ചിന്താക്രാന്തൻ

Showing posts with label കഥ .പെയ്തൊഴിയാതെ. Show all posts
Showing posts with label കഥ .പെയ്തൊഴിയാതെ. Show all posts

15 February 2013

കഥ .പെയ്തൊഴിയാതെ

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                          മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് അറിയപെടുന്ന പുരാതനമായ തറവാടാണ് റഹീം ഹാജിയുടേത്. പാരമ്പര്യമായി ഭൂസ്വത്ത് വേണ്ടുവോളം ഉണ്ടെങ്കിലും വ്യാപാര പ്രിയനായിരുന്നു അദ്ദേഹം. കേരളത്തിലും ഗള്‍ഫ് നാടുകളിലും വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്‍റെ വ്യാപാര കേന്ദ്രങ്ങള്‍. .... .വ്യാപാരത്തോടൊപ്പം കൃഷിയിലും  തല്‍പരനായ അദ്ദേഹം കൃഷിയിടം അധികരിപ്പിക്കാന്‍ അഹോരാത്രം പരിശ്രമിച്ചു.സമ്പന്നത വിളിച്ചോതുന്ന എട്ട്‌ കിടപ്പുമുറികളുള്ള ഇരുനില മണിമാളികയായിരുന്നു റഹീം ഹാജിയുടേത് . മാളികയില്‍ ഇപ്പോള്‍ താമസിക്കുന്നത് റഹീം ഹാജിയും, ഭാര്യ ഫാത്തിമയും ,മക്കളായ  ഷാഹിദും, ഷാഹിനയും ,ഷാഹിനയുടെ  രണ്ടും നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ടു വാല്യക്കാരികളുമാണ് . മാളികയോട് ചേര്‍ന്നുള്ള കയ്യാലപുരയില്‍ കാര്യസ്ഥന്‍ ഉമ്മര്‍കുട്ടിയും കുടുംബവും താമസിക്കുന്നുണ്ട് .

  ഷാഹിദ്‌ ലണ്ടനില്‍ നിന്നും ഉപരിപഠനം കഴിഞ്ഞതില്‍ പിന്നെ വിദേശങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലെ മേല്‍നോട്ടം വഹിക്കുന്നു.  ഷാഹിനയുടെ വിവാഹം പതിനേഴാമത്തെ വയസ്സിലായിരുന്നു നടത്തപ്പെട്ടത്‌ .ഷാഹിന അന്ന് പ്ലസ്‌ടു വിജയിച്ചിരിക്കുന്ന സമയമായിരുന്നു   .തുടര്‍ന്നു പഠിക്കണം എന്ന് ഷാഹിനയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും റഹിം ഹാജി അവളുടെ വാക്കുകള്‍ ചെവികൊണ്ടില്ല.
,, വല്ല്യ പഠിപ്പുകാരിയായിട്ട് ജോലിയ്ക്ക് പോകേണ്ട  ഗതികേടൊന്നും എന്‍റെ മോള്‍ക്കില്ലാ ,,
എന്നതായിരുന്നു റഹീം ഹാജിയുടെ ഭാഷ്യം .ഷാഹിനയ്ക്ക് ഹാഷിം എന്ന സ്നേഹസമ്പന്നനായ ഭര്‍ത്താവിനെയാണ് ലഭിച്ചത് .ഒരു ജര്‍മ്മന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ കപ്പലിലെ മാനേജറായ ഹാഷിം ആറുമാസം കൂടുമ്പോള്‍ അവധിക്ക്‌ നാട്ടില്‍ വന്നുപോകും .ഹാഷിം നാട്ടിലെത്തിയാല്‍  ഹാഷിമും ഷാഹിനയും മക്കളും പട്ടണത്തില്‍ റഹീം ഹാജി ഷാഹിനയ്‌ക്കായി  പണിതുയര്‍ത്തിയ  വീട്ടിലാണ് താമസിക്കുക .

