ചിന്താക്രാന്തൻ

5 February 2013

ലേഖനം.കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളിവന്നോ

     
മലയാളസിനിമയുടെ പൊന്‍തൂവലായി ഒരു ഗാനം  കൂടി 
പിറവിയെടുത്തിരിക്കുന്നു.എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ല അത്രയ്ക്ക് മനോഹരമായിരിക്കുന്നു ഈ ഗാനം .ഇനിയും റിലീസ് ചെയ്യാത്ത വിഗതകുമാരന്‍റെ നിര്‍മാതാവായ  ജെ.സി .ഡാനിയലിന്‍റെ ജീവിത കഥ പറയുന്ന സെല്ലുയോടിലെ   കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളിവന്നോ  എന്ന ഗാനം ശ്രവിച്ചാല്‍   ഒരു മഴ പെയ്തു തോര്‍ന്ന പ്രതീതിയാണ് തോന്നുക .   റഫീക്ക്‌ അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും എഴുതിയ വരികള്‍ക്ക് എം .ജയചന്ദ്രന്‍റെ  ഈണത്തില്‍    ജി. സ്രിരാമും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

      മലയാള സിനിമയിലെ ആദ്യ നായിക എന്ന വിശേഷണത്തിനര്‍ഹയായി ജീവിതത്തിലെ ദുരന്തനായികയായി മാറിയ പി.കെ. റോസിയുടെയും ജെ.സി. ഡാനിയേലിന്‍റെയും  ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജ് ജെ.സി. ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവായ, സംവിധായക വേഷമണിയുന്ന ചിത്രത്തില്‍ പുതുമുഖം ചാന്ദ്‌നിയാണ് നായിക. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിനു എബ്രഹാമിന്‍റെ 'നഷ്ടനായിക' എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്‍റെ ജെ.സി. ഡാനിയേല്‍ ജീവചരിത്രത്തെയും ആധാരമാക്കിയാണ് കമല്‍ 'സെല്ലുലോയ്ഡ്' ഒരുക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനത്തിനൊപ്പം തിരക്കഥയും, നിര്‍മാണവും കമല്‍ നിര്‍വഹിക്കുന്നു.


                         മനോഹരമായ ഗാനത്തിന്‍റെ ഈരടികള്‍ 


കാറ്റേ കാറ്റേ നീ പൂക്കാമരത്തില് 
പാട്ടും മൂളി വന്നോ..
പാട്ടും മൂളി വന്നോ..

ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
ആകേ തേന്‍ നിറഞ്ഞോ..ആകേ തേന്‍ നിറഞ്ഞോ.. 

ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
തൂവല്‍ വീശി നിന്നോ...തൂവല്‍ വീശി നിന്നോ...( കാറ്റേ കാറ്റേ...)

ഇന്നലെയെങ്ങോ പോയ്മറഞ്ഞൂ
ഇന്നൊരു സ്വപ്നം കൂടെ വന്നൂ‍
വെന്തുകരിഞ്ഞൊരു ചില്ലകളില്‍
ചെന്തളിരിന്‍ തല പൊന്തിവന്നൂ
കുഞ്ഞിളം കൈ വീശി വീശി
ഓടിവായോ പൊന്നുഷസ്സേ
കിന്നരിക്കാന്‍ ഓമനിക്കാന്‍
മുത്തണിപൂ തൊട്ടിലാട്ടി
കാതില്‍ തേന്മൊഴി ചൊല്ലാമോ..(കാറ്റേ കാറ്റേ...)

വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളി നിലാവിന്‍ തേരുവന്നു
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിന്‍ കോലൊഴിഞ്ഞു
ഇത്തിരിപ്പൂ മൊട്ടുപോലെ
കാത്തിരിപ്പൂ കണ്‍പീലിയാല്‍
തത്തിവരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലതു നേരാമോ...

കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു
പാട്ടും മൂളി വന്നോ..
ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
ആകേ തേന്‍ നിറഞ്ഞൂ..ആകേ തേന്‍ നിറഞ്ഞൂ.. 

ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവും കായും വന്നൂ
മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
തൂവല്‍ വീശി നിന്നൂ...തൂവല്‍ വീശി നിന്നൂ.


                                      കാറ്റേ കാറ്റേ എന്ന യുഗ്മഗാനം ജി ശ്രീറാമൊത്ത് ആലപിച്ചു കൊണ്ട് ചലച്ചിത്ര പിന്നണി ഗായികയായ തുടക്കമിട്ട വിജയലക്ഷ്മി 

                                              ശുഭം

rasheedthozhiyoor@gmail.com

2 February 2013

ശിഥിലമായ ആദ്യാനുരാഗം


ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
ആദ്യസമാഗമത്തില്‍ 
നയനമനോഹരമായ
ചാരുതയാര്‍ന്ന അവളുടെ
 മുഖഭാവം കണ്ടപ്പോള്‍
അയാളുടെ  മനസ്സു മന്ത്രിച്ചു .
ഇവളാണ് നിന്‍റെ  പ്രേയസിയെന്ന്‍. .
 അയാള്‍  ഇതുവരെ  മറ്റാരിലും കാണാത്ത
 തിളക്കമുള്ള വലിയ നയനങ്ങളില്‍ നിന്നുള്ള
 തീക്ഷ്ണമായ നോട്ടത്തിന്‍റെ അനന്തരഫലം .
അയാളുടെ  സിരകളിലൂടെ പ്രവഹിക്കുന്ന
 രക്തത്തിന്‍റെ വേഗത കൂടിയതിന്‍റെ 
പരിണിതഫലം ഹൃദത്തിന്‍റെ
 മിടിപ്പിലും അയാളില്‍  മാറ്റൊലികൊണ്ടു.
ആദ്യാനുരാഗത്തിന്‍റെ വൈകാരികമായ
അനുഭൂതിയുടെ സുഖം ഇതുവരെ
അറിയാത്ത നവ്യാനുഭവമായി
 അയാളില്‍  അലയടിച്ചു കൊണ്ടിരുന്നു.
അയാളുടെ പ്രണയ സങ്കല്പങ്ങളിലെ
വശ്യമനോഹരമായ മുഖകാന്തിയുള്ള 
രാജകുമാരി എന്നും നിദ്രയുടെ
മൂര്‍ദ്ധന്യത്തില്‍ സ്വപ്നലോകത്ത്
അയാളോടൊപ്പം  ചടുലമായ  ആനന്ത നൃത്തം 
നടനമാടുന്നവള്‍  തന്‍റെ   
കണ്മുന്നില്‍ സന്നിഹിതയായിരിക്കുന്നു 
എന്ന തോന്നല്‍ മനസ്സിന് തെല്ലൊന്നുമല്ല 
അയാള്‍ക്ക്‌  ആനന്ദം നല്‍കിയത് .
ജീവിതാഭിലാഷം പൂവണിയുമെന്ന 
ആത്മവിശ്വാസം .
അയാളെ  മാലാഖ പോലെയുള്ള
അവളുടെ അരികിലേക്ക് ആനയിച്ചു.
വിറയാര്‍ന്ന സ്വരത്താല്‍ പേരെന്താണെന്ന 
അയാളുടെ  ചോദ്യത്തിന് മധുരിമയാര്‍ന്ന 
സ്വരത്താല്‍ അവള്‍ ഉത്തരം 
മൊഴിഞ്ഞു കൊണ്ട്‌. മന്ദഹസിച്ചു അയാളുടെ 
 നയനങ്ങളിലേക്ക് തന്നെ കണ്ണിമകള്‍ 
അടയ്ക്കാതെ നോക്കിനില്‍ക്കെ .
പ്രേയസിയുടെ നോട്ടത്തിന്‍റെ അര്‍ത്ഥം 
അയാള്‍ മനസ്സില്‍ കണ്ടു  .തന്നെ 
 ഇഷ്ടമാണ് നൂറുവട്ടം .
ഇവളാണ്‌ ഇവള്‍ തന്നെയാണ്
താന്‍  തേടിയിരുന്ന പ്രിയസഖി  എന്ന് 
മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് 
അടുത്ത ചോദ്യം ഉന്നയിക്കുവാന്‍ 
 അയാള്‍ തുനിഞ്ഞപ്പോള്‍. 
ദൂരെനിന്നും കളികഴിഞ്ഞ് അവളുടെ 
അരികിലേക്ക് ഓടി അടുക്കുന്ന കുഞ്ഞിന്‍റെ
അമ്മേയെന്ന ഉച്ചത്തിലുള്ള വിളി അയാളുടെ 
ചോദ്യം പാതിവഴിയില്‍ മുറിഞ്ഞു .
സൂക്ഷ്മമായി അയാള്‍ അവളുടെ കഴുത്തിലേക്ക്
നോക്കിയപ്പോള്‍ കണ്ട മംഗല്യസൂത്രം
 അയാളുടെ സിരകളിലെ  രക്തയോട്ടം
മന്ദഗതിയിലാവുന്നത്  ഹൃദയവേദനയോടെ 
അയാള്‍ തിരിച്ചറിഞ്ഞു.
 ആദ്യാനുരാഗം ശിഥിലമായ
ഹൃദയവേദനയോടെ പരാജയപെട്ട 
ആദ്യാനുരാഗ അനുഭവ  ഭാണ്ഡകെട്ടും  
പേറി വിദൂരതയിലേക്ക് അയാള്‍   നടന്നു നീങ്ങി  .
                                       ശുഭം 


        rasheedthozhiyoor@gmail.com .    

27 January 2013

ചെറുകഥ :മിഴിനീര്‍കണങ്ങള്‍

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ്  ഡ്രോയിംഗ്

                       

                               മണലാരണ്യത്തിലെ നീണ്ട പതിനഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, നാട്ടിലേക്ക് പോകുവാന്‍ രാമചന്ദ്രന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു .പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് അബുദാബിയിലേക്ക് യാത്ര തിരിക്കുമ്പോഴുണ്ടായിരുന്ന ആഗ്രഹങ്ങള്‍ ഒന്നൊഴികെ ഏറെക്കുറെ അയാളില്‍ സഫലമായിരിക്കുന്നു .പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍  നിറവേറ്റി യതിലുള്ള ആത്മ സംതൃപ്തിയോടെയാണ് അയാള്‍ തിരികെ ജന്മനാട്ടിലേക്ക് പോകുന്നത് . ജോലിയില്‍നിന്നും വിരമിക്കുന്നതിനുള്ള അപേക്ഷ അടുത്തദിവസം പട്ടണത്തിലുള്ള ഓഫീസില്‍ പോയി കൊടുക്കുവാന്‍ അയാള്‍ തീരുമാനിച്ചു.

