ചിന്താക്രാന്തൻ

8 August 2015

ചെറുകഥ . ജന്മവിച്ഛേദം


പണിതീരാത്ത വീടിന്‍റെ ഉമ്മറത്ത് കുടുംബസ്വത്ത് വീതം വെയ്ക്കുമ്പോള്‍ ചോദിച്ചു വാങ്ങിയ തന്‍റെ പിതാവ് ഉപയോഗിച്ചിരുന്ന  ചാരുകസേരയില്‍ കിടക്കുകയാണ് മുരളീധരന്‍ .ഓര്‍മകളുടെ  ഭാണ്ഡക്കെട്ടിന്‍റെ കെട്ടഴിഞ്ഞിരിക്കുന്നു .കൊഴിഞ്ഞുപോയ ജീവിത യാത്രയിലെ ഒരോ താളുകളും അയാളുടെ മനസ്സില്‍ മിന്നി മറിഞ്ഞുകൊണ്ടിരുന്നു  .  ഇടവമാസത്തിലെ  ഇത്തവണത്തെ  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരിക്കുന്നു .മേല്‍ക്കൂരയില്‍ നിന്നും ശക്തിയായി പ്രവഹിക്കുന്ന മഴവെള്ളം മുന്‍പ് രൂപാന്തരപ്പെട്ട കുഴിയിലേക്ക് പതിച്ച് നിറഞ്ഞുകവിഞ്ഞ്   ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകുന്നു  .മുറ്റം നിറയെ മഴവെള്ളം നിറഞ്ഞിരിക്കുന്നു .മഴവെള്ളത്തിലേക്ക് ശക്തിയായി പ്രവഹിക്കുന്ന അനേകായിരം  മഴത്തുള്ളികളുടെ ശബ്ദം ശ്രവിക്കുക എന്നത് അയാളുടെ ഇഷ്ടങ്ങളില്‍ ഒന്നാണ് .  കഴിഞ്ഞ ദിവസം ഇളയ മകള്‍ സരസ്വതി കുഴിച്ചിട്ട പത്തുമണി പുഷ്പ ചെടികള്‍ മഴവെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ ഒഴികിപോകുന്നത് നിസഹായനായി അയാള്‍ നോക്കിയിരുന്നു.അലങ്കാര ചെടികള്‍ വളര്‍ത്തുക എന്നതാണ് സരസ്വതിയുടെ പ്രധാന വിനോദം .ചെടിച്ചട്ടികളിലെ ചെടികള്‍ കാറ്റിനാല്‍ ഉലയുമ്പോള്‍ ആവശ്യാനുസരണം വെള്ളം ലഭിച്ചതിലുള്ള സന്തോഷത്താല്‍ ചെടികള്‍    നൃത്തമാടുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .

ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍റെ   ആഗ്രഹം മക്കള്‍ എല്ലാവരും ഒരു വീട്ടില്‍ത്തന്നെ ജീവിക്കണം എന്നതായിരുന്നു .അച്ഛനും,അമ്മയും സഹോദരന്മാരും സഹോദരികളും കൂടി ഒരുമിച്ചുള്ള ജീവിതം എത്ര മനോഹരമായിരുന്നു .  പത്തുമക്കളില്‍ ഏഴാമനാണ് മുരളീധരന്‍. മൂന്നു സഹോദരിമാരും   അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിവാഹിതരായിരുന്നു .  അച്ഛന്‍റെ  മരണം മുരളീധരന്‍റെ ജീവിതത്തില്‍ കഷ്ടതകളുടെ പ്രഹരമാണ് ഏല്‍പ്പിച്ചത്.മരണ സമയത്ത് അഞ്ചു സഹോദരങ്ങളും വിദേശ രാജ്യങ്ങളിലായിരുന്നു .ഇപ്പോഴും അവരൊക്കെ വിദേശ രാജ്യങ്ങളില്‍ തന്നെ ജോലി നോക്കുന്നു.ഏറ്റവും ഇളയ സഹോദരന്‍ നാട്ടില്‍ ഭൂമി കച്ചവടവും മറ്റുമായി ജീവിക്കുന്നു .കൂട്ടുകുടുംബത്തിലെ ജീവിതം അന്യമായപ്പോള്‍ ജീവിതത്തിനു മുന്‍പില്‍ പകച്ചുപോയി മുരളീധരന്‍.അച്ഛന് സ്വന്തമായി മൂന്ന്‍ ഏക്കറില്‍ കൂടുതല്‍ പറമ്പും രണ്ട് ഏക്കര്‍ വയലും ഉണ്ടായിരുന്നു .ഒരു മുഴുനീള കര്‍ഷകനായിരുന്നു അച്ഛന്‍ .കാര്‍ഷിക വൃത്തിയില്‍ അച്ഛന്‍റെ സഹായിയായി ജീവിക്കുവാനായിരുന്നു മുരളീധരന്‍റെ നിയോഗം .ആ നിയോഗത്തില്‍ അച്ഛന്‍ മരണപെടുന്നത് വരെ  അയാള്‍ പൂര്‍ണ സംതൃപ്തനുമായിരുന്നു .ഉണ്ടായിരുന്ന കൃഷി ഭൂമി പത്തായി വീതം വെച്ചപ്പോള്‍ ലഭിച്ച അമ്പതു സെന്റ്‌ ഭൂമി അയാള്‍ കൂടുതല്‍  ഹരിതാഭമാക്കി .

സഹോദരങ്ങള്‍ വിദേശത്തു നിന്നും അയക്കുന്ന പണം സ്വരൂപിച്ച് അവരവരുടെ പേരില്‍ അച്ഛന്‍  ഗ്രാമത്തില്‍ ഭൂമി വാങ്ങി കൂട്ടിക്കൊണ്ടിരുന്നു .ഓരോ മക്കളും വിവാഹപ്രായമാകുമ്പോള്‍ അവര്‍ക്ക് വേണ്ടി പുതിയ കിടപ്പ് മുറികള്‍ അച്ഛന്‍ പണിതുയര്‍ത്തി  .ഇപ്പോള്‍ തറവാട്ടില്‍ മൊത്തം പതിനൊന്ന് കിടപ്പ് മുറികളുണ്ട് . അച്ഛന്‍ മരണപ്പെടുന്നതിന് ആറുമാസം മുന്‍പാണ് അമ്മയുടെ വിയോഗം .സ്തനാർബുദം  ബാധിച്ച അമ്മയുടെ  രണ്ടു സ്തനങ്ങളും നീക്കം ചെയ്തിരുന്നു.മൂത്ത സഹോദരന്‍ അയാളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ സ്വന്തമായി വീട് പണിത് താമസം മാറണം എന്ന് പറഞ്ഞപ്പോള്‍  അന്ന് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ മുരളീധരന്‍ ഓര്‍ത്തു .

,, ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് ഇങ്ങനെയാണ്. സ്വന്തമായി പണം സമ്പാദിച്ചാല്‍ പിന്നെ  സ്വന്തമായി വീട് പണിയണം, ഭാര്യയും കുഞ്ഞുങ്ങളുമായി സ്വസ്ഥമായി തനിയെ ജീവിക്കണം .ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് അച്ഛനും ,അമ്മയും ,സഹോദരങ്ങളും ഒന്നും വേണ്ട അവരുടെ സ്നേഹവും വേണ്ട .എനിക്കും നിന്‍റെ അമ്മയ്ക്കും ഒരേഒരു ആഗ്രഹമേയുള്ളൂ .ഞങ്ങളുടെ കണ്ണുകള്‍ എന്നെന്നേയ്ക്കുമായി അടയുന്നത് വരെ ഞങ്ങളുടെ മക്കള്‍ ഞങ്ങളുടെ അരികില്‍ തന്നെ  ഉണ്ടാവണം എന്ന് .നിങ്ങളുടെ മക്കളെ താരാട്ട് പാടി ഉറക്കിയും കഥകള്‍ പറഞ്ഞു കൊടുത്തും അവരുടെയൊക്കെസ്നേഹം ആവോളം ആസ്വദിച്ച്  ഞങ്ങള്‍ക്ക് അവരെയൊക്കെ വളര്‍ത്തണം .ഇനി നിനക്ക് വേറെ വീട് ഇപ്പോള്‍ തന്നെ പണിയണം എന്നുണ്ടെങ്കില്‍ അങ്ങിനെയാവാം. പക്ഷെ പിന്നെ അച്ഛനേം അമ്മയേം കാണാനായി എന്‍റെ മോന്‍ ഈ വീടിന്‍റെ പടി ചവിട്ടരുത് ,,

അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏട്ടന്‍ ഒന്നും ഉരിയാടാതെ കിടപ്പ് മുറിയിലേക്ക് കയറിപ്പോയി .ഏട്ടത്തിയുടെ നിര്‍ബന്ധം മൂലമാണ് അന്ന് അച്ഛനോട് ഏട്ടന്‍ അങ്ങിനെ സംസാരിച്ചത് .പിന്നീട് ആ വീട്ടില്‍ ആരുംതന്നെ വീട് മാറി താമസിക്കണം എന്ന് അച്ഛനോട് പറയുന്നത് മുരളീധരന്‍ കേട്ടിട്ടില്ല .ഏട്ടന്‍ പോയി രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഏട്ടത്തിയും മക്കളും വിദേശത്തേക്ക്  പോയി .മുരളീധരന്‍റെ വിവാഹവും ആര്‍ഭാടമായി തന്നെയാണ് നടത്തപ്പെട്ടത് .സ്വന്തമായി ഒരു സമ്പാദ്യവും അയാള്‍ക്കുണ്ടായിരുന്നില്ല .പറമ്പിലും ,വയലിലും തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിച്ചും,സ്വയം തൊഴിലെടുത്തും വര്‍ഷങ്ങള്‍ പോയതയാള്‍  അറിഞ്ഞില്ല

.സാമ്പത്തീകമായ ഒരു ബുദ്ധിമുട്ടുകളും അച്ഛന്‍റെ മരണംവരെ അയാള്‍ അറിഞ്ഞിരുന്നില്ല .പക്ഷെ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ ജീവിതത്തിന് താളപ്പിഴകള്‍ സംഭവിച്ചുതുടങ്ങി .അച്ഛന്‍റെ മരണശേഷം കൂട്ടുകുടുംബം നാമാവശേഷമായി.അച്ഛന്‍ മരണപ്പെട്ട് നാലാം മാസം സ്വത്തുക്കള്‍ വീതംവച്ചു .നാട്ടുനടപ്പ് പ്രകാരം ഏറ്റവും ഇളയ സഹോദരന് വീട് ലഭിച്ചു .പക്ഷെ വീട് രണ്ടാമത്തെ സഹോദരന്‍ ഇളയ സഹോദരനില്‍ നിന്നും വിലയ്ക്ക് വാങ്ങിച്ചു .മറ്റുള്ള സഹോദരങ്ങള്‍ അവരവര്‍ക്ക് ലഭിച്ച ഭൂമിയില്‍  ധൃതഗതിയില്‍    വീടിന്‍റെ പണികള്‍ ആരംഭിച്ചു  . വീട് പണിയുവാന്‍ ലക്ഷങ്ങള്‍ വേണം. ഒരു പതിനായിരം രൂപ പോലും  തികച്ചെടുക്കുവാനില്ലാത്ത മുരളീധരന്‍  എന്ത് ചെയ്യണം എന്നറിയാതെ  പകച്ചുപോയി.തറവാട് വാങ്ങിയ സഹോദരന്‍ തറവാട്ടില്‍ അയാളോടൊപ്പം  താമസിക്കുവാന്‍ മുരളീധരനോട് പറഞ്ഞു .മനസ്സില്ലാമനസ്സോടെ വേറെയൊരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ട് മുരളീധരനും ,രണ്ടു പെണ്‍മക്കളും,ഭാര്യയും തറവാട്ടില്‍ തന്നെ ജീവിതം തുടര്‍ന്നു .

 തറവാട് വാങ്ങിയ സഹോദരന്‍ പാവമായിരുന്നു സഹോദരന്‍ വിദേശത്തേക്ക് പോയപ്പോള്‍ ഏട്ടത്തിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം മുരളീധരനെ അത്ഭുതപ്പെടുത്തി .എന്ത് പ്രവര്‍ത്തിയിലും വീടിന്‍റെ അവകാശം ഏട്ടത്തിയുടെ സ്വഭാവത്തില്‍ പ്രതിഫലിച്ചുക്കൊണ്ടിരുന്നു.അടുക്കളയിലെ പണികളും മറ്റും  തന്‍റെ ഭാര്യയും മക്കളും ചെയ്യണം. കോളെജില്‍ പോകുന്ന മക്കളുടെ ആവശ്യങ്ങള്‍ക്കും മറ്റും ഏട്ടത്തിയുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന തന്‍റെ വിധിയെ ഓര്‍ത്ത്‌ അയാള്‍ സങ്കടപ്പെട്ടു .ഏട്ടന്‍റെ മക്കള്‍ പുതു വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ തന്‍റെ മക്കള്‍ പഴകിയ വസ്ത്രങ്ങള്‍ ധരിച്ചുക്കൊണ്ട് നടന്നു .ഏട്ടന്‍റെ മക്കള്‍  എന്നും പാലും മുട്ടയും  കഴിക്കണം എന്ന് എട്ടത്തിക്ക് നിര്‍ബന്ധമായിരുന്നു .തന്‍റെ മക്കള്‍ക്ക്‌ അതൊന്നും ലഭിച്ചിരുന്നില്ല .പിന്നെ പിന്നെ വേലക്കാരുടെ അവസ്ഥയിലേക്ക് മുരളീധരനും കുടുംബവും പരിണമിച്ചു .ഭാര്യയുടേയും മക്കളുടേയും അവസ്ഥ കണ്ട് അയാള്‍ക്ക്‌ തറവാട്ടില്‍ തുടര്‍ന്നു ജീവിക്കുവാന്‍ താത്പര്യം ഇല്ലാതെയായി .ഗ്രാമത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത്  മുരളീധരനും കുടുംബവും അവിടേയ്ക്ക് താമസം മാറി .മറ്റുള്ള സഹോദരന്മാര്‍ ആരുംതന്നെ സ്ഥിരതാമസത്തിനായി   അവരുടെ വീട്ടിലേക്ക് മുരളീധരനേയും കുടുംബത്തേയും ക്ഷണിച്ചില്ല .

