Showing posts with label ചെറുകഥ.അനപത്യത. Show all posts
Showing posts with label ചെറുകഥ.അനപത്യത. Show all posts

9 October 2015

ചെറുകഥ.അനപത്യത

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 



ഇന്നും മഴ ദിവസമാണ്. ഇന്നലെത്തന്നെ പശുക്കളെ പുല്ലു തീറ്റിക്കുവാന്‍ തൊഴുത്തില്‍ നിന്നും പുറത്തിറക്കുവാനായില്ല.സമയം രാവിലെ പത്തുമണിയായികാണും ,മഴയ്ക്ക്‌ അല്‍പം ശമനമായപ്പോള്‍ നിവേദിത തൊഴുത്തിനടുത്തേക്ക്  നടന്നു . ഇറച്ചിവെട്ടുകാരനും സഹായിയും ഉണ്ണ്യേട്ടന്‍റെ അച്ഛനോട് സംസാരിച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ നിവേദിത തിടുക്കത്തില്‍ കോവണി പടികള്‍ ഓടിക്കയറി മച്ചിന്‍ പുറത്തെ ജാലകത്തിനടുത്ത് കാതോര്‍ത്തുനിന്നു .മച്ചിന്‍പുറത്തെ ഇടനാഴിയിലെ ജാലകത്തിലൂടെ നോക്കിയാല്‍ വീടിന്‍റെ കിഴക്കുവശത്തുള്ള തൊഴുത്തിലെ പശുക്കളെ കാണാം .പടിഞ്ഞാറേക്ക്‌ നില്‍ക്കുന്ന പശുക്കള്‍ വീട്ടിലെ നിലവിളക്ക് കാണാവുന്ന വിധത്തിലാണ് തൊഴുത്ത് പണിതിരിക്കുന്നത്.കഴിഞ്ഞദിവസം അച്ഛന്‍ അമ്മയോട് പറഞ്ഞ വാക്കുകള്‍ കേട്ടതില്‍ പിന്നെ നിവേദിതയുടെ മനസ്സ് അസ്വസ്ഥമാണ്.അച്ഛന്‍ നന്ദിനിപശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കി ഇറച്ചിവെട്ടുകാരന് കൈമാറി പണം എണ്ണി തിട്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .ഇറച്ചിവെട്ടുകാരനും സഹായിയും നന്ദിനിപശുവിനെയും കൊണ്ട് നടന്നുനീങ്ങി . അപരിചിതരുടെ കൂടെ പോകുവാന്‍ വിസമ്മതിക്കുന്ന നന്ദിനിപശുവിനെ ഇറച്ചിവെട്ടുകാരന്‍ വടിക്കൊണ്ട് അടിച്ചുക്കൊണ്ടിരുന്നു.അപ്പോഴൊക്കെയും നന്ദിനി പശു അലറിക്കരയുന്നുണ്ടായിരുന്നു .

നിവേദിത കോവണി പടികള്‍ ഇറങ്ങുമ്പോള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു .

,, ആ  മച്ചിപശുവിനെ കാലമെത്രയായി തീറ്റിപ്പോറ്റാന്‍ തുടങ്ങിയിട്ട്.അശ്രീകരം ഇവിടെ ഉണ്ടായാല്‍ അത് ഈ കുടുംബത്തിന് നാശമാണ്‌ ,,

അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .

,, എന്നാലും അതിനെ ആ ഇറച്ചിവെട്ടുകാരന് കൊല്ലാന്‍ കൊടുക്കേണ്ടിയിരുന്നില്ല.,,

അമ്മയുടെ വാക്കുകള്‍ ഇഷ്ടമാകാതെ അച്ഛന്‍ ഉച്ചത്തില്‍ പറഞ്ഞു.

,, പിന്നെ ആ അശ്രീകരത്തിനെ എന്ത് ചെയ്യണമെന്നാ ഈ പറഞ്ഞു വരുന്നേ? .
ഒരു ഉപകാരവും ഇല്ലാത്ത ആ ജന്തുവിന്‍റെ ആയുസ്സ് ഒടുങ്ങും വരെ തീറ്റിപ്പോറ്റണമെന്നാണോ ?,,

ഇനിയും ഈ വിഷയത്തില്‍ അച്ഛനോട് സംസാരിച്ചാല്‍ അച്ഛനുമായി  വഴക്കിടേണ്ടി  വരും എന്നത് കൊണ്ടാവാം അമ്മ മുറ്റത്തുനിന്നും അകത്തേക്കുപോയി .അച്ഛന്‍ പശുവിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും അച്ഛന്‍റെ വാക്കുകള്‍ തന്നെയും കൂടി ചേര്‍ത്താണെന്ന് നിവേദിതയ്ക്ക് അറിയാം.പ്രസവിക്കേണ്ടുന്ന പ്രായത്തില്‍ പ്രസവിക്കാതെയായാല്‍ മൃഗങ്ങളായാലും മനുഷ്യസ്ത്രീകളായാലും സമൂഹം മച്ചി എന്ന നാമകരണം നല്കി ആദരിക്കുമല്ലോ .നിവേദിത ഉണ്ണികൃഷ്ണന്‍റെ സഹധര്‍മ്മിണിയായിട്ട് വര്‍ഷം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. വിവാഹത്തിനുശേഷം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പോലെ ഒരു കുഞ്ഞിന്‌ ജന്മംനല്‍കുവാന്‍ നിവേദിതക്കായില്ല.ഉണ്ണ്യേട്ടന്‍റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഈ തറവാട്ടിലെ അംഗമാകുവാനായത് തന്‍റെ ഏറ്റവുംവലിയ സൗഭാഗ്യമായിട്ടാണ് നിവേദിതയ്ക്ക് തോന്നിയത് .ഉണ്ണിയുമായുള്ള വിവാഹാലോചന വന്നപ്പോള്‍ തന്നെക്കാളും പതിനാറു വയസ്സ് കൂടുതല്‍ പ്രായമുള്ള ഉണ്ണിയെ വിവാഹംകഴിക്കുവാന്‍ നിവേദിതയ്ക്കുള്ള നീരസം അമ്മയെ അറിയിച്ചപ്പോള്‍ അച്ഛനില്‍ നിന്നുമുണ്ടായ പ്രതികരണം ഇടയ്ക്കൊക്കെ നിവേദിത ഓര്‍ക്കാറുണ്ട് .

