ചിന്താക്രാന്തൻ

29 July 2014

ചെറുകഥ .പന്ത്രണ്ടാം നാള്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്  
          താന്‍ രക്ഷപെടും ഈ ഇരുണ്ട  കാരാഗ്രഹത്തില്‍ നിന്നും താന്‍
 രക്ഷപെടുകതന്നെ ചെയ്യും .ഈ മരുഭൂമിയിലെ തടവറയില്‍ നിന്നും  പൊന്നു  മകന്‍റെ അരികില്‍ തിരികെയെത്തി അവനെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ച് സ്നേഹത്തിന്‍റെ  ഒരായിരം ചുംബനങ്ങള്‍  നല്‍കുക തന്നെ ചെയ്യും .ഹസ്മയുടെ സങ്കടങ്ങള്‍ എല്ലാംതന്നെ തന്‍റെ സാനിധ്യത്തില്‍ ഇല്ലാതെയാവും .തന്‍റെ കുടുംബത്തില്‍ ഇനിയും സന്തോഷങ്ങള്‍ വേണ്ടുവോളം ഉണ്ടാകും .   സൌദിഅറേബ്യയിലെ റിയാദിലുള്ള ജയിലില്‍ വെളിച്ചം  കടന്നു വരാത്ത അര്‍ദ്ധ ഇരുട്ടറയുടെ ചുമരിനോട് ചേര്‍ന്ന് കിടന്ന് തണുപ്പകറ്റാന്‍ അധികൃതരുടെ ദാക്ഷിണ്യം കൊണ്ട് ലഭിച്ച കമ്പിളി പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടന്നുകൊണ്ട് സാദിഖ് ഉരുവിട്ടുകൊണ്ടിരുന്നു .തടവില്‍ നിസ്സഹായനായി ജീവിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി .തനിക്ക് നേരിടേണ്ടി വന്ന ദുരാനുഭവം മറ്റാര്‍ക്കും നല്കല്ലെയെന്ന പ്രാര്‍ഥനയാണ് അയാള്‍ക്കെപ്പോഴും .അനന്തതയില്‍ നീണ്ടു കിടക്കുന്ന ഏതോ  തരിശുഭൂമിയില്‍ കരിങ്കല്‍ കോട്ടയുടെ അകത്തെ കാരാഗ്രഹത്തില്‍ അകപെട്ട പ്രതീതിയാണ് അയാള്‍ക്ക്‌ എപ്പോഴും അനുഭവപെട്ടുകൊണ്ടിരുന്നത് .ജീവിതത്തില്‍ തന്നില്‍ അര്‍പ്പിതമായിരിക്കുന്ന വിധിയെ അയാള്‍ ശപിച്ചുകൊണ്ടിരുന്നു .

  മണലാരണ്യത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു അയാള്‍ക്ക്‌ .അന്യന്‍റെ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന വാപ്പയ്ക്ക്‌ സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങി നല്‍കണം .  വാര്‍ക്ക പണി കഴിഞ്ഞ വീടിന്‍റെ ബാക്കി പണികള്‍ ധൃതഗതിയില്‍ തീര്‍ക്കണം. വീടിന്‍റെ പണികള്‍ കഴിഞ്ഞാല്‍ ഉടനെ പത്തൊന്‍പതു വയസ്സ് കഴിഞ്ഞ സഹോദരിക്ക്   അനുയോജ്യമായ വരനെ കണ്ടെത്തി  അവളെ നിക്കാഹ് ചെയ്തുകൊടുക്കണം .പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്ന  പഠിക്കാന്‍ മിടുക്കനായ സഹോദരനെ നല്ല നിലയില്‍ പഠിപ്പിക്കണം . നല്ല ജീവിതം സ്വപ്നം കാണുന്ന ഏതൊരാളും ആഗ്രഹിക്കുന്ന ആഗ്രങ്ങളെ അയാള്‍ക്കും ഉണ്ടായിരുന്നുള്ളൂ  .അരി മാര്‍ക്കറ്റില്‍ ചുമട് തൊഴിലാളിയായ അയാള്‍ക്ക്‌ പിറന്ന മണ്ണിലെ തൊഴില്‍ കൊണ്ട് തന്‍റെ ആഗ്രഹങ്ങള്‍ ഈ ജന്മത്തില്‍ സഫലീകരിക്കാന്‍ കഴിയുകയില്ലാ എന്നത് കൊണ്ടാണ് പൊന്നു വിളയുന്ന മണലാരണ്യത്തിലേക്ക് പോരുവാന്‍ അയാള്‍ ശ്രമം ആരംഭിച്ചത് .

