19 March 2020

കഥ. അതിമൃത്യു

 
അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന  അലിക്കയുടെ   അരികിൽ നിന്നും ഞാൻ യാത്ര പറഞ്ഞിറങ്ങി. ഇശാ ബാങ്കിന് മുന്നെ മസ്ജിദിൽ എത്തണം .    . അലിക്കയോട്  സംസാരിക്കുവാൻ പാടില്ലാ എന്ന ഡോക്ടറുടെ നിർദേശം ഉള്ളതുകൊണ്ട്   അലിക്കയുടെ അരികിൽ നിൽക്കുകയല്ലാതെ ഒന്നും സംസാരിക്കുകയുണ്ടായില്ല .സംസാരിക്കുവാനാവാതെ അലിക്കയുടെ കട്ടിലിനടുത്തുള്ള നിൽപ്പും ആശുപത്രിയിലെ ഗന്ധവും  എന്നിൽ വീർപ്പുമുട്ടൽ ഉളവാക്കുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങുവാൻ നേരം ഞാൻ  അലിക്കയുടെ കൈ പിടിച്ചു സലാം പറഞ്ഞപ്പോൾ   അലിക്കയുടെ  ഇമകൾ നിറയുന്നുണ്ടായിരുന്നു. നിസ്സഹായതയോടെയുള്ള അലിക്കയുടെ നോട്ടം   എൻ്റെ  ഇമകളേയും  നനയിപ്പിച്ചു.

   മനസ്സ്  അസ്വസ്ഥമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ് ഇന്നു രാവിലെ അരങ്ങേറിയത് .നീണ്ട നാൽപതു വർഷത്തെ പ്രവാസ ജീവിതത്തോട്  എന്നെന്നേയ്ക്കുമായി   വിട പറഞ്ഞു അലിക്ക ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ടതായിരുന്നു. പ്രവാസജീവിതം അലിക്ക അവസാനിപ്പിച്ചതല്ല. പ്രായം അറുപതു കഴിഞ്ഞതുകൊണ്ട് ജോലി ചെയ്യുന്ന സ്ഥാപനം അലിക്കയുടെ വിസ പുതുക്കി നൽകാത്തതുകൊണ്ട് നിവർത്തിയില്ലാതെ പാവം നാട്ടിലേക്ക് പോകുകയാണ്   .ഒരു അഞ്ചുവർഷം കൂടി ഈ മണലാരണ്യത്തിൽ ജോലി ചെയ്യണം എന്ന് അലിക്ക ആഗ്രഹിച്ചിരുന്നു പ്രായം അറുപതു കഴിഞ്ഞിട്ടും ഇവിടെ  ജോലിയിൽ തുടരണം എന്ന് ആഗ്രഹിച്ചത് അദ്ദേഹത്തിൻ്റെ  പ്രാരബ്ധങ്ങൾ  മൂലമാണ് .

അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു അലിക്ക മക്കളിൽ രണ്ടാമനായിരുന്നു അദ്ദേഹം . മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞ അതേ  മാസം  അലിക്കയുടെ വാപ്പ നാടുവിട്ടുപോയി. പിന്നീട് അലിക്ക വാപ്പയെ ഈ കാലം വരെ കണ്ടിട്ടില്ല .കുടുംബത്തെ രക്ഷിക്കാനായി ആയിരത്തി തൊള്ളായിരത്തി എൺപതിലാണ് അലിക്ക ഗൾഫിലേക്ക് വിമാനം കയറുന്നത്.അന്ന് അലിക്കയുടെ പ്രായം ഇരുപതായിരുന്നു.നാലു സഹോദരിമാരുടെ വിവാഹം കഴിപ്പിച്ചയച്ച്  അലിക്ക വിവാഹം കഴിക്കുമ്പോൾ പ്രായം മൂപ്പത്തഞ്ചു  കഴിഞ്ഞിരുന്നു.ഓരോരോ  ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോഴേക്കും തുടർകഥപോലെ അടുത്ത ഉത്തരവാദിത്വം ആസന്നമായിരിക്കും .അലിക്കയുടെ വിവാഹം കഴിഞ്ഞപ്പോൾ അടുത്ത ഉത്തരവാദിത്വം വീട് പുതുക്കി പണിയുക എന്നതായിരുന്നു.

വീണ്ടും എട്ടു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ മോഹം പൂവണിഞ്ഞു.മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീടിൻ്റെ  പണി കഴഞ്ഞപ്പോഴേക്കും മൂന്നു പെൺമക്കൾ അലിക്കയ്ക്ക് പിറന്നിരുന്നു .പിന്നീട് അഞ്ചുവർഷങ്ങൾക്കുശേഷം അലിക്കയ്ക്ക് ഒരു കുഞ്ഞുകൂടി പിറന്നു .ഒരു ആൺകുഞ്ഞിനായുള്ള അലിക്കയുടെയും സഹധർമിണിയുടേയും മോഹം പൂവണിഞ്ഞു .അവനിപ്പോൾ ഏഴാം തരത്തിലാണ് പഠിക്കുന്നത്.രണ്ടു പെൺ മക്കളുടെ വിവാഹം കഴിഞ്ഞു. ഇനി ഒരു മകളുടെ വിവാഹം കൂടി നടത്തേണ്ടതുണ്ട് .അതിനുള്ള സാമ്പത്തീക കരുതലുകൾ ഒന്നും തന്നെ അദ്ദേഹത്തിൻ്റെ കൈവശമില്ലാ .അലിക്ക പലപ്പോഴും പറയുമായിരുന്നു.

,,മോളുടെ വിവാഹം കൂടി നടത്തിയാൽ പിന്നെ എനിക്ക് സ്വസ്ഥമായി നാട്ടിലേക്ക് തിരികെ പോകാം.പിന്നെയുള്ളത് ഒരു ആൺകുട്ടിയല്ലേ ഒരു അഞ്ചാറു വർഷംകൂടി കഴിഞ്ഞാൽ കുടുംബം അവൻ നോക്കിക്കൊള്ളും.,,

അലിക്കയെ പോലെ എത്രയോപേർ  വാർധ്യക്യത്തിലും  ഇവിടെ ജീവിക്കുന്നു .അവർക്കെല്ലാം പ്രാരാബ്ധങ്ങളുടെ ദുരിതപൂർണമായ കഥകളായിരിക്കും പറയുവാനുണ്ടാവുക.കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല.  പ്രവാസികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് പ്രതീക്ഷകളാണ് പ്രവാസ ജീവിതം തുടരുവാനുള്ള കരുത്ത്.ചിലരുടെ പ്രതീക്ഷകൾ പാതിവഴിയിൽ അസ്തമിക്കുമ്പോൾ  ,ചിലരുടെ പ്രതീക്ഷകൾ പൂവണിയും .ഞാൻ ഗൾഫിലേക്ക് പോരുമ്പോൾ   മനസിലൊരു  പ്രതിജ്‌ഞ എടുത്തിരുന്നു.അഞ്ചുവർഷം ജോലി ചെയ്‌ത്‌ പ്രണയിച്ചിരുന്ന  പെൺകുട്ടിയെ വിവാഹം ചെയ്‌തു നാട്ടിൽ സുഖമായി ജീവിക്കണമെന്ന്. പക്ഷെ പ്രണയിച്ച പെൺകുട്ടിയെ വിവാഹം ചെയ്യുവാനായില്ല എന്നതുമാത്രമല്ല   ഇപ്പോൾ പതിനൊന്നു വർഷമായിട്ടും ഗൾഫ് ജീവിതത്തിൽ നിന്നും മോചനവും ലഭിച്ചില്ലാ .ഇന്നലെ രാത്രി അലിക്ക പറഞ്ഞ വാക്കുകൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി .

,,ഇവിടെ ഈ ഗൾഫിൽ വന്നുപെട്ടാൽ ദിവസങ്ങളും,മാസങ്ങളും,വർഷങ്ങളും കൊഴിഞ്ഞുപോകുന്നത്  അറിയുകയില്ല.നാൽപതു വർഷം കഴിഞ്ഞുപോയത് നാൽപതു ദിവസം കഴിഞ്ഞുപോയതു പോലെയാണ് എനിക്ക് തോന്നുന്നത് .വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തഞ്ചു വർഷം കഴിഞ്ഞു.രണ്ടു വർഷത്തിൽ രണ്ടു മാസത്തെ അവധിയാണ് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത് .അതായത് ഞാനും എൻ്റെ ഭാര്യയും ഒരുമിച്ചു ജീവിച്ചത് ഏതാണ്ട് എഴുനൂറ്റിഅമ്പതു ദിവസങ്ങൾ മാത്രം  ചുരുക്കി പറഞ്ഞാൽ രണ്ടു വർഷവും ഇരുപതു ദിവസവും .നേട്ടങ്ങൾക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടി വരും പക്ഷെ നഷ്ടങ്ങൾ ഇനി തിരികെ ലഭിക്കുകയില്ലല്ലോ   ,,

പ്രവാസ ജീവിതം തുടങ്ങിയ അന്നുമുതൽ അലിക്കയുടെ കൂടെ ഒരു മുറിയിലാണ് എൻ്റെ താമസം .അലിക്ക ഏതാണ്ട് ഇരുപതു പേർക്കുള്ള മെസ്സ്  നടത്തിയിരുന്നു .അതിരാവിലെ എഴുനേറ്റ് ഏഴര മണിയാവുമ്പോഴേക്കും പ്രാതലും,ഊണും കാലമാക്കിയിട്ടാണ് അലിക്ക ജോലിക്ക് പോകുന്നത് .ആറുമണിക്ക് ജോലി കഴിഞ്ഞു വന്നാൽ അത്താഴത്തിനുള്ള പണികൾ തുടങ്ങും .നാൽപതു വർഷമായി തുടരുന്ന വിശ്രമമില്ലാത്ത പ്രവാസ ജീവിതത്തിന്റെ അന്ത്യം കുറിക്കുന്ന ദിവസമായിരുന്നു ഇന്ന് പക്ഷെ വിധിയുടെ വിളയാട്ടം അദ്ദേഹത്തെ എത്തിച്ചത് ആശുപത്രി കിടക്കയിലേക്കാണ് .നാട്ടിൽ പോയാൽ ഇനിയുള്ള കാലം എങ്ങിനെ ജീവിക്കും എന്ന ആധിയായിരിക്കും
ഹൃദയാഘാതം ഉണ്ടാകുവാനുള്ള കാരണം .
നാട്ടിലേക്കുള്ള യാത്രയുടെ മുന്നോടിയായി ശുചിമുറിയിൽ കയറിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.ഞാൻ എമർജൻസി നമ്പറായ   തൊള്ളായിരത്തി തൊണ്ണൂറ്റൊൻപതിലേക്കു  വിളിച്ചു പറഞ്ഞപ്പോൾ ഉടനെ ആംബുലൻസെത്തി  അലിക്കയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .എനിക്കും മറ്റുള്ളവർക്കും ജോലിയുള്ളതിനാൽ ആർക്കും അലിക്കയുടെ കൂടെ പോകുവാനായില്ല .നാട്ടിലാണെങ്കിൽ കൂടെ ആശുപത്രിയിലേക്ക് പോകുവാൻ ഒത്തിരിപേരുണ്ടാവും ഇവിടെ ഇങ്ങിനെയൊക്കെയാണ് .ഞാൻ ഓഫിസിലേക്ക് പോകുന്നത് സ്ഥാപനത്തിന്റെ അധീനതയിലുള്ള ബസ്സിലാണ്.ജോലി കഴിഞ്ഞ ഉടനെ അലിക്കയെ കാണുവാനായി ടാക്സി വിളിച്ചു  ആശുപത്രിയിലേക്ക് പോന്നതാണ്.

ഇന്നലെ അത്താഴ ഭക്ഷണത്തോടു കൂടി അലിക്കയുടെ മെസ്സ് അവസാനിപ്പിച്ചിരുന്നു.അവിടെ പുതിയ മെസ്സ് തുടങ്ങുന്ന കാര്യം ആരും പറഞ്ഞുകേട്ടില്ല .അലിക്ക നാട്ടിലേക്കുപോയാൽ ഞാൻ കമ്പനയുടെ താമസസ്ഥലത്തേക്ക് താമസം മാറും .ഇന്നത്തെ പ്രാതൽ കഴിക്കുവാനായില്ല .ഊണ് ഇന്ന് ഹോട്ടലിൽ നിന്നുമാണ് കഴിച്ചത്.പതിവില്ലാത്ത ഭക്ഷണം കഴിച്ചതുകൊണ്ടാവാം   വയറിനകത്തുനിന്നും അപശബ്ദങ്ങളൊക്കെ വരുന്നുണ്ട് .ഇവിടെ പതിനൊന്നു വർഷമായി അലിക്കയുടെ കൂടെയാണ് ജീവിക്കുന്നത്.ഇത്രയധികം  സ്നേഹമുള്ള മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.എൻ്റെ സ്‌പോൺസർഷിപ് രണ്ടു തവണ മാറിയതാണ് ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം എനിക്ക് താമസിക്കുവാനുള്ള സൗകര്യം വാഗ്‌ദാനം ചെയ്തതാണ് പക്ഷെ അലിക്കയെയും അലിക്ക പാചകം ചെയ്തു തരുന്ന ഭക്ഷണവും ഉപേക്ഷിക്കാൻ എനിക്കായില്ല .ഇനി അലിക്കയുടെ ആരോഗ്യസ്ഥിതി എന്താകുമെന്നൊന്നും അറിയില്ലാ . അലിക്കയുടെ വിസ കേൻസലാക്കിയതാണ് അതുകൊണ്ട് ആശുപത്രിയിൽ നിന്നും വന്നാൽ ഉടനെ സ്വദേശത്തേക്കു പോകേണ്ടിവരും  .ആശുപത്രിയിൽ നിന്നും യാത്രപറഞ്ഞിറങ്ങിയ ഞാൻ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പാതയിലൂടെ ഓരംചേർന്നു നടന്നു .ഇശാ ബാങ്ക് വിളിക്കുന്നുണ്ട് ഇനി ഞാൻ മസ്ജിദിലേക്കു പോകുകയാണ് .നമസ്കാരത്തിനു ശേഷം അലിക്കയുടെ അസുഖം എത്രയും പെട്ടന്ന് ഭേതമാകുവാനായി  മനമുരുകി സർവ്വശക്തനോട്‌  പ്രാർത്ഥിക്കണം .

                                                                  ശുഭം

കഥ.കോടമഞ്ഞ്



ശൈത്യകാലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കേരളത്തിലെ ഏറ്റവും നല്ലയിടത്തേക്കൊരു വിനോദയാത്ര പോകണം എന്ന ആഗ്രഹം മകൾ അഹല്യ പറയുവാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി .പത്താം തരം നല്ല മാർക്കോടുകൂടി വിജയിച്ചാൽ മകളുടെ ഏതാഗ്രഹവും നിറവേറ്റിത്തരാം എന്ന അച്ഛൻ നിശാലിന്റെ വാക്കുകൾക്ക് മുന്നിൽ മകൾക്ക് ഒരേയൊരു ആഗ്രഹമേ പറയുവാനുണ്ടായിരുന്നുള്ളൂ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിൻെറ നനവില്‍ കോട  മഞ്ഞു മൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയില്‍ അലിഞ്ഞ് ഏതാനും ദിനരാത്രങ്ങൾ ചെലവഴിക്കണം. അവളുടെ ഇഷ്ടവിനോദം യാത്രകളാണ്. അഹല്യ തന്നെയാണ് നിലമ്പൂരിൽ നിന്നും ഇരുപത്തിനാലു കിലോമിറ്ററോളം ദൂരമുള്ള കക്കാടം പൊയിൽ എന്ന ഇടം വിനോദയാത്രക്കായി തിരഞ്ഞെടുത്തത് .വീട്ടിൽ നിന്നും ഏതാണ്ട് നൂറ്റിപ്പത്തു കിലോമീറ്ററോളം യാത്ര ചെയ്യണം കക്കാടം പൊയിലിൽ എത്താൻ .

