http://rasheedthozhiyoor.blogspot.com
|
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക എന്ന ഗ്രാമ പഞ്ചായത്തിലെ
വ്യാപിച്ചുകിടക്കുന്ന കശുമാവിന്‍ തോട്ടങ്ങളുടെ ഇടയിലുള്ള ഗ്രാമത്തിലാണ് വാസുദേവനും കുടുംബവും താമസിക്കുന്നത്. കശുമാവിന്‍ തോട്ടങ്ങളില്‍ കാല്‍നൂറ്റാണ്ടുകാലത്തോളം എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗ്ഗം തളിച്ചിരുന്നതിന്‍റെ ദുരിതങ്ങള്‍ അവിടുത്തെ ജനത ഒന്നടങ്കം അനുഭവിക്കുന്നത് കൊണ്ടുതന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുന്പ് വാസുദേവന്‍. തന്‍റെ രണ്ടേക്കറില്‍ കൂടുതലുള്ള കശുമാവിന്‍ തോട്ടത്തിലെ മുഴുവന്‍ കശുമാവുകളും. വിറകു കച്ചവടക്കാര്‍ക്ക് വില്പന ചെയ്ത്. യന്ത്രങ്ങളുടെ സഹായത്താല്‍ മുഴുവന്‍ കശുമാവിന്‍ വേരുകളും മണ്ണില്‍ നിന്നും നീക്കം ചെയ്ത്. ഫലഭൂയിഷ്ഠമായ മണ്ണാക്കി തീര്‍ത്തത്.ഇപ്പോള്‍ പറമ്പിന്‍റെ നാലതിരുകളിലും കായ്ഫലമുള്ള വൃക്ഷങ്ങള്‍ ഹരിതാഭമായ കാഴ്ചയാണ് .ബാക്കിയുള്ള സ്ഥലത്ത് ഇടവിള കൃഷിയാണ് ചെയ്തുപോരുന്നത് .തോട്ടത്തില്‍ കൂടുതലും കുരുമുളക് കൃഷിയാണ് ചെയ്യുന്നത് .ഒപ്പം കായ്കറികളും, കപ്പയും,ചേമ്പും ,ചേനയും, കാച്ചിലും, കിഴങ്ങും, മറ്റും കൃഷി ചെയ്യുന്നു .കൃഷി തോട്ടത്തിന്‍റെ ഓരം ചേര്‍ന്നുള്ള മേല്‍കൂര ഓടിട്ട മൂന്നു കിടപ്പുമുറികളുള്ള വീടിന്‍റെ അല്‍പമകലെയായി രണ്ടു കള്ളികളുള്ള തൊഴിത്തിനോട് ചെര്‍ന്നുതന്നെയാണ് ആട്ടിന്‍ കൂടും കൊഴികൂടും സ്ഥിതിചെയ്യുന്നത് .
മുഴുനീള കര്‍ഷകനായ വാസുദേവനെ കൃഷിയില്‍ സഹായിക്കുവാന്‍. അമ്മയും, ഭാര്യയും, സഹോദരിയും അയാള്‍ക്കൊപ്പമുണ്ട് .വിവാഹപ്രായമായ സഹോദരിയുടെ വിവാഹത്തിനായി വേണ്ടുന്ന സമ്പാദ്യം. വാസുദേവന്‍ സ്വരുക്കൂട്ടിയിട്ടുണ്ട് .കുടുംബത്തിനു ചേരുന്ന നല്ല ബന്ധങ്ങള്‍ സഹോദരിക്കായി ഒത്തുവരാത്തതില്‍ വാസുദേവനും കുടുംബവും ദുഖിതരാണ് .എന്‍ഡോസള്‍ഫാന്‍ ഗ്രാമത്തിന്‍റെ തീരാശാപമായി അവശേഷിക്കുന്നു . അനേകം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരാണ് പഞ്ചായത്തില്‍ വസിക്കുന്നത്. ബദിയടുക്ക പഞ്ചായത്തില്‍ മാത്രമല്ല കാസര്‍ഗോഡ് ജില്ലയിലെ മറ്റു പത്ത് പഞ്ചായത്തുകളില്‍ കൂടി അനേകം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുണ്ട് .എന്‍ഡോസള്‍ഫാന്‍ നിരോധനം പ്രാബല്യത്തില്‍ വരുത്തുവാനായി അഹോരാത്രമെന്നോണം ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനിയാണ് വാസുദേവന്‍ .അച്ഛന്‍ ആസ്ത്മയും മറ്റു എന്‍ഡോസള്‍ഫാന്‍ നിമിത്തമുണ്ടായ അസുഖങ്ങളും പിടിപ്പെട്ട് മരണമടഞ്ഞപ്പോള്‍. ഉള്ള വസ്തുക്കള്‍ വില്പന ചെയ്ത് .അടുത്ത ജില്ലയിലേക്ക് പാലായനം ചെയ്യുവാന്‍ വാസുദേവനും കുടുംബവും ശ്രമിച്ചതാണ്. പക്ഷെ ഭൂമി വാങ്ങിക്കുവാന്‍ ആരേയും കണ്ടെത്തുവാന്‍ കഴിയാത്തത് കൊണ്ട് ആ ഉദ്ധ്യമം അവര്‍ ഉപേക്ഷിച്ചു .