തന്‍റെ കിടപ്പു മുറിയില്‍ കൂടെ താമസിക്കുന്ന രണ്ടുപേരും ഉറക്കമായിട്ടും അയാള്‍ക്ക്‌ ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ജീവിതത്തില്‍നിന്നും കൊഴിഞ്ഞു പോയ താളുകള്‍  അയാളുടെ മനസ്സിലേക്ക്  ഓടിയെത്തി.കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അയാളുടെ ജനനം.കുഞ്ഞുനാളിലെ അയാളുടെ ആഗ്രഹം, ഉന്നതവിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനാകണം എന്ന് തന്നെയായിരുന്നു. കര്‍ഷക കുടുംബത്തില്‍ ജനിച്ച അയാള്‍ വളരെയധികം സന്തോഷത്തോടെയാണ് ബാല്യകാലം ചിലവഴിച്ചിരുന്നത്.പക്ഷെ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല .

 കാര്‍ഷിക വിളകള്‍ വിറ്റു ലഭിക്കുന്ന തുകയായിരുന്നു വീട്ടിലെ ഉപജീവനമാര്‍ഗ്ഗം .പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് മുഴുനീള കര്‍ഷകനായ അച്ഛന്‍റെ പെട്ടന്നുള്ള  മരണം ഉന്നതവിദ്യാഭ്യാസം നേടുക എന്ന ആഗ്രഹം അയാള്‍ക്ക്‌ ഉപേക്ഷിക്കേണ്ടി വന്നു .അന്ന് പതിവുപോലെ തൊടിയിലെ പണികള്‍ കഴിഞ്ഞ് അച്ഛന്‍ കവലയില്‍ പോയി വീട്ടിലേക്ക്‌ അവശ്യസാധനങ്ങള്‍ വാങ്ങി തിരികെ പോരുമ്പോള്‍ സമയം നന്നേ ഇരുട്ടിയിരുന്നു.പടിപ്പുരയില്‍ നിന്നും  ,,രാമാ..... ,,എന്നുള്ള അച്ഛന്‍റെ നീട്ടിയുള്ള വിളി കേട്ടപ്പോള്‍ അയാള്‍ ഓടി പടിപ്പുരയില്‍ എത്തി . അപ്പോള്‍  അച്ഛന്‍ കയ്യിലെ സഞ്ചി താഴെ വെച്ച് പടിപുരയുടെ  വരാന്തയില്‍ രണ്ടു കൈകളും വലതു കാലില്‍ മുട്ടിനു താഴെ മുറുകെ  പിടിച്ചിരിക്കുകയായിരുന്നു .അയാളെ കണ്ടതും അച്ഛന്‍ പറഞ്ഞു .

,, രാമാ അച്ഛന്‍റെ കാലില്‍ ഇടവഴിയില്‍ നിന്നും എന്തോ കടിച്ചു .അച്ഛന് വേദന സഹിക്കുവാന്‍ കഴിയുന്നില്ല മോനെ  .ഇനി ഒരടിപോലും നടക്കുവാന്‍ അച്ചനെകൊണ്ടാവില്ല . മോന്‍ പോയി  അമ്മയോട് ഇവിടേക്ക് വരുവാന്‍ പറയു ,,

.രാമചന്ദ്രന്‍ അടുക്കളയിലേക്ക്  ഓടിപ്പോയി അമ്മയെ വിളിച്ചു  തിരികെയെത്തിയപ്പോഴേക്കും .അച്ഛന്‍ വരാന്തയില്‍  കിടക്കുന്ന നിലയിലായിരുന്നു . അച്ഛന്‍റെ ശരീരമാസകലം അപ്പോള്‍  നീല നിറമായി കാണപെട്ടു .അമ്മ  അച്ഛന്‍റെ അരികിലെത്തിയതും ,, ചതിച്ചുലോ  ഈശ്വരാ ..,,
എന്ന് പറഞ്ഞ് അച്ഛന്‍റെ ശിരസ്സ് മടിയില്‍വെച്ചു പൊട്ടി കരയുവാന്‍ തുടങ്ങി .
അമ്മയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടി കൂടുവാന്‍ തുടങ്ങി  .കൂടി നിന്നവരില്‍ ചിലര്‍ അടക്കം പറയുന്നുണ്ടായിരുന്നു .
,, വിഷം തീണ്ടിയെന്നാ തോന്നുന്നത് ,,
അടുത്ത വീട്ടിലെ ദിവാകരേട്ടന്‍ തിടുക്കത്തില്‍ വാഹനവുമായി വന്നപ്പോള്‍ ഓടി കൂടിയിരുന്നവരില്‍ ചിലര്‍ അച്ഛനെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.പിന്നീടുള്ള നിമിഷങ്ങള്‍ വേവലാതിയുടേതായിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീടിനു മുന്‍പില്‍ അംബുലന്‍സ് വന്നു നിന്നു.ആരൊക്കെയോ ചേര്‍ന്നു അച്ഛന്‍റെ മൃതദേഹം പൂമുഖത്ത് വിരിച്ച പായയില്‍ കിടത്തി.

ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്‌ തന്നോട് സംസാരിച്ച അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞു എന്ന നഗ്നസത്യം ഉള്‍ക്കൊള്ളുവാന്‍ രാമചന്ദ്രന് എത്ര ശ്രമിച്ചിട്ടും കഴിയുന്നുണ്ടായിരുന്നില്ല.സ്നേഹസമ്പന്നനായ കുടുംബനാഥന്‍റെ വേര്‍പാട്‌ ആ കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി.മുത്തശ്ശനേയും മുത്തശ്ശിയേയും അമ്മയേയും രണ്ടു സഹോദരിമാരേയും പോറ്റാന്‍ വിദ്യാഭ്യാസം രാമചന്ദ്രന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.ഗള്‍ഫിലേക്ക്‌ യാത്രതിരിക്കുവാന്‍ അയാള്‍ അഹോരാത്രം  പരിശ്രമിച്ചുകൊണ്ടേയിരുന്നു .അവധിക്ക് നാട്ടില്‍ വന്ന  ബന്ധുവിനോട് വിസ തരപെടുത്തുവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അയാളോട് പറഞ്ഞു .

,,കൈത്തൊഴില്‍ എന്തെങ്കിലും അറിയാതെ ഇപ്പോള്‍ ഗള്‍ഫില്‍ വന്നിട്ട് നല്ലൊരു തൊഴില്‍ ലഭിക്കുക എന്നത് അസാദ്ധ്യമാണ് ...  ....., ഒരു വര്‍ഷത്തെ പൈപ്പ് വെല്‍ഡിംഗ് കോഴ്സ്‌  പഠിക്കുകയാണെങ്കില്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍  വിസ  തരപെടുത്താം ,,

ബന്ധു പറഞ്ഞതു പ്രകാരം രാമചന്ദ്രന്‍ പട്ടണത്തില്‍  പൈപ്പ് വെല്‍ഡിംഗ് കോഴ്‌സ് പഠിക്കുവാനായി  ചേര്‍ന്നു.ഒഴിവുസമയങ്ങളില്‍ അച്ഛന്‍ പരിപാലിച്ചിരുന്ന  കൃഷിയിടം അയാള്‍ക്ക്‌ ആവുംവിധം പരിപാലിച്ചു.സഹോദരിമാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം എന്നതായിരുന്നു അപ്പോഴത്തെ അയാളുടെ ഏറ്റവുംവലിയ ആഗ്രഹം .അമ്മയുടെ സഹോദരന്‍റെ മകള്‍ ഇന്ദുലേഖയെ അയാള്‍ക്ക്‌ ഇഷ്ടമായിരുന്നു .അമ്മയുടെ വീട്ടിലേക്ക് നടന്നു പോകുവാനുള്ള ദൂരമേയുള്ളു. അച്ഛന്‍ അമ്മയെ പ്രണയിച്ചു വിവാഹം കഴിക്കുകയയ്യിരുന്നു .
ഒഴിവുസമയങ്ങളില്‍ ഇന്ദുലേഖ രാമചന്ദ്രന്‍റെ വീട്ടില്‍ സഹോദരിമാരുടെ കൂടെയാണ് സമയം ചിലവഴിച്ചിരുന്നത് .ഇന്ദുലേഖയുടെ എപ്പോഴുമുള്ള വരവിന്‍റെ ഉദ്ദേശം രാമചന്ദ്രനെ കാണുക എന്നതു തന്നെയാണ് .ഒരു വര്‍ഷത്തെ പൈപ്പ് വെല്‍ഡിംഗ് കോഴ്സ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധു വാക്ക്‌ പാലിച്ചു.വിസ ലഭിച്ച് പത്താം പക്കം രാമചന്ദ്രന്‍ മണലാരണ്യത്തിലേക്ക്  യാത്ര തിരിച്ചു .

ഗള്‍ഫിലെ അയാളുടെ ജീവിതം ആയാസകരമായിരുന്നില്ല .മരുഭൂമിയില്‍ എണ്ണ പൈപ്പ്‌ലൈന്‍ കൂട്ടി യോജിപ്പിക്കുന്ന തൊഴിലാണ് അയാള്‍ക്ക്‌ ലഭ്യമായത് വേനല്‍ക്കാലത്ത്.കഠിനമായ വെയിലിലും ശീതകാല ത്ത് കഠിനമായ തണുപ്പിലും ആത്മബലം ചോര്‍ന്നു പോകാതെ  മോഹങ്ങളുടെ സാക്ഷാത്കാരത്തിനായി അയാള്‍ തൊഴിലെടുത്തുകൊണ്ടേയിരുന്നു.
വര്‍ഷങ്ങളുടെ കഠിനപ്രയത്നത്തിന്‍റെ ഫലമായി പുതിയ വാര്‍ക്ക വീട് പണിയുകയും സഹോദരിമാരെ വിവാഹംചെയ്‌തയക്കുകയും ചെയ്തപ്പോഴേക്കും അയാളുടെ വിവാഹപ്രായം അധികരിച്ചിരുന്നു .
ഇന്ദുലേഖയെ അയാള്‍ക്ക്‌ നഷ്ടമായി. ഇന്ദുലേഖയുടെ വിവാഹം കഴിഞ്ഞതില്‍ പിന്നെ  വിവാഹത്തെ കുറിച്ച് അയാള്‍ ചിന്തിച്ചിരുന്നില്ല.ഇളയ  സഹോദരിയുടെ വിവാഹം അടുത്തകാലത്ത് കഴിഞ്ഞതില്‍ പിന്നെ അമ്മ ഇപ്പോള്‍ ഇടക്കിടെ അയാളെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു .

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതുവരെയുള്ള  ജീവിതത്തിന്‍റെ പാതിയും പ്രിയപെട്ടവര്‍ക്കായി ജീവിച്ചു തീര്‍ത്ത ഗള്‍ഫിലെ മണലാരണ്യത്തിലെ ജീവിതത്തില്‍ നിന്നും അയാള്‍  എന്നെന്നേക്കുമായി വിടവാങ്ങി.നാട്ടിലെത്തിയ രാമചന്ദ്രന്‍  തൊടിയിലെ കൃഷി പുനരാരംഭിച്ചു.ഒരു പശുവിനേയും കിടാവിനേയും വാങ്ങിച്ചു. ശിഷ്ടകാലം മുഴുനീള കര്‍ഷകനായി ജീവിക്കണം എന്നതായിരുന്നു അയാളുടെ ആഗ്രഹം .അമ്മ അയാള്‍ക്കൊരു  വധുവിനായുള്ള  അന്വേഷണം ധൃതഗതിയില്‍  ആരംഭിച്ചു.

അയാള്‍ നാട്ടിലെത്തിയിട്ട് മാസം മൂന്ന്‍ കഴിഞ്ഞു .ഈ കാലയളവില്‍ ഒരുപാട് പെണ്‍കുട്ടികളെ പോയി കണ്ടുവെങ്കിലും അയാള്‍ക്ക് ഇഷ്ടപെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അയാളില്‍ കണ്ട കുറവ് അയാള്‍ക്ക്‌  പ്രായം കൂടുതല്‍ ആയി എന്നതായിരുന്നു .നീണ്ട അന്യേഷണങ്ങള്‍ക്ക് ഒടുവില്‍ അടുത്ത ജില്ലയില്‍ നിന്നും ഒരു ബന്ധം ശെരിയായി .കോടതിയില്‍ ഗുമസ്തനായി ജോലിനോക്കുന്ന ഹരിഹരന്‍റെ   മകളായിരുന്നു വധു . സുചിത്ര എന്നായിരുന്നു അവളുടെ പേര്.  മൂന്ന്‍ പെണ്‍മക്കളില്‍ മൂത്തമകളാണ് സുചിത്ര .  എല്‍ പി  സ്കൂള്‍ അധ്യാപികയായ അവളുടെ കുടുംബം  സാമ്പത്തീകമായി വളരെയധികം കഷ്ടതകള്‍ അനുഭവിക്കുന്നത് കൊണ്ട് പ്രായത്തില്‍ അധികമൊന്നും വ്യത്യാസം ഇല്ലാത്ത  അനിയത്തിമാരുടെ വിവാഹം ആദ്യം നടക്കട്ടെ എന്ന് സുചിത്ര തീരുമാനിക്കുകയായിരുന്നു .
ഹരിഹരന്‍റെ വേതനം മക്കളുടെ വിദ്യാഭ്യാസ ചിലവുകളും വീട്ടിലെ ചിലവുകളും കഴിഞ്ഞാല്‍ മിച്ചം വെയ്ക്കുവാന്‍ ഒന്നും തന്നെ ബാക്കി  ഉണ്ടായിരുന്നില്ല .സുചിത്ര അദ്ധ്യാപനം കഴിഞ്ഞു വന്നാല്‍ വീട്ടില്‍ തയ്യല്‍ ജോലിയും ചെയ്തിരുന്നു .അതുകൊണ്ട് തന്നെ സുചിത്ര എപ്പോഴും തിരക്കിലായിരുന്നു .

വിശ്രമം ഇല്ലാതെ ജോലി ചയ്തു ലഭിച്ച വേതനം സ്വരൂപിച്ച്‌ അനിയത്തിമാരുടെ വിവാഹം നടത്തി .ഇപ്പോള്‍ സുചിത്രയ്ക്ക് വയസ്സ് ഇരുപത്തൊന്‍പത് കഴിഞ്ഞിരിക്കുന്നു.  ഏറ്റവും ഇളയ സഹോദരിയുടെ വിവാഹ ചിലവുകള്‍ക്ക് രൂപ തികയാതെ വന്നപ്പോള്‍ ആകെയുള്ള പത്തു സെന്‍റ് പുരയിടം ബാങ്കില്‍ പണയപെടുത്തി മൂന്നു ലക്ഷം രൂപ കടമെടുത്തിരുന്നു .ഹരിഹരന്‍ സുചിത്രയെ  വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ അവള്‍ പറയും .

,, എന്‍റെ അച്ഛാ ഇത്രേം പ്രായമായ എന്നെ കെട്ടാന്‍ ഇനി ആരാ വരുവാന്‍ പോകുന്നെ .ഈ വര്‍ഷം അച്ഛന്‍ ജോലിയില്‍ നിന്നും വിരമിക്കുവാന്‍ പോകുകയല്ലെ എന്നെ വിവാഹം ചെയ്തയച്ചാല്‍ ബാങ്കിലെ കടം ആര് വീട്ടും .
ഇനി എന്നെ വിവാഹം ചെയ്തയക്കണം  എന്ന് തന്നെയാണ് അച്ഛന്‍റെ നിര്‍ബ്ബന്ധമെങ്കില്‍   ബാങ്കിലെ കടം തീര്‍ത്തിട്ട് നമുക്ക് വിവാഹത്തെ കുറിച്ച്  ആലോചിക്കാം ,,

 അവളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഹരിഹരന്‍റെ കണ്ണുകള്‍ നിറയുന്നത് കാണുമ്പോള്‍ സുചിത്ര പറയും  .

,, ഈ അടുത്ത കാലത്തായി അച്ഛന് എന്നോട് പറയുവാന്‍ എന്‍റെ വിവാഹ കാര്യം മാത്രമേയുള്ളൂ  .എനിക്ക് ഒരു  സങ്കടവും ഇല്ല . ഞാന്‍ അച്ഛനേം അമ്മേനേം   പരിപാലിച്ചു ഇവിടെ ജീവിച്ചോളാം.വിവാഹത്തെ കുറിച്ച് അച്ഛനെന്നോട് സംസാരിക്കാതെയിരുന്നാല്‍ മാത്രം മതി എനിക്ക് .,,

,, എന്താ എന്‍റെ കുട്ടി ഈ പറയുന്നേ .അച്ഛനും അമ്മേം എന്നും ഉണ്ടാകുമോ എന്‍റെ മോള്‍ക്ക്‌ കൂട്ടിന്.ഞങ്ങള്‍ക്ക് പ്രായമായി വരികയല്ലേ .വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ  അച്ഛനമ്മമാരുടെ മനസ്സിന്‍റെ വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയു .ഞാനില്ല എന്‍റെ മോളോട് തര്‍ക്കിക്കുവാന്‍ .,,

രാമചന്ദ്രന്‍ സുചിത്രയെ ആദ്യമായി പെണ്ണ് കണ്ടു പോയി .അയാള്‍ അവളില്‍ ഒരു കുറവും കണ്ടില്ല .വിവാഹ നിശ്ചയ തിയ്യതി  തീരുമാനിക്കുവാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ .രാമചന്ദ്രന്‍റെ മൊബൈല്‍ഫോണ്‍ നമ്പര്‍ തേടി പിടിച്ച് അവള്‍ അയാള്‍ക്ക്‌ വിളിച്ച് നേരില്‍ സംസാരിക്കണം എന്നു പറഞ്ഞു .
അവള്‍ പറഞ്ഞതു പ്രകാരം സ്കൂളില്‍ സുചിത്രയെ കാണുവാനായി രാമചന്ദ്രന്‍ ചെന്നു.പ്രധാന അധ്യാപികയുടെ അനുമതി വാങ്ങി സുചിത്ര അയാളോടൊപ്പം നടന്നു .കുറച്ചു ദൂരം നടന്നപ്പോള്‍ അവളാണ് സംസാരത്തിന് തുടക്കമിട്ടത്.

,, അങ്ങയെ  കുറിച്ച് കൂടുതല്‍ ഒന്നും തന്നെ  എനിക്ക് അറിയില്ല .ഇപ്പോള്‍ ഏതാണ്ട് നമ്മുടെ വിവാഹം നടക്കും എന്ന് ഉറപ്പായി .നിങ്ങളെ പോലെ ഞാനും കുടുംബത്തിന് വേണ്ടിയാണ് വിവാഹം മാറ്റി വെച്ചത് .ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു ലക്ഷംരൂപയുടെ കടം കൂടി വീട്ടുവാനുണ്ട് .അച്ഛന്‍ അടുത്ത്‌ തന്നെ ജോലിയില്‍ നിന്നും വിരമിക്കും. അതുകൊണ്ട് നമ്മുടെ വിവാഹം കഴിഞ്ഞാല്‍ ജോലിയില്‍ തുടരുവാന്‍ അങ്ങ് എന്നെ അനുവദിക്കുമോ ?.,,

,, സത്യത്തില്‍ നമ്മുടെ വിവാഹം കഴിഞ്ഞാല്‍ സുചിത്രയെ ജോലിക്ക് അയക്കില്ല എന്നാണ് എന്‍റെ തീരുമാനം കാരണം നമുക്ക് പ്രായം ഒത്തിരി ആയില്ലേടോ.ഇനിയുള്ളകാലം ഇയാള് എപ്പോഴും എന്‍റെ അരികില്‍ ഉണ്ടാകണം എന്നാണ് എന്‍റെ ആഗ്രഹം . വീട്ടിലെ അവസ്ഥയെ കുറിച്ച്  എല്ലാം അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു .
സ്ത്രീധനം ആയി നയാപൈസപോലും എനിക്ക് വേണ്ട എന്ന് പറഞ്ഞതു കൊണ്ട് തന്നെയാണ് സുചിത്രയുടെ അച്ഛന്‍ നമ്മുടെ വിവാഹ കാര്യവുമായി മുന്‍പോട്ടു നീങ്ങുന്നത് .പിന്നെ ബാങ്കിലെ  കടം വീട്ടുവാനുള്ള കഴിവൊക്കെ ഈശ്വരന്‍റെ കടാക്ഷം കൊണ്ട് ഇപ്പോള്‍  എനിക്കുണ്ട്  .കടം വീട്ടുവാനായി സുചിത്ര അദ്ധ്യാപനം  തുടരണമെന്നില്ല .പിന്നെ കുരുന്നു മക്കള്‍ക്ക്‌ നാലക്ഷരം പഠിപ്പിക്കുന്നത്‌ പുണ്ണ്യ കര്‍മം ആയതുകൊണ്ട് അദ്ധ്യാപനം തുടരാം എന്ന് മാത്രം ,,

രാമചന്ദ്രന്‍ വാക്കുകള്‍ സുചിത്രയുടെ കണ്ണുകള്‍ ഈറനണിയിച്ചു.അയാള്‍ അവളുടെ കണ്ണുനീര്‍ തുടച്ചു കൊണ്ടു പറഞ്ഞു .

