|
ചിത്രം കടപ്പാട് ആര്‍ട്ടിസ്റ്റ് ishaq.v.p |
വേണുഗോപാലിന്‍റെ തൊടിയിലെ നാളികേരം ശേഖരിക്കാനായുള്ള ഒറ്റ മുറി പുരയുടെ വരാന്തയില്‍ ഇരിക്കുകയായിരുന്നുരാമനാഥനും വേണുഗോപാലും.വേണുഗോപാല്‍ ഗ്രാമത്തിലെ ജന്മിയുടെ മകനും, രാമനാഥന്‍ വേണുഗോപാലിന്‍റെ കുടികിടപ്പവകാശ ഭൂമിയില്‍ താമസിക്കുന്നവനുമാണ് , രണ്ടുപേരും കുഞ്ഞുനാള്‍ മുതലുള്ള സുഹൃത്തുക്കളാണ്, ഇപ്പോള്‍ പ്രായം അറുപത് പിന്നിട്ടിരിക്കുന്നു. രാമനാഥന് മൂന്നു പെണ്മക്കളും, വേണുഗോപാലിന് ഒരു മകനും ഒരു മകളും. രണ്ടുപേരുടെയും മക്കള്‍ വിവാഹിതര്‍ .രണ്ടു പേരും ഒരുമിച്ചു പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടിയവര്‍ .രാമനാഥന്‍ എട്ടാംക്ലാസ് വിജയിച്ചപ്പോള്‍ കുടുംബ പ്രാരാബ്ദങ്ങളാല്‍ പഠിപ്പ് അവസാനിപ്പിച്ചുകൊണ്ട് അച്ഛന്‍റെ കൂടെ തോട്ടം തൊഴിലാളിയായി പോകുവാന്‍ തുനിഞ്ഞതാണ് .പക്ഷെ വേണുഗോപാല്‍ രാമനാഥന്‍റെ പഠിപ്പ് മുടക്കുവാന്‍ സമ്മതിച്ചില്ല.അയാള്‍ തന്‍റെ പിതാവിനെ നിർബ്ബദ്ധിപ്പിച്ച് കൊണ്ട്, രാമനാഥനെപഠിപ്പിച്ചു. പിന്നിട്ട ജീവിതംആത്മ സംതൃപ്തിയേകിക്കൊണ്ട് രണ്ടുപേരും ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ച് ഗൃഹഭരണം നടത്തുന്നു . രാമനാഥന്‍റെ വീട്ടില്‍ ഇപ്പോള്‍ അയാളുടെ ഭാര്യ മാത്രമേ കൂട്ടിനുള്ളൂ .മക്കള്‍ പേരിന് എപ്പോഴെങ്കിലും ഒക്കെ വന്നു പോകും അത്രതന്നെ .വേണുഗോപാലിന്‍റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞിട്ട് രണ്ടു വര്‍ഷം കഴിയുന്നു .മകനും,മകളും കുടുംബവും, അമേരിക്കയിലാണ് . മകനാണ് ആദ്യം അമേരിക്കയിലേക്ക് പോയത് അവിടെനിന്നും പരിചയപെട്ട മകന്‍റെ സുഹൃത്ത് മകളുമായുള്ള വിവാഹാലോചന വന്നപ്പോള്‍ വേണുഗോപാല്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു .രണ്ടു വാല്യകാരികളും ഒരു വാല്യകാരനുമാണ് വേണുഗോപാലിനോടൊപ്പം അയാളുടെ ബംഗ്ലാവില്‍ ഇപ്പോള്‍ താമസിക്കുന്നത് .
രണ്ടുപേരും ഈ കാലം വരെ ഒരു ദിവസം പോലും നേരില്‍ കാണാതെയിരുന്നിട്ടില്ല കൂടപ്പിറപ്പുകളെക്കാളും കൂടുതല്‍ രണ്ടുപേരും പരസ്പരം സ്നേഹിച്ചു .വേണുഗോപാലിനെ കുറച്ചു നാളത്തേക്ക് അമേരിക്കയിലേക്ക് കൊണ്ട് പോകുവാന്‍ മക്കള്‍ ശ്രമിച്ചെങ്കിലും,വേണുഗോപാല്‍ അതിന് വിസമ്മതിച്ചു .രാമനെ പിരിഞ്ഞ് ഞാന്‍ എങ്ങോട്ടുമില്ല എന്നായിരുന്നു വേണുഗോപാലിന്‍റെ ഭാഷ്യം .പണക്കാരുടെ മക്കളില്‍ കാണുന്ന ചില ദുശീലങ്ങള്‍ കുഞ്ഞുനാള്‍ തൊട്ടേ വേണുഗോപാലിലുമുണ്ട് .പരസ്ത്രീ ബന്ധങ്ങള്‍, മദ്യപാനം മുതലായവയില്‍ നിന്നും സുഹൃത്തിനെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ആ ഉദ്യമത്തില്‍ രാമനാഥന് വിജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല .രാമനാഥന് വ്യക്തമായ ജീവിത കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഈശ്വരവിശ്വാസവും .തെറ്റുകള്‍ അയാള്‍ ചെയ്തിട്ടില്ലെങ്കിലും സുഹൃത്തിന്‍റെ ചെയ്തികള്‍ക്ക് പലപ്പോഴും അയാള്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് . ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസ്സം വേണുഗോപാല്‍ നൂറു രൂപയുടെ ഒരു നോട്ട് രാമനാഥന്‍റെ നേര്‍ക്ക് നീട്ടികൊണ്ടു പറഞ്ഞു .
