ചിന്താക്രാന്തൻ

5 June 2016

കഥ .ദണ്ഡവധം


ചിത്രം കടപ്പാട്  zain തൊഴിയൂര്‍
പ്രകൃതിഭംഗിയാർന്ന ഭാരതപ്പുഴയുടെ ഇരുകരകളിലേക്കുമുള്ള യാത്രയ്ക്ക്  ഇരുകരകളിലും   വസിക്കുന്നവരുടെ  ഏക ആശ്രയം ചക്കന്‍കുട്ടിയുടെ കടത്തുതോണിയാണ്.പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിക്കുന്ന ജലം  അറബിക്കടലിൽ ലയിക്കുവാനായി  ഒഴുകുന്ന ജലത്തിന്. കാലാവസ്ഥയുടെ വ്യതിയാനത്തിന് അനുസൃതമായി പല ഭാവങ്ങളാണ്.വേനല്‍ക്കാലത്ത് ഭയാശങ്കകള്‍ കൂടാതെ തോണിയില്‍  യാത്രക്കാര്‍ക്ക്  യാത്രചെയ്യുവാനാവുമെങ്കിലും . വര്‍ഷകാലത്ത്   കരകവിഞ്ഞ് ഒഴുകുന്ന ജലത്തിന് നല്ല കുത്തൊഴുക്കുണ്ടാവുന്നതിനാല്‍  യാത്രക്കാര്‍ക്ക്  ഭയത്തോടെയല്ലാതെ യാത്ര ചെയ്യുവാനാവില്ല.വര്‍ഷകാലത്ത് എത്ര   കാഠിന്യമായ കുത്തൊഴുക്കിലും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത്  സുരക്ഷിതമായി എത്തിക്കുവാന്‍ കടത്തുകാരന്‍   ചക്കന്‍കുട്ടി സമര്‍ത്ഥനാണ് .

പതിവുപോലെ പുലര്‍ച്ചെ മൂന്നര  മണിക്ക് വീട്ടില്‍നിന്നും  ചക്കന്‍കുട്ടി പുഴക്കര ലക്ഷ്യമാക്കി നടന്നു .കയിലി മുണ്ടും, തലേക്കെട്ടുമാണ് അയാളുടെ വേഷം .കുപ്പായം ധരിക്കുന്ന പതിവയാള്‍ക്കില്ല .നല്ല മൂടല്‍മഞ്ഞുള്ളതിനാൽ ടോര്‍ച്ചിന്‍റെ  വെട്ടത്തില്‍ ദൂര കാഴ്ച കാണാനാവുന്നില്ല.തണുത്ത കാറ്റ്  അയാളുടെ ശരീരമാസകലം താഴുകിതലോടി  പോകുമ്പോൾ   അസഹനീയമായ  തണുപ്പയാൾക്ക്‌  അനുഭവപെട്ടുകൊണ്ടിരുന്നു .തണുപ്പകറ്റാൻ   മടികുത്തില്‍ നിന്നും ബീഡിയെടുത്ത് കത്തിച്ചു വലിച്ചപ്പോള്‍ തണുപ്പിന് അല്പം ആശ്വാസംകൊണ്ടു. നാലുമണിയോടെ   അക്കരെയ്ക്കുള്ള യാത്ര പുറപ്പെടും.പാല്‍ക്കാരന്‍ കോരനും,പച്ചക്കറി കച്ചവടക്കാരന്‍ ചെറുമന്‍   കണാരനും,പട്ടണത്തിലെ ക്ഷേത്ര മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും,മറുകരയില്‍ ചായക്കട നടത്തുന്ന മൂസയും മറ്റും എന്നും   തോണിയിലെ ആദ്യയാത്രക്കാരാണ്. ചക്കൻകുട്ടി    തോണിയുടെ അരികിലെത്തിയപ്പോള്‍ യാത്രക്കായ്  കണാരന്‍ ഒഴികെയുള്ളവര്‍ അവിടെ സന്നിഹിതരായിരുന്നു.

