ചിന്താക്രാന്തൻ

25 March 2012

ചെറു കഥ .വ്യാകുലതകള്‍

ചെറു കഥ.വ്യാകുലതകള്‍ 
                                    ഗോപന്‍ തന്‍റെ  ജോലി കഴിഞ്ഞിട്ടും  കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെ  ജോലി ചെയ്യുന്ന സ്ഥാപനത്തില്‍  തന്നെ ഇരുന്നു .കഴിഞ്ഞ ദിവസം ഭാര്യയുമായി ഉണ്ടായ വഴക്കിനെ കുറിച്ചുള്ള ചിന്തകള്‍ അയാളുടെ മനസ്സിനെ അസ്വസ്ഥതനാക്കി കൊണ്ടേയിരുന്നു.   അയാളുടെ ജീവിതത്തില്‍ ഇതുവരെ  ഇങ്ങിനെയൊരു അവസ്ഥ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലായിരുന്നു  .എതാനും ദിവസങ്ങള്‍ക്ക് മുന്‍പുവരെ  ജീവിത  യാത്ര  മുന്നോട്ട് പോകേണ്ട പാത വളരെയധികം വിശാലമായിരുന്നു , പക്ഷെ ഇപ്പോള്‍ ആ പാത  അതി ദുര്‍ഘടമായി മാറിയിരിക്കുന്നു. ജീവിതം ആതീവ സന്തോഷപ്രദമായി ജീവിച്ചു തീര്‍ക്കണം എന്ന് മനസ്സില്‍ കൊണ്ട് നടക്കുന്ന അയാളുടെ ജീവിതം ഇത്രയും ദുഷ്ക്കരമായി മാറിയതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിക്കുമ്പോള്‍ ,സ്ഥാപനത്തിലെ മാനേജറുടെ ചോദ്യം . ഗോപനെ ചിന്തകളില്‍നിന്നും  ഉണര്‍ത്തി   അയാള്‍  തന്‍റെ  കസേരയില്‍  നിവര്‍ന്നിരുന്നു.
               '''   കുറച്ചു ദിവസ്സങ്ങളായി ഞാന്‍ ഗോപനെ ശ്രദ്ധിക്കുന്നു ,എന്താ ഇയാള്‍ക്ക് പറ്റിയത്  ?    ജോലി കഴിഞ്ഞയുടനെ മറ്റുള്ളവര്‍ പോകുന്നതിന് മുന്നെ ഇവിടെ നിന്നും ഇറങ്ങുന്നയാള്‍ ഇപ്പോള്‍ ആ പതിവ് തെറ്റിച്ച് ഇവിടെ തന്നെ ഇരിക്കുന്നതിന്‍റെ കാരണം എന്താണാവോ ,എന്താടോ പ്രശ്നം ?  എന്നോട് പറയുവാന്‍ കഴിയുന്നതാണെങ്കില്‍   പറയു .''                                                                          ''' ഒന്നും ഇല്ല സാര്‍ .....ഞാന്‍ ഇറങ്ങുന്നു '''
                    അയാള്‍ സ്ഥാപനത്തില്‍ നിന്നും ഇറങ്ങി  അയാളുടെ   മോട്ടോര്‍സൈക്കിളില്‍ യാത്രയായി .എവിടേക്ക് പോകണം എന്ന് ലക്ഷ്യം ഇല്ലാതെ ,ചീറിപാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇടയിലൂടെ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. കുറേ ദൂരം പിന്നിട്ടപ്പോള്‍ ഒഴിവു ദിവസ്സങ്ങളില്‍ ഭാര്യയോടും  മക്കളോടും ഒപ്പം  നേരംപോക്കിനായി ചെന്നിരിക്കാറുള്ള ബീച്ചിനെ കുറിച്ച്  ഗോപന്‍  ഓര്‍ത്തു. അയാള്‍ പ്രധാന പാതയില്‍ നിന്നും ബീച്ചിലേക്കുള്ള പാതയിലേക്ക് മോട്ടോര്‍സൈക്കിള്‍ തിരിച്ചു .
                             ബീച്ചില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തി ദിവസ്സമായത് കൊണ്ട് അവിടെ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ലാ. ചില മുക്കുവര്‍ കീറിയ വല തുന്നി ചേര്‍ക്കുന്നത് കാണാമായിരുന്നു .ബീച്ചിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുവാന്‍ തയ്യാറാക്കിയ ഇടത്തില്‍ മോട്ടോര്‍സൈക്കിള്‍ വെച്ച്  ,ബീച്ചിനോട് ഓരം ചേര്‍ന്ന് വെച്ചു പിടിപ്പിച്ച കാറ്റാടി തോട്ടം  ലക്ഷ്യമാക്കി   ഗോപന്‍ നടന്നു  .