,, രാമാ എനിയ്ക്ക് ഇത്തിരി പനംകള്ള് കുടിക്കണം . തൊടിയില്‍ ചെത്താന്‍ വരുന്നയാളോട് നീ വേണം കള്ള് മേടിക്കുവാന്‍. രാമന്‍റെ അയല്‍വാസി സ്ഥിരമായി ഷാപ്പില്‍ പോയി കള്ള് കുടിക്കുന്നയാളല്ലേ ,
അയാള്‍ക്കാണെന്ന് പറഞ്ഞാല്‍ മതി ,,
,, ഈശ്വരാ... എന്താ വേണു ഈ പറയുന്നേ..... ഇത്ര ചെറു പ്രായത്തില്‍ മദ്യപാനം പാടില്ലാട്ടോ ...വീട്ടിലെങ്ങാനും അറിഞ്ഞാല്‍ നമ്മളെ രണ്ടാളേം തല്ലികൊല്ലും ,,
,, എന്‍റെ രാമനല്ലേ നീ ....എന്‍റെ ആഗ്രഹം നീ നിറവേറ്റി തരില്ലേ..... ,,
മനസ്സില്ലാമനസ്സോടെ രാമനാഥന്‍ ചെറിയ മണ്‍കുടവുമായി വൈകീട്ട് ചെത്തുകാരന്‍റെ അരികില്‍ പോയി നിന്നു. വേണുഗോപാല്‍ ദൂരെ ചെത്തുകാരന്‍റെ ദൃഷ്ടിയില്‍ പെടാതെ ഒളിച്ചു നിന്നു .ചെത്തുകാരന്‍ പനയില്‍ നിന്നും ഇറങ്ങിയപ്പോള്‍ രാമനാഥന്‍ അയാളുടെ നേര്‍ക്ക് രൂപ നീട്ടികൊണ്ടു പറഞ്ഞു .
,, കള്ള് വേണം ,,
,, ഒന്നു പോട ചെറുക്കാ ...മുട്ടയില്‍ നിന്നും വിരിഞ്ഞിട്ടില്ല, അപ്പോഴേക്കും കുടിയും തുടങ്ങിയോ? ഞാന്‍ നിന്‍റെ അച്ഛനെ കാണുമ്പോള്‍ പറയുന്നുണ്ട് ,,
,,അയ്യോ എനിയ്ക്കല്ല ചേട്ടാ ... എന്‍റെ അയല്‍വാസിക്കാ ,,
ചെത്തുകാരന്‍ നൂറിന്‍റെ നോട്ട് കണ്ടപ്പോള്‍ രൂപ വാങ്ങി കീശയിലിട്ട് മദ്യം കുടത്തിലേക്ക് പകര്‍ന്നുനല്‍കി. .ദൃഷ്ടിയില്‍ നിന്നും ചെത്തുകാരന്‍ മറഞ്ഞപ്പോള്‍, വേണുഗോപാല്‍ ഓടി രാമനാഥന്‍റെ അരികില്‍ എത്തി .കുടം വാങ്ങി നാളികേര ശേഖരണ പുര ലക്ഷ്യമാക്കി നടന്നു ,ഒപ്പം രാമനാഥനും .
കയ്യില്‍ കരുതിയിരുന്ന കോഴി വറുത്തതും കൂട്ടി ഒരു ചെറുകുടം കള്ള് മുഴുവനും ആര്‍ത്തിയോടെ വേണുഗോപാല്‍ ഒറ്റയ്ക്ക് അകത്താക്കി .രാമനാഥന് വേണോ എന്ന ചോദ്യം വേണുഗോപാലില്‍ നിന്നും ഉണ്ടായില്ല .ഒരിക്കല്‍ മദ്യം അകത്താക്കുമ്പോള്‍ അയാള്‍ രാമനാഥനോട് പറയുകയും ചെയ്തിരുന്നു .
