ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
നേരം പുലര്‍ന്നിട്ടില്ല മകരമാസത്തിലെ തണുത്ത കാറ്റ് ജാലകത്തിന്‍റെ മുകള്‍ ഭാഗത്തെ മറയില്ലാത്ത ഭാഗത്ത് കൂടി കിടപ്പ് മുറിയിലേക്ക് പ്രവേഷിക്കുന്നതിനാല്‍ അസഹ്യമായ തണുപ്പിനാല്‍ അര്‍ഷ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു .അമ്മ ശ്രീദേവി കുളികഴിഞ്ഞു വന്ന് മകളെ വിളിച്ചുണര്‍ത്തി .
,, മോളെ എഴുന്നേല്‍ക്ക് എന്നും അമ്മ വിളിച്ചുണര്‍ത്തണം അല്ലെ പെണ്‍കുട്ടികളായാല്‍ ഇങ്ങിനെ മടിപിടിച്ച് കിടന്നുറങ്ങിയാല്‍ വീട്ടിലെ ഐശ്വര്യം ഇല്ലാണ്ടാവും വേഗം പോയി കുളിച്ച് പൂജാമുറിയിലേക്ക് വാ ,,
അമ്മ പൂജാമുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അര്‍ഷ നീണ്ടുനിവര്‍ന്നു കിടന്നു . ഇനി പ്രാര്‍ത്ഥന കഴിഞ്ഞേ അമ്മ പൂജാമുറിയില്‍ നിന്നും പുറത്തേക്ക് വരികയുള്ളൂ എന്ന് അവള്‍ക്ക് അറിയാവുന്നത് കൊണ്ട് അവള്‍ മെത്തയില്‍ തന്നെ അല്പനേരം കിടക്കുവാന്‍ തീരുമാനിച്ചു .അമ്മയുടെ പ്രാര്‍ത്ഥന തനിക്കു വേണ്ടിയുള്ളതാണെന്ന് അവള്‍ക്കറിയാം .ഇരുപത്തിനാലു വയസ്സ് കഴിഞ്ഞിട്ടും വിവാഹിതയാവാത്ത ചൊവ്വാദോഷകാരിയായ മകളുടെ വിവാഹം എത്രയുംവേഗം നടക്കുവാനായുള്ള അമ്മയുടെ പ്രാര്‍ത്ഥന തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു .മണലാരണ്യത്തില്‍ എണ്ണ കമ്പനിയിലെ ഉദ്യോഗസ്ഥനായ ഗോവിന്ദന്‍ കുട്ടിക്കും ശ്രീദേവിക്കും വിവാഹിതരായതില്‍ പിന്നെ കുഞ്ഞുങ്ങള്‍ ഇല്ലാതെ ഏറെ വിഷമിക്കേണ്ടി വന്നിട്ടുണ്ട് .പ്രാര്‍ത്ഥനയ്ക്കും ചികിത്സകള്‍ക്കും ഒടുവില്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീദേവി ഇരട്ടക്കുട്ടികളെ പ്രസവിച്ചത് .കാത്തിരിപ്പിനൊടുവില്‍ ലഭിച്ച രണ്ടു പെണ്‍കുട്ടികളേയും അവര്‍ വാത്സല്യത്തോടെ വളര്‍ത്തി .ഇരട്ടക്കുട്ടികളാണെങ്കിലും രണ്ടു മക്കളുടെയും മുഖവും നിറവും വിത്യസ്തമായിരുന്നു .ഭൂമിയിലേക്ക് ആദ്യം പിറന്ന അര്‍ഷ അച്ഛനെപോലെ ഇരുണ്ട നിറവും രണ്ടാമത് പിറന്ന തുളസി അമ്മയെ പോലെ വെളുത്തിട്ടുമായിരുന്നു .
