3 March 2014

കഥ .അത്യന്തസംയോഗം

ചിത്രം കടപ്പാട് ആര്‍ട്ടിസ്റ്റ് ishaq.v.p 

വേണുഗോപാലിന്‍റെ തൊടിയിലെ നാളികേരം ശേഖരിക്കാനായുള്ള ഒറ്റ മുറി പുരയുടെ വരാന്തയില്‍ ഇരിക്കുകയായിരുന്നുരാമനാഥനും വേണുഗോപാലും.വേണുഗോപാല്‍ ഗ്രാമത്തിലെ ജന്മിയുടെ മകനും,  രാമനാഥന്‍ വേണുഗോപാലിന്‍റെ കുടികിടപ്പവകാശ ഭൂമിയില്‍  താമസിക്കുന്നവനുമാണ് , രണ്ടുപേരും കുഞ്ഞുനാള്‍ മുതലുള്ള സുഹൃത്തുക്കളാണ്,  ഇപ്പോള്‍ പ്രായം അറുപത് പിന്നിട്ടിരിക്കുന്നു. രാമനാഥന് മൂന്നു പെണ്മക്കളും,  വേണുഗോപാലിന് ഒരു മകനും ഒരു മകളും. രണ്ടുപേരുടെയും മക്കള്‍ വിവാഹിതര്‍ .രണ്ടു പേരും ഒരുമിച്ചു പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടിയവര്‍ .രാമനാഥന്‍ എട്ടാംക്ലാസ് വിജയിച്ചപ്പോള്‍ കുടുംബ പ്രാരാബ്ദങ്ങളാല്‍ പഠിപ്പ് അവസാനിപ്പിച്ചുകൊണ്ട് അച്ഛന്‍റെ കൂടെ തോട്ടം തൊഴിലാളിയായി  പോകുവാന്‍ തുനിഞ്ഞതാണ്  .പക്ഷെ വേണുഗോപാല്‍ രാമനാഥന്‍റെ പഠിപ്പ് മുടക്കുവാന്‍ സമ്മതിച്ചില്ല.അയാള്‍ തന്‍റെ പിതാവിനെ നിർബ്ബദ്ധിപ്പിച്ച്  കൊണ്ട്, രാമനാഥനെപഠിപ്പിച്ചു.          പിന്നിട്ട ജീവിതംആത്മ സംതൃപ്തിയേകിക്കൊണ്ട്   രണ്ടുപേരും ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ച് ഗൃഹഭരണം നടത്തുന്നു . രാമനാഥന്‍റെ വീട്ടില്‍ ഇപ്പോള്‍ അയാളുടെ ഭാര്യ മാത്രമേ കൂട്ടിനുള്ളൂ .മക്കള്‍ പേരിന്  എപ്പോഴെങ്കിലും ഒക്കെ വന്നു പോകും അത്രതന്നെ .വേണുഗോപാലിന്‍റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞിട്ട്‌ രണ്ടു വര്‍ഷം കഴിയുന്നു .മകനും,മകളും  കുടുംബവും,   അമേരിക്കയിലാണ് . മകനാണ് ആദ്യം അമേരിക്കയിലേക്ക് പോയത് അവിടെനിന്നും പരിചയപെട്ട മകന്‍റെ  സുഹൃത്ത് മകളുമായുള്ള വിവാഹാലോചന വന്നപ്പോള്‍ വേണുഗോപാല്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു .രണ്ടു വാല്യകാരികളും ഒരു വാല്യകാരനുമാണ് വേണുഗോപാലിനോടൊപ്പം  അയാളുടെ ബംഗ്ലാവില്‍ ഇപ്പോള്‍  താമസിക്കുന്നത് .

രണ്ടുപേരും ഈ കാലം വരെ  ഒരു ദിവസം  പോലും നേരില്‍ കാണാതെയിരുന്നിട്ടില്ല  കൂടപ്പിറപ്പുകളെക്കാളും കൂടുതല്‍ രണ്ടുപേരും പരസ്പരം സ്നേഹിച്ചു .വേണുഗോപാലിനെ കുറച്ചു നാളത്തേക്ക് അമേരിക്കയിലേക്ക് കൊണ്ട് പോകുവാന്‍ മക്കള്‍  ശ്രമിച്ചെങ്കിലും,വേണുഗോപാല്‍ അതിന് വിസമ്മതിച്ചു .രാമനെ പിരിഞ്ഞ് ഞാന്‍ എങ്ങോട്ടുമില്ല എന്നായിരുന്നു വേണുഗോപാലിന്‍റെ ഭാഷ്യം .പണക്കാരുടെ മക്കളില്‍ കാണുന്ന ചില ദുശീലങ്ങള്‍ കുഞ്ഞുനാള്‍ തൊട്ടേ വേണുഗോപാലിലുമുണ്ട് .പരസ്ത്രീ ബന്ധങ്ങള്‍, മദ്യപാനം മുതലായവയില്‍ നിന്നും സുഹൃത്തിനെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ആ ഉദ്യമത്തില്‍  രാമനാഥന് വിജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല .രാമനാഥന് വ്യക്തമായ ജീവിത കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഈശ്വരവിശ്വാസവും .തെറ്റുകള്‍ അയാള്‍ ചെയ്തിട്ടില്ലെങ്കിലും   സുഹൃത്തിന്‍റെ ചെയ്തികള്‍ക്ക് പലപ്പോഴും  അയാള്‍ക്ക്‌ കൂട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് .                                                 ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്  ഒരു ദിവസ്സം വേണുഗോപാല്‍ നൂറു രൂപയുടെ ഒരു നോട്ട് രാമനാഥന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ടു പറഞ്ഞു .

,, രാമാ എനിയ്ക്ക് ഇത്തിരി പനംകള്ള് കുടിക്കണം . തൊടിയില്‍ ചെത്താന്‍ വരുന്നയാളോട് നീ വേണം കള്ള് മേടിക്കുവാന്‍. രാമന്‍റെ അയല്‍വാസി സ്ഥിരമായി ഷാപ്പില്‍ പോയി കള്ള് കുടിക്കുന്നയാളല്ലേ ,
അയാള്‍ക്കാണെന്ന് പറഞ്ഞാല്‍ മതി ,,

,, ഈശ്വരാ... എന്താ വേണു ഈ പറയുന്നേ..... ഇത്ര ചെറു പ്രായത്തില്‍ മദ്യപാനം പാടില്ലാട്ടോ ...വീട്ടിലെങ്ങാനും അറിഞ്ഞാല്‍ നമ്മളെ രണ്ടാളേം തല്ലികൊല്ലും ,,

,, എന്‍റെ രാമനല്ലേ നീ ....എന്‍റെ ആഗ്രഹം നീ  നിറവേറ്റി തരില്ലേ..... ,,

മനസ്സില്ലാമനസ്സോടെ രാമനാഥന്‍ ചെറിയ  മണ്‍കുടവുമായി   വൈകീട്ട് ചെത്തുകാരന്‍റെ അരികില്‍ പോയി നിന്നു.  വേണുഗോപാല്‍ ദൂരെ ചെത്തുകാരന്‍റെ ദൃഷ്ടിയില്‍ പെടാതെ ഒളിച്ചു നിന്നു .ചെത്തുകാരന്‍  പനയില്‍ നിന്നും ഇറങ്ങിയപ്പോള്‍ രാമനാഥന്‍ അയാളുടെ നേര്‍ക്ക്‌ രൂപ നീട്ടികൊണ്ടു പറഞ്ഞു .

,, കള്ള് വേണം ,,

,,  ഒന്നു പോട ചെറുക്കാ ...മുട്ടയില്‍ നിന്നും വിരിഞ്ഞിട്ടില്ല, അപ്പോഴേക്കും കുടിയും തുടങ്ങിയോ? ഞാന്‍ നിന്‍റെ അച്ഛനെ കാണുമ്പോള്‍ പറയുന്നുണ്ട് ,,

,,അയ്യോ  എനിയ്ക്കല്ല ചേട്ടാ  ... എന്‍റെ അയല്‍വാസിക്കാ ,,

ചെത്തുകാരന്‍ നൂറിന്‍റെ നോട്ട് കണ്ടപ്പോള്‍  രൂപ വാങ്ങി കീശയിലിട്ട്‌ മദ്യം കുടത്തിലേക്ക് പകര്‍ന്നുനല്‍കി. .ദൃഷ്ടിയില്‍ നിന്നും ചെത്തുകാരന്‍ മറഞ്ഞപ്പോള്‍, വേണുഗോപാല്‍ ഓടി രാമനാഥന്‍റെ അരികില്‍ എത്തി .കുടം വാങ്ങി നാളികേര ശേഖരണ പുര ലക്ഷ്യമാക്കി നടന്നു ,ഒപ്പം രാമനാഥനും .
കയ്യില്‍  കരുതിയിരുന്ന കോഴി വറുത്തതും കൂട്ടി ഒരു ചെറുകുടം കള്ള് മുഴുവനും ആര്‍ത്തിയോടെ  വേണുഗോപാല്‍ ഒറ്റയ്ക്ക്  അകത്താക്കി .രാമനാഥന് വേണോ എന്ന ചോദ്യം വേണുഗോപാലില്‍ നിന്നും ഉണ്ടായില്ല .ഒരിക്കല്‍ മദ്യം അകത്താക്കുമ്പോള്‍ അയാള്‍ രാമനാഥനോട് പറയുകയും ചെയ്തിരുന്നു  .

,, രാമാ .... നീ കുടിയ്ക്കണ്ടാട്ടോ. നീ നല്ല കുട്ടിയായി വളരണം .പക്ഷെ ഞാന്‍ എന്‍റെ ഈ ചങ്ങാതിയില്ലാതെ കുടിക്കില്ല. നിന്നെ കണ്ടുകൊണ്ടു വേണം എനിയ്ക്ക് മദ്യപിക്കുവാന്‍,,

  അന്ന് തുടങ്ങിയ മദ്യപാനം വേണുഗോപാല്‍ തുടര്‍ന്നുകൊണ്ടേയിരിന്നു  .മദ്യം പതിവായി പകര്‍ന്നുനല്‍കുന്നത് രാമനാഥനാണ് .എന്നുവെച്ച് ഈ കാലംവരെ മദ്യത്തിന്‍റെ രുചിയെന്താണെന്ന് രാമനാഥന്‍ അറിഞ്ഞിട്ടുപോലുമില്ല  .രാമനാഥന്‍ പതിവായി  ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഒപ്പം വേണുഗോപാല്‍ പോകുമായിരുന്നുവെങ്കിലും ക്ഷേത്രത്തിനകത്തേക്ക് വേണുഗോപാല്‍ പോകുമായിരുന്നില്ല .രാമനാഥന്‍ കൂടുതലും ചങ്ങാതിയുടെ സ്വഭാവം നന്നാകുവാനും ദീര്‍ഘായൂസിനും വേണ്ടിയായിരുന്നു പ്രാര്‍ഥിച്ചിരുന്നത്.പക്ഷെ നാളിതുവരെ ചങ്ങാതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല .നാളികേര പുരയ്ക്ക് കഥകള്‍ ഒരുപാടുണ്ട് പറയുവാന്‍ .വിവാഹിതനായിട്ടും   പരസ്ത്രീ ബന്ധങ്ങള്‍  വേണുഗോപാല്‍ തുടര്‍ന്നു പോന്നു .പല സ്ത്രീകളുമായി ലൈംഗിക വേഴ്ചയില്‍ഏര്‍പ്പെടുന്നത് നാളികേര പുരയ്ക്ക് അകത്തു വെച്ചാണ്  .  നാളികേര പുരയ്ക്ക് അടുത്തൊന്നും ജനവാസം ഉണ്ടായിരുന്നില്ല . പിന്നീട് അതില്‍ നിന്നും മാറ്റമുണ്ടായത് സഹപ്രവര്‍ത്തകയായ   ലക്ഷ്മിയെ പരിജയപെട്ടതിനു ശേഷമാണ് .ഒരു പെണ്ണിനെ കണ്ട് ഇഷ്ടമായാല്‍പിന്നെ അവളെ തന്‍റെ ആഗ്രഹസാഫല്യത്തിന് ലഭിക്കും വരെ അയാള്‍ അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കും .പക്ഷെ ലക്ഷ്മി വേണുഗോപാലിന്‍റെ ഇംഗിതത്തിന് വഴങ്ങിയിരുന്നില്ല .നിരന്തരമായ അയാളുടെ ആവശ്യപെടല്‍ കേട്ടു  സഹികെട്ടപ്പോള്‍  ഒരു ദിവസ്സം ലക്ഷ്മി പറഞ്ഞു .

,, പ്രാരാബ്ദങ്ങളുടെ കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവളാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്‍റെ വിവാഹം ഞാന്‍ മറന്നു .ഞാനും എന്‍റെ കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത് .എന്‍റെ പിതാവ് മരണപെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി . എനിയ്ക്ക് താഴെ നാല് സഹോദരിമാരും, രണ്ടു സഹോദരന്മാരുമുണ്ട്. . ഒരു സഹോദരിയുടെ വിവാഹമേ നടന്നിട്ടുള്ളൂ . നിങ്ങള്‍ വിവാഹിതനാണെന്ന് എനിയ്ക്ക് അറിയാം .നിങ്ങള്‍ക്ക് വേണ്ടുവോളം പണമുണ്ട്. എനിയ്ക്ക് വേണ്ടത് പണമാണ്. എന്നെ നിങ്ങള്‍ക്ക് വിവാഹം ചെയ്യുവാന്‍ കഴിയുമോ ? .അവകാശം ചോദിച്ചുകൊണ്ട് ഒരിക്കലും നിങ്ങളുടെ വീട്ടിലേക്കോ ഭാര്യയുടെ അരികിലേക്കോ ഞാന്‍ വരില്ല .എന്‍റെ പേരില്‍ അല്‍പം വസ്തുവും ഒരു വീടും വാങ്ങിച്ചു നല്‍കണം .ഏതെങ്കിലുമൊരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി എന്‍റെ കഴുത്തില്‍ ഒരു താലി ചാര്‍ത്തണം .മറ്റാരേയും ബോധ്യപെടുത്തുവാനല്ല ,
എനിയ്ക്ക് എന്‍റെ മനസ്സിനെ തൃപ്തിപെടുത്തുവാനാണ് . രജിസ്റ്റര്‍ വിവാഹം വേണമെന്നൊന്നും ഞാന്‍ പറയില്ല  .പക്ഷെ എനിയ്ക്ക് ഒരു നിബന്ധനയുണ്ട് എന്നെ വിവാഹം ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഞാനും നിങ്ങളുടെ ഭാര്യയും മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ പാടുള്ളൂ ,,

വേണുഗോപാല്‍ ലക്ഷ്മി ഗര്‍ഭം ധരിക്കുവാന്‍ പാടില്ല എന്ന   നിബന്ധനയോടെ ലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി .വിവാഹത്തിനു മുന്‍പ് തന്നെ ലക്ഷ്മിയുടെ നിബന്ധനകള്‍ വേണുഗോപാല്‍ അംഗീകരിച്ചു .ലക്ഷ്മിയും കുടുംബാംഗങ്ങള്‍  പുതിയ വീട്ടിലേക്ക് താമസം മാറ്റി . പിന്നീട് ഇടയ്ക്കൊക്കെ വേണുഗോപാല്‍ ലക്ഷ്മിയുടെ അരികില്‍ പോയികൊണ്ടിരുന്നു .ഈ വിവരങ്ങള്‍ രാമനാഥന് മാത്രമേ അറിയുകയുള്ളൂ ..ലക്ഷ്മിയുമായുള്ള  വിവാഹത്തില്‍ നിന്നും വേണുഗോപാലിനെ  പിന്തിരിപ്പിക്കുവാന്‍ രാമനാഥന്‍ ശ്രമിച്ചതാണ്. പക്ഷെ രാമനാഥന്‍റെ വാക്കുകള്‍ വേണുഗോപാല്‍ കേട്ടില്ല.

നാളികേര പുരയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന വേണുഗോപാലിനോടായി രാമനാഥന്‍ പറഞ്ഞു .

,, വേണു താന്‍ മക്കളുടെ അരികിലേക്ക് കുറച്ചുനാളത്തേക്ക് പൊയ്ക്കോളൂ .തന്‍റെ  മോന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു .ഞാന്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കുമെന്നാ മോന്‍ പറയുന്നേ

,, എനിയ്ക്ക് ഈ നാടും, തന്നേം വിട്ടുപോകുവാന്‍ ഒട്ടും താല്‍പര്യമില്ലാ ..അത് എന്‍റെ മക്കള്‍ക്ക്‌ അറിയുകയും ചെയ്യാം. പിന്നെ എന്തിനാണാവോ മക്കള്‍ ഇങ്ങിനെ നിര്‍ബന്ധിക്കുന്നത് .ഇനി എന്നെ അവര്‍ക്ക് അമേരിക്കയിലേക്ക് കൊണ്ടുപോകണം എന്നുണ്ടെങ്കില്‍ താനും എന്‍റെ കൂടെ പോരോ ...അങ്ങിനെയാണെങ്കില്‍ ആലോചിക്കാം ,,

രാമനാഥന്‍ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു

,,  എന്താടോ  താനീ പറയുന്നേ..... എന്‍റെ കെട്ട്യോള് തനിച്ചാവില്ലേ ? തന്നെ പിരിഞ്ഞിരിക്കുവാന്‍ ആഗ്രഹം ഉണ്ടായിട്ടല്ലാ ഞാന്‍ പറയുന്നേ .മക്കളുടെ ആഗ്രഹാങ്ങള്‍ക്കല്ലേ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് .,,

,, എന്നാല്‍ ഇനി അമേരിക്കയിലേക്ക് പോകുന്നതിനെ കുറിച്ച് ഒരക്ഷരം താന്‍ എന്നോട് പറയരുത്..... .രാമാ താന്‍ ഒരു പെഗ്ഗ് കൂടി ഒഴിച്ചേ ..,,

പതിവില്‍ കൂടുതല്‍ വേണുഗോപാല്‍ മദ്യപിച്ചത് കൊണ്ട് അയാളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു  .രാമനാഥന്‍ പറഞ്ഞു .

,, മദ്യപിച്ചത്   മതി .ഇന്ന് താന്‍ കണക്കൊക്കെ തെറ്റിച്ചിരിക്കുന്നു. സന്ധ്യയായി ഇനി നമുക്ക് പോകാം ,,

ബാക്കിയായ  വിദേശ മദ്യക്കുപ്പി നാളികേര പുരയുടെ അകത്ത് വെച്ച് ,കതക് താഴിട്ടു പൂട്ടി രാമനാഥന്‍ വേണുഗോപാലിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു .നടക്കുവാന്‍ നന്നേ പാടുപെടുന്ന വേണുഗോപാലിനെ രാമനാഥന്‍ താങ്ങി നടന്നു  .നടത്തത്തിനിടയില്‍  വേണുഗോപാല്‍ പുലമ്പിക്കൊണ്ടിരുന്നു .