 ചെറുമന്‍  കണാരന്‍ ഗ്രാമത്തില്‍ ഒട്ടുമിക്ക തൊഴിലുകളും ചെയ്തിരുന്നയാളായിരുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് തെങ്ങില്‍നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റതിനാല്‍. വിട്ടുമാറാത്ത നടുവേദന നിമിത്തം  ഇപ്പോഴയാൾക്ക് തൊഴില്‍  ചെയ്യുവാനാവാതെയായി. തെങ്ങില്‍നിന്നും വീണതിനു ശേഷം കണാരന് നാളിതുവരെ നടുനിവര്‍ത്തി നടക്കുവാനായിട്ടില്ല.ഇപ്പോള്‍ ഗ്രാമത്തില്‍ പച്ചക്കറികട നടത്തുന്ന കണാരന്‍ അക്കരെയുള്ള ചന്തയില്‍ നിന്നും ദിനേനെ രണ്ട് ചാക്ക് നിറയെ  പച്ചക്കറികള്‍ കൊണ്ടുവരും. സന്ധ്യയാവുമ്പോഴേക്കും കടയിലെ  പച്ചക്കറികള്‍  കാലിയാവുകയും  ചെയ്യും .ബാല്യകാല സുഹൃത്തുക്കളാണ് ചക്കന്‍കുട്ടിയും ,കണാരനും. ഓട്ടോറിക്ഷയില്‍  കൊണ്ടുവരുന്ന പച്ചക്കറിചാക്കുകള്‍ ഓട്ടോറിക്ഷയില്‍ നിന്നും തോണിയിലേക്ക് വെക്കുന്നതും മറുകരയില്‍ എത്തിയാല്‍ കടയിലേക്ക് ചാക്കുകള്‍ ചുമടായി എത്തിക്കുന്നതും ചക്കന്‍കുട്ടിയാണ് .ഞായറാഴ്ചകളില്‍ ഉച്ചയോടെ രണ്ടുപേരും അവരവരുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും വിരമിച്ച് ഒത്തുകൂടി സ്വല്പം മദ്യപിക്കുന്ന ശീലത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് .ചക്കന്‍കുട്ടി വിവാഹിതാനാണെങ്കിലും അയാള്‍ക്ക്‌ സന്താനഭാഗ്യമുണ്ടായില്ല

യാത്രക്കാര്‍ എല്ലാവരും  തോണിയില്‍ കയറിയിരുന്നു .ചക്കന്‍കുട്ടി കണാരനെ കാത്തുനിന്നു.തോണി പുറപ്പെടതെയായപ്പോള്‍  നാരായണന്‍ നമ്പൂതിരി പറഞ്ഞു.

,, നേരം ഇശ്ശി  ആയിരിക്കുണൂ...ഇനിയും ആ  ചെറുമനെ കാക്കണോ  ചക്കന്‍കുട്ട്യേ....ക്ഷേത്രത്തില്‍ ഭക്തര്‍ വന്ന് കാത്ത് നിക്കുണുണ്ടാവും.  ,,

ചക്കന്‍കുട്ടി തോണിയില്‍ കയറി കഴുക്കോലെടുത്ത് യാത്രപുറപ്പെടുവാന്‍ തുനിഞ്ഞപ്പോള്‍   ദൂരെ നിന്നും കൂക്കുവിളികേട്ടതിനാൽ   ചക്കന്‍കുട്ടി  തോണി കരയോടടുപ്പിച്ചുകൊണ്ട് പറഞ്ഞു.

,,കണാരന്‍റെ കൂക്കുവിളിയാണ്  കേള്‍ക്കുന്നത്. പാവം വേഗത്തില്‍ നടക്കുവാന്‍ കണാരന് ആവില്ലല്ലോ. ഇനിയിപ്പോ...... കണാരന്‍ എത്തിയിട്ട്   യാത്രപുറപ്പെടാം ,,

ചക്കന്‍കുട്ടിയുടെ വാക്കുകള്‍ക്ക് മറുപടിയായി  നാരായണന്‍ നമ്പൂതിരി ഒന്ന് നിവര്‍ന്നിരുന്ന് പറഞ്ഞു .

,,ഉവ്വ് ചക്കന്‍കുട്ടി ആ ചെറുമന്‍ വരാതെ  തോണി ഇവിടെന്ന് അല്‍പംപോലും  നീക്കില്ലാന്ന്  ആര്‍ക്കാ അറിയാത്തെ .തന്‍റെ ഉറ്റ ചങ്ങാതിയോടുള്ള സ്നേഹം മറ്റുള്ളവരുടെ വിലപ്പെട്ട സമയം കളിഞ്ഞിട്ടുവേണോ ചക്കന്‍ കുട്ട്യേ ...,,

   അതെ കണാരന്‍ എന്‍റെ ഉറ്റ ചങ്ങാതിയാ... കണാരന്‍ വരാതെ തോണി ഇവിടെ നിന്നും പോകില്ലായെന്ന്  നമ്പൂതിരിയുടെ മുഖത്ത് നോക്കി പറയണമെന്ന് ചക്കന്‍കുട്ടിക്ക് തോന്നിയതാണ്  ക്ഷേത്രത്തിലെ മേല്‍ശാന്തിയായത്‌കൊണ്ട് അയാളെ അവഹേളിക്കേണ്ടയെന്നു കരുതി ചക്കന്‍കുട്ടി കണാരന്‍ വരുന്ന വഴിയിലേക്ക് നോക്കിനിന്നു.

