|
.ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
തൊടിയിലെ നെന്ത്രവാഴത്തോട്ടത്തില്‍ നിന്നും മൂത്ത പഴക്കുല വെട്ടുവാന്‍ ഭാസ്കരനെ സഹായിക്കുകയാണ് ചന്ദ്രശേഖരമേനോന്‍ .മുപ്പത്തിമൂന്നു വര്‍ഷം ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ മലയാളം അദ്ധ്യാപകനായിരുന്ന ചന്ദ്രശേഖരമേനോന്‍ തൊഴിലില്‍ നിന്നും രണ്ടുവര്‍ഷം മുമ്പാണ് വിരമിച്ചത് .ഇപ്പോള്‍ അയാളൊരു മുഴുനീള കര്‍ഷകനാണ്.പൂര്‍വികരായി പച്ചക്കറി കൃഷി ചെയ്തുപോന്നിരുന്ന തറവാട്ടില്‍ അയാള്‍ക്ക് വീതംവെച്ചപ്പോള്‍ ലഭിച്ച മൂന്നര ഏക്കര്‍ ഭൂമിയുടെ അതിരിനോട് ചേര്‍ന്നാണ് വീട് പണിതത് .വീട് നില്ക്കുന്ന സ്ഥലം ഒഴികെ പുരയിടമാകെ പച്ചക്കറികളാല്‍ സമ്പന്നമാണ് .പ്രധാന വിളകള്‍ കമുകും വാഴയുമാണ് .ബുദ്ധിവികാസമില്ലാത്ത അരോഗദൃഢഗാത്രനായ ഭാസ്കരന്‍ കുഞ്ഞുനാള്‍ മുതല്‍ വള്ളിനിക്കര്‍ധാരിയാണ് .അടിച്ചുതളിക്കാരിയായിരുന്ന നാണിത്തള്ളയുടെ പേരക്കിടാവാണ് ഭാസ്കരന്‍ . നാണി തള്ളയുടെ അവിവാഹിതയായ മകള്‍ക്ക് ജനിച്ച ഭാസ്കരനെ സമൂഹം പിഴച്ചു പെറ്റ സന്താനമെന്നു വിളിച്ചു.നാണി തള്ളയുടെ മകള്‍ കൊലചെയ്യപ്പെടുകയായിരുന്നു .കുറ്റിക്കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിലായിരുന്നു .കാമഭ്രാന്തന്‍മാരുടെ പാരവശ്യം തീര്‍ക്കുമ്പോള്‍ നിശ്ചലമായതാവാം അവരുടെ ശ്വാസോച്ഛ്വാസമെന്ന് ആ മൃതദേഹം കണ്ടവര്‍ക്കൊക്കെ മനസിലാകും . നാളിതുവരെ ആ കൊലപാതകത്തിന്‍റെ നിഗൂഢതചുരുളഴിഞ്ഞിട്ടില്ല.അപ്പോള്‍ ഭാസ്കരന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.
ചന്ദ്രശേഖരമേനോന് രണ്ടു മക്കളാണ്. ഒരാണും, ഒരു പെണ്ണും,മകനെ പഠിപ്പിച്ച് അദ്ധ്യാപകനാക്കുവാനായിരുന്നു മോഹം.. പക്ഷെ മകന് എന്ജിനിയറിങ്ങിനു പഠിക്കുവാനാണ് താത്പര്യം എന്നറിഞ്ഞപ്പോള്‍ ചന്ദ്രശേഖരമേനോന്‍ മനസ്സില്ലാമനസ്സോടെ മകന്‍റെ ഇഷ്ട്ടത്തിന് സമ്മതം മൂളുകയായിരുന്നു.വിദേശത്ത് തൊഴില്‍ ലഭിച്ച മകന്‍ മഹേഷും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ്.ആറുമാസം മുമ്പാണ് ഇളയമകള്‍ മഹിതയുടെ വിവാഹം കഴിഞ്ഞത്.മകള്‍ക്ക് പല വിവാഹാലോചനകളും വന്നെങ്കിലും മകള്‍ക്ക് വരനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വേണം എന്ന് ചന്ദ്രശേഖരമേനോന് നിര്‍ബന്ധമായിരുന്നു.മഹിതയുടെ ഭര്‍ത്താവ് രാജീവിന് തൊഴില്‍ വൈദ്യുതി കാര്യാലയത്തിലാണ് .ഇന്ന് ചന്ദ്രശേഖരമേനോനും പത്നിയും പട്ടണത്തില്‍ താമസിക്കുന്ന മകളുടെ അരികിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ് . തൊടിയിലെ വിളകളില്‍ നിന്നും മകളുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഒരുക്കൂട്ടി വെച്ചതിനുശേഷം ചന്ദ്രശേഖരമേനോന്‍ ഭാസ്ക്കരനോട് പറഞ്ഞു .