 അനേകം യുവാക്കളെ ഗള്‍ഫിലേക്ക് കൊണ്ടുപോയി   ജോലി തരപെടുത്തി കൊടുക്കുന്ന മൂന്ന് സഹോദരങ്ങള്‍ ഉണ്ടായിരുന്നു അയാളുടെ  ഗ്രാമത്തില്‍  . സഹോദരങ്ങളില്‍ മുതിര്‍ന്ന രണ്ടുപേരും ഗള്‍ഫിലെ അവരുടെ വ്യാപാരം നിയന്ത്രിക്കുന്നു .ഇളയ സഹോദരന്‍ നാട്ടിലെ വ്യാപാരങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു .ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മത്സ്യ മാര്‍ക്കറ്റിലെ വില്പനക്കാരായിരുന്നു മൂന്ന് സഹോദരങ്ങളും അവരുടെ വാപ്പയും. മൂത്ത സഹോദരന്‍ ഗള്‍ഫിലേക്ക് പോയതില്‍ പിന്നെയാണ് ആ കുടുംബം രക്ഷപെട്ടത് ഇപ്പോള്‍ അവര്‍ക്ക് നാട്ടില്‍ തന്നെ  അനവധി വ്യാപാര സമുച്ചയങ്ങള്‍ തന്നെയുണ്ട്‌ . ഇപ്പോള്‍  അവരുടെ വാപ്പ മത്സ്യ വില്പനക്കാരന്‍ ഹസ്സനായിട്ടല്ല നാട്ടില്‍ അറിയപെടുന്നത്. അയാള്‍ ഇപ്പോള്‍ ഹസ്സനാജി മുതലാളിയാണ് .പൊടുന്നനെ പണക്കാരായ ഹസ്സനാജിയുടെ കുടുംബത്തോട് നാട്ടിലെ ചിലര്‍ക്കൊക്കെ അസൂയയുണ്ട് എന്നതാണ് വാസ്തവം .

ഹസ്സനാജിയുടെ മകന്‍റെ അരികില്‍ പോയി സാദിഖ് തനിക് ഒരു വിസ തരപെടുത്തി തരുമോ  എന്ന്  ആരാഞ്ഞു .ശ്രമിക്കാം എന്ന് അയാള്‍ മറുപടി നല്‍കി. ഒപ്പം പാസ്പോര്‍ട്ട് കോപ്പി അയാള്‍ക്ക്‌ എത്തിക്കുവാന്‍ പറഞ്ഞപ്പോള്‍ സാദിഖിന് തന്‍റെ ആഗ്രഹ സഫലീകരണത്തിന്‍റെ യാത്രയുടെ ആദ്യ കടമ്പ മറികടന്ന പ്രതീതി ഉളവാക്കി   . അടുത്ത ദിവസ്സം തന്നെ സാദിഖ് പാസ്പോര്‍ട്ട് കോപ്പിയും, മൊബൈല്‍ നമ്പരും നല്‍കി തിരികെ പോന്നു .പിന്നെ പ്രതീക്ഷയോടെ  കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങളായിരുന്നു സാദിഖിന്. ഏതാണ്ട് ഇരുപത് ദിനരാത്രങ്ങള്‍ക്ക് ശേഷം അയാള്‍ക്ക്‌ വിസ തരപെട്ടു. പൊടുന്നനെ യാത്ര തിരിക്കണം എന്ന വിസ ദാതാവിന്‍റെ ആജ്ഞ പ്രകാരം സാദിഖ് അവര്‍ക്ക് വിസയ്ക്ക് നല്‍കേണ്ടുന്ന ഒന്നര ലക്ഷം രൂപ കുടികിടപ്പ് പണയം വെച്ചും ഭാര്യയുടെ രണ്ടു പവന്‍ താലി മാല പണയം വെച്ചും രൂപ സ്വരുക്കൂട്ടി നല്‍കി  .പണം നല്‍കി പന്ത്രണ്ടാം നാള്‍ സാദിഖിന് വിസ ലഭിച്ചു .പിന്നെ തിടുക്കത്തിലുള്ള യാത്ര പറച്ചിലുകളായിരുന്നു .ഭാര്യ ഹസ്മ യാത്ര പറയേണ്ടുന്നവരുടെ നീണ്ട പട്ടിക തന്നെ തയ്യാറാക്കി .അകന്ന ബന്ധുക്കളുടെ വീടുകളില്‍ പോലും യാത്ര പറയുവാന്‍ സാദിഖിനു പോകേണ്ടി വന്നു .ഒപ്പം അയാളുടെ ഭാര്യയും അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു .അകന്ന ബന്ധുക്കളുടെ വീടുകളിലേക്ക് യാത്ര പറയുവാന്‍ പോകണം എന്ന് ഹസ്മ പറയുമ്പോള്‍ അയാള്‍ പറയും .

