ചിന്താക്രാന്തൻ

19 May 2014

ചെറുകഥ.കലപ്പ


             ഗ്രാമത്തിലെ  കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരങ്ങളും ഇടതൂര്‍ന്നുനില്‍ക്കുന്ന  തെങ്ങിന്‍ തോപ്പുകളും, തെങ്ങിന്‍ തോപ്പുകളിലെ ഇടവിളകളും ഗ്രാമത്തിലെ ചേതോഹരമായ കാഴ്ചകളാണ് .പ്രതാപം അന്യം നിന്നു പോകാത്ത പേരുകേട്ട മേക്കാട്ട്‌ മനയുടെ  അധീനതയിലുള്ള പാടശേഖരങ്ങളിലും, മറ്റു കൃഷിയിടങ്ങളിലും  ഇപ്പോഴും  വിത്ത് വിതക്കോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത് കലപ്പയാണ്. മേല്‍മണ്ണ്   ഇളക്കി പോഷകങ്ങൾ മുകളിലേക്ക് കൊണ്ടുവരുന്നതിനും .മുൻ വിളയിറക്കലിലെ അവശിഷ്ടങ്ങളും കളകളും മണ്ണിനടിയിലേക്ക് പോകുന്നതിനുമാണ് മണ്ണ് ഉഴവ്ന്നത്. കൂടാതെ മണ്ണിലെ വായുസഞ്ചാരം കൂടുന്നതിനും അതുവഴി മണ്ണിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനും ഇത് സഹായിക്കുന്നു.കലപ്പയുടെ ഉപയോഗം കൃഷിയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട പുരോഗതികളിലൊന്നാണ്.ഗ്രാമത്തില്‍ മറ്റു കൃഷിക്കാര്‍  ട്രാക്ടറുകള്‍ ഉപയോഗിക്കുമ്പോഴും മേക്കാട്ട്‌ മനക്കാര്‍ കലപ്പ ഉപയോഗിച്ചു ഉഴവ്ന്നതിന്‍റെ പ്രധാനകാരണം ഗ്രാമത്തിലെ പരാധീനതകള്‍ വേണ്ടുവോളം അനുഭവിക്കുന്ന  കണാരന്‍ ഈ തൊഴിലില്‍ തുടര്‍ന്നുപോരുന്നത് കൊണ്ടാണ് .കണാരന്‍റെ അച്ഛനും മനയിലെ ഉഴവ് തൊഴിലാളിയായിരുന്നു .

പാരമ്പര്യമായി ലഭിച്ചതാണ് കണാരന് ഉഴവ്  തൊഴില്‍ .പാടശേഖരങ്ങളുടെ ഓരത്ത് മേക്കാട്ട്‌ മനയില്‍ നിന്നും ഇഷ്ടധാനം ലഭിച്ച പത്തുസെന്‍റെ് ഭൂമിയിലെ ഓലപ്പുരയിലാണ് കണാരനും,അമ്മയും , ഭാര്യയും ,മൂന്ന്‍ പെണ്മക്കളും   താമസിക്കുന്നത് .മൂത്തമകളുടെ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്‍റെ അമ്മയുമായി സ്വരച്ചേര്‍ച്ചയില്ലാത്തതിനാല്‍ മകളും മരുമകനും മക്കളും കണാരന്‍റെ വീട്ടില്‍ തന്നെയാണ് താമസം . കണാരന്‍ കാളകളെ തൊഴുത്തില്‍ നിന്നും ഇറക്കി കാളകള്‍ക്ക് കാടിവെള്ളം നല്‍കി കലപ്പ തോളിലേറ്റി വയല്‍ ലക്ഷ്യമാക്കി നടന്നു .മുന്‍പില്‍ പോകുന്ന കണാരന്‍റെ പുറകെ അനുസരണയോടെ  കാളകളും .ദിനചര്യയെന്നോണം ഒരു കുപ്പി നാടന്‍ കള്ള്  പോകുന്ന പോക്കില്‍ അയാള്‍  അകത്താക്കിയത്തിനു ശേഷമാണ് തൊഴിലില്‍ ഏര്‍പ്പെടുകയുള്ളൂ .തിരികെ പോരുമ്പോഴും ഒരു കുപ്പി കള്ള് കുടിക്കും . വള്ളി ട്രവുസറും ട്രവുസറിന് മുകളില്‍ മടക്കിക്കുത്തിയ കള്ളിമുണ്ടും തോളിലൊരു തോര്‍ത്തുമുണ്ടുമാണ്  കണാരന്‍റെ വേഷം .കുപ്പായം ധരിക്കുന്ന പതിവ് കാണാരനില്ല .കഴിഞ്ഞ ദിവസ്സം  ദൂര ദേശത്തുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക്  പോകുമ്പോള്‍ ഭാര്യ കാര്‍ത്തു പതിവായി പറയുന്നത് അന്നും പറഞ്ഞു  .

