ചിന്താക്രാന്തൻ

26 October 2015

കഥ .ചിത്താനുവര്‍ത്തനം

.ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 


തൊടിയിലെ നെന്ത്രവാഴത്തോട്ടത്തില്‍ നിന്നും മൂത്ത  പഴക്കുല വെട്ടുവാന്‍   ഭാസ്കരനെ  സഹായിക്കുകയാണ് ചന്ദ്രശേഖരമേനോന്‍ .മുപ്പത്തിമൂന്നു വര്‍ഷം ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ മലയാളം അദ്ധ്യാപകനായിരുന്ന  ചന്ദ്രശേഖരമേനോന്‍ തൊഴിലില്‍  നിന്നും രണ്ടുവര്‍ഷം മുമ്പാണ് വിരമിച്ചത് .ഇപ്പോള്‍ അയാളൊരു മുഴുനീള കര്‍ഷകനാണ്.പൂര്‍വികരായി പച്ചക്കറി കൃഷി ചെയ്തുപോന്നിരുന്ന  തറവാട്ടില്‍ അയാള്‍ക്ക്‌ വീതംവെച്ചപ്പോള്‍ ലഭിച്ച  മൂന്നര  ഏക്കര്‍ ഭൂമിയുടെ അതിരിനോട് ചേര്‍ന്നാണ്  വീട് പണിതത് .വീട് നില്ക്കുന്ന  സ്ഥലം ഒഴികെ പുരയിടമാകെ പച്ചക്കറികളാല്‍ സമ്പന്നമാണ് .പ്രധാന വിളകള്‍ കമുകും വാഴയുമാണ് .ബുദ്ധിവികാസമില്ലാത്ത  അരോഗദൃഢഗാത്രനായ   ഭാസ്കരന്‍   കുഞ്ഞുനാള്‍ മുതല്‍ വള്ളിനിക്കര്‍ധാരിയാണ് .അടിച്ചുതളിക്കാരിയായിരുന്ന നാണിത്തള്ളയുടെ പേരക്കിടാവാണ് ഭാസ്കരന്‍ . നാണി തള്ളയുടെ അവിവാഹിതയായ മകള്‍ക്ക് ജനിച്ച ഭാസ്കരനെ  സമൂഹം പിഴച്ചു പെറ്റ സന്താനമെന്നു വിളിച്ചു.നാണി തള്ളയുടെ മകള്‍ കൊലചെയ്യപ്പെടുകയായിരുന്നു .കുറ്റിക്കാട്ടില്‍  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിലായിരുന്നു .കാമഭ്രാന്തന്‍മാരുടെ പാരവശ്യം തീര്‍ക്കുമ്പോള്‍ നിശ്ചലമായതാവാം അവരുടെ ശ്വാസോച്ഛ്വാസമെന്ന് ആ മൃതദേഹം കണ്ടവര്‍ക്കൊക്കെ മനസിലാകും . നാളിതുവരെ ആ കൊലപാതകത്തിന്‍റെ  നിഗൂഢതചുരുളഴിഞ്ഞിട്ടില്ല.അപ്പോള്‍    ഭാസ്കരന്  പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.

ചന്ദ്രശേഖരമേനോന് രണ്ടു മക്കളാണ്. ഒരാണും, ഒരു പെണ്ണും,മകനെ പഠിപ്പിച്ച്‌ അദ്ധ്യാപകനാക്കുവാനായിരുന്നു മോഹം.. പക്ഷെ മകന് എന്ജിനിയറിങ്ങിനു  പഠിക്കുവാനാണ്‌ താത്പര്യം   എന്നറിഞ്ഞപ്പോള്‍ ചന്ദ്രശേഖരമേനോന്‍ മനസ്സില്ലാമനസ്സോടെ മകന്‍റെ ഇഷ്ട്ടത്തിന്    സമ്മതം മൂളുകയായിരുന്നു.വിദേശത്ത്‌  തൊഴില്‍ ലഭിച്ച  മകന്‍ മഹേഷും   കുടുംബവും  വര്‍ഷങ്ങളായി  വിദേശത്താണ്.ആറുമാസം മുമ്പാണ്  ഇളയമകള്‍  മഹിതയുടെ  വിവാഹം കഴിഞ്ഞത്.മകള്‍ക്ക്  പല വിവാഹാലോചനകളും   വന്നെങ്കിലും മകള്‍ക്ക് വരനായി  സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍ തന്നെ വേണം എന്ന് ചന്ദ്രശേഖരമേനോന് നിര്‍ബന്ധമായിരുന്നു.മഹിതയുടെ ഭര്‍ത്താവ് രാജീവിന്  തൊഴില്‍   വൈദ്യുതി  കാര്യാലയത്തിലാണ് .ഇന്ന്  ചന്ദ്രശേഖരമേനോനും പത്നിയും പട്ടണത്തില്‍ താമസിക്കുന്ന   മകളുടെ അരികിലേക്ക് പോകുവാനുള്ള  ഒരുക്കത്തിലാണ് . തൊടിയിലെ വിളകളില്‍  നിന്നും മകളുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഒരുക്കൂട്ടി വെച്ചതിനുശേഷം ചന്ദ്രശേഖരമേനോന്‍ ഭാസ്ക്കരനോട് പറഞ്ഞു .

,, ഭാസ്കരാ  നീ പോരുന്നുണ്ടോടാ  മഹിത മോളുടെ വീട്ടിലേക്ക് ,,

ഭാസ്കരന്‍ തലയില്‍ ചൊറിഞ്ഞുക്കൊണ്ട് പുഞ്ചിരിച്ചു നിന്നു.ഭാസ്കരന്‍റെ  ആ നില്പ്  കൂടെ വരുവാനുള്ള താത്പര്യം   പ്രകടിപ്പിക്കലാണെന്ന് ചന്ദ്രശേഖരമേനോന് അറിയാം .ഭാസ്കരന്‍റെ സംസാരത്തിന് വൈകല്യമുള്ളതുക്കൊണ്ട് അയാള്‍ വളരെകുറച്ച് മാത്രമേ സംസാരിക്കുകയുള്ളൂ .ചന്ദ്രശേഖരമേനോന്‍ തുടര്‍ന്നു .

,,നീ വരുന്നുണ്ടെങ്കില്‍ വേഗം കുളിച്ച് വസ്ത്രം മാറി വാ ,,

ചന്ദ്രശേഖരമേനോന്‍ അകത്തുള്ള  പത്നിയോടായി പറഞ്ഞു .

,,അലമാരയിലുള്ള  ഭാസ്കരന്‍റെ പുതിയ വസ്ത്രം എടുത്തുകൊടുക്കൂ . അരമണിക്കൂര്‍ കഴിഞ്ഞാല്‍ ടാക്സിക്കാരന്‍ വരും. അപ്പോഴേക്കും ഞാനൊന്ന് കുളിക്കട്ടെ ,,

നാണിതള്ള ഭാസ്കരന് പതിനാല് വയസ്സുള്ളപ്പോള്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ  ഭാസ്കരന്‍  വളര്‍ന്നത്‌ ചന്ദ്രശേഖരമേനോന്‍റെ തറവാട്ടിലായിരുന്നു.തറവാട്ടിലുള്ളവര്‍ പറയുന്ന എല്ലാ തൊഴിലുകളും ഭാസ്കരന്‍ യാതൊരു മടിയും കൂടാതെ ചെയ്യുമായിരുന്നു.  ചന്ദ്രശേഖരമേനോന്‍ തറവാട്ടില്‍ നിന്നും താമസം മാറിയപ്പോള്‍ ഭാസ്കരനേയും ഒപ്പം കൂട്ടുകയായിരുന്നു.ഗ്രാമത്തിലുള്ളവര്‍ ഭാസ്കരനെ പാക്കരന്‍ എന്നാണ് വിളിക്കുന്നത്‌. അങ്ങിനെ വിളിക്കുവാനുള്ള കാരണം ഭാസ്കരനോട് ആരെങ്കിലും പേര്  ചോദിച്ചാല്‍ അയാള്‍ പാക്കരന്‍ എന്നാണ് പറയുക .അങ്ങിനെ ഉച്ചരിക്കാനേ ഭാസ്കരനാവുകയുള്ളൂ.   അയാള്‍ക്ക്‌ സംസാരത്തില്‍  വിക്കലുണ്ട്.  മഹിതയെ ഭാസ്കരന് വലിയകാര്യമാണ് .മഹിത  വിദ്യാലയത്തില്‍ പോയിരുന്ന കാലത്ത്
ഭാസ്കരനായിരുന്നു മഹിതയെ വിദ്യാലയത്തിലേക്ക്‌ ക്കൊണ്ടാക്കുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതും .കലാലയത്തില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ കവല വരെ മഹിതയുടെ കൂടെ ഭാസ്ക്കരന്‍  പോകുമായിരുന്നു.മഹിത  ബസ്സ് കയറിപ്പോകുന്നത്‌ വരെ ഭാസ്കരന്‍ അവിടെത്തന്നെ നില്‍ക്കും .  മഹിത തിരികെ വരുന്ന  ബസ്സ് എത്തുന്നതിനു മുമ്പ്തന്നെ ഭാസ്കരന്‍ കവലയില്‍ സന്നിഹിതനായിരിക്കും.മഹിതയ്ക്ക് ഭാസ്കരന്‍  കൂട്ടുകാരനെ പോലെയായിരുന്നില്ല കൂട്ടുകാരിയെ പോലെയായിരുന്നു.

വാഹനം വന്നപ്പോള്‍ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്കരനും കൂടി മഹിതയുടെ അരികിലേക്ക് യാത്രയായി .മഹിതയുടെ വീടിന്‍റെ പടിക്കല്‍ വാഹനം നിറുത്തിയതും   ഭാസ്കരന്‍ വാഹനത്തില്‍ നിന്നും  തിടുക്കത്തില്‍ അകത്തേക്ക് നടന്നു .പാദരക്ഷകള്‍ ഉപയോഗിക്കുന്ന പതിവ്  കുഞ്ഞുനാള്‍ മുതല്‍ക്കേ  ഭാസ്കരനില്ല.രാവിലെ പെയ്ത മഴയാല്‍  മുറ്റം നിറയെ ചെളിയായിരുന്നു .ഭാസ്കരന്‍റെ പാദങ്ങളില്‍  പുരണ്ട ചെളി വെള്ള നിറമുള്ള മാര്‍ബിളില്‍ കാല്‍പ്പാടുകള്‍ തീര്‍ത്തു . മഹിതയുടെ ഭര്‍ത്താവിന്‍റെ അച്ഛന് അതത്ര രസിച്ചില്ല .അയാള്‍  ചാരുകസേരയില്‍ നിന്നും അല്പം നിവര്‍ന്നിരുന്ന് ഭാസ്കരനോടായി പറഞ്ഞു.

,, ഹേയ് എവിടേക്കാ ധൃതിയില്‍ ഈ ഓടിക്കയറി പോകുന്നെ ?  മാര്‍ബിളില്‍ ചെളിക്കൊണ്ട് അഭിഷേകമാക്കിയല്ലോ ,,

മുറ്റത്തിന്‍റെ  അങ്ങേത്തലയ്ക്കലുള്ള  വെള്ളത്തിന്‍റെ  ടാപ്പ്  ചൂണ്ടിക്കാട്ടി അയാള്‍ തുടര്‍ന്നു.

