ചിന്താക്രാന്തൻ

29 August 2015

ചെറുകഥ.പുകയില്ലാത്ത തീനാളങ്ങള്‍

ചിത്രം കടപ്പാട് .Zain Thozhiyoor

നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു .വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ് . രാവിലെ മുതല്‍ ശമനമില്ലാതെ   തിമര്‍ത്തു പെയ്തിരുന്നു   ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അല്‍പം ശമനമുണ്ട് .വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന്  പെരുംതോടിനു  കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ  ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്നാല്‍  പ്രധാന പാതയില്‍ എത്താം.പള്ളികാടിന്‍റെ അങ്ങേയറ്റത്താണ് ജുമാമസ്ജിദ്‌ സ്ഥിതിചെയ്യുന്നത്. മസ്ജിദിനോട് ചേര്‍ന്ന് കണ്ണെത്താ ദൂരത്തോളമുണ്ട് പള്ളിക്കാട് .മയ്യത്തുകള്‍ ഖബറടക്കുമ്പോള്‍  മീസാന്‍ കല്ലുകളുടെ അരികിലായി കുഴിച്ചിടുന്ന മൈലാഞ്ചി ചെടികളും മറ്റുള്ള ചെടികളും പടര്‍ന്നു പന്തലിച്ചതിനാല്‍ ഖബര്‍സ്ഥാന്‍ കാടായി പരിണമിക്കുകയായിരുന്നു .അനേകായിരങ്ങള്‍ അന്ത്യനിദ്രയിലുള്ള  ഈ  പള്ളിക്കാട്ടിലെലെ ചെടികളും മരങ്ങളും വെട്ടിതെളിക്കുന്ന പതിവില്ല.പള്ളിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ ആത്മധൈര്യമുള്ളവര്‍   മാത്രമേ രാത്രികാലങ്ങളില്‍  സഞ്ചരിക്കുകയുള്ളൂ.

ഫര്‍ഹാനയുടെ വാപ്പ മത്സ്യ വില്പനക്കാരനായ ബീരാന്‍കുട്ടി അഞ്ചു വകത്ത് നമസ്കാരത്തിനും മസ്ജിദില്‍ പോകും.സുബഹി നമസ്കാരം കഴിഞ്ഞാണ് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള   മത്സ്യ ച്ചന്തയിലേക്ക് പോകുന്നത് .എന്തിനും ഏതിനും യന്ത്ര  വല്‍ക്കരിക്കപ്പെട്ട ഈ കാലത്തും ബീരാന്‍കുട്ടി കാവിന്‍ കുട്ടകളില്‍ വീടുവീടാന്തരം  കയറിയിറങ്ങിയാണ് മത്സ്യം വില്പനചെയ്യുന്നത്.

ബീരാന്‍കുട്ടിയും,മാതാവും,ഭാര്യയും,ഫര്‍ഹാനയും അടങ്ങുന്ന കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചു പോരുന്നത്.തന്‍റെ പന്ത്രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടമായതോടെ ഏഴാം തരത്തിലെ പഠിപ്പ് അവസാനിപ്പിച്ച് കുടുംബം പോറ്റുവാനായി തൊഴിലാളിയാവുകയായിരുന്നു ബീരാന്‍കുട്ടി .പല തൊഴിലുകളും ചെയ്തുവെങ്കിലും മത്സ്യ വില്പനയാണ് ശാശ്വതമായ തൊഴിലായി സ്വീകരിച്ചത് .തന്‍റെ  മൂന്ന് സഹോദരികളുടെ  വിവാഹം കഴിഞ്ഞതിനു ശേഷമേ താന്‍ വിവാഹിതനാവുകയുള്ളൂ എന്ന അയാളുടെ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് മൂലം നാല്പതു വയസ്സ് കഴിഞ്ഞതിനു ശേഷമാണ് ബീരാന്‍കുട്ടി വിവാഹിതനായത്.

വിവാഹിതനായതിനു ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാവതെയിരുന്നതിനാല്‍ ഒരു ഉസ്താദിന്‍റെ നീണ്ട കാലത്തെ  ചികത്സയുടെ ഫലമായി അവര്‍ക്കൊരു പെണ്‍കുട്ടി  പിറന്നു. ഫര്‍ഹാനയുടെ ജനനത്തോടെ ജീവിതം അര്‍ത്ഥവത്തായത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ഏതൊരു പിതാവും ആഗ്രഹിക്കുന്നത് പോലെ ബീരാന്‍കുട്ടിയും ആഗ്രഹിച്ചു തന്‍റെ മകളെ പഠിപ്പിച്ചു വലിയ നിലയിലാക്കണമെന്ന് .ഫര്‍ഹാന എന്ത് ആഗ്രഹം പറഞ്ഞാലും ബീരാന്‍കുട്ടി അത് നിറവേറ്റികൊടുക്കും.ഫര്‍ഹാനയുടെ ഏറ്റവുംവലിയ ഇഷ്ടങ്ങളില്‍ ഒന്ന് യാത്രകളായിരുന്നു.യാത്രകളില്‍ ഇതുവരെ കാണാത്ത ഗ്രാമങ്ങളും, നഗരങ്ങളും,മനുഷ്യ മുഖങ്ങളും കൌതുകത്തോടെ  കണ്ടാസ്വദിക്കും  .വിദ്യാലയത്തിന് നീണ്ട അവധി ലഭിക്കുമ്പോള്‍ നാലംഗസംഘം യാത്ര പോകും. പുതിയ ദേശങ്ങള്‍ താണ്ടിയുള്ള യാത്ര പിന്നെപ്പിന്നെ ബീരാന്‍കുട്ടിയും ആസ്വദിച്ചു .യാത്രകളില്‍ ദര്‍ഗകള്‍ സന്ദര്‍ശിക്കുക എന്നത് ആ കുടുംബത്തിന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണ് .എത്രയോ തവണ അജിമീര്‍ ദര്‍ഗ  സന്ദര്‍ശിച്ചിരിക്കുന്നു.


ഫര്‍ഹാന പുസ്തകങ്ങള്‍ എടുത്തുവെച്ചു തിണ്ണയില്‍ വന്നിരുന്നു. അവിടെയിരുന്ന് നോക്കിയാല്‍ പെരും തോട് വരെയുള്ള കാഴ്ചകള്‍ കാണാം .ആകാശത്ത്   കാര്‍മേഘങ്ങള്‍  പെയ്തൊഴിയുവാന്‍ തിരക്ക് കൂട്ടുന്നതുപോലെ അവള്‍ക്കു തോന്നി. നാളെ കലാലയത്തിലേക്ക്‌ കൊണ്ടുപോകേണ്ടുന്ന നോട്ടുപുസ്തകം വാപ്പ വാങ്ങുവാന്‍ മറക്കാതെയിരുന്നാല്‍ മതിയായിരുന്നു.കാത്തിരിപ്പിന് വിരാമമിട്ട് അങ്ങ് ദൂരെനിന്ന് വാപ്പ നടന്നു വരുന്നത് അവള്‍   കണ്ടു . ഉമ്മറത്ത് നിന്നും ഇറങ്ങി നടവരമ്പിലൂടെ വാപ്പയുടെ അരികിലേക്ക് അവളോടി . അയാളുടെ അരികില്‍ എത്തിയപ്പോള്‍ ബീരാന്‍കുട്ടി  പറഞ്ഞു .


,, എന്ത് പായലാണ്  ന്‍റെ മോള് ഈ പായണത്  ചെറിയ കുട്ടിയാണ് എന്നാ ബിചാരം.ഇമ്മിണി പോന്ന പെണ്‍കുട്ട്യോള് ഇങ്ങനെ പായാന്‍  പാടില്ലാട്ടോ ,,

ഫര്‍ഹാന കിതപ്പോടെ പറഞ്ഞു.

,,ഞാന്‍ വാപ്പാന്‍റെ ചെറിയ കുട്ടിന്ന്യാ ... വാപ്പ ഞാന്‍ പറഞ്ഞ പുസ്തകം വാങ്ങിയോ ,,


ബീരാന്‍കുട്ടി മുറുക്കാന്‍ തുപ്പിക്കൊണ്ട് തൊപ്പി ക്കുട  തലയില്‍ നിന്നും എടുത്ത്  മകളുടെ കൈയില്‍ കൊടുത്ത്   പറഞ്ഞു.


,,വാപ്പാക്ക് ന്‍റെ മോള് ചെറിയ കുട്ടിന്ന്യാ ..പക്ഷേങ്കില് നാട്ടുകാരുടെ മുമ്പില് ന്‍റെ കുട്ടി വലിയ കുട്ട്യല്ലേ ....പുസ്തകം  വാങ്ങിയോ എന്നോ ....  നല്ല കാര്യായി.... ന്‍റെ മോള് പറഞ്ഞ സാധനം  വാങ്ങാതെ വന്നാല്‍ എനിക്ക് വീട്ടിലിരിക്കാന്‍ ന്‍റെ മോള് പൊറുതി തരുമോ ?..,,


അവശ്യസാധനങ്ങള്‍ വാങ്ങിയ സഞ്ചിയില്‍ നിന്നും പുസ്തകവും പരിപ്പുവടയുടെ പൊതിയും  മകളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്  ബീരാന്‍കുട്ടി പറഞ്ഞു .


,, ന്നാ ന്‍റെ മോള് പറഞ്ഞ പുസ്തകോം ന്‍റെ മോള്‍ക്ക്‌ ഇഷ്ടമുള്ള പലഹാരവും ,,


ഫര്‍ഹാനയുടെ പുറകിലായി ബീരാന്‍കുട്ടി വീട് ലക്ഷ്യമാക്കി നടന്നു .ഒതുക്കുകല്ല് ചവിട്ടിക്കയറിയപ്പോള്‍ ഫര്‍ഹാനയുടെ ഉമ്മ ചോദിച്ചു ?


,, ഇയ്യ് എന്ത് പായലാണ് ന്‍റെ മോളെ  ഈ പായണത്  .അന്‍റെ വാപ്പ ഇങ്ങാട്ടേക്ക്    തന്നെയല്ലേ വരണത്. പിന്നെ എന്തിനാണ് ഇങ്ങനെ പായണത് .മോന്തേം കുത്തി വീണാല് പിന്നെ എന്താ ഇണ്ടാവാന്ന് ആലോയിച്ചിട്ടുണ്ടാ  നിയ്യ്‌ .ഇനി മേലാക്കം ഇയ്യ്‌ പായണത്  ഞമ്മള് കാണട്ടെ .ഇറയത്തിരിക്കുന്ന ചൂലും കെട്ട് എടുത്ത് നല്ല അടി വെച്ചുതരും ഞാന്‍ ,,


ഫര്‍ഹാനയെ ശകാരിക്കുന്നത് കേട്ടപ്പോള്‍ ബീരാന്‍കുട്ടിക്ക് അത് ഇഷ്ടമായില്ല


,, ഇയ്യെന്തിനാ ന്‍റെ മോളെ മെക്കട്ട് കേറാന്‍ വരണത് .ന്‍റെ മോള്‍ക്ക്‌ എന്നോട് അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് തന്ന്യാ എന്നെ ദൂരത്തു നിന്നും കാണുമ്പോളെ ന്‍റെ അടുത്തേക്ക്‌ പാഞ്ഞു വരണത്  ,,


,, ഒരു വാപ്പേം മോളും, ഇങ്ങള്  കൊഞ്ചിച്ച് കൊഞ്ചിച്ച്  ഓളെ വഷളാക്കിയെക്ക്ണ്.ഞമ്മള് ഓളെ കുറിച്ച്  എന്തെങ്കിലും പറഞ്ഞാ   എന്നും ഞമ്മള് കുറ്റക്കാരിയാണല്ലോ  ഇങ്ങള് വാപ്പേം മോളും എന്താച്ചാ ആയിക്കോ ,,


 കലഹം കേട്ടുകൊണ്ട് ഉമ്മറത്തിണ്ണയില്‍  ബീരാന്‍കുട്ടിയുടെ മാതാവ് ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു .ഫര്‍ഹാന നോട്ടുപുസ്തകം മേശയില്‍ വെച്ച് പരിപ്പുവടയുടെ പൊതിയുമായി വല്ലിമ്മയുടെ  അരികിലേക്ക് ചെന്ന് ഒരു പരിപ്പുവട അവരുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്  പറഞ്ഞു .