,,മനുഷ്യാ ഒരു കുപ്പായം തുന്നിപ്പിച്ചൂടെ നിങ്ങക്ക് .കാലം മാറി പണ്ടത്തെ അടിയാന്‍മാരുടെ സമ്പ്രദായം നിങ്ങള് മാത്രാ ഇപ്പോഴും പിന്തുടരുന്നത് .,,
,, എടീ കാര്‍ത്തൂ കൊല്ലം കൊറേ ആയില്ലെ നീയെന്നെ കുപ്പായം ഇടീപ്പിക്കാന്‍ നോക്കണേ. ഞാനിപ്പോഴും അടിയാന്‍ തന്നെയാടീ .മനയിലെ തിരുമേനി  തരുന്ന കാശുകൊണ്ട് തന്നയാടീ ഞാനും നിയ്യും പിള്ളേരും പട്ടിണി കൂടാണ്ടെ കഴിയണേ.,,
,, അതിന് നിങ്ങക്ക് ഓശാരം തരുന്ന കാശോന്നുമാല്ലല്ലോ എല്ലുമുറിയെ പണിയെടുത്തിട്ടല്ലേ ,,
,, ഒരുമ്പെട്ടോളെ നന്ദികേട്‌ പറയുന്നോ .ഉണ്ടായിരുന്ന കിടപ്പാടം ബാങ്ക് കാര് ജപ്തി ചെയ്തപ്പോള്‍  അന്തിയുറങ്ങാന്‍ ഇടമില്ലാണ്ടായി പെരുവഴിയിലായപ്പോള്‍  വീട് പണിയാന്‍ തിരുമേനി  സ്ഥലം നല്‍കിയത് നിന്‍റെ അച്ഛന്‍ തന്ന  കാശ് കൊടുത്തിട്ടാണോടീ .സൗജന്യമായി ഈ വസ്തു നമുക്ക് നല്‍കിയതിന് തിരുമേനിയുടെ മക്കള്‍ എല്ലാരും ചേര്‍ന്ന് തിരുമേനിയെ കുറ്റ പെടുത്തുകയാണ് ഉണ്ടായത് .ആ മക്കളിളില്‍ നിന്നും നമുക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല എനിക്ക് അത് ഉറപ്പാ ..... എനിക്ക് വലിയ തിരുമേനി  ഈ ഭൂമീലെ കാണപെട്ട ദൈവാ ,,

