|
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
പുലര്‍കാലെ തുടങ്ങിയ മഴ ശമനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരുന്നു. സൂര്യന്‍റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് മേഘങ്ങളായി . മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ തന്നെ പതിക്കുന്ന പ്രതിഭാസത്തെ ക്കുറിച്ച് ഓര്‍ക്കുകയായിരുന്നു ജയലക്ഷ്മി .ഏഷ്യയില്‍ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ചിറാപുഞ്ചിയിലാണ് ചിറാപുഞ്ചി നിവാസികള്‍ ഭാഗ്യമുള്ളവര്‍ . രണ്ടാംസ്ഥാനം ദൈവത്തിന്‍റെ സ്വന്തം നാട്ടിലും .കോരിച്ചൊരിയുന്ന മഴ എത്ര നേരം നോക്കിനിന്നാലും ജയലക്ഷ്മിക്ക് കൊതി തീരില്ല .ഓടിട്ട മേല്‍ക്കൂരയില്‍ നിന്നും ഭൂമിയിലേക്ക് ശക്തിയായി പെയ്തിറങ്ങുന്ന മഴവെള്ളത്തിലേക്ക് ഇറയത്ത് നിന്ന് ജയലക്ഷ്മി രണ്ടു കൈത്തലങ്ങളും നീട്ടി നിന്നു .ശക്തിയേറിയ മഴവെള്ളം കൈതലങ്ങളില്‍ പതിക്കുമ്പോള്‍ ഒരു സുഖമുള്ള നോവ് അവള്‍ക്ക് അനുഭവപ്പെട്ടു .ശീതക്കാറ്റിനാല്‍ ശരീരമാകെ കിടുകിടുക്കുന്നുണ്ടായിരുന്നു . മഴ ആസ്വദിച്ചു നില്ക്കുമ്പോള്‍ ഇളയ സഹോദരി വിജയലക്ഷ്മി ജയലക്ഷ്മിയെ ഇറയത്ത് നിന്നും മഴയിലേക്ക് തളളി .അപ്രതീക്ഷിതമായ തള്ളലില്‍ ജയലക്ഷ്മിയുടെ ദേഹമാസകലം നനഞ്ഞു .അകത്തേക്ക് ഓടിയ സഹോദരിയുടെ പുറകെ ജയലക്ഷ്മി ഓടുന്നത് കണ്ടപ്പോള്‍ അമ്മ അടുക്കളയില്‍ നിന്നും പറഞ്ഞു .
,, നേരം പുലര്‍ന്നില്ല അപ്പോഴേക്കും തുടങ്ങിയോ രണ്ടും കൂടി വഴക്ക് .ഏതുനേരവും രണ്ടും കീരിയും പാമ്പും പോലെയായാല്‍ എന്താ ഞാന്‍ ചെയ്യുക എന്‍റെ ഈശ്വരാ .പെണ്‍കുട്ടികളായാല്‍ അടുക്കവും ഒതുക്കവും വേണം .....,,
പൂമുഖത്ത് നിന്നും കിടപ്പുമുറിയിലെ കട്ടിലിനു ചുറ്റും രണ്ടു വട്ടം ഓടി ഇടനാഴിയിലൂടെ വിജയലക്ഷ്മി അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കുന്ന അമ്മയുടെ പുറകില്‍ പോയി നിന്നു .വിജയലക്ഷ്മിയെ പിടിക്കുവാന്‍ കഴിയാതെ അരിശത്തോടെ ജയലക്ഷ്മി അമ്മയോട് പറഞ്ഞു .
,,ഇത് കണ്ടോ അമ്മേ .... അമ്മയുടെ പുന്നാര മോള് കാട്ടിയ പണി .എന്നെ മഴയിലേക്ക് ഇവള് തള്ളിയിട്ടു .ഞാനല്ലല്ലോ ഇവളോട് വഴക്കിനു പോയത് ,,
അരിശപ്പെട്ടു നില്‍ക്കുന്ന ജയലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി അമ്മ മന്ദഹാസത്തോടെ പറഞ്ഞു .
,, ചെറിയ കുട്ടികള്‍ ആണെന്നാ രണ്ട് പേരുടേയും വിചാരം .വസ്ത്രം നനഞ്ഞു..... അത്രയല്ലേയുള്ളൂ ,മോള് പോയി കുളിച്ച് വസ്ത്രം മാറി വന്നോള്ളൂ .,,
,, അമ്മയ്ക്ക് ഇവളോട് തന്നെയാണ് കൂടുതല്‍ ഇഷ്ടം .എന്നെ എന്ത് കാട്ടിയാലും അമ്മ ഇവളെ വഴക്ക് പറയുക പോലുമില്ല ,,
,, അമ്മയ്ക്ക് രണ്ടു മക്കളും ഒരുപോലെയല്ലേ ? നീയല്ലേ വയസ്സിന് മൂത്തത് നീല്ലേ അവളുടെ കുസൃതികള്‍ ക്ഷമിക്കേണ്ടത് ,,
കുളിപ്പുരയിലേക്ക് നടക്കുമ്പോള്‍ ജയലക്ഷ്മി സഹോദരിയോടായി പറഞ്ഞു .
,, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് .നീ എന്നെ നനയിച്ചത് പോലെ ഞാന്‍ നിന്നെ നനയിച്ചില്ലെങ്കില്‍ എന്‍റെ പേര് ജയലക്ഷ്മി എന്നല്ലാട്ടാ ...
ജയലക്ഷ്മിയുടെ അച്ഛന്‍ കൃഷ്ണനുണ്ണി മഹാരാഷ്ട്രയില്‍ റയില്‍വേ ഉദ്ദ്യോഗസ്ഥനാണ് അദ്ദേഹം ആറുമാസം കൂടുമ്പോഴാണ് അവധിക്ക് നാട്ടില്‍ വന്നുപോകുന്നത് .നാട്ടില്‍ വന്നാല്‍ കൂടിയാല്‍ ഇരുപതു ദിവസമേ നാട്ടില്‍ ഉണ്ടാവുകയുള്ളൂ .അമ്മ ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ മലയാളം അദ്ധ്യാപികയാണ് .സഹോദരി വിജയലക്ഷ്മി അതേ വിദ്യാലയത്തില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്നു .ജയലക്ഷ്മി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് . പട്ടണത്തിലെ കലാലയത്തിലേക്ക് ബസ്സ് കയറിപോകേണ്ടുന്നതിനാല്‍ വീട്ടില്‍ നിന്നും ആദ്യം യാത്രയാവുന്നത് ജയലക്ഷ്മിയാണ് .കുളികഴിഞ്ഞ് വന്നപ്പോഴേക്കും അമ്മ തയ്യാറാക്കിയ ഇഡലിയും സാംബാറും തീന്മേശയില്‍ ഇരിക്കുന്നത് ജയലക്ഷ്മി കണ്ടു .പോകുവാനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ് തിടുക്കത്തില്‍ പ്രാതലും കഴിച്ച് കലാലയത്തിലേക്ക് അവള്‍ യാത്ര പറഞ്ഞിറങ്ങി .
കവലയിലെ ബസ്സ് സ്റ്റോപ്പിലേക്ക് കോളനി വഴിയാണ് പോകേണ്ടത് .കോളനി നിവാസികളില്‍ ഭൂരിഭാഗം യുവാക്കളും കൊട്ടേഷന്‍ സംഘങ്ങളിലും മറ്റ് അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികളിലും പ്രവര്‍ത്തിക്കുന്നവരാണ് .കുടികിടപ്പവകാശ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ ഗ്രാമത്തിലെ ജന്മിയുടെ ഭൂമിയില്‍ നിന്നും സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണ് കോളനി ഭൂമി .ഗ്രാമത്തിലും അയല്‍ ജില്ലകളിലും അറിയപ്പെടുന്ന ഗുണ്ടകളാണ് വടിവാള്‍ രാജനും, കഠാരി ശ്രീജിത്തും . രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വിഭിന്ന മാണെങ്കിലും രണ്ടുപേരും ബാല്യകാല സൂഹൃത്തുക്കളാണ് .രാജന്‍ മതത്തെ പ്രതിദിനം ചെയ്യുന്ന തീവ്ര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നു .പക്ഷെ ശ്രീജിത്ത് പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മുതലാളിത്തത്തെ അമര്‍ച്ചചെയ്യാന്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രത്യയശാസ്ത്രങ്ങളിലാണ് വിശ്വാസം അര്‍പ്പിക്കുന്നത്.അതുകൊണ്ടുതന്നെ രണ്ടുപേരും ഒരുമിച്ച് രാഷ്ട്രീയ പകപോക്കലുകളില്‍ പ്രവര്‍ത്തിക്കാറില്ല .പലിശ മാഫിയകള്‍ക്ക് വേണ്ടിയും വ്യക്തികള്‍ക്ക് വേണ്ടിയുമാണ് കൊട്ടേഷന്‍ സ്വീകരിക്കുന്നത് .കൊളിനിയില്‍ രണ്ടു പേരെയും ഒരുമിച്ചേ കാണുവാന്‍ കഴിയുകയുള്ളൂ .രാജനാണ് ശ്രീജിത്തിനെ നിര്‍ബന്ധിതമായി കൊട്ടേഷന്‍ സംഘത്തില്‍ ചേര്‍ത്തത് .
