" മോള് ചെന്നു ഫോണ്‍ എടുക്കൂ.. ആരാണാവോ ഈ അസമയത്ത് വിളിക്കുന്നത് ! നിന്‍റെ കൈയിൽ മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് ഇതിലേക്ക് ഇപ്പോള്‍ ആരും വിളിക്കാറില്ലല്ലോ"
വന്ദന അച്ഛന്‍റെ കിടപ്പുമുറിയില്‍ നിന്നും തിടുക്കത്തില്‍ സ്വീകരണമുറിയില്‍ പോയി ടെലഫോണിന്‍റെ റിസീവര്‍ എടുത്ത് ചെവിയോടടുപ്പിച്ചു. അങ്ങേത്തലയ്ക്കല്‍ ഭവന്‍ നമ്പൂതിരിയുടെ ശബ്ദം
" ഇശ്ശി നേരായി മൊബൈല്‍ ഫോണിലേക്ക് വിളിക്കുന്നു എന്താടോ ഫോണ്‍ എടുക്കാത്തത് ?"
" ഞാന്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടില്ല. ചാര്‍ജ്ജ് ചെയ്യുവാനായി മൊബൈല്‍ ഫോണ്‍ കിടപ്പുമുറിയില്‍ വെച്ചിരിക്കുകയായിരുന്നു ."
" മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ തന്‍റെ വിദ്യാലയത്തിന് രണ്ടുമാസം അവധി തുടങ്ങുകയല്ലേ ? അവധി തുടങ്ങുന്ന അന്ന് നമ്മള്‍ ഈ നാട് വിട്ടുപോകുന്നു .മറിച്ചൊന്നും പറയരുത്, ഞാന്‍ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ്.ഇനിയും തന്നെ പിരിഞ്ഞിരിക്കുവാന്‍ എന്നെക്കൊണ്ടാവില്ല"
" എന്‍റെ ഈശ്വരാ ! എന്താ ഭവനേട്ടന്‍ ഈ പറയുന്നെ ? വേളി കഴിച്ച പെണ്ണിനേയും അരുമ മകളേയും ഉപേക്ഷിച്ച് നമുക്ക് നാടുവിട്ട് പോകാമെന്നോ ?"
" അതെ ഞാന്‍ രണ്ടുമാസത്തെ അവധിയെടുത്തിട്ടുണ്ട് .തിരിച്ചുവരവിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല .മറ്റാരും അറിയാതെയാണെങ്കിലും നമ്മള്‍ പരസ്പരം മാലയിട്ടിട്ടുണ്ട് .വര്‍ഗ്ഗ വിവേചനമാണല്ലോ നമുക്ക് ഒരുമിച്ചു ജീവിക്കുവാന്‍ കഴിയാതെപോയത്.ഇല്ലത്തിന്‍റെ മഹിമ കളയാതെയിരിക്കുവാന്‍ താന്‍ എടുത്ത ത്യാഗമല്ലേ നമുക്ക് പിരിയേണ്ടിവന്നത് ?"
എന്ത് മറുപടി പറയണം എന്നറിയാതെ വന്ദന വിഷമിച്ചു .തൊണ്ട വരണ്ടുണങ്ങിയിരിക്കുന്നു .മഞ്ഞിനാല്‍ പ്രകൃതി ആകമാനം മരവിച്ചിരിക്കുകയാണെങ്കിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു .പെരുവിരലില്‍ നിന്നും തുടങ്ങിയ മരവിപ്പ് ശരീരമാസകലം അനുഭവപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ റിസീവര്‍ താഴെവെച്ചു കിടപ്പുമുറിയില്‍ പോയി മെത്തയില്‍ക്കിടന്നു . പുലര്‍ച്ചെ അഞ്ചു മണിക്ക് ടൈംപീസിലെ അലറാം കേട്ടുകൊണ്ടാണ് വന്ദന പതിവായി ഉറക്കമെഴുന്നേല്‍ക്കുന്നത് .പക്ഷെ ഇന്ന് ആ പതിവ് തെറ്റിയിരിക്കുന്നു രാത്രിയില്‍ ഒട്ടും ഉറങ്ങുവാനായില്ല .ഉറങ്ങുവാനായി ഇമകള്‍ ഇറുക്കി അടച്ചിട്ടും ഉറങ്ങുവാനുള്ള ശ്രമം വിഫലമായി .ഓര്‍മകളുടെ ഭാണ്ഡ
ക്കെട്ടില്‍ നിന്നും ഭവന്‍ നമ്പൂതിരി അവളുടെ ജീവിതത്തിലേക്ക് വന്ന നാള്‍വഴികള്‍ അവളുടെ മനസ്സിലേക്ക് തികട്ടി വന്നു.
ഗ്രാമത്തിലെ പേരുകേട്ട വന്‍കിട ഭൂവുടമകളായ ഇല്ലത്തെ സന്താനം ഭവന്‍ നമ്പൂതിരിയുമായി കൂടുതല്‍ അടുക്കുന്നത് കലാലയത്തില്‍ വെച്ചായിരുന്നു .ഭവന്‍ നമ്പൂതിരിയുടെ ഇല്ലം ഏറെ പ്രൗഢി നിറഞ്ഞതായിരുന്നു.ഇല്ലപ്പറമ്പിലേക്കുള്ള പ്രവേശനകവാടമായി പടിഞ്ഞാറെ അതിരില്‍ പടിപ്പുര ഉണ്ടായിരുന്നു. ഉദ്യാനവും തുളസിത്തറയും സര്‍പ്പക്കാവും കുളവും കുളക്കടവും കാണുവാന്‍ ഒരിക്കല്‍ മാത്രം യോഗമുണ്ടായി. കലാലയത്തിലെ സഹപാഠികളുമൊത്ത് മാതൃകാ നമ്പൂതിരി ഗൃഹം കാണുവാന്‍ പോയ അന്ന് എല്ലാം അത്ഭുതത്തോടെ നോക്കിക്കണ്ടു .പൂമുഖം, പടിഞ്ഞാറ്റിനി, ദീനമുറി, വടക്കിനി, മേലടുക്കള, തീണ്ടാരിപ്പുര, കലവറ, പാത്രക്കലവറ, പുത്തനറ, വടക്കേഅകം, വടക്കേക്കെട്ട്, ചെറിയ മേലടുക്കള, ശ്രീലകം, മോരകം, അടുക്കള, വടക്കേതും തെക്കേതും കിഴക്കേക്കെട്ടുകള്‍, ഊട്ടുപുര, നടുമുറ്റം വീടിന്റെ മുറികള്‍ക്കു നടുവിലാണ് നടുമുറ്റം. അവിവാഹിതര്‍ക്കും ചിലപ്പോള്‍ സന്ദര്‍ശകര്‍ക്കും ഉപയോഗിക്കാവുന്നതാണ് കിഴക്കു പടിഞ്ഞാറ് ദിക്കിലെ മുറി. പിന്‍വശത്തെ വലതുഭാഗത്താണ് അറപ്പുര സ്ഥിതിചെയ്യുന്നത്. മരംകൊണ്ടു നിര്‍മ്മിക്കപ്പെട്ട അറപ്പുരയിലാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. വടക്കുദിശയിലാണ് അടുക്കള. അടുക്കളയിലേക്കു ചേര്‍ന്നു നില്ക്കുന്ന കിണറ്റില്‍നിന്നാണ് അടുക്കളാവശ്യത്തിനുള്ള ജലം ശേഖരിക്കുന്നത്. വേദപഠനത്തിനും ആരാധനകള്‍ക്കുമായി വെവ്വേറെ മുറികള്‍ ഉണ്ടായിരുന്നു .
