ചിന്താക്രാന്തൻ

Showing posts with label ചെറുകഥ .ഒരു അവധിക്കാലത്തെ നോവോര്‍മ. Show all posts
Showing posts with label ചെറുകഥ .ഒരു അവധിക്കാലത്തെ നോവോര്‍മ. Show all posts

21 June 2014

ചെറുകഥ .ഒരു അവധിക്കാലത്തെ നോവോര്‍മ

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


     ജീവിതം ഒരു യാത്രയാണ് ആ യാത്ര പൂര്‍ണമാക്കുവാന്‍ ഭാഗ്യം ലഭിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്ന അത്രയും പേര്‍ മാത്രം .മനുഷ്യന്‍റെ പരമാവധി ആയുസ്സ് നൂറുവര്‍ഷങ്ങളാണെങ്കിലും നൂറുവര്‍ഷങ്ങള്‍ തികയ്ക്കാന്‍ കഴിയാതെ ജീവിതം എന്ന  യാത്രയുടെ തുടക്കം മുതല്‍ എപ്പോള്‍  വേണമെങ്കിലും ആ യാത്ര നിശ്ചലമാകാം .ജീവിതം എന്ന യാത്രയില്‍ പിന്നിട്ട നാള്‍വഴികള്‍ തിരിഞ്ഞുനോക്കുമ്പോള്‍ .പിന്നിട്ട യാത്ര സംതൃപ്തി നല്‍കുന്നുവെങ്കില്‍ ആ മനുഷ്യ ജീവിതം ധന്യമായി . അങ്ങിനെ ധന്യമാകുന്ന ജീവിതം മനുഷ്യരില്‍ ഉണ്ടാകുമോ ? പ്രിയപെട്ടവരുടെ വേര്‍പ്പാട് മനസ്സിലൊരു   നോവോര്‍മ്മയായി നമ്മോടൊപ്പം എന്നുമുണ്ടാകും നമ്മുടെ അവസാനശ്വാസം  നിലയ്ക്കും വരെ  .

   സാജിത് എനിക്ക് കളിക്കൂട്ടുകാരന്‍ മാത്രമായിരുന്നില്ല .ഞാനവനെ എന്‍റെ കൂടപ്പിറപ്പിനെ പോലെയായിരുന്നു കണ്ടിരുന്നത്‌ .എന്തിനായിരുന്നു സാജിതിനെ പോലെ ഒരു സുഹൃത്തിനെ എനിക്ക് ലഭ്യമായത് .എന്‍റെ ശിഷ്ടകാലം നെഞ്ചുരുകി ജീവിച്ചു തീര്‍ക്കാനോ.  ആരേയും അങ്ങിനെ ഉള്ളു തുറന്നു സ്നേഹിക്കുവാന്‍ പാടില്ലാത്തതായിരുന്നു .  എനിക്ക് അന്യമായി പോയ സാജിതിന്‍റെ സ്നേഹം ഇപ്പോള്‍  എന്‍റെ മനസ്സിനെ വല്ലാതെ  കുത്തിനോവിക്കുന്നു . നാട്ടിലെ പ്രമാണിയായ ഹസ്സന്‍ ഹാജിയുടെ  പതിനൊന്നു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു സാജിത്.സാജിതിന് പണക്കാരന്‍റെ മകന്‍ എന്ന വിശേഷണമല്ലായിരുന്നു വേണ്ടിയിരുന്നത്.ഈ ഭൂലോകത്ത് മറ്റെന്തിനെക്കാളും ശ്രേഷ്ടമെന്ന് സാജിത് വിശ്വസിക്കുന്ന  സ്നേഹമായിരുന്നു അവന്  വേണ്ടിയിരുന്നത് .പക്ഷെ സാജിതിന്‍റെ വീട്ടിലുള്ളവര്‍ക്ക് പരസ്പരം സ്നേഹിക്കുന്നതിന് പിശുക്ക് വേണ്ടുവോളമുണ്ടായിരുന്നു.