ഇപ്പോള്‍ അമ്മയ്ക്കും ആസ്ത്മയും, കൈകാലുകള്‍ക്ക് തളര്‍ച്ചയും അനുഭവപെട്ടു തുടങ്ങിയിരിക്കുന്നു .എന്‍ഡോസള്‍ഫാന്‍ വിഷബാധ മൂലം കൂടുതലായി കണ്ടുവരുന്ന അസുഖങ്ങള്‍ നാഡീഞരമ്പുകളെയാണ്. ആരോഗ്യപൂര്ണമായ നേത്രങ്ങള്‍ക്ക് മസ്തിഷ്കവുമായുളള ധമനീബന്ധം മുറിഞ്ഞാല്‍ രോഗിക്ക് കാഴ്ചയുണ്ടാവില്ല. എല്ലാ അവയവങ്ങള്‍ക്കും ഇത് ബാധകമാണ്. മാനസിക വൈകല്യങ്ങളും അങ്ങനെ തന്നെ. പഞ്ചായത്തിലെ ഇത്തരം മനുഷ്യ വൈകല്യങ്ങള്‍ വ്യാപകമാണ്.കാഴ്ചയില്ലാത്തതിനോടൊപ്പം തന്നെ കൈകാലുകള്‍ ശുഷ്ക്കിച്ച അവസ്ഥയിലുള്ള എത്രയോ കുഞ്ഞുങ്ങളാണ് പഞ്ചായത്തില്‍ വസിക്കുന്നത് .
1994 നവംബര്‍ മുതല്‍ വിവിധ അധികാരികള്‍ക്ക് പരാതികള്‍ അയക്കാന്‍ തുടങ്ങിയതാണ് വാസുദേവന്‍ ഉള്‍പെടുന്ന എന്‍ഡോസള്‍ഫാനെതിരെയുളള സമരസമിതി . ആ വര്‍ഷം ഒക്ടോബറില്‍ ഒപ്പുശേഖരണം നടത്തി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന് സമര്‍പ്പിച്ചു. ഫലം ഒന്നും കണ്ടില്ല. പിന്നീട് കോടതിവഴിയായി സമരം. 1998ല്‍ മുന്‍സിഫ് കോടതിയുടെ സ്റ്റേ കിട്ടി. എന്നാല്‍, പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേ നീക്കി. 1999ല്‍ സ്പ്രേ ദിവസേന ഒരിക്കല്‍ മാത്രം എന്ന് നിജപ്പെടുത്തി. 2003ല്‍ കീഴ്ക്കോടതി വിധി പൂര്‍ണമായി ശരിവെച്ചുകൊണ്ട് എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുന്നതിനെ സ്ഥിരമായി സ്റ്റേ ചെയ്തുകൊണ്ട് കേരള ഹൈക്കോടതി വിധി വന്നു. അതോടെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 2004ല്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചു. അത് കാസര്‍ഗോഡ് ജില്ലയിലെ ജനതക്ക് വലിയ ആശ്വാസമായിരുന്നു. 2005ല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ വില്‍പനയും ഉപയോഗവും കേരളത്തില്‍ നിരോധിച്ചു.
വാസുദേവന് വര്‍ഷങ്ങളുടെ കാത്തിരിപ്പിനോടുവിലാണ് 2003 അവസാനത്തില്‍ ഒരു ആണ്‍ കുഞ്ഞ് പിറക്കുന്നത് .തന്‍റെ മരണാനന്തരക്രിയകൾ ചെയ്യുവാന്‍ തനിക്കൊരു മകന്‍ പിറക്കാതെ പോകുമോ എന്ന ആധിയോടെ കഴിഞ്ഞിരുന്ന വാസുദേവനും കുടുംബത്തിനും ലോകം കീഴടക്കിയ പ്രതീതിയാണ് മകന്‍റെ ജന്മത്തോടെ ഉളവാക്കിയത് .പക്ഷെ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല .അരുമ മകന്‍ പിച്ചവെച്ചു നടക്കുവാന്‍ തുടങ്ങിയപ്പോള്‍ നടുക്കുന്ന ആ സത്യം വാസുദേവനും കുടുംബവും തിരിച്ചറിഞ്ഞപ്പോള്‍. ഭൂമി തലകീഴായി മറിയുന്നത് പോലെ അവര്‍ക്ക് അനുഭവപെട്ടു .എന്‍ഡോസള്‍ഫാന്‍ വിഷബാധ മൂലം മകന്‍റെ നാഡീഞരമ്പുകളുടെ മസ്തിഷ്കവുമായുളള ധമനീബന്ധം മുറിഞ്ഞുപോയത് മൂലം കാഴ്ച എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു .മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ മകന്‍റെ കൈകാലുകള്‍ ശുഷ്ക്കിച്ച അവസ്ഥയിലേക്ക് പരിണമിക്കുവാന്‍ തുടങ്ങി .