,, എന്താടോ താന്‍  ഇങ്ങിനെ .വേഗം സങ്കടം വരുന്ന പ്രകൃതകാരിയാണല്ലേ  നമ്മുടെ വിവാഹം കഴിഞ്ഞാല്‍ പിന്നെ എപ്പോഴും ഇങ്ങിനെ സങ്കടപെടുവാന്‍ പാടില്ലാട്ടോ ,,

അയാളുടെ വാക്കുകള്‍ അവള്‍ക്ക് അയാളിലുള്ള വിശ്വാസത്തെ അധികരിപ്പിച്ചു .ഏതൊരു സ്ത്രീയും ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നതൊക്കെ അയാളില്‍ നിന്നും ലഭിക്കും എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.വരുംകാല ജീവിതത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിലെ സന്തോഷത്തെ നിയന്ത്രിക്കുവാന്‍ അവള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

ഒരു മാസത്തിനകം രാമചന്ദ്രനും സുചിത്രയും വിവാഹിതരായി.വൈകി ലഭിച്ച ദാമ്പത്യജീവിതം രണ്ടു പേരും വേണ്ടുവോളം ആസ്വദിച്ചു.ആഗ്രഹിച്ചതു പോലെയുള്ള ഇണയെ ലഭിച്ചതില്‍ രണ്ടുപേരും ആത്മ നിര്‍വൃതിപൂണ്ടു .
സുചിത്രയുടെ  അദ്ധ്യാപനം മുടക്കേണ്ടതില്ലാ എന്ന് രാമചന്ദ്രന്‍ തീരുമാനിച്ചു .
രാമചന്ദ്രന്‍റെ വീട്ടില്‍ നിന്നും സുചിത്ര ഇപ്പോള്‍ പഠിപ്പിക്കുന്ന സ്കൂളിലേക്ക്  ദൂരം  കൂടുതല്‍ ഉള്ളത് കൊണ്ട്‌.  രാമചന്ദ്രന്‍റെ വീടിനടുത്തുള്ള സ്കൂളിലേക്ക് സുചിത്രയ്ക്ക്  മാറ്റം ലഭിക്കുന്നത് വരെ സുചിത്രയുടെ വീട്ടില്‍ നിന്നും  അദ്ധ്യാപനത്തിന് പോകുവാനുള്ള അനുമതി രാമചന്ദ്രന്‍  സുചിത്രയ്ക്ക്  നല്‍കി

 രാമചന്ദ്രന്‍റെ  മനസ്സിന്‍റെ നന്മയെ സുചിത്ര തിരിച്ചറിഞ്ഞു.രണ്ടു പേര്‍ക്കും പരസ്പരം പിരിഞ്ഞിരിക്കുവാന്‍ കഴിയാത്തത് കൊണ്ട് രാമചന്ദ്രനും സുചിത്രയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.രാവിലെ സുചിത്ര സ്കൂളിലെക്കിറങ്ങുമ്പോള്‍  രാമചന്ദ്രനും ഒപ്പം ഇറങ്ങും .അയാള്‍ അയാളുടെ വീട്ടില്‍ പോയി കൃഷിടം പരിപാലിക്കും .സുചിത്ര അദ്ധ്യാപനം കഴിഞ്ഞ്‌ സുചിത്രയുടെ വീട്ടില്‍ തിരികെയെത്തുമ്പോഴേക്കും രാമചന്ദ്രനും  തിരികെയെത്തും .അവധി ദിവസങ്ങളില്‍ രണ്ടുപേരും രാമചന്ദ്രന്‍റെ വീട്ടിലേക്ക് പോരും .പരിഭവങ്ങളും പരാതികളും ഇല്ലാത്ത ഒരു പുതിയ ജീവിതത്തിന് അവര്‍ നാന്ദ്യം കുറിച്ചു.

ആനന്ത നിര്‍വൃതിയോടെയുള്ള ജീവിത മാണെങ്കിലും  വര്‍ഷങ്ങള്‍ നാലു കഴിഞ്ഞിട്ടും സുചിത്രയ്ക്ക് അമ്മയാകുവാന്‍ കഴിഞ്ഞില്ല .ഇനിയും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന തിരിച്ചറിവ് രണ്ടു പേരെയും കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തവരെ ചികിത്സിക്കുന്ന പ്രശസ്തമായ ആശുപത്രിയിലേക്ക് എത്തിച്ചു .രണ്ടു പേരേയും വിശദമായി പരിശോധിച്ച ഡോക്ടര്‍ സുചിത്രയെ തനിയെ പരിശോധിക്കണം എന്നു പറഞ്ഞ്  ആ നടുക്കുന്ന നഗ്നസത്യം സുചിത്രയോട്   പറഞ്ഞു .

,, മിസ്റ്റര്‍ രാമചന്ദ്രന്‍ അമിതമായ ചൂടില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തത് കൊണ്ടാകാം അദ്ദേഹത്തിന് അച്ചനാകുവാനുള്ള കഴിവ് തൊണ്ണൂറ് ശതമാനവും ഇല്ലാതെയായിരിക്കുന്നു.ചികിത്സ തുടരാം പക്ഷെ ചികിത്സയുടെ അനന്തരഫലം എന്താകും എന്ന്  എനിക്ക്  പറയുവാന്‍ സാധ്യമല്ല.ഈ വിവരം രാമചന്ദ്രന്‍ ഇപ്പോള്‍ തല്‍ക്കാലം അറിയേണ്ട.,,

,, ഇല്ല ഡോക്ടര്‍ അദ്ദേഹം ഈ വിവരം ഒരിക്കലും അറിയരുത് എനിക്കും മരുന്നുകള്‍ കുറിച്ചു നല്‍കൂ രണ്ടു പേരും മരുന്ന് കഴിച്ചാല്‍ എല്ലാം ശേരിയാകും എന്ന് ഞാന്‍ അദ്ദേഹത്തോട് പറയാം,,

ഡോക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭൂമി കീഴ്മേല്‍ മറിയുന്നത് പോലെ സുചിത്രയ്ക്ക് അനുഭവ പെട്ടു . അപ്പോള്‍ അവള്‍ നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു  .ആകാംക്ഷയോടെ കാത്തു നിന്നിരുന്ന രാമചന്ദ്രന്‍ സുചിത്രയെ കണ്ടതും അക്ഷമയോടെ ചോദിച്ചു ?

,, എന്താ എന്താ ഡോക്ടര്‍ പറഞ്ഞത് ? നമുക്കൊരു കുഞ്ഞിനെ ലഭിക്കുവാനുള്ള ഭാഗ്യം ഉണ്ടാവില്ലെ സുചിത്രേ ...,,

,, എന്തിനാ സുരേട്ടാ  ഇങ്ങിനെ വിഷമിക്കുന്നത്. രണ്ടു പേര്‍ക്കും മരുന്ന് കുറിച്ചു തന്നിട്ടുണ്ട് മൂന്നു മാസം മരുന്ന് കഴിച്ചിട്ട് ഡോടറെ വീണ്ടും വന്നു കാണുവാനും  പറഞ്ഞിട്ടുണ്ട് ,,

അന്നു രാത്രി രണ്ടു പേരും പതിവുപോലെ ഉറങ്ങുവാന്‍ കിടന്നു .രാമചന്ദ്രന്‍റെ മുടിയിഴകളിലൂടെ സുചിത്രയുടെ കൈവിരലുകള്‍ തലോടികൊണ്ടിരുന്നു.അവളുടെ തലോടല്‍ അയാളെ വേഗം നിദ്രയിലാഴ്ത്തി .
അവള്‍ നിഷ്കളങ്കമായ അയാളുടെ മുഖത്തേക്ക്‌ തന്നെ നോക്കി  കിടന്നു .  രാമചന്ദ്രന്‍ ഉറങ്ങിയിട്ടും സുചിത്രയ്ക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല .ഒരുപാട് ആഗ്രഹിക്കുന്ന  കുഞ്ഞിനായുള്ള കാത്തിരിപ്പിന്‍റെ  ഹൃദയ തുടിപ്പിന്‍റെ വേഗത കുറയുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു.വിവാഹിതയായതിനു ശേഷം ഉറങ്ങുവാനായി ഇമകള്‍ അടയ്ക്കുമ്പോള്‍ എന്നും മനസ്സില്‍ കണ്ടിരുന്ന പിറക്കുവാന്‍ പോകുന്ന കുഞ്ഞിന്‍റെ മുഖം ഇന്നവള്‍ക്ക് കാണുവാന്‍ കഴിഞ്ഞില്ല .പുഞ്ചിരി തൂകിയ കുഞ്ഞിന്‍റെ  മുഖത്തിനു പകരം .ജീവന്‍ നിലയ്ക്കുന്ന കുഞ്ഞിന്‍റെ     രോദനം മാത്രം പ്രപഞ്ചമാകെ മാറ്റൊലികൊണ്ടു  .ഭയാനകമായ ആ രോദനം അസഹനീയമായപ്പോള്‍  .ഒന്നും അറിയാതെ കുഞ്ഞിനെപ്പോലെ നിദ്രയിലാണ്ട രാമചന്ദ്രനെ  അവള്‍ ഇറുകെ  കെട്ടിപിടിച്ചു.അപ്പോള്‍ അവളുടെ  നയനങ്ങളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു .
                                                                ശുഭം