 ഹാഷിം തിരികെ പോയാല്‍ ഷാഹിനയും മക്കളും റഹീം ഹാജിയുടെ വീട്ടിലേക്ക് തന്നെ തിരികെ പോരും .പിന്നീട് ആ വീട് പൂട്ടിയിടുകയാണ് പതിവ് . ഹാഷിമിന്‍റെ വീട്ടുകാരുമായി  ഷാഹിന സ്വരച്ചേര്‍ച്ചയില്ലല്ല.വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ ഹാഷിമിന്‍റെ സഹോദരിമാരുമായി ഷാഹിന വഴക്ക് കൂടുന്നത് പതിവായിരുന്നു.ഷാഹിദിന് ഷാഹിനയെ ജീവനാണ് ഒരേയൊരു സഹോദരിക്ക് വേണ്ടി ജീവിക്കുന്നത് പോലെയാണ് അയാളുടെ  പ്രവൃത്തികൾ,
ഷാഹിന എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അത് നിറവേറ്റി ക്കൊടുക്കാതെ ഷാഹിദിന് ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല  .വിവാഹം കഴിഞ്ഞതില്‍ പിന്നെ ഷാഹിന ഡ്രൈവിംഗ് പഠിച്ചു .സ്ത്രീധന മായി നല്‍കിയ ആഡംബര വാഹനം ഉള്ളപ്പോള്‍ ത്തന്നെ പുതുതായി ഇറങ്ങിയ ആഡംബര വാഹനം വേണം എന്ന് ഷാഹിന ഷാഹിദിനോട് പറഞ്ഞപ്പോള്‍ ഒരാഴ്ചത്തെ അവധിക്ക് ഷാഹിദ് നാട്ടിലേക്ക് പോന്നു .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  പുതിയ വാഹനം ഷാഹിദ്‌ സഹോദരിക്ക് വാങ്ങിച്ചു നല്‍കി.

പുതിയ വാഹനം  വാങ്ങിച്ചു നല്‍കിയപ്പോള്‍  ഫാത്തിമ മകനോട്‌ പറഞ്ഞു.

,, ഇപ്പൊ ഓള്‍ക്ക് എന്തിനാ വേറെ വണ്ടി വാങ്ങിക്കൊടത്തത്  ഇയ്യ് ഒരുത്തനാ ഓളെ വെടക്കാക്കണത് . രണ്ട് കുട്ട്യോള് ഉണ്ട് അവറ്റകളെ നോക്കാനുണ്ടോ ഓള്ക്ക് നേരം .സര്‍ക്കീട്ട് പോകാനേ ഓള്ക്ക് നേരോളളു. സര്‍ക്കീട്ട് കയിഞ്ഞു വന്നാല് പിന്നെ കംബ്യൂട്ടറിന്‍റെ മുന്നില് ഇരിക്കാനേ ഓള്ക്ക് നെരോളളു.പെണ്ണാണെന്നുള്ള ബല്ല ബിജാരോം ഒണ്ടോ ഓള്ക്ക്   ,,

,, എന്‍റെ ഉമ്മച്ചി ഞാനും വാപ്പേം കൂടി പണം ബേണ്ടത് പോലെ ഉണ്ടാക്ക്ണു ണ്ട്. മയ്യത്താകുമ്പോ കൂടെ കൊണ്ടോകോ ഈ പണോക്കെ .എന്‍റെ ഒരേയൊരു പെങ്ങളാ ഓള് ,ഓള് പറഞ്ഞാല്‍ എന്നെകൊണ്ട് കയ്യണത്  ഞാനോള്‍ക്ക് ബാങ്ങിച്ചു കൊടുക്കും.എനക്ക് എന്‍റെ ജീവനാ ഓള് ഇങ്ങള് ഓരോന്ന്‍ പറഞ്ഞ് ഞമ്മളെ ബേജാറാക്കല്ലേ  ...... ,,