                                                  കാറ്റാടി തോട്ടത്തിലേക്ക് പ്രവേശികുമ്പോള്‍  അവിടെ പുതുതായി വിവാഹിതരായവരുടെ   സ്നേഹ  രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു .വീഡിയോ ഗ്രാഫറും ,ഫോട്ടോ ഗ്രാഫറും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി ജീവിതത്തിന്‍റെ പുതിയ അദ്ധ്യായത്തിലേക്ക് പ്രവേശിക്കുന്ന ആ യുവ മിഥുനങ്ങള്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍. .. . .   അവര്‍ക്ക്  അയാളൊരു ശല്യമാവേണ്ടാ എന്ന് കരുതി  .അയാള്‍ കുറച്ച് ദൂരം നടന്ന് ആരും ഇല്ലാത്ത സ്ഥലം നോക്കി ഒരു കാറ്റാടി മരത്തിന്‍റെ കടയോട് ചേര്‍ന്നിരുന്നപ്പോള്‍  , ഗോപന്‍ ഓര്‍ത്തുപോയി .പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം  ഇതുപോലെ ഒരു ചിത്രീകരണത്തിനായി അയാളും അയാളുടെ ഭാര്യ മാലിനിയും കൂടി ഈ കാറ്റാടി തോട്ടത്തിലേക്ക് വന്ന ആ ദിവസം .  മാലിനിക്കായിരുന്നു തിടുക്കം വിവാഹ ഫോട്ടോ ആല്‍ബവും വിവാഹ വീഡിയോയും സ്റ്റുഡിയോയില്‍ നിന്നും വാങ്ങിക്കുവാന്‍ .
          അതുകൊണ്ട് തന്നെ തിടുക്കത്തില്‍  ബാക്കിയുള്ള  സ്നേഹ രംഗങ്ങള്‍ ചിത്രീകരിക്കുവാനുള്ളത് ,വിവാഹം കഴിഞ്ഞ്  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍  ചിത്രീകരിച്ച്  ആ   ഉദ്ധ്യമം അവസാനിപ്പിച്ചു .
മാലിനിയെ പോലെ ഒരുവളെ ജീവിത പങ്കാളി ആയി കിട്ടിയതില്‍  ഗോപന്‍ അതിയായി സന്തോഷിച്ചിരുന്നു ,  കാരണം മാലിനിയുടെ സ്നേഹം അയാള്‍ പ്രദീക്ഷിച്ചിരുന്നതിനെക്കാളും വളരെയധികമായിരുന്നു .  ഇപ്പോള്‍ പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ അയാളുടെ  ജീവിതം  തകര്‍ന്നിരിക്കുന്നു .കൂടെ ജോലി നോക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നിയ സഹതാപം ,  അയാളുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കും എന്ന് ഒരിക്കലും അയാള്‍ കരുതിയിരുന്നില്ല .  അവള്‍ കാര്‍ത്തിക  ....ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അയാള്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍  അവള്‍   ജോലിയില്‍ പ്രവേശിച്ചത് . ഗോപന്‍റെ  തൊട്ടടുട്ടത്ത കസേരയില്‍   ഇരുന്നിരുന്ന  അവളെ സ്ഥാപനത്തിലെ മറ്റുള്ളവര്‍ പരിചയ പെടുന്ന കൂട്ടത്തില്‍ അയാളും അവളുമായി പരിചയ പെട്ടു.
                      ഒഴിവു സമയങ്ങളില്‍ അവള്‍ അയാളുമായി സംസാരിക്കുവാന്‍ അതിയായി താല്‍പര്യം കാണിക്കുമായിരുന്നു.ഒരു ദിവസം അവള്‍ അവളെ കുറിച്ച് അയാളോട് പറഞ്ഞു .
'' വീട്ടില്‍ അമ്മയും ,അച്ചനും ,ഒരു ചേച്ചിയും. അച്ചന്‍ സര്‍ക്കാര്‍ ഓഫീസിലെ ഗുമസ്തനായി ജോലി നോക്കുകയായിരുന്നു .
ഇപ്പോള്‍ അച്ചന്‍ തളര്‍വാതം പിടിപെട്ട് കിടപ്പിലാണ് .
 ചേച്ചിയുടെ വിവാഹം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞു ,ചേച്ചിയുടെ ഭര്‍ത്താവിന് ഗുജറാത്തില്‍ ജോലി യായത് കൊണ്ട് നാട്ടില്‍ വീടിന്‍റെ  അടുത്തുള്ള ആശുപത്രിയില്‍ നഴ്സ്സായി ജോലി നോക്കിയിരുന്ന ചേച്ചിയേയും ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ ജോലി തരപെടുത്തി കൊണ്ടു പോയി.  ഇപ്പോള്‍ എനിക്ക് ജോലി കിട്ടിയത് കൊണ്ട് എന്‍റെ വീട് പട്ടിണി ഇല്ലാതെ ജീവിച്ചു പോകുന്നു .