ദൂരെനിന്നും ചൂട്ടിന്‍റെ വെട്ടം തോണിയുടെ അടുത്തേക്ക്‌  അടുത്തടുത്ത് വന്നു ഒപ്പം ഗണപതി പാട്ടിന്‍റെ ഈരടികളും കേള്‍ക്കാം

,,  ആറുമുഖ വാ ഗണപതിയേ 
    ഒടയതാ തന്നെ ഞാൻ
    കാലനാം എരിശെയ്ത്
    ആദരാൽ എതുർകൊൾകാ
    അക്കാലെ അരനുവായ്
    ഉമവടിവെ പിടിവതുമായ്
    അടവി തന്നിൽ കളിച്ച കാലം
    ഉമയാൾ തന്റെ തിരുവയറ്റിൽ
    ഉളർവായോ കരിമുഖവാ
    പിറന്നിതാ വളർന്നുള്ളേ
   ചെറുക്കനായി ചോർ മുല
   മങ്കയ്ക്കു മകനോ ഉമയ്ക്കൊരു
   പൂത്തിരരും ഒറ്റക്കൊമ്പാ
   നായകനെ നെറ്റിക്കണ്ണാലുടയവില്ലേ,,

കണാരന്‍ എപ്പഴും നടന്‍ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കും.നടുനിവര്‍ത്താന്‍ കഴിയാതെ കുനിഞ്ഞുള്ള കണാരന്‍റെ നടത്തം കാണുന്നവരുടെ മനസ്സലിയും .കണാരന്‍ തോണിയില്‍ കയറാനായി തുനിഞ്ഞപ്പോള്‍ ചക്കന്‍കുട്ടി അയാളെ സഹായിച്ചു.കണാരന്റെ  പാദങ്ങൾ  വെള്ളത്തില്‍ സ്പർശിച്ചപ്പോൾ അയാൾ  പറഞ്ഞു .

,,വെള്ളത്തിന് നല്ല തണുപ്പുണ്ടല്ലോ ചക്കന്‍കുട്ട്യേ ...  .ഈ  തണുപ്പുള്ള വെള്ളത്തില്‍ ഒന്ന് മുങ്ങികുളിച്ചാല്‍ അതൊരു സുഖം തന്നെയാണ് ,,

കണാരന്‍റെ വാക്കുകള്‍ക്ക് മൂസയാണ് മറുപടി പറഞ്ഞത് .

,, അല്ല പഹയാ ഇജ്ജ് കുളിക്കാന്‍ പോകുവാണാ .... അന്നെ കാത്ത് നിന്നിട്ട് നെരംപോയ നേരത്താ അന്‍റെ  മുങ്ങി കുളീന്‍റെ ബര്‍ത്താനം .ഇജ്ജ് ബെര്‍തെ മനുഷ്യനെ പിരാന്ത് പിടിപ്പിക്കല്ലേ പഹയാ ,,

കണാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു

,, ഇതിപ്പോ നല്ല കാര്യമായി .എടോ കാക്കാ ഈ വെള്ളത്തില്‍ ഒന്ന് മുങ്ങിക്കുളിച്ചാല്‍ അതൊരു സുഖമാണെന്ന്  പറഞ്ഞതിനാണോ ഈ പുകില്.ഞാന്‍ എന്‍റെ പൊരേന്ന് കുളിച്ചിട്ട് തന്ന്യാ  വരണത്   ,,

കണാരന്‍ തോണിയില്‍ കയറിയപ്പോള്‍ അയാള്‍ക്ക്‌ ഇരിക്കുവാനിടം  ഇല്ലായിരുന്നു. രണ്ടാള്‍ക്ക്‌ ഇരിക്കാവുന്ന ഇരിപ്പിടത്തില്‍  നാരായണന്‍ നമ്പൂതിരി ഒറ്റയ്ക്കാണ് ഇരിക്കുന്നത്. പക്ഷെ  കണാരന് നമ്പൂതിരിയുടെ അടുത്തിരിക്കാന്‍ മനസ്സുവന്നില്ല.കണാരന്‍ തോണിയില്‍  കുനിഞ്ഞു നിന്നു.വര്‍ഷകാലത്തിന്‍റെ ആരംഭം കുറിച്ചുകൊണ്ട് പ്രകൃതിയാകമാനം ഇടിമുഴക്കം കേള്‍ക്കാം കോരന്‍ ആകാശത്തേക്ക് അല്‍പനേരം നോക്കിയതിന് ശേഷം ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റ്  പറഞ്ഞു .

