27 December 2013

ചെറുകഥ. നാഗബന്ധം

                      

ചിത്രം കടപ്പാട്. ബ്ലോഗ്‌. പ്രകാശേട്ടന്‍റെ ലോകം 


                             

ഗ്രാമീണതയുടെ ചാരുത വേണ്ടുവോളമുള്ള ആ ഗ്രാമത്തിലെ അറിയപെടുന്ന തറവാടാണ് പോലിയത്ത് തറവാട് .മൂന്ന്‍ ഏക്കറില്‍ കൂടുതലുള്ള പുരയിടത്തില്‍ ഒരു ഏക്കറില്‍ കൂടുതല്‍ പാടശേഖരങ്ങളാണ്. വീടിനു മുന്‍വശത്തുള്ള പാടശേഖരം കഴിഞ്ഞാല്‍പ്പിന്നെ ടാറിട്ട പാതയാണ് .ടാറിട്ട പാതയില്‍ നിന്നും തറവാട്ടിലേക്ക് രണ്ടു വശവും കല്ലുകള്‍ കൊണ്ട് കെട്ടി ചെമ്മണ്‍പാത ഒരുക്കിയിരിക്കുന്നു .ഇടതൂര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പിന് നടുവിലായാണ് തറവാട് സ്ഥിതിചെയ്യുന്നത് .ഗൃഹാതുരത്വമുള്ള തറവാടിന്‍റെ ഇടതു വശത്തായി കൈയ്യാല പുരയും തൊഴുത്തും കഴിഞ്ഞാല്‍പ്പിന്നെ അല്‍പമകലെയായി സര്‍പ്പക്കാവും ചെറിയൊരു ക്ഷേത്രവുമുണ്ട്.തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാര്‍ തറവാട്ടിലെ കാരണവര്‍ ഗംഗാധരന്‍, ഭാര്യ ഭാര്‍ഗവി, മൂത്ത മകന്‍ ദിനേശന്‍, ഭാര്യ സുലോചന, മക്കള്‍ രേണുക, രേവതി ,രേഖ ,എന്നിവരാണ് ഗംഗാധരന് മക്കള്‍ മൂന്നു പേരാണ് ദിനേശന് നേരെ താഴെ സഹോദരിയാണ് ദേവയാനി ,അവര്‍ രണ്ടുമക്കളും ഭര്‍ത്താവുമൊത്ത് ബോംബെയില്‍ താമസിക്കുന്നു .ഗംഗാധരന്‍റെ ഇളയമകന്‍ ദിവാകരനും ഭാര്യയും പട്ടണത്തില്‍ വീട് വെച്ചു താമസിക്കുന്നു .വിവാഹം കഴിഞ്ഞിട്ട് വര്‍ഷം പതിനാലു കഴിഞ്ഞിട്ടും അവര്‍ക്ക് ഇതുവരെയും സന്താന ഭാഗ്യം ലഭിച്ചിട്ടില്ല .

ഗംഗാധരന് ഇപ്പോള്‍ വയസ്സ് എഴുപത് കഴിഞ്ഞിരിക്കുന്നു .ആണ്‍മക്കള്‍ രണ്ടു പേരും വിദേശത്ത്‌ ജോലി നോക്കുന്നു .പോലിയത്ത് തറവാട്ടില്‍ വിശിഷ്ട കര്‍മ്മം നടക്കുവാന്‍ ഇനി രണ്ടു ദിവസങ്ങളെ ബാക്കിയുള്ളു. പൈതൃകമായി നിലനില്‍ക്കുന്ന വര്‍ഷാവര്‍ഷം മുടക്കമില്ലാതെ സര്‍പ്പ പ്രീതിക്കായി നടത്തപെടുന്ന സര്‍പ്പം തുള്ളലിനുള്ള ഒരുക്കങ്ങള്‍ തറവാട്ടില്‍ തുടങ്ങി കഴിഞ്ഞു .ക്ഷേത്രത്തിനു മുന്‍പില്‍ ഇരുനൂറിലധികം പേര്‍ക്കിരിക്കാവുന്ന പന്തല്‍ പണി കഴിഞ്ഞിരിക്കുന്നു . ദിവാകരന് വര്‍ഷാവര്‍ഷം അവധി ലഭിക്കുന്നത് കൊണ്ട് അയാള്‍ ഒരാഴ്ച മുന്‍പ് തന്നെ നാട്ടില്‍ എത്തിയിട്ടുണ്ട് .ദിനേശന്‍ രണ്ടു വര്‍ഷം കൂടുമ്പോഴേ അവധിക്ക് നാട്ടില്‍ വരികയുള്ളു .ഇത്തവണ അയാള്‍ സര്‍പ്പം തുള്ളലിന് എത്തുകയില്ല .ദേവയാനിയും രണ്ടു മക്കളും പതിവുപോലെ ഇത്തവണയും എത്തിയിട്ടുണ്ട് .ഭര്‍ത്താവ് ഇത്തവണ അവരുടെ കൂടെ വന്നിട്ടില്ല .ദേവയാനിയുടെ മൂത്തമകന്‍ അരുണിന് ഇപ്പോള്‍ വയസ്സ് ഇരുപത് കഴിഞ്ഞു അയാള്‍ ബോംബെയില്‍ അച്ഛന്‍റെ വ്യാപാരസ്ഥാപനത്തില്‍ അച്ഛനെ സഹായിക്കുന്നു .പതിനാറുകാരി മകള്‍ അരുണ പഠിക്കുന്നു .ദിനേശന്‍റെയും ദേവയാനിയുടെയും വിവാഹം ഒരുമിച്ചായിരുന്നു നടത്തപെട്ടത്‌ .സഹോദരിയുടെ മകന്‍ അരുണ്‍ പിറന്ന് മൂന്നു വര്‍ഷം കഴിഞ്ഞാണ് ദിനേശന്‍റെ മകള്‍ രേണുക പിറന്നത്‌ .അരുണിന്‍റെ മുറപെണ്ണായ രേണുകയെ തന്‍റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന് ദേവയാനി കലശലായി ആഗ്രഹിക്കുന്നുണ്ട് .പക്ഷെ ജാതകം രണ്ടു പേരുടേയും പൊരുത്തമുളളവയല്ല തന്നെയുമല്ല രേണുക ചൊവ്വാദോഷകാരിയുമാണ് .

