ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖിലെ പ്രശ്ന ബാധിത നഗരമായ
നാള്‍ക്കുനാള്‍ പോരാട്ടം രൂക്ഷമായി കൊണ്ടിരുന്നു .ആശുപത്രിയിലെ വിദേശ നഴ്സുമാര്‍ സ്വദേശത്തേക്ക് മടങ്ങുവാന്‍ ഗത്യന്തരമില്ലാതെ ഭയാകുലരായി .ഏതു നിമിഷവും അപകടം താങ്കള്‍ക്കും നേരിടേണ്ടി വരും എന്ന ഭയം എല്ലാവരിലും നിഴലിച്ചിരുന്നു.ഒരു ദിവസം സര്‍ക്കാരിന് എതിരെ യുദ്ധം ചെയ്യുന്ന ആയിരക്കണക്കിന് ആയുധമെടുത്ത പോരാളികള്‍ ആശുപത്രിയുടെ ചുറ്റിനും വളഞ്ഞു . അവിടമാകെ വെടിയൊച്ചകളുടെ ശബ്ദം മാറ്റൊലിക്കൊണ്ടു .ആശുപത്രിക്ക് കാവല്‍ നിന്നിരുന്ന പട്ടാളക്കാരും വിമതരും കൂടിയുള്ള പോരാട്ടം ഏറെനേരം നീണ്ടു നിന്നു.ആശുപത്രിയിലെ അന്തേവാസികളും ജീവനക്കാരും വെടിയുണ്ടകള്‍ സ്വന്തം ശരീരത്തില്‍ ഏല്‍ക്കാതെയിരിക്കുവാന്‍ ചുമരുകളുടെ ഓരം ചേര്‍ന്നിരുന്നു . ഏറെനേരം കഴിഞ്ഞപ്പോള്‍ രക്തച്ചൊരിച്ചിലുകള്‍ക്ക് ഒടുവില്‍ വിമതരില്‍ ആയുധമേന്തിയ ഏതാനും പേര്‍ ആശുപത്രിയുടെ അകത്തേക്ക് വന്ന് ആശുപത്രി അതികൃതരോട് പറഞ്ഞു .ആശുപത്രി അവരുടെ അധീനതയിലാണെന്നും എല്ലാവരും അവരോട് സഹകരിക്കണമെന്നും .
സിസിലി ജോണ്‍ മറ്റുള്ളവരില്‍ നിന്നും അറിഞ്ഞു. ആശുപത്രിയും പ്രാന്തപ്രദേശങ്ങളും വിമതരുടെ പിടിയിലാണ് എന്ന നഗ്ന സത്യം.ഇനി സ്വദേശത്തെക്ക് രക്ഷപെടുക എന്നത് അസാധ്യമാണ് എന്ന തിരിച്ചറിവ് സിസിലി ജോണിനും സഹപ്രവര്‍ത്തകര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു .എങ്ങും എവിടേയും വിമതപോരാളികളുടെ കണ്ണുകള്‍ സധാസമയം ആശുപത്രി ജീവനക്കാരുടെ മേല്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു .മുന്‍പ് എട്ടുമണിക്കൂര്‍ മാത്രം ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് അധിക സമയം ജോലി ചെയ്യേണ്ടിവന്നു .മനുഷ്യ ശരീരങ്ങള്‍ക്ക് മൃഗങ്ങളോട് കാണിക്കുന്ന ആദരവ് പോലും പോരാടുന്നവരില്‍ കാണുന്നുണ്ടായിരുന്നില്ല .ആശുപത്രിയിലെ സര്‍ക്കാര്‍ അനുകൂലികളെ തിരഞ്ഞുപിടിച്ച് വിമതര്‍ ഒരു ദാക്ഷിണ്യവുംകൂടാതെ വകവരുത്തുന്ന കാഴ്ചകള്‍ ആശുപത്രി ജീവനക്കാരുടെ മനസ്സുകളെ മരവിപ്പിച്ചു . ചിന്നഭിന്നമായ മനുഷ്യ ശരീരങ്ങള്‍ മോര്‍ച്ചറിയില്‍ കുമിഞ്ഞുകൂടി കൊണ്ടിരുന്നു .