      ഡിസംബർ മാസത്തിൽ  അവസാനപത്തിലെ രണ്ടാംനാൾ 

നിശാലും,ഭാര്യ അനാമികയും,മകളും കൂടി സ്വന്തംകാറിൽ രാത്രിയുടെ മൂന്നാം യാമത്തിൽ വിനോദയാത്ര പുറപ്പെട്ടു. 

യാത്ര പുറപ്പെടുവാൻ ഈ സമയം തിരഞ്ഞെടുത്തത് നേരം പുലരുന്നതിനു മുന്നെ നിലമ്പൂർ പിന്നിടാം എന്നതുകൊണ്ടാണ്. 

അവിടെ നിന്നും കോടമഞ്ഞിൻ കുളിരോടെ       അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് കക്കാടം പൊയിലിൽ എത്താം.

ആദ്യമായി പോയത് കോഴിപ്പാറ വെള്ളംച്ചാട്ടം കാണുവാനാണ്

 മനോഹരമായ തോട്ടങ്ങൾക്ക് നടുവിലാണ് ഈ പ്രകൃതിരമണീയമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

 വളരെ ഉയരത്തുനിന്നും കുത്തനെ താഴോട്ടൊഴുകുന്ന നദി പലയിടത്തും പരന്നും, ഒഴുകുന്നുണ്ട്.

        കുത്തനെയുള്ള ചുരവും കയറ്റവും പ്രകൃതിരമണീയ കാഴ്ചകളുമായി 

സന്തോഷിപ്പിച്ചും, വിസ‌്മയിപ്പിച്ചും,
കോടമഞ്ഞു  മൂടിയ മലകളുടെ ഹർഷപുളകങ്ങളിൽ  കാഴ്ചകൾ കണ്ടും 

ഗവിയുടെ ചാരുതയാർന്ന ഭൂപ്രകൃതിയുടെ ആനന്ദകരമായ കാഴ്ച അനുഭവിച്ചറിഞ്ഞപ്പോൾ
 നിശാൽ ഓർത്തുപോയി .

''എന്തേ ഇവിടെയെത്താൻ ഇത്രയും വൈകിയതെന്ന് ''

പച്ച പുതച്ച് നിൽക്കുന്ന മലകളും കുന്നിൻചെരുവിൽനിന്ന് ഒഴുകുന്ന അരുവിയുമെല്ലാം ആരുടെയും ഹൃദയംകവരും 

 ആനകള്‍, കടുവകള്‍, അപൂർവ ഇനം പക്ഷികൾ, ഷഡ്പദങ്ങൾ എന്നിവയുടെയും  ആവാസകേന്ദ്രമാണിവിടം

 ഇത്രയും മനോഹരമായ കാടിന്റെ നിഗൂഢതതകൾ അറിയാൻ കക്കാടംപൊയിലിൽ തന്നെ വരണം.

 കക്കാടംപൊയിലിൽനിന്ന് നാല‌് കിലോമീറ്റർ അകലെ നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ.

അവിടെ കൂടി സന്ദർശിച്ചപ്പോഴേക്കും സമയം രാത്രി ഒൻപതുമണി കഴിഞ്ഞിരുന്നു .

ഇനി നിലമ്പൂർ പോയി വിശ്രമിക്കണം .അവിടെ നിന്നും പുലർച്ചെ മൂന്നാറിലേക്കാണ് പോകേണ്ടത്.

 പഴശ്ശി ഗുഹ കണ്ടു നടക്കുമ്പോൾ നാലുയുവാക്കൾ തന്നെയും കുടുംബത്തെയും  പിന്തുടരുന്നത് നിഷാലിന്റെ ശ്രദ്ധയിൽപെട്ടു,

 അവരുടെ നോട്ടവും പെരുമാറ്റവും അയാൾക്ക്   പന്തികേട് തോന്നി

  നിശാൽ  മകളോട്  പറഞ്ഞു,


,, ഇനി നമുക്ക് പോകാം ആ ചെറുപ്പക്കാർ കുറേ നേരമായി നമ്മളെതന്നെ പിന്തുടരുന്നു എന്തോ അവരെ കണ്ടിട്ട് കുഴപ്പക്കാരാണെന്നു തോന്നുന്നു ,,


അയാളുടെ വാക്കുകൾക്ക് മറുപടി പറഞ്ഞത് അനാമികയാണ്

 ,, അതേ ,, അവരെ കണ്ടപ്പോൾ എനിക്കും അവർ കുഴപ്പക്കാരാണെന്ന്   തോന്നിയിരുന്നു ,

ഞാൻ ഈ കാര്യം നിശാലേട്ടനോട്  പറയുവാനിരിക്കുകയായിരുന്നു. ,,
അവർ താടിയും.മുടിയും. നീട്ടിവളർത്തിയ ഒരേ വേഷപ്പകർച്ചക്കാരാണ് . 

ജീൻസ് പാന്റും, ടീഷർട്ടുമാണ്  വേഷം നാലുപേരുടെ ചുണ്ടുകളിലും സിഗരറ്റ് പുകയുന്നുണ്ട് .

നിശാലും കുടുംബവും വാഹനത്തിൽ കയറിയപ്പോൾ യുവാക്കളും അവരുടെ വാഹനത്തിൽ കയറിയിരുന്നിരുന്നു .

അല്പദൂരം പിന്നിട്ടപ്പോൾ നിശാൽ സൈഡ് ഗ്ലാസിലൂടെ   നോക്കി, 

ദൂരെ നിന്നും തൻ്റെ വാഹനത്തെ  പിന്തുടർന്ന് ഒരു വാഹനം ചീറിപ്പാഞ്ഞു വരുന്നു.

 ഹോൺ മുഴക്കി ആ വാഹനം തൻ്റെ വാഹനത്തെ മറികടന്നപ്പോൾ നിശാൽ കണ്ടു വാഹനത്തിലുള്ളവരുടെ മുഖങ്ങൾ.

 പഴശ്ശി ഗുഹയിൽ  താങ്കളെ  പിന്തുടർന്നിരുന്ന ആ നാലുയുവാക്കൾ,

 നിശാൽ വാഹനത്തിന്റെ വേഗം കുറച്ചു. 

പക്ഷെ യുവാക്കളുടെ വാഹനം നിശാലിന്റെ വാഹനത്തെ മറികടന്ന് വേഗത്തിൽ പോകുവാൻ അനുവദിക്കാതെ യാത്ര തടസപ്പെടുത്തി കൊണ്ടേയിരുന്നു .

 കുറെ ദൂരം പിന്നിട്ടപ്പോൾ നിശാലിന്റെ ക്ഷമ നശിച്ചിരുന്നു .

അയാൾ വാഹനം വേഗത്തിൽ യുവാക്കളുടെ വാഹനത്തെ മറികടക്കുവാൻ ശ്രമിച്ചു. 

പക്ഷെ യുവാക്കളുടെ വാഹനം അത് വിഫലമാക്കി.

അവർ  വാഹനത്തിൽ നിന്നും എന്തൊക്കയോ പുലമ്പുന്നുണ്ട് .

ആ യാത്ര അങ്ങിനെ കുറെയേറെ ദൂരം പിന്നിട്ടു. 

നിശാൽ തന്റെ ഭാര്യയുടെയും മകളുടെയും മുഖത്തേക്ക് മാറിമാറി നോക്കി.

 ഭയത്തോടെയിരിക്കുന്ന അവരുടെ മുഖത്തേക്കയാൾ നിസ്സഹായതയോടെ നോക്കി .അല്പദൂരംകൂടി പോയപ്പോൾ മകൾ പറഞ്ഞു .
 

,,അച്ഛാ നമുക്ക് നമ്മുടെ വാഹനം പാതയോരത്ത് നിറുത്തിയിടാം. അവർ പോയതിനുശേഷം നമുക്ക് പോകാം .എനിക്ക്  പേടിയാവുന്നു ,,

അയാൾ വാഹനം ഓരം ചേർത്തു നിറുത്തി മകളോട് പറഞ്ഞു .

,, മോളെന്തിനാ പേടിക്കുന്നെ, അച്ഛനല്ലെ കൂടെയുള്ളത് ,,

അനാമിക മകളെ ശകാരിച്ചു.