തന്‍റെ കൂടപ്പിറപ്പുകളില്‍ നിന്നും ഒറ്റപ്പെട്ടുപോയതില്‍ മുരളീധരന്‍ വല്ലാതെ സങ്കടപ്പെട്ടു . സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബാംഗങ്ങള്‍ ഇപ്പോള്‍ പരസ്പരം കാണുന്നത് തന്നെ വിരളമാണ് .  മുരളീധരന്‍ ജോലി അന്യേഷിച്ചുക്കൊണ്ടിരുന്നു . നിരന്തരമുള്ള  അന്യേഷണത്തിനൊടുവില്‍ ഒരു പലചരക്കുകടയില്‍ അയാള്‍ക്ക്‌ ജോലി ലഭിച്ചു .വീട് വാടക കൊടുത്താല്‍ ബാക്കി മൂവായിരം രൂപയാണ് മിച്ചം വെയ്ക്കാന്‍ ഉള്ളത്. അതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവുകളും വീട്ടിലെ ചിലവുകളും നടത്തേണം .വീതംവച്ചതില്‍ നിന്നും ലഭിച്ച അമ്പതു സെന്റു ഭൂമിയില്‍ മുപ്പതില്‍ പരം തെങ്ങുകളുണ്ട്. അവയില്‍ നിന്നും ലഭിക്കുന്ന നാളികേരം വില്‍പ്പന ചെയ്‌താല്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കുന്ന പണത്തിന്‍റെ പകുതിയോളം നല്‍കണം .തെങ്ങുകയറ്റ കൂലി കൂടുതലായത് കൊണ്ട് മൂന്നു മാസം കൂടുമ്പോഴാണ് തെങ്ങ് കയറ്റിപ്പിക്കുന്നത് . പലചരക്കുകടയില്‍ ജോലിക്ക് പോകുന്നതിലുള്ള നീരസം  സഹോദരങ്ങള്‍ അയാളെ  അറിയിച്ചു. അയാളും കുടുംബവും എങ്ങിനെ ജീവിക്കുന്നു എന്ന് ആരുംതന്നെ തിരക്കിയില്ല .ജീവിത ഉപാധികളും ആരും നിര്‍ദേശിച്ചില്ല .എല്ലാവര്‍ക്കും അഭിമാന ക്ഷതമാണ് പ്രശ്നം .

സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുവാന്‍ എന്ത് ചെയ്യും  എന്ന ആലോചനയ്ക്കിടയില്‍  ഭാര്യ അയാളോട് പറഞ്ഞു.

,,   നമുക്ക് നമ്മുടെ  അമ്പതു സെന്റ്‌ ഭൂമിയില്‍  നിന്നും പകുതി വില്‍ക്കാം. ആ രൂപ ക്കൊണ്ട് നമുക്ക് ഒരു ചെറിയ വീട് പണിയാം .എത്ര നാളാ ഇങ്ങിനെ വാടക വീട്ടില്‍ താമസിക്കുന്നത് ,,

മുരളീധരന്‍ കിടന്ന കിടപ്പില്‍ നിന്നും തലയണ ചുമരിനോട് ഉയര്‍ത്തി വെച്ച്  അല്പം  നിവര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു .

,, നമ്മുടെ മക്കള്‍ക്ക്‌ പത്തൊന്‍പതും , പതിനേഴും,വയസ്സായി നമുക്ക് അവരെ വിവാഹംകഴിപ്പിച്ചയക്കേണ്ടേ ...ഭൂമി വില്‍ക്കുന്ന പണംകൊണ്ട് വീട് പണിതാല്‍ മക്കളുടെ വിവാഹം എങ്ങിനെ നടത്തും ,,

അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചുക്കൊണ്ട് പറഞ്ഞു .

,, ഈ കാലത്ത് സ്വന്തമായി വീടില്ലാത്ത നമ്മുടെ മക്കള്‍ക്ക്  നല്ല കുടുംബത്തില്‍ നിന്നും ഒരു  ബന്ധം ലഭിക്കുമോ ? ഇപ്പോള്‍ നമുക്ക് സ്വന്തമായി ഒരു വീടാണ് പ്രധാനം നമുക്ക് അതിനുള്ള വഴി നോക്കാം പിന്നീടുള്ള ജീവിതം ഈശ്വരന്‍ നിശ്ചയിച്ചത് പോലെ നടക്കട്ടെ ,,

ഭൂമി വില്‍പ്പനയ്ക്കായി ഗ്രാമത്തിലെ ദല്ലാള്‍ ഇസ്മായിലിനെ മുരളീധരന്‍ ഇറച്ചി കടയില്‍ പോയി കണ്ടു .ഇറച്ചി വില്പനയും ഭൂമി കച്ചവടവുമാണ് ഇസ്മായിലിന്‍റെ തൊഴില്‍ .  കടയില്‍ നല്ല തിരക്കുള്ള സമയമായത്‌ കൊണ്ട് മുരളീധരന്‍ കടയുടെ പുറത്ത് കാത്തുനിന്നു .അല്പം കഴിഞ്ഞപ്പോള്‍ ഇസ്മായില്‍ മുരളീധരന്‍റെ അരികിലേക്ക് വന്നു .


,, ആരാ ഈ വന്നിരിക്കുന്നത്. എന്താ ചെയ്യാ ഓരോരുത്തര്‍ക്കും ഓരോരെ വിധി അല്ലാണ്ട് ഞമ്മള് എന്താ പറയാ .ഇങ്ങക്ക് തടീം മിടുക്കും ഉള്ള കുറേ സഹോദരങ്ങള് ഉണ്ടല്ലാ .എല്ലാരെ കയ്യിലും വെണ്ടുവോളം പണോം ഉണ്ട് എന്നിട്ടല്ലേ ഇങ്ങള് വാടക വീട്ടില് താമസിക്കണത് .കൂടപ്പിറപ്പുകള്‍ക്ക് കണ്ണീ ചോര ഇല്ലാണ്ടായാല്‍ ഇങ്ങനെയിരിക്കും .ഇങ്ങളെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് വിഷമം ഉണ്ട്‌ട്ടാ .ആട്ടെ ഇങ്ങള് വന്ന കാര്യം പറയീം ,,

മുരളീധരന്‍  ഇസ്മായിലിനെ കടയുടെ മുന്‍ഭാഗത്തു നിന്നും അല്‍പംകൂടി മാറ്റി നിര്‍ത്തി പറഞ്ഞു .

,, എനിക്ക് ആരും ഇല്ലാണ്ടായി ഇസ്മായില്‍ക്കാ ..എന്നും എന്‍റെ കൂടപ്പിറപ്പുകള്‍ എന്‍റെ കൂടെ ഉണ്ടാവും എന്ന് കരുതിയ ഞാനൊരു മണ്ടനായി  പറമ്പും, വീടും, വയലും നോക്കി നടന്ന് ഞാന്‍ പെരുവഴിയിലായി .ആരോഗ്യമുള്ള കാലത്ത് വിദേശത്തേക്ക് പോയിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈ ഗതി വരില്ലായിരുന്നു .എനിക്ക് വീതംവച്ചു കിട്ടിയ അമ്പതു സെന്റ്‌ ഭൂമിയില്‍  നിന്നും പകുതി ഭൂമി  വില്‍ക്കണം .എന്നിട്ട് ഭാക്കിയുള്ള സ്ഥലത്ത് ഒരു വീട് പണിയണം .ഇസ്മായില്‍ക്കാ എന്‍റെ പറമ്പ് വില്പന ചെയ്തു തരണം ,,

ഇസ്മായിലിന്‍റെ മുഖത്ത് അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ സഹതാപം നിഴലിച്ചിരുന്നു .ഇസ്മായില്‍ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .

,, ഇങ്ങള് ദൈര്യമായി പോയ്ക്കൊളീന്‍. കിട്ടാവുന്നതില്‍ നല്ല വെല ഇങ്ങടെ പറമ്പിന് ഞമ്മള് വാങ്ങിച്ചു തരും .ആളേം കൂട്ടി ഞാന്‍ ഉടനെ അവിടേക്ക് വന്നേക്കാം ,,

ഇസ്മായിലിനോട് യാത്ര പറഞ്ഞ് മുരളീധരന്‍ വീട്ടിലേക്ക് നടന്നു .മനസ്സില്‍ സങ്കടം നിറഞ്ഞു നില്‍ക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ആകപ്പാടെ ഒരു വല്ലാത്ത അസ്വസ്ഥത .ഉള്ള ഭൂമിയല്‍ നിന്നും ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍  പകുതി ഭൂമി തനിക്ക് നഷ്ടമാകും .ജീവിതത്തിന് ഒരു സന്തോഷവും ഇല്ലാണ്ടായിരിക്കുന്നു .പ്രാരാബ്ദവും വേവലാതികളും ജീവിതത്തില്‍ കുമിഞ്ഞുകൂടുന്നു .ഇയ്യോബിന്‍റെ പുസ്തകത്തില്‍ വായിച്ച വാക്യം അപ്പോള്‍ അയാള്‍ ഓര്‍ത്തു . "അമ്മയുടെ ഉദരത്തിൽ നിന്ന് ഞാൻ നഗ്നനായി വന്നു; നഗ്നനായി മടങ്ങും; ദൈവം തന്നു; ദൈവം എടുത്തു "

അടുത്ത ദിവസ്സം രാവിലെ  മുരളീധരന് ലഭിച്ച ഭൂമിയുടെ അതിര്‍ത്തി പങ്കിടുന്ന ഭൂമിയുടെ അവകാശിയായ ഏട്ടന്‍റെ ഭാര്യ മുരളീധരനെ കാണുവാന്‍ വന്നു .അവര്‍ക്ക് പറയുവാനുള്ളത്‌ അവര്‍ പറഞ്ഞു .

,, മുരളിയുടെ  വസ്തുവില്‍ നിന്നും പാതി വസ്തു വില്‍ക്കുന്നൂ എന്ന് അറിഞ്ഞ് ഇന്നലെ ഏട്ടന്‍ വിളിച്ചിരുന്നു .പുറത്തുള്ളവര്‍ക്ക് എന്തിനാ ഭൂമി വില്‍ക്കുന്നത് .വില്‍ക്കുന്ന വസ്തു ഞങ്ങള്‍ എടുത്തോളാം. നാട്ടില്‍ ഇപ്പോഴുള്ള വില ഞങ്ങള്‍ തരാം .പുറമേക്ക് ഭൂമി വില്‍പന ചെയ്‌താല്‍ ഭൂമി വാങ്ങിക്കുന്നവര്‍ നല്ല സ്വഭാവക്കാര്‍ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടെ സ്വസ്ഥമായി ജീവിക്കുവാന്‍ ആവുമോ ?,,

മുരളീധരന്‍ എന്ത് മറുപടി പറയണം എന്ന് അറിയാതെ വിഷമിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബാഗില്‍ നിന്നും ഒരു കെട്ട് നോട്ടെടുത്ത് മുരളീധരന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ഏട്ടത്തി  പറഞ്ഞു .

,, ഇത് അഡ്വാന്‍സ് രണ്ടു ലക്ഷം രൂപയുണ്ട് ഇനി ഇന്ന് ഏട്ടന്‍ മുരളിക്ക് വിളിക്കും അപ്പോള്‍ വിലയും മറ്റു കാര്യങ്ങളും സംസാരിക്കും ,,

അങ്ങിനെ ഭൂമി സഹോദരന് തന്നെ കച്ചവടമായി .വേറെയൊരു സഹോദരന്‍ ഭൂമി വില്‍ക്കുന്ന കാര്യം അയാളോട് പറയാത്തതില്‍ പരിഭവം പ്രകടിപ്പിച്ചു .ഇസ്മായില്‍ ഭൂമി വാങ്ങിക്കുവാന്‍  ആളെയായി വന്നെങ്കിലും ഭൂമി കച്ചവടം കഴിഞ്ഞ വിവരം പറഞ്ഞപ്പോള്‍ അവര്‍  തിരികെ പോയി.  അവര്‍ പറഞ്ഞ വിലയെക്കാളും കുറഞ്ഞ വിലയ്ക്കാണ് സഹോദരന് ഭൂമി കച്ചവടം ചെയ്തത് എന്ന തിരിച്ചറിവ് മുരളീധരനെ സങ്കടപ്പെടുത്തിയെങ്കിലും ,കൂടപ്പിറപ്പിനാണല്ലോ എന്നോര്‍ത്ത് ആശ്വാസിച്ചു .ആറുമാസത്തെ കരാറിലാണ് കച്ചവടം വീടിന്‍റെ പണി നടക്കുന്നതിനിടയില്‍ ആവശ്യമായ രൂപ നല്‍കാം എന്നും തീരുമാനമായി .വീടിന്‍റെ പണികള്‍ ധൃതഗതിയില്‍ തുടങ്ങിയെങ്കിലും ആവശ്യാനുസരണം രൂപ സഹോദരന്‍റെ പക്കല്‍ നിന്നും ലഭിക്കാത്തത് കൊണ്ട് പലപ്പോഴും വീടിന്‍റെ  പണികള്‍ മുരളീധരന് നിറുത്തിവേയ്ക്കേണ്ടി വന്നു .

മഴയ്ക്ക്‌ ശമനം വന്നപ്പോള്‍ ചാരുകസേരയില്‍ നിന്നും എഴുനേറ്റ്  മുരളീധരന്‍ മുറ്റത്തേക്കിറങ്ങി .സരസ്വതി മഴവെള്ളത്തില്‍  ഒലിച്ചുപോയ  പത്തുമണിപുഷ്പ  ചെടികള്‍ പെറുക്കിയെടുത്തു കുഴിച്ചിടുന്നത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു .

,, മോളെ ആ ചെടികള്‍ ചട്ടിയിലോ ചാക്കില്‍ മണ്ണ് നിറച്ചോ കുഴിച്ചിടൂ.... അല്ലെകില്‍ അടുത്ത മഴയ്ക്ക് അതെല്ലാം ഒലിച്ചു പോകും ,,

സരസ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു .

,, ഒഴിവായ ചെടിച്ചട്ടികള്‍ ഇല്ല അച്ചാ.... ഞാന്‍ പോയി പ്ലാസ്റ്റിക് ചാക്ക് അടുക്കളയിലോ മറ്റോ ഉണ്ടോ എന്ന് നോക്കട്ടെ .

അല്‍പം കഴിഞ്ഞപ്പോള്‍ സരസ്വതി ചാക്കുമായി വന്നു .അവള്‍ കൈകൊട്ടുക്കൊണ്ട് ചാക്കിലേക്ക് മണ്ണ് വെട്ടിയിടുന്നത് കണ്ടപ്പോള്‍ മുരളീധരന്‍  കൈകൊട്ടു വാങ്ങി മണ്ണ് ചാക്കിലേക്ക് വെട്ടിയിട്ട് കൊടുക്കുവാന്‍ ആരംഭിച്ചു .മണ്ണ് വെട്ടിയ കൈകോട്ട് അയാളുടെ കയ്യില്‍ നിന്നും തെന്നി വെട്ട് കാല്‍പാദത്തില്‍ കൊണ്ടു .കാല്‍പാദത്തില്‍ നിന്നും രക്തം ചീറ്റിയപ്പോള്‍ സരസ്വതി ബോധരഹിതയായി നിലംപതിച്ചു .പുറത്തെ ബഹളം കേട്ട് അയാളുടെ ഭാര്യയും മൂത്ത മകളും അവരുടെ അരികിലേക്ക് ഓടിയെത്തി .നാട്ടുകാര്‍ ഓടിക്കൂടി രണ്ടുപേരേയും ആശുപത്രിയില്‍ കൊണ്ടുപോയി .പോകുന്ന വഴിയില്‍ സരസ്വതിക്ക് ബോധം തെളിഞ്ഞു .മുരളീധരനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറ്റിയ മുറിവ് തുന്നികെട്ടി .രക്തം പരിശോധിച്ചപ്പോള്‍  മുരളീധരന് രക്തത്തില്‍ ഷുഗറിന്‍റെ അളവ്  അമിതമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു .മുറിവ് പഴുക്കാതെ സൂക്ഷിക്കണം എന്നും രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയില്‍ നിന്നും പോകാം എന്നും ഡോക്ടര്‍ പറഞ്ഞുവെങ്കിലും അന്ന് തന്നെ മുരളീധരന്‍ വീട്ടിലേക്ക് തിരികെപോന്നു  .

മൂന്നാം ദിവസ്സം പാദത്തിലെ മുറിവിന് പഴുപ്പ് കൂടി മുരളീധരനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ദിവസ്സങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞുവെങ്കിലും മുറിവിലെ പഴുപ്പ് കൂടിക്കൂടി വന്നു .വൈദ്യശാസ്ത്രം പിന്നീട് വിധിയെഴുതി. മുരളീധരന്‍റെ കാല്‍പാദം മുറിച്ചു കളയണമെന്ന്. കാരണം അയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ മരുന്നുകളെ കൊണ്ട് ആവുന്നുണ്ടായിരുന്നില്ല   .മുരളീധരനെ ഈ വിവരം ആരും അറിയിച്ചില്ല . ശാസ്ത്രക്രിയ ഒഴിവാക്കി അസുഖം ഭേദമാക്കുവാന്‍ മുരളീധരന്‍റെ ഭാര്യ ഡോക്ടറെ കണ്ടു സംസാരിച്ചു .കൂടുതല്‍ ഭാഗങ്ങളിലേക്ക് പഴുപ്പ് വ്യാപിക്കുന്നതിന് മുന്‍പ് എത്രയുംവേഗം ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടറുടെ മറുപടി .ശാസ്ത്രക്രിയ നിശ്ചയിച്ച ദിവസ്സം പരിശോധനയ്ക്കാണെന്ന് പറഞ്ഞാണ് മുരളീധരനെ  ശാസ്ത്രക്രിയ ചെയ്യുന്ന മുറിയിലേക്ക് കൊണ്ടുപോയത് .മണിക്കൂറുകള്‍ക്ക് ശേഷം മുരളീധരനെ അത്യാഹിത വിഭാഗം മുറിയിലേക്ക് കൊണ്ടുവന്നു .

വലതു  കാല്‍പാദം   മുറിച്ചു നീക്കിയ വിവരം മുരളീധരന്‍ അറിഞ്ഞപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകിക്കൊണ്ടിരുന്നു .ജീവിതത്തില്‍ കഷ്ടതകള്‍ക്ക് ആരംഭം കുറിച്ചാല്‍ അത് അഗ്നി ആളിക്കത്തുന്നത് പോലെയാണ് അത് കത്തി പടര്‍ന്നുകൊണ്ടേയിരിക്കും ,ദുരിതങ്ങള്‍ അവിടെക്കൊണ്ട് അവസാനിച്ചില്ല വീണ്ടും പഴുപ്പ് കൂടി കാല്‍മുട്ടിന് താഴെ മുറിച്ചു മാറ്റി .മുരളീധരന്‍റെ മനസ്സ് എല്ലാ ബാധ്യതകളില്‍ നിന്നും ഒളിച്ചോടുവാന്‍ വല്ലാതെ കൊതിച്ചു .ഒറ്റ കാലനായ തനിക്കിനി ജോലി ചെയ്ത് കുടുംബത്തെ പോറ്റുവാന്‍ ആവില്ല എന്നത്  ഇനിയും ജീവിക്കുവാനുള്ള പ്രേരണ അയാളില്‍  നാമാവശേഷമായി  .വീട് പണിയുവാനുള്ള തുകയില്‍ നിന്നും ഇപ്പോള്‍ തന്നെ ഭീമമായ തുക ചികിത്സക്കായി വിനിയോഗിച്ചു .ഇനിയും പഴുപ്പ് വരുവാനും അവശേഷിച്ച കാല്‍മുട്ടിന് മുകള്‍ ഭാഗവും മുറിക്കേണ്ടി വരും എന്ന തിരിച്ചറിവ് മുരളീധരന്‍റെ മനസ്സിനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു .

ആശുപത്രിയില്‍ നിന്നും   തിരികെ വീട്ടിലേക്ക് പോരുന്ന ദിവസ്സം ഉറക്കത്തിനുള്ള ഗുളികകള്‍ മുരളീധരന്‍ പ്രത്യേകം ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചു . വീട്ടില്‍ എന്നും കട്ടിലില്‍ കിടന്നുറങ്ങുന്ന അയാള്‍ അന്ന് മക്കളും തന്‍റെ അരികില്‍ കിടക്കണം എന്ന് പറഞ്ഞത് കൊണ്ട് രണ്ടു മെത്തകള്‍ കൂട്ടിയിട്ട് നാലുപേര്‍ക്കും കിടക്കുവാനുള്ള സ്ഥലം ഒരുക്കി .അന്ന് ഒരുപാട് നേരം വൈകിയാണ് മക്കളും ഭാര്യയും ഉറങ്ങിയത് .അയാള്‍ക്കുറങ്ങുവാനാവുന്നുണ്ടായിരുന്നില്ല .അയാളുടെ തീരുമാനം നടപ്പിലാക്കുവാനുള്ള ദിവസ്സമായിരുന്നു ആ ദിവസ്സം. എല്ലാവരും ഉറങ്ങിയെന്ന്‍ ഉറപ്പുവരുത്തിയ ശേഷം മരുന്നുകള്‍ വെച്ചിരുന്ന മേശയിലേക്ക്‌ അയാളുടെ കൈകള്‍ നീണ്ടു .ഉറക്കത്തിനുള്ള ഗുളികയുടെ കവര്‍ എടുത്ത് കൈകളില്‍ കൊള്ളാവുന്ന അത്രയും ഗുളികകള്‍ അയാള്‍ എടുത്തുകഴിച്ചു .കവറിലെ എല്ലാ ഗുളികകളും കഴിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ നീണ്ടുനിവര്‍ന്നു കിടന്നു .ജീവിതത്തിലെ അവസാനത്തെ നിദ്രയിലെക്കുള്ള കിടത്തമായിരുന്നു ആ നീണ്ടുനിവര്‍ന്നുള്ള  കിടത്തം .നിമിഷങ്ങള്‍ക്കകം അയാളിലെ അവസാനത്തെ  നിദ്ര അയാളെ തേടിയെത്തി  .പ്രാരാബ്ദങ്ങളും, വേവലാതികളും,സങ്കടങ്ങളും,സാമ്പത്തിക പരാധീനതകളും ഇല്ലാത്ത ലോകത്തേക്കുള്ള അയാള്‍ കൊതിച്ച യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ മുരളീധരന്‍  തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ   ആവുന്നുള്ളൂ .ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുകയില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ ഇനിയൊരിക്കലും കഴിയുകയില്ല എന്ന തിരിച്ചറിവുള്ള  പച്ചയായ മനുഷ്യരുടെ മുന്‍പില്‍ ഈ ഭൂലോകത്ത് നിന്നും പലായനം ചെയ്യുക എന്നതല്ലാതെ മറ്റ് എന്ത് മാര്‍ഗ്ഗം .
                                         
                                                                                  ശുഭം
rasheedthozhiyoor@gamil.com                                                          rasheedthozhiyoor.blogspot.com

4 July 2015

ചെറുകഥ.ജീവച്ഛവം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്

സൂര്യാസ്തമയത്തിന്‍റെ മുന്നറിയിപ്പെന്നോണം ആകാശം സ്വര്‍ണ്ണ വര്‍ണ്ണങ്ങളാല്‍ ചേതോഹരമായി കാണപ്പെട്ടു .  തിരുവനന്തപുരത്തെ ടെക്നോപാർക്കില്‍ നിന്നും ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നവരുടെ തിക്കും തിരക്കും.എല്ലാ തൊഴിലാളികളുടേയും മുഖത്തും തൊഴിലില്‍ നിന്നും അടുത്ത ദിവസം വരെ വിമുക്തമായ സന്തോഷം പ്രതിഫലിക്കുന്നത് കാണാം .   കൂട്ടത്തില്‍ രാഹുല്‍ തിരക്കിലൂടെ നന്നേ പാടുപ്പെട്ട്  തന്‍റെ  ബൈക്ക് പാര്‍ക്ക് ചെയ്ത ഇടത്തേക്ക് നടന്നു .അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ് ഈ അസ്വസ്ഥത തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു .അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്നുഭവിക്കുന്ന ജീവിത യാതനകള്‍ തരണം ചെയ്യുവാന്‍ ആവാത്തതിന്‍റെ വിഷമം അയാളുടെ മുഖത്ത് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവും .ക്ഷൌരം  ചെയ്യാത്ത അയാളുടെ മുഖത്ത് താടി നീണ്ടുവളര്‍ന്നിരിക്കുന്നു . തന്‍റെ ജീവിത വഴികാട്ടിയും, സന്തതസഹചാരിയും അയാളുടെ ഏറ്റവും പ്രിയപ്പെട്ടവനുമായ രൂപേഷ് വാഹനാപകടത്തെ തുടര്‍ന്ന്‍ തിരുവനന്തപുരം പട്ടണത്തിലെ ഹൈടെക്ക് ആശുപത്രിയില്‍ ജീവച്ഛവമായി കിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു .

രാഹുലും രൂപേഷും ടെക്നോപാർക്കില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു .അന്ന് ആ അപകടം നടന്ന നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രാഹുലിന്‍റെ പാദങ്ങളില്‍ നിന്നും രൂപാന്തരപ്പെടുന്ന വിറയല്‍ ശരീരമാകെ വ്യാപിക്കും .അപ്പോള്‍ അയാള്‍ ഇമകള്‍ ഇറുക്കിയടച്ച് കൈപാദങ്ങള്‍ മുഖത്ത് അമര്‍ത്തിപ്പിടിച്ച് അമിതമായി കിതയ്ക്കുവാന്‍ തുടങ്ങും .  രാഹുലിന്‍റെയും, രൂപേഷിന്‍റെയും     അനാഥാലയത്തിലെ ഒരുമിച്ചുള്ള ജീവിതവും ,വിദ്യാലയത്തിലെ ഒരുമിച്ചുള്ള പഠനവും പോലെ ടെക്നോപാർക്കില്‍ ഒരുമിച്ചു ഒരേ സ്ഥാപനത്തില്‍ ജോലി ലഭിച്ചതും അവരുടെ പിരിയുവാനാവാത്ത സൗഹൃദ ബന്ധം തന്നെയാണ് .ടെക്നോപാർക്കിലെ ജീവിതചര്യയില്‍നിന്നും രാഹുലിനും രൂപേഷിനും ഓരോരെ പ്രണയിനികളെ ലഭിച്ചിരുന്നു .വാഹനാപകടം നടന്നതിന്‍റെ അടുത്ത ദിവസമായിരുന്നു രൂപേഷിന്‍റെ പ്രണയിനിയായ നൈനീകയുടെ ജന്മദിനം. വാഹനാപകടം സംഭവിച്ച അന്ന് ഊണ് കഴിഞ്ഞുള്ള വിശ്രമത്തിനിടയില്‍ രൂപേഷ് രാഹുലിനോട് പറഞ്ഞു 

,, എടാ രഹുലെ നാളെയാണ് നൈനീകയുടെ ജന്മദിനം .അവള്‍ക്ക് ഇന്ന് നല്ലൊരു സമ്മാനം വാങ്ങിക്കേണം നമുക്കിന്ന് ജോലി കഴിഞ്ഞു നേരെ സമ്മാനം വാങ്ങിക്കുവാന്‍ പോകാം ,, 

രാഹുല്‍ രൂപേഷിന്‍റെ മുഖത്തേക്ക് നോക്കി ആശ്ചര്യത്തോടെ  പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

,, എടാ നിങ്ങളുടെ പ്രണയം സമ്മാനങ്ങള്‍ കൈമാറുവാന്‍ മാത്രം വളര്‍ന്നുവോ . നിങ്ങളുടെ പ്രണയം അവളുടെ വീട്ടുക്കാര്‍ അറിയേണ്ട . മൂന്ന് സഹോദരന്മാര്‍ക്കുള്ള   ഒരേയൊരു സഹോദരിയാണ് അവള്‍ .സമ്മാനം നീ അവള്‍ക്ക് കൊടുത്തെന്ന് അവന്മാരേങ്ങാനും  അറിഞ്ഞാല്‍ അവര്‍ നിന്‍റെ കൈവെട്ടും .വെറുതെ പൊല്ലാപ്പിനൊന്നും  പോകല്ലെ ...ആട്ടെ എന്തു സമ്മാനമാ നീ അവള്‍ക്കു മേടിച്ചു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത്   ,,

രൂപേഷ് കസേരയില്‍ നിവര്‍ന്നിരുന്ന് കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി വിരലുകള്‍ തമ്മില്‍ പൊട്ടിച്ച്ക്കൊണ്ട്   പ്രതീക്ഷ  പ്രതിഫലിക്കുന്ന  മുഖഭാവത്തോടെ വിദൂരതയിലേക്ക്  നോക്കി  പറഞ്ഞു .