     വീട്ടില്‍ നിന്നും അല്‍പം പോലും സ്നേഹം സാജിതിന്   ലഭിച്ചിരുന്നില്ല എന്നതില്‍ സാജിത് അധീവ ദുഃഖിതനായിരുന്നു  .അതുകൊണ്ടുതന്നെയാകാം സാജിത് എന്നോട് ഒരുപാട് അടുത്തത്‌ .  ഹസ്സനാജിക്ക് മക്കളെ സ്നേഹിക്കുവാനൊന്നും സമയം ഉണ്ടായിരുന്നില്ല .അയാളുടെ ലോകം. കണ്ണെത്താ ദൂരം വ്യാപിച്ചു കിടക്കുന്ന കൃഷിയിടമായിരുന്നു.ഹസ്സനാജി  മക്കളെക്കൊണ്ട്  ഒഴിവു സമയങ്ങളില്‍    കൃഷിയിടത്തില്‍ എല്ലുമുറിയെ പണിയെടുപ്പിക്കും .അനേകം തലമുറകള്‍ക്ക് ജീവിക്കുവാനുള്ള സാമ്പത്തീക ശ്രോതസ്സ്‌ ഉണ്ടായിട്ടും  വാപ്പയാലുള്ള ദുരിതം സഹിക്ക വയ്യാതെ സാജിതിന്‍റെ മൂത്ത സഹോദരങ്ങള്‍ പലരും ഗള്‍ഫിലേക്ക് .ജോലി തേടി രക്ഷപെടുകയാണ് പതിവ്.അയല്‍പക്കക്കാരായ ഞാനും സാജിതും ഇത്രകണ്ട് അടുക്കുവാന്‍ കാരണം.ഒന്നാം ക്ലാസ്സുമുതല്‍ ഒരുമിച്ചുള്ള പഠനം തന്നെയായിരുന്നു  .

രാവിലെ മദ്രസ്സയില്‍ പോകുന്നതും,വിദ്യാലയത്തില്‍ പോകുന്നുന്നതും ഒരുമിച്ചാണ്. രണ്ടുപേരും  വിദ്യാലയത്തില്‍ നിന്നും തിരികെയെത്തി തിടുക്കത്തില്‍ ചായകുടിയും കഴിഞ്ഞാല്‍പ്പിന്നെ.  ദിനചര്യയെന്നോണം. ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള കവലയിലെ മത്സ്യ ചന്തയില്‍ പോയി മത്സ്യം വാങ്ങിക്കുവാന്‍ പോകുന്ന ജോലി ഞങ്ങളില്‍ നിക്ഷിപ്തമായിരുന്നു .  .ഞങ്ങളുടെ ഗ്രാമത്തില്‍ ആ കാലത്ത്  വീടുവീടാന്തരം മത്സ്യം കൊണ്ടുവന്ന്‌ വില്‍ക്കുന്ന പതിവില്ലായിരുന്നു  .രാവിലെ ചന്തയില്‍ നിന്നും  മത്സ്യം ലഭിക്കില്ല .വൈകീട്ട്    കടപ്പുറത്ത് നിന്നും നേരിട്ടു കൊണ്ടുവരുന്ന നല്ല മത്സ്യം മാത്രമാണ് ചന്തയില്‍ വില്‍ക്കുന്നത് . മത്സ്യം വാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസ്സം മത്സ്യവില്‍പനക്കാരന്‍ സുലൈമാനിക്ക അടുത്തുള്ള മത്സ്യവില്‍പനക്കാരനോട് പറയുന്നത്‌ ഞാന്‍ കേട്ടു .