   rasheedthozhiyoor@gmail.com

18 December 2012

ചെറുകഥ ' ഇച്ഛാഭംഗം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്


തൊടിയില്‍ നിന്നും ലഭിച്ച കുരുമുളക് വില്പനയ്ക്കായി കവലയില്‍ എത്തിയതാണ് സുരേന്ദ്രന്‍നമ്പ്യാര്‍. താടിയും മുടിയും നീട്ടി വളര്‍ത്തിയ അയാളെ കണ്ടാല്‍ ഒരു മുഴു ഭ്രാന്തനാണെന്ന് തോന്നിപ്പിക്കും.ആരോടും സംസാരിക്കുന്ന പതിവ് അയാള്‍ക്കില്ലായിരുന്നു.അഞ്ചേക്കറില്‍ കൂടുതലുള്ള പുരയിടത്തില്‍ നിന്നും പുറത്തിറങ്ങുന്നത് കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന  പച്ചക്കറികളും മറ്റും വില്‍പനക്കായി മാത്രമാണ്. കമ്പോള നിലവാരം  നോക്കുന്ന പതിവൊന്നും  അയാള്‍ക്കില്ല.സ്ഥിരമായി പച്ചക്കറികളും മറ്റും കൊടുക്കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന രൂപ എണ്ണി നോക്കുന്ന പതിവു പോലും അയാള്‍ക്കില്ലായിരുന്നു .ജീവിതയാത്രയില്‍ ഇന്നേവരെ അയാള്‍ക്ക്‌ അനുഭവിക്കേണ്ടി വന്ന മാനസ്സീകമായ സംഘര്‍ഷം അയാളുടെ മനോനില താളംതെറ്റിച്ചു .

 അവശ്യവസ്തുക്കളും വാങ്ങി അയാള്‍ തിടുക്കത്തില്‍ വീട്‌ ലക്ഷ്യമാക്കി നടന്നു . പാതിവഴിയില്‍ എത്തിയപ്പോഴേക്കും മഴ ആര്‍ത്തിരമ്പി പെയ്യുവാന്‍ തുടങ്ങി. കനമുള്ള മഴത്തുള്ളികള്‍ അയാളുടെ ശരീരത്തില്‍ പതിക്കുമ്പോഴുള്ള വേദന അയാള്‍ അറിയുന്നുണ്ടായിരുന്നില്ല.കയ്യിലെ സഞ്ചി താഴെ വെച്ച് രണ്ടു കൈകളും മേല്പോട്ട് ഉയര്‍ത്തി ആകാശത്തേക്ക് നോക്കി അയാള്‍ ആര്‍ത്തട്ടഹസിച്ചു.     മലയോര ഗ്രാമപ്രദേശത്തെ കവലയില്‍ നിന്നും പട്ടണത്തിലേക്കുള്ള  ടാറിട്ട പാതയിലൂടെ പോകുമ്പോള്‍    ഇടതൂര്‍ന്നു നില്‍ക്കുന്ന റബര്‍ ത്തോട്ടങ്ങളുടെ ഇടയിലൂടെയുള്ള ചെമ്മണ്‍ പാതയിലൂടെ അല്പദൂരം യാത്ര ചെയ്താല്‍ പിന്നെ ചെങ്കുത്തായ പാതയിലൂടെ യാത്ര ചെയ്താലേ സുരേന്ദ്രന്‍ നമ്പ്യാര്‍ക്ക് വീട്ടില്‍ എത്തുവാന്‍ കഴിയുകയുള്ളു.

ബന്ധുക്കള്‍ ആരുംതന്നെയില്ലാത്ത അയാള്‍ ഒറ്റപെട്ടു ജീവിക്കുവാനാണ് ഏതാനും വര്‍ഷങ്ങളായി ഇഷ്ട പെടുന്നത് .അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ഈ കാലംവരെ ജീവിതത്തില്‍ സുരേന്ദ്രന് അഭിമുഖീകരിക്കേണ്ടി വന്നത്.   വലിയ മതിലുകള്‍ക്കുള്ളില്‍  ഓടിട്ട  രണ്ടു നില മാളികയില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍  അയാളുടെ താമസം. അടുത്തകാലത്തൊന്നും വെള്ളപൂശാത്ത മാളിക കണ്ടാല്‍ പ്രേതാലായമാണെന്ന് തോന്നിപ്പിക്കും.പടിപ്പുരയില്‍ പ്രവേശനം ഇല്ല എന്ന കാലപഴക്കമുള്ള ബോര്‍ഡ്‌ തൂക്കിയിരിക്കുന്നു.ഈ വസ്തുവഹകള്‍ പണ്ട്  പട്ടാളക്കാരന്‍ വിക്രമന്‍ നമ്പ്യാരുടെതായിരുന്നു .വിക്രമന്‍ നമ്പ്യാരുടെ വിവാഹം കഴിഞ്ഞ് മാസം ഒന്നു തികയുന്നതിനു മുന്‍പ് തന്നെ ഭാര്യ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചിരുന്നു. ആ കാലത്ത് നാട്ടിലെ സംസാരം  വിക്രമന്‍നമ്പ്യാര്‍ ഭാര്യയെ കൊന്നു കെട്ടി തൂക്കിയതാണെന്നായിരുന്നു.പിന്നീടൊരു  പുനര്‍വിവാഹം വിക്രമന്‍ നമ്പ്യാരില്‍ ഉണ്ടായില്ല .രാജസ്ഥാനിലെ പട്ടാള കേന്ദ്രത്തിലായിരുന്നു  വിക്രമന്‍ നമ്പ്യാരുടെ ജോലി.വിക്രമന്‍ നമ്പ്യാര്‍ രാജസ്ഥാനിലെക്ക് പോയാല്‍ മാളികയില്‍പിന്നെ അമ്മയും വേലക്കാരിയും തനിച്ചായിരുന്നു. വിക്രമന്‍ നമ്പ്യാരോട് നിരന്തരമായി അമ്മ പുനര്‍വിവാഹം ചെയ്യുവാന്‍ പറയാറുണ്ടെങ്കിലും അയാള്‍ അമ്മയുടെ വാക്കുകള്‍ ചെവിക്കൊണ്ടിരുന്നില്ല.വസ്തുവഹകള്‍ അന്യാധീനപ്പെട്ടു പോകും എന്നത് കൊണ്ട് അമ്മ പറഞ്ഞതു പ്രകാരമാണ്    വിക്രമന്‍ നമ്പ്യാര്‍ അനാഥാലയത്തില്‍ നിന്നും പന്ത്രണ്ടു വയസുള്ള  സുരേന്ദ്രനെ ദത്തെടുത്തത്.

സുരേന്ദ്രന്‍റെ പേരിനോടൊപ്പം നമ്പ്യാര്‍ എന്ന് ചേര്‍ക്ക പെട്ടു. അമ്മ സുരേന്ദ്രനെ സ്വന്തം മകനെ പോലെ  വളര്‍ത്തി.അതുവരെ ലഭിക്കാതെപോയ അമ്മയുടെ സ്നേഹം ലഭിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആ കുരുന്നു മനസ്സ് ഒരുപാട് സന്തോഷിച്ചു.അപ്രതീക്ഷിതമായി ലഭിച്ച പുതിയ ജീവിതം കുരുന്ന് വേണ്ടുവോളം ആസ്വദിച്ചു.വേനല്‍കാലവും വര്‍ഷക്കാലവും വന്നു പോയികൊണ്ടിരുന്നു.   വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി .   സുരേന്ദ്രന് ഉന്നത വിദ്യാഭ്യാസം ലഭിച്ചു.വേലക്കാരി പാറുക്കുട്ടിയമ്മയുടെ പേരക്കുട്ടി നിവേദിത കുഞ്ഞു നാള്‍ മുതല്‍ക്കെ മാളികയില്‍ പാറുക്കുട്ടിയമ്മയുടെ കൂടെ ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്നു.പിന്നീട് നിവേദിത സുരേന്ദ്രന്‍റെ കളിക്കൂട്ടുകാരിയായി മാറി. കുട്ടിക്കാലം കഴിഞ്ഞപ്പോള്‍ പ്രണയം എന്തെന്ന് അറിയുവാന്‍ തുടങ്ങിയപ്പോള്‍ അവരുടെ സൗഹൃദം പ്രണയമായി പരിണമിച്ചു. രണ്ടുപേരും ഭാവി ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങള്‍ പങ്കുവച്ചു. അവരുടെ പ്രണയം ഹിമകണങ്ങള്‍ സൂര്യ താപം ഏറ്റു ഉരുകുന്നത്  പോലെ ഉരുകി തീരുവാനായിരുന്നു വിധി .     സുരേന്ദ്രന്‍ ബിരുദാനന്തരബിരുദം കഴിഞ്ഞിരിക്കുന്ന കാലത്ത് ,  വിക്രമന്‍ നമ്പ്യാര്‍ സുഹൃത്തിന്‍റെ മകളുമായി സുരേന്ദ്രന്‍റെ വിവാഹം ഉറപ്പിച്ചു.പക്ഷെ സുരേന്ദ്രന് ആ വിവാഹത്തിന് ഇഷ്ട മായിരുന്നില്ല.  സുരേന്ദ്രന്‍ നിവേദിതയുമായി പ്രണയത്തിലാണെന്നറിഞ്ഞ വിക്രമന്‍ നമ്പ്യാര്‍ ക്ഷുഭിതനായി ആക്രോശിച്ചു.