കണാരന്‍ വയലിലെ  ചെളിയില്‍ കലപ്പ  ശക്തിയായി അമര്‍ത്തി  പിടിച്ചു കൊണ്ടിരുന്നൂ. കാളകളുടെ വേഗത കൂട്ടാന്‍ ചാട്ടവാര്‍ കൊണ്ട് ട്ര്‍ ട്ര്‍ ശബ്ദമുണ്ടാക്കി കാളകളെ  അടിച്ചു കൊണ്ടിരുന്നു .ഒരു കണ്ടം ഉഴുതുമറിച്ച് കഴിഞ്ഞപ്പോള്‍ കാളകളെ അടുത്ത കണ്ടത്തില്‍ നിറുത്തി .ഉഴുതു കഴിഞ്ഞ കണ്ടത്തിലേക്ക്‌ തിരികെപോയി കൈ കുമ്പിളില്‍ ചെളിയെടുത്ത് പരിശോധിച്ച് വിത്ത്‌ വിതയ്ക്കാന്‍ പാകമായ ചെളിയുടെ മണം വേണ്ടുവോളം ആസ്വദിച്ചു . അയാള്‍ക്ക്‌  വിത്ത് വിതക്കോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറായാല്‍ അവിടമാകെ നിറഞ്ഞു നില്‍ക്കുന്ന മണ്ണിന്‍റെ മണം വല്ലാത്തൊരു അനുഭൂതി ഉളവാക്കും .അപ്പോഴൊക്കെയും അയാളുടെ സിരകളില്‍ പ്രഹരിക്കുന്ന രക്തത്തില്‍  ഊര്‍ജ്ജം നിറഞ്ഞ്  വാര്ദ്ധക്യത്തിന്‍റെ ക്ഷീണം മാറി ഊര്‍ജ്ജസ്വലത കൈവരിക്കും. പിന്നീടങ്ങോട്ട് വിശ്രമം ഇല്ലാതെ  സന്ധ്യമയങ്ങും വരെ തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു കൊണ്ടേയിരിക്കും .

സമയം ഏതാണ്ട് മൂന്ന് മണി കഴിഞ്ഞപ്പോള്‍  മനയിലെ വലിയ തിരുമേനിയും കാര്യസ്ഥന്‍ കൈമളും നടവരമ്പിലൂടെ വരുന്നത് കണാരന്‍ കണ്ടു .ഊന്നുവടിയുടെ സഹായത്താലാണ് തിരുമേനിയുടെ നടത്തം .തിരുമേനി നടക്കുവാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു . പ്രായം ഏതാണ്ട് തൊണ്ണൂറ് കഴിഞ്ഞുകാണും .പറമ്പിലും വയലിലുമുള്ള നടത്തം അദ്ദേഹത്തിന്‍റെ ദിനചര്യയുടെ ഭാഗമാണ്.കണാരന്‍ മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചിട്ട് തോളിലെ തോര്‍ത്തുമുണ്ട് കയ്യില്‍ പിടിച്ച് ഓച്ഛാനിച്ച്  നടവരമ്പിന്‍റെ അരികില്‍    നിന്നു .തിരുമേനി കണാരന്‍റെ അരികില്‍ എത്തിയപ്പോള്‍ പറഞ്ഞു .

