ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
ചന്ദ്രമതിക്ക് അരവിന്ദന്‍ നായരെ ഇഷ്ടപെടാതെയിരിക്കുവാന്‍ പ്രധാനകാരണം . അവള്‍ പ്രാണനെ പോലെ സ്നേഹിക്കുന്ന പ്രതാപനായിരുന്നു .പിഴച്ചു പെറ്റ സന്തതിയെന്നു ഗ്രാമവാസികള്‍ ഒന്നടങ്കം പ്രതാപനെ വിളിക്കുമ്പോഴും അവള്‍ക്ക് അറിയാം പ്രതാപന്‍ തന്‍റെ സ്വന്തം അമ്മാവന്‍റെ മകനാണ് എന്നത് .അതുകൊണ്ട് തന്നെയാണ് അവള്‍ പ്രാതാപനെ ഇഷ്ടപെടുവാന്‍ തുടങ്ങിയതും .തറവാട്ടില്‍ അടുക്കള പണികള്‍ ചെയ്യുവാന്‍ വന്നിരുന്ന വേലക്കാരിയുടെ മകളെ പ്രണയിച്ച് വിവാഹംകഴിക്കാം എന്ന് മോഹിപ്പിച്ച് നേടേണ്ടത് എല്ലാം നേടി അവസാനം അവള്‍ ഗര്‍ഭിണിയായി എന്ന് അറിഞ്ഞപ്പോള്‍ നാടുവിട്ടുപോയ അമ്മാവനെ അവള്‍ക്ക് എന്നും പുച്ഛമായിരുന്നു .നേരില്‍ കാണാത്ത ആ അമ്മാവനെ കുറിച്ചുള്ള കഥകള്‍ ഗ്രാമത്തില്‍ മുഴുവനും ഇപ്പോഴും പാട്ടാണ് .അമ്മാവന്‍ പ്രതാപന്‍റെ അമ്മയെ രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്നും കുടുംബം ഒന്നടങ്കം ആ ബന്ധത്തെ എതിര്‍ത്തപ്പോള്‍ നാട് വിട്ടതാണ് എന്നും .തന്നെ അമ്മാവന്‍ ആ ബന്ധത്തില്‍ നിന്നും പിന്തിരിയാതെ ആയപ്പോള്‍ അമ്മാവനെ അപായപെടുത്തിയതാണ് എന്നൊക്കെ ഗ്രാമത്തില്‍ സംസാരമുണ്ട് .
പ്രതാപന്‍ ഒരിക്കല്‍ പോലും തറവാട്ടില്‍ അവകാശം സ്ഥാപിക്കുവാന്‍ വരികയോ ചന്ദ്രമതിയുടെ സ്നേഹം കണ്ടതായോ നടിച്ചിരുന്നില്ല .എന്നാലും ചന്ദ്രമതി അവളുടെ അയാളോടുള്ള പ്രണയം മനസ്സില്‍ സ്വകാര്യമായി സൂക്ഷിച്ചു . വിവാഹം ഉറപ്പിച്ചപ്പോള്‍ അവളുടെ ഇഷ്ടം വീട്ടില്‍ അറിയിച്ച നേരം അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അവളെ നടുക്കി .
,, പ്പെ എരണം കെട്ടവളെ പിഴച്ചു പെറ്റ ആ തോന്നിവാസിയെ മാത്രേ കണ്ടുള്ളൂ പ്രണയിക്കാന്‍ .ഒരുത്തന്‍ തറവാട്ടിന് വരുത്തി വെച്ച അപമാനം ഇപ്പോഴും മാഞ്ഞുപോയിട്ടില്ല .ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തി വലുതാക്കിയതിന്‍റെ അഹങ്കാരാ ഈ പറയുന്നതൊക്കെ .ഉറപ്പിച്ച വിവാഹത്തിന് തടസ്സം നിന്നാലുണ്ടല്ലോ കൊന്നു കുഴിച്ചുമൂടും ഞാന്‍ ,,
വീട്ടുകാരുടെ സമ്മതം ലഭിക്കുകയില്ല എന്നറിഞ്ഞപ്പോള്‍ . പ്രതാപനെ അയാളുടെ വീട്ടില്‍ പോയി നേരില്‍ക്കണ്ട് അവള്‍ തന്‍റെ ആഗ്രഹം അറിയിച്ചു .
,, എനിക്ക് ഇഷ്ടമാണ് പ്രതാപനെ. കുഞ്ഞുനാള്‍ തൊട്ടേ ഞാന്‍ പ്രതാപനെ പ്രണയിക്കുന്നു .എന്‍റെ ഇഷ്ടം അറിയിക്കുവാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കാതെ എന്നില്‍ നിന്നും പ്രതാപന്‍ അകലാന്‍ ശ്രമിക്കുന്നു .എന്നെ ഉപേക്ഷിക്കരുത്.എന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു .എന്‍റെ മനസ്സ് അറിയാതെ പോകരുത് ,,
പ്രതാപന്‍ ഉമ്മറത്തിണ്ണയില്‍ നിന്നും ഒന്നും ഉരിയാടാതെ ദൂരേയ്ക്ക് നടന്നു നീങ്ങി .പ്രതാപന്‍റെ അമ്മ പുറത്തെ സംസാരം കേട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്ന് ചന്ദ്രമതിയുടെ ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുനീക്കി പറഞ്ഞു .