പ്രധാന കെട്ടിടത്തിന്‍റെ സമീപത്തായി വീട്ടുജോലി ചെയ്യുന്നവര്‍ക്കും വാല്യക്കാര്‍ക്കുമായി ഒരു പുരയും (അഗ്രശാല) രാത്രികാലങ്ങളില്‍ എത്തുന്ന അപരിചിതര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേകം അതിഥി മന്ദിരങ്ങളുമുണ്ടായിരുന്നു . ഗൃഹോപകരണങ്ങള്‍ക്കും സവിശേഷതകളുണ്ട്.ഭവന്‍ നമ്പൂതിരി വേദാഭ്യസനം കഴിഞ്ഞ ആളാണ് .
ദൃഷ്ടിയില്‍പ്പെട്ടാല്‍പോലും അശുദ്ധമാകും കീഴ്ജാതികളുടെ സാന്നിധ്യം എന്ന വിശ്വാസവുമായി ജീവിച്ചിരുന്ന അച്ഛന്‍ നമ്പൂതിരിയും കുടുംബവും ദൂരയാത്രയ്ക്ക് പോയ നാളുകളിലാണ് സഹപാഠികളെ ഭവന്‍ നമ്പൂതിരി ഇല്ലം കാണുവാനായി കൊണ്ടുപോയത് . വേദാഭ്യസനം കഴിഞ്ഞിരുന്നുവെങ്കിലും ഭവന്‍ നമ്പൂതിരിയുടെ ചില ചെയ്തികള്‍ നിരീശ്വരവാദിയുടെതായിരുന്നു .കലാലയത്തില്‍ കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അയാള്‍ സജീവമായി പ്രവര്‍ത്തിച്ചു.അവര്‍ണരുടെ ഗൃഹങ്ങളില്‍ പോയി അയാള്‍ ഭക്ഷണം പോലും കഴിച്ചിരുന്നു .ഭവന്‍ നമ്പൂതിരിയും വന്ദനയും കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവപ്രവര്‍ത്തകരായിരുന്നത് അവരെ കൂടുതല്‍ അടുപ്പിച്ചു .
കലാലയത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം ഒരു ദിവസം ഭവന്‍ നമ്പൂതിരി വന്ദനയോട് പറഞ്ഞു :
" എനിക്ക് അല്പം സംസാരിക്കുവാനുണ്ട് നമുക്ക് അല്പം നടക്കാം "
വന്ദന അയാളോടൊപ്പം നടന്നു .ടാറിട്ട പാതയുടെ ഇരുവശങ്ങളിലും പൂമരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു നില്ക്കുന്നതിനാല്‍ നട്ടുച്ച വെയിലിലും സൂര്യരശ്മികള്‍ ശരീരത്തില്‍ ഏല്ക്കാതെ നടക്കാം .പൂമരത്തില്‍ നിന്നും ധാരാളം ചുവന്ന പുഷ്പങ്ങള്‍ കൊഴിഞ്ഞു കിടക്കുന്ന കാഴ്ച, അവര്‍ക്കായി പരവതാനി വിരിച്ചതുപോലെ തോന്നിപ്പിച്ചു .വേനല്‍ച്ചൂടിലെ കാറ്റിന് പുഷ്പങ്ങളുടെ സുഗന്ധമുണ്ടായിരുന്നു.അയാള്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നടക്കുന്നത് കണ്ടപ്പോള്‍ വന്ദന ലജ്ജാവതിയായി .തീക്ഷ്ണമായ അയാളുടെ നോട്ടത്തിന് പല അര്‍ഥങ്ങള്‍ ഉള്ളതുപോലെ അവള്‍ക്ക് തോന്നിപ്പിച്ചു . ഏറെനേരം അയാള്‍ മൌനിയായി നടന്നപ്പോള്‍ അവള്‍ ചോദിച്ചു :
" അല്പം സംസാരിക്കുവാന്‍ ഉണ്ടെന്നു പറഞ്ഞിട്ട് എന്താ ഒന്നും ഉരിയാടാതെ നടക്കുന്നത് ?"
"എങ്ങിനെ തുടങ്ങണം എന്ന് അറിയുന്നില്ല .എന്നെ വന്ദനയ്ക്ക് അറിയാമല്ലോ ? വര്‍ഗ്ഗവിവേചനം എനിക്കില്ല .മനുഷ്യരാല്‍ നിര്‍മ്മിതമായതാണ് മതങ്ങള്‍ എന്നാണ് എന്‍റെ വിശ്വാസം .പിന്നെ ജാതിയും മതവും പ്രണയത്തിന് ഹേതുവാകില്ലല്ലോ .അതെ ......എനിക്ക് വന്ദനയോട് പ്രണയം തോന്നുന്നു .കലാലയത്തില്‍ മറ്റുള്ളവരില്‍ ഉള്ളതുപോലെ വെറും നേരം പോക്കിനുള്ള പ്രണയമായി എന്‍റെ പ്രണയത്തെ കാണരുത് "
,"ഈശ്വരാ ! എന്താ ഈ പറയുന്നേ ? ഇല്ലത്തിന്‍റെ പടിപ്പുര കടക്കുവാനുള്ള യോഗ്യതയുണ്ടോ എനിക്ക് ? അച്ഛന്‍ നമ്പൂതിരി അറിഞ്ഞാല്‍ എന്താ ഉണ്ടാവുക എന്ന് ഓര്‍ത്തിട്ടുണ്ടോ ?വീട്ടുകാര്‍ തീരുമാനിക്കുന്ന സുന്ദരിയായ അന്തര്‍ജ്ജനത്തെ വേളി കഴിച്ച് ജീവിക്കേണ്ടുന്ന ആള്‍ക്കെന്താ ഇങ്ങനയൊക്കെ തോന്നുന്നത് ? അരുത് ഇങ്ങനെയൊന്നും ചിന്തിക്കരുത് "
" ഇല്ലത്തുള്ളവരുടെ സമ്മതത്തോടെ എനിക്ക് വന്ദനയെ വിവാഹം ചെയ്യുവാനാവില്ല എന്ന് നന്നായി അറിയാം .വന്ദനയുടെ മനസ്സില്‍ മറ്റാരും ഇല്ലാ എങ്കില്‍ എനിക്ക് വേണം ഇയാളെ. എന്‍റെ തീരുമാനത്തില്‍ മാറ്റമില്ല മറിച്ചാണെങ്കില്‍ എന്‍റെ ജീവിതത്തില്‍ വേറെ വേളി ഉണ്ടാവുകയില്ല. അത്രയ്ക്ക് ഞാന്‍ തന്നെ പ്രണയിച്ചുപോയി "
മറുപടി പറയുവാന്‍ വന്ദനയ്ക്കായില്ല .പാദങ്ങളില്‍ നിന്നും അനുഭവപ്പെട്ട വിറയല്‍ ശരീരമാകെ വ്യാപിച്ചപ്പോള്‍ അവള്‍ തിരികെ നടന്നു .പുറകില്‍ നിന്നും ,, വന്ദനേ ...,, എന്ന വിളിക്കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി .ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും നാലായി മടക്കിയ ഒരു എഴുത്ത് അവളുടെ നേര്‍ക്ക് നീട്ടി ക്കൊണ്ട് അയാള്‍ പറഞ്ഞു :
"എനിക്ക് പറയുവാനുള്ളത് എല്ലാം ഈ എഴുത്തിലുണ്ട് എന്നെ ഇഷ്ടമാണെങ്കില്‍ ഈ എഴുത്ത് വാങ്ങിക്കൂ"