,, അടുത്ത ആഴ്ചയോടു കൂടി വയലില്‍ വിത്ത്‌ വിതക്കാലോ അല്ലെ കണാരാ .. ,,

,, ഉവ്വ് തിരുമേനി അടിയന്‍ നേരം ഇരുട്ടുന്നത് വരെ ഉഴവ്ന്നുണ്ട്,,

,, എന്‍റെ മൂന്നാമത്തെ സന്താനം ഇശ്ശി നാളായിട്ട് പറയണൂ കണാരന്‍റെ കാളകള് പത്ത് ദിവസ്സം കൊണ്ട്  ചെയ്യുന്ന ജോലി ട്രാക്ടര്‍ ഒരു ദിവസ്സം കൊണ്ട് ചെയ്യുമെന്ന് .എന്‍റെ കാലശേഷം എന്‍റെ സന്താനങ്ങള്‍ ഈ കൃഷികള്‍ തന്നെ തുടരുമോ എന്ന് എനിക്ക് ഒരു നിശ്ചയവും  ഇല്ല .അടുത്ത മാസം മനയും മനയോട്ചേര്‍ന്നുള്ള  ഒരേക്കര്‍ പറമ്പും ക്ഷേത്രവും എന്‍റെയും അന്തര്‍ജനത്തിന്‍റെയും പേരില്‍ നിലനിര്‍ത്തി ,ഭാക്കിയുള്ള വസ്തുക്കള്‍ എന്‍റെ ആറു സന്താനങ്ങള്‍ക്ക് ഭാഗം വെച്ചു കൊടുക്കുവാന്‍ പോകുന്നു .എന്‍റെ അതീനതയില്‍ നിന്നും സ്വത്തുക്കള്‍ പോയാല്‍ എന്‍റെ സന്താനങ്ങള്‍ കൃഷി പാടെ ഉപേക്ഷിക്കുമെന്ന് നോം മനസ്സിലാക്കിയത് കൊണ്ടാ ഈ കാലം വരെ സ്വത്തുക്കള്‍ വീതംവച്ചു നല്കാതെയിരുന്നത്.ഇപ്പൊ മനസ്സ് പറയുന്നു എല്ലാത്തിനും നേരമായി എന്ന് .സന്താനങ്ങളുടെ പേരില്‍ പ്രമാണം എഴുതുന്നതിന് മുന്നെതന്നെ വസ്തു വില്പനക്കായി ആളുകളെ കൊണ്ടുവരുവാന്‍ തുടങ്ങിയിരിക്കുന്നു .ഇനിയെല്ലാം ഈശ്വര നിശ്ചയം പോലെ നടക്കട്ടെ .കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ .
വലിയ തിരുമേനിയുടെ വാക്കുകള്‍ കണാരനില്‍ നടുക്കം ഉളവാക്കി .അയാള്‍ക്ക്‌ അറിയാമായിരുന്നു തിരുമേനിയുടെ മക്കള്‍ ടാക്ടര്‍ കൊണ്ട് കാര്യം സാധിപ്പിക്കുമെന്ന് .ആശങ്കയോടെ അയാള്‍ പറഞ്ഞു .

,, തിരുമേനി അടിയന് ഈ പണിയെല്ലാണ്ടെ വേറെ ഒരു പണിയും അറിയില്ലാട്ടോ .തിരുമേനി മക്കളോട് പറയണം ഈ കണാരന്‍ ചെയ്യുന്ന പണി കണാരന് തന്നെ നല്‍കണമെന്ന് .കണാരന് മനയിലെ പണിയില്ലാണ്ടായാല്‍ പിന്നെ എന്‍റെ കുടുംബം പട്ടിണിയിലാവും . കൈക്കോട്ട് പണിക്ക് പോകാന്നു വച്ചാല്‍‌ ഈ വയസാന്‍ കാലത്ത് ഇനി എന്നെക്കൊണ്ട് അതിന് കഴിയുമെന്ന് തോന്നണില്ല. എന്‍റെ കാളകളെ ഞാന്‍ എന്ത് ചെയ്യും  ,,

കണാരന്‍ ദൂരെ നില്‍ക്കുന്ന കാളകളെ നോക്കി തുടര്‍ന്നു .

,,ആ മിണ്ടാപ്രാണികള്‍ക്ക് പിണ്ണാക്ക് വാങ്ങി കൊടുക്കാന്‍ പോലും എന്നെകൊണ്ടാവില്ലല്ലോ ഈശ്വരാ ,,

കണാരനെ ആശ്വസിപ്പിച്ചുകൊണ്ട് തിരുമേനിയും കാര്യസ്ഥനും നടന്നകന്നു .കണാരന് ആകപ്പാടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു .നേരം സന്ധ്യയാകുന്നത് വരെ ഒരു വിതം കണാരന്‍ തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു .കണാരന്‍റെ ഊര്‍ജസ്വലത നഷ്ടമായതോടെ കാളകളുടെയും അവസ്ത കണാരനെ പോലെ തന്നെയായിരുന്നു .തിരികെ വീട്ടിലേക്ക് പോകും നേരം കണാരന്‍  പതിവില്‍ കൂടുതല്‍ കള്ളുകുടിച്ചു .നിലത്ത് പാദം ഉറക്കാത്ത അയാള്‍ കലപ്പയുമായി നടക്കാന്‍ നന്നേ പാടുപെട്ടു .വീടിന് അടുത്തെത്തിയപ്പോള്‍ .കാര്‍ത്തു അയാള്‍ക്ക്‌ അരികിലേക്ക് ഓടി വന്ന് കലപ്പ താങ്ങിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

