ചിന്താക്രാന്തൻ

Showing posts with label കഥ. അപശകുനം. Show all posts
Showing posts with label കഥ. അപശകുനം. Show all posts

23 October 2013

കഥ. അപശകുനം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്



          ഞാനൊരു തനി ഗ്രാമവാസിയാണ്. ഗ്രാമവാസിയായതില്‍ വളരെയധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു .വാര്‍ക്ക കെട്ടിടങ്ങളോട് താല്‍പര്യമില്ലാത്ത ഞാന്‍     അതുകൊണ്ടുതന്നെയാണ്   ഗ്രാമ വാസികള്‍ വാര്‍ക്ക വീടുകള്‍ പണിതുയര്‍ത്താന്‍  അന്യോന്യം മത്സരിക്കുമ്പോഴും  പുരാതനമായ മേല്‍കൂര  ഓടുകളാല്‍ മേഞ്ഞ   തറവാട് പൊളിക്കാതെ ഞാനും കുടുംബവും തറവാട്ടില്‍ തന്നെ വസിക്കുന്നത്. കുടുംബമെന്ന് പറഞ്ഞാല്‍ ഞാനും റിട്ടയര്‍ അദ്ധ്യാപകന്‍ ഗംഗാധരമേനോന്‍ എന്ന എന്‍റെ അച്ഛനും , അച്ഛന്‍റെ മാതാവ് ദാക്ഷായണിയമ്മയും, അനിയന്‍ ഉണ്ണികൃഷ്ണനും, അനിയത്തി കനകാംബികയും, അമ്മ..... അമ്മയെ കുറിച്ചാകും നിങ്ങള്‍ ചിന്തിക്കുന്നത് .കുടുംബാംഗങ്ങളെ പരിചയപെടുത്തുമ്പോള്‍ ആദ്യം പരിചയ പെടുത്തേണ്ടത് പെറ്റമ്മയെ തന്നെയാണെന്ന് എനിക്ക് നന്നായി അറിയാം .പക്ഷെ  അമ്മ ഈ ഭൂലോകത്ത് ഇന്ന്  ജീവിച്ചിരിക്കുന്നില്ല  എന്നത്  കൊണ്ട് തന്നെയാണ് അമ്മയെ കുറിച്ച് പറയാതെയിരുന്നത് .

അമ്മയ്ക്ക് എന്ത് അസുഖവും നിസാരമാണ് അങ്ങിനെ അസുഖം നിസാരമാക്കിയത് കൊണ്ടാണ് അമ്മയ്ക്ക് ഇഹലോകവാസം വെടിയേണ്ടിവന്നത്.കനക മോളെ പ്രസവിച്ചു എണ്‍പത്തിനാലാം ദിവസമായിരുന്നു അമ്മയുടെ മരണം .മഞ്ഞപ്പിത്തം പിടിപെട്ടു ദേഹമാസകലം മഞ്ഞനിറമായിട്ടും അമ്മ ആശുപത്രിയിലേക്ക് പോകുവാന്‍ കൂട്ടാക്കിയില്ല .   ആശുപത്രിയിലേക്ക് പോകുവാന്‍ പറയുന്നവരോട് അമ്മ പറയുമായിരുന്നു.

,,   അസുഖം മഞ്ഞപ്പിത്തമാ. ഇതിന് അലോപ്പതി ചികിത്സ ഫലിക്കില്ല. കീഴാര്‍ നെല്ലി അരച്ച് അകത്തേക്ക് സേവിച്ചാല്‍ അസുഖം മാറിക്കിട്ടും .കുഞ്ഞുനാളില്‍ എത്ര തവണ ഈ അസുഖം പിടി പെട്ടിരിക്കുന്നു .അന്നൊക്കെ കീഴാര്‍ നെല്ലി അരച്ച് പശുവിന്‍ പാലില്‍ അങ്ങ് സേവിക്കും. നാലാം ദിവസം ശരീരത്തിലെ മഞ്ഞ നിറം പൂര്‍ണ്ണമായും മാറികിട്ടും .എന്നെകൊണ്ടാവില്ല ആശുപത്രിയില്‍ പോയി കിടക്കാന്‍.,,

വേനല്‍ക്കാലമായത് കൊണ്ട്  വരണ്ടുണങ്ങിയ പാടശേഖരങ്ങളില്‍ നിന്നും കീഴാര്‍ നെല്ലി ചെടികള്‍ ലഭിച്ചില്ല. അമ്മ അസുഖത്തിന് കാര്യമായി മരുന്നുകള്‍ ഒന്നും തന്നെ കഴിച്ചിരുന്നില്ല എന്നതാണ് വാസ്തവം..അബോധാവസ്ഥയില്‍ ആയപ്പോഴാണ് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയത് .അപ്പോഴേക്കും രോഗം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു .ആശുപത്രിയില്‍ എത്തിയ  രണ്ടാം പക്കം അമ്മ മരണ പെട്ടു.
കൈകുഞ്ഞായ കനകത്തിന്‍റെ കാര്യത്തിലായിരുന്നു എല്ലാവര്‍ക്കും സങ്കടം.അച്ഛന്‍റെ ഒരു അകന്ന ബന്ധുവിന്‍റെ മകള്‍ ആ ഇടയാണ് പ്രസവിച്ചത് .അച്ഛന്‍ തന്‍റെ സങ്കടം ബോധിപ്പിക്കുവാന്‍ ബന്ധുവിന്‍റെ വീട്ടിലേക്ക് യാത്രയായി.പടിപ്പുര കടന്നപ്പോള്‍തന്നെ  ദൂരെ ഉമ്മറത്ത്  നേരിയതെടുത്ത് തറയില്‍ ഇരുന്ന് മുറത്തിലെ ധാന്യത്തിലെ കല്ല്‌ പറക്കുന്ന ബന്ധുവായ മദ്ധ്യവയസ്കയായ  സ്ത്രീയെ അച്ഛന്‍ കണ്ടു . അവരുടെ മകളാണ് പ്രസവിച്ച് കിടക്കുന്നത്. അവരുടെ അരികില്‍ പോയി അച്ഛന്‍ കാര്യം പറഞ്ഞു .