,, എടാ അവള്‍ എനിക്കുള്ളതാ. ഞാന്‍ ഒരു അനാഥനായത് എന്‍റെ കുറ്റമാണോ .ഞങ്ങള്‍ വിവാഹിതരാകുവാന്‍ തീരുമാനിച്ചു .ഞാന്‍ നൈനീകയുടെ വീട്ടില്‍പോയി അവളെ വിവാഹം ചെയ്യുവാനുള്ള എന്‍റെ ആഗ്രഹം അറിയിക്കും .അവര്‍ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കും .ഇനി സമ്മതമല്ലായെങ്കില്‍ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യും അത്രതന്നെ .അവളുടെ  വീട്ടുകാര്‍  വിവാഹത്തിന്  സമ്മതിച്ചാല്‍   എനിക്ക് നഷ്ടപ്പെട്ട  മാതാപിതാക്കളുടെയും ,സഹോദരങ്ങളുടെയും ,സ്നേഹം തിരികെ ലഭിക്കും .ഞാനൊരു  സല്‍സ്വഭാവിയല്ലെ  എന്നെ അവര്‍ക്ക്  ഇഷ്ടപ്പെടാതെയിരിക്കില്ല . ഇന്ന് ഒരു രത്നമോതിരം വാങ്ങിക്കണം പിന്നെ ഒരു ചുരിദാറും.നാളെ മോതിരം എനിക്ക് അവളുടെ വിരലില്‍ അണിയിക്കണം ,,

  രാഹുല്‍ എഴുന്നേറ്റ് രൂപേഷിന്‍റെ ചുമലില്‍ കൈവെച്ചുക്കൊണ്ട് പറഞ്ഞു .

,, നിന്‍റെ എന്ത് ആഗ്രഹങ്ങള്‍ക്കും ഞാന്‍ എതിര് നില്‍ക്കുകയില്ല .ഞാനുണ്ടാവും നിന്‍റെ കൂടെ. നമുക്ക് ജോലി കഴിഞ്ഞാല്‍ നേരെ ഷോപ്പിംഗിന് പോകാം... നീ  ധൈര്യമായിരിക്ക് അവള്‍ നിന്‍റെ സ്വന്തമാകും .ആ  സുന്ദരമായ  മുഹൂര്‍ത്തം  ഇനിയും  വിദൂരമല്ല .,,

ജോലി ലഭിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും കൂടി ഒരു ബൈക്ക് വാങ്ങിച്ചിരുന്നു .ആ ബൈക്ക് ഈയിടെ വില്‍പ്പനചെയ്ത് പുതിയ മോഡല്‍ ബൈക്ക് വാങ്ങിച്ചു .അന്ന് ഷോപ്പിംഗ് കഴിഞ്ഞ് വാസസ്ഥലത്തേക്ക് തിരികെ പോരുമ്പോള്‍ രൂപേഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത് .രൂപേഷിന്‍റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ബൈക്ക് ഓരത്ത് നിറുത്തി രൂപേഷ് ബൈക്കില്‍ നിന്നും ഇറങ്ങി ഹെല്‍മെറ്റ്‌ തലയില്‍ നിന്നും ഊരി രാഹുലിന്‍റെ തലയില്‍ വെച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് അല്‍പം മാറിനിന്നു .അപ്പോഴാണ്‌ നിയന്ത്രണം വിട്ടുപോയ ഒരു പാണ്ടി ലോറി അവരുടെ നേര്‍ക്ക്‌ പാഞ്ഞുവന്നത് .രാഹുലും, രൂപേഷും, ബൈക്കും,ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക്‌ തെറിച്ചുവീണു .അവരുടെ  ആര്‍ത്തനാദം പരിസരമാകെ മുഴങ്ങി . അബോധാവസ്ഥയിലായ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . അന്നുതന്നെ രാഹുലിന് ബോധം തെളിഞ്ഞു പക്ഷെ തലയ്ക്ക്‌ സാരമായി പരുക്കേറ്റ രൂപേഷ് നാളിതുവരെ എഴുന്നേറ്റില്ല. യന്ത്രങ്ങളുടെ സഹായത്താല്‍ ഇപ്പോഴും രൂപേഷ് ജീവച്ഛവമായി ആശുപത്രിയില്‍ കിടക്കുന്നു .രാഹുല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും ജോലിയില്‍ നീണ്ട അവധിയെടുത്ത് രൂപേഷിന്‍റെ അരികില്‍ മാസങ്ങളോളം ചിലവഴിച്ചു .

രൂപേഷിന്‍റെ ചികിത്സക്ക് വേണ്ടുന്ന ഭീമമായ തുക രാഹുലും മറ്റ് സഹപ്രവര്‍ത്തകരും ടെക്നോപാർക്കില്‍ നിന്നും സ്വരൂപിച്ചു .ചികിത്സക്ക് വേണ്ടുന്ന രൂപ സ്വരൂപിക്കുവാന്‍ രാഹുലിന് യാതൊരുവിധ പ്രയാസങ്ങളും നേരിടെണ്ടിവന്നില്ല .പക്ഷെ രൂപേഷിന്‍റെ തലച്ചോറിന് ക്ഷതം സംഭവിച്ചതിനാല്‍ അയാള്‍ക്കിനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരുവാന്‍ ആവില്ലെന്നും യന്ത്രങ്ങളുടെ സഹായത്താല്‍ മാത്രമേ ജീവന്‍ നില നിര്‍ത്തുവാന്‍ ആവുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ രാഹുല്‍ മാനസീകമായി തകര്‍ന്നുപോയി . അപകടം നടന്ന ആ നിമിഷങ്ങള്‍ക്ക് മുന്‍പ് രൂപേഷ് ഹെല്‍മെറ്റ്‌ തന്‍റെ തലയില്‍ വെച്ചുതന്നില്ലായിരുന്നെങ്കില്‍ താനും ഒരു പക്ഷെ ജീവച്ഛവമായി ആശുപത്രിയില്‍ കിടക്കേണ്ടി വരുമായിരുന്നു .അല്ലെങ്കില്‍ മരണം തന്നെ സംഭവിക്കുമായിരുന്നു  എന്ന് സങ്കടത്തോടെ രാഹുല്‍ ഓര്‍ത്തു .തന്‍റെ ജീവന്‍ സുരക്ഷിതമാക്കി  വിധിയുടെ താണ്ഡവത്തിനു മുന്‍പിലേക്ക് തന്‍റെ ശരീരം അര്‍പ്പിച്ച പ്രിയ കൂട്ടുകാരന്‍ ഇനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയില്ല എന്ന തിരിച്ചറിവിനാല്‍ രാഹുല്‍  പ്രിയ കൂട്ടുകാരന് വേണ്ടി നീതിന്യായ കോടതിയില്‍ ദയാവധത്തിനായി ഹര്‍ജി സമര്‍പ്പിച്ച്‌ കാത്തിരുന്നു .പലപ്പോഴും മരണവീടുകകളില്‍ പോയി മടങ്ങുമ്പോള്‍ രൂപേഷ് പറഞ്ഞിരുന്ന വാക്കുകള്‍ രാഹുലിന്‍റെ മനസ്സില്‍ അലയടിച്ചുകൊണ്ടേയിരുന്നു .

,, എടാ മരണപ്പെടുകയാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിയണം .കിടന്ന് നരകിച്ചുള്ള മരണം എനിക്ക് ഓര്‍ക്കുവാനേ ആവുന്നില്ല.എനിക്ക് എഴുനേറ്റ് നടക്കുവാനാവാത്ത എന്തെങ്കിലും അസുഖം പിടിപ്പെട്ടാല്‍ പിന്നെ നീ എന്നെയങ്ങ് കൊന്നുകളഞ്ഞെക്കണം  ,,

ആശുപത്രിയില്‍ രൂപേഷിന്‍റെ അരികില്‍ ആരും വേണമെന്നില്ല എന്ന ആശുപത്രി അധികൃതരുടെ പ്രക്ക്യാപനവും. ഇനിയും ജോലിയില്‍ അവധിയെടുത്താല്‍ ജോലി തന്നെ നഷ്ടപ്പെടും എന്നത് കൊണ്ടും രാഹുല്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു .ജോലി കഴിഞ്ഞ് എന്നും രാഹുല്‍ രൂപേഷിനെ സന്ദര്‍ശിച്ചു പോരും. നീതിന്യായ വ്യവസ്ഥയുടെ ദയാവധത്തിനായുള്ള അനുകൂലമായ വിധിക്ക് വേണ്ടി രാഹുല്‍ പ്രതീക്ഷയോടെ കാത്തിരുന്നു .ഇമകള്‍ അടയ്ക്കാതെ കിടക്കുന്ന രൂപേഷിന്‍റെ ദയനീയമായ മുഖഭാവം തനിക്കിനി ഈ ഭൂലോകത്ത്  ജീവിക്കേണ്ടതില്ല   എന്നതാണ് തന്നോട് പറയുന്നത് എന്ന് രാഹുലിന് തോന്നിപ്പിച്ചു .ദ്രാവക രൂപത്തിലുള്ള ഭക്ഷണം റ്റ്യൂബ് വഴി രൂപേഷിനു നല്‍കുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ രൂപേഷിന്‍റെ ശരീരം ക്ഷീണിച്ചുകൊണ്ടേയിരുന്നു .സുമുഖനായിരുന്ന രൂപേഷിനെ ഇപ്പോള്‍ ആര് കണ്ടാലും ഇമകള്‍ അറിയാതെ നിറഞ്ഞുപോകും .അത്രയും ദയനീയമാണ്  രൂപേഷിന്‍റെ  അവസ്ഥ .രൂപേഷിന് ആശുപത്രി  സന്ദര്‍ശിക്കുന്നത്  തന്നെ  ഇഷ്ടമല്ലായിരുന്നു .കാരണം  ആശുപത്രിയിലെ  മനം പുരട്ടുന്ന മണം രൂപേഷിനെ അസ്വസ്ഥനാക്കിയിരുന്നു .ഒരിക്കല്‍  ആശുപത്രി യില്‍  അസുഖമായി   കിടന്നിരുന്ന  സഹപ്രവര്‍ത്തകനെ  കാണുവാന്‍ രാഹുല്‍  രൂപേഷിനെ  നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോയി  .ആശുപത്രി യില്‍  നിന്നും പുറത്തിറങ്ങിയപ്പോള്‍  രൂപേഷ്  ഛർദ്ദിച്ചു  അവശനായത്  രൂപേഷ്  ഓര്‍ത്തു .  നൈനീക ഇടയ്ക്കൊക്കെ രൂപേഷിനെ സന്ദര്‍ശിക്കുന്നുണ്ട് .

തിരുവനന്തപുരത്തെ മുന്നൂറ്റി അന്‍പതോളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിലെ ഇരുനൂറ്റി അന്‍പതിലേറെ വിവര സാങ്കേതിക അനുബന്ധ കമ്പനികളിലെ,  മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നിടത്ത് തൊഴില്‍ സമ്പാദിക്കുക എന്നത് രാഹുലിനെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് രൂപേഷായിരുന്നു .രൂപേഷായിരുന്നു രണ്ടുപേര്‍ക്കും തൊഴിലിനായി പ്രയത്നിച്ചതും . കോട്ടയം പട്ടണത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്തു സ്ഥിതിചെയ്യുന്ന അനാഥാലയത്തില്‍ രാഹുല്‍ എത്തിപ്പെട്ടത് തന്‍റെ ആറാമത്തെ വയസ്സിലായിരുന്നു .തന്‍റെ മാതാവിനെ അവസാനമായി കണ്ട ദിവസവും അന്നായിരുന്നു .പേരുകേട്ട തറവാട്ടില്‍ പിറന്ന രാഹുലിന്‍റെ അമ്മയുടെ വിവാഹം പ്രണയ വിവാഹമായിരുന്നു .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തറവാട്ടില്‍ തോഴിലെടുക്കുവാന്‍ വന്ന ചെറുപ്പക്കാരനുമായുള്ള രാഹുലിന്‍റെ അമ്മയുടെ പ്രണയം അമ്മയുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കുവാനായില്ല .പിന്നെ എത്ര എതിര്‍പ്പുകള്‍ ഉണ്ടായാലും ഒരുമിച്ചു ജീവിക്കണം എന്ന് തീരുമാനിക്കുന്ന കമിതാക്കള്‍ എടുക്കുന്ന അതേ തീരുമാനം രാഹുലിന്‍റെ മാതാപിതാക്കളും തിരഞ്ഞെടുക്കുകയായിരുന്നു .