,, എന്‍റെ ഹസ്മ എത്രയോ കാലമായി നമ്മുടെ വീട്ടിലേക്ക് വരാത്ത നമ്മുടെ വിശേഷങ്ങള്‍ അറിയാത്ത അകന്ന ബന്ധുക്കളുടെ വീടുകളിലേക്ക് എന്തിനാ ഈ സമയം ഇല്ലാത്തോടുത്ത് ഇങ്ങിനെ യാത്ര പറയുവാന്‍ പോകുന്നത് ,,

,, ഇങ്ങിനെയൊന്നും പറയല്ലെ എന്‍റെ ഇക്ക. നമുക്ക് നല്ല കാലം വരുവാന്‍ പോകുമ്പോള്‍ നമ്മള്‍ അവരെയൊക്കെ മറന്നൂ എന്ന് പിന്നീട് അവരൊന്നും പറയുവാന്‍ ഇടവരരുത് .ബന്ധുക്കളായ ബന്ധുക്കളുടെ വീടുകളില്‍ എല്ലായിടത്തും നമുക്ക് പോകണം. ആരുടേയും വെറുപ്പ്‌ നമുക്ക് വേണ്ട ,,

യാത്ര പറച്ചിലുകള്‍ക്കൊടുവില്‍ അയാള്‍ക്ക്‌ മണലാരണ്യത്തിലേക്ക് യാത്രയാകേണ്ടുന്ന ദിവസ്സം വന്നു ചേര്‍ന്നു .രാവിലെ അഞ്ചു മണിക്കാണ് വീട്ടില്‍ നിന്നും യാത്ര തിരിക്കേണ്ടത്‌. തലേദിവസം അനവധി പേര്‍ റിയാദില്‍ ജോലി ചെയ്യുന്ന മിത്രങ്ങള്‍ക്ക് കൊടുക്കേണ്ടുന്ന ഭക്ഷണ സാദനങ്ങള്‍  സാദിഖിന്‍റെ വീട്ടില്‍ കൊണ്ടു വന്നു  കൊടുത്തു .കൂട്ടത്തില്‍ വിസ നല്‍കിയ ആളും ഒരു പൊതി കൊടുത്തിരുന്നു .പക്ഷെ ആ പൊതിയില്‍ മാത്രം മൊബൈല്‍ നമ്പറോ പേരോ ഉണ്ടായിരുന്നില്ല എന്നത് സാദിഖ് ശ്രദ്ധിച്ചു .ബന്ധുക്കള്‍ക്ക്  കൊടുക്കാന്‍ കൊണ്ടു വന്ന സാദനങ്ങള്‍ കുറെയേറെ ഉള്ളത് കൊണ്ടും, അനുവദനീയമായ തൂക്കം ആയതുകൊണ്ടും, ഹസ്മയുടെ വീട്ടില്‍ നിന്നും സാദിഖിന് കൊണ്ടു പോകുവാന്‍ കൊണ്ടു വന്ന സാദനങ്ങള്‍ അയാള്‍ മാറ്റി വെച്ചതില്‍ ഹസ്മ പരിഭവം പറഞ്ഞു .

അടുത്ത ദിവസ്സം  ഫജര്‍ നമസ്കാരം കഴിഞ്ഞ്    അഞ്ചു മണിയോട് കൂടി  വാപ്പയും,ഉമ്മയും,സഹോദരിയും,ഭാര്യയും ആറു മാസം പ്രായമായ അരുമ മകനും കൂടി  വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു .സഹോദരന്‍ പോരുവാന്‍ തയ്യാറായെങ്കിലും പഠിപ്പ് ഉള്ളതുകൊണ്ട് സാദിഖ്‌ അനിയന്‍ വരുന്നത് മുടക്കി .വീമാനത്താവളത്തില്‍ അന്ന് പതിവില്‍ കൂടുതല്‍ തിരക്കുണ്ടായിരുന്നു .തന്‍റെ മിത്രങ്ങള്‍ക്ക് സ്നേഹത്തിന്‍റെ ചുംബനങ്ങള്‍ ശിരസില്‍ അര്‍പ്പിച്ചുകൊണ്ട്. യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനായി പ്രധാന  കവാട ത്തിലേക്ക് ട്രോളിയുമായി നടക്കുമ്പോള്‍ ഒന്നു കൂടി മകനെ കാണണം എന്ന് സാദിഖിനു തോന്നി. തിരികെ നടക്കുവാന്‍ തുനിഞ്ഞപ്പോഴേക്കും കവാടത്തില്‍ നിന്നിരുന്ന സിഖു കാരനായ പോലീസ്‌ ഉദ്ധ്യോഗസ്ഥന്‍ പാസ്പോര്‍ട്ടും ടിക്കറ്റും വാങ്ങിയിരുന്നു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.ഹിന്ദി ഭാഷ അറിയാത്തതുകൊണ്ട്  സാദിഖിന് അയാള്‍ പറയുന്നത്  ഒന്നും മനസ്സിലായില്ല പോലീസുകാരന്‍ അകത്തേക്ക് പോകുവാന്‍ ആംഗ്യം കാട്ടിയപ്പോള്‍ സാദിഖ്‌ മിത്രങ്ങളെ തിരിഞ്ഞു നോക്കികൊണ്ട്‌ അവര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ ആ നടപ്പ് തുടര്‍ന്നു .അപ്പോഴൊക്കെയും .അതുവരെ അനുഭവിക്കാത്ത ഹൃദയ മിടിപ്പിന്‍റെ താളം അധികരിക്കുന്നത് അയാള്‍ അറിഞ്ഞു .അല്പം വെള്ളം കുടിച്ചാല്‍ കൊള്ളാം എന്ന് തോന്നിയെങ്കിലും പരിസരത്തൊന്നും  കുടിവെള്ളം അയാള്‍ക്ക്‌ ലഭ്യമായില്ല .