,, ഉണ്ണിയുടെ തറവാടിന്‍റെ പടി ചവിട്ടുവാനുള്ള അര്‍ഹതയില്ലാത്തവരാണ് നമ്മള്‍.അയാള്‍ക്ക്‌ അല്പം പ്രായം കൂടുതല്‍ ഉള്ളതിനാലാണ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നത് . സ്ത്രീധനമായി അവര്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല .ഇവിടെ നിന്നും കൊടുക്കുവാന്‍ കഴിയുന്നത്‌ കൊടുത്താല്‍മതിയെന്നാണ് ഉണ്ണിയുടെ അച്ഛന്‍ പറഞ്ഞിരിക്കുന്നത്.ആ ഗ്രാമത്തിലെ പേരുകേട്ട തറവാടാണ് അവരുടേത് .കണ്ണെത്താദൂരത്തോളം ഭൂമിയുണ്ടവര്‍ക്ക് .നിന്‍റെ ഇളയതുങ്ങളെ ഓര്‍ത്തെങ്കിലും എന്‍റെ മോള് ഈ ബന്ധത്തിന് സമ്മതിക്കണം ,,

വിവാഹപ്രായമായ നാല് പെണ്‍മക്കളുടെ പിതാവിന് ഇങ്ങനെയൊരു തീരുമാനം എടുക്കുവാനെ നിര്‍വാഹമുള്ളൂ .അനിയത്തിമാരുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ നിവേദിത എതിര്‍പ്പുകള്‍ ഒന്നും പറഞ്ഞില്ല.ഉണ്ണ്യേട്ടന്‍റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെക്കുന്നത് വരെ മാത്രമേ ഉണ്ണ്യേട്ടന്‍റെ പ്രായ കൂടുതലിനെ കുറിച്ചുള്ള സങ്കടം നിലനിന്നുള്ളൂ .പട്ടാളക്കാരനാണെങ്കിലും ഉണ്ണ്യേട്ടന്‍ സ്നേഹസമ്പന്നനാണെന്നുള്ള തിരിച്ചറിവ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നതില്‍ സന്തോഷം നല്കി .ഉണ്ണ്യേട്ടന് ഒരു ജേഷ്ടനും ഒരു സഹോദരിയുമുണ്ട് .രണ്ടുപേരുടേയും വിവാഹം നിവേദിതയുടെ വിവാഹത്തിനു മുന്‍പേ കഴിഞ്ഞതാണ്.സഹോദരിയെ വിവാഹംകഴിച്ചയച്ചിരിക്കുന്നത് ദൂരദേശത്തെക്കായതിനാല്‍ അവര്‍ ഇടയ്ക്കൊക്കെയെ തറവാട്ടിലേക്ക് വരികയുള്ളൂ .നിവേദിതയുടെ വിവാഹംകഴിയുമ്പോള്‍ ഏട്ടന് രണ്ടുവയസ്സുകാരി മഞ്ജരിമോള്‍ മാത്രമേയുള്ളൂ. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു മകന്‍ കൂടി പിറന്നു.

ആദ്യകാലങ്ങളില്‍ എല്ലാവര്‍ക്കും നിവേദിതയോട് ഒരുപാട് ഇഷ്ടമായിരുന്നു.വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുംതോറും ആ ഇഷ്ടത്തിന് മങ്ങലേല്‍ക്കുന്നതവളറിഞ്ഞു .അതിനുള്ള കാരണം അവള്‍ക്ക് അമ്മയാകുവാന്‍ കഴിയുന്നില്ല എന്നത് തന്നെയായിരുന്നു.അമ്മയും ഉണ്ണ്യേട്ടനും തന്നെ ഈ കാലംവരെ ആശ്വസിപ്പിക്കുവാനെ ശ്രമിച്ചിട്ടുള്ളൂ .പക്ഷെ അച്ഛനും ഏട്ടത്തിയും എന്തിനും ഏതിനും അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.ഈയിടെയായി അച്ഛന്‍ അവളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തിയാല്‍ അശ്രീകരം എന്ന വാക്ക് എപ്പോഴും പറയും.ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിന് ഏല്‍ക്കുന്ന നോവ്‌ ചെറുതൊന്നുമല്ല.വര്‍ഷത്തില്‍ ഒരുമാസത്തെ അവധിക്ക് ഉണ്ണ്യേട്ടന്‍ വന്നാല്‍ എല്ലാവരും അവളോട്‌ സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളൂ .വീട്ടിലെ നന്ദിനി പശുവടക്കം ആറു പശുക്കളെ പരിപാലിക്കുന്ന ജോലി നിവേദിതയ്ക്കാണ്.നന്ദിനി പശുവിനെ നേരില്‍ കാണുന്നത് തന്നെ അച്ഛന് വെറുപ്പായിരുന്നു.അച്ഛന്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തേക്കു പോകുമ്പോള്‍ നന്ദിനി പശുവിനെ അച്ഛന്‍റെ ദൃഷ്ടിയില്‍ പെടാത്ത ഇടത്ത് കൊണ്ടുപോയി കെട്ടിയിടണം .പുറത്തേക്ക് പോകുവാനായി ഒരുങ്ങുമ്പോള്‍ തന്നെ അച്ഛന്‍ വിളിച്ചു പറയും.