ഗോപേട്ടന്‍ എന്നെ ഒന്ന് സഹായിക്കണം .ഒരുത്തന്‍ കുറേ ദിവസങ്ങളായി എന്‍റെ പുറകെ നടന്ന് ശല്ല്യം ചെയ്യുന്നു .ഞാന്‍ അറിയുന്ന കക്ഷിയാ എനിക്ക് അയാളെ ഇഷ്ട മല്ല ഗോപേട്ടാ..... ചോദിക്കുവാന്‍ ആരും ഇല്ലാ എന്നത് കൊണ്ടാ അയാള്‍ എന്‍റെ പുറകെ ഇങ്ങിനെ ...'' ഗദ്ഗദം കൊണ്ട്  കാര്‍ത്തികയുടെ വാക്കുകള്‍ മുറിഞ്ഞു . കാര്‍ത്തികയുടെ സങ്കടം മനസിലാക്കിയ  ഗോപന്‍   പറഞ്ഞു . 
'' ഇത് ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം ,കക്ഷിയെ എനിക്കൊന്നു കാണിച്ചു തന്നാല്‍ മതി .''
    സഹോദരിമാര്‍ ഇല്ലാത്ത അയാളുടെ മനസ്സില്‍ അപ്പോള്‍ ഒരു സഹോദരന്‍റെ വികാരം ഉടലെടുക്കുകയായിരുന്നു .
                          അടുത്ത ദിവസം  കാര്‍ത്തിക വഴി പറഞ്ഞു കൊടുത്തത് പ്രകാരം അയാള്‍ അവളുടെ വീടിന് കുറച്ച് ദൂരം ചെന്ന് നിലയുറപ്പിച്ചു .
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ ഇരിക്കുകയായിരുന്ന അയാള്‍ ദൂരെ നിന്നും അവള്‍ വരുന്നത് കണ്ടു ,
പുറകില്‍ ഒരു ചെറുപ്പക്കാരനും .
ചെറുപ്പക്കാരന്‍ കാര്‍ത്തികയുടെ പുറകെ നടന്ന് സംസാരിക്കുന്നുണ്ടായിരുന്നു . കാര്‍ത്തിക അത്  ഗൌനിക്കാതെക്കാതെയാണ് നടന്ന് വരുന്നത്  .ഗോപന്‍റെ അരികില്‍ എത്തിയപ്പോള്‍ കാര്‍ത്തിക പുറകെ നടക്കുന്ന ആളാണ്‌ ശല്ല്യകാരന്‍ എന്ന് കണ്ണുകള്‍ കൊണ്ട് ആഗ്യം കാണിച്ചു .
ഉടനെതന്നെ ഗോപന്‍ മോട്ടോര്‍സൈക്കിളില്‍ നിന്നും ചാടി ഇറങ്ങി ആക്രോശിച്ചു. 
'' എടാ നിന്‍റെ വീട്ടില്‍ ഇല്ലേ അമ്മേം പെങ്ങമ്മാരും ,ഇനിയെങ്ങാനും ഇവളുടെ പുറകെ നടന്ന് ശല്ല്യം ചെയ്താലുണ്ടല്ലോ ...  എന്‍റെ തനി സ്വഭാവം നീ അറിയും '' അപ്രതീക്ഷിതമായ   ഗോപന്‍റെ ഇടപെടല്‍ ചെറുപ്പക്കാരനെ സ്തംഭനാവസ്ഥയില്‍ ആക്കി .
                                         പിന്നെ ഗോപന്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടാക്കി കാര്‍ത്തികയോടു പറഞ്ഞു   
''പുറകെ കയറിക്കോളൂ ഓഫീസിലേക്ക് ഒരുമിച്ചു  പോകാം ''
                മറുത്തോന്നും  ഉരിയാടാതെ  അവള്‍ മോട്ടോര്‍സൈക്കിളില്‍ കയറി ഇരുന്നു .പിന്നീട് അവരുടെ ബന്ധം ഒരു പാട് അടുത്തു. കാര്‍ത്തിക പിന്നെ ഓഫീസിലേക്ക് ജോലിക്ക് വരുന്നതും പോകുന്നതും ഗോപന്‍റെ ഒപ്പമാക്കി .   , അയാളെ കുറിച്ച് അറിഞ്ഞ കാര്‍ത്തികയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍  ഉണ്ടായിരുന്നില്ലാ . ക്രമേണ ഗോപന്‍ കാര്‍ത്തികയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി   മാറി.  അയാള്‍ക്ക്‌ അവള്‍  സഹോദരിയെ പോലെ ആയിരുന്നു ,തിരിച്ച് അവള്‍ക്കും  .