,, എടോ താനിവരില്‍ ആരേയെങ്കിലും എവിടെയെങ്കിലും വെച്ച് തനിയെ കണ്ടിട്ടുണ്ടോ. പഠിക്കാന്‍ പോകുമ്പോഴും ,കളിക്കുമ്പോഴും ,ചന്തയില്‍ വരുമ്പോഴും എല്ലായിപ്പോഴും ഇവന്മാരെ  ഒരുമിച്ചാണ് കാണുവാന്‍ കഴിയുകയുള്ളൂ  .ഞാനീ കാലം വരെ ഇവരിലൊരുവനെ തനിയെ കണ്ടിട്ടില്ല .ഈ ഗ്രാമത്തില്‍ ഇവരെപോലെ പരസ്പരം സ്നേഹിക്കുന്നവര്‍ വേറെ ഉണ്ടാവില്ലാട്ടോ ,,


 ചന്തയിലെക്കുള്ള  യാത്രയിലാണ് ഞങ്ങള്‍ ഞങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെയ്ക്കുന്നത് . അന്ന് ചന്തയില്‍ നിന്നും തിരികെ പോരുമ്പോള്‍  സജിത് എന്നോട് പറഞ്ഞു .

,, നമ്മള്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത് എന്ന ചിന്തയൊന്നും  എന്‍റെ വാപ്പാക്കില്ല .ട്യൂഷന് നീ പോകുമ്പോള്‍ ഞാന്‍ ഉണ്ടാവില്ല നിന്‍റെ കൂടെ .ഞാന്‍ വപ്പാനോട് ഉമ്മയെ ക്കൊണ്ട് ചോതിപ്പിച്ചു.അപ്പൊ വാപ്പ പറയുവാ ഓന് ഇസ്കൂളിലേക്ക് പടിക്കുവാനല്ലേ പോകുന്നേ പിന്നെ എന്തിനാ ട്യൂഷന് പണം ചിലവാക്കി പോകുന്നത് എന്ന് .ഉമ്മ ഒരുപാട്  പറഞ്ഞു നോക്കി .കൊല്ല പരീക്ഷയ്ക്ക് രണ്ടുമാസമേയുള്ളൂ എന്ന്. എന്ത് പറഞ്ഞിട്ടും മൂപ്പര് സമ്മതിച്ചില്ല .എനിക്ക് നന്നായി പഠിക്കുവാന്‍ ആഗ്രഹമുണ്ട്. എന്‍റെ വാപ്പ അതിന് എനിക്ക് ഒരു പ്രോത്സാഹനവും തരുന്നില്ല .നിനക്ക് ട്യൂഷന് പോകുവാന്‍ ഇഷ്ടമില്ലാതെ തന്നെ നിന്‍റെ വാപ്പ ഗള്‍ഫില്‍ നിന്നും പറഞ്ഞത് കൊണ്ടല്ലെ നീ ട്യൂഷന് ചേരാന്‍ പോകുന്നത് .നീ ഭാഗ്യവാനാടാ .നീ എന്ത് പറഞ്ഞാലും നിന്‍റെ വാപ്പ അതൊക്കെ നിനക്ക് സാധിപ്പിച്ചു തരും .എന്‍റെ വാപ്പ സ്നേഹം കൊണ്ട് എന്നെ ഒന്നു നോക്കുകപോലും ചെയ്യില്ല .ഞാന്‍  എന്ത് ചെയ്താലും കുറ്റം പറയും.വാപ്പാന്‍റെ കണ്മുന്നില്‍ എന്നെ കണ്ടാല്‍ അപ്പൊ പറയും തൊടിയിലെ എന്തെങ്കിലും പണികള്‍ .വാപ്പാന്‍റെ കയ്യില്‍ നല്ലോണം പണമുണ്ട് എന്നിട്ടും ചാണകകുഴിയില്‍ നിന്നും ചാണകം എന്നെകൊണ്ട്‌ കോരിപ്പിക്കും  ,,

സാജിതിന്‍റെ വാക്കുകള്‍ ഇടയ്ക്ക് മുറിഞ്ഞു .ഞാന്‍ അപ്പോള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. അവന്‍റെ ഇമകളില്‍ നിന്നും കണ്ണുനീര്‍  തുള്ളികള്‍  പൊഴിയുന്നത് ഞാന്‍ കണ്ടു .അപ്പോള്‍   എന്‍റെ ഇമാകളിലെ നനവ്‌ ഞാനറിഞ്ഞു .ഞാന്‍ അവന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ തുടച്ചു നീക്കികൊണ്ട്  പറഞ്ഞു.