അവര്‍ ഒളിച്ചോടി എത്തിപ്പെട്ടത് തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍ .അവിടെ എത്തി രണ്ടാം വര്‍ഷം രാഹുല്‍ പിറന്നു .പൈനാപ്പിള്‍ തോട്ടത്തിലെ തൊഴിലെടുത്ത് തന്‍റെ പത്നിയേയും മകനേയും പട്ടിണി കൂടാതെ അയാള്‍ പോറ്റി പോന്നു .വാടകവീട്ടില്‍ സന്തോഷപ്രദമായ അവരുടെ ജീവിതത്തിന് അഞ്ചു വര്‍ഷകാലമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ .പൈനാപ്പിള്‍ തോട്ടത്തില്‍ നിന്നും ഉഗ്ര വിഷമുള്ള സര്‍പ്പത്തിന്‍റെ കടിയേറ്റ് രാഹുലിന്‍റെ അച്ഛന്‍ വിഷം തീണ്ടി മരണപ്പെട്ടു .അച്ഛന്‍റെ മരണ ശേഷം അമ്മ പൈനാപ്പിള്‍ തോട്ടത്തില്‍ തൊഴിലെടുക്കാന്‍ പോയതും .അച്ഛന്‍റെ മരണ ശേഷം അമ്മ സ്ഥിരമായി വെള്ള വസ്ത്രം ധരിച്ചിരുന്നതും നേരിയ ഓര്‍മ്മ മാത്രമേ രഹുലിനുള്ളൂ .അമ്മ തോട്ടത്തില്‍ തൊഴിലിനായി പോകുമ്പോള്‍ രാഹുലിനേയും കൊണ്ടു പോകുമായിരുന്നു .ആ ഗ്രാമത്തില്‍ വിദ്യാലയം ഇല്ലാത്തതുകൊണ്ട് രാഹുലിനെ വിദ്യാലയത്തില്‍ ചേര്‍ത്തിരുന്നില്ല .

ഒരു ദിവസ്സം അമ്മയുടെ കൂടെ തോട്ടത്തില്‍ പോയ രാഹുല്‍ അമ്മ തൊഴിലെടുക്കുന്ന സ്ഥലത്ത് നിന്നും അല്‍പമകലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു .രാഹുലിന്‍റെ ഉച്ചത്തിലുള്ള നിലവിളി കേട്ടപ്പോള്‍ അമ്മ തിടുക്കത്തില്‍ മകന്‍റെ അരികിലേക്ക് പോയി നോക്കിയതും  കണ്ട കാഴ്ച അവരെ വല്ലാതെ ഭയാകുലയാക്കി .തന്‍റെ പൊന്നോമാനയുടെ എതിര്‍വശത്തായി ഉഗ്ര വിഷമുള്ള സര്‍പ്പം ഫണം വിടര്‍ത്തി നില്‍ക്കുന്നു .അമ്മയുടെയും മകന്‍റെയും ആര്‍ത്തനാദം കേട്ട് തോട്ടം തൊഴിലാളികള്‍ ഒന്നടങ്കം ഓടികൂടി .തൊഴിലാളികള്‍ സര്‍പ്പത്തെ ആട്ടിപായിച്ചു .ആ ഗ്രാമത്തിലുള്ളവര്‍ സര്‍പ്പങ്ങളെ കൊല്ലുമായിരുന്നില്ല .അവരുടെ വിശ്വാസം അതിന് എതിരായിരുന്നു .അടുത്ത ദിവസ്സം രാഹുലിനെയുമായി അമ്മ കേരളത്തിലേക്ക് പോന്നു .തന്‍റെ ഭര്‍ത്താവിന്‍റെ ജീവനെടുത്ത സര്‍പ്പം തന്‍റെ മകന്‍റെയും ജീവനെടുക്കും എന്ന് അവര്‍ ഭയന്നു. തന്നെയുമല്ല തന്‍റെ മകന് എങ്ങിനെയെങ്കിലും വിദ്യാഭ്യാസം നല്‍കണം എന്നും അവര്‍ തീരുമാനമെടുത്തിരുന്നു .ആ തീരുമാനത്തിന്‍റെ സമാപ്തിയായിരുന്നു മകനെ ഏതെങ്കിലുമൊരു അനാഥാലയത്തില്‍ ഏല്പിക്കുക എന്നത് .

രാഹുല്‍ അനാഥാലയത്തില്‍ എത്തുമ്പോള്‍ രൂപേഷ് അവിടത്തെ മറ്റു അന്തേവാസികളില്‍ ഒരുവനായിരുന്നു .അനേകം കുരുന്നുകളില്‍ ഒരാള്‍ മാത്രം അവിടെ വിത്യസ്തനായിരുന്നു .ജാക്സണ്‍ എന്നായിരുന്നു അവന്‍റെ പേര് . മറ്റു കുട്ടികളെ ദേഹോപദ്രവം ചെയ്തു ആനന്ദം കണ്ടെത്തുക എന്നതായിരുന്നു ജാക്സന്‍റെ പ്രധാന വിനോദം .ഒരു ദിവസം വിദ്യാലയത്തിലെ ഇടവേളയില്‍ അന്നത്തെ ജാക്സന്‍റെ ഇര രാഹുലായിരുന്നു .മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ തിരികെ മര്‍ദ്ദിക്കുവാന്‍ രാഹുലിന് ആവുന്നുണ്ടയിരുന്നില്ല .അവിടെ രാഹുലിന്‍റെ രക്ഷകനായി എത്തിയത് രൂപേഷായിരുന്നു .പിന്നെ രൂപേഷും ജാക്സനും പരസ്പരം പോരാടി .പോരാട്ടത്തില്‍ രൂപേഷ് പരാജയപ്പെടും എന്നായപ്പോള്‍ രാഹുലും പോരാട്ടത്തില്‍ ഇടപ്പെട്ടു .മതിലിനു അരികിലായി കിടന്നിരുന്ന ഒരു മര പട്ടിക രാഹുല്‍ രൂപേഷിനു എറിഞ്ഞു കൊടുത്തു .പിന്നെ രൂപേഷ് പട്ടികകൊണ്ട് ജാക്സനെ മര്‍ദ്ദിച്ചു .ജാക്സന്‍റെ നെറ്റിയില്‍ നിന്നും രക്തം പൊടിഞ്ഞപ്പോള്‍ കൂടിനിന്ന കുട്ടികളെല്ലാം ഓടിമറഞ്ഞു .അവശനായ ജാക്സനെ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയി .അനാഥായത്തിലെ അധികൃതര്‍ രൂപേഷിനെ ശാസിച്ചു .പക്ഷെ അന്ന് അവിടെ ഒരു പുതിയ സൌഹൃദം നാമ്പിടുകയായിരുന്നു .രാഹുലും രൂപേഷും ഉറ്റമിത്രങ്ങളായി മാറി .രൂപേഷ് തന്‍റെ മാതാപിതാക്കളെ കണ്ടതായി ഓര്‍ക്കുന്നില്ല .ചോരകുഞ്ഞിനെ അനാഥാലയത്തിലെ തൊട്ടിലില്‍ ഉപേക്ഷിച്ചതായിരുന്നു  എന്നാണ്  കേട്ടറിവ് .

ഇന്നാണ് രൂപേഷിന്‍റെ ദയാവധത്തിനുള്ള ഹര്‍ജിയുടെ വിധി പറയുന്നത്. രാഹുല്‍ അവധിയെടുത്ത് രാവിലെതന്നെ കോടതിയിലേക്ക് യാത്രയായി .തന്‍റെ പ്രിയ സുഹൃത്തിന് വേണ്ടി ദയാവധത്തിനായി ഹര്‍ജി സമര്‍പ്പിച്ചതില്‍ യാതൊരുവിധ കുറ്റബോധവും രാഹുലിന് തോന്നിയില്ല .അവന്‍റെ ഉപബോധമനസ്സില്‍ വേദന അവന്‍ അറിയുന്നുണ്ടാവും. ഓരോരോ നിമിഷവും വേദന സഹിച്ചുക്കൊണ്ടുള്ള ജീവിതത്തില്‍നിന്ന് രക്ഷപ്പെടുവാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവും .ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ അതിനെ ഒന്ന് ആട്ടുവാന്‍ കഴിയാതെ , ശരീരം  ഒന്ന് ചൊറിയണം എന്ന് തോന്നിയാല്‍ ,കൈകാലുകള്‍ ഒന്ന് അനക്കണം എന്ന് തോന്നിയാല്‍  നിസ്സഹായകനായി  വേദന സഹിച്ചുള്ള ഈ ജീവിതം അവന്‍ മടുത്തിട്ടുണ്ടാവും .ഈ ലോകത്തുനിന്നും വിടവാങ്ങുവാന്‍ അവന്‍ അതിയായി  ആഗ്രഹിക്കുന്നുണ്ടാവും . അല്ലെങ്കില്‍ത്തന്നെ ജീവച്ഛവമായി  ജീവിക്കുവാന്‍ ആരാണ് ആഗ്രഹിക്കുക . അനുകൂലമായ വിധിക്ക് വേണ്ടി അക്ഷമനായി രാഹുല്‍ കാത്തിരുന്നു .ഏഴാമത്തെ വിധി പ്രസ്താവനയായിരുന്നു രൂപേഷിന്‍റെ .കാത്തിരിപ്പിനൊടുവില്‍ ന്യായാധിപന്‍ വിധി പ്രസ്താവിച്ചു .

,, ഹരജിക്കാരന്‍ രോഗിയുടെ രക്തബന്ധത്തിലുള്ള ആരുമാല്ലാത്തത് കൊണ്ടും . ആശുപത്രിയില്‍ നിന്നുമുള്ള  രേഖകളിലെ പോരായ്മകള്‍ കൊണ്ടും .ദയാവധത്തെ പ്രോത്സാഹിപ്പിക്കുവാന്‍ നിർവ്വാഹമില്ലാത്തത് കൊണ്ടും  , ജീവന്‍ പവിത്രമാണ് അതു തിരിച്ചെടുക്കാന്‍ ഈശ്വരനു മാത്രമേ അവകാശമുള്ളൂ എന്ന വിശ്വാസങ്ങളുമായി കൂടുതല്‍ പേര്‍  ജീവിക്കുന്ന രാജ്യമായതുകൊണ്ടും.    ശ്രീ  രാഹുല്‍ എന്നയാള്‍ ശ്രീ   രൂപേഷ് എന്നയാളുടെ   ദയാവധത്തിനായി സമര്‍പ്പിച്ച  ഹര്‍ജി  ഈ കോടതി തള്ളുന്നു .ഹര്‍ജിക്കാരന് വേണമെങ്കില്‍  മേല്‍ക്കോടതിയില്‍   ഹര്‍ജി സമര്‍പ്പിക്കാം ,,

രാഹുല്‍ വിധിപ്രസ്താവം കേട്ട് രണ്ടു കൈപാദങ്ങളും നെറ്റിയില്‍ അമര്‍ത്തിപിടിച്ച്‌ മൂഖനായിരുന്നു .നീതിന്യായ വ്യവസ്ഥയെ അയാള്‍ ആദ്യമായി  വെറുത്തു .ഒരുപാട്  നേരം അവിടെത്തന്നെ അയാള്‍ ഇരുന്നു .പിന്നെ  പരിസരബോധം ഇല്ലാതെ   രാഹുല്‍ പിറുപിറുത്തു.

,, ഉം രക്തബന്ധം അല്ലപോലും. അനാഥന്‍റെ രക്തബന്ധങ്ങളെ ഞാന്‍ എവിടെപോയി കണ്ടെത്തും .ഇനി മേല്‍കോടതിയില്‍ പോയാല്‍ അനുകൂലമായ വിധി ലഭിക്കുമോ ? ജീവച്ഛവമായി കിടക്കുന്നവന്‍റെ മനസ്സറിയുവാന്‍ ഒരു നീതിന്യായ അധിപന്മാര്‍ക്കും ആവില്ല .ജീവിതത്തിലേക്കു മടങ്ങില്ലെന്നു വൈദ്യശാസ്‌ത്രം സ്‌ഥിരീകരിച്ചവരെ മരിക്കാന്‍ അനുവദിക്കാത്ത നീതിന്യായ വ്യവസ്ഥ .  പക്ഷെ എനിക്ക് എന്‍റെ രൂപേഷിനെ കൈവെടിയുവാന്‍ ആവില്ല .അവന്‍റെ മനസ്സ് തനിക്കറിയാവുന്നത് പോലെ ഈ ഭൂലോകത്ത് മറ്റാര്‍ക്കും അറിയില്ല ,, 

രൂപേഷിന്‍റെ വാക്കുകള്‍ അവിടമാകെ മുഴങ്ങുന്നതുപോലെ രാഹുലിന് തോന്നി .
,,എടാ മരണപ്പെടുകയാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിയണം .കിടന്ന് നരകിച്ചുള്ള മരണം എനിക്ക് ഓര്‍ക്കുവാനേ ആവുന്നില്ല.എനിക്ക് എഴുനേറ്റ് നടക്കുവാനാവാത്ത എന്തെങ്കിലും അസുഖം പിടിപ്പെട്ടാല്‍ പിന്നെ നീ എന്നെയങ്ങ് കൊന്നുകളഞ്ഞെക്കണം  ,,

രൂപേഷിനു ഇങ്ങനെയോരൊരു അവസ്തയുണ്ടാവുമെന്ന് അവന് നേരത്തെ അറിയാവുന്നതുപോലെയല്ലേ അവന്‍ അറം പറ്റിയ ആവാക്കുകള്‍ തന്നോട് പറഞ്ഞത് .രാഹുല്‍ നേരെ ആശുപത്രിയിലേക്ക് പോയി രൂപേഷിന്‍റെ അരികില്‍ രൂപേഷിനെ നോക്കി ഒരുപാട് നേരം ഇരുന്നു .തിരികെ പോരുവാന്‍ നേരത്ത് രൂപേഷിനോട് യാത്ര പറഞ്ഞപ്പോഴാണ് രാഹുല്‍ അത് ശ്രദ്ധിച്ചത് .രൂപേഷിന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നു .രാഹുല്‍ രൂപേഷിന്‍റെ കരം നുകര്‍ന്നു കൊണ്ട് ചോദിച്ചു .