മകന്‍റെ പിറവിയോടെ ദുരിതങ്ങള്‍ നിറഞ്ഞ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു .തരക്കേടില്ലാത്ത ഒരു ബന്ധം ഒത്തുവന്നപ്പോള്‍ സഹോദരിയുടെ വിവാഹം വാസുദേവന്‍ നടത്തി കൊടുത്തു . ഒരു ദിവസം തോട്ടത്തില്‍ ചേന പാകുവാനായി കുഴി വെട്ടികൊണ്ടിരിക്കുകയായിരുന്നു വാസുദേവന്‍ .അന്ന് പതിവില്‍ കൂടുതല്‍ ചൂട് അയാള്‍ക്ക് അനുഭവപെട്ടു .സൂര്യരശ്മികള്‍ അയാളുടെ ദേഹമാസകലം പതിക്കുന്നത് കൊണ്ട് വിയര്‍പ്പുകണങ്ങള്‍ അയാളുടെ വസ്ത്രങ്ങള്‍ നനയിച്ചു കൊണ്ടിരുന്നു .പൂമുഖത്തറയില്‍ അസഹ്യമായ വേദനകൊണ്ട് പുളഞ്ഞും ഇഴഞ്ഞും വാവിട്ടു കരയുന്ന മകനെ ഇടയ്ക്കിടയ്ക്ക് വാസുദേവന്‍ നോക്കിക്കൊണ്ടിരുന്നു .മകന് ഈ ഇടെയായി ശാരീരിക വേദന അസഹ്യമായിരിക്കുന്നു .രാത്രിയില്‍ നിദ്രയും ഇല്ലാതെയായിരിക്കുന്നു .അതുകൊണ്ടുതന്നെ ആ വീട്ടില്‍ ആര്‍ക്കും നിദ്രയില്ലതെയായി .
അരിശം തീര്‍ക്കുംപോലെ മണ്ണില്‍ ആഞ്ഞുവീശി വെട്ടുന്ന ഭര്‍ത്താവിന്‍റെ അരികില്‍ വന്ന് അയാള്‍ക്ക് നേരെ കുടിക്കുവാനായി വെള്ളം നിറച്ച മൊന്ത നീട്ടികൊണ്ടു ഭാര്യ പറഞ്ഞു .
,, എന്താ ഈ കാണിക്കുന്നേ .എന്താ ഇങ്ങിനെയൊക്കെ .അല്‍പം വീട്ടില്‍ വന്നിരുന്ന് വിശ്രമിക്കു .ഇനിയും ഇങ്ങനെ ഈ പൊരിവെയിലില്‍ വെട്ടിക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ തളര്‍ന്നു വീഴും .
അയാള്‍ മൊന്ത വാങ്ങി പാതിയില്‍ കൂടുതല്‍ വെള്ളം ആര്‍ത്തിയോടെ കുടിച്ചുകൊണ്ട് പറഞ്ഞു .