ആരുടേയും ശ്രദ്ധയില്ല എന്ന് ഉറപ്പുവരുത്തി വിറയാര്‍ന്ന കരങ്ങളാല്‍ അവള്‍ എഴുത്ത് വാങ്ങി ധൃതിയില്‍ ക്ലാസ്സ് മുറിയിലേക്ക് നടന്നു .ഭവന്‍നമ്പൂതിരിയുടെ സ്നേഹത്തിനായി കൊതിക്കുന്ന പല പെണ്‍കുട്ടികളേയും വന്ദനയ്ക്ക് അറിയാം. സത്യത്തില്‍ ആ പെണ്‍കുട്ടികളില്‍ ഒരുവളായിരുന്നു വന്ദന. അര്‍ഹിക്കാത്തതായത് കൊണ്ട് ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചു .ഇപ്പോള്‍ അയാള്‍ തന്നോട് പ്രണയമാണെന്ന് മൊഴിഞ്ഞിരിക്കുന്നു !! ഓര്‍ക്കുമ്പോള്‍ സന്തോഷവും പിന്നീട് ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ കുറിച്ചോര്‍ത്തപ്പോള്‍ സങ്കടവും തോന്നി .വീട്ടില്‍ എത്തി എഴുത്ത് വായിച്ചപ്പോഴാണ് ശ്വാസം നേരെയായത് .എഴുത്തിലെ തുടക്കം വന്ദനയുടെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണിച്ചുക്കൊണ്ടുള്ള ഏതാനും വരി കവിതകളായിരുന്നു .ഏതൊരു സ്ത്രീയും തന്‍റെ സൗന്ദര്യത്തെക്കുറിച്ച് കേള്‍ക്കുവാന്‍ കൊതിക്കുന്ന വാക്കുകള്‍ എഴുത്തിലുടനീളം എഴുതിയിരിക്കുന്നു .ഭവന്‍നമ്പൂതിരിക്കായി മറുപടി എഴുതിക്കിടക്കുമ്പോള്‍ സമയം പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞിരുന്നു .
ഭവന്‍നമ്പൂതിരിയും വന്ദനയും അഗാധമായി പ്രണയബദ്ധരായി. സന്തോഷമുളവാക്കുന്ന കലാലയജീവിതത്തിലെ ദിനരാത്രങ്ങളും മാസങ്ങളും വര്‍ഷങ്ങളും പോയ്മറഞ്ഞു.ഭവന്‍നമ്പൂതിരി ഡിഗ്രി കഴിഞ്ഞപ്പോള്‍ കലാലയത്തില്‍ തന്നെ എം എ മലയാളത്തിനു ചേര്‍ന്നു .വന്ദന ബിഎഡ് നായി ദൂരെയുള്ള കലാലയത്തിലേക്ക് പോയി. അവിടെ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം .കലാലയത്തില്‍ നിന്നും വന്ദന വിട പറയുന്ന ദിവസം ഭവന്‍നമ്പൂതിരി വന്ദനയുടെ നേര്‍ക്ക് ഒരു സമ്മാനപ്പൊതി നീട്ടി .പൊതിക്കുള്ളില്‍ വില കൂടിയ മൊബൈല്‍ ഫോണും ഒരു എഴുത്തും .എന്‍റെ പ്രണയിനിക്കായി എന്ന് തുടങ്ങുന്ന എഴുത്ത് അവളുടെ ഇമകള്‍ നനയിച്ചു .വര്‍ഷങ്ങള്‍ പോയ്മറഞ്ഞു .ഭവന്‍ നമ്പൂതിരി കലാലയത്തില്‍ത്തന്നെ ലക്ചററായി ഉദ്യോഗം ആരംഭിച്ചു .വന്ദനയ്ക്ക് ഗ്രാമത്തിലെ വിദ്യാലയത്തില്‍ അച്ഛന്‍ വിരമിച്ച ഒഴിവില്‍ ജോലി ലഭിച്ചു .വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന തൊഴിലില്‍ രണ്ടുപേരും സന്തോഷം കണ്ടെത്തി .
ഇല്ലത്ത് ഭവന്‍ നമ്പൂതിരിയുടെ വേളി അയാളുടെ സമ്മതം ഇല്ലാതെ ഉറപ്പിച്ചു .ഭാവിയില്‍ കലക്ടര്‍ ഉദ്യോഗം ലഭിക്കുവാന്‍ യോഗ്യതയുള്ള പെണ്‍കുട്ടിയായിരുന്നു വധു. ഐ.എ.എസിന് പഠിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ വേളി കഴിക്കുവാന്‍ ഭവന്‍ നമ്പൂതിരി എതിര്‍പ്പ് പ്രകടിപ്പിച്ചു .ഒരു അവധി ദിവസം രാവിലെ വന്ദനയ്ക്ക് ഭവന്‍ നമ്പൂതിരിയുടെ കാള്‍ വന്നു .
"വന്ദന ഉടനെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വരണം നമ്മള്‍ ഇന്ന് വിവാഹിതരാവണം .തിങ്കളാഴ്ച നമുക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യുവാനുള്ള അപേക്ഷ സമര്‍പ്പിക്കണം .ഞാന്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു വേഗം പുറപ്പെട്ടോളൂ "
മറുപടി പറയുമ്പോഴേക്കും ഭവന്‍ നമ്പൂതിരി കാള്‍ കട്ടുചെയ്തു .വസ്ത്രം മാറി കൂട്ടുകാരിയുടെ അരികിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വന്ദന ക്ഷേത്രത്തിലേക്ക് യാത്രയായി.ശരീരമാസകലം വിറയല്‍ അനുഭവപെടുന്നത് പോലെ വരുംവരായ്കകളെപ്പറ്റി ഒന്നും വന്ദന ഓര്‍ത്തില്ല അവള്‍ക്ക് കൊതിയായിരുന്നു അയാളോടൊപ്പം ജീവിക്കുവാന്‍ .ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഭവന്‍ നമ്പൂതിരി ക്ഷേത്ര കവാടത്തില്‍ കാത്തുനിന്നിരുന്നു . കൈയിൽ തെച്ചിയും തുളസിയും കൊണ്ടുണ്ടാക്കിയ രണ്ടു മാലകളും ഉണ്ടായിരുന്നു.മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്‍പാകെ രണ്ടുപേരും പരസ്പരം മാലയിട്ടു .വന്ദനയ്ക്ക് വിശ്വാസിക്കുവാന്‍ ആവുന്നുണ്ടായിരുന്നില്ല .താന്‍ വിവാഹിതയായിരിക്കുന്നു !! ആഗ്രഹിച്ച പുരുഷന്‍ തന്നെ വരണമാല്യം ചാര്‍ത്തിയിരിക്കുന്നു !!!! വരന്‍ അണിയിക്കുന്ന മാല്യത്തിലൂടെ വധു തന്‍റെ സര്‍വ്വസ്വവും വരനായി നല്‍കണമെന്നും വധു അണിയിക്കുന്ന മാല്യത്തിലൂടെ വരന്‍റെ സര്‍വ്വസ്വവും വധുവിനാകണമെന്നുമാണ് വ്യവസ്ഥ .ചടങ്ങുകള്‍ കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ഭവന്‍ നമ്പൂതിരി വന്ദനയുടെ നേര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യുവാനുള്ള അപേക്ഷ നീട്ടികൊണ്ട് പറഞ്ഞു .
