18 December 2014

ചെറുകഥ . ധനാര്‍ജനം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

തൃശിവപേരൂര്‍ പട്ടണത്തിലെ തിരക്കേറിയ നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇടയിലൂടെ ഷാജഹാന്‍ തന്‍റെ  ആഡംബര വാഹനത്തില്‍  ജൌളിക്കട ലക്ഷ്യമാക്കി നീങ്ങി .ജീവിതത്തില്‍ നിനയ്ക്കാത്തതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അയാള്‍ക്കാവുന്നുണ്ടായിരുന്നില്ല .സ്വപ്നങ്ങളില്‍ പോലും  കാണാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് അയാള്‍ എത്തിപ്പെട്ടത് ഒരു നിമിത്തം മാത്രം .മനുഷ്യരുടെ   ജീവിതോപാധിക്കായി നെട്ടോട്ടമോടുന്ന അനേകായിരങ്ങളുടെ  പാദസ്പര്‍ശം ഏല്ക്കുന്ന  തൃശിവപേരൂര്‍ പട്ടണത്തിന്‍റെ ഏറ്റവും തിരേക്കേറിയ ഇടമാണ് സ്വരാജ് റൌണ്ട്. പട്ടണത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്വരാജ് റൌണ്ടിന്‍റെ      ഒരുവശം തേക്കിൻ കാട് മൈതാനമാണ്.മറുവശത്ത്‌ വ്യാപാര സമുച്ചയങ്ങളും . വ്യാപാര സമുച്ചയങ്ങളുടെ മുന്‍വശത്തായി നടപ്പാതയാണ് .നടപ്പാത വഴിയോര വാണിഭക്കാര്‍  കയ്യേറിയത് മൂലം കാല്‍നടക്കാര്‍ നടക്കുവാന്‍ നന്നെ പാടുപെടുന്നുണ്ട്  . വഴിയോര വാണിഭക്കാര്‍ കൂടുതലും വസ്ത്രവ്യാപാരം ചെയ്യുന്നവരാണ്. കൂട്ടത്തില്‍ മലക്കറികളും,പഴവര്‍‍ഗങ്ങളും പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും,മലക്കറി വിത്തുകളും,ചെടികളും,മണ്‍ ചട്ടികളും,അങ്ങിനെ നീണ്ടു പോകുന്നു പട്ടിക .തേക്കിന്‍കാട്‌ മൈതാനത്തിന്‍റെ പേരിപ്പോള്‍  വടക്കും നാഥന്‍ ക്ഷേത്രമൈതാനം എന്നാക്കി മാറ്റിയിട്ടുണ്ടെങ്കിലും തൃശിവപേരൂര്‍ക്കാര്‍ക്ക് മൈതാനം തേക്കിന്‍കാട്‌ മൈതാനം തന്നെയാണ്.പൂര്‍വികര്‍ നട്ടുപിടിപ്പിച്ച തേക്കിന്‍ തയ്യുകള്‍ ഇപ്പോള്‍ വളര്‍ന്നു വലിയ മരങ്ങളായിരിക്കുന്നു.ഉച്ചവെയിലടങ്ങിയതിനാല്‍ കാറ്റുകൊള്ളാനെത്തുന്നവരുടെ തിരക്കായിത്തുടങ്ങിയിരിക്കുന്നു .

ഷാജഹാന്‍ ഇരുനിലയില്‍ സ്ഥിതിചെയ്യുന്ന ജൌളിക്കടയുടെ സമീപം അയാളുടെ വാഹനം   പാര്‍ക്ക് ചെയ്യുവാനുള്ള ഇടത്ത് വാഹനം നിറുത്തിയപ്പോള്‍ ,പാറാവുകാരന്‍ അവറാച്ചന്‍ വാഹനം പാര്‍ക്കുചെയ്യുവാനായി താഴിനാല്‍ ബന്ധിപ്പിച്ച ചങ്ങലകള്‍ നീക്കം ചെയ്ത ശേഷം കൃതജ്ഞതയോടെ ശിരസ്സ്‌ നമിച്ചു നിന്നു . അവറാച്ചന് ഭൂമിയിലെ കാണപെട്ട ദൈവമാണ് ഷാജഹാന്‍ .വാടകവീട്ടില്‍ താമസിച്ചിരുന്ന അവറാച്ചന് പട്ടണത്തില്‍ നിന്നും ദൂരെയാണെങ്കിലും സ്വന്തമായി വസ്തു വാങ്ങുവാനും മകളെ വിവാഹം ചെയ്തയക്കാനും ഷാജഹാന്‍ അകമഴിഞ്ഞ്  സഹായിച്ചിട്ടുണ്ട്.ഷാജഹാന്‍ ജൌളിക്കടയിലേക്ക് കയറിപ്പോയപ്പോള്‍ അവറാച്ചന്‍ ഓര്‍ക്കുകയായിരുന്നു.ഈ ജൌളികടയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പഴകിയ വസ്ത്രംധരിച്ചു  നിരാശനായി വന്ന  ഷാജഹാനെ .അന്ന് കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു .കുടചൂടിയിരുന്നുവെങ്കിലും  അയാളുടെ വസ്ത്രാമാകെ കാറ്റിനാല്‍ ന്നനഞ്ഞിരുന്നു  .സുമുഖനായ അയാളുടെ മുഖഭാവവും വസ്ത്രധാരണവും കണ്ടപ്പോള്‍ അവറാച്ചന്‍ ഊഹിച്ചു . ജീവിക്കുവാന്‍ കഷ്ടത അനുഭവിക്കുന്ന ആളാണെന്ന്  .
കുറെയേറെ നേരം മഴയുടെ  ശമനത്തിനായി അയാള്‍ അവിടെ തന്നെ നിന്നു.  പെയ്തൊഴിയുന്ന മഴയെ നോക്കി നില്‍ക്കുന്ന  അയാളുടെ അരികില്‍ പോയി  അവറാച്ചന്‍  ചോദിച്ചു .