,, ഭാസ്കരാ നീ പോരുന്നുണ്ടോടാ മഹിത മോളുടെ വീട്ടിലേക്ക് ,,
ഭാസ്കരന്‍ തലയില്‍ ചൊറിഞ്ഞുക്കൊണ്ട് പുഞ്ചിരിച്ചു നിന്നു.ഭാസ്കരന്‍റെ ആ നില്പ് കൂടെ വരുവാനുള്ള താത്പര്യം പ്രകടിപ്പിക്കലാണെന്ന് ചന്ദ്രശേഖരമേനോന് അറിയാം .ഭാസ്കരന്‍റെ സംസാരത്തിന് വൈകല്യമുള്ളതുക്കൊണ്ട് അയാള്‍ വളരെകുറച്ച് മാത്രമേ സംസാരിക്കുകയുള്ളൂ .ചന്ദ്രശേഖരമേനോന്‍ തുടര്‍ന്നു .
,,നീ വരുന്നുണ്ടെങ്കില്‍ വേഗം കുളിച്ച് വസ്ത്രം മാറി വാ ,,
ചന്ദ്രശേഖരമേനോന്‍ അകത്തുള്ള പത്നിയോടായി പറഞ്ഞു .
,,അലമാരയിലുള്ള ഭാസ്കരന്‍റെ പുതിയ വസ്ത്രം എടുത്തുകൊടുക്കൂ . അരമണിക്കൂര്‍ കഴിഞ്ഞാല്‍ ടാക്സിക്കാരന്‍ വരും. അപ്പോഴേക്കും ഞാനൊന്ന് കുളിക്കട്ടെ ,,
നാണിതള്ള ഭാസ്കരന് പതിനാല് വയസ്സുള്ളപ്പോള്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ ഭാസ്കരന്‍ വളര്‍ന്നത് ചന്ദ്രശേഖരമേനോന്‍റെ തറവാട്ടിലായിരുന്നു.തറവാട്ടിലുള്ളവര്‍ പറയുന്ന എല്ലാ തൊഴിലുകളും ഭാസ്കരന്‍ യാതൊരു മടിയും കൂടാതെ ചെയ്യുമായിരുന്നു. ചന്ദ്രശേഖരമേനോന്‍ തറവാട്ടില്‍ നിന്നും താമസം മാറിയപ്പോള്‍ ഭാസ്കരനേയും ഒപ്പം കൂട്ടുകയായിരുന്നു.ഗ്രാമത്തിലുള്ളവര്‍ ഭാസ്കരനെ പാക്കരന്‍ എന്നാണ് വിളിക്കുന്നത്. അങ്ങിനെ വിളിക്കുവാനുള്ള കാരണം ഭാസ്കരനോട് ആരെങ്കിലും പേര് ചോദിച്ചാല്‍ അയാള്‍ പാക്കരന്‍ എന്നാണ് പറയുക .അങ്ങിനെ ഉച്ചരിക്കാനേ ഭാസ്കരനാവുകയുള്ളൂ. അയാള്‍ക്ക് സംസാരത്തില്‍ വിക്കലുണ്ട്. മഹിതയെ ഭാസ്കരന് വലിയകാര്യമാണ് .മഹിത വിദ്യാലയത്തില്‍ പോയിരുന്ന കാലത്ത്
ഭാസ്കരനായിരുന്നു മഹിതയെ വിദ്യാലയത്തിലേക്ക് ക്കൊണ്ടാക്കുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതും .കലാലയത്തില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ കവല വരെ മഹിതയുടെ കൂടെ ഭാസ്ക്കരന്‍ പോകുമായിരുന്നു.മഹിത ബസ്സ് കയറിപ്പോകുന്നത് വരെ ഭാസ്കരന്‍ അവിടെത്തന്നെ നില്‍ക്കും . മഹിത തിരികെ വരുന്ന ബസ്സ് എത്തുന്നതിനു മുമ്പ്തന്നെ ഭാസ്കരന്‍ കവലയില്‍ സന്നിഹിതനായിരിക്കും.മഹിതയ്ക്ക് ഭാസ്കരന്‍ കൂട്ടുകാരനെ പോലെയായിരുന്നില്ല കൂട്ടുകാരിയെ പോലെയായിരുന്നു.
വാഹനം വന്നപ്പോള്‍ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്കരനും കൂടി മഹിതയുടെ അരികിലേക്ക് യാത്രയായി .മഹിതയുടെ വീടിന്‍റെ പടിക്കല്‍ വാഹനം നിറുത്തിയതും ഭാസ്കരന്‍ വാഹനത്തില്‍ നിന്നും തിടുക്കത്തില്‍ അകത്തേക്ക് നടന്നു .പാദരക്ഷകള്‍ ഉപയോഗിക്കുന്ന പതിവ് കുഞ്ഞുനാള്‍ മുതല്‍ക്കേ ഭാസ്കരനില്ല.രാവിലെ പെയ്ത മഴയാല്‍ മുറ്റം നിറയെ ചെളിയായിരുന്നു .ഭാസ്കരന്‍റെ പാദങ്ങളില്‍ പുരണ്ട ചെളി വെള്ള നിറമുള്ള മാര്‍ബിളില്‍ കാല്‍പ്പാടുകള്‍ തീര്‍ത്തു . മഹിതയുടെ ഭര്‍ത്താവിന്‍റെ അച്ഛന് അതത്ര രസിച്ചില്ല .അയാള്‍ ചാരുകസേരയില്‍ നിന്നും അല്പം നിവര്‍ന്നിരുന്ന് ഭാസ്കരനോടായി പറഞ്ഞു.