കാര്‍ത്തികയെ കുറിച്ച് മനപൂര്‍വ്വം മാലിനിയില്‍ നിന്നും ഗോപന്‍  മറച്ചു . കാരണം  മാലിനി ഈ ബന്ധം ഒരിക്കലും  അംഗീകരിക്കില്ലാ എന്ന് ഗോപന് നന്നായി അറിയാമായിരുന്നു.
      ഗോപന്‍ വേറെ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കുന്നത് പോലും മാലിനിക്ക് ഇഷ്ട മല്ലായിരുന്നു  .ഗോപനും കാര്‍ത്തികയും തമ്മിലുള്ള  ബന്ധം അധികം നാള്‍ നീണ്ടു നിന്നില്ല.
                                ഓഫീസില്‍ നിന്നായിരുന്നു ഗോപനേയും കാര്‍ത്തികയേയും കുറിച്ചുള്ള  കുപ്രചരണത്തിന്‍റെ തുടക്കം .അവസാനം മാലിനിയുടെ കാതുകളിലും എത്തി  ആ വിവരം .മാലിനിയുടെ പ്രതികരണം ,അയാള്‍ പ്രതീക്ഷിച്ചതിനേക്കാള്‍  ഭയാനക മായിരുന്നു .കാര്‍ത്തിക അയാളുടെ സഹോദരിയെ പോലെയാണ് എന്ന് പറഞ്ഞപ്പോള്‍ മാലിനി  അത്    അംഗീകരിച്ചില്ല .
''കാണുന്ന സ്ത്രീകള്‍ എല്ലാവരും സഹോദരിമാര്‍ ആണെന്ന് പറഞ്ഞാല്‍ പിന്നെ  സംഗതി എളുപ്പമായല്ലോ . ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും എന്നോട് തുറന്നു  പറയുന്ന   ഗോപേട്ടന്‍ എന്ത് കൊണ്ട് എന്നില്‍ നിന്നും ഈ വിവരം   മറച്ചു വെച്ചു .നിങ്ങളുടെ മനസ്സില്‍   ദുരുദ്ദേശമാണ് .നിങ്ങള്‍ക്ക് എന്നെ മതിയാവതെയാണ് വേറെ പെണ്ണിന്‍റെ സുഖംതേടിപോകുന്നത് .നിങ്ങള്‍ വഞ്ചകനാണ് ....എനിക്ക് നിങ്ങളെ കാണേണ്ട ." 
മാലിനിയുടെ വാക്കുകള്‍ കേട്ട്, ഒന്നും ഉരിയാടാന്‍ കഴിയാതെ ഗോപന്‍ നിശ്ചലനായി നിന്നു.അപ്പോള്‍ മാലിനി കരയുകയായിരുന്നു .ഇതുവരെ മാലിനി ഇതുപോലെ കണ്ണുനീര്‍ പൊഴിക്കുന്നത് അയാള്‍ കണ്ടിട്ടില്ലായിരുന്നു .
                                             പിന്നീട് ആ വീട്ടില്‍  അസ്വസ്ഥതയുടെ ദിനങ്ങളാണ് കടന്നു പോയി കൊണ്ടിരുന്നത് .മക്കളില്‍ രണ്ടുപേര്‍ വലുതായപ്പോള്‍ കിടപ്പ് മുറിയോടു ചേര്‍ന്നുള്ള മറ്റൊരു  മുറിയിലാണ് കിടത്താറു  പതിവ്‌ .രണ്ടു വയസ്സ് കഴിഞ്ഞ ചെറിയ മകനെ ഗോപനും മാലിനിയും കിടക്കുന്ന മുറിയിലും .ഇപ്പോള്‍ മാലിനി ഗോപന് അരികില്‍ കിടക്കാറില്ല .ചെറിയ മകനേയും കൊണ്ട് മക്കള്‍ കിടക്കുന്ന മുറിയില്‍ കിടക്കാന്‍ മാലിനി തുടങ്ങിയപ്പോള്‍ , ഗോപന്‍റെ മനസ്സ് നന്നായി നൊന്തു .
പിന്നീട് ഗോപന്‍ കാര്‍ത്തികയില്‍ നിന്നും അകലാന്‍ ശ്രമിച്ചു .ഒരു ദിവസം  ജോലി കഴിഞ്ഞ് ഗോപന്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ,പുറകില്‍ കയറുവാന്‍ വന്ന  കാര്‍ത്തികയോട്  ഗോപന്‍ പറഞ്ഞു.
