പണിതീരാത്ത വീടിന്‍റെ ഉമ്മറത്ത് കുടുംബസ്വത്ത് വീതം വെയ്ക്കുമ്പോള്‍ ചോദിച്ചു വാങ്ങിയ തന്‍റെ പിതാവ് ഉപയോഗിച്ചിരുന്ന ചാരുകസേരയില്‍ കിടക്കുകയാണ് മുരളീധരന്‍ .ഓര്‍മകളുടെ ഭാണ്ഡക്കെട്ടിന്‍റെ കെട്ടഴിഞ്ഞിരിക്കുന്നു .കൊഴിഞ്ഞുപോയ ജീവിത യാത്രയിലെ ഒരോ താളുകളും അയാളുടെ മനസ്സില്‍ മിന്നി മറിഞ്ഞുകൊണ്ടിരുന്നു . ഇടവമാസത്തിലെ ഇത്തവണത്തെ മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരിക്കുന്നു .മേല്‍ക്കൂരയില്‍ നിന്നും ശക്തിയായി പ്രവഹിക്കുന്ന മഴവെള്ളം മുന്‍പ് രൂപാന്തരപ്പെട്ട കുഴിയിലേക്ക് പതിച്ച് നിറഞ്ഞുകവിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകുന്നു .മുറ്റം നിറയെ മഴവെള്ളം നിറഞ്ഞിരിക്കുന്നു .മഴവെള്ളത്തിലേക്ക് ശക്തിയായി പ്രവഹിക്കുന്ന അനേകായിരം മഴത്തുള്ളികളുടെ ശബ്ദം ശ്രവിക്കുക എന്നത് അയാളുടെ ഇഷ്ടങ്ങളില്‍ ഒന്നാണ് . കഴിഞ്ഞ ദിവസം ഇളയ മകള്‍ സരസ്വതി കുഴിച്ചിട്ട പത്തുമണി പുഷ്പ ചെടികള്‍ മഴവെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ ഒഴികിപോകുന്നത് നിസഹായനായി അയാള്‍ നോക്കിയിരുന്നു.അലങ്കാര ചെടികള്‍ വളര്‍ത്തുക എന്നതാണ് സരസ്വതിയുടെ പ്രധാന വിനോദം .ചെടിച്ചട്ടികളിലെ ചെടികള്‍ കാറ്റിനാല്‍ ഉലയുമ്പോള്‍ ആവശ്യാനുസരണം വെള്ളം ലഭിച്ചതിലുള്ള സന്തോഷത്താല്‍ ചെടികള്‍ നൃത്തമാടുന്നത് പോലെ അയാള്‍ക്ക് തോന്നി .
ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍റെ ആഗ്രഹം മക്കള്‍ എല്ലാവരും ഒരു വീട്ടില്‍ത്തന്നെ ജീവിക്കണം എന്നതായിരുന്നു .അച്ഛനും,അമ്മയും സഹോദരന്മാരും സഹോദരികളും കൂടി ഒരുമിച്ചുള്ള ജീവിതം എത്ര മനോഹരമായിരുന്നു . പത്തുമക്കളില്‍ ഏഴാമനാണ് മുരളീധരന്‍. മൂന്നു സഹോദരിമാരും അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിവാഹിതരായിരുന്നു . അച്ഛന്‍റെ മരണം മുരളീധരന്‍റെ ജീവിതത്തില്‍ കഷ്ടതകളുടെ പ്രഹരമാണ് ഏല്‍പ്പിച്ചത്.മരണ സമയത്ത് അഞ്ചു സഹോദരങ്ങളും വിദേശ രാജ്യങ്ങളിലായിരുന്നു .ഇപ്പോഴും അവരൊക്കെ വിദേശ രാജ്യങ്ങളില്‍ തന്നെ ജോലി നോക്കുന്നു.ഏറ്റവും ഇളയ സഹോദരന്‍ നാട്ടില്‍ ഭൂമി കച്ചവടവും മറ്റുമായി ജീവിക്കുന്നു .കൂട്ടുകുടുംബത്തിലെ ജീവിതം അന്യമായപ്പോള്‍ ജീവിതത്തിനു മുന്‍പില്‍ പകച്ചുപോയി മുരളീധരന്‍.അച്ഛന് സ്വന്തമായി മൂന്ന്‍ ഏക്കറില്‍ കൂടുതല്‍ പറമ്പും രണ്ട് ഏക്കര്‍ വയലും ഉണ്ടായിരുന്നു .ഒരു മുഴുനീള കര്‍ഷകനായിരുന്നു അച്ഛന്‍ .കാര്‍ഷിക വൃത്തിയില്‍ അച്ഛന്‍റെ സഹായിയായി ജീവിക്കുവാനായിരുന്നു മുരളീധരന്‍റെ നിയോഗം .ആ നിയോഗത്തില്‍ അച്ഛന്‍ മരണപെടുന്നത് വരെ അയാള്‍ പൂര്‍ണ സംതൃപ്തനുമായിരുന്നു .ഉണ്ടായിരുന്ന കൃഷി ഭൂമി പത്തായി വീതം വെച്ചപ്പോള്‍ ലഭിച്ച അമ്പതു സെന്റ് ഭൂമി അയാള്‍ കൂടുതല്‍ ഹരിതാഭമാക്കി .