,, ഞാന്‍ തീരുമാനിച്ച വിവാഹമേ നടക്കു .മനസ്സില്‍ വേറെ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അത് ഇവിടെ നടക്കാന്‍ പോകുന്നില്ല .,,

സുരേന്ദ്രന്‍ മറുപടി ഒന്നും തന്നെ പറഞ്ഞില്ല. അനുജനെ പോലെയല്ല സ്വന്തം മകനെ പോലെയാണ് അദ്ദേഹം തന്നെ ഇന്നേവരെ കണ്ടിട്ടുള്ളൂ.തന്‍റെ ഒരു ആഗ്രഹത്തിനും അദ്ദേഹം എതിര്‍പ്പ് പറയാറില്ല.ഇപ്പോള്‍ തറവാടിനു യോജിക്കാത്ത ബന്ധമായത് കൊണ്ടാകും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് എന്നു സുരേന്ദ്രന്‍ കരുതി.     അയാള്‍ വിഷമവൃത്തത്തിലായി. അമ്മയേയും ഏട്ടനെയും ഉപേക്ഷിച്ച് ഒരു ഒളിച്ചോട്ടം അങ്ങിനെയൊന്ന് അയാള്‍ക്ക്‌ ചിന്തിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല .

അടുത്ത ദിവസ്സം നിവേദിതയെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു .

,, നമ്മുടെ ബന്ധം ഏട്ടന്‍ അംഗീകരിക്കുന്നില്ല അനാഥനായ എനിക്ക് നല്ലൊരു ജീവിതം നല്‍കിയ ഏട്ടനെ ധിക്കരിക്കുവാന്‍ എന്നെകൊണ്ടാവില്ല. നിവേദിത എന്നെ മറക്കണം. ഇയാളെ ഉപേക്ഷിക്കുവാനുള്ള മനസ്സ് എനിക്ക് ഉണ്ടായിട്ടല്ല.എട്ടനോട് നന്ദികേട് കാണിക്കുവാന്‍ എന്നെകൊണ്ടാവില്ല.     ,,

സുരേന്ദ്രനില്‍ നിന്നും  പ്രതീക്ഷിക്കാത്ത വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു സങ്കടം സഹിക്കുവാന്‍ അവള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു .മറുപടി പറയുവാന്‍ അവള്‍ക്കു വാക്കുകള്‍ ലഭിച്ചില്ല ദയനീയമായി അവള്‍ അയാളുടെ മിഴികളിലേക്ക് നോക്കി അയാള്‍ ഒരു ഭീരുവിനെപ്പോലെ നടന്നകന്നു.
അവള്‍ ഓര്‍ക്കുകയായിരുന്നു ഒരു കളിക്കൂട്ടുകാരന്‍... അങ്ങിനെ മാത്രമേ സുരേന്ദ്രനെ കണ്ടിരുന്നുള്ളൂ പ്രണയത്തിന്‍റെ അംശം തന്നിലേക്ക് ആവാഹിച്ചത് സുരേന്ദ്രനായിരുന്നു.പതിയെപ്പതിയെ അയാളുടെ ആഗ്രങ്ങള്‍ക്ക് എതിര്‍പ്പ് പറയുവാന്‍ തനിക്കായില്ല .അവള്‍ അയാളെ വെറുത്തില്ല  അവള്‍ക്ക് അറിയാം അയാള്‍ അവളെ പ്രാണന് തുല്ല്യം സ്നേഹിക്കുന്നുണ്ടെന്ന്. അയാളുടെ അവസ്ഥയെ കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്ക് അയാളോട് സഹതാപമാണ് തോന്നിയത്.കരഞ്ഞു കലങ്ങിയ മിഴികളോടെ അവള്‍ വീട്ടിലേക്ക് നടന്നു .

എതാനും മാസങ്ങള്‍ക്കുള്ളില്‍ ഏട്ടന്‍ തീരുമാനിച്ച പെണ്‍കുട്ടിയുമായി സുരേന്ദ്രന്‍ വിവാഹിതനായി.ഗായത്രീദേവി എന്നായിരുന്നു അവളുടെ പേര്  വളരെ ആര്‍ഭാടമായാണ്   വിക്രമന്‍ നമ്പ്യാര്‍ വിവാഹം നടത്തിയത്.നിവേദിത വിവാഹത്തിനു വന്നുവെങ്കിലും അവള്‍ അടുക്കളയില്‍ തന്നെ കഴിച്ചുകൂട്ടി. അവളുടെ കണ്ണുകള്‍ ഈറനണിയുമ്പോള്‍ ആരും കാണാതെ അവള്‍  മുഖം കഴുകികൊണ്ടിരുന്നു. ഗായത്രിയെ കൂട്ടി കൊണ്ടുവരുവാന്‍ നിവേദിത പോയില്ല.സുരേന്ദ്രനും പരിവാരങ്ങളും ഗായത്രിയുടെ വീട്ടിലേക്ക് യാത്രയായപ്പോള്‍ തല വേദനിക്കുന്നു എന്ന് കള്ളം പറഞ്ഞ് അവള്‍ വീട്ടിലേക്ക് തിരികെ പോന്നു .      വിവാഹത്തിനു സന്നിഹിതരായവര്‍ യാത്ര പറഞ്ഞിറങ്ങി.സുരേന്ദ്രന്‍ ഗായത്രിദേവിയെയും പ്രതീക്ഷിച്ചു മണിയറയില്‍  ഇരുന്നു.

സമയം ഏതാണ്ട് പത്തോടടുത്തപ്പോള്‍.ആരൊക്കെയോ ചേര്‍ന്ന് ഗായത്രിയെ മണിയറയിലേക്ക്‌ തള്ളി കതകടച്ചു.പട്ടണത്തില്‍ ജനിച്ചുവളര്‍ന്നവളായാത് കൊണ്ട് തുറന്ന സാമീപ്യമാണ് അയാള്‍ അവളില്‍ നിന്നും പ്രതീക്ഷിച്ചത്.പക്ഷെ ഗായത്രി അങ്ങിനെയായിരുന്നില്ല.തികച്ചും ലജ്ജാവതിയായിരുന്നു.തളികയില്‍ രണ്ടു ഗ്ലാസ്‌ പാലും പഴവര്‍ഗ്ഗങ്ങളുമായി ഗായത്രി കതകിനരികില്‍ തന്നെ നിന്നു .സുരേന്ദ്രന്‍ ഗായത്രിയുടെ അടുത്തേക്ക് ചെന്നു കയ്യിലെ തളിക വാങ്ങി  മേശപ്പുറത്തു വെച്ച് അവളെ ആനയിച്ചു മെത്തയില്‍ ഇരുത്തി.

അയാളുടെ സാനിദ്ധ്യം ഗായത്രിയുടെ ഹൃദയ മിടിപ്പിന്‍റെ വേഗത കൂട്ടി അവളുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പു കണങ്ങള്‍ പോടിയുവാന്‍ തുടങ്ങി.സിംഹത്തിന്‍റെ മുന്‍പില്‍ അകപെട്ട മാന്‍പേടയെ പോലെ ഭയത്തോടെയുള്ള അവളുടെ നോട്ടം കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു !
,, എന്താ ഇങ്ങിനെ വിയര്‍ക്കുന്നത് എന്താ തനിക്ക് പറ്റിയത് ,,
,, എന്തോ എനക്ക് തീരെ സുഖം തോന്നുന്നില്ല തല കറങ്ങുന്നത് പോലെ തോന്നുന്നു ,,
ഗായത്രി വസ്ത്രം വെച്ചിരുന്ന പെട്ടിയില്‍ നിന്നും ഏതാനും ഗുളികകള്‍ എടുത്ത് കഴിച്ച് മെത്തയിലേക്ക് ചാഞ്ഞു തളര്‍ന്നുറങ്ങി. സുരേന്ദ്രന്‍ തുവാലയെടുത്ത് ഗായത്രിയുടെ മുഖത്തെ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയെടുത്ത് ഫാനിന്‍റെ സ്പീഡ്‌ കൂട്ടി  ഗായത്രിയെ തന്നെ നോക്കിയിരുന്നു.   അല്‍പനേരം കഴിഞ്ഞപ്പോള്‍ ലൈറ്റ് അണച്ച് അയാള്‍ ഉറങ്ങുവാന്‍ കിടന്നു.

അടുത്ത ദിവസ്സം പ്രഭാതം പൊട്ടിവിടര്‍ന്നത്‌ നിവേദിത ആത്മഹത്യ ചെയ്തു എന്ന  നാടിനെ നടുക്കിയ വാര്‍ത്തയുമായാണ്.സുരേന്ദ്രന്‍ വിവരം അറിഞ്ഞയുടനെ നിവേദിതയുടെ അരികിലേക്ക്  ഓടുകയായിരുന്നു.അയാള്‍ ഒട്ടും നിനച്ചിരുന്നില്ല നിവേദിത പ്രണയനൈരാശ്യം മൂലം ജീവിതം അവസാനിപ്പിക്കും എന്ന്. തന്നോടുള്ള പ്രണയത്തിന്‍റെ വൈകാരികമായ തലങ്ങളിലേക്ക്  മനസ്സ് സഞ്ചരിക്കുവാന്‍ തുടങ്ങിയപ്പോള്‍  പതിയെപ്പതിയെ അയാളുടെ മനോനില താളംതെറ്റുന്നുണ്ടായിരുന്നു.പോലീസ്‌ ആരേയും വീടിന് അകത്തേക്ക് പ്രവേഷിപ്പിക്കുന്നുണ്ടായിരുന്നില്ല.നിവേദിതയുടെ മൃതദേഹം ഒരുനോക്കു കാണുവാനായി സുരേന്ദ്രന്‍ അക്ഷമയോടെ കാത്തുനിന്നു.

 പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ്‌ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോഴേക്കും നേരം സന്ധ്യയോടടുത്തിരുന്നു.സമയം  രാത്രി പത്തു കഴിഞ്ഞിട്ടും സുരേന്ദ്രന്‍ ആരോടും ഒന്നും ഉരിയാടാതെ വീട്ടിലേക്ക് തിരികെപോകാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ നിവേദിതയുടെ ബന്ധു പറഞ്ഞു.

