Showing posts with label ഒരു ബാല്യകാല ഓര്‍മ്മകുറിപ്പ്. Show all posts
Showing posts with label ഒരു ബാല്യകാല ഓര്‍മ്മകുറിപ്പ്. Show all posts

4 August 2016

ഒരു ബാല്യകാല ഓര്‍മ്മകുറിപ്പ്





 കൊഴിഞ്ഞുപോയ  നമ്മുടെ ജീവിതത്തില്‍ നമുക്ക് ഏറ്റവും പ്രിയങ്കരമായൊരു  കാലം ഉണ്ടാകുമല്ലോ. എന്‍റെ അറിവില്‍  സ്ത്രീ പുരുഷ ഭേതമന്യേ ബാല്യകാലമാണ് ആ പ്രിയങ്കരമായ  കാലം. എനിയ്ക്കും ബാല്യകാലമായിരുന്നു ഏറ്റവും പ്രിയങ്കരം.കാരണം ഉത്തരവാദിത്ത്വം ലവലേശം ഉണ്ടായിരുന്നില്ല ആ പ്രിയങ്കരമായ   കാലത്ത്.
പിന്നെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് നമുക്കൊക്കെ തോന്നിപ്പിക്കുന്ന ഒരിടവും  നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാതെയിരിക്കില്ല  .എനിയ്ക്കും ഉണ്ടായിരുന്നു അങ്ങിനെയൊരിടം.  എന്‍റെ മാതാവിന്‍റെയും എന്‍റെയും  ജന്മ ഗ്രാമം.പിതാവിന്‍റെ ജന്മ ഗ്രാമത്തില്‍ നിന്നും ഏതാണ്ട് എട്ടു കിലോമീറ്റര്‍ ദൂരമുണ്ട് അവിടേയ്ക്ക് .പിതാവിന്‍റെ ഗ്രാമമാണ് എന്‍റെയും ഗ്രാമം, എങ്കിലും മാതാവിന്‍റെ ഗ്രാമത്തോട് ഒരു വല്ലാത്ത പ്രണയമായിരുന്നു എനിക്ക് .അവിടത്തുകാരുടെ സ്നേഹവും ഗ്രാമാന്തരങ്ങളിലെ ഭംഗിയുമാണെന്നു തോന്നുന്നു അതിന് പ്രധാനകാരണം .എന്‍റെ ഗ്രാമത്തില്‍ നിന്നും രണ്ടു ബസ്സുകള്‍ കയറിയാലേ മാതാവിന്‍റെ ഗ്രാമമായ ചമ്മനൂരില്‍ എത്തുവാന്‍ കഴിയുകയുള്ളൂ .ആദ്യ ബസ്സില്‍ കയറി     കവയത്രികളും  എഴുത്തു കാരികളുമായ കമലാ സുരയ്യ,ബാലാമണിയമ്മ എന്നിവരുടെ ഗ്രാമമായ പുന്നയൂര്‍ക്കുളത്തിന്‍റെ അടുത്ത ബസ്സ്  സ്റ്റോപ്പില്‍ ബസ്സിറങ്ങി, അവിടെ നിന്നും വേറെ ബസ്സില്‍ കയറി വേണം ചമ്മനൂരില്‍ എത്തുവാന്‍.

