|
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
പ്രപഞ്ചം മൂടിക്കെട്ടിയിരിക്കുന്നു രാവിലെ മുതല്ക്ക് ആകാശത്തില്‍ കാറും കറുപ്പുമുണ്ട് പെരുമഴയുടെ ലക്ഷണമുണ്ടെങ്കിലും പെയ്യാന്‍ വെമ്പുന്ന മഴക്കാറുകളെ പെയ്യാന്‍ അനുവദിക്കാതെ വീശിയടിക്കുന്ന കാറ്റ് ദൂരേക്ക് കൊണ്ടുപോകുന്നു .ശക്തമായ കാറ്റിനാല്‍ തുറന്നിട്ടിരിക്കുന്ന ജനല്‍പാളികള്‍ ചേര്‍ന്നടഞ്ഞു കൊണ്ടിരുന്നു. മഴ പെയ്യുന്നില്ലായെങ്കിലും തണുപ്പുകൊണ്ട് അയാളുടെ ശരീരം കിടുകിടുക്കുന്നുണ്ടായിരുന്നു. അടുക്കളയില്‍ നിന്നും ഓപ്പോളുടെ ശബ്ദ്ദം കേട്ടപ്പോള്‍ ഉറക്കത്തിന്‍റെ മത്തുവിടാത്ത കണ്ണുകള്‍ തിരുമ്മി അയാള്‍ എഴുന്നേറ്റിരുന്നു .
,, ചന്തൂ ആ ജനല്‍ പാളികള്‍ അടച്ച് കുറ്റി ഇട്ടൂടെ .നേരം എത്രയായി എന്ന് വല്ല്യ നിശ്ശ്യണ്ടോ പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടാത്തതിനു അച്ഛന്‍റെ അടുത്തുനിന്നും ഇന്ന് നല്ലോണം കേള്‍ക്കും.,,
ഓപ്പോള്‍ക്ക് നടക്കുവാന്‍ പ്രയാസമാണ് കാല്‍പാദങ്ങളിലെ വിരലുകള്‍ ഒട്ടിച്ചേര്‍ന്ന് പാതി പാദം മടങ്ങിയ നിലയിലായത് കൊണ്ട് നടക്കുവാന്‍ അവര്‍ നന്നേ പ്രയാസപെടുന്നു .എന്നാലും അടുക്കളയിലെ എല്ലാ ജോലികളും അവര്‍ തനിയെ ചെയ്യും.മുട്ടോളം ഇടതൂര്‍ന്നു കിടക്കുന്ന കാര്‍കൂന്തലുള്ള ഓപ്പോള്‍ക്ക് ഗോതമ്പിന്‍റെ നിറമാണ് സുന്ദരിയായ അവരുടെ മംഗല്യം നടക്കാത്തതില്‍ ഏറ്റവും ദു:ഖിക്കുന്നത് ചന്തുവാണ്. മുടന്തി നടക്കുന്ന അവരെ പെണ്ണ് കാണാന്‍ ഇന്നേവരെ ആരും വന്നിട്ടില്ല .അറിയപെടുന്ന ആ നായര്‍ തറവാട്ടില്‍ ഇന്ന് അവശേഷിക്കുന്നത് അച്ഛനും മകളും മകനും മാത്രം .ഓപ്പോള്‍ക്ക് പ്രായം മുപ്പത്തിയാറ് കഴിഞ്ഞിരിക്കുന്നു .ചന്തുവിന് ഇരുപത്തിമൂന്ന് വയസ്സ് തികഞ്ഞത് കഴിഞ്ഞ മിഥുനത്തിലായിരുന്നു .വൈകിയുണ്ടായ സന്താനത്തിന്‍റെ പ്രസവത്തോടെ അമ്മ മരണ പെട്ടു .ഓപ്പോള്‍ ചന്തുവിനെ വളര്‍ത്തി .പലരില്‍ നിന്നും ചന്തു കേട്ടറിഞ്ഞിട്ടുണ്ട്. ദൂരെയുള്ള ആയിടെ പ്രസവിച്ച സ്ത്രീയുടെ അരികില്‍ ദിനേനെ മൂന്നും നാലും പ്രാവശ്യം മുലപ്പാലിനായി മുടന്തി തന്നെയും എടുത്ത് പോയിരുന്ന കഥകള്‍ . പഠിക്കുവാന്‍ മിടുക്കിയായ ഓപ്പോള്‍ തന്‍റെ ജനനത്തോടെ പഠിപ്പ് മുടക്കിയതിലാണ് ചന്തുവിന് ഏറെ ദുഃഖം .
അച്ഛനൊരു മുന്‍കോപക്കാരനാണ് നിസാര കാര്യങ്ങള്‍ക്ക് പോലും അച്ഛന്‍ ഗ്രാമത്തിലുള്ളവരുമായി വഴക്കുണ്ടാക്കും .ചന്തുവിനോടാണ് അച്ഛന് ഏറ്റവും കൂടുതല്‍ ദേഷ്യം അതിനുള്ള പ്രധാനകാരണം ചന്തുവിന്‍റെ ജന്മത്തോടെയുണ്ടായ അമ്മയുടെ വിയോഗം തന്നെയാണ് .മതാവില്ലാതെ വളര്‍ന്ന മകന്‍റെ മനസ്സ് ഒരിക്കലും അച്ഛന്‍ കാണുവാന്‍ ശ്രമിച്ചിട്ടില്ല .നിസാര തെറ്റുകള്‍ക്ക് പോലും അച്ഛന്‍ മകനെ ദേഹോപദ്രവം ഏല്പിക്കും .ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് ചന്തുവിന് സഹിക്കുവാനാവും കുഞ്ഞുനാളില്‍ പലപ്പോഴും ഉറുമ്പിന്‍ കൂട്ടമുള്ള മാവിന്‍റെ ചുവട്ടില്‍ കെട്ടിയിട്ടതോര്‍മ്മ വരുമ്പോള്‍ അയാളുടെ ഇമകള്‍ ഇപ്പോഴും നിറയും .ഒരിക്കല്‍ തന്നെ മാവില്‍ നിന്നും ഓപ്പോള്‍ കെട്ടഴിച്ചു വിട്ടതിന് രണ്ടു പേരേയും വീണ്ടും മാവില്‍ കെട്ടിയിട്ടാണ് ശിക്ഷിച്ചത് .പണ്ടൊക്കെ ഓപ്പോള്‍ക്കും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് അച്ചന്‍റെ ദേഹോപദ്രവം .ഏതാനും വര്‍ഷങ്ങളായി ഇടയ്ക്കൊക്കെ ഓപ്പോള്‍ പാതിരാത്രിയില്‍ അടുക്കള വാതില്‍ തുറന്ന് വാഴത്തോപ്പിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട് ഒരിക്കല്‍ ഓപ്പോളെ പിന്തുടര്‍ന്ന ചന്തുവിന് അയാളുടെ കണ്ണുകളെ വിശ്വസിക്കുവാനായില്ല . നിലാവുള്ള ആ രാത്രിയില്‍ ഓപ്പോള്‍ ചെന്നുനിന്നത് ഒരു പുരുഷന്‍റെ അരികിലായിരുന്നു .ദൂരെ നിന്നിരുന്ന അയാള്‍ക്ക് ആളെ വ്യക്തമായി കാണുവാന്‍ കഴിഞ്ഞില്ല .അവ്യക്തമായ പുരുഷന്‍ ഓപ്പോളുടെ കൈത്തലം നുകര്‍ന്നപ്പോള്‍ ചന്തു ഇമകള്‍ ഇറുക്കിയടച്ചു .