,, എനിക്ക് ഒരിടം വരെ പോകണം ആ മച്ചി പശുവിനെ ദൃഷ്ടിയില്‍ പെടാത്ത ഇടത്തേക്ക് മാറ്റി കെട്ടുക  .ആ  അശ്രീകരത്തെ കണ്ടുപോയാല്‍ പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.ജന്മംനല്‍കേണ്ട സമയത്ത് അതിന് കഴിയാത്ത ഏതു ജീവനുള്ളവയെ ശകുനം കണ്ടുപോയാലും പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.,,

ഒരിക്കല്‍ നിവേദിത പശുക്കളെ പടിപ്പുരയുടെ പുറത്തുള്ള പറമ്പില്‍ കെട്ടിയിട്ടു തിരികെ പോരുമ്പോള്‍ അച്ഛന്‍ കാലന്‍ കുടയും എടുത്ത് പടുപ്പുര കടന്നുവരുന്നത്‌ ദൂരെ നിന്നുതന്നെ നിവേദിത കണ്ടു .അന്ന് ഏതോ ഭൂമിയുടെ കച്ചവടത്തിന് മുന്‍‌കൂര്‍ പണം കൊടുക്കേണ്ടുന്ന ദിവസ്സമായിരുന്നു.നിവേദിത അച്ഛന്‍റെ ദൃഷ്ടിയില്‍ പെടാതെയിരിക്കുവാന്‍ തെങ്ങിനു മറവില്‍ ഒളിക്കുവാനൊരു ശ്രമം നടത്തി പക്ഷെ അത് ഫലിച്ചില്ല.അച്ഛന്‍ അവളെ കണ്ടതും കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .

,, പണ്ടാരമടങ്ങാന്‍ അശ്രീകരം മുന്നില്‍ത്തന്നെ വന്നുപെട്ടൂലോ എന്‍റെ ഈശ്വരാ ...... ശകുനപിഴ കണ്ടുപോയാല്‍ ഇനി ഇന്ന് എന്താ ഉണ്ടാകുവാന്‍ പോകുന്നെ എന്ന് ഒരു നിശ്ചയവുമില്ല.കാത്തോളണേ ദേവീ....... മഹാമായേ ,,

നിവേദിതയെ പ്രാകിക്കൊണ്ട്‌ അച്ഛന്‍ നടന്നകന്നു .അച്ഛന്‍റെ വാക്കുകള്‍ കേട്ട്  സങ്കടം ഒതുക്കാന്‍  അവള്‍ക്കായില്ല .അവളുടെ കണ്ണുനീർ അണപൊട്ടിയൊഴുകി.അച്ഛന് എങ്ങിനെ ഇങ്ങനെയൊക്കെ സംസാരിക്കുവാനാവുന്നു !.മകന്‍റെ മക്കളെ താലോലിക്കുവാന്‍ ഏതൊരു മുത്തശ്ശനും ആഗ്രഹമുണ്ടാകും .ഒരു കുഞ്ഞിനുവേണ്ടി താന്‍ എന്തുമാത്രം ആഗ്രഹിക്കുന്നു എന്ന് ആരും ചിന്തിക്കാത്തതില്‍ നിവേദിതയുടെ സങ്കടം അധികരിച്ചു . എത്രയോ ഡോക്ടര്‍മാരുടെ അരികില്‍ പോയി താന്‍ ചികിത്സ തേടിയിരിക്കുന്നു.തനിക്കു ചില ഹോര്‍മോണുകളുടെ തകരാറുകള്‍ ഉണ്ടെങ്കിലും ഗര്‍ഭധാരണം തന്നില്‍ സാധ്യമാണ് എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.ഉണ്ണ്യേട്ടന്‍ അവധിക്ക് വരുമ്പോള്‍ പലപ്പോഴും പറഞ്ഞതാണ് ഏതെങ്കിലുംമൊരു ഡോക്ടറുടെ അരികില്‍ പോയി പരിശോധന നടത്താന്‍ .ഓരോരെ ഒഴിവുകള്‍ പറഞ്ഞ് ഈകാലം വരെ ഉണ്ണ്യേട്ടന്‍ തന്‍റെ ആവശ്യം അംഗീകരിച്ചിട്ടില്ല.അവള്‍ അന്ന് നന്ദിനി പശുവിന്‍റെ അരികില്‍ പോയിനിന്ന് പശുവിനെ തലോടിക്കൊണ്ട് പറഞ്ഞു.

