വിനയചന്ദ്രന്‍ അടുക്കളയില്‍ നിന്നും പുറത്തിറങ്ങി .അയാള്‍ അല്പനേരം പത്രം വായിച്ചിരുന്നു.പിന്നെ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു വന്നപ്പോഴേക്കും തീന്മേശയില്‍ പ്രാതല്‍ തയ്യാറായിരുന്നു.അച്ഛന്‍റെ കിടപ്പുമുറിയില്‍ പോയി നോക്കിയപ്പോള്‍ ആലീസ് അച്ഛനെ ബാത്രൂമില്‍ പല്ല് തെയ്ക്കാന്‍ സഹായിക്കുകയാണ് .അയാള്‍ക്ക്‌ ആ രംഗം കണ്ടപ്പോള്‍ മനസ്സിന് വല്ലാതെ ആശ്വാസം തോന്നി .ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആലീസും കുഞ്ഞും ആ വീട്ടിലെ പ്രിയങ്കരികളായിമാറി .ഒരു അവധിദിനം എല്ലാവരും പൂമുഖത്തിരിക്കുമ്പോള്‍ വിജയലക്ഷ്മി അലീസിനിനോട് ചോദിച്ചു .

,, ചേച്ചി ഇത്ര ദിവസ്സമായിട്ടും ചേച്ചിയുടെ കുടുംബത്തെകുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞില്ല .മോളുടെ പപ്പ എവിടെയാണ് ?,,

ആലീസിന്‍റെ മുഖഭാവം പൊടുന്നനെ കാര്‍മേഘം ഇരുണ്ടാതുപോലെയായി .വിജയലക്ഷ്മിയുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുവാനുള്ള ആലീസിന്‍റെ ശ്രമം പരാജയപ്പെട്ടു .ആലീസ് അവളുടെ കഥ പറഞ്ഞു.

കോട്ടയം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ മത വിശ്വാസിയായ ചര്‍ച്ചിലെ കുശിനിക്കാരന്‍ ജോണ്‍സന്‍റെ മൂന്ന് പെണ്മക്കളില്‍ രണ്ടാമത്തവളായിരുന്നു ആലീസ് .ബംഗളൂരുവിലെ നഴ്സിംഗ് കോളേജിലെ പഠനത്തിനിടയ്ക്കാണ് കോളേജിലെ തന്നെ ഡ്രൈവറായ കാസര്‍ഗോഡ്‌ സ്വദേശി ബാബുവിനെ പരിചയപ്പെടുന്നത് .സുമുഖനായ അയാളുടെ നിരന്തരമായ പ്രാണായാഭ്യാര്‍ത്ഥനയില്‍ ആലീസിന്‍റെ മനസ്സലിഞ്ഞു . പ്രണയം അതുവരെ അറിയാത്ത മാസ്മരികമായ അനുഭൂതിയിലെക്കവളെ കൂട്ടിക്കൊണ്ടുപോയി .പ്രണയിച്ച പുരുഷനാല്‍ തന്‍റെ ന്യകാത്വം നഷ്ടമായപ്പോള്‍ അവള്‍ വിഷമിച്ചില്ല .ആത്മാര്‍ഥമായി തന്നെ പ്രണയിക്കുന്ന തന്‍റെ പ്രിയതമന്‍ ജീവിതാവസാനം വരെ തന്നോടൊപ്പമുണ്ടാകുമെന്ന കണക്കുക്കൂട്ടല്‍ പിഴച്ചത് താന്‍ പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്‍റെ പ്രിയതമന്‍ വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണെന്നറിഞ്ഞ ആ നിമിഷത്തിലായിരുന്നു.ഒരു ദിവസ്സം ആദ്യഭാര്യയും മക്കളും നേരില്‍ വന്നു വിളിച്ചപ്പോള്‍ ഒരു ഭീരുവിനെപ്പോലെ യാത്രപോലും പറയാതെ അയാള്‍ അവരുടെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ ഉദരത്തില്‍ ജീവന്‍റെ പുതിയ നാമ്പ് തളിരിടുന്നതവള്‍ അറിഞ്ഞിരുന്നില്ല.അവിഹിത ബന്ധത്തില്‍ ഗര്‍ഭംധരിച്ച പെണ്‍കുട്ടിയെ കോളേജില്‍ നിന്നും പുറത്താക്കി .അഭയംതേടി സ്വന്തം വീട്ടിലേക്ക് കയറിച്ചെന്ന അവളുടെ അപ്പന് കുടുംബത്തിന്‍റെ മാനംകെടുത്തിയ പിഴച്ച മകളെ സ്വീകരിക്കുവാനുള്ള സന്മനസ്സുണ്ടായില്ല.ജീവിതം എന്നേക്കുമായി അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ അവളുടെ മനസ്സിനെ ജീവിക്കുവാന്‍ പ്രേരണ നല്കിയത് ഉദരത്തില്‍ നാമ്പിട്ട പുതുജീവനായിരുന്നു. പെരുവഴിയില്‍ തനിച്ചായ ആലീസിന് സ്ത്രീ അഭയകേന്ദ്രം സഹായഹസ്തം നീട്ടി .പിന്നീടുള്ള ആലീസിന്‍റെ ജീവിതം ഉദരത്തില്‍ നാമ്പിട്ട പുതുജീവന് വേണ്ടിയായിരുന്നു.