വിമാനത്തില്‍  കയറുന്നതിനു വേണ്ടുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറുവാന്‍ കാത്തിരിക്കുന്ന ഇടത്ത് എത്തിയപ്പോള്‍ കുടിവെള്ളം അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ഡിസ്പോസിബിള്‍ കപ്പില്‍ തണുത്ത  വെള്ളം ആര്‍ത്തിയോടെ അനവധി കപ്പ് വെള്ളം കുടിച്ചിട്ടും അയാളുടെ ദാഹം ശമിച്ചില്ല . അപ്പോഴൊക്കെയും തന്‍റെ മിത്രങ്ങളുടെ മുഖമായിരുന്നു അയാളുടെ മനസ്സ് നിറയെ .മണിക്കൂറുകളുടെ യാത്രയ്ക്കൊടുവില്‍ റിയാദ് വിമാനത്താവളത്തില്‍ അയാള്‍ വിമാനമിറങ്ങി .വിമാനത്താവളത്തില്‍ നിന്നും സാദിഖിനെ കൊണ്ടു പോകുവാന്‍ വിസ നല്‍കിയ ആളുടെ സഹോദരന്‍ വരും എന്നാണ് പറഞ്ഞിരുന്നത് .ലഗ്ഗേജ് എടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ അരികില്‍ എത്തുവാനായി അയാള്‍ നീണ്ട നിരയില്‍കാത്തു  നിന്നു .അയാളുടെ ഊഴം എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ അറബ് ഭാഷയില്‍ പറഞ്ഞത് അയാള്‍ക്ക്‌ മനസ്സിലായില്ല ആംഗ്യം കാട്ടിയതില്‍ നിന്നും കൊണ്ടുവന്ന കാര്‍ട്ടൂണ്‍ ബോക്സ്‌ കെട്ടിയ കയര്‍ അഴിച്ചു നല്‍കുവാനാണ് പറയുന്നത് എന്ന് സാദിഖിന് മനസ്സിലായി .അയാള്‍ തിടുക്കത്തില്‍ കെട്ടഴിച്ചു മാറ്റി പരിശോധിക്കുവാനായി ലഗ്ഗേജ് നീക്കി വെച്ചു ഉദ്യോഗസ്ഥന്‍ ഓരോ പൊതികളും പരിശോധിച്ചു് കൊണ്ടിരുന്നു .ഒരു പൊതി തുറന്നു നോക്കിയപ്പോള്‍ ആ പൊതി ഉദ്യോഗസ്ഥന്‍ സസൂക്ഷ്മം പരിശോധിച്ചു കൊണ്ടിരുന്നു .പിന്നെ അയാള്‍ അറബിയില്‍ എന്തൊക്കയോ ഉറക്കെ പറയുന്നത് കേട്ടു. കുറെയേറെ ഉദ്യോഗസ്ഥര്‍ അവിടേക്ക് ഓടി കൂടുന്ന കാഴ്ചയാണ്  സാദിഖിന് പിന്നീട് കാണുവാന്‍ കഴിഞ്ഞത് .