,, എന്‍റെ കുഞ്ഞിന്‍റെ അമ്മ ഈ ഇടെ മരണ പെട്ട വിവരം അറിഞ്ഞിരിക്കുമല്ലോ .എന്‍റെ മോള്‍ക്ക്‌ മുലപ്പാല്‍ കൊടുക്കുവാന്‍ ഇവിടെ പ്രസവിച്ചു കിടക്കുന്നയാള്‍ക്ക് കഴിയുമോ എന്നറിയാന്‍ വന്നതാ .,,

,,കഴിയുമോ എന്നോ  എന്താ ഗംഗാധര ഈ പറയുന്നേ ഞങ്ങള്‍ ഈ വിവരം അവിടെ വന്ന് പറയുവാന്‍ ഇരിക്കുകയായിരുന്നു.നിങ്ങളുടെ കുടുംബത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് ഞങ്ങള്‍ക്ക്.  ഗംഗാധരന്‍റെ അച്ഛന്‍ ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നിട്ടുണ്ട് അതൊന്നും ഈ ജന്മത്തില്‍ ഞങ്ങള്‍ക്ക് മറക്കുവാന്‍ ആവില്ല  ,,

അച്ഛന് സന്തോഷമായി .എന്നും അച്ഛന്‍  വിദ്യാലയത്തിലേക്ക്‌ പോകുമ്പോള്‍  കനകത്തെ അവരുടെ വീട്ടില്‍ ഏല്‍പ്പിക്കും. തിരികെ പോരുമ്പോള്‍ കനകത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയും  ചെയ്യും .രാത്രിയില്‍ കനകം മുലപ്പാലിനായി കരയുമ്പോള്‍ കൊടുക്കുവാന്‍ പിഴിഞ്ഞെടുത്ത മുലപ്പാല്‍ കുപ്പിയിലാക്കി നല്‍കുമായിരുന്നു  .  മൂന്നാമത്തെ കുഞ്ഞിനെയാണ് ചേച്ചി പ്രസവിച്ചു കിടന്നിരുന്നത് ആ ചേച്ചിക്ക് മൂന്നും ആണ്‍ കുഞ്ഞുങ്ങളായിരുന്നു .പെണ്‍കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടപെടുന്ന ചേച്ചിക്ക് പെണ്‍ കുഞ്ഞുങ്ങള്‍ പിറക്കാത്തത് കൊണ്ട് കനകത്തെ അവര്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു .വിദ്യാലയത്തില്‍ നിന്നും വന്നാല്‍ എന്‍റെ പ്രധാന വിനോദം കനകത്തെ കളിപ്പിച്ചിരിക്കലാണ് .

തൊണ്ണൂറാം ദിവസം..... ചേച്ചി ഭര്‍ത്താവിന്‍റെ ഒന്‍പതു കിലോമീറ്ററോളം ദൂരെയുള്ള  വീട്ടിലേക്ക് പോകേണ്ട ദിവസം .കനകത്തെയായി ചെന്ന അച്ഛനോട് ചേച്ചി പറഞ്ഞു .

,, ഇന്ന് ഞാന്‍ മക്കളുടെ അച്ഛന്‍റെ വീട്ടിലേക്ക് പോകുകയാണ് .കനകത്തെ ഞാന്‍ എന്‍റെ കൂടെ കൊണ്ടുപോയ്ക്കോട്ടേ .എന്‍റെ സ്വന്തം കുഞ്ഞിനെപോലെ ഇവളെ ഞാന്‍ വളര്‍ത്തും .,,

മനസ്സില്ലാമനസ്സോടെ അച്ഛന്‍ സമ്മതിച്ചു. വിദ്യാലയത്തില്‍ നിന്നും വന്ന ഞാന്‍ കനകത്തെ കാണാതെ ബഹളം വെച്ചു.ഞാനും  അനിയന്‍ ഉണ്ണിയും കരഞ്ഞ് നിരാഹാരസമരമിരുന്നത് കൊണ്ട് രാത്രീ ഒന്‍പതു മണിക്ക് ശേഷം വാഹനം വരുത്തി ഞങ്ങളെ കനകത്തിന്‍റെ അരികിലേക്ക് കൊണ്ട് പോയി .അവിടെയെത്തിയ അച്ഛന്‍റെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ കനകത്തെ കാണുവാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് തോന്നി.എന്നേയും ഉണ്ണിയേയും എന്നും അച്ഛന്‍ കനകത്തിന്‍റെ അരികിലേക്ക് കൊണ്ട് പോകും  .ചേച്ചിയുടെ ഭര്‍ത്താവ് പട്ടാളക്കാരനായിരുന്നു .ഇടയ്ക്കൊക്കെ അയാള്‍ നാട്ടില്‍ വന്നുപോയി കൊണ്ടിരുന്നു. രണ്ടു വയസ്സ് വരെ കനകത്തിന് മുലപ്പാല്‍ നല്‍കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പക്ഷെ ആ ആഗ്രഹം നിറവേറിയില്ല .കനകത്തിന് ഏതാണ്ട് ഒന്നര വയസായപ്പോള്‍  അച്ഛനേയും ചേച്ചിയേയും കുറിച്ച് നാട്ടില്‍ അപവാദങ്ങള്‍ ആരൊക്കയോ ചേര്‍ന്ന് പറഞ്ഞുണ്ടാക്കി .ഈ വിവരം അച്ഛന്‍റെ ചെവിയില്‍ എത്തിയ ഉടനെതന്നെ കനകത്തെ അച്ചന്‍ തിരികെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോന്നു .കനകത്തെ കൊണ്ടുപോരുമ്പോള്‍ ,, എന്‍റെ മോളെ  കൊണ്ട് പോകരുതേ....,, എന്ന് പറഞ്ഞ് ചേച്ചി  നെഞ്ച് പൊട്ടി കരയുന്നുണ്ടായിരുന്നു.