പോലിയത്ത് തറവാടിന്‍റെ അയല്‍പക്കത്തുള്ള മുസ്ലീം തറവാട്ടുകാരുമായി പോലിയത്ത് തറവാട്ടുകാര്‍ നല്ല ബന്ധം പുലര്‍ത്തുന്നു .അവിടത്തെ ഗൃഹനാഥന്‍ മുഹമ്മദ്കുട്ടി വിദേശത്താണ് ജോലി നോക്കുന്നത് .അദ്ദേഹത്തിന്‍റെ ഉമ്മയും ഭാര്യയും മക്കളായ അന്‍വറും അര്‍ഷാദുമാണ് തറവാട്ടില്‍ താമസിക്കുന്നത് .രേണുക മുഹമ്മദ്‌കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകയാണ് . സഹോദരന്മാര്‍ ഇല്ലാത്ത രേണുക അന്‍വറിനേയും അര്‍ഷാദിനേയും സ്വന്തം സഹോദരന്മാരേ പോലെയാണ് കാണുന്നത് .മുഹമ്മദ്‌കുട്ടിയുടെ വീട്ടിലെ അംഗങ്ങളില്‍ രേണുക ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് അന്‍വറുമായാണ് .നിയമവിദ്യാര്‍ത്ഥിയായ അന്‍വര്‍ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമാണ് .ചൊവ്വാദോഷകാരിയായ രേണുകായ്ക്ക് അനുയോജ്യമായ വിവാഹ ബന്ധം ലഭിക്കുന്നതിനും വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീങ്ങാനും നല്ല ബന്ധം കിട്ടുന്നതിനും ദീര്‍ഘമംഗല്യത്തിനും നല്ല കുട്ടികളുണ്ടാവാനും ഒക്കെ വേണ്ടി ശിവക്ഷേത്രത്തില്‍ മംഗല്യപൂജയും വിവാഹിതയാകുന്നത് വരെ ശിവ ക്ഷേത്രത്തില്‍ ദര്‍ശനനവും മുത്തശ്ശിയുടെ വഴിപാടായിരുന്നു .രേണുകയ്ക്ക് മുത്തശ്ശിയുടെ ആജ്ഞ അനുസരിക്കുവാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ .മാസമുറയാല്‍ അശുദ്ധിയാവുന്ന ദിവസ്സങ്ങള്‍ ഒഴികെ ക്ഷേത്ര ദര്‍ശനം രേണുകയില്‍ ദിനചര്യയായി മാറി .

പോലിയത്ത് തറവാട്ടില്‍ നിന്നും എളുപ്പവഴിയിലൂടെ പോയാല്‍ ശിവക്ഷേത്രത്തിലേക്ക് എത്തുവാന്‍ മൂന്ന്‍ കിലോമീറ്ററില്‍ കൂടുതല്‍ ദൂരമേയുള്ളൂ .റോഡ്‌ മാര്‍ഗ്ഗം പോയാല്‍ അഞ്ചു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ളത് കൊണ്ടും സ്വന്തമായി വാഹനം ഇല്ലാത്തത് കൊണ്ടും രേണുക എളുപ്പവഴിയിലൂടെയാണ് ക്ഷേത്രത്തിലേക്ക് പതിവായി പോകുന്നത്. കൂട്ടിന് അവളുടെ കൂടെ അമ്മയും ഉണ്ടാകും .അമ്മ അശുദ്ധിയാവുന്ന ദിവസങ്ങളില്‍ രേണുകയോടൊപ്പം കൂട്ടിന് പോകുന്നത് അന്‍വറാണ്.പാടശേഘരങ്ങളിലൂടെയുള്ള നടവരമ്പിലൂടെ പോയി ചെങ്കുത്തായ കുന്നുകയറി കമുകിന്‍ തോട്ടങ്ങളിലൂടെയുള്ള ഇടവഴിയിലൂടെ പോയാല്‍ ക്ഷേത്രത്തിലെത്താം . രേണുക ക്ഷേത്രത്തിനകത്ത് പോയി പ്രാര്‍ഥിച്ചു വരുന്നത് വരെ ക്ഷേത്ര മതില്‍കെട്ടിനു പുറത്തുള്ള ആല്‍ത്തറയില്‍ അന്‍വര്‍ ഇരിക്കും.വായാടിയായ രേണുക ഏതുനേരവും അന്‍വറിനോട് സംസാരിച്ചുകൊണ്ടിരിക്കും . പോലിയത്ത് തറവാട്ടില്‍ സ്ത്രീകള്‍ക്ക് മാസമുറ ഉണ്ടാകുമ്പോള്‍ വീടിന് അകത്തേക്ക് പ്രവേശനമില്ല .കയ്യാലപുരയിലാണ് അപ്പോള്‍ സ്ത്രീകളുടെ താമസം .

നാട്ടിലുള്ള ചില യുവാക്കള്‍ സുന്ദരിയായ രേണുകയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നു .ഈശ്വരവിശ്വാസം വേണ്ടുവോളമുള്ള രേണുക പ്രേമാഭ്യര്‍ത്ഥനകള്‍ നിരസിക്കുകയാണ് പതിവ് .പാമ്പിനാളത്തിന് കളം മായ്ക്കുന്നത് സമപ്രായക്കാരായ രേണുകയും മുത്തശ്ശന്‍റെ സഹോദരന്‍റെ മകന്‍റെ മകള്‍ പാര്‍വതിയുമാണ് .അന്‍വര്‍ രേണുകയുടെ വീട്ടിലേക്ക് അധികമൊന്നും പോകാറില്ല ക്ഷേത്രവും കാവും പോലിയത്ത് തറവാട്ടുകാരുടെ വിശ്വാസങ്ങളുമാണ് അവിടേക്ക് പോകുന്നതില്‍ അയാളെ പിന്തിരിപ്പിക്കുന്നത് .സര്‍പ്പം തുള്ളല്‍ കാണുവാന്‍ അനവറും കുടുംബവും പതിവായി പോകാറുണ്ട് . ഒരു ദിനരാത്രം കൂടി വിടവാങ്ങി, അടുത്ത ബന്ധുക്കള്‍ ഏറെക്കുറെ പമ്പിനാളത്തിനായി പോലിയത്ത് തറവാട്ടില്‍ എത്തിച്ചേര്‍ന്നു .നേരം സന്ധ്യയായപ്പോള്‍ കുശിനിയില്‍ ഇരുന്ന് പരിപ്പിലെ കല്ല്‌ പറക്കികൊണ്ടിരുന്ന ഭാര്‍ഗവിയമ്മ മകള്‍ ദേവയാനിയോട് പറഞ്ഞു .