,, ന്നാ ഇത് വെല്ലിമ്മാക്കുള്ളതാ...... നല്ല ചൂടുള്ള പരിപ്പുവടയാ, വാപ്പ ഇപ്പൊ വരുമ്പോള്‍ വാങ്ങിക്കൊണ്ടുവന്നതാ ...,,


വല്ലിമ്മ പരിപ്പുവട  വാങ്ങിക്കൊണ്ട്  പറഞ്ഞു


,, ഇത് മോള് തന്നെ കഴിച്ചോ... വല്ലിമ്മാക്ക് പല്ലില്ലാത്തത് കൊണ്ട് ചവയ്ക്കുവാന്‍ ആവില്ല .ന്‍റെ കുട്ടി കഴിച്ചാല്‍ വല്ലിമ്മയുടെ വയറ് നിറയും ,,


ഫര്‍ഹാന വല്ലിമ്മയുടെ മുഖത്തെ അരിമ്പാറയില്‍ നുള്ളിക്കൊണ്ട്  പറഞ്ഞു


,, അതെങ്ങിനെയാ ഞാന്‍ കഴിച്ചാല്‍ വല്ലിമ്മാടെ  വയറ് നിറയണത്  .വെല്ലിമ്മയുടെ വയറ് നിറയണമെങ്കില്‍ വല്ലിമ്മ തന്നെ കഴിക്കണം .ഞാനൊരു സൂത്രം ഒപ്പിക്കട്ടെ .ഈ പരിപ്പുവട അമ്മിയില്‍ വെച്ച് പൊടിച്ചു കൊണ്ടന്നു തരാം അപ്പൊ വല്ലിമ്മാക്ക് കഴിക്കാലോ ..,,,


വല്ലിമ്മ  ഫര്‍ഹാനയുടെ മുഖത്ത് നോക്കി ചിരിച്ചു .അല്‍പം കഴിഞ്ഞപ്പോള്‍ പൊടിച്ച പരിപ്പുവടയുമായി ഫര്‍ഹാന വന്ന് അല്പാല്പമായി വല്ലിമ്മയുടെ വായില്‍ വെച്ചുകൊടുത്തുകൊണ്ട് ചോദിച്ചു?


,, ഇന്ന് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍  വല്ലിമ്മ  എനിക്ക് ഏതു കഥയാ പറഞ്ഞു തരിക. ഈയിടെയായി 
മുമ്പ് പറഞ്ഞു തന്ന കഥകള്‍ തന്നെയാ പറഞ്ഞു തരുന്നത് .ഇന്ന് എനിക്ക് ഇതുവരെ പറഞ്ഞു തരാത്ത  കഥ പറഞ്ഞു തരണം ,,

വല്ലിമ്മ  അവളെ തലോടിക്കൊണ്ട് പറഞ്ഞു


,,വല്ലിമ്മാക്ക് അറിയാവുന്ന കഥകളൊക്കെ മോള്‍ക്ക്‌ വല്ലിമ്മ പറഞ്ഞു തന്നില്ലേ ? .ഇത്രേം വലിയകുട്ടി ആയിട്ടും ന്‍റെ മോള്‍ക്ക്‌ ഇപ്പോഴും കഥകള്‍ കേള്‍ക്കണം എന്നാണ് പൂതി  ,,


വല്ലിമ്മ   അല്‍പം ആലോചിച്ചുക്കൊണ്ട് പറഞ്ഞു


,, ഒരു കഥയുണ്ട് ഒരു ജിന്നിന്‍റെ കഥ. കഥ കേട്ട് ന്‍റെ മോള് പേടിക്കില്ലാച്ചാ വല്ലിമ്മ പറഞ്ഞു തരാം ,,

             
ഫര്‍ഹാനയ്ക്ക് വല്ലിമ്മയെ ഒരുപാട് ഇഷ്ടമാണ്. സ്വന്തം ഉമ്മയെക്കാളും കൂടുതല്‍ അവള്‍ വല്ലിമ്മയെ സ്നേഹിക്കുന്നുണ്ട് .കുഞ്ഞായിരിക്കുമ്പോള്‍ ത്തന്നെ  വല്ലിമ്മ ഭക്ഷണം വാരി  നല്‍കിയാലേ അവള്‍ കഴിക്കുമായിരുന്നുള്ളൂ .ഇപ്പോഴും വല്ലിമ്മ ഭക്ഷണം വാരിയാണ് അവള്‍ക്കു നല്‍കുന്നത് .ഒരിക്കല്‍ ഒരു മുല നീണ്ടുവരുന്ന  കുറുമത്തികാളിയുടെ കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഫര്‍ഹാന രണ്ടു ദിവസ്സം പേടിച്ചു പനി പിടിച്ചു കിടന്നു. അതില്‍ പിന്നെ വല്ലിമ്മ  അത്തരം കഥകള്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുമായിരുന്നില്ല  .അത്താഴം കഴിഞ്ഞ് വാപ്പയും ഉമ്മയും അവരുടെ കിടപ്പ് മുറിയിലേക്കു ഉറങ്ങുവാനായി  പോയപ്പോള്‍ ഫര്‍ഹാനയും വല്ലിമ്മയും അവരുടെ കിടപ്പുമുറിയിലെക്കും പോന്നു .വല്ലിമ്മ ഫര്‍ഹാനയുടെ തലയില്‍ തടവിക്കൊണ്ട് കഥ പറഞ്ഞു തുടങ്ങി .തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന  മൂന്നാള്‍ പൊക്കമുള്ള ജിന്നിന്‍റെ കഥ..തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് പ്രത്യക്ഷമാകുന്ന ജിന്നിന്‍റെ ചുറ്റിലും ഒരു പ്രത്യേക വെളിച്ചം  പ്രത്യക്ഷമാകും .അപ്പോള്‍ അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കും. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെപ്പോലെതന്നെ ചിന്തിക്കാനും അതനുസരിച്ച് തൻറെ ജീവിതം മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ട ജിന്നുകള്‍ക്ക് ജീവികളുടെ രൂപം പ്രാപിക്കാനുള്ള കഴിവുമുണ്ട്.

ഭയാനകമായ  ജിന്നിന്‍റെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍  ഫര്‍ഹാന വല്ലിമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.വല്ലാത്തൊരു   ഭയം അവളില്‍ നിറഞ്ഞുനിന്നു.ഉറങ്ങുവാനായി ഇമകള്‍ ഇറുക്കിയടച്ചു പക്ഷേ ഉറങ്ങുവാനവള്‍ക്കായില്ല .തുറന്നിട്ട ജാലകവാതിലിനപ്പുറം  മൂന്നാള്‍ പൊക്കമുള്ള ജിന്ന് നില്ക്കുന്നത്  പോലെ അവള്‍ക്ക് തോന്നി.വല്ലിമ്മയെ പതുക്കെ വിളിച്ചുനോക്കിയപ്പോള്‍ വല്ലിമ്മ നിദ്ര പൂണ്ടിരുന്നു.ഹൃദയമിടിപ്പിന്‍റെ വേഗം പെരുമ്പറ കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു. അവള്‍ ധൈര്യം സംഭരിച്ച് പതുക്കെ എഴുന്നേറ്റ് ജാലകവാതില്‍ കൊട്ടിയടച്ചു.രാത്രിയുടെ എതോയാമത്തില്‍ നിദ്രയിലേക്കവള്‍  വഴുതി വീണൂ.നേരം പുലര്‍ന്നപ്പോള്‍ ഉമ്മയുടെ വിളികേട്ട്  പതിവിലും വൈകിയാണ് ഉണര്‍ന്നത്.തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് പ്രഭാതഭക്ഷണം കഴിച്ചു എന്ന് വരുത്തി  കലാലയത്തിലേക്ക്‌ യാത്രയായി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലെക്കെത്തിയപ്പോള്‍ അവളറിയാതെ ഇമകള്‍ പള്ളികാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.ഖബറുകളിലെ മീസാന്‍ കല്ലുകള്‍ പ്രതാപികളുടെയും ദരിദ്രരുടെയും വേര്‍ത്തിരിച്ചറിയുവാന്‍ കഴിയും.വലുതും ചെറുതുമായ അനേകായിരം മീസാന്‍ കല്ലുകള്‍ .വല്ലിമ്മ പറഞ്ഞു തന്ന കഥയിലെ ജിന്ന് പള്ളികാട്ടില്‍ നില്‍ക്കുന്നുണ്ടോ എന്നവള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.


ഒരു ദിവസം  കലാലയത്തിലേക്ക്‌ പോകുമ്പോള്‍ ഗോതമ്പ് കഴുകി ഉണക്കുവാനിടുന്ന ഉമ്മയോട് ഫര്‍ഹാന  പറഞ്ഞു.


,, ഉമ്മ ഞാനിന്ന് അല്‍പം വൈകിയേ വരൂ...... സാബിറയുടെ താത്താടെ കല്യാണ ആല്‍ബം കിട്ടിയിട്ടുണ്ടത്രേ. അത് കാണാന്‍ ഇന്നവള്‍ അവളുടെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് ,,

   
കുനിഞ്ഞുനിന്ന്‌  പരമ്പില്‍ ഗോതമ്പിടുന്ന ഉമ്മ നിവര്‍ന്നുനിന്നു പറഞ്ഞു .

,, ഊര് തെണ്ടാന്‍ നടക്കാതെ മോന്തിയാവുന്നതിനു മുന്നെ മനുഷ്യനെ തീ തീറ്റിക്കാണ്ട്‌ ബെക്കം   ഇങ്ങോട്ട് വന്നേക്കണം. ഒന്നിനു മാത്രം പോന്ന പെണ്ണാണ് ഇജ്ജ് എന്ന ബോധം  ഉണ്ടാവണം ,,


ഉമ്മ ഇങ്ങിനെയാണ്‌ എപ്പോഴും ദേഷ്യത്തിലേ സംസാരിക്കുകയുള്ളൂ.കലാലയത്തില്‍ നിന്നും തിരികെ പോരുമ്പോള്‍ മുന്‍പ് തീരുമാനിച്ച പ്രകാരം   സാബിറയുടെ വീട്ടില്‍ പോയി നിശ്ചലചിത്രങ്ങളുടെ ആല്‍ബം കണ്ടുകഴിഞ്ഞപ്പോള്‍ വീഡിയോ ആല്‍ബം കൂടി കണ്ടിട്ടു പോകാം എന്ന്  സാബിറ നിര്‍ബന്ധിച്ചു .സാബിറയുടെ  നിര്‍ബന്ധത്തിനവള്‍ക്ക് വഴങ്ങേണ്ടി വന്നു.മനോഹരമായ ചിത്രീകരണം കണ്ട് നേരം പോയതവളറിഞ്ഞില്ല.സാബിറയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.സൂര്യന്‍ അസ്തമിച്ചുവെങ്കിലും  ചന്ദ്രാദയമുള്ളതിനാല്‍ നടവഴി തിരിച്ചറിയുവാന്‍ കഴിയും.അവള്‍ വീട് ലക്ഷ്യമാക്കി തിടുക്കത്തില്‍ നടന്നു .പള്ളിക്കാടിന്‍റെ  ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ വല്ലാത്ത ഭയം അവളില്‍ കടന്നുകൂടി.വല്ലിമ്മ പറഞ്ഞ കഥയിലെ ജിന്ന് നടവഴിയില്‍ നില്‍ക്കുന്നുണ്ടാവുമോ എന്നതായിരുന്നു അവളുടെ ഭയം.സര്‍വ ധൈര്യവും സംഭരിച്ച് നടത്തത്തിനവള്‍ വേഗത കൂട്ടി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള പാത അവസാനിച്ച് പാടശേഖരങ്ങളിലെ നടവരമ്പില്‍ എത്തുന്ന സ്ഥലത്തെത്തിയപ്പോള്‍, ദൂരെ  പള്ളിക്കാട്ടില്‍   നില്‍ക്കുന്ന രൂപത്തെ കണ്ടവള്‍  സ്തംഭിച്ചു നിന്നുപോയി.


