![]() |
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
,,എന്നെ പരിചയപെടുത്തേണ്ടതില്ലല്ലോ .നമുക്ക് രണ്ടുപേര്‍ക്കും പരസ്പരം അറിയാം .അതുകൊണ്ട് വളച്ചുകെട്ടാതെ കാര്യം പറയാം . ഞാന്‍ ഫാസിലയെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.മൂന്ന് മാസത്തെ അവധിക്കാണ് ഞാന്‍ വന്നിട്ടുള്ളത് .ഫാസീലയ്ക്ക് എന്നെ ഇഷ്ടമാകുമെങ്കില്‍ നമ്മുടെ വിവാഹം ഉടനെ നടത്തേണം .പണ്ട് ഓത്തുപള്ളിയില്‍ നിന്നും തിരികെ പോരുമ്പോള്‍ നടവരമ്പില്‍ നിന്നും തെന്നി വയലിലെ ചെളിയില്‍ വീണപ്പോള്‍ അവിടെ നിന്നും എഴുന്നേല്‍ക്കാന്‍ സഹായത്തിനായി ആദ്യം കൈനീട്ടിയത് ഞാനാണ് .അന്ന് ചെളിയില്‍ കിടന്നിരുന്ന ഫാസില എന്‍റെ കൈ പിടിച്ച ആ നിമിഷം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചതാണ് എന്‍റെ പെണ്ണ് ഫാസിലയാണെന്ന്.പലപ്പോഴും ഞാന്‍ എന്‍റെ ആഗ്രഹം അറിയിക്കുവാന്‍ ഫാസിലയെ സമീപിച്ചിരുന്നു .പക്ഷെ എന്‍റെ ആഗ്രഹം പറയാന്‍ ദൈര്യം ഉണ്ടായിരുന്നില്ല എനിക്ക് .ഇപ്പൊ എനിക്ക് ജോലിയുണ്ട് .ഫാസിലയെ പോറ്റാന്‍ എന്നെകൊണ്ട് ആവും എന്ന വിശ്വാസവും ഉണ്ട്.എന്നെ ഇഷ്ടമാണോ തനിക്ക് ,,
അപ്രതിക്ഷിതമായ അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്ചര്യത്തോടെ ഫാസീല ചോദിച്ചു .
,, ഇക്കാനെപോലെയുള്ള ഒരാളെ ഭര്‍ത്താവായി ലഭിക്കുക എന്നത് എന്‍റെ ഭാഗ്യം .പക്ഷെ ഒസാന്‍റെ മകളെ വിവാഹം ചെയ്യുവാന്‍ ഇക്കയുടെ വാപ്പ സമ്മതിക്കുമോ? .ഇക്കയുടെ വാപ്പ ഗള്‍ഫില്‍ നിന്നും അവധിക്ക് വരുമ്പോള്‍ തലമുടി വെട്ടികൊടുക്കുന്നത് എന്‍റെ വാപ്പയാണ് .ഇക്കയ്ക്ക് തോന്നുന്നുണ്ടോ ഇക്കയുടെ വീട്ടുകാര്‍ നമ്മുടെ വിവാഹത്തിന് സമ്മതിക്കുമെന്ന് ?.,,
,, അതൊക്കെ സമ്മതിക്കും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ സമ്മതിപ്പിക്കും .വിവാഹ ബന്ധം പുലര്‍ത്തുന്നത് പുരുഷനും സ്ത്രീയുമാണ് .ഞാന്‍ പുരുഷനാണ് എന്തുകൊണ്ട് നമ്മുടെ വിവാഹം നടന്നുകൂട .എന്തേ ...ഫാസീല സ്ത്രീ അല്ലാന്നുണ്ടോ ..,,
അയാളുടെ സംസാരം കേട്ട് ഫാസീല പൊട്ടിച്ചിരിച്ചു .മുല്ലമൊട്ടുകള്‍ പോലെയുള്ള അവളുടെ പല്ലുകള്‍ കാട്ടിയുള്ള ചിരി അയാള്‍ ആസ്വദിച്ചു .ചിരിക്കുമ്പോള്‍ നുണക്കുഴിയോടെയുള്ള അവളുടെ മുഖത്തിന് ആരേയും ത്രസിപ്പിക്കുന്ന അഴകാണ് . വിവാഹത്തിന് സമ്മതമാണെന്നുള്ള ഫാസീലയുടെ മറുപടി ലഭിച്ചപ്പോള്‍ , വാപ്പ കുഞ്ഞിമോന്‍ ഹാജിയോട് ഷംസുദ്ദീന്‍ തന്‍റെ ആഗ്രഹം അറിയിച്ചു . മകന്‍റെ വിവാഹം നടത്തുവാനായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ വാപ്പയുടെ മറുപടി അയാള്‍ പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു .
,, എന്താ എന്‍റെ ഷംസു നീ ഈ പറയണേ .നിനക്ക് തലയ്ക്ക് വെളിവില്ലാണ്ടായാ .എടാ ...നമ്മുടെ തറവാടിന് ചേര്‍ന്നതാണോ ഈ ബന്ധം .നിനക്ക് വേറെ ആരേം കണ്ടില്ലേ ....... ഈ ഒസാന്‍ അലിയുടെ മകളെയല്ലാതെ .നീ കഴിഞ്ഞ ദിവസം പോയി കണ്ട ആ പെണ്‍കുട്ടിക്ക് എന്തിന്‍റെ കൊറവാ ഉള്ളെ .നൂറ്റമ്പതു പവന്‍ പൊന്നും ഒരു കാറും അവര് സ്ത്രീധനമായിട്ട് തരും എന്നാ കുട്ടീന്‍റെ വാപ്പ പറഞ്ഞേക്കണേ .ഞാന്‍ ഈ കാര്യം ഉറപ്പിക്കാന്‍ പോവുകയാണ് . നീ ഈ നടക്കാത്തെ കാര്യം പറഞ്ഞോണ്ട് നിക്കാണ്ടെ മനുഷ്യന്‍റെ സമയം കളയാണ്ടെ എന്‍റെ മുന്നീന്ന് പോയെ ,,
,, ഇല്ല വാപ്പ എനിക്ക് പൊന്നും പണ്ടോം ഒന്നും വേണ്ട .എനിക്ക് ഫസീലാനെ പണ്ടുമുതലേ ഇഷ്ടാ എനിക്ക് അവളെ കൂടാതെ ജീവിക്കാനാവില്ല വാപ്പാ .എന്‍റെ സ്വപ്ന ലോകത്തെ റാണി അവളാ ..അവള്‍ക്ക് പകരമായി ഒരു പെണ്ണും ഈ ഭൂലോകത്ത് ഉണ്ടാവില്ല .അത്രയ്ക്ക് ഇഷ്ടാ എനിക്ക് അവളെ ,,
മകന്‍റെ സംസാരം കുഞ്ഞിമോന്‍ ഹാജിയെ ധര്‍മ്മസങ്കടത്തിലാക്കി .കുഞ്ഞിമോന്‍ ഹാജി മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ക്ക് അതിനായില്ല
പലരെകൊണ്ടും പറഞ്ഞു നോക്കിയിട്ടും മകന്‍ തന്‍റെ ആഗ്രഹത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലാ എന്ന് കണ്ടപ്പോള്‍ കുഞ്ഞുമോന്‍ ഹാജിയും കുടുംബവും മകന്‍റെ ആഗ്രഹത്തിന് എതിര് പറഞ്ഞില്ല .കുഞ്ഞിമോന്‍ ഹാജിയും ഭാര്യയും മകന് പെണ്ണ് ചോദിക്കുവാനായി അലിയുടെ വീട്ടിലേക്ക് യാത്രയായി .മേല്‍കൂര ഓടിട്ട നല്ല ശുചിത്വമുള്ള ചെറിയ വീടായിരുന്നു ഫാസീലയുടെ വീട് .