ചമ്മനൂരില്‍ ബസ്സിറങ്ങി ഒരു കിലോമീറ്ററില്‍ കൂടുതല്‍  ദൂരം ചെമ്മണ്‍പാതയിലൂടെ നടന്നു വേണം മാതാവിന്‍റെ വീട്  സ്ഥിതി ചെയ്യുന്ന  വടക്കേക്കുന്നില്‍ എത്തുവാന്‍.വടക്കേക്കുന്നും പ്രാന്തപ്രദേശങ്ങളും ഹരിത ഭംഗിയാല്‍ ചേതോഹരമാണ്.വര്‍ണനകള്‍ക്ക്‌ അതീതമാണ് ആ ഗ്രാമം .  മാതാവിന്‍റെ  തറവാടായ  ഇരുനില വീടിനു മുന്‍പില്‍, തൊഴുത്തും കയ്യാലപുരയുമുണ്ട്. കയ്യാലപുരയുടെ ഓരം ചേര്‍ന്ന്, വേനല്‍ കാലത്താണെങ്കില്‍  വയലില്‍ നെല്‍  കൃഷി ചെയ്യുന്നതിന്  വേണ്ടുന്ന മോട്ടറും മറ്റു സാമഗ്രികളും ഇരിക്കുന്നുണ്ടാവും  .വേനല്‍ കാലമായാല്‍ അടക്കയും, കുരുമുളകും, നെല്ലും, മറ്റു ഉണക്കുവാനുള്ള വിളകളും  ഉണക്കുവാനായി    മുറ്റം മുഴുവനും  ചാണകവും കളിമണ്ണും കൂട്ടിയോജിപ്പിച്ച് മെഴുകിയിരിക്കും .നെല്‍ കൃഷിക്കായി  വീടിനോട് ചേര്‍ന്നുള്ള കണ്ടത്തില്‍ ആദ്യം വിത്ത് പാകി, മുളപ്പിച്ച്,തൈകള്‍  നടുവാന്‍ പാകമായാല്‍, അവ പിഴുതെടുത്ത് വയലിലെ കണ്ടങ്ങളില്‍ നടുകയാണ്‌ പതിവ് .പുഞ്ചവയലിന് ഓരം ചേര്‍ന്ന്  പെരും തോടുണ്ട്. വേനലാരംഭത്തില്‍  തോടിന്‍റെ ഇരു വശവും കവുങ്ങ് കുറ്റികള്‍ തറച്ച് അവയില്‍ മുടഞ്ഞ ഓല വെച്ചുകെട്ടി അതിനുള്ളില്‍ ചെമ്മണ്‍  നിറച്ച്, ബണ്ട് ഉണ്ടാക്കിയതിനു ശേഷം വയലിലെ ജലത്തിന്‍റെ  അളവ് പകുതിയാകുമ്പോള്‍ വയലിലെ ജലം  വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് തോട്ടില്‍ ശേഖരിക്കും. ഞാറു നടീല്‍ കഴിഞ്ഞാല്‍പ്പിന്നെ നെല്ല് വിളയുന്നത് വരെ കൃഷിക്ക് ആവശ്യ മുള്ള ജലം ഈ തോടുകളില്‍ സുലഭമായി  ഉണ്ടാകും .

തൊടിയില്‍ നിറയെ കവുങ്ങ് മരങ്ങളും ,വാഴയും, പലതരം പച്ചക്കറി  കൃഷികളും , കവുങ്ങ് മരങ്ങളില്‍ കുരുമുളക്  കൃഷിയും സമൃദ്ധിയായി വിള  ചെയ്യപെടുന്നു .വീട് ഉയര്‍ന്ന പ്രദേശത്താണ്   സ്ഥിതിചെയ്യുന്നത്.വീടിന്‍റെ പുറകുവശത്തുനിന്നും അല്‍പം നടന്നാല്‍ ,താഴേക്ക്‌ ഇറങ്ങുവാന്‍ ചെമ്മണ്ണില്‍ കൊത്തിയുണ്ടാക്കിയ പടവുകളുണ്ട് . കവുങ്ങ് മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നതിനാല്‍ മണ്ണിലേക്ക് സൂര്യപ്രകാശം ലഭിക്കുന്നത് നന്നേ കുറവാണ് .തൊടി അവസാനിക്കുന്ന ഭാഗത്ത് വയലിനോട്‌ ചേര്‍ന്ന്  നിരയായി തെങ്ങുകളുണ്ട്, അവയെല്ലാംതന്നെ വയലിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്നു . വയലില്‍ നിന്നും വലിയ ഉരുളന്‍ കല്ലുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയതിന് അരികിലുള്ള തെങ്ങുകള്‍ കാണാന്‍ നല്ല ഭംഗിയാണ് .അവിടെ നിന്നും നോക്കിയാല്‍ കണ്ണെത്താ ദൂരം വരെ വയലുകള്‍ നീണ്ടു കിടക്കുന്നു .അങ്ങു ദൂരെ  ക്ഷേത്രവും ക്ഷേത്രത്തിനു മുന്‍പില്‍   ആല്‍മരവും കാണാം.സായംസന്ധ്യയില്‍ പന്തലിച്ചു നില്‍ക്കുന്ന ആല്‍മരത്തിനു ചുറ്റിലും സ്വര്‍ണ വര്‍ണങ്ങള്‍  കാണാന്‍ നല്ല ഭംഗിയാണ്.പലപ്പോഴും വയലിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ ചാഞ്ഞു കിടന്ന് സൂര്യാസ്തമയം ഞാന്‍  കാണാറുണ്ടായിരുന്നു .വേനല്‍കാലത്ത് വയലിലെ ജലം വറ്റിയാല്‍ കൃഷി ചെയ്യാത്ത സ്ഥലങ്ങളില്‍ പല തരം കളികളില്‍ ഞങ്ങള്‍ ഏര്‍പ്പെടും .        