,, നിന്‍റെ വാപ്പയ്ക്ക് നിന്നോട് സ്നേഹം ഉണ്ടാകും. ഒരു പക്ഷെ ആ സ്നേഹം പ്രകടിപ്പിക്കാന്‍ വാപ്പയ്ക്ക്‌ കഴിയുന്നുണ്ടാവില്ല .നീ സങ്കടപെടാതെ. നീ ട്യൂഷന് വരുന്നില്ലാ എങ്കില്‍ ഞാനും ട്യൂഷന് പോകില്ല .ഞാന്‍ വീട്ടിലിരുന്ന് നന്നായി പഠിച്ചോളാം എന്ന് പറഞ്ഞാല്‍ എന്‍റെ വാപ്പ പിന്നെ എന്നെ ട്യൂഷന് പോകുവാന്‍ നിര്‍ബന്ധിക്കില്ല ,,

എന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സാജിത് അവന്‍റെ ഒരു കൈ എന്‍റെ തോളിലേക്കിട്ട് എന്നെ വരിഞ്ഞുമുറുക്കിക്കൊണ്ട്  പറഞ്ഞു .

,, നീ ട്യൂഷന്  പൊയ്ക്കോ  നിനക്ക് അവിടെ പഠിപ്പിച്ചു തരുന്നത് എനിക്ക് പറഞ്ഞു തന്നാല്‍ മതി.നീ എഴുതി കൊണ്ട് വരുന്ന നോട്ടുകള്‍ ഞാന്‍ പകര്‍ത്തി എഴുതിക്കോളാം  ,,

സാജിത് അങ്ങിനെ പറഞ്ഞെങ്കിലും ഞാന്‍ തനിയെ  ട്യൂഷന് പോയില്ല.സാജിതില്ലാതെ തനിയെ ട്യൂഷന് പോകുവാന്‍ എനിക്ക് മനസ്സ് വന്നില്ല . പക്ഷെ ഞങ്ങള്‍ വീട്ടിലിരുന്നു  പഠിക്കുവാന്‍ തീരുമാനിച്ചു .സായാഹ്നത്തിലും, രാത്രിയിലും   സാജിത് അവന്‍റെ വാപ്പ അറിയാതെ എന്‍റെ വീട്ടില്‍ വരും .ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഒരുപാടുനേരം പഠിക്കുമായിരുന്നു . അങ്ങിനെ അവസാന വര്‍ഷ പരീക്ഷ വന്നെത്തി .നന്നായി പഠിച്ചതുകൊണ്ട് പരീക്ഷ ഞങ്ങള്‍ക്ക് പ്രയാസമായി തോന്നിയില്ല .ആ കാലത്ത് വിദ്യാലയങ്ങളില്‍ പ്ലസ് ടു ആരംഭിച്ചിട്ടില്ല .പത്താംതരം വിജയിച്ചാല്‍  നേരെ പ്രീഡിഗ്രിക്ക് കലാലയത്തിലേക്ക്‌ പോകാം .പലരില്‍ നിന്നും കലാലയജീവിതത്തെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍. ഞങ്ങള്‍ക്കും തിടുക്കമായി കലാലയത്തില്‍ എത്തിപെടാന്‍ .അതുക്കൊണ്ടാണ് ഞങ്ങള്‍ ഉറക്കമൊഴിഞ്ഞ് പഠിച്ചതും .ആ കൊല്ലത്തെ  അവസാന  പരീക്ഷ കഴിഞ്ഞ അന്ന് വിദ്യാലയത്തില്‍ സഹപാഠികള്‍ പരസ്പരം ആശ്ലേഷിക്കലും പിരിയുന്ന ദുഃഖത്താല്‍ പലരും കരയുകയും ചെയ്തു .സാജിതിന് ഒരു പെണ്‍കുട്ടിയുമായി സ്നേഹമുണ്ടായിരുന്നു .അവള്‍ സാജിതിന്‍റെ കൈത്തലം നുകര്‍ന്ന് യാത്ര പറഞ്ഞു പോകുമ്പോള്‍. രണ്ടു പേരും കരയുന്നുണ്ടായിരുന്നു .കണ്ടുനിന്ന എന്‍റെ നിയന്ത്രണം എന്നില്‍ നിന്നും അപ്രത്യക്ഷമായി. ഞാന്‍ അല്‍പം മാറിനിന്ന് കരഞ്ഞു .എന്നെ എല്ലാവരും പറയും ലോല ഹൃദയത്തിനുടമ എന്ന് അത് സത്യത്തില്‍ വാസ്തവമാണ് താനും .ആരെങ്കിലും കരയുന്നത് കണ്ടാല്‍ കാരണം എന്താണെന്ന് അറിയില്ലാ എങ്കില്‍ കൂടി  എന്‍റെ ഇമകളും നിറയും .