റഹീം ഹാജി ഇടയ്ക്കൊക്കെ നാട്ടില്‍ വന്നു പോയികൊണ്ടിരിന്നു .
ഷാഹിനയുടെ പ്രധാന ഹോബി ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുക എന്നതാണ് .കഴിഞ്ഞ ദിവസം ഒരു സുമുഖനായ ചെറുപ്പക്കാരന്‍റെ ഫ്രെണ്ട് റിക്കൊസ്റ്റ് കണ്ടപ്പോള്‍ അവള്‍ അയാളെ  സുഹൃത്തായി  അംഗീകരിച്ചു. സുഹൃത്താക്കിയതിലുള്ള നന്ദി വാക്കുകളായിരുന്നു തുടക്കം. അയല്‍ ജില്ലക്കാരനായ രോഹിത് എന്ന ചെറുപ്പക്കാരനില്‍ മറ്റാരിലും ഇല്ലാത്ത സ്നേഹം ഉണ്ടെന്ന്  തിരിച്ചറിയുവാന്‍ ഷാഹിനയ്ക്ക് അധിക നാളുകള്‍ വേണ്ടി വന്നില്ല. താന്‍ എന്നും  ഷാഹിനയുടെ  നല്ലൊരു സുഹൃത്തായിരിക്കും  എന്നായിരുന്നു ആദ്യമൊക്കെ അയാളുടെ ഭാഷ്യം.പിന്നീട്‌ ഫേസ്ബുക്ക് ചാറ്റിംഗില്‍ നിന്നും വീഡിയോ ചാറ്റിംഗിലേക്കും സുഹൃദ്ബന്ധത്തില്‍നിന്നും പ്രണയബന്ധത്തിലേക്കും  അവരുടെ ബന്ധം വഴി മാറി .വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണെന്ന് അവള്‍ അയാളോട് പറയാറുണ്ടെങ്കിലും . ഷാഹിന ഇല്ലാതെ ജീവിക്കുവാന്‍ തനിക്കാവില്ലാ  എന്ന്അയാള്‍   നിരന്തരം അവളോട്‌ പറഞ്ഞു കൊണ്ടേയിരുന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞു പോയി ഷാഹിനയ്ക്ക് ഇപ്പോള്‍ രോഹിതുമായി ഒരു ദിവസം പോലും സംസാരിക്കാതെ ഇരിക്കുവാന്‍ കഴിയാതെയായി .ഒരു ദിവസം രോഹിത്‌ പറഞ്ഞു .

,, എന്‍റെ പൊന്നെ എനിക്ക് ഷാഹിനയെ നേരില്‍ കാണുവാന്‍ കൊതിയാവുന്നു,,

ഷാഹിന അയാളില്‍ നിന്നും അങ്ങിനെയൊരു വാക്ക് കേള്‍ക്കുവാന്‍ കൊതിച്ചിരുന്നു വെങ്കിലും അവള്‍ പറഞ്ഞു .

,, എന്താ ഇങ്ങള്  ഈ പറയണത് ആരെങ്കിലും അറിഞ്ഞാല്‍ ?,,

,,എന്‍റെ പൊന്നെ  ആരും അറിയില്ല എനിക്ക് ഇനിയും ഷാഹിനയെ കാണാതെയിരിക്കുവാന്‍ ആവില്ല. നേരില്‍ ഒന്ന് കണ്ടാല്‍ മാത്രം  മതി .,,

അവരുടെ  ആദ്യസമാഗമം പട്ടണത്തിലെ പാര്‍ക്കില്‍ വെച്ചായിരുന്നു .ഫോട്ടോയില്‍ കാണുന്നതിനെക്കാളും സുമുഖനായിരുന്നു രോഹിത്.എപ്പോഴും ചിരിച്ചുകൊണ്ടുള്ള രോഹിതിന്‍റെ സംസാരം ഷാഹിനയ്ക്ക് ഒരുപാട് ഇഷ്ടമായി . പിന്നീട് കുറച്ചു നാളത്തേക്ക് അവര്‍ക്ക് നേരില്‍ കാണുവാന്‍ കഴിഞ്ഞില്ല .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  ഒന്നുകൂടി നേരില്‍ കാണണം എന്ന് രോഹിത് പറഞ്ഞപ്പോള്‍ ഷാഹിനയാണ് പട്ടണത്തിലെ തന്‍റെ വീടിനെ കുറിച്ച് അയാളോട് പറഞ്ഞത് .അവള്‍ പറഞ്ഞത് പ്രകാരം പട്ടണത്തില്‍ അയാള്‍ അവളെ കാത്തു നിന്നു.അവളുടെ വാഹനത്തില്‍ അയാളെ അവള്‍ പട്ടണത്തിലെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി .രോഹിത് കയ്യില്‍ കഴിക്കുവാന്‍ ഭക്ഷണവും ശീതളപാനീയവും കരുതിയിരുന്നു.