,,എന്‍റെ ഈ ചങ്ങാതിയുടെ സ്നേഹമാണ് എനിയ്ക്ക് ജീവിക്കുവാനുള്ള പ്രേരണ .അവള് എന്നെ വിട്ടു പോയില്ലേ ......എന്‍റെ മക്കളും എന്നെ തനിച്ചാക്കി അമേരിക്കയിലേക്ക് പോയില്ലേ..... .എനിയ്ക്ക് നീ മാത്രമേയുള്ളൂ...... നീ മാത്രം. നിന്നെ വിട്ട് ഞാന്‍ എങ്ങും പോകില്ല ,,  

രാമനാഥന്‍ വേണുഗോപാലിനെ ബംഗ്ലാവിലാക്കി അയാളുടെ വീട്ടിലേക്കു നടന്നു.പടിപ്പുര കടന്നപ്പോള്‍ പൂമുഖത്തിരുന്ന്  ഭാര്യ നാമം ജപിക്കുന്നത് അയാള്‍ കണ്ടു .രാമനാഥന്‍ ചവിട്ടുപടിയില്‍ ഇരുന്നിരുന്ന കിണ്ടിയിലെ ജലം കൊണ്ട് പാദങ്ങള്‍ കഴുകി വൃത്തിയാക്കി  .  പൂമുഖത്തെ ചാരുകസേരയില്‍ കിടന്നു .വേണുഗോപാലിനെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു അയാളുടെ മനസ്സ് നിറയെ .ഒരു സുഹൃത്തിന് ചെയ്യാവുന്നതില്‍ എത്രയോ മടങ്ങ്‌ കൂടുതല്‍  തനിക്കായി  വേണു ചെയ്തിരിക്കുന്നു .ആകെയുള്ള പത്തു സെന്‍റെ് പുരയിടത്തിനു ചുറ്റുമുള്ള അര ഏക്കര്‍ ഭൂമി തനിക്കായി സൗജന്യമായി നല്‍കി, തരക്കേടില്ലാത്ത ഒരു വീട് പണിതു നല്‍കി,മൂന്ന് പെണ്മക്കളേയും വിവാഹംകഴിച്ചയക്കുവാന്‍ സഹായിച്ചു .അയാള്‍ ജീവിതത്തില്‍  പിന്നിട്ട നാള്‍വഴികളെ കുറിച്ചു ചിന്തിച്ചു കിടന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഭാര്യ നാമജപം കഴിഞ്ഞു  അയാളുടെ അരികില്‍ വന്നിരുന്നു പറഞ്ഞു .

,, ചായ എടുക്കട്ടെ ?,എന്താ ഇന്ന് ദുഖിതനായിരിക്കുന്നത്? .സുഹൃത്തിനെയായി വഴക്കിട്ടോ ?,,

,,വഴക്കൊന്നും കൂടിയില്ല . വേണുവിനോട് മക്കളുടെ അരികിലേക്ക് പോകുവാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല .അയാള്‍ എന്നെ വിട്ടു പോകില്ലാന്നു പറയുന്നു.  താനൊരു ചായ എടുത്തിട്ടു വരൂ ...ഇത്തിരി കടുപ്പം ഉണ്ടായിക്കോട്ടെ ,,

ഭാര്യ അടുക്കളയിലേക്കു പോയപ്പോള്‍ രാമനാഥന്‍റെ മനസ്സ്  വീണ്ടും പിന്നിട്ട നാള്‍വഴിയിലേക്ക് സഞ്ചരിച്ചു .

അടുത്തദിവസം ഒരു ഉറച്ച തീരുമാനം രാമനാഥന്‍ എടുത്തിരുന്നു .നാളികേര ശേഖരണ പുരയുടെ വരാന്തയിലിരുന്ന് ഗ്ലാസിലേക്കു  മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ രാമനാഥന്‍ വേണുഗോപാലിനോട് പറഞ്ഞു .

,,  ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ താന്‍ ദേശ്യ പെടുമോ ?,,
വേണുഗോപാല്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, രാമനാഥന്‍ തുടര്‍ന്നു .
,, ഇനി ലക്ഷ്മിയെ ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ട് വന്നൂടെ .അവളുടെ ജീവിതം തനിക്കായി നീക്കി വെച്ചവളാണ് 
വേണുഗോപാല്‍ അല്‍പനേരം മൌനിയായിരുന്നത്തിനു ശേഷം ഗ്ലാസ്സിലെ അവശേഷിച്ച മദ്യം അകത്താക്കിയത്തിനു ശേഷം  പറഞ്ഞു.

,, താന്‍ ഒരു പെഗ്ഗ്  ഒഴിച്ചേ .ഇനി അതൊന്നും ശെരിയാവില്ലടോ മക്കള്‍ അതൊന്നും അംഗീകരിക്കില്ല ,,

വേണുഗോപാല്‍  പകര്‍ന്നുനല്‍കിയ മദ്യം അതേ പടി അകത്താകിയത്തിനു ശേഷം ഗ്ലാസ്സ്‌ വീണ്ടും മദ്യം പകരാനായി രാമനാഥന്‍റെ മുന്‍പിലേക്ക്  നീക്കി വെച്ചു .രാമനാഥന്‍ തുടര്‍ന്നു .

,, ജീവിതം നമ്മള്‍ തരണം ചെയ്യുക തന്നെ വേണം. ശേഷിക്കുന്ന തന്‍റെ ജീവിതത്തില്‍ തനിക്കൊരു തുണ ഉണ്ടായേ പറ്റൂ. ഞാന്‍ തന്‍റെ മക്കളോട് സംസാരിക്കുവാന്‍ പോകുകയാണ്. ഇന്ന് രാത്രി ഞാന്‍ അവരുമായി ഫോണില്‍ സംസാരിക്കും .അവര്‍ക്കു ഇഷ്ടമല്ലാ എന്ന് പറയുകയാണെങ്കില്‍ നമുക്ക് വേണ്ടായെന്നു വെയ്ക്കാം ,,

അന്നും  പതിവില്‍ കൂടുതല്‍ വേണുഗോപാല്‍  മദ്യപിച്ചു .രാമനാഥന്‍ താങ്ങിയാണ്  വേണുഗോപാലിനെ വീട്ടിലേക്ക് എത്തിച്ചത് .രാത്രി രാമനാഥന്‍ വേണുഗോപാലിന്‍റെ മക്കളുമായി സംസാരിച്ചു .മകന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല പക്ഷെ മകള്‍ നീരസം അറിയിച്ചു .ഒരു വിധം മകളുടേയും സമ്മതം രാമനാഥന്‍ വാങ്ങി .അടുത്ത ദിവസ്സം ലക്ഷ്മിയെ ബംഗ്ലാവിലേക്ക് വേണുഗോപാലും രാമനാഥനും കൂട്ടി കൊണ്ടു പോന്നു .സായാഹ്നത്തില്‍ നാളികേര പുരയിലേക്ക്‌ പോകണം എന്ന് വേണുഗോപാല്‍ പറഞ്ഞെങ്കിലും രാമനാഥന്‍ അതിന് വിസമ്മതിച്ചു .രാമനാഥന്‍ നേരത്തെതന്നെ തന്‍റെ വീട്ടിലേക്ക് തിരികെ പോന്നു .അന്നു രാത്രി ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വേണുഗോപാല്‍ ലക്ഷ്മിയെ ആദ്യമേ വിവാഹം ചെയ്തിരുന്നു എന്ന വിവരം രാമനാഥന്‍ ഭാര്യയോടു പറഞ്ഞപ്പോള്‍ അവര്‍ക്കു അത്ഭുതം തോന്നി. ഭാര്യ പറഞ്ഞു .

,,  ഭഗവാനേ എന്താ ഈ കേള്‍ക്കുന്നേ!!!!! .ഇതൊക്കെ അറിഞ്ഞിട്ടും.... എല്ലാം എന്നോട് പറയുന്ന അങ്ങ് ഇതുമാത്രം എന്തേ എന്നോട് പറയാതെയിരുന്നത്? ,,

രാമനാഥന്‍ മറുപടി പറഞ്ഞില്ല .അയാള്‍ക്ക്‌ ഇന്ന് സന്തോഷത്തിന്‍റെ ദിവസ്സമായിരുന്നു . സുഹൃത്ത് ഇനി തനിച്ചാകില്ലല്ലോ എന്ന ആത്മസംതൃപതിയോടെ അയാള്‍ നിദ്രയിലേക്ക് വഴുതി വീണു . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസ്സം നാളികേര ശേഖരണ പുരയുടെ വരാന്തയില്‍ പതിവുപോലെ രാമനാഥന്‍ വേണുഗോപാലിന്  മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ ,വേണുഗോപാലിന് കലശലായ ചുമ അനുഭവപെട്ടു .എത്ര ശ്രമിച്ചിട്ടും ചുമയെ നിയന്ത്രിക്കുവാന്‍ അയാള്‍ക്കായില്ല .ചുമ കൂടിക്കൂടി അയാള്‍ രക്തം ചര്‍ദ്ദിച്ചു .രാമാ.. എന്ന വിളിയോടെ അയാള്‍ രാമനാഥനുമേല്‍ ചാഞ്ഞു .രാമനാഥന്‍ അയാളെ ആശ്വസിപ്പിച്ചുകൊണ്ട് വരാന്തയില്‍ കിടത്തിയതിനു ശേഷം  ബംഗ്ലാവിലേക്ക് പാഞ്ഞു .ബംഗ്ലാവില്‍ എത്തിയ രാമനാഥന്‍   ഡ്രൈവറേയും വല്യകാരനേയും കൂട്ടി വാഹനത്തില്‍ തിരികെയെത്തി .പക്ഷെ വാഹനം  നാളികേര പുരയുടെ അരികിലേക്ക് എത്തുവാനാവില്ലായിരുന്നു .ദൂരെ റോഡില്‍ നിറുത്തിയ വാഹനത്തിലേക്ക് .രാമനാഥനും , ഡ്രൈവറും ,വാല്യകാരനും കൂടി  വേണുഗോപാലിനെ എടുത്തുക്കൊണ്ടു പോയികിടത്തി .ഉടനെ തന്നെ   ആശുപത്രിയിലേക്ക് കൊണ്ടു പോയി .
വേണുഗോപാല്‍ ശ്വാസം എടുക്കാന്‍ നന്നേ പാടുപെടുന്നത് കണ്ടപ്പോള്‍ രാമനാഥന്‍റെ ഇമകള്‍ നിറഞ്ഞൊഴുകി .രാമനാഥന്‍ വേണുഗോപാലിനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു .

,, സമാധാമായി കിടന്നോളൂ നിനക്ക് ഒന്നും സംഭവിക്കില്ല .ഞാനില്ലേ നിന്‍റെ കൂടെ ,,

ഇടയ്ക്കൊക്കെ വേണുഗോപാലിന്‍റെ വായില്‍നിന്നും വരുന്ന രക്തം രാമനാഥന്‍ തന്‍റെ  തുവാല കൊണ്ട് തുടച്ചുനീക്കി കൊണ്ടിരുന്നു .അയാള്‍ വാഹനത്തിന്‍റെ വേഗത കൂട്ടുവാന്‍ നിരന്തരം ഡ്രൈവറോട് പറഞ്ഞു .രാമനാഥന്‍ അന്നേവരെ അനുഭവിക്കാത്ത മാനസീക സങ്കര്‍ഷമായിരുന്നു അപ്പോള്‍ അനുഭവിച്ചു കൊണ്ടിരുന്നത് .

അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപെട്ട വേണുഗോപാലിനെകുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ രാമനാഥന്‍ വ്യാകുലപ്പെട്ടൂ ,മണിക്കൂറുകള്‍ക്കു ശേഷം  പരിശോധിച്ച ഡോക്ടര്‍മാരില്‍ പ്രധാന ഡോക്ടര്‍  രാമനാഥനോട് പറഞ്ഞു .

,,നിരന്തരമായ മദ്യപാനം മൂലം അദ്ദേഹത്തിന്‍റെ കരളിന് കാര്യമായ കേട് പറ്റിയിട്ടുണ്ട് ഉടനെതന്നെ കരളിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റി വെയ്ക്കണം .ചേരുന്ന ദാതാവിനെ കണ്ടെത്തേണം ദാതാവിന് മുറിച്ചു മാറ്റുന്ന കരള്‍ ക്രമേണ വളര്‍ന്നു വരും  .പക്ഷെ കരള്‍ മുറിച്ചു മാറ്റിവെയ്ക്കുന്ന സര്‍ജ്ജറി ഈ ആശുപത്രിയിലില്ല. അതിന് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് രോഗിയെ എത്രയുംവേഗം കൊണ്ടുപോകണം .അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെയധികം ഗുരുതരമാണ് ഇപ്പോള്‍  ,,

,, എന്‍റെ കരള്‍ മുറിച്ചു മാറ്റി വച്ചോളൂ   എന്‍റെ വേണുഗോപാലിനെ രക്ഷിക്കണം ഡോക്ടര്‍ ,,

,,സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോകു .അവിടെ താങ്കളെ  പരിശോധിച്ച് അവര്‍ തീരുമാനിക്കും അദ്ദേഹത്തിന് ചേരുന്നതാണോ താങ്കളുടെ കരള്‍ എന്ന് ,,

അമേരിക്കയിലേക്ക് വിളിച്ച്  മക്കളെ അച്ഛന്‍റെ  അസുഖവിവരം അറിയിച്ചപ്പോള്‍ അവര്‍ ഉടനെ നാട്ടിലേക്ക് എത്താം എന്ന് രാമനാഥനോട് പറഞ്ഞു .രാമനാഥന്‍ ബാങ്കില്‍ പോയി ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച രൂപയില്‍ നിന്നും കുറെയേറെ രൂപ പിന്‍വലിച്ചു .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വേണുഗോപാലിനെയായി യാത്രയായി.  അയാളുടെ ഭാര്യയേയും ,ലക്ഷ്മിയേയും ഒപ്പം കൂട്ടി .ആംബുലന്‍സില്‍ രാമനാഥന്‍റെ മടിയില്‍ തലചായ്ച്ച് വേണുഗോപാല്‍ കിടന്നു .  വേണുഗോപാലിന്‍റെ  മുഖത്ത് തെല്ലും ഭയം നിഴലിച്ചിരുന്നില്ല  ,ജീവിതം ആസ്വദിച്ചു ജീവിച്ചു എന്ന മുഖഭാവമായിരുന്നു അപ്പോള്‍ അയാളുടേത് .  കൂട്ടുകാരന്‍റെ അവസ്തയെ കുറിച്ച് ഓര്‍ത്ത് രാമനാഥന്‍ വല്ലാതെ സങ്കടപെട്ടു.  .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പരിശോധനയില്‍ രാമനാഥന്‍റെ കരള്‍ വേണുഗോപാലിന് ചേരുന്നതാണെന്നുള്ള അറിയിപ്പ് വന്നു .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ജ്ജറിക്കായി രണ്ടു പേരേയും ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി .രണ്ടുപേരെയും അടുത്തടുത്ത് കിടത്തിയപ്പോള്‍ വേണുഗോപാല്‍ രാമനാഥന്‍റെ കൈത്തലം നുകര്‍ന്ന് തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോള്‍ വേണുഗോപാലിന്‍റെ  ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു .രാമനാഥന്‍ ആദ്യമായി അയാള്‍ കരയുന്നത്  കാണുകയായിരുന്നു .

ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി .ആദ്യം അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നത് .രാമനാഥനായിരുന്നു .അയാള്‍ പ്രിയ സുഹൃത്ത് ഉണരുന്നതും കാത്തു വേദന സഹിച്ചുകിടന്നു . ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ അവര്‍ ഗ്രാമത്തില്‍ തിരികെയെത്തി . മാസങ്ങളുടെ വിശ്രമവും മരുന്ന് കഴിക്കലുകള്‍ക്കും ഒടുവില്‍. രണ്ടു പേരും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു .വേണുഗോപാലിന്‍റെ മക്കള്‍ അമേരിക്കയിലേക്ക് തിരികെ പോയി . ഒരു ദിവസ്സം വേണുഗോപാല്‍ പറഞ്ഞു.

,, നമുക്ക് ഇന്ന് സായാഹ്നത്തില്‍ നാളികേര ശേഖരണ പുരയിലേക്ക്‌ പോയാലോ ,,

,, ഞാന്‍ പറയുവാനിരിക്കുകയായിരുന്നു. ഒരു പാട് കാലമായില്ലേ ... നമ്മള്‍ അവിടേക്ക് പോയിട്ട് ,,

സായാഹ്നത്തില്‍ രണ്ടു പേരും നാളികേര ശേഖരണ പുരയില്‍ എത്തി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വാല്യകാരന്‍ അവിടെ വന്ന് ഒരു സഞ്ചി വേണുഗോപാലിന് നല്‍കി തിരികെ പോയി .വേണുഗോപാല്‍ സഞ്ചിയില്‍ നിന്നും വിദേശ മദ്യ കുപ്പിയും ഗ്ലാസ്സും വെള്ളകുപ്പിയും പുറത്തെടുക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍ ആക്രോശിച്ചു കൊണ്ടു പറഞ്ഞു .

,,മതിയായില്ലേ നിനക്ക്, ഈ കാലമത്രയും കുടിച്ച് കരള്‍ നശിപ്പിച്ചിട്ടും ഇനി ഞാന്‍ നല്‍കിയ കരള്‍ കൂടി നശിപ്പിക്കണോ നിനക്ക്  ,,

രാമനാഥന്‍ ബലംപ്രയോഗിച്ച് മദ്യക്കുപ്പി വാങ്ങി അടപ്പ് തുറന്ന് മദ്യം പുറത്തേക്ക് ഒഴുക്കി കളഞ്ഞു .വേണുഗോപാല്‍ അയാളുടെ പ്രവര്‍ത്തി കണ്ട് നിശ്ചലമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍  വീണ്ടും തുടര്‍ന്നു .

,,ഇനി ഒരു തുള്ളി മദ്യം നിന്‍റെ ശരീരത്തില്‍ പ്രവേശിക്കപെട്ടു എന്ന് ഞാന്‍ അറിഞ്ഞാല്‍. അന്ന് അവസാനിക്കും നമ്മള്‍ തമ്മിലുള്ള ബന്ധം .എനിക്ക് വേണം നിന്നെ .എന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടയുന്നത് വരെ എനിക്ക് കാണണം നിന്നെ ആരോഗ്യത്തോടെ തന്നെ ,,

ആദ്യമായാണ് രാമനാഥന്‍ വേണുഗോപാലിനോട് അത്രയും   ദേഷ്യത്തില്‍  . സംസാരിക്കുന്നത്. അയാള്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റുനിന്ന് ചുമരില്‍ തല ചേര്‍ത്തുപിടിച്ചു കുഞ്ഞുങ്ങളെ പോലെ തേങ്ങി കരയുവാന്‍ തുടങ്ങി .അല്‍പ നേരം കഴിഞ്ഞപ്പോള്‍ രാമനാഥന്‍ അയാളുടെ തോളില്‍ കൈത്തലം വെച്ചു .അപ്പോള്‍ വേണുഗോപാല്‍ നിയന്ത്രണം വിട്ട് അയാളെ കെട്ടിപിടിച്ച്  കരഞ്ഞു  കൊണ്ടു പറഞ്ഞു .