,, എവിടെക്കാണാവോ  യാത്ര .ഈ കടയിലേക്ക് വന്നതല്ല എന്ന് മനസ്സിലായി . ഈ മഴയ്ക്ക്‌ ഇപ്പോഴൊന്നും ശമനം ഉണ്ടാകുമെന്ന് തോന്നുന്നില്ല . എവിടെയാ സ്വദേശം? .ഇവിടെയെങ്ങും മുന്പ് ഞാന്‍ കണ്ടിട്ടില്ല അതോണ്ട് ചോദിച്ചതാ  ,,

പ്രതീക്ഷിക്കാതെയുള്ള അവറാച്ചന്‍റെ ചോദ്യം കേട്ടപ്പോള്‍ നിരത്തിലേക്ക് നോക്കി നിന്നിരുന്ന ഷാജഹാന്‍ തിരിഞ്ഞു കൊണ്ട് പറഞ്ഞു .

,, ആലത്തൂരാണ് എന്‍റെ സ്വദേശം .ഇവിടെ ഞാന്‍ ആദ്യമായാണ് വരുന്നത്.ജോലി തിരക്കി ഇറങ്ങിയതാ .ഡിഗ്രി പാസായിട്ടുണ്ട്‌ കുറെയേറെ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി എവിടേം ജോലി തരപെട്ടില്ല . ഇവിടെ ജോലിക്കാരെ ആവശ്യമുണ്ടോ ആവോ  ,,

  അവറാച്ചന്‍ മീശയില്‍ തടവി കൊണ്ട് അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം  പറഞ്ഞു .

,, മുതലാളി അകത്തുണ്ട് ഞാന്‍ പോയി  ചോദിച്ചു നോക്കട്ടെ ,,

എല്ലാ ഇടത്തുനിന്നും കേട്ടത് പോലെ ഇവിടേയും ഇപ്പോള്‍ ആളെ ആവശ്യമില്ല എന്നുതന്നെയാവും കേള്‍ക്കേണ്ടി വരിക എന്ന തോന്നലോടെ അയാള്‍ പാറാവുകാരനെ കാത്തുനിന്നു .

അവറാച്ചന്‍ അല്പസമയം കഴിഞ്ഞപ്പോള്‍ തിരികെ വന്നു പറഞ്ഞു .

,, അകത്തേക്ക് ചെല്ലുവാന്‍ പറഞ്ഞു . മുതലാളി നല്ലവനാ കരുണയുള്ളവനാ .കഷ്ടപെടുന്നവരെ അദ്ദേഹം കയ്യൊഴിയുകയില്ല .കുഞ്ഞ്  ധൈര്യമായി  ചെല്ലൂ ,,

നനഞ്ഞ വസ്ത്രങ്ങളിലേക്ക് നോക്കി അകത്തേക്ക് പോകുവാന്‍ വിമുഖതയോടെ നില്‍ക്കുന്ന ഷാജഹാനോട്  അവറാച്ചന്‍  പറഞ്ഞു .

,, അതൊന്നും സാരല്ല്യാ... കുഞ്ഞ് അകത്തേക്ക്  ചെല്ലൂ ...,,

മുകള്‍ നിലയിലെ മുതലാളിയുടെ ചില്ലുകളാല്‍ വേര്‍തിരിച്ച  മുറിയുടെ അരികില്‍ എത്തിയപ്പോള്‍, വെളുത്ത നിറത്തിലുള്ള ബോര്‍ഡില്‍ കറുത്ത ലിപികളില്‍  പേര്  എഴുതി വെച്ചത്  അയാളുടെ  ശ്രദ്ധയില്‍പ്പെട്ടു .മാനേജിംഗ് ഡയറക്ടര്‍  സീതിഹാജി .ഷാജഹാന്‍ അല്പനേരം പരിസരമാകെ വീക്ഷിച്ചു നിന്നു . കണക്കുകള്‍ പരിശോദിച്ചു കൊണ്ടിരുന്ന ഹാജിയുടെ ദൃശ്ടിയില്‍ പെട്ടപ്പോള്‍  ഷാജഹാനെ ഹാജി  അകത്തേക്ക് ക്ഷണിച്ചു . നെറ്റിയുടെ മുകളിലായി മുടി  അല്പം നര കയറിയിട്ടുണ്ടെങ്കിലും ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്ക് നല്ല കറുപ്പ് നിറമായിരുന്നു .തൂവെള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഹാജി നല്ല പ്രസന്നവാനായിരുന്നു . നിറ പുഞ്ചിരിയോടെ അയാളെ വരവേറ്റ ഹാജിയുടെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ക്ക്‌ തോന്നി ഹാജി  സന്മനസ്സിന് ഉടമയാണെന്ന് .  കൂടിക്കാഴ്ചയ്ക്കൊടുവില്‍ ഷാജഹാന്  അവിടെ വസ്ത്ര വില്പനക്കാരനായി   ജോലി ലഭിച്ചു .ഹാജിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു യുവാവ് അയാള്‍ക്ക്‌ പുതിയ വസ്ത്രങ്ങള്‍ കൊണ്ടുവന്നു  നല്‍കി  .അപ്പോള്‍ ത്തന്നെ  നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി വില്പനക്കാര്‍ ധരിക്കുന്ന  പുതിയവസ്ത്രം ധരിച്ചയുടനെ ഷാജഹാന്‍ നേരെ അവറാച്ചന്‍റെ അരികിലേക്കാണ് പോയത്.