നിമിഷങ്ങള്‍  ഒച്ചിന്‍റെ  വേഗതയിലാണ് ഇഴഞ്ഞു നീങ്ങുന്നതെന്ന് അയാള്‍ക്ക്‌ അനുഭവപെട്ടു .സംശയം തോന്നിയ പൊതിയുമായി ഏതാനും പോലീസ്‌ ഉദ്യോഗസ്ഥര്‍ അവിടെ നിന്നും പോയി .സാദിഖ് ആ പൊതി സൂക്ഷിച്ചു നോക്കി പേരെഴുതാത്ത   പൊതിയാണ് പോലീസ്‌ എടുത്ത് കൊണ്ട് പോകുന്നത് എന്ന് അയാള്‍ തിരിച്ചറിഞ്ഞു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ കുറെയേറെ പോലീസ്‌ ഉദ്യോഗസ്ഥര്‍ അയാളുടെ അരികിലേക്ക് പാഞ്ഞടുത്തു .ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ സാദിഖിന്‍റെ രണ്ടു കൈകളും പുറകിലാക്കി വിലങ്ങണിയിച്ചു  .എന്തിനാണ് ഇങ്ങിനെ ക്രൂരത തന്നോട് പോലീസ്‌ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് എന്ന് സാദിഖിന് മനസ്സിലായില്ല .നടക്കുവാന്‍ കൂട്ടാക്കാത്ത സാദിഖിനെ .പോലീസ്‌ ഉദ്യോഗസ്ഥര്‍ യാ അള്ളാ എമ്ശി യാ അള്ളാ എമ്ശി എന്ന് പറഞ്ഞ് തള്ളികൊണ്ടിരുന്നു .സാദിഖ് ഭ്രാന്തനെ പോലെ  അലമുറയിട്ട് കരഞ്ഞുകൊണ്ട്‌ പറഞ്ഞു കൊണ്ടിരുന്നു .

,, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നെ എന്തിനാണ് നിങ്ങള്‍ തടവിലാക്കിയിരിക്കുന്നത് എന്നെ മോചിപ്പിക്കു.ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല. ദയവായി എന്നെ മോചിപ്പിക്കു എന്നെ കൊണ്ടു പോകുവാന്‍ വന്നയാള്‍ എന്നെ കാണാതെ പുറത്ത് വിഷമിക്കുന്നുണ്ടാകും ,,

പോലീസ്‌ ഉദ്യോഗസ്ഥര്‍ ,, ഇസ്ക്കൂത്ത് എമ്ശി എമ്ശി ,,എന്ന് പറഞ്ഞ് സാദിഖിനെ  വലിച്ചിഴച്ച് കൊണ്ടുപോയി പോലീസ്‌ വാഹനത്തില്‍ കയറ്റി .യാത്രയില്‍ ഉടനീളം സാദിഖ് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു .യാത്രയ്ക്കൊടുവില്‍ വാഹനം ചെന്നുനിന്നത് വലിയൊരു പോലീസ്‌ സ്റ്റേഷന് മുന്‍പിലായിരുന്നു .പോലീസ്‌ ഉദ്യോഗസ്ഥര്‍ സാദിഖിനെ മേലുദ്യോഗസ്ഥന്‍റെ മുന്‍പില്‍ ഹാജരാക്കി. ഇംഗ്ലീഷിലും അറബിയിലും കുറെയേറെ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചുവെങ്കിലും   സാദിഖിന് ഒന്നും മനസ്സിലായില്ല . അയാള്‍ മലയാള ഭാഷയില്‍ രക്ഷക്കായി വിലപിച്ചുകൊണ്ടിരുന്നു .പക്ഷെ അയാളുടെ വിലാപം ആരുംതന്നെ ചെവികൊണ്ടില്ല . അല്പനേരം കഴിഞ്ഞപ്പോള്‍ ഒരു മലയാളി അവിടെ പ്രത്യക്ഷപെട്ടു. അയാള്‍ സാദിഖിനോട് ചോദിച്ചു .

,, നിങ്ങളെ എന്തിനാണ് അറസ്റ്റുചെയ്തു കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായോ  ,,

,, അറിയില്ല സാറെ. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഇവരോട് പറയു. എന്നെ മോചിപ്പിക്കുവാന്‍ ഇവരോട് പറയു .കുടുംബം പോറ്റാന്‍ വന്ന എന്നെ ഇങ്ങിനെ തടഞ്ഞു വെയ്ക്കല്ലേ എന്ന് പറയു സാറെ ,,

,, നിങ്ങളില്‍ നിന്നും കോടികള്‍ വില മതിക്കുന്ന മയക്കുമരുന്ന് പിടിക്കപെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഇനി രക്ഷ പെടുക എന്നത് അസാധ്യമാണ്,,

,, എന്‍റെ റബ്ബേ .... എന്താ സാറ് ഈ പറയുന്നെ  എനിക്ക് ഒന്നും അറിയില്ല സാറെ. പലരും തന്നു വിട്ട സാദങ്ങള്‍ ഞാന്‍ കൊണ്ടു വന്നതാണ്. ഞാന്‍ എന്‍റെ ജീവിതത്തില്‍ മയക്കുമരുന്ന് കണ്ടിട്ടുപോലുമില്ല.ഞാന്‍ നിരപരാധിയാണ് .സത്യമായിട്ടും ഞാന്‍ നിരപരാധിയാണ്  ,,

