ചിന്താക്രാന്തൻ

25 January 2020

കഥ.അഖീഖത്ത്



കർക്കടക മാസത്തിലെ ഒരു നാൾ  നേരം പുലരുവാനായി മെത്തയിൽതന്നെ  കിടക്കുകയാണ് പതിനൊന്നാം വയസ്സുകാരി  ആയിഷ. കുറേയേറെ നേരമായി അവൾ  ഉറക്കമുണർന്നിട്ട് . മസ്ജിദിൽ നിന്നുള്ള സുബഹി ബാങ്ക് വിളിയുടെ അലയൊലിയാണ്  നിദ്രയിൽ നിന്നും അവളെ ഉണർത്തിയത് .ബാങ്ക് വിളിയുടെ മുന്നേതന്നെ വാപ്പ ബക്കർ  മസ്ജിദിലേക്കും,  ഉമ്മ കദീജ അടുക്കളയിലേക്കും പോയതിനാൽ അവൾ കിടപ്പുമുറിയിൽ തനിച്ചാണ്   .ബക്കറിന് കവലയിൽ  പലചരക്കു വ്യാപാരമാണ്.  അയാൾക്ക്‌  രണ്ടു പെൺമക്കൾ.  മൂത്തവൾ ഫാത്തിമയും ,ഇളയവൾ ആയിഷയും  , കഴിഞ്ഞ വർഷമാണ് ഫാത്തിമ വിവാഹിതയായത് .ഭർത്താവ് ഷുക്കൂറിന്‌  ഗൾഫിലാണ് ജോലി. ഫാത്തിമയിപ്പോൾ ഭർത്താവിന്റെ വീട്ടിലാണുള്ളത് .ആയിഷ എഴുന്നേറ്റ്  ജാലകപാളി  പാതി തുറന്ന് പുറത്തേക്കുനോക്കി. കൂരിരുട്ട് പുറത്തെകാഴ്ച അവളിൽ ഭയം ഉളവാക്കിയതിനാലാവണം ജാലകപാളി കൊട്ടിയടച്ചവൾ അടുക്കളയിലേക്കുനടന്നത് .ഇരുട്ട് അവൾക്കെന്നും ഭയമാണ് ഇരുട്ടിനെ ഇത്രയധികം ഭയക്കുവാനുള്ള കാരണം  വെല്ലിമ്മ പറഞ്ഞുതന്ന കഥകളിലെ ഇരുട്ടിൽ മാത്രം സഞ്ചരിക്കുന്ന  പ്രധാനകഥാപാത്രം കുറുമത്തിക്കാളിയാണ്  .  കുഞ്ഞുങ്ങളെ അങ്ങുദൂരെയുള്ള മലമുകളിലേക്ക് കൊണ്ടുപോയി  രക്തംകുടിച്ചൂ കൊല്ലുമത്രേ കുറുമെത്തിക്കാളി ... നേരം പുലരുന്നതിനു മുൻപ്  പാതിവില്ലാതെ അടുക്കളയിൽ ആയിഷയെ കണ്ട  ഉമ്മ ചോദിച്ചു .

,, ആയിഷക്കുട്ടി ഇന്നെന്തേ നേരത്തെ ഉറക്കമുണർന്നത് ? .മദ്രസയിൽപോകുവാൻ ഇനിയും നേരം കുറേയാവണം മോള് പോയി ഉറങ്ങിക്കോ നേരാവുമ്പോ ഉമ്മ വിളിക്കാം ,,

ഉറക്കച്ചടവോടെ ആയിഷ പറഞ്ഞു .

,, എൻ്റെ ഉറക്കമെല്ലാം പോയി ഉമ്മ . നമ്മുടെ ആട്ടിൻകുട്ടിയുടെ കാര്യമോർത്തിട്ട് എനിക്ക് ശെരിക്കും ഉറങ്ങുവാനെകഴിഞ്ഞിട്ടില്ല .  ആട്ടിൻകുട്ടിയുടെ കാലിലെ വേദന ഇപ്പോൾ മാറിയിട്ടുണ്ടാവുമോ?... എന്നാലും ഉമ്മാടെ കാരണം തന്നെയാണ് ആട്ടിൻകുട്ടിയുടെ കാലൊടിഞ്ഞത് ,,