രണ്ടിനേയും കൊല്ലാനുള്ള പകയാണ് അപ്പോള്‍ അയാള്‍ക്ക് തോന്നിയത് . എങ്ങിനെയാണ് ഓപ്പോള്‍ക്ക് ഇങ്ങിനെയൊക്കെ ആകുവാന്‍ കഴിയുന്നത് . പിന്നീട് ആലോചിച്ചപ്പോള്‍ അവരും ഒരു സ്ത്രീയല്ലെ മംഗല്യ ഭാഗ്യം ലഭിക്കാത്ത സ്ത്രീ വികാരങ്ങളും ആഗ്രഹങ്ങളും ഉള്ള സ്ത്രീ ഓപ്പോളുടെ രഹസ്യകാരനെ പിന്നീട് ഒരിക്കലും തിരിച്ചറിയുവാന്‍ ശ്രമിച്ചില്ല .രഹസ്യകാരന് എന്തായാലും ഓപ്പോളുടെ ജീവിതമായിരിക്കില്ല ആവശ്യം ശരീരം ശരീരം മാത്രമായിരിക്കും അല്ലെങ്കില്‍ അയാള്‍ വിവാഹാലോചനയുമായി വീട്ടില്‍ വരുമായിരുന്നു. മുടന്തി നടക്കുന്ന ഓപ്പോളെ ആരാണ് വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുക .ഓപ്പോള്‍ പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടേണ്ടതിനെ കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ അയാള്‍ കട്ടിലില്‍നിന്നും എഴുന്നേറ്റിരുന്നു .അപ്പോള്‍ അച്ഛന്‍ കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറി പറഞ്ഞു .
,,എരണം കെട്ടവനെ നേരം ഇത്രയായിട്ടും പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടിയില്ല .ഇനി എപ്പോഴാടാ പാല് കറന്ന് എത്തിക്കേണ്ടവര്‍ക്ക് എത്തിക്കുന്നത് അശ്രീകരം.പോത്ത് പോലെ വളര്‍ന്നിട്ടും കുഞ്ഞുങ്ങളെ പോലെയാണ് പ്രവൃത്തികള്‍
,,
ശകാരത്തിനൊപ്പം അയാളുടെ മുഖത്ത് അടിയും പതിച്ചു .ഉറക്കത്തിന്‍റെ മത്ത് അയാളില്‍ നിന്നും അപ്രത്യക്ഷമായി .പിന്നെ അടുക്കളയിലൂടെ തൊഴുത്തിലേക്ക് ഓടുകയായിരുന്നു .നിസഹായയായി ഓപ്പോള്‍ അയാള്‍ക്കൊപ്പം അടുക്കളയില്‍ നിന്നും പുറത്തിറങ്ങി .മൂന്ന് കറവപ്പശുക്കളും മൂന്ന് കിടാങ്ങളുമുണ്ട് പശുക്കിടാങ്ങളെ തൊഴുത്തിന്‍റെ അങ്ങേത്തലയ്ക്കലാണ് കെട്ടിയിടുന്നത് പശുക്കളെ കറന്നതിനു ശേഷമാണ് പശുക്കിടാങ്ങളെ തൊഴുത്തില്‍ നിന്നും ഇറക്കേണ്ടത് ഓരോ പശുവിനെയും അവിടെവിടെയായി കെട്ടിയപ്പോഴേക്കും ഓപ്പോള്‍ പാല് കറന്നോഴിക്കുവാനുള്ള പാത്രവും അവിട് കഴുകുവാനുള്ള വെള്ളവുമായി എത്തിയിരുന്നു . തിടുക്കത്തില്‍ പാല്‍ കറക്കുമ്പോള്‍ ഓപ്പോള്‍ അയാളുടെ അരികില്‍ വന്നു പറഞ്ഞു .
,,ന്‍റെ കുട്ടി പാല്‍ കറന്ന് കൊടുക്കേണ്ടവര്‍ക്ക് കൊടുത്തുപോരൂ .ഓപ്പോള് പശുക്കള്‍ക്ക് വെള്ളവും തീറ്റയും കൊടുക്കാം തിരികെ എത്തുമ്പോഴേക്കും ഓപ്പോള് ദോശ ഉണ്ടാക്കി വെയ്ക്കാം .,,
ചന്തു മറുപടി പറയാതെ പശുവിന്‍റെ അവിട് കഴുകി പാല്‍ കറക്കുവാന്‍ തുടങ്ങി. തോട്ടത്തില്‍ നിന്നും ചുറ്റി തിരിഞ്ഞെത്തിയ തണുത്ത കാറ്റ് കുപ്പായം ഇടാത്ത അയാളുടെ ശരീരത്തെ പുല്കിയപ്പോള്‍ ഒരു വിറയല്‍ അനുഭവപ്പെട്ടു, .വീശിക്കൊണ്ടിരിക്കുന്ന കാറ്റിന് നല്ല തണുപ്പ് അനുഭവപ്പെട്ടു
കൊണ്ടെയിരുന്നു . ദൂരെ എവിടെയോ മഴ പെയ്യുന്നുണ്ടാവാം .അച്ഛന്‍ ചാരുപടിയില്‍ ഇരുന്ന് മകനെ വീക്ഷിക്കുന്നുണ്ടായിരുന്നു .ഈ പുരയിടം അമ്മയ്ക്ക് ലഭിച്ചതാണ് സംബന്ധം കഴിഞ്ഞതില്‍ പിന്നെ അച്ഛന്‍ ഇവിടെയാണ് താമസം അച്ഛന്‍റെ വീട് ദൂരെയാണെന്നു മാത്രം ചന്തുവിന് അറിയാം ഓര്‍മ്മ വെച്ചതില്‍ പിന്നെ ചന്തു അവിടേക്ക് പോയിട്ടില്ല അച്ഛനും അവിടെ പോകുന്നത് കാണാറില്ല .അടുത്ത പുരയിടം ചെറിയമ്മയുടെയാണ് .ചെറിയച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .അമ്മയുടെ മരണശേഷം ചെറിയമ്മയ്ക്ക് ലഭിച്ച ഭൂമിയില്‍ അവര്‍ പുതിയ വീട് പണിതു താമസം മാറി .അമ്മയേക്കാള്‍ കൂടുതല്‍ ഭൂമി ചെറിയമ്മയ്ക്ക് ലഭിച്ചത് കൊണ്ട് അമ്മയ്ക്ക് അവകാശപ്പെട്ട ഭൂമി തിരികെ ലഭിക്കാന്‍ അച്ഛന്‍ ചെറിയമ്മയുമായി എപ്പൊഴും വഴക്കാണ് .ചെറിയമ്മയുടെ മൂത്തമാകനെക്കാളും നാല് വയസിന് ഇളയതാണ് ചന്തു .സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അയാള്‍ അന്യസംസ്ഥാനത്താണ് ജോലി നോക്കുന്നത്.മാസങ്ങള്‍ കൂടുമ്പോഴാണ് അയാള്‍ നാട്ടില്‍ വരുന്നത്.
അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ ചെറിയമ്മ വേലിയുടെ അരികില്‍ വന്ന് ഓപ്പോളെ വിളിക്കും വിശേഷങ്ങള്‍ അറിയും .എന്തെങ്കിലും വിശേഷമായി വിഭവങ്ങള്‍ ഉണ്ടാക്കിയാല്‍ അത് തനിക്കും കൂടി തരുവാന്‍ പറയും .കുറച്ചുകാലമായി ചെറിയമ്മയുടെ വീട്ടില്‍ ഒരു പെണ്‍കുട്ടിയെ കാണുന്നു .എപ്പൊഴും കണ്ണെഴുതി പൊട്ടും തൊട്ട് നടക്കുന്ന ആ പെണ്‍കുട്ടിയെ കണ്ടാല്‍ ഏതോ പണക്കാരന്‍റെ മകളാണ് എന്നേ തോന്നു ചെറിയച്ചന്‍റെ ഏതെങ്കിലും ബന്ധത്തിലുള്ള കുട്ടിയാകും എന്നാണ് ആദ്യം ധരിച്ചിരുന്നത് . ചെറിയമ്മയുടെ മകള്‍ മീനുട്ടിയോട് ചോദിച്ചറിഞ്ഞപ്പോഴാണ് വാല്യക്കാരിയാണെന്ന് മനസ്സിലായത് .ചന്തു പാല് കറന്നുറയൊഴിച്ചു പാത്രത്തിന്‍റെ മൂടി ഇട്ടതിനു ശേഷം അടുക്കള കോലായില്‍ പോയി ഉമിക്കരിയും എടുത്ത് തിടുക്കത്തില്‍ പല്ല് തേപ്പും പ്രഭാത കൃത്യങ്ങളും നിര്‍വഹിച്ച് സൈക്കിളില്‍ രണ്ടു പാല്‍ പാത്രങ്ങളും വെച്ചുകെട്ടി യാത്രയായി .ചെമ്മണ്‍ പാതയില്‍ അവിടെവിടെയായി പൊന്തി നില്‍ക്കുന്ന കല്ലുകളില്‍ സൈക്കിള്‍ ചക്രങ്ങള്‍ കയറുമ്പോള്‍ സൈക്കിള്‍ നിയന്ത്രണം വിട്ടുപോകാതെയിരിക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചു .ഇടവഴിയില്‍ നിന്നും,, അംബ്രാ ,, എന്ന നീട്ടിയുള്ള വിളി കേട്ടപ്പോള്‍ ചന്തു സൈക്കിള്‍ നിറുത്തി നോക്കി .പ്ലാവില കച്ചവടക്കാരന്‍ വേലായുധനാണ് .വേലായുധന്‍ തല ചൊറിഞ്ഞു സ്വരം താഴ്ത്തി ചോദിച്ചു .
,, അംബ്രാന്‍ ഇന്ന് നല്ലോണം വൈയ്ക്യാ .. ഒരു നാഴി പാല് അടിയന് തരാമോ ന്‍റെ മോളെ പെണ്ണ് കാണാന്‍ ഒരുട്ടര് വരാന്ന് പറഞ്ഞിട്ടുണ്ട് വരുന്നോര്‍ക്ക് കട്ടന്‍ ചായ എങ്ങന്യാ കൊടുക്കാ..
,, പതിവുകാര്‍ക്ക് കൊടുക്കാനുള്ളല്ലെ ഈ പാലില്‍ നിന്നും എങ്ങന്യാ വേലായുധന് ഞാന്‍ തരുന്നെ ,,
,,അങ്ങനെ പറയല്ലീം അംബ്രാ ഇശ്ശി നേരായി അടിയന്‍ കാത്ത് നിക്കണൂ ..,,
പിന്നെ മറിച്ചൊന്നും പറയുവാന്‍ ചന്തുവിന് തോന്നിയില്ല വേലായുധന്‍ നീട്ടിയ കുപ്പിയിലേക്ക് ചന്തു പാല്‍ പകര്‍ന്നു നല്‍കി .
,,പാലിന്‍റെ കാശ് അടിയന്‍ ചെറിയമ്മേടെ വീട്ടില്‍ ഇന്ന് പ്ലാവില വെട്ടാന്‍ വരുമ്പോ തരാം ,,
കൃതജ്ഞതയോടെ വേലായുധന്‍ ഇടവഴിയിലൂടെ കയറി പോയി പതിവായി കൊടുക്കുവാറുള്ള വീടുകളില്‍ പാല്‍ കൊടുത്തതിനു ശേഷം പരീത് മാപ്പിളയുടെ പീടികയില്‍ നിന്നും ഒരു ചാക്ക് കാലിത്തീറ്റയും വാങ്ങി സൈക്കിളില്‍ വെച്ചു കെട്ടുമ്പോള്‍ പീടികയുടെ വരാന്തയിലെ ബഞ്ചില്‍ ഇരുന്ന് പത്രം വായിക്കുന്നു ശിപ്പായി മാധവന്‍കുട്ടി പറഞ്ഞു .