,, എന്തൊരു ഇരുപ്പാടോ ഇത് താങ്കള്‍ വീട്ടിലേക്ക് പൊയ്ക്കോളൂ ,,

വേദനിക്കുന്ന മനസ്സുമായി സുരേന്ദ്രന്‍ അയാളുടെ വീട്ടിലേക്ക് നടന്നു .മനോവിഷമം അസഹ്യമായപ്പോള്‍ ഇരുട്ടില്‍ നിന്ന് സുരേന്ദ്രന്‍ ഒരുപാട് കരഞ്ഞു .അപ്പോഴൊക്കെയും ആകാശത്തെ  നക്ഷത്രങ്ങളെ നോക്കി    മനസ്സില്‍ അയാള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു ,,ഈ വഞ്ചകനോട് ക്ഷമിക്കു പ്രിയേ.......... ക്ഷമിക്കു ,,  

സുരേന്ദ്രന്‍ വീട്ടില്‍ എത്തിയപ്പോഴേക്കും ഗായത്രി ഉറങ്ങിയിരുന്നു. നിവേദിതയുമായുണ്ടായിരുന്ന സുരേന്ദ്രന്‍റെ പ്രണയത്തെക്കുറിച്ച് ഗായത്രി അറിഞ്ഞുവെങ്കിലും അവള്‍ അതിനെക്കുറിച്ച് അയാളോട് ഒന്നും ചോദിച്ചില്ല. മാസങ്ങള്‍ കൊഴിഞ്ഞു പോയി .ഭാര്യ ഭര്‍ത്തൃ ബന്ധം ഗായത്രിയിലും സുരേന്ദ്രനിലും അസാധ്യമായിരുന്നു . അയാള്‍ അവളുടെ അരികിലേക്ക് ആഗ്രഹത്തോടെ  സമീപിക്കുമ്പോള്‍ അവള്‍ അമിതമായി വിയര്‍ക്കുവാനും ശരീരം തളരുകയും ചെയ്യുമായിരുന്നു .അപ്പോഴൊക്കെയും അവള്‍ തിടുക്കത്തില്‍  ഗുളികകള്‍ എടുത്ത് കഴിക്കുകയാണ് പതിവ്.മാസങ്ങള്‍ അതേപടി പിന്നെയും കൊഴിഞ്ഞു പോയി.

   ഒരു ദിവസ്സം പ്രഭാതം മുതല്‍ക്കേ മഴയായിരുന്നു.സന്ധ്യ കഴിഞ്ഞിട്ടും മഴയ്ക്ക്‌ ശമനം ഉണ്ടായില്ല. ഉറങ്ങുവാനയപ്പോള്‍ സുരേന്ദ്രന്‍ കിടപ്പുമുറിയിലേക്ക് പോന്നു. അപ്പോള്‍ ഗായത്രിയും അമ്മയും അടുക്കളയിലായിരുന്നു.  ജാലക വാതിലുകള്‍ തുറന്നിട്ട്‌ മഴ തിമര്‍ത്തു പെയ്യുന്നത് അയാള്‍ കണ്‍ കുളിരെ  നോക്കിയിരുന്നു. ശീത കാറ്റ് അയാളുടെ മുഖത്ത്‌ സ്പര്‍ശിക്കുമ്പോള്‍ രോമകൂപങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ടായിരുന്നു. മനസ്സ് എന്തിനോ വേണ്ടി  കൊതിക്കുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപെട്ടു. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഗായത്രി കിടപ്പു മുറിയിലേക്ക് വന്ന് കിടപ്പുമുറിയിലെ കുളിപ്പുരയിലേക്ക്  കുളിക്കുവാനായി പോയി.എത്ര തണുപ്പുണ്ടെങ്കിലും രാത്രിയില്‍ കുളിക്കാതെ കിടക്കുന്ന പതിവ് ഗായത്രിക്കുണ്ടായിരുന്നില്ല .
ഏതാനും സമയം കഴിഞ്ഞപ്പോള്‍ സുരേട്ടാ എന്ന ഗായത്രിയുടെ നീട്ടിയുള്ള വിളി കേട്ടപ്പോള്‍ കുളിമുറിയുടെ വാതലിനരികിലേക്ക് അയാള്‍ ചെന്നു ചോദിച്ചു .
,, എന്തേ ഗായത്രി ,,

,, സുരേട്ടാ കുളിച്ചു മാറ്റുവാന്‍ എടുത്ത മേക്സി  കീറിയിതാ അലമാരയില്‍ നിന്നും എന്‍റെ ഒരു മേക്സി എടുത്ത് തരാമോ ,,

അയാള്‍ മേക്സി എടുത്ത് കുളിമുറിയുടെ അരികിലേക്ക് ചെന്നപ്പോള്‍ കുളിമുറിയുടെ വാതില്‍ അല്‍പം മാത്രം തുറന്ന് ഒരു കൈത്തലം മാത്രം ഗായത്രി പുറത്തേക്ക് നീട്ടി. അയാള്‍ അപ്പോള്‍ മനപ്പൂര്‍വ്വം വാതില്‍ അല്‍പം തള്ളി ഗായത്രിയുടെ കൈത്തലം പിടിച്ച് വാതില്‍ ശക്തിയായി തള്ളിനീക്കി.അര്‍ദ്ധ നഗ്നമായ ഗായത്രിയുടെ ശരീരം കണ്ടപ്പോള്‍ ഗായത്രിയെ അയാള്‍ തന്‍റെ മാറോടു ചേര്‍ത്തു. ഗായത്രിയുടെ കൈത്തലങ്ങള്‍ അയാളെ വരിഞ്ഞുമുറുക്കി.അപ്പോള്‍ അവളുടെ ഹൃദയ മിടിപ്പ് അധികരിക്കുന്നത് അയാള്‍ അറിഞ്ഞു. തണുപ്പിനാല്‍ തണുത്തിരുന്ന അവളുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പു കണങ്ങള്‍ പൊടിയുവാന്‍ തുടങ്ങി.അവളുടെ ശരീരം തളരുന്നത് അയാള്‍ അറിഞ്ഞു.

, , എന്നെക്കൊണ്ടാവില്ല   സുരേട്ടാ  എന്നോട് ക്ഷമിക്കു ,,

അവളുടെ വാക്കുകള്‍ മുഴുവിക്കുമ്പോഴേക്കും അവള്‍ ബോധക്ഷയയായി അയാളുടെ മാറിലേക്ക് ചാഞ്ഞു .അയാള്‍ അവളെ മെത്തയില്‍ കിടത്തി മേക്സി ധരിപ്പിച്ച് ജാലകവാതിലിലൂടെ കൈത്തലം പുറത്തേക്ക് നീട്ടി മഴവെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു.പക്ഷെ അബോധാവസ്ഥയില്‍ നിന്നും അവള്‍  ഉണര്‍ന്നില്ല.അയാള്‍ അമ്മയെ വിവരം ധരിപ്പിച്ച് ഗ്രാമത്തിലെ ഡോക്ടര്‍ക്ക് വിളിച്ച് സഹായം തേടി.അല്‍പസമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്ന് ഗായത്രിയെ പരിശോധിച്ച് മരുന്ന് കുത്തിവച്ച് സുരേന്ദ്രനെ അല്‍പം മാറ്റി നിറുത്തിപറഞ്ഞു.

,, ഹൃദയത്തിന് തകരാറുള്ളത് കൊണ്ടാണ് ബോധക്ഷയം ഉണ്ടായത്. അല്‍പ സമയം കഴിഞ്ഞാല്‍ കുത്തി വെച്ച മരുന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയാല്‍ ബോധം തിരികെ ലഭിക്കും .പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുക സെക്സ് കുട്ടിക്ക് അനുവദനീയമല്ല. തന്നയുമല്ല അമിതമായി വിഷമം താങ്ങുവാനും കുട്ടിക്ക് കഴിയില്ല. നാളെ ആശുപത്രിയിലേക്ക് വന്നാല്‍ വിശദമായി പരിശോധിച്ച് തുടര്‍ന്നുള്ള ചികിത്സയെ കുറിച്ചു പറയാം ,,

ഡോക്ടര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അയാള്‍ ഗായത്രിയുടെ അരികില്‍ പോയിരുന്നു.അമ്മയുടെ ധാരണ ഒരു കുഞ്ഞ് ഗായത്രിയുടെ ഉദരത്തില്‍ പിറവി കൊള്ളുന്നുവെന്നതായിരുന്നു .അങ്ങിനെയുള്ള സംസാരമാണ് അമ്മയില്‍ നിന്നുമുണ്ടായത് . ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഗായത്രി അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു അവള്‍ നിസഹായയായി അയാളെ നോക്കി കരഞ്ഞു.അപ്പോഴൊക്കെയും അയാള്‍ അവളെ ആശ്വസിപ്പിക്കാനായി വാക്കുകള്‍ക്കായി പരതുകയായിരുന്നു.

,, സുരേട്ടന്‍ എന്നോട് ക്ഷമിക്കണം എന്‍റെ രോഗവിവരം മറച്ചുവച്ചാണ്  നമ്മുടെ വിവാഹം നടന്നത്. രോഗാവസ്ഥയില്‍ എനിക്ക് വിവാഹം വേണ്ടായെന്ന് ഒരു നൂറു വട്ടം പറഞ്ഞതാ ഞാന്‍. ആരും എന്‍റെ വാക്കുകള്‍ കേട്ടില്ല.ഞാന്‍ കാരണം സുരേട്ടന്‍റെ ജീവിതം നശിപ്പിക്കുവാന്‍ ഞാന്‍ സമ്മതിക്കില്ല.നമുക്ക് വേര്‍പിരിയാം സുരേട്ടാ .....,,

,, എന്തിനാ ഇപ്പോള്‍ ഇങ്ങിനെയൊക്കെ സംസാരിക്കുന്നത് നമുക്ക് നാളെ ആശുപത്രിയില്‍ പോയി വിശദമായി പരിശോധിക്കാം ചികത്സിച്ചാല്‍ ഭേദമാകാത്ത അസുഖമുണ്ടോ ഭൂലോകത്തില്‍ ഗായത്രി ഉറങ്ങിക്കോളു.,,

അടുത്ത ദിവസം ആശുപത്രിയില്‍ പോയി വിശദമായി ഗായത്രിയെ പരിശോദിച്ച ശേഷം ഡോക്ടര്‍ സുരേന്ദ്രനോട് അസുഖത്തെ കുറിച്ച് വിശദമായി പറഞ്ഞു .