" ഇപ്പോള്‍ നമ്മുടെ വിവാഹം രഹസ്യമായിരിക്കട്ടെ .ഈ അപേക്ഷയില്‍ ഒപ്പിട്ടോളൂ ..ഞാന്‍ നാളെ അപേക്ഷ രജിസ്റ്റര്‍ ഓഫീസില്‍ സമര്‍പ്പിക്കാം .വിവാഹം രജിസ്റ്റര്‍ ചെയ്യുവാനുള്ള തിയ്യതി ആയാല്‍ നമുക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നിട്ട് നമുക്ക് ഒരുമിച്ച് ജീവിക്കാം. ഇല്ലത്തേക്ക് നമുക്ക് പ്രവേശനം ഉണ്ടാവുകയില്ല .സാരിമില്ല നമുക്ക് രണ്ടുപേര്‍ക്കും ജോലിയുണ്ട് പിന്നെ എന്തിന് നമ്മള്‍ പേടിക്കണം ? തത്ക്കാലം നമുക്ക് ഒരു വീട് വാടകയ്ക്ക് എടുക്കാം വന്ദനയ്ക്ക് ഭയമുണ്ടോ ? വന്ദനയുടെ വീട്ടുകാര്‍ നമ്മുടെ വിവാഹം അംഗീകരിക്കുമോ?."
"വീട്ടില്‍ അറിയിക്കാതെ നമ്മുടെ വിവാഹം നടന്നതില്‍ വീട്ടുക്കാര്‍ക്ക് വിഷമം ഉണ്ടാവും .എനിക്ക് അങ്ങയുടെ അവസ്ഥ ഓര്‍ത്തിട്ടാണ് ഭയം . ഇല്ലത്ത് വിവരങ്ങള്‍ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന കോലാഹലങ്ങളെ പറ്റി ഓര്‍ക്കുമ്പോള്‍ വല്ലാതെ ഭയം തോന്നുന്നു "
"ഭയപ്പെടേണ്ടാ ഞാനില്ലേ കൂടെ ? ഇപ്പോള്‍ തത്ക്കാലം വീട്ടിലേക്ക് പൊയ്ക്കോളൂ"
തിരികെ നടക്കുമ്പോള്‍ വന്ദന പലവട്ടം തിരിഞ്ഞു നോക്കി അപ്പോഴൊക്കെയും ഭവന്‍ നമ്പൂതിരി വന്ദനയെത്തന്നെ നോക്കി നില്ക്കുകയായിരുന്നു .തിരിഞ്ഞുനോക്കി നടക്കുന്നതിനിടയില്‍ കാല്‍പ്പാദം ക്കരിങ്കല്‍ ചീളില്‍ തട്ടി വിരലില്‍ നിന്നും രക്തം പൊടിഞ്ഞു .ശകുനപ്പിഴ ! അതവളുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി .വീട്ടില്‍ എത്തിയപ്പോള്‍ ധൈര്യം ചോര്‍ന്നുപോകുന്നത് പോലെ വന്ദനയ്ക്ക് അനുഭവപ്പെട്ടു .മനസ്സ് കലുഷിതമായിരുന്നു .വരും ദിവസങ്ങളില്‍ താന്‍ നേരിടേണ്ടി വരുന്ന ജീവിതത്തിലെ സങ്കീര്‍ണമായ അവസ്ഥകളെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ വല്ലാതെ സങ്കടത്തിലായി .
രണ്ടാം ദിവസം വന്ദന വിദ്യാലയത്തിലേക്ക് പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങി പ്രധാന പാതയുടെ ഓരം ചേര്‍ന്ന് നടക്കുകയായിരുന്നു .ദൂരെ ഒരു വാഹനം പാതയോരത്ത് നിറുത്തിയിട്ടത് കണ്ടപ്പോള്‍ പലപ്പോഴും ഭവന്‍ നമ്പൂതിരി ഓടിച്ചുവന്നിരുന്ന വാഹനത്തെപ്പോലെ തോന്നിപ്പിച്ചപ്പോള്‍ അവള്‍ വാഹനത്തിന്‍റെ നമ്പര്‍ സൂക്ഷിച്ചുനോക്കി. അതെ തന്‍റെ ഊഹം തെറ്റിയില്ല.ഇല്ലത്തെ വാഹനം തന്നെ ഭവന്‍ നമ്പൂതിരി അവളെ കാണുവാന്‍ വന്നു കാത്തുനില്ക്കുകയായിരിക്കും എന്നാണ് വന്ദന നിനച്ചത്. പക്ഷെ വാഹനത്തിന് അരികില്‍ എത്തിയപ്പോള്‍ പുറകിലെ സീറ്റില്‍ ഇരിക്കുന്ന ആളെ കണ്ടപ്പോള്‍ വന്ദന നടുങ്ങി നിന്നു .അച്ഛന്‍ നമ്പൂതിരി വാഹനത്തില്‍ നിന്നും വന്ദനയെ ക്കണ്ടപ്പോള്‍ ഇറങ്ങി നിന്നു .അറിയാത്ത ഭാവത്തില്‍ നടന്നു നീങ്ങുവാന്‍ ശ്രമിച്ച വന്ദനയോടായി അച്ഛന്‍ നമ്പൂതിരി മൊഴിഞ്ഞു :
"നിക്ക്യാ അവിടെ നിക്ക്യാ... ഞാന്‍ കുട്ടിയെക്കാത്തു നിന്നതാണ്. വീട്ടിലേക്ക് വന്നാല്‍ കുട്ടിയുടെ വീട്ടിലുള്ളവര്‍ വിവരങ്ങള്‍ അറിയും. അവിടെയുള്ളവരെ വിവരം ധരിപ്പിക്കേണ്ടാ എന്ന് നിരീച്ചു .ഇല്ലത്ത് ഇങ്ങനെയൊരു സന്താനം വേറെ പിറവിയെടുത്തിട്ടില്ല . അസുരവിത്ത്.......!! അല്ലാണ്ടെ എന്താ ഞാന്‍ പറയ്യാ ..?? ഇപ്പോള്‍ ഒരു അപേക്ഷയുമായാണ് ഞാന്‍ മോളുടെ മുമ്പാകെ നിക്കണത് .മറക്കണം എന്‍റെ മോനെ കുട്ടി മറക്കണം. ചേരാത്ത ബന്ധം കൂട്ടിയോജിപ്പിക്കുവാന്‍ ശ്രമിക്കരുത് .അങ്ങിനെയുണ്ടായാല്‍ അത് എന്നും കണ്ണുനീര്‍ത്തുള്ളികള്‍ സമ്മാനിക്കും .ഇല്ലത്തിന്‍റെ മാനം കളയരുത് .പരമ്പരയായി ആരും തന്നെ ഇല്ലത്ത് അന്യമതസ്ഥരുമായി വിവാഹം നടത്തിയിട്ടില്ല .ഭവന്‍റെ വേളി നിശ്ചയിച്ചിരിക്കുകയാണ് ആ വേളി നടക്കണം ആ വേളിയെ നടക്കുവാന്‍ പാടുള്ളൂ .ഇപ്പോള്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടായത് ആരും അറിയരുത്. മറിച്ചാണെങ്കില്‍ മനം ഉരുകി ശപിക്കും ഞാന്‍ രണ്ടിനേയും !!"