,,എന്താ നായര് കുട്ട്യേ അച്ഛന്‍റെ വിശേഷം,,
,, സുഖമായിരിക്കുന്നു ,,
,, ഈ നായര് കുട്ടിയുടെ ഒരു യോഗം പശുക്കളെ പരിപാലിച്ചും ചാണകം വാരീം തൊടിയിലെ പണീം ചെയ്തു ജീവിക്കാനാ നായര് കുട്ടീടെ യോഗം .ചെറിയമ്മേടെ മകന്‍ കണ്ടില്ലേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി മാസാമാസം വീട്ടിലേക്ക് മുടക്കമില്ലാതെ പണം അയക്കുന്നത് .,,
പരീത് മാപ്പിള ഇടയില്‍ കേറി പറഞ്ഞു .
,, അനക്ക് എന്തിന്‍റെ കേടാ മാധവാ ആ നായരുട്ടി എങ്ങെനെയെങ്കിലും ജീവിച്ചോട്ടെ അനക്ക് പത്രം വായിച്ച് അവിടെ മിണ്ടാണ്ട് ഇരുന്നൂടെ ,,
തന്നെ പതിവായി അച്ഛന്‍ ദേഹോപദ്രവം ചെയ്യുന്നത് എല്ലാവര്‍ക്കും അറിയാം പരീത് മാപ്പിള എപ്പൊഴും നല്ലത് മാത്രമേ ഉച്ചരിക്കുകയുള്ളൂ .പഠിച്ച് നല്ല നിലയില്‍ എത്തണം എന്ന് തന്നെയായിരുന്നു ചന്തുവിന്‍റെ മോഹം .പന്ത്രണ്ടാം തരം നല്ല മാര്‍ക്കോട് കൂടി തന്നെ വിജയിക്കുകയും ചെയ്ത്തതാണ് .തുടര്‍ന്നു പഠിക്കാന്‍ അച്ഛന്‍ വിലക്കി .പഠിക്കുവാനുള്ള പണം ചിലവാക്കാന്‍ അച്ഛന്‍റെ കയ്യില്‍ ഇല്ലാ എന്നായിരുന്നു ഭാഷ്യം .താന്‍ എന്നും അച്ചന്‍റെ ദേഹോപദ്രവും സഹിച്ച് ജീവിക്കണം അതാണ് അച്ഛന്‍റെ മോഹം .നാട് വിട്ട് പോകുവാന്‍ പലപ്പോഴും തുനിഞ്ഞതാണ് ഓപ്പോളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വേണ്ടാ എന്ന് വെയ്ക്കും .പാതി വഴി പിന്നിട്ടപ്പോള്‍ മീനുട്ടിയും വാല്യകാരിയും ഇടവഴിയില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടു .ഇടവഴിയിലൂടെ അല്പം പോയാല്‍ ശിവക്ഷേത്രമുണ്ട് രണ്ടു പേരും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്ന വരവാണ് എന്ന് ചന്തുവിന് മനസ്സിലായി .ചാന്തു സൈക്കിള്‍ നിറുത്തി ഇറങ്ങി നിന്നു .മീനുട്ടി അരികില്‍ എത്തിയപ്പോള്‍ ചന്തു ചോദിച്ചു .
,, എന്താ മീനുട്ടി ചെറിയമ്മയുടെ വിശേഷം ,,
,,സുഖമായിരിക്കുന്നു.ഒപ്പോള്ടെ വിശേഷം എന്താ ചന്തു വേട്ടാ ,,
,, അസുഖ മൊന്നും ഇല്ല ഏട്ടന്‍ വരുന്നുണ്ടോ ഇപ്പൊ അടുത്തെങ്ങാനും ,,
,, എട്ടന് കല്യാണാലോചന നോക്കുന്നുണ്ട് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടായാല്‍ ജാതകം നോക്കി പൊരുത്തമായാൽ
ഏട്ടന്‍ ഉടനെ വരും.അമ്മയ്ക്ക് പെണ്‍കുട്ടിയെ ഇഷ്ടായാല്‍ ഏട്ടനും ഇഷ്ടാവും എന്ന ഏട്ടന്‍ പറയുന്നെ.ഇന്നും അച്ഛന്‍ ചന്തുവേട്ടനെ തല്ലി അല്ലെ ഞാന്‍ കേട്ടു രാവിലത്തെ ബഹളം ,,
ചന്തു തല കുനിച്ചു നിന്നു .അല്പദൂരം പിന്നിട്ടപ്പോള്‍ ഒന്നും ഉരിയാടാതെ മീനുട്ടിയുടെ പുറകെ നടക്കുന്ന വാല്യക്കാരിയോട് ചന്തു ചോദിച്ചു .
,, എന്താ ഇയാളുടെ പേര് ,,
അവളുടെ വലിയ കണ്ണുകള്‍ വിടര്‍ന്നു.ചെറു പുഞ്ചിരി അവളുടെ മുഖത്തിന്‍റെ അഴക് വര്‍ദ്ധിപ്പിച്ചു കവിളിലെ നുണക്കുഴി തെളിഞ്ഞു.കറുത്ത ബ്ലൌസും വീതിയേറിയ കറുപ്പ് കരയുള്ള പാവടയുമായിരുന്നു അവളുടെ വേഷം അടുക്കള പണിക്ക് നിന്നിരുന്ന ഏതെങ്കിലും പണക്കാരി പെണ്‍കുട്ടി വസ്ത്രത്തിന്‍റെ നിറം മങ്ങിയപ്പോള്‍ അവള്‍ക്ക് കൊടുത്തതാവും എന്ന് അയാള്‍ ഊഹിച്ചു .ഇപ്പോള്‍ അവളെ കണ്ടാല്‍ തറവാട്ടില്‍ പിറന്ന പണക്കാരി പ്പെണ്ണാണ് എന്ന് തോന്നും . ഏഴഴകുള്ള ഈ പെണ്ണ് എങ്ങിനെ വാല്യകാരിയായി എന്നതായിരുന്നു ചന്തുവിന്‍റെ ആശ്ചര്യം .
,, സിന്ധു ,,
,, എവിട്യാ വീട് ,,
,, തിരുനാവായ ,,
,, വീട്ടില്‍ ആരൊക്കെയുണ്ട് ,,
,, അമ്മേം അനിയത്തിയും ,,
പെടുന്നനെ അവളുടെ മുഖത്തെ പുഞ്ചിരി അപ്രത്യക്ഷമായി കണ്ണുകളില്‍ സങ്കടം നിഴലിച്ചു .പിന്നെ ഒന്നും ചോദിക്കുവാന്‍ അയാള്‍ക്ക് തോന്നിയില്ല .അല്ലെങ്കിലും മറ്റുള്ളവരുടെ അടുക്കള പണികള്‍ ചെയ്യുന്നവര്‍ക്ക് സങ്കടങ്ങള്‍ മാത്രമല്ലെ ഉണ്ടാവൂ .പാതയുടെ ഇരുവശങ്ങളിലുമുള്ള കവുങ്ങിന്‍ തോട്ടങ്ങളിലൂടെ തണുത്ത കാറ്റ് ചൂളംവിളിയോടെ അവരെ തഴുകി കൊണ്ടിരുന്നു .ചന്തു നിരത്തിന്‍റെ ഓരം ചേര്‍ന്ന് നടന്നു ഒപ്പം അവരും .പടിപ്പുര എത്താറായപ്പോള്‍ ചന്തു നിന്നു .