,, ആ കിടക്കുന്ന  ചെരുപ്പുകള്‍ ഇട്ട് കാല്‍പാദങ്ങള്‍  കഴുകി  വൃത്തിയാക്കി ഈ  തിണ്ണയില്‍   വന്നിരിക്കൂ ,,

ഭാസ്കരന്‍റെ പുഞ്ചിരി  പൊടുന്നനെ എങ്ങോ  പോയ്മറഞ്ഞു.അയാള്‍ ചാറ്റല്‍മഴ ഗൌനിക്കാതെ   മുറ്റത്തേക്കിറങ്ങിനിന്ന് മാര്‍ബിളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ നോക്കിനിന്നു .പുറത്തെ വര്‍ത്തമാനങ്ങള്‍  കേട്ടുകൊണ്ട്   അടുക്കളയില്‍ നിന്നും   മഹിത പൂമുഖത്തേക്ക് വന്നു .ചന്ദ്രശേഖരമേനോനും പത്നിയും മഹിതയുടെ അരികിലേക്ക് നടന്നു .അമ്മ അരികിലേക്ക് എത്തിയപ്പോള്‍ മഹിത അമ്മയുടെ മാറിലേക്ക്‌  ചാഞ്ഞു .ചന്ദ്രശേഖരമേനോന്‍  മകളെ തലോടി .മഹിത   ക്ഷീണിച്ചിരിക്കുന്നു.കണ്‍ തടങ്ങളിലെ  കരുവാളിപ്പ് അവളുടെ സൌന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു,എണ്ണ പുരളാത്ത കാര്‍കൂന്തല്‍ പങ്കയുടെ കാറ്റിനാല്‍  പാറിപ്പറന്നു .അമ്മ  മകളുടെ  നെറുകയില്‍ ചുംബിച്ചുക്കൊണ്ട്   ചോദിച്ചു .

,, എന്തൊരു  കോലമാണ്   മോളെ ഇത് ? ന്‍റെ കുട്ടിക്ക് എന്താ പറ്റിയെ ?ന്‍റെ കുട്ടിക്ക് ഇവിടെ സുഖല്ല്യാന്നുണ്ടോ ?,,

മഹിത അമ്മയുടെ കവിളുകളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .

,, ന്‍റെ അമ്മയ്ക്ക് തോന്നുന്നതാ . നിക്ക് ഇവിടെ ഒന്നിനും ഒരു കുറവൂല്യാ ,,

മഹിതയുടെ വാക്കുകള്‍  അവിശ്വസനീയമായി തോന്നിയതിനാല്‍  അമ്മ തുടര്‍ന്നു .

,,ന്നാലും ന്‍റെ കുട്ടി ....... ഇങ്ങിനെ ക്ഷീണം ഉണ്ടാവാന്‍  എന്താപ്പോ  ഉണ്ടായെ ?,,

മഹിത മറുപടി പറയാതെ മാര്‍ബിളില്‍ പതിഞ്ഞ  കാല്‍പ്പാടുകള്‍ തുടച്ചുനീക്കിയതിനു ശേഷം   അതിഥികള്‍ക്ക് നാരങ്ങ വെള്ളം  കുടിക്കുവാന്‍ കൊടുക്കുവാനായി അടുക്കളയിലേക്ക് നടന്നു, ഒപ്പം അമ്മയും . ചന്ദ്രശേഖരമേനോന്‍ കാറില്‍ നിന്നും പച്ചക്കറികള്‍ നിറച്ച ചാക്കുകള്‍
ഭാസ്ക രനോട് ഇറക്കിവെക്കുവാന്‍ പറഞ്ഞതിനുശേഷം രാജീവിന്‍റെ അച്ഛന്‍റെ  അരികിലായി ഇരുന്നു.അല്പം കഴിഞ്ഞപ്പോള്‍ മഹിത ഭാസ്കരനെ  പുറകുവശത്തേക്ക്  വിളിച്ച് ചോദിച്ചു .

,, എന്താ  ഭാസ്കരേട്ടാ ...കയറിയിരിക്കാതെ മുറ്റത്തുതന്നെ നിന്നത് .അച്ഛന്‍ പറഞ്ഞത് വിഷമമായോ ?,,

എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുന്ന ഭാസ്കരന്‍റെ മുഖത്ത് പുഞ്ചിരിയുടെ ചെറിയ  അംശം പോലും നിഴലിച്ചിരുന്നില്ല .ഭാസ്കരന്‍ വിക്കിവിക്കി പറഞ്ഞു .

,,ഈ.... ഇവിടത്തെ അച്ഛന്‍  വാ... വാ... വഴക്കു പാ... പാ...  പറഞ്ഞു  ,,

മഹിത ഭാസ്കരന്‍റെ കൈപിടിച്ചു അടുക്കളയിലേക്ക് ക്ഷണിച്ചുക്കൊണ്ട്  പറഞ്ഞു .

,, സാരല്യാട്ടോ.അച്ഛന്‍ പറഞ്ഞത് കാര്യമാക്കേണ്ട  ,,

മഹിത അടുക്കളയിലെ കസേര ഭാസ്കരന് ഇരിക്കാനായി നീക്കിയിട്ടു പറഞ്ഞു

,,ഭാസ്കരേട്ടന്‍ ഇവിടെയിരുന്നോ ,,

ഭാസ്കരന്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ കസേരയിലിരുന്നു . മഹിത തിടുക്കത്തില്‍ ഊണിനുള്ള ജോലികളില്‍ മുഴുകി,  സഹായിക്കുവാന്‍ ഒപ്പം അമ്മയും കൂടി .മഹിതയുടെ ഭര്‍ത്താവ്   ജോലികഴിഞ്ഞ് വരുന്നത് സന്ധ്യ കഴിഞ്ഞാണ് . വൈകിട്ട്  അഞ്ചു മണിക്ക് ജോലി കഴിയുമെങ്കിലും
കൂട്ടുകാരോടൊത്തുക്കൂടി  മൂക്കറ്റം മദ്യപിച്ചിട്ടാണ് പതിവായി  അയാള്‍  വീട്ടിലേക്ക് വരുന്നത് .ഈയിടെയായി മഹിതയെ അയാള്‍ ദേഹോപദ്രവം എല്പ്പിക്കുന്നുണ്ട്. നാളിതുവരെ അച്ഛനോടും അമ്മയോടും ഈ വിവരങ്ങള്‍  ഒന്നും അവള്‍  പറഞ്ഞിട്ടില്ല.രാജീവും,ഇളയ സഹോദരനും  അച്ഛനുമാണ്   വീട്ടിലുള്ളവര്‍ .സഹോദരന്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .അയാള്‍ ആറുമാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരുന്നത് .ഊണ് കഴിഞ്ഞ് രണ്ടുമണിയോടെ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്ക്കരനും തിരികെ പോന്നു.അടുത്ത വെള്ളിയാഴ്ച വൈകീട്ട് രാജീവും മഹിതയും വീട്ടിലേക്ക് വരണമെന്ന് ചന്ദ്രശേഖരമേനോന്‍ രാജീവിന് ഫോണ്‍ ചെയ്ത് പറഞ്ഞു .അയാള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

വൈകീട്ട് അയല്‍വാസിയായ കണാരേട്ടന്‍  റേഷന്‍കടയില്‍ നല്ല ഗോതമ്പ് എത്തിയവിവരം   ചന്ദ്രശേഖരമേനോനോട് പറഞ്ഞു .ചന്ദ്രശേഖരമേനോന്‍ ഭാര്യയോട് സഞ്ചിയും പണവും എടുക്കുവാന്‍ പറഞ്ഞ്  തൊടിയിലേക്ക്‌ നടന്നു .ഭാസ്കരന്‍  മഹിതയുടെ വീട്ടില്‍ നിന്നും  വന്നയുടനെ തൊടിയിലേക്ക്‌ ഇറങ്ങിയതാണ് .ഭാസ്കരന്‍ തൊടിയില്‍ നിന്നും പശുക്കളെയും കൊണ്ട് വരുന്നത് ദൂരെനിന്നും ചന്ദ്രശേഖരമേനോനോന്‍  കണ്ടു .ചന്ദ്രശേഖരമേനോന്‍ ഭാസ്കരനോടായി പറഞ്ഞു.

,, ഭാസ്കരാ നീ വേഗം പശുക്കളെ തൊഴുത്തില്‍ക്കൊണ്ടാക്കി റേഷന്‍കടയിലേക്ക് ചെല്ല്. അവിടെ നല്ല ഗോതമ്പ് വന്നിട്ടുണ്ടെന്ന് കണാരേട്ടന്‍ പറഞ്ഞു.നേരം വൈകിയാല്‍ ഗോതമ്പ് തീര്‍ന്നുപോകും ,,

ഭാസ്കരന്‍ നടത്തത്തിന് വേഗം  കൂട്ടി .അപ്പോള്‍  കാര്‍മേഘങ്ങളില്‍ തുളവീഴ്ത്തിക്കൊണ്ട് മഴ ചാറാന്‍ തുടങ്ങിയിരുന്നു.ഭാസ്കരന്‍ പശുക്കളെ തൊഴുത്തിലാക്കി വീട്ടില്‍ എത്തിയപ്പോഴേക്കും മഹിതയുടെ അമ്മ ഗോതമ്പ് വാങ്ങുവാനുള്ള  പണവും, സഞ്ചിയുമായി കാത്തുനില്ക്കുന്നുണ്ടായിരുന്നു .ചാറ്റല്‍മഴയുംകൊണ്ട് നടന്നുനീങ്ങുന്ന ഭാസ്കരനെ  ചന്ദ്രശേഖരമേനോന്‍ തിരികെവിളിച്ചു .

ഭാസ്കരാ ...നീ മഴയും കൊണ്ടാണോ പോകുന്നത് ,,

ചന്ദ്രശേഖരമേനോന്‍ ഭാര്യയോട്  ഭാസ്കരന് കുട എടുത്തുകൊടുക്കാന്‍ പറഞ്ഞു .കുടയും വാങ്ങി ചൂടി ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ ഭാസ്കരന്‍ ധൃതിയില്‍ നടന്നു .ടാറിട്ട  പ്രധാന പാതയിലൂടെ  രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് റേഷന്‍കടയിലേക്ക്.അല്പദൂരം നടന്നാല്‍ പാതയുടെ ഇടതുവശം   കുറ്റിക്കാടുകളാണ്. കുറ്റിക്കാട്ടിലൂടെയുള്ള    ചെമ്മണ്‍ പാതയിലൂടെ  നടന്നാല്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍  നടത്തം ലാഭിക്കാം .പ്രധാന പാതയില്‍ നിന്നും ചെമ്മണ്‍പാത ആരംഭിക്കുന്ന ഇടത്തുനിന്നും   അലപ്ദൂരത്തായിരുന്നു    ഭാസ്കരന്‍റെ അമ്മ  കൊലചെയ്യപ്പെട്ടു കിടന്നിരുന്നത്  .അവിടെ ദുര്‍മരണം നടന്നതില്‍ പിന്നെ സന്ധ്യകഴിഞ്ഞാല്‍  ആ വഴിയെ മനുഷ്യ സഞ്ചാരം കുറവാണ്.മോക്ഷം ലഭിക്കാത്ത ആത്മാവ് ഗതികിട്ടാതെ  രാത്രി കാലങ്ങളില്‍ അവിടമാകെ അലയുന്നുണ്ട് എന്ന് ദുര്‍മരണം നടന്നതില്‍ പിന്നെ  ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പക്ഷെ ഭാസ്ക്കരന്‍  പാതിരാത്രിയിലും  ആ വഴിയെ  യാത്രചെയ്യാറുണ്ട്.തറവാട്ടിലെ ചന്ദ്രശേഖരമേനോന്‍റെ സഹോദരന്‍റെ മകന്‍ അപ്പു ഭാസ്കരനെ കാരണംകൂടാതെ ദേഹോപദ്രവം എല്പ്പിക്കുന്നത് പതിവാണ് .ദേഹോപദ്രവം ഏറ്റു കഴിഞ്ഞാല്‍  ഭാസ്കരന്‍ നേരെ  അമ്മ മരണപ്പെട്ടു കിടന്നിരുന്ന ഇടത്ത് വന്നിരുന്ന് സങ്കടം പറഞ്ഞ് കരയും.ആ വഴിയെ പോകുമ്പോള്‍ അമ്മയുടെ മൃതദേഹം കിടന്നിരുന്ന ഭാഗത്തേക്ക്  നോക്കി  ഭാസ്കരന്‍ അല്പനേരം  നില്‍ക്കും.അപ്പോള്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ അയാളുടെ  കണ്ണുകള്‍  ഈറനണിയും .