പറഞ്ഞു തീർന്നതും അച്ഛൻ നമ്പൂതിരി പ്രതികരണത്തിന് നില്ക്കാതെ ഉടൻ തന്നെ കാറിൽക്കയറി.
അച്ഛന്‍ നമ്പൂതിരി വാഹനത്തില്‍ കയറിപ്പോയപ്പോള്‍ വന്ദനയ്ക്ക് പൊട്ടിക്കരയുവാനാണ് തോന്നിയത് .തല കറങ്ങുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു .എല്ലാ പ്രതീക്ഷകളും ഒരു നിമിഷം ക്കൊണ്ട് തകര്‍ന്നടിഞ്ഞത് പോലെ. അച്ഛന്‍ നമ്പൂതിരി അവസാനം പറഞ്ഞ വാക്കുകള്‍ പ്രപഞ്ചമാകെ മുഴങ്ങുന്നതുപോലെ.
"മനം ഉരുകി ശപിക്കും ഞാന്‍ രണ്ടിനേയും!!"
വന്ദന മനസ്സില്‍ ഉരുവിട്ടു ,, ഈശ്വരാ എന്തിന് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊരു അവസ്ഥ സംജാതമാക്കി ? എന്തിന് ഭവന്‍ നമ്പൂതിരിയുമായി ഞാന്‍ പരിചയപ്പെട്ടു ? ഈശ്വരാ രക്ഷിക്കേണമേ .ഞാന്‍ കാരണം ആ പാവത്തിന്‍റെ ജന്മം ശപിക്കപ്പെട്ടതാക്കരുതേ.
വിദ്യാലയത്തില്‍ എത്തിയെങ്കിലും വിദ്യാര്‍ഥികളെ പഠിപ്പിക്കുവാന്‍ അവള്‍ക്കായില്ല .മനസ്സ് കലുക്ഷിതമായ കടല്‍ത്തിരമാലകള്‍ പോലെ ഇളകി മറിയുന്നു .നീണ്ട ആലോചനകള്‍ക്കൊടുവില്‍ വന്ദന ഒരു ഉറച്ച തീരുമാനത്തില്‍ എത്തി .ആരുടേയും ശാപം ഏറ്റുവാങ്ങിയ ജീവിതം തനിക്ക് വേണ്ടാ. .ഇല്ലത്ത് എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച് ജീവിക്കേണ്ടുന്ന ഭവന്‍ നമ്പൂതിരിയുടെ ജീവിതം താന്‍ കാരണം ശിഥിലമാകാന്‍ പാടില്ല .വിദ്യാലയത്തില്‍ എത്തിയാല്‍ മൊബൈല്‍ ഫോണിലേക്ക് വിളിക്കുന്ന പതിവ് ഭവന്‍ നമ്പൂതിരിക്കില്ല .വിദ്യാലയത്തില്‍ നിന്നും ഇറങ്ങുന്ന സമയം നോക്കിയാണ് എന്നും വിളിക്കുന്നത് .അന്നും പതിവ് പോലെ വിളി വന്നു .ഫോണ്‍ കാള്‍ എടുത്തപ്പോള്‍ പൊട്ടിക്കരയുവാനാണ് തോന്നിയത്. ധൈര്യം സംഭരിച്ച് വന്ദന പറഞ്ഞു :
" അങ്ങ് എന്നോട് ക്ഷമിക്കണം എന്നെ മറക്കണം നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല .ഇല്ലത്തുള്ളവരുടെ തീരുമാനം പോലെ വേളിക്കു സമ്മതിക്കണം .ഇനി എന്നെ വിളിക്കുകയോ നേരില്‍ കാണുവാന്‍ ശ്രമിക്കുകയോ ചെയ്യരുത് .അങ്ങിനെയുണ്ടായാല്‍ ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കില്ല .എന്നോട് സ്നേഹമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിക്കണം "
മറുപടി പറയുന്നതിന് മുന്‍പ് വന്ദന കാള്‍ ക്കട്ട് ചെയ്ത് മൊബൈല്‍ ഫോണ്‍ സ്വീച്ച് ഓഫ് ചെയ്തു .വന്ദന വിഷമം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് നടന്നത്. കരയുന്നത് ആരും കാണാതെയിരിക്കുവാന്‍ സാരിത്തലപ്പുക്കൊണ്ട് അവള്‍ മുഖം പൊത്തിപ്പിടിച്ചു .വീട്ടില്‍ എത്തിയപ്പോള്‍ കിടപ്പുമുറിയില്‍ക്കയറി കതകടച്ച് പൊട്ടിക്കരഞ്ഞു .അടുത്ത ദിവസം വിദ്യാലയത്തിലേക്ക് പോകുന്ന വഴിയില്‍ ഭവന്‍ നമ്പൂതിരി വഴിയില്‍ വന്ദനയെ കാത്തുനിന്നിരുന്നു .അവള്‍ കണ്ട ഭാവം നടിക്കാതെ നടന്നു നീങ്ങിയപ്പോള്‍ അയാള്‍ പുറകെ നടന്നുകൊണ്ട് പറഞ്ഞു .
"എന്താ ഇപ്പൊ ഇങ്ങനയൊക്കെ ? എനിക്ക് ഇല്ലവും വേണ്ടാ അവിടെയുള്ളവരെയും വേണ്ടാ, എനിക്ക് വന്ദനയെ മാത്രം മതി. വരൂ ഇപ്പോള്‍ത്തന്നെ എന്‍റെ കൂടെ പോരൂ. ഞാന്‍ ഒരു വീട് വാടകയ്ക്ക് തരപ്പെടുത്തിയിട്ടുണ്ട്. വിവാഹം രജിസ്റ്റര്‍ സമയമാവുമ്പോള്‍ നടത്താം ഈശ്വരന്‍റെ മുന്‍പാകെ വന്ദന എന്‍റെ ഭാര്യയാണ് "
"എനിക്ക് ഇഷ്ടമില്ല നിങ്ങളെ .എനിക്ക് നിങ്ങളെ കാണുന്നത് തന്നെ അറപ്പാണ് പോകൂ എന്‍റെ മുന്‍പില്‍ നിന്നും. അല്ലെങ്കില്‍ എന്നെ ശല്യം ചെയ്യുന്നൂ എന്ന് പറഞ്ഞ് ഞാന്‍ ആളെ കൂട്ടും .പോകാന്‍....... എന്‍റെ മുന്‍പില്‍ നിന്നും പോകാന്‍ !!"