, ഞാൻ അപ്പോഴേ പറഞ്ഞ തല്ലേ .... നേരം ഇരുട്ടുന്നതിനു മുമ്പേ പട്ടണത്തിൽ എത്താമെന്ന്,

 അത് എങ്ങനാ... സ്ഥലങ്ങൾ എത്ര കണ്ടാലും എൻ്റെ മോൾക്ക്, മതിയാവില്ലല്ലോ . ,,

അഹല്യ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

ഭാര്യ മകളെ ശകാരിച്ചത് നിശാലിന് ഇഷ്ടമായില്ല. 

അയാൾ ഭാര്യയോട് പറഞ്ഞു

,, നീ എന്തിനാ മോളെ വഴക്കുപറയുന്നത്. ഇത് കേരളമല്ലേ, 
നമ്മൾ വിനോദയാത്രയ്ക്ക് വന്നതല്ലേ.... അത് ഏതോ തലതെറിച്ച പിള്ളേരാണ് . അവർ പൊയ്‌ക്കൊള്ളും  . ,,

പക്ഷെ അവരുടെ ഈ വിനോദ യാത്ര
വലിയൊരു ദുരന്തത്തിലേക്കുള്ള    യാത്രയാണെന്ന്. അവർ അറിഞ്ഞിരുന്നില്ല.

നിശാൽ വാഹനം ഓരം ചേർത്തു നിറുത്തിയതും , 

അല്പദൂരത്തായി യുവാക്കളുടെ വാഹനവും ഓരം ചേർത്തുനിറുത്തി .

ചങ്കിടിപ്പിൻ്റെ ഏതാനും നിമിഷങ്ങൾ 

വാട്ടർബോട്ടിലിൽ നിന്നും നിഷാൽ വെള്ളമെടുത്തു കുടിച്ചു .

ദൂരെ നിന്നും മറ്റൊരു വാഹനം വരുന്നത്  നിശാലിന്റെ ശ്രദ്ധയിൽപെട്ടു .

 നിശാൽ തന്റെ  വാഹനത്തിൽ നിന്നും ചാടിയിറങ്ങി കൈകാണിച്ചു.
 പക്ഷെ ആ വാഹനം നിറുത്താതെ ചീറിപാഞ്ഞുപോയി .

അതുകണ്ട യുവാക്കൾ അവരുടെ വാഹനത്തിൽ നിന്നും ആർത്തട്ടഹസിക്കുന്നുണ്ടായിരുന്നു .

നിശാൽ വാഹനത്തിൽ തിരികെ കയറാതെ ഭാര്യയോടായി പറഞ്ഞു .

,, ഞാനിതാ വരുന്നു  അവന്മാർക്കുവേണ്ടത് എന്താണെന്ന് ചോദിക്കട്ടെ ? ,,

അനാമിക ഭയത്തോടെ പറഞ്ഞു.

,,വേണ്ട അവർ നാലുപേരുണ്ട് അവർ ഏതുതരക്കാരാണ് എന്ന് ആർക്കറിയാം ഏട്ടൻ വന്ന് വാഹനത്തിൽ കയറിയിരിക്കൂ ,,

അച്ചടക്കമുള്ള കുഞ്ഞിനെപ്പോലെ അയാൾ വാഹനത്തിൽ കയറിയിരുന്നു.

നിശബ്ദതയുടെ ഏതാനും നിമിഷങ്ങൾ 

വനാന്തരങ്ങളിൽ നിന്നും ചിവിടുകളുടെ ശബ്ദം മാത്രം കേൾക്കാം.

കോടമഞ്ഞിന്റെ തണുപ്പ് അയാളുടെ ശരീരത്തിൽ ഏൽക്കുന്നുണ്ടായിരുന്നില്ല.... സിരകളിലെ രക്തം ചൂടുപിടിക്കുന്നതുപോലെ അയാൾക്കനുഭവപ്പെട്ടു , 

ശരീരത്തിൽ വിയർപ്പുകണങ്ങൾ പൊടിയുന്നു . 

ആ വഴിയെ  മറ്റുവാഹനങ്ങളൊന്നും പോകുന്നില്ല  .

നിശാൽ വാഹനത്തിനുള്ളിലെ  ലൈറ്റിട്ട് വാച്ചിൽ സമയം നോക്കി, 

പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. 

ഇപ്പോൾ യുവാക്കളുടെ വാഹനത്തിൽ നിന്നും ശബ്ദം ഒന്നും തന്നെ കേൾക്കുന്നില്ല .

അയാൾ രണ്ടും കല്പിച്ചു വാഹനം സ്റ്റാട്ടാക്കി വേഗത്തിൽ വാഹനം ഓടിച്ചു .

പൊടുന്നനെയാണ് യുവാക്കളുടെ വാഹനം സ്റ്റാർട്ടാക്കി നിശാലിന്റെ വാഹനത്തിന് കുറുകെയിട്ടത്. 

അയാളിൽ നിന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. ഉഗ്രശബ്ദത്തോടെ അയാളുടെ വാഹനം യുവാക്കളുടെ വാഹനത്തിൽ ഇടിച്ചുനിന്നു .

യുവാക്കളുടെ വാഹനത്തിൽ നിന്നും അവർ ചാടിയിറങ്ങി. നിശാലിന്റെ അരികിലേക്ക് പാഞ്ഞടുത്ത് ഒരുത്തൻ ആക്രോശിച്ചു .
താൻ എവിടെ നോക്കിയാടോ വാഹനം ഓടിക്കുന്നത് ,,

തൻ്റെ കോളറിൽ കയറിപിടിച്ചയാളോട് നിശാൽ ചോദിച്ചു .

,, നിങ്ങൾക്ക് എന്താണ് വേണ്ടത്. നിങ്ങളോട് പ്രകോപനമായി ഒന്ന് സംസാരിക്കുകപോലും ഞങ്ങളിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ. പിന്നെ എന്തിനാണ് ഞങ്ങളെ നിങ്ങൾ ഇങ്ങനെ വേട്ടയാടുന്നത് ,,

,,റോഡ് തൻ്റെ അപ്പന്റെ വകയൊന്നുമല്ലല്ലോ. ഞങ്ങൾക്ക് ഇഷ്ടമുള്ള ഇടത്ത് ഞങ്ങൾ ഞങ്ങളുടെ വാഹനം നിറുത്തും. ഞങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ ഞങ്ങൾ ഇവിടെ നിന്നും പോകുകയും ചെയ്യും. താൻ ആരാ ചോദ്യം ചെയ്യാൻ ഞങ്ങളുടെ വാഹനത്തിൽ തൻ്റെ വാഹനമാണ് ഇടിച്ചത് ഇതിന്‌ സമാധാനം പറയാതെ താനിവിടെനിന്നും പോവില്ല ,,

നിശാൽ പുറത്തേക്കു വമിക്കുന്ന ദേഷ്യത്തെ കടിച്ചൊതുക്കി പറഞ്ഞു .


,,സമാധാനമായി സംസാരിക്കു. 

നിങ്ങളുടെ വാഹനത്തിന് കാര്യമായ കേടുപാടുകൾ ഒന്നുംതന്നെ പറ്റിയിട്ടില്ലല്ലോ. 

പുറകിലെ പമ്പറിനും ഒരു സൈഡിലെ ബ്രായ്ക്ക് ലൈറ്റിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

 അതിന് നിങ്ങൾ പറയുന്ന രൂപ ഞാൻ തരാം. 

ദയവുചെയ്ത് ഞങ്ങളെ പോകുവാൻ അനുവദിക്കൂ ,

ഭയാകുലയായ അഹല്യ മുൻ സീറ്റിലിരിക്കുന്ന അമ്മയുടെ തോളിലൂടെ കൈയിട്ടു ചേർന്നിരുന്നു.

 അനാമിക മകളുടെ മുഖത്ത് തട്ടി സമാധാനിപ്പിക്കുന്നുണ്ടായിരുന്നു .

നിശാലിനോട് സംസാരിക്കുന്നയാൾ തുടർന്നു .

,, ഓക്കേ സമ്മതിച്ചു. 

പക്ഷെ ഇപ്പോൾ പണ്ടത്തെപോലെയല്ല പോലീസ് സ്റ്റേഷനിൽ പോയി അപകടം റിപ്പോർട്ട് ചെയ്യണം.