,, എല്ലാ ഇടങ്ങളിലും അന്വേഷിച്ചത് പോലെ ഇവിടെയും അന്വേഷിച്ചപ്പോള്‍ ഒട്ടും നിനച്ചിരുന്നില്ല ഇവിടെ എനിക്ക് തൊഴില്‍ ലഭിക്കുമെന്ന് .ചേട്ടായിയെ ഞാന്‍ മറക്കില്ല ഒരിക്കലും ,,

  .അവറാച്ചനോട്  നന്ദി പറഞ്ഞ് ഷാജഹാന്‍ ജോലിയില്‍ പ്രവേശിച്ചു .വരുംവരായ്കകളെപ്പറ്റി അയാള്‍ ആകുലതപ്പെട്ടില്ല . മുന്‍പില്‍ ഒരേയൊരു ലക്‌ഷ്യം മാത്രം മാതാപിതാക്കളെ പട്ടിണി കൂടാതെ സംരക്ഷിക്കണം .ഇനിയും പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .അദ്ധ്യാപകനാവണം  എന്നതായിരുന്ന മോഹം . വാപ്പ കിടപ്പിലായിരുന്നില്ലായെങ്കില്‍ ഇനിയും പഠിക്കാമായിരുന്നു .

ദിവസങ്ങള്‍ക്കകം തന്നെ  ഷാജഹാന്‍ സ്ഥാപനത്തിലെ മറ്റുതൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും പ്രിയങ്കരനായി മാറി   .ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഷാജഹാന്‍ സ്ഥാപനത്തിലെ മാനേജറായി  അവരോധിക്കപ്പെട്ടു .അയാളുടെ പ്രയത്നം കൊണ്ട് വ്യാപാരം പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു ക്കൊണ്ടിരുന്നു .ജൌളിക്കടയുടെ ബ്രാഞ്ചുകള്‍ പട്ടണത്തിലും ഇതര ജില്ലകളിലും തുറക്കപ്പെട്ടു .വ്യാപാര സമുച്ചയങ്ങളുടെ നിര്‍മ്മാണ മേഖലയിലെ പരീക്ഷണം കൂടി  വിജയം കണ്ടതോട്‌ കൂടി സീതിഹാജി എല്ലാ  സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വങ്ങള്‍   ഷാജഹാന് നല്‍കി .സീതിഹാജിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല .ഷാജഹാന്‍ പുതിയ പല വ്യാപാരങ്ങളും തുടങ്ങി .കൂടുതലും പ്രാധാന്യം നല്കിയത് വസ്ത്ര വ്യാപാരത്തിനായിരുന്നു . തുടങ്ങിയ എല്ലാ വ്യാപാരങ്ങളും  വിജയത്തിലെത്തിക്കുവാനും അയാള്‍ക്കായി .

സീതിഹാജിയുടെ ഇളയ സഹോദരന്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ ഷാജഹാന്‍ സീതിഹാജിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ .സഹോദരനെ  സീതിഹാജി സാമ്പത്തിക ഇടപാടുകളില്‍ നിന്നും വിലക്കി .സീതിഹാജിയുടെ സഹോദരന്‍ ഷാജഹാന്‍റെ ശത്രുവായി മാറി . സീതിഹാജിയ്ക്ക് വേണ്ടുവോളം സമ്പത്ത് ഉണ്ടെങ്കിലും കുടുംബജീവിതം പരാജയമാണെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല .ഷാജഹാന്‍ ജോലിക്ക് വരുന്നതിന് മുന്‍പാണ് ഹാജിയുടെ മുത്ത മകന്‍ മരണപ്പെടുന്നത്. ഡോക്ടര്‍ ഭാഗം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് മകന്‍റെ വിയോഗം. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രയ്ക്ക് പോയ മകന്‍ ഒഴുക്കില്‍പ്പെട്ട് മരണപെടുകയായിരുന്നു .മകന്‍റെ മരണത്തോടെ സീതിഹാജി വ്യാപാരത്തില്‍ അശ്രദ്ധനായിക്കൊണ്ടിരുന്നു .സഹോദരന്‍റെ മേല്‍നോട്ടത്തിലായിരുന്നു വ്യാപാരം തുടര്‍ന്നുപോന്നിരുന്നത് . ആതുരസേവനത്തില്‍ തല്പരനായ മകന്‍റെ ആഗ്രഹമായിരുന്നു, പഠനശേഷം ആശുപത്രി പണിയുക എന്നത്.ഈ അടുത്തകാലത്താണ് മകന്‍റെ പൂവണിയാത്ത മോഹം ഷാജഹാന്‍ കേട്ടറിയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തത്  .രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞു വെങ്കിലും പതിനാലു ദിവസത്തെ ദാമ്പത്യ ജീവിതമേ മകള്‍ക്ക് ലഭിച്ചുള്ളൂ .മയക്കുമരുന്നിന് അടിമയും ദേഹോപദ്രവ കാരനുമായ മരുമകനെ കുറിച്ച്  മകളില്‍ നിന്നും അറിഞ്ഞപ്പോള്‍ ഹാജി രണ്ടാമതൊന്ന് ആലോചിച്ചില്ല. മകളെ അന്ന് തന്നെ തിരികെ കൂട്ടികൊണ്ടുവന്നു .   വിവാഹമോചിതയായ മകള്‍ രണ്ടാമതൊരു വിവാഹത്തിന് സമ്മതിക്കാത്തത് ഹാജിയെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത് .ബുദ്ധിസ്ഥിരതയില്ലാത്ത മൂന്നാമത്തെ മകന്‍റെ ശരീരവും തളര്‍ന്ന നിലയിലാണ് .