എനിക്ക് ആ കാലത്ത് ഏതാണ്ട് പതിനെട്ടു വയസ്സ് പ്രായം കാണും .പഠിപ്പിന് അവധിയുള്ള ദിവസങ്ങളിലെല്ലാം വടക്കേ കുന്നില്‍ ഞാന്‍ എങ്ങിനെയെങ്കിലും  എത്തിയിരിക്കും .അവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക് .ഞാന്‍ അവിടെ എത്തിയാല്‍ എന്‍റെ ബന്ധുക്കളായ ചില സമ പ്രായക്കാര്‍ എനിക്ക് കൂട്ട് കിടക്കുവാന്‍ വരാറുണ്ട്  .ഭക്ഷണം കഴിച്ച് ഏതാണ്ട് ഒന്‍പതു മണിയോട് കൂടി ഉമ്മറത്ത്ഞങ്ങള്‍   ഉറങ്ങുവാന്‍ കിടക്കും .വെളിച്ചം അണച്ചാല്‍, കുറച്ചു നേരം ഞങ്ങള്‍ അവിടെതന്നെ കിടക്കും .അകത്തുള്ളവര്‍ ഉറങ്ങി എന്ന് ബോദ്യമായാല്‍ ഞാനും എനിക്ക് കൂട്ട് കിടക്കുവാന്‍ വന്ന സുഹൃത്തുക്കളും എഴുന്നേല്‍ക്കുകയായി .മുന്‍ തീരുമാന പ്രകാരം ഞങ്ങളെ കാത്തു നില്‍ക്കുന്ന സുഹൃത്തുക്കളുടെ  അരികിലേക്കാണ് പിന്നീട് ഞങ്ങളുടെ യാത്ര .രാത്രി സഞ്ചാരം ...അതായിരുന്നു ഞങ്ങളുടെ വിനോദം .അധികവും സിനിമ കാണുവാനാണ് ഞങ്ങള്‍ പോകുന്ന പതിവ്  .

അന്ന് ഒരു വര്‍ഷകാലമായിരുന്നു .അടുത്ത ഗ്രാമമായ പഴഞ്ഞി പെരുന്നാള്‍ ദിവസം .അവിടെ രാത്രി പത്തുമണിക്ക് ശേഷം ഗാനമേളയുണ്ട് .പതിവ് പോലെ ഞാനും സുഹൃത്തുക്കളും അവിടേക്ക്  യാത്ര പോകുവാന്‍ തീരുമാനിച്ചു  .അതിലൊരു    സുഹൃത്ത് അന്ന് വരുന്നില്ലാ എന്ന് പറഞ്ഞിരുന്നു. അയാളെ ഞങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടു പോകുവാന്‍ തീരുമാനിച്ചു .ചമ്മനൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗം പഴഞ്ഞിയിലേക്ക് എത്താന്‍ ഏതാണ്ട് ഏഴു കിലോമീറ്ററില്‍ കൂടുതല്‍  ദൂരമുണ്ട് .പക്ഷെ കായലിലൂടെ വള്ളത്തില്‍ പോയാല്‍ ഒന്നര കിലോമീറ്റര്‍ ദൂരമേ വേണ്ടു പഴഞ്ഞിയില്‍ എത്താന്‍  .ആ പ്രദേശത്തുള്ള ചില വീടുകളില്‍ യാത്രയ്ക്കും പശുക്കള്‍ക്ക് പുല്ല് ശേഖരിക്കുവാനും മത്സ്യബന്ധനത്തിനും   മറ്റും വള്ളം ഉപയോഗിക്കുന്നുണ്ട് .എന്‍റെ മാതാവിന്‍റെ വീട്ടിലും ഉണ്ടായിരുന്നു ഒരു തരക്കേടില്ലാത്ത വള്ളം .യാത്രയ്ക്കും പശുക്കള്‍ക്ക് പുല്ല് പറിക്കുവാനുമാണ് ആ വള്ളം പ്രധാനമായും ഉപയോഗിക്കുന്നത്  .ചമ്മനൂര് നിന്നും പഴഞ്ഞി , കാട്ടകാംബാല്‍,ചെറനെല്ലൂര്‍,കൊച്ചനൂര്‍,പെരുമ്പടപ്പ്‌ . എന്നിവടങ്ങളിലേക്ക് ആ കാലത്ത് ആ പ്രദേശത്തുള്ളവര്‍ വര്‍ഷകാലത്ത് വള്ളങ്ങളിലാണ്  സഞ്ചാരം .വേനല്‍ കാലത്താണെങ്കില്‍  വയലില്‍ കൃഷി നടക്കുന്ന സമയത്ത് വരമ്പിലൂടേയും കൊയ്ത്തു കഴിഞ്ഞാല്‍ വയലിലൂടെ നടന്നുമാണ് സഞ്ചാരം .കൊയ്ത്തു കഴിയുന്നതിനോട് കൂടി തോട്ടിലെ ജലം ഏതാണ്ട് വറ്റിതുടങ്ങും അപ്പോള്‍ ഞാനും സുഹൃത്തുക്കളും തോട്ടില്‍ നിന്നും ധാരാളം മത്സ്യങ്ങളെ പിടിക്കുമായിരുന്നു . 