,, നിങ്ങള് നടന്നോളൂ നിങ്ങളുടെ കൂടെ വരുന്നത് കണ്ടാല്‍ അതിനാവും അച്ഛന്‍റെ ശകാരം .എന്നെ വഴക്ക് പറയാന്‍ കാരണം കിട്ടാന്‍ കാത്തിരിക്കുകയാവും അച്ഛന്‍ ,,
,, വലിയച്ഛന്‍റെ സ്വഭാവം എന്തേ ഇങ്ങിനെയായി ചന്തു വേട്ടാ .ഞാന്‍ ചോദിക്കുവാന്‍ മറന്നു എന്തായി വീട്ടില്‍ ഇരുന്നുള്ള പഠിപ്പ് ഡിഗ്രീ അവസാന വര്‍ഷ പരീക്ഷ അടുക്കാറായില്ലെ ,,
.. പഠിക്കുന്നുണ്ട് രാത്രി വൈകി മുറിയില്‍ വെളിച്ചം കണ്ടാല്‍ അച്ഛന്‍ വിളക്കണയ്ക്കാന്‍ പറയും ഇപ്പോള്‍ മെഴുകുതിരി കത്തിച്ചാണ് പഠിക്കുന്നത് ,,
എനിക്ക് ഉറപ്പാണ് ഏട്ടന്‍ ഡിഗ്രീ നല്ല മാര്‍ക്കോട് കൂടി തന്നെ പാസാവും .ചന്തു ഓര്‍ക്കുകയായിരുന്നു .താന്‍ തുടര്‍ന്നു പഠിക്കുന്നില്ല എന്ന വിവരം ആദിത്യന്‍ മാഷ് അറിഞ്ഞപ്പോള്‍ തന്നെ തിരഞ്ഞു വന്ന ദിവസ്സം .നന്നായി പഠിക്കുന്ന താന്‍ തുടര്‍ന്നു പഠിക്കണം എന്ന് മാഷിനായിരുന്നു നിര്‍ബന്ധം കാലിക്കറ്റ് സര്‍വകലാശാലയില്‍ പേര് ചേര്‍ക്കുകയും വേണ്ടുന്ന പുസ്തകങ്ങള്‍ വാങ്ങി നല്‍കിയത് എല്ലാം മാഷായിരുന്നു .തന്‍റെ ജീവിതത്തില്‍ മറക്കുവാന്‍ ആവാത്ത വ്യക്തി അത് മാഷാണ് .പടിപ്പുര കടന്നപ്പോള്‍ തന്നെ അച്ചന്‍റെ ശകാരം തുടങ്ങി .
,, കുരുത്തം കെട്ടവനെ എവിടെയായിരുന്നു നീ ഇതുവരെ പാല്‍ കൊടുക്കേണ്ടാവര്‍ക്ക് കൊടുത്താല്‍ നേരെ ഇങ്ങട് വന്നൂടെടാ .തൊഴുത്തിന്‍റെ കോലം കണ്ടോ നിയ്യ് വേഗം ചാണകം കോരി തൊഴുത്ത് വൃത്തിയാക്കിയിട്ട് ഇങ്ങ്ട് കയറിയാല്‍ മതി ,,
,, ഞാന്‍ പരീത് മാപ്പിളയുടെ പീടികയില്‍ പോയതായിരുന്നു അച്ഛാ... കാലിത്തീറ്റ ഇന്നേയ്ക്ക് കഷ്ടിച്ചേ ഉണ്ടായിരുന്നുള്ളൂ .,,
കാലിത്തീറ്റയുടെ ചാക്ക് തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ ചന്തു ഇറക്കി വെച്ചു .ഞാറ്റു കണ്ടത്തില്‍ വിതയ്ക്കാനുള്ള നെല്‍വിത്തുകളും തൊടിയിലേക്കുള്ള ജൈവവളങ്ങളും സൂക്ഷിക്കുന്നത് ഈ മുറിയിലാണ് .ഇനി പാടത്ത് പണികള്‍ തുടങ്ങിയാല്‍ അല്പം പോലും വിശ്രമം ലഭിക്കുകയില്ല .ചെറിയമ്മയുടെ തൊടിയില്‍ പടിപ്പുര കുളമുണ്ട് നല്ല കണ്ണുനീര്‍ പോലെയാണ് കുളത്തിലെ വെള്ളം ചെറിയമ്മയുടെ വീട്ടില്‍ ഉള്ളവര്‍ എല്ലാവരും കുളത്തിലാണ് കുളിക്കുന്നത് .ഇവിടെ തൊടിയുടെ അങ്ങേയറ്റത്ത് ഒരു കുളമുണ്ട് കുളത്തിനു ചുറ്റും കാട് പിടിച്ച് കിടക്കുന്നത് കൊണ്ട് കുളത്തില്‍ കുളിക്കുവാന്‍ പോയാല്‍ ഭയം തോന്നും എന്നാലും ചന്തു കല്‍പടവുകള്‍ ഉള്ള ഭാഗം വെട്ടി ത്തെളിച്ചു നിര്‍ത്തും ചന്തു മാത്രമാണ് കുളത്തില്‍ കുളിക്കുന്നത് .ഒന്ന് മുങ്ങി ക്കുളിക്കുവാന്‍ ചന്തുവിന് കലശലായ മോഹം തോന്നി .മുറിയില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ ഓപ്പോള്‍ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു .
,, ഓപ്പോള്‍ ദോശ എടുത്ത് വെച്ചിട്ടുണ്ട് വാ വന്നു കഴിച്ചിട്ട് ബാക്കി ജോലികള്‍ ചെയ്യാം ,,
ചാരുപാടില്‍ നിന്നും അച്ഛന്‍റെ മുഴങ്ങുന്ന ശബ്ദം അവിടെമാകെ മുഴങ്ങി .