പുറകില്‍ നിന്നും ,, ചേട്ടായി എന്താണ് കാര്യമായി ഓര്‍ക്കുന്നത് ,,എന്ന ചോദ്യം കേട്ടപ്പോള്‍ അവറാച്ചന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു .

,, ഒന്നുമില്ല കുഞ്ഞേ ഞാന്‍ ഓര്‍ക്കുകയായിരുന്നു അന്ന് മഴ നനഞ്ഞു വന്ന കുഞ്ഞിനെ . ഈ സ്ഥാപനം ഏതാണ്ട് അടച്ചുപൂട്ടേണ്ട അവസ്ഥയായിരുന്നു അന്ന് .ഞങ്ങളുടെ പ്രാര്‍ഥനയുടെ ഫലമായിട്ടാവും ഉടയതമ്പുരാന്‍ മോനെ ഇവിടെ എത്തിച്ചത് .വിശ്വസിച്ച് ഏല്‍പ്പിച്ച കൂടപ്പിറപ്പ് തന്നെ മോഷ്ട്ടിക്കുവാന്‍ തുടങ്ങിയാല്‍ പിന്നെ എന്താ ചെയ്യുക .മുതലാളിയുടെ പ്രതീക്ഷയായിരുന്നു മരണപ്പെട്ടുപോയ മോന്‍ .പ്രതീക്ഷ അസ്തമിച്ചപ്പോള്‍ അദ്ദേഹം മാനസീകമായി ആകെ തളര്‍ന്നിരുന്നു . ,,

,, ഞാന്‍ ഒന്നും മറന്നിട്ടില്ല .മറക്കുകയുമില്ല. ഈ നിലയില്‍ ആവുമെന്നോ  ആവണമെന്നോ നിനച്ചതല്ല .വീടുവീടാന്തരം ചുമടും താങ്ങി വസ്ത്രങ്ങള്‍ വില്പന ചെയ്തിരുന്ന വാപ്പയുടെ മേല്‍ വാഹനം ഇടിച്ചു വാപ്പ കിടപ്പിലായപ്പോള്‍ പിന്നെ എനിക്ക് ജോലി  അന്വേഷിക്കാതെയിരിക്കുവാന്‍  നിര്‍വാഹമില്ലായിരുന്നു .ഇന്ന് നാട്ടിലേക്കൊന്നു പോകണം ,,

,, ഈ തിരക്കിനിടയില്‍ ആഴ്ചയില്‍ അവിടെ പോയി വരുന്നതിനെക്കാളും നല്ലതല്ലെ കുഞ്ഞേ  വാപ്പാനേം ഉമ്മാനേം ഇവിടെ കൊണ്ട് വന്നു താമസിപ്പിക്കുന്നത്  ,,

,, ആ ഗ്രാമം വിട്ട് അവര്‍ എങ്ങും വരില്ല. ഗ്രാമത്തില്‍ എനിക്കായി ഹാജി പണിതു നല്‍കിയ പുതിയ  വീട്ടിലേക്ക് പോലും അവര്‍ വരില്ല  . അവിടെ വന്നാല്‍ ഉമ്മയ്ക്ക് വിമ്മിട്ടമാണത്രേ  .എന്തായി ചേട്ടായിയുടെ ഇളയ മകളുടെ വിവാഹാലോചന ,,