അരണ്ടവെളിച്ചത്തില്‍ അവള്‍ കണ്ട രൂപത്തിന് വല്ലിമ്മ പറഞ്ഞുതന്ന  കഥയിലെ ജിന്നിന്‍റെ രൂപമായിരുന്നു.പക്ഷെ  തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് നില്‍ക്കുന്ന രൂപത്തിന് മൂന്നാള്‍ പൊക്കമില്ലായിരുന്നു. രൂപത്തിന്  ചുറ്റിലും ഒരു പ്രത്യേക വെളിച്ചവും ഇല്ലായിരുന്നു. പക്ഷെ   അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കുന്നുണ്ട്.ജിന്ന് നടന്നടുക്കുന്നത് തന്‍റെ അരികിലേക്കാണ് എന്ന തിരിച്ചറിവ് അവളെ കൂടുതല്‍ ഭയപ്പെടുത്തി.സര്‍വ ശക്തിയും സംഭരിച്ച് ഫര്‍ഹാന നടവരമ്പിലൂടെ ഓടി .അവളുടെ ഓട്ടത്തിന് വേഗം  കുറയുന്നതുപോലെ തോന്നിയപ്പോള്‍ അവള്‍  നടവരമ്പില്‍ നിന്ന്  തിരിഞ്ഞു നോക്കി. ജിന്ന് തന്‍റെ പുറകെ ഓടിവരുന്നു .അവള്‍ പെരും തോട്ടിലെ കുറുകനെയുള്ള പാലം കടന്നപ്പോള്‍ വാപ്പ നടവരമ്പിലൂടെ നടന്നു വരുന്നത് കണ്ടു. അപ്പോള്‍  അവള്‍ക്കാശ്വാസമായി .ഫര്‍ഹാന  ഓടി വാപ്പയുടെ മാറിലേക്ക്‌ ചാഞ്ഞു കൊണ്ട് പറഞ്ഞു .


,, വാപ്പ.... ജിന്ന് എന്നെ പിടിക്കുവാന്‍ വരുന്നു എന്‍റെ പുറകെ ജിന്നുണ്ട് ,,


മകളെ കാണാതെ തിരക്കിയിറങ്ങിയ  ബീരാന്‍കുട്ടി മകളുടെ വാക്കുകള്‍ കേട്ട് അന്ധാളിച്ചു നിന്നു .


,, എന്താ !..... എന്താ ഉണ്ടായേ   ന്‍റെ മോള് എന്താ ഈ പറയുന്നേ ....,,


 കിതപ്പോടെ ഫര്‍ഹാന വീണ്ടും പറഞ്ഞു .


,, ജിന്ന് ....ഞാന്‍ കണ്ടൂ ജിന്നിനെ..... ഞാന്‍ നേരില്‍ കണ്ടു .....ഞാന്‍ ഓടിയപ്പോള്‍ എന്‍റെ പുറകെ ജിന്നും ഓടി വന്നു ,,


ബീരാന്‍കുട്ടി പാലത്തിന് മുകളില്‍ കയറിനിന്ന് വിദൂരതയിലേക്ക്     ഞെക്കുവിളക്ക് തെളിയിച്ചു നോക്കി പറഞ്ഞു


,, എവിടെ ജിന്ന്? അവിടെ ആരെയും കാണുന്നില്ലല്ലോ....... ന്‍റെ മോള്‍ക്ക്‌ തോന്നിയതാവും.ന്‍റെ മോള് എവിടെയായിരുന്നു ഇത്രേം നേരം? നേരം ഇരുട്ടുന്നതിനു മുന്നെ വീട്ടില്‍ എത്താം എന്ന് ഉമ്മാനോട്  പറഞ്ഞല്ലേ ന്‍റെ മോള് പോയത്. പിന്നെ എന്തേ ഇത്രേം വൈകിയേ? .ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞുവല്ലോ ന്‍റെ കുട്ട്യേ ....  ,,


ഫര്‍ഹാനയുടെ ഭയവും സങ്കടവും അസഹിനീയമായപ്പോള്‍ അവളുടെ എല്ലാ നിയന്ത്രണവും വെടിഞ്ഞ്  പൊട്ടിക്കരഞ്ഞു  .മകളുടെ അവസ്ഥകണ്ട് ബീരാന്‍കുട്ടി ധര്‍മസങ്കടത്തിലായി .അയാള്‍ അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു.


,, ന്‍റെ മോള്‍ക്ക്‌ തോന്നിയതാവും .ജിന്ന് എന്തിനാ എന്‍റെ മോളുടെ അരികിലേക്ക് വരുന്നത്..... പേടിക്കേണ്ടാട്ടോ ..വാപ്പയില്ലേ കൂടെ.വാപ്പാന്‍റെ മോളെ ആരും ഒന്നും ചെയ്യില്ലാട്ടോ   ,,


ഒതുക്കുകല്‍  കയറുമ്പോള്‍ നേരം വൈകിയതിനു വഴക്ക് പറയുവാനായി മകളുടെ നേരെ വരുന്ന ഭാര്യയോട് ബീരാന്‍കുട്ടി പറഞ്ഞു .


,,ഇയ്യിനി ഒന്നുംരണ്ടും പറഞ്ഞ് ന്‍റെ മോളെ വിഷമിപ്പിക്കല്ലേ .എന്തോ കണ്ട് പേടിച്ചിട്ടാണ് മോളുടെ വരവ്. ജിന്നിനെ കണ്ടൂന്നും പറഞ്ഞ് വേണ്ട പുകിലായിരുന്നു വഴീല്.ആ സമയത്ത് ഞമ്മള് അവിടെ എത്തിപ്പെട്ടില്ലായിരുന്നെകില്‍ ന്‍റെ മോള് പേടിച്ച് മയ്യത്തായേനേ.... ,,


ബീരാന്‍കുട്ടി മകളെ തലോടിക്കൊണ്ട് പറഞ്ഞു


,,ന്‍റെ മോള് ചെന്ന് കുളിച്ച് വസ്ത്രം മാറി നിസ്കരിക്കാന്‍ നോക്ക്. എന്നിട്ട് ഒരു ആപത്തും വരുത്തല്ലെ എന്ന്  പടച്ച റബ്ബിനോട്  ദുആ   ഇരക്ക് .ന്‍റെ മോള് പേടിക്കേണ്ട ,,


ബീരാന്‍കുട്ടി ഇഷാ നമസ്കാരത്തിനായി   മസ്ജിദിലേക്ക്  പോയി. നമസ്കാരം കഴിഞ്ഞ് തിരികെ പോരാന്‍ നേരം മകള്‍ക്ക് വഴിയില്‍ വെച്ചുണ്ടായ  അനുഭവം അവിടെ കൂടിയിരുന്നവരോട് ബീരാന്‍കുട്ടി  പങ്കുവെച്ചു. അടുത്ത ദിവസ്സം ഗ്രാമം ഉണര്‍ന്നത് ഒരു പുതിയ വാര്‍ത്തയുമായായിരുന്നു .ബീരാന്‍കുട്ടിയുടെ മകളുടെ മേല്‍ ജിന്ന് പ്രവേശിച്ചു എന്നതായിരുന്നു ആ വാര്‍ത്ത.ഫര്‍ഹാനയ്ക്ക് കലശലായ പനി പിടിപ്പെട്ടു.അവള്‍    പിച്ചും പേയും പറയുവാന്‍തുടങ്ങി .ബീരാന്‍കുട്ടി ജുമാമസ്ജിദിലെ  ഉസ്താദിനെ കൊണ്ട് വെള്ളം മന്ത്രിച്ചുകൊണ്ട്‌ വന്ന് മകള്‍ക്ക് കൊടുത്തു.ഒരാഴ്ചയ്ക്കുള്ളില്‍ ഫര്‍ഹാനയുടെ പനി മാറിയെങ്കിലും  പിച്ചും പേയും പറയുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു.ഏതുനേരവും കിടപ്പുമുറിയില്‍ അവള്‍ തനിച്ചിരിക്കുവാന്‍ ആഗ്രഹിച്ചു.വെളിച്ചം കാണുമ്പോള്‍ ഇമകള്‍ ഇറുക്കിയടച്ച്  പല്ലുകള്‍ തമ്മില്‍ ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിക്കും.കലാലയത്തിലേക്കുള്ള പോക്ക് പിന്നീടുണ്ടായില്ല .ബീരാന്‍കുട്ടിയും കുടുംബവും നാട്ടുകാരെപ്പോലെ   മകളുടെ ശരീരത്തില്‍ ജിന്ന് പ്രവേശിച്ചു എന്ന് തന്നെ കരുതി .ഒരു ദിവസം  ഉസ്താദ് അവരുടെ വീട്ടിലേക്ക് വന്നു. ഫര്‍ഹാനയെ കണ്ട ഉസ്താദ് ബീരാന്‍കുട്ടിയോട് പറഞ്ഞു .


,, ഇങ്ങടെ മോളുടെ മേല് ജിന്ന് കയറിയിരിക്ക്ണ് . അതിന്‍റെ ലക്ഷണങ്ങളാണ് ഓള് കാട്ടിക്കൊണ്ടിരിക്കണത്  .അതോണ്ട് ഇത് ഇങ്ങനെ ബെച്ചിരിക്കേണ്ട കാര്യമല്ല .ജിന്നിനെ ഒഴിപ്പിക്കാന്‍  കഴിവുള്ള ഒരു ഉസ്താദിനെ ഞമ്മക്കറിയാം .കുട്ട്യോള് ഉണ്ടാവാത്ത എത്രയോ പേര്‍ക്ക് ഉസ്താദിന്‍റെ ചികിത്സകൊണ്ട് കുട്ട്യോള് ഉണ്ടായിരിക്ക്ണ്   .ഇങ്ങള് നേരം കളയാണ്ട് ഉസ്താദിനെ പോയി കണ്ടോളീം ,,

       
ഉസ്താദിന്‍റെ നിര്‍ദേശ പ്രകാരം ജിന്നിന്‍റെ ബാധ ഒഴിപ്പിക്കുന്ന ഉസ്താദിനെ പോയി കാണുവാന്‍ ബീരാന്‍കുട്ടി തീരുമാനിച്ചു .അടുത്ത ദിവസം ബീരാന്‍ കുട്ടിയും ഭാര്യയും ഫര്‍ഹാനയുമായി ഉസ്താദിനെ കാണുവാനായി യാത്രയായി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ ഫര്‍ഹാന വീട്ടിലേക്ക് തിരികെയോടി .ബീരാന്‍കുട്ടി മകളെ പിടിക്കുവാന്‍ മകളുടെ പുറകെയോടി. ഫര്‍ഹാന ബീരാന്‍കുട്ടിയെ   ഉപദ്രവിച്ചു.അവള്‍ ബീരാന്‍കുട്ടിയുടെ കയ്യില്‍ ശക്തിയായി കടിച്ച് മുറിവേല്‍പ്പിച്ചു.ബീരാന്‍കുട്ടിക്ക് മകളെ വരുതിയിലാക്കുവാനായില്ല  .അവള്‍ ഓടി  വീട്ടില്‍  കയറി കതകടച്ചിരുന്നു.വിരാന്‍കുട്ടി  നാട്ടുകാരുടെ സഹായത്താല്‍ കതക് പൊളിച്ച് മകളെ ബലംപ്രയോഗിച്ച് ഉസ്താദിന്‍റെയരികില്‍ കൊണ്ടുപോയി.