,, എന്‍റെ നന്ദിനീ..... നിനക്കും എനിക്കും ഒരേവിധിയാണല്ലോ .പ്രസവിക്കാത്തതുക്കൊണ്ട് എല്ലാവര്‍ക്കും എന്നോടും നിന്നോടും വെറുപ്പാണ് .ശാപജന്മമാണ് നമ്മുടേത്‌ .എന്‍റെ നന്ദിനി വിഷമിക്കേണ്ട ട്ടോ ...എന്‍റെ നന്ദിനിയെ ഞാന്‍ ഒരിക്കലും ശപിക്കില്ലാട്ടോ ..എനിക്ക് ജീവനുള്ള കാലം വരെ ഞാന്‍ നിന്നെ ഒരു കുറവും കൂടാതെ നോക്കിക്കോളാം ,,

നന്ദിനി പശു നിവേദിതയുടെ കൈകളില്‍ നക്കിക്കൊണ്ട്‌ അതിന്‍റെ സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.മിണ്ടാപ്രാണിയാണെങ്കിലും നിവേദിതയുടെ സങ്കടങ്ങള്‍ അവള്‍ പങ്കുവെയ്ക്കുന്നത് നന്ദിനി പശുവിനോടാണ്.അവള്‍ക്കു അത്രയ്ക്ക് ഇഷ്ടമാണ് നന്ദിനി പശുവിനെ.ഉണ്ണ്യേട്ടന്‍റെ അച്ഛന്‍ പോയ കാര്യം തന്‍റെ കഷ്ടകാലത്തിന് അന്ന് ശെരിയായില്ല .തിരികെ വന്ന അച്ഛനില്‍ നിന്നും അന്നവള്‍ക്ക് ഒരുപാട് ശകാരം കേള്‍ക്കേണ്ടി വന്നു.അന്ന് കിടപ്പുമുറിയില്‍ പോയി ഒരുപാട് കരഞ്ഞു. ഇന്ന് നന്ദിനി പശു നിവേദിതയ്ക്ക് അന്യമായിരിക്കുന്നു.നന്ദിനി പശുവിനെ വില്‍ക്കുവാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍  അമ്മയോട്  അവള്‍  അതിനെ വില്‍ക്കരുതേ എന്ന് അച്ഛനോ പറയുവാന്‍   പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ അവളെ കൂടുതല്‍ വിഷമിപ്പിച്ചു.

,, എന്‍റെ കുട്ടീ..... അച്ഛന്‍ ഒരു തീരുമാനം എടുത്താല്‍ ഞാന്‍ പറഞ്ഞാലൊന്നും ആ തീരുമാനത്തില്‍ നിന്നും പിന്തിരിയില്ല.തന്നെയുമല്ല ആ പശു പ്രസവിക്കില്ല എന്ന് മൃഗ ഡോക്ടര്‍ തീര്‍ത്തും പറഞ്ഞതല്ലെ .അതിനെ തീറ്റിപ്പോറ്റിയിട്ട് എന്താ ഗുണം? .ഈ കാലത്ത് ഒരു പശുവിനെ തീറ്റിപ്പോറ്റാന്‍ എന്തോരം പണം ചിലവഴിക്കണം .എനിക്ക് വയ്യ കുട്ടി........ അച്ഛന്‍റെ വഴക്ക് കേള്‍ക്കുവാന്‍.,,

അച്ഛനോട് നേരിട്ട് പറയുവാന്‍ അവള്‍ക്ക് ഭയമായിരുന്നു.വിവാഹം കഴിഞ്ഞു വന്ന കാലത്ത് അച്ഛന് ഭക്ഷണം വിളമ്പി കൊടുക്കുന്നതും മറ്റും നിവേദിതയായിരുന്നു.വെള്ളംകുടിക്കണമെങ്കില്‍ പോലും,, മോളേ ,,എന്ന് നീട്ടി വിളിക്കുമായിരുന്നു.ആ വിളി കേള്‍ക്കുമ്പോള്‍ മനസ്സിന് എന്തൊരു ആശ്വാസമായിരുന്നു.ഇപ്പോള്‍‌  തന്നെ കണ്മുന്നില്‍ കാണുന്നതുപോലും അച്ഛന് ഇഷ്ടമല്ല.ആ വീട്ടിലെ ജീവിതം അവള്‍ക്ക് ശെരിക്കും മടുത്തു തുടങ്ങിയിരുന്നു.ഉണ്ണ്യേട്ടനെ ഓര്‍ക്കുമ്പോള്‍ എല്ലാ സങ്കടങ്ങളും അവളില്‍ നിന്നും പമ്പകടക്കും. ഏട്ടന്‍റെ മകള്‍ മഞ്ജരിക്ക് ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം നിവേദിതയോടാണ്.താന്‍ ഈ വീടിന്‍റെ പടി കയറിയതില്‍ പിന്നെ  മഞ്ജരി  നിവേദിതയെ അമ്മയെന്നാണ് വിളിക്കുന്നത്‌.ഏട്ടത്തിയെ വല്യമ്മയെന്നും . ഏട്ടത്തി കുഞ്ഞുനാള്‍ മുതലെ നിവേദിതയെ അമ്മയെന്ന് വിളിക്കുന്നത്‌ തിരുത്തുവാന്‍ ശ്രമിച്ചതാണ് പക്ഷെ ആ ശ്രമം വിഫലമായി .മഞ്ജരി ഉറങ്ങുവാന്‍ കിടക്കുന്നതും നിവേദിതയുടെ കൂടെയാണ്. ഏട്ടന്‍ ഗള്‍ഫിലായത് കൊണ്ട് ഏട്ടത്തി കുഞ്ഞുങ്ങളുടെ വിദ്യാലയങ്ങള്‍ക്ക് അവധിയുള്ളപ്പോഴൊക്കെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോകും. കുഞ്ഞായിരിക്കുമ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകുവാന്‍ വിസമ്മതിച്ച് നിവേദിതയുടെ പുറകില്‍ വന്നു നില്‍ക്കും . ഏട്ടത്തി ദേഷ്യത്തോടെ അപ്പോഴൊക്കെയും മോളെ എടുത്തുക്കൊണ്ട് പോകുകയാണ് പതിവ്. പക്ഷെ ഇപ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകാറില്ല അവളിപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു .

ഇന്ന് പുലര്‍ച്ചെ മുതല്‍ തുടങ്ങിയതാണ്‌ മഴ. ഇടയ്ക്കൊക്കെ മഴയ്ക്ക്‌ ശമനം ഉണ്ടാകുമെങ്കിലും അല്‍പസമയം കഴിയുമ്പോഴേക്കും പൂര്‍വാധികം ശക്തിയോടെ മഴ വീണ്ടും പെയ്തുകൊണ്ടിരുന്നു .രാവിലെ മഴയുള്ളതുകൊണ്ടാണ് നന്ദിനി പശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കിക്കെട്ടാതെയിരുന്നത്.രാവിലെ മഴയ്ക്ക്‌ അല്‍പം ശമനം കണ്ടപ്പോഴാണ്  തൊഴുത്ത്  വൃത്തിയാക്കി പശുക്കളെ തൊഴുത്തില്‍ നിന്നും അഴിച്ചുക്കെട്ടാം എന്ന് കരുതി തൊഴുത്തിന് അരികിലേക്ക് പോയത്. അപ്പോഴാണ്‌ ഇറച്ചിവെട്ടുകാരനും സഹായിയും വന്നത് .അവരെ കണ്ടപ്പോള്‍തന്നെ നിവേദിതയുടെ ഹൃദയമിടിപ്പിന്‍റെ വേഗം അധികരിച്ചിരുന്നു.ശരീരമാകെ തളരുന്നതുപോലെ തോന്നിയവള്‍ക്ക്‌.രാത്രി ഉറങ്ങുവാന്‍ കിടന്നിട്ട് അവള്‍ക്ക് ഉറങ്ങുവാനായില്ല.മഞ്ജരി മോളുടെ മുടിയിഴകളില്‍ നിന്നും ഈര് വലിച്ചെടുക്കുമ്പോള്‍ മോള് പറഞ്ഞു.

,, അമ്മേ തലവേദനിക്കുന്നു. അമ്മയുടെ മനസ്സ് എവിടെയാ എനിക്ക് അറിയാം അമ്മ നന്ദിനി പശുവിനെ ഓര്‍ക്കുകയല്ലേ ,,

നിവേദിത മഞ്ജരിയുടെ ശിരസ്സ്‌ തലയണയിലേക്ക് ചായ്ച്ചു നീണ്ടുനിവര്‍ന്നി കിടന്നുക്കൊണ്ട് പറഞ്ഞു.

,, അതെ മോളെ....... ഞാന്‍ നന്ദിനിയെ തന്നെയാണ് ഓര്‍ക്കുന്നത് .അതിന്‍റെ ആയുസ്സ് ഒരു പക്ഷെ നാളെ തന്നെ അവസാനിക്കും .ഒരു ദാക്ഷിണ്യം ഇല്ലാതെ ആ ഇറച്ചിവെട്ടുകാരന്‍ നന്ദിനിയുടെ കഴുത്തില്‍ കത്തി വെയ്ക്കും. ആ മിണ്ടാപ്രാണി നിലംപതിച്ചു പിടഞ്ഞുപിടഞ്ഞു ഇല്ലാതെയാവും .ഈ ലോകത്ത് ജീവനുള്ളവയെ ഒന്നിനേയും കൊല്ലാതെയിരുന്നെങ്കില്‍...,,

മഞ്ജരി നിവേദിതയുടെ കണ്ണുകളില്‍നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുക്കൊണ്ട് പറഞ്ഞു .

,, നമ്മുക്കൊരു കാര്യം ചെയ്താലോ? .അമ്മേടെ വീട്ടില്‍ തൊഴുത്തുണ്ടല്ലോ .അമ്മയുടെ അച്ഛനോട് പറഞ്ഞ് നമുക്ക് ആ ഇറച്ചിവെട്ടുകാരനില്‍ നിന്നും നമ്മുടെ നന്ദിനി പശുവിനെ തിരികെ വാങ്ങിയാലോ ? .തിരികെ വാങ്ങുന്നത് ഇവിടത്തെ മുത്തശ്ശന്‍ അറിയാതെയിരുന്നാല്‍ മതിയല്ലോ ,,