അന്ന് അവര്‍ ഒരു പാട് നേരം സംസാരിച്ചിരുന്നു .സംസാരത്തിനിടയില്‍ അയാള്‍ കൊണ്ടു വന്ന ഭക്ഷണം അവര്‍  ഭക്ഷിച്ചു.ശീതളപാനീയം കുടിച്ചപ്പോള്‍  എന്തെന്നില്ലാത്ത ഒരു അനുഭൂതി ഷാഹിനയ്ക്ക് അനുഭവപെട്ടു . കണ്ണിമകള്‍ അടയുന്നത് പോലെ ,എത്രശ്രമിച്ചിട്ടും കണ്ണിമകള്‍ തുറക്കുവാന്‍ അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല .കൈകള്‍ കഴുകുവാനായി ഇരുന്നിടത്തു നിന്നും എഴുനേറ്റപ്പോള്‍ പാദങ്ങള്‍ നിലത്ത് ഉറക്കാത്തത് പോലെ അനുഭവപെട്ടു.  അപ്പോള്‍  അവള്‍ രോഹിതിനെ നിസഹയായി നോക്കി . അയാള്‍ അവളുടെ അരികിലേക്ക് ച്ചെന്ന് അവളുടെ  കൈ പിടിച്ചു, അയാള്‍ അവളെ തന്‍റെ മാറിലേക്ക് ചായ്ച്ചു . പിന്നീട്  അവള്‍ ഒന്നും  അറിയുന്നുണ്ടായിരുന്നില്ല . ഏതോ മായികലോകത്ത് അകപെട്ടത്‌ പോലെ ഒരു നവ്യാനുഭവമായി അവളില്‍ അവശേഷിച്ചു .അര്‍ദ്ധ അബോതാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ കിടപ്പുമുറിയിലെ മെത്തയില്‍ അവള്‍ വിവസ്ത്രയാക്കപെട്ടിരുന്നു .

ചെയ്തുപോയ തെറ്റിനെക്കുറിച്ചോര്‍ത്ത്  അവളുടെ മനം നൊന്തു .രോഹിത് അപ്പോള്‍  അവളുടെ നഗ്നമായ ശരീരം മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു .  എല്ലാം നേടിയെടുത്ത അഹങ്കാരിയുടെ മുഖഭാവത്തോടെയുള്ള അയാളുടെ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് ആദ്യമായി അയാളോട് അവള്‍ക്ക് വെറുപ്പ്‌ തോന്നി .വസ്ത്രങ്ങള്‍ ഒരുവിധം എടുത്തണിഞ്ഞ് അവള്‍ തിടുക്കത്തില്‍ വാഹനത്തില്‍ കയറി വീട്ടിലേക്ക് തിരികെ പോന്നു .മനസ്സ് നിറയെ കുറ്റബോധവുമായി   വീട്ടില്‍ എത്തിയപ്പോള്‍ ഫാത്തിമ മകളെ കാണാതെ ഉമ്മറത്ത് കാത്തിരിപ്പുണ്ടായിരുന്നു .

,, ഇത് എന്താപ്പോ കഥ നേരം എത്രയായി എന്ന് അറിയോ അനക്ക് .
ചോയിക്കാനും പറയാനും ആരും ഇല്ലാത്തതിന്‍റെ  ഹുങ്കാണ് അനക്ക്. അവര് വിളിക്കുമ്പോ ഞാന്‍ പറയണുണ്ട്‌ പുന്നാര മോളുടെ അഴിഞ്ഞാട്ടം.  ഇത് എന്തൊരു ജന്മാ എന്‍റെ പടച്ചോനെ,,ഫാത്തിമ പിറുപിറുത്തു കൊണ്ടിരുന്നു .