കുഞ്ഞുമോന്‍ ഹാജിയുടെ വരവ് നേരത്തെ അറിയിച്ചത് കൊണ്ട് അലി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു .അലി ആഗതരെ സ്വീകരിച്ചിരുത്തി .കുഞ്ഞുമോന്‍ ഹാജി സംസാരത്തിന് തുടക്കമിട്ടു .
,,എന്‍റെ മോന് ഒരേയൊരു നിര്‍ബന്ധം ഇവടത്തെ കുട്ടീനെ കല്യാണം കഴിക്കണമെന്ന് .ജീവിതകാലം മുഴുവനും ഒരുമിച്ചു കഴിയാനായിട്ട് അവന്‍ അവന്‍റെ ഇണയെ കണ്ടെത്തി. ഇനി ഞങ്ങള് അതിന് എതിര് പറയുന്നില്ല.മക്കടെ ഇഷ്ടമല്ലെ നമ്മുടെ ഇഷ്ടം ,,
അലിയുടെ ഇമകളില്‍ നിന്നും ആനന്ദ കണ്ണുനീര്‍ പൊഴിഞ്ഞു. അയാള്‍ ദീര്‍ഘ നിശ്വാസം എടുത്തുക്കൊണ്ടു പറഞ്ഞു.
,, ഫാസിലയടക്കം നാല് മക്കളാണ് എനിക്ക് .ഒരാണും മൂന്നു പെണ്ണും മൂത്തവളെ നേരത്തെ കെട്ടിച്ചയച്ചു .രണ്ടാമത്തേത് ആണ്‍കുട്ടിയാണ് അവന്‍ ഇപ്പൊ ഗള്‍ഫിലേക്ക് പോയിട്ട് ഒരു വര്‍ഷമേ ആവുന്നുള്ളൂ .അവനിക്ക് അവിടെ അത്ര നല്ല ജോലിയൊന്നുമല്ല .മൂന്നാമത്തെയാണ് ഫാസീല. ഫാസീലയുടെ താഴെയുള്ളത് പഠിക്കുന്നു. ഒരു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളേം കെട്ടിക്കാനായി .സത്യം പറഞ്ഞാല്‍ എന്‍റെ മോളെ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ ഒരു പത്തു പവന്‍ സ്വര്‍ണം തികച്ചു നല്‍കാന്‍ എന്നെകൊണ്ട് പാകമില്ല .,,
അലിയുടെ വിഷമം കണ്ടപ്പോള്‍ കുഞ്ഞുമോന്‍ ഹാജി മന്ദഹസിച്ചു കൊണ്ട് പറഞ്ഞു .
,, ഇവിടത്തെ അവസ്ത അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അലിയുടെ മകളെ പെണ്ണ് ചോദിക്കാന്‍ വന്നിട്ടുള്ളത് .സര്‍വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പണവും പൊന്നും വേണ്ടുവോളം എന്‍റെ പക്കലുണ്ട്.കല്യാണ ദിവസം .ഫാസിലയ്ക്ക് വേണ്ടുന്നതൊക്കെ ഞങ്ങള്‍ ഇവിടെ എത്തിക്കും പോരെ. അലി സന്തോഷത്തോടെയിരിക്കു .ഞങ്ങള്‍ക്ക് നിങ്ങടെ മോളെ മാത്രം നല്‍കിയാല്‍ മതി .ചായ സല്‍ക്കാരം കഴിഞ്ഞപ്പോള്‍ കുഞ്ഞുമോന്‍ ഹാജിയും ഭാര്യയും യാത്ര പറഞ്ഞിറങ്ങി .ഫാസിലയ്ക്ക് താന്‍ സ്വപ്നം കാണുകയാണോ ഇതൊക്കെ എന്നായിരുന്നു ചിന്ത .
ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷംസുദ്ദീനും ഫാസീലയും വിവാഹിതരായി .ഷംസുദ്ദീന്‍റെ വീട്ടുകാര്‍ വളരെ സൌമ്യമായി തന്നെ ഫാസിലയോട് പെരുമാറി . മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫാസീലയെ ഷംസുദ്ദീന്‍ ഗള്‍ഫിലേക്കും കൊണ്ടു പോയി .സ്നേഹസമ്പന്നനായ ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം ഫാസീലയ്ക്ക് സ്വര്‍ഗ്ഗ തുല്ല്യമായിരുന്നു . വര്‍ഷങ്ങള്‍ വിടവാങ്ങികൊണ്ടിരുന്നു . വര്‍ഷം ആറു കഴിഞ്ഞിട്ടും മാതാവാകാനുള്ള ഭാഗ്യം ഫാസീലയ്ക്ക് ലഭിച്ചില്ല .ഫാസീലയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഷംസുദ്ദീന്‍ വന്ധ്യതാ ചികിത്സയ്ക്ക് വിധേയനായി .പക്ഷെ അയാള്‍ക്ക് പിതാവാകാന്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല .തന്‍റെ കുഴപ്പം കൊണ്ടാണ് തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് എന്ന തിരിച്ചറിവ് ഫാസീലയെ മാനസീകമായി തളര്‍ത്തി .ചികിത്സാര്‍ത്ഥം ഫാസില തനിയെ നാട്ടിലേക്ക് യാത്രയായി .
വന്ധ്യതാ ചികിത്സയ്ക്ക് പേരുകേട്ട കേരളത്തിലെ ആശുപത്രിയില്‍ ഫാസീലയെ പ്രവേശിപ്പിച്ചു .മാസങ്ങളുടെ ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കും ഒടുവില്‍ ഫാസീലയുടെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിന് സജ്ജമാണ് എന്ന ഡോക്ടറുടെ അറിയിപ്പ് ലഭിച്ചപ്പോള്‍, ഷംസുദ്ദീന്‍ ആറു മാസത്തേക്ക് അവധിയെടുത്ത് നാട്ടിലേക്ക് പോന്നു .രണ്ടു മാസങ്ങള്‍ക്കകം ഫാസീല ഗര്‍ഭണിയായി .ഗര്‍ഭധാരണത്തിന് ശേഷം ശരീരം ഇളകുവാന്‍ പാടില്ല എന്ന ഡോക്ടറുടെ ആജ്ഞ പ്രകാരം പത്തുമാസം ഫാസീല ആശുപത്രിയില്‍ തന്നെയായിരുന്നു. ഷംസുദ്ദീന്‍ ആറു മാസത്തെ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് പോയിരുന്നു . പ്രസവ ദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷംസുദ്ദീന്‍ വീണ്ടും ഭാര്യയുടെ അരികിലേക്ക് തിരികെയെത്തി .ഫാസീല ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി .ആഗ്രഹ സഫലീകരണത്തിന്‍റെ നിര്‍വൃതിയില്‍ ഫാസിലയുടെ മനസ്സ് ആനന്ദ നടനമാടി . അരുമ മകന് അവര്‍ ഷഹീര്‍ എന്ന് പേരിട്ടു . ഷംസുദ്ദീന്‍ ഭാര്യയുടെ പ്രസവാനന്തരം ഗള്‍ഫിലേക്ക് തിരികെ പോയി . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫാസീലയും കുഞ്ഞും ഗള്‍ഫിലേക്ക് വീണ്ടും യാത്രയായി .