കുറെയേറെ  ചോദ്യങ്ങള്‍ വീണ്ടും ചോദിക്കപെട്ടു .സത്യസന്ധമായ മറുപടി അയാള്‍ മൊഴിഞ്ഞുകൊണ്ടിരുന്നു .അടുത്ത ദിവസ്സം സാദിഖിനെ പ്രധാന ജെയിലിലേക്ക് മാറ്റപെട്ടു .ജയിലില്‍ ചെയ്ത തെറ്റുകളുടെ കാഠിന്യം പോലെയാണ് ശിക്ഷ നടപ്പാക്കുന്നത് .ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിക്കുന്നത് കൊലപാതകത്തിനും .വ്യഭിചാരത്തിനും  ,മയക്കുമരുന്ന്‌ കേസിനുമാണ്  .സാദിഖിന് ലഭിച്ചത് കഠിനമായ ശിക്ഷകളായിരുന്നു. ഇരുണ്ട  ജിയില്‍ മുറിയില്‍ അയാളെ തനിയെ തടങ്കലിലാക്കി .മനസ്സില്‍ വിഷമങ്ങള്‍ കുമിഞ്ഞുകൂടുന്നു മനസ്സിലെ നൊമ്പരങ്ങള്‍ ആരോടെങ്കിലുമൊക്കെ പറഞ്ഞാല്‍ മനസിന്‌ അല്പം ആശ്വാസം ലഭിക്കും പക്ഷെ ഇരുണ്ട കാരാഗ്രഹത്തില്‍ ഒന്ന് മിണ്ടാനും കൂടി ആരുമില്ലാതെ അയാള്‍ അയാളുടെ വിഷമങ്ങള്‍ സ്വയം ഉരുവിട്ടുകൊണ്ട് ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു .

വിസ  നല്കിയവര്‍ തന്നെയാകുമോ അറിഞ്ഞുകൊണ്ട്   തന്നെ വഞ്ചിച്ചിരിക്കുന്നത്‌ .അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനത്തിലൂടെയാവുമോ ഹസ്സന്‍ ഹാജിയുടെ മക്കള്‍ കുറഞ്ഞ കാലയളവില്‍ പണക്കാരായത്‌ .അവര്‍ തന്നോട് എന്തിന് ഈ ക്രൂരത ചെയ്തു ചിലര്‍ അങ്ങിനെയാണ് അവര്‍ക്ക് പണമാണ് വേണ്ടത് അവിടെ മറ്റുള്ളവരുടെ ജീവിതവും മനസ്സും അവര്‍ കാണില്ല .എങ്ങിനേയും പണം സമ്പാദിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയ മൃഗ തുല്ല്യര്‍ അങ്ങിനെയുള്ളവരല്ലെ ഈ ഭൂലോകത്ത് കൂടുതലും വസിക്കുന്നത് .എല്ലാവര്‍ക്കും സ്വര്‍ഗ്ഗ തുല്ല്യമായ ജീവിതമാണ് വേണ്ടത് .അതിന്‌ അവര്‍ എന്ത് ഹീനമായ പ്രവര്‍ത്തികളും ചെയ്യും . പട്ടിണി കൂടാതെ ജീവിച്ചിരുന്ന താനും പണത്തിനു വേണ്ടിയല്ലെ തന്‍റെ ഉറ്റവരെ പിരിഞ്ഞ് ഈ മണലാരണ്യത്തിലേക്ക് പോന്നത് .അതെ പണമാണ് എല്ലാവര്‍ക്കും വേണ്ടത് പണം മാത്രം .ചിന്തകളില്‍ മുഴുകി സാദിഖ് മൂകനായിരുന്നു.

   ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോയികൊണ്ടിരുന്നു .മയക്കുമരുന്ന് കടത്തില്‍ സൌദിഅറേബ്യയിലെ ഏറ്റവും വലിയ ശിക്ഷ തല വെട്ടലാണ് എന്നത് സാദിഖിനെ ഭയാകുലനാക്കി .പിറന്ന നാടും മിത്രങ്ങളും തനിക്ക് അന്യമാകുമോ എന്ന ചിന്ത അയാളെ വല്ലാതെ ദുഖത്തിലാഴ്ത്തി .റിയാദിലെ സന്നദ്ധപ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ്   സാദിഖിനെ സന്ദര്‍ശിച്ചു .അവര്‍ക്കൊക്കെ സാദിഖിന്‍റെ നിരപരാധിത്വം ബോധ്യമായി  അവര്‍ അറിയപെടുന്ന അഭിഭാഷകനെ കൊണ്ട് കേസ്  വാദിക്കുമെന്ന് ഉറപ്പ് നല്‍കി .കോടതിക്ക് തന്‍റെ നിരപരാധിത്വം തെളിഞ്ഞില്ലാ എങ്കില്‍ തന്‍റെ ജീവന്‍ മണലാരണ്യത്തില്‍ അവസാനിക്കും എന്നും മുന്പ് ടെലിവിഷനില്‍ സൌദിഅറേബ്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് കണ്ടതുപോലെ തന്നെയും വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നും. ജനമധ്യത്തില്‍ ശിരസ്സ് ആരാച്ചാരുടെ വാളാല്‍ വെട്ടി മാറ്റപെട്ട് ഉടല്‍ നിലത്ത് കിടന്ന് പിടയ്ക്കുമെന്നും      ചിന്തിക്കുമ്പോള്‍ അയാള്‍ പോട്ടികരയും . സമനില നഷ്ടപെട്ടവനെ പോലെ തറയില്‍ കിടന്ന് ഭയാകുലനായി കരയും .തെറ്റുകള്‍ ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവന്‍റെ വേദനാജനകമായ അവസ്തയില്‍ നിന്നും മനസ്സില്‍ നിന്നും ഉത്ഭവിച്ച  അയാളുടെ രോദനം കേള്‍ക്കുവാന്‍ അര്‍ദ്ധ വെളിച്ചം മാത്രമുള്ള ഇടുങ്ങിയ ജയിലറയില്‍ ആരും തന്നെ എത്തിയില്ല .എല്ലാം പരീക്ഷണമാണ് സര്‍വശക്തനായ അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ നേരിടാന്‍  മനുഷ്യന്‍ പ്രതിജ്ഞാബദ്ധമാവേണ്ടതുണ്ട് .അയാള്‍ സ്വയം എല്ലാ പരീക്ഷണങ്ങളും    ഇരു കൈകളും നീട്ടി സ്വീകരിക്കുവാന്‍ പ്രതിജ്ഞയെടുത്തു .
 
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു  പുണ്ണ്യ റംസാന്‍ മാസം  കൂടി വന്നണഞ്ഞു .റംസാന്‍ മാസത്തില്‍ രാജാവിന്‍റെ ആജ്ഞയാല്‍ ജയില്‍ പുള്ളികളെ മോചിപ്പിക്കാറുണ്ട് .ജയില്‍ മോചനത്തിനായി ജയില്‍ അധികൃതര്‍ നല്‍കുന്ന സല്‍സ്വഭാവികളായ ജയില്‍ പുള്ളികളുടെ ലീസ്റ്റില്‍ ഇത്തവണ തന്‍റെ പേരും എഴുതി ചെര്‍
ചേര്‍ക്കപെട്ടിട്ടുണ്ട് എന്ന വാര്‍ത്ത സാദിഖിനെ സന്തോഷിപ്പിച്ചു .വാര്‍ത്ത അറിഞ്ഞയുടനെ സാദിഖ് സ്വയം പറഞ്ഞു.

 ,, ഞാന്‍ മോചിതനാവും സര്‍വശക്തനായ അല്ലാഹുവിന്‍റെ കൃപയാല്‍ ഞാന്‍ മോചിതനാവുക തന്നെ ചെയ്യും.എന്‍റെ പൊന്നു  മകന്‍റെ അരികിലെത്തി അവനെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ച് സ്നേഹത്തിന്‍റെ ഒരായിരം ചുംബനങ്ങള്‍ അവന് ഞാന്‍ നല്‍കുക തെന്നെ ചെയ്യും .ഹരിതാഭമായ പിറന്ന മണ്ണിന്‍റെ കാഴ്ചകള്‍ വീണ്ടും താന്‍ കാണും .നാഥാ ദരിദ്രനും നിസ്സഹായനുമായ എന്നെ  എന്തിന്  ഇങ്ങിനെ പരീക്ഷിക്കുന്നു .ആശ്വാസവാക്കുകള്‍ പോലും കേള്‍ക്കുവാന്‍ കഴിയാതെ ഈ ഇരുണ്ട തടവറയിലാക്കി എന്നെ പരീക്ഷിക്കുവാന്‍ മാത്രം അറിഞ്ഞും അറിയാതേയും ഞാന്‍ ഒരു തെറ്റും നാളിതിതുവരെ ചെയ്തിട്ടില്ലല്ലോ നാഥാ .എന്‍റെ കുടുംബത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി എന്‍റെ മിത്രങ്ങളെ പിരിഞ്ഞു പോന്ന എന്നോട് എന്തിനീ ക്രൂരത ചെയ്തു .അങ്ങ് വലിയവനാണ്‌ അങ്ങാണ് ഈ പ്രപഞ്ചത്തിന്‍റെ  സൃഷ്ടാവ് .തെറ്റ് ചെയ്യാത്തവര്‍ക്ക് ഒരിക്കലും നീ ശിക്ഷ നല്‍കല്ലേ നാഥാ .എന്നെ ഈ തടങ്കലില്‍ നിന്നും രക്ഷിക്കൂ നാഥാ .,,

 അയാള്‍ പ്രാര്‍ഥനയോടെ നിമിഷങ്ങള്‍ എണ്ണി ആ ശുഭകരമായ വാര്‍ത്ത കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നു  .