മോള് പറഞ്ഞ ബുദ്ധി തനിക്കു തോന്നാതെയിരുന്നതിലുള്ള കുറ്റബോധം മൂലം നിവേദിതയുടെ മനസ്സുനൊന്തു .അവള്‍ ഉടനെതന്നെ മൊബൈല്‍ഫോണ്‍ എടുത്ത് അച്ഛനെ വിളിച്ച് കാര്യം ധരിപ്പിച്ചു .അച്ഛന്‍ രാവിലെ തന്നെ ഇറച്ചിവെട്ടുകാരന്‍റെ അരികില്‍ പോയി അയാള്‍ പറയുന്ന തുകയ്ക്ക് തന്നെ പശുവിനെ തിരികെ വാങ്ങിക്കാം എന്ന് ഉറപ്പ് പറഞ്ഞപ്പോള്‍ അവളുടെ അസ്വസ്ഥമായ മനസ്സ് അല്പം ശാന്തമായി .തിരികെ മെത്തയില്‍ വന്നുകിടന്നപ്പോള്‍ ബുദ്ധി പറഞ്ഞു തന്ന മോള്‍ക്ക്‌ കവിളിലൊരു ചുംബനം നല്കുവാന്‍ നിവേദിത മറന്നില്ല.നന്ദിനി പശുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കിയതിനാല്‍ നിദ്രാ ദേവി വളരെ വൈകിയാണ് അവളെ കടാക്ഷിച്ചത്.   നേരം പുലരുന്നതിനു മുന്‍പ്തന്നെ മൊബൈല്‍ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് നിവേദിത ഉറക്കമുണര്‍ന്നത്‌.അങ്ങേത്തലയ്ക്കല്‍ അച്ഛന്‍റെ ശബ്ദമാണ് .

,, മോളെ....... ഈ കശാപ്പുകാര്‍ മാടുകളെ നേരംപുലരുന്നതിനു മുന്‍പ്തന്നെ കശാപ്പുചെയ്യുന്നതിനാല്‍ അച്ഛന്‍ പുലര്‍ച്ചെ നാലുമണിയോടെ മോള് പറഞ്ഞ കശാപ്പുക്കാരനെ ചെന്ന് ക്കണ്ടു. അയാള്‍ നമ്മുടെ പശുവിനെ ഇന്നലെത്തന്നെ കശാപ്പുചെയ്ത് ഇന്ന് നടക്കുവാന്‍ പോകുന്ന വിവാഹ സല്ക്കാരത്തിനായി വിതരണം ചെയ്തുവത്രേ .ഇനിയിപ്പോ എന്താ ചെയ്യാ. മോള് വെറുതെ മനസ്സ് വിഷമിപ്പിക്കാതെ, അച്ഛന്‍ നാളെയങ്ങാനും മോളുടെ അരികിലേക്ക് വരാം ,,

അച്ഛന്‍ ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ നിവേദിത വീണ്ടും മെത്തയിലേക്ക് ചാഞ്ഞുകൊണ്ട് മഞ്ജരിയെ കെട്ടിപ്പിടിച്ചു കിടന്നു.നല്ല തണുപ്പുണ്ടെങ്കിലും വല്ലാത്തൊരു വിമ്മിഷ്ടം നിവേദിത അനുഭവിക്കുന്നുണ്ടായിരുന്നു.ഈയിടെയായി ഉണ്ണ്യേട്ടന്‍റെ അച്ഛന്‍ തന്നെ മാനസീകമായി വല്ലാതെ പീഡിപ്പിക്കുന്നുണ്ട്.സഹിക്കാവുന്നതിലുമപ്പുറമാണ് അച്ഛന്‍റെ കുറ്റപ്പെടുത്തലുകളും തന്നോടുള്ള പെരുമാറ്റങ്ങളും .ഉണ്ണ്യേട്ടന്‍ വരുന്നതുവരെ വീട്ടില്‍ പോയി നിന്നാലോ എന്ന് പോലും തോന്നുന്നുണ്ട് .പക്ഷെ മഞ്ജരി മോളെ പിരിഞ്ഞിരിക്കുവാന്‍ തനിക്കോ തന്നെ പിരിഞ്ഞിരിക്കുവാന്‍ മഞ്ജരി മോള്‍ക്കോ കഴിയാത്ത അത്രയ്ക്കുമൊരു ആത്മബന്ധം തങ്ങളില്‍ ഉടലെടുത്തിരിക്കുന്നു.ജന്മം നല്‍കിയില്ലെങ്കിലും  പെറ്റമ്മയെക്കാളും കൂടുതല്‍ മോള് തന്നെ സ്നേഹിക്കുന്നുണ്ട് .ഭക്ഷണം നല്കുവാനും നല്ലെണ്ണ തേച്ചു കുളിപ്പിക്കുവാനും,ഒരുക്കിക്കൊടുക്കുവാനുമൊക്കെ മോള്‍ക്ക്‌ താന്‍ ത്തന്നെ വേണം . മച്ചി എന്ന് തന്നെ സമൂഹവും, കുടുംബവും മുദ്രകുത്തി പ്രസവിക്കാത്തതിന്‍റെ പേരില്‍ പരിഹസിക്കുമ്പോഴും ഈ ലോകത്ത് ജീവിക്കുവാനുള്ള പ്രേരണ മഞ്ജരി മോളും ഉണ്ണ്യേട്ടനുമാണ് .