ഏതാനും വര്‍ഷങ്ങള്‍ കൂടി വിടവാങ്ങി .മകന്‍റെ വഴിവിട്ട ജീവിതം മൂലം ഷംസുദ്ദീന്‍ മാനസീകമായി ആകപ്പാടെ തകര്‍ന്നിരുന്നു . അവശേഷിച്ച ഭൂമി മകന്‍റെ പേരിലേക്ക് എഴുതി നല്‍കണം എന്ന ആവശ്യം ഷംസുദ്ദീന്‍ നിരസിച്ചപ്പോള്‍ ,വാപ്പയും മകനും കൂടി മല്‍പിടുത്തമായി .ഷംസുദ്ദീന്‍ ദേഹാസ്വാസ്ഥ്യം മൂലം നിലത്ത് തളര്‍ന്നിരുന്നു .ആശുപത്രിയില്‍ എത്തിയ നാലാം ദിവസം അയാള്‍ ഈ ലോകത്തോട് വിടപറഞ്ഞു .വാപ്പയുടെ മരണം മകനില്‍ യാതൊരുവിധ കുറ്റബോധവും ഉളവാക്കിയില്ല .അവന്‍ മയക്കുമരുന്ന് കൂടാതെ ജീവിക്കുവാന്‍ കഴിയാത്ത അവസ്തയിലേക്ക് പരിണമിച്ചു .ഷംസുദ്ദീന്‍ മരണപെട്ട് നാല്പതാം നാള്‍ മകന്‍ നീട്ടിയ മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് ഫാസീല വീടിന്‍റെ പടികളിറങ്ങി ഒസാന്‍ അലിയുടെ വീട് ലക്ഷ്യമാക്കി നടന്നു നീങ്ങി .പത്തുമാസം നൊന്തു പ്രസവിച്ച മകന്‍റെ ഇപ്പോഴത്തെ അവസ്തയെ കുറിച്ചോര്‍ത്ത് ആ മാതൃഹൃദയം വളരെയധികം നോവുന്നുണ്ടായിരുന്നു .
വാപ്പയും തന്നെ കുറ്റപെടുത്തി സംസാരിച്ചപ്പോള്‍ ഫാസീല പറഞ്ഞു .
ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com
29 Comments
ഞാന്‍ കണ്ട നേര്‍കാഴ്ചയുടെ ഒരു ചെറു വിവരണമാണ് ഈ കഥ .മാതാപിതാക്കള്‍ക്ക് വേദന മാത്രം നല്‍കുവാനായി പിറവിയെടുക്കുന്ന ഈ കഥയിലെ ഷഹീറിനെ പോലെയുള്ളവര്‍ നമ്മുടെ നാടിന്‍റെ ശാപമാണ് .സ്നേഹത്തിന് യാതൊരുവിധ പ്രാധാന്യവും നല്‍കാത്ത ഈ കഥയിലെ ഷഹീറിനെ പോലെയുള്ളവര്‍ നമ്മുടെ രാജ്യത്ത് വിരളമല്ലാ എന്നത് ഖേദകരമാണ് .സ്നേഹത്തിന് അതീതമായി മറ്റൊന്നും തന്നെയില്ലാ എന്ന് വായനക്കാരുടെ മനസ്സില്‍ കോറിയിടാന്‍ ഈ കഥയ്ക്ക് കഴിഞ്ഞാല്‍ എന്‍റെ എഴുത്ത് അര്‍ത്ഥവത്താകും .ഞാന്‍ ഈ കഥ എന്‍റെ മാന്യ വായനക്കാര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു .
ReplyDelete'സ്നേഹത്തിന് അതീതമായി മറ്റൊന്നും തന്നെയില്ലാ എന്ന് വായനക്കാരുടെ മനസ്സില്‍ കോറിയിടാന്‍ ഈ കഥയ്ക്ക് കഴിഞ്ഞാല്‍ എന്‍റെ എഴുത്ത് അര്‍ത്ഥവത്താകും ' .തീര്‍ച്ചയായും താങ്കള്‍ക്കതിനു കഴിഞ്ഞു എന്നഭിമാനിക്കാം. ഇത്തരം മക്കളാണ് നാട് നിറയെ....(ഒരു ചെറുകഥയില്‍ ഒതുങ്ങുന്ന വിഷയമല്ല ഇതെന്നാനെനിക്ക് തോന്നുന്നത്...)വീണ്ടു എഴുതുക....ആശംസകള്‍...