,, ഹേയ് എവിടേക്കാ ധൃതിയില്‍ ഈ ഓടിക്കയറി പോകുന്നെ ? മാര്‍ബിളില്‍ ചെളിക്കൊണ്ട് അഭിഷേകമാക്കിയല്ലോ ,,
മുറ്റത്തിന്‍റെ അങ്ങേത്തലയ്ക്കലുള്ള വെള്ളത്തിന്‍റെ ടാപ്പ് ചൂണ്ടിക്കാട്ടി അയാള്‍ തുടര്‍ന്നു.
,, ആ കിടക്കുന്ന ചെരുപ്പുകള്‍ ഇട്ട് കാല്‍പാദങ്ങള്‍ കഴുകി വൃത്തിയാക്കി ഈ തിണ്ണയില്‍ വന്നിരിക്കൂ ,,
ഭാസ്കരന്‍റെ പുഞ്ചിരി പൊടുന്നനെ എങ്ങോ പോയ്മറഞ്ഞു.അയാള്‍ ചാറ്റല്‍മഴ ഗൌനിക്കാതെ മുറ്റത്തേക്കിറങ്ങിനിന്ന് മാര്‍ബിളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ നോക്കിനിന്നു .പുറത്തെ വര്‍ത്തമാനങ്ങള്‍ കേട്ടുകൊണ്ട് അടുക്കളയില്‍ നിന്നും മഹിത പൂമുഖത്തേക്ക് വന്നു .ചന്ദ്രശേഖരമേനോനും പത്നിയും മഹിതയുടെ അരികിലേക്ക് നടന്നു .അമ്മ അരികിലേക്ക് എത്തിയപ്പോള്‍ മഹിത അമ്മയുടെ മാറിലേക്ക് ചാഞ്ഞു .ചന്ദ്രശേഖരമേനോന്‍ മകളെ തലോടി .മഹിത ക്ഷീണിച്ചിരിക്കുന്നു.കണ്‍ തടങ്ങളിലെ കരുവാളിപ്പ് അവളുടെ സൌന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു,എണ്ണ പുരളാത്ത കാര്‍കൂന്തല്‍ പങ്കയുടെ കാറ്റിനാല്‍ പാറിപ്പറന്നു .അമ്മ മകളുടെ നെറുകയില്‍ ചുംബിച്ചുക്കൊണ്ട് ചോദിച്ചു .
,, എന്തൊരു കോലമാണ് മോളെ ഇത് ? ന്‍റെ കുട്ടിക്ക് എന്താ പറ്റിയെ ?ന്‍റെ കുട്ടിക്ക് ഇവിടെ സുഖല്ല്യാന്നുണ്ടോ ?,,
മഹിത അമ്മയുടെ കവിളുകളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .
,, ന്‍റെ അമ്മയ്ക്ക് തോന്നുന്നതാ . നിക്ക് ഇവിടെ ഒന്നിനും ഒരു കുറവൂല്യാ ,,
മഹിതയുടെ വാക്കുകള്‍ അവിശ്വസനീയമായി തോന്നിയതിനാല്‍ അമ്മ തുടര്‍ന്നു .
,,ന്നാലും ന്‍റെ കുട്ടി ....... ഇങ്ങിനെ ക്ഷീണം ഉണ്ടാവാന്‍ എന്താപ്പോ ഉണ്ടായെ ?,,
മഹിത മറുപടി പറയാതെ മാര്‍ബിളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ തുടച്ചുനീക്കിയതിനു ശേഷം അതിഥികള്‍ക്ക് നാരങ്ങ വെള്ളം കുടിക്കുവാന്‍ കൊടുക്കുവാനായി അടുക്കളയിലേക്ക് നടന്നു, ഒപ്പം അമ്മയും . ചന്ദ്രശേഖരമേനോന്‍ കാറില്‍ നിന്നും പച്ചക്കറികള്‍ നിറച്ച ചാക്കുകള്‍
ഭാസ്ക രനോട് ഇറക്കിവെക്കുവാന്‍ പറഞ്ഞതിനുശേഷം രാജീവിന്‍റെ അച്ഛന്‍റെ അരികിലായി ഇരുന്നു.അല്പം കഴിഞ്ഞപ്പോള്‍ മഹിത ഭാസ്കരനെ പുറകുവശത്തേക്ക് വിളിച്ച് ചോദിച്ചു .
