ചിന്താക്രാന്തൻ

8 February 2014

ചെറുകഥ ,ശിഷ്ടകാലം

                                         
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

ഹാരിസിന്‍റെ  അരുമ മകളുടെ ഒന്നാം ജന്മ വാര്‍ഷികത്തിന് ഇനി ഏതാനും ദിവസങ്ങളെ  ബാക്കിയുള്ളൂ   .   വര്‍ഷങ്ങളോളം കുഞ്ഞുങ്ങള്‍ ഇല്ലാതെയിരുന്ന ഹാരിസും  ഫരീദയും  കുഞ്ഞ് ജനിച്ചതില്‍ പിന്നെ വളരെയധികം  സന്തോഷത്തോടെയാണ്  ജീവിക്കുന്നത്  . തന്നെയുമല്ല പതിനഞ്ചു വര്‍ഷത്തോളം പ്രവാസിയായിരുന്ന ഹാരിസിന്   പ്രവാസ ജീവിതത്തിനിടയില്‍  കാര്യമായി  സമ്പാദിക്കുവാന്‍  കഴിഞ്ഞിരുന്നില്ല .വിവാഹം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടാവാതെയായപ്പോള്‍ .ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹാരിസ് മണലാരണ്യത്തിലെ ജീവിതം അവസാനിപ്പിച്ച്‌   നാട്ടില്‍ സ്ഥിരതാമസമാക്കിയത് .നാട്ടില്‍ വന്നതിനു ശേഷം തുടങ്ങിയ വസ്തു വ്യാപാരം കാര്യമായ പുരോഗതി നേടുവാനായില്ല  .ഉള്ള സമ്പാദ്യം  കൊണ്ട്   വ്യാപാരത്തിനായി നാട്ടിന്‍പുറത്ത്  വാങ്ങിയ  പുരയിടം വില്‍ക്കുവാന്‍ കഴിയാതെ സാമ്പത്തീകമായി അയാള്‍ പരാധീനതകള്‍ അനുഭവിച്ചിരുന്നു   .അത്ഭുതം പോലെ മകള്‍ ഈ ഭൂമിയിലേക്ക്‌ പിറന്ന അന്ന് പ്രതീക്ഷിച്ചതിനേക്കാളും കൂടിയ തുകയ്ക്ക് ആ പുരയിടം വില്പന ചെയ്യുകയും പിന്നീട് ഈ ഒരു വര്‍ഷ കാലയളവില്‍ .ഒരുപാട് വസ്തുവഹകള്‍ വാങ്ങുകയും വില്‍ക്കുകയും തരക്കേടില്ലാത്ത നിലയില്‍ സമ്പാദിക്കുവാനും അയാള്‍ക്കായി .മകളുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളെ  ഒന്നടങ്കം വിളിച്ച് ആഘോഷമാക്കണം എന്നതായിരുന്നു ഹാരിസിന്‍റെ ആഗ്രഹം .  കിടപ്പ് മുറിയിലെ മെത്തയില്‍ തന്‍റെ അരികില്‍ കിടക്കുന്ന ഫരീദയോട്   എങ്ങിനെയൊക്കെ ആഘോഷങ്ങളെ പൊലിപ്പിക്കാം  എന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍  ഫരീദ പറഞ്ഞു .

 ,,ഹാരിസിക്ക നമുക്കൊന്നു മാറി ചിന്തിച്ചുകൂടെ , സാധാരണയായി ഈ ലോകത്ത് എവിടെ തന്നെയാലും. കുഞ്ഞുങ്ങളുടെ ജന്മദിനങ്ങളില്‍ എല്ലാവരും പണം ധൂര്‍ത്തടിക്കുന്ന കാഴ്ചകളല്ലേ നമുക്ക് കാണുവാന്‍ കഴിയുന്നത്‌  .മോളുടെ പിറന്നാളിന് നമ്മള്‍ ക്ഷണിക്കുവാന്‍  പോകുന്നവര്‍  ഭക്ഷണത്തിന്  ബുദ്ധിമുട്ടുന്നവരല്ല .എത്രയോപേര്‍ ഒരു നേരത്തെ ഭക്ഷണത്തിനും അണിയാന്‍ വസ്ത്രങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്നു . നമുക്ക് അങ്ങിനെയുള്ളവരെ സഹായിച്ചു കൂടെ . നമ്മളാല്‍ കഴിയുന്നതുപോലെ.അങ്ങിനെയാവുമ്പോള്‍ അതൊരു പുണ്ണ്യ കര്‍മ്മമാകും  ,,

,,നല്ലകാര്യം  എന്നാല്‍ നമുക്ക് ഏതെങ്കിലുംമൊരു അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷം നല്‍കാം ,,

,, ഇക്ക  അതിനേക്കാളും നല്ലത് തെരുവുകളില്‍ അന്തിയുറങ്ങുന്ന ഭിക്ഷാടനം ഉപജീവനമാര്‍ഗ്ഗമാക്കിയ  വയോവൃദ്ധരായവര്‍ക്ക് നല്‍കുന്നതല്ലേ ,,