കുറച്ചു നാളുകളായി രാജന്‍ ജയലക്ഷ്മിയെ അര്‍ത്ഥം വെച്ച് നോക്കുവാനും ശല്യം ചെയ്യുവാനും തുടങ്ങിയിരിക്കുന്നു.പാടശേഖരങ്ങളുടെ ഓരം ചേര്‍ന്നുള്ള പഞ്ചായത്ത് റോഡിലൂടെ അല്പം നടന്നാല്‍ കോളനിയായി .കോളനി എത്തുന്നതിനു മുന്‍പ് ഒരു കലുങ്കുണ്ട് കലുങ്കിന്‍റെ ഇരു വശങ്ങളിലുമായി കോളനിയിലെ യുവാക്കള്‍ എപ്പോഴും തമ്പടിക്കും .ദൂരെനിന്നും ജയലക്ഷ്മി കലുങ്കിന്‍റെ പരിസരം വീക്ഷിച്ചു .ഇന്ന് കൂടുതല്‍ പേരെ അവിടെ കാണുന്നില്ല .ഒരാള്‍ കലുങ്കില്‍ ഇരിക്കുന്നു മറ്റൊരാള്‍ കലുങ്കിനോട് ചേര്‍ന്ന് ചൂണ്ടയിടുന്നു .അടുത്തെത്തിയപ്പോള്‍ ചൂണ്ടയിടുന്നത് ശ്രീജിത്തും മറ്റേയാള്‍ രാജനുമാണെന്ന് ജയലക്ഷ്മി തിരിച്ചറിഞ്ഞു .ജയലക്ഷ്മി കലുങ്കിനു മുകളില്‍ എത്തിയപ്പോള്‍ രാജന്‍ അവളുടെ അരികിലേക്ക് വന്ന് തടഞ്ഞുനിര്‍ത്തി പറഞ്ഞു .
,, ഈ പ്രണയത്തിന് കണ്ണും കാതും ഇല്ലാ എന്നാണല്ലോ പറയുന്നത് അത് ശെരിയാണെന്ന് എനിക്ക് മനസ്സിലായി .എനിക്ക് കുട്ടിയോട് വല്ലാത്ത പ്രണയം തോന്നുന്നു .ഈ ഭൂമിയില്‍ ആര്‍ക്കും ആരെ വേണമെങ്കിലും പ്രണയിക്കാം .ഞാന്‍ ഇയാളെ പ്രണയിക്കുന്നത് പോലെ ഇയാളും എന്നെ പ്രണയിക്കണം പ്രണയിച്ചിരിക്കണം ,,
രാജന്‍റെ വാക്കുകള്‍ക്ക് ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു .അപ്രതീക്ഷിതമായി കേട്ട വാക്കുകള്‍ അവളെ ഭയാകുലയാക്കി .അവള്‍ ഒന്നും ഉരിയാടാതെ അവിടെ നിന്നും നടന്നു .രാജന്‍റെ ശല്യം നാള്‍ക്കുനാള്‍ കൂടി വന്നു .ഒരു ദിവസ്സം ശ്രീജിത്തിനെ മാത്രം കലുങ്കിന് അടുത്ത് കണ്ടപ്പോള്‍ ജയലക്ഷ്മി പറഞ്ഞു .
,, ഇയാളുടെ കൂട്ടുകാരന്‍ എന്നെ ശല്ല്യം ചെയ്യുന്നു. എല്ലാം കണ്ടുകൊണ്ട് താങ്കള്‍ ഇവിടെ ഇരിക്കുന്നു .മാന്യമായി ജീവിക്കുന്നവരെ ശല്യം ചെയ്യെരുതെന്ന് നിങ്ങളുടെ കൂട്ടുക്കാരനോട് പറയണം .താങ്കള്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ആളല്ലെ .അന്നൊക്കെ നിങ്ങളില്‍ നന്മയുടെ അംശം ഉണ്ടായിരുന്നു .ഇപ്പോള്‍ ഈ ഗുണ്ടയോടൊപ്പം കൂടി ജീവിതം സ്വയം നശിപ്പിക്കുകയാണോ .താങ്കള്‍ക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ ഒരു ജോലിക്ക് ശ്രമിച്ചുകൂടെ .വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കലാലയത്തിലെ താരമായിരുന്നു താങ്കളെന്ന് ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ,,
ശ്രീജിത്ത് മറുപടി പറയാതെ വിദൂരതയിലേക്ക് നോക്കിയിരുന്നു .അടുത്ത ദിവസ്സം കലാലയത്തിലേക്ക് വീട്ടില്‍ നിന്നും ജയലക്ഷ്മി യാത്രതിരിച്ചു .പടിപ്പുര കടന്ന് പഞ്ചായത്ത് റോഡിലൂടെ അല്പ ദൂരം പിന്നിട്ടപ്പോള്‍ ശ്രീജിത്തിനേയും രാജനെയും ജയലക്ഷ്മി കണ്ടുമുട്ടി .രാജന്‍ ജയലക്ഷ്മിയുടെ നേര്‍ക്ക് ഒരു എഴുത്ത് നീട്ടിക്കൊണ്ടു പറഞ്ഞു .
,, തനിക്കുള്ള എന്‍റെ ആദ്യ പ്രണയലേഖനം ഇത് ഐശ്വര്യമായി ഇരു കയ്യും നീട്ടി സ്വീകരിക്കു .നാളെ വരുമ്പോള്‍ എനിക്ക് മറുപടി തരണം ,,
ജയലക്ഷ്മി എഴുത്ത് വാങ്ങി അയാളെ കോപത്തോടെ രൂക്ഷമായി നോക്കിക്കൊണ്ട് എഴുത്ത് കീറി രാജന്‍റെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് പറഞ്ഞു .
,, വഴിയിലൂടെ പോകുന്ന പെണ്‍കുട്ടിയോട് എന്തും പറയാം എന്നാണോ. തന്നെ പോലെയുള്ള ഗുണ്ടകളെ നേരില്‍ കാണുന്നത് പോലും എനിക്ക് അറപ്പാണ് . ഇനി എന്നെ ശല്ല്യം ചെയ്‌താല്‍ പോലീസ് സ്റ്റേഷനില്‍ പോയി തനിക്കെതിരെ പരാതി കൊടുക്കും ഞാന്‍ ,,
രാജന്‍ ,,കൊടുക്കെടി പുല്ലേ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കെടി പോലീസിനെ എനിക്ക് പുല്ലാടി .... ,,എന്ന് ആക്രോശിച്ചുക്കൊണ്ട് ജയലക്ഷ്മിയെ കെട്ടിപ്പിടിച്ച് ചുംബിക്കുവാന്‍ ശ്രമിക്കുമ്പോഴാണ് രാജന്‍റെ ദേഹത്ത് ശ്രീജിത്തിന്‍റെ അടി വീണത് .പ്രതീക്ഷിക്കാതെയുള്ള ശ്രീജിത്തിന്‍റെ പ്രഹരം മൂലം രാജന്‍ നിലംപതിച്ചു .,,രാജന്‍ എഴുനേറ്റ് ശ്രീജിത്തിന്‍റെ നേര്‍ക്ക് പാഞ്ഞു .