 എന്നാലേ വാഹനത്തിന്റെ കേടുപാടുകൾ തീർക്കുവാനാകു.

 ഒരുകാര്യം ചെയ്യാം നമുക്ക് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാം.

 എന്നിട്ട് പിന്നീടുള്ള കാര്യങ്ങൾ സംസാരിക്കാം .

നിങ്ങൾ ഞങ്ങളുടെ വാഹനത്തിന്റെ പുറകെ പോന്നോളൂ ,,

 .യുവാക്കൾ അവരുടെ വാഹനത്തിൽ കയറി നിശാലിന്റെ വാഹനത്തിന്റെ വരവിനായി കാത്തിരുന്നു .

നിശാൽ വാഹനം സ്റ്റാർട്ടാക്കിയെങ്കിലും വാഹനം സ്റ്റാർട്ടായില്ല. 

അയാൾ പുറത്തിറങ്ങി ബോണറ്റ് തുറന്നു നോക്കി.

 ഇടിയുടെ ആഘാതത്തിൽ റേഡിയേറ്ററിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് ,

റേഡിയേറ്ററിലെ ദ്രാവകം മുഴുവനും പുറത്തേക്ക് ഒഴികിയിരിക്കുന്നു .

 വാഹനം നന്നാക്കാതെ ഇനി മുന്നോട്ടുപോകുവാനാവില്ല എന്നയാൾക്ക്‌ മനസ്സിലായി .

നിശാൽ യുവാക്കളുടെ വാഹനത്തിനു അരികിൽ പോയി കാര്യം വിശദീകരിച്ചു.

 യുവാക്കൾ വീണ്ടും വാഹനത്തിൽ നിന്നും പുറത്തിറങ്ങി യുവാക്കളുടെ ഗ്യാങ്ങ് ലീഡറെന്നു തോന്നിപ്പിക്കുന്നയാൾ പറഞ്ഞു.

,, ഓക്കേ താങ്കൾ വാഹനത്തിൽ കയറിയിരിക്കു .

ഞങ്ങൾ വാഹനം തള്ളിത്തരാം.

 തത്കാലം വാഹനം ഓരംചേർത്തു പാർക്ക് ചെയ്യൂ. 

ഇനിയിപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും വാഹനമൊന്നും ലഭിക്കുവാൻ പോകുന്നില്ല.

 കാട്ടാനകൾ കാടിറങ്ങിവരുന്ന സ്ഥലമാണിത്. 

നിങ്ങൾ ഞങ്ങളുടെ വാഹനത്തിൽ പോന്നോളൂ.

 നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം,,

  നിശാൽ  തൻ്റെ വാഹനത്തിൽ കയറിയിരുന്നു .

എന്തിനും ഏതിനും പ്രതികരിക്കുന്ന  അയാൾ ആൾബലത്തിനു മുന്നിൽ നിസ്സഹായനായി യന്ത്രം പോലെ പ്രവർത്തിച്ചു .

യുവാക്കൾ വാഹനം തള്ളിക്കൊടുത്തു.

 നിശാൽ വാഹനം ഓരം ചേർത്തിട്ട് ഭാര്യയെയും,മകളെയും കൂട്ടി യുവാക്കളുടെ വാഹനത്തിൽ കയറി ഡോറടച്ചു .

യുവാക്കളിൽ രണ്ടുപേർക്ക് പുറകിൽ കയറേണ്ടതുകൊണ്ട് ഡോറിനോട് ചേർന്നിരിക്കുന്ന അനാമികയുടെ മടിയിലായാണ് അഹല്യ ഇരുന്നത്.

 പക്ഷെ ഡോർ തുറന്ന് ഒരാൾ അനാമികയുടെ അരികിലും മറ്റെയാൾ നിശാലിന്റെ അരികിലുമായാണ് ഇരുന്നത്.

 അയാളുടെ പ്രവർത്തി നിശാലിന്‌ ഇഷ്ടമായില്ല. അയാളത്  പ്രകടമാക്കുകയുംചെയ്തു .

,, ഹേയ് മിസ്റ്റർ താങ്കൾ എന്താണ് ചെയ്യുന്നത്.

 താങ്കൾ അങ്ങേവശത്ത് പോയിരിക്കു.

 നിങ്ങൾക്കുമില്ലേ അമ്മയും സാഹോദരിമാരുമൊക്കെ  ,,

യുവാവ് ചിരിച്ചുകൊണ്ട് പറഞ്ഞു.

,, ഞാനിവിടെ ഇരുന്നാൽ എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്ന് നോക്കാമല്ലോ .

താങ്കൾ വിഷമിക്കാതെയിരിക്കു .

ഒന്നുമല്ലെങ്കിലും കാട്ടാനകളിൽ നിന്നും നിങ്ങളെയൊക്കെ രക്ഷിച്ച ദൈവ ദൂദന്മാരല്ലേ ഞങ്ങൾ.

യുവാവിന്റെ വാക്കുകൾക്ക് പരിഹാസ്യ ചുവയുള്ളതുപോലെ നിശാലിന്‌ തോന്നി.

 വാഹനത്തിനകമാകെ മദ്യത്തിന്റെയും സികരിറ്റിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. 

അനാമികയും അഹല്യയും ഭയന്നിരിക്കുകയാണ് .

ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത ഭയാനകമായ അവസ്ഥയിലൂടെയാണ് നിശാലും കുടുംബവും കടന്നുപോയികൊണ്ടിരിക്കുന്നത് ,

അനാമിക ഇടയ്ക്കൊക്കെ രക്ഷക്കായി ഇമകളടച്ചു പ്രാർത്ഥിക്കുന്നുണ്ട്, 

മുൻവിധിയെന്നോണം ചിലതൊക്കെ ജീവിതത്തിൽ സംഭവിക്കുകയാണ് .


വാഹനം വേഗത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. 

അനാമികയുടെ അരികിലിരിക്കുന്ന യുവാവ് അനാമികയുടെ തോളിലേക്ക് അയാളുടെ കൈ വെച്ചപ്പോൾ.

 നിശാൽ യുവാവിന്റെ കൈ തട്ടിമാറ്റി .

കോപിഷ്ഠനായ യുവാവ് ശക്തിയോടെ നിശാലിന്റെ ശിരസ്സ് തള്ളി.

 അയാളുടെ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു. 

മുൻസീറ്റിലിരിക്കുന്ന യുവാവ്.

 ഒരു മദ്യകുപ്പിയെടുത്ത് മൂടി കടിച്ചുതുറന്ന്.

 ജലം പകർത്താത ആർത്തിയോടെ അൽപം കുടിച്ചതിനു ശേഷം വാഹനം ഓടിക്കുന്ന യുവാവിന് കൊടുത്തു ,

യുവാക്കൾ നാലുപേരും മദ്യക്കുപ്പി ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാലിയാക്കി. 

അനാമിക യുവാവിന്റെ കൈ തട്ടിമാറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അനാമികയെ അയാളുടെ ശരീരത്തിലേക്ക് ചേർത്തുപിടിച്ചുകൊണ്ടേയിരുന്നു .

യുവാവിന്റെ പ്രവർത്തികൾ അസഹിനീയമായപ്പോൾ അനാമിക യുവാവിന്റെ കൈയിൽ കടിച്ചു,

 കടിയുടെ വേദനയിൽ യുവാവ് അനാമികയുടെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ട് ആക്രോശിച്ചു .

,,അനങ്ങാതെയിരുന്നോളണം അല്ലെങ്കിൽ നീ എന്റെ തനിസ്വഭാവം അറിയും ,,

യുവാവിന്റെ വാക്കുകൾ കേട്ട് മറ്റുയുവാക്കൾ ആർത്തട്ടഹസിച്ചു.

 നിശാലിന്റെ  ജീവിതത്തിൽ ഇതുപോലെയുള്ള ക്രൂരന്മാരെകുറിച്ച് കേട്ടറിവുപോലുമില്ലായിരുന്നു  .

വാഹനം ടാറിട്ട പ്രധാനപാതയിൽ നിന്നും ചെമ്മൺപാതയിലേകെടുത്തപ്പോൾ നിശാൽ ചോദിച്ചു .

,, നിങ്ങൾ ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നത്.