അന്ന് പഴഞ്ഞിയിലേക്ക് പോകുവാന്‍ മാതാവിന്‍റെ വീട്ടിലെ വള്ളമായി പോകാം എന്നായിരുന്നു  സുഹൃത്തുക്കളുടെ  തീരുമാനം .പക്ഷെ  വൈകുന്നേരമായാല്‍  വീട്ടിലെ വേലക്കാരന്‍ വള്ളം നീളമുള്ള  ചങ്ങലകൊണ്ട് തെങ്ങില്‍ പൂട്ടിയിടും.വേലക്കാരനില്‍ നിന്നും താക്കോല്‍ വാങ്ങിക്കുക എന്നത് അത്ര ആയാസകരമല്ല . വേലക്കാരനോട്‌ പൂട്ടിന്‍റെ താക്കോല്‍ ചോദിച്ചപ്പോള്‍ പതിവായി പറയുന്നത് തന്നെ അന്നും പറഞ്ഞു  .

,, എന്നെ ഉമ്മാര്   (മാതാവിന്‍റെ മാതാവിനെ വേലക്കാരന്‍ വിളിക്കുന്നത്‌ഉമ്മാര് എന്നാണ്  ) വഴക്കു പറയും. ഞാന്‍ താക്കോല്‍  തരില്ല .ഉമ്മാരോട് ചോദിച്ചോളൂ  ഉമ്മാര്  പറഞ്ഞാല്‍ താക്കോല്‍ തരുവാന്‍ എനിക്ക് യാതൊരു വിരോതവും ഇല്ല ,,