,, സദ്യ ഒരുക്കാന്‍ ഇത്തവണ ശ്രീധരന്‍ ഉണ്ടാകില്ലാത്രേ .അയാള്‍ക്ക്‌ കാഴ്ചശക്തി ഇല്ലാണ്ടായിന്ന്‍ .കാഴ്ചശക്തി നഷ്ടാവാനുള്ള പ്രായമൊന്നും ആയിട്ടില്ല .ഈശ്വരന്‍റെ പരീക്ഷണം അല്ലാണ്ടെ എന്താ പറയാ .,,

,, ശ്രീധരേട്ടന് ഒരു മകനില്ലെ അമ്മേ... സദ്യ ഒരുക്കുവാന്‍ ശ്രീധരേട്ടന്‍റെ കൂടെ വന്നിരുന്നയാള്‍ ,,

,, ഉവ്വ് ആ ചെറുക്കന്‍ ഇപ്പോള്‍ തോട്ടങ്ങളില്‍ പണിക്ക് പോകുകയാണത്രേ.ദെഹണ്ണക്കാരനാവാന്‍ അവന് ഇഷ്ടല്ലാന്ന്.ഇത്തവണ തെക്ക്നിന്നുള്ള ആരോ ആണ് സദ്യ ഒരുക്കുവാന്‍ വരുന്നത് എന്നാ മുത്തശ്ശന്‍ പറഞ്ഞത് പേരുകേട്ട ദെഹണ്ണക്കാരനാണത്രേ ,,

അല്‍പനേരം കഴിഞ്ഞപ്പോള്‍ ഭാര്‍ഗവിയമ്മ തുടര്‍ന്നു .

,, വരുന്നവര്‍ക്ക് ചായയുടെ കൂടെ നല്‍കുവാന്‍ ഉണ്ണിയപ്പം ഉണ്ടാക്കണമായിരുന്നു .ഇവടത്തെ ഉരുളി മുഹമ്മദ്‌കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു .അത് വാങ്ങിക്കുവാന്‍ ആരെയ പറഞ്ഞയക്കുക ,,

ഇതുകേട്ട രേണുക ഞൊടിയിടയില്‍ പറഞ്ഞു .

,, ഞാന്‍ പോകാം മുത്തശ്ശി ,,

,, നേരം ഇരുട്ടിയിരിക്കുന്നു മോള് തനിച്ചുപോകേണ്ട ,,

അപ്പോള്‍ ദേവയാനി ഉമ്മറത്തേക്ക് പോയി മകന്‍ അരുണിനെ വിളിച്ചു കൊണ്ടു വന്നു പറഞ്ഞു .

,,മോന്‍ രേണുമോളുടെ കൂടെ ആ മുഹമ്മദ്‌കുട്ടിക്കാടെ വീടുവരെ പോയിവരു,,

രേണുക ട്ടോര്‍ച്ചെടുത്ത് നടന്നു ഒപ്പം അരുണും .

അപ്പോള്‍ പുറത്ത് കൂരാകൂരിരുട്ടായിരുന്നു. പ്രപഞ്ചമാകെ ചിവിടുകളുടെ ശബ്ദം മാത്രം കേള്‍ക്കാം .പാതിവഴിയില്‍ എത്തിയപ്പോള്‍ ഒരു പൂച്ച മുന്‍പില്‍ നടന്നിരുന്ന രേണുകയുടെ കുറുകെ ചാടിപോയി .ഭയാകുലയായ രേണുക പെടുന്നനെ പിറകോട്ടു തിരിഞ്ഞതും അരുണിന്‍റെ മേല്‍ തട്ടി അവള്‍ വിഴാന്‍ പോയി .കയ്യിലെ ട്ടോര്‍ച്ച് അപ്പോള്‍ താഴെ വീണു .അരുണിന്‍റെ മാറിലേക്ക്‌ ചാഞ്ഞ അവളെ അയാള്‍ തന്‍റെ കരവലയത്തില്‍ ഒതുക്കി .പിന്നെ രേണുക നിനയ്ക്കാത്തതാണ് അവിടെ അരങ്ങേറിയത് .അരുണ്‍ അവളെ ചുംബിക്കുവാന്‍ തുടങ്ങിയപ്പോള്‍ .അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു .

,, അരുത് എന്താ ഈ കാണിക്കുന്നത് ഇങ്ങിനെയൊന്നും പാടില്ല .ഇതൊക്കെ പാപമാണ് ,,

,, രേണു നീ എന്‍റെയാണ് ഞാന്‍ വിവാഹം കഴിക്കുവാന്‍ പോകുന്ന പെണ്ണാ നീ ,,

അവള്‍ അയാളില്‍ നിന്നും സര്‍വ ശക്തിയും എടുത്ത് കുതറിയോടി താഴെ വീണു കിടന്നിരുന്ന ട്ടോര്‍ച്ചെടുത്ത് അരുണ്‍ അവളുടെ പുറകെയോടി വീണ്ടും അവളുടെ കൈ പിടിച്ചപ്പോള്‍ അവള്‍ പറഞ്ഞു .

,, അരുണേട്ട എന്‍റെ കൈ വിടാന്‍ ഞാന്‍ മുത്തശ്ശനോട് പറയും നോക്കിക്കോ .നാളെ കളം മായ്ക്കുന്ന പെണ്ണാ ഞാന്‍ ആ എന്നോട് ഇങ്ങിനെയൊക്കെ ചെയ്യാന്‍ എങ്ങിനെ തോന്നി അരുണേട്ടന് .നമ്മുടെ വിശ്വാസങ്ങള്‍ക്കും സംസ്കാരത്തിനും ചേര്‍ന്നതാണോ ഈ പ്രവര്‍ത്തികള്‍ ,,

അയാളുടെ ഇംഗിതത്തിന് അവള്‍ വഴങ്ങുന്നില്ലാ എന്ന് കണ്ടപ്പോള്‍ അരുണ്‍ പറഞ്ഞു ,

,, എന്നോട് ക്ഷമിക്കു രേണു .ഒന്നും വീട്ടില്‍ പറയരുത് പറഞ്ഞാല്‍ പിന്നെഞ്ഞാന്‍ ഈ ഭൂലോകത്ത് ഉണ്ടാവില്ല ,,

അവള്‍ നടന്നു ഒപ്പം അരുണും. അവളുടെ ഹൃദയമിടിപ്പിന്‍റെ വേഗത അപ്പോഴും ശക്തി പ്രാപിച്ചുകൊണ്ടിരിന്നു . ഉരുളി വാങ്ങി തിരികെ പോരാന്‍ നേരം അന്‍വര്‍ രേണുവിനോട് ചോദിച്ചു ?