ബുദ്ധിയുറക്കാത്ത     ഭാസ്കരന്‍റെ മനസ്സില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍  അപ്പുവിനെ നേരില്‍ കാണരുതേ എന്ന പ്രാര്‍ത്ഥനയാണ് .കവലയില്‍ എത്തിയപ്പോള്‍ കാലിത്തീറ്റ വില്പന കേന്ദ്രത്തിന് മുന്‍പില്‍ അപ്പു നില്ക്കുന്നത്  ഭാസ്കരന്‍ ദൂരെനിന്നും  കണ്ടു.അപ്പുവിന്‍റെ കണ്ണില്‍പ്പെടാതെയിരിക്കുവാന്‍ ഭാസ്കരന്‍ ശ്രമിച്ചുവെങ്കിലും അപ്പു
ഭാസ്ക രനെ കണ്ടു .അയാള്‍  ഭാസ്കരനെ അയാളുടെ  അരികിലേക്ക് വിളിച്ചു.അപ്പുവിന്‍റെ അല്പമകലെയായി ഭാസ്കരന്‍ നിന്നു.

,, എടാ പാക്കരാ ...നീ ആ വാങ്ങിവെച്ച കാലിത്തീറ്റയുടെ ചാക്ക് തറവാട്ടില്‍ എത്തിക്ക്‌.എനിക്ക് കുറച്ചുകൂടി സാധനങ്ങള്‍ വാങ്ങിക്കാനുണ്ട്.ഭാസ്കരന്‍ അപ്പുവിന്‍റെ സൈക്കിളിലേക്ക് നോക്കി പറഞ്ഞു.

,,ഞാ ....ഞാ  ഞാന്‍ റെ റേഷന്‍കടേക്ക്  പോ .പോ .പോകാ......നേ ....നേ ...നേരം വാ... വാ...വെക്യാ ഗോ...ഗോ...ഗോതമ്പ് തീ ...തീ ..തീരും.ആ ...ആ...അപ്പൂന്‍റെക്കെ സാ ...സാ.സക്കിളുണ്ടല്ലോ ....,,

അപ്പു  ഭാസ്കരനെ  രൂക്ഷമായി നോക്കിക്കൊണ്ട്‌ പറഞ്ഞു .

,, നീ  ഈ ചാക്ക് തറവാട്ടില്‍ എത്തിച്ചിട്ടെ റേഷന്‍കടയിലേക്ക് പോകുകയുള്ളൂ. അല്ലാതെ നീ ഇവിടെ നിന്നും പോകുന്നത് എനിക്കൊന്നു കാണണം  ,,

ഭാസ്കരന്‍  നിസഹായനായി  പറഞ്ഞു.

,, ആ ...ആ ...അപ്പു.... വാ ...വാ  ..വഴീന്ന്മാ മാ ...മാറിക്കാ ..ഈ ...ഈ...ഇക്ക്  പോ...പോ...പോണം ,,

അപ്പു ഭാസ്കരന്‍റെ വള്ളിനിക്കറില്‍ പിടിച്ച് ആകമാനം ഒന്ന് കുടഞ്ഞു.പിന്നെ നാഭിക്ക് നോക്കി തൊഴിച്ചു .തൊഴിയുടെ ആഘാതത്തില്‍ ഭാസ്കരന്‍ നിലത്തുവീണു .ഭാസ്കരന്‍റെ ഇടതു കൈ കല്ലില്‍ തട്ടി ചോരപൊടിഞ്ഞു.ഭാസ്കരന്‍  സങ്കടം സഹിക്കവയ്യാതെ കരഞ്ഞു.അടുത്ത് നിന്നിരുന്ന പരിചയക്കാരന്‍ അപ്പുവിനോടായി പറഞ്ഞു.

,,ഹേയ് ...എന്തിനാ ആ പാവത്തിനെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നത് .ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് വെച്ച് എന്തും ആവാമെന്നാണോ .പോരാത്തതിന് ബുദ്ധിവികാസം ഇല്ലാത്ത ആളും .കഷ്ടണ്ട്ട്ടാ....,,

പരിചയക്കാരന്‍റെ സംസാരം ഇഷ്ടമാകാതെ അപ്പു അയാളോട് തട്ടിക്കയറി.

,, തനിക്ക് അത്രയ്ക്ക്  മനക്ലേശമുണ്ടെങ്കില്‍ ഈ മന്ദബുദ്ധിയെ  താന്‍ കൊണ്ടുപോയി സംരക്ഷിക്കടോ.,,

പരിചയക്കാരന്‍ പിന്നെ അപ്പുവിനോട് മറുത്തൊന്നും പറഞ്ഞില്ല.അപ്പു ഭാസ്കരനെ വീണ്ടും പൊതിരെ തല്ലി .ഭാസ്കരന്‍  ഗത്യന്തിരം  ഇല്ലാതെ കാലിത്തീറ്റയുടെ ചാക്ക് തലയിലേറ്റി കരഞ്ഞുക്കൊണ്ട്   തറവാട് ലക്ഷ്യമാക്കി നടന്നുനീങ്ങി .ചന്ദ്രശേഖരമേനോന്‍റെ  പടിപ്പുരയുടെ  മുന്നിലൂടെയാണ്   തറവാട്ടിലേക്ക്  പോകേണ്ടത് .ഭാസ്കരന്‍  ചുമടും താങ്ങി വരുന്നത്   ചന്ദ്രശേഖരമേനോന്‍ ദൂരെ നിന്നും കണ്ടു .അയാള്‍  പടിപ്പുരയിലേക്ക്‌ നടന്നു .ഭാസ്കരന്‍ അടുത്തെത്തിയപ്പോള്‍ ചന്ദ്രശേഖരമേനോന്‍ ചോദിച്ചു .

,, ഗോതമ്പ്  വാങ്ങുവാന്‍  പോയ നീയെന്തിനാ ഈ കാലിത്തീറ്റയുടെ ചാക്കുമായി പോന്നത്.ഗോതമ്പ് വാങ്ങിക്കുവാന്‍  അയച്ചാല്‍ അതല്ലെ വാങ്ങിയിട്ട് വരേണ്ടത് .അതോ നീ പുറത്ത്  കൂലിക്ക് പണിയെടുക്കാനും  തുടങ്ങിയോ ,,

ഭാസ്കരന്‍     ചന്ദ്രശേഖരമേനോന്‍റെ മുഖത്തേക്ക് നോക്കാതെ അല്പനേരം അവിടെ നിന്നു .ഭാസ്കരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ഭാസ്കരന്‍

 ,, താ ...താ ...തറവാട്ടിലേക്കാ ,,

എന്നുമാത്രം  പറഞ്ഞ് നടന്നുനീങ്ങി .വര്‍ഷങ്ങള്‍ക്കുമുമ്പ്  ആദ്യമായി  അപ്പു തന്നെ ദേഹോപദ്രവം ചെയ്തപ്പോള്‍  ഭാസ്കരന്‍ പോയി  ചന്ദ്രശേഖരമേനോനോട് കാര്യംപറഞ്ഞു. അന്ന് ചന്ദ്രശേഖരമേനോന്‍ അപ്പുവിനെ ചൂരല്ക്കൊണ്ട്‌ തല്ലി . അപ്പുവിന്‍റെ അച്ഛന്‍ സന്ധ്യക്ക്‌ വന്നപ്പോള്‍  അപ്പുവിനെ തല്ലിയ  വിവരമറിഞ്ഞ് ചന്ദ്രശേഖരമേനോനുമായി വഴക്കായി .അന്ന് സഹോദരങ്ങള്‍ വഴക്കിടാന്‍ ഹേതുവായ ഭാസ്കരനെ  മഹിതയുടെ അമ്മ വഴക്ക് പറഞ്ഞിരുന്നു.തന്നയുമല്ല അന്നുമുതല്‍ അപ്പു ഭാസ്കരന്‍റെ ശത്രുവായി മാറി.അവസരം കിട്ടിയാല്‍ അപ്പു  ഭാസ്കരനെ മര്‍ദ്ദിക്കുന്നത് പതിവാക്കി .പിന്നീട് അപ്പു ഭാസ്കരനെ മര്‍ദ്ദിക്കുമ്പോള്‍ നിസഹായനായി ഭാസ്ക്കരന്‍ മര്‍ദ്ദനം  ഏറ്റുവാങ്ങും .ജീവിച്ചിരിക്കുന്നവരോട് ആരോടുംതന്നെ ഭാസ്കരന്‍ പരാതി പറഞ്ഞില്ല.വല്ലാതെ സങ്കടം തോന്നുമ്പോള്‍ അയാള്‍ അമ്മ  കൊലചെയ്യപ്പെട്ടു കിടന്നിരുന്നിടത്ത് പോയി  സങ്കടം പറയും .കുറ്റിക്കാട്ടില്‍ എങ്ങോ അമ്മയുണ്ട്‌ എന്നാണ് അയാളുടെ വിശ്വാസം .തറവാട്ടില്‍ ചുമടിറക്കി റേഷന്‍കടയില്‍ പോയി ഗോതമ്പ് വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ എട്ടുമണികഴിഞ്ഞിരുന്നു .

 വെള്ളിയാഴ്ച സന്ധ്യക്ക്‌ മഹിതയും ഭര്‍ത്താവും വീട്ടിലെത്തി .മഹിതയെ വീട്ടിലാക്കി മഹിതയുടെ ഭര്‍ത്താവ് അപ്പോള്‍ തന്നെ   അയാളുടെ ഇരുചക്രവാഹനത്തില്‍ പട്ടണത്തിലേക്ക് പോയി. തിരികെ വന്നത് പത്തുമണിക്ക് ശേഷമാണ് .അയാള്‍ മദ്യപിച്ചിരുന്നു .കൈയില്‍ രണ്ടു മദ്യകുപ്പികളും ഉണ്ടായിരുന്നു.വന്നയുടനെ അയാള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയി.അത്താഴം വിളമ്പി രാജീവിനെ കാത്തിരുന്നവര്‍ നിരാശരായി .രാജീവിന്‍റെ പ്രവര്‍ത്തികള്‍ കണ്ട ചന്ദ്രശേഖരമേനോന്‍ ധര്‍മസങ്കടത്തിലായി .

രാവിലെ മഹിത തൊടിയിലാകെ ചുറ്റിനടന്നു .ഹരിതാഭമായ കാഴ്ചകള്‍ കാണുന്നത് മനസ്സിനൊരു കുളിരാണ്.മുരിങ്ങാ മരത്തില്‍ നിറയെ മുരിങ്ങ  കായ്ച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ മഹിത ഭാസ്ക്കാരനെ വിളിച്ച് മുരിങ്ങ . പറിക്കുവാന്‍ പറഞ്ഞു .അയാള്‍ മരത്തില്‍ കയറി മുരിങ്ങ പറിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങോനിന്നും വന്ന കടന്നല്‍  മഹിതയുടെ ദേഹത്ത് കുത്തി പറന്നുപോയി   വലിയയിനം കടന്നലായിരുന്നു  കുത്തിയത് . കഠിനമായ വേദനയാല്‍ മഹിത നിന്ന് പുളഞ്ഞു .ഭാസ്കരന്‍ മരത്തില്‍നിന്ന് ചാടിയിറങ്ങി ചോദിച്ചു .

,,എ...എ  എന്താ മാ...മാ..മഹിത കു ....കു ...കുഞ്ഞേ  ഊ  ...ഊ ..ഉണ്ടായെ ,,

കടച്ചില്‍ സഹിക്കവയ്യാതെ മഹിത പറഞ്ഞു.