അവള്‍ ഉച്ചത്തില്‍ ആക്രോശിച്ചു .
ഒരു നിമിഷം ഭവന്‍ നമ്പൂതിരി പകച്ചു നിന്നുപോയി. ഇതുവരെ കാണാത്ത വന്ദനയുടെ മുഖഭാവവും സംസാരവും അയാളെ ധര്‍മസങ്കടത്തിലാക്കി .പൊടുന്നനെയുള്ള ഭാവപ്രകടനം അയാളെ ആശ്ചര്യപ്പെടുത്തി .ധൃതിയില്‍ നടന്നു നീങ്ങുന്ന വന്ദനയെ നിസ്സഹായതയോടെ അയാള്‍ നോക്കിനിന്നു .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭവന്‍ നമ്പൂതിരിയുടെ വേളി കഴിഞ്ഞു .വധു അനാമിക അന്തര്‍ജ്ജനം .
വന്ദനയുടെ വിവാഹം നടത്തുവാനായി വീട്ടുകാര്‍ അശ്രാന്തപരിശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി .ഭവന്‍ നമ്പൂതിരിയുടെ പകരം മറ്റൊരാളെ ഭര്‍ത്താവായി കാണുവാന്‍ അവള്‍ക്കായില്ല .രഹസ്യമായാണെങ്കിലും തന്‍റെ വിവഹം കഴിഞ്ഞിരിക്കുന്നു .ഒരുമിച്ചു ജീവിക്കുവാന്‍ ആയില്ലെങ്കിലും ഇപ്പോഴും ഭവന്‍ നമ്പൂതിരി തന്‍റെ ഭര്‍ത്താവാണ് അയാളുടെ ഓര്‍മ്മകളുമായി ജീവിക്കുവാനായിരുന്നു അവളുടെ തീരുമാനം .ഭവന്‍ നമ്പൂതിരിയുടെ വേളി കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞുകാണും ഒരു ദിവസം ഭവന്‍ നമ്പൂതിരിയുടെ കാള്‍ വന്ദനയെ തേടിയെത്തി .
"ഞാനിപ്പോള്‍ വിഷമിപ്പിക്കുവാനല്ല വിളിച്ചത് .വന്ദന വിവാഹിതയാവണം എന്ന് പറയുവാനാണ് വിളിച്ചത്. എന്നെ ഉപേക്ഷിച്ചത് എന്തിനാണ് എന്നത് എനിക്ക് നല്ലതുപോലെ അറിയാം .എനിക്ക് വന്ദനയെ മറക്കുവാന്‍ ഈ ജന്മത്തില്‍ ആവില്ല. വേളി കഴിച്ച പെണ്ണിന്‍റെ കൂടെ ജീവിക്കുന്നു എന്നേയുള്ളൂ. എനിക്ക് അവളെ ഭാര്യയായി അംഗീകരിക്കുവാനും ആവുന്നില്ല .ഭര്‍ത്താവ് മക്കള്‍ ഇതൊന്നും ജീവിതത്തില്‍ വേണ്ടാ എന്ന് വെക്കരുത്. എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കില്‍ വന്ദന വിവാഹിതയാവണം "
മറുപടി പറയുവാന്‍ വന്ദനയ്ക്ക് ആയില്ല ഒരു തേങ്ങല്‍ മാത്രം അവളില്‍ അവശേഷിച്ചു .പിന്നീട് പതിവായി ഭവന്‍ നമ്പൂതിരി വന്ദനയ്ക്ക് വിളിക്കുമായിരുന്നു .വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പതിവ് തെറ്റിച്ചിട്ടില്ല .സത്യനാരായണന് രണ്ടു മക്കളാണ് വന്ദനയും, അനിയത്തി രേഷ്മയും രേഷ്മയുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തപ്പെട്ടു. വിവാഹ ശേഷം രേഷ്മ ഭര്‍ത്താവുമൊത്ത് ആസ്ട്രേലിയയിലേക്ക് പോയി. വര്‍ഷാവര്‍ഷം ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോകും .ഇപ്പോള്‍ വന്ദനയും അച്ഛനും ,അമ്മയുമാണ് വീട്ടിലുള്ളത് .മകള്‍ വിവാഹത്തിന് സമ്മതിക്കാത്തത് ഭവന്‍ നമ്പൂതിരിയുമായുണ്ടായ പ്രണയ നൈരാശ്യമാണെന്ന് സത്യനാരായണന് അറിയാം .വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ പതിവായി കരയുന്ന മകളെ ഇപ്പോള്‍ അയാള്‍ നിര്‍ബന്ധിക്കാറില്ല .
അനാമിക അന്തര്‍ജ്ജനം ഇപ്പോള്‍ കര്‍ണാടകയിലെ ഏതോ ജില്ലയിലെ കലക്ടറായി ജോലി നോക്കുന്നു. ഭവന്‍ നമ്പൂതിരി നാട്ടില്‍ത്തന്നെ പഠിച്ചിരുന്ന കലാലയത്തിലെ പ്രഫസറാണ് .അനാമിക അന്തര്‍ജ്ജനത്തിന്‍റെ കൂടെയാണ് മകള്‍ താമസിക്കുന്നത് ,ഭവന്‍ നമ്പൂതിരിയും അനാമിക അന്തര്‍ജ്ജനവും ഒരുമിച്ചു ജീവിക്കുന്നത് വിരളമാണ് .നീണ്ട അവധികള്‍ ലഭിക്കുമ്പോഴാണ് രണ്ടുപേരും ഒരുമിക്കുന്നത് . അനാമിക അന്തര്‍ജ്ജനം കുടുംബബന്ധങ്ങളെക്കാളും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് രാജ്യ സേവനങ്ങള്‍ക്കാണ് .ഇല്ലത്തുള്ളവരെ സന്തോഷിപ്പിക്കുവാന്‍ പേരിനൊരു ഭാര്യ മാത്രമായിരുന്നു ഭവന്‍ നമ്പൂതിരിക്ക് അനാമിക അന്തര്‍ജ്ജനം .അനാമിക അന്തര്‍ജ്ജത്തിനെ വന്ദനയ്ക്ക് പകരമായി കാണുവാന്‍ ഭവന്‍ നമ്പൂതിരിക്കായില്ല.