,, ഒരു ഉഗ്രന്‍ മഴയ്ക്കുള്ള കോളുണ്ടല്ലോ .എടോ കണാരാ താന്‍ ഇവിടെ ഇരുന്നോ ... ഞാന്‍ നിന്നോളാം.... . ഈ ഒടിഞ്ഞ നടുവുമായി എത്ര നാളാന്നു
വെച്ചാ ഇങ്ങിനെ കഷ്ടപ്പെടുന്നേ കണാരാ...... തന്‍റെ മോനെ കച്ചവടം ഏല്‍പ്പിക്കടോ .ഇല്ലാത്ത കാശും മുടക്കി മോനെ  പഠിപ്പിച്ചിട്ട് കലക്ടര്‍ ആക്കാംഎന്നാണോ  മോഹം ?,,

കൃതഞ്ജതയോടെ കണാരന്‍ ഇരിപ്പിടത്തില്‍ ഇരുന്നതിനു ശേഷം പറഞ്ഞു.

,, ഈ കാലത്ത് വിദ്യാഭ്യാസം ഇല്ലെങ്കില്‍ ജീവിക്കാന്‍ പ്രയാസാ .എന്തായാലും ഇത്രയൊക്കെ ആയില്ലെ .ഇനിയൊരു രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍  മോന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാകും .ഏതെങ്കിലുംമൊരു സര്‍ക്കാര്‍ ഉദ്യോഗം അവന് തരാവാണ്ടിരിക്കില്ല .മോളുടെ  വിവാഹത്തിന് വാങ്ങിയ കടം ഇപ്പോഴും ബാക്കിയാണ് .ഇളയവള്‍ക്കും വിവാഹപ്രായമായി പൊര നിറഞ്ഞു നിക്കുണൂ .ഇനി താന്‍ പറയാ.... ഞാന്‍ കച്ചവടം നിറുത്തി വീട്ടിലിരിക്കണോ ?,,

കോരന്‍ മറുപടി പറയാതെ നെടുവീര്‍പ്പിട്ടു .മറുകരയില്‍ എത്തിയപ്പോള്‍    എല്ലാവരം ചക്കന്‍കുട്ടിക്ക് കടത്ത് കൂലി കൊടുത്ത്  തോണിയില്‍ നിന്നും   ധൃതിയില്‍ നടന്നകന്നു.ചക്കന്‍കുട്ടി മറുകരയിലെ യാത്രക്കാരെയും കയറ്റി തോണി തിരിച്ചു .ചാറ്റല്‍മഴയുടെ തോത് കൂടിയപ്പോള്‍ ചക്കന്‍കുട്ടി തൊപ്പികുടയെടുത്ത് ശിരസ്സില്‍ വെച്ചു .എഴുമണി കഴിഞ്ഞാല്‍പിന്നെ കോളേജ് കുട്ടികളുടെ നല്ല തിരക്കാണ് .  നാരായണന്‍ നമ്പൂതിരി യുടെ മകളും വേറെയൊരു നമ്പൂതിരിയുടെ മകളും ഒരുമിച്ചാണ് കോളേജില്‍ പോകുന്നത്.ആ കുട്ടികള്‍ തോണിയില്‍ കയറിയാല്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്നവര്‍ അവര്‍ക്ക് ഇരിക്കുവാന്‍ ഇടം നല്‍കും .ഈയിടെയായി കണാരന്‍റെ മകനും   നാരായണന്‍ നമ്പൂതിരി യുടെ മകളും പതിവിലും കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ട്. ചക്കന്‍കുട്ടിക്ക് അവരുടെ പെരുമാറ്റത്തില്‍ പൊരുത്തക്കേട് തോന്നിയെങ്കിലും ഒരുമിച്ച് പഠിക്കുന്ന കുട്ടികള്‍ ആയതുകൊണ്ട് അതത്ര ഗൌനിച്ചില്ല.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുലര്‍ച്ചെയുള്ള യാത്രയില്‍ കണാരന്‍  വ്യസനത്തോടെയിരിക്കുന്നത് കണ്ടപ്പോള്‍ ചക്കന്‍കുട്ടി ചോദിച്ചു .