,,ഭാസ്കരേട്ടാ ...എന്‍റെ പുറത്ത് കടന്നല്‍ കുത്തിയെന്ന്  തോന്നുന്നു .കടന്നലിന്‍റെ കൊമ്പ് മുറിഞ്ഞിരിക്കുന്നുണ്ടാവും അത് എടുക്കൂ ഭാസ്കരേട്ടാ ..,,

മഹിത  മാക്സിയുടെ   മൂന്ന് ഹുക്കുകളും  അഴിച്ച് വസ്ത്രം അല്പം നീക്കിക്കൊടുത്തു.ഭാസ്കരന്‍ മഹിതയുടെ  ദേഹത്ത് കയറിയ കൊമ്പ് കണ്ടുപ്പിടിച്ചു .കൊമ്പ് കുത്തിയ ഭാഗത്ത് ചുവന്ന്  തിണര്‍ത്തിരിക്കുന്നു.അപ്പോള്‍  രാജീവ്  പല്ല് തേച്ചുകൊണ്ട്  കിണറിന് അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു .അവിടെ നിന്നാല്‍ ഭാസ്കരനേയും മഹിതയേയും രാജീവിന് കാണാം പുറംതിരിഞ്ഞു നില്‍ക്കുന്ന മഹിതയുടെ ശരീരത്തോട് ചേര്‍ന്നുനിക്കുന്ന ഭാസ്കരനെ കണ്ടപ്പോള്‍ രാജീവിന്‍റെ സമനില തെറ്റി .അയാള്‍

,,കഴുവേറിയുടെ മോനേ  ,,

എന്നുപറഞ്ഞുകൊണ്ട് അവരുടെ അരികിലേക്ക് പാഞ്ഞടുത്തു .. മഹിത പറയുന്നത് ചെവിക്കൊള്ളാതെ രാജീവ് ഭാസ്കരനെ പൊതിരെ മര്‍ദ്ദിച്ചു .രാജീവിനെ പിടിച്ചുമാറ്റുവാന്‍ ശ്രമിച്ച മഹിതയുടെ നേര്‍ക്കായി പിന്നീട് അയാളുടെ ആക്രമണം .സമനില തെറ്റിയ രാജീവ് പറഞ്ഞു.

,, ഈ മന്ദബുദ്ധിയില്‍ നിന്നുള്ള സുഖത്തിന് വേണ്ടിയാണ്  നീ ഇവിടേയ്ക്ക് വരുവാന്‍ തിടുക്കം കൂട്ടിയത് അല്ലെ  .എനിക്കിത് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.നീ പതിവ്രതയല്ല ,,

രാജീവ്‌ അലറിക്കൊണ്ട്‌ മഹിതയെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ ഭാസ്കരനത് സഹിച്ചില്ല. ഭാസ്കരന്‍ അയാളെ ശക്തിയായി തള്ളിമാറ്റി. രാജീവ് തള്ളലിന്‍റെ ശക്തിയാല്‍ നിലംപതിച്ചു .തൊടിയിലെ ബഹളം  കേട്ട്   ചന്ദ്രശേഖരമേനോനും പത്നിയും അവരടെ അരികിലേക്ക് ഓടിവന്നു.അപ്പോള്‍ ഭാസ്കരന്‍ രാജീവിനെ മര്‍ദ്ദിക്കുന്നതാണ് ചന്ദ്രശേഖരമേനോനും പത്നിയും കണ്ടത് .ചന്ദ്രശേഖരമേനോന്‍ ഭാസ്കരനെ തള്ളിമാറ്റി കരണത്തടിച്ചു.ഭാസ്കരന്‍ സ്തംഭിച്ചു നിന്നു.ചന്ദ്രശേഖരമേനോന്‍ ഭാസ്കരന്‍റെ മുഖത്ത് നോക്കി പറഞ്ഞു .

,, ആരെയാണ്  നീ ഈ തല്ലുന്നത് .നിനക്ക് എങ്ങിനെ ധൈര്യം  വന്നു മോനെ തല്ലാന്‍.ഉണ്ട ചോറിന് നന്ദിയില്ലാത്ത തെണ്ടി കടന്നുപോടാ ഇവിടെന്ന് .,,

 ചന്ദ്രശേഖരമേനോന്‍ ഭാസ്കരനെ പിടിച്ചുതള്ളി .മഹിത.....

,, അച്ചാ  അരുത്...... ഭാസ്കരേട്ടന്‍ പാവമാണ്,,

 എന്നുപറഞ്ഞുകൊണ്ട്  അലമുറയിട്ട് കരഞ്ഞു.ഭാസ്കരന്‍ കുഞ്ഞുങ്ങളെ പോലെ തേങ്ങിക്കരഞ്ഞുക്കൊണ്ട് ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ ഇരുകൈകള്‍കൊണ്ട് തുടച്ചുനീക്കി  ലക്ഷ്യസ്ഥാനം അറിയാതെ  തിരിഞ്ഞു നടന്നു .അപ്പോള്‍  ഭാസ്കരന്‍ പറിച്ചെടുത്ത മുരിങ്ങക്കായകള്‍ അവിടമാകെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
                                                                    ശുഭം
rasheedthozhiyoor@gmail.com                                                 rasheedthozhiyoor.blogspot.qa
  

9 October 2015

ചെറുകഥ.അനപത്യത

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് ഇന്നും മഴ ദിവസമാണ്. ഇന്നലെത്തന്നെ പശുക്കളെ പുല്ലു തീറ്റിക്കുവാന്‍ തൊഴുത്തില്‍ നിന്നും പുറത്തിറക്കുവാനായില്ല.സമയം രാവിലെ പത്തുമണിയായികാണും ,മഴയ്ക്ക്‌ അല്‍പം ശമനമായപ്പോള്‍ നിവേദിത തൊഴുത്തിനടുത്തേക്ക്  നടന്നു . ഇറച്ചിവെട്ടുകാരനും സഹായിയും ഉണ്ണ്യേട്ടന്‍റെ അച്ഛനോട് സംസാരിച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ നിവേദിത തിടുക്കത്തില്‍ കോവണി പടികള്‍ ഓടിക്കയറി മച്ചിന്‍ പുറത്തെ ജാലകത്തിനടുത്ത് കാതോര്‍ത്തുനിന്നു .മച്ചിന്‍പുറത്തെ ഇടനാഴിയിലെ ജാലകത്തിലൂടെ നോക്കിയാല്‍ വീടിന്‍റെ കിഴക്കുവശത്തുള്ള തൊഴുത്തിലെ പശുക്കളെ കാണാം .പടിഞ്ഞാറേക്ക്‌ നില്‍ക്കുന്ന പശുക്കള്‍ വീട്ടിലെ നിലവിളക്ക് കാണാവുന്ന വിധത്തിലാണ് തൊഴുത്ത് പണിതിരിക്കുന്നത്.കഴിഞ്ഞദിവസം അച്ഛന്‍ അമ്മയോട് പറഞ്ഞ വാക്കുകള്‍ കേട്ടതില്‍ പിന്നെ നിവേദിതയുടെ മനസ്സ് അസ്വസ്ഥമാണ്.അച്ഛന്‍ നന്ദിനിപശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കി ഇറച്ചിവെട്ടുകാരന് കൈമാറി പണം എണ്ണി തിട്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .ഇറച്ചിവെട്ടുകാരനും സഹായിയും നന്ദിനിപശുവിനെയും കൊണ്ട് നടന്നുനീങ്ങി . അപരിചിതരുടെ കൂടെ പോകുവാന്‍ വിസമ്മതിക്കുന്ന നന്ദിനിപശുവിനെ ഇറച്ചിവെട്ടുകാരന്‍ വടിക്കൊണ്ട് അടിച്ചുക്കൊണ്ടിരുന്നു.അപ്പോഴൊക്കെയും നന്ദിനി പശു അലറിക്കരയുന്നുണ്ടായിരുന്നു .

നിവേദിത കോവണി പടികള്‍ ഇറങ്ങുമ്പോള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു .

,, ആ  മച്ചിപശുവിനെ കാലമെത്രയായി തീറ്റിപ്പോറ്റാന്‍ തുടങ്ങിയിട്ട്.അശ്രീകരം ഇവിടെ ഉണ്ടായാല്‍ അത് ഈ കുടുംബത്തിന് നാശമാണ്‌ ,,

അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .

,, എന്നാലും അതിനെ ആ ഇറച്ചിവെട്ടുകാരന് കൊല്ലാന്‍ കൊടുക്കേണ്ടിയിരുന്നില്ല.,,

അമ്മയുടെ വാക്കുകള്‍ ഇഷ്ടമാകാതെ അച്ഛന്‍ ഉച്ചത്തില്‍ പറഞ്ഞു.

,, പിന്നെ ആ അശ്രീകരത്തിനെ എന്ത് ചെയ്യണമെന്നാ ഈ പറഞ്ഞു വരുന്നേ? .
ഒരു ഉപകാരവും ഇല്ലാത്ത ആ ജന്തുവിന്‍റെ ആയുസ്സ് ഒടുങ്ങും വരെ തീറ്റിപ്പോറ്റണമെന്നാണോ ?,,

ഇനിയും ഈ വിഷയത്തില്‍ അച്ഛനോട് സംസാരിച്ചാല്‍ അച്ഛനുമായി  വഴക്കിടേണ്ടി  വരും എന്നത് കൊണ്ടാവാം അമ്മ മുറ്റത്തുനിന്നും അകത്തേക്കുപോയി .അച്ഛന്‍ പശുവിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും അച്ഛന്‍റെ വാക്കുകള്‍ തന്നെയും കൂടി ചേര്‍ത്താണെന്ന് നിവേദിതയ്ക്ക് അറിയാം.പ്രസവിക്കേണ്ടുന്ന പ്രായത്തില്‍ പ്രസവിക്കാതെയായാല്‍ മൃഗങ്ങളായാലും മനുഷ്യസ്ത്രീകളായാലും സമൂഹം മച്ചി എന്ന നാമകരണം നല്കി ആദരിക്കുമല്ലോ .നിവേദിത ഉണ്ണികൃഷ്ണന്‍റെ സഹധര്‍മ്മിണിയായിട്ട് വര്‍ഷം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. വിവാഹത്തിനുശേഷം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പോലെ ഒരു കുഞ്ഞിന്‌ ജന്മംനല്‍കുവാന്‍ നിവേദിതക്കായില്ല.ഉണ്ണ്യേട്ടന്‍റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഈ തറവാട്ടിലെ അംഗമാകുവാനായത് തന്‍റെ ഏറ്റവുംവലിയ സൗഭാഗ്യമായിട്ടാണ് നിവേദിതയ്ക്ക് തോന്നിയത് .ഉണ്ണിയുമായുള്ള വിവാഹാലോചന വന്നപ്പോള്‍ തന്നെക്കാളും പതിനാറു വയസ്സ് കൂടുതല്‍ പ്രായമുള്ള ഉണ്ണിയെ വിവാഹംകഴിക്കുവാന്‍ നിവേദിതയ്ക്കുള്ള നീരസം അമ്മയെ അറിയിച്ചപ്പോള്‍ അച്ഛനില്‍ നിന്നുമുണ്ടായ പ്രതികരണം ഇടയ്ക്കൊക്കെ നിവേദിത ഓര്‍ക്കാറുണ്ട് .