ഹാരിസ് മെത്തയില്‍ നീണ്ടു നിവര്‍ന്നു കിടന്നു .അയാള്‍ ഓര്‍ത്തു എത്രയോപേര്‍ ഭക്ഷണം കഴിക്കുവാന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്നു .അങ്ങിനെയുള്ളവര്‍ക്ക് ഒരുനേരമെങ്കിലും ഭക്ഷണം നല്‍കുവാന്‍ കഴിഞ്ഞാല്‍ അതല്ലെ നല്ലത് .  ഭാര്യ കുറെയേറെ പണം പതിവായി  പേഴ്സില്‍ നിന്നും എടുത്തിരുന്നു.ആദ്യമൊക്കെ എന്തിനാണ് ഇവള്‍ക്ക് ഇത്രയധികം പണം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .പക്ഷെ എടുക്കുന്ന പണം മുഴുവനും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയാണെന്ന് അറിഞ്ഞപ്പോള്‍ അവളോട്‌ ബഹുമാനമാണ് അയാള്‍ക്ക്‌  തോന്നിയിരുന്നത് .മകളുടെ പിറന്നാള്‍ ദിനം . മോളെ ഉറക്കുവാനായി തൊട്ടില്‍ ആട്ടികൊണ്ടിരുന്ന  ഹാരിസ്. തൊട്ടിലില്‍ കിടക്കുന്ന തന്‍റെ  മോള് ഉറങ്ങിയെന്നു ഉറപ്പുവരുത്തി കിടപ്പുമുറിയില്‍ നിന്നും മുറ്റത്തേക്ക് ഇറങ്ങി  ആകാശത്തേക്ക് നോക്കി.   പ്രപഞ്ചം തെളിഞ്ഞുകാണപെട്ടപ്പോള്‍   അയാള്‍ക്ക്  സമാധാനമായി   . അല്‍പം നേരത്തെ മലക്കറി പീടികയില്‍ പോയിവരുമ്പോള്‍ ആകാശം മേഘാവൃതമായിരുന്നു .മഴ പെയ്താല്‍ ഇന്നു നല്‍കുവാന്‍ പോകുന്ന അന്നദാനം അവതാളത്തിലാവും എന്നതായിരുന്നു അയാളുടെ ആധി .ഹാരിസ് അടുക്കളയിലേക്ക് ചെന്നു നോക്കി .ഭക്ഷണ പൊതികള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു  ഫരീദ .കോഴിബിരിയാണി ഇലയും, പത്ര കടലാസും ഉപയോഗിച്ചാണ് പൊതിയുന്നത്  .ഫരീദയെ സഹായിക്കുവാന്‍ അയല്‍പക്കത്തെ രണ്ടു സ്ത്രീകളുമുണ്ട് .ഹാരിസിനെ കണ്ടപ്പോള്‍ ഫരീദ പറഞ്ഞു .

,, ഇക്ക ഇനി ഒരു മുപ്പത് പൊതി കൂടെ  പോതിയാനേയുള്ളൂ .മൊത്തം നൂറു പൊതികളുണ്ട് .  പന്ത്രണ്ടു മണിക്ക് തന്നെ ഭക്ഷണ പൊതികള്‍  കൊണ്ടു കൊടുക്കുവാന്‍ പൊയ്ക്കോളൂ ,,

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി .സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു .ഹാരിസ്  മനസ്സിലോര്‍ത്തു  നൂറ് ഭിക്ഷക്കാരെ കണ്ടെത്തേണം  അവര്‍ക്കെല്ലാം ഭക്ഷണ പൊതികള്‍ വിതരണം ചെയ്യണം .ഇത്രയും ഭിക്ഷ ക്കാരെ പട്ടണത്തില്‍ പോയാല്‍ കണ്ടെത്തുവാന്‍ കഴിയുമോ എന്നതായിരുന്നു അയാളുടെ സംശയം .ഫരീദ പറഞ്ഞപ്പോള്‍ ഒരു ആവേശത്തിന് സമ്മതിക്കുകയും ചെയ്തു .അയാള്‍ കിടപ്പ് മുറിയിലേക്ക് തന്നെ തിരികെ  പോന്ന് തൊട്ടിലിലേക്ക് നോക്കി .മകള്‍ നല്ല ഉറക്കത്തിലാണ് .ഹാരിസ് കുനിഞ്ഞുനിന്ന്‌ തൊട്ടിലില്‍ കിടക്കുന്ന മകളുടെ നെറ്റിയില്‍ ഒരു മുത്തം നല്കിക്കൊണ്ട് പൂമുഖത്ത് പോയിരുന്നു .പന്ത്രണ്ടു മണിയായപ്പോള്‍ ഭക്ഷണ പൊതികളുമായി തന്‍റെ കാറില്‍ പട്ടണം ലക്ഷ്യമാക്കി  യാത്രയായി .വീടിന്‍റെ കവാടം കഴിഞ്ഞ് അല്‍പം ദൂരം പിന്നിട്ടപ്പോള്‍ ഭിക്ഷാടകരായ  രണ്ടു വൃദ്ധ  ദമ്പതികളെ അയാള്‍  കണ്ടു .അവരുടെയരികെ വാഹനം നിര്‍ത്തി രണ്ടു പേര്‍ക്കുള്ള  ഭക്ഷണ പൊതി അവരുടെ നേര്‍ക്ക്  നീട്ടികൊണ്ട്  പറഞ്ഞു .

,, ഇന്ന് എന്‍റെ മോളുടെ പിറന്നാളാണ് ഈ ഭക്ഷണം നിങ്ങള്‍ക്കുള്ളതാണ് ,,

അവര്‍ ഭക്ഷണ പൊതികള്‍ വാങ്ങി ആശ്ചര്യത്തോടെ ഹാരിസിനെ നോക്കി .  ദമ്പതികളില്‍ വൃദ്ധന്‍   പറഞ്ഞു .

,, റൊമ്പ നട്രീ തമ്പി .വീട്ടില്‍ പോയി സാപ്പാട് കേട്ടാല്‍ കൂടൈ ആരുമൈയ് സാപ്പാട് കൊടുപ്പതില്ലൈയ് .ഉങ്കള്‍ റൊമ്പ നല്ല മനുജന്‍ .ആണ്ടവന്‍ ഉങ്കളൈ കാപ്പാത്തും ,,