,, എടാ ദ്രോഹി കൂടെ നടന്നിട്ട് ചതിക്കുന്നുവോ ,,
പിന്നീട് അവിടെ ഘോരയുദ്ധം അരങ്ങേറി രാജന്‍ അവശനായി നിലംപതിച്ചു ജയലക്ഷ്മി പകച്ചു നില്‍ക്കുകയായിരുന്നു ശ്രീജിത്ത് അവളുടെ അരികില്‍ വന്നുപറഞ്ഞു
,, കുട്ടി പൊയ്ക്കോളൂ ഇനിയും വൈകിയാല്‍ പതിവായി പോകുന്ന ബസ്സ് കിട്ടില്ല ,,
പൊടുന്നനെയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത് .രാജന്‍ അരയില്‍ സൂക്ഷിച്ചിരുന്ന കഠാര ഉറയില്‍ നിന്നും വലിച്ചൂരി ശ്രീജിത്തിനെ പുറകില്‍ നിന്നും കുത്തി .നട്ടെല്ലിനു മുകളിലായി കുത്തിയ കഠാര വലിച്ചൂരി രാജന്‍ പാടവരമ്പിലൂടെ ഓടി മറഞ്ഞു .മുറിവില്‍ നിന്നും രക്തം പുറത്തേക്ക് ചീറ്റി .ജയലക്ഷ്മി തന്‍റെ ഷാള്‍ ക്കൊണ്ട് അയാളുടെ അരക്കെട്ടിനു ചുറ്റിലും കെട്ടി .ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാനായി കരഞ്ഞുകൊണ്ട് സഹായത്തിനായി ഉറക്കെ വിളിച്ചു .പരിസരത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല .ശ്രീജിത്തിനെ തങ്ങി പ്പിടിച്ച് അയാളുടെ വലതു കൈ അവളുടെ തോളിലൂടെ ഇട്ട് ക്കൊണ്ട് അല്പദൂരം നടന്നു പക്ഷെ അയാള്‍ കുഴഞ്ഞു വീണു .ശ്രീജിത്തിന്നെ പാതയോരത്ത് കിടത്തി അവള്‍ വീട്ടിലേക്ക് ഓടി .കലാലയത്തിലേക്ക് പോയ ജയലക്ഷ്മി രക്തംപുരണ്ട വസ്ത്രങ്ങളുമായി തിരികെ വന്നപ്പോള്‍ അമ്മയും വിജയലക്ഷ്മിയും പരിഭ്രാന്തരായി .ഉണ്ടായ സംഭവങ്ങള്‍ അവള്‍ വിവരിച്ച് തിടുക്കത്തില്‍ ഫോണ്‍ നമ്പറുകള്‍ എഴുതി വെക്കുന്ന പുസ്തകം എടുത്ത് നമ്പര്‍ നോക്കി സന്നദ്ധസംഘടനയുടെ ആംബുലന്‍സിനു വിളിച്ചു.ജയലക്ഷ്മി വീണ്ടും ശ്രീജിത്തിന്‍റെ അരികിലേക്ക് പോകുവാന്‍ തുനിഞ്ഞപ്പോള്‍ അമ്മ തടഞ്ഞുനിര്‍ത്തി പറഞ്ഞു .
,, മോള് ഇനി അവിടേക്ക് പോകേണ്ട ആംബുലന്‍സ് വന്ന് അവര് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കൊളൂം.കോളനിയിലുള്ളവരെ സഹായിക്കുവാന്‍ പോയാല്‍ പുലിവാലാകും ,,
,, എന്താ അമ്മ ഈ പറയുന്നേ ഞാന്‍ കാരണമാ ആ പാവത്തിന് ഈ ഗതി വന്നത് അമ്മ കുറച്ച് രൂപ ഇങ്ങ് എടുത്തേ എനിക്ക് അവിടേക്ക് പോകണം അയാളെ ന ആശുപതിയിലേക്ക് കൊണ്ടുപോകണം ,,
അമ്മ വിജയലക്ഷ്മിയുടെ കൈയില്‍ അവധിക്കുള്ള അപേക്ഷ എഴുതി നല്‍കി അവളോട് വിദ്യാലയത്തിലേക്ക് പോകുവാന്‍ പറഞ്ഞ് അമ്മയും ജയലക്ഷ്മിയുടെ കൂടെ പോയി .ശ്രീജിത്തിന്‍റെ അരികില്‍ പോയപ്പോള്‍ അയാള്‍ അസഹ്യമായ വേദനയാല്‍ പുളയുകയായിരുന്നു ഏതാനും സമയം കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് ചീറി പ്പാഞ്ഞു വന്നു. അപ്പോഴേക്കും അവിടെ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു .ആശുപത്രിയില്‍ എത്തിയ ഉടനെ ശ്രീജിത്തിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ശ്രീജിത്തിന്‍റെ അമ്മയും സുഹൃത്തുക്കളും എത്തി അമ്മ സ്വയം ഉരുവിടുന്നത് ജയലക്ഷ്മി കേട്ടൂ .
,, നൂറു വട്ടം പറഞ്ഞതാ അവനുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുവാന്‍ എന്‍റെ മോന്‍ എന്‍റെ വാക്ക് കേട്ടില്ല .അവന്‍റെ കൂടെ കൂടിയതില്‍ പിന്നെ എന്‍റെ മോന്‍റെ സ്വഭാവം തന്നെ മാറിപ്പോയി. എന്നോട് അവന് സ്നേഹമില്ലാണ്ടായിപ്പോയി .ഈശ്വരാ എനിക്ക് ഈ ഭൂമിയില്‍ എന്‍റെ മോന്‍ മാത്രമേയുള്ളൂ അവനെ കാത്തുരക്ഷിക്കണേ ,,
ജയലക്ഷ്മി ശ്രീജിത്തിന്‍റെ ജീവനുവേണ്ടി പ്രാര്‍ഥിച്ചുക്കൊണ്ടിരുന്നു .തനിക്കുവേണ്ടിയാണ് ശ്രീജിത്ത് വേദന സഹിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ അവളുടെ സങ്കടം അധികമായിക്കൊണ്ടിരുന്നു .സന്ധ്യയോടെ ശ്രീജിത്ത് അപകടനില നില തരണം ചെയ്തു എന്നറിഞ്ഞപ്പോള്‍ ജയലക്ഷ്മിയും അമ്മയും വീട്ടിലേക്ക് തിരികെപോന്നു .പോരുമ്പോള്‍ ശ്രീജിത്തിന്‍റെ അമ്മയുടെ കൈവശം കുറെയേറെ രൂപയും കൊടുത്തു .രാജനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയി എന്ന് കവലയില്‍ ബസ്സ് ഇറങ്ങിയപ്പോള്‍ത്തന്നെ ജയലക്ഷ്മി അറിഞ്ഞൂ .നേരം ഇരുട്ടിയിരിക്കുന്നു .വഴിവിളക്കുകള്‍ പാതയോരങ്ങളില്‍ അങ്ങിങ്ങായി പ്രകാശം പരത്തുന്നുണ്ട് സന്ധ്യമയങ്ങിയാല്‍ ഈ വഴിയിലൂടെ അച്ഛന്‍റെ കൂടെ മാത്രമേ യാത്ര ചെയ്ത ഓര്‍മ്മയുള്ളൂ .പാടശേഖരങ്ങളില്‍ ചിവിടുകളുടെ ശബ്ദം മാത്രം .ജയലക്ഷ്മിയും അമ്മയും തിടുക്കത്തില്‍ വീട് ലക്ഷ്യമാക്കി നടന്നു .വീട്ടിലെത്തിയപ്പോള്‍ വിജയലക്ഷ്മിക്ക് കൂട്ടിരിക്കാന്‍ അയല്പക്കത്തെ നാണിത്തള്ള ഉണ്ടായിരുന്നു . രണ്ടാഴ്ചയോളം ശ്രീജിത്തിന് ആശുപത്രി കഴിയേണ്ടിവന്നു .കലാലയത്തില്‍ നിന്നും പോരുമ്പോഴും അവധി ദിവസ്സങ്ങളിലും ജയലക്ഷ്മി ആശുപത്രിയില്‍ പോയിപോന്നിരുന്നു .ആശുപത്രിയില്‍ വെച്ച് ശ്രീജിത്തിനെക്കൊണ്ട് ഇനിയൊരിക്കലും കൊട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുകയില്ല എന്ന് ശപഥം ചെയ്യിക്കുകയും ചെയ്തു .ശ്രീജിത്ത് നല്ലൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടെന്ന് ജയലക്ഷ്മിയുടെ മനസ്സ് മന്ത്രിച്ചു .കോടതി രാജനെ രണ്ടുവര്‍ഷത്തേക്ക് തടങ്കല്‍ ശിക്ഷ വിധിച്ചു .