സഹോദരങ്ങള്‍ വിദേശത്തു നിന്നും അയക്കുന്ന പണം സ്വരൂപിച്ച് അവരവരുടെ പേരില്‍ അച്ഛന്‍ ഗ്രാമത്തില്‍ ഭൂമി വാങ്ങി കൂട്ടിക്കൊണ്ടിരുന്നു .ഓരോ മക്കളും വിവാഹപ്രായമാകുമ്പോള്‍ അവര്‍ക്ക് വേണ്ടി പുതിയ കിടപ്പ് മുറികള്‍ അച്ഛന്‍ പണിതുയര്‍ത്തി .ഇപ്പോള്‍ തറവാട്ടില്‍ മൊത്തം പതിനൊന്ന് കിടപ്പ് മുറികളുണ്ട് . അച്ഛന്‍ മരണപ്പെടുന്നതിന് ആറുമാസം മുന്‍പാണ് അമ്മയുടെ വിയോഗം .സ്തനാർബുദം ബാധിച്ച അമ്മയുടെ രണ്ടു സ്തനങ്ങളും നീക്കം ചെയ്തിരുന്നു.മൂത്ത സഹോദരന്‍ അയാളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ സ്വന്തമായി വീട് പണിത് താമസം മാറണം എന്ന് പറഞ്ഞപ്പോള്‍ അന്ന് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ മുരളീധരന്‍ ഓര്‍ത്തു .
,, ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് ഇങ്ങനെയാണ്. സ്വന്തമായി പണം സമ്പാദിച്ചാല്‍ പിന്നെ സ്വന്തമായി വീട് പണിയണം, ഭാര്യയും കുഞ്ഞുങ്ങളുമായി സ്വസ്ഥമായി തനിയെ ജീവിക്കണം .ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് അച്ഛനും ,അമ്മയും ,സഹോദരങ്ങളും ഒന്നും വേണ്ട അവരുടെ സ്നേഹവും വേണ്ട .എനിക്കും നിന്‍റെ അമ്മയ്ക്കും ഒരേഒരു ആഗ്രഹമേയുള്ളൂ .ഞങ്ങളുടെ കണ്ണുകള്‍ എന്നെന്നേയ്ക്കുമായി അടയുന്നത് വരെ ഞങ്ങളുടെ മക്കള്‍ ഞങ്ങളുടെ അരികില്‍ തന്നെ ഉണ്ടാവണം എന്ന് .നിങ്ങളുടെ മക്കളെ താരാട്ട് പാടി ഉറക്കിയും കഥകള്‍ പറഞ്ഞു കൊടുത്തും അവരുടെയൊക്കെസ്നേഹം ആവോളം ആസ്വദിച്ച് ഞങ്ങള്‍ക്ക് അവരെയൊക്കെ വളര്‍ത്തണം .ഇനി നിനക്ക് വേറെ വീട് ഇപ്പോള്‍ തന്നെ പണിയണം എന്നുണ്ടെങ്കില്‍ അങ്ങിനെയാവാം. പക്ഷെ പിന്നെ അച്ഛനേം അമ്മയേം കാണാനായി എന്‍റെ മോന്‍ ഈ വീടിന്‍റെ പടി ചവിട്ടരുത് ,,
അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏട്ടന്‍ ഒന്നും ഉരിയാടാതെ കിടപ്പ് മുറിയിലേക്ക് കയറിപ്പോയി .ഏട്ടത്തിയുടെ നിര്‍ബന്ധം മൂലമാണ് അന്ന് അച്ഛനോട് ഏട്ടന്‍ അങ്ങിനെ സംസാരിച്ചത് .പിന്നീട് ആ വീട്ടില്‍ ആരുംതന്നെ വീട് മാറി താമസിക്കണം എന്ന് അച്ഛനോട് പറയുന്നത് മുരളീധരന്‍ കേട്ടിട്ടില്ല .ഏട്ടന്‍ പോയി രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഏട്ടത്തിയും മക്കളും വിദേശത്തേക്ക് പോയി .മുരളീധരന്‍റെ വിവാഹവും ആര്‍ഭാടമായി തന്നെയാണ് നടത്തപ്പെട്ടത് .സ്വന്തമായി ഒരു സമ്പാദ്യവും അയാള്‍ക്കുണ്ടായിരുന്നില്ല .പറമ്പിലും ,വയലിലും തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിച്ചും,സ്വയം തൊഴിലെടുത്തും വര്‍ഷങ്ങള്‍ പോയതയാള്‍ അറിഞ്ഞില്ല