,, ഇല്ലാ കഥകള്‍ നാട്ടിലെങ്ങും പാട്ടാണ് എനിക്ക് എന്‍റെ മോളെ കാണാതെയിരിക്കുവാന്‍ ആവില്ല  .എന്‍റെ മകള്‍ക്ക് വേണ്ടി നിങ്ങളുടെ ജീവിതം നശിക്കുവാന്‍ ഇട വരരുത് . ഞാന്‍ എന്‍റെ മോളെ കൊണ്ട് പോകുന്നു . ചെയ്തു തന്ന ഉപകാരങ്ങള്‍ മറക്കില്ല ഞാനും എന്‍റെ മക്കളും  ,,

പിന്നെ കനകം  അച്ഛമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്നു .ഇപ്പോള്‍ കാലം ഒത്തിരിയൊത്തിരി കഴിഞ്ഞൂട്ടോ .അദ്ധ്യാപകന്‍റെ മകന്‍ അദ്ധ്യാപകന്‍ ആവണം എന്നാണല്ലോ ചൊല്ല് .അച്ചന്‍ ഹൈസ്കൂള്‍ അദ്ധ്യാപകനാ,  ഞാനും  ആയി അദ്ധ്യാപകന്‍.  എല്‍ പി സ്കൂളിലെ  അദ്ധ്യാപകന്‍ ആണെന്ന് മാത്രം  . ഉണ്ണി പട്ടണത്തിലെ കലാലയത്തില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്നു . കനകം പത്താം തരം  കഴിഞ്ഞ് പരീക്ഷാഫലം കാത്തിരിക്കുന്നു  .അച്ഛമ്മയ്ക്ക് ഇപ്പോള്‍ തിമിരത്തിന്‍റെ അസ്ഥിരതയുണ്ട് .ക്ഷേത്രത്തില്‍ പോകുമ്പോള്‍ കനകം അച്ഛമ്മയുടെ കൈപിടിച്ചു കൊണ്ട് പോകും .അച്ഛമ്മയെ പരിപാലിക്കലാണ് കനകത്തിന്‍റെ ഇപ്പോഴത്തെ പ്രധാന ജോലി .

 പി എസ് സി എഴുതി ലഭിച്ച  അദ്ധ്യാപക   ജോലി അങ്ങ് ഇടുക്കിയിലെ മലയോര ഗ്രാമത്തിലായി പോയി .തോട്ടം തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഒരു എല്‍ പി സ്കൂള്‍.ബസ്സിറങ്ങി മൂന്ന് കിലോമീറ്ററില്‍ കൂടുതല്‍ നടന്നാലെ സ്കൂളില്‍ എത്തിച്ചേരുവാന്‍ കഴിയൂ .വെള്ളിയാഴ്ച അദ്ധ്യാപനം  കഴിഞ്ഞാല്‍ ഞാനിങ്ങു വീട്ടിലേക്ക് പോരും .തിരികെ പോരുന്നത് തിങ്കളാഴ്ച പുലര്‍ച്ചയും .ഓരോ ആഴ്ചയും വീട്ടിലേക്ക് ചെല്ലുമ്പോള്‍ കനകത്തിന് വാങ്ങിക്കേണ്ട സാധനങ്ങളുടെ ലീസ്റ്റ് പോകുമ്പോള്‍ തന്നെ എന്നെ ഏല്‍പ്പിക്കും .കുപ്പിവളകള്‍ കണ്മഷി റിബണ്‍ ചാന്ത് അങ്ങിനെയുള്ള സാധനങ്ങളുടെ ലിസ്റ്റ് ആണ് കേട്ടോ .ഞാന്‍ തിടുക്കത്തില്‍ വീട്ടിലേക്ക് പോകുന്നത് കനകത്തെയായി സമയം ചിലവഴിക്കാനാ .വായാടിയാ കനകം ഏത് നേരവും സംസാരിച്ചുകൊണ്ടിരിക്കും.

അച്ഛന്‍റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക് ശെരിക്കും സങ്കടം തോന്നും .അമ്മയുടെ മരണശേഷം മറ്റൊരു വിവാഹത്തിന് അച്ഛന്‍ മുതിര്‍ന്നില്ല .കുടുംബാംഗങ്ങള്‍ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ അച്ഛന്‍ അവരോട് പറയുമായിരുന്നു  .

,,എന്‍റെ മക്കള്‍ക്ക്‌ അവരുടെ അമ്മയെ പോലെ ഒരു സ്ത്രീയെ നല്‍കുവാന്‍ എന്നെ കൊണ്ട് ആവില്ല .കാരണം അവള്‍ക്ക് പകരംവെക്കാന്‍ ഈ ഭൂലോകത്ത് ആരും തന്നെ ഉണ്ടാവില്ല .,,