,, എന്താ രേണു താന്‍റെ മുഖം വല്ലാതെയിരിക്കുന്നു ,,

,, ഒന്നുമില്ല അന്‍വര്‍, ഇവിടേക്ക് വരുമ്പോള്‍ ഒരു പൂച്ച കുറുകെ ചാടിയപ്പോള്‍ ഒന്നു ഭയന്നു അതുകൊണ്ടാ ,,

അന്ന് ഉറങ്ങുവാന്‍ കിടന്നിട്ട് രേണുകയ്ക്ക് ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .അരുണില്‍ നിന്നും ഒട്ടും നിനയ്ക്കാത്ത പ്രവര്‍ത്തി ഉണ്ടായതില്‍ അവള്‍ ദുഃഖിതയായി .അടുത്ത ദിവസ്സം പത്തുമണിയോടെ ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ കളമെഴുത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കല്‍ ചടങ്ങ് നടന്നു.സര്‍പ്പം തുള്ളലിന് കാര്‍മ്മികത്വം വഹിക്കുന്ന പുള്ളുവര്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നു. കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച  പന്തലില്‍ ഗണപതി പുജ നടത്തി.സന്ധ്യയായപ്പോള്‍ പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങ്ങി. പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊളികൊണ്ടു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ .പാട്ടിന്‍റെ താളത്തിനൊത്ത് രേണുകയും പാര്‍വതിയും തുള്ളി തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍ പോലെ കളം മായ്ച്ചു .നൂറും പാലും സമര്‍പ്പണത്തിനു ശേഷം കാവില്‍ ചെന്നു നമസ്ക്കരിച്ചതോടെ ചടങ്ങുകള്‍ക്ക് വിരാമമായി .

അഥിതികള്‍ ഏറെകുറെ അന്ന് തന്നെ യാത്ര പറഞ്ഞിറങ്ങി. അഥിതികളില്‍ അവശേഷിച്ചവര്‍ ദേവയാനിയും മക്കളും മാത്രം. അവര്‍ രണ്ടു ദിവസ്സം കഴിഞ്ഞെ ബോംബെയിലേക്ക് മടങ്ങുകയുള്ളൂ.അരുണിന്‍റെ മുഖത്ത് കുറ്റഭോധം നിഴലിച്ചിരുന്നു .മുത്തശ്ശി അരുണിനോട് ചോദിക്കുന്നത് രേണുക കേട്ടു .

,, എന്താ എന്‍റെ കുട്ടിക്ക് പറ്റിയേ, ഏതുനേരവും മിണ്ടാട്ടമില്ലാതെ മുറിയില്‍ ഒറ്റക്കിരുന്ന് സങ്കടപെടുവാന്‍മാത്രം എന്താ ഉണ്ടായെ ഇവിടെ .ആരെങ്കിലും എന്‍റെ കുട്ടിയെ സങ്കടപെടുത്തിയോ ,,

,, ഒന്നുമില്ല മുത്തശ്ശി നല്ല സുഖം തോന്നുന്നില്ല ,,

മുത്തശ്ശി അരുണിനെ തൊട്ട് നോക്കി പനിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി മുറിയില്‍ നിന്നും ഇറങ്ങിപ്പോയി.രേണുക അരുണിന് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി നടന്നു .എല്ലാം അന്‍വറിനോട് തുറന്നു പറയുന്ന രേണുക തന്നോട് അരുണേട്ടന്‍ അരുതാത്തത് ചെയ്തത് പറയുവാന്‍ തുനിഞ്ഞെങ്കിലും അന്‍വറില്‍ നിന്നും മറ്റാരെങ്കിലും വിവരം അറിഞ്ഞെങ്കിലോ എന്ന് ഭയന്ന് പറഞ്ഞില്ല .മൂന്ന് വര്‍ഷം കൊഴിഞ്ഞുപോയി .രേണുകയെ പെണ്ണു കാണാന്‍ ധാരാളം പേര്‍ വന്നുകൊണ്ടിരിന്നു.രേണുകയെ ഇഷ്ടപെടാത്തവര്‍ ആരുമുണ്ടായിരുന്നില്ല .ജാതകം ഒത്തുനോക്കുമ്പോള്‍ ജാതക പൊരുത്തം ഇല്ലാത്തത് കൊണ്ട് രേണുകയുടെ വിവാഹം മുടങ്ങികൊണ്ടേയിരുന്നു .ഒരിക്കല്‍ രേണുകയെ കണ്ടുപോയ ചെറുക്കന്‍റെ വീട്ടില്‍നിന്നും ഫോണ്‍ കാള്‍ ഗംഗാധരനെ തേടിയെത്തി .

,, ഹലോ നമസ്കാരം. ഗംഗാധരന്‍ ചേട്ടനാണോ ,,

,,അതേലോ ആരാ എവിടെനിന്ന് വിളിക്കുന്നു ,,

,, ഞാന്‍ കഴിഞ്ഞ ദിവസ്സം പേരകുട്ടിയെ പെണ്ണ്കാണുവാന്‍ വന്ന ചെറുക്കന്‍റെ അച്ഛനാണ് .രേണുകയുമായി മോന് ജാതക പൊരുത്തമില്ല .രേണുകയുടെ നേരെ താഴെയുള്ള കുട്ടിയുടെ ജാതക കുറിപ്പ് കിട്ടിയാല്‍ ഒത്തു നോക്കാമായിരുന്നു .,,

,, ആലോചിക്കാം ,,എന്ന് പറഞ്ഞ് ഗംഗാധരന്‍ ഫോണ്‍ വെച്ചു .രേണുകയെ പെണ്ണ് കാണുവാന്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ രേവതി മോളെ വരുന്നവരുടെ കണ്ണില്‍ പെടുത്താറില്ല .തട്ടിന്‍പുറത്തെ മുറിയില്‍ ഇരുത്തുകയാണ് പതിവ് രേണുകയും രേവതിയും തമ്മില്‍ രണ്ടു വയസിന്‍റെ വ്യത്യാസമേയുള്ളൂ .ഇവര്‍ എങ്ങിനെ രേവതി മോളെ കണ്ടു എന്നറിയാതെ അദ്ദേഹം ഭാര്യയുടെ  അരികില്‍ ചെന്നു പറഞ്ഞു .