.സാമ്പത്തീകമായ ഒരു ബുദ്ധിമുട്ടുകളും അച്ഛന്‍റെ മരണംവരെ അയാള്‍ അറിഞ്ഞിരുന്നില്ല .പക്ഷെ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ ജീവിതത്തിന് താളപ്പിഴകള്‍ സംഭവിച്ചുതുടങ്ങി .അച്ഛന്‍റെ മരണശേഷം കൂട്ടുകുടുംബം നാമാവശേഷമായി.അച്ഛന്‍ മരണപ്പെട്ട് നാലാം മാസം സ്വത്തുക്കള്‍ വീതംവച്ചു .നാട്ടുനടപ്പ് പ്രകാരം ഏറ്റവും ഇളയ സഹോദരന് വീട് ലഭിച്ചു .പക്ഷെ വീട് രണ്ടാമത്തെ സഹോദരന്‍ ഇളയ സഹോദരനില്‍ നിന്നും വിലയ്ക്ക് വാങ്ങിച്ചു .മറ്റുള്ള സഹോദരങ്ങള്‍ അവരവര്‍ക്ക് ലഭിച്ച ഭൂമിയില്‍ ധൃതഗതിയില്‍ വീടിന്‍റെ പണികള്‍ ആരംഭിച്ചു . വീട് പണിയുവാന്‍ ലക്ഷങ്ങള്‍ വേണം. ഒരു പതിനായിരം രൂപ പോലും തികച്ചെടുക്കുവാനില്ലാത്ത മുരളീധരന്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയി.തറവാട് വാങ്ങിയ സഹോദരന്‍ തറവാട്ടില്‍ അയാളോടൊപ്പം താമസിക്കുവാന്‍ മുരളീധരനോട് പറഞ്ഞു .മനസ്സില്ലാമനസ്സോടെ വേറെയൊരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ട് മുരളീധരനും ,രണ്ടു പെണ്‍മക്കളും,ഭാര്യയും തറവാട്ടില്‍ തന്നെ ജീവിതം തുടര്‍ന്നു .
തറവാട് വാങ്ങിയ സഹോദരന്‍ പാവമായിരുന്നു സഹോദരന്‍ വിദേശത്തേക്ക് പോയപ്പോള്‍ ഏട്ടത്തിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം മുരളീധരനെ അത്ഭുതപ്പെടുത്തി .എന്ത് പ്രവര്‍ത്തിയിലും വീടിന്‍റെ അവകാശം ഏട്ടത്തിയുടെ സ്വഭാവത്തില്‍ പ്രതിഫലിച്ചുക്കൊണ്ടിരുന്നു.അടുക്കളയിലെ പണികളും മറ്റും തന്‍റെ ഭാര്യയും മക്കളും ചെയ്യണം. കോളെജില്‍ പോകുന്ന മക്കളുടെ ആവശ്യങ്ങള്‍ക്കും മറ്റും ഏട്ടത്തിയുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന തന്‍റെ വിധിയെ ഓര്‍ത്ത് അയാള്‍ സങ്കടപ്പെട്ടു .ഏട്ടന്‍റെ മക്കള്‍ പുതു വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ തന്‍റെ മക്കള്‍ പഴകിയ വസ്ത്രങ്ങള്‍ ധരിച്ചുക്കൊണ്ട് നടന്നു .ഏട്ടന്‍റെ മക്കള്‍ എന്നും പാലും മുട്ടയും കഴിക്കണം എന്ന് എട്ടത്തിക്ക് നിര്‍ബന്ധമായിരുന്നു .തന്‍റെ മക്കള്‍ക്ക് അതൊന്നും ലഭിച്ചിരുന്നില്ല .പിന്നെ പിന്നെ വേലക്കാരുടെ അവസ്ഥയിലേക്ക് മുരളീധരനും കുടുംബവും പരിണമിച്ചു .ഭാര്യയുടേയും മക്കളുടേയും അവസ്ഥ കണ്ട് അയാള്‍ക്ക് തറവാട്ടില്‍ തുടര്‍ന്നു ജീവിക്കുവാന്‍ താത്പര്യം ഇല്ലാതെയായി .ഗ്രാമത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത് മുരളീധരനും കുടുംബവും അവിടേയ്ക്ക് താമസം മാറി .മറ്റുള്ള സഹോദരന്മാര്‍ ആരുംതന്നെ സ്ഥിരതാമസത്തിനായി അവരുടെ വീട്ടിലേക്ക് മുരളീധരനേയും കുടുംബത്തേയും ക്ഷണിച്ചില്ല .