അയാളുടെ മറുപടി കേട്ടപ്പോള്‍   എനിക്ക് അയാളോട്  ദേഷ്യം തോന്നി.വലിയുമ്മ അറിയാതെയാണ് രാത്രിയിലുള്ള സഞ്ചാരം .ഞാന്‍ എങ്ങിനെ വലിയുമ്മാട് വള്ളത്തിന്‍റെ താക്കോല്‍ വാങ്ങിക്കുവാന്‍  സമ്മതം ചോദിക്കും .എന്നെകൊണ്ട്‌ കഴിയാവുന്നത് പോലെ എളിമയോടെ താക്കോല്‍ പലവട്ടം  ചോദിച്ചിട്ടും വേലക്കാരന്‍ ,, ഉമ്മാര് വഴക്കുപറയും ,, എന്ന പല്ലവി  പറഞ്ഞുകൊണ്ടേയിരുന്നു . ഏതാണ്ട് രാത്രി  എട്ടു മണിയായപ്പോള്‍. വേലക്കാരന്‍ ഭക്ഷണം കഴിക്കുവാന്‍ പോയ സമയത്ത്  ഞാന്‍ താക്കോല്‍ അയാള്‍ അറിയാതെ എടുത്തുവെച്ചു.അന്ന് ഒന്‍പതരയ്ക്ക്‌  ഞാനും സുഹൃത്തുക്കള്‍ എട്ടുപേരും കൂടി  വള്ളത്തില്‍ കയറി പഴഞ്ഞി പെരുന്നാള്‍ കാണുവാന്‍  യാത്രയായി.  ഗാനമേളയും  രാത്രി പെരുന്നാളും കഴിഞ്ഞു തിരികെ  പോരുമ്പോള്‍  സമയം പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞിരുന്നു .വള്ളത്തില്‍ കയറി ഞങ്ങള്‍ കൂട്ടമായി പല  പാട്ടുകളും പാടി ആസ്വദിച്ചു വരികയായിരുന്നു .  അല്‍പ ദൂരം പിന്നിട്ടപ്പോള്‍ കനത്ത മഴ പെയ്യുവാന്‍ തുടങ്ങി. വള്ളത്തില്‍ മഴവെള്ളം നിറയുന്നത് പാളകൊണ്ട്  മാറിമാറി ഞങ്ങള്‍ കോരിപുറത്തേക്ക്  ഒഴിച്ചു കൊണ്ടേയിരുന്നു .പാട്ടുകള്‍ നിലച്ചു . വയലില്‍ രണ്ടാള്‍ക്ക്‌ പൊക്കത്തില്‍ വെള്ളമുണ്ട്.കാറ്റിനാല്‍ വള്ളം ആടിയുലഞ്ഞുകൊണ്ടിരുന്നു . ഭയം എന്നെ കലശലായി  പിടികൂടിയിരുന്നു. നല്ല കുളിരും അനുഭവപെടുന്നുണ്ടായിരുന്നു .തരക്കേടില്ലാതെ എനിക്ക് നീന്തുവാന്‍ അറിയാം എന്നാലും മനസ്സില്‍ നല്ല ഭയം തോന്നി . ഇരുട്ടില്‍ വള്ളം ദിശമാറിയാണ്  പോയിക്കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് തോന്നി  .  കരയിലേക്ക് വള്ളം എത്തേണ്ട സമയം കഴിഞ്ഞിട്ടും വള്ളം കരയിലേക്ക് എത്തുന്നുണ്ടായിരുന്നില്ല .ഇടിമിന്നലോട് കൂടി പേമാരി അതിശക്തമായി തന്നെ തുടര്‍ന്നു കൊണ്ടേയിരുന്നു .മിന്നലിന്‍റെ വെട്ടം പ്രപഞ്ചത്തില്‍ മിന്നുമ്പോള്‍ ഭയാകുലരായ സുഹൃത്തുക്കളുടെ മുഖങ്ങള്‍ ഞാന്‍ കണ്ടു .

നനഞ്ഞ  വസ്ത്രവും ധരിച്ചു എങ്ങിനെ വീട്ടിലേക്ക് പോകും എന്നതായിരുന്നു പലരുടേയും ആധി .വരുവാന്‍ വിസ്സമ്മതിച്ചിരുന്ന സുഹൃത്ത് അയാളെ കൊണ്ടു പോകുവാന്‍ കൂടുതല്‍  നിര്‍ബന്ധം പറഞ്ഞിരുന്ന ആളോട് കയര്‍ക്കുന്നു.

,, ഞാന്‍ പറഞ്ഞതല്ലേ ഞാന്‍ ഇന്ന് നിങ്ങളുടെ കൂടെ പോരുന്നില്ലായെന്ന് .എന്‍റെ വാപ്പയാങ്ങനും അറിഞ്ഞാല്‍ പിന്നെ എന്നെ എന്‍റെ വീട്ടില്‍ കയറ്റില്ല ,,

എപ്പോഴോ വള്ളം കരയ്ക്കടുത്തു .അത് പക്ഷെ വള്ളം അഴിച്ചുകൊണ്ട് പോയ സ്ഥലത്തല്ലായെന്നു മാത്രം .ഓരോരുത്തരായി വള്ളത്തില്‍ നിന്നും ചാടിയിറങ്ങുവാന്‍ തുടങ്ങി , മൂന്നാമത് ചാടിയിറങ്ങിയത് യാത്രയ്ക്ക് വരുവാന്‍ വിസ്സമതിച്ചിരുന്ന ആളായിരുന്നു .പക്ഷെ അയാളുടെ  ചാട്ടം പിഴച്ചു ,,  അയ്യോ എന്‍റെ ഉമ്മാ  ,, എന്ന ആര്‍ത്തനാദം  പേമാരിയിലും അവിടമാകെ മുഴങ്ങി .അയാളുടെ ഒരു കാല്‍ വള്ളത്തിലും മറ്റേ കാല്‍ ജലാശയത്തിലേക്കുമായി   വീണു  .പിന്നെത്തെ അയാളുടെ അവസ്ത ഞാന്‍ പറയേണ്ടതില്ലല്ലോ .ഞൊടിയിടയില്‍  വലിയ ശബ്ദത്തോടെ സുഹൃത്ത് വള്ളത്തില്‍ നിന്നും ജലാശയത്തിലേക്ക്  മറിഞ്ഞു .അയാളെ ഒരു വിധം എല്ലാവരും ചേര്‍ന്ന്‍ മുങ്ങി  തപ്പിയെടുത്ത്  കരയിലേക്ക് എടുത്ത് കിടത്തി. പക്ഷെ അപ്പോഴേക്കും സുഹൃത്ത്  അബോധാവസ്ഥയിലായികഴിഞ്ഞിരുന്നു  .