,, എന്‍റെ മോള് എന്‍റെ മരുമകളായാല്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും .പക്ഷെ മോളുടെ വീട്ടുകാരുടെ സമ്മതത്തോടെ ഒരിക്കലും നിങ്ങള്‍ക്ക് ഒന്നാവാന്‍ ആവില്ല .പ്രതാപന് എന്‍റെ മോളെ ഇഷ്ടമല്ലാതെയല്ല അവന്‍ ഒന്നും പറയാതെ ഇവിടെ നിന്നും ഇറങ്ങി പോയത് .മോളുടെ കുടുംബം അംഗീകരിക്കാത്ത ബന്ധം കൂട്ടി യോജിപ്പിക്കുവാന്‍ മോള് ശ്രമിക്കരുത് .അങ്ങിനെയുണ്ടായാല്‍ നിങ്ങളുടെ ജീവന്‍ തന്നെ അപായപെടും .ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നത് തന്നെ എന്‍റെ മോന് വേണ്ടിയ .അവനെ കുരുതി കൊടുക്കരുത് .നിസഹായയായ ഒരു അമ്മയുടെ അപേക്ഷയാണ് ,,
അവള്‍ പോട്ടികരഞ്ഞുകൊണ്ട് വീട്ടിലേക്കും നടന്നു .വിവാഹ ദിവസ്സം വരെ അവള്‍ പ്രതീക്ഷയോടെ അവനെ കാത്തിരുന്നു .തന്‍റെടത്തോടെ വീട്ടില്‍ വന്ന് തന്‍റെ കൈ പിടിച്ച് ഇറക്കി കൊണ്ട് പോകും എന്നവള്‍ ആശിച്ചു .പക്ഷെ അങ്ങിനെയൊന്ന് ഉണ്ടായില്ല .കരഞ്ഞുകലങ്ങിയ കണ്ണുകളോടെ കതിര്‍മണ്ഡപത്തില്‍ അരവിന്ദന്‍ നായരുടെ മുന്നില്‍ താലി ചാര്‍ത്തുവാനായി അവള്‍ക്ക് കഴുത്ത് നീട്ടേണ്ടി വന്നു .ഭാര്യയുടെ കര്‍ത്തവ്യങ്ങള്‍ മനസ്സറിഞ്ഞ് പ്രാവര്‍ത്തികമാക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല .അവളുടെ ശരീരത്തിന്‍റെ ചൂട് അയാള്‍ ആഗ്രഹിക്കുമ്പോള്‍ അവള്‍ ഒഴിഞ്ഞു മാറികൊണ്ടിരിന്നു .അയാളുടെ വികാരങ്ങളെ അയാള്‍ക്ക് നിയന്ത്രിക്കുവാന്‍ കഴിയാതെ ആകുമ്പോള്‍ അയാള്‍ അവളെ ബലംപ്രയോഗിച്ച് കീഴ്പെടുത്തും . പുതിയ വീട്ടിലേക്ക് താമസ്സം മാറിയതില്‍ പിന്നെ അടുക്കള പണികള്‍ക്കായി ഒരു സ്ത്രീ വന്നിരുന്നു .ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപെട്ട അവള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നു .
ചന്ദ്രമതിയുടെ വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞു കാണും. ഒരു ദിവസം രാവിലെ അമ്മയുമായി ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ ചന്ദ്രമതി മകനെ തറവാട്ടില്‍ അമ്മയെ ഏല്പിച്ചു വീട്ടിലേക്ക് നടന്നു .ഉമ്മറത്ത് എത്തിയപ്പോള്‍ പുറകുവശത്തെ പൈപ്പിലെ വെള്ളം ഒഴികി പോകുന്നത് കണ്ടപ്പോള്‍ പൈപ്പ് പൂട്ടുവാനായി പുറകുവശത്തെക്ക് നടന്നു .കിടപ്പ് മുറിയുടെ അരികില്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്നും അടക്കം പറച്ചില്‍ കേട്ടപ്പോള്‍ ഒരു നിമിഷം അവള്‍ അവിടെ തന്നെ നിന്നു .തുറന്നു കിടക്കുന്ന ജാലകത്തിലൂടെ നോക്കിയ അവളുടെ കണ്ണുകളെ അവള്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .കിടപ്പ് മുറിയില്‍ ഭര്‍ത്താവും വേലക്കാരിയും അര്‍ദ്ധ നഗ്നരായി ശാരീരിക ബന്ധം പുലര്‍ത്തുന്നു . തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് അവള്‍ക്ക് അപ്പോള്‍ തീര്‍ത്താല്‍ തീരാത്ത പകയാണ് തോന്നിയത് .പിന്നെ ഞൊടിയിടയില്‍ അകത്ത് പോയി കതകിന്‍റെ സാക്ഷ പുറത്ത് നിന്നും പൂട്ടി ഒച്ച വെച്ച് ആളെ കൂട്ടി .അയല്‍പക്കക്കാര്‍ ഓടി കൂടിയപ്പോള്‍ അവള്‍ പൂട്ടിയ സാക്ഷ നീക്കി കതക് തുറന്നു .അകത്തെ കാഴ്ച കണ്ട് ഓടി കൂടിയവര്‍ സ്തംഭിച്ചു നിന്നു .വസ്ത്രം ധരിച്ചു പുറത്തിറങ്ങിയ അരവിന്ദന്‍ നായര്‍ ഒന്നും ഉരിയാടാതെ പുറത്തേക്ക് ഇറങ്ങി നടന്നു .അയാള്‍ വിദൂരതയിലേക്ക് നടന്നകന്നു .പിന്നെ അരവിന്ദന്‍ നായരെ ആരും തന്നെ ആ ഗ്രാമത്തില്‍ കണ്ടില്ല .