 ദയവുചെയ്ത് ഞങ്ങളെ ഇവിടെ ഇറക്കിവിടൂ.

പണത്തിനുവേണ്ടിയാണെങ്കിൽ  എൻ്റെ കൈവശമുള്ള മുഴുവൻ പണവും ഞാൻ നിങ്ങൾക്ക്  തരാം ,,

നിശാലിന്റെ വാക്കുകൾക്ക് .ഗ്യാങ്ങ് ലീഡറെന്നു തോന്നിപ്പിക്കുന്ന യുവാവാണ് മറുപടി പറഞ്ഞത് .

,,പണം ആർക്കുവേണം.
 പണം എൻ്റെ അപ്പൻ രാഷ്ട്രീയത്തിൽ നിന്നും ഇഷ്ടംപോലെ ഉണ്ടാക്കിയിട്ടുണ്ട്, 

ഞങ്ങൾ ജീവിതം ആസ്വദിക്കുന്നവരാണ്.

 ഞങ്ങൾ ശരീരത്തിൽ കുത്തിവയ്ക്കുന്ന സിറിഞ്ചിൽ നിന്നും സിരകളിൽ ലയിക്കുന്ന ഓരോ തുള്ളി മയക്കുമരുന്നും ഞങ്ങൾക്ക് ആനന്ദകരമാണ്. 

മറ്റുള്ളവരുടെ മാനസീക പിരിമുറുക്കം,

 ജീവിതത്തോടുള്ള കൊതി,

 ജീവിതം അവസാനിക്കുവാൻ പോകുന്നവന്റെ ജീവിതത്തിനായുള്ള കൊഞ്ചൽ, 

ശാരീരികമായി  വേദനിപ്പിക്കലൊക്കെയാണ്  ഞങ്ങളുടെ ഏറ്റവും വലിയ ആനന്ദം. 


 ഇന്നത്തെ ഞങ്ങളുടെ ഇര. നിങ്ങളാണ്.

 നിങ്ങൾക്കിനി ഞങ്ങളിൽ നിന്നും ഒരിക്കലും രക്ഷപെടുവാനാവില്ല ,,

യുവാവിന്റെ അട്ടഹാസം കാറിനകത്ത് മുഴങ്ങിക്കൊണ്ടിരുന്നു .

ക്ഷമയുടെ കടിഞ്ഞാൺ പൊട്ടിയ നിശാൽ വാഹനം ഓടിക്കുന്ന യുവാവിന്റെ കഴുത്തിന് കയറിപ്പിടിച്ചുകൊണ്ട് ആക്രോശിച്ചു .

,, വാഹനം നിർത്തടാ  .,,

യുവാവിൽ നിന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ട്മായി
പാതയോരത്തുള്ള മരത്തിൽ ഇടിച്ചുനിന്നു, 

പുറകിലിരുന്ന യുവാവ് നിശാലിനെ ഡോർ തുറന്നു പുറത്തേക്ക് വലിച്ചുതാഴെയിട്ടു.

 തിരികെപോയി മദ്യകുപ്പിയെടുത്ത് നിശാലിന്റെ ശിരസിലടിച്ചുകൊണ്ടു പറഞ്ഞു .

,,പട്ടി കഴുവേറീടെ  മോനെ ... നീ വലിയ ആളാകുന്നോ ,,

നിശാലിന്റെ ശിരസ്സിൽ നിന്നും രക്തം വാർന്നൊഴുകി. ഈ സമയം അനാമികയും അഹല്യയും വാഹനത്തിൽ നിന്നും പുറത്തിറങ്ങി നിശാലിന്റെ അരികിലേക്കോടി. നിശാലിനെ യുവാക്കൾ കൂട്ടമായി മർദ്ധിക്കുകയായിരുന്നു . അനാമിക യുവാക്കളിൽ ഒരുവന്റെ കാലുപിടിച്ചു കറഞ്ഞുകേണു .

,,ദയവുചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത് ഞങ്ങളെ പോകുവാൻ അനുവദിക്കൂ ,,

മർദ്ദനംകൊണ്ട് അവശനായ നിശാൽ എഴുന്നേൽക്കുവാനാവാതെ  നിലത്തുതന്നെ കിടന്നു.

 ശരീരമാകെ  വേദനയാൽ അയാൾ  പുളഞ്ഞു .

വാഹനമോടിച്ചിരുന്ന യുവാവ് കാര്യമായ കേടുപാടുകൾ പറ്റാത്ത വാഹനം സ്റ്റാർട്ടാക്കി.

 റിവേഴ്‌സിൽ വന്ന് ബ്രൈക്കിട്ടു ചാടിയിറങ്ങി മറ്റുള്ള യുവാക്കളോട് ആജ്ഞാപിച്ചു .

,,ഇവളുമാരെ വേഗം വാഹനത്തിൽ കയറ്റു. ഇയാൾ ഇവിടെ കിടക്കട്ടെ.

 നമുക്ക് പോകാം. നേരം പുലരുന്നതിനു മുന്നേ. നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് നിറവേറ്റണം ,,


അനാമികയെയും, അഹല്യയെയും ,കാറിനകത്തേക്കു വലിച്ചിട്ടതിനു ശേഷം.

 സിറിഞ്ചും മറ്റു സാമഗിരികളും എടുത്ത് വാഹനം സെൻട്രൽ ലോക് ചെയ്തു .

നാലു യുവാക്കളും ബോണറ്റിനു ചുറ്റും നിന്നു.

 ഈസമയം വാഹനത്തിന് അകത്തുനിന്നുംഅമ്മയും,മകളും,
പ്രാണരക്ഷാർത്ഥം ചില്ലിൽ തട്ടി വാവിട്ടുകരയുകയായിരുന്നു.

നിശാൽ എഴുനേൽക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾക്കതിനാവുന്നില്ല.

 നന്നേ  പാടുപെട്ട് നിശാൽ കൈകൾ തറയിലൂന്നി നിന്നു,

 അതുകണ്ട ഒരു യുവാവ് നിശാലിന്റെ മുതുകിനു ചവിട്ടി വീണ്ടും അയാളെ മർദ്ദിച്ചു് അവശനാക്കി .

യുവാക്കളിൽ ഒരുവൻ അലുമിനിയം ഫോയലിൽ .

വെള്ള മയക്കുമരുന്ന് പൗഡറിട്ട്

 അലുമിനിയം ഫോയലിനു താഴെ സിഗരറ്റ്‌ലൈറ്റർ കത്തിച്ചു.

 പൗഡർ ദ്രാവകമാക്കി

 സിറിഞ്ചിലേക്ക് കുത്തിയെടുത്ത് ആദ്യം ഗ്യാങ് ലീഡർക്ക് നേരെ നീട്ടി .

അയാളത് ഇടതുകൈയിൽ ചരട് കെട്ടി ഞരമ്പുകളെ ഉത്തേജിപ്പിച്ചു.

 മയക്കുമരുന്ന് സിരകളിലേക്ക് കുത്തിക്കയറ്റി .

മറ്റുയുവാക്കളും ഓരോരുത്തരായി മയക്കുമരുന്ന് സിരകളിൽ കുത്തിക്കയറ്റിയതിനു ശേഷം.

 വാഹനത്തിൽ കയറി .

വനാന്തരങ്ങളിലേക്കുള്ള പാതയിലൂടെ വാഹനം ചീറി പാഞ്ഞു പോയി.

നിശാൽ നിസഹായനായി അലറിക്കരഞ്ഞു.

 അയാളുടെ രോദനം ആ വനത്തിൽ പക്ഷിമൃഗാദികൾ അല്ലാതെ മറ്റാരുംതന്നെ കേട്ടില്ല .

നിശാൽ സർവ്വശക്തിയുമെടുത്ത് ഉയർത്തെഴുന്നേൽക്കുവാൻ ശ്രമിച്ചു.

  പക്ഷെ അയാൾക്ക്‌ എഴുന്നേൽക്കുവാനായില്ല. 

ഇടതുകാലിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് .

നിലാവെളിച്ചത്തിൽ അയാൾ ചുറ്റുപാടും പരതി.

 അൽപം ദൂരത്തായി ഏതാനും മരക്കമ്പുകൾ കിടക്കുന്നത് അയാളുടെ കണ്ണിൽ ഉടക്കി.