ഷാഹിന ഉമ്മയോട് മറുപടി പറഞ്ഞില്ല.  കിടപ്പുമുറിയുടെ കതകടച്ച് മെത്തയിലേക്ക് അവള്‍ ചാഞ്ഞു .അന്നവള്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്നില്ല .തന്‍റെ ജീവിതം ശിഥിലമാകുവാന്‍ കാരണമായ സൈബര്‍ ലോകത്തെ അവള്‍ വെറുത്തു .അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ മക്കളെ അരികിലേക്ക് വിളിച്ച് കെട്ടി പിടിച്ച് ഒരുപാട് നേരം കരഞ്ഞു .സമയം ഒന്‍പത്‌ കഴിഞ്ഞപ്പോള്‍ അവളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തു. ഷാഹിന മൊബൈല്‍ഫോണ്‍ എടുത്ത് നോക്കി. രോഹിത്‌ ആണെന്ന് കണ്ടപ്പോള്‍ അവള്‍ കാള്‍ എടുത്തില്ല .തുടരെത്തുടരെ റിംഗ് ചെയ്തപ്പോള്‍ മനസ്സില്ലാമനസ്സോടെ കാള്‍ എടുത്തു.

,, എന്താ ഫോണ്‍ എടുക്കാത്തത് .എനിക്ക് ഇന്ന് രണ്ടു മണിക്ക് തന്നെ നേരില്‍ കാണണം. ഞാന്‍ ഇന്നലെ നമ്മള്‍ ഒത്തുകൂടിയ വീട്ടില്‍ കാത്തിരിക്കും,,

,, ഇല്ല ഞാന്‍ വരില്ല ഇങ്ങള് എന്നെ ചതിച്ചു ,,

  ഇന്നലെ ഞാന്‍ എടുത്ത വീഡിയോ ക്ലിപ്പ് എന്‍റെ ഫോണില്‍ ഭദ്രമായി ഇരുപ്പുണ്ട് .എന്താ ഷാഹിന വരില്ലേ  ......നീ വരും നിനക്ക് വരതെയിരിക്കുവാനാവില്ല ,,

ഭീഷണിയുടേ സ്വരമായിരുന്നു അയാളുടേത്.

അവള്‍ ,ഊം ,എന്ന് മൂളുക മാത്രം ചെയ്തു .

അവള്‍ക്ക് അയാളുടെ അരികിലേക്ക് പോകാതെയിരിക്കുവാന്‍ നിര്‍വാഹം ഉണ്ടായിരുന്നില്ല .അന്ന് അയാളുടെ കൂടെ രണ്ടു ചെറുപ്പക്കാര്‍ വേറെയും ഉണ്ടായിരുന്നു .രോഹിതിന്‍റെ കൂടെ ആളെ കണ്ടപ്പോള്‍  ഷാഹിന പകച്ചു നിന്നു.തിരികെ നടക്കുവാന്‍ ശ്രമിച്ച ഷാഹിനയെ  രോഹിത് കൈയ്യില്‍ പിടിച്ച് കിടപ്പ് മുറിയിലേക്ക് തള്ളി. രോഹിതിന്‍റെ കൂടെ വന്ന ഒരു ചെറുപ്പകാരനും ഒപ്പം  കയറി . രോഹിത് മുറിയില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ ചെറുപ്പക്കാരന്‍ കിടപ്പുമുറിയുടെ കതകടച്ച് സാക്ഷയിട്ടു .അവള്‍ക്ക് ഉറക്കെ കരയണം എന്നുണ്ടായിരുന്നു പക്ഷെ ശബ്ദം    തൊണ്ടയില്‍ കുരുങ്ങി നിന്നു .അന്ന് മൂന്നു പേരും ഷാഹിനയെ മാറിമാറി  ഉപയോഗിച്ചു.പിന്നീട് ഇത് തുടര്‍ന്നു കൊണ്ടേയിരുന്നു.രോഹിതിന്‍റെ       കൂടെ പലരും വന്നുകൊണ്ടേയിരുന്നു ..ശീതളപാനീയത്തില്‍ മയക്കുമരുന്ന്‌ സ്ഥിരമായി രോഹിത് ശാഹിനയ്ക്ക് നല്‍കികൊണ്ടിരുന്നു പതിയെപ്പതിയെ ഷാഹിനയ്ക്ക് മയക്കുമരുന്ന്‌ ഇല്ലാതെ ജീവിക്കുവാന്‍ കഴിയാതെയായി .ഷാഹിന രോഹിതില്‍ നിന്നും മയക്കുമരുന്ന്‌ നേരിട്ട് വാങ്ങിക്കുവാന്‍ തുടങ്ങി  അയാള്‍ ചോദിക്കുന്ന രൂപ അവള്‍ അയാള്‍ക്ക്‌ കൊടുത്ത് കൊണ്ടും ഇരുന്നു .