,, കഴിഞ്ഞ ദിവസ്സം മോളെ കണ്ടു പോയവരും ജാതക പൊരുത്തം ഇല്ലാ എന്ന് പറഞ്ഞു .ആ ചെറുക്കന്‍റെ അച്ഛന്‍ ചോദിക്കു കയാണ്‌ രേവതി മോളുടെ ജാതക കുറിപ്പ് കൊടുക്കുമോ എന്ന്.രേവതി മോളെ അവര്‍ എങ്ങിനെ കണ്ടു എന്നാ എനിക്ക് നിശ്ചയമില്ലാത്തത് .,,

,,അവര്‍ രേണു മോളെ കണ്ടു മടങ്ങുമ്പോഴാണ് രേവതി മോള്‍ കോളേജില്‍ നിന്നും വന്നത്. രേവതി മോള്‍ക്ക്‌ അറിയില്ലായിരുന്നു രേണു മോളെ അവര്‍ പെണ്ണ് കാണുവാന്‍ വന്ന വിവരം .അല്ലെങ്കില്‍ത്തന്നെ ഇനി എത്ര നാളാ രേവതി മോളെ ഒളിപ്പിച്ചു നിര്‍ത്തുന്നത് .ഈ വരുന്ന ചിങ്ങം പത്തിന് രേവതി മോള്‍ക്ക് ഇരുപത് വയസ്സ് തികയും .അവരോട് വിളിച്ചു പറഞ്ഞോളു ജാതക കുറിപ്പ് കൊടുക്കാംഎന്ന്. എല്ലാം വിധിപോലെനടക്കട്ടെ .അല്ലാണ്ടെ എന്താ ഞാന്‍ പറയാ എന്‍റെ ഈശ്വരാ .. ,,

കോവണി മുറിയിലെ തയ്യല്‍ യന്ത്രത്തില്‍ ഇരുന്നിരുന്ന രേവതി മുത്തശ്ശനും മുത്തശ്ശിയും സംസാരിക്കുന്നത് കേട്ടു .അപ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .മുത്തശ്ശന് മുന്‍പില്‍ പോയി രേവതി സംസാരിക്കുന്ന പതിവില്ല പക്ഷെ അവള്‍ ദൈര്യം സംഭരിച്ച് പൂമുഖവാതിലിന് പുറകില്‍ നിന്നുകൊണ്ട് പറഞ്ഞു .

,, എന്‍റെ ജാതക കുറിപ്പ് ആര്‍ക്കും കൊടുക്കേണ്ട .ചേച്ചിയുടെ വിവാഹം കഴിയാതെ എന്‍റെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും അരുത് .പാവാ എന്‍റെ ചേച്ചി പച്ച പാവം .എത്ര വര്‍ഷമായി ദിവസേനെയെന്നോണം ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുന്നു ,വര്‍ഷാവര്‍ഷം പാമ്പിനാളം നടത്തുന്നു, വയസ്സ് ഇരുപത്തിരണ്ടു കഴിഞ്ഞിട്ടും എന്‍റെ ചേച്ചിക്ക് മംഗല്യ ഭാഗ്യം ഇത് വരെ ലഭിച്ചില്ല .ഈശ്വരനും മനസാക്ഷി ഇല്ലാണ്ടായിരിക്കുന്നു .എനിക്ക് പഠിക്കണം ,,

രേവതിയുടെ വാക്കുകള്‍ക്ക് മുത്തശ്ശിയാണ് മറുപടി നാല്‍കിയത് .

,,ശിവ ശിവാ എന്താ ഈ കുട്ടി ഈ പറയുന്നേ ഈശ്വര നിന്ദ പറയാതെ അപ്പുറത്തേക്ക് പോ ..,,

എല്ലാം കേട്ട് ഇടനാഴിയില്‍ നിന്നിരുന്ന രേണുകയെ കണ്ടപ്പോള്‍ .നിയന്ത്രണം വിട്ട് രേവതി രേണുകയെ കെട്ടിപിടിച്ചു കരഞ്ഞപ്പോള്‍ രേണുക അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു .

,, എന്‍റെ കുട്ടി ഇങ്ങനെയൊന്നും ആരോടും സംസാരിക്കരുത് .ചേച്ചിക്ക് ജാതക ദോഷം ഉള്ളത് കൊണ്ടല്ലെ വിവാഹം മുടങ്ങുന്നത് .ഒരിക്കലും ഈശ്വരനെ നിന്ദിക്കരുത് .ക്ഷേത്ര നടയില്‍ പോയി മാപ്പു പറഞ്ഞ് പ്രാര്‍ഥിച്ചു വരൂ ,,

അനുസരണയുള്ള കുഞ്ഞിനെപോലെ രേവതി ക്ഷേത്ര നടയിലേക്കു നടന്നു .ഗംഗാധരന്‍ മകന്‍ ദിനേശന് വിദേശത്തേക്ക് ഫോണ്‍ വിളിച്ച് കാര്യം ഭോദിപ്പിച്ച് ജാതകം കൈമാറി .ജാതകം രണ്ടു പേരുടേയും ഉത്തമം ആയതുകൊണ്ട് അധികനാള്‍ കഴിയുന്നതിനു മുന്‍പ് രേവതിയുടെ വിവഹം നടത്തപെട്ടു .ദിനേശന്‍ പതിനാലു ദിവസത്തെ അവധിക്ക് വന്ന് വിവാഹ കര്‍മ്മം കഴിഞ്ഞു തിരികെ പോയി .