,, എന്താ ഭാസ്കരേട്ടാ ...കയറിയിരിക്കാതെ മുറ്റത്തുതന്നെ നിന്നത് .അച്ഛന്‍ പറഞ്ഞത് വിഷമമായോ ?,,
എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുന്ന ഭാസ്കരന്‍റെ മുഖത്ത് പുഞ്ചിരിയുടെ ചെറിയ അംശം പോലും നിഴലിച്ചിരുന്നില്ല .ഭാസ്കരന്‍ വിക്കിവിക്കി പറഞ്ഞു .
,,ഈ.... ഇവിടത്തെ അച്ഛന്‍ വാ... വാ... വഴക്കു പാ... പാ... പറഞ്ഞു ,,
മഹിത ഭാസ്കരന്‍റെ കൈപിടിച്ചു അടുക്കളയിലേക്ക് ക്ഷണിച്ചുക്കൊണ്ട് പറഞ്ഞു .
,, സാരല്യാട്ടോ.അച്ഛന്‍ പറഞ്ഞത് കാര്യമാക്കേണ്ട ,,
മഹിത അടുക്കളയിലെ കസേര ഭാസ്കരന് ഇരിക്കാനായി നീക്കിയിട്ടു പറഞ്ഞു
,,ഭാസ്കരേട്ടന്‍ ഇവിടെയിരുന്നോ ,,
ഭാസ്കരന്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ കസേരയിലിരുന്നു . മഹിത തിടുക്കത്തില്‍ ഊണിനുള്ള ജോലികളില്‍ മുഴുകി, സഹായിക്കുവാന്‍ ഒപ്പം അമ്മയും കൂടി .മഹിതയുടെ ഭര്‍ത്താവ് ജോലികഴിഞ്ഞ് വരുന്നത് സന്ധ്യ കഴിഞ്ഞാണ് . വൈകിട്ട് അഞ്ചു മണിക്ക് ജോലി കഴിയുമെങ്കിലും
കൂട്ടുകാരോടൊത്തുക്കൂടി മൂക്കറ്റം മദ്യപിച്ചിട്ടാണ് പതിവായി അയാള്‍ വീട്ടിലേക്ക് വരുന്നത് .ഈയിടെയായി മഹിതയെ അയാള്‍ ദേഹോപദ്രവം എല്പ്പിക്കുന്നുണ്ട്. നാളിതുവരെ അച്ഛനോടും അമ്മയോടും ഈ വിവരങ്ങള്‍ ഒന്നും അവള്‍ പറഞ്ഞിട്ടില്ല.രാജീവും,ഇളയ സഹോദരനും അച്ഛനുമാണ് വീട്ടിലുള്ളവര്‍ .സഹോദരന്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .അയാള്‍ ആറുമാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരുന്നത് .ഊണ് കഴിഞ്ഞ് രണ്ടുമണിയോടെ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്ക്കരനും തിരികെ പോന്നു.അടുത്ത വെള്ളിയാഴ്ച വൈകീട്ട് രാജീവും മഹിതയും വീട്ടിലേക്ക് വരണമെന്ന് ചന്ദ്രശേഖരമേനോന്‍ രാജീവിന് ഫോണ്‍ ചെയ്ത് പറഞ്ഞു .അയാള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.
വൈകീട്ട് അയല്‍വാസിയായ കണാരേട്ടന്‍ റേഷന്‍കടയില്‍ നല്ല ഗോതമ്പ് എത്തിയവിവരം ചന്ദ്രശേഖരമേനോനോട് പറഞ്ഞു .ചന്ദ്രശേഖരമേനോന്‍ ഭാര്യയോട് സഞ്ചിയും പണവും എടുക്കുവാന്‍ പറഞ്ഞ് തൊടിയിലേക്ക് നടന്നു .ഭാസ്കരന്‍ മഹിതയുടെ വീട്ടില്‍ നിന്നും വന്നയുടനെ തൊടിയിലേക്ക് ഇറങ്ങിയതാണ് .ഭാസ്കരന്‍ തൊടിയില്‍ നിന്നും പശുക്കളെയും കൊണ്ട് വരുന്നത് ദൂരെനിന്നും ചന്ദ്രശേഖരമേനോനോന്‍ കണ്ടു .ചന്ദ്രശേഖരമേനോന്‍ ഭാസ്കരനോടായി പറഞ്ഞു.
,, ഭാസ്കരാ നീ വേഗം പശുക്കളെ തൊഴുത്തില്‍ക്കൊണ്ടാക്കി റേഷന്‍കടയിലേക്ക് ചെല്ല്. അവിടെ നല്ല ഗോതമ്പ് വന്നിട്ടുണ്ടെന്ന് കണാരേട്ടന്‍ പറഞ്ഞു.നേരം വൈകിയാല്‍ ഗോതമ്പ് തീര്‍ന്നുപോകും ,,
ഭാസ്കരന്‍ നടത്തത്തിന് വേഗം കൂട്ടി .അപ്പോള്‍ കാര്‍മേഘങ്ങളില്‍ തുളവീഴ്ത്തിക്കൊണ്ട് മഴ ചാറാന്‍ തുടങ്ങിയിരുന്നു.ഭാസ്കരന്‍ പശുക്കളെ തൊഴുത്തിലാക്കി വീട്ടില്‍ എത്തിയപ്പോഴേക്കും മഹിതയുടെ അമ്മ ഗോതമ്പ് വാങ്ങുവാനുള്ള പണവും, സഞ്ചിയുമായി കാത്തുനില്ക്കുന്നുണ്ടായിരുന്നു .ചാറ്റല്‍മഴയുംകൊണ്ട് നടന്നുനീങ്ങുന്ന ഭാസ്കരനെ ചന്ദ്രശേഖരമേനോന്‍ തിരികെവിളിച്ചു .