                                                                   ശുഭം

18 July 2014

കവിത .പെണ്മണിവദനം


മനുഷ്യ ചിന്തയാല്‍ ഹൃദയം പിളര്‍ക്കുന്ന  ‏

സ്ത്രീയുടെ  നോവാണോ‏ ജീവിതം

നാരിതന്‍ ചായമിട്ട ചുണ്ടില്‍ വിരിയുന്നത്‏

ഗദ്ഗദത്തിന്‍ നിറവാണോ‏

മണ്ണിന്‍റെ മണമുള്ള പെണ്ണിന്‍റെ കണ്‍കോണില്‍‏

നിറയുന്നത് കണ്ണുനീര്‍ തുള്ളിയാണോ‏

ചെന്താമര വിരിയും ചേലൊത്ത കവിളിണയില്‍‏

അഞ്ചു വിരല്‍ പ്പാടിന്‍വേദനയോ‏

കനലെരിയും നെഞ്ചില്‍കുളിര്‍ മഴയായ്‌ വീണതു‏

കുഞ്ഞു പൈതലിന്‍ കിളി കൊഞ്ചലോ‏

രാത്രി തന്‍ യാമത്തില്‍ ചിന്തതന്‍ ഭാരത്താല്‍‏

പെരുമ്പറ  കൊട്ടുന്നതെന്‍ ഹൃദയമോ‏

കാണുന്ന കണ്ണും അറിയുന്ന മനസ്സും‏

നശ്വരമായ ജീവിതത്തെ അനശ്വരമായ്‌ മാറ്റിടട്ടെ‏rasheedthozhiyoor@gmail.com    rasheedthozhiyoor.blogspot.com

10 July 2014

കവിത .തിന്മതന്‍ ലോകം

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്തിരിയുന്ന ചക്ര വ്യൂഹങ്ങള്‍ക്കിടയിലായ്    
ഞെരിഞ്ഞമര്‍ന്നീടുന്നെന്‍  വിങ്ങുന്ന ഹൃദയം
വിധിയുടെ കരങ്ങളില്‍ പകച്ചുഞാന്‍  നിന്നു
ദിക്കറിയാത്തൊരു  കൊച്ചുകുഞ്ഞിനെയെന്നപോല്‍
അറിയുന്നു ഞാനെന്‍റെ മനസ്സിലെ നോവുകള്‍
പരിഹാരമാണതെന്തെന്നറിയാത്തത്
തെറ്റിനെ തെറ്റുകൊണ്ട് നേരിടാനൊരുങ്ങിയ
ഞാനറിഞ്ഞു  പിന്നീടതല്ല ശെരിയെന്ന്
തിമര്‍ത്തു പെയ്യുന്ന മഴത്തുള്ളികള്‍ വീണിടുമ്പോഴും  
ചുട്ടു പഴുത്തെന്‍റെ ഹൃദയകവാടം
ആവില്ലയവിടമൊന്നു കുളിര്‍പ്പിക്കുവാന്‍
സ്നേഹ സാന്ത്വന  വാക്കുകള്‍ക്കൊന്നുമിപ്പോള്‍
നിദ്രതന്‍ ദേവി കൈകളാല്‍ ഞാനെന്‍റെ
കണ്ണുകള്‍  മെല്ലെ അടച്ചിടുമ്പോള്‍
ലോക തിന്മതന്‍ നിലവിളി കേട്ടപ്പോള്‍
ഞെട്ടലോടെഞാന്‍  കണ്ണിമ  തുറന്നുപോയ്
അച്ഛന്‍റെ കൈകളാല്‍ പിടയുന്ന മകളുടെ
അരുതേ ....എന്ന തേങ്ങലായിരുന്നോ   അത് ?
അതോ ...ലഹരി കണ്ണുകളാല്‍ അച്ഛനെ വെട്ടുന്ന മകന്‍റെ
അട്ടഹാസമായിരുന്നോ അത് ?
മക്കളെ മറക്കുന്ന അമ്മതന്‍ പ്രവര്‍ത്തികള്‍
പൊട്ടികരയുന്ന ഭൂമിയുടെ നിലവിളി
വയ്യ എനിക്കീ ..... നന്മയെ മറക്കുന്ന
തിന്മ നിറഞ്ഞൊരു ലോകത്ത് പൊറുക്കുവാന്‍ 
ചങ്കു തകര്‍ന്നു ഞാന്‍ ഭൂമിയുടെ വിരിമാറില്‍
ആറടി മണ്ണിനായ് ഇടം തേടി അലഞ്ഞിടുന്നു .  
                                  ശുഭം 
rasheedthozhiyoor@gmail.com