ശ്രീജിത്തിന്‍റെ സ്വഭാവ മാറ്റം കൂടുതല്‍ സന്തോഷിപ്പിച്ചത് ജയലക്ഷ്മിയെയാണ് .അവള്‍ പതിയെപ്പതിയെ ശ്രീജിത്തുമായി കൂടുതല്‍ അടുത്തു .പതിവായി വഴിയില്‍ അവര്‍ കണ്ടുമുട്ടി കേരള പബ്ലിക് സർവീസ് കമ്മീഷനിലേക്ക് വില്ലേജ് ഓഫീസിലെ ഉദ്യോഗത്തിനായി ശ്രീജിത്തിനു വേണ്ടി ജയലക്ഷ്മി വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിച്ചു .അധികനാള്‍ കഴിയും മുമ്പേ പരീക്ഷ എഴുതുവാനായി ശ്രീജിത്തിന് അറിയിപ്പ് ലഭിക്കുകയും ചെയ്തു .അറിയിപ്പ് ലഭിച്ചപ്പോള്‍ ശ്രീജിത്തിന് ഒരുപാട് സന്തോഷം തോന്നി .ജയലക്ഷ്മിയോട് ശ്രീജിത്ത് തന്‍റെ നന്ദിയും കടപ്പാടും അറിയിച്ചു . ജയലക്ഷ്മിയുടെ പ്രേരണയാല്‍ ശ്രീജിത്ത് പരീക്ഷ എഴുതുകയും റാങ്കോട് കൂടി വിജയിക്കുകയും ചെയ്തു .ശ്രീജിത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു . ഒരു വര്‍ഷം കഴിയുമ്പോഴേക്കും ശ്രീജിത്തും ജയലക്ഷ്മിയും പിരിയുവാന്‍ ആവാത്ത വിധം പ്രണയ ബന്ധിതരായി .പൊടുന്നനെ ഉണ്ടായ അമ്മയുടെ വിയോഗം ശ്രീജിത്തിനെ മാനസീകമായി തളര്‍ത്തി .അയാളുടെ ഏക ആശ്വാസം ജയലക്ഷ്മി മാത്രമായിരുന്നു .ശ്രീജിത്ത് കോളനിയിലെ തന്‍റെ വീട് വില്പന ചെയ്ത് ഉദ്യോഗത്തില്‍ നിന്നും ലഭിച്ച സമ്പാദ്യവും കൂട്ടി ജയലക്ഷ്മിയുടെ വീടിന് അടുത്തായി ഒരു പുരയിടം വാങ്ങിച്ചു . രണ്ടു കിടപ്പു മുറിയുള്ള വീട് വളരെ ഭംഗിയോടെ നിര്‍മിച്ചതായിരുന്നു .ശ്രീജിത്തിന്‍റെ അരികിലേക്ക് പോകുന്നതിനു ജയലക്ഷ്മിക്ക് വിലക്ക് ഉണ്ടായി .അവധിക്കു വന്ന അച്ഛനാണ് ജയലക്ഷ്മിയോട് പറഞ്ഞത് .
,, അന്യ പുരുഷനുമായി വഴിയിലൂടെ പതിവായി സംസാരിച്ചുകൊണ്ട് നടക്കുകയും അയാള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ പോകുകയും ചെയ്യുന്നത് സമൂഹത്തിന് അംഗീകരിക്കുവാന്‍ കഴിയുകയില്ല .എന്‍റെ മോള് തെറ്റ് ചെയ്യില്ലാ എന്ന് അച്ഛന് നന്നായി അറിയാം .എന്‍റെ മോള്‍ക്ക് വിവാഹാലോചനയുമായി വരുന്നവര്‍ ഈ വിവരം അറിഞ്ഞാല്‍ വിവാഹം തന്നെ മുടങ്ങിപ്പോകും .വേണ്ട എന്‍റെ കുട്ടി ഇനി അയാളുമായി സംസാരിക്കുകയോ അയാളുടെ വീട്ടില്‍ പോകുകയോ അരുത്.അയാളുമായുള്ള ബന്ധം നമുക്ക് ചേരില്ല ,,
ജയലക്ഷ്മി ഒന്നും ഉരിയാടാതെ കിടപ്പുമുറിയില്‍ പോയി മെത്തയില്‍ കിടന്നു കരഞ്ഞു .അച്ഛന്‍ തിരികെ പോകുന്നതിന് രണ്ടു ദിവസ്സം മുന്നെ ശ്രീജിത്ത് ജയലക്ഷ്മിയുടെ അച്ഛനെ കാണുവാനായി വീട്ടിലേക്ക് വന്നു .പടിപ്പുര കടന്നപ്പോള്‍ അച്ഛന്‍ വാഴത്തോട്ടത്തില്‍ പഴക്കുല വെട്ടുകയായിരുന്നു .പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടപ്പോള്‍ അച്ഛന്‍ തലയില്‍ കെട്ടിയ തോര്‍ത്ത് മുണ്ട് അഴിച്ച് തോളില്‍ ഇട്ടുക്കൊണ്ട് ശ്രീജിത്തിനോടായി പറഞ്ഞു .
,, കയറിയിരിക്കു ഞാന്‍ ഈ പഴക്കുല കൈയാലപുരയില്‍ കൊണ്ടുവെച്ച് ഉടനെ വരാം ,,
ശ്രീജിത്ത് പൂമുഖത്ത് കയറി ചാരുപടിയിയില്‍ ഇരുന്നു .പേരുകേട്ട തറവാടായ ഈ മാളികയുടെ പടിപ്പുര കടന്ന ഓര്‍മ്മ അയാള്‍ക്കില്ല .ഇവിടേയ്ക്ക് വന്ന ഉദ്ദേശം ജയലക്ഷ്മിയുടെ അച്ഛന്‍ അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണത്തെ ക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഹൃദയമിടിപ്പിന്‍റെ താളം പെരുമ്പറ മുഴങ്ങുന്നത് പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു .ജയലക്ഷ്മിയുടെ അച്ഛന്‍ പൂമുഖത്തേക്ക് കയറി വന്നപ്പോള്‍ ശ്രീജിത്ത് എഴുന്നേറ്റു നിന്നു .അച്ഛന്‍ ഇരിക്കുവാന്‍ ആംഗ്യം കാട്ടിക്കൊണ്ട് പറഞ്ഞു .
,, ശ്രീജിത്ത് എന്നല്ലെ പേര് ,,
വിനയത്തോടെ ശ്രീജിത്ത് പറഞ്ഞു .
,, അതെ ഞാന്‍ പറയുന്നത് അവിവേകമാണെങ്കില്‍ എന്നോട് പൊറുക്കണം .താളം തെറ്റിയ എന്‍റെ ജീവിതം നേര്‍വഴിക്കാക്കിയത് ജയലക്ഷ്മിയാണ് .ഇപ്പോള്‍ എനിക്ക് തരക്കേടില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗമുണ്ട്. പട്ടിണി കൂടാതെ അങ്ങയുടെ മകളെ പോറ്റുവാന്‍ എനിക്കാവും എന്ന വിശ്വാസവും എനിക്കുണ്ട് .അങ്ങയുടെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നുകൂടെ.പറ്റില്ല എന്നാണ് അങ്ങയുടെ മറുപടിയെങ്കില്‍ ഞാന്‍ ഈ ഗ്രാമം വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോളാം ,,
വിനയത്തോടെയുള്ള സംസാരവും തന്റെടത്തോടെ വിവാഹാലോചനയുമായി നേരിട്ടുവരികയും ചെയ്ത ശ്രീജിത്തിനോട് അച്ഛന് മതിപ്പുളവാക്കി .ആലോചിച്ചു വിവരം അറിയിക്കാം എന്ന് പറഞ്ഞ് ശ്രീജിത്തിനെ അച്ഛന്‍ പറഞ്ഞയച്ചു .ഭാര്യയുമായി സംസാരിച്ചപ്പോള്‍ ജയലക്ഷ്മിക്ക് ശ്രീജിത്തിനോടുള്ള സ്നേഹത്തിന്‍റെ ആഴം അയാള്‍ക്ക് ഊഹിക്കുവാനായി .മകളുടെ ഇഷ്ടത്തിന് മുന്‍പാകെ ശ്രീജിത്തിന്‍റെ തറവാട് മഹിമയും സാമ്പത്തീക ചുറ്റുപാടും അവര്‍ കാര്യമായി എടുത്തില്ല .അടുത്ത ദിവസ്സം ജയലക്ഷ്മിയുടെ അച്ഛന്‍ ശ്രീജിത്തിനെ അയാളുടെ വീട്ടില്‍ പോയി കണ്ടു പറഞ്ഞു .
,, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളുടെ ഇഷ്ടമാണ് പ്രധാനം .ഞങ്ങള്‍ക്ക് വിവാഹത്തിന് സമ്മതമാണ് .ആറുമാസം കഴിഞ്ഞാല്‍ ഞാന്‍ അവധിക്ക് വരും അപ്പോള്‍ ആര്‍ഭാടമായി തന്നെ വിവാഹം നടത്താം ,,
അച്ഛന്‍റെ വാക്കുകള്‍ ശ്രീജിത്തിന് വിശ്വസിക്കുവാന്‍ ആവുന്നുണ്ടായിരുന്നില്ല അയാള്‍ .സന്തോഷംപൂണ്ടു .കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു . ആറുമാസം കഴിഞ്ഞപ്പോള്‍ ജയലക്ഷ്മി ശ്രീജിത്തിന്‍റെ സ്വന്തമായി .സന്തോഷപ്രദമായ ജീവിതം രണ്ടുപേരും ആസ്വദിച്ചു . രണ്ടു വര്‍ഷത്തെ തടവു ശിക്ഷ കഴിഞ്ഞ് രാജന്‍ ജയില്‍ മോചിതനായി .അയാളുടെ മനസ്സില്‍ ശ്രീജിത്തിനോടുള്ള പക ആളിക്കത്തി .ഇഷ്ടപ്പെട്ട പെണ്ണിനെ നഷ്ടപ്പെട്ടതിലായിരുന്നു അയാളുടെ പക .രാജന്‍ മതത്തെ പ്രതിദിനം ചെയ്യുന്ന തീവ്ര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നവരുമായി കൂടുതല്‍ അടുത്തു .പണ്ട് ശ്രീജിത്ത് അവരുടെ ഒരു പ്രവര്‍ത്തകനെ കൊലപാതകം ചെയ്ത കേസിലെ പ്രതിയായിരുന്നു .അന്ന് ശ്രീജിത്ത് തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയായിരുന്നു .രാജന്‍ മാസം തോറും കൂടുന്ന മീറ്റിങ്ങില്‍ പറഞ്ഞു .
,, നമ്മുടെ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ആസൂത്രണംചെയ്ത പലരും ശിക്ഷ പോലും ലഭിക്കാതെ ഈ ഗ്രാമത്തില്‍ തന്നെ സുഖമായി ജീവിക്കുന്നുണ്ട് അങ്ങനെയുള്ളവരെ നമുക്ക് ഈ ഭൂലോകത്ത് നിന്നും ഉന്മൂലനം ചെയ്യണം ,,
ചര്‍ച്ചയ്ക്കൊടുവില്‍ കൊലപാതകങ്ങള്‍ക്കുള്ള ലീസ്റ്റ് തയ്യാറായി .ആ ഗ്രാമത്തിലെ മൂന്നു പേരുടെ പേരുകളില്‍ ഒന്നാമതായി ചേര്‍ക്കപ്പെട്ടത് .ശ്രീജിത്തായിരുന്നു .മനസ്സില്‍ പിറവിയെടുത്ത തിരക്കഥ അതേപടി പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന തിരിച്ചറിവ് രാജനെ സന്തോഷിപ്പിച്ചു . രണ്ടാ ദിവസ്സം .ശ്രീജിത്തും ജയലക്ഷ്മിയും പട്ടണത്തില്‍ രാവിലെ പറഞ്ഞതു പ്രകാരം കണ്ടുമുട്ടി .രണ്ടുമാസം കൂടി കഴിഞ്ഞാല്‍ ജയലക്ഷ്മിയുടെ അവസാന വര്‍ഷ പരീക്ഷയാണ് .രണ്ടുപേര്‍ക്കും ഒരേ ജോഡി വസ്ത്രങ്ങളും വീട്ടിലേക്കു വേണ്ടുന്ന അവശ്യസാധനങ്ങളും വാങ്ങി തിരികെ വീട്ടില്‍ എത്തി അല്പം കഴിഞ്ഞപ്പോള്‍ രണ്ടുപേരും ജയലക്ഷ്മിയുടെ വീട്ടില്‍ പോയി അവിടെ നിന്നും അത്താഴം കഴിച്ചതിനു ശേഷം സമയം ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ ശ്രീജിത്തിന്‍റെ വീട്ടിലേക്ക് തിരികെ പോന്നു .കിടക്കുവാനായപ്പോള്‍ ശ്രീജിത്ത് വീടിന് പുറത്തുള്ള ബാത്രൂമിലേക്ക് പോയനേരം ഒരു കൂട്ടം യുവാക്കള്‍ ആയുധങ്ങളുമായി വീടിന് അകത്തേക്ക് കയറിയത് .ജയലക്ഷ്മി യുവാക്കളെ കണ്ടപ്പോള്‍ ഭയന്നു .അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു രണ്ടാമത് നിലവിളിക്കുവാനായി തുനിഞ്ഞപ്പോള്‍ രാജന്‍ ജയലക്ഷ്മിയുടെ വായില്‍ തുണി തിരുകിക്കയറ്റി ജനല്‍ ക്കമ്പിയില്‍ കെട്ടിയിട്ടു .
ബഹളം കേട്ട് ഓടിവന്ന ശ്രീജിത്തിന്‍റെ ശരീരമാസകലം തുരുതുരെ വടിവാള്‍ കൊണ്ടുള്ള വെട്ടുകള്‍ ഏറ്റു അയാള്‍ക്ക് ശബ്ദിക്കുവാന്‍ പോലും ആവാതെ നിലത്തു കിടന്ന് പിടഞ്ഞു മരിച്ചു .മരണം ഉറപ്പാക്കിയതിനു ശേഷം ശ്രീജിത്തിന്‍റെ മൃതദേഹവുമായി യുവാക്കള്‍ യാത്രയായി. തെളിവുകള്‍ നശിപ്പിക്കുവാനായി ശ്രീജിത്തിന്‍റെ ശരീരത്തില്‍ നിന്നും മുറ്റത്ത് ഒഴുകിയ രക്തം മണ്ണോടെ നീക്കം ചെയ്തിരുന്നു .അങ്ങിനെ ചെയ്തത് രാജന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു .കെട്ടിയിട്ട ജയലക്ഷ്മി ശ്രീജിത്ത് കൊലചെയ്യപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല .
ജയലക്ഷ്മി ഒന്ന് ഉരിയാടാന്‍ പോലുമാവാതെ നിസഹായയായി കരഞ്ഞുകൊണ്ടിരുന്നു . ഏറെ നേരമായിട്ടും ശ്രീജിത്തിനെ അകത്തേക്ക് കാണാതെയായപ്പോള്‍ അവളുടെ ഭയം അധികരിച്ചുക്കൊണ്ടിരുന്നു .മണിക്കൂറുകള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു .ഉമ്മറത്ത് കാല്‍പെരുമാറ്റം കേട്ടപ്പോള്‍ അവള്‍ തുറന്നിട്ട വാതിലിലേക്ക് നോക്കി അപ്പോള്‍ ക്ലോക്കില്‍ രണ്ടുമണിയുടെ ബെല്ലടിച്ചു .ശ്രീജിത്ത് അകത്തേക്ക് വന്ന് തന്നെ കെട്ടിയിയ കയര്‍ അഴിക്കും എന്ന പ്രതീക്ഷയോടെ വീണ്ടും വാതിലിലേക്ക് നോക്കിയ ജയലക്ഷ്മി നടുങ്ങിവിറച്ചു .മന്ദസ്മിതനായി രാജന്‍ തന്‍റെ ശരീരത്തിലേക്ക് ആര്‍ത്തിയോടെ നോക്കി നില്ക്കുന്നു .വാതിലുകള്‍ കൊട്ടിയടച്ചതിനു ശേഷം രാജന്‍ ജയലക്ഷ്മിയുടെ കെട്ടഴിച്ചു മാറ്റി .വായില്‍ നിന്നും തുണി മാറ്റുവാന്‍ ശ്രമിച്ച ജയലക്ഷ്മിയുടെ കരണത്ത് രാജന്‍ ശക്തിയായി അടിച്ചു .അടിയുടെ ശക്തിയില്‍ ജയലക്ഷ്മി നിലംപതിച്ചു .നിലത്തുനിന്നു എഴുന്നേല്‍ക്കുന്നതിനു മുന്പ് ജയലക്ഷ്മിയുടെ രണ്ടു കയ്യും പുറകിലേക്ക് ചേര്‍ത്തു കെട്ടി രാജന്‍ ആക്രോശിച്ചു .