തന്‍റെ കൂടപ്പിറപ്പുകളില്‍ നിന്നും ഒറ്റപ്പെട്ടുപോയതില്‍ മുരളീധരന്‍ വല്ലാതെ സങ്കടപ്പെട്ടു . സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബാംഗങ്ങള്‍ ഇപ്പോള്‍ പരസ്പരം കാണുന്നത് തന്നെ വിരളമാണ് . മുരളീധരന്‍ ജോലി അന്യേഷിച്ചുക്കൊണ്ടിരുന്നു . നിരന്തരമുള്ള അന്യേഷണത്തിനൊടുവില്‍ ഒരു പലചരക്കുകടയില്‍ അയാള്‍ക്ക് ജോലി ലഭിച്ചു .വീട് വാടക കൊടുത്താല്‍ ബാക്കി മൂവായിരം രൂപയാണ് മിച്ചം വെയ്ക്കാന്‍ ഉള്ളത്. അതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവുകളും വീട്ടിലെ ചിലവുകളും നടത്തേണം .വീതംവച്ചതില്‍ നിന്നും ലഭിച്ച അമ്പതു സെന്റു ഭൂമിയില്‍ മുപ്പതില്‍ പരം തെങ്ങുകളുണ്ട്. അവയില്‍ നിന്നും ലഭിക്കുന്ന നാളികേരം വില്‍പ്പന ചെയ്‌താല്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കുന്ന പണത്തിന്‍റെ പകുതിയോളം നല്‍കണം .തെങ്ങുകയറ്റ കൂലി കൂടുതലായത് കൊണ്ട് മൂന്നു മാസം കൂടുമ്പോഴാണ് തെങ്ങ് കയറ്റിപ്പിക്കുന്നത് . പലചരക്കുകടയില്‍ ജോലിക്ക് പോകുന്നതിലുള്ള നീരസം സഹോദരങ്ങള്‍ അയാളെ അറിയിച്ചു. അയാളും കുടുംബവും എങ്ങിനെ ജീവിക്കുന്നു എന്ന് ആരുംതന്നെ തിരക്കിയില്ല .ജീവിത ഉപാധികളും ആരും നിര്‍ദേശിച്ചില്ല .എല്ലാവര്‍ക്കും അഭിമാന ക്ഷതമാണ് പ്രശ്നം .
സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുവാന്‍ എന്ത് ചെയ്യും എന്ന ആലോചനയ്ക്കിടയില്‍ ഭാര്യ അയാളോട് പറഞ്ഞു.
,, നമുക്ക് നമ്മുടെ അമ്പതു സെന്റ് ഭൂമിയില്‍ നിന്നും പകുതി വില്‍ക്കാം. ആ രൂപ ക്കൊണ്ട് നമുക്ക് ഒരു ചെറിയ വീട് പണിയാം .എത്ര നാളാ ഇങ്ങിനെ വാടക വീട്ടില്‍ താമസിക്കുന്നത് ,,
മുരളീധരന്‍ കിടന്ന കിടപ്പില്‍ നിന്നും തലയണ ചുമരിനോട് ഉയര്‍ത്തി വെച്ച് അല്പം നിവര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു .
,, നമ്മുടെ മക്കള്‍ക്ക് പത്തൊന്‍പതും , പതിനേഴും,വയസ്സായി നമുക്ക് അവരെ വിവാഹംകഴിപ്പിച്ചയക്കേണ്ടേ ...ഭൂമി വില്‍ക്കുന്ന പണംകൊണ്ട് വീട് പണിതാല്‍ മക്കളുടെ വിവാഹം എങ്ങിനെ നടത്തും ,,
അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചുക്കൊണ്ട് പറഞ്ഞു .
,, ഈ കാലത്ത് സ്വന്തമായി വീടില്ലാത്ത നമ്മുടെ മക്കള്‍ക്ക് നല്ല കുടുംബത്തില്‍ നിന്നും ഒരു ബന്ധം ലഭിക്കുമോ ? ഇപ്പോള്‍ നമുക്ക് സ്വന്തമായി ഒരു വീടാണ് പ്രധാനം നമുക്ക് അതിനുള്ള വഴി നോക്കാം പിന്നീടുള്ള ജീവിതം ഈശ്വരന്‍ നിശ്ചയിച്ചത് പോലെ നടക്കട്ടെ ,,
ഭൂമി വില്‍പ്പനയ്ക്കായി ഗ്രാമത്തിലെ ദല്ലാള്‍ ഇസ്മായിലിനെ മുരളീധരന്‍ ഇറച്ചി കടയില്‍ പോയി കണ്ടു .ഇറച്ചി വില്പനയും ഭൂമി കച്ചവടവുമാണ് ഇസ്മായിലിന്‍റെ തൊഴില്‍ . കടയില്‍ നല്ല തിരക്കുള്ള സമയമായത് കൊണ്ട് മുരളീധരന്‍ കടയുടെ പുറത്ത് കാത്തുനിന്നു .അല്പം കഴിഞ്ഞപ്പോള്‍ ഇസ്മായില്‍ മുരളീധരന്‍റെ അരികിലേക്ക് വന്നു .