അച്ഛനിപ്പോള്‍ റിട്ടയറായി വീട്ടില്‍ തന്നെ ഒതുങ്ങികൂടുന്നു.നേരംപോക്കിനായി  പുരയിടത്തില്‍ കൃഷി തോട്ടം ഒരുക്കി പരിപാലിക്കുന്നു .ഞാന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ എത്തിച്ചേരുവാന്‍ നാല് ബസ്സ് കയറിയിറങ്ങണം .ഒരു കിലോമീറ്ററോളം നടന്നാല്‍ വീടിനടിത്തുള്ള ബസ്സ്റ്റോപ്പില്‍ എത്താം .പുലര്‍ച്ചെ അഞ്ചുമണിക്കുള്ള ബസില്‍ പോയാലെ അദ്ധ്യാപനം തുടങ്ങുന്നതിനു മുന്‍പ് വിദ്യാലയത്തില്‍ എത്തുവാന്‍ കഴിയുകയുള്ളൂ .കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ നിന്നും യാത്രയ്ക്കായി  പുറപ്പെട്ടപ്പോള്‍ അപശകുനം പോലെ ഒരു കറുത്ത പൂച്ച പാതയ്ക്ക് കുറുകെ ഓടി .അപ്പോള്‍ തന്നെ എന്തോ വല്ലായ്ക മനസ്സില്‍ അനുഭവപെട്ടു .രാവിലെ ബസ്റ്റോപ്പില്‍ പതിവായി ചിലര്‍ ഉണ്ടാകും അവരില്‍ ഭൂരിഭാഗം പേരും  ഇരുപത്തഞ്ചു വയസിനു താഴെയുള്ള ചെറുപ്പക്കാരാണ്  . പത്ര എജന്‍സിയുടെ ഉടമ വറീത് മാപ്പിള  പ്രായാധിക്യം വകവെക്കാതെ ഓരോരുത്തര്‍ക്കും വിതരണം ചെയ്യുവാനുള്ള പത്രങ്ങള്‍ വീതിച്ചുനല്‍കും .

ബസ്റ്റൊപ്പിനോട് ചേര്‍ന്ന് നാണു അമ്മാവന്‍റെ ചായപീടികയുണ്ട് .സ്ഥിരമായി നേരം പുലരുന്നതിന് മുന്‍പ്തന്നെ ചായ കുടിക്കുവാന്‍ വരുന്ന അനവധി പേരുണ്ട്.ചായകുടിയും പത്രവായനയുമാണ് അവിടെ പ്രധാനം .വാര്‍ത്തകളെ കുറിച്ച് സമഗ്രമായ ചര്‍ച്ചതന്നെ അവിടെ നടക്കും.  ബസ്‌ കയറുന്നതിന് മുന്‍പ് കടുപ്പത്തിലൊരു ചായ കുടിയും അരമണിക്കൂറില്‍ കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന  പതിവ് എനിക്കുണ്ട് .ഞാന്‍ ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബസ്‌റ്റോപ്പില്‍ പതിവായി കാണാത്ത ഒരു സുമുഖനായ ചെറുപ്പക്കാരനെ കണ്ടു .ഷര്‍ട്ട് ഇന്‍ ചെയ്ത് ടൈ കെട്ടിയ അയാളെ കണ്ടപ്പോള്‍ നല്ല ഉദ്യോഗസ്ഥന്‍ ആണെന്ന് തോന്നിപ്പിച്ചു .അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എവിടെയോ കണ്ടുമറന്ന മുഖം പോലെ തോന്നിപ്പിച്ചു .ഞാന്‍ തിടുക്കത്തില്‍ ചായകുടിച്ച്‌ പതിവായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാതെ ചെറുപ്പക്കാരന്‍റെ അരികിലേക്ക് ചെന്നു .എന്നെ കണ്ടപ്പോള്‍ അയാള്‍ നമസ്കാരം പറഞ്ഞ്  എന്നോട് ചോദിച്ചു ?
,,ഇനി എപ്പോഴാ പട്ടണത്തിലേക്കുള്ള ബസ്‌ ,,
,,ഇരുപത് മിനുട്ട് കഴിഞ്ഞാല്‍ ഇത് വഴി പോകുന്ന ആദ്യത്തെ ബസ്‌ വരും ഞാനും ആ ബസിന് കാത്ത് നില്‍ക്കുകയാണ് .,,
അല്‍പനേരം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി പറഞ്ഞു .
,, ഗംഗാധരമേനോന്‍ മാഷിന്‍റെ മകനല്ലെ  കനകത്തിന്‍റെ വല്ല്യേട്ടന്‍ ,,
,, അതെ നിങ്ങള്‍ക്ക് എന്നെ എങ്ങിനെ അറിയാം ,,
,,   കനകം കുഞ്ഞായിരിക്കുമ്പോള്‍ എന്‍റെ അമ്മയാണ് കനകത്തെ ,,
അയാള്‍ വാക്കുകള്‍ മുഴുവിപ്പിക്കുന്നതിനു മുന്‍പ് ഞാന്‍ ഇടയില്‍ കയറി പറഞ്ഞു .
,, ഒത്തിരി നാളായില്ലെ കണ്ടിട്ട് എനിക്ക് പെട്ടന്ന് ആളെ മനസിലായില്ല .എന്താ അമ്മയുടെ വിശേഷങ്ങള്‍ ,,
,, അമ്മ കിടപ്പിലായിട്ട് ഒത്തിരിനാളായി അച്ഛന്‍ പട്ടാളത്തില്‍ നിന്നും വിരമിച്ചതിനു ശേഷം  മദ്യപിച്ച് സ്വയ ബോധം  ഇല്ലാതെ  എന്നും   വീട്ടില്‍ വന്ന്   അമ്മയുമായി വഴക്ക് പതിവായിരുന്നു .ഒരു ദിവസം വഴക്കിനിടയില്‍ അച്ഛനില്‍ നിന്നും അമ്മയ്ക്ക് നട്ടെല്ലിന് ഏറ്റ ക്ഷതം അമ്മയെ കിടപ്പിലാക്കി .ആ സംഭവത്തിന് ശേഷം അച്ഛന്‍ മദ്യപാനം ഒഴിവാക്കി അമ്മയെ പരിപാലിക്കുന്നു .ഇപ്പോള്‍ ഞങ്ങള്‍ക്ക് അച്ഛന്‍റെ സ്നേഹം ഞങ്ങള്‍ ആഗ്രഹിച്ചത്‌ പോലെ ലഭിക്കുന്നു പക്ഷെ അമ്മ ...,,
സ്വരം ഇടറിയ  അയാള്‍ക്ക് വാക്കുകള്‍ മുഴുവിപ്പിക്കാന്‍ കഴിഞ്ഞില്ല  .കണ്ണുനീര്‍ തുള്ളികള്‍ തുടച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു .
,, അമ്മാമ കുറച്ചു നാളായി ഞങ്ങളുടെ വീട്ടിലായിരുന്നു .ഇന്നലെ അമ്മാമയെ തിരികെ കൊണ്ടന്നാക്കാന്‍  ഞാന്‍  ഇവിടെ വന്നതാ .ഞാനിപ്പോള്‍ കൊച്ചിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിനോക്കുന്നു .ഇനി വെള്ളിയാഴ്ചയെ വീട്ടിലേക്ക് മടങ്ങുകയുള്ളൂ .അമ്മയ്ക്ക് കനകത്തെ ഒത്തിരി ഇഷ്ടമായിരുന്നു . എപ്പോഴും കനകത്തെ കുറിച്ച് അമ്മ സംസാരിക്കും .കനകത്തിന് അമ്മയെ ഓര്‍മ്മയുണ്ടോ ആവോ .അമ്മ കിടപ്പിലാകുന്നതിനു മുന്പ് ഇടയ്ക്കൊക്കെ കനകത്തിനെ കാണുവാന്‍ വിദ്യാലയത്തിലേക്ക് അമ്മ വരുമ്പോള്‍ അമ്മയ്ക്ക് കൂട്ടിന് ഞാന്‍ വരാറുണ്ട് .കനകം അറിയാതെ കനകത്തെ ഞങ്ങള്‍ വഴിയരികില്‍ നിന്നു വീക്ഷിക്കുമായിരുന്നു.  ഞാന്‍ നിങ്ങളുടെ വീട്ടിലേക്ക് വരുവാന്‍ ഇരിക്കുകയായിരുന്നു .കനകത്തെ ഒരു ദിവസം വീട്ടില്‍ക്ക്‌ പറഞ്ഞയക്കുമോ എന്നറിയാന്‍ .,,
,, കനകത്തിന് എല്ലാം അറിയാം അവള്‍ നിങ്ങളുടെ അമ്മയെ കാണുവാന്‍ വാശി പിടിക്കാറുണ്ട് അച്ഛന്‍ സമ്മതിക്കാറില്ല എന്നതാണ് വാസ്തവം.അമ്മയുടെ മുഖം കനകത്തിന് ഓര്‍മയില്ല പക്ഷെ കഥകള്‍ എല്ലാം അവള്‍ക്ക് അറിയാം  .അടുത്തയാഴ്ച ഞാന്‍ വരുമ്പോള്‍ അച്ഛനോട് വിവരങ്ങള്‍ പറഞ്ഞ് അനുവാദം വാങ്ങി കനകവുമായിതീര്‍ച്ചയായും    നിങ്ങളുടെ വീട്ടിലേക്ക്  വരും.,,