വൃദ്ധ  ദമ്പതികളുടെ സന്തോഷം കണ്ടപ്പോള്‍ തന്‍റെ ഭാര്യയോട് അയാള്‍ക്ക്‌ അഭിമാനം തോന്നി .ഒരു കിലോമീറ്റര്‍ ദൂരമുള്ള   കവലയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പതിനാറു  ഭക്ഷണ പൊതികള്‍ കൂടി    കാലിയായി .ആറു കിലോമീറ്റര്‍ ദൂരമുള്ള പട്ടണത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ പകുതിയില്‍ കൂടുതല്‍ ഭക്ഷണ പൊതികള്‍ കാലിയായിരുന്നു  .ഭിക്ഷക്കാരില്‍ ഭൂരിഭാഗവും അന്യ സംസ്ഥാനക്കാരാണ് .മലയാളികളും വിരളമല്ല, പക്ഷെ മലയാളികളില്‍ അധികവും സ്ത്രീകളാണ് .ഭിക്ഷാടകരില്‍ ഒരു മുഖം അയാളുടെ മനസ്സില്‍ നിറഞ്ഞു നിന്നു . ബസ്‌ സ്റ്റാന്റിലെ    ഇരുപ്പിടത്തില്‍ ഇരിക്കുകയായിരുന്ന അവര്‍ക്ക്  ഏതാണ്ട് എഴുപത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിപ്പിക്കും  .തലമുടി മുഴുവനും നരച്ച അവരുടെ നെറ്റിയില്‍ ചന്ദന കുറി ഇട്ടിരുന്നു. വസ്ത്രങ്ങള്‍ അധികമൊന്നും മുഷിഞ്ഞിട്ടില്ല .നല്ല ഐശ്വര്യമുള്ള മുഖം . കണ്ടാല്‍ അറിയാം ഏതോ തറവാട്ടില്‍ പിറന്ന ആരോ ആണെന്ന്. ഭക്ഷണ പൊതി അവരുടെ നേര്‍ക്ക്‌ നീട്ടിയപ്പോള്‍ ഇത് എന്താണ് എന്ന ഭാവത്തില്‍  സ്ത്രീ  ഹാരിസിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അയാള്‍  പറഞ്ഞു .

,, ഇന്ന് എന്‍റെ മോളുടെ പിറന്നാളാണ് ഇത് അല്‍പം ഭക്ഷണമാണ് ,,

കയ്യിലുള്ള ഊന്നുവടി ഇരുപ്പിടത്തില്‍ ചാരിവെച്ച് ,ഭക്ഷണ പൊതി അവര്‍   രണ്ടു കയ്യുംനീട്ടി  വാങ്ങിയപ്പോള്‍. ഹാരിസ് ബാക്കിയുള്ള ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുവാനായി  നടന്നു നീങ്ങി . പൊതി തുറന്നു നോക്കിയ അവര്‍  നടന്നു നീങ്ങിയ ഹാരിസിനെ തിരികെ വിളിച്ചു .

,, മോന് എന്നോട് പരിഭവം അരുത് .ഞാന്‍ മാംസാഹാരം  കഴിക്കില്ല .ഇത് മറ്റ് ആര്‍ക്കെങ്കിലും കൊടുത്തോളൂ ,,

ഭാക്കിയുള്ള ഭക്ഷണം കൊടുത്തു തീര്‍ക്കുവാനുള്ളത് കൊണ്ട് ഹാരിസ് അവരുമായി അധികം സംസാരിക്കുവാന്‍ തുനിഞ്ഞില്ല .തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നുരണ്ടു വട്ടം ആ സ്ത്രീയെ അയാള്‍ തിരിഞ്ഞു നോക്കി എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി അയാള്‍ക്ക്‌ .ശേഷിച്ച ഭക്ഷണ  പൊതികള്‍ ബസ്‌ സ്റ്റാന്റിലെ  ഭിക്ഷക്കാര്‍ക്ക് വിതരണം ചെയ്തു . ഭക്ഷണ വിതരണം കഴിഞ്ഞു മടങ്ങുമ്പോള്‍ ഭക്ഷണം നല്‍കിയവരില്‍ ഒരാള്‍ മാത്രം ഭക്ഷണം കഴിക്കതെയിരുന്നതില്‍ അയാള്‍ക്ക്‌ വിഷമം തോന്നി . ആ സ്ത്രീക്ക് ഹോട്ടലില്‍ നിന്നും സദ്യ വാങ്ങി കൊടുക്കാത്തതില്‍    കുറ്റബോധം തോന്നിയതുകൊണ്ട്  .  പാതി വഴി പിന്നിട്ടപ്പോള്‍  അയാള്‍ വാഹനം തിരിച്ച് ബസ്‌ സ്റ്റാന്റിലേക്ക്‌   തന്നെ തിരികെ  പോയി .ആ സ്ത്രീ ഇരുന്നിടത്ത് പോയി നോക്കിയപ്പോള്‍ അവരെ അവിടെ കണ്ടില്ല  .ഹാരിസ് അവരെ തിരഞ്ഞു നടന്നു .ബസ്‌ സ്റ്റാന്റിന്റെ   പുറകുവശത്ത് നോക്കിയപ്പോള്‍ ഒരു ജൂസ് പീടികയുടെ മുന്‍പില്‍ അവര്‍ നില്‍ക്കുന്നത് ദൂരെ നിന്നും അയാള്‍ കണ്ടു .ഹാരിസ് അവരുടെ അരികിലേക്ക് ചെന്നു .അവര്‍ അപ്പോള്‍ പീടികയില്‍ നിന്നും പച്ചവെള്ളം വാങ്ങി കുടിക്കുകയായിരുന്നു .ഹാരിസ് വാച്ചിലേക്ക് നോക്കി സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു .അയാള്‍ ആ സ്ത്രീയുടെ അരികില്‍ പോയി ചോദിച്ചു .

,, അമ്മ ഭക്ഷണം കഴിച്ചുവോ ,,

അമ്മ എന്ന അയാളുടെ വിളി കേട്ടത് കൊണ്ടോ എന്തോ അവരുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിഞ്ഞു  .അവര്‍ ഇല്ല.. എന്ന ഭാവത്തില്‍ തലയാട്ടിക്കൊണ്ട്  ഹാരിസിനെ വാത്സല്യത്തോടെ നോക്കി .