,, ഉണ്ണിയുടെ തറവാടിന്‍റെ പടി ചവിട്ടുവാനുള്ള അര്‍ഹതയില്ലാത്തവരാണ് നമ്മള്‍.അയാള്‍ക്ക്‌ അല്പം പ്രായം കൂടുതല്‍ ഉള്ളതിനാലാണ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നത് . സ്ത്രീധനമായി അവര്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല .ഇവിടെ നിന്നും കൊടുക്കുവാന്‍ കഴിയുന്നത്‌ കൊടുത്താല്‍മതിയെന്നാണ് ഉണ്ണിയുടെ അച്ഛന്‍ പറഞ്ഞിരിക്കുന്നത്.ആ ഗ്രാമത്തിലെ പേരുകേട്ട തറവാടാണ് അവരുടേത് .കണ്ണെത്താദൂരത്തോളം ഭൂമിയുണ്ടവര്‍ക്ക് .നിന്‍റെ ഇളയതുങ്ങളെ ഓര്‍ത്തെങ്കിലും എന്‍റെ മോള് ഈ ബന്ധത്തിന് സമ്മതിക്കണം ,,

വിവാഹപ്രായമായ നാല് പെണ്‍മക്കളുടെ പിതാവിന് ഇങ്ങനെയൊരു തീരുമാനം എടുക്കുവാനെ നിര്‍വാഹമുള്ളൂ .അനിയത്തിമാരുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ നിവേദിത എതിര്‍പ്പുകള്‍ ഒന്നും പറഞ്ഞില്ല.ഉണ്ണ്യേട്ടന്‍റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെക്കുന്നത് വരെ മാത്രമേ ഉണ്ണ്യേട്ടന്‍റെ പ്രായ കൂടുതലിനെ കുറിച്ചുള്ള സങ്കടം നിലനിന്നുള്ളൂ .പട്ടാളക്കാരനാണെങ്കിലും ഉണ്ണ്യേട്ടന്‍ സ്നേഹസമ്പന്നനാണെന്നുള്ള തിരിച്ചറിവ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നതില്‍ സന്തോഷം നല്കി .ഉണ്ണ്യേട്ടന് ഒരു ജേഷ്ടനും ഒരു സഹോദരിയുമുണ്ട് .രണ്ടുപേരുടേയും വിവാഹം നിവേദിതയുടെ വിവാഹത്തിനു മുന്‍പേ കഴിഞ്ഞതാണ്.സഹോദരിയെ വിവാഹംകഴിച്ചയച്ചിരിക്കുന്നത് ദൂരദേശത്തെക്കായതിനാല്‍ അവര്‍ ഇടയ്ക്കൊക്കെയെ തറവാട്ടിലേക്ക് വരികയുള്ളൂ .നിവേദിതയുടെ വിവാഹംകഴിയുമ്പോള്‍ ഏട്ടന് രണ്ടുവയസ്സുകാരി മഞ്ജരിമോള്‍ മാത്രമേയുള്ളൂ. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു മകന്‍ കൂടി പിറന്നു.

ആദ്യകാലങ്ങളില്‍ എല്ലാവര്‍ക്കും നിവേദിതയോട് ഒരുപാട് ഇഷ്ടമായിരുന്നു.വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുംതോറും ആ ഇഷ്ടത്തിന് മങ്ങലേല്‍ക്കുന്നതവളറിഞ്ഞു .അതിനുള്ള കാരണം അവള്‍ക്ക് അമ്മയാകുവാന്‍ കഴിയുന്നില്ല എന്നത് തന്നെയായിരുന്നു.അമ്മയും ഉണ്ണ്യേട്ടനും തന്നെ ഈ കാലംവരെ ആശ്വസിപ്പിക്കുവാനെ ശ്രമിച്ചിട്ടുള്ളൂ .പക്ഷെ അച്ഛനും ഏട്ടത്തിയും എന്തിനും ഏതിനും അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.ഈയിടെയായി അച്ഛന്‍ അവളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തിയാല്‍ അശ്രീകരം എന്ന വാക്ക് എപ്പോഴും പറയും.ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിന് ഏല്‍ക്കുന്ന നോവ്‌ ചെറുതൊന്നുമല്ല.വര്‍ഷത്തില്‍ ഒരുമാസത്തെ അവധിക്ക് ഉണ്ണ്യേട്ടന്‍ വന്നാല്‍ എല്ലാവരും അവളോട്‌ സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളൂ .വീട്ടിലെ നന്ദിനി പശുവടക്കം ആറു പശുക്കളെ പരിപാലിക്കുന്ന ജോലി നിവേദിതയ്ക്കാണ്.നന്ദിനി പശുവിനെ നേരില്‍ കാണുന്നത് തന്നെ അച്ഛന് വെറുപ്പായിരുന്നു.അച്ഛന്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തേക്കു പോകുമ്പോള്‍ നന്ദിനി പശുവിനെ അച്ഛന്‍റെ ദൃഷ്ടിയില്‍ പെടാത്ത ഇടത്ത് കൊണ്ടുപോയി കെട്ടിയിടണം .പുറത്തേക്ക് പോകുവാനായി ഒരുങ്ങുമ്പോള്‍ തന്നെ അച്ഛന്‍ വിളിച്ചു പറയും.

,, എനിക്ക് ഒരിടം വരെ പോകണം ആ മച്ചി പശുവിനെ ദൃഷ്ടിയില്‍ പെടാത്ത ഇടത്തേക്ക് മാറ്റി കെട്ടുക  .ആ  അശ്രീകരത്തെ കണ്ടുപോയാല്‍ പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.ജന്മംനല്‍കേണ്ട സമയത്ത് അതിന് കഴിയാത്ത ഏതു ജീവനുള്ളവയെ ശകുനം കണ്ടുപോയാലും പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.,,

ഒരിക്കല്‍ നിവേദിത പശുക്കളെ പടിപ്പുരയുടെ പുറത്തുള്ള പറമ്പില്‍ കെട്ടിയിട്ടു തിരികെ പോരുമ്പോള്‍ അച്ഛന്‍ കാലന്‍ കുടയും എടുത്ത് പടുപ്പുര കടന്നുവരുന്നത്‌ ദൂരെ നിന്നുതന്നെ നിവേദിത കണ്ടു .അന്ന് ഏതോ ഭൂമിയുടെ കച്ചവടത്തിന് മുന്‍‌കൂര്‍ പണം കൊടുക്കേണ്ടുന്ന ദിവസ്സമായിരുന്നു.നിവേദിത അച്ഛന്‍റെ ദൃഷ്ടിയില്‍ പെടാതെയിരിക്കുവാന്‍ തെങ്ങിനു മറവില്‍ ഒളിക്കുവാനൊരു ശ്രമം നടത്തി പക്ഷെ അത് ഫലിച്ചില്ല.അച്ഛന്‍ അവളെ കണ്ടതും കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .

,, പണ്ടാരമടങ്ങാന്‍ അശ്രീകരം മുന്നില്‍ത്തന്നെ വന്നുപെട്ടൂലോ എന്‍റെ ഈശ്വരാ ...... ശകുനപിഴ കണ്ടുപോയാല്‍ ഇനി ഇന്ന് എന്താ ഉണ്ടാകുവാന്‍ പോകുന്നെ എന്ന് ഒരു നിശ്ചയവുമില്ല.കാത്തോളണേ ദേവീ....... മഹാമായേ ,,

നിവേദിതയെ പ്രാകിക്കൊണ്ട്‌ അച്ഛന്‍ നടന്നകന്നു .അച്ഛന്‍റെ വാക്കുകള്‍ കേട്ട്  സങ്കടം ഒതുക്കാന്‍  അവള്‍ക്കായില്ല .അവളുടെ കണ്ണുനീർ അണപൊട്ടിയൊഴുകി.അച്ഛന് എങ്ങിനെ ഇങ്ങനെയൊക്കെ സംസാരിക്കുവാനാവുന്നു !.മകന്‍റെ മക്കളെ താലോലിക്കുവാന്‍ ഏതൊരു മുത്തശ്ശനും ആഗ്രഹമുണ്ടാകും .ഒരു കുഞ്ഞിനുവേണ്ടി താന്‍ എന്തുമാത്രം ആഗ്രഹിക്കുന്നു എന്ന് ആരും ചിന്തിക്കാത്തതില്‍ നിവേദിതയുടെ സങ്കടം അധികരിച്ചു . എത്രയോ ഡോക്ടര്‍മാരുടെ അരികില്‍ പോയി താന്‍ ചികിത്സ തേടിയിരിക്കുന്നു.തനിക്കു ചില ഹോര്‍മോണുകളുടെ തകരാറുകള്‍ ഉണ്ടെങ്കിലും ഗര്‍ഭധാരണം തന്നില്‍ സാധ്യമാണ് എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.ഉണ്ണ്യേട്ടന്‍ അവധിക്ക് വരുമ്പോള്‍ പലപ്പോഴും പറഞ്ഞതാണ് ഏതെങ്കിലുംമൊരു ഡോക്ടറുടെ അരികില്‍ പോയി പരിശോധന നടത്താന്‍ .ഓരോരെ ഒഴിവുകള്‍ പറഞ്ഞ് ഈകാലം വരെ ഉണ്ണ്യേട്ടന്‍ തന്‍റെ ആവശ്യം അംഗീകരിച്ചിട്ടില്ല.അവള്‍ അന്ന് നന്ദിനി പശുവിന്‍റെ അരികില്‍ പോയിനിന്ന് പശുവിനെ തലോടിക്കൊണ്ട് പറഞ്ഞു.

,, എന്‍റെ നന്ദിനീ..... നിനക്കും എനിക്കും ഒരേവിധിയാണല്ലോ .പ്രസവിക്കാത്തതുക്കൊണ്ട് എല്ലാവര്‍ക്കും എന്നോടും നിന്നോടും വെറുപ്പാണ് .ശാപജന്മമാണ് നമ്മുടേത്‌ .എന്‍റെ നന്ദിനി വിഷമിക്കേണ്ട ട്ടോ ...എന്‍റെ നന്ദിനിയെ ഞാന്‍ ഒരിക്കലും ശപിക്കില്ലാട്ടോ ..എനിക്ക് ജീവനുള്ള കാലം വരെ ഞാന്‍ നിന്നെ ഒരു കുറവും കൂടാതെ നോക്കിക്കോളാം ,,

നന്ദിനി പശു നിവേദിതയുടെ കൈകളില്‍ നക്കിക്കൊണ്ട്‌ അതിന്‍റെ സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.മിണ്ടാപ്രാണിയാണെങ്കിലും നിവേദിതയുടെ സങ്കടങ്ങള്‍ അവള്‍ പങ്കുവെയ്ക്കുന്നത് നന്ദിനി പശുവിനോടാണ്.അവള്‍ക്കു അത്രയ്ക്ക് ഇഷ്ടമാണ് നന്ദിനി പശുവിനെ.ഉണ്ണ്യേട്ടന്‍റെ അച്ഛന്‍ പോയ കാര്യം തന്‍റെ കഷ്ടകാലത്തിന് അന്ന് ശെരിയായില്ല .തിരികെ വന്ന അച്ഛനില്‍ നിന്നും അന്നവള്‍ക്ക് ഒരുപാട് ശകാരം കേള്‍ക്കേണ്ടി വന്നു.അന്ന് കിടപ്പുമുറിയില്‍ പോയി ഒരുപാട് കരഞ്ഞു. ഇന്ന് നന്ദിനി പശു നിവേദിതയ്ക്ക് അന്യമായിരിക്കുന്നു.നന്ദിനി പശുവിനെ വില്‍ക്കുവാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍  അമ്മയോട്  അവള്‍  അതിനെ വില്‍ക്കരുതേ എന്ന് അച്ഛനോ പറയുവാന്‍   പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ അവളെ കൂടുതല്‍ വിഷമിപ്പിച്ചു.