ReplyDeleteനന്ദി ശ്രീ അന്നൂസ് വായനയ്ക്കും അഭിപ്രായത്തിനും .കഥകള്‍ എഴുതി വായനക്കാരെ ചിന്തിപ്പിക്കുകയും ഒപ്പം രസിപ്പിക്കുകയും ചെയ്യുന്ന താങ്കളുടെ ഈ അഭിപ്രായം വളരെ സന്തോഷം നല്‍കുന്നു .ഒപ്പം വീണ്ടും എഴുതുവാനുള്ള പ്രചോദനവും
Deleteനമ്മുടെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങൾ തന്നെ..തന്മയത്തത്തോടെ അവതരിപ്പിച്ചു...ആശയവും വിഷയവും നീതിപുലർത്തുന്നു..ആശംസകൾ
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും .അതെ നമ്മുടെ ചുറ്റുവട്ടത്ത് കണ്ണോടിച്ചാല്‍ വേണ്ടുവോളം കഥകള്‍ ലഭിക്കും പക്ഷെ മനസ്സിനെ നോവിക്കുന്ന കഥകള്‍ ആണെന്ന് മാത്രം
Deleteസ്നേഹം പരന്നൊഴുകുന്ന ഒരു നാളെയെ
ReplyDeleteസ്വപ്നം കണ്ടുകൊണ്ട് ഇന്നു നമുക്ക് കഥ
കളും കവിതകളും എഴുതാം... .നല്ല അവതരണം. ആശംസകൾ ....
നന്ദി ശ്രീ സുലൈമാന്‍ വായനയ്ക്കും അഭിപ്രായത്തിനും
Deleteനല്ല ഒരു ഗുണ പാo കഥ വായിച്ച
ReplyDeleteപ്രതീതി,ആശയം നന്നായിട്ടുണ്ട്.ലളിതം
ആയ കഥ പറച്ചിൽ ശൈലി റഷീദിന്റെ
രീതി ആയതു കൊണ്ട് അതിനെപ്പറ്റി കൂടുതൽ
എഴുതുന്നില്ല.ആശംസകൾ ....
നന്ദി വായനയ്ക്കും അഭിപ്രായത്തിനും .വര്‍ണനകള്‍ ഇല്ലാതെ വളരെ ലളിതമായി കഥ അവതരിപ്പിച്ചു എന്നാണ് എന്‍റെ വിശ്വാസം
Deleteരണ്ടു തലമുറകളുടെ കഥ ഒഴുക്കോടെ പറഞ്ഞു. കൊള്ളാം
ReplyDeleteനന്ദി ശ്രീ ഫൈസല്‍ ബാബു വായനയ്ക്കും അഭിപ്രായത്തിനും .കഥയില്‍ പോരായ്മകള്‍ ഇല്ല എന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം തോന്നുന്നു .
Deleteറഷീദിന്റെ കഥകൾക്ക് ഒരു പ്രത്യേക ശൈലി ഉണ്ട്. ഒഴുക്കോടെ കഥ പറയാൻ ആ ശൈലിക്ക് തീർച്ചയായും കഴിയുന്നുണ്ട്. ഒരിക്കൽ പറഞ്ഞതുപോലെ, കഥ തലമുറകൾ കടന്നുള്ള കാലവിസ്തൃതിയിൽ നിൽക്കുമ്പോൾ കയ്യടക്കം പാലിക്കാൻ പൊതുവെ വിഷമമാണ്. റഷീദിന് അതിനു കഴിയുന്നുണ്ട്.