,, അമ്മ എന്‍റെ കൂടെ ഹോട്ടലിലേക്ക് പോരാമോ. നമുക്ക് ഭക്ഷണം കഴിക്കാം ഹോട്ടലില്‍ നല്ല സദ്യ ലഭിക്കും ,,

അവര്‍ വരാം എന്ന ഭാവത്തില്‍ തലയാട്ടി.ജൂസ് കടയുടെ ഓരം ചേര്‍ത്തു വെച്ചിരുന്ന ഊന്നുവടി ഹാരിസ് എടുത്ത് അവര്‍ക്കു നല്‍കി . അയാള്‍ ഭക്ഷണ ശാല ലക്ഷ്യമാക്കി നടന്നു ഒപ്പം ഊന്നുവടിയുടെ സഹായത്താല്‍   സ്ത്രീയും അയാള്‍ക്കൊപ്പം നടന്നു .
മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ അയാള്‍ കാള്‍ എടുത്തു അങ്ങേത്തലയ്ക്കല്‍  ഫാരിദയുടെ ശബ്ദം

,,ഇക്ക ഞാന്‍  ഭക്ഷണം എടുത്ത് വെച്ച് കഴിക്കുവാനായി കാത്തിരിക്കുകയാണ് ഇക്ക വന്നതിനു ശേഷമേ ഞാന്‍ കഴിക്കു .ഇക്ക എന്താ വരുവാന്‍ ഇത്ര വൈകുന്നേ ,,

,, ഞാന്‍ വരാന്‍ അല്‍പം വൈകും, മോളു ഭക്ഷണം കഴിച്ചോളൂ ,,

അയാള്‍ മറുപടിക്ക് കാതോര്‍ക്കാതെ കാള്‍ കട്ട് ചെയ്തു . ബസ്‌ സ്റ്റാന്റിന്റെ    അല്പമകലെയുള്ള ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള  ഹോട്ടലിലേക്കാണ് അയാള്‍ ആ സ്ത്രീയെ കൂട്ടി കൊണ്ട് പോയത് . ഹോട്ടലില്‍ പോയി രണ്ടു സദ്യ ആവശ്യപെട്ടപ്പോള്‍   വൈറ്റര്‍ ഒരു സദ്യ മാത്രമേ  ഭാക്കിയുള്ളൂ എന്ന് അറിയിച്ചു  .അയാള്‍ സ്ത്രീക്കായ്  സദ്യയും അയാള്‍ക്കായ്    ച പ്പാത്തിയും വിജിറ്റബിള്‍ കുറുമയും ഓര്‍ഡര്‍ നല്‍കി .അല്പം കഴിഞ്ഞപ്പോള്‍ ഭക്ഷണം തീന്മേശയില്‍ എത്തി .സ്ത്രീ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത്‌ കണ്ടപ്പോള്‍ ഹാരിസ് ഓര്‍ത്തു .അവര്‍ ഭക്ഷണം കഴിച്ചിട്ട് ഒന്നുരണ്ടു ദിവസം കഴിഞ്ഞു കാണുമെന്ന് .കഴിക്കുന്നതിനിടയില്‍ ഹാരിസ് സ്ത്രീയെ കുറിച്ച് തിരക്കി .ബോബയില്‍ ജോലി നോക്കുന്ന ഒരേയൊരു  മകന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്  അവിടെനിന്നും ഒരു മറാട്ടി പെണ്‍കുട്ടിയെ  പ്രണയിച്ചു വിവാഹം ചെയ്തു കൊണ്ടു വന്നു  .പിന്നീട് മകനും ഭാര്യയും നാട്ടില്‍ സ്ഥിരതാമസമാക്കി  മകന്‍റെയും ഭാര്യയുടേയും ദേഹോപദ്രവം അസഹനീയമായപ്പോള്‍  അവര്‍ നാടുവിട്ടുപോന്നതാണ് , അവരുടെ ലക്ഷ്യസ്ഥാനം ഗുരുവായൂര്‍ ക്ഷേത്രമാണ് .ശിഷ്ടകാലം അവിടെ ജീവിച്ചു മരിക്കണം എന്നാണ് അവരുടെ ആഗ്രഹം .

ഗുരുവായൂര്‍ക്കുള്ള  ബസില്‍ സ്ത്രീയെ കയറ്റി .  തിരികെ പോരുവാന്‍ നേരം അയാള്‍ കുറേ രൂപയെടുത്ത്‌ അവരുടെ നേര്‍ക്ക്‌ നീട്ടി .അപ്പോള്‍ അവരുടെ ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .ബസ്‌ തന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ആ സ്ത്രീ അയാളെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു .അവര്‍ പോയപ്പോള്‍ വേര്‍പാടിന്‍റെ വേദന ഹാരിസ് അറിഞ്ഞു. ഏതാനും മണിക്കൂറുകള്‍ മാത്രമുള്ള ബന്ധം എന്നിട്ടും യുഗാന്തരങ്ങളായി  അവരുമായി ബന്ധമുള്ളത് പോലെ അയാള്‍ക്ക്‌ അനുഭവപെട്ടു .തന്‍റെ മണ്മറഞ്ഞു പോയ വാത്സല്യത്തിന്‍റെ പ്രതീകമായ  മാതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയാളുടെ മനസ്സിലേക്ക് പൊടുന്നനെ  ഓടിയെത്തി .മാതാവിനോടൊപ്പം ജീവിച്ചു കൊതിതീരാത്ത   അയാളുടെ ഇമകളില്‍ നിന്നും  കണ്ണുനീര്‍ തുള്ളികള്‍ ഉതിര്‍ന്നുവീഴുന്നുണ്ടായിരുന്നു അപ്പോള്‍ .

വാഹനം  വീടിന്‍റെ ഗെയ്റ്റ് കടന്നപ്പോള്‍ ഹാരിസ്  ഫരീദ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു .വാഹനം ഷെഡില്‍ നിര്‍ത്തി അയാള്‍ ഭാര്യയുടെ അരികില്‍ ചെന്നു പറഞ്ഞു .