,, രാമാ .... നീ കുടിയ്ക്കണ്ടാട്ടോ. നീ നല്ല കുട്ടിയായി വളരണം .പക്ഷെ ഞാന്‍ എന്‍റെ ഈ ചങ്ങാതിയില്ലാതെ കുടിക്കില്ല. നിന്നെ കണ്ടുകൊണ്ടു വേണം എനിയ്ക്ക് മദ്യപിക്കുവാന്‍,,
അന്ന് തുടങ്ങിയ മദ്യപാനം വേണുഗോപാല്‍ തുടര്‍ന്നുകൊണ്ടേയിരിന്നു .മദ്യം പതിവായി പകര്‍ന്നുനല്‍കുന്നത് രാമനാഥനാണ് .എന്നുവെച്ച് ഈ കാലംവരെ മദ്യത്തിന്‍റെ രുചിയെന്താണെന്ന് രാമനാഥന്‍ അറിഞ്ഞിട്ടുപോലുമില്ല .രാമനാഥന്‍ പതിവായി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഒപ്പം വേണുഗോപാല്‍ പോകുമായിരുന്നുവെങ്കിലും ക്ഷേത്രത്തിനകത്തേക്ക് വേണുഗോപാല്‍ പോകുമായിരുന്നില്ല .രാമനാഥന്‍ കൂടുതലും ചങ്ങാതിയുടെ സ്വഭാവം നന്നാകുവാനും ദീര്‍ഘായൂസിനും വേണ്ടിയായിരുന്നു പ്രാര്‍ഥിച്ചിരുന്നത്.പക്ഷെ നാളിതുവരെ ചങ്ങാതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല .നാളികേര പുരയ്ക്ക് കഥകള്‍ ഒരുപാടുണ്ട് പറയുവാന്‍ .വിവാഹിതനായിട്ടും പരസ്ത്രീ ബന്ധങ്ങള്‍ വേണുഗോപാല്‍ തുടര്‍ന്നു പോന്നു .പല സ്ത്രീകളുമായി ലൈംഗിക വേഴ്ചയില്‍ഏര്‍പ്പെടുന്നത് നാളികേര പുരയ്ക്ക് അകത്തു വെച്ചാണ് . നാളികേര പുരയ്ക്ക് അടുത്തൊന്നും ജനവാസം ഉണ്ടായിരുന്നില്ല . പിന്നീട് അതില്‍ നിന്നും മാറ്റമുണ്ടായത് സഹപ്രവര്‍ത്തകയായ ലക്ഷ്മിയെ പരിജയപെട്ടതിനു ശേഷമാണ് .ഒരു പെണ്ണിനെ കണ്ട് ഇഷ്ടമായാല്‍പിന്നെ അവളെ തന്‍റെ ആഗ്രഹസാഫല്യത്തിന് ലഭിക്കും വരെ അയാള്‍ അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കും .പക്ഷെ ലക്ഷ്മി വേണുഗോപാലിന്‍റെ ഇംഗിതത്തിന് വഴങ്ങിയിരുന്നില്ല .നിരന്തരമായ അയാളുടെ ആവശ്യപെടല്‍ കേട്ടു സഹികെട്ടപ്പോള്‍ ഒരു ദിവസ്സം ലക്ഷ്മി പറഞ്ഞു .
,, പ്രാരാബ്ദങ്ങളുടെ കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവളാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്‍റെ വിവാഹം ഞാന്‍ മറന്നു .ഞാനും എന്‍റെ കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത് .എന്‍റെ പിതാവ് മരണപെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി . എനിയ്ക്ക് താഴെ നാല് സഹോദരിമാരും, രണ്ടു സഹോദരന്മാരുമുണ്ട്. . ഒരു സഹോദരിയുടെ വിവാഹമേ നടന്നിട്ടുള്ളൂ . നിങ്ങള്‍ വിവാഹിതനാണെന്ന് എനിയ്ക്ക് അറിയാം .നിങ്ങള്‍ക്ക് വേണ്ടുവോളം പണമുണ്ട്. എനിയ്ക്ക് വേണ്ടത് പണമാണ്. എന്നെ നിങ്ങള്‍ക്ക് വിവാഹം ചെയ്യുവാന്‍ കഴിയുമോ ? .അവകാശം ചോദിച്ചുകൊണ്ട് ഒരിക്കലും നിങ്ങളുടെ വീട്ടിലേക്കോ ഭാര്യയുടെ അരികിലേക്കോ ഞാന്‍ വരില്ല .എന്‍റെ പേരില്‍ അല്‍പം വസ്തുവും ഒരു വീടും വാങ്ങിച്ചു നല്‍കണം .ഏതെങ്കിലുമൊരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി എന്‍റെ കഴുത്തില്‍ ഒരു താലി ചാര്‍ത്തണം .മറ്റാരേയും ബോധ്യപെടുത്തുവാനല്ല ,
എനിയ്ക്ക് എന്‍റെ മനസ്സിനെ തൃപ്തിപെടുത്തുവാനാണ് . രജിസ്റ്റര്‍ വിവാഹം വേണമെന്നൊന്നും ഞാന്‍ പറയില്ല .പക്ഷെ എനിയ്ക്ക് ഒരു നിബന്ധനയുണ്ട് എന്നെ വിവാഹം ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഞാനും നിങ്ങളുടെ ഭാര്യയും മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ പാടുള്ളൂ ,,
വേണുഗോപാല്‍ ലക്ഷ്മി ഗര്‍ഭം ധരിക്കുവാന്‍ പാടില്ല എന്ന നിബന്ധനയോടെ ലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി .വിവാഹത്തിനു മുന്‍പ് തന്നെ ലക്ഷ്മിയുടെ നിബന്ധനകള്‍ വേണുഗോപാല്‍ അംഗീകരിച്ചു .ലക്ഷ്മിയും കുടുംബാംഗങ്ങള്‍ പുതിയ വീട്ടിലേക്ക് താമസം മാറ്റി . പിന്നീട് ഇടയ്ക്കൊക്കെ വേണുഗോപാല്‍ ലക്ഷ്മിയുടെ അരികില്‍ പോയികൊണ്ടിരുന്നു .ഈ വിവരങ്ങള്‍ രാമനാഥന് മാത്രമേ അറിയുകയുള്ളൂ ..ലക്ഷ്മിയുമായുള്ള വിവാഹത്തില്‍ നിന്നും വേണുഗോപാലിനെ പിന്തിരിപ്പിക്കുവാന്‍ രാമനാഥന്‍ ശ്രമിച്ചതാണ്. പക്ഷെ രാമനാഥന്‍റെ വാക്കുകള്‍ വേണുഗോപാല്‍ കേട്ടില്ല.