 ,,ഞാന്‍ എന്ത് സുകൃതം ചെയ്തിട്ടാണ് നിന്നെ എനിയ്ക്ക് സുഹൃത്തായി ലഭിച്ചത് .എനിയ്ക്ക് ഒന്നും വേണ്ട. നിനക്ക് ഇഷ്ടമില്ലാത്തത് ഒന്നും തന്നെ എനിയ്ക്ക് വേണ്ട .എന്നോട് ക്ഷമിക്കൂ രാമാ ...... ,,

രണ്ടു പേരും പരസ്പരം കരഞ്ഞുകൊണ്ട്‌ ആ നില്‍പ്പ്ഏറെനേരം  നിന്നു .അപ്പോള്‍  സായാഹ്നം വിടവാങ്ങിയ അറിയിപ്പെന്നോണം സൂര്യന്‍ പാതി അസ്തമിച്ചിരുന്നു .ആകാശമാകെ സ്വര്‍ണ്ണനിറം വാരി വിതറിയ പ്രതീതി പ്രപഞ്ചമാകെ ഉളവാക്കി . ആകാശത്ത്‌ പറവകള്‍ അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി ശബ്ദ കോലാഹലങ്ങളോടെ  പറന്നുപോയികൊണ്ടിരുന്നു .  നാളത്തെ പുതുപുലരിയെ പ്രതീക്ഷിച്ചുകൊണ്ട്  .
                                                                      ശുഭം
rasheedthozhiyoor@gmail.com 
  



     


28 February 2014

ചെറു കഥ . നാനാര്‍ത്ഥങ്ങള്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


തന്‍റെയും കുടുംബാംഗങ്ങളുടെയും    ഉന്നതിക്ക് വേണ്ടി നാടും വീടും ബന്ധുക്കളേയും   വേര്‍പിരിഞ്ഞ് സാമ്പത്തിക ശ്രോതസ് തേടിയുള്ള യാത്രയില്‍, പല ദേശങ്ങളില്‍ ,പല രാജ്യങ്ങളില്‍ എത്തിപെടുന്ന അനേകായിരം മലയാളികളില്‍ ഒരുവനാണ്  റയീസ് മുഹമ്മദ്. സല്‍സ്വഭാവിയും സ്നേഹ സമ്പന്നനുമായ റയീസ് എത്തിപെട്ടത് ഷാര്‍ജയിലെ ഏതാനും മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിലായിരുന്നു    .ഇരുപതില്‍പരം തൊഴിലാളി കളുള്ള   സ്ഥാപനത്തില്‍  അഞ്ചു വനിതകളും ഉണ്ടായിരുന്നു .സ്ഥാപനത്തിലേക്ക് ലഭിക്കുവാനുള്ള പണം പിരിക്കലും ബാങ്കില്‍ പോകലും മറ്റു ഇതര ജോലികളുമായിരുന്നു റയീസില്‍ നിക്ഷിപ്തമായിരുന്നത്  .ഭാര്യയേയും അരുമ മകളേയും മറ്റുകുടുംബാംഗങ്ങളേയും   വേര്‍പിരിഞ്ഞു മണലാരണ്യത്തില്‍ ഒറ്റപെട്ടു   ജീവിക്കേണ്ടി  വന്നതിലുള്ള  ദുഃഖം അയാളുടെ മുഖത്ത് എപ്പോഴും നിഴലിച്ചിരുന്നു .സ്ഥാപനത്തില്‍ ഉണ്ടായിരുന്ന  അഞ്ചു യുവതികളില്‍    ഒരു യുവതി സദാസമയവും  ദുഖിതയായി അധികമൊന്നും ആരോടും സംസാരിക്കാതെയിരിക്കുന്നത് കാണുമ്പോള്‍ റയീസിന് തോന്നിയിരുന്നത്  അസഹനീയമായ വിഷമങ്ങള്‍ ആ   യുവതി ജീവിതത്തില്‍ അഭിമുഖികരിക്കുന്നുണ്ടാകും  എന്നായിരുന്നു .വലിയ നയനങ്ങളുടെ ഉടമയായ അവളുടെ നാമം   സുഹാന എന്നായിരുന്നു .

    ഒരു ദിവസം  റയീസ് ജോലി സംബന്ധമായി പുറത്തു പോകുന്നതിനു മുന്‍പ് ഡോകുമന്‍റെ കണ്ട്രോളറായ സുഹാനയോട്    അത്യാവശ്യ മായി വേറൊരു സ്ഥാപനത്തിലേക്ക് സ്കാന്‍ ചെയ്തു  അയച്ചുകൊടുക്കേണ്ടുന്ന ഡോകുമെന്റുകളുടെ  വിവരം നല്‍കിയിരുന്നു .

എതാണ്ട് പതിനൊന്നു മണിയോടടുത്ത് റയീസ് പുറത്തുള്ള ജോലികളെല്ലാം തീര്‍ത്ത്‌ ഓഫീസില്‍ തിരികെയെത്തി  അയാളുടെ ഇരിപ്പിടത്തില്‍ ഇരുന്നു .
അന്ന് അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. അതിനൊരു കാരണവും ഉണ്ടായി വളരെയധികം സൂക്ഷമയോടെ വാഹനം ഓടിക്കുന്ന റയീസിന്‍റെ വാഹനം തലനാരിഴയ്ക്കാണ്അപകടത്തില്‍ നിന്നും   രക്ഷ പെട്ടത്. ആ നടുക്കം അയാളിളില്‍ നിന്നും അപ്പോഴും വിട്ടകന്നിട്ടില്ലായിരുന്നു .  അല്‍പനേരം കഴിഞ്ഞപ്പോള്‍  സ്കാന്‍ ചെയ്തു അയച്ചു കൊടുകേണ്ടുന്ന സ്ഥാപനത്തില്‍ നിന്നും അവ ലഭിച്ചില്ലാ എന്ന സന്ദേശം റയീസിനു   ലഭിച്ചു .വിവരം തിരക്കുവാനായി  അയാള്‍ സുഹാനയുടെ അരികില്‍ ചെന്നു ചോദിച്ചു ? .

,,സുഹാന ഞാന്‍ രാവിലെ പറഞ്ഞിരുന്ന  ജോലി ഇയാള്‍ തീര്‍ത്തുവോ ,,


,, റയീസിക്ക എനിക്ക് ഇന്ന്  ഒത്തിരി ജോലി തിരക്കുണ്ടായിരുന്നു  തിരക്കിനിടയില്‍   ഇക്ക പറഞ്ഞ കാര്യം ഞാന്‍ മറന്നു അയാം സോറി ,,

,, മറന്നൂന്നോ   ജോലിയില്‍  അല്‍പം  ഉത്തരവാദിത്തം വേണം ഞാന്‍ ജി എമ്മിനോട് പരാതി പറയും. അപ്പോള്‍ തനിക്ക് ഉത്തരവാദിത്തം താനേ ഉണ്ടായിക്കൊള്ളും ,,

അയാളുടെ  ശകാരം  കേട്ടപ്പോള്‍  സുഹാന തല അല്‍പം താഴ്ത്തി കരയുവാന്‍ തുടങ്ങി. കൊച്ചു കുഞ്ഞുങ്ങളെ പോലെ പരിസരബോധം ഇല്ലാതെയുള്ള അവളുടെ കരച്ചില്‍  റയീസി നെ  അസ്വസ്ഥനാക്കി .ഉയരം അധികം ഇല്ലാത്ത അവള്‍ക്ക് വലിയ  പൂച്ച  കണ്ണുകളായിരുന്നു .കണ്‍ തടങ്ങള്‍ സ്ഥിരമായി ഉറക്കമൊഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത് പോലെ  അല്‍പം നിറവിത്യാസം ഉണ്ടെങ്കിലും കണ്ണുകള്‍ക്ക്‌ വല്ലാത്ത ആകര്‍ഷണ ശക്തിയുണ്ടായിരുന്നു   .

അയാള്‍ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു .

,, സാരില്ല്യാ... ഞാന്‍ പരാതിയൊന്നും പറയുവാന്‍ പോകുന്നില്ല. ഇയാള് വേഗം   ഡോകുമെന്റുകള്‍ സ്കാന്‍ ചെയ്ത്   അയച്ചു കൊടുക്കു ,,


ജി. എം. ഒരു മുന്‍ കോപക്കാരനാണ്  ആരെ കുറിച്ചു പരാതി ലഭിച്ചാലും പരിസരം മറന്നു ശകാരിക്കും  സുഹാനയെ ഭയപെടുത്തുവാന്‍ വേണ്ടി റയീസ്  പരാതി പറയും എന്ന്  വെറുതെ പറഞ്ഞത്  റയീസിനു വിനയായി .  സ്ത്രീകള്‍ കരയുന്നത് കണ്ടാല്‍ അയാളുടെ മനസ്സ് വല്ലാതെ സങ്കടപെടും. റയീസ് തിരികെ ഇരിപ്പിടത്തിലേക്ക്  മടങ്ങുമ്പോഴും 
  അവള്‍ തേങ്ങി തേങ്ങി കരയുന്നുണ്ടായിരുന്നു .ഇരിപ്പിടത്തില്‍ വന്നിരുന്ന അയാള്‍ ഓര്‍ത്തു .കരയുവാന്‍ മാത്രം താന്‍ സുഹാനയോട് കാര്യമായി ഒന്നും പറഞ്ഞില്ലല്ലോ പിന്നെ എന്തിനവള്‍ കരഞ്ഞു .കരയുവാന്‍ വേണ്ടി ഒരു കാരണം ലഭിക്കുവാന്‍ കാത്തിരുന്നത് പോലെ .എന്തോ വലിയ സങ്കടം അവളുടെ മനസ്സിലുണ്ട് അതാണ്‌ ഒരു ചെറിയ ശകാരത്തിന് അവള്‍ ഒരു പാട് കരഞ്ഞത് .റയീസില്‍ പല ചിന്തകളും മിന്നിത്തെളിഞ്ഞു .പിന്നീട് അയാള്‍ക്ക്‌ അവളോട്‌ സഹതാപം തോന്നിപ്പിച്ചു .

ഏതാനും മാസ്സങ്ങള്‍ വീണ്ടും കൊഴിഞ്ഞു പൊയി .അഞ്ചു സ്ത്രീകളില്‍ രണ്ടു പേര്‍ സെയില്‍സിലായിരുന്നത്കൊണ്ട് സ്ഥാപനം അവര്‍ക്കായി  വാഹനം നല്‍കിയിരുന്നു .മറ്റു മൂന്നുപേരെ അവരവരുടെ താമസസ്ഥലത്തു നിന്നും സ്ഥാപനത്തിലേക്ക് വരുവാനും തിരികെ പോകുവാനും ഗതാഗത സൗകര്യം സ്ഥാപനം ഒരുക്കിയിരുന്നു .സ്ഥാപനത്തിലെ ഒരു ജോലിക്കാരനായിരുന്നു ആ ഉദ്യമം  ഏറ്റെടുത്തിരുന്നത്. അയാള്‍ പൊടുന്നനെ ജോലി രാജി വെച്ചു സ്വദേശത്തെക്കു മടങ്ങിയപ്പോള്‍ ആ ഉദ്യമം  റയീസിന് ഏറ്റെടുക്കേണ്ടി വന്നു .

യാത്രക്കൊടുവിലായിരുന്നു സുഹാന വാഹനത്തില്‍ നിന്നും ഇറങ്ങിയിരുന്നത്. സുഹാനയെ തനിച്ചു കിട്ടുമ്പോഴൊക്കെ  അവളുടെ സ്വകാര്യ ജീവിതത്തെകുറിച്ചറിയുവാന്‍  റയീസ് ശ്രമിച്ചുകൊണ്ടിരിന്നു .
അവള്‍ എപ്പോഴും വാഹനത്തിലെ മുന്‍ സീറ്റിലായിരുന്നു ഇരുന്നിരുന്നത് .
അത് റയീസിനും ഇഷ്ടമായിരുന്നു .

ദിവസങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .സുഹനയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റയീസ് ശ്രമിച്ചുകൊണ്ടേയിരുന്നു   .അവള്‍ വിവാഹിതയാണെന്ന് റയീസ് നേരത്തെ തന്നെ അറിഞ്ഞിരുന്നു  നിരന്തരമായുള്ള ചോദ്യത്തിന് മുന്‍പില്‍ സുഹാന അയാളുടെ മുന്‍പില്‍ ഒരു ദിവസം മനസ്സ് തുറന്നു .വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു . ഡിഗ്രീ കഴിഞ്ഞ അവള്‍ക്ക് ലഭിച്ച ഭര്‍ത്താവിന് വിദ്യാഭ്യാസം വളരെ കുറവായിരുന്നു .സികരറ്റ്‌ സ്ഥിരമായി വലിക്കുന്ന ഭര്‍ത്താവിനെ അവള്‍ക്ക് ഇഷ്ടമായിരുന്നില്ല .ഭാര്യ ഭര്‍ത്ത് ബന്ധം അവര്‍ പുലര്‍ത്തുന്നില്ല ,സുഹാനയെക്കാളും പാതി വേതനമേ ഭര്‍ത്താവിന് ലഭിക്കുന്നുള്ളു.

 രണ്ടു പേരും  വഴക്കില്ലാത്ത ദിവസങ്ങള്‍ വളരെ കുറവായിരുന്നു  .അവളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ റയീസിന് എല്ലാം അവിശ്യാസിനിയമായി തോന്നി അയാള്‍ അവളോട്‌ പറഞ്ഞു .

,, ജീവിതം പരസ്പരം വഴക്കിട്ടു തീര്‍ക്കുവാനുള്ളതല്ല .

ഓരോ ദിവസം കൊഴിഞ്ഞു പോകുമ്പോഴും   ആയുസിന്‍റെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു .സുഹാന വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണം. എന്നിട്ട് പരസ്പരം സ്നേഹിച്ചു ജീവിക്കു .ജീവിതത്തിന്‍റെ മാസ്മരികമായ അനുഭൂതി വേണ്ടുവോളം ആസ്വദിക്കു ,,

അവള്‍ മൌനിയായിരുന്നു .അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു .

,, എനിക്കയാളെ സ്നേഹിക്കുവാന്‍ കഴിയില്ല. എനിക്ക് ഇഷ്ടമില്ലാത്ത വിവാഹം എന്‍റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചതാണ്‌ ,,

,, നിങ്ങളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. ഇനി ഇയാളുടെ ഭര്‍ത്താവിനെ സ്നേഹിക്കാതെയിരിക്കുവാന്‍ സുഹാനയ്ക്ക് നിര്‍വാഹമില്ല ,,

ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .സുഹാന കഴിക്കുവാനുള്ള ഭക്ഷണം പാചകം ചെയ്തു കൊണ്ടു വരുന്നത് വല്ലപ്പോഴുമാണ്. ഓഫീസ് സ്റ്റാഫുകള്‍ പുറത്തു പോകുമ്പോള്‍    ഹോട്ടലില്‍നിന്നും ഭക്ഷണം  വാങ്ങിപ്പിക്കാറാണ്  പതിവ് .ചില സ്റ്റാഫുകളോട്   ഭക്ഷണം വാങ്ങികൊടുക്കുവാന്‍ പറഞ്ഞാല്‍ അവര്‍  മുഖത്ത് നോക്കി പറയും .

,, സ്ത്രീകളായാല്‍ ഭക്ഷണം പാചകം ചെയ്തു വീട്ടില്‍ നിന്നും  കൊണ്ടു വരണം .അല്ലാതെ എന്നും ഹോട്ടലിനെ ആശ്രയിക്കരുത് .ഭക്ഷണം വാങ്ങിക്കുവാന്‍ വേറെ ആളെ നോക്ക് ,,

പിന്നീട് റയീസില്‍ നിക്ഷിപ്തമായി സുഹാനയ്ക്കുള്ള ഭക്ഷണം വാങ്ങികൊടുക്കല്‍. പ്രഭാതഭക്ഷണവും ഊണും അയാള്‍ വാങ്ങി കൊടുത്ത് കൊണ്ടേയിരുന്നു .ആര്‍ഭാട പ്രിയങ്കരിയായിരുന്നു സുഹാന. വിലപിടിപ്പുള്ള വസ്ത്രങ്ങളായിരുന്നു   അവള്‍ എപ്പോഴും ധരിച്ചിരുന്നത് .റയീസിന്‍റെയും സുഹാനയുടെയും സുഹൃത്ത് ബന്ധം അനുദിനം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു .ജോലി കഴിഞ്ഞു പോകുമ്പോള്‍ മറ്റു രണ്ടു സ്ത്രീകളെയും അവരുടെ വാസസ്ഥലത്ത് ഇറക്കിയതിനു  ശേഷം റയീസും സുഹാനയും വഴിയരികിലെ ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുവാനും സ്വകാര്യ വിശേഷങ്ങള്‍ പങ്കുവയ്ക്കുവാനും സമയം കണ്ടെത്തി .

ഒരിക്കല്‍  സുഹാന വാഹനത്തില്‍ നിന്നും ഇറങ്ങി  ഫ്ലാറ്റിലേക്ക് പോകുമ്പോള്‍ റയീസ് ചോദിച്ചു ?


,, എത്ര നാളായി ഇയാളെ ഞാന്‍ ഇവിടെ കൊണ്ടു വിടുന്നു .ഒരിക്കല്‍ പോലും എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല .,,

,, ഞങ്ങള്‍ തനിച്ചല്ലല്ലോ ഇവിടെ താമസിക്കുന്നത് അടുത്തു തന്നെ ഞങ്ങള്‍ക്ക് താമസം മാറേണ്ടി വരും. അപ്പോള്‍ ഞാന്‍ റയീസ് ഇക്കയെ വീട്ടിലേക്ക് ക്ഷണിക്കാട്ടോ ,,

റയീസ് പുഞ്ചിരിച്ചു കൊണ്ട്  ,, ഞാന്‍ ചുമ്മാ പറഞ്ഞതാ ,, എന്ന് പറഞ്ഞ്  വാസസ്ഥലം ലക്ഷ്യമാക്കി  വാഹനം  തിരിച്ചു .

   സുഹാനയും ഭര്‍ത്താവും സുഹാനയുടെ അടുത്ത ബന്ധുവിന്‍റെയും കുടുംബത്തിന്‍റെയും കൂടെ ഫ്ലാറ്റില്‍ മുറികള്‍ പങ്കു വെച്ചായിരുന്നു താമസിച്ചിരുന്നത് .ബന്ധുവിന് വേറൊരു അറബ് രാജ്യത്ത് ഇപ്പോഴുള്ളതിനെക്കാളും നല്ല ജോലി ലഭിച്ചത് മൂലം അവര്‍  ഷാര്‍ജ വിട്ടു പോകുകയാണ് എന്നറിഞ്ഞത് മുതല്‍ സുഹാന അസ്വസ്ഥയായി .കാരണം സുഹാനയുടെയും ഭര്‍ത്താവിന്‍റെയും മുഴുവന്‍ വേതനം നല്‍കിയാലും അവര്‍ക്ക് തനിച്ച് ആ ഫ്ലാറ്റില്‍ താമസിക്കുവാന്‍ കഴിയില്ലായിരുന്നു .

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സുഹാനയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ റയീസ് ചോദിച്ചു ?