നാട്ടില്‍ അന്‍വറും രേണുകയും അരുതാത്ത ബന്ധം പുലര്‍ത്തുന്നു എന്ന് നാട്ടില്‍ ചിലരൊക്കെ പറഞ്ഞുണ്ടാക്കി .വിവരം പോലിയത്ത് തറവാട്ടിലും എത്തി ഒരു ദിവസ്സം അന്‍വറിന്‍റെ വീട്ടിലേക്ക് പോകുവാന്‍ തുനിഞ്ഞ രേണുകയോട് പോക്ക് വിലക്കി കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു .

,, നാട്ടില്‍ ചിലതൊക്കെ പറഞ്ഞു കേള്‍ക്കുന്നു .വിശ്വാസങ്ങള്‍ക്ക് അതീധമായി എന്‍റെ കുട്ടിയില്‍ നിന്നും ഒന്നും തന്നെ ഉണ്ടാകുകയില്ല എന്ന് മുത്തശ്ശന് നന്നായി അറിയാം. മുള്ള് ഇലയില്‍ ചെന്നു വീണാലും ഇല മുള്ളില്‍ ചെന്നു വീണാലും കേട് പറ്റുന്നത് ഇലയ്ക്ക് തന്നെയാണ് .എന്‍റെ മോള് ആ കുട്ടിയുമായുള്ള ചങ്ങാത്തം വേണ്ടാന്ന് വച്ചോളൂ ,,

മറിച്ചൊന്നും പറയാതെ രേണുക തന്‍റെ മുറിയില്‍ പോയി മെത്തയില്‍ കിടന്നു ഒരുപാട് കരഞ്ഞു .തന്‍റെ ഏക ആശ്വാസം അന്‍വര്‍ മാത്രമാണ് .അരുതാത്ത ചിന്തകളോടെ തന്നെ ഈ കാലം വരെ ഒന്നു നോക്കിയിട്ടുപോലുമില്ലാത്ത ആ പാവത്തിന് താന്‍ കാരണം ചീത്ത പേര് ഉണ്ടായതിലാണ് രേണുകയ്ക്ക് സങ്കടം ഏറെ തോന്നിയത് .അധിക നാള്‍ ആവുന്നതിന് മുന്‍പ് തന്നെ അന്‍വര്‍ വിലക്കിനെ കുറിച്ച് അറിഞ്ഞു .രണ്ടാഴ്ചയോളം കഴിഞ്ഞപ്പോള്‍ അന്‍വര്‍ രേണുവിന്‍റെ വീട്ടിലേക്ക് ചെന്നു .പൂമുഖത്തിണ്ണയില്‍ ഇരുന്നിരുന്ന മുത്തശ്ശന്‍ അന്‍വറിനോട് കയറി ഇരിക്കുവാന്‍ പറഞ്ഞു .

,, ഞാന്‍ യാത്ര പറയുവാന്‍ വന്നതാ ഒരു വിസ തരപെട്ടിട്ടുണ്ട് ,,

,, ഉവ്വോ എവിടേക്ക യാത്ര ,,

,, ഷാര്‍ജയിലേക്ക് മറ്റന്നാള്‍ ഞാന്‍ യാത്ര തിരിക്കും ,,

ഗംഗാധരന്‍ എല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞു .അന്‍വര്‍ ഇറങ്ങുവാന്‍ നേരം രേണുവിനെ വിളിച്ചു .

,, വരൂ എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട് ,,

നിസഹായയായി അവള്‍ മുത്തശ്ശനെ നോക്കിയപ്പോള്‍ അയാള്‍ മൌനസമ്മതം നല്‍കി പടിപ്പുര കടന്നപ്പോള്‍ അന്‍വര്‍ പറഞ്ഞു .

,, പവിത്രമായ നമ്മുടെ ബന്ധത്തെക്കുറിച്ച് അപവാദം പരഞ്ഞുണ്ടാക്കിയവരെ എനിക്ക് അറിയാം .പ്രതികരിക്കാന്‍ പോയാല്‍ അത് തനിക്ക് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും എന്നത് കൊണ്ട് ഞാന്‍ പ്രതികരിക്കുന്നില്ല .വാപ്പച്ചി കുറെയായി എന്നെ വിസ എടുത്ത് ഗള്‍ഫിലേക്ക് കൊണ്ടു പോകുവാന്‍ നോക്കുന്നു .തന്നെയും ഈ ഗ്രാമത്തേയും വിട്ടു പോകുവാന്‍ എനിക്ക് മനസ്സു വന്നിരുന്നില്ല .ഇപ്പോള്‍ ഞാനായിട്ട് വാപ്പച്ചിയോടു പറഞ്ഞു വിസ തരപെടുത്തുവാന്‍ . ഒരാഴ്ച കഴിഞ്ഞില്ല മൂപ്പര് വിസ തരപെടുത്തി അയച്ചു തന്നു .തന്നെ കാണാതെ താനുമായുള്ള കൂട്ടില്ലാതെ എനിക്ക് ഇവിടെ ജീവിക്കുവാന്‍ കഴിയില്ല .ഞാനിനി രണ്ടു വര്‍ഷം കഴിഞ്ഞാകും തിരികെ വരിക അപ്പോള്‍ ഇയാളുടെ വിവാഹം കഴിഞ്ഞ് ഒക്കത്തൊരു കുഞ്ഞിനെയായി വേണം എന്നെ താന്‍ വരെവേല്‍ക്കാന്‍ .,,

ചിരി വരുത്തുവാന്‍ ശ്രമിക്കുന്ന അന്‍വറിന്‍റെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ രേണുക കരഞ്ഞുകൊണ്ട്‌ തിരികെ നടന്നു .ഹൃദയത്തിന്‍റെ ഒരു ഭാഗം അടര്‍ന്നു പോകുന്നത് പോലെ അപ്പോള്‍ അവള്‍ക്ക് അനുഭവപെട്ടു .ഏതുനേരവും തന്‍റെ മുറിയില്‍ മൂകയായിരിക്കുന്നത് കണ്ടപ്പോള്‍ അമ്മ അവളുടെ അരികില്‍ വന്നു പറഞ്ഞു .