അന്ന്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു .മൊബൈല്‍ നമ്പര്‍ പരസ്പരം കൈമാറി .പട്ടണത്തില്‍ എത്തിയപ്പോള്‍ രണ്ടു പേരും രണ്ടു ദിക്കിലേക്കായത് കൊണ്ട് അന്ന് ഞങ്ങള്‍ പിരിഞ്ഞു  .ബസ്‌ ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് പോകുവാനുള്ള ബസ്‌ ബസ്റ്റാണ്ടില്‍ നില്‍പ്പുണ്ടായിരുന്നു .അയാള്‍ എന്നെ കൈവീശി യാത്രയാക്കി .ഞാന്‍ യാത്ര തുടര്‍ന്നു.
ആ അമ്മയുമായി ബന്ധം തുടരാതെയിരുന്നതില്‍ മനസ്സില്‍ കുറ്റബോധം തോന്നി.
ഏതാണ്ട് എട്ടരയോടെ  ബസ്‌ അടുത്ത  സ്റ്റാന്‍ഡില്‍ എത്തി.

 പത്ത്‌ മിനുട്ട് കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലേക്കുള്ള ബസില്‍ വീണ്ടും യാത്ര തുടര്‍ന്നു .ഒരു വിധം ബസില്‍ നില്‍ക്കുവാനുള്ള ഇടം ലഭിച്ചു എന്ന് പറയാം അത്രയ്ക്ക് തിരക്കായിരുന്നു ബസില്‍ .വിദ്യാലയത്തിലെ ഒട്ടുമിക്ക അദ്ധ്യാപകരും ഈ ബസിലാണ് വരുന്നത് .സ്ത്രീകളുടെ ഭാഗത്തെക്കായിരുന്നു എന്‍റെ നോട്ടം, അതിനൊരു കാരണവും ഉണ്ട് .ഞാന്‍ വിദ്യാലയത്തില്‍ ജോയിന്‍ ചെയ്ത ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എത്തിയ അദ്ധ്യാപികയോട് ഒരു അടുപ്പം തോന്നിയിരുന്നു . ബസിലെ തിരക്കുമൂലം മുന്‍ഭാഗത്തേക്കുള്ള നോട്ടം എത്തിയില്ല .മലയോര പ്രദേശമായത് കൊണ്ടും ദുര്‍ഘടമായ പാതയായതുകൊണ്ടും വളരെ പതുക്കെയാണ് ബസ്‌ നീങ്ങികൊണ്ടിരുന്നത് .സര്‍ക്കാരിന്‍റെ ഔദാര്യം കൊണ്ട് നയാപൈസ കൊടുക്കാതെ ലഭിച്ച ജോലിയായത് കൊണ്ടും,  ഇതൊക്കെ സഹിക്കാതെ മറ്റു നിര്‍വാഹമില്ല എന്നത് കൊണ്ടും .ബസിനകത്ത് ക്ഷമയോടെ വളരെയധികം പ്രയാസപെട്ടു ഞാന്‍ നിന്നു .