 ''ഇനി എന്‍റെ കൂടെ  കാര്‍ത്തിക വരേണ്ട ,ആളുകള്‍ ഓരോന്ന് പറയുവാന്‍ തുടങ്ങിയിരിക്കുന്നു ''
'' ഗോപേട്ടന്‍ എന്തിനാ ആളുകള്‍ പറയുന്നത് കേള്‍ക്കുവാന്‍ പോകുന്നത് നമുക്ക് നമ്മളെ അറിയാമല്ലോ, എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഗോപേട്ടന്‍  പിറന്നില്ലാ എന്നെ ഉള്ളു .എനിക്ക് എന്‍റെ സ്വന്തം കൂടപ്പിറപ്പാണ് എന്‍റെ ഈ ഏട്ടന്‍''


''വേണ്ട കാര്‍ത്തികേ  വിവാഹ പ്രായമായ പെണ്ണാണ് നീ  ,നമ്മുടെ നല്ല മനസ്സിനെ ഈ സമൂഹം കാണില്ല ,ഞാന്‍ പോകുന്നു  ഇനി മുതല്‍  എന്നെ പ്രതീക്ഷിക്കേണ്ട ''


                                        കാര്‍ത്തിക ഗോപനില്‍ നിന്നും അങ്ങിനെ ഒരു വാക്ക് പ്രതീക്ഷിച്ചിരുന്നില്ലായിരുന്നു .ഗോപന്‍ മനപൂര്‍വ്വം അവളില്‍ നിന്നും ഒഴിയാന്‍ ശ്രമിക്കുന്നത് പോലെ അവള്‍ക്കു തോന്നി .ഇന്ന് ഗോപന്‍ ഈ ബീച്ചിലേക്ക് പുറപെടുന്നതിനു തൊട്ടു  മുന്‍പ്   സ്ഥാപനത്തിലെ ഗോപന്‍റെ വീടിന് അടുത്തു നിന്നും വരുന്ന  സഹ പ്രവര്‍ത്തകന്‍റെ വാക്കുകള്‍ കേട്ട് കാര്‍ത്തിക വല്ലാതെയായി.
      ''ആ ഗോപന്‍റെ ജീവിതം കുളം തോണ്ടിയപ്പോള്‍ സമാധാനമായല്ലോ തനിക്ക് , ഗോപനും ഭാര്യയും പിണക്കത്തിലാ ....അവര്‍ വേര്‍ പിരിയാന്‍ പോകുന്നു എന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ആകമാനം പാട്ടാണ്.''
                        കാര്‍ത്തിക  മനസ്സില്‍ ഓര്‍ത്തു എന്ത് ലോകമാണ് ഇത് .           നേരിനെ നുണയായി ചിത്രീകരിക്കുന്ന ലോകം, കാര്‍ത്തിക അന്ന്  വീട്ടിലേക്കു പോകുമ്പോള്‍ മനസ്സില്‍  ഒരു തീരുമാനം എടുത്താണ് പോയത് .
            ബീച്ചില്‍ ഇരുട്ട് വീഴുവാന്‍ തുടങ്ങിയപ്പോള്‍ ഗോപന്‍ ചിന്തകളില്‍ നിന്നും മുക്തനായി എഴുന്നേറ്റ്‌, മോട്ടോര്‍ സൈക്കിളിനരികിലേക്ക് നടന്നു . അപ്പോള്‍ ബീച്ചില്‍ ആരേയും അയാള്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞില്ല .ഇനി എന്താവും തന്‍റെ ഭാവി എന്ന ചിന്തകള്‍ ഗോപന്‍റെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി കൊണ്ടേയിരുന്നു. മാലിനി വിവരങ്ങള്‍ അറിയുമ്പോള്‍ പ്രതികരിക്കും എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .പക്ഷെ ഇങ്ങിനെ വെറുക്ക പെട്ടവനാക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല .വീട്ടിലേക്ക് ചെന്നാല്‍ എന്താവും മാലിനിയുടെ ഇന്നത്തെ പ്രതികരണം എന്നറിയാതെ, . ഗോപന്‍ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ സമയം രാത്രി ഒന്പത്  മണി കഴിഞ്ഞിരുന്നു .
                           അടച്ചിട്ട പ്രധാന വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നു . കോളിംഗ് ബെല്ലിന്‍റെ  സ്വിച്ചില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഗോപന്‍റെ കൈകള്‍ വിറക്കുന്നത്  പോലെ അയാള്‍ക്ക്‌ തോന്നി .പ്രതീക്ഷിച്ചത് പോലെ ആക്രോശിച്ചു കൊണ്ട് തന്നെയാണ് മാലിനി കതക് തുറന്നത് .