ആയിഷയുടെ വാക്കുകൾ ഉമ്മയിൽ ചിരിയുണർത്തി

,, ആ...ആ ..ആ.. ഇതാപ്പോ നന്നായത്‌ അത് തുള്ളിച്ചാടി കരിങ്കല്ലുകൂട്ടത്തിൽ പോയി കാല് കുടിങ്ങിയത്കൊണ്ടല്ലേ . എൻ്റെ കുറ്റംകൊണ്ടാണോ അതിനു പരുക്കുപറ്റിയത് അതിന്റെ  കാലൊന്നും ഒടിഞ്ഞിട്ടുണ്ടാവില്ല . ചെറിയൊരു ഉളുക്ക് പറ്റിയിട്ടേ ഉണ്ടാകു.അല്ലെങ്കിലും ആ ആട്ടിൻക്കുട്ടിക്ക് ഇത്തിരി കുറുമ്പ് കൂടുതലാ ഇനിമുതൽ അതിനെ കെട്ടിയിടണം  ,,

ആയിഷയുടെ  വേവലാതി  ആട്ടിൻകുട്ടിയുടെ  കാലൊടിഞ്ഞിട്ടുണ്ടാകുമോ എന്നതായിരുന്നു അതവൾ ഉമ്മയോട് പറഞ്ഞു.

,,അതിൻ്റെ കാലൊടിഞ്ഞിട്ടുണ്ടാകും. അതോണ്ടല്ലേ അതിനുശെരിക്കും നടക്കാൻ പറ്റാണ്ടായത് .ഞാൻ ഉമ്മാനോട് പറഞ്ഞതല്ലേ അതിനെ  ആശുപത്രീല് കൊണ്ടോകാന്ന് .മനുഷ്യന്മാർക്ക് എന്തെങ്കിലും പറ്റിയാല് ആശുപത്രീല് വേഗം  കൊണ്ടൊകൂല്ലേ......  അതുപോലെ നമ്മുടെ വീട്ടിലെ ആടിന് എന്തെകിലും പറ്റിയാല് അതിനേംആശുപത്രീല് കൊണ്ടോണം  അങ്ങനെയാണ് വേണ്ടത് ഞാൻ പറഞ്ഞിട്ട് ഉമ്മ കേൾക്കണ്ടല്ലേ ആ പാവത്തിന് ഇങ്ങനത്തെ ഗതിവന്നത്  ,,

,, അയിഷാ .....എൻ്റെ  പണി മെനെക്കെടുത്താണ്ട് പോണുണ്ടോ അടുക്കളെന്ന് ,,

ഉമ്മയുടെ വാക്കുകൾക്ക് ദേഷ്യത്തിന്റെ ചുവയുള്ളതുകൊണ്ടാവണം ആയിഷ തിരികെ  കിടപ്പുമുറിയിൽ തന്നെ  പോയികിടന്നു .കിടത്തത്തിൽ ആട്ടിൻകുട്ടിയെ കുറിച്ചുമാത്രമായിരുന്നു അവളുടെ ചിന്ത .പതിയെഅവൾ ഉറക്കത്തിലേക്കുവഴുതിവീണു . ആട്ടിൻകുട്ടിയെ അവൾക്കൊരുപാട് ഇഷ്ടമാണ് മസ്ജിദിലെ റാത്തീബിന് ആരോ നിയ്യത്ത് ചെയ്തുകൊടുത്ത പെണ്ണാടിനെ വാപ്പ ലേലം ചെയ്തു വാങ്ങിയതാണ്  . ആ ആടിന്റെ കടിഞ്ഞൂൽ പ്രസവത്തിൽ പിറന്ന മുട്ടനാടിൻ കുട്ടിക്കാണ്  ഇന്നലെ പരുക്ക്  പറ്റിയിരിക്കുന്നത് .ഒരു പഴയ ആട്ടിൻകൂട്  വീട്ടിൽ ഉള്ളതുകൊണ്ടാണ്  ബക്കർ  ആടിനെ വാങ്ങിയത്. അയാളുടെ ഉമ്മയുള്ളപ്പോൾ വീട്ടിൽ ധാരാളം ആടുകളെ വളർത്തിയിരുന്നു .ഉമ്മയുടെ മരണശേഷം അയാൾ ആടുകളെ വിറ്റു ഒഴിവാക്കിയതാണ് .മസ്ജിദിൽ ലേലം വിളി നടക്കുമ്പോൾ അയാളും ആ ലേലത്തിൽ പങ്കെടുത്തു. അയാൾ പറഞ്ഞ തുകയ്ക്ക് കൂട്ടിവിളിക്കാൻ ആളില്ലാത്തതിനാൽ അയാൾക്ക് ആ ആടിനെ വാങ്ങിക്കേണ്ടി വന്നു .