ദൂരെയുള്ള ഉസ്താദിന്‍റെ ചികിത്സാകേന്ദ്രത്തില്‍ എത്തിയപ്പോള്‍ നേരം ഉച്ച കഴിഞ്ഞിരുന്നു .ഒരു വീടായിരുന്നു ചികിത്സാകേന്ദ്രം. വീടിന്‍റെ മുന്‍വശം അലുമിനിയ ഷീറ്റ്  മേല്‍ക്കൂരയില്‍  പാകി സന്ദര്‍ശകര്‍ക്ക് ഇരിക്കുവാന്‍ ഇടം ഒരുക്കിയിരുന്നു .ഭക്തിസാന്ദ്രമായ അന്തരീക്ഷം . അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നിന്നു .   സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം മൂലം ഫര്‍ഹാന അവിടെ നിന്നും ഓടിപോകുവാന്‍ തുനിഞ്ഞു.കൂടെ വന്ന സഹായിയും ബീരാന്‍കുട്ടിയും കൂടി ഫര്‍ഹാനയെ ബലംപ്രയോഗിച്ച് പിടിച്ചിരുത്തി .ഫര്‍ഹാനയുടെ സമാനമായ അവസ്ഥയിലുള്ള  പലരും അവിടെ ഉണ്ടായിരുന്നു.ഉസ്താദിന്‍റെ അരികിലേക്ക് പോകുവാനുള്ള സമയത്തിനായി ബീരാന്‍കുട്ടി അക്ഷമയോടെ കാത്തിരുന്നു .മണിക്കൂറുകള്‍ക്കുശേഷം അവരുടെ ഊഴം വന്നെത്തി.ഉസ്താദിന്‍റെ ചികിത്സാമുറിയില്‍     സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും പുകപടലങ്ങള്‍ നിറഞ്ഞു നിന്നു, ഒപ്പം  രൂക്ഷഗന്ധവും .തൂവെള്ള വസ്ത്രധാരണത്തോടെ  താടിനീട്ടി വളര്‍ത്തിയ ഉസ്താദ് തലേക്കെട്ട് രണ്ടു കൈകള്‍കൊണ്ട് നേരെയാക്കി ഫര്‍ഹാനയുടെ ഇമകള്‍ അകത്തി നോക്കി. അല്‍പ നേരത്തെ പരിശോധനയ്ക്ക്  ശേഷം പറഞ്ഞു  .


,,ജിന്ന്  കേറിയിരിക്ക്ന്ന്. നല്ല ശക്തിയുള്ള ജിന്ന് തന്നെയാണ് നിങ്ങളുടെ മകളുടെ മേല് കയറിയിരിക്കുന്നത് .ഇതിനെക്കാളും ശക്തിയുള്ള ജിന്നിനെ ഞമ്മള് ഒഴിവാക്കിയിരിക്കുന്നു .ഈ ജിന്നിനെ ഞമ്മള് ഒഴിപ്പിച്ചു തരാം .ഇത്തരി പൈസയ്ക്ക് ചിലവുണ്ടാവും .എന്താ നിങ്ങള് തയ്യാറാണോ ,,


ഉസ്താദ് മുറുക്കിച്ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു .ബീരാന്‍കുട്ടി ഉസ്താദിനോട് പറഞ്ഞു .


,, പൈസയൊന്നും ഞമ്മക്ക് പ്രശനമല്ല .പഠിക്കാന്‍ പോയിരുന്നെന്‍റെ   മോളെ എനിക്ക് പഴയത് പോലെ ആക്കിത്തന്നാല്‍  മതി ,,


ഫര്‍ഹാനയെ ഒഴിച്ച് എല്ലാവരോടും മുറിക്ക് പുറത്ത് പോകുവാന്‍ ഉസ്താദ് കല്പിച്ചു .ഫര്‍ഹാനയും ഉസ്താദും  ഒഴികെ എല്ലാവരും മുറിക്ക് പുറത്തുകടന്നു.ഉസ്താദിന്‍റെ സഹായി ബീരാന്‍കുട്ടിയോട് ഉസ്താദിന്‍റെ കറാമത്തുകളെക്കുറിച്ച്    പറഞ്ഞുകൊണ്ടിരുന്നു.കലുക്ഷിതമായ  മനസ്സോടെ ബീരാന്‍കുട്ടി ഉസ്താദിന്‍റെ  കറാമത്തുകളെ കുറിച്ച്  കേട്ടിരുന്നു . ഉസ്താദിന്‍റെ ചികിത്സാ രീതികള്‍ മറ്റുള്ളവരില്‍ നിന്നും വിഭിന്നമാണ് .ജിന്ന് ബാധ,പിശാച് ബാധ,ഭ്രാന്തുപോലുള്ള അസുഖങ്ങള്‍ക്ക് പുരുഷന്മാരാണെങ്കില്‍ രണ്ടുകൈയും ബന്ധിപ്പിച്ച് കനമുള്ള ചൂരല്‍ പ്രയോഗമാണ്. രോഗികള്‍ മര്‍ദ്ദനത്തിന്‍റെ വ്യാപ്തി പോലെ അലമുറയിടും .രോഗിയുടെ ബന്ധുക്കള്‍ നിസഹായരായി സങ്കടം സഹിച്ച് പുറത്തിരിക്കും .സ്ത്രീകളാണെങ്കില്‍  ഉസ്താദിന്‍റെ ഇംഗിതം അനുസരിക്കുന്നവര്‍ക്ക് മര്‍ദ്ദനത്തിന്‍റെ വ്യാപ്തി കുറയും. അല്ലാത്തവരുടെ  പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍   പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിക്കും അതോടെ രോഗി അബോധാവസ്ഥയിലാവും .


ഏതൊരു  ദമ്പതികളുടെയും ആഗ്രഹമാണ് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കുക എന്നത്. കുഞ്ഞുങ്ങളില്ലാത്തവരെയാണ് ഉസ്താദ്  കൂടുതലും ചികിത്സിക്കുന്നത് .ഉസ്താദിന്‍റെ   ചികിത്സ തേടി വരുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളും ഗര്‍ഭണികളായിട്ടുണ്ട് എന്നതാണ് വാസ്തവം .എന്ത് അസുഖമായി വരുന്നവര്‍ക്കും ഉസ്താദിന്‍റെ    ചികിത്സ ലഭിക്കും .പണ്ട് പട്ടാമ്പിയില്‍ നിന്നും ദൂരെ ദേശങ്ങളിലേക്ക്  കുട്ടയില്‍ തലച്ചുമടുമായി ഞാവല്‍ പഴം വില്പനയ്ക്ക് വന്നയാളാണ് ഈ ഉസ്താദ്  എന്ന് ചിലര്‍ക്കൊക്കെ അറിയാം.ഇന്ന് ഉസ്താതിനെ കുറിച്ച് അപവാദം പറയുന്നവര്‍ക്ക് മൂന്നാംപക്കത്തിനകം അപായം സംഭവിക്കും. ആ അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട് . കൂടുതലും അപകടങ്ങളിലാണ് അപായം സംഭവിക്കുന്നത്‌ . മാനഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചവരും ഈ കൂട്ടത്തില്‍ പെടും .


ഉസ്താദ് ഫര്‍ഹാനയെ ശരീരമാകെ വീക്ഷിച്ചുകൊണ്ടിരുന്നു . ഉസ്താദിന്‍റെ   നോട്ടം  സ്തനഗ്രന്ഥികളില്‍ പതിച്ചപ്പോള്‍ ഫര്‍ഹാന ഇരു കൈത്തലം കൊണ്ട് മാറ് മറച്ചു പിടിച്ചു .അപ്പോള്‍  അവളുടെ വെളുത്ത കൈകളിലെ സ്വര്‍ണ്ണ നിറമുള്ള രോമങ്ങളിലേക്കായി ഉസ്താദിന്‍റെ നോട്ടം .ഉസ്താദ് ഫര്‍ഹാനയുടെ കൈകളില്‍ തലോടിക്കൊണ്ട് പറഞ്ഞു .


,,ഇജ്ജ് എന്തിനാ ഇങ്ങനെ പേടിക്കണത്. അന്‍റെ മേല് കയറിയിരിക്ക്ണ ജിന്നിനെ ഞമ്മള് പായിച്ച് തരാം .വേദനയില്ലാണ്ടെ  ജിന്നിനെ പായിക്കണോന്ന് ബെച്ചാല് ഇജ്ജ് ഞമ്മ പറയണതൊക്കെ അനുസരിക്കണം .ഇജ്ജ് വന്ന് അബിടെ കിടന്നാണി ,,


ഉസ്താദിന്‍റെ    ദൂരെ കിടക്കുന്ന ചെറിയ  മെത്തയിലേക്ക് ഫര്‍ഹാനയെ ക്ഷണിച്ചു .പന്തികേട് തോന്നിയ ഫര്‍ഹാന വാതിലിനരികിലേക്ക്‌ കരഞ്ഞുകൊണ്ടോടി  ഒപ്പം ഉസ്താദും . പിന്നെ ഉസ്താദിന്‍റെ അലര്‍ച്ചയായിരുന്നു .


,, അസത്തെ ഇജ്ജ് ഞമ്മള് പറയണത് അനുസരിക്കൂലാലെ..... .അന്‍റെ മേല് കൂടിയിരിക്കുന്ന ജിന്നിനെ ഇന്ന് ഞമ്മള് അടിച്ച്  പായിക്കും ,,


പിന്നെ കനമുള്ള ചൂരല്‍ വടികൊണ്ട് മര്‍ദ്ദനമായിരുന്നു .തുരുതുരെയുള്ള മര്‍ദനം സഹിക്കവയ്യാതെയായപ്പോള്‍ ഫര്‍ഹാന അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നു.ബീരാന്‍കുട്ടിയും ഭാര്യയും മകളുടെ രോദനം കേട്ട് നിസ്സഹായരായിരുന്നു.അപ്പോള്‍ വിഷമത്തോടെയിരിക്കുന്ന ബീരാന്‍കുട്ടിയോടായി ഉസ്താദിന്‍റെ സഹായി പറഞ്ഞു .