നാളികേര പുരയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന വേണുഗോപാലിനോടായി രാമനാഥന്‍ പറഞ്ഞു .
,, വേണു താന്‍ മക്കളുടെ അരികിലേക്ക് കുറച്ചുനാളത്തേക്ക് പൊയ്ക്കോളൂ .തന്‍റെ മോന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു .ഞാന്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കുമെന്നാ മോന്‍ പറയുന്നേ
,, എനിയ്ക്ക് ഈ നാടും, തന്നേം വിട്ടുപോകുവാന്‍ ഒട്ടും താല്‍പര്യമില്ലാ ..അത് എന്‍റെ മക്കള്‍ക്ക് അറിയുകയും ചെയ്യാം. പിന്നെ എന്തിനാണാവോ മക്കള്‍ ഇങ്ങിനെ നിര്‍ബന്ധിക്കുന്നത് .ഇനി എന്നെ അവര്‍ക്ക് അമേരിക്കയിലേക്ക് കൊണ്ടുപോകണം എന്നുണ്ടെങ്കില്‍ താനും എന്‍റെ കൂടെ പോരോ ...അങ്ങിനെയാണെങ്കില്‍ ആലോചിക്കാം ,,
രാമനാഥന്‍ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു
,, എന്താടോ താനീ പറയുന്നേ..... എന്‍റെ കെട്ട്യോള് തനിച്ചാവില്ലേ ? തന്നെ പിരിഞ്ഞിരിക്കുവാന്‍ ആഗ്രഹം ഉണ്ടായിട്ടല്ലാ ഞാന്‍ പറയുന്നേ .മക്കളുടെ ആഗ്രഹാങ്ങള്‍ക്കല്ലേ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് .,,
,, എന്നാല്‍ ഇനി അമേരിക്കയിലേക്ക് പോകുന്നതിനെ കുറിച്ച് ഒരക്ഷരം താന്‍ എന്നോട് പറയരുത്..... .രാമാ താന്‍ ഒരു പെഗ്ഗ് കൂടി ഒഴിച്ചേ ..,,
പതിവില്‍ കൂടുതല്‍ വേണുഗോപാല്‍ മദ്യപിച്ചത് കൊണ്ട് അയാളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു .രാമനാഥന്‍ പറഞ്ഞു .
,, മദ്യപിച്ചത് മതി .ഇന്ന് താന്‍ കണക്കൊക്കെ തെറ്റിച്ചിരിക്കുന്നു. സന്ധ്യയായി ഇനി നമുക്ക് പോകാം ,,
ബാക്കിയായ വിദേശ മദ്യക്കുപ്പി നാളികേര പുരയുടെ അകത്ത് വെച്ച് ,കതക് താഴിട്ടു പൂട്ടി രാമനാഥന്‍ വേണുഗോപാലിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു .നടക്കുവാന്‍ നന്നേ പാടുപെടുന്ന വേണുഗോപാലിനെ രാമനാഥന്‍ താങ്ങി നടന്നു .നടത്തത്തിനിടയില്‍ വേണുഗോപാല്‍ പുലമ്പിക്കൊണ്ടിരുന്നു .