ReplyDeleteകഥ പറയുമ്പോൾ സാഹിത്യ ഭാഷ ഉപയോഗിക്കാമെങ്കിലും സംഭാഷണങ്ങളിൽ അവ കുറയുന്നതാണ് റഷീദ് അവലംബിച്ച കഥാശൈലിക്ക് ചേരുന്നത്. ഉദാഹരണത്തിന് ഷംസുദ്ദീൻ വാപ്പയോടു പറയുമ്പോൾ "എന്‍റെ സ്വപ്ന ലോകത്തെ റാണി അവളാ " എന്ന് പറയുന്നത് മുഴച്ചു നില്ക്കുന്നു.
എല്ലാ ആശംസകളും. തുടർന്നും എഴുതുക.
നന്ദി ശ്രീ പ്രദീപ് നന്ദനം സൂക്ഷ്മമായ വായനയ്ക്കും വീണ്ടും എഴുതുവാന്‍ പ്രചോദനം നല്‍കുന്ന അഭിപ്രായം എഴുതിയതിനും .എഴുത്തില്‍ ലഭിക്കുന്ന പ്രതിഫലം മനസ്സിന് സന്തോഷം നല്‍കുന്ന ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ മാത്രമാണ് .
Deleteവിഷയവും അവതരണവും കൊള്ളാം.. നല്ല കഥ.. ഭാഷ അല്പം കൂടി തന്മയത്വത്തോടെ കൈകാര്യം ചെയ്താല്‍ മികച്ച കഥയാകും..
ReplyDeleteനന്ദി ശ്രീ മനോജ് കുമാര്‍ വായനയ്ക്കും അഭിപ്രായത്തിനും .താങ്കളുടെ അഭിപ്രായം ഞാന്‍ മാനിക്കുന്നു ഒരുപാട് പോരായ്മകള്‍ ഇല്ലാതെ ഈ കഥ എഴുതുവാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. കഥ ഒന്നുകൂടി തിരുത്തലുകള്‍ വരുത്തി മികച്ചതാക്കുവാന്‍ ശ്രമിക്കാം
ReplyDeleteലളിതമായ അവതരണം കൊണ്ട് മികച്ച് നിന്ന മനോഹരമായൊരു കഥ..ഭാവുകങ്ങൾ.. :)
ReplyDeleteനന്ദി ശ്രീ ഫിറോസ് അബ്ദുള്ള വായനയ്ക്കും അഭിപ്രായത്തിനും
ReplyDeleterachanayude vazhiyil rasheed orupaadu valarnnu ennu ee katha velippeduthunnu abhinandanangal...
ReplyDeleteനന്ദി ശ്രീമതി ലീല എം ചന്ദ്രന്‍ വായനയ്ക്കും അഭിപ്രായത്തിനും .എഴുതിഎഴുതി അങ്ങിനെയങ്ങിനെ ശെരിയാവുമായിരിക്കും
Deletechithakranthan enna peru, pakshe ee kathaykku anuyojyamano ennu samsayamund.ketto
ReplyDeleteശ്രീമതി ലീല എം ചന്ദ്രന്‍ ഈ കഥയുടെ പേരല്ല ചിന്താക്രാന്തന്‍ എന്‍റെ ബ്ലോഗിന്‍റെ പേരാണ് ചിന്താക്രാന്തന്‍ കഥയുടെ പേര് പ്രതീക്ഷാ നിര്‍ഭരം എന്നാണ്
Deleteതികച്ചും സ്വാഭാവികം. ലളിതം.
ReplyDeleteആശംസകൾ.
നന്ദി ശ്രീമാന്‍ ഡോ. പി. മാലങ്കോട്. വായനയ്ക്കും അഭിപ്രായത്തിനും
Deleteദുര്‍ഘടമായി കിടക്കുന്ന ജീവിതപാതയിലേയ്ക്ക് എല്ലാം മനസ്സിലാക്കികൊണ്ട് സധൈര്യം മുന്നോട്ടുവന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ മനസ്സുകാണിക്കുന്ന മുഹസിന ഉജ്ജ്വലപ്രഭയോടെ തിളങ്ങുന്നു കഥയില്‍.