,, ഇന്ന് എന്താ ഇത്ര സന്തോഷം രണ്ടു ദിവസമായി മുഖത്ത് അല്‍പം പോലും സന്തോഷം കാണുവാന്‍ ഇല്ലായിരുന്നു .,,

,,സന്തോഷിക്കുവാന്‍ വകയുണ്ട് റയീസിക്കാ  താമസിക്കുവാന്‍ ഒരു ചെറിയ വീട് ശെരിയായിട്ടുണ്ട് .ഒരു ബെഡ് റൂമും ഒരു കിച്ചനും ഒരു ബാത്ത് റൂമും ഒരു ഹാളും അടങ്ങിയ ഒരു കൊച്ചു വീട്. ഞങ്ങള്‍ രണ്ടു പേര്‍ക്ക്  അത് മതി .ഇപ്പോള്‍ താമസിക്കുന്നതിന് ആയിരത്തി അഞ്ഞൂറ് ദിര്‍ഹമാണ് ഞങ്ങള്‍ കൊടുത്തിരുന്നത് .ഇനി താമസിക്കുവാന്‍ പോകുന്ന വീടിന് ഇരുന്നൂറു ദര്‍ഹം കൂടുതല്‍ കൊടുക്കേണം. അത് സാരല്ല്യാ    ഇത്ര കുറഞ്ഞ തുകയ്ക്ക് ഒരു വീട് ഒത്തു കിട്ടിയല്ലോ . രണ്ടു ദിവസായിട്ട് ഇനി എവിടെ താമസിക്കും എന്ന  ആധികൊണ്ട് ഉറങ്ങിയിട്ടില്ല ഞാന്‍ ,,

,, പുതിയ വീട് പാര്‍ക്കലിന് നല്ലൊരു പാര്‍ട്ടി പ്രതീക്ഷിക്കാമല്ലോ ,,

അവള്‍ മറുപടി പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തുകൊണ്ട്  ചെയ്തിരുന്ന ജോലിയില്‍ ശ്രദ്ധാലുവായി .

അടുത്ത ദിവസ്സം പുതിയ വീട് കാണുവാനായി സുഹാന റയീസിനെ ക്ഷണിച്ചു സന്തോഷ പൂര്‍വ്വം റയീസ് ആ ക്ഷണം സ്വീകരിച്ചു .ഒരു വില്ലയുടെ മതില്‍കെട്ടിനടുത്തായി  ഓരം ചേര്‍ന്നായിരുന്നു വീട് .മേല്‍കുര ഷീറ്റ് മേഞ്ഞ നിലയിലായിരുന്നു .ഒരു വലിയ മുറിയില്‍ വേര്‍തിരിച്ചെടുത്ത നിലയിലായിരുന്നു  അടുക്കളയും ബാത്ത് റൂമും .സുഹാന റയീസിനോട് ഇരിക്കുവാന്‍ പറഞ്ഞ് വാതിലുകള്‍ ചാരി റയീസ് ഇരുന്നിരുന്നതിന്‍റെ തൊട്ടടുത്ത   കസേരയില്‍ വന്നിരുന്നു.അവളുടെ സ്പ്രേയുടെ മണം അയാളില്‍ ഒരു പുതിയ അനുഭൂതി ഉളവാക്കി  റയീസിന്  
അപ്പോള്‍  എന്തോ വല്ലായ്ക തോന്നി  ഹൃദയമിടിപ്പിന്‍റെ വേഗത കൂടിയത് പോലെ അനുഭവപെട്ടു .അല്‍പ നേരം കഴിഞ്ഞപ്പോള്‍ ,, ഇനി നമുക്ക് പോകാം ,,എന്ന്  പറഞ്ഞ് റയീസ് വാഹനത്തിനരികിലേക്ക് നടന്നു ഒപ്പം സുഹാനയും .

    ഏതാനും ദിവസങ്ങള്‍ക്കകം സുഹാനയും ഭര്‍ത്താവും പുതിയ വാസസ്ഥലത്തേക്ക് താമസം മാറി .സുഹാനയുടെ ഭര്‍ത്താവിന് ഉച്ചയ്ക്ക് ഒരുമണി മണി മുതല്‍ രാത്രീ ഒന്‍പതു മണി വരെയായിരുന്നു ജോലി .സുഹാനയ്ക്ക് രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരേയും സുഹാന രാവിലെ ജോലിക്ക് പോരുമ്പോള്‍ ഭര്‍ത്താവ് നല്ല ഉറക്കത്തിലായിരിക്കും .അയാള്‍ ജോലി  കഴിഞ്ഞ് രാത്രീ പത്തുമണിയോടടുത്താണ് സുഹാനയുടെ അരികിലെത്തുന്നത് .അവര്‍ക്ക് സ്വന്തമായി വാഹനം ഇല്ലാത്തത് കൊണ്ട് റയീസ് സുഹാനയോട് പറഞ്ഞു .


,, നിങ്ങള്‍ക്ക് ഷോപ്പിങ്ങിനും മറ്റും പോകണം എന്നുണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി ഞാന്‍ വരാം ,,

,, അത് റയീസ്ക്കയ്ക്ക് ബുദ്ധി മുട്ടാകില്ലെ. ഞങ്ങള്‍ ഇതുവരെ ടാക്സിയിലാണ് യാത്ര പോകാറ് പതിവ്. ഇനിയും അങ്ങിനെ തന്നെ പൊയ്ക്കോളാം ,,

,, എനിക്ക് ഇപ്പോള്‍ സുഹാന എന്‍റെ ഏറ്റവും പ്രിയപെട്ടവരില്‍  ആരോ ആണ് എനിക്ക് സന്തോഷമേയുള്ളൂ നിങ്ങളുടെ കൂടെ വരാന്‍ ,,

,, എന്നാല്‍ അടുത്ത ബുധനാഴ്ച   രാത്രി ഒന്‍പതു മണിക്ക്  ബസ്സ് സ്റ്റാണ്ടില്‍  എന്‍റെ ഉപ്പ വരും. ഉപ്പയെ കൂട്ടി കൊണ്ടു വരുവാന്‍ നമുക്ക് പോകാം ,,

അപ്പോഴാണ്‌ സുഹാനയുടെ ഉപ്പ ഷാര്‍ജയില്‍ നിന്നും ഏറെ  ദൂരെയുള്ള ഏതോ സ്ഥലത്ത്  ജോലി നോക്കുന്ന വിവരം റയീസ് അറിയുന്നത് .

അന്ന് ബുധനാഴ്ച സുഹാനയെ വീട്ടില്‍ ഇറക്കിയതിന് ശേഷം തിരികെ പോരാന്‍ നേരം സുഹാന പറഞ്ഞു .


,, ഇന്നാണ് ഉപ്പ വരുന്നത്. എട്ടരയോടെ റയീസ് ഇക്ക  ഇവിടെ എത്തണം അപ്പോള്‍ ഒന്‍പതുമണിയോടെ നമുക്ക് ബസ്സ്‌ സ്റ്റാന്‍ഡണ്ടില്‍ എത്താം റയീസ് ഇക്ക  വരില്ലേ ...,,

,, പിന്നല്ലാതെ ഞാന്‍ എട്ടു മണിയോടെ തന്നെ ഇവിടെ എത്താം പോരേ ...,,

അന്ന് അയാള്‍ അവള്‍ പറഞ്ഞ സമയത്തിനു മുന്‍പ് തന്നെ അവളുടെ വീട്ടില്‍ എത്തി. രണ്ടു പേരും ഉപ്പയെ കൂട്ടി കൊണ്ട് വരുവാന്‍ ബസ്സ്‌ സ്റ്റാണ്ടിലേക്കു യാത്രയായി. വാഹനത്തിനുള്ളില്‍ അവളുടെ സ്പ്രേയുടെ മണം തിങ്ങിനിറഞ്ഞു നിന്നു. ആ മണം റയീസില്‍ ഒരു മാസ്മരിക  അനുഭൂതി  ഉളവാക്കി .അരുതാത്ത ചിന്തകളിലേക്ക് പോകുന്ന അയാളുടെ മനസ്സിനെ അയാള്‍  കൂച്ചുവിലങ്ങിട്ടു ബന്ധിപ്പിച്ചു . ബസ്സില്‍ നിന്നും ഇറങ്ങി വന്ന ഉപ്പയോട്‌ റയീസിനെ സുഹാന പരിജയപെടുത്തി .ശരീരം  വെളുത്ത്  നിറയെ  തലമുടിയും  കട്ടമീശയും ഉള്ള സുഹാനയുടെ ഉപ്പയെ കാണുവാന്‍ നല്ല ഭംഗിയായിരുന്നു .തല മുടിയും മീശയും  കറുപ്പിച്ചതാകും എന്ന് റയീസ് ഊഹിച്ചു.ഉപ്പ  റയീസിനെ കണ്ട മാത്രയില്‍ അയാളുടെ കൈത്തലം നുകര്‍ന്ന്‍     പറഞ്ഞു .


,, റയീസിനെ കുറിച്ച് മോള് ഫോണ്‍ വിളിക്കുമ്പോള്‍ ധാരാളം പറയാറുണ്ട്‌ ,,


സുഹാനയുടെ ഉപ്പയുമായുള്ള റയീസിന്‍റെ കൂടി കാഴ്ച ഒരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കാലായിരുന്നു .പൊതു അവധി  വെള്ളിയാഴ്ച ആണെങ്കിലും ഉപ്പയ്ക്ക് അവധി വ്യാഴാഴ്ചയാണ് .എല്ലാ ബുധനാഴ്‌ചയും ജോലി കഴിഞ്ഞ് മകളുടെ അരികിലെത്തുന്ന ഉപ്പ വ്യാഴാഴ്ച രാത്രീ മടങ്ങി പോകുവാറാണ്  പതിവ് .വ്യാഴാഴ്ച സുഹാനയ്ക്ക് ജോലിയുള്ളത് കൊണ്ട്  സുഹാനയുടെ ഭര്‍ത്താവ് ജോലിക്ക് പോയാല്‍ പിന്നെ ഉപ്പ തനിച്ചാണ് വീട്ടില്‍ .
അദ്ദേഹത്തിന് നന്നായി ഭക്ഷണം  പാചകം ചെയ്യുവാന്‍ അറിയാമായിരുന്നു .
ഇടയ്ക്കൊക്കെ നല്ല വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കുവാന്‍ റയീസിനെ സുഹാനയുടെ വീട്ടിലേക്ക് ക്ഷണിക്കും .ഭക്ഷണം കഴിക്കുവാനായി പോകുന്ന റയീസ് എത്ര ജോലി തിരക്കുണ്ടായാലും ഉപ്പയുടെ കൂടെ ഒരു മണിക്കൂറില്‍ കൂടുതല്‍ സംസാരിച്ചിരുന്നതിനു ശേഷമേ  തിരികെ പോരുകയുള്ളു .പിന്നീട് സുഹാനയുമൊത്ത്  ബസ്സ്‌ സ്റ്റാണ്ടില്‍ നിന്നും  ഉപ്പയെ കൂട്ടി കൊണ്ടുവരുന്നതും തിരികെ കൊണ്ടാക്കുന്നതും റയീസില്‍ നിക്ഷിപ്തമായി .

ചില വെള്ളിയാഴ്ചകളില്‍ സുഹാനയും  ഭര്‍ത്താവുമൊത്ത് റയീസ് ഷോപ്പിങ്ങിന് പോകുമായിരുന്നു .ഷോപ്പിംഗ്‌ മാളില്‍ സുഹാനയോടുള്ള ഭര്‍ത്താവിന്‍റെ പെരുമാറ്റം  റയീസിനെ  അമ്പരപ്പിച്ചു. സുഹാന ഭര്‍ത്താവിന്‍റെ കരംപിടിച്ചു  നടക്കുവാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്ക്‌ അത് ഇഷ്ടമില്ലാത്തത് പോലെ  സുഹാനയുടെ കരങ്ങള്‍ തട്ടിമാറ്റി    തനിയെ നടക്കുവാന്‍  
ശ്രമിക്കുന്നു .
റയീസിന് അപ്പോള്‍ ഒരു കാര്യം മനസ്സിലായി സുഹാന സുഹാനയ്ക്ക് ഭര്‍ത്താവിനെ ഇഷ്ടമില്ലാ എന്ന് പറഞ്ഞത് നുണയാകാനെ സാധ്യതയുള്ളൂ .
ഭര്‍ത്താവിന് സുഹാനയെയാണ് ഇഷ്ടമില്ലാത്തത് എന്ന് അയാളുടെ സുഹാനയോടുള്ള പെരുമാറ്റരീതികള്‍ കണ്ടപ്പോള്‍ റയീസിനു  തോന്നിപിച്ചു   .
തിരികെ പോരുമ്പോള്‍ വാഹനത്തില്‍ ഇരുന്ന് രണ്ടു പേരും വഴക്കടിക്കുന്നുണ്ടായിരുന്നു .ഇടയ്ക്കൊക്കെ സുഹാനയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങലും  റയീസിന് കേള്‍ക്കാമായിരുന്നു .പലപ്പോഴും ഷോപ്പിങ്ങിനും മറ്റും സുഹാനയും റയീസും തനിച്ചായിരുന്നു പോകുന്നത് ഭര്‍ത്താവിനോട് അവരുടെ കൂടെ പോരുവാന്‍ പറഞ്ഞാല്‍  ഭര്‍ത്താവ് പറയും.

 ,, നിങ്ങള്‍ പോയിട്ടു വരൂ എനിക്ക് നല്ല സുഖമില്ല ,,

 ഒരു ദിവസം  വാഹനത്തില്‍ കയറിയപ്പോള്‍  സുഹാന റയീസിനോട് പറഞ്ഞു

 ,, ചുമ്മാ കള്ളം പറയുന്നതാ സുഖമില്ലാ എന്ന്. സിനിമ കാണുന്നതാ അങ്ങേരുടെ പ്രധാന വിനോദം  രാത്രി പത്തുമണി കഴിഞ്ഞു വീട്ടില്‍ വന്നാല്‍ നേരെ കമ്പ്യൂട്ടറിന് മുന്‍പില്‍ ഒരേയൊരു ഇരുപ്പാണ്. ഒരു സിനിമ മുഴുവനായി കണ്ടതിനു ശേഷമേ കുളിക്കുക പോലും ചെയ്യുകയുള്ളൂ ,അപ്പോഴേക്കും ഒരുപാട് സികരറ്റും വലിച്ചു തീര്‍ക്കും .ഞാന്‍ നേരത്തെ കിടന്നുറങ്ങുകയും ചെയ്യും അങ്ങേര്‍ക്ക് ഉച്ചയ്ക്കുശേഷം ജോലിക്ക് പോയാല്‍ മതിയല്ലോ .എനിക്ക് ഇങ്ങിനെ ജീവിക്കണം എന്ന് തന്നെ ഇല്ലാണ്ടായിരിക്കുന്നു ,,

റയീസിന് ഒരു ദിവസ്സം പോലും സുഹാനയെ നേരില്‍ കാണാതെയിരിക്കുവാന്‍ കഴിയാതെയായി . മൊബൈല്‍ഫോണില്‍ നിരന്തരം അയാള്‍ അവളുമായി ബന്ധപെട്ടു കൊണ്ടിരുന്നു .പലപ്പോഴും റയീസ് സുഹാനയെ ഉപദേശിച്ചു .


 ,,ഭര്‍ത്താവുമൊത്ത്   പിണങ്ങാതെ ജീവിക്കുവാന്‍ ശ്രമിക്കു .ജീവിതം ആസ്വദിക്കാനുള്ളതാണ്‌ .അല്ലാതെ വഴക്കിട്ടു ജീവിച്ചു തീര്‍ക്കുവാനുള്ളതല്ല ,,
അപ്പോഴൊക്കെ അവള്‍ക്ക് ഒരേയൊരു മറുപടിയെ ഉണ്ടായിരുന്നുള്ളു .

,, എനിക്കയാളെ ഇഷ്ടമില്ല റയീസ്ഇക്ക ഈ കാര്യം എപ്പോഴും ഇങ്ങിനെ  എന്നോട് പറഞ്ഞു കൊണ്ടിരിക്കേണ്ട ,,

ഒരിക്കല്‍ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍  സുഹാനയുടെ തമാശകള്‍ കേട്ട് റയീസ് സുഹാനയുടെ കയ്യിലൊന്നു നുള്ളി. അപ്പോള്‍ സുഹാന പ്രതികരിച്ചുകൊണ്ട് പറഞ്ഞു .


,, എന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് എനിക്ക് ഇഷ്ടമില്ല. റയീസ് ഇക്ക മറ്റുള്ള പുരുഷന്മാരുടെ പോലെയാവരുത് .ഞാന്‍ അടുത്തിഴപഴുകിയവരില്‍ നിന്നും ഇതുപോലെയുള്ള അനുഭവം വേണ്ടുവോളം ഉണ്ടായിട്ടുണ്ട് .
അതുകൊണ്ടുതന്നെ ഞാന്‍ ആരുമായും അടുക്കാറില്ല .റയീസ് ഇക്കയില്‍ നിന്നും അരുതാത്തത് ഒന്നും തന്നെ ഉണ്ടാകരുത്  ,,

,, സുഹന എന്നോട് ക്ഷമിക്കു ,അറിയാതെ പറ്റിപോയതാണ് . ഇനി ഇത് ആവര്‍ത്തിക്കില്ല .എനിക്ക് തന്നെ ഒരുപാട്  ഇഷ്ടമാണ്  തന്നോട് സംസാരിച്ചിരിക്കുവാനും തന്‍റെ കൂടെ യാത്ര ചെയ്യുവാനും ഒക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ തന്‍റെ ശരീരം മോഹിച്ചു ഞാന്‍ തന്നെ ഇഷ്ടപെട്ടിട്ടില്ല . ഏതു പാതിരാത്രിയിലും തനിക്ക് എന്‍റെ കൂടെ യാത്ര ചെയ്യാം  എന്നെ വിശ്വസിക്കൂ സുഹാന ,,

,,എനിക്ക് നിങ്ങളെ വിശ്വാസമാണ് അത് കൊണ്ടല്ലെ നിങ്ങളുടെ കൂടെ സമയം നോക്കാതെ   ഞാന്‍  പോരുന്നത് .ഇന്ന് നിങ്ങള്‍ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ഞാന്‍ വല്ലാതെയായി .പിന്നെ ചിലനേരത്ത് നിങ്ങളുടെ നോട്ടം കാണുമ്പോള്‍ എനിക്ക് പേടിയാകുന്നു .,,

,, എന്‍റെ നോട്ടം തന്നെ പേടിപെടുത്തുന്നുവോ.എന്തിനാടോ എന്നെ പേടിക്കുന്നേ ഞാനൊരു പാവമല്ലെ  ,,
അയാള്‍ ആര്‍ത്തട്ടഹസിച്ചു .
അവരുടെ സുഹൃത്ത് ബന്ധം നാള്‍ക്കുനാള്‍  പൂര്‍വാധികം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു .

ഒരു ദിവസം റയീസ് ഓഫീസിലേക്ക് കയറി ചെല്ലുമ്പോള്‍ മേശയില്‍ തല ചായ്ച്ചു  കൊണ്ട്  സുഹാന  കരയുന്നത്   കാണുവാന്‍ ഇടയായി അയാള്‍ അവളുടെ അരികില്‍ പോയി ചോദിച്ചു ?