വിമതരില്‍ നിന്നും വിശ്രമാത്തിനായ് അനുവദിച്ചു കിട്ടുന്ന ഏതാനും മണിക്കൂറുകളില്‍ സിസിലി ജോണും സന്തതസഹചാരിയും ബാല്യകാല സൂഹൃത്തുമായ മെര്‍ലിന്‍ ജോസഫുമായി താങ്കളുടെ ദുഃഖങ്ങള്‍ പങ്കുവെച്ചു .സിസിലിയാണ് മെര്‍ലിനിന് വിസ തരപെടുത്തി കൊടുത്തത് മെര്‍ലിന്‍ ഇറാഖിലേക്ക് വന്നിട്ട് മൂന്നു മാസം കഴിയുന്നേയുള്ളൂ .താങ്കളുടെ കിടപ്പ് മുറിയില്‍ ഉറങ്ങുവാന്‍ കിടന്നപ്പോള്‍ സിസിലി മെര്‍ലിനോട് പറഞ്ഞു .
,, മെര്‍ലിന്‍ ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?,,
,, എന്താ സിസിലി ചോദിക്കൂ ഞാന്‍ സത്യമേ പറയൂ ,,
,, മെര്‍ലിന് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ .ഞാന്‍ കാരണമല്ലേ തനിക്ക് ഈ അവസ്ത നേരിടേണ്ടി വന്നത് ,,
,, എന്താ സിസിലി ഈ പറയുന്നേ നല്ലൊരു അവസരം ലഭിച്ചപ്പോള്‍ സിസിലി എന്നെ അറിയിച്ചു .ഇവിടെ ആശുപത്രിയില്‍ എനിക്കും കൂടി ജോലി ലഭിക്കുമോ എന്ന് ഞാനല്ലേ സിസിലിയോടു ആവശ്യപെട്ടത് .പിന്നെ എന്തിനാ ഇങ്ങിനെയുള്ള വര്‍ത്തമാനം.നമ്മുടെ നാട്ടില്‍ അഞ്ചു മാസം ജോലി നോക്കിയാല്‍ ലഭിക്കുന്ന വേദനം ഇവിടെ ഒരു മാസംകൊണ്ട് ലഭിക്കുന്നത് കൊണ്ടല്ലെ നമ്മളെ പോലെയുള്ള പ്രാരാബ്ദങ്ങള്‍ വേണ്ടുവോളമുള്ളവര്‍ അന്യ നാടുകളിലേക്ക് പോരുന്നത് . നമ്മേപോലെ എത്രയോ മലയാളികള്‍ ഈ ആശുപത്രിയില്‍ തന്നെ ജോലി നോക്കുന്നു .കര്‍ത്താവ് നമ്മളെ രക്ഷിക്കും ,,
,, ഓര്‍ക്കുമ്പോള്‍ ശെരിക്കും ഭയം തോന്നുന്നു മെര്‍ലിന്‍ .നമ്മള്‍ ആശുപത്രി ജീവനക്കാര്‍ ആയതുകൊണ്ട് നേരിട്ട് നമ്മളെ ഉപദ്രവിക്കാന്‍ ആരും തയ്യാറാവുകയില്ല എന്നാലും ഉന്നം തെറ്റി വരുന്ന വെടിയുണ്ടകള്‍ ഏതു നിമിഷവും നമ്മുടെ ദേഹത്ത് പതിക്കാം .എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപെട്ടാല്‍ മതിയായിരുന്നു .,,
,, സിസിലി എനിക്ക് അമ്മച്ചിയുടെ കാര്യം ഓര്‍ത്തിട്ടാണ് ആധി ഞാനും അനിയത്തിയും കുഞ്ഞുങ്ങളായിരുന്നപ്പോഴേ അപ്പച്ചന്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞത് നിനക്ക് അറിയാവുന്നതല്ലേ .അന്നും ഇന്നും ഞങ്ങള്‍ വാടകവീട്ടിലാണ് താമസിക്കുന്നത് .അനിയത്തിയുടെ പഠിപ്പ്, സ്വന്തമായി ഒരു വീട് ഇതൊക്കെയായിരുന്നു ഇവിടേക്ക് പോരുമ്പോള്‍ എന്‍റെ സ്വപനങ്ങള്‍ എനിക്ക് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ എന്‍റെ അമ്മച്ചിയും അനിയത്തിയും ,,
മെര്‍ലിന്‍റെ വാക്കുകള്‍ മുറിഞ്ഞു അവള്‍ തലയണയില്‍ മുഖം അമര്‍ത്തി തെങ്ങുന്നത് സിസിലി അറിഞ്ഞു .സിസിലി മെര്‍ലിന്‍റെ അരികില്‍ വന്നിരുന്ന് അവളുടെ ശിരസില്‍ തലോടികൊണ്ട് പറഞ്ഞു .