,, എന്‍റെ മോള് അമ്മയെ സങ്കടപെടുത്താതെ .അന്‍വര്‍ പോകുവാന്‍ ഇനി രണ്ടു ദിവസമല്ലെയുള്ളൂ .മോള് അവന്‍റെ അരികിലേക്ക് പൊയ്ക്കോളൂ ഞാന്‍ മുത്തശ്ശനോട് പറഞ്ഞോളാം ,,

,, ഞാന്‍ കാരണമാ ആ പാവം നാട് വിട്ടു പോകുന്നത്. ഞാന്‍ ഇത് എങ്ങിനെ സഹിക്കും അമ്മേ .എല്ലാവര്‍ക്കും വേദന മാത്രം നല്‍കാനുള്ള ജന്മമാ എന്‍റെ,,

അവള്‍ അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞ് പൊട്ടി കരഞ്ഞു .അന്‍വര്‍ യാത്ര പോകുന്നതിന് മുന്‍പ് രേണുക അന്‍വറിന്‍റെ അരികില്‍ പോയിപോന്നു .

ദിവസങ്ങള്‍ ഏതാനും വീണ്ടും അപ്രത്യക്ഷമായി.ഇനി ഏതാനും ദിവസ്സങ്ങളെ ബാക്കിയുള്ളൂ സര്‍പ്പം തുള്ളലിന് രേണുക പതിവ് പോലെ ക്ഷേത്ര ദര്‍ശനം നടത്തിപോന്നു .അമ്മയ്ക്ക് മാസമുറയായത്‌ കൊണ്ട് രേണുക തനിയെ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു .വര്‍ഷങ്ങള്‍ക്കുശേഷം അന്‍വര്‍ ഇല്ലാതെയുള്ള ആദ്യ യാത്ര അവളെ വല്ലാതെ സങ്കടപെടുത്തി .ദര്‍ശനം കഴിഞ്ഞു തിരികെ പോരുമ്പോള്‍ ഇടവഴിയില്‍ പതിവായി പ്രേമാഭ്യര്‍ത്ഥന നടത്തുന്ന യുവാവിനെ കണ്ടപ്പോള്‍ തെല്ലൊന്നു ഭയന്നെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കാതെ രേണുക പോന്നു .

അടുത്ത ദിവസ്സം ക്ഷേത്ര ദര്‍ശനത്തിന് തനിയെ രേണുക പുറപ്പെട്ടു .പാടശേഖരങ്ങള്‍ കഴിഞ്ഞ് കമുകിന്‍ തോട്ടത്തിലൂടെയുള്ള ഇടുങ്ങിയ നട പാതയിലൂടെ നടക്കുമ്പോള്‍ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല .മുള്ളുവേലി നടപ്പാതയുടെ ഇരുവശവും കെട്ടിയിരിക്കുന്നു .അല്‍പം കൂടി മുന്‍പോട്ടു പോയാല്‍ ഒരു പാറമടയുണ്ട് അവിടെ ഇപ്പോള്‍ ജനവാസമില്ല .

പാറമടയുട ഓരത്തുകൂടി കുന്നുകയറി ഇറങ്ങി വേണം ക്ഷേത്രത്തിലെത്താന്‍ .രേണുക കുന്നുകയറാന്‍ തുടങ്ങിയപ്പോള്‍ കഴിഞ്ഞ ദിവസ്സം കണ്ട യുവാവിനെ ദൂരെ നിന്നും കണ്ടു .പരിസരം വീക്ഷിച്ചപ്പോള്‍ യുവാനിനെ അല്ലാതെ വേറെ ആരേയും അവിടമോന്നും കാണുവാന്‍ കഴിഞ്ഞില്ല .യുവാവിന്‍റെ അരികിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി യുവാവ് രേണുവിനെ കടന്നുപിടിച്ചു .അയാളുടെ ബലിഷ്ടമായ കരങ്ങള്‍ക്കുള്ളില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു. ഒന്നു ശബ്ദിക്കുന്നതിനു മുന്‍പ് അയാള്‍ കയ്യില്‍ കരുതിയിരുന്ന ക്ലോറോഫോം പുരട്ടിയ തുവാല കൊണ്ട് രേണുകയുടെ മൂക്ക് പോത്തിപിടിച്ചു .അവള്‍ ഞൊടിയിടയില്‍ ബോധരഹിതയായി. പിന്നെയൊന്നും രേണുകയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല .അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ പാറമടയ്ക്കുള്ളില്‍ അവള്‍ വിവസ്ത്രയാക്കപെട്ടിരുന്നു .ശരീരത്തിന്‍റെ പുറകു വശം മുഴുവനും കരിങ്കല്ല് ചീളുകള്‍ തറച്ച് രക്തം പൊടിയുന്നുണ്ടായിരുന്നു .ശരീരമാസകലം വേദനകൊണ്ട് അവള്‍ പുളഞ്ഞു .ഭയാകുലയായ അവള്‍ നാണം മറയ്ക്കാനായി വസ്ത്രങ്ങള്‍ക്കായി പരതി.വസ്ത്രങ്ങള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞ നിലയിലായിരുന്നു .വസ്ത്രങ്ങള്‍ ഓരോന്നായി പെറുക്കിയെടുത്തവള്‍ ശരീരത്തില്‍ അണിഞ്ഞു .

പാറമടയിലെ വെള്ള കെട്ടില്‍ നിന്നും വെള്ളമെടുത്തവള്‍ ശരീരത്തില്‍ പുരണ്ട രക്തം തുടച്ചു നീക്കി .ആത്മഹത്യ പാപമാണെന്നു അവള്‍ വിശ്വസിക്കുന്നത് കൊണ്ട് ആത്മഹത്യയെ കുറിച്ചവള്‍ ചിന്തിച്ചില്ല.  അവളുടെ ജീവിതത്തില്‍ .ആദ്യമായി ക്ഷേത്ര ദര്‍ശനം മുടങ്ങി .പാറമടയില്‍ നിന്നും പടികള്‍ കയറുമ്പോഴാണ് ഭയാനകമായ ആ കാഴ്ച അവള്‍ കണ്ടത് .തന്‍റെ ശരീരം പിച്ചിച്ചീന്തിയ കാമ ഭ്രാന്തന്‍ വിഷം തീണ്ടി പെരുവഴിയില്‍ കിടക്കുന്നു .ഉഗ്ര വിഷമുള്ള നാഗം ഫണം വിടര്‍ത്തി അയാളുടെ ശരീരത്തില്‍ നിന്നും വിട്ടു പോകാതെ നില്‍ക്കുന്നു .അവള്‍ കൈ കൂപ്പി നാഗത്തെ വണങ്ങിയശേഷം മനസ്സിലെ ധൈര്യം ചോര്‍ന്നു പോകാതെ തന്‍റെ വീട്ടിലേക്ക് നടന്നുനീങ്ങി .പടിപ്പുരയില്‍ രേണുകയെ കാണാതെ അമ്മയും മുത്തശ്ശിയും അനിയത്തിയും നില്‍പുണ്ടായിരുന്നു .മുത്തശ്ശിയാണ് ആദ്യ ചോദ്യ ശരം എയ്തത് .