,,എന്‍റെ ഈ ചങ്ങാതിയുടെ സ്നേഹമാണ് എനിയ്ക്ക് ജീവിക്കുവാനുള്ള പ്രേരണ .അവള് എന്നെ വിട്ടു പോയില്ലേ ......എന്‍റെ മക്കളും എന്നെ തനിച്ചാക്കി അമേരിക്കയിലേക്ക് പോയില്ലേ..... .എനിയ്ക്ക് നീ മാത്രമേയുള്ളൂ...... നീ മാത്രം. നിന്നെ വിട്ട് ഞാന്‍ എങ്ങും പോകില്ല ,,
രാമനാഥന്‍ വേണുഗോപാലിനെ ബംഗ്ലാവിലാക്കി അയാളുടെ വീട്ടിലേക്കു നടന്നു.പടിപ്പുര കടന്നപ്പോള്‍ പൂമുഖത്തിരുന്ന് ഭാര്യ നാമം ജപിക്കുന്നത് അയാള്‍ കണ്ടു .രാമനാഥന്‍ ചവിട്ടുപടിയില്‍ ഇരുന്നിരുന്ന കിണ്ടിയിലെ ജലം കൊണ്ട് പാദങ്ങള്‍ കഴുകി വൃത്തിയാക്കി . പൂമുഖത്തെ ചാരുകസേരയില്‍ കിടന്നു .വേണുഗോപാലിനെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു അയാളുടെ മനസ്സ് നിറയെ .ഒരു സുഹൃത്തിന് ചെയ്യാവുന്നതില്‍ എത്രയോ മടങ്ങ് കൂടുതല്‍ തനിക്കായി വേണു ചെയ്തിരിക്കുന്നു .ആകെയുള്ള പത്തു സെന്‍റെ് പുരയിടത്തിനു ചുറ്റുമുള്ള അര ഏക്കര്‍ ഭൂമി തനിക്കായി സൗജന്യമായി നല്‍കി, തരക്കേടില്ലാത്ത ഒരു വീട് പണിതു നല്‍കി,മൂന്ന് പെണ്മക്കളേയും വിവാഹംകഴിച്ചയക്കുവാന്‍ സഹായിച്ചു .അയാള്‍ ജീവിതത്തില്‍ പിന്നിട്ട നാള്‍വഴികളെ കുറിച്ചു ചിന്തിച്ചു കിടന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഭാര്യ നാമജപം കഴിഞ്ഞു അയാളുടെ അരികില്‍ വന്നിരുന്നു പറഞ്ഞു .
,, ചായ എടുക്കട്ടെ ?,എന്താ ഇന്ന് ദുഖിതനായിരിക്കുന്നത്? .സുഹൃത്തിനെയായി വഴക്കിട്ടോ ?,,
,,വഴക്കൊന്നും കൂടിയില്ല . വേണുവിനോട് മക്കളുടെ അരികിലേക്ക് പോകുവാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല .അയാള്‍ എന്നെ വിട്ടു പോകില്ലാന്നു പറയുന്നു. താനൊരു ചായ എടുത്തിട്ടു വരൂ ...ഇത്തിരി കടുപ്പം ഉണ്ടായിക്കോട്ടെ ,,
ഭാര്യ അടുക്കളയിലേക്കു പോയപ്പോള്‍ രാമനാഥന്‍റെ മനസ്സ് വീണ്ടും പിന്നിട്ട നാള്‍വഴിയിലേക്ക് സഞ്ചരിച്ചു .
അടുത്തദിവസം ഒരു ഉറച്ച തീരുമാനം രാമനാഥന്‍ എടുത്തിരുന്നു .നാളികേര ശേഖരണ പുരയുടെ വരാന്തയിലിരുന്ന് ഗ്ലാസിലേക്കു മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ രാമനാഥന്‍ വേണുഗോപാലിനോട് പറഞ്ഞു .
,, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ താന്‍ ദേശ്യ പെടുമോ ?,,
വേണുഗോപാല്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, രാമനാഥന്‍ തുടര്‍ന്നു .
,, ഇനി ലക്ഷ്മിയെ ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ട് വന്നൂടെ .അവളുടെ ജീവിതം തനിക്കായി നീക്കി വെച്ചവളാണ്
വേണുഗോപാല്‍ അല്‍പനേരം മൌനിയായിരുന്നത്തിനു ശേഷം ഗ്ലാസ്സിലെ അവശേഷിച്ച മദ്യം അകത്താക്കിയത്തിനു ശേഷം പറഞ്ഞു.
,, താന്‍ ഒരു പെഗ്ഗ് ഒഴിച്ചേ .ഇനി അതൊന്നും ശെരിയാവില്ലടോ മക്കള്‍ അതൊന്നും അംഗീകരിക്കില്ല ,,
വേണുഗോപാല്‍ പകര്‍ന്നുനല്‍കിയ മദ്യം അതേ പടി അകത്താകിയത്തിനു ശേഷം ഗ്ലാസ്സ് വീണ്ടും മദ്യം പകരാനായി രാമനാഥന്‍റെ മുന്‍പിലേക്ക് നീക്കി വെച്ചു .രാമനാഥന്‍ തുടര്‍ന്നു .