,, ആരാ ഈ വന്നിരിക്കുന്നത്. എന്താ ചെയ്യാ ഓരോരുത്തര്‍ക്കും ഓരോരെ വിധി അല്ലാണ്ട് ഞമ്മള് എന്താ പറയാ .ഇങ്ങക്ക് തടീം മിടുക്കും ഉള്ള കുറേ സഹോദരങ്ങള് ഉണ്ടല്ലാ .എല്ലാരെ കയ്യിലും വെണ്ടുവോളം പണോം ഉണ്ട് എന്നിട്ടല്ലേ ഇങ്ങള് വാടക വീട്ടില് താമസിക്കണത് .കൂടപ്പിറപ്പുകള്‍ക്ക് കണ്ണീ ചോര ഇല്ലാണ്ടായാല്‍ ഇങ്ങനെയിരിക്കും .ഇങ്ങളെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് വിഷമം ഉണ്ട്‌ട്ടാ .ആട്ടെ ഇങ്ങള് വന്ന കാര്യം പറയീം ,,
മുരളീധരന്‍ ഇസ്മായിലിനെ കടയുടെ മുന്‍ഭാഗത്തു നിന്നും അല്‍പംകൂടി മാറ്റി നിര്‍ത്തി പറഞ്ഞു .
,, എനിക്ക് ആരും ഇല്ലാണ്ടായി ഇസ്മായില്‍ക്കാ ..എന്നും എന്‍റെ കൂടപ്പിറപ്പുകള്‍ എന്‍റെ കൂടെ ഉണ്ടാവും എന്ന് കരുതിയ ഞാനൊരു മണ്ടനായി പറമ്പും, വീടും, വയലും നോക്കി നടന്ന് ഞാന്‍ പെരുവഴിയിലായി .ആരോഗ്യമുള്ള കാലത്ത് വിദേശത്തേക്ക് പോയിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈ ഗതി വരില്ലായിരുന്നു .എനിക്ക് വീതംവച്ചു കിട്ടിയ അമ്പതു സെന്റ് ഭൂമിയില്‍ നിന്നും പകുതി ഭൂമി വില്‍ക്കണം .എന്നിട്ട് ഭാക്കിയുള്ള സ്ഥലത്ത് ഒരു വീട് പണിയണം .ഇസ്മായില്‍ക്കാ എന്‍റെ പറമ്പ് വില്പന ചെയ്തു തരണം ,,
ഇസ്മായിലിന്‍റെ മുഖത്ത് അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ സഹതാപം നിഴലിച്ചിരുന്നു .ഇസ്മായില്‍ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .
,, ഇങ്ങള് ദൈര്യമായി പോയ്ക്കൊളീന്‍. കിട്ടാവുന്നതില്‍ നല്ല വെല ഇങ്ങടെ പറമ്പിന് ഞമ്മള് വാങ്ങിച്ചു തരും .ആളേം കൂട്ടി ഞാന്‍ ഉടനെ അവിടേക്ക് വന്നേക്കാം ,,
ഇസ്മായിലിനോട് യാത്ര പറഞ്ഞ് മുരളീധരന്‍ വീട്ടിലേക്ക് നടന്നു .മനസ്സില്‍ സങ്കടം നിറഞ്ഞു നില്‍ക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു .ആകപ്പാടെ ഒരു വല്ലാത്ത അസ്വസ്ഥത .ഉള്ള ഭൂമിയല്‍ നിന്നും ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍ പകുതി ഭൂമി തനിക്ക് നഷ്ടമാകും .ജീവിതത്തിന് ഒരു സന്തോഷവും ഇല്ലാണ്ടായിരിക്കുന്നു .പ്രാരാബ്ദവും വേവലാതികളും ജീവിതത്തില്‍ കുമിഞ്ഞുകൂടുന്നു .ഇയ്യോബിന്‍റെ പുസ്തകത്തില്‍ വായിച്ച വാക്യം അപ്പോള്‍ അയാള്‍ ഓര്‍ത്തു . "അമ്മയുടെ ഉദരത്തിൽ നിന്ന് ഞാൻ നഗ്നനായി വന്നു; നഗ്നനായി മടങ്ങും; ദൈവം തന്നു; ദൈവം എടുത്തു "
അടുത്ത ദിവസ്സം രാവിലെ മുരളീധരന് ലഭിച്ച ഭൂമിയുടെ അതിര്‍ത്തി പങ്കിടുന്ന ഭൂമിയുടെ അവകാശിയായ ഏട്ടന്‍റെ ഭാര്യ മുരളീധരനെ കാണുവാന്‍ വന്നു .അവര്‍ക്ക് പറയുവാനുള്ളത് അവര്‍ പറഞ്ഞു .