,, നിങ്ങക്ക് ഇത് എന്നാ പറ്റി മനുഷ്യാ .നിങ്ങക്ക് ഇന്ന് സന്തോഷമാണോ അതോ സങ്കടമാണോ .ഈ രണ്ടും ഉണ്ടാകുമ്പോഴാണല്ലോ നിങ്ങള് നാല് കാലേല് വരുന്ന പതിവ് ,,

,, എനിക്ക് ഇന്ന് സങ്കടമാടീ ...മനയിലെ സ്വത്തുക്കള്‍   ഭാഗം വെക്കാന്‍ പോകുകയാണെന്ന് തിരുമേനി പറഞ്ഞു .,,

,, അതിന് നിങ്ങക്കെന്താ മനുഷ്യാ .നാട്ടിലൊക്കെ പാട്ടാ വലിയ തിരുമേനി മക്കള്‍ക്ക്  സ്വത്തുക്കള്‍ വീതംവച്ചു കൊടുക്കാതെ സ്വന്തമായി അനുഭവിക്കുകയാണെന്ന് .ഇപ്പഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നിയതില്‍ നമ്മ സന്തോഷിക്കയല്ലേ വേണ്ടത് ,,

,, നീ എന്തൊക്കെയാണ് ഈ പുലമ്പുന്നത് .മനയ്ക്കലെ പറമ്പിലും വയലിലും കൃഷി ചെയ്യാത്ത കാലം ഉണ്ടായിട്ടുണ്ടോടി .തിരുമേനിയുടെ മക്കള്‍  കൃഷികള്‍ പാടെ ഉപേക്ഷിക്കും .പട്ടണത്തില്‍ താമസിക്കുന്ന തിരുമേനിയുടെ മക്കള്‍  ഇവിടത്തെ വസ്തുക്കള്‍ വില്‍ക്കുവാനാണ് ശ്രമിക്കുന്നത് .ഞാനും ഈ മിണ്ടാപ്രാണികളും ഇനി എന്ത് ചെയ്യുമെടി .,,

കണാരന്‍ പുലമ്പിക്കൊണ്ട് ഉമ്മറത്തിണ്ണയില്‍ കയറി കിടന്നു .കാര്‍ത്തു കാടിവള്ളം നല്‍കി കാളകളെ തെങ്ങില്‍ കെട്ടിയിട്ടു .

മാസങ്ങള്‍ വര്‍ഷത്തിന് വഴിമാറി കൊടുത്തു .മനയിലെ സ്വത്തുക്കള്‍ തിരുമേനി സന്താനങ്ങള്‍ക്ക് വീതംവച്ചു നല്‍കി .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുമേനി പക്ഷാഘാതം പിടിപ്പെട്ട് കിടപ്പിലായി .തിരുമേനിയുടെ സന്താനങ്ങളില്‍ ചിലര്‍ വസ്തു കച്ചവടക്കാര്‍ക്ക് വസ്തുക്കള്‍ വില്പന ചെയ്തു .കച്ചവടക്കാര്‍ വസുക്കള്‍ ചെറിയ പ്ലോട്ടുകളായി തരം തിരിച്ച് വീടുകള്‍ പണിത് വില്പന ആരംഭിച്ചു .ഗ്രാമത്തിന്‍റെ തനതായ ഭംഗിക്ക് വിഘ്നം    സംഭവിച്ചുകൊണ്ടിരിന്നു .വയലുകളില്‍ കൃഷി നിശ്ചലമായി .കണാരനെ ഉഴവ്നായി ആരും വിളിക്കാതെയായി .കെട്ടുപ്രായം കഴിഞ്ഞ കണാരന്‍റെ രണ്ടു പെണ്മക്കളില്‍ ഇളയവള്‍ തിരുമേനിയുടെ സന്താനങ്ങള്‍ വില്പന ചെയ്ത വസ്തുവില്‍ വീട് പണിക്ക് വന്ന ഗുജറാത്ത് സ്വദേശിയായ കെട്ടിടം തൊഴിലാളിയുടെ കൂടെ ഒളിച്ചോടി പോയി .കണാരനും കുടുംബവും മാനസീകമായി ആകപ്പാടെ തകര്‍ന്നു .