,, എന്താ കണാരാ തനിക്ക് പറ്റിയത് പാട്ട് പടിക്കൊണ്ടാല്ലാതെ താന്‍ ഈ  തോണിയില്‍ കയറാറില്ലല്ലോ .നടുവേദനയുള്ളപ്പോഴും താന്‍ പാട്ട് പാടി എല്ലാവരേയും രസിപ്പിക്കുന്ന ആളല്ലെ .സത്യം പറയാലോ  തന്‍റെ പാട്ട് കേട്ട് യാത്രയാവുമ്പോള്‍ തോണി അക്കരെയെത്തുന്നത് ഞാന്‍  അറിയാറെയില്ല .എന്താടോ ഉണ്ടായെ ,,

കണാരന്‍റെ മനസ്സിലെ സങ്കടം അണപൊട്ടിയപോലെ പുറത്തുചാടി .അയാള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

,, ഞാന്‍ ഈ നടുവേദനയുമായി കഷ്ടപെടുന്നത് വെറുതെയായടോ ...മക്കളെ പഠിക്കുവാനയച്ചാല്‍ പഠിക്കണം അല്ലാതെ കോളേജില്‍ പോയി സിന്ദാബാദ് വിളിക്കരുത്,,

 പൊരുളറിയാതെ ചക്കന്‍കുട്ടി  തോണി  കുത്തിനിറുത്തി കണാരനെ നോക്കി .കണാരന്‍ തുടര്‍ന്നു .

,,  സിന്ദാബാദ് വിളിച്ചതിന് കുറേ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും  പുറത്താക്കി അതില്‍ എന്‍റെ  മോനുമുണ്ട് .കുടുംബത്തിന്‍റെ അവസ്ഥ നോക്കാതെ മുതിര്‍ന്ന ജാതിക്കാര്‍ക്കെതിരെ മുറവിളികൂട്ടിയാല്‍ പിന്നെ പുറത്താക്കുകയല്ലാതെ പിന്നെ എന്താ ഉണ്ടാകുക .തനിക്കറിയാണോ അവനിന്നലെ വീട്ടില്‍ എത്തിയിട്ടില്ല.പോലീസ്‌ പിടിച്ചോണ്ട് പോയെന്നാ കൂടെ പഠിക്കുന്ന ചെറുക്കന്‍ വന്ന് പറഞ്ഞത്.ഞാന്‍ അവനെ അന്വേഷിക്കാനൊന്നും പോണില്ല .ഇനി അവനായി അവന്‍റെ പാടായി.മക്കളുടെ തല തിരിഞ്ഞാല്‍ പിന്നെ എന്താ ചെയ്യാ .... ,,

ആശ്ചര്യത്തോടെ ചക്കന്‍കുട്ടി പറഞ്ഞു .

,, എന്‍റെ ഭഗവാനെ എന്താ ഞാനീ കേള്‍ക്കുന്നേ .എടോ താന്‍ പോയി ഏതെങ്കിലും വക്കീലിനെചെന്നുകണ്ട്   ചെറുക്കനെ   ജാമ്യത്തില്‍ ഇറക്കുവാന്‍ നോക്ക് .അല്ലെങ്കില്‍ കാര്യം പൊല്ലാപ്പാവും ,,

മറുപടി പറയാതെ കണാരന്‍ വിദൂരതയിലേക്ക് നോക്കിയിരുന്നു .ഒരാഴ്ചയായി മഴ ശമനമില്ലാതെ പെയ്തൊഴിയുന്നു .ഇന്ന് മഴയ്ക്ക് അല്‍പം ശമനമുണ്ട് .  ചാറ്റല്‍മഴയില്‍ ആഞ്ഞുവീശിയ കാറ്റിനാല്‍ തോണി നിയന്ത്രിക്കുവാന്‍ ചക്കന്‍കുട്ടി നന്നേ പാടുപെട്ടു.മഴപെയ്തു പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍  ജലത്തിന്‍റെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട് .ഇനിയങ്ങോട്ട് പുഴയിലെ ജലം കുറയുന്നതുവരെ കുത്തൊഴുക്കിന് ശമനം ഉണ്ടാവുകയില്ല .ചക്കന്‍കുട്ടിക്ക് തോണി നിയന്ത്രിക്കുവാന്‍ നന്നായി  അദ്ദ്വാനിക്കുക തന്നെവേണം .പുഴയില്‍ കുത്തൊഴുക്ക് തുടങ്ങിയാല്‍ ചക്കന്‍കുട്ടിയുടെ  മനസ്സില്‍   ഉത്കണ്ഠയാണ് .തോണിയില്‍ യാത്രക്കാര്‍ കയറിയാല്‍ സുരക്ഷിതമായി യാത്രക്കാരെ മറുകര എത്തിക്കുന്നതുവരെ ആ ഉത്കണ്ഠ തുടര്‍ന്നുകൊണ്ടേയിരിക്കും.കുത്തൊഴുക്കുള്ളപ്പോള്‍ യാത്രക്കാരില്‍ കളിതമാശകളും ,വര്‍ത്തമാനങ്ങളും ഒന്നുംതന്നെ ഉണ്ടാവില്ല .നിശബ്ദതയില്‍ തോണിയിലെ യാത്ര ചക്കന്‍കുട്ടിക്കും ഇഷ്ടമല്ല .