,, എന്‍റെ വീട്ടിലെ കാര്യങ്ങള്‍ നിനക്ക് അറിയാവുന്നതല്ലേ .അപ്പച്ചന്‍റെ ചികിത്സയ്ക്ക് തന്നെ വേണം മാസാമാസം രൂപ അനവധി .അനിയന്‍റെയും അനിയത്തിമാരുടെയും പഠിപ്പിന് രൂപ എത്ര വേണമെന്നാ .ഇവിടെ വന്നതില്‍ പിന്നെ വലിയ പ്രയാസങ്ങള്‍ ഇല്ലാതെ കുടുംബം പുലര്‍ന്നുപോന്നിരുന്നു.ഇവിടത്തെ ജോലി പോയാല്‍ പിന്നെ ജീവിതം തന്നെ തകിടം മറിയും .,,
സിസിലി മെര്‍ലിന്‍റെ മെത്തയില്‍ നിന്നും എഴുന്നേറ്റ് അലമാരയില്‍ നിന്നും ആല്‍ബം എടുത്ത് ഫോട്ടോകള്‍ മറിച്ച് നോക്കി കൊണ്ടിരിക്കുമ്പോള്‍ .ടിവിയില്‍ മലയാളം വാര്‍ത്ത വായിക്കുന്നത് കേട്ട് സിസിലി നടുങ്ങി .
,,ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. മൊസൂളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ നിര്‍മ്മാണത്തൊഴിലാളികളാണ് തീവ്രവാദികളുടെ പിടിയിലായത്.,,
ജോലി കഴിഞ്ഞു താമസസ്ഥലത്ത് എത്തിയാല്‍ മനസ്സിന് ഏക ആശ്വാസം നല്‍കുന്നത് മലയാളം ടിവി ചാനലുകളാണ് .ടിവിയില്‍ നിന്നും കേട്ട വാര്‍ത്തകള്‍ സിസിലിയെ നൊമ്പരപെടുത്തി .സിസിലി വീണ്ടും ഫോട്ടോകള്‍ നോക്കികൊണ്ടിരുന്നു . കുടുംബാംഗങ്ങളുടെ ഫോട്ടോയും സുഹൃത്തുക്കളുടെ ഫോട്ടോയും മറിച്ചുനോക്കി ആല്‍ബത്തിലെ അവസാനത്തെ ഫോട്ടോ ആല്‍ബര്‍ട്ടിന്‍റെതായിരുന്നു .ആല്‍ബര്‍ട്ടിന് സിസിലി വിദേശത്തേക്ക് പോരുന്നതില്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല .പഠിക്കുവാന്‍ പോകുന്ന കാലത്ത് സ്ഥിരമായി പോകുന്ന ബസ്സിലെ കണ്ടക്ടറോട് ആദ്യമൊക്കെ തോന്നിയിരുന്നത് സൌഹൃദം മാത്രമായിരുന്നു .ഒരിക്കല്‍ തനിക്ക് എന്നെ ഇഷ്ടമാണോ എന്ന ആല്‍ബര്‍ട്ടിന്‍റെ ചോദ്യത്തിന് മറുപടി ഒരാഴച്ചയോളം ആലോചിച്ചാണ് നല്‍കിയത് .ഇഷ്ടമല്ലായെന്നു പറയാന്‍ അവള്‍ക്കായില്ല .മറുപടി നല്‍കി ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ആല്‍ബര്‍ട്ടിന്‍റെ വീട്ടില്‍ നിന്നും സിസിലിയുടെ വീട്ടിലേക്ക് വിവാഹാലോചനയുമായി ബന്ധുക്കള്‍ വന്നു .സിസിലിയുടെ അപ്പച്ചന് വന്നവരെ തിരിച്ചയക്കാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ .പിന്നീട് സിസിലിയും ആല്‍ബര്‍ട്ടും അവരുടെ പ്രണയം വര്‍ഷങ്ങളോളം തുടര്‍ന്നു പോന്നു പക്ഷെ ജോലിക്കായി സിസിലി ഇറാഖിലേക്ക് പോകുന്നത് ആല്‍ബര്‍ട്ട് എതിര്‍ത്തു .സിസിലി തന്‍റെ കുടുംബത്തിന്‍റെ ഉന്നതിക്ക് വേണ്ടി ഇറാഖിലേക് പോകുവാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു .അതോടെ ആല്‍ബര്‍ട്ട് സിസിലിയില്‍ നിന്നും അകന്നു .