തുളസിയുടെ വിവാഹം പത്തൊന്‍പതാം വയസ്സില്‍ കഴിഞ്ഞു . അവള്‍ ഇപ്പോള്‍ ഭര്‍ത്താവും രണ്ടു മക്കളുമായി ഗള്‍ഫില്‍ സുഖമായി ജീവിക്കുന്നു .അര്‍ഷ ഇരുണ്ട നിറമാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖമാണ് അവളുടേത് .അര്‍ഷയ്ക്കായി വിവാഹാലോചനകള്‍ അവളുടെ പതിനെട്ടാമത്തെ വയസ്സില്‍ തുടങ്ങിയതാണ് .വിവാഹാലോചനയായി വരുന്നവരില്‍ അവളെ ഇഷ്ടപെടുന്നവര്‍ ജാതകക്കുറിപ്പുകള്‍ കൊണ്ടുപോയി ഒത്തു നോക്കിയാല്‍ ജാതകത്തിലെ ചൊവ്വാദോഷം മൂലം എല്ലാ വിവാഹാലോചനകളും മുടങ്ങുകയാണ് പതിവ് .വിവാഹം മുടങ്ങിയത് കൊണ്ട് അര്‍ഷ പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എം ബി എ കഴിഞ്ഞ ഉടനെ അവള്‍ക്ക് ടെലഫോണ്‍ കമ്പനിയില്‍ ജോലി തരപെട്ടു .ഇരുപത് കിലോമീറ്റര്‍ ദൂരമുള്ള ഓഫീസില്‍ ആഴ്ചയില്‍ ആറു ദിവസ്സവം അവള്‍ ബസില്‍ പോയി പൊന്നു .വിവാഹം, കുഞ്ഞുങ്ങള്‍ അവളുടെ സ്വപ്നങ്ങളില്‍ മാത്രമായി അവശേഷിച്ചു .
ഇനിയും കിടന്നാല്‍ അമ്മയില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടി വരും എന്നത് കൊണ്ട് അര്‍ഷ ഉറക്കത്തിന്‍റെ ആലസ്യത്തോടെ മെത്തയില്‍ നിന്നും എഴുനേറ്റ് ബാത്രൂമിലേക്ക് നടന്നു .അമ്മയെ അവള്‍ക്ക് ജീവനാണ് സ്നേഹിക്കുവാന്‍ മാത്രം അറിയാവുന്ന അമ്മയുടെ മകളായി ജനിച്ചതില്‍ അവള്‍ ഏറെ സന്തോഷിച്ചു .മാസാമാസം കൃത്യമായി ആഗതമാകുന്ന മാസമുറയുടെ സമയങ്ങളില്‍ അമ്മ അവളെ നേരത്തെ വിളിച്ചുണര്‍ത്താറില്ല .ആ സമയങ്ങളില്‍ പൂജാമുറിയിലേക്ക് പ്രവേശനം ഇല്ലാത്തത് തന്നെയാണ് അതിന്‍റെ പ്രധാന കാരണം .അസഹ്യമായ വയറുവേദന ആ സമയങ്ങളില്‍ ഉണ്ടാവാറുണ്ടെങ്കിലും ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ അടുത്ത ദിവസ്സം നേരത്തെ എഴുനെല്‍ക്കേണ്ടത് ഇല്ലാ എന്നത് കൊണ്ട് അവള്‍ സന്തോഷിക്കുകയാണ് പതിവ് .ആ സമയങ്ങളില്‍ എട്ടുമണിക്ക് എഴുന്നേല്‍ക്കുകയും കുളിയും പ്രാതലും കഴിഞ്ഞ് ഒന്പതു മണിക്ക് വീട്ടില്‍ നിന്നും യാത്രയാവുകയുമാണ് പതിവ് .കുളികഴിഞ്ഞ് വസ്ത്രം മാറി പൂജാമുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അമ്മ അപ്പോഴും നാമജപത്തിലായിരുന്നു .
പൂജാമുറിയിലെ വിഗ്രഹത്തിനു മുന്‍പില്‍ അവള്‍ പ്രാര്‍ഥനയോടെ ഇരുന്നു .ആ ഇരുത്തം അവളുടെ അഭിനയമായിരുന്നു അമ്മയെ തൃപ്തി പെടുത്തുവാനുള്ള അഭിനയം മാത്രം .അറിഞ്ഞുകൊണ്ട് ഒരു പാപവും ചെയ്യാത്ത ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത തനിക്ക്ജാതകത്തില്‍ ചൊവ്വാദോഷം നല്‍കിയ ദൈവം എന്ന അദൃശ്യ ശക്തിയെ എന്തുകൊണ്ടോ മനസറിഞ്ഞ് ആരാധിക്കുവാന്‍ അവള്‍ക്കായില്ല .അണിഞ്ഞൊരുങ്ങി പെണ്ണുകാണാന്‍ വരുന്നവരുടെ മുന്‍പാകെ നില്‍ക്കേണ്ടി വരുന്ന ദിവസങ്ങളില്‍ ആദ്യമാദ്യം അവള്‍ സന്തോശോഷിച്ചിരുന്നു .പ്രതീക്ഷകള്‍ക്ക് വിഗ്നം സംഭവിക്കുന്നത് പതിവായപ്പോള്‍ പിന്നെ ആ അണിഞ്ഞൊരുങ്ങി നിന്നു കൊടുക്കേണ്ടത് അവള്‍ക്ക് വെറുപ്പായി. അമ്മയുടെ കണ്ണുനീര്‍ പൊഴിയുന്നത് കാണുവാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് ആ ഉദ്യമം അവള്‍ തുടര്‍ന്നു പൊന്നു .നാളെയാണ് ഞാറാഴ്ച നാളെ തന്നെ പെണ്ണ് കാണുവാന്‍ രണ്ടു കൂട്ടര്‍ വരുന്നുണ്ട് എന്ന് അമ്മ നേരത്തെ വിവരം നല്‍കിയിരുന്നു .ഒരു കൂട്ടര്‍ രാവിലെ വരും മറ്റു കൂട്ടര്‍ വൈകീട്ടും .വിവാഹ ദല്ലാള്‍ മാധവ കുറുപ്പ് ഓരോ തവണയും അമ്മയോട് പറയും .