,, നാളെ ഒരൂട്ടര്‍ വരും എന്ന് പറഞ്ഞിട്ടുണ്ട് ,,

,, വിവാഹം ഉറപ്പിച്ചാല്‍ വിവരം അറിയിക്കൂ നമുക്ക് വേണ്ടത് ചെയ്യാം ,,

 അവറാച്ചനോട്  യാത്ര പറഞ്ഞു അയാള്‍ ഗ്രാമത്തിലേക്ക്  തിരിച്ചു .പട്ടണത്തിലെ തിക്കും തിരക്കുകളില്‍ നിന്നും ആലത്തൂരില്‍ എത്തിയാല്‍ മനസിന്‌ എന്തെന്നില്ലാത്ത ആശ്വാസമാണ് .കുന്നുകളും മലകളും ഹരിതാഭമായ കാഴ്ചകളും തന്നെയാണ് അയാള്‍ക്ക്‌ എക്കാലവും ഇഷ്ടം .ഗ്രാമത്തില്‍ ജീവിക്കണം എന്ന് തന്നെയായിരുന്നു അയാളുടെ ആഗ്രഹവും .തന്നിലേക്ക് വന്നുചേര്‍ന്ന പുതിയ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ അയാള്‍ക്ക്‌ ആവുമായിരുന്നില്ല .ഒരുപാടുപേരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതെയാക്കാന്‍ എങ്ങിനെയാവും .ഇപ്പോള്‍ സീതിഹാജി മകന്‍റെ സ്ഥാനമാണ് അയാള്‍ക്ക്‌ നല്‍കുന്നത് . വാഹനം ഗ്രാമത്തിലെത്തിയപ്പോള്‍ സന്ധ്യമയങ്ങാനായി ഉദയസൂര്യന്‍ ചക്രവാളങ്ങളിലേക്ക് മറയുകയായിരുന്നു .ചാറ്റല്‍മഴയാല്‍ പ്രതലത്തില്‍ തണുപ്പ് നിറഞ്ഞിരുന്നു .തണുപ്പിനാല്‍ അയാളുടെ രോമകൂപങ്ങള്‍ എഴുന്നേറ്റ് നിന്നിരുന്നു . വീടെത്തുന്നതിനു മുന്പായി കേശു ചേട്ടന്‍റെ ചായക്കടയുടെ മുന്‍പില്‍ അയാള്‍ വാഹനം നിറുത്തി ചായകടയിലേക്ക്‌  കടന്നുചെന്നു .കടുപ്പത്തില്‍ ഒരു ചൂടുള്ള ചായ അകത്ത് ചെന്നാല്‍  തണുപ്പിന് അല്പം ആശ്വാസം ലഭിക്കും .ഗ്രാമത്തില്‍ എത്തിയാല്‍  അതൊരു പതിവായി മാറി അയാളില്‍ .കുഞ്ഞുനാളുകളില്‍  കേശു ചേട്ടന്‍ നല്‍കുന്ന ഭക്ഷണം പലപ്പോഴും  അയാളുടെ വിശപ്പിന് ആശ്വാസമായിട്ടുണ്ട് .

,, കേശു ചേട്ടാ കടുപ്പത്തിലൊരു ചായ എടുത്തോളൂ. അവിടെ കേശു ചേട്ടന്‍റെ ചായയ്ക്ക് കിടപ്പിടിക്കുന്ന ചായ എങ്ങും ലഭിക്കില്ലാട്ടോ .. ,,

കേശു തലയില്‍ കെട്ടിയ തോര്‍ത്ത് മുണ്ട് അഴിച്ച് തോളില്‍ ഇട്ടുകൊണ്ട്‌ പറഞ്ഞു

,, ഹായ് ആരാ ഈ വന്നിരിക്കുന്നെ കൊച്ചുമുതലാളിയോ! .ചായയുടെ മേന്മ പറഞ്ഞ് നീ എന്നെ സുഖിപ്പിക്കല്ലേ .... ആഴ്ചയില്‍ ഒരു ദിവസം വരും.... പുലരും മുന്‍പ് പോകുവേം ചെയ്യും .മനസ്സ് തുറന്നൊന്ന് സംസാരിക്കുവാന്‍ പോലും ആളെ കിട്ടില്ല.പട്ടണത്തിലേക്ക് പോകുന്നതിനു മുന്പ് പഠിപ്പ് കഴിഞ്ഞു വന്നാല്‍ പിന്നെ നിന്‍റെ ലോകം എന്‍റെ ഈ കുടുസ്സു ചായക്കട അല്ലായിരുന്നോ  ,,

,, തിരക്കല്ലെ കേശു ചേട്ടാ ഓരോ ദിവസ്സവും ഉത്തരവാദിത്വങ്ങള്‍  കൂടിക്കൂടി വരുന്നു. കേശു ചേട്ടന്‍ അങ്ങ് പട്ടണത്തിലേക്ക് പോരെ നമുക്ക് അവിടെ വലിയ ഒരു ഹോട്ടല്‍ തുടങ്ങാം  ,,

,, അതൊന്നും ശെരിയാവില്ല കുട്ട്യേ ... എന്‍റെ ലോകം ഈ ചായകട തന്ന്യാ ..ഈ ചായകട വിട്ട് ഞാന്‍ എങ്ങടും വരണില്ല്യാ .നിന്‍റെ വാപ്പയും ഉമ്മയും എന്താ പട്ടണത്തിലെ വീട്ടിലേക്ക് വരാത്തത് .അവര്‍ക്കും ഇവിടം വിട്ട് എങ്ങോട്ടും വരാനാവില്ലടോ ...,,

തിടുക്കത്തില്‍ ചായ കുടിച്ച് അയാള്‍ യാത്ര പറഞ്ഞിറങ്ങി .വീട്ടില്‍ എത്തുമ്പോള്‍ ഇരുട്ട് വീണിരുന്നു .പുതുതായി പണിത ഇരുനില മാളിക പൂട്ടി ക്കിടക്കുന്നു .വേണ്ടിയിരുന്നില്ല ഈ വീട് പണിയെണ്ടിയിരുന്നില്ല .വാപ്പയും ഉമ്മയും പട്ടണത്തിലെ വീട്ടിലേക്ക് വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാണ്  ഹാജിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗ്രാമത്തില്‍ വീട് വെച്ചത് .താനീ കാലം വരെ ഹജിയോട് ഒന്നും ആവശ്യപെട്ടിട്ടില്ല എല്ലാം അദ്ദേഹം കണ്ടറിഞ്ഞു ചെയ്യുന്നു   .പട്ടണത്തില്‍ തനിക്കായി പണിത വീടിന് പുറമെ ഈ വീട് പണിയെണ്ടായിരുന്നു .വാപ്പയും ഉമ്മയും രണ്ടു ദിവസം പോലും പുതിയ വീട്ടില്‍ താമസിച്ചിട്ടില്ല .ഒരു കിടപ്പ് മുറിയുള്ള ആദ്യ വീട്ടില്‍ ഇപ്പോഴും അയാള്‍ ഉമ്മറത്താണ് രാത്രിയില്‍ കിടന്നുറങ്ങുന്നത് .വാപ്പ  അയാളെ കണ്ടപ്പോള്‍  ചാരുകസേരയില്‍ നിന്നും   അല്പം നിവര്‍ന്നിരുന്നു .ഇപ്പോഴും ഊന്നുവടിയുടെ സഹായത്താലാണ് വാപ്പയുടെ നടപ്പ് .ഉമ്മ നമസ്കാര പായയില്‍ നിന്നും എഴുന്നേറ്റ്  അയാളുടെ അരികില്‍  വന്ന് മാറോട്  ചേര്‍ത്ത് നെറുകയില്‍ ചുംബനം നല്‍കി .ഉമ്മയ്ക്ക് അയാളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്, മച്ചി എന്ന് ഗ്രാമം മുഴുവനും ഉമ്മയെ വിളിച്ചപ്പോള്‍ പ്രതീക്ഷിക്കാതെ ഉണ്ടായ മകനായിരുന്നു അയാള്‍ .