ആലീസ് തന്‍റെ കഥ പറയുമ്പോള്‍ അവളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.വാസുദേവനെ ആലീസ് തന്‍റെ പിതാവിനെപ്പോലെ ശുശ്രൂഷിച്ചു.അഞ്ചുമാസം കഴിഞ്ഞപ്പോള്‍ ആലീസിന്‍റെ മകളെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ വിനയചന്ദ്രന്‍ ചേര്‍ത്തു.വിനയചന്ദ്രന്‍ കുഞ്ഞിനോട്  വളരെയധികം അടുത്തു.വിദ്യാലയത്തില്‍ നിന്നും വന്നാല്‍ വിനയചന്ദ്രന്‍ കുഞ്ഞിനെ പഠിപ്പിക്കുകയും അവളുമായി കളിക്കുകയും ചെയ്യും . അവരുടെ ജീവിതത്തില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി .വിജയലക്ഷ്മി വിവാഹിതയായി ഭര്‍ത്താവിന്‍റെ കൂടെ വിദേശത്തേക്ക്പോയി .അടുത്തവര്‍ഷം വാസുദേവന്‍‌ മാഷ്‌ ഓര്‍മ്മയായി .വിദേശത്ത്‌ നിന്നും വിജയലക്ഷ്മിയും ഭര്‍ത്താവും എത്തിയപ്പോള്‍ വാസുദേവന്‍ മാഷിന്‍റെ ശവദാഹം നടന്നു. വാസുദേവന്‍‌ മാഷിന്‍റെ പതിനാറടിയന്തിരം കഴിഞ്ഞതിന്‍റെ അടുത്ത ദിവസ്സം ഒരു ഞായറാഴ്ചയായിരുന്നു .വിനയചന്ദ്രന്‍ കണ്ണാടിയില്‍ തന്‍റെ രൂപം ആകമാനം വീക്ഷിച്ചു .തലമുടിയില്‍ ഒന്നുരണ്ടു മുടി നരച്ചിരിക്കുന്നത് അയാളുടെ കണ്ണില്‍പ്പെട്ടു .ജീവിതത്തില്‍ തനിച്ചായത്‌പ്പോലെയുള്ള തോന്നല്‍ അയാളുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് .വിജയലക്ഷ്മിയും ഭര്‍ത്താവും രാവിലെ തന്നെ വിദേശത്തേക്ക്പോയി . ഊണ് കഴിഞ്ഞ് വിനയചന്ദ്രന്‍ അച്ഛന്‍റെ ചാരുകസേരയില്‍ കിടന്നപ്പോള്‍ അറിയാതെ ഒന്ന് മയങ്ങിപ്പോയി .,,സര്‍ ,,എന്ന വിളി കേട്ടപ്പോള്‍ അയാള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു.ആലീസ് വരുമ്പോള്‍ കൊണ്ടുവന്ന ബാഗ്‌ തോളിലിട്ട്‌ മകളുടെ കൈ പിടിച്ചു നില്‍ക്കുന്നു.അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു .

,, ഇതെന്താ ബാഗും തോളിലിട്ട്‌ നിക്കുന്നത്.മോള് പുതിയ വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ .,,

ആലീസ് അയാളുടെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി പറഞ്ഞു .

,, ഞങ്ങള്‍ യാത്രയാവുകയാണ് ഇനി ഞങ്ങള്‍ ഇവിടെ താമസിക്കുന്നതില്‍ അര്‍ത്ഥമില്ല .ശുശ്രൂഷിക്കുവാന്‍ വന്നയാള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ലല്ലോ,,

വിനയചന്ദ്രന്‍ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല .അയാള്‍ക്ക്‌ പൊടുന്നനെ വന്ന ദേഷ്യം ഉള്ളിലൊതുക്കിക്കൊണ്ട് പറഞ്ഞു .

,, ആരാ ഇപ്പോള്‍ ഇവിടെ നിന്നും പോകുവാന്‍ പറഞ്ഞത് .ശമ്പളം കൃത്യമായി എല്ലാ മാസം ഒന്നാംതിയ്യതി തന്നെ ആലീസിന്‍റെ പേരില്‍ ഞാന്‍ ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ടല്ലോ .മോള്‍ക്ക്‌ വേണ്ടിയല്ലെ ആലീസ് ഇപ്പോള്‍ ജീവിക്കുന്നത്. അവളുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണോ .അല്ലെങ്കില്‍ത്തന്നെ എവിടേക്കാണ്‌ ഈ പോകുന്നത് ,,

വിനയചന്ദ്രന്‍ ഇരു കൈത്തലങ്ങളും കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു.ഭയത്തോടെ ആലീസ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു .

,, ഏജന്‍സിയില്‍ പോയാല്‍ അവര്‍ പുതിയ ഒരിടത്തേക്ക് അയക്കും .ഞങ്ങള്‍ ഇവിടെ ഇനിയും താമസ്സമാക്കിയാല്‍ സറിനാണ് ചീത്തപ്പേര് കേള്‍ക്കേണ്ടി വരിക .സമൂഹത്തെ ഭയക്കണം . എത്രയുംവേഗം സര്‍ വിവാഹിതനാവണം ഭാര്യയുമായി സന്തോഷത്തോടെ ജീവിക്കണം .ഞങ്ങള്‍ക്ക് പോകണം മറിച്ചൊന്നും പറയരുത്,,

അയാളുടെ കോപത്തെ അയാള്‍ക്ക്‌ നിയന്ത്രിക്കുവാനായില്ല .അയാള്‍ ആക്രോശിച്ചു .

,, അകത്തേക്ക് കയറിപ്പോ ..സമൂഹത്തെ ഭയക്കണം പോലും.എന്നെ ഇവിടെ തനിച്ചാക്കി പോവുകയാണത്രേ ....ഇങ്ങിനെ പറയുവാന്‍ എങ്ങിനെ കഴിയുന്നു. കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചിട്ട് ഇപ്പൊ ഞാന്‍ ആരും അല്ലാണ്ടായി. ഈ കുഞ്ഞിനെ പിരിഞ്ഞിരിക്കുവാന്‍ എന്നെക്കൊണ്ടാവില്ല .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നലില്‍ നിന്നും എന്നെ വിമുക്തനാക്കുന്നത് ഈ മോളാണ് എന്‍റെ ഈ പൊന്നുമോള് ,,

അപ്പോള്‍ വിനയചന്ദ്രന്‍റെ സ്വരം ഇടറിയിരുന്നു . ആലീസിന്‍റെ കുഞ്ഞ് കരഞ്ഞുക്കൊണ്ട് അയാളുടെ മടിയില്‍ കയറിയിരുന്നു.അയാള്‍ അവളെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ചു . അയാളുടെ സ്നേഹപ്രകടനങ്ങളും വാക്കുകളും കേട്ട് ആലീസ് അന്ധാളിച്ചു നിന്നു .
                                                                         ശുഭം

rasheedthozhiyoor@gmail.com