,, ജീവിതം നമ്മള്‍ തരണം ചെയ്യുക തന്നെ വേണം. ശേഷിക്കുന്ന തന്‍റെ ജീവിതത്തില്‍ തനിക്കൊരു തുണ ഉണ്ടായേ പറ്റൂ. ഞാന്‍ തന്‍റെ മക്കളോട് സംസാരിക്കുവാന്‍ പോകുകയാണ്. ഇന്ന് രാത്രി ഞാന്‍ അവരുമായി ഫോണില്‍ സംസാരിക്കും .അവര്‍ക്കു ഇഷ്ടമല്ലാ എന്ന് പറയുകയാണെങ്കില്‍ നമുക്ക് വേണ്ടായെന്നു വെയ്ക്കാം ,,
അന്നും പതിവില്‍ കൂടുതല്‍ വേണുഗോപാല്‍ മദ്യപിച്ചു .രാമനാഥന്‍ താങ്ങിയാണ് വേണുഗോപാലിനെ വീട്ടിലേക്ക് എത്തിച്ചത് .രാത്രി രാമനാഥന്‍ വേണുഗോപാലിന്‍റെ മക്കളുമായി സംസാരിച്ചു .മകന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല പക്ഷെ മകള്‍ നീരസം അറിയിച്ചു .ഒരു വിധം മകളുടേയും സമ്മതം രാമനാഥന്‍ വാങ്ങി .അടുത്ത ദിവസ്സം ലക്ഷ്മിയെ ബംഗ്ലാവിലേക്ക് വേണുഗോപാലും രാമനാഥനും കൂട്ടി കൊണ്ടു പോന്നു .സായാഹ്നത്തില്‍ നാളികേര പുരയിലേക്ക് പോകണം എന്ന് വേണുഗോപാല്‍ പറഞ്ഞെങ്കിലും രാമനാഥന്‍ അതിന് വിസമ്മതിച്ചു .രാമനാഥന്‍ നേരത്തെതന്നെ തന്‍റെ വീട്ടിലേക്ക് തിരികെ പോന്നു .അന്നു രാത്രി ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വേണുഗോപാല്‍ ലക്ഷ്മിയെ ആദ്യമേ വിവാഹം ചെയ്തിരുന്നു എന്ന വിവരം രാമനാഥന്‍ ഭാര്യയോടു പറഞ്ഞപ്പോള്‍ അവര്‍ക്കു അത്ഭുതം തോന്നി. ഭാര്യ പറഞ്ഞു .
,, ഭഗവാനേ എന്താ ഈ കേള്‍ക്കുന്നേ!!!!! .ഇതൊക്കെ അറിഞ്ഞിട്ടും.... എല്ലാം എന്നോട് പറയുന്ന അങ്ങ് ഇതുമാത്രം എന്തേ എന്നോട് പറയാതെയിരുന്നത്? ,,
രാമനാഥന്‍ മറുപടി പറഞ്ഞില്ല .അയാള്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസ്സമായിരുന്നു . സുഹൃത്ത് ഇനി തനിച്ചാകില്ലല്ലോ എന്ന ആത്മസംതൃപതിയോടെ അയാള്‍ നിദ്രയിലേക്ക് വഴുതി വീണു . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസ്സം നാളികേര ശേഖരണ പുരയുടെ വരാന്തയില്‍ പതിവുപോലെ രാമനാഥന്‍ വേണുഗോപാലിന് മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ ,വേണുഗോപാലിന് കലശലായ ചുമ അനുഭവപെട്ടു .എത്ര ശ്രമിച്ചിട്ടും ചുമയെ നിയന്ത്രിക്കുവാന്‍ അയാള്‍ക്കായില്ല .ചുമ കൂടിക്കൂടി അയാള്‍ രക്തം ചര്‍ദ്ദിച്ചു .രാമാ.. എന്ന വിളിയോടെ അയാള്‍ രാമനാഥനുമേല്‍ ചാഞ്ഞു .രാമനാഥന്‍ അയാളെ ആശ്വസിപ്പിച്ചുകൊണ്ട് വരാന്തയില്‍ കിടത്തിയതിനു ശേഷം ബംഗ്ലാവിലേക്ക് പാഞ്ഞു .ബംഗ്ലാവില്‍ എത്തിയ രാമനാഥന്‍ ഡ്രൈവറേയും വല്യകാരനേയും കൂട്ടി വാഹനത്തില്‍ തിരികെയെത്തി .പക്ഷെ വാഹനം നാളികേര പുരയുടെ അരികിലേക്ക് എത്തുവാനാവില്ലായിരുന്നു .ദൂരെ റോഡില്‍ നിറുത്തിയ വാഹനത്തിലേക്ക് .രാമനാഥനും , ഡ്രൈവറും ,വാല്യകാരനും കൂടി വേണുഗോപാലിനെ എടുത്തുക്കൊണ്ടു പോയികിടത്തി .ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി .
വേണുഗോപാല്‍ ശ്വാസം എടുക്കാന്‍ നന്നേ പാടുപെടുന്നത് കണ്ടപ്പോള്‍ രാമനാഥന്‍റെ ഇമകള്‍ നിറഞ്ഞൊഴുകി .രാമനാഥന്‍ വേണുഗോപാലിനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു .
,, സമാധാമായി കിടന്നോളൂ നിനക്ക് ഒന്നും സംഭവിക്കില്ല .ഞാനില്ലേ നിന്‍റെ കൂടെ ,,
ഇടയ്ക്കൊക്കെ വേണുഗോപാലിന്‍റെ വായില്‍നിന്നും വരുന്ന രക്തം രാമനാഥന്‍ തന്‍റെ തുവാല കൊണ്ട് തുടച്ചുനീക്കി കൊണ്ടിരുന്നു .അയാള്‍ വാഹനത്തിന്‍റെ വേഗത കൂട്ടുവാന്‍ നിരന്തരം ഡ്രൈവറോട് പറഞ്ഞു .രാമനാഥന്‍ അന്നേവരെ അനുഭവിക്കാത്ത മാനസീക സങ്കര്‍ഷമായിരുന്നു അപ്പോള്‍ അനുഭവിച്ചു കൊണ്ടിരുന്നത് .
അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപെട്ട വേണുഗോപാലിനെകുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ രാമനാഥന്‍ വ്യാകുലപ്പെട്ടൂ ,മണിക്കൂറുകള്‍ക്കു ശേഷം പരിശോധിച്ച ഡോക്ടര്‍മാരില്‍ പ്രധാന ഡോക്ടര്‍ രാമനാഥനോട് പറഞ്ഞു .
,,നിരന്തരമായ മദ്യപാനം മൂലം അദ്ദേഹത്തിന്‍റെ കരളിന് കാര്യമായ കേട് പറ്റിയിട്ടുണ്ട് ഉടനെതന്നെ കരളിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റി വെയ്ക്കണം .ചേരുന്ന ദാതാവിനെ കണ്ടെത്തേണം ദാതാവിന് മുറിച്ചു മാറ്റുന്ന കരള്‍ ക്രമേണ വളര്‍ന്നു വരും .പക്ഷെ കരള്‍ മുറിച്ചു മാറ്റിവെയ്ക്കുന്ന സര്‍ജ്ജറി ഈ ആശുപത്രിയിലില്ല. അതിന് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് രോഗിയെ എത്രയുംവേഗം കൊണ്ടുപോകണം .അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെയധികം ഗുരുതരമാണ് ഇപ്പോള്‍ ,,
,, എന്‍റെ കരള്‍ മുറിച്ചു മാറ്റി വച്ചോളൂ എന്‍റെ വേണുഗോപാലിനെ രക്ഷിക്കണം ഡോക്ടര്‍ ,,
,,സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോകു .അവിടെ താങ്കളെ പരിശോധിച്ച് അവര്‍ തീരുമാനിക്കും അദ്ദേഹത്തിന് ചേരുന്നതാണോ താങ്കളുടെ കരള്‍ എന്ന് ,,
അമേരിക്കയിലേക്ക് വിളിച്ച് മക്കളെ അച്ഛന്‍റെ അസുഖവിവരം അറിയിച്ചപ്പോള്‍ അവര്‍ ഉടനെ നാട്ടിലേക്ക് എത്താം എന്ന് രാമനാഥനോട് പറഞ്ഞു .രാമനാഥന്‍ ബാങ്കില്‍ പോയി ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച രൂപയില്‍ നിന്നും കുറെയേറെ രൂപ പിന്‍വലിച്ചു .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വേണുഗോപാലിനെയായി യാത്രയായി. അയാളുടെ ഭാര്യയേയും ,ലക്ഷ്മിയേയും ഒപ്പം കൂട്ടി .ആംബുലന്‍സില്‍ രാമനാഥന്‍റെ മടിയില്‍ തലചായ്ച്ച് വേണുഗോപാല്‍ കിടന്നു . വേണുഗോപാലിന്‍റെ മുഖത്ത് തെല്ലും ഭയം നിഴലിച്ചിരുന്നില്ല ,ജീവിതം ആസ്വദിച്ചു ജീവിച്ചു എന്ന മുഖഭാവമായിരുന്നു അപ്പോള്‍ അയാളുടേത് . കൂട്ടുകാരന്‍റെ അവസ്തയെ കുറിച്ച് ഓര്‍ത്ത് രാമനാഥന്‍ വല്ലാതെ സങ്കടപെട്ടു. .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പരിശോധനയില്‍ രാമനാഥന്‍റെ കരള്‍ വേണുഗോപാലിന് ചേരുന്നതാണെന്നുള്ള അറിയിപ്പ് വന്നു .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ജ്ജറിക്കായി രണ്ടു പേരേയും ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി .രണ്ടുപേരെയും അടുത്തടുത്ത് കിടത്തിയപ്പോള്‍ വേണുഗോപാല്‍ രാമനാഥന്‍റെ കൈത്തലം നുകര്‍ന്ന് തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോള്‍ വേണുഗോപാലിന്‍റെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു .രാമനാഥന്‍ ആദ്യമായി അയാള്‍ കരയുന്നത് കാണുകയായിരുന്നു .
ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി .ആദ്യം അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നത് .രാമനാഥനായിരുന്നു .അയാള്‍ പ്രിയ സുഹൃത്ത് ഉണരുന്നതും കാത്തു വേദന സഹിച്ചുകിടന്നു . ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ അവര്‍ ഗ്രാമത്തില്‍ തിരികെയെത്തി . മാസങ്ങളുടെ വിശ്രമവും മരുന്ന് കഴിക്കലുകള്‍ക്കും ഒടുവില്‍. രണ്ടു പേരും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു .വേണുഗോപാലിന്‍റെ മക്കള്‍ അമേരിക്കയിലേക്ക് തിരികെ പോയി . ഒരു ദിവസ്സം വേണുഗോപാല്‍ പറഞ്ഞു.