എല്ലാവരും മാറിമാറി  സുഹൃത്തിനെ വിളിച്ചു നോക്കി .ഒരു രക്ഷയും ഇല്ല സുഹൃത്ത് ഒരു ചലനവും ഇല്ലാതെ ഒരേ കിടപ്പായിരുന്നു .ഞാന്‍ മനസ്സില്‍  ഉറപ്പിച്ചു  ജീവന്‍ പോയത്  തന്നെ .എല്ലാവരും ഭയാകുലരായി .എന്‍റെ ഭയം കൊലപാതക കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരുമല്ലോ എന്നായിരുന്നു .എന്‍റെ കാല്‍പാദങ്ങളില്‍ നിന്നും ഒരു വിറയല്‍ അനുഭവപെടുന്നത് പോലെ തോന്നി ,തോന്നലല്ല ശെരിക്കും വിറയല്‍ തന്നെയായിരുന്നു .ആ വിറയല്‍ ക്രമേണ ശിരസിലേക്ക് അതിവേഗം പ്രയാണം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു .എനിക്ക് സങ്കടം സഹിക്കുവാന്‍ കഴിയാതെയായപ്പോള്‍ ഞാന്‍  എല്ലാവരോടുമായി സിനിമയിലൊക്കെ പ്രധാന കഥാപാത്രം പറയുന്നത് പോലെ  പറഞ്ഞു  .

,, ഈ പാവത്തിനെ കൊലയ്ക്കു കൊടുത്തപ്പോള്‍  തൃപ്തിയായില്ലേ എല്ലാവര്‍ക്കും ,നമ്മുടെ കൂടെ വരുന്നില്ലായെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ചു കൂട്ടികൊണ്ട് പോയതല്ലേ ,,

ആരോ സുഹൃത്തിന്‍റെ നാസികയില്‍ വിരല്‍ വെച്ചുകൊണ്ടു പറഞ്ഞു

 ,,ജീവനുണ്ട് നമുക്ക് ഇവനെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ കൊണ്ട് പോകണം ,,