അച്ഛന്‍റെ കുത്തുവാക്കുകളും ശകാരവും നാള്‍ക്കുനാള്‍ അധികരിച്ചുക്കൊണ്ടിരുന്നു.ഉണ്ണ്യേട്ടന്‍ അടുത്തമാസം ഒന്നാം തിയ്യതി അവധിക്ക് വരും. ഇത്തവണ വന്നാല്‍ എന്തായാലുമൊരു വന്ധ്യതയ്ക്കുള്ള ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകണം .പ്രായം രണ്ടുപേര്‍ക്കും അധികരിച്ചുക്കൊണ്ടിരിക്കുന്നു.സ്ത്രീകള്‍ക്ക് മുപ്പത്തിയാറ് വയസ്സില്‍ കൂടുതലായാല്‍ പിന്നെ ഗര്‍ഭധാരണം പ്രയാസകരമാണെന്ന് വായിച്ചറിഞ്ഞിട്ടുണ്ട് .ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതുപോലെ..... ഉണ്ണ്യേട്ടന്‍റെ വരവിനായി നിവേദിത പ്രതീക്ഷയോടെ കാത്തിരുന്നു.

കാത്തിരിപ്പിനൊടുവില്‍ ഉണ്ണ്യേട്ടന്‍ ഒന്നാംതിയ്യതി വൈകുംനേരം വീട്ടിലെത്തി .എല്ലാവരോടും കുശലാന്വേഷണം കഴിഞ്ഞ് മച്ചിന്‍ പുറത്തെ കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ മഞ്ജരി മോളും ഒപ്പം ഉണ്ടായിരുന്നു.തനിയെ കിട്ടിയാല്‍ ആ മാറില്‍ തലചായ്ച്ച് എല്ലാ സങ്കടങ്ങളും പറഞ്ഞ് ഒന്ന് പൊട്ടിക്കരഞ്ഞാലെ മനസ്സിലെ വിമ്മിഷ്ടത്തിന് ശമനം ലഭിക്കുകയുള്ളൂ .ഉണ്ണിയേട്ടന്‍ കുളിക്കുവാനായി പോയപ്പോള്‍ ഏട്ടത്തി വന്ന് മഞ്ജരി മോളെ കൂട്ടിക്കൊണ്ടുപോയി .ഉണ്ണ്യേട്ടന്‍ കുളിമുറിയില്‍ നിന്നും പുറത്തുവരുവാനായി അക്ഷമയോടെ നിവേദിത കാത്തിരുന്നു. പന്ത്രണ്ടു വര്‍ഷം പോയതറിഞ്ഞില്ല .ഉണ്ണ്യേട്ടന്‍ വര്‍ഷാവര്‍ഷം അവധിക്ക് വന്നത് കൂട്ടിയാല്‍ തങ്ങള്‍ക്ക് ഒരിമിച്ചു ജീവിക്കുവാനായത് പന്ത്രണ്ടു മാസങ്ങള്‍ മാത്രമാണ്.ജീവിതം ഏറ്റവും പ്രിയങ്കരമായതും ഈ കാലയളവിലാണ്.നിവേദിത അലമാരയുടെ കണ്ണാടിയില്‍ തന്‍റെ പ്രതിബിംബം നോക്കിനിന്നു.മുടിയിഴകളില്‍ വെള്ളിനൂല്‍ പോലെ നര ബാധിച്ചു തുടങ്ങിയിരിക്കുന്നു .മനസ്സില്‍ എപ്പോഴും സങ്കടമുള്ളവരുടെ മുടി യവ്വനം  കാലത്തുതന്നെ നരയ്ക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്. മുഖത്തെ പ്രസരിപ്പിനും മങ്ങലേറ്റിരിക്കുന്നു.

കുളിമുറിയില്‍ നിന്നും ഉണ്ണ്യേട്ടന്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നിവേദിത ഓടിച്ചെന്നു അയാളുടെ മാറിലേക്ക്‌ ചാഞ്ഞു .അവള്‍ എല്ലാ നിയന്ത്രണവും വെടിഞ്ഞ് പൊട്ടിക്കരഞ്ഞു.അയാള്‍ അവളെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ചുക്കൊണ്ട് പറഞ്ഞു.

,, എന്താടോ പതിവില്ലാത്തവിധം ഇത്രയും സങ്കടം എന്താ ഉണ്ടായെ ?,,

അവളുടെ ആര്‍ത്തനാദം പുറത്തേക്ക് കേള്‍ക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ അവളുടെ വായ പൊത്തിപിടിച്ച്‌ വീണ്ടും ചോദിച്ചു .

,, എന്താ ?... എന്താ ഉണ്ടായെ എന്തായാലും ഉണ്ണ്യേട്ടനോട് പറയു,,

അവള്‍ അയാളെ ഒന്നുകൂടി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു പറഞ്ഞു.

,,ഉണ്ണ്യേട്ടാ.....എനിക്ക് അമ്മയാകണം എനിക്കൊരു കുഞ്ഞിനെ വേണം .ഞാന്‍ എന്തുമാത്രം ചികിത്സകള്‍ നടത്തി........ പരിശോധിച്ച എല്ലാ ഡോക്ടര്‍മാരും പറയുന്നത് എനിക്ക് ഗര്‍ഭധാരണത്തിന് യാതൊരുവിധ തടസ്സങ്ങളുമില്ലാ എന്നാണ്. എന്നിട്ടും എന്നെ എല്ലാവരും മച്ചിയെന്നു വിളിക്കുന്നു.എനിക്ക് ഇനിയും വയ്യ സമൂഹത്തിന്‍റെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ ,,

ഉണ്ണി അവളെ തന്‍റെ മാറില്‍ നിന്നും അകറ്റി ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിനിന്നു .അയാളുടെ ആ പ്രവര്‍ത്തി അവളെ അങ്കലാപ്പിലാക്കി.അവള്‍ അയാളുടെ പുറകില്‍ പോയിനിന്നു വിളിച്ചു .