,, എന്താ  എന്താ ഉണ്ടായെ എന്തിനാ കരയുന്നേ ,,

,, എനിക്ക്  വയറുവേദനിക്കുന്നു സഹിക്കുവാന്‍ കഴിയുന്നില്ല ,,
,, ആശുപത്രിയില്‍ പോകണോ ,,
,, വേണ്ട എനിക്ക് വീട്ടില്‍ പോയാല്‍ മതി ,,
റയീസ് മാനേജറോട് കാര്യം പറഞ്ഞ് സുഹാനയുമായി വീട്ടിലേക്ക് യാത്ര തിരിച്ചു .യാത്രയ്ക്കിടയില്‍ അയാള്‍ സുഹനയോട് ചോദിച്ചു ?

,, എന്തായിപ്പോ ഇങ്ങനെയൊരു വയറു വേദന വിശേഷം ഉണ്ടായാല്‍ ചിലര്‍ക്കൊക്കെ വയറു വേദന ഉണ്ടാവാറുണ്ട് അങ്ങിനെയെന്തെങ്കിലും ,,


അവള്‍ മൌനിയായിരുന്നു .നിരന്തരമായി അയാള്‍  ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ തല താഴ്ത്തി നാണത്തോടെ മൊഴിഞ്ഞു  .

,, എനിക്ക് മാസമുറ നാലോ അഞ്ചോ മാസം കൂടുമ്പോഴാണ് വരുന്നത് അതിന്‍റെയാണ് ഈ വേദന  അല്ലാതെ റയീസ് ഇക്ക നിനയ്ക്കുന്ന പോലെ  വിശേഷം ഉണ്ടായതൊന്നുമല്ല .  ,,

,, എടോ ആര്‍ത്തവം ക്രമം അല്ലാ എങ്കില്‍ തനിക്ക്  കുഞ്ഞുങ്ങള്‍ ഉണ്ടാകുകയില്ല താന്‍ എന്തേ ഈ കാലം വരെ ചികിത്സിക്കാതെയിരുന്നത് . നമുക്ക് ഡോക്ടറുടെ അടുത്തേക്ക്‌ പോകാം. തന്‍റെ ഭര്‍ത്താവിനോട് അവധിയെടുത്ത് വരുവാന്‍ പറയു  ഞാന്‍ ജോലി കഴിഞ്ഞു വരാം ,,

അല്‍പനേരം അവള്‍  വിദൂരതയിലേക്ക് നോക്കിയിരുന്നു .
അപ്പോള്‍   സൂര്യാസ്തമയത്തിന്‍റെ നേരമായത് കൊണ്ട്  പ്രപഞ്ചത്തില്‍ ഇരുട്ട്  വീഴുവാന്‍ തുടങ്ങിയിരുന്നു  .കാര്‍മേഖങ്ങള്‍ക്കിടയില്‍ പടിഞ്ഞാറു നിന്നു മാത്രം വിദൂരതയിലേക്ക്  മറഞ്ഞുകൊണ്ടിരിക്കുന്ന  സ്വര്‍ണ  വര്‍ണ്ണത്താലെയുള്ള     സൂര്യപ്രകാശം കാണാം .അപ്പോള്‍   അവളുടെ കണ്ണുകള്‍ നിറയുന്നത് റയീസ് കണ്ടു  അവള്‍ കരഞ്ഞു കൊണ്ടു പറഞ്ഞു .

,, എന്തിനാ എന്നെക്കുറിച്ച് ഇത്രയും വേവലാതി പെടുന്നത് ,എന്തിനാ    എന്‍റെ കാര്യങ്ങള്‍ നോക്കുവാന്‍ വരുന്നത് ,എന്തിനാ എന്‍റെ ഭര്‍ത്താവിനില്ലാത്ത സ്നേഹം എന്നോട് കാണിക്കുന്നത്. ,,


അവള്‍ കരഞ്ഞു കൊണ്ടേയിരുന്നു .അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ തുടര്‍ന്നു .


,, എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് തന്നെ ഇഷ്ട പെടുന്നതിനെക്കാളും ഞാന്‍ തന്‍റെ ഉപ്പയെ ഇഷ്ടപെടുന്നു .ഉപ്പയുടെ സ്നേഹം ലഭിക്കാത്ത എനിക്ക് തന്‍റെ ഉപ്പ ഒരുപാട് സ്നേഹം തരുന്നു. തന്‍റെ ഉപ്പ എന്നെ മോനേ എന്നാണ് വിളിക്കുന്നത്‌ ആ ഉപ്പയുടെ മകളെ നോക്കുവാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട് എന്നു കരുതിയാല്‍ മാത്രം മതി .സുഹൃത്തിന് ആപത്തു വരുമ്പോള്‍ കൂടെ നില്‍ക്കുന്നവനല്ലേ  ആത്മാര്‍ത്ഥ  സുഹൃത്ത്  ,,


,, ഡോക്ടറുടെ അരികില്‍ പോകുവാന്‍ നയാ പൈസയില്ല എന്‍റെ കയ്യില്‍ ,,

,, തന്‍റെ ഭര്‍ത്താവിന്‍റെ കൈവശം ഉണ്ടാകും ,,

,, ഭര്‍ത്താവിന് ലഭിക്കുന്ന ശമ്പളം ഉടനെതന്നെ അങ്ങേരുടെ വീട്ടിലേക്ക് അയച്ചു കൊടുക്കും .എനിക്ക് ലഭിക്കുന്ന ശമ്പളം കൊണ്ടാണ് കഷ്ടിച്ച് വീടിന്‍റെ വാടകയും മറ്റു ചിലവുകളും നിര്‍വഹിക്കുന്നത് ,,

,, താന്‍ വിഷമിക്കേണ്ട വീട്ടിലേക്ക് അയക്കുവാന്‍ കരുതിയ പണം എന്‍റെ പക്കലുണ്ട്തനിക്ക്  ശമ്പളം ലഭിക്കുമ്പോള്‍ എനിക്ക്  തന്നാല്‍ മതി ,,

അവള്‍ ഒന്നും ഉരിയാടാതെ മൌനിയായിരുന്നു .വീടിനരികില്‍ എത്തിയപ്പോള്‍ ഒരു കൈത്തലം വയറില്‍ അമര്‍ത്തി പിടിച്ചുകൊണ്ട് വാഹനത്തില്‍ നിന്നും സുഹാന ഇറങ്ങി പോയി .


റയീസ് റൂമിലെത്തി കുറേ കഴിഞ്ഞപ്പോള്‍ സുഹാനയുടെ കാള്‍ റയീസിനെ തേടിയെത്തി. അങ്ങേത്തലയ്ക്കല്‍ സുഹാനയുടെ വേദന സഹിക്കുവാന്‍ പറ്റാതെയുള്ള അടക്കിപ്പിടിച്ച സംസാരം .


,, റയീസ് ഇക്ക ഇവിടെവരെ വരാമോ. എനിക്ക് വയറു വേദന സഹിക്കുവാന്‍ കഴിയുന്നില്ല. ഡോക്ടറുടെ അരികില്‍ പോകണം .എന്‍റെ ഭര്‍ത്താവിന് അവധി കിട്ടില്ലത്രെ റയീസ് ഇക്കയുടെ കൂടെ എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു .,,


,, ഞാന്‍ വരാം ഇപ്പോള്‍ തന്നെ വാരാം .താന്‍ വിഷമിക്കാതെയിരിക്കു ,,

റയീസ് സുഹാനയെ ഗൈനക്കോളജിസ്സ്റ്റായ ഡോക്ടറുടെ  അരികില്‍ കൊണ്ടു പോയി .ഡോക്ടര്‍  മരുന്നുകള്‍ കുറിച്ചു നല്‍കുന്നതിനോടൊപ്പം സ്കാന്‍ ചെയ്യുവാനും ഒപ്പം  രക്തം പരിശോധിക്കുവാനും കുറിച്ചു നല്‍കി .

സ്കാനിങ്ങും രക്തം പരിശോദനയും അവിടെ സൗകര്യം ഉണ്ടായിരുന്നില്ല .
കുറേ ദൂരയുള്ള ക്ലിനിക്കില്‍ പോയി സ്കാനിങ്ങും രക്ത പരിശോദനയും നിര്‍വഹിച്ചു .അടുത്ത ദിവസമേ റിസള്‍ട്ട് ലഭിക്കുകയുള്ളു എന്നറിഞ്ഞപ്പോള്‍ റയീസ് സുഹാനയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി .അടുത്ത ദിവസം സുഹാന ഓഫീസില്‍ വന്നില്ല .വൈകീട്ട് റയീസ് തന്‍റെ ജോലികളെല്ലാം തീര്‍ത്ത്‌ റിസള്‍ട്ടുകള്‍ വാങ്ങി സുഹാനയെ ഡോക്ടറുടെ അരികിലേക്ക്  വീണ്ടും കൊണ്ടു പോയി .ഓഫീസില്‍ റയീസും സുഹാനയും തമ്മില്‍ വഴിവിട്ട ബന്ധമാണെന്ന് കിംവദന്തി ഇതിനകം പരന്നിരുന്നു .കിംവദന്തി പ്രചരിപ്പിച്ച ആള്‍ സുഹാനയുടെ നാട്ടുകാരനായിരുന്നു .അയാളുടെ ശുപാര്‍ശയിലാണ് സുഹാനയ്ക്ക് സ്ഥാപനത്തില്‍ ജോലി ലഭിച്ചത് .റയീസുമായി  സുഹാന അടുക്കുന്നതിനു മുന്‍പ് വരെ സുഹാന അയാളുമായി നല്ല സൌഹൃദമായിരുന്നു .മുന്‍പ് അയാളേയും സുഹാനയേയും ചേര്‍ത്ത് ചില അബസ്വരങ്ങള്‍ ഓഫീസില്‍ നില നിന്നിരുന്നു .

ഒരു യാത്രയില്‍ റയീസ് സുഹാനയോട് ചോദിച്ചു ?


,, ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയാമോ ,,

,, അതെന്താ ഇങ്ങിനെ ചോദിക്കുന്നെ ഇതുവരെ ഞാന്‍ കള്ളമാണോ പറഞ്ഞിട്ടുള്ളത് ,,

,, തനിക്കെത്ര വയസായി ,,

,,എന്നെ  കണ്ടാല്‍ എത്ര തോന്നിപ്പിക്കും ,,

,, ഒരു ഇരുപത്തി നാല് ,,

അവള്‍ ചിരിച്ചുകൊണ്ട് ഒന്നു മൂളുക മാത്രം ചെയ്തു
പിന്നീട് സുഹാനയുടെ  പാസ്പോര്‍ട്ട് കോപ്പി കാണുവാന്‍ ഇടയായ റയീസ് അവളുടെ യദാര്‍ത്ഥ വയസ്സറിഞ്ഞു അമ്പരന്നുപോയി. സുഹാനയ്ക്ക് മുപ്പത്തൊന്നു വയസ്സ് കഴിഞ്ഞിരിക്കുന്നു .
അയാള്‍ ഓര്‍ത്തു സുഹാനയുടെ ഭര്‍ത്താവിനെ കണ്ടാല്‍ ഏതാണ്ട് ഒരു ഇരുപത്താറു വയസ്സേ തോന്നിപ്പിക്കുകയുള്ളൂ .

ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറി കൊടുത്തു .ഒരു ദിവസ്സം സുഹാന റയീസിനോട്  പറഞ്ഞു .


,, ഉപ്പയ്ക്ക് വയസ്സ് അധികമായി എന്ന് പറഞ്ഞ് കമ്പനി വിസ പുതുക്കി നല്‍കിയില്ല .ഉപ്പ അടുത്ത ആഴ്ചയില്‍ ജോലിയില്‍ നിന്നും വിരമിക്കും .ഉടനെ തന്നെ നാട്ടിലേക്ക് പോകുകയും ചെയ്യും .,,


അവള്‍ കരയുന്നുണ്ടായിരുന്നു അപ്പോള്‍

 ഒരു ദിവസ്സം  ഒരുപാട് ദൂരെയുള്ള  ഉപ്പയുടെ താമസസ്ഥലത്തു നിന്നും അദ്ദേഹത്തിന്‍റെ സാദനങ്ങള്‍ എടുക്കുവാന്‍ സുഹാനയുടെ കൂടെ റയീസ്  പോയി ഒപ്പം സുഹാനയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു .തിരികെ ഉപ്പയും സുഹാനയുടെ  വീട്ടിലേക്കു പോന്നു .വീട്ടിലെത്തുമ്പോള്‍   പുലര്‍ച്ചെ  രണ്ടുമണി കഴിഞ്ഞിരുന്നു .    ഉപ്പ നാട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഒരാഴ്ച സുഹാനയുടെ അരികില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഉപ്പയ്ക്ക് നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള സാദനങ്ങള്‍ വാങ്ങുവാനം മറ്റും റയീസ് അദ്ദേഹത്തെ  സഹായിച്ചു .  ഉപ്പ നാട്ടിലേക്ക് പോകുന്ന അന്ന് സുഹാന ഓഫീസില്‍ വന്നിരുന്നു .രാവിലെ റയീസിനെ കണ്ടപ്പോള്‍ സുഹാന പറഞ്ഞു .

,, ഇന്ന്  രാത്രി ഒന്‍പതു മണിക്ക് ഉപ്പ യാത്ര തിരിക്കും .
ഞാന്‍ ഉച്ചയ്ക്കുശേഷം അവധിയെടുക്കും. റയീസ് ഇക്കാട് ഉപ്പ വീട്ടിലേക്ക് ചെല്ലുവാന്‍ പറഞ്ഞു ,,

,, എനിക്ക് ഇന്ന് കാര്യമായ ജോലിയൊന്നും ഇല്ല. ഞാന്‍ ഇപ്പോള്‍ തന്നെ ഉപ്പയുടെ അരികിലേക്ക് പോകാം ,,

റയീസ് നേരെ ഉപ്പയുടെ അരികില്‍ പോയി സാദനങ്ങള്‍ പാക്ക് ചെയ്യുവാനും മറ്റും സഹായിച്ചു .സന്തോഷകരമല്ലാത്ത  മകളുടെ ജീവിതത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്  ആധി  . ഇടയ്ക്ക് ഉപ്പ സുഹാനയുടെ ഭര്‍ത്താവിനെ പറ്റി റയീസിനോട്  പറഞ്ഞു .


,,ഞാന്‍ പോയാല്‍ എന്‍റെ മോളുടെ കാര്യം കഷ്ടമാകും .ഞാന്‍ ഇവിടെ ഉണ്ടായിട്ടു പോലും എന്‍റെ മോളെ അവന്‍ ഉപദ്രവിക്കും . എന്‍റെ മോള്‍ക്ക്‌ ഒട്ടും ചെരുന്നവനല്ല അവന്‍. ചേരിയില്‍ വളര്‍ന്നവനാ അവന്‍ . എപ്പോഴും എന്‍റെ മോളുമായി വഴക്കിടുവാനെ അവന് നേരമുള്ളൂ .കാ കാശിനു വകയില്ലാത്തവനാ അവന്‍. മോളുടെ വിവാഹ സമയം വാടക വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത് .ഉമ്മയും  വിവാഹ മോചിതയായ ഒരു പെങ്ങളുമാണ് അവനുള്ളത്  .ഇപ്പോള്‍ ഞാന്‍ വാങ്ങിച്ചു നല്‍കിയ ഫ്ലാറ്റിലാണ് ഉമ്മയും മകളും താമസിക്കുന്നത് .,,


റയീസ്  അപ്പോള്‍   ഓര്‍ത്തുപോയി. ചേരിയില്‍ വളര്‍ന്നവന് എന്തിനാണ് തന്‍റെ മകളെ അദ്ദേം വിവാഹംകഴിച്ചുകൊടുത്തിട്ടുണ്ടാവുക .അങ്ങിനെയാണെങ്കില്‍ സുഹാനയ്ക്ക് എന്തെങ്കിലും കാര്യമായ തകരാറ് ഉണ്ടാകുകയില്ലേ .തന്നോട് പറയുവാന്‍ പറ്റാത്ത എന്തോ രഹസ്യം സുഹാനയില്‍ നിക്ഷിപ്തമായിരിക്കും എന്ന് അയാള്‍ക്ക്‌ മനസ്സില്‍ തോന്നിപ്പിച്ചു  .


ഉപ്പ അന്ന്  മീന്‍ ബിരിയാണി ഉണ്ടാക്കി റയീസിനു നല്‍കി. ഭക്ഷണ ശേഷം റയീസ് സുഹാനയെ ഓഫീസില്‍ നിന്നും കൂട്ടി കൊണ്ടു വന്നു .സുഹാന വസ്ത്രം മാറി മെക്സി ധരിച്ചുവന്നു .തല മറയ്ക്കാത്ത സുഹാനയെ റയീസ് ആദ്യമായി കാണുകയായിരുന്നു .അവള്‍ക്ക് ഒന്നുകൂടി ഭംഗി അധികരിച്ചത് പോലെ റയീസിനു തോന്നി . കുറേ കഴിഞ്ഞപ്പോള്‍ ഉപ്പ ഉറങ്ങുവാനായി കിടപ്പ് മുറിയിലേക്ക് പോയി ഹാളില്‍ ഉപ്പയ്ക്ക്  ബാക്കി കൊണ്ടു പോകുവാന്‍  ഉണ്ടായിരുന്ന   സാദനങ്ങള്‍ സുഹാനയും റയീസും കൂടി പാക്ക് ചെയ്തു .

ജോലികള്‍ എല്ലാം തീര്‍ന്നപ്പോള്‍ റയീസ്  കസേരയില്‍ പോയിരുന്നു .സുഹാന അടുക്കളയില്‍ പോയി ഫ്രിഡ്ജില്‍ നിന്നും കുറേ പഴവര്‍‍ഗങ്ങളുമായി വന്ന് റയീസിന്  അരികില്‍ വന്നിരുന്നു .രണ്ടു പേര്‍ക്കും എന്തൊക്കയോ പറയണം എന്നുണ്ടായിരുന്നു .പക്ഷെ വാക്കുകള്‍ രണ്ടു പേര്‍ക്കും പുറത്തു വരുന്നുണ്ടായിരുന്നില്ല .ഒന്നും ഉരിയാടാതെ ഇടയ്ക്കൊക്കെ പരസ്പരം കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്‌ ഒരുപാട് നേരം അവര്‍ ആ ഇരുപ്പ് തുടര്‍ന്നു . ഉപ്പയെ എയര്‍പ്പോര്‍ട്ടില്‍ കൊണ്ടാക്കുവാന്‍ ഓഫീസില്‍ തന്നെയുള്ള സുഹാനയുടെ നാട്ടുകാരന്‍ വരും എന്നറിഞ്ഞപ്പോള്‍ അഞ്ചു മണിയോട് കൂടി റയീസ് തിരികെ പോരുവാന്‍ ഒരുങ്ങി . യാത്ര പറഞ്ഞിറങ്ങുവാന്‍ നേരം .  ഉപ്പ റയീസിനെ   കെട്ടി പിടിച്ചു കരഞ്ഞ്കൊണ്ട് പറഞ്ഞു .

