ചിന്താക്രാന്തൻ

26 December 2014

ലേഖനം ,മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്ന കാലം


മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്നതില്‍ ഒരു മതവും പിന്നിലല്ല .എല്ലാവരും വിശ്വസിക്കുന്ന അദൃശ്യ ശക്തിക്ക് ഒരു നയാപൈസയുടെ ആവശ്യമില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും അറിയാം .ചില ആരാധനാലയങ്ങളില്‍ മാസവരുമാനം ലക്ഷക്കണക്കിന്‌ രൂപയാണ്. ആരാധനാലയങ്ങളില്‍ സ്വരൂപിക്കുന്ന രൂപ അത്രയും പട്ടിണി പ്പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയാല്‍ ലോകത്തൊരിടത്തും ദാരിദ്ര്യമുണ്ടാവില്ല .സ്വരൂപിക്കുന്ന രൂപ അത്രയും കെട്ടിടങ്ങളും മറ്റും നിര്‍മിക്കുവാനാണ് ഉപയോഗിക്കുന്നത് . 

 പ്രാര്‍ഥനകള്‍ ദൈവത്തോട് നേരിട്ടല്ലാതെ  ബ്രാഞ്ചുകളിലെ മനുഷ്യരാല്‍ നിര്‍മിതമായ പലവക ദൈവങ്ങളെ വിശ്വസിക്കുന്നവരാണ് മനുഷ്യരില്‍ കൂടുതലും .ആരാധന വഴിമാറി പ്പോകുന്ന പ്രവണതയാണ് കൂടുതലും കാണുവാന്‍ കഴിയുന്നത്‌ .മനുഷ്യരുടെ ഇടയില്‍ പലവക മതങ്ങള്‍ ഉണ്ടായതാണ് സ്വസ്ഥമായ ജീവിതം മനുഷ്യര്‍ക്ക്‌ അന്യമായി പോകുന്നത് .മതങ്ങള്‍ ഏതായാലും സാഹോദര്യത്തോടെ ജീവിക്കുവാന്‍ കഴിയാതെ പോകുന്നതാണ് ആപല്‍ക്കരം .എല്ലാമതങ്ങളും നന്മയുടെ സന്ദേശമാണ് നമ്മെ പഠിപ്പിക്കുന്നത്‌ എന്നിട്ടും എന്തിനാണ് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ പോരടിക്കുന്നത് .

മനുഷ്യരില്‍ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കണം അത് മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കണം എന്നുമാത്രം .പക്ഷെ ലോകമാസകലം മതങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്ന കാഴ്ചകളാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്‌ .  എല്ലാ മതങ്ങളിലുമുള്ള മതത്തെ അന്ധമായി വിശ്വസിക്കുന്ന ചിലരില്‍ മറ്റുമതസ്ഥരെ അവരുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണതകള്‍ കാണുവാനാവുന്നുണ്ട് .എല്ലാ മതങ്ങളും പറയുന്നു ഞങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന് അങ്ങിനെയാണെങ്കില്‍ എല്ലാ മതങ്ങള്‍ക്കുമുണ്ട് ഓരോരോ ദൈവങ്ങള്‍ .ഏതാണ് യാഥാര്‍ഥ്യം എന്ന് സ്ഥിതീകരിക്കുവാന്‍ ഒരു ശാസ്ത്രത്തിനും  കഴിഞ്ഞിട്ടുമില്ല കഴിയുകയുമില്ല . 

 തലമുറകളായി വിശ്വസിച്ചുപോരുന്ന വിശ്വാസങ്ങള്‍ പിന്‍പറ്റി ജീവിക്കുന്നവര്‍ അവരവരുടെ വിശ്വാസങ്ങളുമായി ജീവിക്കുവാന്‍ മറ്റു മതസ്ഥര്‍ അനുവദിച്ചാല്‍ .എല്ലാ മനുഷ്യരുടേയും ജീവിതത്തിലും മനസ്സമാധാനമുണ്ടാവും .എന്തിനീ മതപരിവര്‍ത്തനങ്ങള്‍ .മതപരിവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നവര്‍ എന്ത് നേടുന്നു അവര്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവം ആയുസ്സ് വര്‍ദ്ധിപ്പിച്ചു നല്‍കുമോ അല്ലെങ്കില്‍ സമ്പത്ത് വര്‍ദ്ധിപ്പിച്ചു നല്‍കുമോ .ശരാശരി മനുഷ്യ ആയുസ്സ് എത്രയാണെന്ന് നമുക്കൊക്കെ അറിയാം ഭൂമിയില്‍ ജീവിക്കുവാനാവുന്ന കാലമത്രയും ജാതിമതഭേദമന്യേ സാഹോദര്യത്തോടെ ജീവിക്കുവാനാണ് നാം ശ്രമിക്കേണ്ടത് .വിശ്വാസമാകാം പക്ഷെ അന്ധവിശ്വാസമാകരുത്.