 ഇടതുകാൽ നിലത്ത് കുത്തുവാനാവുന്നില്ല.

 അസഹനീയമായ വേദനയോടെ  ഇഴഞ്ഞിഴഞ്ഞു  അയാൾ മരക്കമ്പുകൾക്കരികിലെത്തി.

 ഊന്നി നടക്കുവാനാവുന്ന ഒരു മരക്കമ്പെടുത്ത് ഊന്നുവടിയായി ഉപയോഗിച്ചു.

 ഊന്നുവടിയുടെ സഹായത്താൽ അയാൾ പതിയെപ്പതിയെ പ്രധാനപാതയെ ലക്ഷ്യം വെച്ച് നടന്നു .

വേദന സഹിച്ചുകൊണ്ട് അയാൾ ഒരുവിധം പ്രധാനപാതയിലെത്തി.

 പക്ഷെ ആ വഴിയൊന്നും വാഹനങ്ങൾ പോകുന്നുണ്ടായിരുന്നില്ല .

നേരം പുലരാൻ ഇനിയും മണിക്കൂറുകൾ കഴിയണം.

 മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ദൂരെനിന്നും ഒരു വാഹനം വരുന്നത് അയാൾ കണ്ടു.

 റോഡിനു കുറുകെ കയറിനിന്ന് അയാൾ കൈവീശി.

 വേഗത്തിൽ വന്നിരുന്ന വാഹനം അയാളുടെ  അരികിൽ സ്റ്റഡൻബ്രേയ്ക്കിട്ടു നിന്നു.

 അതൊരു പാൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു.

 വാഹനത്തിൽ രണ്ടുപേരുണ്ട്.

 ഡ്രൈവറും സഹായിയും,

നിശാൽ ഊന്നി ഊന്നി ഡ്രൈവറുടെ അരികിലേക്ക് പോയി.

 അയാളുടെ ദുരാവസ്ഥ വിവരിച്ചു .

നിശാലിന്റെ വാക്കുകൾക്കൊടുവിൽ ഡ്രൈവർ പറഞ്ഞു .



,, ഇവിടെ ഇതിനു മുമ്പും.

 ഇങ്ങിനെയൊക്കെ ഉണ്ടായിട്ടുണ്ട്,

 പക്ഷെ പ്രതികളെ പിടിക്കുകയോ ശിക്ഷിക്കുകയോ ഉണ്ടായിട്ടില്ല.

 മനസാക്ഷി മരവിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഉന്നതന്മാരുടെ മക്കളാണ് സാറെ .

ഞങ്ങൾ പോകുന്ന വഴിയിലാണ് ഫോറസ്റ്റോഫിസ് 

സാറിനെ ഞങ്ങൾ അവിടെ ഇറക്കിവിടാം.

 അവർ സാറിനെ സഹായിക്കും ,,

നിശാൽ വാഹനത്തിൽ കയറിയിരുന്നു .

കോടമഞ്ഞിനാൽ ഡ്രൈവറുടെയും സഹായിയുടെയും ശരീരം തണുത്തുമരവിക്കുന്നുണ്ടെങ്കിലും.

 നിശാലിന്റെ ശരീരമാസകലം വിയർപ്പുകണങ്ങൾ പൊടിയുന്നുണ്ടായിരുന്നു .

ഭാര്യയുടെയും,മകളുടെയും അവസ്ഥയെകുറിച്ചുള്ള ചിന്തകൾ അയാളെ അസ്വസ്ഥനാക്കികൊണ്ടേയിരുന്നു .

ഫോറെസ്റ്റ് , ഓഫിസിൽ കയറി കാര്യം പറഞ്ഞപ്പോൾ അവിടത്തെ ഉദ്യോഗസ്ഥൻ പറഞ്ഞു .

,, താങ്കളുടെ കാലിന് സാരമായ പരിക്കുപറ്റിയിട്ടുണ്ട്.

 താങ്കളെ ഞങ്ങൾ ആദ്യം ആശുപത്രിയിൽ എത്തിക്കാം

 എന്നിട്ട് ഞങ്ങൾ താങ്കളുടെ കുടുംബത്തെ തിരയാം ,,,
.

,, അതുവേണ്ട സാറെ

 എന്റെ വേദനകൾ ഞാൻ സഹിച്ചോളാം 

എനിക്ക് എന്റെ  ഭാര്യയെയും മകളെയും എത്രയും പെട്ടന്ന് കണ്ടെത്തണം

 ആ ദ്രോഹികൾ 

അവർ അല്പംപോലും മനഃസാക്ഷിയില്ലാത്തവരാണ്

 എന്നെ സഹായിക്കു...... പ്ലീസ് ,,

അപ്പോഴും ഇടതുകാൽ അയാൾക്ക്‌ നിലത്ത് കുത്തുവാൻ പറ്റുന്നുണ്ടായിരുന്നില്ല.

 രണ്ട് ഉദ്യോഗസ്ഥരും നിശാലും ജീപ്പിൽ കയറി

 യുവാക്കളുടെ വാഹനം പോയ ചെമ്മൺ പാതയിലൂടെ കുറെയേറെ ദൂരം പോയെങ്കിലും

 വാഹനമോ യുവാക്കളെയോ കണ്ടത്തെനായില്ല.

 നേരം പുലരുന്നതുവരെ പല ദിക്കിലും അന്വേഷിച്ചുവെങ്കിലും 

 ഒരു തുമ്പും കിട്ടിയില്ല 

ഏഴുമണിയായപ്പോഴേക്കും നിശാലിന്റെ ഇടതുകാൽപാതത്തിൽ നീര് നിറഞ്ഞിരുന്നു.
ഉദ്യോഗസ്ഥർ  അയാളെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 .ഉദ്യോഗസ്ഥൻ  പോകുവാൻ നേരം നിശാലിനോട് പറഞ്ഞു 
,, ഞങ്ങൾ താങ്കളുടെ കുടുംബത്തെ അന്വേഷിക്കുന്നുണ്ട്.

 എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം ,,

,,സാർ എനിക്ക് ഒരു ഉപകാരം ചെയ്യണം.

 എൻ്റെ മൊബൈൽഫോൺ എൻ്റെ വാഹനത്തിലുണ്ട്

 അതെടുത്ത് ഇവിടെ എത്തിച്ചുതന്നാൽ വളരെ ഉപകാരമായിരിക്കും.

 പഴശ്ശി ഗുഹയുടെ അടുത്തായി പ്രധാനപാതയുടെ ഓരത്തായി വാഹനം കിടപ്പുണ്ട് ,,

നിശാൽ പോക്കറ്റിൽ നിന്നും വാഹനത്തിന്റെ താക്കോലെടുത്ത് ഉദ്യോഗസ്ഥന്റെ  നേരെ നീട്ടി .

ഡോക്ടർ വന്നു പരിശോധിച്ചപ്പോൾ 

ഇടതുകാലിന് പ്ലാസ്റ്റർ ഇടണം എന്നുപറഞ്ഞു.

 ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞാണ് പ്ലാസ്റ്റർ ഇട്ടു കഴിഞ്ഞത്.

 അതിനിടയ്ക്ക് ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ മൊബൈൽഫോണും, താക്കോലും നിശാലിന്‌ കൊണ്ടുവന്നു കൊടുത്തു. 

അപ്പോൾ നിശാൽ മൊബൈൽ ഫോൺ നമ്പർ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

 നിശാലിനെ ആശുപത്രിയിൽ നിന്നും  പോകുവാൻ അധികൃതർ സമ്മതിച്ചില്ല.

 അയാൾക്ക്‌ വിശ്രമം അനിവാര്യമാണെന്ന് ഡോക്ടർ പറഞ്ഞു .

വിങ്ങുന്ന മനസുമായി അയാൾ ആശുപത്രി കിടക്കയിൽ എന്ത് ചെയ്യണം
എന്നറിയാതെ കിടന്നു .

.മണിക്കൂറുകൾക്കു ശേഷം ഒരു ആംബുലൻസ് ആശുപത്രിയിലേക്കെത്തി.