,, തിരികെ വരാന്‍ അല്‍പം വൈകിയാല്‍  എന്തിനാടോ എന്നേയും കാത്ത് ഇങ്ങിനെ ഈ ഉമ്മറത്ത്  ഇരിക്കുന്നത് .ഊണ് കഴിഞ്ഞാല്‍ അല്‍പനേരം ഉറങ്ങികൂടെ ,,

,,നല്ല കാര്യായി എന്നിട്ട് വേണം എന്‍റെ തടി കൂടാന്‍ .ഇക്ക ഭക്ഷണം കഴിച്ചുവോ,,

,, ഞാന്‍ പേരിന് അല്‍പം കഴിച്ചു, മോളു കഴിച്ചില്ലേ ,,

,, ഇല്ല ഞാന്‍ കഴിച്ചില്ല ,,

,, മോളു എന്‍റെ കയ്യില്‍ നിന്നും നല്ല അടിമേടിക്കും .വാ എനിക്കും വേണം അല്‍പം ബിരിയാണി ,,

അയാള്‍ നേരെ  കിടപ്പ് മുറിയിലേക്ക് പോയി തൊട്ടിലിലേക്ക് നോക്കി .അപ്പോഴും മോള് ഉറങ്ങുന്നത് കണ്ടപ്പോള്‍ അയാള്‍ ഉച്ചത്തില്‍ ചോദിച്ചു .

,, ഫരീദ മോള് ഞാന്‍ പോകുമ്പോള്‍ മുതല്‍  കിടന്നുറങ്ങുന്നതാണോ ,,

,, അല്ല, ഇക്ക പോയപ്പോള്‍ തന്നെ മോള് ഉണര്‍ന്നിരുന്നു .ഞാന്‍ പാല് കൊടുത്ത് മോളെ ഉറക്കിയിട്ട്‌ അലപനെരമേ ആയുള്ളൂ .ഇക്ക മോളെ ഉണര്‍ത്തേണ്ടട്ടോ  ,,

അയാള്‍ മകളുടെ നെറ്റിയില്‍ ഉമ്മ നല്‍കി തീന്‍ മേശയില്‍ വന്നിരുന്നു . ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ഫരീദയെ അയാളുടെ അരികില്‍ വിളിച്ചിരുത്തി പറഞ്ഞു .

,, ഇന്ന് ഒത്തിരി സന്തോഷം തോന്നുന്നു .വിശപ്പടക്കാന്‍ അന്നം ലഭിച്ച നൂറില്‍ പരം പേരുടെ സന്തോഷം എനിക്ക് നേരില്‍ കാണുവാന്‍ കഴിഞ്ഞു .മോളു പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെയൊരു ഭക്ഷണ വിതരണം ഉണ്ടാകുമായിരുന്നില്ല .ഭക്ഷണം ലഭിക്കാതെ വിശപ്പും സഹിച്ചു ജീവിക്കുന്ന എത്രയോപേരുണ്ട്  നമ്മുടെ രാജ്യത്ത് .ഭക്ഷണ പൊതി കൊടുക്കുമ്പോള്‍ ഒട്ടുമിക്കരും നമുക്ക് വേണ്ടി പ്രാര്‍ത്തിക്കുന്നുണ്ടായിരുന്നു.ഞാന്‍ പറഞ്ഞതുപോലെ മോള്‍ടെ പിറന്നാള്‍ ആഘോഷിച്ചിരുന്നെകില്‍.നമുക്കും മോള്‍ക്കും ഈ പ്രാര്‍ത്ഥനകള്‍  ലഭിക്കുമായിരുന്നോ .,,

ഹാരിസ് ഒരുമിച്ചു ഭക്ഷണം കഴിച്ച സ്ത്രീയെ കുറിച്ചു ഫരീദയോട്   പറഞ്ഞപ്പോള്‍ ഫരീദ പറഞ്ഞു .

,, ഇക്കയ്ക്ക് അവരെ ഇങ്ങോട്ടെയ്ക്ക് കൊണ്ടു വരാമായിരുന്നില്ലേ .പാവം ആ അമ്മ അവര്‍ നമ്മുടെയൊക്കെ പ്രായത്തില്‍ എന്തു മാത്രം സന്തോഷത്തോടെ ജീവിച്ചിരിക്കും .അവരുടെ ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെകില്‍ അവര്‍ക്ക് വീട് വിട്ടു പോരേണ്ടി വരുമായിരുന്നോ  .പ്രായമായാല്‍ പിന്നെ പ്രായ മായവരെ  ആര്‍ക്കുംതന്നെ  വേണ്ട .എല്ലാവര്‍ക്കും ആ അമ്മയുടെ അവസതകള്‍ ഉണ്ടാകുന്നില്ലാ എങ്കിലും ഒരുപാട് പേര്‍ ദുരിദങ്ങള്‍  അനുഭവിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . ഇനിയും നമുക്ക് കഴിയാവുന്നത്പോലെ ഭക്ഷണം വിതരണം ചെയ്യണം ,,

,, എനിക്ക് ഇപ്പോള്‍ നല്ല ആഗ്രഹം തോന്നുന്നു. നമുക്ക് കഴിയാവുന്നത് പോലെ ആ അമ്മയെപോലെ ബന്ധുക്കാളാല്‍ ഉപേക്ഷിക്കപെടുന്നവരെ .അവരുടെയൊക്കെ  ശിഷ്ടകാലം ജീവിക്കുവാന്‍ ഒരിടം ഒരുക്കുക എന്ന് .വൃദ്ധസദനം നമ്മുടെ രാജ്യത്ത്  ഉണ്ടാകുവാന്‍ പാടില്ല .പക്ഷെ നാള്‍ക്കുനാള്‍ പ്രായമായവര്‍ തെരുവുകളിലേക്ക്‌ ഉപേക്ഷിക്കപെടുന്നത് കൊണ്ട് അവര്‍ക്ക് തുണയാകുവാന്‍ സന്മനസ്സുള്ളവര്‍ അവര്‍ക്ക് ജീവിക്കുവാന്‍ ഒരിടം ഒരുക്കിയല്ലേ പറ്റൂ ,,