സാമ്പത്തിക പരാധീനതകള്‍ മൂലം കണാരന്‍ കള്ളുകുടി പാടെ ഉപേക്ഷിച്ചു .കാളകള്‍ക്ക് പച്ച പുല്ലും വള്ളവുമായി ഭക്ഷണം .കാളകള്‍ക്ക് ക്ഷീണം പിടിപെട്ടപ്പോള്‍ കാര്‍ത്തു കണാരനോട് പറഞ്ഞു .

,, ഈ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് കൊല്ലാതെ ഇവറ്റകളെ ആര്‍ക്കെങ്കിലും വിറ്റൂടെ ,,

,, ആര് വാങ്ങും ഈ കാളകളെ കശാപ്പുകാര്‍ക്ക് ഞാന്‍ ഇവറ്റകളെ കൊടിക്കില്ല .എന്നെകൊണ്ട്‌ അതിന് ആവില്ലാ ,,

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ .കണാരന്‍ ചൂണ്ടയും എടുത്ത് ദൂരെയുള്ള കുളക്കടവിലേക്ക് പോയനേരം കാര്‍ത്തു കാളകളെ കശാപ്പുകാരന് വില്പന ചെയുതു .തിരികെ വന്ന കണാരന്‍ കാളകളെ കാണാതെ ബഹളം വച്ചു .കാര്‍ത്തു കണാരന് ഒരു കെട്ടു  രൂപ നല്‍കിക്കൊണ്ട് പറഞ്ഞു .

,, ഞാന്‍ കാളകളെ വില്പന ചെയ്തു .അവറ്റകള്‍ക്ക് നല്ലത് പോലെ തീറ്റ കൊടുക്കാന്‍ നമ്മെക്കൊണ്ട് കഴിയുന്നുണ്ടോ . വിശന്നിട്ട് ഏതു നേരവും അവറ്റകള്‍ കിടന്ന് അലറുകയാണ് ,,

,, ആര്‍ക്കാ നീ അവറ്റകളെ കൊടുത്തത് ,,

,, കശാപ്പുകാരന്‍ ബക്കറിന് അല്ലാണ്ടെ അര് വാങ്ങാനാ അവറ്റകളെ ,,

കാര്‍ത്തു വാക്കുകള്‍ മുഴുവിപ്പിക്കുന്നതിന് മുന്നെ കാര്‍ത്തുവിന്‍റെ കവിളില്‍ കണാരന്ന്‍റെ കൈത്തലം പതിച്ചു. കാര്‍ത്തു അടിയുടെ ശക്തിയാല്‍ നിലംപതിച്ചു .കാര്‍ത്തു നല്‍കിയ പണവുമായി കണാരന്‍ ഭ്രാന്തനെ പോലെ കശാപ്പുകാരന്‍ ബക്കറിന്‍റെ അറവുശാല ലക്ഷ്യമാക്കി  നട വരമ്പിലൂടെ ഓടി . അപ്പോള്‍ ശിരസ്സ് അറ്റുപോയ നിലയില്‍ പിടയുന്ന കാളകളുടെ ചിത്രം കണാരന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നൂ .

                                                                             ശുഭം

rasheedthozhiyoor@gmail.com                                                         rasheedthozhiyoor.blogspot.com