,, രൂപേഷ് നിനക്ക് ഈ അവസ്ഥയില്‍ നിന്നും ഇനി ഒരിക്കലും മോചിതനാകുവാനാവുകയില്ല .നിനക്ക് ഇനിയും ഈ അവസ്ഥയില്‍ ജീവിക്കണമോ ? ഒരുവട്ടം എന്നോട് പറയടാ ...ഒരുവട്ടം മാത്രം.ഇനിയും ജീവച്ഛവമായി  ഈ അവസ്ഥയില്‍ നിനക്ക്  ജീവിക്കണോ .എനിക്ക് നിന്‍റെ ഈ അവസ്ഥകണ്ട് സഹിക്കുവാനാവുന്നില്ല ടാ .....,,

രാഹുല്‍ സ്വയം മറന്ന് പൊട്ടികരഞ്ഞു. രാഹുലിന്‍റെ കരച്ചില്‍ കേട്ട് ഡ്യൂട്ടി നഴ്സ് അവിടേക്ക് ഓടിവന്നു .പൊട്ടികരയുന്ന രാഹുലിനെ നഴ്സ് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു .

,, സാര്‍ ഇവിടെ ഇങ്ങിനെ ബഹളം വെയ്ക്കരുത്. ഒരു പക്ഷെ രൂപേഷ് എല്ലാം അറിയുന്നുണ്ടാവും. രൂപെഷിനു പ്രതികരിക്കുവാന്‍ ആവുകയില്ലാ എന്നേയുള്ളൂ.നിങ്ങളുടെ കരച്ചില്‍  രൂപേഷിനെ കൂടുതല്‍  വിഷമിപ്പിക്കും  ..

രാഹുല്‍ എഴുനേറ്റപ്പോള്‍ രൂപേഷിന്‍റെ കൈവിരലുകള്‍ രാഹുലിന്‍റെ കൈവിരലുകളില്‍ ഉടക്കിയത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .തിരികെ വാസസ്ഥലത്ത് എത്തിയപ്പോള്‍ രാഹുലിന്‍റെ മനസ്സിനെ അയാള്‍ക്ക്‌ നിയന്ത്രിക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ബാത്രൂമില്‍ കയറി ഷവര്‍ തുറന്നിട്ട്‌ അയാള്‍ പൊട്ടിപ്പൊട്ടി ഒരുപാട് നേരം കരഞ്ഞു .കുറേനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കുളികഴിഞ്ഞു പുറത്തിറങ്ങി ജീവച്ഛവമായി കിടക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ നോക്കി ,യന്ത്രം അല്പനേരത്തേക്ക് നിശ്ചലമാക്കുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കി .വിശപ്പ്‌ തോന്നാത്തതിനാല്‍ അല്പം വെള്ളംകുടിച്ച് ഉറങ്ങുവാനായി കിടന്നു .പക്ഷെ ഉറങ്ങുവാന്‍ എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാന്‍ അയാള്‍ക്കായില്ല .അയാള്‍ മനസ്സില്‍ ചില തീരുമാനങ്ങള്‍ എടുത്തു .രൂപേഷിന്‍റെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രം അല്പനെരത്തെക്ക് നിശ്ചലമാക്കണം .ഒരു പക്ഷെ താന്‍ പിടിക്കപ്പെട്ടെക്കാം .കൊലപാതകക്കുറ്റത്തിന്  പോലീസ്‌ തന്നെ   അറസ്റ്റു ചെയ്തേക്കാം .ഇനിയും അസഹ്യമായ വേദന സഹിച്ചു  ജീവിക്കുവാന്‍ രൂപേഷിനെ  അനുവദിച്ചുകൂടാ . എന്തുമാവട്ടെ തന്‍റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല .തന്‍റെ ജീവന്‍ നല്‍കിയാല്‍ രൂപേഷിന്‍റെ ജീവന്‍ നിലനിര്‍ത്തുവാന്‍ ആവുമെങ്കില്‍ അതിനു താന്‍ തയ്യാറാണ് .പക്ഷെ തന്‍റെ ജീവന്‍ നല്‍കിയാലും രൂപേഷിന് പൂര്‍വസ്തിയിലേക്ക് മടങ്ങുവാന്‍ ആവില്ലല്ലോ .ഉറച്ച തീരുമാനവുമായി ഉറങ്ങുവാന്‍ അയാള്‍ ഇമകള്‍ ഇറുക്കിയടച്ചു . തുറന്നിട്ടിരിക്കുന്ന ജാലകത്തിലൂടെ  നനുത്ത കാറ്റ്  മുറിയിലേക്ക് വീശിക്കൊണ്ടിരുന്നു . അര്‍ദ്ധരാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കം അയാളെ തേടിയെത്തി .

 ആശുപത്രിയില്‍   നിസഹായതയോടെ രാത്രിയില്‍ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വെളിച്ചം ഇഷ്ടപെടാത്ത   രൂപേഷ് വൈദ്യുതി പ്രകാശത്തില്‍   ഇമകള്‍ അടയ്ക്കുവാനാവാതെ കിടയ്ക്കുകയായിരുന്നു   . അയാളുടെ ജീവനോടെയുള്ള അവസാനത്തെ രാത്രിയായിരുന്നു ആ രാത്രി .അപ്പോള്‍ ദൂരെ  നിന്നും  മരണ ദേവനയച്ച  ദൂതന്‍റെ   വരവറിയിച്ചു കൊണ്ട്  കൂമന്‍റെ കരച്ചില്‍  കേള്‍ക്കുന്നുണ്ടായിരുന്നു .
                                                ശുഭം     
rasheedthozhiyoor@gmail.com                                                                            rasheedthozhiyoor.blogspot.com









12 June 2015

ചെറുകഥ:പന്തീരടി


മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശം. ഹരിതാഭമായ ഗ്രാമം കൃഷിയാല്‍ സമ്പന്നമാണ്.ഗ്രാമത്തിലുള്ളവരില്‍ ഭൂരിഭാഗവും കൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നവരാണ്‌ .ഭൂവുടമകള്‍  തങ്ങളുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കുകയും   . തൊഴിലാളികള്‍   കൃഷിയിടങ്ങളില്‍ തൊഴിലെടുത്തും ഹരിത സമൃദ്ധിയായ ഗ്രാമത്തില്‍  സന്തോഷപ്രദമായ ജീവിതമാണ് നയിക്കുന്നത്  . ഗ്രാമത്തിലൊരു ക്ഷേത്രമുണ്ട് .ദീര്‍ഘായുസ്സിനും ,സന്തോഷപ്രദമായ ജീവിതത്തിനും ,ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും ,ചെയ്തുപോയ അപരാധങ്ങള്‍ക്ക് മാപ്പപേക്ഷയ്ക്കും ,സന്താന പ്രാപ്തിക്കും  അങ്ങിനെ ക്ഷേത്ര ദര്‍ശനത്തിനു വരുന്നവര്‍ക്ക് കാരണങ്ങള്‍ ഏറെയാണ്‌  .അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് വരുന്നുണ്ട് .

ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്   കഴിഞ്ഞ മേടമാസം ഇരുപതാം തിയ്യതി അറുപത്‌ വയസ് തികഞ്ഞ   കൃഷ്ണന്‍കുട്ടി . നാല്പതുവര്‍ഷങ്ങള്‍ക്ക് മുന്പ്‌ വരെ  കൃഷ്ണന്‍കുട്ടിയുടെ തറവാടിന്‍റെ അധീനതയിലായിരുന്ന ക്ഷേത്രം അന്നത്തെ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന    കൃഷ്ണന്‍കുട്ടിയുടെ അച്ഛന്‍ മാധവന്‍കുട്ടി  വര്‍ഷാവര്‍ഷം നടത്തുന്ന ഉത്സവത്തിന്  സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍   ക്ഷേത്രം  ഗ്രാമവാസികള്‍ക്ക്‌ വിട്ടുകൊടുക്കുകയായിരുന്നു  .അങ്ങിനെ ക്ഷേത്രം ഗ്രാമവാസികളുടെതായി . ആ കാലംമുതലേ   ക്ഷേത്ര കമ്മിറ്റി നിലവില്‍വന്നു .കമ്മിറ്റി ഭാരവാഹികള്‍ ചിട്ടി നടത്തിയും ഗ്രാമവാസികളില്‍ നിന്നും പിരിവെടുത്തും ഉത്സവം ഗംഭീരമാക്കി .ഇപ്പോള്‍ അന്‍പതിലേറെ ഗജവീരന്മാര്‍ ഉത്സവത്തിന് ക്ഷേത്രനടയില്‍ അണിനിരക്കും .


ഗ്രാമത്തിലെ ജന്മികളായിരുന്നു മാധവന്‍കുട്ടി യുടെ പൂര്‍വീകര്‍. മാധവന്‍കുട്ടി ക്ഷേത്രത്തിലെ മേല്‍ശാന്തിയായപ്പോഴേക്കും സ്വത്തെല്ലാം അന്യാധീനപ്പെട്ടിരുന്നു  .  കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ട്ടപ്പെടുന്ന മാധവന്‍കുട്ടിക്ക് കമിറ്റി ഭാരവാഹികള്‍ മാസ ശമ്പളം നിശ്ചയിച്ചു .മാധവന്‍കുട്ടി ക്ഷേത്രം ഗ്രാമവാസികള്‍ക്ക്‌ കൈമാറുമ്പോള്‍  ഉടമ്പടി രേഖയില്‍ ഇനിയുള്ള കാലം  ക്ഷേത്ര മേല്‍ശാന്തി  കാര്‍മികത്വം വഹിക്കുവാന്‍ അര്‍ഹത മാധവന്‍കുട്ടിയുടെ തറവാട്ടുകാര്‍ക്ക്‌ മാത്രമായിരിക്കും അധികാരം എന്ന് രേഖപ്പെടുത്തിയിരുന്നു .മൂന്ന്‍ സന്താനങ്ങളായിരുന്നു മാധവന്‍കുട്ടിക്ക് .രണ്ടു പെണ്മക്കളും ഇളയ മകന്‍ കൃഷ്ണന്‍കുട്ടിയും .ക്ഷേത്ര ഭരണം  കൈമാറി അഞ്ചാം വര്‍ഷം മാധവന്‍കുട്ടി ഇഹലോകവാസം വെടിഞ്ഞു .സന്ധ്യാ പൂജ  കാര്‍മികത്വം   കഴിഞ്ഞ്. വീട്ടില്‍ എത്തി  കുളി കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവുപോലെ മുറ്റത്ത്  ഉലാത്തി യതിനു ശേഷം ചാരുകസേരയില്‍ കിടന്നതായിരുന്നു  .


ഉറങ്ങുവാനായി കിടപ്പുമുറിയിലേക്ക് പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും  കാണാതെയായപ്പോള്‍ അമ്മ പോയി അച്ഛനെ തൊട്ടു വിളിച്ചു . ശരീരം തണുത്ത് വിറങ്ങലിച്ചിരിക്കുന്നു ഒരു   അനക്കവുമില്ല .ശ്വാസോച്ഛ്വാസം നടക്കുന്നുണ്ടോ എന്നറിയാന്‍ അമ്മ കൈത്തലം നാസികയില്‍  വെച്ചുനോക്കിയതും  അമ്മയുടെ ആര്‍ത്തനാദം അവിടമാകെ മുഴങ്ങി  .


,, ചതിച്ചൂലോ .... എന്‍റെ ഈശ്വരാ .....മോനേ കൃഷ്ണാ... അച്ഛന്‍ നമ്മേ വിട്ടു പോയീട്ടാ ..


   അദ്ധ്യാപകനാവാന്‍ ആഗ്രഹിച്ചിരുന്ന അവിവാഹിതനായ   എം എ  ബിരുദധാരിയായ  ഇരുപത്തഞ്ചു വയസുകാരന്‍ കൃഷ്ണന്‍കുട്ടി അങ്ങിനെ ഗത്യന്തരമില്ലാതെ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി   .നേരം പുലരുന്നതിന് മുന്പ് തന്നെ ക്ഷേത്രത്തിലെത്തും .ഉഷപൂജ , ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ.എല്ലാ പൂജകളും കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തുമ്പോള്‍ പാതിരാത്രിയാവും .ഉച്ചയ്ക്ക് ലഭിക്കുന്ന ഇടവേളയില്‍ വീട്ടില്‍ വന്ന് പോകും .


ബ്രഹ്മ  മുഹൂർത്തത്തിൽ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണർത്തുമ്പോൾ ക്ഷേത്രത്തിൽ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേൽശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയിൽ വന്ന് അഭിവാദ്യം ചെയ്തും മണിയടിച്ച് നട തുറക്കുന്നു.


അകത്തു കടന്നാൽ മേൽശാന്തി ആദ്യം വിളക്കു തെളിയിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറ്റുന്നു . വിഗ്രഹത്തിൽ നിന്നും ഇവ മാറ്റുന്നതിനു മുമ്പു നടത്തുന്ന ദർശനത്തിന് നിർമ്മാല്യ ദർശനം എന്നാണ് പറയുന്നത്. നിർമ്മാല്യ ദർശനം അതിവിശിഷ്ടമായി ഭക്തജനങ്ങൾ കരുതുന്നു.