ഹാരിസിന്‍റെ ആ ആഗ്രഹം. സര്‍വശക്തന്‍റെ നിയോഗം പോലെ
നന്മയുടെ   വാതായനം തുറക്കപെടുവാനുള്ളതായിരുന്നു.ബന്ധുക്കാളാല്‍ ഉപേക്ഷിക്കപെടുന്ന വയോവൃദ്ധരായവരെ പരിപാലിക്കാനുള്ള നാന്ദികുറിക്കലായിരുന്നു ഹാരിസിന്‍റെ ആ ആഗ്രഹം .നാട്ടിലെ സമ്പന്നരായവരെ ഹാരിസ് പോയി നേരില്‍ക്കണ്ട് അയാളുടെ ആഗ്രഹം പറഞ്ഞു .എല്ലാവരും അയാളെ അകമഴിഞ്ഞു സഹായിക്കുകയും പ്രശംസിക്കുകയും ചെയ്തു .നാട്ടിലെ ചെറുപ്പക്കാര്‍ അയാളെ സഹായിക്കുവാന്‍ സന്നദ്ധരായി അയാളോടൊപ്പം കൂടി .ഹാരിസിനെ അത്ഭുതപെടുത്തി കൊണ്ട് അയല്‍ ഗ്രാമത്തില്‍ നിന്നും പ്രമുഖ വ്യവസായി ഹാരിസിന്‍റെ കര്‍ത്തവ്യത്തെ അറിഞ്ഞുകൊണ്ട് ഹാരിസിനെ കാണുവാന്‍ അയാളുടെ വീട്ടില്‍ എത്തി.ആഡംബര വാഹനം വീടിന്‍റെ മുറ്റത്ത് വന്നു നിന്നപ്പോള്‍ ഹാരിസ് അയാളുടെ അരികിലേക്ക് ചെന്നു.ഏതാണ്ട് അറുപതു വയസില്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന അയാളുടെ വേഷം മുണ്ടും ജുബ്ബയുമായിരുന്നു .നല്ല കട്ടിയുള്ള ഫ്രൈമോട് കൂടിയ സ്വര്‍ണ നിറത്തിലുള്ള കണ്ണട അയാളുടെ മുഖത്തിന് നല്ല ചേര്‍ച്ച തോന്നിപ്പിച്ചു .കുലീനത്തമുള്ള അയാളോട്  അകത്തേക്ക് കയറിയിരിക്കുവാന്‍ ഹാരിസ് പറഞ്ഞപ്പോള്‍ .അയാള്‍  ഹാരിസിനോടൊപ്പം അകത്തേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു .

,, ശ്രീ ഹാരിസ് ,,

,, ഞാനാണ് ഹാരിസ് ,,

,, എന്‍റെ പേര് ഗംഗാധരകുറുപ്പ് .താങ്കളെ കുറിച്ചും താങ്കള്‍ തുടങ്ങുവാന്‍ പോകുന്ന വൃദ്ധസദനത്തേകുറിച്ചും ഞാന്‍ കേട്ടറിഞ്ഞു.എന്‍റെ സഹധര്‍മ്മിണിയുടെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു  ഒരു  വൃദ്ധസദനം തുടങ്ങണം എന്നത്  ,പക്ഷെ ആ ആഗ്രഹം പൂവണിയും മുന്‍പേ അവള് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ ലോകത്തോട്‌ വിടപറഞ്ഞു  .എനിക്ക്   വൃദ്ധസദനം തുടങ്ങുവാന്‍ എന്‍റെ ഇപ്പോഴത്തെ അവസ്തയില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ തുടങ്ങുന്നതിനല്ല പ്രയാസം .അത് നല്ല രീതിയില്‍ നടത്തി കൊണ്ട് പോകുക എന്നതാണ് ശ്രമകരം . താങ്കള്‍ക്ക് അതിന് കഴിയും .ഞാന്‍ എന്‍റെ ഗ്രാമത്തില്‍ ഭാര്യയുടെ പേരിലുള്ള ഒരു ഏക്കര്‍ വസ്തുവും ഇരുപത്തഞ്ചു ലക്ഷം രൂപയും തരാം... ബാക്കിയുള്ള രൂപ നിങ്ങളും മറ്റു സഹപ്രവര്‍ത്തകരും കൂടി കണ്ടെത്തേണം .,,

ഗംഗാധര കുറുപ്പിന്‍റെ വാക്കുകളെ ഹാരിസിന് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .ഹാരിസ്  എഴുനേറ്റു നിന്നുകൊണ്ട് അയാളുടെ കരം പിടിച്ചുകൊണ്ട് പറഞ്ഞു

,, നന്ദിയുണ്ട് ഞാന്‍ ആഗ്രഹിച്ചതിനെക്കാളും വലിയോരു സംരഭം എനിക്ക് തുടങ്ങുവാന്‍ കഴിയും .തുടക്കത്തില്‍ നമുക്ക് ഇരുനൂറു  പേര്‍ക്ക് താമസിക്കുവാന്‍ വേണ്ടുന്ന കെട്ടിടം പണിയണം ,,

,, ഇനിയെല്ലാം താങ്കളുടെ ഇഷ്ടം . ഒരാഴ്ചയ്ക്ക് മുന്നെ പ്രമാണം എഴുതിതരാം ,അടുത്ത ദിവസ്സം തന്നെ രൂപയും .ഞാന്‍ വിളിക്കുമ്പോള്‍ പട്ടണത്തിലുള്ള എന്‍റെ സ്ഥാപനത്തില്‍ വന്നാല്‍ മതി ,,

ഗംഗാധരകുറുപ്പ് ഹാരിസിന്‍റെ മൊബൈല്‍ഫോണ്‍ നമ്പരും വാങ്ങി   യാത്ര പറഞ്ഞിറങ്ങിയപ്പോള്‍  .ഹാരിസ്  ഫരീദയുടെ അരികിലേക്ക് ചെന്നു പറഞ്ഞു .