,, ഇബിടെ ഇതുപോലത്തെ എത്ര കെയ്സുകള്‍ ബന്നിരിക്കുന്ന്‍ . കേട്ടില്ലേ ... ഇങ്ങക്ക് തോന്നും ആ കരയണത് ഇങ്ങടെ സന്തതിയാണെന്ന്. അത് ബെറും തോന്നലാണ്. ജിന്നാണ് കരയണത്. അടികൊണ്ട് അടികൊണ്ട് ജിന്ന് ഓളെ മെലൂമ്മല്‍ നിന്നും പായണം. അതുവരെ അടി തുടര്‍ന്നുകൊണ്ടിക്കും .ഹേയ് ഇങ്ങള് ഇങ്ങനെ ബേജാറാവല്ലീം ഒക്കെ ഉസ്താദ്  ശെരിയാക്കിതരും ,,


ഫര്‍ഹാന മര്‍ദനം മൂലം തളര്‍ന്നു നിലംപതിച്ചു .അവളുടെ വെളുത്ത ശരീരമാകെ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ തിണര്‍ത്തുനിന്നു.ഉസ്താദ്    ഫര്‍ഹാനയുടെ  പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍   പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിച്ചു .ഏതാനും നിമിഷങ്ങള്‍ക്കകം ഫര്‍ഹാന അബോധാവസ്ഥയിലായി .ഉസ്താദ് ഫര്‍ഹാനയെ മെത്തയിലേക്ക് എടുത്തുകൊണ്ടുപോയി കിടത്തി .മേശയിലെ  ഗ്ലാസിലുള്ള വെള്ളം ഒരൊറ്റ വലിക്ക് അകത്താക്കി വീണ്ടും ഫര്‍ഹാനയുടെ അരികില്‍ പോയിരുന്ന് ദേഹമാസകലം പരിശോധിച്ചു .ഫര്‍ഹാന ഋതുമതിയാണെന്ന് ഉസ്താത് തിരിച്ചറിഞ്ഞു .ഉസ്താദ് തിടുക്കത്തില്‍ നാല് ചെമ്പിന്‍ തകിടുകളില്‍ അറബ് വാക്കുകള്‍ കുത്തികുറിച്ചു.രണ്ടുമൂന്നു തരം  മരുന്നുകളും എടുത്ത് വെച്ചതിനു ശേഷം ബീരാന്‍കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തി പറഞ്ഞു .


,,നല്ല ഇനം ജിന്ന് തന്ന്യാ മോളുടെ മേല് കൂടിയിരിക്കണത് .ഇങ്ങള് ന്‍റെ അടുത്തേക്ക്‌ കൊണ്ട് ബന്നത് നന്നായി .അല്ലെങ്കില് ഇങ്ങടെ മോള്‍ടെ ജീവന്‍ തന്നെ അപായപ്പെട്ടുപോയേനെ .ഈ തകിടുകള്‍ ഉടയുന്ന കുപ്പികളിലാക്കി വീടിന്‍റെ നാല് മൂലയിലും കുഴിച്ചിടണം .പിന്നെ  ഈ മൂന്ന് തരം മരുന്നുകള് ഇതില് എഴുതിയ പ്രകാരം കൊടുക്കീന്‍. എന്നിട്ട് ഒരു പത്തു ദിവസം കഴിഞ്ഞ് വരീം.മോളെ കൊണ്ടോയി തത്കാലം പുറത്തുള്ള കട്ടിലില്‍ കിടത്തിക്കൊളീം .കൊറച്ച് സമയം കഴിഞ്ഞാല് ഓള്‍ക്ക് ബോധം തെളിയും അപ്പൊ ഓളെ കൊണ്ടോയ്ക്കൊളീം  ,,    


ഉസ്താദ് മുറുക്കി ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു . ബീരാന്‍കുട്ടിയും മറ്റു ചിലരും കൂടി ഫര്‍ഹാനയെ എടുത്ത് പുറത്തുള്ള കട്ടിലില്‍ കൊണ്ടുപോയി കിടത്തി .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഫര്‍ഹാന അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു .അവള്‍ തേങ്ങി ത്തേങ്ങി കരഞ്ഞുകൊണ്ടിരുന്നു .ബീരാന്‍കുട്ടിയും കുടുംബവും  തിരികെ വീട്ടിലേക്ക്  യാത്ര തിരിക്കുമ്പോള്‍ സമയം സന്ധ്യകഴിഞ്ഞിരുന്നു .അപ്പോള്‍ ഉസ്താദ് സ്വയം പറഞ്ഞു .


,, ഉം ഓള് എന്താ മുതല് ഈ അടുത്ത കാലത്തൊന്നും ഇത്രേം സുന്ദരിയായ പെണ്ണിന്‍റെ മേല് ജിന്ന് കയറി കൂടിയിട്ടില്ല .ഓള്‍ടെ സമയം ശെരിയായില്ല . ഏഴ് ദിവസം കയിഞ്ഞ് ബരാന്‍ പറഞ്ഞാ മതിയായിരുന്ന്‍ അപ്പോളേക്കും ഓള്‍ടെ  കുളി കഴിയൂലോ ,,


തിരികെ വരുവാന്‍ മൂന്ന് ദിവസ്സം അധികം പറയാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഉസ്താദ് പിറുപിറുത്തു കൊണ്ടിരുന്നു .അപ്പോള്‍ വാഹനത്തില്‍ ഉമ്മയുടെ തോളില്‍ ചാഞ്ഞുകൊണ്ട് ഫര്‍ഹാന ഉമ്മയോട് പറഞ്ഞു .


,, ഉമ്മ ഇനി എന്നെ ഉസ്താദിന്‍റെ അടുത്തേക്ക്‌ കൊണ്ട് പോകരുത്.ഉസ്താദ് ചീത്തയാ എന്നെ ഒത്തിരി തല്ലി ,,


ഉമ്മ ഫര്‍ഹാനയുടെ വായ്‌ പൊത്തിപിടിച്ച്‌കൊണ്ട് പറഞ്ഞു .


,,റബ്ബില്‍ ആലമീനായ തമ്പുരാനേ ....എന്താ ന്‍റെ മോള് ഈ പറയുന്നത്.ഉസ്താദ് ചീത്തയാണെന്ന് പറയല്ലേ ..കുരുത്തക്കേട്‌ കിട്ടും .കറാമത്തുള്ള അല്ലാഹുവിന്‍റെ അവുലിയാനെ ഇങ്ങനെയൊന്നും പറയല്ലേ ....ഉസ്താദ് അടിച്ചത് ജിന്നിനെയല്ലേ ന്‍റെ മോള് ഉമ്മാനോട് നേരാം വണ്ണം സംസാരിച്ചിട്ട് നാളെത്രയായി .ഒരു ദിവസ്സത്തെ ചികിത്സകൊണ്ട് ന്‍റെ മോള്‍ക്ക്‌ എത്ര മാറ്റമുണ്ട് .ഇനി പത്തു ദിവസ്സം കഴിഞ്ഞാല്‍ ഞമ്മക്ക് വീണ്ടും വരണം .നിക്ക് ഒറപ്പുണ്ട്  ന്‍റെ മോളുടെ എല്ലാ അസുഖങ്ങളും ഉസ്താദ് മാറ്റിത്തരും  ,,


ഉമ്മ ഉസ്താദിന്‍റെ കറാമത്തുകളെക്കുറിച്ച്  വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു .ഇപ്പോള്‍  തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന  മൂന്നാള്‍ പൊക്കമുള്ള ജിന്നിനെക്കാളും കൂടുതല്‍ ഫര്‍ഹാന ഭയപ്പെടുന്നത് മുറുക്കി ചുവപ്പിച്ച് മോണ കാട്ടി ചിരിക്കുന്ന  ഉസ്താദിനെയായിരുന്നു.അയാള്‍  കാമാസക്തനായി തന്‍റെ അരികില്‍ വന്ന്   അടിവസ്ത്രം വലിച്ചൂരിയതോര്‍ത്തപ്പോള്‍  ഉമ്മ എന്ന രോദനത്തോടെ അവള്‍  ഉമ്മയെ ഇറുകെ പിടിച്ചു .ബീരാന്‍കുട്ടിയും കുടുംബവും സഹായികളും കയറിയ വാഹനം നേര്‍വഴികളും   തിരിവുകളും താണ്ടി തിരിച്ചുവരവിനായി  യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു . അപ്പോള്‍ പ്രപഞ്ചമാകെ ഇരുട്ട് വ്യാപിച്ചിരുന്നു .വഴിയില്‍ വാഹനങ്ങളുടെ ചീറിപ്പായുന്ന ശബ്ദവും  പ്രകാശങ്ങളും  മാത്രം. ഫര്‍ഹാന ഉമ്മയുടെ മാറില്‍ തലചായ്ച്ചുറങ്ങി. ആകാശത്തേക്ക് നോക്കിയ ബീരാന്‍കുട്ടിക്ക്   ആകാശത്ത്‌ ഒരു നക്ഷത്രത്തെയും കാണുവാനായില്ല . മകളുടെ ശരീരത്തില്‍ കയറിക്കൂടിയ ജിന്ന് മകളുടെ ശരീരത്തില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ ബീരാന്‍കുട്ടി നെടുവീര്‍പ്പിട്ടു .

                                                              ശുഭം
rasheedthozhiyoor.blogspot.com                          rasheedthozhiyoor@gmail.com        


8 August 2015

ചെറുകഥ . ജന്മവിച്ഛേദം


പണിതീരാത്ത വീടിന്‍റെ ഉമ്മറത്ത് കുടുംബസ്വത്ത് വീതം വെയ്ക്കുമ്പോള്‍ ചോദിച്ചു വാങ്ങിയ തന്‍റെ പിതാവ് ഉപയോഗിച്ചിരുന്ന  ചാരുകസേരയില്‍ കിടക്കുകയാണ് മുരളീധരന്‍ .ഓര്‍മകളുടെ  ഭാണ്ഡക്കെട്ടിന്‍റെ കെട്ടഴിഞ്ഞിരിക്കുന്നു .കൊഴിഞ്ഞുപോയ ജീവിത യാത്രയിലെ ഒരോ താളുകളും അയാളുടെ മനസ്സില്‍ മിന്നി മറിഞ്ഞുകൊണ്ടിരുന്നു  .  ഇടവമാസത്തിലെ  ഇത്തവണത്തെ  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരിക്കുന്നു .മേല്‍ക്കൂരയില്‍ നിന്നും ശക്തിയായി പ്രവഹിക്കുന്ന മഴവെള്ളം മുന്‍പ് രൂപാന്തരപ്പെട്ട കുഴിയിലേക്ക് പതിച്ച് നിറഞ്ഞുകവിഞ്ഞ്   ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകുന്നു  .മുറ്റം നിറയെ മഴവെള്ളം നിറഞ്ഞിരിക്കുന്നു .മഴവെള്ളത്തിലേക്ക് ശക്തിയായി പ്രവഹിക്കുന്ന അനേകായിരം  മഴത്തുള്ളികളുടെ ശബ്ദം ശ്രവിക്കുക എന്നത് അയാളുടെ ഇഷ്ടങ്ങളില്‍ ഒന്നാണ് .  കഴിഞ്ഞ ദിവസം ഇളയ മകള്‍ സരസ്വതി കുഴിച്ചിട്ട പത്തുമണി പുഷ്പ ചെടികള്‍ മഴവെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ ഒഴികിപോകുന്നത് നിസഹായനായി അയാള്‍ നോക്കിയിരുന്നു.അലങ്കാര ചെടികള്‍ വളര്‍ത്തുക എന്നതാണ് സരസ്വതിയുടെ പ്രധാന വിനോദം .ചെടിച്ചട്ടികളിലെ ചെടികള്‍ കാറ്റിനാല്‍ ഉലയുമ്പോള്‍ ആവശ്യാനുസരണം വെള്ളം ലഭിച്ചതിലുള്ള സന്തോഷത്താല്‍ ചെടികള്‍    നൃത്തമാടുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .

ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍റെ   ആഗ്രഹം മക്കള്‍ എല്ലാവരും ഒരു വീട്ടില്‍ത്തന്നെ ജീവിക്കണം എന്നതായിരുന്നു .അച്ഛനും,അമ്മയും സഹോദരന്മാരും സഹോദരികളും കൂടി ഒരുമിച്ചുള്ള ജീവിതം എത്ര മനോഹരമായിരുന്നു .  പത്തുമക്കളില്‍ ഏഴാമനാണ് മുരളീധരന്‍. മൂന്നു സഹോദരിമാരും   അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിവാഹിതരായിരുന്നു .  അച്ഛന്‍റെ  മരണം മുരളീധരന്‍റെ ജീവിതത്തില്‍ കഷ്ടതകളുടെ പ്രഹരമാണ് ഏല്‍പ്പിച്ചത്.മരണ സമയത്ത് അഞ്ചു സഹോദരങ്ങളും വിദേശ രാജ്യങ്ങളിലായിരുന്നു .ഇപ്പോഴും അവരൊക്കെ വിദേശ രാജ്യങ്ങളില്‍ തന്നെ ജോലി നോക്കുന്നു.ഏറ്റവും ഇളയ സഹോദരന്‍ നാട്ടില്‍ ഭൂമി കച്ചവടവും മറ്റുമായി ജീവിക്കുന്നു .കൂട്ടുകുടുംബത്തിലെ ജീവിതം അന്യമായപ്പോള്‍ ജീവിതത്തിനു മുന്‍പില്‍ പകച്ചുപോയി മുരളീധരന്‍.അച്ഛന് സ്വന്തമായി മൂന്ന്‍ ഏക്കറില്‍ കൂടുതല്‍ പറമ്പും രണ്ട് ഏക്കര്‍ വയലും ഉണ്ടായിരുന്നു .ഒരു മുഴുനീള കര്‍ഷകനായിരുന്നു അച്ഛന്‍ .കാര്‍ഷിക വൃത്തിയില്‍ അച്ഛന്‍റെ സഹായിയായി ജീവിക്കുവാനായിരുന്നു മുരളീധരന്‍റെ നിയോഗം .ആ നിയോഗത്തില്‍ അച്ഛന്‍ മരണപെടുന്നത് വരെ  അയാള്‍ പൂര്‍ണ സംതൃപ്തനുമായിരുന്നു .ഉണ്ടായിരുന്ന കൃഷി ഭൂമി പത്തായി വീതം വെച്ചപ്പോള്‍ ലഭിച്ച അമ്പതു സെന്റ്‌ ഭൂമി അയാള്‍ കൂടുതല്‍  ഹരിതാഭമാക്കി .

സഹോദരങ്ങള്‍ വിദേശത്തു നിന്നും അയക്കുന്ന പണം സ്വരൂപിച്ച് അവരവരുടെ പേരില്‍ അച്ഛന്‍  ഗ്രാമത്തില്‍ ഭൂമി വാങ്ങി കൂട്ടിക്കൊണ്ടിരുന്നു .ഓരോ മക്കളും വിവാഹപ്രായമാകുമ്പോള്‍ അവര്‍ക്ക് വേണ്ടി പുതിയ കിടപ്പ് മുറികള്‍ അച്ഛന്‍ പണിതുയര്‍ത്തി  .ഇപ്പോള്‍ തറവാട്ടില്‍ മൊത്തം പതിനൊന്ന് കിടപ്പ് മുറികളുണ്ട് . അച്ഛന്‍ മരണപ്പെടുന്നതിന് ആറുമാസം മുന്‍പാണ് അമ്മയുടെ വിയോഗം .സ്തനാർബുദം  ബാധിച്ച അമ്മയുടെ  രണ്ടു സ്തനങ്ങളും നീക്കം ചെയ്തിരുന്നു.മൂത്ത സഹോദരന്‍ അയാളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ സ്വന്തമായി വീട് പണിത് താമസം മാറണം എന്ന് പറഞ്ഞപ്പോള്‍  അന്ന് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ മുരളീധരന്‍ ഓര്‍ത്തു .

,, ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് ഇങ്ങനെയാണ്. സ്വന്തമായി പണം സമ്പാദിച്ചാല്‍ പിന്നെ  സ്വന്തമായി വീട് പണിയണം, ഭാര്യയും കുഞ്ഞുങ്ങളുമായി സ്വസ്ഥമായി തനിയെ ജീവിക്കണം .ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് അച്ഛനും ,അമ്മയും ,സഹോദരങ്ങളും ഒന്നും വേണ്ട അവരുടെ സ്നേഹവും വേണ്ട .എനിക്കും നിന്‍റെ അമ്മയ്ക്കും ഒരേഒരു ആഗ്രഹമേയുള്ളൂ .ഞങ്ങളുടെ കണ്ണുകള്‍ എന്നെന്നേയ്ക്കുമായി അടയുന്നത് വരെ ഞങ്ങളുടെ മക്കള്‍ ഞങ്ങളുടെ അരികില്‍ തന്നെ  ഉണ്ടാവണം എന്ന് .നിങ്ങളുടെ മക്കളെ താരാട്ട് പാടി ഉറക്കിയും കഥകള്‍ പറഞ്ഞു കൊടുത്തും അവരുടെയൊക്കെസ്നേഹം ആവോളം ആസ്വദിച്ച്  ഞങ്ങള്‍ക്ക് അവരെയൊക്കെ വളര്‍ത്തണം .ഇനി നിനക്ക് വേറെ വീട് ഇപ്പോള്‍ തന്നെ പണിയണം എന്നുണ്ടെങ്കില്‍ അങ്ങിനെയാവാം. പക്ഷെ പിന്നെ അച്ഛനേം അമ്മയേം കാണാനായി എന്‍റെ മോന്‍ ഈ വീടിന്‍റെ പടി ചവിട്ടരുത് ,,

അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏട്ടന്‍ ഒന്നും ഉരിയാടാതെ കിടപ്പ് മുറിയിലേക്ക് കയറിപ്പോയി .ഏട്ടത്തിയുടെ നിര്‍ബന്ധം മൂലമാണ് അന്ന് അച്ഛനോട് ഏട്ടന്‍ അങ്ങിനെ സംസാരിച്ചത് .പിന്നീട് ആ വീട്ടില്‍ ആരുംതന്നെ വീട് മാറി താമസിക്കണം എന്ന് അച്ഛനോട് പറയുന്നത് മുരളീധരന്‍ കേട്ടിട്ടില്ല .ഏട്ടന്‍ പോയി രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഏട്ടത്തിയും മക്കളും വിദേശത്തേക്ക്  പോയി .മുരളീധരന്‍റെ വിവാഹവും ആര്‍ഭാടമായി തന്നെയാണ് നടത്തപ്പെട്ടത് .സ്വന്തമായി ഒരു സമ്പാദ്യവും അയാള്‍ക്കുണ്ടായിരുന്നില്ല .പറമ്പിലും ,വയലിലും തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിച്ചും,സ്വയം തൊഴിലെടുത്തും വര്‍ഷങ്ങള്‍ പോയതയാള്‍  അറിഞ്ഞില്ല

.സാമ്പത്തീകമായ ഒരു ബുദ്ധിമുട്ടുകളും അച്ഛന്‍റെ മരണംവരെ അയാള്‍ അറിഞ്ഞിരുന്നില്ല .പക്ഷെ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ ജീവിതത്തിന് താളപ്പിഴകള്‍ സംഭവിച്ചുതുടങ്ങി .അച്ഛന്‍റെ മരണശേഷം കൂട്ടുകുടുംബം നാമാവശേഷമായി.അച്ഛന്‍ മരണപ്പെട്ട് നാലാം മാസം സ്വത്തുക്കള്‍ വീതംവച്ചു .നാട്ടുനടപ്പ് പ്രകാരം ഏറ്റവും ഇളയ സഹോദരന് വീട് ലഭിച്ചു .പക്ഷെ വീട് രണ്ടാമത്തെ സഹോദരന്‍ ഇളയ സഹോദരനില്‍ നിന്നും വിലയ്ക്ക് വാങ്ങിച്ചു .മറ്റുള്ള സഹോദരങ്ങള്‍ അവരവര്‍ക്ക് ലഭിച്ച ഭൂമിയില്‍  ധൃതഗതിയില്‍    വീടിന്‍റെ പണികള്‍ ആരംഭിച്ചു  . വീട് പണിയുവാന്‍ ലക്ഷങ്ങള്‍ വേണം. ഒരു പതിനായിരം രൂപ പോലും  തികച്ചെടുക്കുവാനില്ലാത്ത മുരളീധരന്‍  എന്ത് ചെയ്യണം എന്നറിയാതെ  പകച്ചുപോയി.തറവാട് വാങ്ങിയ സഹോദരന്‍ തറവാട്ടില്‍ അയാളോടൊപ്പം  താമസിക്കുവാന്‍ മുരളീധരനോട് പറഞ്ഞു .മനസ്സില്ലാമനസ്സോടെ വേറെയൊരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ട് മുരളീധരനും ,രണ്ടു പെണ്‍മക്കളും,ഭാര്യയും തറവാട്ടില്‍ തന്നെ ജീവിതം തുടര്‍ന്നു .

 തറവാട് വാങ്ങിയ സഹോദരന്‍ പാവമായിരുന്നു സഹോദരന്‍ വിദേശത്തേക്ക് പോയപ്പോള്‍ ഏട്ടത്തിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം മുരളീധരനെ അത്ഭുതപ്പെടുത്തി .എന്ത് പ്രവര്‍ത്തിയിലും വീടിന്‍റെ അവകാശം ഏട്ടത്തിയുടെ സ്വഭാവത്തില്‍ പ്രതിഫലിച്ചുക്കൊണ്ടിരുന്നു.അടുക്കളയിലെ പണികളും മറ്റും  തന്‍റെ ഭാര്യയും മക്കളും ചെയ്യണം. കോളെജില്‍ പോകുന്ന മക്കളുടെ ആവശ്യങ്ങള്‍ക്കും മറ്റും ഏട്ടത്തിയുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന തന്‍റെ വിധിയെ ഓര്‍ത്ത്‌ അയാള്‍ സങ്കടപ്പെട്ടു .ഏട്ടന്‍റെ മക്കള്‍ പുതു വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ തന്‍റെ മക്കള്‍ പഴകിയ വസ്ത്രങ്ങള്‍ ധരിച്ചുക്കൊണ്ട് നടന്നു .ഏട്ടന്‍റെ മക്കള്‍  എന്നും പാലും മുട്ടയും  കഴിക്കണം എന്ന് എട്ടത്തിക്ക് നിര്‍ബന്ധമായിരുന്നു .തന്‍റെ മക്കള്‍ക്ക്‌ അതൊന്നും ലഭിച്ചിരുന്നില്ല .പിന്നെ പിന്നെ വേലക്കാരുടെ അവസ്ഥയിലേക്ക് മുരളീധരനും കുടുംബവും പരിണമിച്ചു .ഭാര്യയുടേയും മക്കളുടേയും അവസ്ഥ കണ്ട് അയാള്‍ക്ക്‌ തറവാട്ടില്‍ തുടര്‍ന്നു ജീവിക്കുവാന്‍ താത്പര്യം ഇല്ലാതെയായി .ഗ്രാമത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത്  മുരളീധരനും കുടുംബവും അവിടേയ്ക്ക് താമസം മാറി .മറ്റുള്ള സഹോദരന്മാര്‍ ആരുംതന്നെ സ്ഥിരതാമസത്തിനായി   അവരുടെ വീട്ടിലേക്ക് മുരളീധരനേയും കുടുംബത്തേയും ക്ഷണിച്ചില്ല .