ബസിറങ്ങിയപ്പോള്‍ ഞാന്‍ തേടിയിരുന്ന മുഖം കണ്ടു .അല്‍പം മാറി ഞാന്‍ നിന്നു .അവള്‍ നടക്കുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവളുടെ പുറകെ നടന്ന് ചോദിച്ചു .
,, എന്താ റ്റീച്ചറെ വീട്ടിലെ വിശേഷങ്ങള്‍ ,,
,, അമ്മയും അനിയത്തിയും തനിച്ചാണ് വീട്ടില്‍ . കഴിഞ്ഞ ആഴ്ച ഞാന്‍ പോന്നതിനു ശേഷം അനിയത്തിയോട് ഒരുത്തന് വല്ലാത്ത പ്രേമം, ശല്ല്യം സഹിക്കാതെയായപ്പോള്‍ അനിയത്തി എന്നോട് വിവരം പറഞ്ഞു .ഞാനും നാട്ടിലെ ചിലരും ചേര്‍ന്ന്‍ അവന്‍റെ വീട്ടിലേക്ക് അങ്ങ് ചെന്നു .ഞങ്ങളെ കണ്ടതും പയ്യന്‍ ശെരിക്കും പേടിച്ചുപോയി .പ്രേമം എന്ന് പറഞ്ഞ് അനിയത്തിയുടെ പുറകെയെങ്ങാനും ഇനി നടന്നാല്‍  ശെരിയ്ക്കും വിവരമറിയും എന്ന് ഞങ്ങള്‍ പറഞ്ഞു .പക്ഷെ പയ്യന്‍ നല്ല ഒന്നാംതരം തറവാട്ടില്‍ പിറന്നവനാ .തിരികെ പോരുവാന്‍ നേരം ഞാന്‍ അവനോടു പറഞ്ഞു .പഠിച്ച് നല്ല ഉദ്ധ്യോഗസ്ഥനായിട്ടു വീട്ടില്‍ വന്ന് പെണ്ണ് ചോദിക്കുവാന്‍ .,,

എനിക്ക് റ്റീച്ചറുടെ സംസാരം കേട്ടപ്പോള്‍ ചിരിക്കാതെയിരിക്കുവാന്‍ കഴിഞ്ഞില്ല .
,, നല്ല കഥയായി പോയി അനിയത്തിയെ ശല്ല്യം ചെയ്തവനെ ഭീഷണി പെടുത്തുവാന്‍ പോയവര്‍ അനിയത്തിക്ക്  കല്ല്യാണം ആലോചിച്ചു തിരികെ പോന്നോ ,,
,, എനിയ്ക്ക് അവനെ നേരില്‍  കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി മാഷെ..... . അവന് അനിയത്തിയോടുള്ള സ്നേഹം ആത്മാര്‍ത്ഥമാണെന്ന് . മാഷിന്‍റെ വീട്ടിലെ വിശേഷങ്ങള്‍ എന്തൊക്കെയാണ്. കനകത്തിന് സുഖം തന്നെയല്ലെ ,,
,,എല്ലാവരും സുഖമായിരിക്കുന്നു .,,
ഞങ്ങള്‍ വിദ്യാലയത്തില്‍ എത്തുന്നത് വരെ സംസാരം തുടര്‍ന്നു .മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത അനുഭവപെട്ടു .ആ അമ്മയുടെ മുഖമായിരുന്നു .മനസ്സ് നിറയെ അവര്‍ കനകത്തിനെ കാണുവാന്‍,  കനകം അറിയാതെ വരാറുണ്ടെന്ന വിവരം അറിഞ്ഞതില്‍ പിന്നെ തുടങ്ങിയ അസ്വസ്ഥത അതെപടി മനസ്സില്‍ നിലകൊണ്ടു .കനകത്തിനെ വിളിച്ചു കാര്യം പറഞ്ഞാല്‍  ഒരു പക്ഷെ അവരുടെ അരികില്‍ ഇന്ന് തന്നെ പോകണം എന്ന് കനകം വാശി  പിടിക്കും എന്ന ഭയം മൂലം കനകത്തിനെ വിളിച്ചില്ല .പകരം അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു .അല്‍പം നേരം കഴിഞ്ഞപ്പോള്‍ അച്ഛന്‍ എനിയ്ക്ക് തിരികെ വിളിച്ചു പറഞ്ഞു .
,, ഞങ്ങള്‍ അവിടെ  നാളെ പോകുവാന്‍ തീരുമാനിച്ചിട്ടുണ്ട് .മക്കളെ ഞാന്‍ അവരുടെ അരികില്‍ പോകുന്നത് വിലക്കിയത് അവര്‍ക്ക് വേണ്ടിയാ ....അവരുടെ നല്ല ഭാവിക്ക് വേണ്ടിയാ .പക്ഷെ ഇപ്പോള്‍ അതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു .,,
അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  എന്‍റെ കണ്ണുകള്‍ നിറഞ്ഞു .അച്ഛന്‍ തന്നെ കനകത്തെ അവരുടെ അരികിലേക്ക് കൊണ്ട് പോകും എന്ന് ഞാന്‍ ഒട്ടും നിനച്ചിരുന്നില്ല .