സിസിലി നോവോര്‍മകളാല്‍ എപ്പോഴോ നിദ്രയിലേക്ക് വഴുതി വീണു .ദിവസങ്ങള്‍ ഓരോന്നായി വിടവാങ്ങികൊണ്ടിരുന്നു.ആശുപത്രി തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്നും മോചനമായില്ല . തീവ്രവാദികള്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക്.ആശുപത്രില്‍ തുടരാന്‍ ആഗ്രഹമുള്ളവര്‍ക്ക് തുടരാം എന്നും അല്ലാത്തവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാം എന്നും അറിയിച്ചപ്പോള്‍ .മെര്‍ലിനും മറ്റു ചിലരും സ്വദേശത്തെക്കു മടങ്ങുവാന്‍ തീരുമാനിച്ചു .പക്ഷെ സിസിലി അവിടെ തന്നെ തുടരുവാനായിരുന്നു തീരുമാനിച്ചത് .അതിനുള്ള കാരണം തീവ്രവാദികള്‍ ജീവനക്കാര്‍ക്ക് മുന്‍പ് ലഭിച്ചിരുന്ന വേദനം മുടക്കം കൂടാതെ നല്‍കും എന്ന അറിയിപ്പ് തന്നെയായിരുന്നു . തിക്രിതില്‍ നിന്നും ബാഗ്ദാദ് വീമാനത്താവളത്തില്‍ എത്തുവാന്‍ രണ്ടുമണിക്കൂര്‍ വാഹനത്തില്‍ യാത്ര ചെയ്യണം . പക്ഷെ കലാപം മൂര്‍ദ്ധന്യത്തില്‍ കൊടുമ്പിരി കൊള്ളുന്ന പ്രദേശങ്ങളില്‍ കൂടി വേണം ബാഗ്ദാദില്‍ എത്തിച്ചേരുവാന്‍ .ആ തിരിച്ചറിവ് പലരേയും സ്വദേശത്തെക്കു യാത്രപോകുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു .ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍ക്കാലം സ്വദേശത്തെക്കു പോകുന്നതില്‍ നിന്നും ആശുപത്രി ജീവനക്കാരായ ഇന്ത്യക്കാര്‍ പിന്തിരിയണം എന്ന് ഫോണിലൂടെ അറിയിച്ചെങ്കിലും .മെര്‍ലിനും മറ്റുചിലരും സ്വദേശത്തെക്കു യാത്ര പുറപെട്ടു .
യാത്ര പുറപെടുന്നതിനു മുന്‍പ് മെര്‍ലിന്‍ സിസിലിയെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു .
,, എന്നെകൊണ്ട് ആവില്ല ഇനിയും ഇവിടെ വെടിയുതിര്‍ക്കുന്ന ശബ്ദം കെട്ടു കൊണ്ട് ജീവിക്കുവാന്‍ .കലാപ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തു വേണം വിമാനത്താവളത്തിലേക്ക് പോകുവാന്‍ കഴിയുകയുള്ളൂ എന്ന് അറിയാം .എന്നാലും ഇപ്പോള്‍ കിട്ടിയ ഈ അവസരം പാഴാക്കുവാന്‍ എനിക്ക് വയ്യ സിസിലി.ഈ തീവ്രവാദികളുടെ മനസ്സ് എപ്പോഴാ മാറുകയെന്നു പറയാനാവില്ല .ഒരു പക്ഷെ ഇനി ഇങ്ങിനെയൊരു അവസരം ലഭിച്ചെന്നു വരില്ല ,,
സിസിലി മെര്‍ലിനെ ആശ്വസിപ്പിച്ചുകൊണ്ട് യാത്രയാക്കി .സിസിലി അന്നും ആശുപത്രിയില്‍ തന്‍റെ കര്‍ത്തവ്യത്തില്‍ മുഴുകി .പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞതിനാല്‍ ആശുപത്രിയില്‍ നേരെചൊവ്വേ നടക്കുവാന്‍ പോലും ജീവനക്കാര്‍ക്ക് കഴിയാതെയായി .ചീറിപ്പാഞ്ഞു വന്ന ആംബുലന്‍സുകളില്‍ രണ്ടെണ്ണം വീമാനത്താവളത്തിലേക്ക് ആശുപത്രിയില്‍ നിന്നും യാത്ര തിരിച്ചവരുടെയാണ് എന്ന് സിസിലിയോടു സഹപ്രവര്‍ത്തക വന്നു പറഞ്ഞപ്പോള്‍ ശാസ്ത്രക്രിയ നടക്കുന്ന മുറിയില്‍ നിന്നും സിസിലി ആംബുലന്‍സിന് അരികിലേക്ക് ഓടി .ആദ്യം കണ്ട ആംബുലന്‍സില്‍ നിറയെ പരിക്കുകള്‍ പറ്റിയവരായിരുന്നു .ആശുപത്രിയില്‍ ഇന്നലെ വരെ തന്നോടൊപ്പം ജോലി ചെയ്തിരുന്നവരെ രക്തം പുരണ്ട നിലയില്‍ കണ്ടപ്പോള്‍ സിസിലിയുടെ സമനില താളം തെറ്റുന്നത് പോലെ അവള്‍ക്ക് അനുഭവപെട്ടു .ആ ആംബുലന്‍സില്‍ മെര്‍ലിനെ കാണാതെയായപ്പോള്‍ സിസിലി അടുത്ത ആംബുലന്‍സില്‍ പോയി നോക്കി .ആ ആംബുലന്‍സില്‍ നിറയെ ചേതനയറ്റ ശരീരങ്ങളായിരുന്നു .
സ്വദേശത്തു പോയി ഉറ്റവരെ ഒരുനോക്കു കാണുവാന്‍ കൊതിയോടെ പോയ തന്‍റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ ശരീരങ്ങളില്‍ മെര്‍ലിന്‍റെ ശരീരം ഉണ്ടാവല്ലേ എന്നായിരുന്നു സിസിലിയുടെ പ്രാര്‍ത്ഥന .മൃതദേഹം ഓരോന്നായി ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് എടുക്കുമ്പോള്‍ സിസിലി മുഖം മൂടിയ തുണി പൊക്കി നോക്കി.
മൂന്നാമത് പുറത്തേക്ക് എടുത്ത മൃതദേഹത്തില്‍ നിന്നും തുണി പൊക്കി നോക്കിയ സിസിലി ഒരു നിമിഷം സ്തംഭിച്ചു നിന്നു .ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് തന്നോട് യാത്രപറഞ്ഞു പോയ തന്‍റെ ഉറ്റ മിത്രം മെര്‍ലിന്‍റെ ചേതനയറ്റ ശരീം കണ്ടതും സിസിലി ബോധരഹിതയായി നിലംപതിച്ചു .ആരൊക്കയോ ചേര്‍ന്ന് സിസിലിയെ താങ്ങി ആശുപത്രിയുടെ അകത്തേക്ക്പരിചരണത്തിനായി കൊണ്ടുപോയി . അപ്പോള്‍ ആശുപത്രിയുടെ പുറത്ത് തീവ്രവാദികളെ ലക്ഷ്യമാക്കി സര്‍ക്കാരിന്‍റെ ബോബര്‍ വീമാനങ്ങളില്‍ നിന്നും ബോബ് വര്ഷിക്കുന്നുണ്ടായിരുന്നു .
rasheedthozhiyoor@gmail.com rasheedthopzhiyoor.blogspot.com