ഹാഷിം അവധിക്ക് നാട്ടിലേക്ക് വരുന്നു എന്ന വാര്‍ത്ത ഷാഹിനയെ തളര്‍ത്തി                                                                                                                                                                                                                                                                                                                                                                                                                    അന്ന് ഷാഹിന രോഹിതിന് വിളിച്ചു.
,, എന്‍റെ ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ വരുന്നുണ്ട് ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ ,,

,, വെറുതെ വിടുവാനോ എന്‍റെ കയ്യില്‍ കുരുങ്ങിയ ഇരയെ ഇത് വരെ ഞാന്‍ വെറുതെ വിട്ടിട്ടില്ല .നമ്മള്‍ നാട് വിടുന്നു .നിനക്ക് ഇനി എന്നെ പോലെ മയക്കുമരുന്ന്‌ ഇല്ലാതെ ജീവിക്കുവാന്‍ ഈ ഭൂലോകത്ത് കഴിയില്ല . കിട്ടാവുന്ന രൂപയും എടുത്ത് നാളെ പോന്നോളു    വന്നില്ലാ എങ്കില്‍ ലോകം മുഴുവന്‍ ഞാന്‍ കാമകേളിയുടെ വീഡിയോ പ്രചരിപ്പിക്കും ,,

അന്തര്‍ദ്ദേശീയ മയക്കുമരുന്ന്‌ മാഫിയയുടെ കണ്ണിയായിരുന്നു രോഹിത് .കലാലയ ജീവിതം തുടങ്ങുന്നത് വരെ സല്‍സ്വഭാവിയായിരുന്നു അയാള്‍ .അദ്ധ്യാപകരായ മാതാപിതാക്കളുടെ സ്നേഹസമ്പന്നനായ മകന്‍. മയക്കുമരുന്ന്‌ മാഫിയയില്‍ അകപ്പെട്ടതിന്  ശേഷമാണ് ക്രൂരമായ മനസ്സിന്‍റെ ഉടമയായത്   .വീട്ടില്‍ നിന്നും മയക്കുമരുന്നിനായി രൂപ ലഭിക്കാതെ ആയപ്പോള്‍ .ഫേസ്ബുക്ക് കേന്ദ്രീകരിച്ച്‌ സമ്പന്നരായ പെണ്‍ കുട്ടികളെ സ്നേഹം നടിച്ച്‌ വലയിലാക്കുന്നത്  അയാള്‍ പതിവാക്കി .അതിനായി ഫേസ്ബുക്കില്‍ ഇരയെ തിരഞ്ഞു കൊണ്ടേയിരിക്കും .പത്തുപേരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചാല്‍ ഒരാള്‍ തന്‍റെ ഇംഗിതത്തിന് വഴങ്ങും എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .വീടിന്‍റെയും പുതിയ വാഹനത്തിന്‍റെയും ചിത്രങ്ങള്‍ സുഹൃത്തുക്കളുമായി പങ്കു വെച്ചതാണ് ഷാഹിനയ്ക്ക് വിനയായത്.ഇരയെ ആയി ബോംബെയിലേക്ക് നാട് വിടുന്ന രോഹിത് ഇരയുടെ സാമ്പത്തിക സ്രോതസ്സ് നിലച്ചാല്‍ ചുവന്നതെരുവിലെ പെണ്‍ വാണിഭ  ശൃംഖലയ്ക്ക്    ഇരയെ വില്‍ക്കും അതാണ്‌ അയാളുടെ രീതി .