,, ഇനി ഞാന്‍ എന്‍റെ  ശേഷിക്കുന്ന  ജീവിതത്തില്‍  മോനെ നേരില്‍ കാണുമോ എന്ന് എനിക്കറിയില്ല .മോനെ പോലെ ഒരാളെ ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല .മോന്‍ ഇവിടെ ഉള്ള ദൈര്യത്തിലാണ് ഞാന്‍ പോകുന്നത് . എന്‍റെ മോളെ ശ്രദ്ധിക്കണം ,,


,, ഞാന്‍ വിളിക്കും ഉപ്പാക്ക് ഞാന്‍ എപ്പോഴും വിളിക്കും ,,

അപ്പോള്‍ റയീസിന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു  .അവരുടെ സ്നേഹ പ്രകടനങ്ങള്‍ കണ്ടപ്പോള്‍   സുഹാനയുടെ മനസ്സിനെ നിയന്ത്രിക്കാന്‍ അവള്‍ക്കായില്ല . മുഖം പൊത്തി നിയന്ത്രണം വെടിഞ്ഞു സുഹാന പൊട്ടിക്കരഞ്ഞു  .

പിന്നീട് എപ്പോഴും റയീസ് നാട്ടിലേക്ക് ഉപ്പയ്ക്ക് വിളിക്കുമായിരുന്നു .

ആ ഇടയ്ക്ക് സുഹാനയുടെ നെറ്റ് കണക്ഷന്‍ ലഭിക്കുന്ന മൊബൈല്‍ഫോണ്‍ കേടായി പകരം ഭര്‍ത്താവിന്‍റെ രണ്ടു മൊബൈല്‍ഫോണില്‍ നിന്നും നെറ്റ് കണക്ഷന്‍ ലഭിക്കുന്ന ഒരു മൊബൈല്‍ഫോണ്‍ സുഹാന  തല്‍ക്കാലം ഉപയോഗിക്കുവാന്‍ വാങ്ങി . സുഹാന സമയം ലഭിക്കുമ്പോള്‍ എപ്പൊഴു ചാറ്റ് ചെയ്തു കൊണ്ടിരിക്കുമായിരുന്നു .ചാറ്റ് ചെയ്യലായിരുന്നു അവളുടെ പ്രാധാന വിനോദം ഒരിക്കല്‍ റയീസ് ചോദിക്കുകയും ചെയ്തു .

,, ആരുമായാണ് ഏതു സമയവും ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത് ,,


,, എന്‍റെ കൂട്ടുകാരിയുടെ കൂടെ അല്ലാതെ ഞാന്‍ ആരെയായി ചാറ്റ് ചെയ്യാന്‍ ,,

അന്ന് സുഹാനയെ കൊണ്ടാക്കുവാന്‍ പോയപ്പോള്‍ യാത്രക്കൊടുവില്‍ സുഹാനയില്‍ നിന്നും കേട്ട വാക്കുകള്‍ അയാളെ നടുക്കി. കൈവിരലിലെ മോതിരം റയീസിനെ കാണിച്ചുകൊടുത്തുകൊണ്ടവള്‍ പറഞ്ഞു .

,, ഇത് കണ്ടോ ഇത് ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്നയാള്‍ എന്‍റെ വിരലില്‍ അണിഞ്ഞു തന്നതാണ് ,,

,, ആ ആളെ എനിക്കറിയാം ഇയാളുടെ ഭര്‍ത്താവല്ലേ ,,

 ,, അല്ല ഞാന്‍ സ്നേഹിച്ചിരുന്നയാള്‍ ,,

,,  സ്നേഹിചിരുന്നയാളോ ... എന്താ ഇയാള് ഈ പറയുന്നേ ,,

,, ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നത് അയാളെയാണ് അയാളെ മാത്രം ,,

,, അയാള്‍ ഇപ്പോള്‍ വിവാഹിതനായിട്ടുണ്ടാവില്ലേ ,,

,,  ഇല്ല അദ്ദേഹം ഇപ്പോഴും അവിഹിതനായി ജീവിക്കുന്നു ,,

റയീസ് മനസ്സില്‍ ഓര്‍ത്തു .എന്തൊക്കയോ നിഗൂഢമായ ജീവിത രഹസ്യങ്ങള്‍ സുഹാനയില്‍ നിക്ഷിപ്തമാണ് .ഇപ്പോള്‍ സുഹാനയില്‍ നിന്നും കേട്ട വാക്കുകള്‍ അസത്യമാകണേ എന്ന് മനസ്സില്‍ അപ്പോള്‍ അയാള്‍   പ്രാര്‍ഥിച്ചു .  

ദിവസങ്ങള്‍ മാസങ്ങല്‍ക്കായി വഴി മാറി കൊടുത്തു കൊണ്ടേയിരുന്നു .


 . ഒരുനാള്‍ ഷോപ്പിങ്ങിനും മറ്റും സുഹാനയുമായി പോയ റയീസ് രാത്രി പതിനൊന്നു മണിക്കു ശേഷമാണ് സുഹാനയെ റയീസ് വീട്ടില്‍ ഇറക്കിയത് അന്നത്തെ യാത്ര റയീസിന് അതുവരെ ഇല്ലാത്ത അനുഭവമായിരുന്നു കാരണം അന്ന് സുഹാന റയീസുമായി കൂടുതല്‍  അടുപ്പം കാട്ടിയിരുന്നു .റൂമില്‍ തിരികെയെത്തിയപ്പോള്‍ സുഹാനയുടെ ഓര്‍മ്മകള്‍ അയാളില്‍ തങ്ങി നിന്നു .മൊബൈല്‍ഫോണ്‍ എടുത്ത് അയാള്‍ അവള്‍ക്ക് മിസ്സ്‌ യു എന്നൊരു സന്ദേശം അയച്ചു .അതിനുള്ള മറുപടിയും അയാള്‍ക്ക്‌ ലഭിച്ചു .കിടന്നു ഉറങ്ങുവാന്‍ നോക്കു നാളെ കാണാം .പതിവായി എല്ലാ വെള്ളിയാഴച്ചയും റയീസ് സുഹാനയ്ക്ക് ജുമാ നമസ്കാരം കഴിഞ്ഞാല്‍ വിശേഷങ്ങള്‍ അറിയാന്‍ വിളിക്കുന്ന പതിവുണ്ടായിരുന്നു .എവിടെയെങ്കിലും പോകുവാന്‍ ഉണ്ടോയെന്ന് തിരക്കല്‍ കൂടിയായിരുന്നു ആ വിളിയുടെ ഉദ്ദേശം .

അന്ന് ആ വെള്ളിയാഴ്ച  പതിവുപോലെ സുഹാനയ്ക്ക് റയീസ്  വിളിച്ചു .പക്ഷെ അന്ന്  സ്ത്രീയുടെ തനി സ്വഭാവം തിരിച്ചറിഞ്ഞ ദിവസ്സം. റയീസിന്‍റെ ജീവിതത്തില്‍ അന്നേവരെ അനുഭവിച്ചറിയാത്ത  അനുഭവത്തിന്‍റെ തുടക്കം കുറിച്ച നാള്‍ .സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ പെണ്‍ പീഡകനായി  മുദ്രകുത്താന്‍ ഹേതുവായ ദിവസത്തിന്‍റെ തുടക്കമായിരുന്നു ആ വെള്ളിയാഴ്ച


,, ഹലോ എന്താ വിശേഷം ഇന്ന് എന്താ പരിപാടി ,,


,, നിങ്ങള്‍ ഇനി മുതല്‍ എനിക്ക് വിളിക്കരുത്. നിങ്ങളുമായി ഇനി മുതല്‍ ഒരു ബന്ധവും അരുത് എന്നാണ് എന്‍റെ ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത് .ഇപ്പോള്‍ നിങ്ങളുമായി ഞാന്‍ സംസാരിച്ചു എന്ന് എന്‍റെ ഭര്‍ത്താവ് അറിഞ്ഞാല്‍ എന്നെ കൊന്നുകളയും അദ്ദേഹം ,,

മനസ്താപം തെല്ലുമില്ലാതെയുള്ള   സുഹാനയുടെ വാക്കുകള്‍ വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല റയീസിന്


,,അതിനു മാത്രം എന്തു തെറ്റാ ഞാന്‍ സുഹാനയോട് ചെയ്തത് എന്ന് കൂടി എനിക്ക് അറിയണം ,,

,, എനിക്ക് പുതിയ മൊബൈല്‍ഫോണ്‍ വാങ്ങിയപ്പോള്‍ എന്‍റെ ഭര്‍ത്താവിന്‍റെ മൊബൈല്‍ഫോണ്‍ ഞാന്‍ തിരികെ നല്‍കി .നിങ്ങള്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ അദ്ദേഹം കണ്ടു. കൂട്ടത്തില്‍ മിസ്സ്‌ യു എന്ന നിങ്ങളുടെ സന്ദേശം ആ സന്ദേശം അദ്ദേഹത്തിനു നമ്മുടെ ബന്ധത്തില്‍ സംശയം ഉളവാക്കിയിരിക്കുന്നു .നേരില്‍ പോലും നിങ്ങളോട് സംസാരിക്കുവാന്‍ പാടില്ലാ എന്നാണ് അദ്ദേഹത്തിന്‍റെ കല്‍പന   ,,

,, മിസ്സ്‌ യു എന്ന സന്ദേശം കാമുകിമാര്‍ക്ക് മാത്രം അയക്കുവാനുള്ളതാണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ,,

അവള്‍ മറുപടി ഉരിയാടാതെ  കാള്‍ കട്ടുചെയ്തു.


 അയാള്‍ പല തവണ അവള്‍ക്ക് വിളിച്ചു പക്ഷെ അവള്‍ കാള്‍ എടുത്തില്ല. അയാള്‍ നിരന്തരം വിളിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ മൊബൈല്‍ഫോണ്‍ സ്വീച്ചോഫ് ചെയ്തു .റയീസിന് അയാളുടെ സമനില തെറ്റുന്നത് പോലെ തോന്നി .

മനസ്സിലെ വിങ്ങല്‍ നിയന്ത്രിക്കാന്‍ അയാള്‍ നന്നെപാടുപെടുന്നുണ്ടായിരുന്നു .
സുഹാനയില്‍ നിന്നും ഇങ്ങിനെയൊരു പ്രതികരണം അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല .അടുത്ത ദിവസ്സം സുഹാന റയീസിന്‍റെ മുഖത്തേക്കു പോലും നോക്കുന്നുണ്ടായിരുന്നില്ല .സുഹാനയുടെ പ്രവര്‍ത്തികള്‍ അയാളെ വല്ലാതെ സങ്കടത്തിലാക്കി .സുഹാനയെ കൊണ്ടാക്കുവാന്‍ പോകുമ്പോള്‍ സുഹാനയെ ആയി സംസാരിക്കാം എന്ന് അയാള്‍ മനസ്സില്‍ കരുതി പക്ഷെ അയാളുടെ കണക്കുകൂട്ടല്‍ അവള്‍ തെറ്റിച്ചു .അന്ന് അവള്‍ അവളുടെ നാട്ടുകാരന്‍റെ വാഹനത്തിലാണ് വീട്ടിലേക്ക് പോയത് .അയാള്‍ ഓര്‍ത്തു സുഹാനയുടെ ഭര്‍ത്താവിന് തന്നെ സംശയിക്കാം പക്ഷെ സുഹാന സുഹാനയ്ക്ക് അറിയാമല്ലോ താന്‍ അരുതാത്ത തെറ്റുകള്‍ ഒന്നും തന്നെ അവളോട്‌ ചെയ്തിട്ടില്ലാ എന്ന് .പിന്നെ അവള്‍ എന്തിനു തന്നോട് ഇങ്ങിനെ പ്രതികരിക്കുന്നു .

പിന്നീടുള്ള ദിവസ്സങ്ങളില്‍ സുഹന നാട്ടുകാരന്‍റെ കൂടെയായി പോക്കുവരവ് .റയീസിന്‍റെ ചോദ്യങ്ങള്‍ക്ക് അവള്‍ ഉത്തരം നല്‍കിയില്ല .സുഹാനയുമായുള്ള നല്ല നാളുകളിലെ ഓര്‍മ്മകള്‍ അയാളിലേക്ക് എത്തുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയും .അയാള്‍ അവളുടെ മൊബൈല്‍ഫോണിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു .സന്ദേശങ്ങള്‍ അവളുടെ ഭര്‍ത്താവ് കാണും എന്നൊന്നും റയീസ് ചിന്തിക്കുന്നുണ്ടായിരുന്നില്ല .അയാള്‍ക്ക്‌ പഴയതു പോലെ സുഹാനയെ വേണം അതായിരുന്നു സന്ദേശങ്ങളില്‍ അയാള്‍ ആവശ്യപെട്ടുകൊണ്ടിരുന്നത് .നിരന്തരമായി സന്ദേശങ്ങള്‍ അയക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു സന്ദേശം അയാള്‍ക്ക്‌ തിരികെ ലഭിച്ചു .

, ഇനിയും നിങ്ങള്‍ എന്‍റെ മൊബൈല്‍ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചാല്‍ കമ്പനിയുടെ മാനേജ്മെന്‍റെിനോട് ഞാന്‍ പരാതി പറയും. ഒപ്പം പോലീസിലും  .,
അവളുടെ സന്ദേശം വായിച്ചപ്പോള്‍ ദേഹമാസകലം വിറയല്‍ അനുഭവപെട്ടു റയീസിന് .

ഓഫീസില്‍ റയീസും സുഹാനയും പിണക്കത്തിലാണ് എന്ന് എല്ലാവരും അറിഞ്ഞു.സുഹാന റയീസിനെ ആയി അടുക്കുന്നതിനു മുന്‍പ് നാട്ടുകാരനായ സഹപ്രവര്‍ത്തകനുമായി വഴിവിട്ട ബന്ധമാണെന്ന് ഓഫീസില്‍ ഒരു കിംവദന്തി മുന്‍പ് ഉണ്ടായിരുന്നു .റയീസും സുഹാനയും പിണങ്ങിയ  വിവരം മാനേജറുടെ ചെവിയിലും എത്തി . മാനേജറുടെ മുറിയുടെ മുന്‍ വശത്തുകൂടി പോയാലെ റയീസിനു തന്‍റെ ഇരിപ്പിടത്തില്‍ എത്തുവാന്‍ കഴിയുകയുള്ളൂ

ഒരു ദിവസ്സം പുറത്തു പോയി വന്ന റയീസ്  മാനേജറുടെ മുറിയില്‍ ഇരിക്കുന്ന സുഹാനയേയുംസുഹാനയുടെ   നാട്ടുകാരനേയും കണ്ടപ്പോള്‍ തെല്ലൊന്നു ഭയന്നു .അല്‍പ നേരം കഴിഞ്ഞപ്പോള്‍ അവര്‍ മാനേജറുടെ മുറിയില്‍ നിന്നും ഇറങ്ങി പോയി .ഉടനെ തന്നെ റയീസിനെ മാനേജര്‍ തന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു .റയീസിന്‍റെ തൊണ്ട വരണ്ടുണങ്ങിയ പ്രതീതി അയാള്‍ക്ക് അപ്പോള്‍ അനുഭവ പെട്ടു .താനെന്തിനു ഭയക്കണം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അയാള്‍ മാനേജറുടെ അരികിലേക്ക് ചെന്നു .മാനേജര്‍ റയീസിനോട് ഇരിക്കുവാന്‍ പറഞ്ഞു .

,,     റയീസും  സുഹാനയും തമ്മില്‍ എന്താ പ്രശ്നം എന്തിനാ അവളുടെ മൊബൈല്‍ഫോണിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയക്കുന്നത് .,,


തെല്ലെന്നു ആലോചിച്ചുകൊണ്ട് റയീസ്  അതുവരെയും ഉണ്ടായ കാര്യങ്ങള്‍ സത്യസന്ധമായി മാനേജറോട്  പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം മാനേജര്‍ പറഞ്ഞു .

,,കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി മുതല്‍ ഒരു സന്ദേശം പോലും സുഹാനയുടെ മൊബൈല്‍ഫോണിലെക്ക് റയീസ് അയക്കരുത് .ഇനിയും ഇത് ആവര്‍ത്തിക്കപെട്ടിട്ടുണ്ടെങ്കില്‍ കമ്പനിക്ക്‌ നിങ്ങളുടെ പേരില്‍ എക്ഷന്‍ എടുക്കേണ്ടി വരും  ,,

റയീസ് തകര്‍ന്ന മനസ്സുമായി ഒന്നും ഉരിയാടാതെ മാനേജറുടെ മുറിയില്‍ നിന്നും ഇറങ്ങി പോന്നു  .ഓഫീസില്‍ ഞൊടിയിടയില്‍ എല്ലാവരും വിവരങ്ങള്‍  അറിഞ്ഞു.പിന്നീട് സഹപ്രവര്‍ത്തകരുടെ അയാളോടുള്ള നോട്ടം അര്‍ത്ഥംവെച്ചുള്ളതായിരുന്നു .തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവന്‍റെ വേദന ആദ്യമായി റയീസ് അറിഞ്ഞു .സുഹാന തന്നോടിങ്ങനെയൊക്കെ എന്തിനു ചെയ്യുന്നു എന്ന് എത്ര ആലോചിച്ചിട്ടും റയീസിന് മനസ്സിലായില്ല .


തകര്‍ന്ന മനസ്സുമായി സങ്കടത്തോടെ മേശയില്‍ തലചായ്ച്ചിരിക്കുന്ന   റയീസിന്‍റെ  ചുമലില്‍ സഹപ്രവര്‍ത്തകന്‍ വന്നു തട്ടിയപ്പോള്‍ റയീസ് തിരിഞ്ഞു നോക്കി സഹപ്രവര്‍ത്തകന്‍ റയീസിനോടു പറഞ്ഞു .


,, റയീസ് വരൂ നമുക്കൊന്നു പുറത്തു പോയി വരാം ,,

റയീസിനെ സഹപ്രവര്‍ത്തകന്‍  അയാളുടെ വാഹനത്തിലെക്കാണ് കൂട്ടിക്കൊണ്ടു പോയത് .അയാള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എസി പ്രവര്‍ത്തിപിച്ചുകൊണ്ട്‌ പറഞ്ഞു .

,, വിവരങ്ങള്‍ ഞാനറിഞ്ഞു ,ഞാനെന്നല്ല ഓഫീസില്‍ എല്ലാവരും അറിഞ്ഞു എന്ന് പറയുന്നതാവും ശെരി .താങ്കള്‍ സുഹാനയോട് മോശമായി പെരുമാറി എന്നാണ് മൊത്തത്തിലുള്ള സംസാരം .പക്ഷെ ഞാനത് വിശ്യസിക്കുന്നില്ല .