ആറു വര്‍ഷങ്ങള്‍ക്ക് ശേഷം. നേരം പുലര്‍ന്ന് സമയം ഏതാണ്ട് എഴുമണി കഴിഞ്ഞു കാണും. തറവാട്ടില്‍ ഒരു വാഹനം വരുന്നത് കണ്ടപ്പോള്‍ ചന്ദ്രമതിക്ക് രാത്രിയില്‍ കൂട്ട് കിടക്കാന്‍ വന്ന അമ്മ അടുക്കളയിലുള്ള മകളോട് വിളിച്ചു പറഞ്ഞു .
,,മോളെ വീട്ടില്‍ ആരോ വന്നിരിക്കുന്നു അമ്മ പോവുന്നു ,,
,, ആരാ അമ്മേ ഈ പുലര്‍ച്ചെ തന്നെ വിരുന്നുകാര്‍ ,,
,, അറിയില്ല മോളെ അമ്മ പോയി നോക്കട്ടെ ,,
അമ്മ പോയപ്പോള്‍ ചന്ദ്രമതിയും പിറകെ തിടുക്കത്തില്‍ തറവാട്ടിലേക്ക് നടന്നു .വാഹനത്തില്‍ നിന്നും ഒരു മദ്ധ്യവയസ്കന്‍ ഇറങ്ങി വരാന്തയിലേക്ക് കയറി നിന്നു .ഏതാണ്ട് ആറടിയോളം നീളം തോന്നിപ്പിക്കുന്ന അയാളുടെ വേഷം കാവി ജുബ്ബയും മുണ്ടുമായിരുന്നു . നീട്ടി വളര്‍ത്തിയ നരച്ച തലമുടിയും താടിയുമുള്ള അയാളെ കണ്ടാല്‍ സന്യാസിയാണെന്ന് തോന്നിപ്പിക്കും .ചന്ദ്രമതി അവിടേക്ക് എത്തുമ്പോഴേക്കും വന്നയാളും അമ്മയും കെട്ടിപിടിച്ച് നില്‍ക്കുന്ന കാഴ്ചയാണ് അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞത് .വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമം വിട്ടുപോയ അമ്മയുടെ സഹോദരനാണ് തിരികെയെത്തിയിരിക്കുന്നത് എന്ന് ചന്ദ്രമതി വൈകാതെ അറിഞ്ഞു . വര്‍ഷങ്ങളായി തുടര്‍ന്നു പോന്ന ദേശാടനം മൂലം അമ്മാവന്‍ ക്ഷീണിതനായിരുന്നു .വിശേഷങ്ങള്‍ അറിയുവാന്‍ എല്ലാവര്‍ക്കും തിടുക്കമായിരുന്നു .പക്ഷെ ചന്ദ്രമതിക്ക് അറിയേണ്ടിയിരുന്നത് .പ്രതാപന്‍റെ പിതൃത്വമായിരുന്നു .അമ്മാവന്‍ ഗ്രാമം വിട്ട് പോയിട്ടും വിവാഹിതയാവാതെ ഈ കാലം വരെ ജീവിച്ച പ്രതാപന്‍റെ അമ്മയുമായുള്ള അമ്മാവന്‍റെ മുന്‍കാല ബന്ധത്തെക്കുറിച്ചും എന്തിന് ഈ ഗ്രാമം വിട്ട് അമ്മാവന്‍ പോയി എന്നതുമൊക്കെയായിരുന്നു .അവള്‍ അവസരത്തിന് വേണ്ടി കാത്തിരുന്നു .