,, കഴുവേറിടെ മോളെ എന്‍റെ പ്രണയം നീ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് നിനക്ക് ഈ ഭൂലോകത്ത് സുഖമായി ജീവിക്കാമായിരുന്നു. നീ എന്താ കരുതിയെ അവനേം കെട്ടി സുഖമായി ജീവിക്കാമെന്നോ .അവന്‍റെ ശവം പോലും ഇനി ആര്‍ക്കും കാണുവാന്‍ കഴിയുകയില്ല അവനെ ഞങ്ങള്‍ കത്തിച്ചു ചാരമാക്കി കളഞ്ഞു .ചാരം കടലിലും ഒഴുക്കി.നിന്നെ ഞാന്‍ വധിക്കില്ല നീ നരകയാതന അനുഭവിക്കുന്നത് എനിക്ക് കാണണം ,,
മദ്യത്തിന്‍റെ രൂക്ഷ ഗന്ധം മുറിയാകെ നിറഞ്ഞു നിന്നു .ജയലക്ഷ്മിയുടെ ശരീരത്തില്‍ നിന്നും രാജന്‍ വസ്ത്രങ്ങള്‍ ഓരോന്നായി നീക്കം ചെയ്തു .കെട്ടില്‍ കുരുങ്ങിയ വസ്ത്രങ്ങള്‍ അയാള്‍ വലിച്ചുകീറിയെടുക്കുമ്പോള്‍ വേദനകൊണ്ട് അവള്‍ പുളഞ്ഞു .നിലത്ത് കിടന്നിരുന്ന ജയലക്ഷ്മിയുടെ ഓരോരെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുമ്പോഴും അയാള്‍ കുനിഞ്ഞുനിന്ന് കാലുകള്‍ ക്കൊണ്ട് ജയലക്ഷ്മിയെ തിരിച്ചും മറിച്ചും ഇടുന്നുണ്ടായിരുന്നു .വിവസ്ത്രയാക്കപ്പെട്ട ജയലക്ഷ്മിയുടെ ശരീരത്തിലേക്ക് രാജന്‍ മെഴുകുതിരി കത്തിച്ച് കത്തുന്ന മെഴുക് ഇറ്റിച്ചു ക്കൊണ്ടിരുന്നു .ഒരേ തുള്ളി മെഴുകും അവളുടെ ശരീരത്തില്‍ പതിക്കുമ്പോഴും നിലത്തു കിടന്ന് എഴുന്നേല്‍ക്കുവാന്‍ പോലും കഴിയാതെ വേദനക്കൊണ്ട് അവള്‍ പുളഞ്ഞു .അയാള്‍ അപ്പോഴേക്കും ഒരു മനുഷ്യ മൃഗമായി മാറിക്കഴിഞ്ഞിരുന്നു . മണിക്കൂറുകളോളം അയാള്‍ പലവട്ടം അവളെ ഭോഗിച്ചു .രക്തസ്രാവം മൂലം അവളുടെ നഗ്നമായ ശരീരം തറയില്‍ നിന്നും തെന്നിമാറിക്കൊണ്ടിരുന്നു .അബോധാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ ജയലക്ഷ്മി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു .
ഏതാനും ദിവസ്സങ്ങള്‍ക്ക് ശേഷം ജയലക്ഷ്മി സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍ പോലീസ്സുകാര്‍ മൊഴിയെടുക്കുവാനായി ആശുപത്രിയില്‍ വന്നു .അവള്‍ രാജനെക്കുറിച്ച് ഒന്നും പറഞ്ഞില്ല .അവളുടെ രാജനോടുള്ള ഒടുങ്ങാത്ത പക മനസ്സില്‍ ആളിക്കത്തുകയയിരുന്നു .തന്‍റെ ജീവിതം ശിഥിലമാക്കിയ ആ ദ്രോഹിയെ സുഖവാസത്തിന് ജയിലിലേക്ക് അയക്കുവാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു .സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ പത്രത്തില്‍ വന്ന ശിക്ഷ അനുഭവിക്കുന്നതിന് മുന്‍പുള്ള എല്ലുന്തിയ ചിത്രവും, ഈ അടുത്തകാലത്ത് പത്രത്തില്‍ വന്ന ചിത്രവും ജയലക്ഷ്മിയുടെ മനസ്സില്‍ തികട്ടിവന്നു .കൊടും പാതകങ്ങള്‍ ചെയ്തവര്‍ക്ക് തക്കതായ ശിക്ഷ ലഭിച്ചാല്‍ തനിക്ക് ഈ ദുര്‍വിധി ഒരിക്കലും സംഭവിക്കുമായിരുന്നില്ല .നിഷ്‌ഠൂരമായ കുറ്റകൃത്യങ്ങള്‍ എത്രയോ തവണ രാജന്‍ ചെയ്തിരിക്കുന്നു എന്നിട്ടും യാതൊരുവിധ ഭയാശങ്കകളും കൂടാതെ അയാള്‍ നീചത്വം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .രാജനെ ഈ ഭൂലോകത്തുനിന്നും ഉന്മൂലനം ചെയ്യുവാനായിരിക്കും ഇനിയുള്ള തന്‍റെ ജീവിതമെന്ന് ജയലക്ഷ്മി സ്വയം പ്രതിജ്ഞയെടുത്തു . അതിനായി അവള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു .
ശരീരത്തിലെ പരിക്കുകള്‍ പൂര്‍ണ്ണമായും മാറിയെങ്കിലും മനസ്സിന് ഏറ്റ പരിക്കുകള്‍ അവളുടെ ജീവിതാവസാനംവരെ മാറില്ലാ എന്നവള്‍ക്ക് ബോധ്യമായി .ജയലക്ഷ്മി ഡിഗ്രി അവസാനവര്‍ഷ പരീക്ഷ എഴുതി .കലാലയത്തിലെ പ്രിയ സുഹൃത്തുക്കളുമായി രാജനെ ഉന്മൂലനം ചെയ്യുവാന്‍ കൂടിയാലോചനകള്‍ നിരന്തരം ഉണ്ടായി . എന്തിനും തന്‍റെ കൂടെ നില്‍ക്കാവുന്ന ഏഴു സുഹൃത്തുക്കളെ അവള്‍ തിരഞ്ഞെടുത്തു .രണ്ടു പെണ്‍കുട്ടികളും അഞ്ചു ആണ്‍കുട്ടികളും കൂടിയ എട്ട് അംഗ സംഘം ജയലക്ഷ്മിയുടെ വീട്ടില്‍ പലപ്പോഴായി കൂടിയാലോചനകള്‍ നടത്തിയതില്‍ നിന്നും ഉണ്ടായ തീരുമാനം .പ്രണയത്തിലൂടെ രാജനെ തങ്ങളുടെ വരുതിയിലാക്കുക എന്നതായിരുന്നു .പ്രണയത്തിലൂടെ രാജനെ കീഴ്പെടുത്തുവാന്‍ ജയലക്ഷ്മിയുടെ ആത്മസുഹൃത്തും തന്റേടിയുമായ ഉണ്ണിമായ സന്നദ്ധത പ്രകടിപ്പിച്ചു . ഉണ്ണിമായ രാജന്‍റെ അയല്പക്കത്തെ വീട്ടിലെ പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി .രാജന്‍റെ അയല്പക്കത്തെ വീട്ടില്‍ ഉണ്ണിമായ പലപ്പോഴായി പോയിക്കൊണ്ടിരുന്നു .താമസിയാതെ രാജനെ ഉണ്ണിമായ തന്‍റെ വരുതിയിലാക്കി .ശ്രീജിത്തിന്‍റെ ഉദ്യോഗം ജയലക്ഷ്മിക്ക് ലഭിച്ചു .മനസ്സില്‍ രാജനോടുള്ള ഒടുങ്ങാത്ത പകയുമായി ജയലക്ഷ്മി ഉദ്യോഗത്തിന് പോയിത്തുടങ്ങി .
രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും രാജന് ഉണ്ണിമായയെ പിരിഞ്ഞിരിക്കാന്‍ കഴിയാതെയായി .രാജന്‍ പുകവലിക്കുമ്പോള്‍ ഉണ്ണിമായ പുകവലിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു .എന്തിനും താന്‍ തയ്യാറാണ് എന്ന് അയാളെ ബോധ്യപ്പെടുത്തുവാന്‍ അവള്‍ വേണ്ടതെല്ലാം ചെയ്തു .കലാലയത്തിലെ ആനുവല്‍ ഡേയ്ക്ക് നാടകം സംവിധാനം ചെയ്ത രതീഷിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ണിമായ അതേപടി പ്രാവര്‍ത്തികമാക്കിക്കൊണ്ടേയിരുന്നു .ഒരു ദിവസ്സം രാജന്‍ അയാളുടെ വീട്ടില്‍ ആരുമില്ലാത്ത ദിവസ്സം ഉണ്ണിമായയെ വീട്ടിലേക്ക് ക്ഷണിച്ചു .എതിര്‍പ്പു പറയാതെ അവള്‍ അയാളുടെ വീട്ടിലേക്ക് ചെന്നു .അകത്തേക്ക് ഉണ്ണിമായ കയറിയപ്പോള്‍ രാജന്‍ കതകിന്‍റെ സക്ഷയിട്ട് അവളെ തന്‍റെ മാറോട് ചേര്‍ത്തപ്പോള്‍ ഉണ്ണിമായ പറഞ്ഞു .
,, എത്ര നാളുകളായി ഞാന്‍ ഇങ്ങിനെയൊരു നിമിഷത്തിനു വേണ്ടി കൊതിക്കുന്നു ,,
രാജന്‍ അവളുടെ കവിളുകളില്‍ തലോടി ചോദിച്ചു .
,, എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ,,
,, ഊം എനിക്ക് ഒരുപാട് ഇഷ്ടമാണ് ജീവിതം ആസ്വദിക്കുവാനുള്ളതാണ് ഞാന്‍ ഒരു ദിവസ്സം വീട്ടില്‍ അമ്മയുടെ വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞു വരാം. ഒരു ഇടം കണ്ടെത്തിക്കോളൂ നമുക്ക് ഫസ്റ്റ് ശോ സിനിമയ്ക്ക് പോയി രാത്രി നമുക്ക് എവിടെയെങ്കിലും കൂടാം. ഇവിടെ അടുത്ത് ആള്‍ താമസം ഇല്ലാത്ത വീടുണ്ടോ നമുക്ക് രാത്രി അവിടെ തങ്ങാം അന്ന് എനിക്ക് രാജേട്ടന്‍റെ കരുത്തറിയണം ,,
രാജന്‍ അല്പനേരം ആലോചിച്ചു പറഞ്ഞു
,, ഉണ്ട് ഇവിടെ അടുത്ത് ആള്‍താമസം ഇല്ലാത്ത ഒരു വീടുണ്ട് നാളെ നമുക്ക് അവിടെ കൂടാം ,,
.. ഞാന്‍ പട്ടണത്തില്‍ വൈകീട്ട് കാത്തുനില്‍ക്കാം സിനിമയ്ക്ക് പോയതിനു ശേഷം നമുക്ക് ആ വീട്ടിലേക്ക് പോകാം ,,
ആ ഗ്രാമത്തിലിപ്പോള്‍ ആള്‍താമസം ഇല്ലാത്ത വീട് ശ്രീജിത്തിന്‍റെ വീട് മാത്രമായിരുന്നു .ശ്രീജിത്തിന്‍റെ തിരോധാനത്തിനു ശേഷം ജയലക്ഷ്മി സ്വവസതിയിലേക്ക് താമസം മാറിയിരുന്നു .
രാജന്‍ ഉണ്ണിമായയെ തന്‍റെ ശരീരത്തോട് കൂടുതല്‍ അടുപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറി മാറിക്കൊണ്ട് പറഞ്ഞു .
,, ഇനി ഞാന്‍ പൊയ്ക്കോട്ടേ ...നമുക്ക് നാളെ കാണാം ,,
അല്പം നടന്ന് തിരിഞ്ഞു നിന്നുക്കൊണ്ട് ഉണ്ണിമായ പറഞ്ഞു .
,, നാളെ എനിക്ക് അല്പം മദ്യപിക്കണം എന്ന് കലശലായ മോഹം തോന്നുന്നു നാളെ മദ്യവും കരുതിക്കോളൂ ,,
താന്‍ ആഗ്രഹിക്കുന്നതുപോലെ ഉണ്ണിമായ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ രാജന്‍ അതിയായി സന്തോഷിച്ചു .
ഉണ്ണിമായ പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങി.അവള്‍ അവിടെനിന്നും നേരെ പോയത് ജയലക്ഷ്മിയുടെ വീട്ടിലേക്കാണ് .ജയലക്ഷ്മി ഉദ്യോഗം കഴിഞ്ഞ് വീട്ടില്‍ അപ്പോള്‍ എത്തിയിരുന്നില്ല .ഉണ്ണിമായ ജയലക്ഷ്മിയുടെ അമ്മയുമായി സംസാരിച്ചിരുന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഉണ്ണിമായ വന്നു .പടിപ്പുര കടന്ന് ജയലക്ഷ്മി വരുന്നത് കണ്ടപ്പോള്‍ ഉണ്ണിമായ ജയലക്ഷ്മിയുടെ അടുത്തേക്ക് നടന്നു .ജയലക്ഷ്മിയുടെ ശരീരം ക്ഷീണിച്ചിരിക്കുന്നു .കണ്‍ തടങ്ങളിള്‍ കറുപ്പ് നിറം പടര്‍ന്നിരിക്കുന്നു . എണ്ണ പുരളാത്ത തലമുടി കാറ്റിനാല്‍ മുഖത്തേക്ക് വീണത് തലയിലേക്ക് മാടിഒതുക്കിക്കൊണ്ട് .ജയലക്ഷ്മി പറഞ്ഞു .
,, എനിക്കുവേണ്ടി നന്നായി ക്ഷ്ടപ്പെടുന്നുണ്ടല്ലേ ...നമ്മള്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കുമോ ?,,
ഉണ്ണിമായ ജയലക്ഷ്മിയുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു .
,, നടക്കും എന്നില്‍ നിക്ഷിപ്തമായ ജോലി നാളെ അവസാനിക്കും .നമ്മളില്‍ പ്പെട്ട എല്ലാവരോടും വിവരം ധരിപ്പിച്ചോളൂ ..നാളെ ഞാന്‍ രാത്രി പത്തുമണിക്ക് അയാളെ ശ്രീജിത്തിന്‍റെ വീട്ടിലേക്ക് എത്തിക്കും .നിങ്ങള്‍ ഏഴുപേരും രാത്രി വീടിനു പുറകില്‍ ഉണ്ടാവണം മദ്യപിക്കുവാന്‍ കൊണ്ടുവരുന്ന മദ്യത്തില്‍ ഞാന്‍ ഉറക്ക ഗുളിക പൊടിച്ചത് ചേര്‍ക്കും .അയാള്‍ക്ക് പരസഹായം ഇല്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാതെയായാല്‍ ഞാന്‍ നിങ്ങളെ വിളിക്കാം ,,
ജയലക്ഷ്മി ഉണ്ണിമായയുടെ തോളില്‍ കൈവേച്ചുക്കൊണ്ട് ചോദിച്ചു .
,, ഉണ്ണിമായക്ക് ഭയം തോന്നുന്നുണ്ടോ .ഞാന്‍ കാരണം നിങ്ങള്‍ പിടിക്കപ്പെടുമോ എന്ന് ഞാന്‍ ഭയക്കുന്നു ,,
,,ജയലക്ഷ്മി ഒന്നുക്കൊണ്ടും ഭയപ്പെടേണ്ടതില്ല എല്ലാം നമ്മള്‍ ആസൂത്രണം ചെയ്തതു പോലെ കലാശിക്കും .അയാള്‍ ജയലക്ഷ്മിയോടു കാട്ടിയ ക്രൂരതയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് യാതൊരുവിധ ഭയവും തോന്നുന്നില്ല. ആ ദ്രോഹിയെ കൊല്ലണം .വേദനിപ്പിച്ചു വേദനിപ്പിച്ചു കൊല്ലണം ,,
ഉണ്ണിമായ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സംഘത്തിലെ മറ്റുള്ളവരെ ജയലക്ഷ്മി തിടുക്കത്തില്‍ വിവരം അറിയിച്ചു .പ്രതികാരത്തിന്‍റെ അഗ്നി അവളുടെ മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരുന്നു .