നിർമ്മാല്യം മാറ്റിയതിനു ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാൽ ദേവനെ തേച്ചു കുളിപ്പിക്കുന്നു. തീർത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലർനിവേദ്യം കഴിഞ്ഞാൽ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും ഏത്യത്തപൂജയും കഴിഞ്ഞാൽ ശീവേലി എന്ന ചടങ്ങു നടക്കുന്നു. ദേവന്‍റെ  പാർഷദൻമാർക്കും ദ്വാസ്ഥന്മാർക്കും പരിവാരങ്ങൾക്കും ധ്വജശേഖരൻമാർക്കും ബലിതൂവുന്ന ഈ ചടങ്ങോടു കൂടി രാവിലത്തെ പൂജകൾ അവസാനിക്കുന്നു.


പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യനവകവും അഞ്ചു പൂജകളുമുള്ള ക്ഷേത്രങ്ങളിൽ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. നവകമെന്നത് ഒരു മന്ത്രമാണ്. ഒൻപത് സംഖ്യയുടെ കൂട്ടമെന്നാണിതിന്‍റെ   അർഥം.

പിന്നെ ഉച്ചപൂജ. അതിനു ശേഷം ഉച്ചശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകൾ സമാപിക്കുന്നു.

വൈകുന്നേരം അഞ്ചു മണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകൾ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളിൽ സന്ധ്യക്ക് ശിവക്ഷേത്രങ്ങളിൽ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റു ദിവസങ്ങളിൽ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയും അതു കഴിഞ്ഞാൽ അത്താഴ ശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരു ദിവസത്തെ പൂജാക്രമം അവസാനിക്കുന്നു.


മേല്‍ശാന്തിയായി ചുമതല ഏറ്റതിനു ശേഷം ആറാം വര്‍ഷം.  അതായത് മുപ്പത്തൊന്നാം വയസില്‍ കൃഷ്ണന്‍കുട്ടി  വിവാഹിതനായി . വിവാഹിതയാവാന്‍ നിരന്തരം ക്ഷേത്രദര്‍ശനം നടത്തിയിരുന്ന ഒരു സാധു പെണ്‍കുട്ടിയായിരുന്നു വധു .രേവതി  എന്നായിയിരുന്നു അവളുടെ നാമം.  വര്‍ഷങ്ങളോളം ക്ഷേത്ര നടയില്‍ വന്നു പ്രാര്‍ഥിച്ചിരുന്ന അവള്‍ക്ക് വിവാഹഭാഗ്യം ലഭിച്ചില്ല .രേവതിയുടെ  പതിവായുള്ള ക്ഷേത്ര ദര്‍ശനം പിന്നീട് ഇല്ലാതെയായി . കൃഷ്ണന്‍കുട്ടി ഒരു ദിവസം ഉച്ചയ്ക്ക് വീട്ടില്‍ പോകുന്ന വഴിയില്‍ രേവതിയെ കണ്ടു. പാടവരമ്പിലൂടെ നടന്നു വരുന്ന കൃഷ്ണന്‍കുട്ടിയെ കണ്ടപ്പോള്‍ ഭയഭക്തിയോടെ അവള്‍ വഴിമാറി കൊടുത്തു .

അടുത്തെത്തിയപ്പോള്‍  കൃഷ്ണന്‍കുട്ടി അവളോട്‌ ചോദിച്ചു .

,, ഈ ഇടെയായി കുട്ടിയെ  ക്ഷേത്രത്തിലേക്ക് കാണുന്നില്ലല്ലോ .ഉദ്ദിഷ്ടകാര്യം ശെരിയായീന്നുണ്ടോ ,,


,, ഹേയ് ..എനിക്ക് ഇപ്പോള്‍ പ്രായം ഇരുപത്തിനാലു കഴിഞ്ഞു. ഈശ്വരന്‍ എനിക്ക് അതിനുള്ള ഭാഗ്യം തരുന്നില്ലാ എന്ന് തോന്നുന്നു ,,


,, ഹേയ് അങ്ങിനെയൊന്നും പറയല്ലേ ....എന്തിനും ഏതിനും ഒരു  സമയമുണ്ടല്ലോ .സമയമാവുമ്പോള്‍ അതങ്ങ് നടക്കും ,,


രേവതി മന്ദഹസിച്ചു  നടന്നു നീങ്ങി .വീട്ടിലേക്ക് നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ഓര്‍ത്തു നല്ല അച്ചടക്കമുള്ള പെണ്‍കുട്ടി അമ്മ തനിക്കായി വിവാഹാലോചന നടത്തുന്നുണ്ട്. അയാള്‍ അമ്മയോട് രേവതിയെ കുറിച്ച് പറയുവാന്‍ തീരുമാനിച്ചു .വീട്ടില്‍ നിന്നും തിരികെ ക്ഷേത്രത്തിലേക്ക് പോരുവാന്‍ നേരം വിവരം അമ്മയെ ധരിപ്പിക്കുകയും ചെയ്തു .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമ്മയും രണ്ടു ബന്ധുക്കളും കൂടി രേവതിയെ പോയികണ്ടു .പിന്നെ പൊടുന്നനെയായിരുന്നു വിവാഹം .വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹം നടന്നു .


ഇന്ന്  കൃഷ്ണന്‍കുട്ടി അല്പം നേരത്തെ ക്ഷേത്രത്തില്‍നിന്നും ഇറങ്ങി കവലയിലേക്ക് നടന്നു .ഇനിയും വൈകിയാല്‍  വറീത്   മാപ്പിളയുടെ പലചിരക്ക് പീടിക പൂട്ടും . ഉച്ചയ്ക്ക് വീട്ടില്‍ പോയപ്പോള്‍ ഭാര്യ രേവതി അവശ്യസാധനങ്ങള്‍ വാങ്ങിക്കുവാനുള്ള കുറിമാനം  കൊടുത്തിരുന്നു .കവലയിലെ ഏറ്റവും പഴക്കമേറിയ പീടികയാണ്‌ വറീത് മാപ്പിളയുടെത് . കൃഷ്ണന്‍കുട്ടിയുടെ  ബാല്യകാലത്തുള്ള ഈ രണ്ടു മുറി പീടിക ഇപ്പോഴും മേല്‍ക്കൂര ഓലയാല്‍ മേഞ്ഞിരിക്കുന്നു .കവലയില്‍ വാര്‍ക്ക കെട്ടിടങ്ങള്‍ അനവധി ഉണ്ടെങ്കിലും  വറീത് മാപ്പിളയുടെ പീടിക പഴമയുടെ പ്രതീകമാണ് .  വറീത് മാപ്പിളയുടെ സഹായി നിരപ്പലകകള്‍ പൊഴിക്കുള്ളില്‍ നിരത്തിയുറപ്പിക്കുന്നത് തെരുവ് വിളക്കിന്‍റെ വെട്ടത്തില്‍ കൃഷ്ണന്‍കുട്ടി ദൂരെ നിന്നും കണ്ടു.പീടിക അടയ്ക്കല്ലേ എന്ന മുന്നറിയിപ്പുപോലെ കൃഷ്ണന്‍കുട്ടി കയ്യിലെ ടോര്‍ച്ച് പീടികയുടെ അകത്തേക്ക് നീട്ടിയടിച്ചു .ടോര്‍ച്ചിന്‍റെ പ്രകാശം വറീത് മാപ്പിളയുടെ മുഖത്ത് പ്രതിഫലിച്ചപ്പോള്‍  വറീത് മാപ്പിള  സഹായിയോട് പറഞ്ഞു .


,,മ്മടെ മേല്‍ശാന്തി വരുന്നുണ്ട് എന്ന് തോന്നുന്നു. അയാള്‍ക്കുള്ള സാധനങ്ങള്‍ കൊടുത്തിട്ട് അടയ്ക്കാം ,,


രാവിലെമുതല്‍ ജോലിയെടുത്ത് ക്ഷീണിച്ച സഹായി വീണ്ടും പീടിക അടയ്ക്കാന്‍ വൈകുന്നതിന്‍റെ നീരസം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് ടോര്‍ച്ചിന്‍റെ പ്രകാശം വരുന്ന വഴിയിലേക്ക് നോക്കിനിന്നു .കുട ചൂടാതെ  ചാറ്റല്‍മഴ നനഞ്ഞു പീടികയുടെ വരാന്തയിലേക്ക്‌ കയറിയ  കൃഷ്ണന്‍കുട്ടി യോടായി വറീത് മാപ്പിള പറഞ്ഞു .


,, മേല്‍ശാന്തിക്ക്‌ കുടചൂടിക്കൂടെ എന്തിനാ ഇങ്ങനെ മഴ കൊള്ളുന്നത്‌ ,,


ഉടുക്കുവാന്‍  വെള്ള മുണ്ടും വീതിയുള്ള മേല്‍ മുണ്ടുമാണ്  എപ്പോഴും  കൃഷ്ണന്‍കുട്ടിയുടെ വേഷം. അയാള്‍ മേല്‍മുണ്ടെടുത്ത്   പിഴിഞ്ഞ് തലയും ശരീരവും  തോര്‍ത്തിക്കൊണ്ട് പറഞ്ഞു .


,, ഇപ്പോള്‍ കാലാവസ്ഥ മാറുന്നത് ഒരു മുന്നറിയിപ്പും ഇല്ലാതെയല്ലേ ...ഉച്ചയ്ക്ക് എന്ത് വെയിലായിരുന്നു .ക്ഷേത്രത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു മഴക്കോളും ഉണ്ടായിരുന്നില്ല ,,


 കൃഷ്ണന്‍കുട്ടി  ഉടുമുണ്ടിന്‍റെ ഒരറ്റത്ത് തെറുത്തു വെച്ച രൂപയും കുറിമാനവും പുറത്തെടുത്ത് കുറിമാനം വറീത് മാപ്പിളയുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു .


,,രണ്ടുമൂന്നു തരം സാദനങ്ങളെയുള്ളൂ .അല്പം കൂടി നേരത്തെ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങണം എന്ന് കരുതിയതാ ഭക്തജനങ്ങളുടെ തിരക്ക് ഒഴിയെണ്ടേ .... ,,


വറീത് മാപ്പിള കുറിമാനം സഹായിയെ ഏല്പിച്ചത്തിനു ശേഷം  കൃഷ്ണന്‍കുട്ടിയോട് പറഞ്ഞു .


,, മകനില്ലേ വീട്ടില് അവനെ എല്പിച്ചൂടെ വീട്ടിലേക്ക് വേണ്ടുന്ന  സാദനങ്ങള്‍ വാങ്ങിക്കുന്ന ജോലി ,,


കൃഷ്ണന്‍കുട്ടി നെടുവീര്‍പ്പിട്ടുക്കൊണ്ട് പറഞ്ഞു .


,, പതിവുകള്‍ തെറ്റിക്കുവാന്‍ ആവുന്നില്ല .ഇനിയിപ്പോ അവനെ  എല്പിച്ചേ പറ്റൂ അല്പം നടക്കുമ്പോഴേക്കും കിതയ്ക്കുന്നു.പ്രായം അറുപത് കഴിഞ്ഞേ ..,,


കൃഷ്ണന്‍കുട്ടി സാദനങ്ങള്‍ വാങ്ങി സഞ്ചിയിലാക്കി വീട്ടിലേക്ക് നടന്നു .കൃഷ്ണന്‍കുട്ടിക്ക് രണ്ടുമക്കള്‍ മൂത്തവള്‍ പത്മിനി വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം ജീവിക്കുന്നു. ഇളയ മകന്‍  വാസുദേവന്‍ എം എ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് .ക്ഷേത്രത്തിലെ അടുത്ത മേല്‍ശാന്തിയാവേണ്ടത് വാസുദേവനാണ്.വാസുദേവന്‍  
വേദ പഠനം കഴിഞ്ഞിട്ടുണ്ട്  .ബുദ്ധിശാലിയായ വാസുദേവന്‍ പഠനത്തിലും മിടുക്കനായിരുന്നു .പത്താംക്ലാസ് കഴിഞ്ഞാല്‍ മതപരമായ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മകനെ ക്ഷേത്ര മേല്‍ശാന്തിയാക്കുവാന്‍ സജ്ജമാക്കുക എന്നതായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ആഗ്രഹം .പഠിച്ച വിദ്യാലയത്തില്‍ പത്താംക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാസുദേവനായിരുന്നു .വിദ്യാലയ അധികൃതരുടെയും, ഗ്രാമവാസികളുടെയും,വാസുദേവന്‍റെയും  നിര്‍ബന്ധം മൂലം വാസുദേവന്‍റെ  തുടര്‍ പഠനത്തിനു കൃഷ്ണന്‍കുട്ടിക്ക് സമ്മതിക്കേണ്ടി വന്നു .പഠനത്തിനുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്തുവാന്‍ കൃഷ്ണന്‍കുട്ടി ഒരുപാട് ബുന്ധിമുട്ട് അനുഭവിക്കേണ്ടി വന്നു .ഇപ്പോള്‍ എം എ അവസാനവര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു വാസുദേവന്‍റെ വിദ്യാഭ്യാസം