ReplyDeleteകഥ നന്നായിരിക്കുന്നു.പിന്നെ വേണ്ടത് അക്ഷരത്തെറ്റുകള്‍ മാറ്റുകയും,സംഭാഷണങ്ങളിലെ വടിവൊത്ത അക്ഷരശൈലി മാറ്റുക എന്നുള്ളതുമാണ്.എങ്കില്‍ കഥയ്ക്ക് തിളക്കമേറും.
ആശംസകള്‍
നന്ദി ശ്രീ സി വി റ്റി സൂക്ഷ്മമായ വായനയ്ക്കും ഉപകാരപ്രദമായ അഭിപ്രായത്തിനും .അക്ഷരതെറ്റുകള്‍ ഒന്നുകൂടി വായിച്ച് തിരുത്തലുകള്‍ വരുത്താം ഒപ്പം അക്ഷരശൈലിയും
Deleteകഥ വായിച്ചു.
ReplyDeleteകുറെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാന്‍ കുടിശ്ശിക കിടപ്പുണ്ട്
രണ്ടു മാസം അവധിയായിരുന്നല്ലോ
നന്ദി ശ്രീ അജിത് വായനയ്ക്കും അഭിപ്രായത്തിനും .സ്ഥിരമായി വായിക്കാനെത്തുന്നവര്‍ എത്താതെയിരിക്കുമ്പോള്‍ മനസ്സില്‍ തോന്നാറുണ്ട് എന്തേ വന്നില്ലാ എന്ന് ഈ വരവ് ശെരിക്കും സന്തോഷം നല്‍കുന്നു
Deleteഎനിക്ക് ഇക്കഥ വായിച്ചപ്പോൾ തോന്നിയത് ഞാൻ പറയുന്നു ക്ഷമിക്കുക -
ReplyDeleteഒന്ന് , ഇതൊരു കഥ ആയില്ല ( ഋജൂവായി പറഞ്ഞത് ഒരു സ്ഥൂല വിവരണം പോലെ)
രണ്ടു, ഒരു കത്തെഴുത്തിന്റെ ലെവലിൽ തോന്നി. സാഹിത്യ സൃഷ്ടിക്കു മാറ്റമുണ്ടെന്ന് നിങ്ങളെ പോലെ ഒരാള്ക് പറഞ്ഞു തരണ്ടല്ലോ
മൂന്നു, ഉത്തരാധുനികത്തിൽ എത്തി നില്ക്കുന്ന ക്രാഫ്റ്റിനെ വളരെ പുറകോട്ടു വലിച്ച ഒരനുഭവം. ഒന്ന് രണ്ടു അക്ഷരത്തെറ്റും.
ഇഷ്ടമായില്ല - ക്ഷമിക്കുക
(ഉള്ളത് പറഞ്ഞാൽ/ തോന്നിയത് പറഞ്ഞാൽ പലരും മോശമായി ആണ് പ്രതികരിക്കാര് - എന്നാലും) ഇനി എന്റെ വായനയുടെ കുറവായിരിക്കാം ഒരു പക്ഷെ
നന്ദി
നന്ദി ശിഹാബ്മദാരി വായനയ്ക്കും അഭിപ്രായത്തിനും .എന്‍റെ എല്ലാ കഥകളും എല്ലാ വായനക്കാര്‍ക്കും ഇഷ്ടമാകണം എന്നില്ല .എന്തിനാ ക്ഷമാപണം പറയുന്നത് .എന്‍റെ നേര്‍കാഴ്ച ഞാന്‍ എനിക്ക് അറിയാവുന്നത് പോലെ പറഞ്ഞു .താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു സുഹൃത്തേ...
Deleteപ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