,, എരണം കെട്ടവളെ കേറി പോടീ അകത്ത് തൊഴുത്ത് വൃത്തിയാക്കാതെ നീ അവന് എന്തെങ്കിലും ഇവിടെ നിന്ന് കഴിക്കുവാന്‍ കൊടുത്താല്‍ കൊല്ലും നിന്നെ ഞാന്‍ കഴുവേര്‍ടെ മോളെ .ഈ തല തെറിച്ചവന്‍റെ ജന്മം കൊണ്ടാ എനിക്ക് എന്‍റെ അമ്മുവിനെ നഷ്ടായെ ,,
ഓപ്പോള്‍ ഒന്നും ഉരിയാടാനാവാതെ നടുങ്ങി നിന്നു.അവരുടെ ഇമകള്‍ നിറഞ്ഞൊഴുകി .
,,ഓപ്പോള്‍ പൊയ്ക്കോളൂ ..ഞാന്‍ തൊഴുത്ത് വൃത്തിയാക്കി ഒന്ന് കുളിച്ചുവന്ന്‍ ദോശ കഴിച്ചോളാം ,,
മകള്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു .അമ്മയുടെ മരണത്തിനു മുന്പ് അച്ഛന് എല്ലാവരോടും വേണ്ടുവോളം സ്നേഹം ഉണ്ടായിരുന്നു .അമ്മയെ അച്ഛന് ജീവനായിരുന്നു . ആ കാലത്ത് അച്ഛന് കവലയില്‍ ഒരു പലചരക്ക് പീടിക ഉണ്ടായിരുന്നു .എന്നും പീടിക പൂട്ടി വരുമ്പോള്‍ തനിക്ക് മിട്ടായി കൊണ്ട് വരുമായിരുന്നു .ആ കാലത്ത് ഒന്ന് ദേഷ്യപെട്ടു തന്നോട് സംസാരിക്കുക പോലും ചെയ്യുമായിരുന്നില്ല .അമ്മയുടെ മരണ ശേഷം പുനര്‍വിവാഹത്തിനായി പലരും അച്ഛനെ നിര്‍ബന്ധിച്ചിരുന്നു പക്ഷെ ആ വാക്കുകള്‍ അച്ഛന്‍ മുഖവിലയ്ക്ക് എടുത്തില്ല .അമ്മയുടെ മരണ ശേഷം പീടിക അച്ഛന്‍ വില്പന ചെയ്തു .പിന്നെ എപ്പൊഴും എന്തിനും ദേഷ്യമാണ് അച്ഛന് .തൊഴുത്തിലേക്ക് കയറുമ്പോള്‍ ചന്തു ഓപ്പോള്‍ മുടന്തിമുടന്തി നടന്നു പോകുന്നത് നോക്കി നിന്നു .പാവം നടക്കുവാന്‍ എന്ത് മാത്രം കഷ്ടപെടുന്നു .ഓപ്പോളുടെ കാല്‍പാദങ്ങള്‍ ശാസ്ത്രക്രിയയിലൂടെ നേരെയക്കാവുന്നതെയുള്ളൂ പക്ഷെ ലക്ഷങ്ങള്‍ ചെലവ് വരും അച്ഛന്‍ ഈ കാലം വരെ അതിന് മുതിര്‍ന്നിട്ടില്ല .തന്‍റെ ഏറ്റവുംവലിയ ആഗ്രഹം പണക്കാരനായാല്‍ ഓപ്പോളുടെ കാല്‍പാദങ്ങള്‍ ചികിത്സിച്ചുഭേദമാക്കുക എന്നതാണ് .അതിന് വേണ്ടിയാണ് അച്ഛന്‍ അറിയാതെ പഠിപ്പ് തുടരുന്നതും .
ദിവസങ്ങള്‍ ഏതാനും കൊഴിഞ്ഞുപ്പോയി ചന്തു പരീക്ഷയുടെ ഫലം അറിയുവാനായി കാത്തിരിക്കുന്ന സമയം അന്ന് പതിവ് പോലെ ചന്തുവിനെ വിളിച്ചുണര്‍ത്താന്‍ ഓപ്പോളെ കണ്ടില്ല അച്ഛന്‍റെ ശകാരം കേട്ടുകൊണ്ടാണ് ഉറക്കമുണര്‍ന്നത് .എഴുന്നേറ്റ് അടുക്കളയില്‍ പോയപ്പോള്‍ ഓപ്പോളെ കാണുന്നില്ല .തൊടിയിലും തിരഞ്ഞു എങ്ങും ഓപ്പോളെ കാണുവാന്‍ കഴിഞ്ഞില്ല .അയാളുടെ ഹൃദയമിടിപ്പിന്‍റെ വേഗം അധികരിച്ചു കൊണ്ടിരുന്നു .അയാള്‍ ഓപ്പോളെ എന്ന് ഉച്ചത്തില്‍ വിളിച്ചു കൊണ്ടിരുന്നു .എങ്ങും ഓപ്പോളെ കാണുവാന്‍ കഴിഞ്ഞില്ല .അയാള്‍ പലതും ചിന്തിച്ചു ചിലപ്പോഴൊക്കെ ഓപ്പോളെ രാത്രി കാലങ്ങളില്‍ സന്ധിക്കുവാന്‍ വരുന്ന ആളുടെ കൂടെ ഓപ്പോള്‍ പോയിരിക്കുമോ .ഈ നരകയാതനകളില്‍ നിന്നും ഓപ്പോള്‍ ഒളിച്ചോടിയിരിക്കുമോ .തന്നോട് ഒരു വാക്കുപോലും പറയാതെ ഒരിക്കലും ഓപ്പോള്‍ പോകില്ല എന്ന് അയാള്‍ ഉറപ്പിച്ചു .ചെറിയമ്മയുടെ വീട്ടില്‍ പോയിരിക്കുമോ എന്നറിയാൻ വേലിയുടെ അരികില്‍ പോയി വിളിച്ചു ചോദിച്ചു അവിടെയും ഓപ്പോള്‍ പോയിട്ടില്ല പിന്നെ ഈ ഓപ്പോള്‍ എവിടെ പോയി ?