,, ഇനി കുഞ്ഞിനെ കാണുവാന്‍ വരുന്നവര്‍ അവിടത്തെ പേര് കേട്ട തറവാട്ടുകാരാ .എന്‍റെ മനസുപറയുന്നു ഈ വിവാഹം നടക്കും എന്ന് .നിങ്ങള് സമാദാനമായി ഇരുന്നോ ഈ മാധവ കുറുപ്പാണ് പറയുന്നത് ,,
പെണ്ണ് കാണുവാനായി വരുന്നവരോട് തന്‍റെ ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ട് എന്ന സൂചന പോലും അയാള്‍ വരുന്നവരോട് പറഞ്ഞിട്ടുണ്ടാവില്ല .ഓരോ തവണയും അയാള്‍ അമ്മയുടെ കയ്യില്‍ നിന്നും പണം മുടക്കമില്ലാതെ വാങ്ങുകയും ചെയ്യും .അമ്മ പൂജാമുറിയില്‍ നിന്നും അടുക്കളയിലേക്ക് പോയപ്പോള്‍ അര്‍ഷയും എഴുനേറ്റ് ഉമ്മറത്തേക്ക് നടന്നു .അവള്‍ ദൂരത്തേക്കു നോക്കി നിന്നു .തണുത്ത കാറ്റ് അവളുടെ ദേഹമാസകലം തഴുകിയപ്പോള്‍ ശരീരത്തിലെ രോമകൂപങ്ങള്‍ എഴുനേറ്റ് നില്‍ക്കുന്നത് അവള്‍ അറിഞ്ഞു .ഈ ഇടെ ആയി തന്‍റെ ശരീരം എന്തൊക്കയാ ആഗ്രഹിക്കുന്നതായി അവള്‍ക്ക് അനുഭവപെടുന്നുണ്ടായിരുന്നു .അപ്പോഴൊക്കെയും അവള്‍ക്ക് ദാഹം അധികരിച്ചു കൊണ്ടിരുന്നു .സൂര്യകിരണങ്ങള്‍ ഭൂമിക്ക് പ്രകാശമേകാന്‍ തിടുക്കം കൂട്ടുന്ന കാഴ്ച അവള്‍ അല്‍പനേരം നോക്കി നിന്നു .പത്രവുമായി വന്ന ചെറുക്കന്‍ സൈക്കിളില്‍ നിന്നും ഇറങ്ങാതെ തന്നെ ഇരുമ്പു ഗൈറ്റ് തളളി തുറന്ന് വന്ന് ഉമ്മറത്തേക്ക് പത്രം എറിഞ്ഞ് തിടുക്കത്തില്‍ തിരികെ പോയി .പത്രം എടുത്തു മറിച്ച് വാര്‍ത്തകള്‍ നോക്കിയ അവളുടെ മനസ് വല്ലാതെ അസ്വസ്ഥമായി .നാലു വയസ്സുള്ള ബാലികയെ രണ്ടു യുവാക്കള്‍ പീഡിപ്പിച്ച് കൊലപെടുത്തി ,എണ്‍പത് വയസ്സുള്ള സ്ത്രീയെ ബലാല്‍സംഗം ചെയ്ത് തലയ്ക്കു ഗുരുതരമായി പരിക്ക് ഏല്പിച്ചു ,ബസ് കാത്തു നിന്നിരുന്ന സ്ത്രീയുടെ താലി മാല പൊട്ടിച്ച് യുവാക്കള്‍ മുങ്ങി ,കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി ,തലവാചകങ്ങള്‍ വായിച്ചപ്പോള്‍ തുടര്‍ന്ന് പത്രം വായിക്കുവാന്‍ അവള്‍ക്കായില്ല .അവള്‍ തിരിഞ്ഞു നടന്നപ്പോള്‍ അമ്മ അടുക്കളയില്‍ നിന്നും പറയുന്നുണ്ടായിരുന്നു .