തന്‍റെ കൂടപ്പിറപ്പുകളില്‍ നിന്നും ഒറ്റപ്പെട്ടുപോയതില്‍ മുരളീധരന്‍ വല്ലാതെ സങ്കടപ്പെട്ടു . സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബാംഗങ്ങള്‍ ഇപ്പോള്‍ പരസ്പരം കാണുന്നത് തന്നെ വിരളമാണ് .  മുരളീധരന്‍ ജോലി അന്യേഷിച്ചുക്കൊണ്ടിരുന്നു . നിരന്തരമുള്ള  അന്യേഷണത്തിനൊടുവില്‍ ഒരു പലചരക്കുകടയില്‍ അയാള്‍ക്ക്‌ ജോലി ലഭിച്ചു .വീട് വാടക കൊടുത്താല്‍ ബാക്കി മൂവായിരം രൂപയാണ് മിച്ചം വെയ്ക്കാന്‍ ഉള്ളത്. അതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവുകളും വീട്ടിലെ ചിലവുകളും നടത്തേണം .വീതംവച്ചതില്‍ നിന്നും ലഭിച്ച അമ്പതു സെന്റു ഭൂമിയില്‍ മുപ്പതില്‍ പരം തെങ്ങുകളുണ്ട്. അവയില്‍ നിന്നും ലഭിക്കുന്ന നാളികേരം വില്‍പ്പന ചെയ്‌താല്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കുന്ന പണത്തിന്‍റെ പകുതിയോളം നല്‍കണം .തെങ്ങുകയറ്റ കൂലി കൂടുതലായത് കൊണ്ട് മൂന്നു മാസം കൂടുമ്പോഴാണ് തെങ്ങ് കയറ്റിപ്പിക്കുന്നത് . പലചരക്കുകടയില്‍ ജോലിക്ക് പോകുന്നതിലുള്ള നീരസം  സഹോദരങ്ങള്‍ അയാളെ  അറിയിച്ചു. അയാളും കുടുംബവും എങ്ങിനെ ജീവിക്കുന്നു എന്ന് ആരുംതന്നെ തിരക്കിയില്ല .ജീവിത ഉപാധികളും ആരും നിര്‍ദേശിച്ചില്ല .എല്ലാവര്‍ക്കും അഭിമാന ക്ഷതമാണ് പ്രശ്നം .

സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുവാന്‍ എന്ത് ചെയ്യും  എന്ന ആലോചനയ്ക്കിടയില്‍  ഭാര്യ അയാളോട് പറഞ്ഞു.

,,   നമുക്ക് നമ്മുടെ  അമ്പതു സെന്റ്‌ ഭൂമിയില്‍  നിന്നും പകുതി വില്‍ക്കാം. ആ രൂപ ക്കൊണ്ട് നമുക്ക് ഒരു ചെറിയ വീട് പണിയാം .എത്ര നാളാ ഇങ്ങിനെ വാടക വീട്ടില്‍ താമസിക്കുന്നത് ,,

മുരളീധരന്‍ കിടന്ന കിടപ്പില്‍ നിന്നും തലയണ ചുമരിനോട് ഉയര്‍ത്തി വെച്ച്  അല്പം  നിവര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു .

,, നമ്മുടെ മക്കള്‍ക്ക്‌ പത്തൊന്‍പതും , പതിനേഴും,വയസ്സായി നമുക്ക് അവരെ വിവാഹംകഴിപ്പിച്ചയക്കേണ്ടേ ...ഭൂമി വില്‍ക്കുന്ന പണംകൊണ്ട് വീട് പണിതാല്‍ മക്കളുടെ വിവാഹം എങ്ങിനെ നടത്തും ,,

അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചുക്കൊണ്ട് പറഞ്ഞു .

,, ഈ കാലത്ത് സ്വന്തമായി വീടില്ലാത്ത നമ്മുടെ മക്കള്‍ക്ക്  നല്ല കുടുംബത്തില്‍ നിന്നും ഒരു  ബന്ധം ലഭിക്കുമോ ? ഇപ്പോള്‍ നമുക്ക് സ്വന്തമായി ഒരു വീടാണ് പ്രധാനം നമുക്ക് അതിനുള്ള വഴി നോക്കാം പിന്നീടുള്ള ജീവിതം ഈശ്വരന്‍ നിശ്ചയിച്ചത് പോലെ നടക്കട്ടെ ,,

ഭൂമി വില്‍പ്പനയ്ക്കായി ഗ്രാമത്തിലെ ദല്ലാള്‍ ഇസ്മായിലിനെ മുരളീധരന്‍ ഇറച്ചി കടയില്‍ പോയി കണ്ടു .ഇറച്ചി വില്പനയും ഭൂമി കച്ചവടവുമാണ് ഇസ്മായിലിന്‍റെ തൊഴില്‍ .  കടയില്‍ നല്ല തിരക്കുള്ള സമയമായത്‌ കൊണ്ട് മുരളീധരന്‍ കടയുടെ പുറത്ത് കാത്തുനിന്നു .അല്പം കഴിഞ്ഞപ്പോള്‍ ഇസ്മായില്‍ മുരളീധരന്‍റെ അരികിലേക്ക് വന്നു .


,, ആരാ ഈ വന്നിരിക്കുന്നത്. എന്താ ചെയ്യാ ഓരോരുത്തര്‍ക്കും ഓരോരെ വിധി അല്ലാണ്ട് ഞമ്മള് എന്താ പറയാ .ഇങ്ങക്ക് തടീം മിടുക്കും ഉള്ള കുറേ സഹോദരങ്ങള് ഉണ്ടല്ലാ .എല്ലാരെ കയ്യിലും വെണ്ടുവോളം പണോം ഉണ്ട് എന്നിട്ടല്ലേ ഇങ്ങള് വാടക വീട്ടില് താമസിക്കണത് .കൂടപ്പിറപ്പുകള്‍ക്ക് കണ്ണീ ചോര ഇല്ലാണ്ടായാല്‍ ഇങ്ങനെയിരിക്കും .ഇങ്ങളെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് വിഷമം ഉണ്ട്‌ട്ടാ .ആട്ടെ ഇങ്ങള് വന്ന കാര്യം പറയീം ,,

മുരളീധരന്‍  ഇസ്മായിലിനെ കടയുടെ മുന്‍ഭാഗത്തു നിന്നും അല്‍പംകൂടി മാറ്റി നിര്‍ത്തി പറഞ്ഞു .

,, എനിക്ക് ആരും ഇല്ലാണ്ടായി ഇസ്മായില്‍ക്കാ ..എന്നും എന്‍റെ കൂടപ്പിറപ്പുകള്‍ എന്‍റെ കൂടെ ഉണ്ടാവും എന്ന് കരുതിയ ഞാനൊരു മണ്ടനായി  പറമ്പും, വീടും, വയലും നോക്കി നടന്ന് ഞാന്‍ പെരുവഴിയിലായി .ആരോഗ്യമുള്ള കാലത്ത് വിദേശത്തേക്ക് പോയിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈ ഗതി വരില്ലായിരുന്നു .എനിക്ക് വീതംവച്ചു കിട്ടിയ അമ്പതു സെന്റ്‌ ഭൂമിയില്‍  നിന്നും പകുതി ഭൂമി  വില്‍ക്കണം .എന്നിട്ട് ഭാക്കിയുള്ള സ്ഥലത്ത് ഒരു വീട് പണിയണം .ഇസ്മായില്‍ക്കാ എന്‍റെ പറമ്പ് വില്പന ചെയ്തു തരണം ,,

ഇസ്മായിലിന്‍റെ മുഖത്ത് അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ സഹതാപം നിഴലിച്ചിരുന്നു .ഇസ്മായില്‍ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .

,, ഇങ്ങള് ദൈര്യമായി പോയ്ക്കൊളീന്‍. കിട്ടാവുന്നതില്‍ നല്ല വെല ഇങ്ങടെ പറമ്പിന് ഞമ്മള് വാങ്ങിച്ചു തരും .ആളേം കൂട്ടി ഞാന്‍ ഉടനെ അവിടേക്ക് വന്നേക്കാം ,,

ഇസ്മായിലിനോട് യാത്ര പറഞ്ഞ് മുരളീധരന്‍ വീട്ടിലേക്ക് നടന്നു .മനസ്സില്‍ സങ്കടം നിറഞ്ഞു നില്‍ക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ആകപ്പാടെ ഒരു വല്ലാത്ത അസ്വസ്ഥത .ഉള്ള ഭൂമിയല്‍ നിന്നും ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍  പകുതി ഭൂമി തനിക്ക് നഷ്ടമാകും .ജീവിതത്തിന് ഒരു സന്തോഷവും ഇല്ലാണ്ടായിരിക്കുന്നു .പ്രാരാബ്ദവും വേവലാതികളും ജീവിതത്തില്‍ കുമിഞ്ഞുകൂടുന്നു .ഇയ്യോബിന്‍റെ പുസ്തകത്തില്‍ വായിച്ച വാക്യം അപ്പോള്‍ അയാള്‍ ഓര്‍ത്തു . "അമ്മയുടെ ഉദരത്തിൽ നിന്ന് ഞാൻ നഗ്നനായി വന്നു; നഗ്നനായി മടങ്ങും; ദൈവം തന്നു; ദൈവം എടുത്തു "

അടുത്ത ദിവസ്സം രാവിലെ  മുരളീധരന് ലഭിച്ച ഭൂമിയുടെ അതിര്‍ത്തി പങ്കിടുന്ന ഭൂമിയുടെ അവകാശിയായ ഏട്ടന്‍റെ ഭാര്യ മുരളീധരനെ കാണുവാന്‍ വന്നു .അവര്‍ക്ക് പറയുവാനുള്ളത്‌ അവര്‍ പറഞ്ഞു .

,, മുരളിയുടെ  വസ്തുവില്‍ നിന്നും പാതി വസ്തു വില്‍ക്കുന്നൂ എന്ന് അറിഞ്ഞ് ഇന്നലെ ഏട്ടന്‍ വിളിച്ചിരുന്നു .പുറത്തുള്ളവര്‍ക്ക് എന്തിനാ ഭൂമി വില്‍ക്കുന്നത് .വില്‍ക്കുന്ന വസ്തു ഞങ്ങള്‍ എടുത്തോളാം. നാട്ടില്‍ ഇപ്പോഴുള്ള വില ഞങ്ങള്‍ തരാം .പുറമേക്ക് ഭൂമി വില്‍പന ചെയ്‌താല്‍ ഭൂമി വാങ്ങിക്കുന്നവര്‍ നല്ല സ്വഭാവക്കാര്‍ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടെ സ്വസ്ഥമായി ജീവിക്കുവാന്‍ ആവുമോ ?,,

മുരളീധരന്‍ എന്ത് മറുപടി പറയണം എന്ന് അറിയാതെ വിഷമിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബാഗില്‍ നിന്നും ഒരു കെട്ട് നോട്ടെടുത്ത് മുരളീധരന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ഏട്ടത്തി  പറഞ്ഞു .