ആയിഷാക്ക് ആദ്യമൊക്കെ   ആടിനെ  പേടിയായിരുന്നു പക്ഷെ ആടിന് കുഞ്ഞു പിറന്നപ്പോൾ ആ കുഞ്ഞാട് ആയിഷയെ കണ്ടാൽ അവളുടെ അരികിലേക്ക് ഓടിവരികയും  .അവളുടെ കാലിൽ തൊട്ട് തുള്ളിച്ചാടുകയും പതിവായിരുന്നു. പതിയെപ്പതിയെ അയിഷയും കുഞ്ഞാടും ഏറെ അടുത്തു .അവരുടെ തൊടിയിൽ രണ്ട് വലിയ പ്ലാവുകളുണ്ട് അതിൽനിന്നും പൊഴിയുന്ന  പ്ലാവിലകൾ പെറുക്കി  അവൾ ആടുകൾക്ക് നൽകും .രാവിലെ ആറേമുക്കാലിനാണ് അവൾ മദ്രസ്സയിൽ പോകുന്നത്  വാപ്പ കടയിലേക്ക് പോകുമ്പോൾ ആയിഷയെ സൈക്കിളിൽ  മദ്രസ്സയിൽ ആക്കിയിട്ടാണ് പോകുന്നത് .രാവിലെ മദ്രസ്സയിൽ പോകുന്നതിനു മുന്നേതന്നെ അവൾ പ്ലാവിലകൾ പെറുക്കിക്കൂട്ടി ആടുകൾക്ക് നൽകിയിട്ടാണ് പോകുന്നത് .ഒമ്പതുമണിക്ക് മദ്രസ്സ വിട്ടുവന്നാലും വിദ്യാലയത്തിലേക്ക് പോകുന്നതിനു മുന്നേ അവൾ ആടുകളുടെ അരികിൽ പോയി തലോടിയാണ് പോകുന്നത്
   .വിദ്യാലയത്തിൽ നിന്നും വന്നാൽപ്പിന്നെ സന്ധ്യയാവുന്നതുവരെ  ആടുകളുടെ കൂടെത്തന്നെയാണ് അവളുടെ  സഹവാസം .ഉമ്മയുടെ വാക്കുകൾ ഉറക്കമുണർത്തി .

,, ആയിഷ നീ ഉറങ്ങുന്നില്ലാന്നു പറഞ്ഞിട്ട്  വീണ്ടും കിടന്ന് ഉറങ്ങിയോ,  ദേ എഴുന്നേറ്റ് കുളിച്ചിട്ട്  വേഗം മദ്രസ്സയിൽ പോയെ. നേരം വൈകിയാൽ വാപ്പാന്റന്നു  നല്ല തല്ല് കൊള്ളും ,,

ആയിഷ നേരെയോടിയത് ആട്ടിൻകൂടിന്റെ അരികിലേക്കാണ്.ഇന്നലെ പെയ്ത മഴയുടെ ഓർമ്മപ്പെടുത്തലായി മുറ്റത്ത്  വെള്ളം കെട്ടിക്കിടക്കുന്നുണ്ട് .അവൾ ആട്ടിന്കൂട് തുറന്ന് ആട്ടിൻകുട്ടിയെ എടുത്ത് അതിന്റെ പരുക്ക് പറ്റിയ  കാലിൽ തടവിനോക്കി .ആട്ടിൻകുട്ടി  വേദനകൊണ്ടു കരഞ്ഞു .അവൾ  വേഗം പ്ലാവിലകൾ  പെറുക്കിയെടുക്കാനായി ഓടി, അപ്പോഴേക്കും ഉമ്മ അടുക്കളയിൽ നിന്നും ആയിഷയെ മദ്രസ്സയിൽ പോകുവാൻ വിളിക്കുന്നുണ്ടായിരുന്നു.കുറച്ചു പ്ലാവിലകൾ പെറുക്കി ആട്ടിൻ കൂട്ടിലെ കുട്ടയിലേക്കിട്ട് അവൾ കുളിക്കുവാനായി  ഓടി.  കുളി കഴിഞ്ഞു പ്രാതൽ കഴിച്ചപ്പോഴേക്കും ഉപ്പയുടെ ശകാരം  കേട്ടു .