,, നീ കണ്ടില്ലെ നമ്മുടെ മോന്‍ അനുഭവിക്കുന്ന വേദന .അവന്‍ അനുഭവിക്കുന വേദനയുടെ ഒരു അംശം പോലും വേദന ഞാന്‍ അനുഭവിക്കുന്നില്ല .വൈദ്യശാസ്ത്രം തോറ്റുപോയ ഇങ്ങിനെയൊരു അസുഖം എന്തിന് നമ്മുടെ മോന് ഈശ്വരന്‍ നല്‍കി .ഈ ഗ്രാമത്തിലുള്ള എത്രയോപേര്‍ നമ്മുടെ മോനെ പോലെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട് .ചിലരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി നമ്മുടെ തലയ്ക്ക് മുകളില്‍ കൊണ്ടുവന്ന് തെളിച്ച കീടനാശിനി. തോട്ടം മുതലാളിമാരുടെ അണ്ണാക്കിലേക്ക് ഒഴിച്ചു കൊടുക്കുകയാണ് വേണ്ടത് . നീ ചെല്ല് മോന്‍റെ അരികില്‍ പോയിരിക്ക്.വര്‍ഷങ്ങളോളം പ്രാര്‍ഥിച്ചു ലഭിച്ച നമ്മുടെ മോന്‍ .ഈശ്വരാ.... ഞങ്ങളോട് ഈ കൊടും ചതി വേണ്ടായിരുന്നു ,,
വാസുദേവന്‍റെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകി വിയര്‍പ്പില്‍ ലയിച്ചുകൊണ്ടിരുന്നു .വാസുദേവന്‍ കരയുന്നത് കണ്ടപ്പോള്‍ ഭാര്യ തിരിഞ്ഞോടി മകന്‍റെ അരികില്‍ പോയിരുന്നു . അയാള്‍ വീണ്ടും അയാളുടെ ഉദ്ധ്യമത്തില്‍ മുഴുകികൊണ്ടിരുന്നു .അപ്പോള്‍ അയാളുടെ കിടപ്പിലായ അമ്മ ആസ്ത്മ കൂടിയത് മൂലം ശ്വാസോച്ഛ്വാസത്തിനായി നന്നേ പാടുപെടുന്നുണ്ടായിരുന്നു .അന്നുരാത്രിയില്‍ മകന്‍ അസഹ്യമായ വേദനകൊണ്ട് പുളഞ്ഞു കൊണ്ടിരുന്നു .അന്ന് ഒരുപോള കണ്ണടയ്ക്കാന്‍ ആ വീട്ടില്‍ ആര്‍ക്കുംതന്നെ കഴിഞ്ഞില്ല .അടുത്ത ദിവസം അമ്മയെ നോക്കാന്‍ അയല്‍പക്കത്തെ നാരായണി അമ്മയെ ഏര്‍പ്പാടാക്കി .വാസുദേവനും ഭാര്യയും മകനും കൂടി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് യാത്രയായി
ഏതാണ്ട് ഒന്‍പതു മണിയോടെ ആശുപത്രിയില്‍ എത്തിയെങ്കിലും വൈകീട്ട് മൂന്നു മണിക്ക് ശേഷം ഡോക്ടറെ കാണുവാനുള്ള ചീട്ടാണ് അവര്‍ക്ക് ലഭിച്ചത് .മകനെ എത്ര ആശ്വസിപ്പിച്ചിട്ടും മകന്‍റെ രോദനം തുടര്‍ന്നുകൊണ്ടേയിരുന്നു .പതിനഞ്ചു വയസ്സിനു താഴെയുള്ള ഒരു പാട് കുഞ്ഞുങ്ങള്‍ സമാനമായ അവസ്ഥയില്‍ അവിടെ ഉണ്ടായിരുന്നു .അവിടെ ഉണ്ടായിരുന്ന രക്ഷിതാക്കളുടെ ആരുടേയും മുഖത്ത് പ്രതീക്ഷ നിഴലിക്കുന്നത് വാസുദേവന് കാണുവാന് കഴിഞ്ഞില്ല .നിര്‍ജ്ജീവമായ അവസ്തയില്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ വാസുദേവനും ഭാര്യയും മൂന്നുമണി വരെ ഇരുന്നു .മകനെ ഡോക്ടറെ കാണിക്കുവാനുള്ള ഊഴമെത്തിയപ്പോള്‍ വാസുദേവന്‍ മകനെ എടുത്ത് ഡോക്ടരുടെ മുറിയിലേക്ക് നടന്നു ഒപ്പം ഭാര്യയും .
ഡോക്ടര്‍ മന്ദഹസിച്ചു കൊണ്ട് മൊഴിഞ്ഞു .
,, മകനെ ആ ടെസ്ക്കിലെക്ക് കിടത്തിക്കോളൂ ..,,
വാസുദേവന്‍ മകനെ കിടത്തി അല്‍പം മാറിനിന്നു .അയാള്‍ അപ്പോള്‍ കലശലായി ച്ചുമയ്ക്കുന്നുണ്ടായിരുന്നു .മകന്‍ രണ്ടുകാല്‍മുട്ടുകളും നെഞ്ചിനോട് ചേര്‍ത്ത് വളഞ്ഞു കിടന്നു .ഡോക്ടര്‍ എത്ര ശ്രമിച്ചിട്ടും മകനെ നിവര്‍ത്തി കിടത്തുവാന്‍ കഴിഞ്ഞില്ല .ശുഷ്കിച്ച കാലുകള്‍ തടവി കൊണ്ട് ഡോക്ടര്‍ പറഞ്ഞു .