പശുക്കളെ തൊഴുത്തില്‍ നിന്നും ഇറക്കി കെട്ടുവാന്‍ അച്ഛന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു .ചന്തു അത് കേട്ടതായി ഭാവിച്ചില്ല .ഇനി തിരയാന്‍ തട്ടിന്‍പുറത്ത് മാത്രമേ ബാക്കിയുള്ളൂ .ഈ കാലം വരെ ഓപ്പോള്‍ തട്ടിന്‍ പുറത്തേക്ക് പോകുന്നത് ചന്തു കണ്ടിട്ടില്ല .കുത്തനെയുള്ള ചവിട്ടുപടികള്‍ കയറി പോകുവാന്‍ ഓപ്പോള്‍ക്ക് ആവില്ല .തട്ടിന്‍പുറത്ത് ഒരു വരാന്തയും മൂന്നു കിടപ്പ് മുറികളും ഉണ്ട് അവിടെ ഉപയോഗിക്കാത്തത് കൊണ്ട് പൊടീ പിടിച്ച് മാറാലകള്‍ ആണവിടെ .വര്‍ഷകാലത്ത് ഓപ്പോള്‍ കഴുകിത്തരുന്ന വസ്ത്രങ്ങള്‍ തട്ടിന്‍പുറത്ത് ഉണക്കുവാന്‍ ഇടുന്നത് ചന്തുവായിരുന്നു .ഓപ്പോളെ തിരയുവാന്‍ അവശേഷിക്കുന്നത് .തട്ടിന്‍പുറത്ത് മാത്രമാണ് .അയാള്‍ ചവിട്ടുപടികള്‍ ഓരോന്നും കയറുമ്പോഴും പെരുമ്പറകള്‍ മുഴങ്ങുന്നത് പോലെ അയാള്‍ക്ക് അനുഭവപെട്ടു .തുറന്നു കെടുക്കുന്ന മുറിയിലേക്ക് നോക്കിയ അയാള്‍ അലറികരഞ്ഞു .ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്ന ഓപ്പോളുടെ കാല്‍പാദങ്ങള്‍ കെട്ടിപ്പിടിച്ച് അയാള്‍ അലറിക്കരഞ്ഞുകൊണ്ടേയിരുന്നു .കേട്ടറിഞ്ഞ ഗ്രാമവാസികള്‍ മേലേടത്തു തറവാട്ടിലേക്ക് വന്നുകൊണ്ടേയിരുന്നു .
ഓപ്പോളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം അമ്മയുടെ ശവക്കല്ലറയുടെ അരികില്‍ മറയാടി .അച്ഛനും മകനും മാനസീകമായി തകര്‍ന്നു . എന്തിനും ഏതിനും ചെറിയമ്മയും കുടുംബവും വീട്ടിലുണ്ട് അല്ലെങ്കിലും ചെറിയമ്മ പാവമായിരുന്നു അച്ഛനായിരുന്നു ചെറിയമ്മയോട് വൈരാഗ്യം .കിടപ്പ് മുറിയില്‍ ചന്തു ഓപ്പോള്‍ തനിക്കായി എഴുതിയ കത്ത് പലവട്ടം വായിച്ചു .
,, എന്‍റെ ചന്തു അറിയാന്‍ ഓപ്പോള്‍ എഴുതുന്നത് .ഓപ്പോള്‍ വേദനയുടെ ലോകത്ത് നിന്നും വിട വാങ്ങുന്നു .എന്‍റെ കുട്ടിയുടെ വിവാഹം കൂടി കാണണം എന്ന് ഓപ്പോള്‍ക്ക് മോഹം ഉണ്ടായിരുന്നു .പക്ഷെ എനിക്ക് ഇനിയും വേദന സഹിച്ച് ജീവിക്കുവാന്‍ ആവുന്നില്ല .രാത്രി കാലങ്ങളില്‍ ഓപ്പോളെ കാണുവാന്‍ വന്നിരുന്നയാള്‍ ആദിത്യന്‍ മാഷാണ് ഒരിക്കലും ഞങ്ങളില്‍ അരുതാത്ത ബന്ധം ഒന്നും തന്നെ ഉണ്ടായിരുന്നില്ല .വര്‍ഷങ്ങള്‍ക്കു മുന്പ് അച്ഛനുമായി ആശുപത്രിയില്‍ പോയപ്പോള്‍ ഓപ്പോളുടെ മാറാരോഗം ഓപ്പോള്‍ തിരിച്ചറിഞ്ഞിരുന്നു .മറാത്ത അസുഖത്തെ കുറിച്ച് ഞാന്‍ ആദിത്യന്‍ മാഷേ ഒഴികെ ആരേയും അറിയിച്ചിട്ടില്ല .അദ്ദേഹം കൊണ്ട് തന്നിരുന്ന വേദനസംഹാരി ഗുളികകള്‍ കഴിച്ചാണ് ഈ കാലം വരെ ജീവന്‍ നില നിര്‍ത്തിയത് മുടന്തു കാരിയായത് ഓപ്പോള്‍ക്ക് സഹിക്കാം പക്ഷെ ഇടയ്ക്കിടെ വരുന്ന വേദന ഓപ്പോള്‍ക്ക് സഹിക്കുവാന്‍ കഴിയുന്നില്ല ഉണ്ണീ .പഠിക്കുവാന്‍ മോഹം ഉണ്ടായിട്ടും പഠിക്കുവാന്‍ ആവാതെ വിഷമിക്കുന്നത് കണ്ടപ്പോഴാണ് ആദിത്യന്‍ മാഷോട് ഞാന്‍ വിവരം പറഞ്ഞത് .പഠിക്കണം പഠിച്ച് വലിയ ആളാവണം മാഷ് എല്ലാ സഹായങ്ങളും ചെയ്തു തരും .എന്ന് സ്വന്തം ഓപ്പോള്‍ .
രാത്രിയുടെ കനം കൂടി വന്നു മുറിക്കകത്ത് നല്ല ഇരുട്ടാണ് .ഇരുട്ടില്‍ കിടന്നു കരയുമ്പോള്‍ മനസിന് ആശ്വാസംകൊണ്ടു .തണുപ്പുകൊണ്ട് ശരീരം കിടുകിടുക്കുന്നുണ്ടായിരുന്നു .എങ്കിലും അകത്ത് തീ എരിയുകയായാണ് .ആളി ക്കത്തുന്ന തീ അണയ്ക്കുവാന്‍ അയാള്‍ക്ക് ആവുന്നുണ്ടായിരുന്നില്ല .ഈ കാലം വരെ അസുഖത്തെക്കുറിച്ച് ഒന്നും പറയാതെ അവസാനം തന്നെ തനിച്ചാക്കി ജീവിതവും അവസാനിപ്പിച്ചിരിക്കുന്നു .ഒപ്പോളുമായി ജീവിച്ച ജീവിതം മനസ്സില്‍ തികട്ടിവന്നുകൊണ്ടേയിരുന്നു .എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാന്‍ ആവുന്നില്ല .വീണ്ടും ഏതാനും ദിവസ്സങ്ങള്‍ കൂടി വിട വാങ്ങി .പരീക്ഷയുടെ ഫലം ആദിത്യന്‍ മാഷാണ് വന്നു പറഞ്ഞത് നല്ല മാര്‍ക്കുണ്ട് . മാഷിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ അയച്ചു അയക്കുമ്പോള്‍ പ്രവേശനം ലഭിക്കും എന്ന് ഒട്ടും നിനച്ചിരുന്നില്ല .പക്ഷെ പ്രവേശനത്തിനുള്ള അനുമതി ശിപ്പായി കൊണ്ടുവന്നു നല്‍കിയപ്പോള്‍ സന്തോഷവും സങ്കടവും ഒരുപോലെയായിരുന്നു .ഓപ്പോളുടെ ശവ കല്ലറയ്ക്ക് അരികില്‍ പോയി അയാള്‍ പൊട്ടി കരഞ്ഞു .
