ചിന്താക്രാന്തൻ

2 December 2016

കഥ.ജനിമൃതികള്‍


                     പുലര്‍കാലെ  ഓലപ്പായയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുന്ന സാദിഖ്അലിയുടെ പാതങ്ങളില്‍ ശക്തിയോടെയുള്ള  ചവിട്ടിനാല്‍  ,,എന്‍റെ ഉമ്മോ....,,എന്ന് അലറിവിളിച്ചുകൊണ്ട് സാദിഖ്അലി ചാടിയെഴുന്നേറ്റു തന്നെ ചവിട്ടിയയാളെ തുറിച്ചുനോക്കി.കൊമ്പന്‍മീശക്കാരന്‍ ഉസ്മാനിക്ക മീശപിരിച്ച് ഗൌരവത്തോടെ തന്നെയും നോക്കി നില്‍പ്പാണ് .ഇരയെപ്പിടിക്കുന്ന സിംഹത്തെപ്പോലെയായിരുന്നു അപ്പോൾ അയാളുടെ ഭാവം . ഉസ്മാനിക്കയെ  സാദിഖ് അലിക്ക് വെറുപ്പാണ്  കാരണം . വാപ്പയുടെ ആക്ക്രി കച്ചവടത്തില്‍  സഹായിയായിരുന്ന  അയാള്‍    ഉമ്മയെ വശീകരിച്ച്  അയാളുടെ കാമുകിയാക്കിയതാണ് .സാദിഖിന്‍റെ വാപ്പ അലി നാൽപ്പതാം  വയസ്സിലാണ്‌ വിവാഹിതനായത്.വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം സാദിഖ് പിറന്നു.ഇപ്പോള്‍ സാദിഖിന് പ്രായം പതിമൂന്ന് വയസ്സ് കഴിഞ്ഞു .അവരുടെ  സന്തോഷപ്രദമായ ജീവിതത്തിലേക്ക്  രണ്ടുവര്‍ഷം മുമ്പാണ് വാപ്പയുടെ സഹായിയായി ഉസ്മാനിക്ക കടന്നുവരുന്നത്‌.


അലിയുടെ ഓലമേഞ്ഞ പുരയുടെ ചായ്പ്പിലാണ് ഉസ്മാനിക്ക അന്തിയുറങ്ങിയിരുന്നത്.മൂന്ന് നേരം  ഭക്ഷണം കഴിക്കുന്നതും അലിയുടെ വീട്ടിൽനിന്നുമാണ്  .ഉന്തുവണ്ടിയില്‍ വീട് വീടാന്തരം കയറിയിറങ്ങി ആക്ക്രി സാദനങ്ങള്‍ ശേഖരിച്ച് വീട്ടിൽ സ്വരുക്കൂട്ടി പിന്നെ  പട്ടണത്തില്‍ കൊണ്ടുപോയി വില്‍പ്പന ചെയ്യുന്ന തൊഴില്‍ അലി കുഞ്ഞുനാളില്‍ തുടങ്ങിയതാണ്‌.അലിയുടെ മാതാപിതാക്കള്‍ തമിഴ് വംശജരായിരുന്നു.കേരളത്തില്‍ കുടിയേറിപ്പാർത്ത  അലിയുടെ കുടുംബം മതപരിവര്‍ത്തനം ചെയ്തവരാണ് .അലിയുടെ മാതാപിതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല.ഒരു സഹോദരിയുണ്ട് അവര്‍ ഇപ്പോള്‍ ഭര്‍ത്താവും കുഞ്ഞുങ്ങളുമൊത്ത്  ദൂരദേശത്താണ് വസിക്കുന്നത്.ഈ ഉസ്മാനിക്ക അലിയുടെ സഹോദരി ഭര്‍ത്താവിന്‍റെ സഹോദരനാണ് .ആരോഗ്യവാനായ ഉസ്മാനിക്ക എല്ലുമുറിയെ പണിയെടുക്കും .എപ്പോഴും കാജാബീഡി വലിക്കുന്ന അയാള്‍ സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിക്കുകയും ചെയ്യും .

കഴിഞ്ഞ വര്‍ഷം അലി നാടുവിട്ടുപോയി  . ഭാര്യയുടെ വഴിവിട്ട ബന്ധമായിരുന്നു കാരണം.അലിയുടെ മകന്‍ സാദിഖിനെ നാട്ടുകാര്‍ സാദിഖ്‌ അലി എന്നുവിളിച്ചു.വിദ്യാലയത്തില്‍ നല്ലകുട്ടിയായിരുന്ന സാദിഖ്‌ അലി  എട്ടാം തരത്തിൽ   വിജയിച്ചുവെങ്കിലും വാപ്പയുടെ തിരോധാനത്താല്‍ ഉസ്മാനിക്ക അവനെ തുടര്‍ പഠനത്തിന് അനുവദിച്ചില്ല.മദ്രസ്സയില്‍ പോകാതെയായപ്പോള്‍ മഹാല്ലുകാര്‍ ഇടപ്പെട്ട് മദ്രസ്സയിലെ പഠനം തുടര്‍ന്ന് പോന്നു .മദ്രസ്സയില്‍ നിന്നും വന്നാല്‍ ഉന്തുവണ്ടിയുമായി ആക്ക്രി സാദനങ്ങള്‍ ശേഖരിക്കുവാന്‍ ഉസ്മാനിക്കയുടെ കൂടെ പോകണം .വാപ്പ പോയതില്‍പിന്നെ വാപ്പയുടെ സാമ്രാജ്യം ഉസ്മാനിക്കയുടെ അധീനതയിലായി. സാദിഖ്‌ അലിയെ അയാള്‍ എപ്പോഴും ദേഹോപദ്രവം ചെയ്യും .

കിടക്കപ്പായില്‍ തന്നെനിൽക്കുന്ന  സാദിഖ്‌ അലിയുടെ പാദങ്ങളില്‍ വീണ്ടും ചവിട്ടി ഉസ്മാനിക്ക ഗര്‍ജിച്ചു .

,, നായിന്‍റെ മോനേ........ എഴുനേറ്റ് പല്ല് തേച്ച് മദ്രസ്സയില്‍ പോയിട്ട് വെക്കം വാടാ ഹമുക്കേ ....മദ്രസ്സ വിട്ടാല്‍ നേരെ ഇങ്ങോട്ട് വന്നേക്കണം .വല്ലവന്‍റെ വയേം നോക്കി നിന്നിട്ട് നേരം വൈകിയാലുണ്ടല്ലോ ....ന്‍റെ സ്വഭാവം നീയറിയും.മദ്രസ്സയില്‍ വിട്ടില്ലായെങ്കില്‍ മഹാല്ലുകാര് ഇവിടെ ജീവിക്കാന്‍ അനുവദിക്കൂലാ ...  അല്ലെങ്കി അന്നെ മദ്രസ്സയിലേക്കും ഞമ്മള് വിടാന്‍ നിരീച്ചിട്ടില്ല ഹമുക്കേ ,,

സാദിഖ്‌ അലി ഉറക്കച്ചടവോടെ ഇമകള്‍ തിരുമ്മി കിടക്കപ്പായ മടക്കിവെച്ച്  തോര്‍ത്തും ഉമിക്കരിയുമെടുത്ത് നിളയുടെ തീരത്തെ കുറ്റിക്കാട്ടിലേക്ക് നടന്നു .നിളയുടെ തീരത്തെ ഈ  പത്ത്‌ സെന്റ്‌ കിടപ്പാടം വാപ്പയുടെ മാതാപിതാക്കള്‍ മതപരിവര്‍ത്തനം ചെയ്തപ്പോള്‍ മഹല്ല് കമറ്റി ഭാരവാഹികള്‍ വാങ്ങി നല്‍കിയതാണ് .വാപ്പ കൂടുതല്‍ സ്നേഹപ്രകടനങ്ങള്‍ പ്രകടിപ്പിക്കുകയില്ല എങ്കിലും വാപ്പ ഉമ്മയോട് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.

 ,,നമ്മുടെ മോനെ പഠിപ്പിക്കണം എന്നിട്ട് ഓന് വലുതായാല്‍ ബല്ല്യ ഉദ്യോഗസ്ഥനായിട്ട് വേണം എനിക്ക് വിശ്രമിക്കാന്‍. ഓനെ ഞമ്മള് എന്തായാലും ഈ ആക്രി കച്ചവടം ചെയ്യാന്‍ വിടൂലാ ....,,

വാപ്പ വീട് വിട്ടുപോയതില്‍പിന്നെ  സാദിഖ്‌ അലി കാത്തിരിക്കുകയാണ് തന്നെ കൊണ്ടുപോകുവാന്‍ വാപ്പ ഒരിക്കല്‍ വരും എന്ന പ്രതീക്ഷയോടെ .ഉമ്മയോട് ഇപ്പോള്‍ അവന് ലവലേശം സ്നേഹം തോന്നാറില്ല.ഉസ്മാനിക്ക അവനെ മർദ്ദിക്കുമ്പോൾ  ഉമ്മ എന്റെമോനെ തല്ലല്ലെയെന്ന് പറയാറില്ല.വിശന്ന്  എന്തെങ്കിലും കഴിക്കാന്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഭക്ഷണം കൊടുത്തതിനു ശേഷമേ അവന് കൊടുക്കുകയുള്ളൂ .ഉമ്മാക്ക് അയാളോട് മാത്രമേ സ്നേഹമുള്ളൂ .അയാള്‍ അദ്ധ്വാനത്തിൽ  ലഭിക്കുന്ന പണത്തില്‍ നിന്നും മദ്യപാനത്തിനുള്ള പണം മാത്രമേ  എടുക്കുകയുള്ളൂ മിച്ചമുള്ള പണം മുഴുവനും ഉമ്മയുടെ കയ്യില്‍ ഭദ്രമായി  കൊണ്ടുവന്നു കൊടുക്കും.ഉമ്മയിപ്പോള്‍ സ്വര്‍ണ്ണ വളയും,മാലയുമൊക്കെ വാങ്ങിയിട്ടുണ്ട്. പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് സാദിഖ്‌ അലി മതഗ്രന്ഥങ്ങള്‍  എടുത്ത് മദ്രസ്സയിലേക്ക് നടന്നു .

അവന് നല്ല വിശപ്പ്‌ അനുഭവപ്പെടുന്നുണ്ടായിരുന്നു.വപ്പയുള്ളപ്പോള്‍  പ്രഭാതഭക്ഷണം കഴിക്കാതെ മദ്രസ്സയിലേക്ക് പോകുവാന്‍ വാപ്പ അവനെ  അനുവദിക്കുമായിരുന്നില്ല  .അന്നൊന്നും രാവിലെ വിശപ്പും തോന്നാറില്ല .ഇപ്പോഴെന്താ ഇങ്ങിനെ നേരം പുലര്‍ന്നാല്‍ ഒടുക്കത്തെ വിശപ്പാണ് .വിശപ്പടക്കാന്‍ ഉമ്മ ഒന്നും ഉണ്ടാക്കി തരികയുമില്ല .മദ്രസ്സയില്‍ പോകുന്നതാണ് ഇപ്പോൾ അവന് ഏക ആശ്വാസം. മദ്രസ്സയില്‍ നിന്നും തിരികെ വരുമ്പോള്‍ ഒരു സഹപാഠി അവന്‍റെ വീട്ടിലേക്ക്  ക്ഷണിച്ചു. വീട്ടില്‍ ചെന്നാല്‍ പഴുത്ത   പേരയ്ക്ക പോട്ടിച്ചുതരാം എന്ന് പറഞ്ഞപ്പോള്‍   സാദിഖ്‌ അലിയുടെ നാവില്‍  വെള്ളമൂറി .പേരയ്ക്ക പൊട്ടിച്ചപ്പോള്‍ വിശപ്പിനാല്‍ രണ്ടെണ്ണം അവിടെ നിന്ന് തന്നെ കഴിച്ചു  .മിച്ചം വന്നത്  മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുന്ന സഞ്ചിയിലുമിട്ട് സാദിഖ്‌ അലി വീട്ടിലേക്ക് നടന്നു. വീടിന് അടുത്തെത്തിയപ്പോള്‍  ഉസ്മാനിക്ക ഉന്തുവണ്ടിയുമായി പോകുവാന്‍ തയ്യാറായി  നിൽപ്പുണ്ടായിരുന്നു  . അവനെ കണ്ടതും അയാള്‍ ചോദിച്ചു.

,, അന്നോട്‌ മദ്രസ്സ വിട്ടാല്‍ വെക്കം വരണം എന്ന് പറഞ്ഞിട്ട് ഇയ്യ്‌  എന്താടാ നേരം വൈകിയേ ....,,

സാദിഖ്‌അലി മറുപടി പറയാതെ അയാളെ നോക്കുക മാത്രം ചെയ്തു .അപ്പോഴാണ്‌ മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുന്ന സഞ്ചി മുഴച്ചുനില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത് .

,, എന്താണ്ടാ സഞ്ചിയില്‍ .... ,,

സാദിഖ്‌അലി സഞ്ചിയില്‍ നിന്നും പേരയ്ക്ക എടുത്ത് അയാളുടെ നേര്‍ക്ക്‌ നീട്ടി പേരയ്ക്ക കണ്ടതും അയാള്‍ അവന്‍റെ കഴുത്തിന്  പിടിച്ചുകൊണ്ട് ചോദിച്ചു .

,, ഇജ്ജ് ഇത് എവടന്ന് കട്ടോണ്ട് വരാണ് ഹമുക്കേ ....,,

അയാളുടെ  കരതലം അവന്‍റെ കഴുത്തില്‍ അമര്‍ന്നതിനാല്‍  ശ്വാസോച്ഛ്വാസം എടുക്കാന്‍ നന്നേ പാടുപ്പെട്ടുകൊണ്ടു  പറഞ്ഞു .

,, ഞാനിത് കട്ടതൊന്നുമല്ല .എനിക്ക് എന്‍റെ കൂടെ ഓതാന്‍ വരുന്ന കുട്ടി തന്നതാണ് .ഇങ്ങള് എന്തിനാ എന്നെ എപ്പോഴും  ഇങ്ങിനെ വേദനിപ്പിക്കുന്നത് .ഞാനിങ്ങളോട് എന്ത് തെറ്റാ  ചെയ്യുന്നേ ? ന്‍റെ വാപ്പ   വന്നാല്‍ ഞാന്‍   എല്ലാം   പറഞ്ഞ്  കൊടുക്കുന്നുണ്ട്.,,

അവന്‍റെ വാക്കുകള്‍ക്ക് മറുപടി പറയുന്നതിന് മുന്നെതന്നെ അയാള്‍ അവനെ പൊതിരെ തല്ലിച്ചതച്ചു .അയാളുടെ അവനോടുള്ള കലി അടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു .

,, നായിന്‍റെ  മോനേ .... അന്‍റെ വാപ്പ  ആ പെരട്ട  കെളവന്‍ ഇനി നിന്നെ കാണാന്‍  വരൂല്ലാ.....അയാളെ ഞാന്‍  എത്തിക്കേണ്ടോടുത്ത്  എത്തിച്ചേക്കുന്ന് .മര്യാദയ്ക്ക് ഞമ്മളെ അനുസരിച്ച് ഇവിടെ   കഴിഞ്ഞോ   അല്ലെങ്കി അന്‍റെ വാപ്പാക്ക് ഇണ്ടായ ഗതി തന്ന്യാ   ആനക്കും  ഉണ്ടാകാ  അത്  ഇയ്യ്‌ ഓര്‍ത്തോ . പോയി എന്തെങ്കിലും മോന്തീട്ട് വെക്കം വന്ന് വണ്ടി ഉന്തടാ ഹമുക്കേ.... ,,

അയാളുടെ വാക്കുകള്‍ കേട്ട് അവന്‍റെ കുഞ്ഞ് മനസ്സ് വേദനിച്ചു.താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്‍റെ വാപ്പച്ചി ഇനി ഒരിക്കലും തന്നെ കാണുവാന്‍ വരില്ലാ എന്നോര്‍ത്തപ്പോള്‍ അവന് സങ്കടം ഒതുക്കി വെക്കാനായില്ല .അവന്‍ കരഞ്ഞുകൊണ്ട്‌ അകത്തേക്ക് ചെന്നപ്പോള്‍ ഉമ്മയും അവനെ ശകാരിച്ചു.

,, ഇജ്ജ് എന്തിനാണ്ടാ  ഇങ്ങനെ വായ പൊളിക്കുന്നത് ഇവടെ ആരെങ്കിലും മരിച്ചിരിക്കുന്നാ  ഇങ്ങനെ മോങ്ങാനായിട്ട് .വിശക്കുന്നുണ്ടെങ്കീ  അടുക്കളേല്  കഞ്ഞി എടുത്ത് വെച്ചേക്കുന്ന് അത് എടുത്ത് മോന്തീട്ട് മൂപ്പരെ കൂടെ ചെല്ല് .എത്ര നെരായീന്ന് അറിയോ അന്നേം നോക്ക്യോണ്ട് മൂപ്പര് നിക്കാന്‍  തൊടങ്ങീട്ട് ,,

 ഉമ്മ മുന്‍വശത്തേക്ക് പോയപ്പോള്‍  കഞ്ഞി കുടിക്കാനായി സാദിഖ്‌അലി  ചമ്രം പടിഞ്ഞിരുന്നെങ്കിലും .കഞ്ഞി കുടിക്കുവാന്‍ അവന് തോന്നിയില്ല .അവനൊരു ഉറച്ചതീരുമാനത്തോടെ അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയോടി.നടവഴി താണ്ടി പ്രധാനപാതയിലൂടെ അവന്‍ എവിടെയും നില്‍ക്കാതെ ഓടുകയായിരുന്നു .  ഒട്ടത്തിനോടുവില്‍ അവന്‍ ചെന്നുനിന്നത് ജുമാമസ്ജിദിലാണ് അവിടത്തെ ഇമാമിനോടവൻ  പറഞ്ഞു .

,, എന്നെ കാരണം കൂടാണ്ടേ അയാള് തല്ലുന്നു,  എന്‍റെ വാപ്പച്ചി എന്‍റെ അടുത്തേക്ക്‌ ഇനി ഒരിക്കലും വരൂലാന്നാ  അയാള് പറയുന്നേ....  എനിക്ക് പേടിയാവുന്നു  എനിക്ക് ഇനി ആ  വീട്ടിലേ ക്ക് പോകേണ്ടാ  എന്നെ ഉസ്താദ് രക്ഷിക്കണം ,,

ഉസ്താദ് അവനോട് ദേഹം ശുദ്ധിയാക്കിയതിനു ശേഷം മസ്ജിദില്‍ കയറിയിരിക്കുവാന്‍ പറഞ്ഞു .ഉസ്താദ് ഉടനെതന്നെ ഏതാനും കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി കാര്യം പറഞ്ഞു.അവിടെ കൂടിയിരുന്നവര്‍ ആളെ വിട്ട് സാദിഖ്‌ അലിയുടെ ഉമ്മയെ മസ്ജിദിലേക്ക് വിളിപ്പിച്ചു .ഉമ്മ വന്നപ്പോള്‍ ഉസ്താദ് അവരോട് പറഞ്ഞു .

.. നിങ്ങടെ മോന്‍ ഇവിടെ വന്നിട്ടുണ്ട് ചെറുക്കാന് ഇനി നിങ്ങടെ കൂടെ കഴിയെണ്ടാന്നാണ് പറയുന്നെ .ഓന്‍റെ വാപ്പ ദീനിയായിരുന്ന് പക്ഷേങ്കി ഇപ്പൊ നിങ്ങടെ കൂടെ കൂടിയിട്ടുള്ള ആ  കള്ളുകുടിയന്‍ നിങ്ങടെ ചെക്കനെ തല്ലികൊല്ലും .അതോണ്ട് ഞങ്ങള് ഒരു തീരുമാനത്തില്‍   എത്തിയിട്ടുണ്ട് .ചെക്കനെ ഏതെങ്കിലും യത്തീംഖാനയിലേക്ക് കൊണ്ടാക്കാം .അവിടെയാവുമ്പോള്‍ ഓത്തും പഠിപ്പും ഒക്കെ കിട്ടും ,,

ആ സ്ത്രീ അല്‍പനേരം ആലോചിച്ചതിനു ശേഷം പറഞ്ഞു .

,,എനിക്ക്  ഒരോട് ചോദിക്കാണായിരുന്ന് ഒരാണ് എനിക്കും ചെക്കനും ചെലവിന് തരണത് ,,

ഉസ്താദ് കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .

,, ഇങ്ങളെ രണ്ടിനേം പോലീസില്‍ ഏല്‍പ്പിക്കാണ് വേണ്ടത് .ഓന് ഇങ്ങടെ ആരാ അന്നെ ഓന് നിക്കാഹ് ചെയ്തേക്കുന്നാ ഇങ്ങടെ അവിഹിതം നാട്ടിലാകെ പാട്ടാണ് ,,

പിന്നെ ഒന്നും ഉരിയാടാതെ ആ  സ്ത്രീ  നടന്നകന്നു .  സാദിഖ്‌ അലി മസ്ജിദിന്‍റെ അകത്ത് നിന്നും ഉമ്മ നടന്നകലുന്നത് നോക്കി നിന്നു. അവര്‍ ഒന്ന്  തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല .ആ കുരുന്നു മനസ്സില്‍ ആരോ മന്ത്രിക്കുന്നത് പോലെ അവന് അനുഭവപ്പെട്ടു ആ നടന്നകലുന്ന സ്ത്രീ നിന്‍റെ സ്വന്തം മാതാവ് തന്നെയാണോ ? ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ രണ്ടുപേരുടെ കൂടെ  സാദിഖ്‌ അലി യാത്രയായി .രണ്ട് ബസ്സുകള്‍ മറികയറി പോന്നാനിയിലുള്ള ഒരു യത്തീംഖാനയില്‍  സാദിഖ്‌ അലി എത്തിച്ചേര്‍ന്നു .അവനെ കൊണ്ടുപോയവര്‍ തിരികെ പോയപ്പോള്‍ അവിടെയുള്ള ഉസ്താദ്  അവന് രണ്ടു ജോഡി വസ്ത്രം കൊടുത്ത് പറഞ്ഞു .

 .. വെക്കം കുളിച്ചിട്ട് വസ്ത്രം മാറിക്കോ .എല്ലാ വകത്ത് നിസ്ക്കാരത്തിനും മസ്ജിദില്‍ എത്തണം .ഇപ്പോ തല്‍ക്കാലം അനക്ക് മദ്രസ്സയില്‍ ഒതാം .പള്ളിക്കൂടത്തില്‍ പോകണമെങ്കില്‍ ഇയ്യ്‌ പഠിച്ചിരുന്ന പള്ളിക്കൂടത്തില്‍ നിന്നും റ്റി സി  ആരെങ്കിം ഇവിടെ എത്തിക്കണം ,,

ഉസ്താദിന്‍റെ സഹായിയുടെ പുറകെ  സാദിഖ്‌അലി നടന്നു .അൽപം നടന്നപ്പോള്‍ ആരുമില്ലാത്ത ഒരു മുറിയിലേക്ക് അവനെ അയാള്‍ ആനയിച്ചു .അവന്‍റെ കയ്യിലെ വസ്ത്രങ്ങള്‍ മേശയില്‍ വാങ്ങിവെച്ച് അയാള്‍ അവനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .

,, ഇയ്യെന്താ ഒന്നും തിന്നലും കുടിക്കലും ഒന്നുമില്ലേ ...അന്‍റെ മേലാകെ എല്ല് പോന്തിയിരിക്കുന്നല്ലാ ,,

അല്പനേരം അയാള്‍ അവന്‍റെ ശരീരത്തില്‍ തടവിക്കൊണ്ട് പറഞ്ഞു.

,, അന്നെ കെട്ടിപിടിച്ച് ഉമ്മ വെച്ചതൊന്നും ആരോടും പറയരുത് .പറഞ്ഞാല്‍ എന്‍റെ ജോലി പോകും ,,

അയാള്‍ പറഞ്ഞതിന്‍റെ പൊരുളെന്താണെന്ന്  സാദിഖ്‌അലിക്ക് മനസ്സിലായില്ല .അയാളുടെ കരതലം അവന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞപ്പോള്‍  അവന്  ഇക്കിളിപ്പെട്ടൂ .അയാളെ കണ്ടാല്‍ തന്‍റെ വാപ്പയുടെ അത്രേം പ്രായം തോന്നും കോയാക്ക എന്നാണ് അയാളുടെ പേര് .  സാദിഖ്‌ അലി യത്തീംഖാനയിലെ അന്തേവാസിയായി ജീവിതം ആരംഭിച്ചു .പുലര്‍ച്ചെ നമസ്ക്കാരത്തിന് എഴുന്നേല്‍ക്കുക എന്നതാണ് അവിടെ ഏറ്റവും ദുഷ്കരമായി അവന് അനുഭവപ്പെട്ടത് .നൂറുകണക്കിന് കുട്ടികളുണ്ട് യത്തീംഖാനയില്‍ അവരിൽ മാതാവോ,  പിതാവോ ഇല്ലാത്തവരും ചിലര്‍ മാതാപിതാക്കള്‍ തന്നെ ഇല്ലാത്തവരുമാണ്   .    കോയാക്ക അവിവാഹിതനാണ് ബാല്യകാലത്ത് യത്തീംഖാനയില്‍ വന്നുപെട്ട അയാള്‍   യത്തീംഖാനയിലെ സഹായിയായി കൂടിയതാണ്. സാദിഖ്‌ അലിക്ക് നാള്‍ക്കുനാള്‍  കോയാക്കയുടെ ശല്യം കൂടിക്കൂടി വന്നു.അയാള്‍ തന്നോടു ചെയ്യുന്നത്  പ്രകൃതി വിരുദ്ധമായ കാര്യങ്ങളാണ് എന്നുള്ള തിരിച്ചറിവുകള്‍ സാദിഖ്‌ അലിയുടെ മനസ്സില്‍ കുറ്റബോധം ഉളവാക്കി.അയാള്‍ അവനെ അസഹ്യമായി വേദനിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ മറ്റൊരു ഇരയെ സാദിഖ്‌ അലി കണ്ടെത്തി കണ്ടാല്‍  പതിനൊന്നു വയസ്സ് തോന്നിപ്പിക്കുന്ന അവനെ തനിയെ കിട്ടിയപ്പോള്‍ സാദിഖ്‌ അലി പറഞ്ഞു.

,, ആ  കോയാക്ക എന്നെ വേദനിപ്പിക്കുന്നത് പോലെ നിന്നെയും വേദനിപ്പിക്കുന്നുണ്ട് എന്ന്  എനിക്കറിയാം. നീ എന്‍റെ ഒപ്പം ഉണ്ടാകുമോ ? നമുക്ക് അയാളെ ഒരുപാഠം പഠിപ്പിക്കണം ,,

അവന്‍ കുറ്റവാളിയെ പോലെ  സാദിഖ്‌ അലിയുടെ മുഖത്തേക്ക്  അല്‍പനേരം നോക്കിനിന്നതിനു ശേഷം പറഞ്ഞു.

,, നമ്മുടെ ജന്മം ശാപ ജന്മമാണ് .അയാളെ പിണക്കിയാല്‍ പിന്നെ നമുക്ക് ഇവിടെ ജീവിക്കുവാനാവില്ല എന്‍റെ വാപ്പച്ചി എന്‍റെ ഉമ്മ മരിച്ചപ്പോള്‍ വേറെ കെട്ടിയതാണ്‌ ഇവിടെ നിന്നും പോയാല്‍ അവരുടെ അടുത്തേക്ക്‌ പോകേണ്ടി വരും എന്‍റെ റബ്ബേ ....ആ കാര്യം എനിക്ക് ഓര്‍ക്കാനും കൂടി വയ്യാ ...,,

സാദിഖ്‌ അലി അസ്വസ്ഥനായി .രണ്ടാംദിവസം അടുക്കളയില്‍ സഹായിക്കുവാന്‍ പോയപ്പോള്‍ പച്ചമുളക് അമ്മിയില്‍ അരയ്ക്കുമ്പോള്‍ ഉള്ളംകൈ എരുവിനാല്‍  വല്ലാതെ നീറുവാന്‍ തുടങ്ങി .അസഹ്യമായ നീറ്റല്‍ സഹിച്ചുകൊണ്ട് അവനെ ഏൽപിച്ച  ച കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ അവന്‍റെ  കുഞ്ഞ് മനസ്സില്‍ ഒരു ബുദ്ധിയുദിച്ചു.അമ്മിയിലെ അരപ്പില്‍ നിന്നും അല്‍പം എടുത്ത് വാഴയിലയില്‍  പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു .ഭക്ഷണം കഴിഞ്ഞ് കിടക്കുവാന്‍  നേരം പൊതിയെടുത്ത് ഉടുമുണ്ടിന്‍റെ അറ്റത് കെട്ടിയിട്ടു.വൈദ്യുതി വെട്ടം അണഞ്ഞു സാദിഖ്‌അലി നിദ്രയിലേക്ക് വഴുതിവീണൂ . അല്‍പം കഴിഞ്ഞപ്പോള്‍ കോയാക്കയുടെ പതിഞ്ഞ സ്വരം കേട്ട് സാദിഖ്‌ അലി  ഉറക്കമുണര്‍ന്നു .

,, എടാ എഴുനേറ്റ് വായോ ,,

 സാദിഖ്‌ അലി അനുസരണയോടെ അയാളുടെ പുറകെ നടന്നു.മതില്‍കെട്ടിനോട് ചേര്‍ന്നുള്ള   വിറകുപുരയിലേക്കാണ് അയാള്‍ അവനെ ആനയിച്ചത്.അയാള്‍ ആര്‍ത്തിയോടെ അവനെ കെട്ടിപ്പിടിച്ചു .അയാള്‍ വിവസ്ത്രനായപ്പോള്‍ കരുതിയിരുന്ന പച്ചമുളകിന്‍റെ  അരപ്പ് പ്രയോഗിച്ചു .കോയാക്ക അവന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് പറഞ്ഞു.

.. എടാ  ഹമുക്കേ......  ഇയ്യ്‌ എന്ത് പണിയാടാ   ഈ  ഒപ്പിച്ചേ ....,,

അയാളുടെ പിടുത്തം അയഞ്ഞപ്പോള്‍  സാദിഖ്‌ അലി ഓടി മതില്‍കെട്ടിനു പുറത്ത് കടന്ന് വീണ്ടും ഓടി .ആ യത്തീംഖാനയില്‍ നിന്നും എന്നെന്നേക്കുമായി അവന്‍ വിടപറയുകയായിരുന്നു.അടുത്ത ദിവസ്സം രാവിലെ അവനൊരു   കടപ്പുറത്ത്  എത്തിപ്പെട്ടു .നല്ല വിശപ്പും ,ദാഹവും തോന്നി കൈയില്‍ നയാപൈസയില്ല .പൊതു കുടിവെള്ള  പൈപ്പില്‍ നിന്നും ദാഹം തീരും വരെ വെള്ളം കുടിച്ചപ്പോള്‍ അല്‍പം ഉന്മേഷം തോന്നി.ദൂരെ ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ അവനവിടെക്ക്   നടന്നു .മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കുറേപേര്‍ ചേര്‍ന്ന് കരയിലേക്ക് അടുപ്പിക്കുന്നു.നിക്കര്‍ ധാരികളായ കുറേ കുട്ടികളുമുണ്ട് കൂട്ടത്തില്‍ .വള്ളങ്ങള്‍ കരയിലേക്ക് എത്തിയാല്‍ വള്ളത്തിലുള്ളവര്‍ കുട്ടികളുടെ കുട്ടകളിലേക്കും സഞ്ചികളിലേക്കും   മത്സ്യങ്ങള്‍ സൗജന്യമായി നല്‍കുന്നത്   സാദിഖ്‌അലി നോക്കിയിരുന്നു.ആ മത്സ്യങ്ങള്‍ കുട്ടികള്‍ അവിടെ തന്നെ വില്‍പ്പ ചെയ്യുന്നതും  അവന്‍റെ ശ്രദ്ദയില്‍പെട്ടു കുറേനേരം ആ ഇരിപ്പിരുന്നപ്പോള്‍ വിശപ്പിന്‍റെ കാഠിന്യം അവനെ വല്ലാതെ  അലോസരപ്പെടുത്തി . അവനും മറ്റുള്ളവരോടൊപ്പം  വള്ളങ്ങള്‍ കരയിലേക്ക് അടുപ്പിക്കുവാന്‍ സഹായിച്ചു.സാദിഖ്‌ അലിയെ അവിടെ ആദ്യമായി കണ്ടതുകൊണ്ടാവണം വള്ളത്തിലുള്ള മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന യുവാവ് അവനോട് ചോദിച്ചു.

,, ഉന്നെ  മുന്നാടി ഇവിടെ കണ്ടിട്ടില്ലല്ലോ ...? എങ്കയാ വീട് ,,

ആര്‍ത്തിരമ്പുന്ന തിരമാലകളുടെ  ഇരമ്പലില്‍ വള്ളത്തിന്‍റെ അങ്ങേയറ്റത്തുള്ള  അയാളുടെ ചോദ്യം  സാദിഖ്‌അലിക്ക് മനസ്സിലായില്ല അവന്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്‍റെ തൊഴിലില്‍ മുഴുകി .തൊഴില്‍ കുറെനേരത്തെ അധ്വാനത്തിന്റെ ഫലമായി   കുറേ മത്സ്യം   സാദിഖ്‌ അലിക്കും ലഭിച്ചു. ആ മത്സ്യങ്ങള്‍ വില്‍പ്പന ചെയ്‌തപ്പോള്‍ അവന്‍റെ കൈയിലും പണം വന്നുചേര്‍ന്നു.വിശപ്പിനാൽ വയറൊട്ടിയിരിക്കുന്നു.കടപ്പുറത്തുള്ള  ഹോട്ടലില്‍നിന്നും  ഭക്ഷണം കഴിച്ച് കാറ്റാടിമരങ്ങളുടെ താഴെയവൻ വിശ്രമിച്ചു .സൂര്യൻ അന്നത്തെ കർത്തവ്യം അവസാനിപ്പിച്ച് അസ്തമിച്ചപ്പോൾ അവിടമാകെ ഇരുട്ടായി .ഭയത്താൽ അവന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി.  ബീച്ചില്‍ വരുന്നവര്‍ക്ക് ഇരിക്കുവാനായുള്ള ഇരിപ്പിടത്തില്‍ അവന്‍ അന്തിയുറങ്ങി.

അവിടത്തെ ജീവിതത്തിൽ ജീവിതത്തിന്‍റെ പുതിയൊരു ആസ്വാദനം  അവന്‍ കണ്ടെത്തി.   പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പതിവായികടപ്പുറത്തുള്ള മസ്ജിദിലെ ശൗചാലയത്തിലാണ്
സാദിഖ്‌അലിപോയിരുന്നത്. അവിടത്തെ ഇമാം ഒരുദിവസം അവനെ  തടഞ്ഞുനിറുത്തി അവനെക്കുറിച്ച് ചോദിച്ചറിഞ്ഞു. സാദിഖ്അലിയുടെ ജീവിതത്തെ  കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇമാമിന് മനസ്സലിവുണ്ടായി അദ്ദേഹം സാദിഖ്‌ അലിയോട് അദ്ദേഹത്തോടൊപ്പം തമിസ്സിക്കുവാന്‍ പറഞ്ഞു.നമസ്കാര സമയത്ത് മസ്ജിദില്‍ വന്ന് നമസ്ക്കരിക്കണം എന്നത് മാത്രമായിരുന്നു .അദ്ദേഹത്തിന് അവനോട് വെക്കാനുണ്ടായിരുന്ന നിബന്ധന.കോയാക്കയുടെ സമാനസ്വഭാവമുള്ളവര്‍ കടപ്പുറത്തും ഉണ്ടായിരുന്നു.പലർക്കും അവന് വഴങ്ങി കൊടുക്കേണ്ടിവന്നു അവരില്‍ നിന്നുമുള്ള രക്ഷയായിരുന്നു   മസ്ജിദിലേക്കുള്ള പുനരിധിവാസം.

ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍  മസ്ജിദില്‍ സ്ഥിരമായി നമസ്ക്കരിക്കാന്‍ വന്നിരുന്ന ഒരു മധ്യവയസ്കന്‍ സാദിഖ്‌ അലിയെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു അയാള്‍ അവനോട് പറഞ്ഞു.

,, ഞമ്മള് വീരാന്‍കുട്ടി . അന്നെ കുറിച്ച് ഞമ്മള് ഇമാമിനോട്‌ ചോദിച്ചറിഞ്ഞേക്കുന്ന്.ഇജ്ജ് ഈ ചെറുപ്രായത്തില് ഈ കടാപ്പുറത്ത് വെയിലും കൊണ്ട് നടക്കണ്ടാ ..ഇജ്ജ് ഞമ്മന്‍റെ പോരേല്‍ക്ക് പോരെ .ഞാനും ന്‍റെ കെട്ട്യോളും മാത്രേ ന്‍റെ പൊരേലൊള്ളൂ .ഞങ്ങക്ക് ഒരേയൊരു മോളേയുള്ളൂ .ഓളും,കെട്ട്യോനും, കുട്ട്യോളും,അങ്ങ്  സൌദിഅറേബ്യയിലാ .അന്നെ ഞമ്മള് പള്ളിക്കൂടത്തില് വിടാം .ഞങ്ങടെ സ്വന്തം മോനെപോലെ അന്നെ ഞമ്മള് നോക്കിക്കോളാം. പള്ളികൂടത്തീന്ന് ബന്നാല് ചില്ലറ സാമാനങ്ങള്‍ വാങ്ങാന്‍ കടേല്  പോകാനുണ്ടെന്നു ബച്ചാല്‍ പോണം അതായിരിക്കും അനക്ക്  ആകപ്പാടെ ഞമ്മളെ  വീട്ടില് ഉണ്ടാകണ ജോലി,,

 ഇമാമും നിര്‍ബന്ധം പറഞ്ഞപ്പോള്‍ സാദിഖ്‌ അലി സമ്മതം മൂളി.അനുസരണയോടെ സാദിഖ്‌ അലി വീരാന്‍കുട്ടിക്കയുടെ കൂടെ അയാളുടെ വീട്ടിലേക്ക് യാത്രയായി.വീരാന്‍കുട്ടിക്കയുടെ പത്നി സ്നേഹസമ്പന്നയും സല്‍സ്വഭാവിയുമായിരുന്നു.അവര്‍ അവനെ മകനെപോലെ സ്നേഹിച്ചു.വീരാന്‍കുട്ടി  സാദിഖ്‌അലിയുമായി സാദിഖ്‌ അലിയുടെ  നാട്ടില്‍പോയി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിവന്ന് അവനെ കടപ്പുറത്തുള്ള വിദ്യാലയത്തില്‍ ചേര്‍ത്തു.അപ്രതീക്ഷിതമായി വന്നുചേര്‍ന്ന സൗഭാഗ്യം സാദിഖ്‌ അലി ആസ്വദിച്ചു ജീവിച്ചുപോന്നു.പക്ഷെ ഒന്നരവര്‍ഷത്തെ ആയുസ്സേ  ആ സൗഭാഗ്യത്തിനുണ്ടായിരുന്നുള്ളൂ .വീരാന്‍കുട്ടിയുടെ മകളും കുടുംബവും  സൌദിഅറേബ്യയില്‍ നിന്നും രണ്ടുമാസത്തെ അവധിക്കാലം ചിലവിടാന്‍ നാട്ടിലേക്ക് വന്നു.മക്കളിൽ മൂത്തവൾ ഫർസാനയ്ക്ക് പ്രായം  ഒൻപതു വയസ്സ് കഴിഞ്ഞു.അവളുടെ ഇളയതുങ്ങൾ ആൺകുട്ടികളാണ്. സാദിഖ്‌ അലി വിദ്യാലത്തിൽ നിന്നും വന്നാൽ ഫർസാന സാദിഖ്‌ അലിയുടെ കൂടെയാണ് എപ്പോഴും ഉണ്ടാവുക.തെങ്ങിൻ തോപ്പിലും,കടപ്പുറത്തുമൊക്കെ കളിക്കലാണ് അവളുടെ പ്രധാന വിനോദം.

ദിവസങ്ങളും,ആഴ്ചകളും പോയ്മറഞ്ഞു.ഫർസാന അവധിക്കാലം കഴിഞ്ഞു തിരിച്ചു പോകുന്നു എന്നറിഞ്ഞതിൽ പിന്നെ  സാദിഖ്‌അലി ദുഃഖിതനായി.അവളുമൊത്ത് കൂടുതൽ ഇടപഴുകിയപ്പോൾ അവൾ തനിക്കായി ജനിച്ചവളാണെന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നത് പോലെഅവനു തോന്നി  .ഫർസാനയും കുടുംബവും തിരികെ പോകുന്നതിന്‍റെ തലേന്നാൾ മാതാപിതാക്കളും സഹോദരങ്ങളും പുറത്തുപോയ സമയത്ത്  ഫർസാനയാണ് പറഞ്ഞത് അവൾക്ക് കടപ്പുറത്തുള്ള കാറ്റാടിമരങ്ങൾക്കിടയിലൂടെ നടക്കണമെന്ന്.കുറേ ദൂരം നടന്നാലേ കാറ്റാടിമരങ്ങളുള്ള ഇടത്തേക്ക് എത്തുവാൻ കഴിയുകയുള്ളൂ അവിടേക്ക് അവളുടെ മാതാപിതാക്കളുടെ കൂടെ മാത്രമേ പോകാവൂ എന്ന് അവളുടെ ഉമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്.സന്ധ്യയായാൽ അവിടെ  മദ്യപാനികൾ പലയിടത്തും കൂട്ടമായിരിക്കുന്നത് കാണാം .ഇടതൂർന്നു നിൽക്കുന്ന കാറ്റാടിമരങ്ങൾക്കിടയിലൂടെ നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കുകയില്ല.എപ്പോഴും അരണ്ടവെളിച്ചമുള്ള അവിടേക്ക് പോകുവാൻ സാദിഖ്‌ അലിക്ക് ഭയം തോന്നാറുണ്ട്.ആരോടും പറയാതെ അവർ കാറ്റാടി മരങ്ങളുള്ള ഇടത്തെത്തി.കടപ്പുറത്തെ നനുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു  ഫർസാനയുടെ പുറകെ നടക്കുമ്പോൾ സാദിഖ്അലി ഫർസാനയോട് ചോദിച്ചു .

,, എന്താ ഫർസാന വാപ്പയും,ഉമ്മയും പോകുമ്പോൾ അവരുടെ കൂടെ പോകാതെയിരുന്നത് ?,,

 അവൾ അവൻറെ കൈയിൽ നുള്ളികൊണ്ട് പറഞ്ഞു

,,അവരുടെ കൂടെ പോയാല് എനിക്ക് സാദിഖ് ഇക്കാനോടൊപ്പം ഇങ്ങനെ കാറ്റും കൊണ്ട് നടക്കാൻ പറ്റോ ?,,

അവൾ അവനെ നോക്കി പൊട്ടിപ്പൊട്ടി ചിരിച്ചു

,,എൻറെ കൂടെ എപ്പോഴും നടക്കാൻ ഇഷ്ടമാണോ ?,,

അവൻറെ ചോദ്യത്തിന് കാറ്റാടി മരത്തിന് വലയം വെച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്

,, ഇഷ്ടമാണ് പെരുത്ത് പെരുത്ത് ഇഷ്ടമാണ് ,

അവൻറെ മനസ്സിൽ എന്തിനോവേണ്ടിയുള്ള ദാഹം അനുഭവപ്പെട്ടു.കോയാക്ക ആദ്യമായി അവനെ ആലിംഗനം ചെയ്തപ്പോൾ അനുഭവപ്പെട്ടതുപോലുള്ള സുഖത്തിനായി മനസ്സ് വല്ലാതെ കൊതിച്ചു .പിന്നെ അവിടെ അരങ്ങേറിയത് എല്ലാം യാന്ത്രീകമായിരുന്നു ആരോ ആ കുഞ്ഞുമനസ്സിൽ മന്ത്രിക്കുന്നത് പ്രാവർത്തികമാക്കുകയായിരുന്നു സാദിഖ്അലി    അവനൊരു മനസാക്ഷിയില്ലാത്തവനായിമാറി .അവൻ പരിസരമാകെ വീക്ഷിച്ചു അവരല്ലാതെ മാറ്റ് ആരേയും അവിടെ അവന് കാണുവാനായില്ല അവനവളെ കടന്നുപിടിച്ചു.അപ്രതീക്ഷിതമായുള്ള സാദിഖ്അലിയുടെ പെരുമാറ്റം അവളെ ഭയപ്പെടുത്തി .അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു .

,, എന്താ ഈ ചെയ്യുന്നേ ഇങ്ങനെയൊന്നും കുട്ട്യോള് ചെയ്യാൻ പാടില്ല .ഞാൻ എല്ലാം  ഉമ്മാനോട് പറയും ,,

അവൾ കരഞ്ഞുകൊണ്ടോടി പുറകെയോടിയ അവൻ അവളുടെ വായ്  പൊത്തിപ്പിടിച്ചു.കരതലം എടുക്കുമ്പോൾ അവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ടിരുന്നു അവൻ അവളുടെ വായ് സർവ ശക്തിയുമെടുത്ത് പൊത്തിപിടിച്ചു .ഏതാനും നിമിഷങ്ങൾ അവളുടെ കാൽപാദങ്ങൾ പൂഴിയിൽ അൽപം താന്നു.സാദിഖ്അലി വിഭ്രാന്തനായി അവളുടെ ശ്വാസോച്ഛാസ്വം പതിയെ നിലച്ചു.അവനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവളുടെ ശിരസ്സ് അവനവന്റെ മടിയിലേക്ക് എടുത്തുവെച്ചപ്പോൾ ഒരു വശത്തേക്ക് ഊർന്നുപോയി.ഫർസാനയുടെ ശരീരം നിശ്ചലമായിരിക്കുന്നു ഫർസാനയുടെ മൃദദേഹം അവിടെ ഉപേക്ഷിച്ച് സാദിഖ്അലി അവിടെ നിന്നും ലക്ഷ്യമില്ലാത്ത ദിക്കിലേക്ക് യാത്രയായി.അപ്പോൾ അസ്തമയസൂര്യന്റെ സ്വർണ്ണനിറമുള്ള പ്രഭയും പോയ്മറഞ്ഞിരുന്നു.ഇരുട്ടിലൂടെയുള്ള യാത്രയിൽ അവൻ വല്ലാതെ ഭയപ്പെട്ടു.തൊണ്ട വറ്റിവരണ്ടുണങ്ങിക്കൊണ്ടിരുന്നു.