ഭാസ്കരാ ...നീ മഴയും കൊണ്ടാണോ പോകുന്നത് ,,
ചന്ദ്രശേഖരമേനോന്‍ ഭാര്യയോട് ഭാസ്കരന് കുട എടുത്തുകൊടുക്കാന്‍ പറഞ്ഞു .കുടയും വാങ്ങി ചൂടി ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ ഭാസ്കരന്‍ ധൃതിയില്‍ നടന്നു .ടാറിട്ട പ്രധാന പാതയിലൂടെ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് റേഷന്‍കടയിലേക്ക്.അല്പദൂരം നടന്നാല്‍ പാതയുടെ ഇടതുവശം കുറ്റിക്കാടുകളാണ്. കുറ്റിക്കാട്ടിലൂടെയുള്ള ചെമ്മണ്‍ പാതയിലൂടെ നടന്നാല്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ നടത്തം ലാഭിക്കാം .പ്രധാന പാതയില്‍ നിന്നും ചെമ്മണ്‍പാത ആരംഭിക്കുന്ന ഇടത്തുനിന്നും അലപ്ദൂരത്തായിരുന്നു ഭാസ്കരന്‍റെ അമ്മ കൊലചെയ്യപ്പെട്ടു കിടന്നിരുന്നത് .അവിടെ ദുര്‍മരണം നടന്നതില്‍ പിന്നെ സന്ധ്യകഴിഞ്ഞാല്‍ ആ വഴിയെ മനുഷ്യ സഞ്ചാരം കുറവാണ്.മോക്ഷം ലഭിക്കാത്ത ആത്മാവ് ഗതികിട്ടാതെ രാത്രി കാലങ്ങളില്‍ അവിടമാകെ അലയുന്നുണ്ട് എന്ന് ദുര്‍മരണം നടന്നതില്‍ പിന്നെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പക്ഷെ ഭാസ്ക്കരന്‍ പാതിരാത്രിയിലും ആ വഴിയെ യാത്രചെയ്യാറുണ്ട്.തറവാട്ടിലെ ചന്ദ്രശേഖരമേനോന്‍റെ സഹോദരന്‍റെ മകന്‍ അപ്പു ഭാസ്കരനെ കാരണംകൂടാതെ ദേഹോപദ്രവം എല്പ്പിക്കുന്നത് പതിവാണ് .ദേഹോപദ്രവം ഏറ്റു കഴിഞ്ഞാല്‍ ഭാസ്കരന്‍ നേരെ അമ്മ മരണപ്പെട്ടു കിടന്നിരുന്ന ഇടത്ത് വന്നിരുന്ന് സങ്കടം പറഞ്ഞ് കരയും.ആ വഴിയെ പോകുമ്പോള്‍ അമ്മയുടെ മൃതദേഹം കിടന്നിരുന്ന ഭാഗത്തേക്ക് നോക്കി ഭാസ്കരന്‍ അല്പനേരം നില്‍ക്കും.അപ്പോള്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ അയാളുടെ കണ്ണുകള്‍ ഈറനണിയും .
ബുദ്ധിയുറക്കാത്ത ഭാസ്കരന്‍റെ മനസ്സില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അപ്പുവിനെ നേരില്‍ കാണരുതേ എന്ന പ്രാര്‍ത്ഥനയാണ് .കവലയില്‍ എത്തിയപ്പോള്‍ കാലിത്തീറ്റ വില്പന കേന്ദ്രത്തിന് മുന്‍പില്‍ അപ്പു നില്ക്കുന്നത് ഭാസ്കരന്‍ ദൂരെനിന്നും കണ്ടു.അപ്പുവിന്‍റെ കണ്ണില്‍പ്പെടാതെയിരിക്കുവാന്‍ ഭാസ്കരന്‍ ശ്രമിച്ചുവെങ്കിലും അപ്പു
ഭാസ്ക രനെ കണ്ടു .അയാള്‍ ഭാസ്കരനെ അയാളുടെ അരികിലേക്ക് വിളിച്ചു.അപ്പുവിന്‍റെ അല്പമകലെയായി ഭാസ്കരന്‍ നിന്നു.
,, എടാ പാക്കരാ ...നീ ആ വാങ്ങിവെച്ച കാലിത്തീറ്റയുടെ ചാക്ക് തറവാട്ടില്‍ എത്തിക്ക്.എനിക്ക് കുറച്ചുകൂടി സാധനങ്ങള്‍ വാങ്ങിക്കാനുണ്ട്.ഭാസ്കരന്‍ അപ്പുവിന്‍റെ സൈക്കിളിലേക്ക് നോക്കി പറഞ്ഞു.