 അവിടെ ഡ്യൂട്ടിയിലുള്ള നഴ്‌സാണ് നിശാലിനോട് കാര്യം വന്നു പറഞ്ഞത്.
,, സാർ ...അവശരായ ഒരു അമ്മയെയും മകളെയും
വനത്തിൽ  വിറകുശേകരിക്കാൻ പോയവർ ഇവിടെ എത്തിച്ചിട്ടുണ്ട് .

അവരെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത് 

 സാറൊന്നു വന്നുനോക്കു.

 ഒരുപക്ഷെ അവർ സാറിന്റെ ഭാര്യയും മകളുമായിരിക്കും ,,

നിശാൽ എഴുനേറ്റു നടക്കുവാൻ മുതിർന്നപ്പോൾ നഴ്‌സ്  പറഞ്ഞു



,, സാർ ഈ അവസ്ഥയിൽ നടക്കരുത് ഞാൻ വീൽചെയർ എടുത്തുവരാം ,,
ഉടനെത്തന്നെ നഴ്‌സ് വീൽചെയറുമായി വന്നു

 അയാളെ വീൽചെയറിലേക്കിരിക്കാൻ നഴ്സ് സഹായിച്ചു .

ഹൃദയം പെരുമ്പറ കൊട്ടുന്നതുപോലെ മുഴങ്ങുകയാണ് .

 .അത്യാഹിതവിഭാഗത്തിൽ അയാൾ കണ്ടു.

 അബോധാവസ്ഥയിലായ മകളും അർദ്ധബോധാവസ്ഥയിലായ ഭാര്യയും,

 ഒരു രാത്രികൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു.

 എന്തൊക്കെയാണ് സംഭവിച്ചത്

 എത്ര കൊടും ക്രൂരതകൾ ഭാര്യയും മകളും അനുഭവിച്ചിട്ടുണ്ടാകും.

 അറിഞ്ഞുകൊണ്ട് ഇന്നേവരെ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത.

 തനിക്കും കുടുംബത്തിനും എന്താണ് ഇങ്ങിനെയൊക്കെ അനുഭവിക്കേണ്ടി വന്നത്.

 ആ ദ്രോഹികളെ ഇനിയും ജീവിക്കുവാൻ അനുവദിച്ചുകൂടാ..

 നിയമത്തിൻ്റെ വഴിക്കുപോയാൽ അവർ ശിക്ഷിക്കപെടുമോ ?

 ഉന്നതരുടെ മക്കൾ.

 ശിക്ഷ അർഹിക്കുന്നവരല്ലേ?

 അവർക്കെന്താണ് വേറെ നീതി.

 ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാളുടെ മനസിനെകുത്തിനോവിച്ചുകൊണ്ടേയിരുന്നു.

 ഭാര്യയും മകളും ബോധാവസ്ഥയിൽ ആയെങ്കിലും.

 അയാൾക്കവരോട് ഒന്നും ചോദിക്കുവാനായില്ല .

അനാമിക ഒന്നും ഉരിയാടുന്നില്ല.

 മരവിച്ച മനസുമായി അവൾ കിടക്കുകയാണ്.

 മകൾ അയാളെ കണ്ടപ്പോൾ ഒരുപാടു നേരം കരഞ്ഞു. 
 .ഏതാനും മണിക്കൂറുകൾക്കകം സ്ഥലം എസ്‌ ഐയും പോലീസുകാരും തെളിവെടുപ്പിനായി ആശുപത്രിയിൽ എത്തി.

 ഭാര്യയോടും,മകളോടും,കുറെയേറെ ചോദ്യങ്ങൾ അവർ ചോദിച്ചു .

 തെളിവെടുപ്പിന് ശേഷം എസ് ഐ , 
 നിശാ ലിന്റെ അരികിൽ വന്നുപറഞ്ഞു .

,, ഞങ്ങൾ പ്രതികളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് .

ഞങ്ങൾ അവരെ പിടിക്കുകതന്നെചെയ്യും .

മെഡിക്കൽ റിപ്പോർട്ട് പ്രകാരം താങ്കളുടെ ഭാര്യയും,മകളും കൂട്ട മാനഭംഗത്തിന്  ഇരയായിട്ടുണ്ട്.

 നാളെ നിങ്ങൾ കോടതിയിൽ ഹാജരായതിനു ശേഷം സ്വദേശത്തേക്ക് മടങ്ങി പോകാം.

 പിന്നെ കേസ് വിളിക്കുമ്പോൾ കോടതിയിൽ ഹാജരായാൽ മതി ,,

നിശാൽ അൽപനേരം മീശയുടെ തുമ്പ് വലിച്ചുകൊണ്ടിരുന്നു.

അയാൾ പല്ലുകൾ കടിക്കുന്നുണ്ടായിരുന്നു 

,, സാറെന്താ പറഞ്ഞത്

 ഞങ്ങൾ കോടതിയിൽ ഹാജരാവണം എന്നോ ?

ഞങ്ങളാണോ പ്രതികൾ

 ഞങ്ങൾക്ക് പരാതിയില്ല.

 പരാതിപ്പെട്ടാലും അവന്മാരെയൊന്നും നിങ്ങൾ അറസ്റ്റ് ചെയ്യില്ല.

  ഇതുപോലെയുള്ള എത്ര കേസുകൾ തെളിയാതെ പോയിരിക്കുന്നു.

 .മാധ്യമങ്ങൾക്ക് വാർത്തയാക്കാൻ ദയവുചെയ്ത് എൻ്റെ കുടുംബത്തിനെ ഇട്ടുകൊടുക്കരുത്.


 . ഇതൊരു നിസ്സഹായനായ പിതാവിൻ്റെ അപേക്ഷയാണ് സർ 

 പ്ലസ് വണ്ണിന്  പഠിക്കുന്ന എൻ്റെ മകളുടെ ഭാവി ഇനിയെന്താകും.

 ഞങ്ങളിനി സമൂഹത്തിനു മുന്നിൽ എങ്ങിനെ ജീവിക്കും സാറെ ,,

എസ്‌ ഐ ക്ക് നിശാലിന്റെ വാക്കുകൾ അത്രയങ്ങു രസിച്ചില്ല

,, നിങ്ങൾ നിയമം കൈയിലെടുക്കുവാൻ ശ്രമിക്കുകയാണോ ?

 നിങ്ങളുടെ മാനസീക വേദന എനിക്ക് മനസിലാകും.

 പക്ഷെ ഈ രാജ്യത്ത് നിയമങ്ങളുണ്ട് 

 അതുപ്രകാരമേ ഞങ്ങൾക്ക് ജോലി ചെയ്യുവാനാകു .

എന്ത് ക്രിമിനൽ കേസുകളും ആശുപത്രയിൽ എത്തിയാൽ 

ആശുപത്രിയിൽ നിന്നും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കും.

 അതുപ്രകാരം ഞങ്ങൾക്ക് കേസെടുക്കാതെയിരിക്കാൻ നിർവാഹമില്ല.

 നിങ്ങൾ നാളെ കോടതിയിൽ ഹാജരാകണം ,,

എസ്‌ ഐയും, പോലീസുകാരും, 
തിരികെ പോയി 

 സിരകളിലെ രക്തം കട്ടപിടിക്കുന്നതുപോലെ നിശാലിന്‌ അനുഭവപെട്ടു .

അവരെ കണ്ടെത്തണം ആ ദ്രോഹികളെ താൻ തന്നെ ഇല്ലാതെയാക്കണം.

 പോലീസ് പിടിച്ചാലും അവർക്കൊന്നും കാര്യമായ ശിക്ഷ ലഭിക്കുവാൻ പോകുന്നില്ല.

 തൻ്റെ ശിഷ്ടകാലം പ്രതികാരത്തിനുള്ളതാണ്.

 നാലെണ്ണത്തിനേയും കൊന്ന് കൊക്കയിൽ  തള്ളണം .

അയാൾ വീൽ ചെയറിൽ 

മകളുടെ കട്ടിലിനരികിലേക്കുപോയി.

 അയാൾ മകളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു.

അപ്പോൾ  അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു  .

 പ്രതികാരത്തിൻ്റെ തീ ജ്വാല അയാളുടെ മനസ്സിൽ ജ്വലിച്ചുകൊണ്ടേയിരുന്നു .
                                                             

                                                                          ശുഭം