'' നിങ്ങള്‍ക്ക്‌ അവളെ പിരിയുവാന്‍ കഴിയുന്നില്ലാ അല്ലേ .
എനിക്ക് നന്നായി അറിയാം.... നിങ്ങള്‍ അവളുടെ അരികില്‍ നിന്നും ആണ് വരുന്നത് .  
ഞാന്‍  ഇന്ന് എന്‍റെ ജീവന്‍ അവസാനിപ്പിക്കണം എന്ന് കരുതിയിരുന്നതാണ്  പക്ഷെ ,
 എന്‍റെ മക്കളെ തനിച്ചാക്കി പോകുവാന്‍ എനിക്ക് കഴിയുന്നില്ലാ .
നാളെ നേരം വെളുത്താല്‍ ഞാനും മക്കളും എന്‍റെ വീട്ടിലേക്ക് പോകും . എനിക്ക് ഇനി പഴയ മാലിനി ആകുവാന്‍ കഴിയില്ലാ .
ഞാന്‍ നിങ്ങളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു .
 ദൈവത്തിനു തുല്യമായിരുന്നു  നിങ്ങള്‍ക്ക് എന്‍റെ മനസിലെ സ്ഥാനം  .
എന്നെ പോറ്റിവളര്‍ത്തിയവരെക്കാളും.കൂടുതല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചു . ഇപ്പോള്‍ ഈ ലോകത്ത് ഞാന്‍ ഏറ്റവും അധികം  വെറുക്കുന്നതും   നിങ്ങളെയാണ്.   നിങ്ങളെ മാത്രം .
 മാലിനി അപ്പോഴൊക്കെ കരയുന്നുണ്ടായിരുന്നു .ഗോപന് എന്ത് പറയണം എന്ന് അറിയാതെ നിസഹായനായി മാലിനിക്ക് മുന്‍പില്‍ നിന്നു.
കാരണം  കുറച്ചു ദിവസങ്ങളായി ഗോപന്‍ പറയുന്ന വാക്കുകള്‍ തന്നെയാണ് അന്നും അയാള്‍ക്ക്‌ പറയുവാനുണ്ടായിരുന്നുള്ളൂ .മാലിനി എന്നെ തെറ്റി ദ്ധരിച്ചിരിക്കുകയാണ് .കാര്‍ത്തിക എനിക്ക് സഹോദരിയെ പോലെയാണ് . എത്ര വട്ടം ഈ വാക്കുകള്‍ മാലിനിയോട് ഗോപന്‍ പറഞ്ഞിരിക്കുന്നു . ഒരിക്കലും അയാളുടെ വാക്കുകള്‍ മാലിനി വിശ്വസിച്ചിരുന്നില്ല എന്നതാണ് വാസ്തവം.   മാലിനി മക്കള്‍ കിടക്കുന്ന കിടപ്പ് മുറിയില്‍ കടന്ന് വാതില്‍ കൊട്ടിയടച്ചപ്പോള്‍ . 
ഗോപന്‍റെ മനസ്സിലെ വ്യാകുലതകള്‍ അധികരികുന്നുണ്ടായിരുന്നു .
                       രോഷത്തോടെ മാലിനി സംസാരിച്ചുവെങ്കിലും,.മാലിനി  അയാള്‍ക്കുള്ള ഭക്ഷണം ഊണ് മേശയില്‍ വിളമ്പി മൂടി വെച്ചത് ഗോപന്‍ കണ്ടു  . ഗോപന് ഒട്ടും  വിശപ്പ്‌ തോന്നിയില്ല ,മാലിനി വിളമ്പി വെച്ചതല്ലേ എന്നത് കൊണ്ട് പേരിന് ഭക്ഷണം കഴിച്ചു എന്ന് വരുത്തി കിടക്കുവാനായി ഗോപന്‍ കിടപ്പ് മുറിയിലേക്ക് പോയി . 
ഉറങ്ങുവാന്‍ കിടന്നിട്ട് ഗോപന് ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല . മാലിനി പറഞ്ഞാല്‍ പറഞ്ഞത് പോലെ പ്രവര്‍ത്തിക്കും എന്ന് അയാള്‍ക്ക്‌ അറിയാം .  അത് കൊണ്ട് തന്നെ മാലിനി  ഗോപനെ തനിച്ചാക്കി പോകും എന്ന് അയാള്‍ ഭയന്നു.
കൂട്ട് കുടുംബമായി കഴിഞ്ഞിരുന്ന ഗോപന്‍ ഈ പുതിയ  വീട് പണി കഴിഞ്ഞ് താമസമാക്കിയിട്ട് ഏഴ് മാസമെ ആകുന്നുള്ളൂ .