,, മോളെ ഇവിടെ വന്ന് ഈ കാപ്പി എടുത്ത് കുടിക്കൂ ,,
അവള്‍ അടുക്കളയില്‍ പോയി കാപ്പി എടുത്തുകൊണ്ട് കിടപ്പ് മുറിയിലേക്ക് തന്നെ നടന്നു .അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന പതിവൊന്നും അവള്‍ക്ക് ഇല്ലായിരുന്നു .പ്രാതല്‍ കഴിച്ച് ജോലിക്ക് പോകുവാന്‍ സമയമായപ്പോള്‍ അമ്മയോട് യാത്ര പറഞ്ഞ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു .ബസില്‍ ഇന്നും അയാള്‍ ഉണ്ടായിരുന്നു .കുറെയേറെ നാളുകളായി അയാള്‍ തന്നെ പിന്തുടരുന്നുണ്ട് .അവള്‍ ജോലി നോക്കുന്ന സ്ഥാപനത്തിന് അടുത്ത് തന്നെയാണ് അയാളും ജോലി നോക്കുന്നത് .അയാള്‍ക്ക് തന്നോട് എന്തൊക്കയോ പറയുവാനുണ്ട് എന്ന് അയാളുടെ നോട്ടത്തില്‍ നിന്നും അവള്‍ മനസിലാക്കി അതുകൊണ്ടുതന്നെ അവള്‍ അയാളില്‍ നിന്നും ഒഴിഞ്ഞുമാറി നടന്നു .ബസ് ഇറങ്ങി തിടുക്കത്തില്‍ നടക്കുമ്പോള്‍ അയാളും തിടുക്കത്തില്‍ അവളുടെ പുറകെ നടന്നു .അവളുടെ മുന്‍പിലേക്ക് തിടുക്കത്തില്‍ നടന്നുകൊണ്ട് അയാള്‍ പറഞ്ഞു .
,,എനിക്ക് അല്പം സംസാരിക്കണം ദയവുചെയ്ത് നില്‍ക്കൂ ,,
അവള്‍ മറുപടി പറയാതെ അയാളെ നോക്കി ആറടിയോളം ഉയരമുള്ള വെളുത്ത സുമുഖനായ ചെറുപ്പക്കാരന്‍ .അവള്‍ നടത്തം സാവധാനമാക്കി
,, ഞാന്‍ റോയി മാത്യു ഇയാളെ കുറിച്ചൊക്കെ എനിക്ക് അറിയാം ,,
അയാള്‍ ഒരു തുണ്ട് കടലാസ് അവളുടെ നേര്‍ക്ക് നീട്ടികൊണ്ട് പറഞ്ഞു .
,, ഇത് എന്‍റെ മൊബൈല്‍ നമ്പര്‍ സമയം ലഭിക്കുമ്പോള്‍ എനിക്ക് വിളിക്കൂ എനിക്ക് പറയുവാനുള്ളത് ഞാന്‍ അപ്പോള്‍ പറയാം ,,
അവള്‍ ആ തുണ്ട് കടലാസ് വാങ്ങി ഹാന്‍ഡ് ബാഗില്‍ നിക്ഷേപിച്ചു .