അപ്പോഴും പേമാരി ശമനമില്ലാതെ തുടര്‍ന്നു കൊണ്ടേയിരുന്നു .കൂട്ടത്തില്‍ പ്രായം കുറഞ്ഞയാള്‍ ഞാനായത് കൊണ്ടോ വള്ളം യഥാസ്ഥാനത്ത് എത്തിച്ച് ചങ്ങലയില്‍ ബന്ധിപ്പിക്കുവാനുള്ളത് കൊണ്ടോ .... എന്തോ? എന്നോട് വള്ളവുമായി പോകുവാന്‍ പറഞ്ഞിട്ട് എന്നെ അവിടെ തനിച്ചാക്കി സുഹൃത്തിനേയും എടുത്തുകൊണ്ട്  മറ്റുള്ളവര്‍ പോയി .ഒരു കിലോമീറ്ററില്‍ കൂടുതല്‍ നടന്നാലെ കവലയില്‍ എത്തുവാന്‍ കഴിയു അവിടെ പോയാല്‍ തന്നെ ആ നേരത്ത് വാഹനം എവിടെനിന്ന് ലഭിക്കാന്‍ .ആശുപത്രിയിലേക്ക് അവിടെ നിന്നും വീണ്ടും പോകണം ഏതാണ്ട് ഒന്‍പതു കിലോമീറ്ററില്‍ കൂടുതല്‍  ദൂരം . എല്ലാവരും പോയപ്പോള്‍ ഞാന്‍ നിന്നു വിറയ്ക്കുവാന്‍ തുടങ്ങി .ജീവിതത്തില്‍ അന്നേവരെ അനുഭവിക്കാത്ത ഒരു പ്രത്യേക തരം  വിറയലായിരുന്നു അത്   .അവിടമാകെ  അപ്പോഴും                                  കൂ രാകൂരിരുട്ടായിരുന്നു .ഞാന്‍ അതുവരെ കേള്‍ക്കാതെയിരുന്ന എന്തൊക്കയോ അപശബ്ദങ്ങള്‍ അപ്പോള്‍  കേള്‍ക്കുവാന്‍ തുടങ്ങി .ആ ഗ്രാമത്തില്‍ അടുത്തകാലത്ത് ഇഹലോകവാസം വെടിഞ്ഞവരുടെ മുഖങ്ങള്‍ എന്‍റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു .മൃതശരീരം കാണുവാന്‍ പോയാല്‍ ... മൃതശരീരം മൂടിയ തുണി, മുഖം കാണുവാനായി പൊക്കി നോക്കില്ലേ ,അപ്പോള്‍ നാം കാണുന്ന മുഖങ്ങളായിരുന്നു മനസ്സില്‍ മിന്നിത്തെളിഞ്ഞുകൊണ്ടിരുന്നത് .പ്രേതങ്ങള്‍ കൂട്ടമായി ആര്‍ത്തട്ടഹസിക്കുന്നത് പോലെ എനിക്ക് തോന്നി .അപ്പോഴും  മഴ തിമര്‍ത്തു പെയ്യുന്നുണ്ടായിരുന്നെങ്കിലും എന്‍റെ തൊണ്ട വരണ്ടിരുന്നു .ഞാന്‍ ആകാശത്തേക്ക് നോക്കി  വായ തുറന്നു വെച്ചു, വായയില്‍ നിറയുന്ന വെള്ളം  ആര്‍ത്തിയോടെ കുടിച്ചു .

   ഞാന്‍ വിറയലോടെ  ഒരുവിധം വള്ളത്തില്‍ കയറി  കൈക്കോല്‍ (വള്ളം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന വടി )എടുത്ത് അഞ്ഞാഞ്ഞു കുത്തുവാന്‍ തുടങ്ങി ,പക്ഷെ വള്ളത്തിന് അപ്പോള്‍ ഒച്ചിന്‍റെ വേഗതയേ ഉണ്ടായിരുന്നുള്ളു .എനിക്കാണെങ്കില്‍ വള്ളം കുത്തി നിയന്ത്രിക്കാന്‍ അറിയുകയും ഇല്ല . എത്ര ശ്രമിച്ചിട്ടും വള്ളം ഞാന്‍ കരുതിയപോലെ നേരെ ചൊവ്വേ  പോകുന്നുണ്ടായിരുന്നില്ല .  ഞാന്‍ കൈക്കോല്‍ വലതു ഭാഗത്ത്‌ കുത്തുമ്പോള്‍ വള്ളം നേരെ പോകുന്നതിനു പകരം ഇടതു ഭാഗത്തേക്കും ഇടതു ഭാഗത്ത്  കുത്തുമ്പോള്‍ വലതു ഭാഗത്തേക്കും മാറിമാറി നീങ്ങി  ക്കൊണ്ടിരുന്നു .എന്‍റെ ശ്രമം തുടര്‍ന്നു കൊണ്ടിരുന്നുവെങ്കിലും വള്ളം അവിടെ നിന്നും അല്‍പം ദൂരം പോലും മുന്നോട്ടു പോയില്ല . എനിക്ക് അന്നാദ്യമായി വേലക്കാരനോട്‌ ബഹുമാനം തോന്നി .അയാള്‍ എത്ര ആയാസകരമായാണ് വള്ളം തന്‍റെ ലക്ഷ്യ സ്ഥനത്തേക്ക്   എത്തിച്ചിരുന്നത് .  അപ്പോഴും  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .ഒപ്പം ഞാന്‍ നിയന്ത്രിക്കുന്ന വള്ളം ലക്ഷ്യസ്ഥാനത്തേക്ക് പോകാതെ   കാറ്റിന്‍റെ വേഗതയില്‍ അങ്ങിങ്ങായി ആടിയുലഞ്ഞുകൊണ്ട് ദിശ മാറി പോയിക്കൊണ്ടിരുന്നു .  
                                                    ശുഭം  
                                                     


rasheedthozhiyoor@gmail.com        rasheedthozhiyoor.blogspot.com