,, ഉമ്മ സാമ്പത്തികമായി നല്ല നിലയിലുള്ള വീട്ടിലായിരുന്നു ജനിച്ചത്‌ .വാപ്പ ഉമ്മയുടെ രണ്ടാം ഭര്‍ത്താവാണ് .എട്ടു വര്‍ഷകാലം ഉമ്മ മറ്റൊരാളുടെ ഭാര്യയായിരുന്നു .ഉമ്മയ്ക്ക് മക്കളുണ്ടാവില്ല എന്ന് പറഞ്ഞ് ആദ്യ ഭര്‍ത്താവ് ഉമ്മയെ ഉപേക്ഷിക്കുകയായിരുന്നു .അദ്ദേഹം വേറെ വിവഹം കഴിച്ചുവെങ്കിലും ഈ കാലം വരെ അദ്ദേഹത്തിന് മക്കള്‍ ഉണ്ടായില്ല, തന്നയുമല്ല രണ്ടാം ഭാര്യ അദ്ദേഹത്തെ ഉപേക്ഷിക്കുകയും ചെയ്തു .വസ്ത്ര വ്യാപാരത്തിന് ഉമ്മയുടെ വീട്ടില്‍ പതിവായി വന്നിരുന്നയാളായിരുന്നു വാപ്പ .വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം ഉമ്മ തന്നെ പ്രസവിക്കുകയും ചെയ്തു .ആരോരുമില്ലാതെ ജീവിക്കുന്ന ഉമ്മയുടെ ആദ്യ ഭര്‍ത്താവിനെ  ഉമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു .ഇപ്പോള്‍ അദ്ദേഹത്തെ സാമ്പത്തികമായി  ഉമ്മ സഹായിക്കുന്നുണ്ട് .ഉമ്മ പണം ആവശ്യപെടുമ്പോള്‍ ഷാജഹാന്‍ ഊഹിക്കും, ആ പണം ആദ്യ ഭര്‍ത്താവിന് കൊടുത്തയക്കുവാനുള്ളതാണ് എന്ന് .ഈ കാലം വരെ ഷാജഹാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല .കാണുവാന്‍ ശ്രമിച്ചിട്ടുമില്ല . നേരം പുലരുന്നതിന് മുന്പ് തന്നെ ഷാജഹാന്‍ വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി .

സീതിഹാജിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് ഇപ്പോള്‍  ഷാജഹാന്‍ .പട്ടണത്തിലുള്ളപ്പോള്‍ പതിവായി  ഭക്ഷണം കഴിക്കുന്നത്‌ അവിടെനിന്നുമാണ്‌. കാലം ഷാജഹാനെ  ആ വീട്ടിലെ ഒരംഗത്തെ  പോലെയാക്കി മാറ്റി  .ഇടയ്ക്കൊക്കെ ഹാജിയുടെ  മൂന്നാമത്തെ മകനെ വാഹനത്തിലിരുത്തി  പട്ടണം ചുറ്റുവാന്‍ പോകും . കാണാകാഴ്ചകള്‍ കാണുമ്പോള്‍ ഹാജിയുടെ മകന്‍റെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ നിഴലാട്ടം ഷാജഹാന്‍ കണ്ടു .പിന്നെപ്പിന്നെ ഷാജഹാനെ കാണുമ്പോള്‍ ഹാജിയുടെ മകന്‍ ഷാജഹാന്‍റെ ശ്രദ്ധപിടിച്ചു പറ്റാന്‍ പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടിക്കുവാന്‍ തുടങ്ങി .