 അടുത്തദിവസം പുലർച്ചെ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള പാർക്കിലെ കോൺഗ്രീറ്റ് ബഞ്ചിൽ തളർന്നുറങ്ങുകയായിരുന്ന സാദിഖ്അലിയുടെ കാൽപാദങ്ങളിൽ ഏറ്റ സ്പർശനത്താൽ അവൻ ഉറക്കമുണർന്നു .കാൽപാദങ്ങളിൽ മണംപിടിക്കുന്ന  രൂപത്തെ കണ്ടവൻ ഭയന്ന്  അലറിയെഴുനേറ്റു തന്റെ ചുറ്റിനും കുറേ പോലീസുകാരും പൊതുജനങ്ങളും  ഒരു  പോലീസ് നായയും ..പിടിക്കപ്പെട്ട സാദിഖ് അലി കരഞ്ഞുകൊണ്ടേയിരുന്നു.വാഹനത്തിൽ ഇരുന്നും കരയുന്ന സാദിഖ് അലിയുടെ കരണത്ത് ഒരു പോലീസ് കാരൻ അടിച്ചുകൊണ്ട് പറഞ്ഞു.

,, ,,കഴുവേറിടെ മോനെ ....ഒരു പാവം പെൺകൊച്ചിനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് ഇരുന്ന് മോങ്ങുന്നോ ? . മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ലല്ലോടാ നിനക്കൊക്കെ എങ്ങിനെ പറ്റുന്നടാ ഇങ്ങിനെയൊക്കെ ചെയ്യാൻ ,,

 മറ്റൊരു പോലീസുകാരൻ പറഞ്ഞു .

,,സാറെ ഇപ്പോൾ പ്രായപൂർത്തിയാകാത്തവരാണ് ബലാൽസംഘ കേസുകളിൽ കൂടുതലും ഉൾപ്പെടുന്നത്.രണ്ടായിരത്തി പന്ത്രണ്ട് ഡിസംബർ പതിനാറിനു രാത്രിയിൽ ഡെൽഹിയിൽ  സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ  എന്ന വൈദ്യവിദ്യാർത്ഥിനിയെ ഒരുകൂട്ടം നീചന്മാർ അതിക്രൂരമായി ബലാൽസംഘത്തിന് ഇരയാക്കിയതറിയാമല്ലോ ?  കേസിലെ ആറ് പേരിൽ ഒരുത്തൻ  പ്രായപൂർത്തിയാകാത്തവനായിരുന്നു.അവനാണ്  പീഡനത്തിനിടയിൽ ഇരയായ പെൺകുട്ടിയുടെ  ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളികയറ്റിയെതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്,,

  കരഞ്ഞുകൊണ്ടിരിക്കുന്ന  സാദിഖ് അലിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ട് ആ പോലീസുകാരൻ തുടർന്നു.

,, ഇനിയും നീ കരഞ്ഞാൽ അടിച്ചുനിന്റെ പരിപ്പ് ഞാൻ ഇളക്കും കഴുവേറിടെ മോനെ,,

  സാദിഖ്അലി സ്വയം  വായപൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ ചോദ്യങ്ങൾക്ക് സാദിഖ്അലി സത്യസന്ധമായി ഉത്തരം നൽകി .പൊലീസിനു മുമ്പില്‍ സാദിഖ്അലി കുറ്റസമ്മതം നടത്തി .അടുത്ത ദിവസ്സം അവനെ  തെളിവെടുപ്പിനായി കടപ്പുറത്തേക്ക് കൊണ്ടുപോയി അപ്പോഴൊക്കെയും സാദിഖ് അലി മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു വീരാന്‍കുട്ടിക്കാനെ  നേരിൽ കാണരുതേയെന്ന് ആ മുഖത്തേക്ക് നോക്കുവാൻ അവനാകുമായിരുന്നില്ല..ഫർസാന മരണപ്പെട്ടിരിക്കുന്നു ഇന്നലെ എന്തൊക്കെയാണ് ഉണ്ടായത്.അവൾ ഉച്ചത്തിൽ കരഞ്ഞപ്പോൾ ആരെങ്കിലും കേൾക്കുമെന്ന് കരുതി അവളുടെ വായപൊത്തിപ്പിടിക്കുകയല്ലേ താൻ ചെയ്തുള്ളൂ. എങ്ങിനെയാണ് അവൾ മരണപ്പെട്ടത്. മരണപ്പെടുവാനായിട്ട് താൻ അവളെ പരിക്കേൽപ്പിച്ചിട്ടില്ലല്ലോ ? .സാദിഖ് അലിക്ക് സംഭവിച്ചതൊന്നും വിശ്വസിക്കുവാനാവുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസ്സത്തെ ആ നിമിഷങ്ങളെ അവൻ വല്ലാതെ വെറുത്തു.കുറ്റബോധത്താൽ അവന് ആരുടേയും മുഖത്തേക്ക് നോക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.

കാണുന്നവരൊക്കെയും അവനെ  ഏറ്റവും അശ്ലീലമായ ഭാഷയിൽ വഴക്കുപറഞ്ഞുകൊണ്ടിരുന്നു.ചിലർ അവന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി.
 തന്റെ ഹൃദയത്തിൻ്റെ പ്രവർത്തനം എന്നന്നേയ്ക്കുമായി നിശ്ചലമായെങ്കിൽ,അല്ലെങ്കിൽ ഏതെങ്കിലും മാന്ത്രികൻ അയാളുടെ ജാലവിദ്യയാൽ  തന്നെ ഈ ഭൂലോകത്ത് നിന്നും അപ്രത്യക്ഷ്യമാക്കിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു.

ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ ലോക്കപ്പിലോ കഴിയാനിടയാകരുതെന്ന് നിയമം ആഗ്രഹിക്കുന്നുണ്ടെങ്കിലും പതിനെട്ട്  വയസ്സു തികയാത്തവർക്കുള്ള  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ബാലനീതി നിയമപ്രകാരം കേസ് പരിഗണിച്ച് നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ജുവനൈൽ ഹോം വാസം സാദിഖ്അലിക്ക് ലഭിച്ചു. ഏഴിനും പതിനെട്ടിനും മധ്യേപ്രായമുള്ള കൗമരപ്രായക്കരിൽ കണ്ടു വരുന്നതും സാമൂഹിക വിരുദ്ധവും ശിക്ഷയ്ക്കോ തിരുത്തലുകൾക്കോ അർഹവുമായ കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ളതുമായ സ്വഭാവ പ്രവണതയുള്ളവരെ പാർപ്പിക്കുന്ന  ജുവനൈൽ ഹോമിലേക്ക് സാദിഖ്അലി എത്തപ്പെട്ടു .  ജുവനൈൽ ഹോമിൽ അച്ചടക്കമുള്ളവാനായിരുന്നു സാദിഖ് അലി.വീരൻകുട്ടിക്ക അവനെ കാണുവാൻ വന്നെങ്കിലും അയാളെ നേരിൽ കാണുവാൻ സാദിഖ്അലി വിസ്സമ്മതിച്ചു. ജുവനൈൽ ഹോമിലെ ജീവിതം ജീവിച്ചു തീർക്കുമ്പോഴും ഫർസാനയുടെ ഓർമ്മകൾ അവനെ വല്ലാതെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.

 ജുവനൈൽ ഹോമിൽ അനവധി കുട്ടികളുണ്ടായിരുന്നു.ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ ചെയ്തവർ,ഭിക്ഷാടനം,ബാലവേല,തെരുവ് കുട്ടികള്‍,എച്ച് ഐ വി ബാധിതർ അങ്ങിനെ നീളുന്നു പട്ടിക.മാതാപിതാക്കളുടെ വഴിവിട്ട ജീവിതം നിമിത്തം  എച്ച് ഐ വി ബാധിതരായകുട്ടികളുടെ ജീവിതമാണ് ഏറ്റവും ദുരിതം .അവർക്കായുള്ള മുറിയിലേക്ക് മറ്റുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.സാദിഖ് അലി ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ വായിക്കുവാനും,ചിത്രങ്ങൾ വരയ്ക്കുവാനും സമയം കണ്ടെത്തി.ജുവനൈൽ ഹോം അതികൃതർ കൂടുതൽ ചിത്രങ്ങൾ വരയ്ക്കുവാൻ  വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. 



  മൂന്നുവർഷത്തെ ശിക്ഷ കഴിഞ്ഞ സാദിഖ് അലിയെ നാളിതുവരെ അവനെക്കാണാൻ  ബന്ധുക്കൾ വരാത്തതിനാൽ പതിനെട്ട് വയസ്സ് തികയും വരെ അവിടെ തന്നെ ജീവിക്കുവാൻ അധികൃതർ പറഞ്ഞുവെങ്കിലും രാവിലെ പതിനൊന്ന് മണിയോടെ അവനെ കൊണ്ടുപോകുവാൻ ഒരാൾ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ  വന്നത് ആരാണെന്നറിയാൻ ആകാംക്ഷയോടെ അവൻ അഥിതികാൾ വന്നാൽ സന്ധിക്കുന്ന ഇടത്തേക്ക് ഓടുകയായിരുന്നു.അവനെ തേടിയെത്തിയ ആളെക്കണ്ട് അവൻ സ്തംഭിച്ചുനിന്നു.വീരൻകുട്ടിക്ക മൂന്ന് വർഷങ്ങൾകൊണ്ട് അയാൾ ആളാകെ മാറിയിരിക്കുന്നു.കാൽമുട്ടുകളുടെ വേദനയാൽ നടക്കുവാൻ നന്നായി പാടുപെടുന്നുണ്ട്.അയാൾ അവനെ അരികിലേക്ക് വിളിച്ച്‌ ശരീരത്തോട് ചേർത്ത് നിറുത്തി പറഞ്ഞു.

,,മോൻ  പേടിക്കേണ്ട എനിക്ക് നിന്നെ അറിയാം അനക്ക് ഓളെ കൊല്ലാൻ ഒക്കൂലാ  കാരണം ഓൾക്ക് അന്നെ പെരുത്തിഷ്ടമായിരുന്നു .ഓള്  ഇത്തവണ നാട്ടിൽ വന്നപ്പോ അന്റെ പുറകെ നടക്കാനേ  ഓൾക്ക് സമയം ഉണ്ടായിരുന്നുളളൂ.മോൻ എന്റെ കൂടെ പോര് നാട്ടുകാരും,വീട്ടുകാരും  പലതും പറയും ഞാനതൊന്നും കാര്യമാക്കുന്നില്ല,,

നടപടി ക്രമങ്ങൾ പൂർത്തിയാക്കി സാദിഖ് അലി വീരാൻകുട്ടിക്കയുടെ കൂടെ യാത്രയായി.കുറ്റബോധത്താൽ എത്ര ശ്രമിച്ചിട്ടും സാദിഖ് അലിക്ക് അയാളുടെ മുഖത്തേക്ക് നോക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.ബസ്‌സ്റ്റാൻഡിൽ നിന്നും     വീരാൻകുട്ടിക്ക അറിയാതെ  സാദിഖ് അലി പിൻവലിഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തുവാനായിവീരൻകുട്ടിക്കയുടെ കണ്മുന്നിൽ പെടാതെ നടന്നു . ജുവനൈൽ ഹോമിൽ നിന്നും പോരുമ്പോൾ  അവിടെ നിന്നും കുറച്ച് രൂപ അവന് ലഭിച്ചിരുന്നു ആ രൂപയിൽ നിന്നും വയറുനിറയെ അവൻ ആഹാരം കഴിച്ചു.സന്ധ്യയായപ്പോൾ മിച്ചം വന്ന രൂപ ഭിക്ഷ കൊടുത്തു തീർത്തു  .റയിൽവേസ്റ്റേഷൻ എവിടെയാണെന്ന് തിരക്കി മനസ്സിൽ ഉറച്ച തീരുമാനവുമായി അവൻ റയിൽവേസ്റ്റേഷനിൽ എത്തിച്ചേർന്നു.

റെയിൽപ്പാതയിലൂടെ നടക്കുമ്പോൾ ഇതുവരെ കാണാത്ത പ്രാകൃതിയുടെ ഭംഗിയെ അവൻ ആസ്വദിച്ചു.നിലാവെളിച്ചത്തിൽ ആകാശത്ത് നക്ഷത്രങ്ങൾക്ക് തിളക്കം കൂടിയിരിക്കുന്നു . ഒരു വലിയ നക്ഷത്രം അവനെ പിന്തുടരുന്നതുപോലെ .ആ നക്ഷത്രത്തെ ഇമചിമ്മാതെ നോക്കി നടക്കുമ്പോൾ ആകാശത്ത് ഫർസാനയുടെ  ഉടൽ  തെളിഞ്ഞുവന്നു. അതെ അവൾ തന്നെ വിളിക്കുകയാണ് ക്ഷമയില്ലാത്ത കാമുകിയെപ്പോലെ അവൾ തന്നെ മാടി വിളിക്കുകയാണ്.തൂവെള്ള വസ്ത്ര ധാരണിയായ അവൾ മാലാഖയായി പരിണമിച്ചിരിക്കുന്നു. ദൂരെനിന്നും തീവണ്ടിയുടെ ചൂളം വിളി  മുഴങ്ങി.റെയിൽപ്പാതയിലൂടെ  ഇമകൾ ഇറുക്കിയടച്ചവൻ നടന്നു. അപ്പോൾ പൊടുന്നനെ എങ്ങോ നിന്നും  പറന്നുവന്ന  ഒരുകൂട്ടം ശവംതീനി പക്ഷികൾ  ആകാശത്ത് വട്ടമിട്ടുപറന്നു.

                                                           ശുഭം  


rasheedthozhiyoor@gmail.com                        rasheedthozhiyoor.blogspot.com




















         

31 October 2016

കഥ.തത്ത്വദീക്ഷ


ചിത്രം കടപ്പാട്  Mr ishaqh.vp വരയിടം 

മേല്‍ക്കൂര ഓടിട്ട വര്‍ഷങ്ങളായി  വെള്ളപൂശാത്ത വീടിന്‍റെ  കുശിനിയില്‍ ഭക്ഷണം പാചകം  ചെയ്യുകയാണ് കുഞ്ഞിരാമന്‍നായര്‍   .തപാല്‍ ജീവനക്കാരനായിരുന്ന അയാള്‍  തൊഴിലില്‍ നിന്നും വിരമിച്ചിട്ട്  ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. സേവനം അനുഷ്ഠിച്ച തപാല്‍ കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുടെ പ്രിയങ്കരനായിരിരുന്നു കുഞ്ഞിരാമന്‍നായര്‍ .ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്  ആരെയും അസൂയപ്പെടുത്തുന്ന  സന്തോഷപ്രദമായ  ജീവിതമായിരുന്നു അയാളുടേത്.കുഞ്ഞിരാമന്‍നായരും   ,സഹധര്‍മ്മിണിയും ,ഒരേയൊരു മകനും, മകന്‍റെ ഭാര്യയും ,മകന്‍റെ രണ്ടു പെണ്മക്കളും അടങ്ങിയ കുടുംബം യാതൊരുവിധ സാമ്പത്തിക പരാധീനതകളും കൂടാതെയാണ് ജീവിച്ചിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ മകന്‍ ബാലകൃഷ്ണൻനായർ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരുന്നു.ഭാര്യയെ അയാള്‍  അമിതമായി സ്നേഹിച്ചിരുന്നു.തൊഴില്‍ കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് വന്നിരുന്ന ബാലകൃഷ്ണൻ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാനായിരുന്നു കൂടുതലിഷ്ടം .അവധിദിനങ്ങളിലും മറ്റും വീട്ടില്‍നിന്നും പുറത്തുപോകുമ്പോള്‍ അയാളുടെ കൂടെ ഭാര്യയുമുണ്ടാകും .

ബാലകൃഷ്ണൻനായരുടെ മക്കള്‍ക്ക്‌  പതിമൂന്നും ,പതിനൊന്നും വയസുള്ളപ്പോഴാണ് ഭാര്യ  മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭംധരിച്ചത്.വാര്‍ത്തയറിഞ്ഞപ്പോള്‍ വീട്ടിലുള്ളവരെല്ലാവരും സന്തോഷിച്ചു.വീട്ടില്‍ ഇനി പിറക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍ കുഞ്ഞായിരിക്കണം  എന്നതായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന .കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുതലായി എല്ലാവര്‍ക്കും അനുഭവപ്പെട്ടു.വൈകിയ പ്രായത്തിലെ ഗര്‍ഭധാരണമായതുകൊണ്ട് ശരീരം അനങ്ങാതെ സൂക്ഷിക്കണം എന്ന ഡോക്ടറുടെ നിര്‍ദേശം മൂലം ഗര്‍ഭണിയെ അനങ്ങുവാന്‍ വീട്ടില്‍ ആരുംതന്നെ  അനുവദിച്ചില്ല.പ്രതീക്ഷയോടെ മാസങ്ങള്‍ കൊഴിഞ്ഞുപോയി .  ആതുരസേവനത്തില്‍ ഗര്‍ഭസ്ഥശിശുവിന്‍റെ  ലിംഗനിര്‍ണയം അനുവദനീയമല്ലെങ്കിലും ഭാര്യയുടെ   ഏഴാം മാസത്തിലെ സ്കാനിംഗ് കാണുവാന്‍ ഡോക്ടര്‍  ബാലകൃഷ്ണൻനായാരെ അനുവദിച്ചു .ഗര്‍ഭാശയത്തിലെ  ഗര്‍ഭസ്ഥശിശുവിനെ ഉപകരണത്തിലെ  സ്ക്രീനില്‍ വിസ്മയത്തോടെ കണ്ടുകൊണ്ടിരുന്ന ബാലകൃഷ്ണൻനായര്‍ പിറക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മനസിലെ സന്തോഷത്തെ നിയന്ത്രിക്കുവാനയാള്‍ക്കായില്ല.സ്കാനിംഗ്  അവസാനിക്കുന്നതിന് മുമ്പ്തന്നെ അയാള്‍ ഭാര്യയെ ചുംബിച്ചു. ഡോക്ടറുടെ മുമ്പാകെ  അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്താലവള്‍ നാണത്തോടെ ഇമകള്‍ ഇറുക്കിയടച്ചു .

 അന്ന് പതിവിലും നേരത്തെ  ബാലകൃഷ്ണൻനായര്‍ വീട്ടിലെത്തി .ഭാര്യക്ക്‌ അപ്പോള്‍ എട്ടുമാസം കഴിഞ്ഞിരുന്നു.അസ്വസ്ഥമായ ഭാര്യയെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു.

,,എന്താ ലക്ഷ്മി .....ലക്ഷ്മി  വല്ലാതെ വിയര്‍ത്തിട്ടുണ്ടല്ലോ  ? ,,

,,എന്തോ എനിക്ക്  വല്ലാതെ നെഞ്ചുവേദനിക്കുന്നുണ്ട് .ഊണിന് പയറിന്‍റെ പുഴുക്ക് കഴിച്ചിരുന്നു ഗ്യാസ്ട്രബിള്‍ ആയിരിക്കും ,,

,, എന്നാല്‍ ഞാനൊരു മരുന്ന് ഉണ്ടാക്കിത്തരാം ,,

ബാലകൃഷ്ണൻനായര്‍ ഉടനെ കുശിനിയില്‍പോയി  തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി അതില്‍ നിന്നും രണ്ട് ഉരുളകള്‍ ഭാര്യയുടെ നേര്‍ക്കുനീട്ടി പറഞ്ഞു.

,, എത്ര കടുപ്പമുള്ള ഗ്യാസ്ട്രബിളാണെങ്കിലും ഈ മരുന്ന് കഴിച്ചാല്‍ ഉടനെ ശമനം ലഭിക്കും ,,

ലക്ഷ്മി രണ്ട് ഉരുളകളും വാങ്ങികഴിച്ചുവെങ്കിലും അവളുടെ നെഞ്ചുവേദനയ്ക്ക് ശമനമുണ്ടായില്ല.സന്ധ്യയോടെ ലക്ഷ്മിയെ ആശുപത്രിയിലേക്ക്കൊണ്ടുപോയി .ഗര്‍ഭണികളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ് ലക്ഷ്മിയില്‍ പ്രകടമാകുന്നതെന്ന ഡോക്ടറുടെ വാക്കുകള്‍ കേട്ട് ബാലകൃഷ്ണൻനായര്‍ ഭയാകുലനായി മഹാ മൃത്യുഞ്ജയ മന്ത്രം ഉരുവിട്ടുക്കൊണ്ടിരുന്നു .

,, ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാഽമൃതാത് ,,

 നെഞ്ചുവേദനയ്ക്ക് ശമനമില്ലതെയായപ്പോള്‍  ലക്ഷ്മിയെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു.പുലര്‍ച്ചെ  രണ്ടുമണിയോടെ പ്രധാന  ഡോക്ടര്‍ പുറത്തേക്ക് വന്നു  ബാലകൃഷ്ണൻനായരോട് പറഞ്ഞു .

,, ക്ഷമിക്കണം ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ശ്രമിച്ചു പക്ഷെ നിങ്ങളുടെ ഭാര്യയേയും,കുഞ്ഞിനേയും രക്ഷിക്കുവാന്‍ ഞങ്ങള്‍ക്കായില്ല ,,

നെറ്റിയിലും,മുഖത്തും ഉതിര്‍ന്നുവരുന്ന  വിയര്‍പ്പുകണങ്ങള്‍ തൂവാലയാല്‍ ഒപ്പിയെടുത്ത് നടന്നുനീങ്ങുന്ന ഡോക്ടറെ നോക്കി  ബാലകൃഷ്ണൻനായര്‍ സ്തംഭിച്ചുനിന്നു .ഭാര്യയുടേയും ഗര്‍ഭസ്ഥശിശുവിന്‍റെയും വിയോഗം ബാലകൃഷ്ണന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.അയാള്‍ പിന്നീട് തൊഴിലിനുപോകാതെയായി .ഒരു ദിവസം കുഞ്ഞിരാമന്‍നായര്‍ മകനോട്‌ പറഞ്ഞു .

,, എല്ലാം ഈശ്വരനിശ്ചയം അല്ലാതെ ഞാനിപ്പോള്‍ എന്താ പറയാ .ബാങ്കില്‍ നിന്നും വിളിച്ചിരുന്നു. ഇനിയും തൊഴിലിന് പോയില്ലായെങ്കില്‍ നിനക്ക് എന്നെന്നേയ്ക്കുമായി തൊഴില്‍ നഷ്ടപ്പെടും .തൊഴില്‍ നഷ്ടമായാല്‍ നമ്മള്‍ ഇനി  എങ്ങിനെയാണ്  ജീവിക്കുന്നത് .രണ്ടു പെണ്മക്കളാണ് കാലമായി വരുന്നത് .അവരെ പഠിപ്പിച്ച് നല്ല നിലയില്‍ വിവാഹംകഴിച്ചുക്കൊടുക്കെണ്ടേ ? ,,

ബാലകൃഷ്ണൻനായര്‍  അച്ഛന്‍റെ വാക്കുകള്‍ക്ക് മറുപടി  പറയാതെ ലക്ഷ്മിയുടെ കുഴിമാടത്തിനരികില്‍ അല്പനേരം പ്രാര്‍ഥിച്ചതിനുശേഷം തിരിഞ്ഞുനടന്നു .അപ്പോള്‍ അസ്തമയസൂര്യന്‍റെ  പ്രഭയില്‍ പ്രപഞ്ചമാകെ സ്വര്‍ണ്ണ വര്‍ണ്ണത്താല്‍  ചെതോഹരമായി കാണപ്പെട്ടു.ബാലകൃഷ്ണൻനായര്‍ പിന്നീട് തിരികെയെത്തിയില്ല .കുഞ്ഞിരാമന്‍നായര്‍ മകനെ തേടിയലഞ്ഞു . ബാലകൃഷ്ണൻനായരുടെ തിരോധാനം കുഞ്ഞിരാമന്‍നായരുടെ കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍  തകര്‍ത്തുകളഞ്ഞു.