ഞങ്ങളുടെ വീടുകളില്‍ നിന്നും അല്‍പം നടന്നാല്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലുകളാണ് .വയലുകള്‍ക്ക് ചുറ്റിനും തൊടിയിലെ  തെങ്ങും, കവുങ്ങും,വാഴയും,ഇടവിള കൃഷികളും കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ഹരിതാഭമായ കാഴ്ചകളാണ് .വേനല്‍ക്കാലത്ത് വയലിലെ വെള്ളം വറ്റി വയല്‍ വരണ്ടുണങ്ങി കിടക്കും .വേനല്‍ക്കാലത്ത് ഞങ്ങള്‍ പല കളികളിലും ഏര്‍പെടുന്നത് വയലിലാണ് .    ആ അവധിക്കാലത്തും  ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് വയലില്‍ ഫുട്ബോള്‍ ഗ്രൌണ്ട്  തയ്യാറാക്കി.ആ തവണയും ഞങ്ങള്‍ ഫുട്ബോള്‍ മത്സരം സങ്കടിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു .

 ഒരു ദിവസ്സം കളിച്ചുകൊണ്ടിരുന്ന സാജിത് ബോധക്ഷയം മൂലം നിലംപതിച്ചു . ഞാന്‍ വല്ലാതെ ഭയന്നു. ഞാന്‍ അവന്‍റെ ശിരസ്സ്‌ എന്‍റെ മടിയിലേക്ക്‌ വെച്ച് മുഖത്ത് ജലം തെളിച്ചു. പക്ഷെ അവന്‍ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നില്ല .പ്രിയ ചങ്ങാതിയുടെ അബോധാവസ്ഥയിലുള്ള കിടപ്പ് എന്നെ വല്ലാതെ സങ്കടപെടുത്തി . അപ്പോഴേക്കും സാജിതിന്‍റെ വീട്ടില്‍ ആരോ വിവരമറിയിച്ചു . സാജിതിന്‍റെ  അവധിക്ക്സ വന്ന ഹോദരന്‍ സംഭവസ്ഥലത്ത്   പഞ്ഞെത്തി സാജിതിനെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഞാനും വാഹനത്തില്‍ കയറിയിരുന്നു.വാഹനം അമിതവേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു . പക്ഷെ അടുത്തുള്ള ആശുപത്രിയില്‍ നിന്നും ഡോക്ടറടെ നിര്‍ദ്ദേശ പ്രകാരം ആംബുലന്‍സില്‍ സാജിതിനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഞാനും കൂടെ പോകുവാനായി ആംബുലന്‍സില്‍ കയറിയിരുന്നുവെങ്കിലും  .എന്നെ ആരോ ബലമായി തള്ളി പുറത്താക്കി വാതിലുകള്‍ കൊട്ടിയടച്ചു   .ആംബുലന്‍സ് ചീറിപ്പാഞ്ഞു പോകുന്നത് നിസഹായനായി ഞാന്‍ നോക്കി നിന്നു .ആംബുലന്‍സ് എന്‍റെ കണ്‍ വെട്ടത്ത് നിന്നും മറഞ്ഞപ്പോള്‍ പെരുവഴിയില്‍ ഇരുന്ന് ഞാന്‍  ഒരുപാടു നേരം കരഞ്ഞു .എന്‍റെ ഹൃദയത്തെ പറിച്ചു കൊണ്ട് പോകുന്ന അവസ്തയായിരുന്നു അപ്പോള്‍ എനിക്ക് അനുഭവപെട്ടത്‌ .