മനസില്‍ വ്യാകുലതകളും പേറി ഒരു ദിനം കൂടി കൊഴിഞ്ഞു പോയി .
                      അടുത്ത ദിവസം പ്രഭാതത്തില്‍ പതിവില്ലാത്ത സംസാരം കേട്ടുകൊണ്ടാണ് ഗോപന്‍ ഉറക്ക മുണര്‍ന്നത്‌  .
തലേന്ന് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ കിടപ്പ് മുറിയുടെ കതക് അടക്കാതെ ഇരുന്നത് കൊണ്ട് സംസാരം ഗോപന്  നന്നായി .കേള്‍ക്കാമായിരുന്നു 
'' എന്‍റെ മോള് കാരണം നിങ്ങളുടെ കുടുംബം തകര്‍ന്നതില്‍ എന്‍റെ മോളോട് മാലിനി ക്ഷമിക്കണം .മാലിനി കരുതുന്നത് പോലെയല്ല കാര്യങ്ങള്‍ .
ഗോപന്‍ എനിക്ക് മകനെ പോലെയാണ്  എന്ന സത്യം മാലിനി  മനസിലാക്കേണം .
 എന്‍റെ മോള് ഗോപനെ സഹോദരനായി മാത്രമേ കണ്ടിട്ടുള്ളൂ .
 ഒരാണ്‍  കുഞ്ഞിനു വേണ്ടി ഞാനും ഇവളുടെ അച്ഛനും ഒരു പാട് ആഗ്രഹിച്ചിരുന്നു .
ഈശ്വരന്‍  ഞങ്ങള്‍ക്ക് ആ ഭാഗ്യം നല്‍കിയില്ല .
ഇപ്പോള്‍ ഈശ്വരന്‍തന്നെ ഞങ്ങള്‍ക്ക് നല്‍കിയതാണ് മകനായി ഗോപനെ , എന്നായിരുന്നു ഞങ്ങള്‍ ഇതുവരെ കരുതിയിരുന്നത് .
മാലിനിക്ക് അറിയുമോ ഗോപന്‍ ഒഴിവു ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ട് .അത് എന്തിനാണ് എന്ന് അറിയേണ്ടെ .
കിടപ്പിലായ ഇവളുടെ അച്ഛനെ തൈലം തേച്ച് കുളിപ്പിക്കുവാനും താങ്ങി പിടിച്ച് നടത്തിപ്പിക്കുവാനും  ആയിരുന്നു .
എനിക്ക് ഗോപന്‍ ഒരു വാക്ക് നല്‍കിയിരുന്നു .
കിടപ്പിലായ അച്ഛനെ ഗോപന്‍ നടത്തിപ്പിക്കും എന്ന് .
ഇപ്പോള്‍ അദ്ദേഹത്തിന്  ഒരു പാട് മാറ്റം ഉണ്ട് .
പരസഹായം ഇല്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാത്ത അദ്ദേഹം ഇപ്പോള്‍ തനിയെ എഴുന്നേറ്റിരിക്കുവാന്‍ തുടങ്ങിയിരിക്കുന്നു .
ഇത്രയും നല്ല മനസുള്ള ഗോപനെ ഭര്‍ത്താവായി കിട്ടിയ മാലിനി,. ഒരിക്കലും ഗോപനെ സംശയിക്കാന്‍ പാടില്ലായിരുന്നു .എന്‍റെ മോളെ എനിക്ക് നന്നായി അറിയാം .അവള്‍ക്ക് ഒരിക്കലും മാലിനി തെറ്റി ദ്ധരിച്ചത് പോലെ ഒരു മോശം സ്ത്രീ ആകുവാന്‍ കഴിയില്ല .
മാലിനി വിഷമിക്കേണ്ട .എന്‍റെ മോള് സ്ഥലമാറ്റത്തിനുള്ള അപേക്ഷ ഇന്നു അധികാര പെട്ടവര്‍ക്ക് സമര്‍പ്പിക്കും .