ഗ്രാമവാസികളും ബന്ധുക്കളും അയാളെ സന്ദര്‍ശിക്കുവാന്‍ വന്നുകൊണ്ടിരുന്നു .ഒരിക്കലും കാണുവാന്‍ കഴിയുകയില്ല എന്ന് കരുതിയിരുന്ന ആളെ നേരില്‍ കണ്ടപ്പോഴുള്ള ആശ്ചര്യം വരുന്നവരുടെ മുഖങ്ങളില്‍ പ്രതിഫലിക്കുന്നത് ചന്ദ്രമതി കണ്ടു .അത്താഴം കഴിച്ചു കഴിഞ്ഞപ്പോള്‍ ചന്ദ്രമതിക്ക് കൂട്ടിന് ആരും ഇല്ലാത്തതിനാല്‍ അമ്മാവന്‍ അവിടെ താമസിക്കട്ടെ എന്ന തീരുമാനമാണ് ഉണ്ടായത് .അവളും അതാണ് ആഗ്രഹിച്ചിരുന്നത് .അമ്മാവന്‍ തന്‍റെ കൂടെ താമസിക്കട്ടെ എന്ന് പറയുവാന്‍ തുടങ്ങുമ്പോഴാണ് അമ്മയുടെ മൂത്ത സഹോദരന്‍ ഈ കാര്യം പറഞ്ഞത് .ചന്ദ്രമതിയും അമ്മാവനും അമ്മയും മകനും കൂടി ചന്ദ്രമതിയുടെ വീട്ടിലേക്ക് പൊന്നു .അമ്മാവന് കിടക്കുവാനുള്ള മെത്തയില്‍ വിരിപ്പ് വിരിച്ച് ഹാളിലേക്ക് പോയപ്പോള്‍ അമ്മാവന്‍ സോഫയില്‍ ചാരിക്കിടന്നു ആലോചനയില്‍ മുഴുകിയിരിക്കുകയായിരുന്നു . അവള്‍ അടുത്ത് ചെന്നിരുന്നു പറഞ്ഞു .
,, അമ്മാവന് വിരോധം ഇല്ലെങ്കില്‍ എനിക്ക് ചിലതൊക്കെ അറിയാനുണ്ട് ,,
അയാള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ സജ്ജമായി എന്ന വിധത്തില്‍ സോഫയില്‍ നിവര്‍ന്നിരുന്ന് കാതോര്‍ത്തു .
,, അമ്മാവന്‍ ഇവിടം വിട്ടുപോകുവാന്‍ ഉണ്ടായ കാരണം കുറേയൊക്കെ എനിക്ക് അറിയാം .സത്യം പറഞ്ഞാല്‍ ഗര്‍ഭണിയായ കാമുകിയെ ഉപേക്ഷിച്ചു പോയ അമ്മാവനോട് എനിക്ക് വെറുപ്പായിരുന്നു .ആ സ്ത്രീ അനുഭവിച്ച വേദനകള്‍ എന്തുമാത്രമാകും .പട്ടിണി കിടക്കേണ്ടി വന്നാല്‍ അത് സഹിക്കാം. പക്ഷെ പിഴച്ചവള്‍ എന്ന് സമൂഹം ഒന്നടങ്കം പറയുമ്പോള്‍ ആ വാക്കുകള്‍ ഒരു സ്ത്രീക്കും സഹിക്കുവാന്‍ കഴിയില്ല .എന്തിനായിരുന്നു അമ്മാവന്‍ ആ സ്ത്രീയെ വഞ്ചിച്ചത് .എന്നിട്ട് അമ്മാവന്‍ എന്ത് നേടി ,,
അയാള്‍ അല്പനേരം മൂകനായിരുന്നു .അവളുടെ ചോദ്യം അയാളില്‍ അസ്വസ്ഥത ഉളവാക്കിയത് പോലെ നെടുവീര്‍പ്പിട്ടുക്കൊണ്ട് അയാള്‍ പറഞ്ഞു
,,ഉം വഞ്ചകന്‍ അന്ന് എല്ലാവരും എന്നെ വഞ്ചകന്‍ എന്ന് വിളിച്ചു. ഇപ്പോള്‍ മോളും എന്നെ അങ്ങിനെ തന്നെ വിളിക്കുന്നു .പക്ഷെ ഞാന്‍ ആരേയും ചതിച്ചിട്ടില്ല .അവളെ എനിക്ക് ജീവനായിരുന്നു .അല്ലെങ്കിലും പ്രണയത്തിന് ജാതിയും ,മതവും,ദരിദ്രരും,പണക്കാരും എന്ന വേര്‍ തിരിവ് ഉണ്ടോ .ഞാനവളെ പ്രണയിച്ചത് ആത്മാര്‍ത്ഥമായി തന്നെ ആയിരുന്നു .അവളെ വിവാഹം കഴിക്കണം എന്ന് ഞാന്‍ കുടുംബത്തില്‍ അറിയിച്ചപ്പോള്‍ ഞാന്‍ അനുഭവിക്കേണ്ടി വന്ന മാനസീകമായ പീഡനം അത് മോള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല .എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ഞങ്ങള്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തു .നാട് വിട്ട് പോകുവാന്‍ ഞങ്ങള്‍ക്ക് മനസുവന്നില്ല .അതിനുള്ള ദൈര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ഉചിതം . അവളും അമ്മയും തനിച്ചു ജീവിക്കുന്ന അവളുടെ വീട്ടില്‍ രഹസ്യമായി രാത്രിയില്‍ ഞാന്‍ പോയി പൊന്നു .