ദിവസം മൂന്ന് കഴിഞ്ഞിട്ടും കണാരന്‍റെ മകന്‍ തിരികെ വന്നില്ല.നടക്കുവാന്‍ നന്നേ പാടുപെടുന്ന കണാരന്‍ വിഷമം ഉള്ളിലൊതുക്കി മകനേയും കണ്ണുംനട്ടിരുന്നു.അന്ന് സന്ധ്യയോടെ കണാരന്‍റെ ഭാര്യ ചക്കന്‍കുട്ടിയെ കാണുവാന്‍ വാന്നു . തോണി കരയോട് അടുക്കുംതോറും കണാരന്‍റെ ഭാര്യയുടെ സങ്കടം അധികരിച്ചുകൊണ്ടിരുന്നു.ചക്കന്‍കുട്ടി തോണി കരയോടടുപ്പിച്ച് തോണി കയറിനാല്‍ കുറ്റിയില്‍ ബന്ധസ്ഥമാക്കി അവരുടെ അടുത്തേക്ക്‌ നടന്നുചെന്നു. ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുകൊണ്ടാണ് അവര്‍ പറഞ്ഞുതുടങ്ങിയത്‌.

,, മോനെ പോലിസ് പിടിച്ചോണ്ട് പോയെന്നാ പറയുന്നെ.മോന്‍ ചതിയില്‍പ്പെട്ടതാവാനെ തരമുള്ളൂ .മോന്‍  അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍കൂടി പറഞ്ഞതാ രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ നമ്മുടെ കഷ്ടപ്പാടുകള്‍ എല്ലാം മാറുമെന്ന് .കുടുംബത്തെകുറിച്ച് ചിന്തിക്കുന്ന മോനാ അവന്‍ എന്‍റെ കുട്ടി ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാ .അവന്‍റെ അച്ഛന് അന്വേഷിച്ചു പോകുവാനൊന്നും പറ്റില്ലല്ലോ ,,

കണാരന്‍റെ ഭാര്യ മടിക്കുത്തില്‍ നിന്നും കുറച്ച് നോട്ടുകള്‍ എടുത്ത് ചക്കന്‍കുട്ടിയുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് തുടര്‍ന്നു.   

ഏട്ടന്‍ നാളെ മോനെ അന്വേഷിച്ചുപോകണം .മനസ്സിന് യാതൊരുവിധ സമാധാനവും ഇല്ലാണ്ടായി .മോള് വീട്ടില്‍ കരഞ്ഞുകൊണ്ടിരിപ്പാണ് ,,

നീട്ടിയ നോട്ടുകള്‍ വാങ്ങാതെ ചക്കന്‍കുട്ടി പറഞ്ഞു.

പഠിക്കുവാന്‍ പോകുന്ന കുഞ്ഞുങ്ങളെ അക്കരെയെത്തിച്ച് ഞാന്‍ നാളെപോയി  അന്വേഷിക്കാം നേരം ഇരുട്ടുന്നതിന്‌ മുമ്പ് വീട്ടിലേക്ക് പൊയ്ക്കോളൂ ,,

 എവിടേക്കെങ്കിലുമൊക്കെ പോകുമ്പോള്‍ സഹോദരന്‍റെ മകനെയാണ് ചക്കന്‍കുട്ടി തോണി ഏല്പിക്കുന്നത് പുഴയില്‍ കുത്തൊഴുക്കുള്ളപ്പോള്‍ സഹോദരന്‍റെ മകന്‍  തോണിയുടെ നിയന്ത്രണം ഏറ്റെടുക്കില്ല .അടുത്ത ദിവസം രാവിലെ പത്തുമണിയോടെ  ചക്കന്‍കുട്ടി   തോണി അക്കരെ കെട്ടിയിട്ട് പട്ടണത്തിലേക്ക് യാത്രയായി.പോലിസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അവിടെയുള്ള പോലീസ്‌കാരന്‍ പറഞ്ഞു.