,,ഞാ ....ഞാ ഞാന്‍ റെ റേഷന്‍കടേക്ക് പോ .പോ .പോകാ......നേ ....നേ ...നേരം വാ... വാ...വെക്യാ ഗോ...ഗോ...ഗോതമ്പ് തീ ...തീ ..തീരും.ആ ...ആ...അപ്പൂന്‍റെക്കെ സാ ...സാ.സക്കിളുണ്ടല്ലോ ....,,
അപ്പു ഭാസ്കരനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു .
,, നീ ഈ ചാക്ക് തറവാട്ടില്‍ എത്തിച്ചിട്ടെ റേഷന്‍കടയിലേക്ക് പോകുകയുള്ളൂ. അല്ലാതെ നീ ഇവിടെ നിന്നും പോകുന്നത് എനിക്കൊന്നു കാണണം ,,
ഭാസ്കരന്‍ നിസഹായനായി പറഞ്ഞു.
,, ആ ...ആ ...അപ്പു.... വാ ...വാ ..വഴീന്ന്മാ മാ ...മാറിക്കാ ..ഈ ...ഈ...ഇക്ക് പോ...പോ...പോണം ,,
അപ്പു ഭാസ്കരന്‍റെ വള്ളിനിക്കറില്‍ പിടിച്ച് ആകമാനം ഒന്ന് കുടഞ്ഞു.പിന്നെ നാഭിക്ക് നോക്കി തൊഴിച്ചു .തൊഴിയുടെ ആഘാതത്തില്‍ ഭാസ്കരന്‍ നിലത്തുവീണു .ഭാസ്കരന്‍റെ ഇടതു കൈ കല്ലില്‍ തട്ടി ചോരപൊടിഞ്ഞു.ഭാസ്കരന്‍ സങ്കടം സഹിക്കവയ്യാതെ കരഞ്ഞു.അടുത്ത് നിന്നിരുന്ന പരിചയക്കാരന്‍ അപ്പുവിനോടായി പറഞ്ഞു.
,,ഹേയ് ...എന്തിനാ ആ പാവത്തിനെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നത് .ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് വെച്ച് എന്തും ആവാമെന്നാണോ .പോരാത്തതിന് ബുദ്ധിവികാസം ഇല്ലാത്ത ആളും .കഷ്ടണ്ട്ട്ടാ....,,
പരിചയക്കാരന്‍റെ സംസാരം ഇഷ്ടമാകാതെ അപ്പു അയാളോട് തട്ടിക്കയറി.
,, തനിക്ക് അത്രയ്ക്ക് മനക്ലേശമുണ്ടെങ്കില്‍ ഈ മന്ദബുദ്ധിയെ താന്‍ കൊണ്ടുപോയി സംരക്ഷിക്കടോ.,,
പരിചയക്കാരന്‍ പിന്നെ അപ്പുവിനോട് മറുത്തൊന്നും പറഞ്ഞില്ല.അപ്പു ഭാസ്കരനെ വീണ്ടും പൊതിരെ തല്ലി .ഭാസ്കരന്‍ ഗത്യന്തിരം ഇല്ലാതെ കാലിത്തീറ്റയുടെ ചാക്ക് തലയിലേറ്റി കരഞ്ഞുക്കൊണ്ട് തറവാട് ലക്ഷ്യമാക്കി നടന്നുനീങ്ങി .ചന്ദ്രശേഖരമേനോന്‍റെ പടിപ്പുരയുടെ മുന്നിലൂടെയാണ് തറവാട്ടിലേക്ക് പോകേണ്ടത് .ഭാസ്കരന്‍ ചുമടും താങ്ങി വരുന്നത് ചന്ദ്രശേഖരമേനോന്‍ ദൂരെ നിന്നും കണ്ടു .അയാള്‍ പടിപ്പുരയിലേക്ക് നടന്നു .ഭാസ്കരന്‍ അടുത്തെത്തിയപ്പോള്‍ ചന്ദ്രശേഖരമേനോന്‍ ചോദിച്ചു .