കാരണം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് സുഹാന റയീസിനോട്  എങ്ങിനെയാണ് പെരുമാറിയിരുന്നത് എന്ന് എനിക്കറിയാം .പെണ്ണെന്ന വര്‍ഗത്തിനെ വിശ്യസിക്കുവാന്‍ കഴിയില്ല .എന്ത് കാര്യമുണ്ട് നിങ്ങള്‍ക്ക് അവളെ സ്നേഹിക്കുവാന്‍ .അവളുടെ രണ്ടാമത്തെ വിവാഹവും തകരും എന്നായപ്പോള്‍ നിങ്ങള്‍ അവളോട്‌ മോശമായി പെരുമാറി എന്ന് അവള്‍ക്ക്  വരുത്തി  തീര്‍ക്കേണ്ടി വന്നു .,,

അയാളുടെ വാക്കുകള്‍ റയീസില്‍  ഞെട്ടലുളവാക്കി.

,, എന്ത് എന്താ നിങ്ങള്‍ പറഞ്ഞത് രണ്ടാമത്തെ വിവാഹമോ ,,

,, അതെ അതാണ്‌ സത്യം ഇപ്പോഴത്തെ അവളുടെ ഭര്‍ത്താവിന് അവളെക്കാളും മൂന്നു വയസിനു ഇളയതാണ്  .,,

,, അപ്പോള്‍ അവളുടെ ആദ്യവിവാഹ ജീവിതം  എങ്ങിനെ തകര്‍ന്നു .,,

,, അതൊന്നും എനിക്കറിയില്ല അവളുടെ നാട്ടുകാരനില്‍ നിന്നും മുന്‍പ് ഞാന്‍ അറിഞ്ഞ വിവരമാണ് ഇത് ,,

,, എല്ലാം തുറന്നു പറഞ്ഞിരുന്ന അവള്‍ എന്തിന് ഈ കാര്യം മാത്രം എന്നോട്  പറയാതെയിരുന്നു.,,

,, റയീസിന്‍റെ സ്നേഹം അവള്‍ ആഗ്രഹിച്ചിരുന്നിരിക്കാം ഈ വിവരം അറിഞ്ഞാല്‍ നിങ്ങള്‍ക്ക് അവളോടുള്ള സ്നേഹം ഇല്ലതെയാകുമോ എന്ന് അവള്‍ ഭയന്നിരിക്കും ,,

,, എനിക്ക് ഇതൊന്നും വിശ്യസിക്കുവാന്‍ കഴിയുന്നില്ല ,,

,,ആര്‍ക്കും ആരേയും വിശ്യസിക്കുവാനാവില്ല .എന്നുവെച്ച് സത്യം അസത്യമാകില്ല ,,

സഹപ്രവര്‍ത്തകരുടെ മുന്‍പില്‍  പീഢകന്‍ എന്ന പുതിയൊരു  നാമം കൂടി റയീസിന് നേടി കൊടുത്തുവെങ്കിലും സുഹാനയോട് അയാള്‍ക്ക്‌ അല്‍പം പോലും വെറുപ്പ് ഉളവാക്കിയില്ല .അടുത്ത ദിവസ്സം ഓഫീസില്‍ റയീസ് ഒട്ടും നിനയ്ക്കാത്ത അനിഷ്ട സംഭവങ്ങളാണ് അരങ്ങേറിയത് .രാവിലെ നേരത്തെതന്നെ ജോലി സംബന്ധമായി പുറത്തു പോയ റയീസ് ഉച്ചതിരിഞ്ഞ് ഏതാണ്ട് മൂന്ന്‍ മണിയോടടുത്താണ് ഓഫീസില്‍ തിരികെയെത്തിയത് .റയീസ് തന്‍റെ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു പോകുമ്പോള്‍ സുഹാന അയാളെ പുറകില്‍ നിന്നും വിളിച്ചു .അയാള്‍ തിരിഞ്ഞു നോക്കി .

കരഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു അപ്പോള്‍ അവളുടേത്‌ കരഞ്ഞു കൊണ്ട് അവള്‍ അയാളുടെ നേര്‍ക്ക്‌ ഒരു പ്രിന്‍റ് ചെയ്ത നോട്ടീസ്  നീട്ടി .

,, എന്താ ഇത് ,,

,,  എന്നെ ഈ സ്ഥാപനത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി പുറത്താക്കിയ ഉത്തരവ് ,,

,,പുറത്താക്കുകയൊ എന്തിന് തന്നെ ഇവിടെ നിന്നും പുറത്താക്കണം ,,

,, നിങ്ങളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ .ഇതിനു മാത്രം എന്തു തെറ്റാ ഞാന്‍ നിങ്ങളോട് ചെയ്തത് ,,

,, ഇവിടെയുള്ളവരുടെ മുന്‍പില്‍    ഞാനല്ലെ തെറ്റുകാരന്‍ അപ്പോള്‍ എന്നെയല്ലെ ആദ്യം പുറത്താകേണ്ടത് ,,

റയീസ് സുഹാനയില്‍ നിന്നും നോട്ടീസ് വാങ്ങി വായിച്ചു .സ്ഥാപനത്തില്‍ നിന്നും പുറത്താക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് .
ജോലിയിലുള്ള അനാസ്ഥയും സഹപ്രവര്‍ത്തകരേയും സ്ഥാപനത്തിലെ വഹാനവും സ്വന്തം ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചു എന്നതുമായിരുന്നു .
വിറയാര്‍ന്ന കൈ പാദങ്ങളില്‍ നിന്നും നോട്ടീസ് അയാളില്‍ നിന്നും താഴെ വീണു താഴെ വീണ നോട്ടീസ് എടുത്ത് സുഹാനയ്ക്ക് നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു .
,, എനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല  എന്നെ വിശ്വസിക്കു ,, 

റയീസ് നേരെ പോയത് മാനേജറുടെ മുറിയിലേക്കായിരുന്നു .


,, സര്‍ ഞാന്‍ കാരണമാണ് സുഹാനയെ ഈ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നതെങ്കില്‍ ദയവായി സുഹാനയെ തിരികെ എടുക്കണം എന്‍റെ ഭാഗത്തു നിന്നും ഇനി ഒന്നും തന്നെയുണ്ടാവില്ല .,,

,, റയീസും സുഹാനയെ  പുറത്താക്കലും കൂടി യാതൊരുവിധ ബന്ധവുമില്ല .ഇത് മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശമാണ് എനിക്ക് ഇതില്‍ ഒന്നും ചെയ്യുവാനില്ല .സുഹാനയ്ക്ക് മാത്രമല്ല സുഹാനയുടെ നാട്ടുകാരനും താക്കീത് നോട്ടീസ് നല്‍കിയിട്ടുണ്ട് ,,

റയീസ് മാനേജറുടെ മുറിയില്‍ നിന്നും ഇറങ്ങി  തന്‍റെ ഇരിപ്പിടത്തില്‍ രണ്ടു കൈത്തലം കൊണ്ട് മുഖം പൊത്തി  മൂകനായിരുന്നു .മനസ്സു നിറയെ ആധിയായിരുന്നു അയാളിലപ്പോള്‍ .മാനേജറുടെ വാക്കുകളെ  അയാള്‍ക്ക് വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല .അയാള്‍  കാരണ മാണ് സുഹാനയെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയത് എന്ന് അയാള്‍ വിശ്യസിച്ചു .

അഞ്ചു മണിയായപ്പോള്‍ സ്ത്രീ സഹപ്രവര്‍ത്തകരെ റയീസ് പതിവ് പോലെ  കൊണ്ടാക്കി ഏതാണ്ട് ആറുമണിക്ക് റയീസ്  ഓഫീസില്‍  തിരികെയെത്തി. അപ്പോഴും സുഹാന പോയിട്ടുണ്ടായിരുന്നില്ല .   സുഹാന ഈ ഇടെയായി  നാട്ടുകാരന്‍റെ കൂടെ പോകുന്നത് കൊണ്ട് സുഹാന അയാളുടെ കൂടെ പോയിരിക്കും എന്നാണ് റയീസ് കരുതിയത്‌ .ഓഫീസില്‍ എഴുമണി വരെ ആളുണ്ടാവും ജോലിയുടെ ഭാഗമായി എപ്പോഴും പുറത്തു പോകുന്ന സുഹാനയുടെ നാട്ടുകാരന്‍ ആ സമയമായിട്ടും സുഹാനയെ കൊണ്ടു പോകുവാന്‍ വന്നിരുന്നില്ല .കരഞ്ഞു കലങ്ങിയ കണ്ണുകളാലെയിരിക്കുന്ന സുഹാനയെ കണ്ടപ്പോള്‍ റയീസിന് അവളോട്‌ സഹതാപം തോന്നി .അയാള്‍ അവളോട്‌ ചോദിച്ചു .


,, സുഹാന എന്തെ ഇതു വരെ പോകുവാതെയിരുന്നത് ,,

മറുപടി പറയാതെ  അവള്‍ മൌനിയായിരുന്നപ്പോള്‍ അയാള്‍ തുടര്‍ന്നു .

,, വരൂ ഞാന്‍ വീട്ടില്‍ കൊണ്ടു വിടാം ,,

അവള്‍ അനുസരണയുള്ള കുഞ്ഞിനെ പോലെ അവളുടെ ഹാന്‍ഡ്‌ ബാഗ്‌ എടുത്ത് അയാളുടെ കൂടെ നടന്നു .വാഹനത്തില്‍ കയറിയിരുന്നപ്പോള്‍  റയീസ് സുഹാനയോട്  ചോദിച്ചു ?

,, എന്തിനാടോ ഇത്രയം പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് ,,

അയാളുടെ ചോദ്യങ്ങള്‍ക്കൊന്നും അവള്‍ ഉത്തരം നല്‍കിയില്ല മനസ്സ്  നിര്‍ജ്ജീവമായ  അവസ്ഥ അവളുടെ മുഖത്ത് നിഴലിച്ചിരുന്നു .യാത്രയ്ക്കിടയില്‍ അയാള്‍ പറഞ്ഞു .

,, ഇയാളെ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കിയത് നമ്മള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലമല്ല എന്നാണ് മാനേജര്‍ പറഞ്ഞത് .ഇയാള് ദൈര്യമായിരിക്കു .ഇയാളെ സ്ഥാപനത്തില്‍ തിരികേയെടുക്കുവാന്‍ എന്നാല്‍ കഴിയും വിധം ഞാന്‍ പ്രയത്നിക്കും .  ഒന്നും ഉരിയാടാതെ മൌനിയായി വീടെത്തും വരെ അവള്‍ ഇരുന്നു .  സുഹാനയെ കൊണ്ടാക്കി തിരികെ പോരുമ്പോള്‍ റയീസിന് വല്ലാതെ അസ്വസ്ഥ അനുഭവപെട്ടു .

അടുത്ത ദിവസ്സം ഓഫീസില്‍ സുഹാന വന്നുവെങ്കിലും അവളെ മാനേജര്‍ വീട്ടിലേക്കു തന്നെ തിരികെ പറഞ്ഞയച്ചു .ഏതാണ്ട് മൂന്നു മണി കഴിഞ്ഞപ്പോള്‍ റയീസിന്‍റെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു നമ്പര്‍ നോക്കിയപ്പോള്‍ സുഹാനയുടെയായിരുന്നു ആ കാള്‍ .അയാള്‍ തിടുക്കത്തില്‍ ഫോണ്‍ എടുത്തു .അങ്ങേത്തലയ്ക്കല്‍ സുഹനയുടെ ശബ്ദം അവള്‍ കരഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങിയത് .


,,  ഞാന്‍ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചിട്ട് ആരും ഫോണ്‍ എടുക്കുന്നില്ല .എന്നെ അവര്‍ നാട്ടിലേക്ക് പറഞ്ഞയക്കും .അങ്ങിനെ സംഭവിച്ചാല്‍ പിന്നെ ഞാന്‍ ഈ ഭൂലോകത്ത് ജീവിച്ചിരിക്കില്ല .നാട്ടിലേക്ക് പോകുവാന്‍ പറ്റിയ അവസ്തയല്ല  എനിക്ക് ഇപ്പോള്‍ ഉള്ളത് .എനിക്ക് ഉറപ്പാ നിങ്ങളുമായുള്ള പ്രശ്നത്തിന്‍റെ പേരിലാ ഇങ്ങിനെയൊക്കെ സംഭവിച്ചത് ,,

റയീസ് ധര്‍മസങ്കടത്തിലായി നീണ്ട പതിനാലു ദിവസങ്ങളുടെ റയീസിന്‍റെ ശ്രമഫലമായി സുഹാനയെ ചില നിബന്ധനകളാലെ സ്ഥാപനത്തില്‍ തിരികെയെടുത്തു .പക്ഷെ സുഹാന ധരിച്ചിരുന്നത് മറ്റുചിലരുടെ പ്രയത്നം മൂലമാണ് സുഹാനയെ സ്ഥാപനത്തില്‍ തിരികെയെടുത്തത് എന്നായിരുന്നു .

റയീസിനോടുള്ള  സുഹാനയുടെ ഗോപം ഉച്ചസ്ഥായിയില്‍    എത്തിയിരുന്നു .വീണ്ടും ഓഫീസില്‍ തിരികെയെത്തിയ സുഹാനയെ ആദ്യമായി കണ്ട നിമിഷം റയീസിന് തന്‍റെ കണ്ണുകളെ വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല .പൈശാചികമായ സുഹാനയുടെ നോട്ടത്തിനു മുന്‍പില്‍ റയീസിനു തന്‍റെ സുഹാനയുടെ മുഖത്തെക്കുള്ള നോട്ടം പിന്‍വലിക്കേണ്ടി വന്നു .തന്‍റെ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു നീങ്ങുവാന്‍ ശ്രമിച്ച റയീസിനെ സുഹാന വിളിച്ചു .

,, ഹേയ് മിസ്റ്റ്ര്‍ ഒന്നു നിന്നേ ..പതിനാലു ദിവസത്തെ എന്‍റെ വേതനം താങ്കള്‍ മൂലം എനിക്ക് നഷ്ടമായി .നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ .....നിങ്ങളുടെ അധപ്പതനത്തിന്‍റെ നാളുകള്‍ അടുത്തിരിക്കുന്നു .ഞാനിപ്പോള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ വെറുക്കുന്നയാള്‍ നിങ്ങളാണ് നിങ്ങള്‍ മാത്രം ,,

നഷ്ടമായ ജോലി തിരികെ ലഭിക്കുവാന്‍ താന്‍ പ്രയത്നിച്ചത്‌ മൂലം  നന്ദിയോടെയുള്ള സുഹാനയുടെ  നോട്ടം പ്രതീക്ഷിച്ച റയീസ് സുഹാനയുടെ രൌദ്രഭാവം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു .തകര്‍ന്ന മനസ്സുമായി തന്‍റെ ഇരിപ്പിടത്തിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു .താന്‍ എന്ത് തെറ്റാണ് സുഹാനയോട് ചെയ്തത് ആത്മാര്‍ത്ഥമായി കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചതോ ഇനി താന്‍ സുഹാനയുടെ ഉപ്പയ്ക്ക് എങ്ങിനെ വിളിക്കും ആരെങ്ങേറിയ സംഭവങ്ങള്‍ സുഹാന ഉപ്പയോട്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അദ്ദേഹം ശപിക്കില്ലേ .സുഹാനയില്‍ നിന്നും നേരിടേണ്ടി വരുന്ന പകപോക്കലിനെ കുറിച്ചോര്‍ത്തപ്പോള്‍ റയീസ് ഭയാകുലനായി. അപ്പോള്‍ ഭാര്യയുടേയും തന്‍റെ അരുമ മകളുടേയും മുഖം അയാളുടെ മനസ്സില്‍ തെളിഞ്ഞു വന്നു .കണ്ണുകള്‍ ഇറുകെയടച്ച് അയാള്‍ തന്‍റെ ഇരിപ്പിടത്തില്‍ തലചായ്ച്ചിരുന്നു .അപ്പോള്‍ ഉദയസൂര്യനില്‍ നിന്നുള്ള താപം ഓഫീസിനു പുറത്ത് അതീവ രൂക്ഷതരമാകുന്നുണ്ടായിരുന്നു .വേനല്‍ ചൂടിന്‍റെ കാഠിന്യം   പൂര്‍വാധികം ശക്തിയോടെ പ്രപഞ്ചമാകെ പ്രാപിക്കുന്നുണ്ടായിരുന്നു .


                                                               ശുഭം 


rasheedthozhiyoor@gmail.com                                                 rasheedthozhiyoor.blogspot.com 

   






    









   





21 February 2014

ലേഖനം . ആരോപണങ്ങളും നിജസ്ഥിതി അറിയാത്ത സമൂഹവും

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

സമൂഹത്തിലെ കാപട്യരായാവരെ  എഴുത്തിലൂടെ അധിക്ഷേപിക്കുകയും അവരുടെയൊക്കെ യഥാര്‍ത്ഥ മുഖം സമൂഹത്തിനു മുന്‍പില്‍ തുറന്നു കാട്ടുകയും വേണം എന്നത് സമൂഹ  നന്മ ആഗ്രഹിക്കുന്ന ഏതൊരു എഴുത്തുകാരന്‍റെയും പ്രതിബന്ധതയാണ്  . ചില ആശ്രമങ്ങള്‍ അന്വേക്ഷണ വിധേയമാക്കിയപ്പോള്‍  ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നാളിതുവരെ പുറത്ത് വന്നിട്ടുള്ളത് .എല്ലാ മതങ്ങളിലുമുണ്ട് അന്ധവിശ്വാസികളും മതത്തിന്‍റെ നന്മകളെ ഉന്മൂലനം ചെയ്തുകൊണ്ട് വ്യക്തിതാല്പര്യങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനുമായി മതത്തെ  വ്യാപാര വല്‍ക്കരിക്കുന്ന പ്രവണതകള്‍ .അങ്ങിനെയുള്ളവര്‍ ഒരിക്കലും സമൂഹ നന്മകള്‍ ആഗ്രഹിക്കുന്നില്ല .മറിച്ച് സാമ്പത്തിക ശ്രോതസ്സും ആര്‍ഭാട ജീവിതവുമാണ് ലക്ഷ്യം കാണുന്നത്. 

അന്ധവിശ്വാസികളുടെ ആള്‍ ദൈവങ്ങള്‍ക്ക് അമാനുഷിക ശക്തിയുണ്ടെങ്കില്‍ ആള്‍ ദൈവങ്ങള്‍ അവര്‍ക്ക് എതിരെ പറയുന്നവരേയും  അവരുടെ യഥാര്‍ത്ഥ സ്വഭാവവും ലക്ഷ്യങ്ങളും സമൂഹത്തിനു മുന്‍പില്‍ തുറന്നുകാണിക്കുന്നവരേയും      ശപിച്ചു ഭസ്മ മാക്കട്ടെ . അല്ലാതെ പണവും രാഷ്ട്രീയ  സ്വാധീനവും ഉപയോഗിച്ച്      പോലീസിനെ കൊണ്ട്  അന്ധവിശ്വാസങ്ങള്‍ക്കും മതം കച്ചവടമാക്കി സമ്പാദിക്കുന്നവര്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്നവരെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഭീഷണി പെടുത്തുകയുമല്ല വേണ്ടത് .