,, എന്‍റെ കുട്ടീ..... അച്ഛന്‍ ഒരു തീരുമാനം എടുത്താല്‍ ഞാന്‍ പറഞ്ഞാലൊന്നും ആ തീരുമാനത്തില്‍ നിന്നും പിന്തിരിയില്ല.തന്നെയുമല്ല ആ പശു പ്രസവിക്കില്ല എന്ന് മൃഗ ഡോക്ടര്‍ തീര്‍ത്തും പറഞ്ഞതല്ലെ .അതിനെ തീറ്റിപ്പോറ്റിയിട്ട് എന്താ ഗുണം? .ഈ കാലത്ത് ഒരു പശുവിനെ തീറ്റിപ്പോറ്റാന്‍ എന്തോരം പണം ചിലവഴിക്കണം .എനിക്ക് വയ്യ കുട്ടി........ അച്ഛന്‍റെ വഴക്ക് കേള്‍ക്കുവാന്‍.,,

അച്ഛനോട് നേരിട്ട് പറയുവാന്‍ അവള്‍ക്ക് ഭയമായിരുന്നു.വിവാഹം കഴിഞ്ഞു വന്ന കാലത്ത് അച്ഛന് ഭക്ഷണം വിളമ്പി കൊടുക്കുന്നതും മറ്റും നിവേദിതയായിരുന്നു.വെള്ളംകുടിക്കണമെങ്കില്‍ പോലും,, മോളേ ,,എന്ന് നീട്ടി വിളിക്കുമായിരുന്നു.ആ വിളി കേള്‍ക്കുമ്പോള്‍ മനസ്സിന് എന്തൊരു ആശ്വാസമായിരുന്നു.ഇപ്പോള്‍‌  തന്നെ കണ്മുന്നില്‍ കാണുന്നതുപോലും അച്ഛന് ഇഷ്ടമല്ല.ആ വീട്ടിലെ ജീവിതം അവള്‍ക്ക് ശെരിക്കും മടുത്തു തുടങ്ങിയിരുന്നു.ഉണ്ണ്യേട്ടനെ ഓര്‍ക്കുമ്പോള്‍ എല്ലാ സങ്കടങ്ങളും അവളില്‍ നിന്നും പമ്പകടക്കും. ഏട്ടന്‍റെ മകള്‍ മഞ്ജരിക്ക് ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം നിവേദിതയോടാണ്.താന്‍ ഈ വീടിന്‍റെ പടി കയറിയതില്‍ പിന്നെ  മഞ്ജരി  നിവേദിതയെ അമ്മയെന്നാണ് വിളിക്കുന്നത്‌.ഏട്ടത്തിയെ വല്യമ്മയെന്നും . ഏട്ടത്തി കുഞ്ഞുനാള്‍ മുതലെ നിവേദിതയെ അമ്മയെന്ന് വിളിക്കുന്നത്‌ തിരുത്തുവാന്‍ ശ്രമിച്ചതാണ് പക്ഷെ ആ ശ്രമം വിഫലമായി .മഞ്ജരി ഉറങ്ങുവാന്‍ കിടക്കുന്നതും നിവേദിതയുടെ കൂടെയാണ്. ഏട്ടന്‍ ഗള്‍ഫിലായത് കൊണ്ട് ഏട്ടത്തി കുഞ്ഞുങ്ങളുടെ വിദ്യാലയങ്ങള്‍ക്ക് അവധിയുള്ളപ്പോഴൊക്കെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോകും. കുഞ്ഞായിരിക്കുമ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകുവാന്‍ വിസമ്മതിച്ച് നിവേദിതയുടെ പുറകില്‍ വന്നു നില്‍ക്കും . ഏട്ടത്തി ദേഷ്യത്തോടെ അപ്പോഴൊക്കെയും മോളെ എടുത്തുക്കൊണ്ട് പോകുകയാണ് പതിവ്. പക്ഷെ ഇപ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകാറില്ല അവളിപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു .

ഇന്ന് പുലര്‍ച്ചെ മുതല്‍ തുടങ്ങിയതാണ്‌ മഴ. ഇടയ്ക്കൊക്കെ മഴയ്ക്ക്‌ ശമനം ഉണ്ടാകുമെങ്കിലും അല്‍പസമയം കഴിയുമ്പോഴേക്കും പൂര്‍വാധികം ശക്തിയോടെ മഴ വീണ്ടും പെയ്തുകൊണ്ടിരുന്നു .രാവിലെ മഴയുള്ളതുകൊണ്ടാണ് നന്ദിനി പശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കിക്കെട്ടാതെയിരുന്നത്.രാവിലെ മഴയ്ക്ക്‌ അല്‍പം ശമനം കണ്ടപ്പോഴാണ്  തൊഴുത്ത്  വൃത്തിയാക്കി പശുക്കളെ തൊഴുത്തില്‍ നിന്നും അഴിച്ചുക്കെട്ടാം എന്ന് കരുതി തൊഴുത്തിന് അരികിലേക്ക് പോയത്. അപ്പോഴാണ്‌ ഇറച്ചിവെട്ടുകാരനും സഹായിയും വന്നത് .അവരെ കണ്ടപ്പോള്‍തന്നെ നിവേദിതയുടെ ഹൃദയമിടിപ്പിന്‍റെ വേഗം അധികരിച്ചിരുന്നു.ശരീരമാകെ തളരുന്നതുപോലെ തോന്നിയവള്‍ക്ക്‌.രാത്രി ഉറങ്ങുവാന്‍ കിടന്നിട്ട് അവള്‍ക്ക് ഉറങ്ങുവാനായില്ല.മഞ്ജരി മോളുടെ മുടിയിഴകളില്‍ നിന്നും ഈര് വലിച്ചെടുക്കുമ്പോള്‍ മോള് പറഞ്ഞു.

,, അമ്മേ തലവേദനിക്കുന്നു. അമ്മയുടെ മനസ്സ് എവിടെയാ എനിക്ക് അറിയാം അമ്മ നന്ദിനി പശുവിനെ ഓര്‍ക്കുകയല്ലേ ,,

നിവേദിത മഞ്ജരിയുടെ ശിരസ്സ്‌ തലയണയിലേക്ക് ചായ്ച്ചു നീണ്ടുനിവര്‍ന്നി കിടന്നുക്കൊണ്ട് പറഞ്ഞു.

,, അതെ മോളെ....... ഞാന്‍ നന്ദിനിയെ തന്നെയാണ് ഓര്‍ക്കുന്നത് .അതിന്‍റെ ആയുസ്സ് ഒരു പക്ഷെ നാളെ തന്നെ അവസാനിക്കും .ഒരു ദാക്ഷിണ്യം ഇല്ലാതെ ആ ഇറച്ചിവെട്ടുകാരന്‍ നന്ദിനിയുടെ കഴുത്തില്‍ കത്തി വെയ്ക്കും. ആ മിണ്ടാപ്രാണി നിലംപതിച്ചു പിടഞ്ഞുപിടഞ്ഞു ഇല്ലാതെയാവും .ഈ ലോകത്ത് ജീവനുള്ളവയെ ഒന്നിനേയും കൊല്ലാതെയിരുന്നെങ്കില്‍...,,

മഞ്ജരി നിവേദിതയുടെ കണ്ണുകളില്‍നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുക്കൊണ്ട് പറഞ്ഞു .

,, നമ്മുക്കൊരു കാര്യം ചെയ്താലോ? .അമ്മേടെ വീട്ടില്‍ തൊഴുത്തുണ്ടല്ലോ .അമ്മയുടെ അച്ഛനോട് പറഞ്ഞ് നമുക്ക് ആ ഇറച്ചിവെട്ടുകാരനില്‍ നിന്നും നമ്മുടെ നന്ദിനി പശുവിനെ തിരികെ വാങ്ങിയാലോ ? .തിരികെ വാങ്ങുന്നത് ഇവിടത്തെ മുത്തശ്ശന്‍ അറിയാതെയിരുന്നാല്‍ മതിയല്ലോ ,,

മോള് പറഞ്ഞ ബുദ്ധി തനിക്കു തോന്നാതെയിരുന്നതിലുള്ള കുറ്റബോധം മൂലം നിവേദിതയുടെ മനസ്സുനൊന്തു .അവള്‍ ഉടനെതന്നെ മൊബൈല്‍ഫോണ്‍ എടുത്ത് അച്ഛനെ വിളിച്ച് കാര്യം ധരിപ്പിച്ചു .അച്ഛന്‍ രാവിലെ തന്നെ ഇറച്ചിവെട്ടുകാരന്‍റെ അരികില്‍ പോയി അയാള്‍ പറയുന്ന തുകയ്ക്ക് തന്നെ പശുവിനെ തിരികെ വാങ്ങിക്കാം എന്ന് ഉറപ്പ് പറഞ്ഞപ്പോള്‍ അവളുടെ അസ്വസ്ഥമായ മനസ്സ് അല്പം ശാന്തമായി .തിരികെ മെത്തയില്‍ വന്നുകിടന്നപ്പോള്‍ ബുദ്ധി പറഞ്ഞു തന്ന മോള്‍ക്ക്‌ കവിളിലൊരു ചുംബനം നല്കുവാന്‍ നിവേദിത മറന്നില്ല.നന്ദിനി പശുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കിയതിനാല്‍ നിദ്രാ ദേവി വളരെ വൈകിയാണ് അവളെ കടാക്ഷിച്ചത്.   നേരം പുലരുന്നതിനു മുന്‍പ്തന്നെ മൊബൈല്‍ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് നിവേദിത ഉറക്കമുണര്‍ന്നത്‌.അങ്ങേത്തലയ്ക്കല്‍ അച്ഛന്‍റെ ശബ്ദമാണ് .

,, മോളെ....... ഈ കശാപ്പുകാര്‍ മാടുകളെ നേരംപുലരുന്നതിനു മുന്‍പ്തന്നെ കശാപ്പുചെയ്യുന്നതിനാല്‍ അച്ഛന്‍ പുലര്‍ച്ചെ നാലുമണിയോടെ മോള് പറഞ്ഞ കശാപ്പുക്കാരനെ ചെന്ന് ക്കണ്ടു. അയാള്‍ നമ്മുടെ പശുവിനെ ഇന്നലെത്തന്നെ കശാപ്പുചെയ്ത് ഇന്ന് നടക്കുവാന്‍ പോകുന്ന വിവാഹ സല്ക്കാരത്തിനായി വിതരണം ചെയ്തുവത്രേ .ഇനിയിപ്പോ എന്താ ചെയ്യാ. മോള് വെറുതെ മനസ്സ് വിഷമിപ്പിക്കാതെ, അച്ഛന്‍ നാളെയങ്ങാനും മോളുടെ അരികിലേക്ക് വരാം ,,

അച്ഛന്‍ ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ നിവേദിത വീണ്ടും മെത്തയിലേക്ക് ചാഞ്ഞുകൊണ്ട് മഞ്ജരിയെ കെട്ടിപ്പിടിച്ചു കിടന്നു.നല്ല തണുപ്പുണ്ടെങ്കിലും വല്ലാത്തൊരു വിമ്മിഷ്ടം നിവേദിത അനുഭവിക്കുന്നുണ്ടായിരുന്നു.ഈയിടെയായി ഉണ്ണ്യേട്ടന്‍റെ അച്ഛന്‍ തന്നെ മാനസീകമായി വല്ലാതെ പീഡിപ്പിക്കുന്നുണ്ട്.സഹിക്കാവുന്നതിലുമപ്പുറമാണ് അച്ഛന്‍റെ കുറ്റപ്പെടുത്തലുകളും തന്നോടുള്ള പെരുമാറ്റങ്ങളും .ഉണ്ണ്യേട്ടന്‍ വരുന്നതുവരെ വീട്ടില്‍ പോയി നിന്നാലോ എന്ന് പോലും തോന്നുന്നുണ്ട് .പക്ഷെ മഞ്ജരി മോളെ പിരിഞ്ഞിരിക്കുവാന്‍ തനിക്കോ തന്നെ പിരിഞ്ഞിരിക്കുവാന്‍ മഞ്ജരി മോള്‍ക്കോ കഴിയാത്ത അത്രയ്ക്കുമൊരു ആത്മബന്ധം തങ്ങളില്‍ ഉടലെടുത്തിരിക്കുന്നു.ജന്മം നല്‍കിയില്ലെങ്കിലും  പെറ്റമ്മയെക്കാളും കൂടുതല്‍ മോള് തന്നെ സ്നേഹിക്കുന്നുണ്ട് .ഭക്ഷണം നല്കുവാനും നല്ലെണ്ണ തേച്ചു കുളിപ്പിക്കുവാനും,ഒരുക്കിക്കൊടുക്കുവാനുമൊക്കെ മോള്‍ക്ക്‌ താന്‍ ത്തന്നെ വേണം . മച്ചി എന്ന് തന്നെ സമൂഹവും, കുടുംബവും മുദ്രകുത്തി പ്രസവിക്കാത്തതിന്‍റെ പേരില്‍ പരിഹസിക്കുമ്പോഴും ഈ ലോകത്ത് ജീവിക്കുവാനുള്ള പ്രേരണ മഞ്ജരി മോളും ഉണ്ണ്യേട്ടനുമാണ് .