,, എന്താ ഇത്ര വൈകിയേ എവിടേയ്ക്ക എന്‍റെ കുട്ടി പോയത് ,,

,, ഞാന്‍.. ഞാന്‍ ക്ഷേത്രത്തില്‍ ഇരുന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. സമയം പോയതറിഞ്ഞില്ല .,,

,, എങ്ങിനെയ വസ്ത്രങ്ങളില്‍ ചെളി പുരണ്ടത് ,,

,, വഴിയില്‍ കാല് തെന്നി ഞാനൊന്നു വീണു .ഞാനൊന്നു കുളിച്ചു വസ്ത്രം മാറി വരാം മുത്തശ്ശി ,,

ജീവിതത്തില്‍ ആദ്യമായി അവള്‍ നുണ പറഞ്ഞു.കുളിച്ചു മാറുവാനുള്ള വസ്ത്രങ്ങള്‍ എടുത്ത് കുളിപുരയില്‍ കയറി ഷവര്‍ തുറന്നിട്ട്‌ തറയില്‍ ഇരുന്നു.തനിക്ക് വന്നുഭവിച്ച യാതനകള്‍ ഓര്‍ത്ത്‌ അവള്‍ പൊട്ടി കരഞ്ഞു . ശിരസിലേക്ക് ശക്തിയായി പ്രഹരിക്കുന്ന ജലത്തില്‍ അവളുടെ കണ്ണുനീര്‍ ലയിച്ചുകൊണ്ടിരുന്നു .ഗ്രാമത്തില്‍ യുവാവ് വിഷം തീണ്ടി മരണ പെട്ട വിവരം എല്ലാവരും അറിഞ്ഞു . തറവാട് ക്ഷേത്രത്തിലും കാവിലും വിളക്ക് തെളിയിക്കുന്നതില്‍ നിന്നും രേണുക ഓരോരൊ കാരണങ്ങള്‍ പറഞ്ഞൊഴിഞ്ഞു .ഒപ്പം ശിവ ക്ഷേത്ര ദര്‍ശനവും .പിന്നീട് വിളക്ക് തെളിയിക്കല്‍ അനിയത്തി രേഖയില്‍ നിക്ഷിപ്തമായി .

സര്‍പ്പം തുള്ളലിനായി പതിവ് പോലെ തറവാട്ടില്‍ ഒരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി .ഇത്തവണ മുതല്‍ താന്‍ കളം മായ്ക്കില്ല എന്ന് രേണുക പറഞ്ഞത്‌ ആരും തന്നെ ചെവികൊണ്ടില്ല .വിവാഹിതയാകുന്നത് വരെ രേണുക തന്നെ കളം മായ്ക്കണം എന്ന് എല്ലാവരും ശാട്യം പിടിച്ചു .തന്‍റെ സമ്മതം കൂടാതെ താന്‍ കന്യകയല്ലാതെയായിരിക്കുന്നു .കളം മായ്ക്കേണ്ടത് കന്യകകളാണ് തനിക്ക് ഇനി എന്ത് അര്‍ഹതയാണ് കളം മായ്ക്കുവാനുള്ളത് എന്ന രേണുക മനസ്സില്‍ ഓര്‍ത്തു . കളം മായ്ക്കുവാനുള്ള സമയം ആഗതമായി രേണുകയുടെ കൂടെ ഇപ്പോള്‍ കളം മായ്ക്കുവാനുള്ളത് പാര്‍വതിയുടെ അനിയത്തിയാണ് പാര്‍വതിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു .

 കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച പന്തലില്‍ ഗണപതി പുജ നടത്തി.സന്ധ്യയായപ്പോള്‍ പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങ്ങി പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊളികൊണ്ടു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ .പാട്ടിന്‍റെ താളത്തിനൊത്ത് രേണുകയും പാര്‍വതിയുടെ അനിയത്തിയും തുള്ളി തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍പോലെ കളംമായ്ച്ചുകൊണ്ടിരുന്നപ്പോള്‍ രേണുക ബോധരഹിതയായി നിലംപതിച്ചു .പന്തലില്‍ അടക്കം പറച്ചിലും കൂട്ട നിലവിളിയും ഉയര്‍ന്നു .മുത്തശ്ശന്‍ നെഞ്ചിലേക്ക് കൈ വെച്ച് സ്വയം പറഞ്ഞു .

,, ചതിച്ചൂലോ എന്‍റെ ഈശ്വരാ വിഘ്നം  സംഭവിക്കുവാനുള്ള കാരണം എന്താണാവോ ,,

രേണുകയെ ആരൊക്കയോ എടുത്ത് കിടപ്പ് മുറിയിലെ മെത്തയില്‍ കൊണ്ടു കിടത്തി .പോലിയത്ത് തറവാട്ടില്‍ പരമ്പരാഗതമായി ഇതുവരെ വിഗ്നം സംഭവിക്കാത്ത സര്‍പ്പകളം മായ്ക്കല്‍ ആദ്യമായി വിഗ്നം സംഭവിച്ചിരിക്കുന്നു . പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊലികൊണ്ടു. പക്ഷെ ഭക്തിസാന്ദ്രമായ അന്തരീക്ഷം അവിടെ നില നിന്നിരുന്നില്ല .അപ്പോഴും പാര്‍വതിയുടെ അനിയത്തി നാഗത്തെ പോലെ സര്‍പ്പക്കളം മായ്ച്ചുകൊണ്ടിരുന്നു .

                                                                                  ശുഭം      

rasheedthozhiyoor@gmail .com                                                     rasheedthozhiyoor.blogspot.com