മന്ത്രോച്ചാരണത്താല്‍ മനുഷ്യന്‍റെ നെറുകയില്‍ തലോടിയാല്‍ എല്ലാ അസുഖങ്ങളും ഭേതമാക്കുവാന്‍ കഴിവുള്ള ആള്‍ ദൈവങ്ങള്‍ എന്തിനാണ് സമ്പന്നരെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കുന്നത്? ...              സമൂഹ നന്മയ്ക്കും പാവപെട്ടവരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനും  പകരം ഇക്കൂട്ടര്‍ സമ്പന്നരുടെ മക്കളെ മാത്രം ലക്ഷ്യമാക്കികൊണ്ടാണ് ഇംഗ്ലീഷ്‌ മീഡിയംസ്‌കൂളുകള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തും തുടങ്ങിയിരിക്കുന്നത് .ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന കാപട്യം നിറഞ്ഞ ആള്‍ ദൈവങ്ങള്‍ എന്തുകൊണ്ടാണ് രാജ്യത്ത് തഴച്ചുവളരുന്നത്.ആള്‍ ദൈവങ്ങളുടെ ദുഷ്  ചെയ്തികള്‍ ചോദ്യം ചെയ്യപെടുന്നില്ല എന്നതാണ് വാസ്തവം . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹ നന്മയ്ക്ക്   അഗതി മന്ദിരങ്ങളും, അനാഥാലയങ്ങളും , അതിന്‍റെ പ്രവര്‍ത്തന ശുദ്ധിയോടെ പ്രാവര്‍ത്തികമാക്കുന്നവരെ. നമ്മള്‍ അംഗീകരിക്കുകയും  അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ നമുക്ക് കഴിയുന്നത്‌ പോലെ സഹായിക്കുകയും.   ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുക എന്നത് നാം ഓരോരുത്തരുടേയും കടമയാണ് .പക്ഷെ മതങ്ങള്‍ നിഷ്കര്‍ഷിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അധീതമായി  മതം സ്വന്തം വ്യക്തിതാല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഒരിക്കലും  അനുവദിച്ചുകൂടാ.മനുഷ്യ സ്നേഹികള്‍ ഒന്നടങ്കം ഈ ദുഷ് കരങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുക തന്നെ വേണം .

ആരോപണങ്ങള്‍ക്ക് വിധേയമാക്കുന്നവരെ കുറിച്ച്അന്വേക്ഷിക്കുകയും, നിജസ്ഥിതി പുറത്തുകൊണ്ടുവരികയും എന്നത്  നമ്മുടെ സര്‍ക്കാരിന്‍റെ  ബാദ്ധ്യതയാണ് . പക്ഷെ മാതാ അമൃതാനന്ദമയിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ആരോപണങ്ങളുമായി പുറത്തിറങ്ങിയ പഴയ ശിഷ്യയുടെ പുസ്തകം ഉയര്‍ത്തിവിട്ട വിവാദത്തെക്കുറിച്ച് അന്വേക്ഷിക്കുവാൻ എന്ത് കൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല ?     ആത്മീയ വ്യക്തിത്വം എന്ന നിലയില്‍ അറിയപെടുന്ന മാതാ അമൃതാനന്ദമയിയുടെ വ്യാജ പ്രതിച്ഛായയാണെന്നും അവരുടെ ശിഷ്യരില്‍ പ്രധാനി ലൈംഗീകമായി തന്നെ പീഡിപ്പിച്ചുവെന്നുമാണ് ഗായത്രി എന്ന   ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം .വിശ്വാസികള്‍ക്കിടയില്‍ അമ്മ എന്ന് അറിയപെടുന്ന അമൃതാനന്ദമയിയുടെ ആത്മീയ പരിവേഷം വെറും വ്യാജ പ്രതിച്ഛായയാണെന്നും ഭൗതീക സ്വത്തുക്കളോട് അവര്‍ക്കു ആര്‍ത്തിയാണെന്നും. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള അവരുടെ ധനശേഖരം സ്വീറ്റ്സര്‍ലണ്ടിലെ ബാങ്കിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നുമുള്ള ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം നമുക്ക് നിസാരവല്‍ക്കരിക്കുവാന്‍ കഴിയുമോ? കാരണം പതിഞ്ചു വര്‍ഷകാലം   അമൃതാനന്ദമയിയുടെ വിശ്യസ്ഥ സന്തതസഹചാരിയായിരുന്നു ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ .

സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങിനിന്നു ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം എന്നത് പത്രമാധ്യമങ്ങളുടെ ധര്‍മ്മത്തിന് ഏറ്റ കളങ്കമാണ് .ലക്ഷ കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയ വഴി അമ്മക്കെതിരെയും, മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്‌തകത്തിന്‍റെ  പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇത്തരം പ്രചരണം നടത്തിയവരില്‍ പ്രവാസികളും ഉണ്ട്.ഒരു പക്ഷെ  സോഷ്യല്‍ മീഡിയയില്‍ മഠത്തിന് എതിരെ  പ്രചരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം ഇത്ര കണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുമായിരുന്നില്ല .സോഷ്യല്‍ മീഡിയയില്‍ എഴുതുന്നവര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത് രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മ മാത്രമാണ് എന്നതാണ് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ .ആരോപണം ഉന്നയിക്കുന്നവര്‍ ആരുംതന്നെ ഒരു മതത്തേയും നിന്ദിക്കുന്നില്ല മറിച്ച് ആത്മീയതയുടെ പേരില്‍ പാവപെട്ടവര്‍ക്കായി നല്‍കപെടുന്ന  രൂപ പാവപെട്ടവര്‍ക്ക് നല്‍കാതെ   വ്യക്തികള്‍ ധൂര്‍ത്തടിക്കുന്നതിലാണ് ജനരോഷം .
മഠത്തിനും മാതാ  അമൃതാനന്ദമയിക്കുമെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ക്കെതിരെ പോലിസ് കേസ് എടുക്കും എന്ന പ്രചരണം ഉണ്ടായിട്ടുപോലും ആരോപണം ഉന്നയിക്കുന്നവര്‍ ആരുംതന്നെ ആ ഉദ്ധ്യമത്തില്‍ നിന്നും പിന്തിരിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.പോലിസിനെ കൊണ്ട് ഭയപെടുത്തിയാല്‍ ഇല്ലാതെയാകുന്നതല്ല തിന്മയ്ക്ക് എതിരെയുള്ള പ്രതിഷേധം എന്നത് ആരോപണം വന്നതില്‍പിന്നെ ഉണ്ടായ ജനരോഷം കണ്ടാല്‍ ആര്‍ക്കുംതന്നെ മനസ്സിലാകും . ലക്ഷ കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയ വഴി അമ്മക്കെതിരെയും, മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്‌തകത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.അമൃതാനന്ദമയീ മഠം ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.മൌനം ഭേദിച്ചുകൊണ്ട്    സര്‍ക്കാര്‍ മാതാഅമൃതാനന്ദമയിക്കും മഠത്തിനും എതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അറിയുവാന്‍ പോലിസ്  അന്വേഷണത്തിന്    ഉത്തരവിടട്ടെയെന്നും   .മാധ്യമങ്ങള്‍ പത്രധര്‍മ്മം ഹനിക്കാതെ ഈ വിഷയത്തിന്‍റെ സത്യസന്ധമായ വാര്‍ത്തകള്‍ സമൂഹത്തിനു മുന്‍പിലേക്ക് എത്തിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം .
                                                          ശുഭം 
rasheedthozhiyoor@gmail.com                                        rasheedthozhiyoor.blogspot.com

16 February 2014

ലേഖനം . പ്രതിബന്ധതയില്ലാത്ത സമൂഹവും ഭരണകര്‍ത്താക്കളും

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

         മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടേയും ഉപഭോഗം  ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍  നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു പൂര്‍വാധികം ശക്തിയോടെ .സര്‍ക്കാരിന്‍റെ സഹായം വേണ്ടുവോളം മദ്യപാനികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് വളരെയധികം ഖേദകരമാണ് ,മദ്യപാനികളുടെ വോട്ട് ലഭിച്ചില്ലെങ്കില്‍ വീണ്ടും  അധികാരത്തിലിരിക്കുവാനും സുഖലോലുപരായി ജീവിക്കുവാനും അധികാരവര്‍ഗ്ഗത്തിന് ആവില്ലല്ലോ .നമ്മുടെ നാട്ടിലെ കുടുംബിനികളും, അമ്മമാരും ,സഹോദരികളും,മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്കായി മണിക്കൂറുകളോളം നീണ്ട നിരകളില്‍  നില്‍ക്കുമ്പോള്‍, നമ്മുടെ നാട്ടിലെ മദ്യ ഉപഭോക്താക്കള്‍    ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ മണിക്കൂറുകളോളം മദ്യം വാങ്ങുവാനായി കാത്തു നില്‍ക്കുന്നു .സമൂഹത്തില്‍ മാന്യന്മാരായവര്‍ പോലും ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ പൊരിവെയിലില്‍ സര്‍ക്കാരിന്‍റെ സഹായ  മദ്യം വാങ്ങുവാനായി ഒരു ഉളുപ്പും അപമാനവും ഇല്ലാതെ നില്‍ക്കുന്ന കാഴ്ചകള്‍ കേരളത്തിന്‍റെ നാനാഭാഗത്തും നമുക്ക് കാണുവാന്‍ കഴിയും .മദ്യപാനികള്‍  വഴിയോരങ്ങളില്‍ മദ്യപിച്ച് അര്‍ദ്ധബോധാവസ്ഥായില്‍   ഉടുതുണി പോലും ഇല്ലാതെ കിടക്കുന്ന കാഴ്ചകള്‍ ധാരാളം നമുക്ക് കാണേണ്ടി വരുന്നു .ഇതാണോ നാം ആഗ്രഹിക്കുന്ന ജനാധിപത്യ രാജ്യം. 

  ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൂലിപ്പണിക്ക്  പോകുന്നവര്‍ക്ക് പോലും അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നു .നിത്യവൃത്തിക്കായി  പാവപെട്ട കുടുംബിനികള്‍ കല്ലും മണ്ണും ചുമന്ന്   പൊരിവെയിലില്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്നു രൂപ പോലും വഴക്കടിച്ചു വാങ്ങിച്ച് ഇക്കൂട്ടര്‍ മദ്യപിക്കാനായി ചിലവഴിക്കുന്നു .   ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്ന  മനുഷ്യരുടെ സിരകളില്‍ രക്തം ഉറഞ്ഞുതുള്ളുന്നതിനാല്‍ ,അവരുടെ   സ്വബോധം നഷ്ടമാകുന്നതിന്‍റെ  പരിണിതഫലമായ്  മനുഷ്യര്‍ മൃഗതുല്ല്യരായി  അധംപതിക്കുന്നു  .ക്രോധം, ആക്രോശം,അധര്‍മ്മം ,   കാമം എന്നിവ മാത്രം ഇങ്ങനെയുള്ളവരുടെ   ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍,ആസക്തിയുടെ ശമനത്തിനായി ഇകൂട്ടര്‍ അഹോരാത്രം  പരിശ്രമിക്കുന്നു . കാമാസക്തിക്ക് മുന്നില്‍   നൊന്ത് പ്രസവിച്ച മാതാവെന്നോ , സഹോദരിയെന്നോ മകളെന്നോ  ബന്ധങ്ങള്‍  ഒന്നുമില്ലാതെയാകുന്നു . 

മദ്യപാനികളുടെ  മസ്തിഷ്കത്തില്‍ ശൂന്യത .... ശൂന്യത മാത്രം . കാഴ്ചയില്‍ എല്ലാ സ്ത്രീകളും    ഒരുപോലെ   തോന്നിപ്പിക്കുന്നതിനാല്‍ കാമാസക്തരാകുന്നവര്‍     അല്‍പ നേരത്തെ  ശാരീരിക സുഖത്തിനുവേണ്ടി  പിച്ചി ചീന്തുന്നു സ്ത്രീ ശരീരങ്ങള്‍ .ലഹരിക്കടിമയാകുന്നവര്‍ മാതാവെന്നോ സഹോദരിയെന്നോ വേര്‍തിരിവുകള്‍ ഇല്ലാതെ മൃഗതുല്ല്യരാകുന്നു .മൃഗങ്ങള്‍ പക്ഷെ ഭോഗം കഴിഞ്ഞാല്‍പ്പിന്നെ ഭോഗത്തിന് ഇരയായ മൃഗത്തെ  പരിക്കുകള്‍ ഏല്‍പ്പിക്കാതെ സ്വതന്ത്രരാക്കുന്നു    .മറിച്ച്  മനുഷ്യന്‍ പരിക്കുകള്‍ ഉണ്ടാക്കി നിഷ്കരുണം പച്ചമാംസത്തില്‍ നിന്നും ഊര്‍ന്നുവരുന്ന രക്തം കണ്ട് ആസ്വദിച്ച് , ലഹരിയാല്‍  ആനന്ദ നൃത്തം ചവിട്ടി നടനമാടുന്നു . ലഹരിക്കടിമയാകുന്ന   മനുഷ്യന്‍റെ  രൌദ്രഭാവം  കാണുന്നവരിലെല്ലാം ഭയാനകം ഉളവാക്കുന്നു. ദാക്ഷിണ്യം ഇല്ലാതെ നിഷ്കരുണം കൊലപാതകങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ലഹരിക്കടിമയായവരിലാണധികവും എന്നതാണ് വാസ്തവം .

മര്‍ദ്ദനങ്ങളും , സ്നേഹമില്ലായ്മയും,  സാഹോദര്യമില്ലായ്മയും  എല്ലാംതന്നെ ഹേതുവാകുന്നത് മദ്യത്തിന്‍റെയും ,ലഹരി വസ്തുക്കളുടേയും ഉപഭോഗം നിമിത്തമാണ്എന്നത് നാം ഏവര്‍ക്കും അറിയാവുന്ന നഗ്നമായ സത്യമാണ് . പത്ര,ദൃശ്യ മാധ്യമങ്ങളില്‍ പീഡനങ്ങളുടെ വാര്‍ത്തകളാണ് നാള്‍ക്കുനാള്‍ അധികവും വായിക്കുവാനും കാണുവാനും ശ്രവിക്കുവാനും  നമുക്ക് മുന്‍പിലേക്ക് എത്തുന്നത് .മനുഷ്യന്‍റെ ജീവിക്കുവാനുള്ള സ്വത്രന്ത്യത്തെ ഇല്ലായ്മ ചെയ്യുവാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെയാകുന്നത് വളരെയധികം ഖേദകരമായകാര്യമാണ് .അധികാരവര്‍ഗ്ഗത്തിനും നീതിന്യായ വര്‍ഗ്ഗത്തിനും മനുഷ്യനെ സംരക്ഷികേണ്ടുന്ന എല്ലാവര്‍ക്കും തന്നെ ഈ വിപത്ത് നന്നായിട്ടറിയാം .എന്നിട്ടും എല്ലാവരും മൌനരാകുന്ന കാഴ്ചകള്‍ അസഹനിയം  തന്നെ .

രാഷ്ട്രീയക്കാര്‍ക്കും മറ്റും  യാതൊരുവിധ സാമൂഹിക  പ്രതിബന്ധതയും ഇല്ലെ . ഈ   കാര്യത്തില്‍ .മദ്യവും ലഹരി വസ്തുക്കളും നിരോധിച്ച എത്രയോ രാജ്യങ്ങളുണ്ട് നമ്മുടെ ഈ ഭൂലോകത്ത് .ആ രാജ്യങ്ങളിലെ പൌരന്മാര്‍  ഒക്കെയും  തന്നെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് നാം ഏവര്‍ക്കും അറിയാം .എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ദിനംപ്രതി കോടികളുടെ മദ്യം വില്‍ക്കപെടുന്നത് ? മദ്യപാനികളുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?പീഡനങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?

നമ്മുടെ കേരളത്തില്‍ സമരങ്ങള്‍ക്കൊടുവില്‍ ചാരായം നിരോധിച്ചത് പോലെ മദ്യവും ലഹരി വസ്തുക്കളും നിരോധിക്കുവാനാവില്ലേ ? .ഉത്തരവാദിത്തപെട്ടവര്‍ ഇവയെല്ലാം നിരോധിക്കണം എന്ന് വെച്ചാല്‍ നിരോധിക്കാവുന്നതെയുള്ളൂ. പക്ഷെ അങ്ങിനെയൊന്ന് ഉണ്ടാവുന്നില്ല എന്നത്  വളരെയധികം  ഖേദകരമാണ്.മദ്യം രാജ്യത്ത് നിന്നും മുക്തമാക്കിയാല്‍ സര്‍ക്കാരിന് കോടാനുകോടി രൂപയുടെ നഷ്ടം ഉണ്ടാകും എന്നത് കൊണ്ടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മദ്യം നിരോധിക്കുവാന്‍ സന്നദ്ധരാകാത്തത് എന്ന് എല്ലാവര്‍ക്കും അറിയാം .പക്ഷെ മദ്യ നിരോധനത്തിനായി ഒരു രാഷ്ട്രീയ പ്രസ്താനവും ശബ്ദമുയര്‍ത്തുന്നില്ല എന്നതല്ലെ വാസ്‌തവം 

. പണ്ടുകാലത്ത് കലര്‍പ്പില്ലാത്ത നാടന്‍ തെങ്ങിന്‍ കളളും നാടന്‍ പനം കള്ളും ഉപയോഗിച്ചിരുന്നു .അവയൊന്നും വിഷം കലര്‍പ്പില്ലാത്തതായിരുന്നു .പക്ഷെ ഇന്നേയുടെ അവസ്ത അതല്ല .മദ്യങ്ങളില്‍  എല്ലാം തന്നെ  വിഷം ............. സര്‍വത്ര വിഷം .അറിഞ്ഞുകൊണ്ട് തന്നെ മനുഷ്യന്‍ ആരോഗ്യത്തിന്‌ ഹാനികരമായ മദ്യം സന്തോഷവും ദുഃഖവും വേര്‍തിരിവുകള്‍ ഇല്ലാതെ എന്തിനും ഏതിനും കുടിച്ചു കൂത്താടി തിന്മയുടെ പാതയിലേക്ക് സഞ്ചരിക്കുന്നു  . ഇന്ത്യയെ മദ്യ മുക്തമാക്കുക എന്നത്    പ്രാവര്‍ത്തികമാക്കാന്‍  ഒരു രാഷ്ട്രീയ പ്രസ്താനവും തയ്യാറാവില്ല എന്ന് അറിയാമെങ്കിലും .മദ്യ മുക്തമായ ഇന്ത്യ എന്ന ആഗ്രഹം പേറി നടക്കുന്ന കോടാനുകോടി ജനങ്ങളില്‍ ഞാനും ഉള്‍പെടുന്നു .
ഉണരുക... ..സോദരരെ മദ്യ വിമുക്തമായ ഇന്ത്യക്കായ്......., 
അക്രമരഹിതമായ ഇന്ത്യക്കായ്. 
അഴിമതി രഹിതമായ ഇന്ത്യക്കായ് .
പട്ടിണിയില്ലാത്ത ഇന്ത്യക്കായ് .
സ്ത്രീ പീഡന വിമുക്തമായ ഇന്ത്യക്കായ് .
വിദ്യാസമ്പന്നമായ ഇന്ത്യക്കായ് .

                                                               ശുഭം 
rasheedthozhiyoor@gmail.com                rasheedthozhiyoor.blogspot.com