,, നിങ്ങള്‍  അന്വേഷിക്കുന്ന ആളിവിടെയുണ്ട് .അദ്ധ്യാപകരെ മര്‍ദ്ദിച്ചതാണ് കേസ്. സംഭവം കേസാക്കിയത്കൊണ്ട് ജാമ്യമില്ലാതെ പുറത്തിറങ്ങാന്‍ പറ്റില്ല. വക്കീലിനെകണ്ട് ജാമ്യത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ .,,

ചക്കന്‍കുട്ടി പോലിസ്സ്റ്റേഷന് അടുത്തുള്ള വക്കീലിനെകണ്ട് ജാമ്യത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു .രണ്ടുമണിയോടെ കണാരന്‍റെ മകനെ ജാമ്യത്തിലിറക്കി. കണാരന്‍റെ മകന്‍  ചക്കന്‍കുട്ടിയുടെ  മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല.കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ചക്കന്‍കുട്ടി പറഞ്ഞു.

,, പഠിക്കാന്‍ പോകുന്നത് അറിവ് പകര്‍ന്നു തരുന്നവരെ തല്ലാനാണോ ?എങ്ങിനെ ഇങ്ങിനെയൊക്കെ ആവാന്‍ കഴിയുന്നു. ഒടിഞ്ഞ നടുവുമായി അച്ഛന്‍ നിങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുന്നത് ഓര്‍ക്കണമായിരുന്നു.മറ്റുള്ള കുട്ടികളെപ്പോലെയാണോ നീ ? ഒരു കുടുംബത്തിന്‍റെ ഏക പ്രതീക്ഷയാണ് നീ ,ഇനിയിപ്പോ പഠിപ്പ് എങ്ങിനെ തുടരും,,

പറഞ്ഞത് കേള്‍ക്കുകയല്ലാതെ മറുത്തൊന്നും കണാരന്‍റെ മകന്‍ പറഞ്ഞില്ല. കടവിലെത്തിയപ്പോള്‍ യാത്രക്കാരുടെ നല്ല തിരക്കുണ്ടായിരിരുന്നു.തോണിയില്‍ കയറ്റാന്‍ പറ്റുന്നവരെ കയറ്റി ചക്കന്‍കുട്ടി യാത്ര തുടര്‍ന്നു.അക്കരെയെത്തിയപ്പോള്‍ കണാരന്‍റെ മകനെ തനിച്ചുവിടാന്‍ ചക്കന്‍കുട്ടിക്കായില്ല.അയാള്‍ തോണി കെട്ടിയിട്ട് കാത്ത് നിക്കുന്ന യാത്രക്കാരോട് ഉടനെ വരാമെന്ന് പറഞ്ഞ്  കണാരന്‍റെ മകനോടൊപ്പം നടന്നു.പോകുന്ന വഴിയില്‍ കണാരന്‍റെ കടയുടെ അരികില്‍ എത്തിയപ്പോള്‍ കണാരന്‍ മകന്‍റെ അരികിലേക്ക് വന്നുപറഞ്ഞു.

,,കുരുത്തംകെട്ടവനെ..... എന്‍റെ എല്ലാ പ്രതീക്ഷകളും നീ നശിപ്പിച്ഛല്ലോടാ ദ്രോഹി ....,,

കൂടുതല്‍ ശകാരിക്കുന്നതില്‍ നിന്നും   കണാരനെ ചക്കന്‍കുട്ടി പിന്തിരിപ്പിച്ചുകൊണ്ട് കണാരന്‍റെ  മകനോട്‌ പറഞ്ഞു.

,, മോന്‍ വീട്ടിലേക്ക് ചെല്ല് അമ്മയും പെങ്ങളും മോനെ കാണാതെ വിഷമിച്ചിരിക്കുകയാവും,,

കണാരന്‍റെ മകന്‍ നടന്നുനീങ്ങിയപ്പോള്‍ ചക്കന്‍കുട്ടി കണാരന്‍റെ ചുമലില്‍ തട്ടികൊണ്ട് പറഞ്ഞു.