,, മോനെ വിശദമായി പരിശോദിക്കണം .അള്‍ട്രാ സ്കേന്‍ ചെയ്തു നോക്കിയാലെ മകന്‍റെ ഈ അസഹ്യമായ വേദനയുടെ കാരണം കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ .ഇവടെയുള്ള യന്ത്രം തകരാറിലാണ് .ഞാന്‍ സ്വകാര്യ ആശുപത്രിയിലേക്ക് കുറിപ്പ് തരാം. നാളെ രാവിലെ വന്ന് റിസള്‍ട്ട് എന്നെ കാണിച്ചാല്‍ മതി. ഇപ്പോള്‍ വേദന കുറയുവാനുള്ള മരുന്ന് കുറിച്ച് തരാം ,,
വാസുദേവന്‍ മകനേയും എടുത്ത് പുറത്തുള്ള ബഞ്ചില്‍ പോയിരുന്ന് ഭാര്യയോട് മരുന്ന് വാങ്ങി കൊണ്ട് വരുവാന്‍ പറഞ്ഞു .അല്‍പം കഴിഞ്ഞപ്പോള്‍ ഭാര്യ മരുന്നുമായി തിരികെ വന്നു .മകന് മരുന്ന് നല്‍കി ഏതാനും സമയം കഴിഞ്ഞപ്പോള്‍ മകന്‍ മയങ്ങിപോയി .വാസുദേവന്‍ മകനെ തോളില്‍ കിടത്തി പ്രയാസപ്പെട്ടു സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ യാത്രയായി ഒപ്പം ഭാര്യയും .സ്വകാര്യ ആശുപത്രിയില്‍ കരുതിയിരുന്ന പണം തികയാതെ വന്നപ്പോള്‍ വാസുദേവന്‍ ഭാര്യയുടെ സ്വര്‍ണ വള ഒരണ്ണം ഊരിവാങ്ങി ജ്വല്ലറിയില്‍ കൊണ്ടുപോയി വില്‍പനചെയ്തു .സ്കാനിങ്ങും മറ്റു പരിശോദനയും കഴിഞ്ഞപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു .മകന്‍ അപ്പോഴും അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു.
രാത്രി പട്ടണത്തില്‍ മുറിയെടുത്ത് താമസിച്ചു .ഉറങ്ങുവാന്‍ കിടന്നപ്പോള്‍ മെത്തയില്‍ മകനെ നടുവിലാണ് കിടത്തിയത് .രണ്ടുപേരും മകന്‍റെ തലയില്‍ തലോടിക്കൊണ്ട് ഉറങ്ങാതെ കിടന്നു .ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ് മകന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് അസഹ്യമായ വേദന മകന് ഉണ്ടാകുമ്പോള്‍ അവന്‍ ചുരുണ്ടുകൂടിയാണ് കിടക്കുന്നത് .മരുന്നിന്‍റെ വീര്യമാണ് മകനെ മയക്കി കിടത്തിയിരിക്കുന്നത് എന്ന് വാസുദേവന്‍ ഓര്‍ത്തു.ഉറങ്ങാതെ കിടക്കുന്ന വാസുദേവനോട് ഭാര്യ ചോദിച്ചു .
,,നേരം ഒരുപാടായി ഉറങ്ങുന്നില്ലേ .നാളെ നേരത്തെ ആശുപത്രിലേക്ക് പോകേണ്ടതല്ലേ ,,
,, ഉറക്കം വരുന്നില്ല .എന്താകും പരിശോദനയുടെ റിസള്‍ട്ട് എന്ന് അറിയാതെ മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല .നമ്മുടെ മോന് ഈ ജന്മത്തില്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കുവാനാവുമോടീ ,,
ഈ അസുഖം പിടിപെട്ട കുട്ടികള്‍ ഒന്നും തന്നെ നാളിതുവരെ പരസഹായമില്ലാതെ നില്‍ക്കുന്നത് കാണാന്‍ അവള്‍ക്കാകാത്തത് കൊണ്ട് എന്ത് മറുപടി പറയുമെന്നറിയാതെ ഭാര്യ ധര്‍മ്മസങ്കടത്തിലായി .