,, ബെല്ലടിക്കുന്നതിനു മുന്നെ മദ്രസ്സയിൽ പോകില്ലാന്ന്  നിയ്യത്ത് എടുത്ത് നടക്കുകയാ എൻ്റെ മോള് , എടി ആയിഷേ ......... നീ വരുന്നുണ്ടാ ഞാൻ കുറേനേരായി നിന്നേം കത്തോണ്ട്  നിക്കുന്നു ,,

മദ്രസ്സയിലെ പുസ്തകങ്ങളും ഹിജാബും  എടുത്തവൾ വാപ്പയുടെ അരികിലേക്കോടി  ,സൈക്കളിന്റെ  ടയറുകൾ കുണ്ടുകളിൽ  കയറിയിറങ്ങുമ്പോൾ അവൾ നേരെയിരിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. യാത്രക്കിടയിൽ ആയിഷ പറഞ്ഞു .

,,വാപ്പ നമ്മുടെ ആട്ടിൻകുട്ടിയുടെ  കാലൊടിഞ്ഞിട്ടുണ്ടെന്നാ  തോന്നുന്നത് .വാപ്പ ആട്ടിൻകുട്ടിയെ ആശുപത്രീല്  കൊണ്ടോകോ ?,,

വാപ്പ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത് .

,,ഹാ ഹാ...ഹാ .. ഇതിപ്പോ  നല്ല കഥയായി  മൃഗങ്ങളുടെ  കാലൊടിഞ്ഞാൽ ആരാ ആശുപത്രീല് കൊണ്ടോണത് .  അത്  രണ്ടോ ,മൂന്നോ, ദിവസം കഴിയുമ്പോ താനെയങ്ങു നേരെയാവും. എൻ്റെ  കുട്ടീടെ  ഓരോരോ ബേജാറുകളെയ് ,,

അയാൾ  ചിരിച്ചുകൊണ്ട് അവളെ തലോടി ഒരു കൈകൊണ്ടുള്ള  സൈക്കിൾ നിയന്ത്രണം മൂലം സൈക്കിൾ തെന്നിവീണു വാപ്പയും മകളും നിലംപതിച്ചു .അയാൾ ചാടിയെഴുന്നേറ്റ്  മകളെ എഴുന്നേൽക്കുവാൻ സഹായിച്ചുകൊണ്ടു പറഞ്ഞു .

,, ഹാവു ....പടച്ചോൻ കാത്തു , രണ്ടാൾക്കും ഒന്നുംപറ്റാണ്ട് തടി കൈച്ചിലായി . അതെങ്ങനെ മനുഷ്യന്റെ ശ്രദ്ധതെറ്റിക്കാനായിട്ട്  ഒന്നും  മിണ്ടാതെ   സൈക്കിളിനു പുറകിലിരിക്കൂലല്ലോ ...നൂറുകൂട്ടം സംശയങ്ങളാ എൻ്റെ കുട്ടിക്ക് ,,