മേല്‍ക്കൂരയില്‍ മഞ്ഞുപെയ്തു കൊണ്ടിരിക്കുന്നതിനാല്‍ കിടപ്പുമുറിയില്‍ അസഹനീയമായ തണുപ്പായിരുന്നു .തണുപ്പിനാല്‍ വന്ദനയുടെ ശരീരമാകെ കുളിരുന്നുണ്ടായിരുന്നു .കൈകളിലെ എഴുന്നേറ്റുനില്‍ക്കുന്ന രോമകൂപങ്ങളില്‍ അവള്‍ തലോടിക്കൊണ്ടിരുന്നു .പുതച്ചുമൂടിക്കിടന്നിട്ടും ദേഹം വിറച്ചുകൊണ്ടിരുന്നു .ഭവന്‍ നമ്പൂതിരിയെ തനിക്ക് നഷ്ടമായില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നാല്‍ എത്ര കഠിനമായ തണുപ്പും തനിക്ക് സഹിക്കാമായിരുന്നു.അതിനുള്ള ഭാഗ്യം തനിക്ക് ലഭിച്ചില്ല എന്ന് ഓര്‍ത്തപ്പോള്‍ അവളുടെ ഇമകള്‍ നനഞ്ഞു .ഇപ്പോള്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് തന്നെ ക്ഷണിച്ചിരിക്കുന്നു .കൂടെപ്പോയാല്‍ എത്രകാലം തനിക്ക് അദ്ദേഹത്തിന്‍റെ കൂടെ ജീവിക്കുവാനാവും ? ഈ അവധിക്കാലം കഴിയുന്നത് വരെ മാത്രമേ തങ്ങളുടെ ബന്ധത്തിന് ആയുസ്സ് ഉണ്ടാവുകയുള്ളൂ. അതോ ജീവിതാവസാനംവരെ തനിക്ക് അദ്ദേഹത്തിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് ജന്മം നല്‍കി ജീവിക്കുവാനാവുമോ ? അദ്ദേഹം തനിക്ക് വരണമാല്യം ചാര്‍ത്തിയ വിവരം സമൂഹത്തിന് അറിയില്ലല്ലോ . താന്‍ അദ്ദേഹത്തിന്‍റെ കൂടെ പൊറുതിക്ക് പോയാല്‍ ഗ്രാമവാസികള്‍ ഒന്നടങ്കം തന്നെ അഭിസാരിക എന്ന് മുദ്രകുത്തില്ലേ ?ഉത്തരം ലഭിക്കാത്ത അനവധി ചോദ്യങ്ങള്‍ അവളുടെ മനസ്സിനെ കലുക്ഷിതമാക്കി . വന്ദന തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു. വിദ്യാലയത്തില്‍ പോയപ്പോള്‍ ഉറക്കമൊഴിഞ്ഞതിനാല്‍ ക്ഷീണം അവളെ പിടിക്കൂടിയിരുന്നു.
അടുത്ത ദിവസം വിദ്യാലയം അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞു രണ്ടുമാസത്തേക്ക് അടച്ചുപൂട്ടി .ഭവന്‍ നമ്പൂതിരി വരണമാല്യം ചാര്‍ത്തുന്നതിനു മുമ്പ് വരെ വിദ്യാലയത്തിനു അവധി ലഭിക്കുന്ന ദിവസങ്ങളെ അവള്‍ വല്ലാതെ ഇഷ്ട്പ്പെട്ടിരുന്നു .അയാളെ അവള്‍ക്ക് അന്യമായതില്‍പ്പിന്നെ അവധി ദിവസങ്ങളെ അവള്‍ വെറുത്തു .വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചുക്കൊണ്ടിരിക്കും .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം അവളെ വല്ലാതെ ആകുലപ്പെടുത്തിയിരുന്നു .ഭവന്‍ നമ്പൂതിരിക്ക് പകരം മറ്റൊരു പുരുഷനെ മനസ്സില്‍ പ്രതിഷ്ഠിക്കുവാൻ എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് അതിനായില്ല .ഭവന്‍ നമ്പൂതിരി പതിവായി വിളിച്ചു കൊണ്ടിരുന്നു .യാത്രയെക്കുറിച്ച് പറയുമ്പോള്‍ മറുപടി പറയാതെ അവള്‍ ഒഴിഞ്ഞുമാറി . പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി താന്‍ എങ്ങിനെ അദ്ദേഹത്തിന്‍റെ കൂടെ പോകും .ഇനി പോയാല്‍ത്തന്നെ ഉണ്ടായേക്കാവുന്ന കോലാഹലങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഒരു നടുക്കം അവളില്‍ ഉളവായി.
സമയം സന്ധ്യ മയങ്ങിയപ്പോള്‍ ഭവന്‍ നമ്പൂതിരിയുടെ കാള്‍ വന്നു .പതിവില്‍ കൂടുതല്‍ കരങ്ങള്‍ വിറയ്ക്കുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു .ഹൃദയമിടിപ്പിന്‍റെ താളവും ധൃതഗതിയിലായി .അങ്ങേത്തലയ്ക്കല്‍ ഭവന്‍ നമ്പൂതിരിയുടെ ശബ്ദം :
"പോകുവാനുള്ള ഒരുക്കങ്ങള്‍ എവിടെവരെയായി ? അത്യാവശ്യം ധരിക്കുവാനുള്ള വസ്ത്രങ്ങള്‍ മാത്രം കരുതിയാല്‍ മതി .കശ്മീരിലെ ഹിമാലയന്‍ മലനിരകളില്‍ പോയി നമുക്ക് ചേക്കേറാം . സിയാചിനില്‍ താമസിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് സിയാചിൻ എന്ന നാമത്തിന്‍റെ അർത്ഥം അറിയുമോ വന്ദനയ്ക്ക് ?"
" കാട്ടുപനിനീർപ്പൂക്കളുടെ ഇടം എന്നല്ലേ അര്‍ത്ഥം ?"
" അതേ.. കാട്ടുപനിനീർപ്പൂക്കളുടെ ഇടത്തില്‍ പോയി ആപ്പിള്‍ തോട്ടങ്ങളിലും , ചെറി തോട്ടങ്ങളിലും പോയി പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാം .ലളിതാദിത്യ മുക്തപീഠ ചക്രവര്‍ത്തി നിര്‍മിച്ച സൂര്യക്ഷേത്രത്തില്‍ പോയി നമുക്ക് പ്രാര്‍ഥിക്കാം .ലഡാക്കിലെ മലനിരകളില്‍ നിന്നും ഒഴുകി വരുന്ന കണ്ണീർ പോലുള്ളനീർജലത്തില്‍ കുളിക്കാം .മനംമയക്കുന്ന ഭൂപ്രദേശത്ത് നമ്മള്‍ കൊതിച്ച ഒരുമിച്ചുള്ള ജീവിതത്തിന് നാന്ദികുറിക്കാം .വന്ദന എന്തിനാ ഭയക്കുന്നത് ? വന്ദന എന്‍റെ ഭാര്യയാണ്. ആദ്യഭാര്യയ്ക്കുള്ള സ്ഥാനം രണ്ടാം ഭാര്യക്കില്ല .വന്ദനയുടെ മാതാപിതാക്കളുടെ സമ്മതം ഞാന്‍ വാങ്ങിയിട്ടുണ്ട് .എന്നെ ഒഴിവാക്കിയപ്പോള്‍ ഞാന്‍ ആശിച്ചിരുന്നു വന്ദന മറ്റൊരാളെ വിവാഹംകഴിച്ചു സുഖമായി ജീവിക്കുന്നത് കാണുവാന്‍ പക്ഷേ, അങ്ങിനെയൊന്ന് വന്ദനയുടെ ജീവിതത്തില്‍ ഉണ്ടായില്ല .എനിക്ക് അറിയാം ആ മനസ്സ് നിറയെ ഞാനാണെന്ന് .ഇനിയും തന്നെ തനിച്ചാക്കുവാന്‍ എന്നെക്കൊണ്ടാവില്ല .രാവിലെ എട്ടുമണിക്ക് വാഹനവുമായി ഞാന്‍ വീടിന്‍റെ പടിക്കല്‍ എത്തും അപ്പോള്‍ ഇറങ്ങി വരണം "
മറുപടി പറയുന്നതിന് മുന്പ് അയാള്‍ കാള്‍ കട്ടുചെയ്തു .എന്തുചെയ്യണം എന്നറിയാതെ വന്ദന ധര്‍മസങ്കടത്തിലായി .കിടപ്പുമുറിയുടെ പുറത്തുനിന്നും അച്ചന്‍റെ വിളികേട്ടു കതക് തുറന്നപ്പോള്‍ ഒപ്പം അമ്മയുമുണ്ട് .രണ്ടുപേരും കിടപ്പുമുറിയില്‍ കയറി മെത്തയില്‍ ഇരുന്ന് വന്ദനയോട് കസേരയില്‍ ഇരിക്കുവാന്‍ അച്ഛന്‍ ആംഗ്യം കാട്ടി .അവള്‍ കസേരയില്‍ ഇരുന്നപ്പോള്‍ അച്ഛനാണ് സംസാരത്തിന് തുടക്കം കുറിച്ചത് .