,, ഈശ്വരന്‍ വലിയവനല്ലേ നമ്മുടെ മോന്‍റെ അസുഖം മാറുമെന്ന് എന്‍റെ മനസ്സ് പറയുന്നു .സമാധാനമായി ഉറങ്ങിക്കോളൂ ,,
നിദ്രയിലേക്ക് എപ്പോഴോ വാസുദവന്‍ എത്തിപെട്ടു .പതിവില്ലാതെ അന്ന് അയാളുടെ നിദ്രയിലേക്ക് ദുസ്വപ്നം ക്ഷണിക്കാത്ത അതിഥിയായി കടന്നുവന്നു .കറുത്ത പോത്തിന് മുകളില്‍ കാലന്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് മകന്‍റെ ചുറ്റിനും വട്ടമിടുന്നു .മകനെ രക്ഷിക്കാന്‍ അയാള്‍ സര്‍വശക്തിയുമെടുത്ത് പരിശ്രമിച്ചു കൊണ്ടിരുന്നു .പക്ഷെ പോത്തിനെ മറികടന്നുകൊണ്ട് മകന്‍റെ അരികിലേക്കെത്തുവാന്‍ അയാള്‍ക്കാവുന്നില്ല .ചുമന്ന മണ്ണില്‍ മകന്‍ പ്രാണരക്ഷാര്‍ഥം ഇഴഞ്ഞു നീങ്ങുവാന്‍ ശ്രമിക്കുന്നു .പ്രപഞ്ചമാകെ പൊടിപടലങ്ങള്‍ നിമിത്തം അയാളുടെ കാഴ്ചകള്‍ മങ്ങുന്നു .പൊടുന്നനെ മകന്‍ പൊടിപടലങ്ങള്‍ക്കുള്ളിലൂടെ വിദൂരതയിലേക്ക് ഓടി മറയുന്നു .ഒപ്പം കാലന്‍ പോത്തിന്‍ പുറത്ത് വേഗതയില്‍ മകനു പിന്നാലെ പായുന്നു . കാലന്‍ കയ്യിലുള്ള കുരുക്ക് മകന് നേരെ എറിഞ്ഞുകൊണ്ടേയിരിക്കുന്നു .അന്ന് ആദ്യമായി സ്വപ്നത്തില്‍ മകന്‍ ഓടുന്ന കാഴ്ച വാസുദേവന്‍ കണ്ടു .ഇതുവരെ മകന്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കുന്നത് കാണാത്ത അയാള്‍ മോനേ ......എന്ന് അലറിവിളിച്ചുകൊണ്ട് നിദ്രയില്‍ നിന്നും ഉണര്‍ന്നു .അയാളുടെ രോദനം കേട്ട് ഭാര്യ ഞെട്ടിയുണര്‍ന്നു ചോദിച്ചു .
,, എന്തേ ... എന്താ ഉണ്ടായേ ...,,
,, ഞാന്‍ ... ഞാന്‍ നമ്മുടെ മോന്‍ ഓടുന്നത് കണ്ടു .പക്ഷെ മോനെ പിടിക്കുവാന്‍ ,,
വാസുദേവന്‍ വാക്കുകള്‍ മുഴുവിപ്പിക്കാതെ മകന്‍റെ ശിരസ്സ് മടിയിലേക്ക് വെച്ച് മുഖത്ത് തുരുതുരെ ചുംബനങ്ങള്‍ നല്‍കികൊണ്ടിരുന്നു .
അപ്പോള്‍ മകന്‍ കഴിച്ച മരുന്നിന്‍റെ വീര്യം കുറഞ്ഞതുകൊണ്ട് അസഹ്യമായ വേദനയാല്‍ ചുരുണ്ടുകൂടി കിടന്ന് കരയുകയായിരുന്നു .അയാള്‍ മകനെ ദേഹമാസകലം തടവിക്കൊണ്ട് വീണ്ടു മയക്കത്തിനുള്ള മരുന്ന് കൊടുത്തു എതാനും നിമിഷങ്ങള്‍ക്കകം മകന്‍ വീണ്ടും അര്‍ദ്ധ ബോധാവസ്തയിലായി .അടുത്ത ദിവസ്സം പുലര്‍ച്ചെ തന്നെ അവര്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു .റിസള്‍ട്ട് കാണിക്കുവാന്‍ മാത്രമായത് കൊണ്ട് അധികം വൈകാതെ അവര്‍ ഡോക്ടറുടെ മുറിയിലേക്ക് എത്തിച്ചേര്‍ന്നു .ഡോക്ടര്‍ എല്ലാ കുറിപ്പുകളും സസൂക്ഷ്മം വായിച്ചു നോക്കിയതിനു ശേഷം. മകനേയും മാതാവിനേയും പുറത്തിരുത്തി വാസുദേവനോട് ഡോക്ടറുടെ അരികിലേക്ക് തിരികെ വരുവാന്‍ പറഞ്ഞു . ഭാര്യയേയും മകനേയും പുറത്തിരുത്തി ജിജ്ഞാസയോടെ അയാള്‍ ഡോക്ടറുടെ അരികില്‍ തിരികെയെത്തി .ഡോക്ടര്‍ അയാളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു .
,, ശ്രീ വാസുദേവന്‍. വിധിയെതടുക്കുവാന്‍ നമുക്ക് ആവില്ലല്ലോ .ഇപ്പോള്‍ അസഹ്യമായ വേദന താങ്കളുടെ മകന് ഉണ്ടാകുവാന്‍ കാരണം. താങ്കളുടെ മകന്‍ ഇപ്പോള്‍ പൂര്‍ണ കാന്‍സര്‍ രോഗിയാണ്. മരുന്നുകള്‍ കൊണ്ട് യാതൊരുവിധ ഫലവും താങ്കളുടെ മകന് ഇനി ഉണ്ടാകുവാന്‍ ഇടയില്ല .താങ്കളുടെ മകന്‍റെ സമാനമായ അസുഖം മൂലം എത്രയോപേര്‍ ഈ കാസര്‍ഗോഡ് ജില്ലയില്‍ മരണമടയുന്നു .എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം പ്രകൃതിയിലെ വായുപോലും മലിനമാണ് .ഇനി താങ്കളുടെ മകന്‍റെ അസുഖത്തിന് വൈദ്യശാസ്ത്രം പറയുന്ന പ്രതിവിധി .വേദനസംഹാരി മരുന്നുകള്‍ നല്‍കുക എന്നതാണ് .ഇനി നിങ്ങള്‍ക്ക് വേണമെങ്കില്‍ തിരുവനതപുരത്തെ റിജണല്‍ കാന്‍സര്‍ സെന്ററില്‍ കൊണ്ടുപോകാം പക്ഷെ അസുഖം ഒരിക്കലും മാറില്ല .കാരണം അത്രകണ്ട് മൂര്‍ധന്യ അവസ്തയില്‍ ആയിരിക്കുന്നു താങ്കളുടെ മകന്‍റെ അസുഖം ,,
വാസുദേവന്‍ നിസഹായനായി ഡോക്ടറുടെ മുഖത്തേക്ക് കരുണയോടെ നോക്കിക്കൊണ്ടു പറഞ്ഞു .
,, എവിടെ വേണമെങ്കിലും ഞങ്ങള്‍ മോനെ കൊണ്ടുപോകാം എന്‍റെ മോന്‍റെ അസുഖം ഇനി ഒരിക്കലും മാറില്ലേ ഡോക്ടര്‍ ,,
,, വാസുദേവന്‍ ഞാന്‍ താങ്കളോട് പറഞ്ഞുവല്ലോ. അസുഖം മാറുക എന്നത് അസാദ്ധ്യമാണ് .,,
വാസുദേവന്‍ മകന്‍റെ അരികില്‍ പോയി മകനെ വാരിപുണര്‍ന്നു കൊണ്ട് പൊട്ടിക്കരഞ്ഞു .ഒപ്പം അയാളുടെ ഭാര്യയും .വീട്ടില്‍ തിരികെയെത്തി അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ഉറച്ച തീരുമാനമെടുത്ത് വാസുദേവന്‍ വീട്ടില്‍ നിന്നും ഇറങ്ങിനടന്നു . അയാളുടെ ലക്ഷ്യം കീടനാശിനി വില്പനക്കാരന്‍ ചാക്കോയുടെ വീടായിരുന്നു .ചാക്കോ തൃശൂര് നിന്നും ബദിയടുക്കയില്‍ വന്ന് കുടിയേറിയതാണ് വാസുദേവന്‍ വീര്യം കൂടിയ കീടനാശിനി ആവശ്യപെട്ടപ്പോള്‍ ചാക്കോ അയാളെ കളിയാക്കികൊണ്ട് പറഞ്ഞു .
,, ഇത് എന്തൂട്ട് കഥയാടോ ഗട്യേ .... എന്‍ഡോസള്‍ഫാനും കീടനാശിനികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയ തനിക്ക് ഇത് എന്തൂട്ടാ പറ്റ്യേ ....നിയ്യ് കൃഷിക്ക് ഉപയോഗിക്കുന്നത് ജൈവ വളമല്ലേ പിന്നെ എന്തൂട്ടിനാടോ ശവ്യേ ... തനിക്ക് ഈ കുന്ത്രാണ്ടം ,,
,, ചാക്കോ എന്‍റെ വേപ്പ് മരത്തില്‍ നിറയെ കീടങ്ങള്‍. പുകയില കഷായം കൊണ്ടൊന്നും ആ കീടങ്ങള്‍ ചാവുന്നില്ല. ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ ,,
,, എന്‍ഡോസള്‍ഫാനും കീടനാശിനികള്‍ക്കും എതിരെ നാടൊട്ടുക്കും പ്രസംഗിച്ചു നടക്കും. എന്നിട്ട് കീടത്തെ കൊല്ലാന്‍ ഇമ്മടെ കീടനാശിനി തന്നെ വേണം എല്ലാ ഗട്യോള്‍ക്കും ,,
വാസുദേവന്‍ കീടനാശിനി വാങ്ങി തിരികെ നടന്നു നടത്തത്തിനിടയില്‍ കീടനാശിനി കുപ്പി അയാള്‍ അരക്കെട്ടില്‍ തിരുകി വെച്ചു .സന്ധ്യയായപ്പോള്‍ അയാള്‍ ഭാര്യയോടു പറഞ്ഞു .