രണ്ടു മാസം രണ്ടുമാസമെ ഞങ്ങള്‍ക്ക് ആ ബന്ധം തുടരാനായുള്ളൂ .കുടുംബത്തില്‍ വിവരം അറിഞ്ഞപ്പോള്‍ .ഒരു ദിവസം ഞാന്‍ അവളുടെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പോരുമ്പോള്‍ .ഞാന്‍ കരുതിയിരുന്ന സ്നേഹസമ്പന്നരും എന്‍റെ പ്രിയപെട്ടവരുമായ എന്‍റെ മിത്രങ്ങള്‍ എന്നെ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലി .അബോധാവസ്ഥയില്‍ ആയ എന്നെ അവര്‍ കായലില്‍ കൊണ്ടിട്ടു .കൊണ്ടിടുന്നത് കണ്ട ആരോ എന്നെ കരയ്ക്കടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് എനിക്ക് മോളുടെ മുന്‍പാകെ സംസാരിക്കുവാന്‍ ആവില്ലായിരുന്നു ,,
ഇത്രയും പറഞ്ഞപ്പോഴേക്കും അയാള്‍ അമിതമായി കിതച്ചുക്കൊണ്ടിരുന്നു .അസ്വസ്ഥതയോടെ അയാള്‍ അയാളുടെ കഴുത്തിന് താഴെ തടവിക്കൊണ്ടിരുന്നു.
,, ഇവിടെ നിന്നും ഒളിച്ചോടി പോകുമ്പോള്‍ അവരെ കൂടെ അമ്മാവന് ഒപ്പം കൂട്ടാമായിരുന്നില്ലേ,,
,,അയാള്‍ ചോദ്യത്തിന് ഉത്തരം നല്‍കാതെ പറഞ്ഞു .വെള്ളം എനിക്ക് അല്പം വെള്ളം കുടിക്കുവാന്‍ തരൂ മോളെ ,,
ചന്ദ്രമതി അടുക്കളയില്‍ പോയി ഫ്രിഡ്ജ് തുറന്ന് തണുത്ത ജലം എടുത്ത് അയാള്‍ക്ക് കുടിക്കുവാനായി നല്‍കി .ആര്‍ത്തിയോടെ കുറെയേറെ ജലം കുടിച്ചതിന് ശേഷം അയാള്‍ തുടര്‍ന്നു .
,, ഒരു തൊഴിലും അറിയാത്ത എനിക്ക് അവളെ കൂടെ കൂട്ടുവാന്‍ ദൈര്യം വന്നില്ല .ഇവിടെനിന്നും പോയതില്‍ പിന്നെ ക്ഷേത്രങ്ങളിലേക്ക് തീര്‍ഥാടനമായിരുന്നു. അവിടെ നിന്നും ലഭിക്കുന്ന ഭക്ഷണം കൊണ്ട് ജീവന്‍ നില നിര്‍ത്തി.ഇപ്പോള്‍ ഈ തിരിച്ചുവരവ് പ്രതികാരം ചെയ്യാനോ കണക്ക് തീര്‍ക്കാനോ അല്ല .അല്ലെങ്കില്‍ തന്നെ ആരോഗ്യം ക്ഷയിച്ച ഈ കിളവനെ കൊണ്ട് ഇനി അതിനൊന്നും ആവില്ല . ഞാന്‍ പോകുമ്പോള്‍ അവള്‍ ഗര്‍ഭണിയായിരുന്നു .എനിക്ക് എന്‍റെ കുഞ്ഞിനെ ഒരു നോക്ക് കാണണം. മാപ്പ് ചോദിക്കണം .അവര്‍ എന്നെ സ്വീകരിക്കുമെങ്കില്‍ ശിഷ്ടകാലം അവരുടെ കൂടെ ജീവിക്കണം .അവര്‍ക്ക് ഈ കിളവനെ സ്വീകരിക്കുവാന്‍ ആവില്ലാ എങ്കില്‍ വീണ്ടും തീര്‍ത്ഥാടനം തന്നെ ശരണം ,,
,, എന്താ അമ്മാവന്‍ ഈ പറയുന്നെ .അവര്‍ക്ക് ഒരിക്കലും അമ്മാവനെ വേണ്ടാതെയാവില്ല .അമ്മാവനെ നേരില്‍ കാണുമ്പോള്‍ അവര്‍ ഒരുപാട് സന്തോഷിക്കും . എല്ലാവരും അവരെ പിഴച്ചവള്‍ എന്ന് മുദ്രകുത്തിയെങ്കിലും എല്ലാ അപമാനവും സഹിച്ച് അവര്‍ പ്രസവിച്ചു ഒരാണ്‍ കുഞ്ഞിനെ .പാടത്തും പറമ്പിലും എല്ല് മുറിയെ പണിയെടുത്ത് അവര്‍ ആ കുഞ്ഞിനെ പഠിപ്പിച്ചു വലുതാക്കി .അമ്മാവന്‍റെ മകനിപ്പോള്‍ അദ്ധ്യാപകനായി തൊഴില്‍ ചെയ്ത് അമ്മയെ പോറ്റുന്നു.ആ അമ്മയും മകനും സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത് ,,
ചന്ദ്രമതിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ മുഖം സന്തോഷത്താല്‍ പ്രസന്നമായി .ആശ്ചര്യത്തോടെ തന്‍റെ പ്രിയപെട്ടവരുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ അയാള്‍ കാതോര്‍ത്തിരുന്നു .