പ്രധാന പാതയില്‍ നിന്നും പാടവരമ്പിലൂടെ നടന്നാല്‍ എളുപ്പം വീട്ടിലെത്താം .ഈ വഴിയിലൂടെയാണ് എന്നും ക്ഷേത്രത്തിലേക്ക് പോകുന്നതും വരുന്നതും . തന്‍റെ കാല്‍പാദങ്ങള്‍  ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചത്  ഈ നടപ്പാതയിലാണെന്ന് കൃഷ്ണന്‍കുട്ടി ഓര്‍ത്തുപോയി .ഈ ഗ്രാമത്തില്‍നിന്ന് പുറത്തേക്ക് പോകുന്നത് തന്നെ വളരെ വിരളമാണ് .തന്‍റെ ലോകം ക്ഷേത്രവും ഈ ഗ്രാമവുമാണ്‌ .  ചാറ്റല്‍മഴ ശക്തിപ്രാപിച്ചപ്പോള്‍ അയാള്‍ സഞ്ചി തന്‍റെ മാറോടു ചേര്‍ത്തുപിടിച്ച് അല്പം കുനിഞ്ഞു നടന്ന് സഞ്ചി മഴ നനയാതെയിരിക്കുവാന്‍ നന്നേ പാടുപ്പെട്ടു .അയാളുടെ  മനസ്സ് ഈ ഇടെയായി  വല്ലാതെ അസ്വസ്ഥമാണ് നടക്കുമ്പോള്‍ വല്ലാതെ കിതയ്ക്കുന്നു .തന്നെ തളര്‍ത്തിയേക്കാവുന്ന ഒരു അസുഖം തന്നില്‍ നിക്ഷിപ്തമാണെന്ന തോന്നല്‍ അയാളെ   വല്ലാതെ ആകുലതപ്പെടുത്തി  .താന്‍  കിടപ്പിലായാല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാവേണ്ടത് വാസുദേവനാണ് .സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവാന്‍ കൊതിച്ചു നടക്കുന്ന അവന്‍റെ മനസ്സ് തനിക്ക് അറിയാവുന്നത് പോലെ മറ്റാര്‍ക്കും അറിയില്ല .ഒരിക്കല്‍ താനും ആഗ്രഹിച്ചിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുവാന്‍  .പക്ഷെ തനിക്ക് അതിനുള്ള ഭാഗ്യം സിദ്ധിച്ചില്ല .ഇപ്പോള്‍ തന്‍റെ മകനിലും  അവന്‍റെ ആഗ്രഹം സഫലീകരിക്കാനാവാതെ പോകും .കഴിഞ്ഞ ദിവസം ചെറിയച്ഛന്‍റെ ഇളയമകന്‍ ഉണ്ണികൃഷ്ണനെ  പോയി കണ്ടിരുന്നു. അയാള്‍ വേദ മന്ത്രങ്ങള്‍ പഠിച്ചിട്ടുണ്ട് .ഇപ്പോള്‍ പട്ടണത്തില്‍ വസ്ത്ര വ്യാപാരം നടത്തുന്നു .  ഉണ്ണി വളരെ ലാഘവത്തോടെ മേല്‍ശാന്തിയാവുക എന്നതില്‍ നിന്നും ഒഴിഞ്ഞുമാറി .ആകപ്പാടെ ഉണ്ടായിരുന്ന പ്രതീക്ഷ അയാള്‍ മാത്രമായിരുന്നു .വിശ്വാസികളെക്കാള്‍ കൂടുതല്‍  ഇപ്പോള്‍ അവിശ്വാസികളാണ് ഭൂലോകത്ത് കൂടുതല്‍ എന്ന് അയാള്‍ക്ക്‌ ആദ്യമായി തോന്നിപ്പോയി  .  പാടവരമ്പിലൂടെ ദൂരെ നിന്നും ടോര്‍ച്ചിന്‍റെ  വെട്ടം കണ്ടപ്പോള്‍ അയാള്‍ ഊഹിച്ചു അത് വാസുദേവനായിരിക്കും .അയാളുടെ ഊഹം തെറ്റിയില്ല .വാസുദേവന്‍ കൃഷ്ണന്‍കുട്ടിയുടെ അടുത്തെത്തിയപ്പോള്‍    കുട കൃഷ്ണന്‍കുട്ടിയുടെ   നേര്‍ക്ക് നീട്ടിക്കൊണ്ടു പറഞ്ഞു .


,, അച്ചന് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ കുട എടുത്തൂടെ .ഇങ്ങനെ മഴ നനഞ്ഞു നടന്നാല്‍ അസുഖം പിടിപ്പെടും ,,


കൃഷ്ണന്‍കുട്ടി സഞ്ചി വാസുദേവന്‍റെ കൈവശം കൊടുത്തിട്ട് മേല്‍ മുണ്ടെടുത്ത് പിഴിഞ്ഞ് തല തോര്‍ത്തിക്കൊണ്ട് പറഞ്ഞു .


,, വീട്ടില്‍ നിന്നും ഇറങ്ങും നേരം അല്പം പോലും മഴയുടെ ലക്ഷണം കണ്ടില്ല .പിന്നെ ഈ മഴ നഞ്ഞു നടക്കുവാനും ഒരു സുഖമല്ലേ ,,


വാസുദേവന്‍ സഞ്ചി കൃഷ്ണന്‍കുട്ടിയുടെ കയ്യില്‍ കൊടുത്ത് കുട മടക്കി കക്ഷത്ത്‌ വെച്ച് മഴ നനഞ്ഞു കൃഷ്ണന്‍കുട്ടിയുടെ മുന്‍പില്‍ നടന്നുകൊണ്ട് പറഞ്ഞു .


,, എന്നാല്‍ ഞാനും അനുഭവിക്കട്ടെ ഈ മഴയുടെ സുഖം ,,


കൃഷ്ണന്‍കുട്ടി വാസുദേവന്‍റെ കക്ഷത്തു നിന്നും കുട എടുത്ത് നിവര്‍ത്തി കൊടുത്തുക്കൊണ്ട് പറഞ്ഞു .


,, എന്ത് അവിവേകമാണ് ഈ കാണിക്കുന്നേ ... അസുഖം പിടിപ്പെടും ഞാന്‍ ഇനിമുതല്‍ കുട എടുക്കാതെ പോകില്ല പോരേ ...,,


വീട്ടില്‍ എത്തിയപ്പോള്‍ രേവതി ചാരുപടിയില്‍ കണ്ണുംനട്ട് ഇരിപ്പായിരുന്നു അവര്‍ കൃഷ്ണന്‍കുട്ടിയോടായി   പറഞ്ഞു .


,, മഴ നനഞ്ഞു ഒത്തിരി നടന്നിട്ടുണ്ടാവും വേഗം പോയി കുളിച്ചു പോന്നോളൂ  ചൂടുള്ള വെള്ളം കുളിപ്പുരയില്‍ എടുത്തു വെച്ചിട്ടുണ്ട്. കുളി കഴിഞ്ഞു വരുമ്പോഴേക്കും ഞാന്‍  അത്താഴം എടുത്തു വെയ്ക്കാം ,,


കൃഷ്ണന്‍കുട്ടി  കുളിച്ചു വന്നപ്പോഴേക്കും അത്താഴം രേവതി എടുത്തു വെച്ചിരുന്നു .അത്താഴം കഴിഞ്ഞാല്‍ മിറ്റത്ത് അല്പം നേരം ഉലാത്തുന്ന പതിവുണ്ട് .മഴയായത് കൊണ്ട് ഉമ്മറത്ത് അല്പം നേരം ഉലാത്തിയതിനു ശേഷം അയാള്‍ ചാരുകസേരയില്‍ അല്പനേരം ഇരുന്നു .ഹൃദയമിടിപ്പിന്‍റെ വേഗത കൂടുന്നതുപോലെ ആകപ്പാടെ വല്ലാത്ത അസ്വസ്ഥത അയാളില്‍ അനുഭവപ്പെട്ടു .വലതു കൈകാലുകള്‍ മരവിച്ചിരിക്കുന്നു .രക്തയോട്ടം നിലച്ചുപോയ പോലെ വല്ലാത്ത മരവിപ്പ് .അയാള്‍ ഉച്ചത്തില്‍ അമ്മേ എന്ന് നിലവിളിച്ചു .രേവതിയും വാസുദേവനും അയാളുടെ നിലവിളികേട്ട് അയാളുടെ അരികിലേക്ക് ഓടിയെത്തി .മഴ ആര്‍ത്തിരമ്പി പെയ്യുമ്പോഴും അയാളുടെ ശരീരമാസകലം വിയര്‍പ്പുകണങ്ങളാല്‍ നനഞ്ഞിരിക്കുന്നു .വാസുദേവന്‍ ഉടനെ കുടയെടുത്ത് മഴയിലൂടെ അല്പമകലെയുള്ള ഓട്ടോറിക്ഷക്കാരന്‍റെ വീട് ലക്ഷ്യമാക്കി ഓടി .


ഓട്ടോറിക്ഷയിലേക്ക് ഡ്രൈവറുടെ സഹായത്താല്‍ കൃഷ്ണന്‍കുട്ടിയെ കയറ്റുമ്പോള്‍  കൃഷ്ണന്‍കുട്ടി അസഹ്യമായ വേദനയാല്‍ പുളയുകയായിരുന്നു .രേവതിയുടെ ശരീരത്തിലേക്ക് കൃഷ്ണന്‍കുട്ടി ചാഞ്ഞിരുന്നു .ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്  കൃഷ്ണന്‍കുട്ടിയെ  കൊണ്ടുപോകുമ്പോള്‍ വാസുദേവന്‍റെ കൈയ്യില്‍ പിടിച്ചുക്കൊണ്ട് അയാള്‍ പറഞ്ഞു.


,, എന്തുതന്നെയായാലും നാളത്തെ ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ മുടങ്ങരുത്‌ .എന്‍റെ മോന്‍ പള്ളിയുണര്‍ത്തിനു മുന്‍പ്തന്നെ ക്ഷേത്രത്തില്‍ എത്തണം ,,


വാസുദേവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി തലയാട്ടുകമാത്രം ചെയ്തു വാസുദേവന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നത്  ഉടുമുണ്ടിന്‍റെ തലപ്പുക്കൊണ്ട് അയാള്‍ തുടച്ചുനീക്കിക്കൊണ്ടിരുന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ അത്യാഹിത വിഭാഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെട്ടു .ഡോക്ടര്‍ പുറത്തേക്ക് നോക്കി ചോദിച്ചു  .


,, കൃഷ്ണന്‍കുട്ടിയുടെ കൂടെ വന്നവര്‍  ആരാണ് ?,,


വാസുദേവനും അമ്മയും ഡോക്ടറുടെ അരികിലേക്ക് ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു .


,, ശ്രീമാന്‍ കൃഷ്ണന്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നു .തക്ക സമയത്ത് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് ക്കൊണ്ട് ജീവന്‍ രക്ഷിക്കുവാന്‍  ഞങ്ങള്‍ക്കായി  .ബ്ലോക്കുണ്ട് അത് ഉടനെ തന്നെ നീക്കം ചെയ്യണം ,,


വാസുദേവനും രേവതിയും തളര്‍ന്നിരുന്നു .മണിക്കൂറുകള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .അച്ഛനെ നാളെ മാത്രമേ അത്യാഹിത വിഭാഗത്തില്‍ നിന്നും നീക്കം ചെയ്യുകയുള്ളൂ എന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആൻജിയോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ ഉടനെ നടത്തണം എന്നും അറിഞ്ഞപ്പോള്‍ വാസുദേവന്‍ ശാസ്തക്രിയയുടെ സാമ്പത്തിക ചിലവിനു വേണ്ടുന്ന രൂപ എങ്ങിനെ സ്വരൂപിക്കും എന്നറിയാതെ വിഷമിച്ചു .സമയം ഏതാണ്ട് പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞപ്പോള്‍ അച്ഛന്‍റെ വാക്കുകള്‍ അയാളുടെ കാതുകളില്‍ മുഴങ്ങുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .


,,എന്തുതന്നെയായാലും നാളത്തെ ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ മുടങ്ങരുത്‌ .എന്‍റെ മോന്‍ പള്ളിയുണര്‍ത്തിനു മുന്‍പ്തന്നെ ക്ഷേത്രത്തില്‍ എത്തണം ,,


വാസുദേവന്‍ വീടിന്‍റെ താക്കോല്‍ വാങ്ങി  അമ്മയോട് യാത്രപറഞ്ഞിറങ്ങി പട്ടണത്തിലെ ഓട്ടോറിക്ഷ സ്റ്റാണ്ട് ലക്ഷ്യ മാക്കി നടന്നു .പട്ടണത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ അയാള്‍ക്ക്‌ ഓട്ടോറിക്ഷ ലഭിച്ചു .വീട്ടില്‍ എത്തിയ ഉടനെ ശരീരം ശുദ്ധിവരുത്തി അച്ഛന്‍റെ മുണ്ടും മേല്‍മുണ്ടും എടുത്ത് ധരിച്ചു .അപ്പോഴേക്കും സമയം മൂന്നര കഴിഞ്ഞിരുന്നു .ടോര്‍ച്ചെടുത്ത് വീടിന്‍റെ കതക് പൂട്ടി പ്രതാന പാതയില്‍ നിന്നും പാടവരമ്പിലെക്കിറങ്ങി നടന്നു .ഞാറ്റു കണ്ടങ്ങളില്‍ പെയ്തൊഴിഞ്ഞ മഴയാല്‍ വെള്ളം നിറഞ്ഞുകവിഞ്ഞിരിക്കുന്നു .വേദ മന്ത്രങ്ങള്‍ പഠിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . സ്വായത്തമാക്കിയ വേദ മന്ത്രങ്ങള്‍ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു .വിജനമായ പാടശേഖരങ്ങളില്‍നിന്നും ചിവിടുകളുടെ ശബ്ദം മാത്രം കേള്‍ക്കാം .ഇതുവരെയും അനുഭവിക്കാത്ത വല്ലാത്തൊരു ഭയം അയാളില്‍ അലയടിച്ചുയരുന്നതയാള്‍ അറിഞ്ഞു .പാദങ്ങളില്‍ നിന്നും വിറയല്‍ അനുഭവപെട്ടപ്പോള്‍ അയാള്‍ നടത്തത്തിന് വേഗത കൂട്ടിക്കൊണ്ടു ഭയം വിട്ടുമാറാന്‍ അഥര്‍വ വേദത്തിലെ മന്ത്രം ഉരുവിട്ടുകൊണ്ട്  ക്ഷേത്രം ലക്ഷ്യമാക്കി നടന്നു .


                                                 ,, ഓം അഭയം മിത്രാദഭയമമമിത്രാദ്‌

                                                    അഭയം ജ്ഞതാദഭയം പരോക്ഷാത്‌.
                                                    അഭയം നക്തമഭയം ദിവാ ന:
                                                     സര്‍വാ ആശാ മമ മിത്രം ഭവന്തു ,,

                                                     


                                                                            ശുഭം


rasheedthozhiyoor@gmail.com                                                     rasheedthozhiyoor.blogspot.com