ബാലകൃഷ്ണൻനായരുടെ തിരോധാനം മാനസീകമായും ശാരീരികമായും ഏറെ തളര്‍ത്തിയത് മാതാവ് വിശാലാക്ഷിയെയായിരുന്നു.വിധിയുടെ വേറൊരു താണ്ഡവമായിരുന്നു വിശാലാക്ഷിയുടെ നട്ടെല്ലിന് ഏറ്റ ക്ഷതം .പൈപ്പ്‌ലൈന്‍ വഴി കുശിനിയിലേക്ക്  ജലമെത്തുമെങ്കിലും കുടിക്കുവാനുള്ള ജലം കിണറില്‍ നിന്നും കോരിയെടുത്ത് മണ്‍കുടത്തില്‍ ശേഖരിക്കുകയാണ് പതിവ്.അന്ന്   മണ്‍കുടത്തില്‍ ജലമെടുത്ത് തിരിഞ്ഞപ്പോള്‍ വിശാലാക്ഷി കാല്‍  വഴുതിവീണു .വീഴ്ചയില്‍ നട്ടെല്ലിന് സാരമായി  പരിക്കുപറ്റിയ അവര്‍ക്ക് പിന്നീട് പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കുവാന്‍ പറ്റാതെയായി .ചികിത്സകള്‍ അനവധി ചെയ്തുവെങ്കിലും അവരുടെ രോഗാവസ്ഥയില്‍  യാതൊരുവിധ മാറ്റവും സംഭവിച്ചില്ല .കുഞ്ഞിരാമന്‍നായര്‍ കുഷിനിയിലെ ജോലികള്‍ ഏറ്റെടുത്തു .അയാള്‍ക്ക്‌ ഭക്ഷണം പാചകം ചെയ്യുവാന്‍ അറിയില്ലായിരുന്നു .അയാള്‍ അടുക്കളയിലെ ജോലികള്‍ക്കായി കുശിനിയില്‍ കയറിയാല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട്  ഭാര്യ അയാള്‍ക്ക്‌ പാചകം പഠിപ്പിച്ചു.ഇന്ന് കുഞ്ഞിരാമന്‍നായര്‍ ഒന്നാന്തരം പാചകക്കാരനാണ്. പേരക്കുട്ടികള്‍ക്ക്‌ ഇഷ്ടവിഭവങ്ങള്‍  ഉണ്ടാക്കിക്കൊടുക്കുന്നതില്‍  കുഞ്ഞിരാമന്‍നായര്‍ ആനന്ദം കണ്ടെത്തി .

പറമ്പില്‍ നിന്നും കാര്യമായ വരുമാനമില്ലാത്ത ആ കുടുംബത്തിന്‍റെ ജീവിതം കുഞ്ഞിരാമന്‍നായരുടെ പെന്‍ഷന്‍ തുകയാല്‍ ഒരുവിധം ജീവിച്ചുപോന്നു.പേരക്കുട്ടികള്‍ക്ക്‌ പ്രാതല്‍ നല്‍കി  അവര്‍ക്ക് കൊണ്ടുപോകുവാനുള്ള  ഭക്ഷണം ടിഫിനിലാക്കിയപ്പോഴേക്കും  സമയം എട്ടര കഴിഞ്ഞിരുന്നു.ഭാര്യയ്ക്കും അയാള്‍ക്കുമുള്ള പ്രാതല്‍ ഒരു പാത്രത്തിലെടുത്തയാള്‍   കിടപ്പുമുറിയിലേക്ക്   ചെന്നു .ഭാര്യ ഒരു വശം ചെരിഞ്ഞു കിടപ്പാണ്. കാല്‍പെരുമാറ്റം കേട്ടപ്പോള്‍ അവര്‍ നീണ്ടുനിവര്‍ന്നു കിടന്നു .കുഞ്ഞിരാമന്‍നായര്‍ വിശാലാക്ഷിയെ ചുമരില്‍ ചാരിയിരിക്കുവാന്‍ സഹായിച്ചു.ചൂടാറാത്ത ഇഡലിയും,സാമ്പാറും  കഴിക്കുമ്പോള്‍ വിശാലാക്ഷിയുടെ   ഇമകള്‍ നിറഞ്ഞത്‌ കണ്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍  ചോദിച്ചു .

,, എന്താ ഇന്നത്തെ മനസിലെ സങ്കടം .ജീവിതം ഇങ്ങിനെയൊക്കെയാണ്. ഉള്ളജീവിതം സന്തോഷത്തോടെ ജീവിക്കുവാനാണ്  മനസുണ്ടാവേണ്ടത്.കരഞ്ഞുതീര്‍ക്കുവാനുള്ളതല്ല ജീവിതം  ,,

ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍  ഇടതുകൈയ്യാലെ തുടച്ചുക്കൊണ്ട് വിശാലാക്ഷി പറഞ്ഞു.

,, നമ്മുടെ മോന് എങ്ങിനെ  മനസ്സുണ്ടായി നമ്മളെവിട്ടുപോകുവാന്‍ .എന്‍റെ കണ്ണടയുന്നതിനു മുമ്പ് എനിക്ക് നമ്മുടെ മോനെ ഒരു നോക്ക് കാണുവാനാവുമോ ? ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍ മനസിന്‌ അല്പമെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു ,,

കുഞ്ഞിരാമന്‍നായര്‍ ഒന്ന് നെടുവീര്‍പ്പിട്ടു ഇമകള്‍ തുടച്ചുക്കൊണ്ട് പറഞ്ഞു.

,,വീടുവിട്ടുപോകുവാന്‍ മാത്രം ഞാനൊന്നും അവനോട് പറഞ്ഞിട്ടില്ല .ലക്ഷ്മിയെ അവന് ജീവനായിരുന്നു .അവളുടെ വിയോഗം നമ്മുടെ മോന്  സഹിക്കാവുന്നതിലും അപ്പുറമായിരുന്നു,,

പഠിക്കുവാന്‍ പോകുവാനായപ്പോള്‍ പേരക്കുട്ടികള്‍ രണ്ടുപേരും കിടപ്പുമുറിയിലേക്ക് വന്ന്  രണ്ടുപേര്‍ക്കും ചുംബനങ്ങള്‍ നല്‍കിക്കൊണ്ട് യാത്രപറഞ്ഞിറങ്ങി . വിശാലാക്ഷി തുടര്‍ന്നു .

,,അനാമിക മോളുടെ പന്ത്രണ്ടാം ക്ലാസ്സ്‌   അവസാനവര്‍ഷ പരീക്ഷ തുടങ്ങുവാന്‍ ഇനി രണ്ടുമാസമേയുള്ളൂ .അവള്‍ ജയിച്ചാല്‍ എന്ജിനിയറിങ്ങിനു പഠിക്കണം എന്നാണ് പറയുന്നത്. അതിനുള്ള പണം നമ്മള്‍ എങ്ങിനെയാണ് കണ്ടെത്തുന്നത് .രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ശ്രീകല മോളും പന്ത്രണ്ടാം ക്ലാസ്സ്‌  കഴിയും .,,

കുഞ്ഞിരാമന്‍നായര്‍ അല്പനേരം ആലോചിച്ചതിനു ശേഷം പറഞ്ഞു.

,, താന്‍ ഇങ്ങിനെ ഓരോന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കല്ലേ ....ഇതുവരെ  നമുക്കവരെ പഠിപ്പിക്കുവാനായില്ലേ.... അവരുടെ ആഗ്രഹംപോലെ ഇനിയും അവര്‍ക്ക് പഠിക്കുവാനാവും ,,

പ്രാതല്‍ കഴിച്ചുകഴിഞ്ഞപ്പോള്‍ പാത്രം കഴുകി കുഞ്ഞിരാമന്‍നായര്‍ വിശാലാക്ഷിയുടെ അരികില്‍വന്നു   വീണ്ടും സംസാരിച്ചിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വിശാലക്ഷിയുടെ ദേഹമാസകലം തൈലം തേച്ചു കുളിക്കാന്‍ സഹായിച്ചു.കുഞ്ഞിരാമന്‍നായര്‍ അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ മാത്രമേ പുറത്തുപോകുന്ന  പതിവുള്ളൂ, അതും പേരക്കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ മാത്രം .കിടപ്പിലായതിനുശേഷം വിശാലാക്ഷിയെ തനിച്ചാക്കിയിട്ടു ഇതുവരെ അയാള്‍ എവിടേക്കും പോയിട്ടില്ല.ഇപ്പോള്‍ രക്തവാതത്തിന്‍റെ  അസ്ഥിരതയാല്‍ ഇടതു കാല്‍പാദങ്ങള്‍ക്ക് സ്വല്പം വേദന അനുഭവപ്പെടുന്നുണ്ട്.

പന്ത്രണ്ടാം ക്ലാസ്സ്‌ അവസാന വര്‍ഷ പരീക്ഷാഫലം വന്നപ്പോള്‍ അനാമിക തരക്കേടില്ലാത്ത മാര്‍ക്കുവാങ്ങി വിജയിച്ചു.എന്ജിനിയറിങ്ങിനു ചേരുന്നതിനു മുന്നോടിയായി  കോച്ചിംഗ് ക്ലാസിന് പോകണമെന്ന് പറഞ്ഞപ്പോള്‍ അവിടെ അടയ്ക്കേണ്ട  തുകയ്ക്ക് വേണ്ടി എന്തുചെയ്യുമെന്നറിയാതെ കുഞ്ഞിരാമന്‍നായര്‍ ധര്‍മ്മസങ്കടത്തിലായി .അടുത്തുതന്നെ  എന്ജിനിയറിങ്ങിനു ചേരാനുള്ള തുകയും കണ്ടത്തെണ്ടിയിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ എന്തുചെയ്യുമെന്നറിയാതെ അയാള്‍ ചിന്തയിലാണ്ടിരുന്നു .അവസാനമയാള്‍ ഒരു ഉറച്ചതീരുമാനത്തിലെത്തി .മുപ്പതു സെന്‍റ് പുരയിടത്തില്‍ നിന്നും പത്തു സെന്‍റ് വസ്തു വില്‍ക്കുവാനയാള്‍ തീരുമാനിച്ചു.ഗ്രാമത്തിലൊരു പുതു പണക്കാരനുണ്ട് മുമ്പ് പറമ്പ് കിളക്കുവാന്‍ വന്നിരുന്ന ഗോപാലന്‍റെ മകന്‍ രാജീവന്‍ അയാളിപ്പോള്‍ ഗള്‍ഫില്‍ എന്തൊക്കയോ വ്യാപാരങ്ങള്‍ നടത്തുകയാണെന്ന് പറഞ്ഞു കേട്ടിരുന്നു.ഗ്രാമത്തില്‍ ലഭിക്കാവുന്ന ഭൂമിയൊക്കെ അയാള്‍ വാങ്ങികൂട്ടുകയാണ് .മകന്‍ ബാലകൃഷ്ണന്‍റെ സഹപാഠിയാണ് രാജീവന്‍ .അടുത്ത ദിവസം  കുഞ്ഞിരാമന്‍നായര്‍ രാജിവനെ കാണുവാനായിപോയി.പുതിയ ഇരുനില വീടിന്‍റെ പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയാണ് ഗോപാലന്‍ .കുഞ്ഞിരാമന്‍നായരെ കണ്ടപ്പോള്‍ ഗോപാലന്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്‌   കുഞ്ഞിരാമന്‍നായരുടെ അരികിലേക്ക് വന്നു ചോദിച്ചു .

,, ആരാ ഈ വന്നിരിക്കുന്നെ..... മാഷെ കണ്ടിട്ട് ഒരുപാട് കാലമായല്ലോ .മകനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലാ അല്ലെ  .എന്താ ചെയ്യാ എല്ലാം വിധി അല്ലാതെ എന്താ ഇതിനൊക്കെ പറയാ വരൂ കയറിയിരുന്ന് സംസാരിക്കാം ,,

തറയില്‍ മുന്തിയതരം ഗ്രാനൈറ്റ് പാകിയിരിക്കുന്നു .കണ്ണാടിപോലെ തിളങ്ങുന്ന ഗ്രാനൈറ്റിനു മുകളിലെ  നല്ല ഭംഗിയുള്ള ഇരിപ്പിടത്തിലേക്ക്  ഗോപാലന്‍ അയാളെ ആനയിച്ചു.

,, ഞാന്‍ മകന്‍ രാജിവനെ കാണുവാനാണ് വന്നത് മകനിവിടെയില്ലേ ,,

,, അയ്യോ അവന്‍ പത്തുദിവസത്തെ അവധിക്ക് വന്നതാണ് പക്ഷെ ഗള്‍ഫില്‍ നിന്നും ഉടനെ തിരികെയെത്താന്‍ വിളി വന്നു .ഇന്നലെ മോന്‍ തിരികെ പോയല്ലോ .എന്താ വിശേഷിച്ച് ? വൈകീട്ട് വിളിക്കുമ്പോള്‍ ഞാന്‍ കാര്യം പറഞ്ഞോളാം ,,

പോയ കാര്യം പറഞ്ഞ് അയാള്‍ തിരികെ പോന്നു .മനസ് വല്ലാതെ അസ്വസ്ഥമാണ് .ഭൂമി വില്‍ക്കുവാനായില്ലെങ്കില്‍  അനാമികമോളുടെ പഠിപ്പ് അവതാളത്തിലാവും .മനസിലെ സങ്കടം ഒതുക്കിവെച്ച് അയാള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ വിശാലാക്ഷി ചോദിച്ചു  .

,, പോയ കാര്യം എന്തായി ആ ചെറുക്കനെ കണ്ടോ ?,,

,, ഇല്ല  അയാളെ കാണുവാനായില്ല. അയാള്‍ ഇന്നലെ വിദേശത്തേക്ക് പോയത്രേ .ഗോപാലനോട്‌ വിവരം ധരിപ്പിച്ചിട്ടുണ്ട് ,,

കുഞ്ഞിരാമന്‍നായര്‍ പൂമുഖത്തെ ചാരുകസേരയിലിരുന്ന് തൊടിയിലേക്ക്‌ നോക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്യമാകുന്ന പ്രദേശത്ത്‌  പശുവും കിടാവും പുല്ല് തിന്നുന്നത്  അയാള്‍  ഒരുപാടുനേരം  നോക്കിയിരുന്നു .
അടുത്ത ദിവസം സമയം പന്ത്രണ്ടുമണി കഴിഞ്ഞുകാണും മുറ്റത്ത് വാഹനം വന്നുനിന്ന ശബ്ദം കേട്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ പൂമുഖത്തേക്ക്‌ ചെന്നുനോക്കി .ഗോപാലന്‍  വാഹനത്തില്‍ നിന്നും ഇറങ്ങിവന്നു.അയാളുടെ കൈയ്യില്‍ ഒരു പൊതിയുമുണ്ടായിരുന്നു.ഗോപാലന്‍ പറഞ്ഞു.

,, ഇന്നലെ മോന്‍ വിളിച്ചപ്പോള്‍ ഞാന്‍ ഇവിടത്തെ പ്രയാസങ്ങള്‍ മോനോട് പറഞ്ഞു .ഇവിടത്തെ കുട്ടിയുടെ പഠിപ്പിനുവേണ്ടിയാണ്  ഭൂമി വില്‍ക്കുന്നത് എന്നറിഞ്ഞപ്പോള്‍ രാവിലെ പത്തുമണിക്ക് മുമ്പ്തന്നെ ഇവിടെ പണം എത്തിക്കണം എന്ന് മോന്‍ പറഞ്ഞിരുന്നു .ബാങ്കില്‍ പോയപ്പോള്‍ കൂടുതല്‍ തുകയുള്ളതുകൊണ്ട് പണം ലഭിക്കാന്‍ സമയമെടുത്തു .പിന്നെ ഭൂമിയുടെ കാര്യം മോന്‍ വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു,,

കൈയ്യിലെ പൊതി കുഞ്ഞിരാമന്‍നായരുടെ കൈയ്യില്‍ കൊടുത്തിട്ട് അയാള്‍  പറഞ്ഞു .

,, പണത്തിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. മക്കളുടെ പഠിപ്പ് മുടങ്ങരുത്‌ .ഇത് എന്‍റെ വാക്കുകളല്ല എന്‍റെ മോന്‍ മാഷോട് പറയുവാന്‍ പറഞ്ഞ വാക്കുകളാണ് .ഞാന്‍ പോകുന്നു .ഊണിനുള്ള മത്സ്യം വാങ്ങിയത് വാഹനത്തിലുണ്ട് ഇനിയും വൈകിയാല്‍ മത്സ്യം കേടാവും ,,

ചായ എടുക്കാം എന്ന കുഞ്ഞിരാമന്‍നായരുടെ വാക്കുകള്‍ സ്നേഹത്തോടെ നിരസിച്ചുകൊണ്ട് ഗോപാലന്‍ വാഹനത്തില്‍ കയറിപോയി. ഈശ്വരന്‍ നേരിട്ട് തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് പോലെയാണ് അപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ക്ക് അനുഭവപ്പെട്ടത് .ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ ഒരു പരിചയക്കാരന്‍ കുഞ്ഞിരാമന്‍നായരെ കാണുവാനായി വന്നു .അഥിതി കയറിയിരുന്നു  പറഞ്ഞു .

,,ഞാനും കുടുംബവും കഴിഞ്ഞ ദിവസം മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരുന്നു. അവിടെ ഞങ്ങള്‍ കണ്ട ഒരു  സന്യാസിയുടെ മുഖത്തിന് അങ്ങേയുടെ കാണാതായ മകന്‍റെ മുഖച്ഛായയാണ്   തോന്നിയത് .നീട്ടിവളര്‍ത്തിയ തലമുടിയും താടിയുമുള്ള  ആ സന്യാസി അങ്ങേയുടെ മകനാണെന്ന് എനിക്കുറപ്പുണ്ട്  .ഞങ്ങള്‍ ആളെ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണ് ഞങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ലാതെ ഞങ്ങളുടെ അരികില്‍ നിന്നും അയാള്‍  വേഗത്തില്‍ പോയ്മറഞ്ഞത്‌ .ഈ വിവരം ഇവിടെ വന്നു പറയാതെ മനസ് അസ്വസ്ഥമായിരുന്നു. കുഞ്ഞിരാമന്‍നായര്‍ അവിടെവരെ ഒന്ന് പോയ്നോക്കൂ ,,

ആ വാര്‍ത്തകേട്ടപ്പോള്‍  കുഞ്ഞിരാമന്‍നായര്‍ക്ക് സങ്കടവും സന്തോഷവും ഒരുപോലെ തോന്നി കുഞ്ഞിരാമന്‍നായര്‍ പറഞ്ഞു  .

,, ഒരിക്കലും  ഞങ്ങളുടെ മോന്‍ ഞങ്ങളില്‍ നിന്നും ഒളിച്ചോടുമെന്നു നിരീച്ചില്ല.ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് അവന്‍റെ ഈ സന്യാസ ജീവിതം .അവന്‍റെ മാതാപിതാക്കളെ അവന്‍ മറന്നോട്ടെ പക്ഷെ അവന്‍റെ രക്തത്തില്‍ പിറന്ന രണ്ടു പെണ്മക്കളെ അവന്‍ മറക്കരുതായിരുന്നു.എന്‍റെ ജീവന്‍ ബാക്കിയായതുകൊണ്ട് മക്കള്‍ അല്ലലില്ലാതെ വളര്‍ന്നു .മറിച്ചായിരുന്നെങ്കില്‍. എന്താകുമായിരുന്നു അവരുടെ ജീവിതം .നാളെ നേരം പുലര്‍ന്നോട്ടെ അവന്‍ മൂകാംബികയിലുണ്ടെങ്കില്‍ ഞാനവനെ കണ്ടെത്തിയിരിക്കും ,,

അന്നുരാത്രി ഉറങ്ങുവാന്‍ കുഞ്ഞിരാമന്‍നായര്‍ക്കായില്ല .പുലര്‍ച്ചെ യാത്രയാകുവാന്‍ വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ട് .പേരക്കുട്ടികളും കൂടെ വരുന്നു എന്ന് പറഞ്ഞുവെങ്കിലും അയാള്‍ അത് നിരസിച്ചു.അയല്‍പക്കത്തെ ദാമോദരന്‍ കൂടെ വരാമെന്ന് പറഞ്ഞത് അയാള്‍ക്കാശ്വാസമായി.നേരം ഏതാണ്ട് പുലര്‍ച്ചെ മൂന്നുമണികഴിഞ്ഞുകാണും .കുഞ്ഞിരാമന്‍നായര്‍ ഉറങ്ങുവാനാവാതെ അസ്വസ്ഥതയോടെ എഴുന്നേറ്റിരുന്നു. വിശാലാക്ഷി അയാളോട് ചോദിച്ചു .

,, പോകുവാനാവുന്നല്ലെയുള്ളൂ എന്തിനാ ഇത്ര നേരത്തെ ഉറക്കമുണര്‍ന്നത്‌ .കെടന്നോളൂ........ സമയമാകുമ്പോള്‍ ഞാന്‍ ഉണര്‍ത്താം ,,

അയാള്‍ അരണ്ടവെളിച്ചത്തില്‍ വൈദ്യുതി  സ്വീച്ച്    ഓണാക്കുവാനായി എഴുന്നേറ്റു നടന്നു. പക്ഷെ   അയാള്‍ക്ക്‌ നടക്കുവാനാവുന്നില്ലായിരുന്നു .നെഞ്ചിനുള്ളില്‍  വല്ലാതെ വേദന അനുഭവപ്പെട്ടു. ഹൃദയത്തിനു മുകളില്‍ വലിയ പാറകല്ല്‌  എടുത്തുവെച്ചതുപോലെ . ശ്വസോച്ചാസം സുഖമമായി നടക്കുന്നില്ല.അപ്പോള്‍  അയാള്‍ അമിതമായി വിയര്‍ക്കുന്നുണ്ടായിരുന്നു.വലതു കാല്‍പാദം മുന്നോട്ടെടുക്കാന്‍ ശ്രമിച്ച അയാള്‍ അവശനായി നിലംപതിച്ചു.വീഴ്ചയുടെ ശബ്ദംകേട്ട് വിശാലാക്ഷി എഴുന്നേല്‍ക്കുവാതെ നിസഹായയായി നിലവിളിച്ചു .നിലവിളികേട്ട് അടുത്ത കിടപ്പുമുറിയില്‍ നിന്നും ,അനാമികയും ശ്രീകലയും ഓടിവന്ന് പ്രകാശം തെളിയിച്ചു നോക്കിയപ്പോള്‍ മുത്തച്ഛന്‍ തറയില്‍ വീണുകിടക്കുന്നത്കണ്ട്  അനാമിക അയാളുടെ ശിരസ്സ്‌ അവളുടെ മടിയിലേക്ക്‌ എടുത്തുവച്ച്‌ ചോദിച്ചു .