,, അമ്മാവന്‍ ഇപ്പോള്‍ സ്വസ്ഥമായി ഉറങ്ങിക്കോളൂ .നമുക്ക് നേരം പുലര്‍ന്നാല്‍ അവരുടെ അരികിലേക്ക് പോകാം .ഇനിയിപ്പോ എതിര്‍പ്പുകള്‍ ഒന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല .അന്ന് അമ്മാവനെ അപായ പെടുത്തുവാന്‍ ശ്രമിച്ചവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ എന്തായാലും അന്നത്തെ ആ ചെയ്തിയെ ഓര്‍ത്ത് ദുഃഖിക്കുന്നുണ്ടാവും .
ഉറങ്ങുവാന്‍ കിടന്ന അയാള്‍ക്ക് ഉറങ്ങുവാനായില്ല .തിരിഞ്ഞും മറിഞ്ഞും അയാള്‍ കിടന്നു .മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് പോലെ അയാള്‍ക്ക് അനുഭവപെട്ടു .ഒരു ഭീരുവിനെ പോലെ ഒളിച്ചോടി ഇനിയൊരു തുണയില്ലാതെ തന്‍റെ പ്രയാണം തുടരാനാവില്ല എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തിരികെ വന്ന തന്‍റെ നിസഹായാതെ ഓര്‍ത്ത് അയാള്‍ വിലപിച്ചു .നാളെ ഒരുപക്ഷെ തന്‍റെ മകന്‍ അച്ഛന്‍ ഇത്രയും കാലം എവിടെയായിരുന്നു .ഇത്രയുംകാലം ഞങ്ങളെ കുറിച്ച് ഓര്‍ക്കാത്ത അച്ഛനെ ഇനി ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് തന്‍റെ മകന്‍ പറഞ്ഞാല്‍ .എല്ലാം നഷ്ടപെട്ടവനെ പോലെ ഇനിയും ആരും തുണയില്ലാതെ ശിഷ്ടകാലം ജീവിക്കേണ്ടി വരില്ലേ എന്ന ചിന്തകള്‍ അയാളെ ഏറെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു .വൃശ്ചിക മാസത്തിലെ തണുത്ത കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ അയാളെ തഴുകി കൊണ്ടിരുന്നെങ്കിലും അയാളുടെ ശരീരമാകെ വിയര്‍പ്പുകണങ്ങളാല്‍ വസ്ത്രങ്ങള്‍ നനവാര്‍ന്നു കൊണ്ടിരുന്നു .
അടുത്ത ദിവസ്സം ചന്ദ്രമതി മകനെ അമ്മയുടെ പക്കല്‍ ഏല്പിച്ച് അമ്മാവനേയും കൂട്ടി പ്രതാപന്‍റെ വീട്ടിലേക്ക് യാത്രയായി .പാടശേഖരങ്ങളിലൂടെ നടന്ന് പെരുംതോട് പാലം കടന്ന് തെങ്ങിന്‍ തോപ്പുകളിലെ ഇടവഴിയിലൂടെ നടന്നാല്‍ എളുപ്പത്തില്‍ പ്രതാപന്‍റെ വീട്ടിലേക്ക് എത്താം .വഴിയിലൂടെ നടക്കുമ്പോള്‍ പലരും ആശ്ചര്യത്തോടെ അയാളെ നോക്കുന്നുണ്ടായിരുന്നു .മുള്ള് വേലിയുടെ വാതില്‍ തുറന്ന് ചന്ദ്രമതി കുടികിടപ്പിലേക്ക് പ്രവേശിച്ചപ്പോള്‍ അമ്മാവന്‍ അല്പം ശങ്കയോടെ വഴിയില്‍ തന്നെ നിന്നു .അപ്പോള്‍ ചന്ദ്രമതി അമ്മാവന്‍റെ കൈ പിടിച്ച് നടന്നു .അപ്പോള്‍ വീടിന്‍റെ ഉമ്മറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല .ചന്ദ്രമതി അടച്ചിട്ട വാതില്‍ തള്ളി നോക്കിയപ്പോള്‍ സാക്ഷയിടാത്ത വാതില്‍ മലര്‍ക്കെ തുറന്നു .അയാള്‍ വരാന്തയിലേക്ക് കയറാതെ മുറ്റത്ത് തന്നെ നിന്നു .ചന്ദ്രമതി അടുക്കളയിലേക്ക് ചെന്നപ്പോള്‍ പ്രതാപന്‍റെ അമ്മ കളിമണ്ണ്‍ കൊണ്ട് മെഴുകിയ അടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു .അവള്‍ പറഞ്ഞു