ഞാന്‍ സദാസമയം  സാജിതിന്‍റെ അസുഖം ഭേദമാകുവാന്‍ വേണ്ടി പ്രാര്‍ഥനയുടെ ഇരുന്നു .സജിതിനെ കാണുവാന്‍ കഴിയാതെ ഞാന്‍ മാനസീകമായി തകര്‍ന്നു .എന്‍റെ അവസ്ഥ  കണ്ടിട്ട് എന്നെ എന്‍റെ ഉമ്മച്ചി ദൂരെയുള്ള  ആശുപത്രിയിലേക്ക് സാജിതിനെ കാണുവാനായി കൊണ്ടുപോയി .അത്യാഹിത വിഭാഗത്തില്‍ അപ്പോഴും സാജിത് അബോധാവസ്ഥയിലായിരുന്നു .അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശനം സന്ദര്‍ശകര്‍ക്ക് ഇല്ലാത്തതിനാല്‍ .ചില്ലിട്ട കതകിലൂടെ ഞാന്‍ സാജിതിനെ നോക്കി .ശരീരമാസകലം .വയറുകളും മൂക്കിലൂടെ പൈപ്പും ഇട്ട നിലയില്‍ സാജിതിനെ കണ്ടപ്പോള്‍ ഞാന്‍ പരിസരം മറന്ന് പൊട്ടി കരഞ്ഞു .എന്‍റെ ഉമ്മച്ചി എന്നെ മാറോട് ചേര്‍ത്തുപിടിച്ച് എന്നെ ആശ്വസിപ്പിച്ചു .അന്ന് തിരികെ വീട്ടിലേക്ക് പോരുമ്പോഴും ഞാന്‍ കരയുകയായിരുന്നു .ജീവിതത്തില്‍ അപ്പോള്‍ ഞാന്‍ അനുഭവിച്ച മാനസീക സംഘര്‍ഷം  എന്‍റെ ജീവിതത്തില്‍ അന്നേവരെ ഞാന്‍ അനുഭവിച്ചിട്ടില്ല .

   മൂന്നാം പക്കം സാജിതിന്‍റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നപ്പോള്‍ എന്‍റെ സമനില താളംതെറ്റുന്നത് പോലെ എനിക്ക് അനുഭവപെട്ടു .ഉറ്റ ചങ്ങാതിയുടെ വിയോഗം എന്നെ ഭ്രാന്തനെപോലെയാക്കി. കുറേ ഗദ്കദങ്ങള്‍ അന്തരാത്മാവില്‍ നിന്നും തേങ്ങി ഉയര്‍ന്നു .  അലമുറയിട്ട് കരയുന്ന എന്നെ ആരൊക്കെയോ ചേര്‍ന്ന് പിടിച്ചുവെച്ച്‌ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു .കൂടി നിന്നവര്‍ അടക്കം പറയുന്നത് ഞാന്‍ കെട്ടു .