ഒരു ദിവസം ഭക്ഷണശേഷം പതിവുപോലെ അല്പ നേരം സംസാരിക്കുവാന്‍ ഇരുന്നതായിരുന്നു സീതിഹാജിയും ഷാജഹാനും .ഭക്ഷണശേഷം പതിവായി കട്ടന്‍ചായ കുടിക്കുന്ന പതിവ് സീതിഹാജിയ്ക്ക് ഉണ്ടായിരുന്നു .ഹാജിയുടെ ഭാര്യ രണ്ടുപേര്‍ക്കും കട്ടന്‍ചായ കൊണ്ടുവന്നു കൊടുത്തു .സീതിഹാജി രണ്ടു കവിള്‍ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും, അദ്ദേഹം അമിതമായി വിയര്‍ക്കുവാന്‍ തുടങ്ങി .കയ്യിലുള്ള ചായ ഗ്ലാസ് സീതിഹാജിയുടെ കയ്യില്‍ നിന്നും താഴെ വീണ് ചിന്നിച്ചിതറി .പൊടുന്നനെ ഉണ്ടായ നെഞ്ചുവേദന മൂലം അദ്ദേഹം കസേരയില്‍ നിന്നും തറയില്‍ മുട്ടുകുത്തി നിന്നു .ഷാജഹാന്‍ ഹാജിയെ താങ്ങിയെടുത്ത് വാഹനത്തില്‍ കയറ്റി ഇരുത്തി .പുറത്തെ ബഹളം കേട്ട് ഹാജിയുടെ ഭാര്യയും മകളും വാഹനത്തിന് അരികിലേക്ക് ഓടിയെത്തി .വേലക്കാരിയോട് ഹാജിയുടെ മകനെ ശ്രദ്ധിക്കുവാന്‍ പറഞ്ഞ് മൂന്നുപേരും ഹാജിയേയും കൊണ്ട് അവരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് യാത്ര തിരിച്ചു .അന്ന് ആദ്യമായി ഏറ്റവും കൂടിയ വേഗതയില്‍ ഷാജഹാന്‍ വാഹനം ഓടിച്ചു .

ആശുപത്രിയില്‍ എത്തി വിശദമായ പരിശോദനയ്ക്ക് ശേഷം ഹാജിയുടെ അസുഖം  ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു . ആദ്യ  ഹൃദയാഘാതം  സംഭവിച്ചിരിക്കുന്നു .അബോധാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുന്ന ഹാജിയുടെ ജീവന്‍ നില നിര്‍ത്തുവാനായി യന്ത്രങ്ങളുടെ സഹായം വേണ്ടിവന്നു .ഷാജഹാനും ഹാജിയുടെ കുടുംബവും മാനസീകമായി വല്ലാതെ തകര്‍ന്നു .സന്ധ്യയായപ്പോള്‍ ഹാജിയുടെ ഡ്രൈവറെ വിളിച്ചുവരുത്തി ഹാജിയുടെ മകളെ വീട്ടിലേക്കയച്ചു .വീട്ടില്‍ ഹാജിയുടെ മകന്‍ ബഹളം കൂട്ടുവാന്‍ തുടങ്ങിയ വിവരം ഷാജഹാന്‍ അറിഞ്ഞിരുന്നു .ഹാജിയുടെ ഭാര്യയോടൊപ്പം ഷാജഹാന്‍ ആശുപത്രിയില്‍ ഹാജിയെ പരിപാലിക്കുവാനായി നിന്നു .ക്രമേണ ഹാജി സുഖം പ്രാപിച്ചുകൊണ്ടിരുന്നു .രണ്ടാം ദിവസം യന്ത്രങ്ങള്‍ നീക്കം ചെയ്തു .

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹാജിയെ വീട്ടിലേക്ക് കൊണ്ട് പോയ്ക്കോളാന്‍ ഷാജഹാനോട് ഡോക്ടര്‍ പറഞ്ഞു .

,, ഹാജി പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്താല്‍ എത്രയുംവേഗം ശാസ്ത്രക്രിയ ചെയ്യേണം .നല്ല വിശ്രമം അദ്ദേഹത്തിന് ആവശ്യമാണ്‌ ഞാന്‍ എന്നും വീട്ടില്‍ വന്ന് ഹാജിയെ പരിശോധിക്കാം  ,,

സീതിഹാജി പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി .ഒരുദിവസം ഹാജി ഷാജഹാനോട് പറഞ്ഞു .

,, സര്‍വശക്തന്‍ എനിക്ക് നല്‍കിയ ഏറ്റവുംവലിയ സമ്പത്താണ്‌ മോന്‍ .ഇപ്പോഴത്തെ എന്‍റെ വ്യാപാര സാമ്രാജ്യം എനിക്ക് നല്‍കിയത് മോനാണ് .സര്‍വശക്തന്‍ തിരികെ വിളിച്ച മോന്‍റെ അരികിലേക്ക് എനിക്കും പോകുവാന്‍ സമയമായി എന്നൊരു തോന്നല്‍ .പോകുന്നതിനു മുന്പ് എനിക്ക് ചിലതും കൂടി ചെയ്തു തീര്‍ക്കുവാനുണ്ട് .എന്‍റെ മോളെ മോന് വിവാഹംകഴിച്ചുകൂടെ ?.അവളുടെ വിവാഹം കൂടി കഴിഞ്ഞാല്‍ എനിക്ക് സമാധാനമായി കണ്ണടയ്ക്കാം എന്‍റെ കണ്ണടഞ്ഞാലും എന്‍റെ കുടുംബം മോന്‍ നോക്കുമെന്ന് എനിക്ക് അറിയാം എന്നാലും..... ,,