,, മുത്തച്ഛാ എന്താ ...എന്താ മുത്തച്ഛന് പറ്റിയെ? എന്താ ഉണ്ടായെ? ,,

ആ നിമിഷങ്ങളിൽ  കുഞ്ഞിരാമന്‍നായരുടെ  കണ്ണുകള്‍ തുറിച്ചു. വായില്‍നിന്നും രക്തമൊഴുകി. അയാളുടെ ഇമകളടഞ്ഞു .പതിയെ അയാളുടെ ശ്വാസവും നിലച്ചു.അവിടമാകെ ആര്‍ത്തനാദം മുഴങ്ങി . കുഞ്ഞിരാമന്‍നായരുടെ  ഭൂലോകവാസത്തിലെ അയാള്‍ക്ക്‌ അനുവദനീയമായ അവസാനത്തെ ദിവസമായിരുന്നു ആ ദിവസം.  മകനെ അന്വേഷിച്ചുള്ള യാത്രപോകുവാനാവാതെ അയാള്‍  കാലയവനികക്കുള്ളിൽ മറഞ്ഞു.ആ വീട്ടില്‍ ബാക്കിയായ മൂന്ന് ജീവനുകള്‍  ജീവിതം ഇനിയെങ്ങിനെ ജീവിച്ചു തീര്‍ക്കുമെന്നറിയാതെ  വിധിയുടെ ക്രൂരതയ്ക്ക് മുമ്പില്‍ പകച്ചുനിന്നു.
                                                   ശുഭം


rasheedthozhiyoor@gmail.com                                  rasheedthozhiyoor.blogspot.qa








4 August 2016

ഒരു ബാല്യകാല ഓര്‍മ്മകുറിപ്പ്





 കൊഴിഞ്ഞുപോയ  നമ്മുടെ ജീവിതത്തില്‍ നമുക്ക് ഏറ്റവും പ്രിയങ്കരമായൊരു  കാലം ഉണ്ടാകുമല്ലോ. എന്‍റെ അറിവില്‍  സ്ത്രീ പുരുഷ ഭേതമന്യേ ബാല്യകാലമാണ് ആ പ്രിയങ്കരമായ  കാലം. എനിയ്ക്കും ബാല്യകാലമായിരുന്നു ഏറ്റവും പ്രിയങ്കരം.കാരണം ഉത്തരവാദിത്ത്വം ലവലേശം ഉണ്ടായിരുന്നില്ല ആ പ്രിയങ്കരമായ   കാലത്ത്.
പിന്നെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് നമുക്കൊക്കെ തോന്നിപ്പിക്കുന്ന ഒരിടവും  നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാതെയിരിക്കില്ല  .എനിയ്ക്കും ഉണ്ടായിരുന്നു അങ്ങിനെയൊരിടം.  എന്‍റെ മാതാവിന്‍റെയും എന്‍റെയും  ജന്മ ഗ്രാമം.പിതാവിന്‍റെ ജന്മ ഗ്രാമത്തില്‍ നിന്നും ഏതാണ്ട് എട്ടു കിലോമീറ്റര്‍ ദൂരമുണ്ട് അവിടേയ്ക്ക് .പിതാവിന്‍റെ ഗ്രാമമാണ് എന്‍റെയും ഗ്രാമം, എങ്കിലും മാതാവിന്‍റെ ഗ്രാമത്തോട് ഒരു വല്ലാത്ത പ്രണയമായിരുന്നു എനിക്ക് .അവിടത്തുകാരുടെ സ്നേഹവും ഗ്രാമാന്തരങ്ങളിലെ ഭംഗിയുമാണെന്നു തോന്നുന്നു അതിന് പ്രധാനകാരണം .എന്‍റെ ഗ്രാമത്തില്‍ നിന്നും രണ്ടു ബസ്സുകള്‍ കയറിയാലേ മാതാവിന്‍റെ ഗ്രാമമായ ചമ്മനൂരില്‍ എത്തുവാന്‍ കഴിയുകയുള്ളൂ .ആദ്യ ബസ്സില്‍ കയറി     കവയത്രികളും  എഴുത്തു കാരികളുമായ കമലാ സുരയ്യ,ബാലാമണിയമ്മ എന്നിവരുടെ ഗ്രാമമായ പുന്നയൂര്‍ക്കുളത്തിന്‍റെ അടുത്ത ബസ്സ്  സ്റ്റോപ്പില്‍ ബസ്സിറങ്ങി, അവിടെ നിന്നും വേറെ ബസ്സില്‍ കയറി വേണം ചമ്മനൂരില്‍ എത്തുവാന്‍.

ചമ്മനൂരില്‍ ബസ്സിറങ്ങി ഒരു കിലോമീറ്ററില്‍ കൂടുതല്‍  ദൂരം ചെമ്മണ്‍പാതയിലൂടെ നടന്നു വേണം മാതാവിന്‍റെ വീട്  സ്ഥിതി ചെയ്യുന്ന  വടക്കേക്കുന്നില്‍ എത്തുവാന്‍.വടക്കേക്കുന്നും പ്രാന്തപ്രദേശങ്ങളും ഹരിത ഭംഗിയാല്‍ ചേതോഹരമാണ്.വര്‍ണനകള്‍ക്ക്‌ അതീതമാണ് ആ ഗ്രാമം .  മാതാവിന്‍റെ  തറവാടായ  ഇരുനില വീടിനു മുന്‍പില്‍, തൊഴുത്തും കയ്യാലപുരയുമുണ്ട്. കയ്യാലപുരയുടെ ഓരം ചേര്‍ന്ന്, വേനല്‍ കാലത്താണെങ്കില്‍  വയലില്‍ നെല്‍  കൃഷി ചെയ്യുന്നതിന്  വേണ്ടുന്ന മോട്ടറും മറ്റു സാമഗ്രികളും ഇരിക്കുന്നുണ്ടാവും  .വേനല്‍ കാലമായാല്‍ അടക്കയും, കുരുമുളകും, നെല്ലും, മറ്റു ഉണക്കുവാനുള്ള വിളകളും  ഉണക്കുവാനായി    മുറ്റം മുഴുവനും  ചാണകവും കളിമണ്ണും കൂട്ടിയോജിപ്പിച്ച് മെഴുകിയിരിക്കും .നെല്‍ കൃഷിക്കായി  വീടിനോട് ചേര്‍ന്നുള്ള കണ്ടത്തില്‍ ആദ്യം വിത്ത് പാകി, മുളപ്പിച്ച്,തൈകള്‍  നടുവാന്‍ പാകമായാല്‍, അവ പിഴുതെടുത്ത് വയലിലെ കണ്ടങ്ങളില്‍ നടുകയാണ്‌ പതിവ് .പുഞ്ചവയലിന് ഓരം ചേര്‍ന്ന്  പെരും തോടുണ്ട്. വേനലാരംഭത്തില്‍  തോടിന്‍റെ ഇരു വശവും കവുങ്ങ് കുറ്റികള്‍ തറച്ച് അവയില്‍ മുടഞ്ഞ ഓല വെച്ചുകെട്ടി അതിനുള്ളില്‍ ചെമ്മണ്‍  നിറച്ച്, ബണ്ട് ഉണ്ടാക്കിയതിനു ശേഷം വയലിലെ ജലത്തിന്‍റെ  അളവ് പകുതിയാകുമ്പോള്‍ വയലിലെ ജലം  വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് തോട്ടില്‍ ശേഖരിക്കും. ഞാറു നടീല്‍ കഴിഞ്ഞാല്‍പ്പിന്നെ നെല്ല് വിളയുന്നത് വരെ കൃഷിക്ക് ആവശ്യ മുള്ള ജലം ഈ തോടുകളില്‍ സുലഭമായി  ഉണ്ടാകും .

തൊടിയില്‍ നിറയെ കവുങ്ങ് മരങ്ങളും ,വാഴയും, പലതരം പച്ചക്കറി  കൃഷികളും , കവുങ്ങ് മരങ്ങളില്‍ കുരുമുളക്  കൃഷിയും സമൃദ്ധിയായി വിള  ചെയ്യപെടുന്നു .വീട് ഉയര്‍ന്ന പ്രദേശത്താണ്   സ്ഥിതിചെയ്യുന്നത്.വീടിന്‍റെ പുറകുവശത്തുനിന്നും അല്‍പം നടന്നാല്‍ ,താഴേക്ക്‌ ഇറങ്ങുവാന്‍ ചെമ്മണ്ണില്‍ കൊത്തിയുണ്ടാക്കിയ പടവുകളുണ്ട് . കവുങ്ങ് മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നതിനാല്‍ മണ്ണിലേക്ക് സൂര്യപ്രകാശം ലഭിക്കുന്നത് നന്നേ കുറവാണ് .തൊടി അവസാനിക്കുന്ന ഭാഗത്ത് വയലിനോട്‌ ചേര്‍ന്ന്  നിരയായി തെങ്ങുകളുണ്ട്, അവയെല്ലാംതന്നെ വയലിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്നു . വയലില്‍ നിന്നും വലിയ ഉരുളന്‍ കല്ലുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയതിന് അരികിലുള്ള തെങ്ങുകള്‍ കാണാന്‍ നല്ല ഭംഗിയാണ് .അവിടെ നിന്നും നോക്കിയാല്‍ കണ്ണെത്താ ദൂരം വരെ വയലുകള്‍ നീണ്ടു കിടക്കുന്നു .അങ്ങു ദൂരെ  ക്ഷേത്രവും ക്ഷേത്രത്തിനു മുന്‍പില്‍   ആല്‍മരവും കാണാം.സായംസന്ധ്യയില്‍ പന്തലിച്ചു നില്‍ക്കുന്ന ആല്‍മരത്തിനു ചുറ്റിലും സ്വര്‍ണ വര്‍ണങ്ങള്‍  കാണാന്‍ നല്ല ഭംഗിയാണ്.പലപ്പോഴും വയലിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ ചാഞ്ഞു കിടന്ന് സൂര്യാസ്തമയം ഞാന്‍  കാണാറുണ്ടായിരുന്നു .വേനല്‍കാലത്ത് വയലിലെ ജലം വറ്റിയാല്‍ കൃഷി ചെയ്യാത്ത സ്ഥലങ്ങളില്‍ പല തരം കളികളില്‍ ഞങ്ങള്‍ ഏര്‍പ്പെടും .        

എനിക്ക് ആ കാലത്ത് ഏതാണ്ട് പതിനെട്ടു വയസ്സ് പ്രായം കാണും .പഠിപ്പിന് അവധിയുള്ള ദിവസങ്ങളിലെല്ലാം വടക്കേ കുന്നില്‍ ഞാന്‍ എങ്ങിനെയെങ്കിലും  എത്തിയിരിക്കും .അവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക് .ഞാന്‍ അവിടെ എത്തിയാല്‍ എന്‍റെ ബന്ധുക്കളായ ചില സമ പ്രായക്കാര്‍ എനിക്ക് കൂട്ട് കിടക്കുവാന്‍ വരാറുണ്ട്  .ഭക്ഷണം കഴിച്ച് ഏതാണ്ട് ഒന്‍പതു മണിയോട് കൂടി ഉമ്മറത്ത്ഞങ്ങള്‍   ഉറങ്ങുവാന്‍ കിടക്കും .വെളിച്ചം അണച്ചാല്‍, കുറച്ചു നേരം ഞങ്ങള്‍ അവിടെതന്നെ കിടക്കും .അകത്തുള്ളവര്‍ ഉറങ്ങി എന്ന് ബോദ്യമായാല്‍ ഞാനും എനിക്ക് കൂട്ട് കിടക്കുവാന്‍ വന്ന സുഹൃത്തുക്കളും എഴുന്നേല്‍ക്കുകയായി .മുന്‍ തീരുമാന പ്രകാരം ഞങ്ങളെ കാത്തു നില്‍ക്കുന്ന സുഹൃത്തുക്കളുടെ  അരികിലേക്കാണ് പിന്നീട് ഞങ്ങളുടെ യാത്ര .രാത്രി സഞ്ചാരം ...അതായിരുന്നു ഞങ്ങളുടെ വിനോദം .അധികവും സിനിമ കാണുവാനാണ് ഞങ്ങള്‍ പോകുന്ന പതിവ്  .

അന്ന് ഒരു വര്‍ഷകാലമായിരുന്നു .അടുത്ത ഗ്രാമമായ പഴഞ്ഞി പെരുന്നാള്‍ ദിവസം .അവിടെ രാത്രി പത്തുമണിക്ക് ശേഷം ഗാനമേളയുണ്ട് .പതിവ് പോലെ ഞാനും സുഹൃത്തുക്കളും അവിടേക്ക്  യാത്ര പോകുവാന്‍ തീരുമാനിച്ചു  .അതിലൊരു    സുഹൃത്ത് അന്ന് വരുന്നില്ലാ എന്ന് പറഞ്ഞിരുന്നു. അയാളെ ഞങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടു പോകുവാന്‍ തീരുമാനിച്ചു .ചമ്മനൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗം പഴഞ്ഞിയിലേക്ക് എത്താന്‍ ഏതാണ്ട് ഏഴു കിലോമീറ്ററില്‍ കൂടുതല്‍  ദൂരമുണ്ട് .പക്ഷെ കായലിലൂടെ വള്ളത്തില്‍ പോയാല്‍ ഒന്നര കിലോമീറ്റര്‍ ദൂരമേ വേണ്ടു പഴഞ്ഞിയില്‍ എത്താന്‍  .ആ പ്രദേശത്തുള്ള ചില വീടുകളില്‍ യാത്രയ്ക്കും പശുക്കള്‍ക്ക് പുല്ല് ശേഖരിക്കുവാനും മത്സ്യബന്ധനത്തിനും   മറ്റും വള്ളം ഉപയോഗിക്കുന്നുണ്ട് .എന്‍റെ മാതാവിന്‍റെ വീട്ടിലും ഉണ്ടായിരുന്നു ഒരു തരക്കേടില്ലാത്ത വള്ളം .യാത്രയ്ക്കും പശുക്കള്‍ക്ക് പുല്ല് പറിക്കുവാനുമാണ് ആ വള്ളം പ്രധാനമായും ഉപയോഗിക്കുന്നത്  .ചമ്മനൂര് നിന്നും പഴഞ്ഞി , കാട്ടകാംബാല്‍,ചെറനെല്ലൂര്‍,കൊച്ചനൂര്‍,പെരുമ്പടപ്പ്‌ . എന്നിവടങ്ങളിലേക്ക് ആ കാലത്ത് ആ പ്രദേശത്തുള്ളവര്‍ വര്‍ഷകാലത്ത് വള്ളങ്ങളിലാണ്  സഞ്ചാരം .വേനല്‍ കാലത്താണെങ്കില്‍  വയലില്‍ കൃഷി നടക്കുന്ന സമയത്ത് വരമ്പിലൂടേയും കൊയ്ത്തു കഴിഞ്ഞാല്‍ വയലിലൂടെ നടന്നുമാണ് സഞ്ചാരം .കൊയ്ത്തു കഴിയുന്നതിനോട് കൂടി തോട്ടിലെ ജലം ഏതാണ്ട് വറ്റിതുടങ്ങും അപ്പോള്‍ ഞാനും സുഹൃത്തുക്കളും തോട്ടില്‍ നിന്നും ധാരാളം മത്സ്യങ്ങളെ പിടിക്കുമായിരുന്നു . 

അന്ന് പഴഞ്ഞിയിലേക്ക് പോകുവാന്‍ മാതാവിന്‍റെ വീട്ടിലെ വള്ളമായി പോകാം എന്നായിരുന്നു  സുഹൃത്തുക്കളുടെ  തീരുമാനം .പക്ഷെ  വൈകുന്നേരമായാല്‍  വീട്ടിലെ വേലക്കാരന്‍ വള്ളം നീളമുള്ള  ചങ്ങലകൊണ്ട് തെങ്ങില്‍ പൂട്ടിയിടും.വേലക്കാരനില്‍ നിന്നും താക്കോല്‍ വാങ്ങിക്കുക എന്നത് അത്ര ആയാസകരമല്ല . വേലക്കാരനോട്‌ പൂട്ടിന്‍റെ താക്കോല്‍ ചോദിച്ചപ്പോള്‍ പതിവായി പറയുന്നത് തന്നെ അന്നും പറഞ്ഞു  .

,, എന്നെ ഉമ്മാര്   (മാതാവിന്‍റെ മാതാവിനെ വേലക്കാരന്‍ വിളിക്കുന്നത്‌ഉമ്മാര് എന്നാണ്  ) വഴക്കു പറയും. ഞാന്‍ താക്കോല്‍  തരില്ല .ഉമ്മാരോട് ചോദിച്ചോളൂ  ഉമ്മാര്  പറഞ്ഞാല്‍ താക്കോല്‍ തരുവാന്‍ എനിക്ക് യാതൊരു വിരോതവും ഇല്ല ,,

അയാളുടെ മറുപടി കേട്ടപ്പോള്‍   എനിക്ക് അയാളോട്  ദേഷ്യം തോന്നി.വലിയുമ്മ അറിയാതെയാണ് രാത്രിയിലുള്ള സഞ്ചാരം .ഞാന്‍ എങ്ങിനെ വലിയുമ്മാട് വള്ളത്തിന്‍റെ താക്കോല്‍ വാങ്ങിക്കുവാന്‍  സമ്മതം ചോദിക്കും .എന്നെകൊണ്ട്‌ കഴിയാവുന്നത് പോലെ എളിമയോടെ താക്കോല്‍ പലവട്ടം  ചോദിച്ചിട്ടും വേലക്കാരന്‍ ,, ഉമ്മാര് വഴക്കുപറയും ,, എന്ന പല്ലവി  പറഞ്ഞുകൊണ്ടേയിരുന്നു . ഏതാണ്ട് രാത്രി  എട്ടു മണിയായപ്പോള്‍. വേലക്കാരന്‍ ഭക്ഷണം കഴിക്കുവാന്‍ പോയ സമയത്ത്  ഞാന്‍ താക്കോല്‍ അയാള്‍ അറിയാതെ എടുത്തുവെച്ചു.അന്ന് ഒന്‍പതരയ്ക്ക്‌  ഞാനും സുഹൃത്തുക്കള്‍ എട്ടുപേരും കൂടി  വള്ളത്തില്‍ കയറി പഴഞ്ഞി പെരുന്നാള്‍ കാണുവാന്‍  യാത്രയായി.  ഗാനമേളയും  രാത്രി പെരുന്നാളും കഴിഞ്ഞു തിരികെ  പോരുമ്പോള്‍  സമയം പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞിരുന്നു .വള്ളത്തില്‍ കയറി ഞങ്ങള്‍ കൂട്ടമായി പല  പാട്ടുകളും പാടി ആസ്വദിച്ചു വരികയായിരുന്നു .  അല്‍പ ദൂരം പിന്നിട്ടപ്പോള്‍ കനത്ത മഴ പെയ്യുവാന്‍ തുടങ്ങി. വള്ളത്തില്‍ മഴവെള്ളം നിറയുന്നത് പാളകൊണ്ട്  മാറിമാറി ഞങ്ങള്‍ കോരിപുറത്തേക്ക്  ഒഴിച്ചു കൊണ്ടേയിരുന്നു .പാട്ടുകള്‍ നിലച്ചു . വയലില്‍ രണ്ടാള്‍ക്ക്‌ പൊക്കത്തില്‍ വെള്ളമുണ്ട്.കാറ്റിനാല്‍ വള്ളം ആടിയുലഞ്ഞുകൊണ്ടിരുന്നു . ഭയം എന്നെ കലശലായി  പിടികൂടിയിരുന്നു. നല്ല കുളിരും അനുഭവപെടുന്നുണ്ടായിരുന്നു .തരക്കേടില്ലാതെ എനിക്ക് നീന്തുവാന്‍ അറിയാം എന്നാലും മനസ്സില്‍ നല്ല ഭയം തോന്നി . ഇരുട്ടില്‍ വള്ളം ദിശമാറിയാണ്  പോയിക്കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് തോന്നി  .  കരയിലേക്ക് വള്ളം എത്തേണ്ട സമയം കഴിഞ്ഞിട്ടും വള്ളം കരയിലേക്ക് എത്തുന്നുണ്ടായിരുന്നില്ല .ഇടിമിന്നലോട് കൂടി പേമാരി അതിശക്തമായി തന്നെ തുടര്‍ന്നു കൊണ്ടേയിരുന്നു .മിന്നലിന്‍റെ വെട്ടം പ്രപഞ്ചത്തില്‍ മിന്നുമ്പോള്‍ ഭയാകുലരായ സുഹൃത്തുക്കളുടെ മുഖങ്ങള്‍ ഞാന്‍ കണ്ടു .

നനഞ്ഞ  വസ്ത്രവും ധരിച്ചു എങ്ങിനെ വീട്ടിലേക്ക് പോകും എന്നതായിരുന്നു പലരുടേയും ആധി .വരുവാന്‍ വിസ്സമ്മതിച്ചിരുന്ന സുഹൃത്ത് അയാളെ കൊണ്ടു പോകുവാന്‍ കൂടുതല്‍  നിര്‍ബന്ധം പറഞ്ഞിരുന്ന ആളോട് കയര്‍ക്കുന്നു.

,, ഞാന്‍ പറഞ്ഞതല്ലേ ഞാന്‍ ഇന്ന് നിങ്ങളുടെ കൂടെ പോരുന്നില്ലായെന്ന് .എന്‍റെ വാപ്പയാങ്ങനും അറിഞ്ഞാല്‍ പിന്നെ എന്നെ എന്‍റെ വീട്ടില്‍ കയറ്റില്ല ,,

എപ്പോഴോ വള്ളം കരയ്ക്കടുത്തു .അത് പക്ഷെ വള്ളം അഴിച്ചുകൊണ്ട് പോയ സ്ഥലത്തല്ലായെന്നു മാത്രം .ഓരോരുത്തരായി വള്ളത്തില്‍ നിന്നും ചാടിയിറങ്ങുവാന്‍ തുടങ്ങി , മൂന്നാമത് ചാടിയിറങ്ങിയത് യാത്രയ്ക്ക് വരുവാന്‍ വിസ്സമതിച്ചിരുന്ന ആളായിരുന്നു .പക്ഷെ അയാളുടെ  ചാട്ടം പിഴച്ചു ,,  അയ്യോ എന്‍റെ ഉമ്മാ  ,, എന്ന ആര്‍ത്തനാദം  പേമാരിയിലും അവിടമാകെ മുഴങ്ങി .അയാളുടെ ഒരു കാല്‍ വള്ളത്തിലും മറ്റേ കാല്‍ ജലാശയത്തിലേക്കുമായി   വീണു  .പിന്നെത്തെ അയാളുടെ അവസ്ത ഞാന്‍ പറയേണ്ടതില്ലല്ലോ .ഞൊടിയിടയില്‍  വലിയ ശബ്ദത്തോടെ സുഹൃത്ത് വള്ളത്തില്‍ നിന്നും ജലാശയത്തിലേക്ക്  മറിഞ്ഞു .അയാളെ ഒരു വിധം എല്ലാവരും ചേര്‍ന്ന്‍ മുങ്ങി  തപ്പിയെടുത്ത്  കരയിലേക്ക് എടുത്ത് കിടത്തി. പക്ഷെ അപ്പോഴേക്കും സുഹൃത്ത്  അബോധാവസ്ഥയിലായികഴിഞ്ഞിരുന്നു  .