വീണത് ആരും കണ്ടില്ല എന്ന് ഉറപ്പുവരുത്തി  വാപ്പയും മകളും യാത്ര തുടർന്നു .വാപ്പ പറഞ്ഞതുപോലെ  രണ്ടു ദിവസംകൊണ്ടു  ആട്ടിൻകുട്ടി  തുള്ളിച്ചാടി നടക്കുവാൻ തുടങ്ങി. ആട്ടിൻകുട്ടിയുടെ കുസൃതികൾ  ആയിഷയുടെ മനംകുളിർന്നു .ഏതാനും ദിവസങ്ങൾക്കകം  അയൽവാസികളുടെ പരാതി മൂലം ആട്ടിൻ കുട്ടിയെ കയറിൽ ബന്ധസ്ഥനാക്കി .അയൽവാസികളുടെ ചെടികൾ തിന്നാലാണ് അട്ടിൻകുട്ടിയുടെ പ്രധാന വിനോദം . രണ്ടുമൂന്നു ദിവസം അട്ടികുട്ടി തന്നെ ബന്ധസ്ഥനാക്കിയതിൽ  ഏതുനേരവും  കരഞ്ഞുകൊണ്ടാണ് പ്രതിഷേധമറിയിച്ചത് .  എന്നാലും ആയിഷയെ  കാണുമ്പോൾ അവളെ  തൊട്ടുരുമ്മി പ്രത്യകതരം ശബ്ദമുണ്ടാക്കി  തുള്ളിച്ചാടും .  കയറിന്റെ അറ്റംപിടിച്ചു ആയിഷ ആട്ടിൻകുട്ടിയെ പാടത്ത്   പുല്ലുതീറ്റിക്കാൻ  കൊണ്ടുപോകും.  നാൾക്കുനാൾ  ആയിഷയുടെയും  ആട്ടിൻകുട്ടിയുടെയും സൗഹൃദം അധികരിച്ചുകൊണ്ടേയിരുന്നു .കുറേനാളുകൾക്കു ശേഷം ആയിഷയുടെ താത്തയെ എട്ടാംമാസം   പ്രസവത്തിനായി വീട്ടിലേക്ക്   കൂട്ടിക്കൊണ്ടുവന്നു .വീട്ടിൽ എല്ലാവരും സന്തോഷത്തിലാണ്    പുതിയ അതിഥിയെ വരവേൽക്കുവാനുള്ള  ഒരുക്കങ്ങൾ  തകൃതിയായി നടക്കുന്നുണ്ട് .വാപ്പ  പേരകുട്ടിക്കായി  ആട്ടുതൊട്ടിൽ വരെ വാങ്ങിവെച്ചു .

ഒൻപതാംമാസം   താത്ത  ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു .എന്തിനും ഏതിനും ആയിഷയെ ശ്രദ്ധിച്ചിരുന്ന ഉമ്മയിപ്പോൾ ഏതുനേരവും താത്തയുടെ കുഞ്ഞിന്റെ കൂടെയാണ് .ആയിഷയെ ആരും കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അതവളുടെ കുഞ്ഞുമനസ്സിലിനെ വല്ലാതെ വേദനിപ്പിച്ചു  അതിനാൽ അവളിപ്പോൾ  ഏറെനേരവും  അട്ടിൻകുട്ടിയുടെ  പുറകെയാണ് .അവൾക്ക്‌ അവളുടെ പ്രിയങ്കരനായ ആട്  ആട്ടിൻകുട്ടിയാണെങ്കിലും ആ മുട്ടനാട്  വളർന്നു നല്ല തൂക്കംവെച്ചിരുന്നു .വിദ്യാലയത്തിന് അവധിയുള്ള ദിവസങ്ങളിൽ അവൾ  ഭക്ഷണം കഴിക്കുവാൻ മാത്രമാണ്  വീട്ടിലേക്ക് കയറുന്നത് . താത്തയുടെ മകനെ  അവൾക്ക് അത്രയങ്ങു പിടിച്ചിട്ടില്ല  അതിനുള്ള കാരണം വീട്ടിൽ അരുവന്നാലും അവളോട് കുശലം പറഞ്ഞിരുന്നവർക്കൊക്കെ ഇപ്പോൾ  താത്തയുടെ മകനെ കൊഞ്ചിക്കുവാനെ നേരമുള്ളൂ എന്നതാണ് .

  താത്തയുടെ പ്രസവം കഴിഞ്ഞു അഞ്ചാംനാൾ  മസ്ജിദിലെ മുസലിയാർ സന്ധ്യക്കുശേഷം  വീട്ടിൽ വന്നു .പഠിച്ചുകൊണ്ടിരുന്ന ആയിഷ  വാപ്പയും മുസലിയാരും സംസാരിക്കുന്നത്  കേട്ടിരുന്നു . മുസലിയാർ വാപ്പയുടെ ക്ഷണപ്രകാരം വന്നതാണ് .മുസലിയാർ വാപ്പയോടു പറഞ്ഞു .