,, ഗോതമ്പ് വാങ്ങുവാന്‍ പോയ നീയെന്തിനാ ഈ കാലിത്തീറ്റയുടെ ചാക്കുമായി പോന്നത്.ഗോതമ്പ് വാങ്ങിക്കുവാന്‍ അയച്ചാല്‍ അതല്ലെ വാങ്ങിയിട്ട് വരേണ്ടത് .അതോ നീ പുറത്ത് കൂലിക്ക് പണിയെടുക്കാനും തുടങ്ങിയോ ,,
ഭാസ്കരന്‍ ചന്ദ്രശേഖരമേനോന്‍റെ മുഖത്തേക്ക് നോക്കാതെ അല്പനേരം അവിടെ നിന്നു .ഭാസ്കരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ഭാസ്കരന്‍
,, താ ...താ ...തറവാട്ടിലേക്കാ ,,
എന്നുമാത്രം പറഞ്ഞ് നടന്നുനീങ്ങി .വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി അപ്പു തന്നെ ദേഹോപദ്രവം ചെയ്തപ്പോള്‍ ഭാസ്കരന്‍ പോയി ചന്ദ്രശേഖരമേനോനോട് കാര്യംപറഞ്ഞു. അന്ന് ചന്ദ്രശേഖരമേനോന്‍ അപ്പുവിനെ ചൂരല്ക്കൊണ്ട് തല്ലി . അപ്പുവിന്‍റെ അച്ഛന്‍ സന്ധ്യക്ക് വന്നപ്പോള്‍ അപ്പുവിനെ തല്ലിയ വിവരമറിഞ്ഞ് ചന്ദ്രശേഖരമേനോനുമായി വഴക്കായി .അന്ന് സഹോദരങ്ങള്‍ വഴക്കിടാന്‍ ഹേതുവായ ഭാസ്കരനെ മഹിതയുടെ അമ്മ വഴക്ക് പറഞ്ഞിരുന്നു.തന്നയുമല്ല അന്നുമുതല്‍ അപ്പു ഭാസ്കരന്‍റെ ശത്രുവായി മാറി.അവസരം കിട്ടിയാല്‍ അപ്പു ഭാസ്കരനെ മര്‍ദ്ദിക്കുന്നത് പതിവാക്കി .പിന്നീട് അപ്പു ഭാസ്കരനെ മര്‍ദ്ദിക്കുമ്പോള്‍ നിസഹായനായി ഭാസ്ക്കരന്‍ മര്‍ദ്ദനം ഏറ്റുവാങ്ങും .ജീവിച്ചിരിക്കുന്നവരോട് ആരോടുംതന്നെ ഭാസ്കരന്‍ പരാതി പറഞ്ഞില്ല.വല്ലാതെ സങ്കടം തോന്നുമ്പോള്‍ അയാള്‍ അമ്മ കൊലചെയ്യപ്പെട്ടു കിടന്നിരുന്നിടത്ത് പോയി സങ്കടം പറയും .കുറ്റിക്കാട്ടില്‍ എങ്ങോ അമ്മയുണ്ട് എന്നാണ് അയാളുടെ വിശ്വാസം .തറവാട്ടില്‍ ചുമടിറക്കി റേഷന്‍കടയില്‍ പോയി ഗോതമ്പ് വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ എട്ടുമണികഴിഞ്ഞിരുന്നു .
വെള്ളിയാഴ്ച സന്ധ്യക്ക് മഹിതയും ഭര്‍ത്താവും വീട്ടിലെത്തി .മഹിതയെ വീട്ടിലാക്കി മഹിതയുടെ ഭര്‍ത്താവ് അപ്പോള്‍ തന്നെ അയാളുടെ ഇരുചക്രവാഹനത്തില്‍ പട്ടണത്തിലേക്ക് പോയി. തിരികെ വന്നത് പത്തുമണിക്ക് ശേഷമാണ് .അയാള്‍ മദ്യപിച്ചിരുന്നു .കൈയില്‍ രണ്ടു മദ്യകുപ്പികളും ഉണ്ടായിരുന്നു.വന്നയുടനെ അയാള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയി.അത്താഴം വിളമ്പി രാജീവിനെ കാത്തിരുന്നവര്‍ നിരാശരായി .രാജീവിന്‍റെ പ്രവര്‍ത്തികള്‍ കണ്ട ചന്ദ്രശേഖരമേനോന്‍ ധര്‍മസങ്കടത്തിലായി .
രാവിലെ മഹിത തൊടിയിലാകെ ചുറ്റിനടന്നു .ഹരിതാഭമായ കാഴ്ചകള്‍ കാണുന്നത് മനസ്സിനൊരു കുളിരാണ്.മുരിങ്ങാ മരത്തില്‍ നിറയെ മുരിങ്ങ കായ്ച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ മഹിത ഭാസ്ക്കാരനെ വിളിച്ച് മുരിങ്ങ . പറിക്കുവാന്‍ പറഞ്ഞു .അയാള്‍ മരത്തില്‍ കയറി മുരിങ്ങ പറിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങോനിന്നും വന്ന കടന്നല്‍ മഹിതയുടെ ദേഹത്ത് കുത്തി പറന്നുപോയി വലിയയിനം കടന്നലായിരുന്നു കുത്തിയത് . കഠിനമായ വേദനയാല്‍ മഹിത നിന്ന് പുളഞ്ഞു .ഭാസ്കരന്‍ മരത്തില്‍നിന്ന് ചാടിയിറങ്ങി ചോദിച്ചു .
,,എ...എ എന്താ മാ...മാ..മഹിത കു ....കു ...കുഞ്ഞേ ഊ ...ഊ ..ഉണ്ടായെ ,,
കടച്ചില്‍ സഹിക്കവയ്യാതെ മഹിത പറഞ്ഞു.