അച്ഛന്‍ ഇപ്പോള്‍ ശകാരിക്കാറില്ല ആജ്ഞാപിക്കാറുമില്ല .ചെറിയമ്മയുടെ വീട്ടിലെ വാല്യകാരി വന്നു ഭക്ഷണം പാചകം ചെയ്തു പോകും .ചെറിയമ്മയും മീനുട്ടിയും എപ്പൊഴും വീട്ടില്‍ വരും .ഇപ്പോള്‍ അച്ഛന്‍ പറയാതെതന്നെ വീട്ടിലെ എല്ലാ കാര്യങ്ങളും ചന്തു ചെയ്യും .ആദിത്യന്‍ മാഷ് അച്ഛനെ വന്നു കണ്ടു പോയതിന്‍റെ അടുത്ത ദിവസ്സം .ഒരു പശുകിടാവിനെ ഒഴികെ എല്ലാ നാല്‍ക്കാലികളേയും അച്ഛന്‍ വില്പന ചെയ്തു .അന്ന് രാത്രി ചന്തു ഉറങ്ങുവാന്‍ കിടന്നപ്പോള്‍ പതിവില്ലാത്തതാണ് അരങ്ങേറിയത് കട്ടിലില്‍ വന്നിരുന്ന് അച്ഛന്‍ ചന്തുവിന്‍റെ ശിരസില്‍ തലോടികൊണ്ടിരുന്നു .അച്ഛന്‍റെ കണ്ണുനീര്‍ മുഖത്ത് പതിച്ചപ്പോള്‍ ചന്തു അച്ഛന്‍റെ കരം നുകര്‍ന്നു .
,, എന്നോട് ക്ഷമിക്കടാ മോനെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് നിനെ ഞാന്‍ .സ്നേഹിച്ചു കൊതിതീരും മുന്‍പേ എനിക്ക് നിന്‍റെ അമ്മയെ നഷ്ടമായി ഒപ്പോള്‍ക്ക് നേരെചൊവ്വേ നടക്കാനും പറ്റാതെയായി ശാപ ജന്മമാ എന്‍റെ .ഡല്‍ഹിക്ക് പോകുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ . അച്ഛന്‍ എതിര്‍ത്തിട്ടും പഠിച്ച് ഡിഗ്രീ പാസായ എന്‍റെ മോനോട് എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നു .പണത്തെക്കുറിച്ച് മോന്‍ വിഷമിക്കേണ്ടാ .ഈ കിടപ്പാടം വില്ക്കേണ്ടി വന്നാലും എന്‍റെ മോന്‍ പഠിക്കണം .എനിക്കിനി നീയല്ലാതെ ആരാടാ ഉള്ളത്.ഞാന്‍ എങ്ങിനെയാ എന്‍റെ മക്കളെ സ്നേഹിക്കാത്തവനായി പോയി എന്ന് എനിക്ക് നിശ്യല്ല്യാ ,,
ജീവിതം ദുഃഖവും സന്തോഷവും ഇടകലര്‍ന്നതാണെങ്കിലും തന്‍റെ ജീവിതത്തില്‍ ഇതുവരെ ദുഃഖങ്ങള്‍ മാത്രമായിരുന്നു .സന്തോഷപ്രദമായ ജീവിതാനുഭവം ഓര്‍മയില്‍ പോലുമില്ല . ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷങ്ങള്‍ ഈ നിമിഷങ്ങളാണ്. അച്ഛന്‍ തന്നെ തലോടിയിരിക്കുന്നു .മോനെ എന്ന് സ്നേഹത്തോടെ വിളിച്ചിരിക്കുന്നു .അച്ഛനില്‍ നിന്നും കേള്‍ക്കുവാന്‍ ആഗ്രഹിച്ച വാക്കുകള്‍ ഇപ്പോള്‍ ആദ്യമായി കേട്ടിരിക്കുന്നു .ആഗ്രഹിച്ചിരുന്ന തലോടല്‍ അനുഭവിച്ചറിഞ്ഞിറിക്കുന്നു . ഇപ്പോള്‍ അച്ഛനെ തനിച്ചാക്കി പോകുവാനാണ് വിഷമം തോന്നുന്നത് .പക്ഷെ പോകാതെയിരിക്കുവാന്‍ നിര്‍വാഹമില്ല തനിക്ക് മുന്‍പില്‍ തുറക്കപ്പെട്ട വിദ്യാഭ്യാസത്തിന്‍റെ പുതിയ പാതയിലൂടെ യാത്ര ചെയ്യാതെയിരിക്കുവാന്‍ ഒരിക്കലുമാവില്ല .
ഡല്‍ഹിക്ക് പോകേണ്ടുന്ന ദിവസ്സം വന്നു ചേര്‍ന്നു .ചെറിയമ്മയുടെ വീട്ടില്‍ നിന്നും എല്ലാവരും ഉണ്ടായിരുന്നു .സിന്ധുവിന്‍റെ മുഖത്തായിരുന്നു ദുഃഖം കൂടുതല്‍ .പാവം കുട്ടി കുറച്ചു ദിവസത്തെ പരിചയം മാത്രമേയുള്ളൂ എങ്കിലും അവള്‍ ഇപ്പോള്‍ അയാളുടെ ആരോക്കെയോ ആയി തീര്‍ന്നിരിക്കുന്നു .ഓപ്പോളുടെ മരണശേഷം തന്നെ എന്ത് മാത്രം ശ്രദ്ധിക്കുന്നു .ഭക്ഷണം നേരത്തിനു കഴിചില്ലാ എങ്കില്‍ ശകാരിക്കുന്നു .വസ്ത്രങ്ങള്‍ കഴുകി തരുന്നു .പാവം സ്നേഹമുള്ള കുട്ടി .ഏട്ടാ എന്നാണ് തന്നെ വിളിക്കുന്നത് .എല്ലാവരോടും യാത്ര പറഞ്ഞ് അയാള്‍ മേലേടത്തു തറവാട്ടിന്‍റെ പടിപ്പുരയിലൂടെ യാത്രയായി .പ്രതീക്ഷയുടെ പുതിയ ലോകത്തേക്ക് . തിരിച്ചു വരവിനുവേണ്ടി യാത്ര ആരംഭിക്കുകയാണ് .
ശുഭം
rasheedthozhiyoor@gmail.com
,,