,, ഇന്ന് അത്താഴത്തിനുള്ള ഭക്ഷണം ഉണ്ടാക്കേണ്ട ഞാന്‍ ഞാന്‍ പട്ടണത്തില്‍ പോകുന്നുണ്ട്. അവിടെ നിന്നും ഭക്ഷണം വാങ്ങി വരാം ,,
അയാളുടെ സംസാരം കേട്ട് ഭാര്യ ആശ്ചര്യത്തോടെ അയാളെ നോക്കി, പുറത്ത് നിന്നും ഭക്ഷണം വാങ്ങിക്കുന്ന പതിവ് അയാള്‍ക്കില്ല. പിന്നെ ഇന്ന് ഇത് എന്തു പറ്റി എന്ന ചിന്തയായിരുന്നു അയാളുടെ ഭാര്യക്ക് .അയാള്‍ ഏതാണ്ട് എട്ടുമണിയോടെ വീട്ടില്‍ തിരികെയെത്തി .രണ്ടു ബിരിയാണി പൊതികളും, ഒരു വലിയ ഐസ്ക്രീം പാത്രവും ,കൊക്കോകോളയുടെ ബോട്ടിലും അയാളുടെ പക്കല്‍ ഉണ്ടായിരുന്നു .അയാള്‍ ഭാര്യയോടു പറഞ്ഞു
,,ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം. നീ... അമ്മ കിടയ്ക്കുന്ന മുറിയില്‍ ഭക്ഷണം എടുത്ത് വെയ്ക്ക്. അമ്മയ്ക്ക് തീന്‍ മേശയിലേക്ക് വരുവാന്‍ പ്രയാസമല്ലേ . നമുക്ക് എല്ലാവര്‍ക്കും ഇന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം ,,
വാസുദേവന്‍ കുളിച്ച് വസ്ത്രം മാറി വന്നു .അപ്പോഴേക്കും ഭാര്യ ഭക്ഷണം എടുത്ത് വെച്ചിരുന്നു .
,, നീ മോന് ഭക്ഷണം വാരി കൊടുക്ക് ഞാന്‍ അമ്മയ്ക്ക് വാരി കൊടുക്കാം എന്നും നീയല്ലേ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നത് .അയാള്‍ അമ്മയുടെ കട്ടിലില്‍ പോയിരുന്നു തലയണ മാറ്റി പകരം അമ്മയുടെ ശിരസ്സ് അയാളുടെ മടിയിലേക്ക് വെച്ചു .അയാള്‍ ബിരിയാണി ഉരുളകളാക്കി അമ്മയ്ക്ക് നല്‍കി .അപ്പോള്‍ അമ്മ അയാളുടെ ശിരസില്‍ തലോടികൊണ്ടിരുന്നു .ബിരിയാണി മതിയെന്ന് പറഞ്ഞപ്പോള്‍ ഐസ്ക്രീമും കുടിക്കാന്‍ കൊക്കോകോളയും
നല്‍കി .അമ്മയും മകനും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു .
,, നീ നമ്മുടെ മെത്ത ഇവിടെ കൊണ്ടന്നിട്ടോ മോനെ അതില്‍ കിടത്തിക്കോ നമുക്ക് വേഗം ഭക്ഷണം കഴിച്ചു കിടക്കാം .,,
എല്ലാം തിരിച്ചറിഞ്ഞ ഭാവമായിരുന്നു അയാളുടെ ഭാര്യയ്ക്കപ്പോള്‍ . മകനെ കിടത്തി അവള്‍ അയാളുടെ അരികില്‍ വന്നിരുന്നു .അവള്‍ അയാള്‍ക്ക് ഭക്ഷണം വാരി നല്‍കി ഒപ്പം അയാള്‍ അവള്‍ക്കും .ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ രണ്ടുപേരും മകന്‍റെ ഇരുവശങ്ങളിലായി കിടന്ന് മകനെ തുരുതുരെ ചുംബനങ്ങള്‍ നല്‍കി .ഇനി ഒരിക്കലും നല്‍കുവാന്‍ കഴിയാത്ത ഒരുപാട് ചുംബനങ്ങള്‍ . അപ്പോള്‍ തുറന്നിട്ട ജാലകത്തിലൂടെ ശീതകാലത്തിന്‍റെ വരവറിയിച്ചുകൊണ്ട് നനുത്ത ശീത കാറ്റ് അകത്തേക്ക് ആഞ്ഞുവീശി കൊണ്ടിരുന്നു .
ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com