,,ഭാസ്കരേട്ടാ ...എന്‍റെ പുറത്ത് കടന്നല്‍ കുത്തിയെന്ന് തോന്നുന്നു .കടന്നലിന്‍റെ കൊമ്പ് മുറിഞ്ഞിരിക്കുന്നുണ്ടാവും അത് എടുക്കൂ ഭാസ്കരേട്ടാ ..,,
മഹിത മാക്സിയുടെ മൂന്ന് ഹുക്കുകളും അഴിച്ച് വസ്ത്രം അല്പം നീക്കിക്കൊടുത്തു.ഭാസ്കരന്‍ മഹിതയുടെ ദേഹത്ത് കയറിയ കൊമ്പ് കണ്ടുപ്പിടിച്ചു .കൊമ്പ് കുത്തിയ ഭാഗത്ത് ചുവന്ന് തിണര്‍ത്തിരിക്കുന്നു.അപ്പോള്‍ രാജീവ് പല്ല് തേച്ചുകൊണ്ട് കിണറിന് അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു .അവിടെ നിന്നാല്‍ ഭാസ്കരനേയും മഹിതയേയും രാജീവിന് കാണാം പുറംതിരിഞ്ഞു നില്‍ക്കുന്ന മഹിതയുടെ ശരീരത്തോട് ചേര്‍ന്നുനിക്കുന്ന ഭാസ്കരനെ കണ്ടപ്പോള്‍ രാജീവിന്‍റെ സമനില തെറ്റി .അയാള്‍
,,കഴുവേറിയുടെ മോനേ ,,
എന്നുപറഞ്ഞുകൊണ്ട് അവരുടെ അരികിലേക്ക് പാഞ്ഞടുത്തു .. മഹിത പറയുന്നത് ചെവിക്കൊള്ളാതെ രാജീവ് ഭാസ്കരനെ പൊതിരെ മര്‍ദ്ദിച്ചു .രാജീവിനെ പിടിച്ചുമാറ്റുവാന്‍ ശ്രമിച്ച മഹിതയുടെ നേര്‍ക്കായി പിന്നീട് അയാളുടെ ആക്രമണം .സമനില തെറ്റിയ രാജീവ് പറഞ്ഞു.
,, ഈ മന്ദബുദ്ധിയില്‍ നിന്നുള്ള സുഖത്തിന് വേണ്ടിയാണ് നീ ഇവിടേയ്ക്ക് വരുവാന്‍ തിടുക്കം കൂട്ടിയത് അല്ലെ .എനിക്കിത് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.നീ പതിവ്രതയല്ല ,,
രാജീവ് അലറിക്കൊണ്ട് മഹിതയെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ ഭാസ്കരനത് സഹിച്ചില്ല. ഭാസ്കരന്‍ അയാളെ ശക്തിയായി തള്ളിമാറ്റി. രാജീവ് തള്ളലിന്‍റെ ശക്തിയാല്‍ നിലംപതിച്ചു .തൊടിയിലെ ബഹളം കേട്ട് ചന്ദ്രശേഖരമേനോനും പത്നിയും അവരടെ അരികിലേക്ക് ഓടിവന്നു.അപ്പോള്‍ ഭാസ്കരന്‍ രാജീവിനെ മര്‍ദ്ദിക്കുന്നതാണ് ചന്ദ്രശേഖരമേനോനും പത്നിയും കണ്ടത് .ചന്ദ്രശേഖരമേനോന്‍ ഭാസ്കരനെ തള്ളിമാറ്റി കരണത്തടിച്ചു.ഭാസ്കരന്‍ സ്തംഭിച്ചു നിന്നു.ചന്ദ്രശേഖരമേനോന്‍ ഭാസ്കരന്‍റെ മുഖത്ത് നോക്കി പറഞ്ഞു .
,, ആരെയാണ് നീ ഈ തല്ലുന്നത് .നിനക്ക് എങ്ങിനെ ധൈര്യം വന്നു മോനെ തല്ലാന്‍.ഉണ്ട ചോറിന് നന്ദിയില്ലാത്ത തെണ്ടി കടന്നുപോടാ ഇവിടെന്ന് .,,
ചന്ദ്രശേഖരമേനോന്‍ ഭാസ്കരനെ പിടിച്ചുതള്ളി .മഹിത.....
,, അച്ചാ അരുത്...... ഭാസ്കരേട്ടന്‍ പാവമാണ്,,
എന്നുപറഞ്ഞുകൊണ്ട് അലമുറയിട്ട് കരഞ്ഞു.ഭാസ്കരന്‍ കുഞ്ഞുങ്ങളെ പോലെ തേങ്ങിക്കരഞ്ഞുക്കൊണ്ട് ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ ഇരുകൈകള്‍കൊണ്ട് തുടച്ചുനീക്കി ലക്ഷ്യസ്ഥാനം അറിയാതെ തിരിഞ്ഞു നടന്നു .അപ്പോള്‍ ഭാസ്കരന്‍ പറിച്ചെടുത്ത മുരിങ്ങക്കായകള്‍ അവിടമാകെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.qa