,,കുട്ടി ആണാണെങ്കിലും അല്ലെങ്കിലും പ്രസവശേഷം കുട്ടിയുടെ തലമുടി വടിച്ചു കളയല്‍ സുന്നത്താണ്. പ്രസവത്തിന്റെ ഏഴാം ദിവസം ചെയ്യലാണ് സുന്നത്ത്.കുട്ടിയുടെ തലയില്‍ നിന്ന് വടിച്ചെടുത്ത മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യല്‍ സുന്നത്താണ്. സ്വര്‍ണ്ണം സ്വദഖ ചെയ്യലാണ് ഏറെ ഉത്തമം.കുട്ടിക്ക് വേണ്ടി അഖീഖ അറവ് പ്രധാന സുന്നത്താണ്. കുട്ടിയുടെ ജനനത്തിലുള്ള സന്തോഷ പ്രടകനവും പിതൃത്വവും കുടുംബവും വെളിപ്പെടുത്തലും അഖീഖയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കുട്ടി അഖീഖക്ക് പകരം പണയത്തിലാണെന്നും അതിനാല്‍ കുട്ടിക്ക് വേണ്ടി അഖിഖ അറവ് നടത്തണമെന്നും നബി (സ്വ) പറഞ്ഞിരിക്കുന്നു .ഏഴാം ദിവസം നടത്തിയില്ലെങ്കില്‍ പതിനാല്, ഇരുപത്തൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതതങ്ങളായ ദിവസങ്ങളില്‍ പ്രസ്തുത കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്.,,

മുസലിയാരുടെ  വാക്കുകൾ  ശ്രദ്ധാപൂർവ്വം കേട്ടതിനുശേഷം  ബക്കർ  ഒന്നുനിവർന്നിരുന്നു പറഞ്ഞു .

,,അഖീഖ അറക്കൽ ഏറ്റവും ഉത്തമം ഏഴാംനാൾ  അറക്കുന്നതല്ലേ ? ആ പോരിശ എന്തായാലും കളയണ്ട .ഇവിടെ ഒരു മുട്ടനാടുണ്ട്  അതിനെയാണ് അഖീഖയായി  അറക്കുവാൻ ഉദ്ദേശിക്കുന്നത് ,,

അയാളുടെ വാക്കുകൾ മുഴുവനാകുന്നതിനുമുന്നേതന്നെ  മുസലിയാർ പറഞ്ഞു .

,, കഴിവുപോലെ  ആടിനെയോ  മൂരിയെയോ അറക്കാം  ഇവിടെ  മുട്ടനാട്‌  ഉണ്ടെങ്കിൽ അതുമതി ,,

ചായകുടിയും പ്രാർത്ഥനയും  കഴിഞ്ഞാണ്  മുസലിയാർ  മടങ്ങിയത് .ആയിഷ  ഉമ്മയുടെ അരികിലേക്ക്  ഓടിച്ചെന്നു ചോദിച്ചു.

,, ഉമ്മാ ആ മുസലിയാർ  അറക്കുന്ന കാര്യം വാപ്പനോട് പറയുന്നുണ്ടായിരുന്നല്ലോ . എന്തിനെയാണ്  അറക്കാൻ പോകുന്നത് .അറക്കുന്നത്  പാപപമല്ലേ.....  എന്തിനാ നമ്മൾ ഒരു ജീവൻ കളയുന്നത് ,,

ഉമ്മ പറയുന്ന മറുപടി അയിഷാക്ക് സങ്കടം  ഉണ്ടാക്കുന്നതാണ്  എന്നതുകൊണ്ട് ഉമ്മയുടെ  മുഖത്ത് സങ്കടം  നിഴലിച്ചിരുന്നു.

,, അതുപിന്നെ  നമ്മുടെ ഇസ്ലാമിൽ  കുഞ്ഞുങ്ങൾ ഉണ്ടായാൽ   ബലികൊടുക്കേണ്ടത് നിർബന്ധമാണ്  ബലി കൊടുക്കുക എന്നാൽ  ഭക്ഷ്യയോഗ്യമായ മൃഗത്തെ അറുത്ത്‌  ബന്ധുക്കൾക്കും, പാവപ്പെട്ടവർക്കും, കൊടുക്കണം .ആയിഷ കുഞ്ഞായിരിക്കുമ്പോൾ   അയിഷാക്കും അറത്തുകൊടുത്തുട്ടുണ്ടല്ലോ ,,

ആയിഷയുടെ  മുഖം സങ്കട മൂകമായിരുന്നു..