അടുത്ത ദിവസ്സം എട്ട് അംഗസംഘം അവരവരുടെ വീടുകളില്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് രാപാര്‍ക്കാന്‍ പോകുകയാണെന്ന് പറഞ്ഞിറങ്ങി .ഉണ്ണിമായ രാജനെ പട്ടണത്തില്‍ സന്ധിച്ചു .മറ്റുള്ളവര്‍ ശ്രീജിത്തിന്‍റെ വീട്ടിലും തങ്ങി ഏതാണ്ട് ഒന്‍പതു മണിയായപ്പോള്‍ വീട്ടിലെ പ്രകാശം അണച്ച് ഏഴംഗ സംഘം രാജനേയും ഉണ്ണിമായയേയും പ്രതീക്ഷിച്ചിരുന്നു .രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ വീട്ടുപടിക്കല്‍ ഒരു ഓട്ടോറിക്ഷ വന്നുനിന്നു .രാജനും ഉണ്ണിമായയും ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി വീടിന്‍റെ പൂമുഖത്ത് വന്നിരുന്നു .ഉണ്ണിമായയുടെ ശരീരത്തില്‍ രാജന്‍ സ്പര്‍ശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ കരുതിയിരുന്ന രണ്ടു ഡിസ്പോസിബിള്‍ ഗ്ലാസുകളില്‍ ഉണ്ണിമായ മദ്യം പകര്‍ന്നു .നിലാവെളിച്ചത്തില്‍ കാമാസക്തനായ രാജന്‍റെ നേര്‍ക്ക് ഒരു ഗ്ലാസ്സ് മദ്യം നീട്ടി .അയാള്‍ മദ്യം ഒറ്റവലിക്കകത്താക്കി യപ്പോള്‍ ഉണ്ണിമായ രാജനോട് പറഞ്ഞു .
,, നമ്മള്‍ വീടിന്‍റെ പുറത്തിരിക്കുന്നത് ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നമ്മള്‍ പിടിക്കപ്പെടും. രാജേട്ടന്‍ ഈ കതകിന്‍റെ പൂട്ട് തുറക്കുവാന്‍ ശ്രമിച്ചു നോക്കൂ ,,
അല്‍പനേരം ആലോചിച്ചതിനു ശേഷം രാജന്‍ പറഞ്ഞു .
,, ഞാന്‍ ഈ പൂട്ട് തകര്‍ക്കുവാന്‍ പറ്റുന്ന കരിങ്കല്‍ ചീള് കിട്ടുമോ എന്ന് നോക്കട്ടെ ,,
രാജന്‍ കരിങ്കല്ല് ചീള് നോക്കുവാന്‍ പോയപ്പോള്‍ കരുതിയിരുന്ന ഉറക്ക ഗുളികകള്‍ പൊടിച്ചത് അവള്‍ മദ്യക്കുപ്പിയില്‍ കലര്‍ത്തി .രാജന്‍ എടുത്തുക്കൊണ്ടുവന്ന കരിങ്കല്ല് ചീള് കൊണ്ട് പൂട്ട് തകര്‍ത്തു .അവര്‍ കൊണ്ട് വന്ന സാധനങ്ങള്‍ എല്ലാം എടുത്ത് അകത്ത് കയറി രാജന്‍ മെഴുകുതിരി കത്തിച്ചു വെച്ചു .അയാള്‍ ഉണ്ണിമായയെ പുണരുവാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ണിമായ അയാള്‍ക്ക് മദ്യം പകര്‍ന്നു നല്‍കി .രാജന്‍ അവള്‍ക്കായി പകര്‍ന്നു വെച്ച മദ്യം ഉണ്ണിമായയുടെ നേര്‍ക്ക് നീട്ടി അവള്‍ മദ്യം അല്പം കുടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഓക്കാനിച്ചു .അപ്പോള്‍ രാജന്‍ ചിരിച്ചുക്കൊണ്ട് പറഞ്ഞു .
,, ഞാന്‍ കരുതി ഇയാള്‍ക്ക് മദ്യപിച്ച് നല്ല ശീലമുണ്ടായിരിക്കുമെന്ന് ..
,, എനിക്ക് ഇതിന്‍റെ മണം പിടിക്കുന്നില്ല .രാജേട്ടന്‍ കുടിക്കൂ ,,
ഉണ്ണിമായ അയാളില്‍ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ചു .ഒപ്പം അയാളും സിഗരറ്റ് ചുണ്ടുകളില്‍ വെച്ച് കത്തിച്ചു ആഞ്ഞുവലിച്ചു .അവള്‍ അയാള്‍ക്ക് മദ്യം പകര്‍ന്നു നല്‍കിക്കൊണ്ടിരുന്നു രാജന്‍ മദ്യം ആര്‍ത്തിയോടെ കുടിച്ചുക്കൊണ്ടിരുന്നു .ചുമരില്‍ ചാരിയിരുന്നിരുന്ന രാജന്‍റെ ഇമകള്‍ തുറക്കുവാന്‍ അയാള്‍ പാടുപ്പെടുന്നത് കണ്ടപ്പോള്‍ ഉണ്ണിമായ എഴുന്നേറ്റുനിന്നു അവള്‍ അല്പം മാറിനിന്ന് കൈത്തലം അയാളുടെ നേര്‍ക്ക് നീട്ടി .രാജന്‍ അവളുടെ കൈത്തലം നുകരാന്‍ ശ്രമിച്ചു പക്ഷെ അയാളുടെ കൈ പൊങ്ങുന്നുണ്ടായിരുന്നില്ല .അപ്പോള്‍ അവള്‍ സര്‍വശക്തിയുമെടുത്ത് ,, ദ്രോഹീ ,, എന്ന് ആക്രോശിച്ചുക്കൊണ്ട് അയാളുടെ ശിരസ്സിലേക്ക് ആഞ്ഞു ചവിട്ടി .രാജന്‍ നിലംപതിച്ചു അയാള്‍ക്ക് ഒന്ന് അനങ്ങുവാന്‍ പോലും ആവുന്നുണ്ടായിരുന്നില്ല .മദ്യത്തില്‍ കലര്‍ന്ന ഉറക്ക ഗുളികയുടെ വീര്യം അയാളെ ഉറക്കത്തിലേക്ക് നയിച്ചിരുന്നു .ഉണ്ണിമായയുടെ ഒച്ച കേട്ടപ്പോള്‍ എഴംഗസംഘം അകത്തേക്ക് ഓടിക്കയറി പിന്നെ അവിടെ ആരെങ്ങേറിയത് കൂട്ട മര്‍ദനമായിരുന്നു .
ജയലക്ഷ്മി മെഴുകുതിരി കത്തിച്ച് രാജന്‍റെ കണ്ണുകളിലും ശരീരത്തിലും ഇറ്റിച്ചുക്കൊണ്ടിരുന്നു . രാജന്‍ നിഷ്കരുണം വധിക്കപ്പെട്ടു .മൃദദേഹം സെപ്റ്റിക് ടാങ്കില്‍ കൊണ്ടിട്ട് ടാങ്കിന്‍റെ എല്ലാവശങ്ങളും സിമന്‍റ് തേച്ചുപ്പിടിപ്പിച്ചു . ശിക്ഷ നടപ്പാക്കേണ്ടുന്നവരുടെ പട്ടികയിലെ ആദ്യപേര് ജയലക്ഷ്മി ചുമന്ന മാഷിക്കൊണ്ട് വെട്ടി .നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിക്കുവാന്‍ അവള്‍ക്കായില്ല .ശ്രീജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റു ചെയ്യപ്പെട്ടാലും, അവര്‍ കുറ്റവാളികളാണെന്നു കോടതിക്ക് ബോധ്യമായാലും .കൂടിയ ശിക്ഷ കഠിനതടവ് മാത്രമാകും എന്ന ചിന്തയാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് സ്വയം ശിക്ഷ വിധിക്കാനും സുഹൃത്തുക്കളുടെ സഹായത്താല്‍ ശിക്ഷ നടപ്പാക്കാനും പ്രേരിപ്പിച്ചത് .ഒരു ഉറുമ്പിനെപ്പോലും നോവിക്കുവാന്‍ കഴിയാത്ത ജയലക്ഷ്മിയെ ജീവിത സാഹചര്യം കൊലപാതകിയാക്കി മാറ്റി .പ്രതികാരം തീര്‍ക്കുവാന്‍ ജയലക്ഷ്മിയും സുഹൃത്തുക്കളും തക്കം പാര്‍ത്തിരുന്നു .
ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com