അച്ഛന്‍റെ കുത്തുവാക്കുകളും ശകാരവും നാള്‍ക്കുനാള്‍ അധികരിച്ചുക്കൊണ്ടിരുന്നു.ഉണ്ണ്യേട്ടന്‍ അടുത്തമാസം ഒന്നാം തിയ്യതി അവധിക്ക് വരും. ഇത്തവണ വന്നാല്‍ എന്തായാലുമൊരു വന്ധ്യതയ്ക്കുള്ള ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകണം .പ്രായം രണ്ടുപേര്‍ക്കും അധികരിച്ചുക്കൊണ്ടിരിക്കുന്നു.സ്ത്രീകള്‍ക്ക് മുപ്പത്തിയാറ് വയസ്സില്‍ കൂടുതലായാല്‍ പിന്നെ ഗര്‍ഭധാരണം പ്രയാസകരമാണെന്ന് വായിച്ചറിഞ്ഞിട്ടുണ്ട് .ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതുപോലെ..... ഉണ്ണ്യേട്ടന്‍റെ വരവിനായി നിവേദിത പ്രതീക്ഷയോടെ കാത്തിരുന്നു.

കാത്തിരിപ്പിനൊടുവില്‍ ഉണ്ണ്യേട്ടന്‍ ഒന്നാംതിയ്യതി വൈകുംനേരം വീട്ടിലെത്തി .എല്ലാവരോടും കുശലാന്വേഷണം കഴിഞ്ഞ് മച്ചിന്‍ പുറത്തെ കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ മഞ്ജരി മോളും ഒപ്പം ഉണ്ടായിരുന്നു.തനിയെ കിട്ടിയാല്‍ ആ മാറില്‍ തലചായ്ച്ച് എല്ലാ സങ്കടങ്ങളും പറഞ്ഞ് ഒന്ന് പൊട്ടിക്കരഞ്ഞാലെ മനസ്സിലെ വിമ്മിഷ്ടത്തിന് ശമനം ലഭിക്കുകയുള്ളൂ .ഉണ്ണിയേട്ടന്‍ കുളിക്കുവാനായി പോയപ്പോള്‍ ഏട്ടത്തി വന്ന് മഞ്ജരി മോളെ കൂട്ടിക്കൊണ്ടുപോയി .ഉണ്ണ്യേട്ടന്‍ കുളിമുറിയില്‍ നിന്നും പുറത്തുവരുവാനായി അക്ഷമയോടെ നിവേദിത കാത്തിരുന്നു. പന്ത്രണ്ടു വര്‍ഷം പോയതറിഞ്ഞില്ല .ഉണ്ണ്യേട്ടന്‍ വര്‍ഷാവര്‍ഷം അവധിക്ക് വന്നത് കൂട്ടിയാല്‍ തങ്ങള്‍ക്ക് ഒരിമിച്ചു ജീവിക്കുവാനായത് പന്ത്രണ്ടു മാസങ്ങള്‍ മാത്രമാണ്.ജീവിതം ഏറ്റവും പ്രിയങ്കരമായതും ഈ കാലയളവിലാണ്.നിവേദിത അലമാരയുടെ കണ്ണാടിയില്‍ തന്‍റെ പ്രതിബിംബം നോക്കിനിന്നു.മുടിയിഴകളില്‍ വെള്ളിനൂല്‍ പോലെ നര ബാധിച്ചു തുടങ്ങിയിരിക്കുന്നു .മനസ്സില്‍ എപ്പോഴും സങ്കടമുള്ളവരുടെ മുടി യവ്വനം  കാലത്തുതന്നെ നരയ്ക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്. മുഖത്തെ പ്രസരിപ്പിനും മങ്ങലേറ്റിരിക്കുന്നു.

കുളിമുറിയില്‍ നിന്നും ഉണ്ണ്യേട്ടന്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നിവേദിത ഓടിച്ചെന്നു അയാളുടെ മാറിലേക്ക്‌ ചാഞ്ഞു .അവള്‍ എല്ലാ നിയന്ത്രണവും വെടിഞ്ഞ് പൊട്ടിക്കരഞ്ഞു.അയാള്‍ അവളെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ചുക്കൊണ്ട് പറഞ്ഞു.

,, എന്താടോ പതിവില്ലാത്തവിധം ഇത്രയും സങ്കടം എന്താ ഉണ്ടായെ ?,,

അവളുടെ ആര്‍ത്തനാദം പുറത്തേക്ക് കേള്‍ക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ അവളുടെ വായ പൊത്തിപിടിച്ച്‌ വീണ്ടും ചോദിച്ചു .

,, എന്താ ?... എന്താ ഉണ്ടായെ എന്തായാലും ഉണ്ണ്യേട്ടനോട് പറയു,,

അവള്‍ അയാളെ ഒന്നുകൂടി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു പറഞ്ഞു.

,,ഉണ്ണ്യേട്ടാ.....എനിക്ക് അമ്മയാകണം എനിക്കൊരു കുഞ്ഞിനെ വേണം .ഞാന്‍ എന്തുമാത്രം ചികിത്സകള്‍ നടത്തി........ പരിശോധിച്ച എല്ലാ ഡോക്ടര്‍മാരും പറയുന്നത് എനിക്ക് ഗര്‍ഭധാരണത്തിന് യാതൊരുവിധ തടസ്സങ്ങളുമില്ലാ എന്നാണ്. എന്നിട്ടും എന്നെ എല്ലാവരും മച്ചിയെന്നു വിളിക്കുന്നു.എനിക്ക് ഇനിയും വയ്യ സമൂഹത്തിന്‍റെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ ,,

ഉണ്ണി അവളെ തന്‍റെ മാറില്‍ നിന്നും അകറ്റി ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിനിന്നു .അയാളുടെ ആ പ്രവര്‍ത്തി അവളെ അങ്കലാപ്പിലാക്കി.അവള്‍ അയാളുടെ പുറകില്‍ പോയിനിന്നു വിളിച്ചു .

,,ഉണ്ണ്യേട്ടാ ....എന്താ ഒന്നും പറയാത്തെ ?,,

ഉണ്ണി വിദൂരതയില്‍ നിന്നും നോട്ടം പിന്‍വലിക്കാതെതന്നെ പറഞ്ഞു .

,, എന്നോട് ക്ഷമിക്കണം. കഴിഞ്ഞ തവണ അവധിക്ക് വന്നുപോയപ്പോള്‍ മിലിട്ടറിയുടെ അധീനതയിലുള്ള ആശുപത്രിയില്‍ പോയി ഞാന്‍ വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു.നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന്‍റെ കാരണക്കാരന്‍ ഞാനാണ് .ഞാന്‍ മിലിട്ടറിയില്‍ ചേര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ്‌ പാകിസ്ഥാന്‍ അതിര്‍ത്തി കാവലിനുള്ള ബറ്റാലിയനില്‍ ഞാനും അംഗമായി ചേര്‍ന്നു .തീവ്രവാദികളുടെ ആക്രമണത്തില്‍ എനിക്ക് ഗുരുതരമായ പരിക്കേറ്റു . സാരമായി പരിക്കുകള്‍ പറ്റിയ എന്‍റെ വൃഷണങ്ങള്‍ അന്ന് ശാസ്ത്രക്രിയ ചെയ്തിരുന്നു .പക്ഷെ പിതാവാകുവാന്‍ ആവില്ലായെന്ന് കഴിഞ്ഞ തവണ അവധിക്ക് വന്നു തിരികെ പോകുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ കാരണം എല്ലാ അപഹാസ്യങ്ങളും സഹിക്കുന്നത് ഇയാളല്ലെ ,,

ഉണ്ണിയുടെ വാക്കുകള്‍ കേട്ട നിവേദിത തളര്‍ന്നിരുന്നു.മാതാവാകുക എന്ന തന്‍റെ ആഗ്രഹം ചിന്നഭിന്നമായിരിക്കുന്നു.തന്നിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. വ്യസനത്തോടെയിരിക്കുന്ന നിവേദിതയുടെ നിര്‍മലമായ കൈത്തലം നുകര്‍ന്നുക്കൊണ്ട് ഉണ്ണി പറഞ്ഞു.

,, എന്‍റെ ജന്മം പാപ ജന്മമാണ് .മക്കളില്ലാത്ത ജീവിതം അര്‍ത്ഥമില്ലാത്തതാണ് .ചികിത്സിച്ചാല്‍ പോലും എനിക്ക് ഈ ജന്മത്തില്‍ പിതാവാകുവാന്‍ കഴിയില്ല.നമുക്ക് പിരിയാം ......തനിക്ക് ഇനിയുമൊരു ജീവിതം ലഭിക്കും ,,

ഉണ്ണിയുടെ വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്‍പ് നിവേദിത ഉണ്ണിയുടെ വായ പൊത്തിക്കൊണ്ട് പറഞ്ഞു .

,, അരുത് ഇങ്ങനെയൊന്നും പറയരുത്. എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നില്ലായെങ്കില്‍ എന്നെ ഉണ്ണ്യേട്ടന്‍ ഉപേക്ഷിക്കുമായിരുന്നോ ?ഞാന്‍ പ്രസവിച്ചില്ലായെങ്കിലും സ്വന്തം അമ്മയേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരു മകളില്ലെ നമുക്ക്. നമുക്ക് അതുമതി .ഉണ്ണ്യേട്ടന്‍ എന്നോട് പറഞ്ഞത് ഞാനല്ലാതെ മറ്റാരും ഒരിക്കലും അറിയരുത് .ഇനിമുതല്‍ സമൂഹം എന്നെ മച്ചിയെന്നു വിളിക്കുമ്പോള്‍ ആ വാക്കുകള്‍ എന്നെ ഒരിക്കലും വ്യസനിപ്പിക്കില്ല .ഇപ്പോള്‍ എനിക്ക് ഒരു ആഗ്രഹം മാത്രമേയുള്ളൂ ഉണ്ണ്യേട്ടന്‍റെ മാറില്‍ എന്നും തലചായ്ച്ചുറങ്ങാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്ന്‍ ,,

ഉണ്ണി നിവേദിതയെ തന്‍റെ മാറോടു ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബനം നല്കി അപ്പോള്‍ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉണ്ണി പട്ടാളത്തില്‍ നിന്നും വിരമിക്കും .ഒരു മാസത്തെ അവധിക്ക് ശേഷം ഉണ്ണി അടുത്ത വര്‍ഷം എന്നേക്കുമായി തിരികെ വരുവാനായി യാത്രപറഞ്ഞിറങ്ങി .അപ്പോള്‍ പുലര്‍കാലത്തണുപ്പില്‍ സൂര്യന്‍റെ ആദ്യകിരണങ്ങളേറ്റുവാങ്ങി പ്രകൃതി ശോഭിച്ചു തുടങ്ങിയിരുന്നു .