,, അമ്മായി അമ്മായിയെ കാണുവാന്‍ ഒരാള്‍ വന്നിട്ടുണ്ട് .ഒന്ന് വേഗം പുറത്തേക്ക് വാ ,,
അമ്മായി എന്ന വിളി അവരെ ആശ്ചര്യപെടുത്തി. അവര്‍ കതകില്‍ തൂക്കിയിട്ടിരുന്ന തോര്‍ത്ത് മുണ്ട് എടുത്ത് തോളിലിട്ട് ചന്ദ്രമതിയുടെ പുറകെ നടന്നു .ഉമ്മറത്ത് എത്തിയ അവര്‍ മുറ്റത്ത് നില്‍ക്കുന്ന ആളെ തിരിച്ചറിഞ്ഞതും അവര്‍ ഈശ്വരാ എന്ന് പറഞ്ഞ് കതകിന് പുറകിലേക്ക് മറഞ്ഞു .അപ്പോഴൊക്കെയും അവരുടെ ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങുന്നുണ്ടായിരുന്നു .ചന്ദ്രമതി അമ്മാവന്‍റെ കൈ പിടിച്ച് അവരുടെ അരികിലേക്ക് ആനയിച്ച ശേഷം പുറത്തേക്ക് ഇറങ്ങി മുള്ള് വേലിക്കരികില്‍ പോയി നിന്നു .അകത്ത് കയറിയ അയാള്‍ ഒന്നും ഉരിയാടാനാവാതെ നിന്നു .പ്രതാപന്‍റെ അമ്മ അയാളുടെ അരികിലേക്ക് ചേര്‍ന്ന് നിന്ന് പറഞ്ഞു .
,, ഈശ്വരാ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കുവാന്‍ ആവുന്നില്ല ,,
അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ സര്‍വ നിയന്ത്രണവും അയാളില്‍ നിന്നും അന്യമായിരുന്നു .അയാള്‍ അവരെ തന്‍റെ മാറോട് ചെര്‍ത്തുവെച്ചൂ കൊണ്ട് പറഞ്ഞു .
,, എന്നോട് ക്ഷമിക്കൂ തന്‍റെ നല്ല ജീവിതം ശിതിലമാക്കിയ ഈ മഹാപാപിയോട് ക്ഷമിക്കൂ ,,
അയാളുടെ വാക്കുകള്‍ മുഴുവിപ്പിക്കുന്നതിന് മുന്പ് അവര്‍ അയാളുടെ വായ് പോത്തിപിടിച്ചു .പ്രതാപന്‍ അപ്പോള്‍ വിദ്യാലയത്തിലേക്ക് പോയിരിക്കുകയായിരുന്നു .പ്രതാപന്‍റെ അമ്മയും ചന്ദ്രമതിയും കൂടി ഉച്ചയ്ക്ക് സദ്യ ഒരുക്കി .വൈകുന്നേരം അഞ്ചു മണിയോട് കൂടി പ്രതാപന്‍ വീട്ടില്‍ തിരികെയെത്തി .പ്രതാപന്‍റെ പ്രതികരണം എന്താകും എന്ന് അറിയുവാന്‍ എല്ലാവരും ആകാംക്ഷയോടെയാണ് അയാളെ കാത്തിരുന്നത് .ഉമ്മറത്ത് ഇരിക്കുന്ന അപരിചിതനെ കണ്ടപ്പോള്‍ അയാള്‍ കൈ കൂപ്പി ഉമ്മറത്തേക്ക് കയറി നിന്നു .ആരും ഒന്നും ഉരിയാടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ചന്ദ്രമതി പറഞ്ഞു .
,, പ്രതാപെട്ടാ ഇത് അച്ഛനാണ് പ്രതപെട്ടന്‍റെ അച്ഛന്‍ ,,
പ്രതാപന്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു .എഴുനേറ്റ് നിന്ന അച്ചനെ അയാള്‍ കെട്ടിപിടിച്ച് ചോദിച്ചു .
,, അച്ചാ എവിടെ ആയിരുന്നു ഈ കാലം വരെ. ഓര്‍മ വെച്ച കാലം തൊട്ട് ഞാന്‍ തിരയുന്നു എന്‍റെ അച്ചനെ ഒരു നോക്ക് കാണുവാന്‍.ഞങ്ങളെ പിരിഞ്ഞു പോകുവാന്‍ അച്ചന് എങ്ങിനെ കഴിഞ്ഞൂ ,,
എല്ലാവരുടേയും ഇമകള്‍ അപ്പോള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.സ്നേഹപ്രകടനങ്ങള്‍ക്കും ഏറെനേരത്തെ സംസാരത്തിനും ഒടുവില്‍ .ചന്ദ്രമതി എല്ലാവരേയും തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു അപ്പോള്‍ പ്രതാപന്‍ പറഞ്ഞു.