ഒട്ടും പ്രതീക്ഷിക്കാത്ത ഹാജിയുടെ വാക്കുകള്‍ കേട്ട് ഷാജഹാന്‍ മറുപടി പറയുവാന്‍ ആവാതെ അന്ധാളിച്ചു നിന്നു പോയി .പൂമുഖത്തെ വാതിലുകളുടെ മറവില്‍ നിന്നും പ്രതീക്ഷയോടെ രണ്ട് കണ്ണുകള്‍ ഷാജഹാനെ വീക്ഷിക്കുന്നുണ്ടായിരുന്നു .ഷാജഹാന്‍റെ കണ്ണുകള്‍ ഹാജിയുടെ മകളുടെ കണ്ണുകളുമായി ഉടക്കിയപ്പോള്‍ അവളുടെ കണ്ണുകള്‍ വാതില്‍ പാളിയുടെ പുറകിലേക്ക് പിന്‍വലിഞ്ഞു .ഹാജിയുടെ മകളെ ആരാണ് ഇഷ്ടപ്പെടാതെയിരിക്കുക, വെളുത്ത് സുന്ദരിയായ അറബ് വംശജയെ പോലെയാണ് നൂറ. അവളെ വിവാഹം കഴിക്കുവാന്‍ താന്‍ അര്‍ഹനാണോ എന്നതായിരുന്നു ഷാജഹാന്‍റെ ശങ്ക .ഹാജി തുടര്‍ന്നു .

,, അറിയാത്ത ഒരാള്‍ക്ക്‌ എന്‍റെ മോളെ വിവാഹംകഴിച്ചു കൊടുത്ത് ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് ആവില്ല ,,

,, എനിക്ക് ഒരു ഇഷ്ടക്കുറവുമില്ല അങ്ങയുടെ മകളെ വിവാഹം കഴിക്കുവാന്‍  ഞാന്‍ അര്‍ഹനല്ല എന്നത് മാത്രമാണ് എന്‍റെ വിഷമം .ഒരു നൂറു രൂപ പോലും സമ്പാദ്യം ഇല്ലാതിരുന്ന എനിക്ക് അങ്ങ് സമ്പാദ്യം വേണ്ടു വോളം തന്നു .എനിക്ക് എന്നും നന്ദിയും കടപ്പാടുമേ അങ്ങയോടുള്ളൂ .എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കും .എന്‍റെ ജീവന്‍ വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ അതും തരും ,,

   സീതിഹാജി ഷാജഹാനെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബനം നല്‍കി. അപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു.  ഹാജിയുടെ മകളുമായുള്ള ഷാജഹാന്‍റെ വിവാഹം നിശ്ചയിക്കപെട്ടു .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹവും നടന്നു  .നിക്കാഹ് കഴിഞ്ഞയുടനെ ഹാജിയും കുടുംബവും താമസിക്കുന്ന വീട് ഒഴികെ ഹാജിയുടെ സര്‍വ സ്വത്തുക്കളും ഷാജഹാന്‍റെയും ഹാജിയുടെ മകളുടേയും പേരിലേക്ക് എഴുതി തയ്യാറാക്കിയ പ്രമാണങ്ങള്‍ ഹജിയില്‍ നിന്നും  ഏറ്റുവാങ്ങുമ്പോള്‍ ഷാജഹാന്‍റെ കൈത്തലങ്ങള്‍ വിറയ്ക്കുന്നുണ്ടായിരുന്നു .സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന ഹാജിയുടെ മകളില്‍ ധാരാളിത്തം ഒട്ടും തന്നെയുണ്ടായിരുന്നില്ല .വിവാഹശേഷം ഷാജഹാന്‍റെ മാതാപിതാക്കളുടെ കൂടെ ജീവിക്കുവാനാണ് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചത് .ഒരു കിടപ്പ് മുറിയുള്ള വീട്ടിലെ ഇടനാഴിയില്‍ വീതിയില്ലാത്ത കട്ടിലില്‍ അവള്‍ അന്തിയുറങ്ങി .ഷാജഹാന്‍ ഗ്രാമത്തിലേക്ക് ചെല്ലുമ്പോള്‍ മാത്രം അയാളും അവളും ഗ്രാമത്തിലെ പുതിയ വീട്ടില്‍ പോയി  താമസിക്കും .ഏതാനും മാസങ്ങള്‍ക്കകം തൃശിവപേരൂരിലെ വീട്ടിലേക്ക് ഷാജഹാന്‍റെ മാതാപിതാക്കളെ സ്ഥിരതാമസത്തിനായി കൊണ്ടുവരും എന്ന ഷാജഹാനോടുള്ള വാതുവെപ്പില്‍ വിജയം  അവള്‍ക്കായിരുന്നു .

അപ്രതീക്ഷിതമായി അയാളിലേക്ക് വന്നു ഭവിച്ച സമ്പത്തും ഭാര്യയും അയാളുടെ ജീവിതത്തെ മാറ്റി മറിച്ചു .തൃശിവപേരൂര്‍ ജില്ല ഭരണകൂടത്തിന്‍റെ, ജില്ലയിലെ ഏറ്റവും നല്ല വ്യാപാരിക്കുള്ള ഉപഹാരം ഷാജഹാന്‍ ഏറ്റുവാങ്ങുമ്പോള്‍ വേദിയില്‍ മുന്‍ നിരയിലെ ഇരിപ്പിടത്തില്‍ ഇരുന്ന് സീതിഹാജി കയ്യടിക്കുന്നുണ്ടായിരുന്നു .അപ്പോള്‍ ഹാജിയുടെ ഇമകളില്‍ നിന്നും ആനന്ദ കണ്ണുനീര്‍  പൊടിയുന്നുണ്ടായിരുന്നു . പുതിയ വ്യാപാര പ്രയാണങ്ങളുടെ കുതിപ്പ് ഷാജഹാനില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു .
                                                         ശുഭം
rasheedthozhiyoor@gmail.com