,, അപ്പോൾ  എന്തിനെയാണ് അറക്കുവാൻ പോകുന്നത് ,,

ഉമ്മ അവളുടെ മുഖത്ത് നുള്ളിക്കൊണ്ടുപറഞ്ഞു .

,, അതുപിന്നെ നമ്മുടെ  മുട്ടനാടിനെത്തന്നെ  തള്ളയാടിനെ അറക്കുവാനാവില്ലല്ലോ  അത് ഇനിയും പ്രസവിക്കും അപ്പോൾ  ആയിഷക്ക്   കളിക്കാൻ കൂട്ടാവും ,,

ആയിഷയുടെ  മറുപടി അൽപം ദേഷ്യത്തിലായിരുന്നു .

,, തള്ളയാട്  പ്രസവിച്ചിട്ട്  എന്തിനാ അതിനേം എല്ലാവരുംകൂടി  ബലികൊടുക്കും ,,

ആയിഷ  കരഞ്ഞുകൊണ്ടോടി  അവളുടെ പുറകെ ഉമ്മയും. ആയിഷ  ആട്ടിൻകൂടിന്റെ അരികിൽ എത്തിയാണ് നിന്നത് നിലാവെളിച്ചത്തിൽ അവൾ മുട്ടനാടിനെ     തലോടി നിന്നു .ഉമ്മ അവളുടെ കൈപിടിച്ചുവലിച്ചുകൊണ്ടുപറഞ്ഞു .

,,ഈ  ഇരുട്ടത്ത് വല്ല വള്ളിജാതിയും  കടിക്കാനാണോ ? നടക്ക്  അകത്തേക്ക്.പഠിക്കേണ്ടസമയത്ത് ഓരോന്നും പറഞ്ഞുകൊണ്ടിരിക്കും .ഇരുട്ടത്ത് അവളുടെയൊരു ഓട്ടം .നല്ല അടികിട്ടാത്തതിന്റെ കുറവാ ഈകാട്ടികൂട്ടുന്നതൊക്കെ ,,

 ഉമ്മ അവളുടെ കൈ പിടിച്ചുവലിച്ചുകൊണ്ടു നടന്നു.ഇളം കൈകൾ വേദനിച്ചു ആയിഷ കരയുകയാണ് അവൾക്ക്   കരച്ചിൽ നിയന്ത്രിക്കുവാനാകുന്നില്ല .തൻ്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയെ കൊല്ലുവാൻ പോകുകയാണ് .തന്നെകാണുമ്പോൾ തൻ്റെ കാലിൽ തട്ടി കുസൃതി കാട്ടുവാൻ  ഇനിയവൻ ഉണ്ടാവുകകയില്ല.നാളെ എന്ന ദിവസംകഴിഞ്ഞാൽ കശാപ്പുകാരൻ  അവൻ്റെ കഴുത്ത്  കത്തിക്കൊണ്ടു മുറിക്കും ,അപ്പോൾ രക്തം ചീറ്റും ,അവൻ പിടഞ്ഞുപിടഞ്ഞു മരിക്കും . അവൻ പലരുടേയും ഭക്ഷണമായിമാറും .അവൻ ഈ ഭൂലോകത്തുനിന്നും ഇല്ലാതെയാകും  . ഓർക്കുംതോറും അവളുടെ സങ്കടം കൂടിക്കൂടിവന്നു .നിയന്ത്രണം വിട്ടവൾ കരഞ്ഞു  പക്ഷെ  അവളുടെ കരച്ചിൽ    ആരുംതന്നെ ചെവികൊണ്ടതില്ല.അപ്പോഴും ഉമ്മ അവളുടെ കൈപിടിച്ചുവലിച്ചു വീടിന് അകത്തേക്ക് കയറ്റുവാൻ ശ്രമിക്കുകയാണ്   .തൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിനാലാവണം   നിസ്സഹായതയുടെ നിലവിളി   ആട്ടിൻകൂട്ടിൽ നിന്നും അലയടിച്ചുയർന്നു .

                                                   ശുഭം