സംഭവിച്ചത് സംഭവിച്ചു .ഇനി ഇതിന്‍റെ പേരില്‍ അച്ഛനും മോനും  വഴക്കിടരുത് ഞാന്‍ കടവിലേക്ക് ചെല്ലാട്ടെ അവിടെ യാത്രക്കാര്‍ നിറഞ്ഞിട്ടുണ്ട്‌ ,,

കണാരന്‍ കൃതഞ്ജതയോടെ ചക്കന്‍കുട്ടിയുടെ കരം നുകര്‍ന്ന് നിന്നു. കണാരന്‍റെ മിഴികളപ്പോള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ചക്കന്‍കുട്ടി തന്‍റെ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ കടവ് ലക്ഷ്യമാക്കി നടന്നുനീങ്ങി.രണ്ടാംനാളിലെ   പ്രഭാതത്തില്‍ കണാരന്‍റെ മകനെ ദുരൂഹ സാഹചര്യത്തില്‍ കാണ്മാനില്ല എന്ന വാര്‍ത്തയുമായാണ്   ആ ഗ്രാമം ഉണര്‍ന്നത്.  കണാരന്‍റെ മകനുവേണ്ടിയുള്ള തിരച്ചിലിൽ  ഗ്രാമവാസികൾഒന്നടങ്കം  അണിനിരന്നു.തിരച്ചിലുകൾക്കൊടുവിൽ  ആളൊഴിഞ്ഞ കശുമാവിൻ  തോട്ടത്തിൽ കണാരന്‍റെ   മകനെ കൊലചെയ്യപ്പെട്ട നിലയിൽ  കാണപെട്ടു .വിവരമറിഞ്ഞ് കശുമാവിൻ തോട്ടത്തിൽ ജനങ്ങൾ  തടിച്ചുകൂടി. അക്കരെനിന്നും  പോലീസും, പോലീസ് നായയും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി .പോലീസ് നായ  മൃതദേഹവും പരിസരവും മണംപിടിച്ച്  ഓടി .പോലീസ് നായയെ നിയന്ത്രിക്കുന്ന പോലീസും, ഒപ്പം ഒരുപറ്റം ജനങ്ങളും നായയെ അനുഗമിച്ചു .ഇടവഴിയിൽ  നിന്നും പ്രഥാന പാതയിലൂടെ കണാരന്‍റെ പീടികയുടെ മുമ്പിലൂടെ ഓടി നായ പുഴക്കരയുടെ മുമ്പിൽ ചെന്നുകിതച്ചു  നിന്നു .  മൃതദേഹം  പോസ്റ്റ്‌മോട്ടം ചെയ്യാൻ കടത്തുതോണിയിൽ അക്കരെയുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടിനാൽ അതികൃതർ   പോസ്റ്റ്‌മോട്ടം ചെയ്യാൻ  ഡോക്ടറെ മൃതദേഹത്തിനരികിലേക്ക് വരുത്തി .പോലീസിന്‍റെ   വിശദമായ പരിശോധനയ്ക്കുശേഷം  കശുമാവിൻ തോട്ടത്തിൽ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ കണാരന്‍റെ  മകൻറെ മൃതദേഹം പോസ്റ്റ്‌മോട്ടം ചെയ്യപ്പെട്ടു .


പൊസ്റ്റ്മൊട്ടം  കഴിഞ്ഞ്  തുന്നികെട്ടിയ മൃതദേഹം കണാരന്‍റെ  വീട്ടിൽ  കൊണ്ടുവന്നപ്പോൾ സഹപാഠികളാൽ  അവിടമാകെ ജനസമുദ്രമായിതീർന്നിരുന്നു .അമ്മയും സഹോദരികളും കരയുന്ന കൂട്ടത്തിൽ വാവിട്ടു കരയുന്ന   നാരായണന്‍ നമ്പൂതിരിയുടെ മകളെ  ഗ്രാമവാസികൾ ആശ്ചര്യത്തോടെയാണ് നോക്കിയതെങ്കിലും  സഹപാഠികൾക്ക് ഏറെകുറെപേർക്ക്  അറിയാമായിരുന്നു കണാരന്‍റെ  മകനുമായുള്ള  അവളുടെ  പ്രണയം . കണാരൻ മൃതദേഹത്തിനരികിൽ    നിസ്സംഗനായി നിന്നു .ഗ്രാമവാസികൾ ഏറെകുറെ പേർ  കണാരന്‍റെ  വീട്ടിൽ  സന്നിഹിതരായിരുന്നുവെങ്കിലും അവിടെ  നാരായണന്‍ നമ്പൂതിരിയെ ആരും കണ്ടില്ല.ദുരൂഹതകൾ ബാക്കിയാക്കി കണാരന്‍റെ  മകന്‍റെ  മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു .
                                                                        
                                                                           ശുഭം