അദ്ധ്യാപനം കഴിഞ്ഞ് വിദ്യാലയത്തില്‍ നിന്നും അല്‍പമകലെയുള്ള വാടക വീട്ടില്‍ എത്തി കുളികഴിഞ്ഞ് ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കിടപ്പ് മുറിയില്‍ വെച്ചിരുന്ന  മൊബൈല്‍ഫോണ്‍   റിങ്ങ് ചെയ്യുന്നത് കേട്ടു .ഞാന്‍ കിടപ്പ് മുറിയിലേക്ക് എത്തുമ്പോഴേക്കും റിങ്ങ് ചെയ്യുന്നത് നിലച്ചിരുന്നു . മൊബൈല്‍ഫോണ്‍ എടുത്ത് നമ്പര്‍ നോക്കിയപ്പോള്‍ രാവിലെ പരിചയ പെട്ട ആ അമ്മയുടെ മകന്‍റെ നമ്പര്‍ .തിരികെ അയാള്‍ക്ക്‌ വിളിക്കുവാന്‍ നോക്കിയപ്പോള്‍ കാള്‍ പോകുന്നുണ്ടായിരുന്നില്ല .തിടുക്കത്തില്‍ പാചകം ചെയ്തിരുന്നത് തീര്‍ത്ത്‌ മൊബൈല്‍ഫോണ്‍ എടുത്ത് പുറത്തേക്ക് ഇറങ്ങി കാള്‍ ചെയ്തപ്പോള്‍ കിട്ടി .അങ്ങേ തലയില്‍ നിന്നും ശബ്ദം
  ,, ഹലോ ഞാന്‍ രാവിലെ പരിചയ പെട്ടില്ലെ ,,
,,   മനസ്സിലായി യാത്ര സുഖമായിരുന്നില്ലെ ഞാന്‍ വിളിക്കണം എന്ന് കരുതിയതാ ,,
,,സുഖമായിരുന്നു .ഞാന്‍ ഇന്നു തന്നെ വീട്ടിലേക്ക് തിരികെ പോകുന്നു . യാത്രയിലാണ് ഇപ്പോള്‍ .അമ്മയ്ക്ക് ദീനം അല്‍പം കൂടുതലാണ് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളിച്ചിരുന്നു .,,
,, പോയി വരൂ അമ്മയോട് എന്‍റെ അന്വേഷണം പറയണം പിന്നെ നാളെ കനകവും അച്ഛനും നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട് .,,
,,  ഉവ്വോ അച്ഛനും കൂടി വരുന്നുണ്ടെന്ന് അറിഞ്ഞതില്‍ വളരെയധികം  സന്തോഷം ,,

   അയാളുമായി സംസാരിച്ചതിന് ശേഷം ഞാന്‍ കനകത്തിന് വിളിച്ചു .ആ അമ്മയ്ക്ക് ദീനം കൂടുതലാണ് എന്ന വിവരം കനകത്തിനോട് പറഞ്ഞില്ല .കാരണം കനകത്തിന് അവരുടെ അരികിലേക്ക്‌ എത്തുവാന്‍ അത്രയ്ക്ക് തിടുക്കമുണ്ടായിരുന്നു .
,, ഏട്ടാ ഞാന്‍ ഇന്ന് തന്നെ അമ്മയുടെ അരികിലേക്ക് പോകണം എന്ന് അച്ഛനോട് പറഞ്ഞതാ അച്ഛന്‍ സമ്മതിച്ചില്ല, ഞാന്‍ നാളെ അവിടെ എത്തിയാല്‍ ഒരാഴ്ച കഴിഞ്ഞേ തിരികെ പോരുകയുള്ളൂ .മുത്തശ്ശിയെ ഒരാഴ്ച അച്ഛന്‍ നോക്കിക്കോളും .,,
,, ഞാന്‍ അത് പറയുവാനിരിക്കുകയായിരുന്നു.അവര്‍ കിടപ്പിലല്ലേ സ്വന്തമായി അവര്‍ക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതല്ലെ.ഏട്ടന്‍ അടുത്തയാഴ്ച  വരുമ്പോള്‍ അവിടെ വരാം .,,