എല്ലാവരും മാറിമാറി  സുഹൃത്തിനെ വിളിച്ചു നോക്കി .ഒരു രക്ഷയും ഇല്ല സുഹൃത്ത് ഒരു ചലനവും ഇല്ലാതെ ഒരേ കിടപ്പായിരുന്നു .ഞാന്‍ മനസ്സില്‍  ഉറപ്പിച്ചു  ജീവന്‍ പോയത്  തന്നെ .എല്ലാവരും ഭയാകുലരായി .എന്‍റെ ഭയം കൊലപാതക കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരുമല്ലോ എന്നായിരുന്നു .എന്‍റെ കാല്‍പാദങ്ങളില്‍ നിന്നും ഒരു വിറയല്‍ അനുഭവപെടുന്നത് പോലെ തോന്നി ,തോന്നലല്ല ശെരിക്കും വിറയല്‍ തന്നെയായിരുന്നു .ആ വിറയല്‍ ക്രമേണ ശിരസിലേക്ക് അതിവേഗം പ്രയാണം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു .എനിക്ക് സങ്കടം സഹിക്കുവാന്‍ കഴിയാതെയായപ്പോള്‍ ഞാന്‍  എല്ലാവരോടുമായി സിനിമയിലൊക്കെ പ്രധാന കഥാപാത്രം പറയുന്നത് പോലെ  പറഞ്ഞു  .

,, ഈ പാവത്തിനെ കൊലയ്ക്കു കൊടുത്തപ്പോള്‍  തൃപ്തിയായില്ലേ എല്ലാവര്‍ക്കും ,നമ്മുടെ കൂടെ വരുന്നില്ലായെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ചു കൂട്ടികൊണ്ട് പോയതല്ലേ ,,

ആരോ സുഹൃത്തിന്‍റെ നാസികയില്‍ വിരല്‍ വെച്ചുകൊണ്ടു പറഞ്ഞു

 ,,ജീവനുണ്ട് നമുക്ക് ഇവനെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ കൊണ്ട് പോകണം ,,

അപ്പോഴും പേമാരി ശമനമില്ലാതെ തുടര്‍ന്നു കൊണ്ടേയിരുന്നു .കൂട്ടത്തില്‍ പ്രായം കുറഞ്ഞയാള്‍ ഞാനായത് കൊണ്ടോ വള്ളം യഥാസ്ഥാനത്ത് എത്തിച്ച് ചങ്ങലയില്‍ ബന്ധിപ്പിക്കുവാനുള്ളത് കൊണ്ടോ .... എന്തോ? എന്നോട് വള്ളവുമായി പോകുവാന്‍ പറഞ്ഞിട്ട് എന്നെ അവിടെ തനിച്ചാക്കി സുഹൃത്തിനേയും എടുത്തുകൊണ്ട്  മറ്റുള്ളവര്‍ പോയി .ഒരു കിലോമീറ്ററില്‍ കൂടുതല്‍ നടന്നാലെ കവലയില്‍ എത്തുവാന്‍ കഴിയു അവിടെ പോയാല്‍ തന്നെ ആ നേരത്ത് വാഹനം എവിടെനിന്ന് ലഭിക്കാന്‍ .ആശുപത്രിയിലേക്ക് അവിടെ നിന്നും വീണ്ടും പോകണം ഏതാണ്ട് ഒന്‍പതു കിലോമീറ്ററില്‍ കൂടുതല്‍  ദൂരം . എല്ലാവരും പോയപ്പോള്‍ ഞാന്‍ നിന്നു വിറയ്ക്കുവാന്‍ തുടങ്ങി .ജീവിതത്തില്‍ അന്നേവരെ അനുഭവിക്കാത്ത ഒരു പ്രത്യേക തരം  വിറയലായിരുന്നു അത്   .അവിടമാകെ  അപ്പോഴും                                  കൂ രാകൂരിരുട്ടായിരുന്നു .ഞാന്‍ അതുവരെ കേള്‍ക്കാതെയിരുന്ന എന്തൊക്കയോ അപശബ്ദങ്ങള്‍ അപ്പോള്‍  കേള്‍ക്കുവാന്‍ തുടങ്ങി .ആ ഗ്രാമത്തില്‍ അടുത്തകാലത്ത് ഇഹലോകവാസം വെടിഞ്ഞവരുടെ മുഖങ്ങള്‍ എന്‍റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു .മൃതശരീരം കാണുവാന്‍ പോയാല്‍ ... മൃതശരീരം മൂടിയ തുണി, മുഖം കാണുവാനായി പൊക്കി നോക്കില്ലേ ,അപ്പോള്‍ നാം കാണുന്ന മുഖങ്ങളായിരുന്നു മനസ്സില്‍ മിന്നിത്തെളിഞ്ഞുകൊണ്ടിരുന്നത് .പ്രേതങ്ങള്‍ കൂട്ടമായി ആര്‍ത്തട്ടഹസിക്കുന്നത് പോലെ എനിക്ക് തോന്നി .അപ്പോഴും  മഴ തിമര്‍ത്തു പെയ്യുന്നുണ്ടായിരുന്നെങ്കിലും എന്‍റെ തൊണ്ട വരണ്ടിരുന്നു .ഞാന്‍ ആകാശത്തേക്ക് നോക്കി  വായ തുറന്നു വെച്ചു, വായയില്‍ നിറയുന്ന വെള്ളം  ആര്‍ത്തിയോടെ കുടിച്ചു .

   ഞാന്‍ വിറയലോടെ  ഒരുവിധം വള്ളത്തില്‍ കയറി  കൈക്കോല്‍ (വള്ളം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന വടി )എടുത്ത് അഞ്ഞാഞ്ഞു കുത്തുവാന്‍ തുടങ്ങി ,പക്ഷെ വള്ളത്തിന് അപ്പോള്‍ ഒച്ചിന്‍റെ വേഗതയേ ഉണ്ടായിരുന്നുള്ളു .എനിക്കാണെങ്കില്‍ വള്ളം കുത്തി നിയന്ത്രിക്കാന്‍ അറിയുകയും ഇല്ല . എത്ര ശ്രമിച്ചിട്ടും വള്ളം ഞാന്‍ കരുതിയപോലെ നേരെ ചൊവ്വേ  പോകുന്നുണ്ടായിരുന്നില്ല .  ഞാന്‍ കൈക്കോല്‍ വലതു ഭാഗത്ത്‌ കുത്തുമ്പോള്‍ വള്ളം നേരെ പോകുന്നതിനു പകരം ഇടതു ഭാഗത്തേക്കും ഇടതു ഭാഗത്ത്  കുത്തുമ്പോള്‍ വലതു ഭാഗത്തേക്കും മാറിമാറി നീങ്ങി  ക്കൊണ്ടിരുന്നു .എന്‍റെ ശ്രമം തുടര്‍ന്നു കൊണ്ടിരുന്നുവെങ്കിലും വള്ളം അവിടെ നിന്നും അല്‍പം ദൂരം പോലും മുന്നോട്ടു പോയില്ല . എനിക്ക് അന്നാദ്യമായി വേലക്കാരനോട്‌ ബഹുമാനം തോന്നി .അയാള്‍ എത്ര ആയാസകരമായാണ് വള്ളം തന്‍റെ ലക്ഷ്യ സ്ഥനത്തേക്ക്   എത്തിച്ചിരുന്നത് .  അപ്പോഴും  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .ഒപ്പം ഞാന്‍ നിയന്ത്രിക്കുന്ന വള്ളം ലക്ഷ്യസ്ഥാനത്തേക്ക് പോകാതെ   കാറ്റിന്‍റെ വേഗതയില്‍ അങ്ങിങ്ങായി ആടിയുലഞ്ഞുകൊണ്ട് ദിശ മാറി പോയിക്കൊണ്ടിരുന്നു .  
                                                    ശുഭം  
                                                     


rasheedthozhiyoor@gmail.com        rasheedthozhiyoor.blogspot.com                                                                     

                                                                        


 

                     

5 June 2016

കഥ .ദണ്ഡവധം


ചിത്രം കടപ്പാട്  zain തൊഴിയൂര്‍
പ്രകൃതിഭംഗിയാർന്ന ഭാരതപ്പുഴയുടെ ഇരുകരകളിലേക്കുമുള്ള യാത്രയ്ക്ക്  ഇരുകരകളിലും   വസിക്കുന്നവരുടെ  ഏക ആശ്രയം ചക്കന്‍കുട്ടിയുടെ കടത്തുതോണിയാണ്.പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിക്കുന്ന ജലം  അറബിക്കടലിൽ ലയിക്കുവാനായി  ഒഴുകുന്ന ജലത്തിന്. കാലാവസ്ഥയുടെ വ്യതിയാനത്തിന് അനുസൃതമായി പല ഭാവങ്ങളാണ്.വേനല്‍ക്കാലത്ത് ഭയാശങ്കകള്‍ കൂടാതെ തോണിയില്‍  യാത്രക്കാര്‍ക്ക്  യാത്രചെയ്യുവാനാവുമെങ്കിലും . വര്‍ഷകാലത്ത്   കരകവിഞ്ഞ് ഒഴുകുന്ന ജലത്തിന് നല്ല കുത്തൊഴുക്കുണ്ടാവുന്നതിനാല്‍  യാത്രക്കാര്‍ക്ക്  ഭയത്തോടെയല്ലാതെ യാത്ര ചെയ്യുവാനാവില്ല.വര്‍ഷകാലത്ത് എത്ര   കാഠിന്യമായ കുത്തൊഴുക്കിലും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത്  സുരക്ഷിതമായി എത്തിക്കുവാന്‍ കടത്തുകാരന്‍   ചക്കന്‍കുട്ടി സമര്‍ത്ഥനാണ് .

പതിവുപോലെ പുലര്‍ച്ചെ മൂന്നര  മണിക്ക് വീട്ടില്‍നിന്നും  ചക്കന്‍കുട്ടി പുഴക്കര ലക്ഷ്യമാക്കി നടന്നു .കയിലി മുണ്ടും, തലേക്കെട്ടുമാണ് അയാളുടെ വേഷം .കുപ്പായം ധരിക്കുന്ന പതിവയാള്‍ക്കില്ല .നല്ല മൂടല്‍മഞ്ഞുള്ളതിനാൽ ടോര്‍ച്ചിന്‍റെ  വെട്ടത്തില്‍ ദൂര കാഴ്ച കാണാനാവുന്നില്ല.തണുത്ത കാറ്റ്  അയാളുടെ ശരീരമാസകലം താഴുകിതലോടി  പോകുമ്പോൾ   അസഹനീയമായ  തണുപ്പയാൾക്ക്‌  അനുഭവപെട്ടുകൊണ്ടിരുന്നു .തണുപ്പകറ്റാൻ   മടികുത്തില്‍ നിന്നും ബീഡിയെടുത്ത് കത്തിച്ചു വലിച്ചപ്പോള്‍ തണുപ്പിന് അല്പം ആശ്വാസംകൊണ്ടു. നാലുമണിയോടെ   അക്കരെയ്ക്കുള്ള യാത്ര പുറപ്പെടും.പാല്‍ക്കാരന്‍ കോരനും,പച്ചക്കറി കച്ചവടക്കാരന്‍ ചെറുമന്‍   കണാരനും,പട്ടണത്തിലെ ക്ഷേത്ര മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും,മറുകരയില്‍ ചായക്കട നടത്തുന്ന മൂസയും മറ്റും എന്നും   തോണിയിലെ ആദ്യയാത്രക്കാരാണ്. ചക്കൻകുട്ടി    തോണിയുടെ അരികിലെത്തിയപ്പോള്‍ യാത്രക്കായ്  കണാരന്‍ ഒഴികെയുള്ളവര്‍ അവിടെ സന്നിഹിതരായിരുന്നു.

 ചെറുമന്‍  കണാരന്‍ ഗ്രാമത്തില്‍ ഒട്ടുമിക്ക തൊഴിലുകളും ചെയ്തിരുന്നയാളായിരുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് തെങ്ങില്‍നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റതിനാല്‍. വിട്ടുമാറാത്ത നടുവേദന നിമിത്തം  ഇപ്പോഴയാൾക്ക് തൊഴില്‍  ചെയ്യുവാനാവാതെയായി. തെങ്ങില്‍നിന്നും വീണതിനു ശേഷം കണാരന് നാളിതുവരെ നടുനിവര്‍ത്തി നടക്കുവാനായിട്ടില്ല.ഇപ്പോള്‍ ഗ്രാമത്തില്‍ പച്ചക്കറികട നടത്തുന്ന കണാരന്‍ അക്കരെയുള്ള ചന്തയില്‍ നിന്നും ദിനേനെ രണ്ട് ചാക്ക് നിറയെ  പച്ചക്കറികള്‍ കൊണ്ടുവരും. സന്ധ്യയാവുമ്പോഴേക്കും കടയിലെ  പച്ചക്കറികള്‍  കാലിയാവുകയും  ചെയ്യും .ബാല്യകാല സുഹൃത്തുക്കളാണ് ചക്കന്‍കുട്ടിയും ,കണാരനും. ഓട്ടോറിക്ഷയില്‍  കൊണ്ടുവരുന്ന പച്ചക്കറിചാക്കുകള്‍ ഓട്ടോറിക്ഷയില്‍ നിന്നും തോണിയിലേക്ക് വെക്കുന്നതും മറുകരയില്‍ എത്തിയാല്‍ കടയിലേക്ക് ചാക്കുകള്‍ ചുമടായി എത്തിക്കുന്നതും ചക്കന്‍കുട്ടിയാണ് .ഞായറാഴ്ചകളില്‍ ഉച്ചയോടെ രണ്ടുപേരും അവരവരുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും വിരമിച്ച് ഒത്തുകൂടി സ്വല്പം മദ്യപിക്കുന്ന ശീലത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് .ചക്കന്‍കുട്ടി വിവാഹിതാനാണെങ്കിലും അയാള്‍ക്ക്‌ സന്താനഭാഗ്യമുണ്ടായില്ല

യാത്രക്കാര്‍ എല്ലാവരും  തോണിയില്‍ കയറിയിരുന്നു .ചക്കന്‍കുട്ടി കണാരനെ കാത്തുനിന്നു.തോണി പുറപ്പെടതെയായപ്പോള്‍  നാരായണന്‍ നമ്പൂതിരി പറഞ്ഞു.

,, നേരം ഇശ്ശി  ആയിരിക്കുണൂ...ഇനിയും ആ  ചെറുമനെ കാക്കണോ  ചക്കന്‍കുട്ട്യേ....ക്ഷേത്രത്തില്‍ ഭക്തര്‍ വന്ന് കാത്ത് നിക്കുണുണ്ടാവും.  ,,

ചക്കന്‍കുട്ടി തോണിയില്‍ കയറി കഴുക്കോലെടുത്ത് യാത്രപുറപ്പെടുവാന്‍ തുനിഞ്ഞപ്പോള്‍   ദൂരെ നിന്നും കൂക്കുവിളികേട്ടതിനാൽ   ചക്കന്‍കുട്ടി  തോണി കരയോടടുപ്പിച്ചുകൊണ്ട് പറഞ്ഞു.

,,കണാരന്‍റെ കൂക്കുവിളിയാണ്  കേള്‍ക്കുന്നത്. പാവം വേഗത്തില്‍ നടക്കുവാന്‍ കണാരന് ആവില്ലല്ലോ. ഇനിയിപ്പോ...... കണാരന്‍ എത്തിയിട്ട്   യാത്രപുറപ്പെടാം ,,

ചക്കന്‍കുട്ടിയുടെ വാക്കുകള്‍ക്ക് മറുപടിയായി  നാരായണന്‍ നമ്പൂതിരി ഒന്ന് നിവര്‍ന്നിരുന്ന് പറഞ്ഞു .

,,ഉവ്വ് ചക്കന്‍കുട്ടി ആ ചെറുമന്‍ വരാതെ  തോണി ഇവിടെന്ന് അല്‍പംപോലും  നീക്കില്ലാന്ന്  ആര്‍ക്കാ അറിയാത്തെ .തന്‍റെ ഉറ്റ ചങ്ങാതിയോടുള്ള സ്നേഹം മറ്റുള്ളവരുടെ വിലപ്പെട്ട സമയം കളിഞ്ഞിട്ടുവേണോ ചക്കന്‍ കുട്ട്യേ ...,,

   അതെ കണാരന്‍ എന്‍റെ ഉറ്റ ചങ്ങാതിയാ... കണാരന്‍ വരാതെ തോണി ഇവിടെ നിന്നും പോകില്ലായെന്ന്  നമ്പൂതിരിയുടെ മുഖത്ത് നോക്കി പറയണമെന്ന് ചക്കന്‍കുട്ടിക്ക് തോന്നിയതാണ്  ക്ഷേത്രത്തിലെ മേല്‍ശാന്തിയായത്‌കൊണ്ട് അയാളെ അവഹേളിക്കേണ്ടയെന്നു കരുതി ചക്കന്‍കുട്ടി കണാരന്‍ വരുന്ന വഴിയിലേക്ക് നോക്കിനിന്നു.

ദൂരെനിന്നും ചൂട്ടിന്‍റെ വെട്ടം തോണിയുടെ അടുത്തേക്ക്‌  അടുത്തടുത്ത് വന്നു ഒപ്പം ഗണപതി പാട്ടിന്‍റെ ഈരടികളും കേള്‍ക്കാം

,,  ആറുമുഖ വാ ഗണപതിയേ 
    ഒടയതാ തന്നെ ഞാൻ
    കാലനാം എരിശെയ്ത്
    ആദരാൽ എതുർകൊൾകാ
    അക്കാലെ അരനുവായ്
    ഉമവടിവെ പിടിവതുമായ്
    അടവി തന്നിൽ കളിച്ച കാലം
    ഉമയാൾ തന്റെ തിരുവയറ്റിൽ
    ഉളർവായോ കരിമുഖവാ
    പിറന്നിതാ വളർന്നുള്ളേ
   ചെറുക്കനായി ചോർ മുല
   മങ്കയ്ക്കു മകനോ ഉമയ്ക്കൊരു
   പൂത്തിരരും ഒറ്റക്കൊമ്പാ
   നായകനെ നെറ്റിക്കണ്ണാലുടയവില്ലേ,,

കണാരന്‍ എപ്പഴും നടന്‍ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കും.നടുനിവര്‍ത്താന്‍ കഴിയാതെ കുനിഞ്ഞുള്ള കണാരന്‍റെ നടത്തം കാണുന്നവരുടെ മനസ്സലിയും .കണാരന്‍ തോണിയില്‍ കയറാനായി തുനിഞ്ഞപ്പോള്‍ ചക്കന്‍കുട്ടി അയാളെ സഹായിച്ചു.കണാരന്റെ  പാദങ്ങൾ  വെള്ളത്തില്‍ സ്പർശിച്ചപ്പോൾ അയാൾ  പറഞ്ഞു .

,,വെള്ളത്തിന് നല്ല തണുപ്പുണ്ടല്ലോ ചക്കന്‍കുട്ട്യേ ...  .ഈ  തണുപ്പുള്ള വെള്ളത്തില്‍ ഒന്ന് മുങ്ങികുളിച്ചാല്‍ അതൊരു സുഖം തന്നെയാണ് ,,

കണാരന്‍റെ വാക്കുകള്‍ക്ക് മൂസയാണ് മറുപടി പറഞ്ഞത് .

,, അല്ല പഹയാ ഇജ്ജ് കുളിക്കാന്‍ പോകുവാണാ .... അന്നെ കാത്ത് നിന്നിട്ട് നെരംപോയ നേരത്താ അന്‍റെ  മുങ്ങി കുളീന്‍റെ ബര്‍ത്താനം .ഇജ്ജ് ബെര്‍തെ മനുഷ്യനെ പിരാന്ത് പിടിപ്പിക്കല്ലേ പഹയാ ,,

കണാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു

,, ഇതിപ്പോ നല്ല കാര്യമായി .എടോ കാക്കാ ഈ വെള്ളത്തില്‍ ഒന്ന് മുങ്ങിക്കുളിച്ചാല്‍ അതൊരു സുഖമാണെന്ന്  പറഞ്ഞതിനാണോ ഈ പുകില്.ഞാന്‍ എന്‍റെ പൊരേന്ന് കുളിച്ചിട്ട് തന്ന്യാ  വരണത്   ,,

കണാരന്‍ തോണിയില്‍ കയറിയപ്പോള്‍ അയാള്‍ക്ക്‌ ഇരിക്കുവാനിടം  ഇല്ലായിരുന്നു. രണ്ടാള്‍ക്ക്‌ ഇരിക്കാവുന്ന ഇരിപ്പിടത്തില്‍  നാരായണന്‍ നമ്പൂതിരി ഒറ്റയ്ക്കാണ് ഇരിക്കുന്നത്. പക്ഷെ  കണാരന് നമ്പൂതിരിയുടെ അടുത്തിരിക്കാന്‍ മനസ്സുവന്നില്ല.കണാരന്‍ തോണിയില്‍  കുനിഞ്ഞു നിന്നു.വര്‍ഷകാലത്തിന്‍റെ ആരംഭം കുറിച്ചുകൊണ്ട് പ്രകൃതിയാകമാനം ഇടിമുഴക്കം കേള്‍ക്കാം കോരന്‍ ആകാശത്തേക്ക് അല്‍പനേരം നോക്കിയതിന് ശേഷം ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റ്  പറഞ്ഞു .

,, ഒരു ഉഗ്രന്‍ മഴയ്ക്കുള്ള കോളുണ്ടല്ലോ .എടോ കണാരാ താന്‍ ഇവിടെ ഇരുന്നോ ... ഞാന്‍ നിന്നോളാം.... . ഈ ഒടിഞ്ഞ നടുവുമായി എത്ര നാളാന്നു
വെച്ചാ ഇങ്ങിനെ കഷ്ടപ്പെടുന്നേ കണാരാ...... തന്‍റെ മോനെ കച്ചവടം ഏല്‍പ്പിക്കടോ .ഇല്ലാത്ത കാശും മുടക്കി മോനെ  പഠിപ്പിച്ചിട്ട് കലക്ടര്‍ ആക്കാംഎന്നാണോ  മോഹം ?,,

കൃതഞ്ജതയോടെ കണാരന്‍ ഇരിപ്പിടത്തില്‍ ഇരുന്നതിനു ശേഷം പറഞ്ഞു.