അടുത്ത ദിവസ്സം ഷാഹിന  സഹോദരന്‍ വാങ്ങി നല്‍കിയ ആഡംബര കാറുമായി   കുഞ്ഞുങ്ങളെയും കൊണ്ട് രോഹിതിന് അരികില്‍ എത്തി .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ബോംബെയെന്ന മഹാനഗരത്തില്‍   എത്തി .പോരുമ്പോള്‍ ഷാഹിനയുടെ  എ റ്റി എം കാര്‍ഡും സഹോദരന്‍റെ എ റ്റി എം കാര്‍ഡും സ്വര്‍ണവും ഷാഹിന കരുതിയിരുന്നു .ബോംബെയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് അവര്‍ വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. ഷാഹിന രോഹിതില്‍ നിന്നും ആഗ്രഹിച്ചിരുന്നത് മയക്കുമരുന്ന്‌ മാത്രമായിരുന്നു .അയാള്‍  അത് അവള്‍ക്ക് വേണ്ടുവോളം നല്‍കി .

ഷാഹിനയും കുഞ്ഞുങ്ങളും വീട് വിട്ട് എങ്ങോട്ട് പോയി എന്നറിയാതെ റഹീം ഹാജിയും ഷാഹിദും നാട്ടില്‍  എത്തി തിരച്ചില്‍ ആരംഭിച്ചു.ഹാഷിം അവധിക്കാലം കഴിഞ്ഞ് ഭാര്യയെയും കുഞ്ഞുങ്ങളേയും കാണാന്‍ കഴിയാതെ തിരികെപോയിരുന്നു . ഏതാനും ആഴ്ചകള്‍  കഴിഞ്ഞപ്പോള്‍ .ഷാഹിനയുടെ മക്കള്‍ ദാരുണമായി ബോംബയിലെ റെയില്‍വേ പാളത്തില്‍ മരണപെട്ടു എന്ന നാടിനെ നടുക്കിയ വാര്‍ത്തയുമായാണ് ഗ്രാമം ഉണര്‍ന്നത് . പേരക്കുട്ടികളുടെ മരണ വാര്‍ത്തയറിഞ്ഞ റഹീം ഹാജിയെ ഹൃദയ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഷാഹിദും സുഹൃത്തുക്കളും ബൊംബയിലേക്ക് യാത്ര തിരിച്ചു .അത്ത്യാഹിതം നടന്ന പരിധിയില്‍ പെട്ട പോലീസ് സ്റ്റേഷനില്‍ തിരക്കിയപ്പോള്‍ അവിടെ ഷാഹിന ഉണ്ടായിരുന്നു .പോലീസ് കാര്യങ്ങള്‍ ഷാഹിദിനോട് വിശദീകരിച്ചു.ഉറങ്ങി കിടന്നിരുന്ന രോഹിതിനെ ഷാഹിന കഴുത്തറുത്തുകൊന്നു.കുഞ്ഞുങ്ങള്‍ എങ്ങിനെയാണ് മരണ പെട്ടത് എന്ന്അജ്ഞാതമാണ്   ഷാഹിന ഒന്നും ഉരിയാടുന്നുണ്ടായിരുന്നില്ല.മനോനില തെറ്റിയ ഷാഹിനയെ കണ്ടപ്പോള്‍ ഷാഹിദ് പൊട്ടികരഞ്ഞുപോയി .കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ ബോംബെയിലെ ഒരു കബര്‍സ്ഥാനില്‍ കബറടക്കി.

ഷാഹിനയ്ക്ക്  ജാമ്യം ലഭിക്കുവാനായി ഷാഹിദ് പണം വാരിയെറിഞ്ഞു.നാലാം ദിവസ്സം  റഹീം ഹാജിയുടെ മരണ  വാര്‍ത്തയാണ് ഷാഹിദിനെ തേടിയെത്തിയത്  .ഷാഹിദും സുഹൃത്തുക്കളും  നാട്ടിലേക്ക് തിരിച്ചു .സഹോദരി മൂലം നഷ്ടങ്ങള്‍ വേണ്ടുവോളം ഉണ്ടായെങ്കിലും അയാള്‍ ഷാഹിനയെ വെറുത്തില്ല .എങ്ങനെയെങ്കിലും സഹോദരിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട്  പോകണം എന്നായിരുന്നു അയാളുടെ ചിന്ത .അതിനായി അയാള്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരുന്നു  .