" മോള് വിദ്യാലയത്തിലേക്ക് പോയപ്പോള്‍ ഭവന്‍ നമ്പൂതിരി വിളിച്ചിരുന്നു .അയാള്‍ മോളുടെ കഴുത്തില്‍ ക്ഷേത്ര നടയില്‍ വെച്ചു മാലയിട്ട വിവരം അച്ഛന് നേരത്തെ അറിയാമായിരുന്നു .പക്ഷെ ഈ കാലം വരെ അച്ഛന്‍ അതിനെക്കുറിച്ച് മോളോട് സംസാരിച്ചിട്ടില്ല .കാരണം എന്‍റെ മോളുടെ മനസ്സ് അറിഞ്ഞുകൊണ്ട് വിഷമിപ്പിക്കേണ്ടാ എന്ന് കരുതിയാണ് ഒന്നും അച്ഛന്‍ പറയാതെയിരുന്നത് .എത്ര വിവാഹാലോചനകള്‍ മോള്‍ക്കായി അച്ഛന്‍ അന്വേഷിച്ചു. എല്ലാം മോള് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി .അച്ഛന് അറിയാം മോളുടെ മനസ്സില്‍ നിന്നും അയാള്‍ ഒഴിഞ്ഞുപോയിട്ടില്ലാ എന്ന്. ഇനിയുള്ള മോളുടെ ജീവിതത്തില്‍ അങ്ങിനെയൊന്ന് ഉണ്ടാകുമെന്ന് അച്ഛന് വിശ്വാസവും ഇല്ല .മോള് അയാളുടെ കൂടെ പോകുവാന്‍ തയ്യാറായിരുന്നുക്കൊള്ളൂ .ആഗ്രഹിച്ച ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അത് നിഷേധിക്കേണ്ട .മറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല .ആരും അന്വേഷിക്കുവാന്‍ വരില്ല കാരണം വരുന്നവര്‍ക്ക് നന്നായി അറിയാം അയാളുടെ ആദ്യ ഭാര്യയുടെ കൂടെയാണ് അയാള്‍ പോയിരിക്കുന്നത് എന്ന് "
കിടപ്പുമുറിയില്‍ നിന്നും പോകുവാന്‍ തുനിഞ്ഞ അച്ഛനെ കെട്ടിപ്പിടിച്ചു വന്ദന പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു :
" എന്താ അച്ഛന്‍ ഈ പറയുന്നേ ? ഭാര്യയും മകളുമുള്ള അദ്ദേഹത്തിന്‍റെ കൂടെ ഞാന്‍ പോകണമെന്നോ ? വേണ്ട ആരുടേയും ജീവിതം തട്ടിപ്പറിക്കുവാന്‍ എന്നെക്കൊണ്ടാവില്ല .ശിഷ്ട കാലം ജീവിച്ചു തീര്‍ക്കുവാന്‍ അദ്ദേഹം എനിക്ക് നല്‍കിയ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ മാത്രം മതിയെനിക്ക് "
മകളുടെ നെറുകയില്‍ തലോടിക്കൊണ്ട് അച്ഛന്‍ പറഞ്ഞു :
"വിവാഹപ്രായം കഴിഞ്ഞു വിവാഹജീവിതം ലഭിക്കാതെ ജീവിക്കുന്ന മകളുടെ പിതാവിന്‍റെ മനോവിഷമം എന്‍റെ മോള്‍ക്ക് മനസ്സിലാവില്ല .അച്ഛന്‍റെ തീരുമാനം ഞാന്‍ എന്‍റെ മോളെ അറിയിച്ചു .ഇനി എന്ത് തീരുമാനം വേണമെങ്കിലും എന്‍റെ മോള്‍ക്ക് എടുക്കാം "
അച്ഛന്‍റെ വാക്കുകള്‍ അവളെ കൂടുതല്‍ ധര്‍മ്മസങ്കടത്തിലാക്കി ..ഭവന്‍ നമ്പൂതിരിയോടുള്ള തന്‍റെ അഗാധമായ പ്രണയത്തിന്‍റെ സായൂജ്യം നേടുവാന്‍ അവസരം ലഭിച്ചിരിക്കുന്നു പക്ഷെ . ഇപ്പോള്‍ താന്‍ അദ്ദേഹത്തിന്‍റെ കൂടെ പൊറുക്കുവാന്‍ പോയാല്‍ സമൂഹം അത് അംഗീകരിക്കില്ല .അഭിസാരിക എന്ന് സമൂഹം ഒന്നടങ്കം തന്നെ മുദ്രകുത്തും .ഒരു ഉറച്ച തീരുമാനം എടുക്കുവാന്‍ കഴിയാതെ വന്ദന തിരിഞ്ഞും മറിഞ്ഞും കിടന്നു . മേല്‍കൂരയില്‍ മഞ്ഞു പെയ്തു കൊണ്ടിരുന്നതിനാല്‍ കിടപ്പുമുറിയിലെ തണുപ്പ് അവള്‍ക്കു അസഹനീയമായി തോന്നിപ്പിച്ചു . പ്രണയാര്‍ദ്രമായ സ്വപ്നങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി അവളുടെ മനം തുടിക്കുന്നുണ്ടായിരുന്നുവെങ്കിലും .സമൂഹം അംഗീകരിക്കാത്ത ബന്ധത്തിന് നാന്ദി കുറിക്കുവാന്‍ അവളുടെ മനസ്സ് വിസമ്മതിച്ചു .കലുക്ഷിതമായ മനസ്സിനെ ആശ്വസിപ്പിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്കാവുന്നുണ്ടായിരുന്നില്ല .നിദ്രാവിഹീനയായ അവള്‍ ഉറങ്ങുവാനായി ഇമകള്‍ ഇറുക്കിയടച്ചു .അപ്പോള്‍ ഭവന്‍ നമ്പൂതിരി അയാളുടെ കിടപ്പുമുറിയില്‍ യാത്രയ്ക്കായി കൊണ്ടുപോകെണ്ടുന്ന വസ്ത്രങ്ങള്‍ തിരഞ്ഞു വെക്കുകയായിരുന്നു .
ശുഭം