,, അപൂര്‍വ്വം ചിലരില്‍ കണ്ടു വരുന്ന അസുഖമാണ് ഇത് .ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ വലിപ്പക്കുറവാണ് അസുഖത്തിന്‍റെ കാരണം ഒരു ശാസ്ത്രക്രിയയിലൂടെ അസുഖം ഭേതമാക്കുക എന്നത് പ്രയാസകരമാണ്.ശാസ്ത്രക്രിയ ചെയ്‌താല്‍   ജീവിതം തിരികെ ലഭിക്കും എന്ന് തൊണ്ണൂറു ശതമാനവും ഉറപ്പു നല്‍കുവാന്‍ കഴിയില്ല .സെക്സിനു മുതിരുകയോ മനസ്സിന് താങ്ങുവാന്‍ കഴിയാത്ത വിഷമങ്ങള്‍ ഉണ്ടാവുകയോ ചെയ്‌താല്‍ ആ കുട്ടിയുടെ  ജീവന്‍ അപകടത്തിലാവും അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.,,

ഡോക്ടറുടെ സംസാരം സുരേന്ദ്രനെ മാനസീകമായി തളര്‍ത്തി അയാള്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടു ഗായത്രിയോടു പറഞ്ഞു .

,, പേടിക്കുവാനൊന്നുമില്ലാ എന്നാ ഡോക്ടര്‍ പറഞ്ഞത് കുറച്ചു നാള്‍ മരുന്നു കഴിച്ചാല്‍ അസുഖം ഭേതമാകും ,,
 സംസാരിക്കുമ്പോള്‍ ഗായത്രിയുടെ മുഖത്തേക്ക് നോക്കുവാന്‍ സുരേന്ദ്രന് കഴിയുന്നില്ലായിരുന്നു .

മാസങ്ങള്‍ വീണ്ടും കൊഴിഞ്ഞു പോയി ശീതകാലം വിടവാങ്ങി. സുരേന്ദ്രന്‍ ഗായത്രിയെ പരിപാലിച്ചു. ഗായത്രിയെഎപ്പോഴും സന്തോഷിപ്പിക്കുവാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരിന്നു. ഒരുദിവസം പതിവ് പോലെ രണ്ടു പേരും ഉറങ്ങുവാന്‍ കിടന്നു. സുരേന്ദ്രന്‍ ഉറക്കമുണരുമ്പോഴേക്കും ഗായത്രി അടുക്കള ജോലികള്‍ക്കായി പോകാറാണ് പതിവ്. അന്ന് അയാള്‍ ഉറക്കമുണരുമ്പോള്‍ ഗായത്രി ഉറക്കമുണര്‍ന്നിരുന്നില്ല. തന്‍റെ മാറില്‍ വച്ചിരുന്ന ഗായത്രിയുടെ കൈത്തലം എടുത്ത് മെത്തയിലേക്ക് വെക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഗായത്രിയുടെ കൈത്തലം വല്ലാതെ തണുത്തിരിക്കുന്നതായി അയാള്‍ക്ക്‌ അനുഭവപെട്ടു. അയാള്‍ ഗായത്രിയെ വിളിച്ചു .അവള്‍ വിളി കേട്ടില്ല .ഗായത്രിയുടെ മുഖത്തേക്കു നോക്കിയ സുരേന്ദ്രന്‍ നടുങ്ങിപ്പോയി മൂക്കില്‍ നിന്നും വായില്‍നിന്നും രക്തം പുറത്തേക്ക് ഒഴികി തലയണയില്‍ കട്ട പിടിച്ചിരിക്കുന്നു .അയാള്‍ ഗായത്രിയെ കുലുക്കി വിളിച്ചു .പക്ഷെ ഗായത്രിയുടെ ജീവന്‍ എന്നെന്നേക്കുമായി ഇഹലോകവാസം വെടിഞ്ഞിരുന്നു .

ഗായത്രിയില്‍ നിന്നും ശാരീരിക സുഖങ്ങള്‍ ലഭിച്ചിരുന്നില്ല എങ്കിലും അയാള്‍ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു .നിവേദിതയുടേയും ഗായത്രിയുടെയും വേര്‍പാട്‌ അയാളെ മാനസീകമായി തളര്‍ത്തി .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏട്ടന്‍ രാജസ്ഥാനിലെ പട്ടാള കേന്ദ്രത്തില്‍ ഹൃദയ സ്തംഭനം മൂലം  മരണപെട്ടു എന്ന വാര്‍ത്തയാണ് അയാളെ തേടിയെത്തിയത്‌. വാര്‍ത്തയറിഞ്ഞ അമ്മ കിടപ്പിലായി .പിന്നീട് അമ്മയെ ശുശ്രൂഷിച്ച് സുരേന്ദ്രന്‍ ഒതുങ്ങി കൂടി .ഒരു ദിവസം അയാള്‍ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മ അയാളോട് പറഞ്ഞു .
,, അമ്മ ഇനി അധിക കാലം ലോകത്ത്  ഉണ്ടാവില്ലാ, പോകുവാനുള്ള സമയമായി എന്ന് മനസ്സ് പറയുന്നു . ഞാന്‍ പോയാല്‍ എന്‍റെ കുട്ടി തനിച്ചാവില്ലേ എന്ന ആധി മാത്രമേ ഇപ്പോള്‍  അമ്മയ്ക്കുളളൂ. നിവേദിതയെ മോനില്‍ നിന്നും അകറ്റിയതില്‍ ഏട്ടന്‍ ഒരുപാട് ദുഃഖം അനുഭവിച്ചിരുന്നു .ഗായത്രിയുടെ അസുഖവിവരം അറിഞ്ഞപ്പോള്‍ ഏട്ടന്‍ മോന്‍റെ ജീവിതം നശിപ്പിച്ചുവെന്നു പറഞ്ഞ് അമ്മയോട് ഒരുപാട് സംസാരിച്ചു . എല്ലാം മോന്‍റെ നല്ല ഭാവിക്കു വേണ്ടിയായിരുന്നു. എന്‍റെ കുട്ടി ഏട്ടനെ വെറുക്കരുത് വെറുത്താല്‍ ഏട്ടന് പരലോകത്ത് ആത്മശാന്തി ലഭിക്കില്ല. മോന്‍റെ വിവാഹം കഴിഞ്ഞയുടനെ തന്നെ മാളികയുടെയും വസ്തുവഹകളുടെയും പ്രമാണം മോന്‍റെ പേരിലേക്ക് മാറ്റി  എഴുതിപ്പിച്ചിരുന്നു.  എഴുതിയ പ്രമാണം അമ്മയുടെ അലമാരയില്‍ വെച്ചിട്ടുണ്ട് .ഏട്ടന്‍റെ അസുഖം ആരോടും പറയാതെ മനസ്സില്‍ കൊണ്ടു നടക്കുകയായിരുന്നു. 

,, ഏട്ടനെ ഞാന്‍ വെറുക്കുകയോ എന്താ അമ്മ പറയുന്നേ.വിവാഹ ജീവിതം എനിക്ക് വിധിച്ചിട്ടുണ്ടാവില്ലായിരിക്കാം അമ്മ സങ്കടപെടാതെ ഈ ഭക്ഷണം കഴിക്കു ,,

,, എന്‍റെ കുട്ടി ഒരു വിവാഹം കൂടി ചെയ്യണം എന്നിട്ട് സന്തോഷമായി ജീവിക്കണം ,,

അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല .അധികനാള്‍ കഴിയുന്നതിനുമുമ്പ് തന്നെ അമ്മയും അയാളെ പിരിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു .അയാള്‍ ഇരുനില മാളികയില്‍ ഒറ്റപെട്ടു .ബാല്യകാലം അനാഥനായി കഴിഞ്ഞു പിന്നീട് രക്തബന്ധം ഇല്ലാഎങ്കിലും ഒരു അമ്മയും  ഏട്ടനും നിവേദിതയും ഗായത്രിയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു .വീണ്ടും ഭൂലോകത്ത് അയാള്‍ തനിച്ചായി .പ്രിയപെട്ടവരുടെ വേര്‍പാട്‌ അയാളെ അടഞ്ഞ ജീവിതത്തിലേക്കാണ് ആനയിച്ചത് . മോഹങ്ങളും പ്രതീക്ഷകളും അയാളില്‍ നിന്നും അസ്തമിച്ചു. അയാളുടെ ജീവിത നിലവാരത്തോട് അയാള്‍ക്ക്‌ പുച്ഛം തോന്നി .പ്രഭാതം മുതല്‍ അസ്തമയം വരെ മണ്ണില്‍  തൂമ്പയെടുത്ത് അയാള്‍  ആഞ്ഞു വെട്ടി കൊണ്ടിരുന്നു.പ്രകൃതിയോടുള്ള ഒടുങ്ങിയാല്‍  തീരാത്ത അയാളുടെ പകപോക്കല്‍ മണ്ണിനോടായിരുന്നു.സര്‍വശക്തിയുമുപയോഗിച്ച് മണ്ണില്‍ അയാള്‍ ആഞ്ഞാഞ്ഞു കിളച്ചു കൊണ്ടേയിരുന്നു.    കൃഷി തഴച്ചുവളര്‍ന്നു.പക്ഷെ പ്രകൃതിയില്‍ അയാളുടെ ജീവിതത്തിനു നേര്‍ വഴി കാട്ടി കൊടുക്കുവാന്‍ ആരും ഉണ്ടാകാത്തതിന്‍റെ അഭാവം.അയാളുടെ ജീവിതം ഇരുളടഞ്ഞ അദ്ധ്യായത്തിലേക്ക് പരിണമിക്കുന്നത് പ്രകൃതിയുടെ മറ്റൊരു പൊയ്മുഖമായിരുന്നു.  ജീവിതം   അര്‍ത്ഥവത്താകാത്ത അനേകം പേരില്‍ സുരേന്ദ്രന്‍റെ പേരും ഭൂലോകത്തിന്‍റെ നിയന്ത്രണ വാക്താവ് എഴുതി ചേര്‍ത്തു .ജീവിത പരാജയം ഏറ്റ് വാങ്ങുന്നവരെ നോക്കി മറ്റുള്ളവര്‍ പറയുന്ന വാക്കുകള്‍  പ്രകൃതിയില്‍ മാറ്റൊലികൊണ്ടു.എല്ലാം  വിധി വിധിയെ തടുക്കുവാന്‍ പ്രപഞ്ച സൃഷ്ടാവിനല്ലാതെ  ആര്‍ക്കുംതന്നെ കഴിയുകയില്ലല്ലോ .

                        ശുഭം   
rasheedthozhiyoor@gmail.com