,, ഇത് അഡ്വാന്‍സ് രണ്ടു ലക്ഷം രൂപയുണ്ട് ഇനി ഇന്ന് ഏട്ടന്‍ മുരളിക്ക് വിളിക്കും അപ്പോള്‍ വിലയും മറ്റു കാര്യങ്ങളും സംസാരിക്കും ,,

അങ്ങിനെ ഭൂമി സഹോദരന് തന്നെ കച്ചവടമായി .വേറെയൊരു സഹോദരന്‍ ഭൂമി വില്‍ക്കുന്ന കാര്യം അയാളോട് പറയാത്തതില്‍ പരിഭവം പ്രകടിപ്പിച്ചു .ഇസ്മായില്‍ ഭൂമി വാങ്ങിക്കുവാന്‍  ആളെയായി വന്നെങ്കിലും ഭൂമി കച്ചവടം കഴിഞ്ഞ വിവരം പറഞ്ഞപ്പോള്‍ അവര്‍  തിരികെ പോയി.  അവര്‍ പറഞ്ഞ വിലയെക്കാളും കുറഞ്ഞ വിലയ്ക്കാണ് സഹോദരന് ഭൂമി കച്ചവടം ചെയ്തത് എന്ന തിരിച്ചറിവ് മുരളീധരനെ സങ്കടപ്പെടുത്തിയെങ്കിലും ,കൂടപ്പിറപ്പിനാണല്ലോ എന്നോര്‍ത്ത് ആശ്വാസിച്ചു .ആറുമാസത്തെ കരാറിലാണ് കച്ചവടം വീടിന്‍റെ പണി നടക്കുന്നതിനിടയില്‍ ആവശ്യമായ രൂപ നല്‍കാം എന്നും തീരുമാനമായി .വീടിന്‍റെ പണികള്‍ ധൃതഗതിയില്‍ തുടങ്ങിയെങ്കിലും ആവശ്യാനുസരണം രൂപ സഹോദരന്‍റെ പക്കല്‍ നിന്നും ലഭിക്കാത്തത് കൊണ്ട് പലപ്പോഴും വീടിന്‍റെ  പണികള്‍ മുരളീധരന് നിറുത്തിവേയ്ക്കേണ്ടി വന്നു .

മഴയ്ക്ക്‌ ശമനം വന്നപ്പോള്‍ ചാരുകസേരയില്‍ നിന്നും എഴുനേറ്റ്  മുരളീധരന്‍ മുറ്റത്തേക്കിറങ്ങി .സരസ്വതി മഴവെള്ളത്തില്‍  ഒലിച്ചുപോയ  പത്തുമണിപുഷ്പ  ചെടികള്‍ പെറുക്കിയെടുത്തു കുഴിച്ചിടുന്നത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു .

,, മോളെ ആ ചെടികള്‍ ചട്ടിയിലോ ചാക്കില്‍ മണ്ണ് നിറച്ചോ കുഴിച്ചിടൂ.... അല്ലെകില്‍ അടുത്ത മഴയ്ക്ക് അതെല്ലാം ഒലിച്ചു പോകും ,,

സരസ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു .

,, ഒഴിവായ ചെടിച്ചട്ടികള്‍ ഇല്ല അച്ചാ.... ഞാന്‍ പോയി പ്ലാസ്റ്റിക് ചാക്ക് അടുക്കളയിലോ മറ്റോ ഉണ്ടോ എന്ന് നോക്കട്ടെ .

അല്‍പം കഴിഞ്ഞപ്പോള്‍ സരസ്വതി ചാക്കുമായി വന്നു .അവള്‍ കൈകൊട്ടുക്കൊണ്ട് ചാക്കിലേക്ക് മണ്ണ് വെട്ടിയിടുന്നത് കണ്ടപ്പോള്‍ മുരളീധരന്‍  കൈകൊട്ടു വാങ്ങി മണ്ണ് ചാക്കിലേക്ക് വെട്ടിയിട്ട് കൊടുക്കുവാന്‍ ആരംഭിച്ചു .മണ്ണ് വെട്ടിയ കൈകോട്ട് അയാളുടെ കയ്യില്‍ നിന്നും തെന്നി വെട്ട് കാല്‍പാദത്തില്‍ കൊണ്ടു .കാല്‍പാദത്തില്‍ നിന്നും രക്തം ചീറ്റിയപ്പോള്‍ സരസ്വതി ബോധരഹിതയായി നിലംപതിച്ചു .പുറത്തെ ബഹളം കേട്ട് അയാളുടെ ഭാര്യയും മൂത്ത മകളും അവരുടെ അരികിലേക്ക് ഓടിയെത്തി .നാട്ടുകാര്‍ ഓടിക്കൂടി രണ്ടുപേരേയും ആശുപത്രിയില്‍ കൊണ്ടുപോയി .പോകുന്ന വഴിയില്‍ സരസ്വതിക്ക് ബോധം തെളിഞ്ഞു .മുരളീധരനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറ്റിയ മുറിവ് തുന്നികെട്ടി .രക്തം പരിശോധിച്ചപ്പോള്‍  മുരളീധരന് രക്തത്തില്‍ ഷുഗറിന്‍റെ അളവ്  അമിതമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു .മുറിവ് പഴുക്കാതെ സൂക്ഷിക്കണം എന്നും രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയില്‍ നിന്നും പോകാം എന്നും ഡോക്ടര്‍ പറഞ്ഞുവെങ്കിലും അന്ന് തന്നെ മുരളീധരന്‍ വീട്ടിലേക്ക് തിരികെപോന്നു  .

മൂന്നാം ദിവസ്സം പാദത്തിലെ മുറിവിന് പഴുപ്പ് കൂടി മുരളീധരനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ദിവസ്സങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞുവെങ്കിലും മുറിവിലെ പഴുപ്പ് കൂടിക്കൂടി വന്നു .വൈദ്യശാസ്ത്രം പിന്നീട് വിധിയെഴുതി. മുരളീധരന്‍റെ കാല്‍പാദം മുറിച്ചു കളയണമെന്ന്. കാരണം അയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ മരുന്നുകളെ കൊണ്ട് ആവുന്നുണ്ടായിരുന്നില്ല   .മുരളീധരനെ ഈ വിവരം ആരും അറിയിച്ചില്ല . ശാസ്ത്രക്രിയ ഒഴിവാക്കി അസുഖം ഭേദമാക്കുവാന്‍ മുരളീധരന്‍റെ ഭാര്യ ഡോക്ടറെ കണ്ടു സംസാരിച്ചു .കൂടുതല്‍ ഭാഗങ്ങളിലേക്ക് പഴുപ്പ് വ്യാപിക്കുന്നതിന് മുന്‍പ് എത്രയുംവേഗം ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടറുടെ മറുപടി .ശാസ്ത്രക്രിയ നിശ്ചയിച്ച ദിവസ്സം പരിശോധനയ്ക്കാണെന്ന് പറഞ്ഞാണ് മുരളീധരനെ  ശാസ്ത്രക്രിയ ചെയ്യുന്ന മുറിയിലേക്ക് കൊണ്ടുപോയത് .മണിക്കൂറുകള്‍ക്ക് ശേഷം മുരളീധരനെ അത്യാഹിത വിഭാഗം മുറിയിലേക്ക് കൊണ്ടുവന്നു .

വലതു  കാല്‍പാദം   മുറിച്ചു നീക്കിയ വിവരം മുരളീധരന്‍ അറിഞ്ഞപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകിക്കൊണ്ടിരുന്നു .ജീവിതത്തില്‍ കഷ്ടതകള്‍ക്ക് ആരംഭം കുറിച്ചാല്‍ അത് അഗ്നി ആളിക്കത്തുന്നത് പോലെയാണ് അത് കത്തി പടര്‍ന്നുകൊണ്ടേയിരിക്കും ,ദുരിതങ്ങള്‍ അവിടെക്കൊണ്ട് അവസാനിച്ചില്ല വീണ്ടും പഴുപ്പ് കൂടി കാല്‍മുട്ടിന് താഴെ മുറിച്ചു മാറ്റി .മുരളീധരന്‍റെ മനസ്സ് എല്ലാ ബാധ്യതകളില്‍ നിന്നും ഒളിച്ചോടുവാന്‍ വല്ലാതെ കൊതിച്ചു .ഒറ്റ കാലനായ തനിക്കിനി ജോലി ചെയ്ത് കുടുംബത്തെ പോറ്റുവാന്‍ ആവില്ല എന്നത്  ഇനിയും ജീവിക്കുവാനുള്ള പ്രേരണ അയാളില്‍  നാമാവശേഷമായി  .വീട് പണിയുവാനുള്ള തുകയില്‍ നിന്നും ഇപ്പോള്‍ തന്നെ ഭീമമായ തുക ചികിത്സക്കായി വിനിയോഗിച്ചു .ഇനിയും പഴുപ്പ് വരുവാനും അവശേഷിച്ച കാല്‍മുട്ടിന് മുകള്‍ ഭാഗവും മുറിക്കേണ്ടി വരും എന്ന തിരിച്ചറിവ് മുരളീധരന്‍റെ മനസ്സിനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു .

ആശുപത്രിയില്‍ നിന്നും   തിരികെ വീട്ടിലേക്ക് പോരുന്ന ദിവസ്സം ഉറക്കത്തിനുള്ള ഗുളികകള്‍ മുരളീധരന്‍ പ്രത്യേകം ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചു . വീട്ടില്‍ എന്നും കട്ടിലില്‍ കിടന്നുറങ്ങുന്ന അയാള്‍ അന്ന് മക്കളും തന്‍റെ അരികില്‍ കിടക്കണം എന്ന് പറഞ്ഞത് കൊണ്ട് രണ്ടു മെത്തകള്‍ കൂട്ടിയിട്ട് നാലുപേര്‍ക്കും കിടക്കുവാനുള്ള സ്ഥലം ഒരുക്കി .അന്ന് ഒരുപാട് നേരം വൈകിയാണ് മക്കളും ഭാര്യയും ഉറങ്ങിയത് .അയാള്‍ക്കുറങ്ങുവാനാവുന്നുണ്ടായിരുന്നില്ല .അയാളുടെ തീരുമാനം നടപ്പിലാക്കുവാനുള്ള ദിവസ്സമായിരുന്നു ആ ദിവസ്സം. എല്ലാവരും ഉറങ്ങിയെന്ന്‍ ഉറപ്പുവരുത്തിയ ശേഷം മരുന്നുകള്‍ വെച്ചിരുന്ന മേശയിലേക്ക്‌ അയാളുടെ കൈകള്‍ നീണ്ടു .ഉറക്കത്തിനുള്ള ഗുളികയുടെ കവര്‍ എടുത്ത് കൈകളില്‍ കൊള്ളാവുന്ന അത്രയും ഗുളികകള്‍ അയാള്‍ എടുത്തുകഴിച്ചു .കവറിലെ എല്ലാ ഗുളികകളും കഴിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ നീണ്ടുനിവര്‍ന്നു കിടന്നു .ജീവിതത്തിലെ അവസാനത്തെ നിദ്രയിലെക്കുള്ള കിടത്തമായിരുന്നു ആ നീണ്ടുനിവര്‍ന്നുള്ള  കിടത്തം .നിമിഷങ്ങള്‍ക്കകം അയാളിലെ അവസാനത്തെ  നിദ്ര അയാളെ തേടിയെത്തി  .പ്രാരാബ്ദങ്ങളും, വേവലാതികളും,സങ്കടങ്ങളും,സാമ്പത്തിക പരാധീനതകളും ഇല്ലാത്ത ലോകത്തേക്കുള്ള അയാള്‍ കൊതിച്ച യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ മുരളീധരന്‍  തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ   ആവുന്നുള്ളൂ .ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുകയില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ ഇനിയൊരിക്കലും കഴിയുകയില്ല എന്ന തിരിച്ചറിവുള്ള  പച്ചയായ മനുഷ്യരുടെ മുന്‍പില്‍ ഈ ഭൂലോകത്ത് നിന്നും പലായനം ചെയ്യുക എന്നതല്ലാതെ മറ്റ് എന്ത് മാര്‍ഗ്ഗം .
                                         
                                                                                  ശുഭം
rasheedthozhiyoor@gamil.com                                                          rasheedthozhiyoor.blogspot.com