,, മുരളിയുടെ വസ്തുവില്‍ നിന്നും പാതി വസ്തു വില്‍ക്കുന്നൂ എന്ന് അറിഞ്ഞ് ഇന്നലെ ഏട്ടന്‍ വിളിച്ചിരുന്നു .പുറത്തുള്ളവര്‍ക്ക് എന്തിനാ ഭൂമി വില്‍ക്കുന്നത് .വില്‍ക്കുന്ന വസ്തു ഞങ്ങള്‍ എടുത്തോളാം. നാട്ടില്‍ ഇപ്പോഴുള്ള വില ഞങ്ങള്‍ തരാം .പുറമേക്ക് ഭൂമി വില്‍പന ചെയ്‌താല്‍ ഭൂമി വാങ്ങിക്കുന്നവര്‍ നല്ല സ്വഭാവക്കാര്‍ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടെ സ്വസ്ഥമായി ജീവിക്കുവാന്‍ ആവുമോ ?,,
മുരളീധരന്‍ എന്ത് മറുപടി പറയണം എന്ന് അറിയാതെ വിഷമിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബാഗില്‍ നിന്നും ഒരു കെട്ട് നോട്ടെടുത്ത് മുരളീധരന്‍റെ നേര്‍ക്ക് നീട്ടികൊണ്ട് ഏട്ടത്തി പറഞ്ഞു .
,, ഇത് അഡ്വാന്‍സ് രണ്ടു ലക്ഷം രൂപയുണ്ട് ഇനി ഇന്ന് ഏട്ടന്‍ മുരളിക്ക് വിളിക്കും അപ്പോള്‍ വിലയും മറ്റു കാര്യങ്ങളും സംസാരിക്കും ,,
അങ്ങിനെ ഭൂമി സഹോദരന് തന്നെ കച്ചവടമായി .വേറെയൊരു സഹോദരന്‍ ഭൂമി വില്‍ക്കുന്ന കാര്യം അയാളോട് പറയാത്തതില്‍ പരിഭവം പ്രകടിപ്പിച്ചു .ഇസ്മായില്‍ ഭൂമി വാങ്ങിക്കുവാന്‍ ആളെയായി വന്നെങ്കിലും ഭൂമി കച്ചവടം കഴിഞ്ഞ വിവരം പറഞ്ഞപ്പോള്‍ അവര്‍ തിരികെ പോയി. അവര്‍ പറഞ്ഞ വിലയെക്കാളും കുറഞ്ഞ വിലയ്ക്കാണ് സഹോദരന് ഭൂമി കച്ചവടം ചെയ്തത് എന്ന തിരിച്ചറിവ് മുരളീധരനെ സങ്കടപ്പെടുത്തിയെങ്കിലും ,കൂടപ്പിറപ്പിനാണല്ലോ എന്നോര്‍ത്ത് ആശ്വാസിച്ചു .ആറുമാസത്തെ കരാറിലാണ് കച്ചവടം വീടിന്‍റെ പണി നടക്കുന്നതിനിടയില്‍ ആവശ്യമായ രൂപ നല്‍കാം എന്നും തീരുമാനമായി .വീടിന്‍റെ പണികള്‍ ധൃതഗതിയില്‍ തുടങ്ങിയെങ്കിലും ആവശ്യാനുസരണം രൂപ സഹോദരന്‍റെ പക്കല്‍ നിന്നും ലഭിക്കാത്തത് കൊണ്ട് പലപ്പോഴും വീടിന്‍റെ പണികള്‍ മുരളീധരന് നിറുത്തിവേയ്ക്കേണ്ടി വന്നു .
മഴയ്ക്ക് ശമനം വന്നപ്പോള്‍ ചാരുകസേരയില്‍ നിന്നും എഴുനേറ്റ് മുരളീധരന്‍ മുറ്റത്തേക്കിറങ്ങി .സരസ്വതി മഴവെള്ളത്തില്‍ ഒലിച്ചുപോയ പത്തുമണിപുഷ്പ ചെടികള്‍ പെറുക്കിയെടുത്തു കുഴിച്ചിടുന്നത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു .
,, മോളെ ആ ചെടികള്‍ ചട്ടിയിലോ ചാക്കില്‍ മണ്ണ് നിറച്ചോ കുഴിച്ചിടൂ.... അല്ലെകില്‍ അടുത്ത മഴയ്ക്ക് അതെല്ലാം ഒലിച്ചു പോകും ,,
സരസ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു .
,, ഒഴിവായ ചെടിച്ചട്ടികള്‍ ഇല്ല അച്ചാ.... ഞാന്‍ പോയി പ്ലാസ്റ്റിക് ചാക്ക് അടുക്കളയിലോ മറ്റോ ഉണ്ടോ എന്ന് നോക്കട്ടെ .
അല്‍പം കഴിഞ്ഞപ്പോള്‍ സരസ്വതി ചാക്കുമായി വന്നു .അവള്‍ കൈകൊട്ടുക്കൊണ്ട് ചാക്കിലേക്ക് മണ്ണ് വെട്ടിയിടുന്നത് കണ്ടപ്പോള്‍ മുരളീധരന്‍ കൈകൊട്ടു വാങ്ങി മണ്ണ് ചാക്കിലേക്ക് വെട്ടിയിട്ട് കൊടുക്കുവാന്‍ ആരംഭിച്ചു .മണ്ണ് വെട്ടിയ കൈകോട്ട് അയാളുടെ കയ്യില്‍ നിന്നും തെന്നി വെട്ട് കാല്‍പാദത്തില്‍ കൊണ്ടു .കാല്‍പാദത്തില്‍ നിന്നും രക്തം ചീറ്റിയപ്പോള്‍ സരസ്വതി ബോധരഹിതയായി നിലംപതിച്ചു .പുറത്തെ ബഹളം കേട്ട് അയാളുടെ ഭാര്യയും മൂത്ത മകളും അവരുടെ അരികിലേക്ക് ഓടിയെത്തി .നാട്ടുകാര്‍ ഓടിക്കൂടി രണ്ടുപേരേയും ആശുപത്രിയില്‍ കൊണ്ടുപോയി .പോകുന്ന വഴിയില്‍ സരസ്വതിക്ക് ബോധം തെളിഞ്ഞു .മുരളീധരനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറ്റിയ മുറിവ് തുന്നികെട്ടി .രക്തം പരിശോധിച്ചപ്പോള്‍ മുരളീധരന് രക്തത്തില്‍ ഷുഗറിന്‍റെ അളവ് അമിതമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു .മുറിവ് പഴുക്കാതെ സൂക്ഷിക്കണം എന്നും രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയില്‍ നിന്നും പോകാം എന്നും ഡോക്ടര്‍ പറഞ്ഞുവെങ്കിലും അന്ന് തന്നെ മുരളീധരന്‍ വീട്ടിലേക്ക് തിരികെപോന്നു .
മൂന്നാം ദിവസ്സം പാദത്തിലെ മുറിവിന് പഴുപ്പ് കൂടി മുരളീധരനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ദിവസ്സങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞുവെങ്കിലും മുറിവിലെ പഴുപ്പ് കൂടിക്കൂടി വന്നു .വൈദ്യശാസ്ത്രം പിന്നീട് വിധിയെഴുതി. മുരളീധരന്‍റെ കാല്‍പാദം മുറിച്ചു കളയണമെന്ന്. കാരണം അയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ മരുന്നുകളെ കൊണ്ട് ആവുന്നുണ്ടായിരുന്നില്ല .മുരളീധരനെ ഈ വിവരം ആരും അറിയിച്ചില്ല . ശാസ്ത്രക്രിയ ഒഴിവാക്കി അസുഖം ഭേദമാക്കുവാന്‍ മുരളീധരന്‍റെ ഭാര്യ ഡോക്ടറെ കണ്ടു സംസാരിച്ചു .കൂടുതല്‍ ഭാഗങ്ങളിലേക്ക് പഴുപ്പ് വ്യാപിക്കുന്നതിന് മുന്‍പ് എത്രയുംവേഗം ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടറുടെ മറുപടി .ശാസ്ത്രക്രിയ നിശ്ചയിച്ച ദിവസ്സം പരിശോധനയ്ക്കാണെന്ന് പറഞ്ഞാണ് മുരളീധരനെ ശാസ്ത്രക്രിയ ചെയ്യുന്ന മുറിയിലേക്ക് കൊണ്ടുപോയത് .മണിക്കൂറുകള്‍ക്ക് ശേഷം മുരളീധരനെ അത്യാഹിത വിഭാഗം മുറിയിലേക്ക് കൊണ്ടുവന്നു .
