ചിന്താക്രാന്തൻ

19 November 2015

ജനിക്കേണ്ടായിരുന്നു


 വേദനാജനകമായ ജീവിതം നല്‍കുന്ന
 ഈ ലോകത്ത് ഞാന്‍  ജനിക്കേണ്ടായിരുന്നു .
ജനിച്ചില്ലായിരുന്നെങ്കില്‍ നിരപരാധികളായ
മനുഷ്യരെ നികൃഷ്ടമായി  കൊലപ്പെടുത്തുന്ന
 വാര്‍ത്തകള്‍ കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.
അന്ധവിശ്വാസികള്‍ ലോകമെമ്പാടും
അവരവരുടെ വിശ്വാസങ്ങള്‍ ജനങ്ങളില്‍
അടിച്ചേല്‍പ്പിക്കാന്‍ ഉറഞ്ഞുതുള്ളുന്ന ഈ
ഭൂലോകത്തെ ജീവിതം എനിക്ക് വേണ്ടായിരുന്നു .
പലതരം മതങ്ങള്‍  വിശ്വാസികളെ തിരിച്ചറിയുവാന്‍
തലയിലും, നെറ്റിയിലും, കഴുത്തിലും, നോക്കിയാല്‍  മതി
ഞാന്‍  ഈ ലോകത്ത്  ജനിച്ചില്ലായിരുന്നെങ്കില്‍
പിഞ്ചുകുഞ്ഞുങ്ങളെ  നിഷ്ഠൂരമായി
ബലാത്സംഗം ചെയ്തു  കൊലപ്പെടുത്തുന്ന
വാര്‍ത്തകള്‍  കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.
മനുഷ്യരുടെ സ്വബോധം നശിപ്പിക്കുന്ന ലഹരി
പദാര്‍ത്ഥങ്ങള്‍ ഭരണകര്‍ത്താക്കളുടെ
മൌന സമ്മതത്തോടെ  ലോകമെമ്പാടും സുലഭമാണ്.
മസ്തിഷ്കത്തില്‍ ലഹരിപിടിച്ചാല്‍
മാതാവിനെയും സഹോദരിയേയും
അഭിസാരികളായി  കാണുന്ന ഈ  സമൂഹത്തിലെ
 ജീവിതം എനിക്ക് വെറുപ്പ് ഉളവാക്കുന്നു .
സ്ത്രീ  ഒരു സുഖഭോഗ വസ്തുവായി മാത്രം
കാണുന്ന ഒരു കൂട്ടം  ജനതയുടെ ഇടയിലുള്ള
 ഈ ജീവിതം  എനിക്ക്  വേണ്ടായിരുന്നു .
രാജ്യത്തിന്‍റെ വികസനത്തിനായി
ജനങ്ങളാല്‍ തിരഞ്ഞെടുത്ത ഭരണകര്‍ത്താക്കളുടെ
അഴിമതി  നിറഞ്ഞ ഭരണത്തില്‍ പൊറുതിമുട്ടിയുള്ള
ഈ  ജീവിതം എനിക്ക് വേണ്ടായിരുന്നു .
ജീവജാലങ്ങളെ  കൊന്നുതിന്നുന്ന
മാംസഭുക്കുകളുടെ   കൂട്ടത്തിലുള്ള
 ഈ  ജീവിതം എനിക്ക്  വേണ്ടായിരുന്നു .
വധിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
മനസാക്ഷിയില്ലാത്ത തീവ്രവാദികളെ
ഭയന്നുള്ള  ഈ  ജീവിതം  എനിക്ക്  വേണ്ടായിരുന്നു .
പ്രായം  വാര്‍ദ്ധക്യത്തിലേക്ക് എത്തുമ്പോള്‍
മരണഭയത്തോടെയുള്ള ഈ ജീവിതം
എനിക്ക്  വേണ്ടായിരുന്നു .
ഭൂമിയിലെ ഈ നരക ജീവിതം എനിക്ക് വേണ്ടായിരുന്നു .
                                              ശുഭം
rasheedthozhiyoor@gmail.com