പോലീസ് സ്റ്റേഷനിലെ കാരാഗ്രഹത്തില്‍ ഷാഹിന ഏകയായിരുന്നു .അവളുടെ മനസ്സ് ശൂന്യമായിരുന്നു കഴിഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാത്ത മനസ്സായിരുന്നു   അപ്പോള്‍ അവളുടേത് .പോലീസ് അവളുടെ തല മുണ്ഡനം ചെയ്തു .മയക്കുമരുന്ന്‌ ലഭിക്കാതെ ആയപ്പോള്‍   ശിരസ്സ് ചുമരില്‍ സ്വയം  ഇടിച്ച് പരിക്കേല്‍പ്പിച്ചു  ഷാഹിന ആശ്വാസം കണ്ടെത്തി  .ശിരസ്സില്‍ നിന്നും രക്തം  വാര്‍ന്നു തുടങ്ങിയപ്പോള്‍ പോലീസ് ഷാഹിനയെ മാനസീക  ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി .റഹീം ഹാജിയുടെ മൃതദേഹം കബറടക്കിയ ഉടനെ തന്നെ ഷാഹിദ് ബോംബയിലെക്ക് തിരികെയെത്തി ഷാഹിനയെ ജാമ്യത്തിലിറക്കുവാന്‍ ശ്രമമാരംഭിച്ചു.ഒരാഴച്ചയ്ക്കു ശേഷം ,ബോംബെ വിട്ടു പോകെരുത് എന്ന നിബന്ധനയോടെ ശാഹിനയ്ക്ക് ജാമ്യം ലഭിച്ചു .ഷാഹിദ് അപ്പാര്‍ട്ട്മെന്‍റെ വാടകയ്ക്ക് എടുത്ത് ഷാഹിനയെ പരിപാലിച്ചു.ഷാഹിന ഒന്നും ഉരിയാടാതെ ഇരുന്നിടത്ത് തന്നെയിരിക്കും  .ഷാഹിന സംസാരിക്കുന്നത് കേള്‍ക്കുവാന്‍ ഷാഹിദ് കൊതിച്ചു .പക്ഷെ നിരാശയായിരുന്നു ഫലം.  ഷാഹിനയെ കുളിപ്പിക്കുവാനും മറ്റും ഷാഹിദ് ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കി.

മാസങ്ങള്‍ക്കൊടുവില്‍ മാനസിക നില തെറ്റിയത് മൂലം കോടതി ഷാഹിനയെ കുറ്റവിമുക്തയാക്കി .അപ്പോഴും ഷാഹിനയുടെ  മക്കള്‍ എങ്ങിനെ കൊലചെയ്യപ്പെട്ടുവെന്ന് അജ്ഞാതമായിരുന്നു  . അടുത്തദിവസം നാട്ടിലേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യം വെച്ച് ഷാഹിദ് ഷാഹിനയുടെ കൈ പിടിച്ചിറങ്ങുമ്പോള്‍ ഷാഹിനയുടെ മനോനില വീണ്ടെടുക്കാന്‍ കഴിയുമെന്ന് അയാളുടെ  മനസ്സ്‌ മന്ത്രിച്ചു.അപ്പോള്‍   പെയ്തൊഴിയാന്‍ വെമ്പുന്ന മഴക്കാറുകളെ ഞൊടിയിടയില്‍ ശക്തമായി  ആഞ്ഞടിച്ച കാറ്റ് അപഹരിച്ചു കൊണ്ടു പോയി  ഒരു പക്ഷെ അരുതാത്ത തെറ്റുകള്‍ ചെയ്തതിന് ഷാഹിനയോടുള്ള പ്രകൃതിയുടെ നീരസമാവാം ആ പ്രതിഭാസം.
                                                              ശുഭം
rasheedthozhiyoor@gmail.com