,, നമുക്ക് ഇന്ന് സായാഹ്നത്തില്‍ നാളികേര ശേഖരണ പുരയിലേക്ക് പോയാലോ ,,
,, ഞാന്‍ പറയുവാനിരിക്കുകയായിരുന്നു. ഒരു പാട് കാലമായില്ലേ ... നമ്മള്‍ അവിടേക്ക് പോയിട്ട് ,,
സായാഹ്നത്തില്‍ രണ്ടു പേരും നാളികേര ശേഖരണ പുരയില്‍ എത്തി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വാല്യകാരന്‍ അവിടെ വന്ന് ഒരു സഞ്ചി വേണുഗോപാലിന് നല്‍കി തിരികെ പോയി .വേണുഗോപാല്‍ സഞ്ചിയില്‍ നിന്നും വിദേശ മദ്യ കുപ്പിയും ഗ്ലാസ്സും വെള്ളകുപ്പിയും പുറത്തെടുക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍ ആക്രോശിച്ചു കൊണ്ടു പറഞ്ഞു .
,,മതിയായില്ലേ നിനക്ക്, ഈ കാലമത്രയും കുടിച്ച് കരള്‍ നശിപ്പിച്ചിട്ടും ഇനി ഞാന്‍ നല്‍കിയ കരള്‍ കൂടി നശിപ്പിക്കണോ നിനക്ക് ,,
രാമനാഥന്‍ ബലംപ്രയോഗിച്ച് മദ്യക്കുപ്പി വാങ്ങി അടപ്പ് തുറന്ന് മദ്യം പുറത്തേക്ക് ഒഴുക്കി കളഞ്ഞു .വേണുഗോപാല്‍ അയാളുടെ പ്രവര്‍ത്തി കണ്ട് നിശ്ചലമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍ വീണ്ടും തുടര്‍ന്നു .
,,ഇനി ഒരു തുള്ളി മദ്യം നിന്‍റെ ശരീരത്തില്‍ പ്രവേശിക്കപെട്ടു എന്ന് ഞാന്‍ അറിഞ്ഞാല്‍. അന്ന് അവസാനിക്കും നമ്മള്‍ തമ്മിലുള്ള ബന്ധം .എനിക്ക് വേണം നിന്നെ .എന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടയുന്നത് വരെ എനിക്ക് കാണണം നിന്നെ ആരോഗ്യത്തോടെ തന്നെ ,,
ആദ്യമായാണ് രാമനാഥന്‍ വേണുഗോപാലിനോട് അത്രയും ദേഷ്യത്തില്‍ . സംസാരിക്കുന്നത്. അയാള്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റുനിന്ന് ചുമരില്‍ തല ചേര്‍ത്തുപിടിച്ചു കുഞ്ഞുങ്ങളെ പോലെ തേങ്ങി കരയുവാന്‍ തുടങ്ങി .അല്‍പ നേരം കഴിഞ്ഞപ്പോള്‍ രാമനാഥന്‍ അയാളുടെ തോളില്‍ കൈത്തലം വെച്ചു .അപ്പോള്‍ വേണുഗോപാല്‍ നിയന്ത്രണം വിട്ട് അയാളെ കെട്ടിപിടിച്ച് കരഞ്ഞു കൊണ്ടു പറഞ്ഞു .
,,ഞാന്‍ എന്ത് സുകൃതം ചെയ്തിട്ടാണ് നിന്നെ എനിയ്ക്ക് സുഹൃത്തായി ലഭിച്ചത് .എനിയ്ക്ക് ഒന്നും വേണ്ട. നിനക്ക് ഇഷ്ടമില്ലാത്തത് ഒന്നും തന്നെ എനിയ്ക്ക് വേണ്ട .എന്നോട് ക്ഷമിക്കൂ രാമാ ...... ,,
രണ്ടു പേരും പരസ്പരം കരഞ്ഞുകൊണ്ട് ആ നില്‍പ്പ്ഏറെനേരം നിന്നു .അപ്പോള്‍ സായാഹ്നം വിടവാങ്ങിയ അറിയിപ്പെന്നോണം സൂര്യന്‍ പാതി അസ്തമിച്ചിരുന്നു .ആകാശമാകെ സ്വര്‍ണ്ണനിറം വാരി വിതറിയ പ്രതീതി പ്രപഞ്ചമാകെ ഉളവാക്കി . ആകാശത്ത് പറവകള്‍ അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി ശബ്ദ കോലാഹലങ്ങളോടെ പറന്നുപോയികൊണ്ടിരുന്നു . നാളത്തെ പുതുപുലരിയെ പ്രതീക്ഷിച്ചുകൊണ്ട് .
ശുഭം
rasheedthozhiyoor@gmail.com