അവളുടെ മനസ് അസ്വസ്ഥമായി കൊണ്ടിരുന്നു ജോലിയിലൊന്നും ശ്രദ്ധിക്കുവാന്‍ അവള്‍ക്കായിരുന്നില്ല .അന്യമതസ്ഥനായ അയാള്‍ക്ക് എന്താവും തന്നോട് പറയുവാന്‍ ഉണ്ടാവുക എന്നറിയുവാന്‍ അവള്‍ ആകാംക്ഷാഭരിതയായി. ഒന്നുരണ്ടു വട്ടം മൊബൈല്‍ ഫോണ്‍ എടുത്ത് അയാള്‍ക്ക് വിളിച്ചു നോക്കുവാന്‍ മുതിര്‍ന്നതാണ് അപ്പോഴൊക്കെയും അവളുടെ ഹൃദയ മിടിപ്പിന്‍റെ വേഗത അധികരിക്കുന്നത് അവള്‍ അറിഞ്ഞു ഒപ്പം അവളുടെ കൈകള്‍ക്ക് വിറയലും അനുഭവപെട്ടു കൊണ്ടിരുന്നു .അന്ന് അവള്‍ അയാള്‍ക്ക് വിളിച്ചില്ല .അടുത്ത ദിവസം രണ്ടു കൂട്ടരും പെണ്ണ് കാണുവാന്‍ വന്നു .പതിവുപോലെ ജാതക കുറിപ്പുമായി പോയി അമ്മ വരുടെ മറുപടിക്കായി ആകാക്ഷയോടെ കാത്തിരുന്നു .അവള്‍ക്ക് അറിയാമായിരുന്നു വന്ന വിവാഹാലോചനകള്‍ രണ്ടും പ്രാവര്‍ത്തികമാകാന്‍ പോകുന്നില്ല എന്ന് ജാതകത്തില്‍ ചൊവ്വാദോഷം ഉള്ളവള്‍ വിവാഹിതയായാല്‍ ഭര്‍ത്താവിന് മരണം തന്നെ സംഭവിക്കാം .തന്നയുമല്ല ചെന്ന് കയറുന്ന വീട്ടില്‍ ഐശ്വര്യം ഉണ്ടാവില്ല .ചൊവ്വാദോഷം ഉള്ള ജാതകത്തിന് പൊരുത്തമുള്ള ജാതകം ഒത്തുകിട്ടുക എന്നത് അസാദ്യ മാണ് .അവള്‍ ഒത്തിരി നേരം കരഞ്ഞു തന്‍റെ ജീവിതം വിവാഹിതയാവാതെ ഒടുങ്ങും എന്ന ചിന്ത അവളെ അസ്വസ്ഥമാക്കി .
അത്താഴത്തിനുള്ള ഭക്ഷണം പാചകം ചെയ്യുവാന്‍ അമ്മ അടുക്കളയിലേക്ക് പോയപ്പോള്‍ അവള്‍ അയാള്‍ക്ക് വിറയാര്‍ന്ന കൈകളാല്‍ വിളിച്ചു .മറുതലയ്ക്കല്‍ അയാളുടെ ശബ്ദം .
,, ഞാന്‍ ഇന്നലെ വിളിക്കുമെന്ന് പ്രതീക്ഷിച്ചു എന്താ ഇന്നലെ വിളിക്കാതെയിരുന്നത് ,,
,, ഇന്നലെ വിളിക്കുവാന്‍ അവസരം ലഭിച്ചില്ല അമ്മ ഉണ്ടായിരുന്നു കൂടെ ,,
,, ഞാന്‍ ഇയാളെ വീക്ഷിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി ഇയാളെ കുറിച്ച് എനിക്ക് ഇപ്പോള്‍ എല്ലാം അറിയാം .ഞാന്‍ ഇയാളുടെ സൌഹൃദം ആഗ്രഹിക്കുന്നു .വിരോധം ഇല്ലാ എങ്കില്‍ ഞാന്‍ ഇടയ്ക്കൊക്കെ വിളിക്കാം ,,
അവര്‍ അന്ന് ഒരുപാട് നേരം സംസാരിച്ചു അത് ഒരു പുതിയ ബന്ധത്തിന്നുള്ള നാന്ദികുറിക്കലായിരുന്നു .വിശ്വാസങ്ങള്‍ക്ക് അതീതമായി ആഗ്രഹ സഫലീകരണത്തിനായുള്ള നേരെചൊവ്വേ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത ജീവിതം അന്യമാകുന്ന നിസഹായതയോടെ ജീവിക്കേണ്ടിവരുന്നവരില്‍ സംജാതമാകുന്ന വിധിയുടെ വേറൊരു മുഖം അന്ധവിശ്വാസങ്ങളും പേറി ജീവിക്കുവാന്‍ വിധിക്കപെടുന്ന അനേകം പേരില്‍ ജീവിത സാഹചര്യങ്ങളില്‍ വന്നുഭവിക്കുന്ന നേര്‍കാഴ്ചകള്‍ .
ശുഭം
rasheedthozhiyoor@gmail.com
ശുഭം
rasheedthozhiyoor@gmail.com