,,ഇത്ര ചെറു പ്രായത്തിലെ ഈ കുഞ്ഞിന് ഈ അസുഖം വന്നല്ലോ .ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടായിരുന്നുവത്രേ  .ശാസ്ത്രക്രിയകൊണ്ടൊന്നും അസുഖം ഭേതമാക്കുവാന്‍ കഴിയില്ലാ എന്ന് നേരത്തെ തന്നെ ഹസ്സന്‍ ഹാജിക്കും കുടുംബത്തിനും അറിയാമായിരുന്നുവത്രേ ...മരുന്നുകള്‍ കഴിക്കുവാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി എന്ന്. ഇവിടെ ആരെങ്കിലും ഈ വിവരങ്ങള്‍ അറിഞ്ഞോ.ഇങ്ങിനെ അസുഖമുള്ള കുട്ടിയെകൊണ്ട് ആരെങ്കിലും തൊടിയിലെ ജോലികള്‍ ചെയ്യിക്കുമോ ,,

അടക്കം പറിച്ചില്‍ എന്നെ വല്ലാതെ ചിന്തിപ്പിച്ചു .ഇത്രയും കാലം ഒരുമിച്ച് ജീവിച്ചിട്ട്. സാജിതിന്‍റെ അസുഖം എന്തുക്കൊണ്ടാണ് അവന്‍ എന്നോട് പറയാതെയിരുന്നത് .ആ ചോദ്യം ഇപ്പോഴും എന്നില്‍ ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു  ഞാന്‍ സങ്കടപെടുന്നത് സാജിതിന് ഇഷ്ടമല്ലായിരുന്നു .സാജിത് എപ്പോഴും പറയുമായിരുന്നു ഞാന്‍ ചിരിക്കുന്നത് കാണുവാന്‍ നല്ല രസമാണെന്ന് .സാജിത് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഞാന്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണം എന്നാണ് . പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ .നല്ല മാര്‍ക്കോട് കൂടിത്തന്നെ സാജിത് വിജയിച്ചിരുന്നു .ഒപ്പം ഞാനും .ഞാന്‍ എപ്പോഴും ഖബര്‍സ്ഥാനില്‍ പോയി  സാജിതിന്‍റെ  ഖബറിന് അടുത്ത് പോയി ഒരു പാട് നേരം ഇരിക്കും ഈ കാലം വരെ. അവന്‍ ആഗ്രഹിക്കുന്നത് പോലെ ചിരിക്കുവാന്‍ എന്നെകൊണ്ട്‌ കഴിയുന്നില്ല .എന്‍റെ പ്രിയ സുഹൃത്തിന്‍റെ ആത്മാവിനെ ചിരിച്ചുകൊണ്ട്  തൃപ്തിപെടുത്തുവാന്‍ ഞാന്‍ എത്രകണ്ട് ശ്രമിച്ചിട്ടും എന്നിലെ പരാജയം  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു . എന്‍റെ പ്രിയ കൂട്ടുക്കാരന്‍റെ ഓര്‍മ്മകള്‍ എന്നും എപ്പോഴും എന്നോടൊപ്പമുണ്ട്. ആ  നോവോര്‍മകളില്‍ നിന്നും ഈ ജന്മം എനിക്ക് മുക്തി ലഭിക്കുകയില്ല .എന്‍റെ കൂട്ടുകാരന്‍റെ ഓര്‍മ്മകള്‍ എന്നോടൊപ്പം നിലക്കൊള്ളും എന്‍റെ പ്രാണന്‍റെ അവസാന ശ്വാസം നിശ്ചലമാകുന്നത് വരെ
                                                      ശുഭം

rasheedthozhiyoor@gmail.com                          rasheedthozhiyoor.blog spot .com