,,മോളൂ അദ്ദേഹം പറഞ്ഞിട്ട് പോയത് കേട്ടോ .എനിക്ക് വിശ്വാസിക്കുവാന്‍ കഴിയുന്നില്ല .നമ്മള്‍ പ്രതീക്ഷിച്ചതിനെക്കാളും എത്രയോ വലിയ സംരഭമാകുവാന്‍ പോകുകയാണെന്ന് അറിയാമോ നമ്മുടെ ഈ ശ്രമം .കെട്ടിടം പണിതുയര്‍ത്താന്‍ ഏതാണ്ട് മുന്നോ,നാലോ മാസം എന്തായാലും ആവും .ഇപ്പൊ തല്‍ക്കാലം ഒരു വീട് വാടകയ്ക്ക് എടുത്ത് എത്രയുംവേഗം നമുക്ക് ഈ ഉദ്ദ്യമത്തിന് തുടക്കമിടണം ,,

ഗ്രാമത്തില്‍ തന്നെയുള്ള ആള്‍താമസം ഇല്ലാത്ത ഇരുനിലക്കെട്ടിടം വാടകയ്ക്ക് ലഭിക്കുമോ എന്ന  അന്യാഷണം ഫലം കണ്ടു .ആ കെട്ടിടത്തിന്‍റെ ഉടമസ്ഥനും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസകാരായിരുന്നു . അദ്ദേഹത്തിന്‍റെ സഹോദരന്‍ മുഖാന്തിരം  അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ .ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായത് കൊണ്ട് സൗജന്യമായി കെട്ടിടം ഒരു വര്‍ഷത്തേക്ക് നല്‍കാം എന്ന് അദ്ദേഹം പറഞ്ഞു .ഹാരിസിന്‍റെ അനുഭവങ്ങളില്‍ നിന്നും ഒരു കാര്യം അയാള്‍ക്ക്‌ മനസ്സിലായി . ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ അതിനായി തുടക്കമിടുവാനാണ് അധികം  ആള്‍ക്കാര്‍ക്കും കഴിയാതെ പോകുന്നത് .അതിനായി സമയം കണ്ടെത്തുവാന്‍ കഴിയുന്നില്ല എന്നതാണ് വാസ്‌തവം .

കെട്ടിടം ദ്രുതഗതിയിൽ   ഹാരിസും ഗ്രാമവാസികളും ചേര്‍ന്ന് വൃത്തിയാക്കി വെള്ളപൂശി.സ്നേഹാലയം എന്ന്  സംരംഭത്തിന് നാമകരണം  നല്‍കി .ആദ്യ അന്തേവാസിയെ തേടി ഹാരിസും ഫരീദയും കൂടി ഗുരുവായൂര്‍ക്ക്   യാത്രയായി .കാരണം അന്ന് ഭക്ഷണ വിതരണത്തിന് പോയപ്പോള്‍ കണ്ട ആ അമ്മയെ കണ്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ  ഇങ്ങനെയൊരു ഉദ്യമത്തെ കുറിച്ചു തന്നെ ഹാരിസ് ചിന്തിക്കുമായിരുന്നില്ല .അന്യാഷണങ്ങള്‍ക്കൊടുവില്‍ ഗുരുവായൂരില്‍ നിന്നും ആ അമ്മയെ അവര്‍ കണ്ടെത്തി .അവര്‍ തുടങ്ങുവാന്‍ പോകുന്ന ഉദ്യമത്തെ കുറിച്ചു പറഞ്ഞപ്പോള്‍ .അവര്‍ ഗുരുവായൂരില്‍ നിന്നും പരിചയപെട്ട  മൂന്നു പേരെ കൂടി കൂട്ടാമോയെന്നു  ചോദിച്ചു .അങ്ങിനെ ,ഒരു അന്തേവാസിയെ തേടിപോയ ഹാരിസിനും ഫരീദയ്ക്കും നാലുപേരെയായി മടങ്ങേണ്ടി  വന്നു .സ്നേഹാലയം ഉദ്ഘാടനം ചെയ്യപെട്ടു .ആദ്യ അന്തേവാസിയായ അമ്മയായിരുന്നു ഉദ്ഘാടക.അന്തേവാസികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുവാനും കെട്ടിടം   വൃത്തിയാക്കുവാനുമായി രണ്ടു സ്ത്രീകളേയും ഒരു പുരുഷനേയും നിയമിച്ചു .

ബന്ധുക്കാളാല്‍ ഉപേക്ഷിക്കപെടുന്നവരും  അല്ലാത്തവരും സ്നേഹാലയത്തില്‍   അന്തേവാസികളായി  .മാസങ്ങള്‍ കൊഴിഞ്ഞുപോയി .സ്നേഹാലയത്തില്‍ അഭയംതേടി സ്ത്രീപുരുഷ ഭേതമന്യേ അനവധി പേര്‍ വന്നുകൊണ്ടിരിന്നു .പക്ഷെ കെട്ടിടത്തില്‍ മുപ്പത് പേരില്‍ കൂടുതല്‍ പേര്‍ക്ക് താമസിക്കുവാന്‍ സൗകര്യം ഇല്ലാത്തതുകൊണ്ട് സൗജന്യമായി ലഭിച്ച വേറെയൊരു കെട്ടിടത്തിലേക്ക് കൂടി സ്നേഹാലയം വ്യാപിപ്പിച്ചു  .സ്നേഹാലയത്തില്‍ ഭക്ഷണത്തിനോ വസ്ത്രങ്ങള്‍ക്കോ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ലെങ്കിലും  .പലരുടേയും മനസ്സില്‍ അവരുടെ മക്കളും പേര കുട്ടികളും ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം പലരിലും  ഫരീദ കണ്ടു .ഫരീതയുടെ ആശയ പ്രകാരം  സ്നേഹാലയത്തില്‍  കൌണ്‍സിലിംഗ്  ആരംഭിച്ചു .അന്തേവാസികളുടെ വീടുകളില്‍ പോയി .മാതാപിതാക്കളെ സ്നേഹിക്കേണ്ട കടമകളെ കുറിച്ചും . കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എല്ലാവര്‍ക്കും  പ്രായമാകുമെന്നും  ,അപ്പോള്‍ ഇങ്ങനെയൊരു അവസ്തകള്‍ അവര്‍ക്ക് ഉണ്ടായാല്‍ എങ്ങിനെ മനസ്സ് വേദനിക്കുമെന്നും ,സ്നേഹത്തിന് അതീധമായി ഈ ഭൂലോകത്ത് ഒന്നുംതന്നെയില്ല   എന്ന യാഥാര്‍ത്യങ്ങള്‍ ബന്ധുക്കളെ പറഞ്ഞുമനസ്സിലാക്കിയപ്പോള്‍ . പലരുടേയും മുഖങ്ങളില്‍ ദുഃഖം നിഴലിക്കുന്നതിനോടൊപ്പം   ഇമകളും  നിറയുന്നുണ്ടായിരുന്നു .ചെയ്തുപോയ തെറ്റിന്‍റെ കാഠിന്യം തിരിച്ചറിയുമ്പോള്‍ പല മനസ്സുകളും നിയന്ത്രണം വിട്ട്   പൊട്ടിക്കരയുന്ന കാഴ്ചകളും കൌണ്‍സിലിങ്ങിനു പോയവര്‍ക്ക് കാണേണ്ടി വന്നു .