കനകത്തിനെയായി സംസാരിച്ചതിന് ശേഷം വേഷം മാറി വീട് പൂട്ടി പ്രധാന അദ്ധ്യാപകന്‍റെ വീട്ടിലേക്ക് പോയി അവിടെ അല്‍പനേരം സംസാരിച്ചിരുന്നു .അവിടെ ധാരാളം പുസ്തകങ്ങള്‍ ഉണ്ട്. അവയില്‍ അധികവും കഥകളും നോവലുകളുമാണ്. പതിവായി പുസ്തകങ്ങള്‍ അവിടെ നിന്ന് എടുക്കുകയും വായന കഴിഞ്ഞാല്‍ അവ തിരികെ കൊടുക്കയും ചെയ്യുന്നത് കൊണ്ട് മാഷ്‌ എനിക്ക്  പുസ്തകങ്ങള്‍ നല്‍കാറുണ്ട് .പദ്മശ്രീ വൈക്കം മുഹമ്മത് ബഷീറിന്‍റെ ലഭ്യമാകുന്ന എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട് .ഇന്ന് ഞാന്‍ .....വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ച  സ്ഥലത്തെ പ്രധാന ദിവ്യന്‍ ,മരണത്തിന്‍റെ നിഴലില്‍ ,എന്ന രണ്ടു പുസ്തകങ്ങള്‍ വീണ്ടും വായിക്കുവാനായി  എടുത്തുകൊണ്ടുവരികയും, എട്ടുമണി യോട് കൂടി ഭക്ഷണം കഴിച്ച് മരണത്തിന്‍റെ നിഴലില്‍ എന്ന പുസ്തകം വായിക്കുവാന്‍ തുടങ്ങി  അല്‍പം കഴിഞ്ഞപ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു.മെത്തയില്‍ നിന്നും എഴുന്നേറ്റ്  കാള്‍ എടുത്തപ്പോള്‍ ആ അമ്മയുടെ മകന്‍റെ ശബ്ദം, അയാള്‍ കരയുന്നത് പോലെ എനിക്ക് തോന്നി. ഒപ്പം ആരൊക്കയോ കരയുന്നത് പോലെ... ഇത് വരെ ഫോണിലൂടെ കേള്‍ക്കാത്ത ശബ്ദങ്ങള്‍. അല്ലെങ്കില്‍ നാം ആരും കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്ത രോദനങ്ങള്‍ ആണെന്ന് പറയുന്നതാവും ശെരി. അല്‍പസമയം കഴിഞ്ഞപ്പോള്‍ അയാളുടെ ശബ്ദം
,, അമ്മ അമ്മ പോയി മാഷെ ഞാന്‍ ഇവിടെ എത്തുന്നതിനു മുന്പ് തന്നെ അമ്മ പോയി ,,
അയാളുടെ വാക്കുകള്‍  കേട്ടപ്പോള്‍  എന്‍റെ കാല്‍ പാദങ്ങളില്‍ നിന്നും ശിരസിലേക്ക് എന്തോ ഒരു പ്രഹരം ഏറ്റത് പോലെ അനുഭവപെട്ടു . കൈകാലുകള്‍ മരവിച്ചത്‌ പോലെ മൊബൈല്‍ഫോണ്‍ കയ്യില്‍നിന്നും നിന്നും ഊര്‍ന്നുവീണു .മെത്തയിലേക്ക് കിടക്കുവാനോ മെത്തയില്‍ നിന്നും എഴുന്നേല്‍ക്കുവാനോ  കഴിയാതെ ഞാന്‍ ആ ഇരുപ്പ് ഒരു പാട് നേരം ഇരുന്നു . ഞാന്‍ ഓര്‍ക്കുകയായിരുന്നു എന്തിനാണ് ആ അമ്മയുടെ മകനെ ഇന്ന് കാണുവാന്‍ ഇടയായത് അനേകം വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ അമ്മയെ ഓര്‍ക്കുവാന്‍ അവസരം ഉണ്ടാകുകയും, എത്രയും പെട്ടന്നുതന്നെ ആ അമ്മയെ നേരില്‍ കാണുവാന്‍ മോഹമുദിക്കുകയും, അവരുമായുള്ള  ബന്ധം ഉപേക്ഷിച്ചതില്‍ ദുഖിക്കുകയും ചെയ്തത് .കനകത്തിനെ മുലയൂട്ടാന്‍ അവരുടെ അരികില്‍ പോയിരുന്ന കാലത്ത് ഞാനും ആ സ്ത്രീയെ അമ്മയുടെ സ്ഥാനത്തല്ലെ കണ്ടിരുന്നത് .അമ്മയെ എന്നെന്നേക്കുമായി നഷ്ട്ടപെട്ട ഞാന്‍  മോനേ എന്ന  വിളിയോടെ  അവരുടെ തലോടല്‍  ഒരുപാട് ആഗ്രഹിച്ചിരുന്നില്ലേ.ആ കാലത്ത്  ഒരു പാട് സ്നേഹം നല്‍കിയ അവരെ ഓര്‍ക്കുക പോലും ചെയ്യാതെയിരുന്നത് വലിയ തെറ്റായിപ്പോയി  എന്നുള്ള കുറ്റബോധം എന്നെ വല്ലാതെ ദുഖിതനാക്കി .

സ്തംഭനാവസ്ഥയില്‍ നിന്നും മുക്തനായപ്പോള്‍ കട്ടിലിനടുത്ത് സ്റ്റൂളില്‍ വെച്ചിരുന്ന കൂജയിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു .എന്നിട്ടും ദാഹം തീരാത്തത് പോലെ തൊണ്ട വരണ്ടുണങ്ങിയ പ്രതീതി വീണ്ടും ഉളവാക്കി.ജീവിതത്തില്‍ ഇന്നേവരെ അനുഭവിക്കാത്ത മാനസീക  അവസ്ഥ .എല്ലാം ഒരു  സ്വപ്നമാണോ ......അല്ലെങ്കില്‍ത്തന്നെ ഇങ്ങനെയൊരു അനുഭവം വളരെ വിരളമല്ലേ ഉണ്ടാവുകയുള്ളൂ .രാവിലെ തന്നെ ആ അമ്മയുടെ ഭൌതികശരീരത്തിനരികില്‍ എത്തണം. ആ ചിന്തയില്‍  വിഷമ വൃത്തത്തിലായ മനസ്സുമായി ഞാന്‍ വീണ്ടും   ഉറങ്ങുവാനായി തുനിഞ്ഞപ്പോള്‍ , രാവിലെ വീട്ടില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ വഴിയില്‍ കണ്ടതുപോലെയുള്ള  കറുത്ത പൂച്ച കരഞ്ഞുകൊണ്ട്കിടപ്പുമുറിയിലെ   തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക്‌ ചാടിപ്പോയി .ആത്മാക്കള്‍ ഇഷ്ടമുള്ളവരുടെ കൂടെ പല രൂപത്തില്‍ എപ്പോഴും കൂടെയുണ്ടാകും എന്ന ആരോ ഓതിതന്ന വാക്കുകള്‍ അപ്പോള്‍ മനസ്സില്‍ മിന്നിമറഞ്ഞു .ഞാന്‍ തിടുക്കത്തില്‍ ജാലകവാതിലുകള്‍ കൊട്ടിയടച്ച് മെത്തയിലേക്ക് ചാഞ്ഞ്‌ ഇമകള്‍ ഇറുക്കിയടച്ചു .  
                                                             
                                                                             ശുഭം
rasheedthozhiyoor@gmail.com