വലതു കാല്‍പാദം മുറിച്ചു നീക്കിയ വിവരം മുരളീധരന്‍ അറിഞ്ഞപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകിക്കൊണ്ടിരുന്നു .ജീവിതത്തില്‍ കഷ്ടതകള്‍ക്ക് ആരംഭം കുറിച്ചാല്‍ അത് അഗ്നി ആളിക്കത്തുന്നത് പോലെയാണ് അത് കത്തി പടര്‍ന്നുകൊണ്ടേയിരിക്കും ,ദുരിതങ്ങള്‍ അവിടെക്കൊണ്ട് അവസാനിച്ചില്ല വീണ്ടും പഴുപ്പ് കൂടി കാല്‍മുട്ടിന് താഴെ മുറിച്ചു മാറ്റി .മുരളീധരന്‍റെ മനസ്സ് എല്ലാ ബാധ്യതകളില്‍ നിന്നും ഒളിച്ചോടുവാന്‍ വല്ലാതെ കൊതിച്ചു .ഒറ്റ കാലനായ തനിക്കിനി ജോലി ചെയ്ത് കുടുംബത്തെ പോറ്റുവാന്‍ ആവില്ല എന്നത് ഇനിയും ജീവിക്കുവാനുള്ള പ്രേരണ അയാളില്‍ നാമാവശേഷമായി .വീട് പണിയുവാനുള്ള തുകയില്‍ നിന്നും ഇപ്പോള്‍ തന്നെ ഭീമമായ തുക ചികിത്സക്കായി വിനിയോഗിച്ചു .ഇനിയും പഴുപ്പ് വരുവാനും അവശേഷിച്ച കാല്‍മുട്ടിന് മുകള്‍ ഭാഗവും മുറിക്കേണ്ടി വരും എന്ന തിരിച്ചറിവ് മുരളീധരന്‍റെ മനസ്സിനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു .
ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് പോരുന്ന ദിവസ്സം ഉറക്കത്തിനുള്ള ഗുളികകള്‍ മുരളീധരന്‍ പ്രത്യേകം ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചു . വീട്ടില്‍ എന്നും കട്ടിലില്‍ കിടന്നുറങ്ങുന്ന അയാള്‍ അന്ന് മക്കളും തന്‍റെ അരികില്‍ കിടക്കണം എന്ന് പറഞ്ഞത് കൊണ്ട് രണ്ടു മെത്തകള്‍ കൂട്ടിയിട്ട് നാലുപേര്‍ക്കും കിടക്കുവാനുള്ള സ്ഥലം ഒരുക്കി .അന്ന് ഒരുപാട് നേരം വൈകിയാണ് മക്കളും ഭാര്യയും ഉറങ്ങിയത് .അയാള്‍ക്കുറങ്ങുവാനാവുന്നുണ്ടായിരുന്നില്ല .അയാളുടെ തീരുമാനം നടപ്പിലാക്കുവാനുള്ള ദിവസ്സമായിരുന്നു ആ ദിവസ്സം. എല്ലാവരും ഉറങ്ങിയെന്ന്‍ ഉറപ്പുവരുത്തിയ ശേഷം മരുന്നുകള്‍ വെച്ചിരുന്ന മേശയിലേക്ക് അയാളുടെ കൈകള്‍ നീണ്ടു .ഉറക്കത്തിനുള്ള ഗുളികയുടെ കവര്‍ എടുത്ത് കൈകളില്‍ കൊള്ളാവുന്ന അത്രയും ഗുളികകള്‍ അയാള്‍ എടുത്തുകഴിച്ചു .കവറിലെ എല്ലാ ഗുളികകളും കഴിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ നീണ്ടുനിവര്‍ന്നു കിടന്നു .ജീവിതത്തിലെ അവസാനത്തെ നിദ്രയിലെക്കുള്ള കിടത്തമായിരുന്നു ആ നീണ്ടുനിവര്‍ന്നുള്ള കിടത്തം .നിമിഷങ്ങള്‍ക്കകം അയാളിലെ അവസാനത്തെ നിദ്ര അയാളെ തേടിയെത്തി .പ്രാരാബ്ദങ്ങളും, വേവലാതികളും,സങ്കടങ്ങളും,സാമ്പത്തിക പരാധീനതകളും ഇല്ലാത്ത ലോകത്തേക്കുള്ള അയാള്‍ കൊതിച്ച യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ മുരളീധരന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആവുന്നുള്ളൂ .ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുകയില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ ഇനിയൊരിക്കലും കഴിയുകയില്ല എന്ന തിരിച്ചറിവുള്ള പച്ചയായ മനുഷ്യരുടെ മുന്‍പില്‍ ഈ ഭൂലോകത്ത് നിന്നും പലായനം ചെയ്യുക എന്നതല്ലാതെ മറ്റ് എന്ത് മാര്‍ഗ്ഗം .
ശുഭം
rasheedthozhiyoor@gamil.com rasheedthozhiyoor.blogspot.com