 കൌണ്‍സിലിംഗ് വളരെയധികം ഉപകാരപ്രദമായി .ഒരുപാട് മാതാപിതാക്കള്‍ക്ക് അവരുടെയൊക്കെ ഇഷ്ടപ്രകാരമുള്ള ജീവിതം സ്നേഹാലയം മൂലം തിരികെ കിട്ടി .പുതിയ കെട്ടിടത്തിന്‍റെ പണികള്‍ ദ്രുതഗതിയില്‍ അവസാനിച്ചു .പുതിയ കെട്ടിടത്തിലേക്ക് അന്തേവാസികള്‍ താമസം മാറ്റി .സ്നേഹാലയത്തിലേക്ക് അപേക്ഷ സമര്‍പ്പിച്ച കുറേ പേരെ സ്നേഹാലയത്തിലേക്ക്  പ്രവേശിപ്പിച്ചു .ഇപ്പോള്‍ ഇരുനൂറിലധികം അന്തേവാസികളുണ്ട്  സ്നേഹാലയത്തില്‍ .സന്മനസ്സുള്ളവരുടെ സഹായംകൊണ്ട്, സാമ്പത്തീക മായി യാതൊരു പ്രയാസങ്ങളും സ്നേഹാലയത്തിന് നേരിടേണ്ടി വന്നില്ല .അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനായി   സ്നേഹാലയത്തിന്‍റെ കീഴില്‍ പുതിയൊരു സംരംഭം കൂടി ആരംഭിച്ചു .ഹാരിസും ഫരീദയും സ്നേഹാലയത്തിനു വേണ്ടി മുഴുവന്‍ സമയവും നീക്കിവെച്ചു .അസുഖം മൂലം ചികിത്സിക്കുവാന്‍ സാമ്പത്തീകമായി കഷ്ടത അനുഭവിക്കുന്നവരെ സൗജന്യമായി ചികിത്സിക്കുവാനായി  വലിയൊരു ആശുപത്രി  തുടങ്ങണം എന്ന ഫരീദയുടെ ആഗ്രഹം സഫലീകരിക്കാനായി .ഹാരിസ് പ്രയത്നം ആരംഭിച്ചുകഴിഞ്ഞു .ആശുപത്രിയുടെ നിര്‍മാണത്തിനായുള്ള പത്രപരസ്യം കണ്ട് ജനങ്ങള്‍ സ്നേഹാലയത്തിലേക്ക് സംഭാവനകള്‍ അയക്കുവാന്‍ തുടങ്ങി .

സ്നേഹാലയത്തിലെ അന്തേവാസികളുടെ ബന്ധുക്കളുടെ  അരികിലേക്ക് കൌണ്‍സിലിങ്ങിന് സ്നേഹാലയത്തില്‍ നിന്നും ബന്ധപെട്ടവര്‍  പോയിരുന്നുവെങ്കിലും   .സ്നേഹാലയത്തിന് തുടക്കം കുറിക്കുവാന്‍ ഹേതുവായ ആ അമ്മയുടെ ബന്ധുക്കളുടെ  അരികിലേക്ക് കൌണ്‍സിലിങ്ങിനു പോകുന്നവരെ ഹാരിസ് പറഞ്ഞയച്ചില്ല .ആ അമ്മയ്ക്ക് നൊന്തു പ്രസവിച്ച മകനെക്കാളും പ്രിയങ്കരനായി മാറിയിരുന്നു ഹാരിസ് .ഇഹലോകവാസം വെടിഞ്ഞ തന്‍റെ മാതാവിനെ ആ അമ്മയിലൂടെ ഹാരിസും കാണുവാന്‍ തുടങ്ങിയിരുന്നു .കുഞ്ഞിനേയുമായി  രാവിലെ തന്നെ സ്നേഹാലയത്തില്‍ എത്തുന്ന ഹാരിസും ഫരീദയും കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിക്കും .ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാളേയുടെ വാഗ്ദാനം സ്നേഹാലയത്തിലെ അന്തേവാസികളായ    ഒരുപാട് മുത്തശ്ശിമാരുടെ സ്നേഹ ലാളന ഏറ്റുകൊണ്ട്  വളരുവാന്‍ തുടങ്ങി .ഒരു പക്ഷെ പ്രപഞ്ച സൃഷ്ടാ വിന്‍റെ നിയോഗ മാകാം ഹരിസിലും ഫരീദയിലും കുഞ്ഞിലും നിക്ഷിപ്തമായിരിക്കുന്നത്  .
                                                   ------------------- ശുഭം ----------------

rasheedthozhiyoor@gmail.com          rasheedthozhiyoor.blogspot.com