,,ഉണ്ണ്യേട്ടാ ....എന്താ ഒന്നും പറയാത്തെ ?,,

ഉണ്ണി വിദൂരതയില്‍ നിന്നും നോട്ടം പിന്‍വലിക്കാതെതന്നെ പറഞ്ഞു .

,, എന്നോട് ക്ഷമിക്കണം. കഴിഞ്ഞ തവണ അവധിക്ക് വന്നുപോയപ്പോള്‍ മിലിട്ടറിയുടെ അധീനതയിലുള്ള ആശുപത്രിയില്‍ പോയി ഞാന്‍ വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു.നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന്‍റെ കാരണക്കാരന്‍ ഞാനാണ് .ഞാന്‍ മിലിട്ടറിയില്‍ ചേര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ്‌ പാകിസ്ഥാന്‍ അതിര്‍ത്തി കാവലിനുള്ള ബറ്റാലിയനില്‍ ഞാനും അംഗമായി ചേര്‍ന്നു .തീവ്രവാദികളുടെ ആക്രമണത്തില്‍ എനിക്ക് ഗുരുതരമായ പരിക്കേറ്റു . സാരമായി പരിക്കുകള്‍ പറ്റിയ എന്‍റെ വൃഷണങ്ങള്‍ അന്ന് ശാസ്ത്രക്രിയ ചെയ്തിരുന്നു .പക്ഷെ പിതാവാകുവാന്‍ ആവില്ലായെന്ന് കഴിഞ്ഞ തവണ അവധിക്ക് വന്നു തിരികെ പോകുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ കാരണം എല്ലാ അപഹാസ്യങ്ങളും സഹിക്കുന്നത് ഇയാളല്ലെ ,,

ഉണ്ണിയുടെ വാക്കുകള്‍ കേട്ട നിവേദിത തളര്‍ന്നിരുന്നു.മാതാവാകുക എന്ന തന്‍റെ ആഗ്രഹം ചിന്നഭിന്നമായിരിക്കുന്നു.തന്നിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. വ്യസനത്തോടെയിരിക്കുന്ന നിവേദിതയുടെ നിര്‍മലമായ കൈത്തലം നുകര്‍ന്നുക്കൊണ്ട് ഉണ്ണി പറഞ്ഞു.

,, എന്‍റെ ജന്മം പാപ ജന്മമാണ് .മക്കളില്ലാത്ത ജീവിതം അര്‍ത്ഥമില്ലാത്തതാണ് .ചികിത്സിച്ചാല്‍ പോലും എനിക്ക് ഈ ജന്മത്തില്‍ പിതാവാകുവാന്‍ കഴിയില്ല.നമുക്ക് പിരിയാം ......തനിക്ക് ഇനിയുമൊരു ജീവിതം ലഭിക്കും ,,

ഉണ്ണിയുടെ വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്‍പ് നിവേദിത ഉണ്ണിയുടെ വായ പൊത്തിക്കൊണ്ട് പറഞ്ഞു .

,, അരുത് ഇങ്ങനെയൊന്നും പറയരുത്. എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നില്ലായെങ്കില്‍ എന്നെ ഉണ്ണ്യേട്ടന്‍ ഉപേക്ഷിക്കുമായിരുന്നോ ?ഞാന്‍ പ്രസവിച്ചില്ലായെങ്കിലും സ്വന്തം അമ്മയേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരു മകളില്ലെ നമുക്ക്. നമുക്ക് അതുമതി .ഉണ്ണ്യേട്ടന്‍ എന്നോട് പറഞ്ഞത് ഞാനല്ലാതെ മറ്റാരും ഒരിക്കലും അറിയരുത് .ഇനിമുതല്‍ സമൂഹം എന്നെ മച്ചിയെന്നു വിളിക്കുമ്പോള്‍ ആ വാക്കുകള്‍ എന്നെ ഒരിക്കലും വ്യസനിപ്പിക്കില്ല .ഇപ്പോള്‍ എനിക്ക് ഒരു ആഗ്രഹം മാത്രമേയുള്ളൂ ഉണ്ണ്യേട്ടന്‍റെ മാറില്‍ എന്നും തലചായ്ച്ചുറങ്ങാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്ന്‍ ,,

ഉണ്ണി നിവേദിതയെ തന്‍റെ മാറോടു ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബനം നല്കി അപ്പോള്‍ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉണ്ണി പട്ടാളത്തില്‍ നിന്നും വിരമിക്കും .ഒരു മാസത്തെ അവധിക്ക് ശേഷം ഉണ്ണി അടുത്ത വര്‍ഷം എന്നേക്കുമായി തിരികെ വരുവാനായി യാത്രപറഞ്ഞിറങ്ങി .അപ്പോള്‍ പുലര്‍കാലത്തണുപ്പില്‍ സൂര്യന്‍റെ ആദ്യകിരണങ്ങളേറ്റുവാങ്ങി പ്രകൃതി ശോഭിച്ചു തുടങ്ങിയിരുന്നു .

                                                                             ശുഭം

rasheedthozhiyoor@gmail.com                                                     rasheedthozhiyoot.blogspot.qa





     



     
,,