,, വേണ്ട ചന്ദ്രൂ തന്‍റെ നല്ല മനസ്സിന് നന്ദി .അച്ഛന്‍ ഇനി എങ്ങും പോകില്ല .അച്ഛന്‍ ഞങ്ങളുടെ കൂടെ ജീവിക്കട്ടെ .എല്ലാവരും അറിയട്ടെ ഞാന്‍ തന്ത ഇല്ലാത്തവനല്ല എന്ന്.തന്‍റെ മകന്‍ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും .ഞാന്‍ തന്നെ വീട്ടില്‍ കൊണ്ടാക്കാം ,,
അപ്പോള്‍ നേരം ഇരുട്ടിയിരുന്നു ചന്ദ്രമതി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ .വൃദ്ധ ദമ്പതികള്‍ അവളെ യാത്രയാക്കാന്‍ മുള്ള് വെയിലി വരെ വന്നൂ .ഇടവഴിയോലൂടെ പ്രതാപന്‍റെ പുറകെ ചന്ദ്രമതി നടന്നു .അയാള്‍ കൂടുതലൊന്നും സംസാരിച്ചില്ല .ഇടയ്ക്ക് മകന്‍റെ വിശേഷങ്ങള്‍ മാത്രം തിരക്കി .വീട്ടില്‍ എത്തിയപ്പോള്‍ .അമ്മയും മകനും വീട്ടില്‍ ഉണ്ടായിരുന്നു .ഇരുമ്പ് ഗെയിറ്റ് തളളി തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ചന്ദ്രമതിയുടെ മകന്‍ ഗെയിറ്റിന് അരികിലേക്ക് ഓടി വന്ന് ചന്ദ്രമതിയെ കേട്ടിപിടിച്ചു .അപ്പോള്‍ പ്രതാപന്‍ കുഞ്ഞിന്‍റെ ശിരസില്‍ തലോടി .അയാളോട് കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ പിന്നീട് ആവാം എന്ന് പറഞ്ഞ് തിരികെ നടന്നു അപ്പോള്‍ ചന്ദ്രമതിയുടെ അമ്മ അയാളുടെ അരികിലേക്ക് വന്ന് പറഞ്ഞു .
,, മോന്‍ ഇനി ഇടയ്ക്കൊക്കെ വരണം ,,
അയാള്‍ ഒന്ന് മൂളുക മാത്രം ചെയ്ത് തിരികെ നടന്നു .അല്പം നടന്ന് അയാള്‍ തിരിഞ്ഞ് നിന്ന് ചന്ദ്രമതിയെ വിളിച്ചു .
,, ചന്ദ്രൂ ഒന്ന് ഇവിടം വരെ വരൂ ,,
അവള്‍ അനുസരണയുള്ള കുഞ്ഞിനെപോലെ അയാളുടെ അരികില്‍ വന്നു നിന്നു അയാള്‍ സ്വരം താഴ്ത്തി പറഞ്ഞു .
,,ഞാന്‍ വരുന്നുണ്ട് തറവാട്ടിലേക്ക് അച്ഛന്‍റെ അവകാശം ചോദിക്കാന്‍. അത് സ്വത്തിനോടുള്ള ആര്‍ത്തി കൊണ്ടല്ല .എനിക്ക് നഷ്ട്ടപ്പെട്ട രക്തബന്ധങ്ങളുടെ സ്നേഹം പലിശ സഹിതം തിരികെ ലഭിക്കാന്‍ മാത്രം .അന്ന് താന്‍ തന്നെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ് കരഞ്ഞ ദിവസ്സം എനിക്ക് മറക്കുവാനാവില്ല .എനിക്ക് അന്ന് തന്‍റെ വാക്കുകള്‍ അംഗീകരിക്കുവാന്‍ ആവില്ലായിരുന്നു കാരണം അന്ന് ഞാന്‍ പിഴച്ചു പെറ്റവനായിരുന്നു .എനിക്ക് തന്നെ ഇഷ്ടമായിരുന്നു ആ ഇഷ്ടം ഇന്നും ഞാന്‍ എന്‍റെ മനസ്സില്‍ സൂക്ഷിക്കുന്നു .ചന്ദ്രമതിയുടെ ഇമകള്‍ നിറഞ്ഞു അവള്‍ അയാളെ തന്നെ നോക്കി നിന്നു .അയാള്‍ യാത്ര പറഞ്ഞ് നടന്നു നീങ്ങി അയാള്‍ ഇരുളില്‍ മറയുന്നത് വരെ ചന്ദ്രമതി അയാളെ തന്നെ നോക്കി നിന്നു .അപ്പോള്‍ വൃശ്ചിക മാസത്തിലെ തണുത്ത കാറ്റ് അവളെ തഴുകിയത് മൂലം അവളുടെ ശരീരമാകെ കുളിരണിഞ്ഞു .
ശുഭം
rasheedthozhiyoor@gmail.com