,, ഈ കാലത്ത് വിദ്യാഭ്യാസം ഇല്ലെങ്കില്‍ ജീവിക്കാന്‍ പ്രയാസാ .എന്തായാലും ഇത്രയൊക്കെ ആയില്ലെ .ഇനിയൊരു രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍  മോന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാകും .ഏതെങ്കിലുംമൊരു സര്‍ക്കാര്‍ ഉദ്യോഗം അവന് തരാവാണ്ടിരിക്കില്ല .മോളുടെ  വിവാഹത്തിന് വാങ്ങിയ കടം ഇപ്പോഴും ബാക്കിയാണ് .ഇളയവള്‍ക്കും വിവാഹപ്രായമായി പൊര നിറഞ്ഞു നിക്കുണൂ .ഇനി താന്‍ പറയാ.... ഞാന്‍ കച്ചവടം നിറുത്തി വീട്ടിലിരിക്കണോ ?,,

കോരന്‍ മറുപടി പറയാതെ നെടുവീര്‍പ്പിട്ടു .മറുകരയില്‍ എത്തിയപ്പോള്‍    എല്ലാവരം ചക്കന്‍കുട്ടിക്ക് കടത്ത് കൂലി കൊടുത്ത്  തോണിയില്‍ നിന്നും   ധൃതിയില്‍ നടന്നകന്നു.ചക്കന്‍കുട്ടി മറുകരയിലെ യാത്രക്കാരെയും കയറ്റി തോണി തിരിച്ചു .ചാറ്റല്‍മഴയുടെ തോത് കൂടിയപ്പോള്‍ ചക്കന്‍കുട്ടി തൊപ്പികുടയെടുത്ത് ശിരസ്സില്‍ വെച്ചു .എഴുമണി കഴിഞ്ഞാല്‍പിന്നെ കോളേജ് കുട്ടികളുടെ നല്ല തിരക്കാണ് .  നാരായണന്‍ നമ്പൂതിരി യുടെ മകളും വേറെയൊരു നമ്പൂതിരിയുടെ മകളും ഒരുമിച്ചാണ് കോളേജില്‍ പോകുന്നത്.ആ കുട്ടികള്‍ തോണിയില്‍ കയറിയാല്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്നവര്‍ അവര്‍ക്ക് ഇരിക്കുവാന്‍ ഇടം നല്‍കും .ഈയിടെയായി കണാരന്‍റെ മകനും   നാരായണന്‍ നമ്പൂതിരി യുടെ മകളും പതിവിലും കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ട്. ചക്കന്‍കുട്ടിക്ക് അവരുടെ പെരുമാറ്റത്തില്‍ പൊരുത്തക്കേട് തോന്നിയെങ്കിലും ഒരുമിച്ച് പഠിക്കുന്ന കുട്ടികള്‍ ആയതുകൊണ്ട് അതത്ര ഗൌനിച്ചില്ല.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുലര്‍ച്ചെയുള്ള യാത്രയില്‍ കണാരന്‍  വ്യസനത്തോടെയിരിക്കുന്നത് കണ്ടപ്പോള്‍ ചക്കന്‍കുട്ടി ചോദിച്ചു .

,, എന്താ കണാരാ തനിക്ക് പറ്റിയത് പാട്ട് പടിക്കൊണ്ടാല്ലാതെ താന്‍ ഈ  തോണിയില്‍ കയറാറില്ലല്ലോ .നടുവേദനയുള്ളപ്പോഴും താന്‍ പാട്ട് പാടി എല്ലാവരേയും രസിപ്പിക്കുന്ന ആളല്ലെ .സത്യം പറയാലോ  തന്‍റെ പാട്ട് കേട്ട് യാത്രയാവുമ്പോള്‍ തോണി അക്കരെയെത്തുന്നത് ഞാന്‍  അറിയാറെയില്ല .എന്താടോ ഉണ്ടായെ ,,

കണാരന്‍റെ മനസ്സിലെ സങ്കടം അണപൊട്ടിയപോലെ പുറത്തുചാടി .അയാള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

,, ഞാന്‍ ഈ നടുവേദനയുമായി കഷ്ടപെടുന്നത് വെറുതെയായടോ ...മക്കളെ പഠിക്കുവാനയച്ചാല്‍ പഠിക്കണം അല്ലാതെ കോളേജില്‍ പോയി സിന്ദാബാദ് വിളിക്കരുത്,,

 പൊരുളറിയാതെ ചക്കന്‍കുട്ടി  തോണി  കുത്തിനിറുത്തി കണാരനെ നോക്കി .കണാരന്‍ തുടര്‍ന്നു .

,,  സിന്ദാബാദ് വിളിച്ചതിന് കുറേ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും  പുറത്താക്കി അതില്‍ എന്‍റെ  മോനുമുണ്ട് .കുടുംബത്തിന്‍റെ അവസ്ഥ നോക്കാതെ മുതിര്‍ന്ന ജാതിക്കാര്‍ക്കെതിരെ മുറവിളികൂട്ടിയാല്‍ പിന്നെ പുറത്താക്കുകയല്ലാതെ പിന്നെ എന്താ ഉണ്ടാകുക .തനിക്കറിയാണോ അവനിന്നലെ വീട്ടില്‍ എത്തിയിട്ടില്ല.പോലീസ്‌ പിടിച്ചോണ്ട് പോയെന്നാ കൂടെ പഠിക്കുന്ന ചെറുക്കന്‍ വന്ന് പറഞ്ഞത്.ഞാന്‍ അവനെ അന്വേഷിക്കാനൊന്നും പോണില്ല .ഇനി അവനായി അവന്‍റെ പാടായി.മക്കളുടെ തല തിരിഞ്ഞാല്‍ പിന്നെ എന്താ ചെയ്യാ .... ,,

ആശ്ചര്യത്തോടെ ചക്കന്‍കുട്ടി പറഞ്ഞു .

,, എന്‍റെ ഭഗവാനെ എന്താ ഞാനീ കേള്‍ക്കുന്നേ .എടോ താന്‍ പോയി ഏതെങ്കിലും വക്കീലിനെചെന്നുകണ്ട്   ചെറുക്കനെ   ജാമ്യത്തില്‍ ഇറക്കുവാന്‍ നോക്ക് .അല്ലെങ്കില്‍ കാര്യം പൊല്ലാപ്പാവും ,,

മറുപടി പറയാതെ കണാരന്‍ വിദൂരതയിലേക്ക് നോക്കിയിരുന്നു .ഒരാഴ്ചയായി മഴ ശമനമില്ലാതെ പെയ്തൊഴിയുന്നു .ഇന്ന് മഴയ്ക്ക് അല്‍പം ശമനമുണ്ട് .  ചാറ്റല്‍മഴയില്‍ ആഞ്ഞുവീശിയ കാറ്റിനാല്‍ തോണി നിയന്ത്രിക്കുവാന്‍ ചക്കന്‍കുട്ടി നന്നേ പാടുപെട്ടു.മഴപെയ്തു പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍  ജലത്തിന്‍റെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട് .ഇനിയങ്ങോട്ട് പുഴയിലെ ജലം കുറയുന്നതുവരെ കുത്തൊഴുക്കിന് ശമനം ഉണ്ടാവുകയില്ല .ചക്കന്‍കുട്ടിക്ക് തോണി നിയന്ത്രിക്കുവാന്‍ നന്നായി  അദ്ദ്വാനിക്കുക തന്നെവേണം .പുഴയില്‍ കുത്തൊഴുക്ക് തുടങ്ങിയാല്‍ ചക്കന്‍കുട്ടിയുടെ  മനസ്സില്‍   ഉത്കണ്ഠയാണ് .തോണിയില്‍ യാത്രക്കാര്‍ കയറിയാല്‍ സുരക്ഷിതമായി യാത്രക്കാരെ മറുകര എത്തിക്കുന്നതുവരെ ആ ഉത്കണ്ഠ തുടര്‍ന്നുകൊണ്ടേയിരിക്കും.കുത്തൊഴുക്കുള്ളപ്പോള്‍ യാത്രക്കാരില്‍ കളിതമാശകളും ,വര്‍ത്തമാനങ്ങളും ഒന്നുംതന്നെ ഉണ്ടാവില്ല .നിശബ്ദതയില്‍ തോണിയിലെ യാത്ര ചക്കന്‍കുട്ടിക്കും ഇഷ്ടമല്ല .

ദിവസം മൂന്ന് കഴിഞ്ഞിട്ടും കണാരന്‍റെ മകന്‍ തിരികെ വന്നില്ല.നടക്കുവാന്‍ നന്നേ പാടുപെടുന്ന കണാരന്‍ വിഷമം ഉള്ളിലൊതുക്കി മകനേയും കണ്ണുംനട്ടിരുന്നു.അന്ന് സന്ധ്യയോടെ കണാരന്‍റെ ഭാര്യ ചക്കന്‍കുട്ടിയെ കാണുവാന്‍ വാന്നു . തോണി കരയോട് അടുക്കുംതോറും കണാരന്‍റെ ഭാര്യയുടെ സങ്കടം അധികരിച്ചുകൊണ്ടിരുന്നു.ചക്കന്‍കുട്ടി തോണി കരയോടടുപ്പിച്ച് തോണി കയറിനാല്‍ കുറ്റിയില്‍ ബന്ധസ്ഥമാക്കി അവരുടെ അടുത്തേക്ക്‌ നടന്നുചെന്നു. ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുകൊണ്ടാണ് അവര്‍ പറഞ്ഞുതുടങ്ങിയത്‌.

,, മോനെ പോലിസ് പിടിച്ചോണ്ട് പോയെന്നാ പറയുന്നെ.മോന്‍ ചതിയില്‍പ്പെട്ടതാവാനെ തരമുള്ളൂ .മോന്‍  അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍കൂടി പറഞ്ഞതാ രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ നമ്മുടെ കഷ്ടപ്പാടുകള്‍ എല്ലാം മാറുമെന്ന് .കുടുംബത്തെകുറിച്ച് ചിന്തിക്കുന്ന മോനാ അവന്‍ എന്‍റെ കുട്ടി ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാ .അവന്‍റെ അച്ഛന് അന്വേഷിച്ചു പോകുവാനൊന്നും പറ്റില്ലല്ലോ ,,

കണാരന്‍റെ ഭാര്യ മടിക്കുത്തില്‍ നിന്നും കുറച്ച് നോട്ടുകള്‍ എടുത്ത് ചക്കന്‍കുട്ടിയുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് തുടര്‍ന്നു.   

ഏട്ടന്‍ നാളെ മോനെ അന്വേഷിച്ചുപോകണം .മനസ്സിന് യാതൊരുവിധ സമാധാനവും ഇല്ലാണ്ടായി .മോള് വീട്ടില്‍ കരഞ്ഞുകൊണ്ടിരിപ്പാണ് ,,

നീട്ടിയ നോട്ടുകള്‍ വാങ്ങാതെ ചക്കന്‍കുട്ടി പറഞ്ഞു.

പഠിക്കുവാന്‍ പോകുന്ന കുഞ്ഞുങ്ങളെ അക്കരെയെത്തിച്ച് ഞാന്‍ നാളെപോയി  അന്വേഷിക്കാം നേരം ഇരുട്ടുന്നതിന്‌ മുമ്പ് വീട്ടിലേക്ക് പൊയ്ക്കോളൂ ,,

 എവിടേക്കെങ്കിലുമൊക്കെ പോകുമ്പോള്‍ സഹോദരന്‍റെ മകനെയാണ് ചക്കന്‍കുട്ടി തോണി ഏല്പിക്കുന്നത് പുഴയില്‍ കുത്തൊഴുക്കുള്ളപ്പോള്‍ സഹോദരന്‍റെ മകന്‍  തോണിയുടെ നിയന്ത്രണം ഏറ്റെടുക്കില്ല .അടുത്ത ദിവസം രാവിലെ പത്തുമണിയോടെ  ചക്കന്‍കുട്ടി   തോണി അക്കരെ കെട്ടിയിട്ട് പട്ടണത്തിലേക്ക് യാത്രയായി.പോലിസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അവിടെയുള്ള പോലീസ്‌കാരന്‍ പറഞ്ഞു.

,, നിങ്ങള്‍  അന്വേഷിക്കുന്ന ആളിവിടെയുണ്ട് .അദ്ധ്യാപകരെ മര്‍ദ്ദിച്ചതാണ് കേസ്. സംഭവം കേസാക്കിയത്കൊണ്ട് ജാമ്യമില്ലാതെ പുറത്തിറങ്ങാന്‍ പറ്റില്ല. വക്കീലിനെകണ്ട് ജാമ്യത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ .,,

ചക്കന്‍കുട്ടി പോലിസ്സ്റ്റേഷന് അടുത്തുള്ള വക്കീലിനെകണ്ട് ജാമ്യത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു .രണ്ടുമണിയോടെ കണാരന്‍റെ മകനെ ജാമ്യത്തിലിറക്കി. കണാരന്‍റെ മകന്‍  ചക്കന്‍കുട്ടിയുടെ  മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല.കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ചക്കന്‍കുട്ടി പറഞ്ഞു.

,, പഠിക്കാന്‍ പോകുന്നത് അറിവ് പകര്‍ന്നു തരുന്നവരെ തല്ലാനാണോ ?എങ്ങിനെ ഇങ്ങിനെയൊക്കെ ആവാന്‍ കഴിയുന്നു. ഒടിഞ്ഞ നടുവുമായി അച്ഛന്‍ നിങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുന്നത് ഓര്‍ക്കണമായിരുന്നു.മറ്റുള്ള കുട്ടികളെപ്പോലെയാണോ നീ ? ഒരു കുടുംബത്തിന്‍റെ ഏക പ്രതീക്ഷയാണ് നീ ,ഇനിയിപ്പോ പഠിപ്പ് എങ്ങിനെ തുടരും,,

പറഞ്ഞത് കേള്‍ക്കുകയല്ലാതെ മറുത്തൊന്നും കണാരന്‍റെ മകന്‍ പറഞ്ഞില്ല. കടവിലെത്തിയപ്പോള്‍ യാത്രക്കാരുടെ നല്ല തിരക്കുണ്ടായിരിരുന്നു.തോണിയില്‍ കയറ്റാന്‍ പറ്റുന്നവരെ കയറ്റി ചക്കന്‍കുട്ടി യാത്ര തുടര്‍ന്നു.അക്കരെയെത്തിയപ്പോള്‍ കണാരന്‍റെ മകനെ തനിച്ചുവിടാന്‍ ചക്കന്‍കുട്ടിക്കായില്ല.അയാള്‍ തോണി കെട്ടിയിട്ട് കാത്ത് നിക്കുന്ന യാത്രക്കാരോട് ഉടനെ വരാമെന്ന് പറഞ്ഞ്  കണാരന്‍റെ മകനോടൊപ്പം നടന്നു.പോകുന്ന വഴിയില്‍ കണാരന്‍റെ കടയുടെ അരികില്‍ എത്തിയപ്പോള്‍ കണാരന്‍ മകന്‍റെ അരികിലേക്ക് വന്നുപറഞ്ഞു.

,,കുരുത്തംകെട്ടവനെ..... എന്‍റെ എല്ലാ പ്രതീക്ഷകളും നീ നശിപ്പിച്ഛല്ലോടാ ദ്രോഹി ....,,

കൂടുതല്‍ ശകാരിക്കുന്നതില്‍ നിന്നും   കണാരനെ ചക്കന്‍കുട്ടി പിന്തിരിപ്പിച്ചുകൊണ്ട് കണാരന്‍റെ  മകനോട്‌ പറഞ്ഞു.

,, മോന്‍ വീട്ടിലേക്ക് ചെല്ല് അമ്മയും പെങ്ങളും മോനെ കാണാതെ വിഷമിച്ചിരിക്കുകയാവും,,

കണാരന്‍റെ മകന്‍ നടന്നുനീങ്ങിയപ്പോള്‍ ചക്കന്‍കുട്ടി കണാരന്‍റെ ചുമലില്‍ തട്ടികൊണ്ട് പറഞ്ഞു.

സംഭവിച്ചത് സംഭവിച്ചു .ഇനി ഇതിന്‍റെ പേരില്‍ അച്ഛനും മോനും  വഴക്കിടരുത് ഞാന്‍ കടവിലേക്ക് ചെല്ലാട്ടെ അവിടെ യാത്രക്കാര്‍ നിറഞ്ഞിട്ടുണ്ട്‌ ,,

കണാരന്‍ കൃതഞ്ജതയോടെ ചക്കന്‍കുട്ടിയുടെ കരം നുകര്‍ന്ന് നിന്നു. കണാരന്‍റെ മിഴികളപ്പോള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ചക്കന്‍കുട്ടി തന്‍റെ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ കടവ് ലക്ഷ്യമാക്കി നടന്നുനീങ്ങി.രണ്ടാംനാളിലെ   പ്രഭാതത്തില്‍ കണാരന്‍റെ മകനെ ദുരൂഹ സാഹചര്യത്തില്‍ കാണ്മാനില്ല എന്ന വാര്‍ത്തയുമായാണ്   ആ ഗ്രാമം ഉണര്‍ന്നത്.  കണാരന്‍റെ മകനുവേണ്ടിയുള്ള തിരച്ചിലിൽ  ഗ്രാമവാസികൾഒന്നടങ്കം  അണിനിരന്നു.തിരച്ചിലുകൾക്കൊടുവിൽ  ആളൊഴിഞ്ഞ കശുമാവിൻ  തോട്ടത്തിൽ കണാരന്‍റെ   മകനെ കൊലചെയ്യപ്പെട്ട നിലയിൽ  കാണപെട്ടു .വിവരമറിഞ്ഞ് കശുമാവിൻ തോട്ടത്തിൽ ജനങ്ങൾ  തടിച്ചുകൂടി. അക്കരെനിന്നും  പോലീസും, പോലീസ് നായയും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി .പോലീസ് നായ  മൃതദേഹവും പരിസരവും മണംപിടിച്ച്  ഓടി .പോലീസ് നായയെ നിയന്ത്രിക്കുന്ന പോലീസും, ഒപ്പം ഒരുപറ്റം ജനങ്ങളും നായയെ അനുഗമിച്ചു .ഇടവഴിയിൽ  നിന്നും പ്രഥാന പാതയിലൂടെ കണാരന്‍റെ പീടികയുടെ മുമ്പിലൂടെ ഓടി നായ പുഴക്കരയുടെ മുമ്പിൽ ചെന്നുകിതച്ചു  നിന്നു .  മൃതദേഹം  പോസ്റ്റ്‌മോട്ടം ചെയ്യാൻ കടത്തുതോണിയിൽ അക്കരെയുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടിനാൽ അതികൃതർ   പോസ്റ്റ്‌മോട്ടം ചെയ്യാൻ  ഡോക്ടറെ മൃതദേഹത്തിനരികിലേക്ക് വരുത്തി .പോലീസിന്‍റെ   വിശദമായ പരിശോധനയ്ക്കുശേഷം  കശുമാവിൻ തോട്ടത്തിൽ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ കണാരന്‍റെ  മകൻറെ മൃതദേഹം പോസ്റ്റ്‌മോട്ടം ചെയ്യപ്പെട്ടു .


പൊസ്റ്റ്മൊട്ടം  കഴിഞ്ഞ്  തുന്നികെട്ടിയ മൃതദേഹം കണാരന്‍റെ  വീട്ടിൽ  കൊണ്ടുവന്നപ്പോൾ സഹപാഠികളാൽ  അവിടമാകെ ജനസമുദ്രമായിതീർന്നിരുന്നു .അമ്മയും സഹോദരികളും കരയുന്ന കൂട്ടത്തിൽ വാവിട്ടു കരയുന്ന   നാരായണന്‍ നമ്പൂതിരിയുടെ മകളെ  ഗ്രാമവാസികൾ ആശ്ചര്യത്തോടെയാണ് നോക്കിയതെങ്കിലും  സഹപാഠികൾക്ക് ഏറെകുറെപേർക്ക്  അറിയാമായിരുന്നു കണാരന്‍റെ  മകനുമായുള്ള  അവളുടെ  പ്രണയം . കണാരൻ മൃതദേഹത്തിനരികിൽ    നിസ്സംഗനായി നിന്നു .ഗ്രാമവാസികൾ ഏറെകുറെ പേർ  കണാരന്‍റെ  വീട്ടിൽ  സന്നിഹിതരായിരുന്നുവെങ്കിലും അവിടെ  നാരായണന്‍ നമ്പൂതിരിയെ ആരും കണ്ടില്ല.ദുരൂഹതകൾ ബാക്കിയാക്കി കണാരന്‍റെ  മകന്‍റെ  മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു .
                                                                        
                                                                           ശുഭം

1 May 2016

കഥ .ആഹിണ്ഡകന്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്
മിസോറാമിന്റെ തലസ്ഥാനമായ  ഐസോളിലെ ഒരു പ്രഭാതം .വാടക വീടിന്റെ മട്ടുപ്പാവിൽ നിന്നും  അഭിജിത്ത് നമ്പൂതിരി നിരത്തിലേക്ക് നോക്കിയിരുന്നു . തണുപ്പകറ്റാൻ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞ  കാൽനട യാത്രക്കാർ നിരത്തിലൂടെ   തലങ്ങും വിലങ്ങും ലക്ഷ്യസ്ഥാനത്ത്  എത്താൻ നടന്നു നീങ്ങുന്നുണ്ട് .ഇടയ്ക്ക്  ശുദ്ധവായു മലിനമാക്കിക്കൊണ്ട് പുക വിസർജിച്ച് വാഹനങ്ങൾ പോകുന്നത് കാണാം .ഉറക്കമുണർന്നാൽ മട്ടുപ്പാവിൽ വന്നിരുന്ന്  നിരത്തിലേക്ക് നോക്കിയിരിക്കുന്നത് അയാളുടെ ദിനചര്യയിൽപ്പെട്ടതാണ് .ചൂടുള്ള ഒരു കപ്പ്  കാപ്പി ടീപോയിൽ വെച്ചിട്ട് അയാളുടെ മിസോറം സ്വദേശിനിയായ ഭാര്യ അയാളുടെ നെറ്റിയിലും കഴുത്തിലും  കൈത്തലം ചേര്‍ത്തുവച്ചുനോക്കി .ഇന്നലെ പനിയുടെ ലക്ഷണങ്ങൾ  പ്രകടമായപ്പോൾ തന്നെ അവളുടെ ഗ്രാമത്തിൽ നിന്നും കൊണ്ടുവന്ന ആയൂർവേദ മരുന്ന് അയാൾക്കവൾ   നൽകിയിരുന്നു .മ്യാന്മറിന്റെ  രാജ്യാന്തര അതിർത്തി പങ്കിടുന്ന മലനിരകളുള്ള ഗ്രാമത്തിലാണ് അവളുടെ സ്വദേശം .അയാൾ  ഐസോളിൽ  വെച്ചാണ് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ്  അദ്ധ്യാപികയായ അവളെ പരിചയപ്പെട്ടത്‌ ,ആസാമിലെ മിസോറം എന്ന  സംസ്ഥാനത്തെ ഐസോൾ എന്ന പട്ടണത്തിൽ  അയാൾ എത്തിപ്പെട്ടത് യാദ്രിഛികമാണ് .

മുൻജന്മ പാപം   തലമുറകളായി ഇല്ലത്ത്  ഭ്രാന്തർ   പിറവിയെടുക്കും  എന്നതായിരുന്നു അയാളുടെ ഇല്ലത്തുള്ളവരുടെ വിശ്വാസം .വേദങ്ങൾ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്ത അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛൻ ഭ്രാന്ത് മൂത്ത്    വർഷങ്ങളോളം ചങ്ങലയിൽ ബന്ധിതനായി നരകയാതന അനുഭവിച്ചാണ് മരണപ്പെട്ടത് .അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛന്റെ കാലശേഷം വേദങ്ങൾ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്ത അഭിജിത്ത് നമ്പൂതിരിയുടെ ഇളയച്ഛൻ സന്യാസ വൃത്തിയിൽ ഏർപ്പേട്ടയാളായിരുന്നു  ശങ്കരൻ നമ്പൂതിരിപ്പാട്.ഇല്ലത്തിന്റെ വടക്കുപടിഞ്ഞാറുകോണിൽ ഒരു കുളമുണ്ടായിരുന്നു .  അഭിജിത്ത് നമ്പൂതിരിയുടെ ബാല്യകാലത്ത് ആ കുളത്തിൽ കുളിക്കുവാൻ  ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കൂടെയായിരുന്നു അയാൾ  പതിവായി പോയിരുന്നത് .കുളത്തിൽമുങ്ങി  ഗായത്രീമന്ത്രമടക്കമുള്ള മന്ത്രോച്ചാരാണങ്ങൾ ചൊല്ലേണ്ടത്  അയാളെ പഠിപ്പിച്ചത് ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു .

ശങ്കരൻ നമ്പൂതിരിപ്പാട്  ചുവപ്പുകരയുള്ള ഒരു പരുക്കൻ തോർത്തും, കൌപീനവും മാത്രമേ  സാധാരണയായി ധരിച്ചിരുന്നുള്ളൂ.ഇല്ലത്ത്  ഒതുങ്ങികൂടിയിരുന്ന ശങ്കരൻ നമ്പൂതിരിപ്പാടിന്റെ സ്വഭാവത്തിലും, സംസാരത്തിലും ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ  അഭിജിത്ത് നമ്പൂതിരിയുടെ പ്രായം പതിനെട്ട്  കഴിഞ്ഞിരുന്നു.ഇല്ലത്തുള്ളവർ   ശങ്കരൻ നമ്പൂതിരിപ്പാടിനെ  ഭ്രാന്തിനുള്ള ചികിത്സ ആരംഭിച്ചു .ചെറിയ രീതിയിൽ മാനസീക അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നുവെങ്കിലും ഇല്ലത്തുള്ളവരുടെ പെരുമാറ്റവും ,സംസാരവും ശങ്കരൻ നമ്പൂതിരിപ്പാടിന്റെ  സമനില താളം തെറ്റുന്നത് നിസഹായനായി നോക്കി നിൽക്കുവാനെ  അഭിജിത്ത്  നമ്പൂതിരിക്കായുള്ളൂ .മാനസീക അസ്വസ്ഥതകൾ  പ്രകടമാക്കുവാൻ തുടങ്ങി നാലാം മാസം അകത്തളത്തിൽ അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛനെ തളച്ചിരുന്ന  ചങ്ങലയിൽ ശങ്കരൻ നമ്പൂതിരിപ്പാടിനേയും   ബന്ധിതനാക്കി .

ഏതാണ്ട് നാലുവർഷം  കഴിഞ്ഞപ്പോൾ ഇടിയോട് കൂടിയ മഴയുള്ള ഒരു രാത്രിയിൽ  അഭിജിത്ത് നമ്പൂതിരി  അച്ഛൻ നമ്പൂതിരിയുടെ കിടപ്പ് മുറിയിൽ നിന്നും ശങ്കരൻ നമ്പൂതിരിപ്പാടിനെ ബന്ധിപ്പിച്ച ചങ്ങലയുടെ പൂട്ടിന്റെ താക്കോൽ മോഷ്ടിച്ച്  ഇല്ലത്തുള്ളവർ  ഉറങ്ങുവാനായി കാത്തിരുന്നു.ഇല്ലത്തെവൈദ്യുതി  വെട്ടം അണഞ്ഞുവെങ്കിലും അയാൾ  ഉറങ്ങാതെ കാത്തിരുന്നു.  സമയം  ഏതാണ്ട്  അർദ്ധരാത്രിയായപ്പോൾ അയാൾ ചെറിയച്ഛനെ ബന്ധിപ്പിച്ച മുറിയുടെ അരികിലേക്ക് നടന്നു.അപ്പോഴും മഴ ശമനമില്ലാതെ പെയ്തുകൊണ്ടേയിരുന്നു .മഴയുടെ ശബ്ദവും, ഇടിമുഴക്കവും ,ചിവിടുകളുടെ കരച്ചിലും അയാളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടികൊണ്ടിരുന്നു.നാളിതുവരെ അനുഭവിക്കാത്ത ഭയത്താൽ അയാളുടെ ശരീരമാസകലം വിറകൊണ്ടു.തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന മിന്നലിന്റെ വെട്ടത്തിൽ ചുമരിൽ തപ്പിയയാൾ  ശങ്കരൻ നമ്പൂതിരിപ്പാടിനെ ബന്ധിപ്പിച്ച മുറിയുടെ അരികിലെത്തി ജാലകത്തിലൂടെ അകത്തേക്ക് നോക്കി .മുറിയുടെ ഒരു മൂലയിൽ  ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അപ്പോൾ ശങ്കരൻ നമ്പൂതിരിപ്പാട്  .അഭിജിത്ത് നമ്പൂതിരി  കതക് തുറന്ന്  അകത്തേക്ക് പ്രവേശിച്ച്  ചെറിയച്ചന്റെ അരികിൽ ചെന്നിരുന്നു .കാല്പെരുമാറ്റം കേട്ടിട്ടാവണം ശങ്കരൻ നമ്പൂതിരിപ്പാട്  എഴുനേറ്റ്  ചുമരിൽ ചാരിയിരുന്നു .മുറിയിലെ  മൂത്രത്തിന്റെ മണം  അഭിജിത്ത് നമ്പൂതിരിയെ വിമ്മിഷ്ടനാക്കി .  അഭിജിത്ത് നമ്പൂതിരി  അയാളോട് ചോദിച്ചു .

,, ചെറിയച്ഛന്  ഈ ചങ്ങലയിൽ നിന്നും രക്ഷപ്പെടണോ ? ,,

 ശങ്കരൻ നമ്പൂതിരിപ്പാട്  മറുപടി പറയാതെ അയാളുടെ കൈത്തലം നുകർന്നു .

,, എനിക്ക് സഹിക്കിണില്ല ചെറിയച്ഛനെ ഇങ്ങിനെ കാണാൻ   .ചെറിയച്ഛനല്ല ഭ്രാന്ത് അന്ധവിശ്വാസത്താൽ   ഇവിടെയുള്ളവർക്ക് എല്ലാവർക്കും ഭ്രാന്താ .ഇനിയിവിടെ നിക്കേണ്ട  എവിടെയെങ്കിലും പോയി രക്ഷപെട്ടോളൂ ,,

ഇരുട്ടിൽ  ചങ്ങലയിലെ പൂട്ട്‌ തുറക്കുമ്പോൾ കാലിലെ വ്രണത്തിൽ അയാളുടെ കൈത്തലം സ്പർശിച്ചു .ഒരു ലുങ്കി മുണ്ട് മാത്രമായിരുന്നു അപ്പോൾ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വേഷം .അഭിജിത്ത് നമ്പൂതിരി ഓർത്തു .രണ്ടു നേരം കുളിച്ച്  വൃത്തിയായി  സുഗന്ധലേപനങ്ങൾ ശരീരമാസകം പൂശി നടന്നിരുന്നയാൾ  ദിവസങ്ങളോളം കുളിക്കാതെ  വൃത്തിഹീനനായി കിടക്കേണ്ടി വന്നത് .അഭിജിത്ത് നമ്പൂതിരി അയാളുടെ കൈത്തലം നുകർന്ന് മുറിയിൽ  നിന്നും  പുറത്തിറങ്ങി പറഞ്ഞു .

,, അൽപനേരം ഇവിടെ നിക്കു  ഞാൻ ചെറിയച്ഛന് ധരിക്കാനുള്ള വസ്ത്രം എടുത്തുവരാം ,,

ശങ്കരൻ നമ്പൂതിരിപ്പാട്   അനുസരണയുള്ള കുഞ്ഞിനെപ്പോലെ  തലയാട്ടി . തുലാവർഷ ത്തിലെ മഴയുടെ തോത് ഇത്തവണ വളരെ  കൂടുതലാണ് .ശക്തമായ മഴയത്ത് വീഴുന്ന മഴ തുള്ളികളുടെ ശബ്ദം അയാൾ  കാതോർത്തു നിന്നു .മഴ നനഞ്ഞു നടക്കുന്നത്  അയാൾക്ക്‌ വലിയ ഇഷ്ടമായിരുന്നു .  അഭിജിത്ത് നമ്പൂതിരി കരുതി വെച്ചിരുന്ന വസ്ത്രങ്ങളും കുടയും എടുത്ത്  തിരികെവന്നു .ധൃതഗതിയിൽ  ശങ്കരൻ നമ്പൂതിരിപ്പാട്  വസ്ത്രങ്ങൾ  ധരിച്ച ശേഷം  അകത്തളത്തിലൂടെ നടന്നു .അഭിജിത്ത് നമ്പൂതിരി അയാളെ അനുഗമിച്ചു . നാലുകെട്ടിന്റെ പൂമുഖത്ത് എത്തിയപ്പോൾ കുറച്ച്  രൂപ അയാളുടെ നേർക്ക്‌ നീട്ടികൊണ്ട്  അഭിജിത്ത് നമ്പൂതിരി പറഞ്ഞു .

,, ഈ പരിസരത്തൊന്നും ചെറിയച്ഛനെ കാണരുത് .ചെറിയച്ഛനെ ഇവിടെയുള്ളവർ കണ്ടെത്തിയാൽ വീണ്ടും ചങ്ങലയിൽ ബന്ധിപ്പിക്കും .ദൂരെ ഏതെങ്കിലും നാട്ടിൽപോയി  ജീവിച്ചോളൂ ,,

കൊടുത്ത രൂപ   വാങ്ങാതെ  മുറ്റത്തേക്ക്‌  ഇറങ്ങി കുട ദൂരേക്ക്‌ വലിച്ചെറിഞ്ഞ് ഇരുകൈകളും മേൽപ്പോട്ടുയർത്തി ശങ്കരൻ നമ്പൂതിരിപ്പാട്    മഴനനഞ്ഞ്  ഇരുട്ടിലേക്ക് ഓടിയകന്നു .വർഷങ്ങളോളം കൂട്ടിൽ  അടക്കപ്പെട്ട പക്ഷിയെ കൂട്ടിൽ നിന്നും തുറന്നുവിട്ടത്  പോലെയായിരുന്നു  ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഓട്ടം .അയാൾ ഇരുട്ടിലേക്ക് മറഞ്ഞപ്പോൾ ഇമകളിൽ നിന്നും ഉതിർന്നൊഴുകിയ  കണ്ണുനീർ  തുടച്ചുകൊണ്ട് കതകിന്റെ സാക്ഷയിട്ട്  ഇടിമിന്നലിന്റെ വെട്ടത്തിൽ തപ്പിത്തടഞ്ഞ്  അഭിജിത്ത് നമ്പൂതിരി തന്റെ കിടപ്പ് മുറിയിലേക്ക് നടന്നു.ഉറങ്ങുവാൻ കിടന്നപ്പോൾ ഇളയച്ഛന്റെ  ഇന്നെയുടെ അവസ്ഥയെ കുറിച്ചോർത്ത്  മനസ്സിന്  അന്നുവരെ അനുഭവിക്കാത്ത മാനസീക സംഘർഷത്താൽ വല്ലാതെ അസ്വസ്ഥമായിരുന്നു.ചങ്ങലയിൽ നിന്നും വിമുക്തനാക്കിയതിൽ സന്തോഷവും ഒപ്പം  ഇനിയുള്ള ഇളയച്ഛന്റെ ജീവിതം എന്തായിരിക്കുമെന്ന ഉത്തരമില്ലാത്ത ചോദ്യവും നിമിത്തം ഉറങ്ങുവാനുള്ള അയാളുടെ ശ്രമം വിഫലമായി.

നേരം പുലർന്നപ്പോൾ ഇല്ലത്താകെ ബഹളമായിരുന്നു.ഇളയച്ഛനെ ചങ്ങലയിൽ നിന്നും വിമുക്തനാക്കിയത് ആരാണെന്ന അച്ഛൻ നമ്പൂതിരിയുടെ ചോദ്യം അവിടമാകെ മുഴങ്ങികേൾക്കാം .ഉറക്കച്ചടവോടെ അഭിജിത്ത് നമ്പൂതിരി അച്ഛൻ നമ്പൂതിരിയുടെ അരികിൽപോയി മുഖത്ത്  നോക്കാതെ പറഞ്ഞു .

,,ഇളയച്ഛനെ  ഞാനാണ് ചങ്ങലയിൽ നിന്നും മോചിപ്പിച്ചത് .ഇല്ലത്തെ സ്വത്ത് വഹകൾ വീതം വെക്കേണ്ടി വരുമെന്നതിനാൽ ഭ്രാന്താണെന്ന്  മുദ്രകുത്തി  ജീവിതകാലം മുഴുവൻ കാരാഗ്രഹത്തിൽ അടയ്ക്കാൻ ഞാൻ സമ്മതിക്കില്ല .ആ പാവം എവിടെയെങ്കിലും പോയി ജീവിക്കട്ടെ ,,

അച്ഛൻ നമ്പൂതിരി തോളിലെ തോർത്തുമുണ്ട്  തോളിൽ നിന്നും എടുത്തുകുടഞ്ഞു പറഞ്ഞു.

,, എന്താ  ഈ  പറയുന്നേ ....മനസ്സിൽപോലും നിരീക്കാത്ത  കാര്യാണല്ലോ  ഈ  പറയുന്നെ ജന്മാന്തരങ്ങളായി അനുഭവിക്കുന്ന ഭ്രാന്ത്  ഇല്ലാണ്ടാവണത് എങ്ങന്യാ...ഭാന്ത് വന്നാൽ ചങ്ങലയിൽ തളയ്ക്കുകയല്ലാതെ വേറെയെന്താ മാർഗ്ഗം ,,

വടക്കേപുറത്ത്  നിന്നും അടിച്ചുതളിക്കാരി തള്ളയുടെ നിലവിളി കേട്ടപ്പോൾ  എല്ലാവരും  വടക്കേപുറത്തേക്ക് ഓടിച്ചെന്നു . അടിച്ചുതളിക്കാരി തള്ള കിതച്ചുകൊണ്ട് പറഞ്ഞു .

,,ചതിച്ചുലോ  ഭഗവാനെ  ആരാ   തബ്രനെ അഴിച്ചുവിട്ടത്. ആ കിളിച്ചുണ്ടൻ മാവിൽ തബ്രാൻ തൂങ്ങി കിടക്കുണൂ  ,,

അഭിജിത്ത് നമ്പൂതിരിക്ക് ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി. അടിച്ചുതളിക്കാരി തള്ള തളർന്ന് തൂണിൽ ചാരിയിരുന്നു.എല്ലാവരും കിളിച്ചുണ്ടൻ മാവിന്റെ അരികിലേക്കോടി .ഏറെ ഉയരത്തിലെ മാവിൻകൊമ്പിൽ തൂങ്ങി കിടക്കുന്ന ഇളയച്ഛനെ ഒരു നോക്ക് നോക്കുവാനെ അഭിജിത്ത് നമ്പൂതിരിക്ക് കഴിഞ്ഞൊള്ളൂ .അയാൾ  ശിരസ്സിൽ കൈവെച്ചു കുന്തകാലിൽ ഇരുന്നു.കുഞ്ഞുനാളിൽ കിളിച്ചുണ്ടൻ മാമ്പഴം വേണമെന്ന് ആഗ്രഹം പറയുമ്പോൾ  എത്ര ഉയരത്തിൽ കയറിയാണെങ്കിലും  തന്റെ ആഗ്രഹം സഫലമാക്കി തന്നിരുന്ന ഇളയച്ഛൻ ഈ മാവിൽ തന്നെ  ഇങ്ങിനെയൊരു പതാകം ചെയ്യുമെന്ന് അയാൾ നിരീച്ചിരുന്നില്ല .
അച്ഛൻ നമ്പൂതിരി അയാളുടെ അരികിൽ വന്നുപറഞ്ഞു .

,, തൃപ്തിയായില്ലെ അഴിച്ചു വിട്ടില്ലായിരുന്നെങ്കിൽ ജീവനോടെ കാണാമായിരുന്നില്ലേ ?,,

പോലിസ് എത്തിയതിനു ശേഷമാണ് മൃതദേഹം താഴെയിറക്കിയത് .പൊസ്റ്റ്മൊട്ടം കഴിഞ്ഞ്  അധികം താമസിയാതെ ശങ്കരൻ നമ്പൂതിരിപ്പാട്  അഗ്നിയിൽ എരിഞ്ഞമർന്നു ചാരമായി .ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വിയോഗം അഭിജിത്ത് നമ്പൂതിരിയെ മാനസീകമായി തളർത്തി .ദിനേന ഷേവ് ചെയ്തിരുന്ന അയാൾ ഷേവ് ചെയ്യാതെയായി ഏതാനും മാസങ്ങൾ  കഴിഞ്ഞപ്പോൾ നീട്ടിവളർത്തിയ  തലമുടിയും,താടിയും മൂലം അയാളുടെ രൂപംതന്നെ മാറിപ്പോയി . എപ്പോഴും  തന്റെ കിടപ്പ് മുറിയിൽ കഴിഞ്ഞു കൂടുന്ന അയാളെ ഇല്ലത്തുള്ളവർ ഭ്രാന്തിന്റെ ലക്ഷണമുണ്ടോയെന്നു സംശയ ദൃഷ്ടിയോടെ വീക്ഷിക്കുവാൻ തുടങ്ങി .  അടുത്ത ഇല്ലാത്തെ ഇര താനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അഭിജിത്ത് നമ്പൂതിരി നാടുവിട്ടു.പല സംസ്ഥാനങ്ങളിലും അയാൾ പലവിധ ജോലികളും ചെയ്തു .കുറേ പണം കൈകളിൽ വന്നുചേർന്നാൽ അവിടെ നിന്നും പുതിയ ഇടം തേടിപോകും .ഇന്ത്യ മുഴുവനും സഞ്ചരിക്കണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം .

മിസോറാമിന്റെ തലസ്ഥാനമായ  ഐസോളിൽ  അയാൾക്ക്‌ ലഭ്യമായ   തൊഴിൽ വിദ്യാലയത്തിന് അടുത്തുള്ള പുസ്തകശാലയിലായിരുന്നു.അവിടെ പതിവായി വന്നിരുന്ന ഒരു  പെൺകുട്ടിക്ക്  തന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ജീവിതത്തിലൊരു പങ്കാളിയെ വേണമെന്ന് അയാളും ആഗ്രഹിച്ചു.ഏറെത്താമസിയാതെ അവൾ അയാളുടെ ഭാര്യയായി.അവളുടെ സ്നേഹത്തിനു മുമ്പിൽ അയാൾ  ആശ്ചര്യപെട്ടു.പുസ്തകശാലയുടെ ഉടമസ്ഥൻ  പുസ്തകശാല വില്പ്പനയ്ക്ക്  ഒരുങ്ങിയപ്പോൾ അയാളുടെ ഭാര്യ സ്വരൂപിച്ചിരുന്ന പണവും തികയാതെ വന്ന പണം അവൾ അവളുടെ പിതാവിന്റെ പക്കൽ  നിന്നും വാങ്ങിയും  പുസ്തകശാല അവർ അവരുടെ സ്വന്തമാക്കി . ഏതാനും വർഷങ്ങൾക്കുള്ളിൽ അവർക്ക്  രണ്ട്  കുഞ്ഞുങ്ങൾ  പിറന്നു . ആൺ കുഞ്ഞും,പെൺ കുഞ്ഞും മക്കൾക്കിപ്പോൾ     പതിനാറും,പതിനാലും വയസ്സ് പ്രായമായി. അവർ പരസ്പരം ആശയവിനിമയം നടത്തുന്നത് ഇംഗ്ലിഷ്  ഭാഷയിലാണെങ്കിലും അയാൾ  അത്യാവശ്യം  ആശയവിനിമയം നടത്താനുള്ള മലയാളം ഭാഷയും അവരെ പഠിപ്പിച്ചു.ഇരുപത്  വർഷങ്ങൾക്കു ശേഷം അവർ അയാളുടെ സ്വദേശത്തേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.ഇല്ലത്ത് നിന്നും പോന്നതിൽ പിന്നെ ഇല്ലത്തെ യാതൊരു വിവരവും അയാൾ  അറിഞ്ഞിട്ടില്ല .ഇല്ലത്ത് ആരൊക്കെയാണ് ജീവിച്ചിരിക്കുന്നത്‌ ? ആരായിരിക്കും ചങ്ങലയിൽ തളക്കപ്പെട്ടിട്ടുണ്ടാവുക ? ഒരുപാട് ചോദ്യങ്ങൾക്ക്  ഉത്തരം ലഭിക്കാതെ ചിലപ്പോഴൊക്കെ അയാൾ  വല്ലാതെ   അസ്വസ്ഥനാകാറുണ്ട്  .

കൊല്ലവസാന പരീക്ഷ കഴിഞ്ഞപ്പോൾ രണ്ടു മാസത്തെ അവധിക്ക്  അവർ കേരളത്തിലേക്ക് യാത്രയായി.ട്രെയിനുകളും ബസ്സുകളും മാറിക്കയറി യാത്രയ്ക്കൊടുവിൽ അവർ ഇല്ലത്തെത്തി . അമ്മ  അന്തർജ്ജനം കിടപ്പിലായിട്ട് ഏതാനും മാസങ്ങൾ  കഴിഞ്ഞിരിക്കുന്നു .വേറിട്ട മുഖച്ഛായയുള്ള അയാളുടെ ഭാര്യയെയും മക്കളേയും എല്ലാവരും കൗതുകത്തോടെയാണ് നോക്കിയത്.ഇല്ലത്തുള്ളവരുമായി സംസാരിക്കുമ്പോൾ അച്ഛൻ നമ്പൂതിരിയെ അവിടെയെങ്ങും അയാൾക്ക്‌ കാണുവാനായില്ല . അച്ഛൻ നമ്പൂതിരി എവിടെയെന്നുള്ള അയാളുടെ ചോദ്യത്തിന് ആരും ഉത്തരം നൽകിയില്ല .ഭാര്യയും മക്കളും  അമ്മ  അന്തർജ്ജനത്തിനോട് അവർക്ക്  അറിയാവുന്ന മലയാള ഭാഷയിൽ  സംസാരിക്കുന്നുണ്ട് .ഭാര്യയും മക്കളും അത്ഭുതത്തോടെയാണ്‌  ഇല്ലം വീക്ഷിച്ചത്‌ .അല്പം കഴിഞ്ഞപ്പോൾ അയാൾ  അകത്തളത്തിലൂടെ കാലാകാലങ്ങളായി  ഭ്രാന്ത്  വരുന്നവരെ   തളച്ചിടുന്ന മുറി ലക്ഷ്യമാക്കി നടന്നു.ആരും ആ മുറിയിൽ  ഉണ്ടാകുവാൻ തരമില്ല .കാൽപെരുമാറ്റം കേട്ടപ്പോൾ  അടച്ചിട്ട മുറിയിൽ നിന്നും ചങ്ങല അനങ്ങുന്ന ശബ്ദം കേട്ടയാൾ നടുങ്ങി.അടച്ചിട്ട ജാലക പാളികൾ അയാൾ  പതുക്കെ തുറന്നതും  അകത്ത്  നിന്നും നിലവിളി ഉയർന്നു .അയാൾ ചങ്ങലയിൽ ബന്ധസ്തനാക്കിയ ആ മെലിഞ്ഞ രൂപത്തെ സൂക്ഷിച്ചു നോക്കി .ജടപിടിച്ച തലമുടിയും താടിയുമുള്ള ആ  രൂപത്തെ കണ്ട്  അയാൾ  ഇമകൾ ഇറുക്കിയടച്ചു മന്ത്രിച്ചു ,,ഈശ്വരാ ... അച്ഛൻ .......  അച്ഛൻ  ,,

                                                            ശുഭം
rasheedthozhiyoor@gmail.com                              rasheedthozhiyoor.blogspot.qa