നിങ്ങളുടെ ജീവിതം ഇത്രയും വഷളായ സ്ഥിതിക്ക് ഇനി എന്‍റെ മോള് ഗോപന്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍ ജോലി നോക്കിയാല്‍   അത്  ഒട്ടും ശെരിയാവില്ല'''
                         സംസാരം നീണ്ടു പോകുന്നത് കൊണ്ടും ,സംസാരിക്കുന്നത് കാര്‍ത്തികയുടെ അമ്മയാണ് എന്ന് അറിഞ്ഞത് കൊണ്ടും ,
ഷര്‍ട്ട് എടുത്തിട്ട് ഗോപന്‍ കിടപ്പ് മുറിയില്‍ നിന്നും പുറത്തിറങ്ങി  ചെല്ലുമ്പോള്‍ .കാര്‍ത്തികയും  മാലിനിയും ഗോപനെ കണ്ട് എഴുനേറ്റ് നിന്നു . അപ്പോള്‍ മാലിനിയുടേയും കാര്‍ത്തികയുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു . ഗോപന്‍ അവരുടെ അരികിലേക്ക് എത്താറായപ്പോള്‍ ,മാലിനി കാര്‍ത്തികയുടെ കൈകള്‍  നെഞ്ചോട്‌ ചേര്‍ത്തു  പിടിച്ചു കൊണ്ട് പറഞ്ഞു . എന്‍റെ ഈ അനിയത്തി ഈ ചേച്ചിയോട് ക്ഷമിക്കു ക്കുട്ടീ ......
അറിഞ്ഞിരുന്നില്ലാ ഈ മനസ്സ്  ഞാന്‍ ,
ഗോപെട്ടന്‍ എന്നോട് ഈ വിവരങ്ങള്‍ മറച്ചു വെച്ചത് കൊണ്ട് ഞാന്‍ വേണ്ടാത്തത് ചിന്തിച്ചു പോയി .
എന്‍റെ കുട്ടിക്ക് ഒന്ന് ഇവിടം വരെ വന്ന് ഈ ചേച്ചിയോട് ഒരു വാക്ക് പറയാമായിരുന്നില്ലേ ?
ഗോപെട്ടന്‍ അമ്മയുമായി  സംസാരിച്ചിരിക്കു,.
ഞാനും കാര്‍ത്തികയും പ്രഭാത ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യട്ടെ . മാലിനിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കാര്‍ത്തിക അമ്പരന്നുപോയി.
ഗോപന്‍റെ മനസ് അപ്പോള്‍ ഒരു പേമാരി പെയ്തൊഴിഞ്ഞത് പോലെ ആയിരുന്നു .
                      ഗോപന്‍ ഓര്‍ക്കുകയായിരുന്നു ഇന്ന് കാര്‍ത്തികയും അമ്മയും ഇവിടെ വന്നില്ലായിരുന്നു വെങ്കില്‍ ?......
അയാള്‍ക്ക്‌ മാലിനിയെ എന്നെന്നേക്കു മായി  നഷ്ടമായേനെ .
പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു ,
''ഇനി ഞങ്ങള്‍ ഇറങ്ങുന്നു വീട്ടില്‍ അച്ഛനെ തനിച്ചാക്കിയാണ് ഞങ്ങള്‍ പോന്നിട്ടുള്ളത് .അച്ഛനെ തനിച്ചാക്കി എവിടേക്കും പോകാത്ത ആളാണ് ഞാന്‍ . എന്‍റെ മോള് അവിടെ കിടന്ന് മനം ഉരുകുന്നത് കണ്ടപ്പോള്‍ മാലിനിയോടു കാര്യങ്ങള്‍ പറയാം എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടം വരെ വന്നത് . ഇനി സ്ഥലമാറ്റം ആകുന്നത് വരെ മോള് ആ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നില്ലാ എന്നാണ് പറയുന്നത് ''
അമ്മയുടെ സംസാരം കേട്ടപ്പോള്‍ മാലിനി പറഞ്ഞു ,
'' എന്‍റെ ഈ അനിയത്തി എവിടേക്കും സ്ഥലമാറ്റം വാങ്ങി പോകുന്നില്ലാ . ഗോപേട്ടാ .....അമ്മക്ക് വീട്ടിലേക്ക് പോകുവാന്‍ ഒരു വാഹനം ഏര്‍പ്പാട് ചെയ്യു . എന്‍റെ ഈ കാര്‍ത്തി ഗോപെട്ടന്‍റെ കൂടെ ഓഫീസിലേക്ക് പൊയ്ക്കോളും . ഗോപേട്ട ഞാന്‍ എന്‍റെ ഈ കുഞ്ഞനിയത്തിയെ ഇനി മുതല്‍ കാര്‍ത്തി എന്നെ വിളിക്കു''
                     അപ്പോള്‍ ഒരു മകനേയും മകളേയും മൂന്ന് പേര കുട്ടികളെ കൂടി  ലഭിച്ച സന്തോഷം  ആ അമ്മയുടെ മുഖത്ത് കാണാമായിരുന്നു വ്യാകുലതകള്‍ക്ക് വിരാമ മായി  ഒരു പുതിയ ജീവിതത്തിന്‍റെ തുടക്കം കുറിക്കുന്ന ആത്മ നിര്‍വൃതിയുടെ ആരംഭം കുറിക്കലായി  മാറുകയായിരുന്നു ആ ശുഭദിനം............ശുഭം .............