                                                                             ശുഭം

rasheedthozhiyoor@gmail.com                                                     rasheedthozhiyoot.blogspot.qa

          
,,  

2 October 2015

അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം


നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത്‌ .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .

കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത്‌ ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ  വാര്‍ദ്ധക്യ കാലത്ത്  തൊഴിലെടുക്കുന്നത്‌ എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ   വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും? .

 എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക്‌ ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.

ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു  പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.

                                                                                           ശുഭം
rasheedthozhiyoor@gmail.com                                                                                               rasheedthozhiyoor.blospot.qa

13 September 2015

ചെറുകഥ.അകരുണം


കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം .കുന്നംകുളങ്ങര എന്നായിരുന്നു പൂർ‌വനാമം.നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉത്പാദനത്തിന്‍റെ തൊണ്ണൂറ് ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. പട്ടണത്തിലെ ജനത്തിരക്കേറിയ പട്ടാമ്പി റോഡിന്‍റെ ഇരുവശങ്ങളിലും വ്യാപാരകേന്ദ്രങ്ങളാണ്. അവയില്‍ അധികവും മേല്‍ക്കൂര ഓടിട്ട പഴകിയ കെട്ടിടങ്ങളും.ഇപ്പോള്‍ ചില പഴകിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടസമുച്ചയങ്ങള്‍ പണിതിരിക്കുന്നു.ബസ്സ്റ്റാന്‍ഡില്‍ നിന്നും വലത്തുവശത്തേക്ക് നടന്നാല്‍ നാലുംകൂടിയ വഴിയിലെത്താം.പട്ടാമ്പി റോഡിലെ ചെമ്പ്,അലുമിനിയം,ഇരുമ്പ് മുതലായ പാത്രങ്ങളും മറ്റും വില്ക്കുന്ന പ്രശസ്തമായ കടയിലാണ് നീലിമയ്ക്ക് ജോലി .രാവിലെ എട്ടുമണിയോടെ കടയിലെത്തിയാല്‍ വൈകുന്നേരം ആറുമണിക്കാണ് നീലിമ തിരികെ പോകുന്നത്

        ഇന്ന് കടയില്‍ പതിവിലും കൂടുതല്‍ തിരക്കുണ്ടായിരുന്നു.പത്തുമിനിറ്റ് വൈകിയാണ് കടയില്‍ നിന്നും ഇറങ്ങിയത്‌.ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പതിവായി പോകുന്ന ബസ്സ് നിറയെ യാത്രക്കാരുമായി നീങ്ങിത്തുടങ്ങിയിരുന്നു . നീലിമ ബസ്സിനു പുറകെ ഓടിയെങ്കിലും ബസ്സ്‌ നിറുത്താതെ പോയി.നിരാശയോടെ അവൾ ബസ്സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലേയ്ക്ക് തിരികെ നടന്നു.അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. ഇനി അടുത്ത ബസ്സ്‌ വരണമെങ്കില്‍ അരമണിക്കൂര്‍ കഴിയണം. നീലിമ ആകാശത്തേക്ക് നോക്കി. പടിഞ്ഞാറു ദിശയില്‍ സൂര്യന് ചുറ്റുമുള്ള സ്വര്‍ണ്ണ വര്‍ണ്ണങ്ങളെ എങ്ങോ നിന്നും ധൃതഗതിയില്‍ എത്തിയ മേഘശകലങ്ങള്‍ മറച്ചു.അപ്പോള്‍ പ്രപഞ്ചം ഇരുട്ടിനെ പ്രാപിച്ചു . നേരം ഇരുട്ടിയത് കൊണ്ടാകാം സ്ത്രീകളുടെ ഇരിപ്പിടങ്ങളില്‍ നീലിമയെ കൂടാതെ വേറെയൊരു സ്ത്രീയും ഉണ്ടായിരുന്നില്ല .ബസ്സ്റ്റാന്‍ഡില്‍ ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലത്തേക്ക് പോകുന്ന പുരുഷന്മാരുടെ നല്ല തിരക്കുണ്ടായിരുന്നു. ഫുട്പാത്തിലെ പലതരം കച്ചവടക്കാരുടെ ചുറ്റിലും ആളുകുള്‍ കൂട്ടംകൂടി നില്ക്കുന്നത് കണ്ടപ്പോള്‍ പാവയ്ക്കയുടെ വിത്ത്‌ വാങ്ങുവാന്‍ അമ്മ പറഞ്ഞതവള്‍ക്ക് ഓര്‍മ്മവന്നു .ഫുട്പാത്തിലെ പച്ചക്കറി വിത്ത്‌ വില്പനക്കാരനില്‍ നിന്നും വിത്ത്‌ വാങ്ങി തിരിയുമ്പോള്‍ ഒരുത്തന്‍ നീലിമയുടെ ശരീരത്തില്‍ തട്ടി നടന്നുനീങ്ങി.അയാള്‍ തന്നെ മനപ്പൂര്‍വം സ്പര്‍ശിക്കുവാന്‍ ശ്രമിച്ചതാണെന്ന് നീലിമയ്ക്ക് മനസ്സിലായെങ്കിലും പ്രതികരിക്കാതെ അവള്‍ വീണ്ടും ഇരിപ്പിടത്തില്‍ പോയിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ ആ യുവാവ് അല്പ്പമകലെ നിന്നുകൊണ്ട് തന്നെത്തന്നെ വീക്ഷിക്കുന്നതവള്‍ കണ്ടു.യുവാവിന്‍റെ നോട്ടം തന്നില്‍ നിന്നും മാറ്റുന്നില്ല എന്ന് കണ്ടപ്പോള്‍ നീലിമയ്ക്ക് ദേഷ്യം വന്നു. ,യുവാവ് വീണ്ടും കണ്ണുകള്‍കൊണ്ട് ആംഗ്യം കാട്ടുന്നത് കണ്ടപ്പോള്‍ അവളുടെ സര്‍വ നിയന്ത്രണവും വിട്ടുപോയി .നീലിമ അയാളുടെ അരികില്‍ പോയി പറഞ്ഞു .

“നിന്‍റെ സൂക്കേട് എനിക്ക് മനസ്സിലായി .നിനക്ക് അമ്മേം പെങ്ങമ്മാരുമൊന്നും ഇല്ലെടാ.... വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിക്ക് വന്നതാടാ ഞാന്‍.ഇനി ഇവിടെ നിന്നുകൊണ്ട് നീ നിന്‍റെ കണ്ണുകള്‍ കൊണ്ട് വ്യത്തികെട്ട ആംഗ്യം കാട്ടിയാലുണ്ടല്ലോ .ദേ ... ആ നില്‍ക്കുന്ന പോലിസ് എമാനോട് പോയി നിന്‍റെ സൂക്കേടിന് മരുന്ന് നല്‍കാന്‍ പറയും. മനസ്സിലായോടാ,,

നീലിമ അമിത കോപത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.അവള്‍  വീണ്ടും ഇരിപ്പിടത്തില്‍ തന്നെ വന്നിരുന്നു. നീലിമയൊരു ശാന്തസ്വഭാവക്കാരിയായിരുന്നു.പ്രായപൂര്‍ത്തിയാവുകയും ശാരീരിക വളര്‍ച്ച ഉണ്ടാകുകയും ചെയ്തപ്പോള്‍ സമൂഹത്തിലെ പുരുഷവര്‍ഗ്ഗത്തിന്‍റെ അവളോടുള്ള ഇടപെടലുകളാണ് അവളെ കോപക്കാരിയാക്കിമാറ്റിയത്.അല്പമകലെ പുരുഷന്മാരുടെ ഇരിപ്പിടത്തിനും ചുമരിനുമിടയില്‍ നിന്നും ആളനക്കം കേട്ടപ്പോള്‍ നീലിമ അവിടേക്ക് സൂക്ഷിച്ചുനോക്കി.കീറിയ കമ്പിളി പുതപ്പിനുള്ളില്‍ നിന്നും ഒരു വയോവൃദ്ധന്‍റെ തല അല്പ്പം ഉയര്‍ന്നിരിക്കുന്നു. ഒപ്പം ഒരു കൈയില്‍ വെള്ളത്തിന്‍റെ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി അയാള്‍ എന്തോ വിളിച്ച് പറയുന്നുണ്ട്.നീലിമ വൃദ്ധന്‍റെ അരികില്‍ പോയി കുനിഞ്ഞിരുന്നു.ഒറ്റ നോട്ടത്തില്‍ വൃദ്ധനെ കണ്ടാല്‍ ആര്‍ക്കും അയാളൊരു ഭിക്ഷക്കാരനാണെന്ന് മനസിലാകും.കെട്ടുപിണഞ്ഞ നീട്ടിവളര്‍ത്തിയ താടിയും,തലമുടിയും.മുഷിഞ്ഞ കീറിയ കാഷായ വസ്ത്രവും, കഴുത്തിലൊരു വലിയ രുദ്രാക്ഷ മാലയും കണ്ടപ്പോള്‍ നീലിമ ഊഹിച്ചു. വൃദ്ധന്‍ സന്യാസ ജീവിതം നയിക്കുന്ന ആളായിരിക്കുമെന്ന്. അയാൾ തിരെ അവശനായി കിടക്കുകയാണ് .

“വെള്ളം ...വെള്ളം”

വൃദ്ധന്‍ കാലിയായ  പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി പതിഞ്ഞശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു. നീലിമ  ബോട്ടില്‍ അയാളില്‍ നിന്നും വാങ്ങി അടുത്തുള്ള കടയിലെക്കോടി.നീലിമ ബോട്ടില്‍ കടക്കാരന്‍റെ  നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ഈ ബോട്ടിലില്‍  വെള്ളം നിറച്ചുതരുമോ ?,,

കടക്കാരന്‍ നീലിമയെ നീരസത്തോടെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

,, അയ്യോ ...പെങ്ങളെ വെള്ളം ബോട്ടിലില്‍ നിറച്ചുകൊടുക്കുന്ന പതിവ് ഇവിടെ ഇല്ല .മിനറല്‍ വാട്ടര്‍ ബോട്ടില്‍ വില്‍പനയ്ക്കുണ്ട് ,,

നീലിമ ജീവിതത്തില്‍ ആദ്യമായിട്ടാണ് വെള്ളം രൂപ കൊടുത്ത് വാങ്ങിക്കുന്നത് വെള്ളത്തിന് പാലിനേക്കാളും വില. അവൾ ബോട്ടിലുമായി വൃദ്ധന്‍റെ അരികിലേക്കോടി .ബോട്ടലിന്‍റെ അടപ്പ് തുറന്ന് വൃദ്ധന്‍റെ നേര്‍ക്ക്‌ ബോട്ടില്‍ നീട്ടി .ആര്‍ത്തിയോടെ വൃദ്ധന്‍ ബോട്ടില്‍ വാങ്ങി എഴുന്നേല്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലാ .അവരുടെ ചുറ്റിലും ആളുകള്‍ കൂടിനിന്നിരുന്നുവെങ്കിലും .വൃദ്ധനെ എഴുന്നെല്പ്പിക്കുവാന്‍ ആരും സഹായത്തിനായി എത്തിയില്ല.അവൾ വൃത്തിഹീനമായ തറയില്‍ ഇരുന്ന് വൃദ്ധന്‍റെ ശിരസ്സ്‌ അവളുടെ മടിയിലേക്ക്‌ വെച്ച് കുപ്പിയിലെ  വെള്ളം അയാളുടെവായിലേക്കിറ്റിച്ചു . വൃദ്ധന്‍ ആര്‍ത്തിയോടെ കുറേശ്ശെയായി അര ബോട്ടില്‍ വെള്ളംകുടിച്ചു തീര്‍ത്തു.വൃദ്ധന്‍റെ ശരീരമാകെ പൊള്ളുന്ന ചൂടുണ്ടായിരുന്നു.കൂടി നിന്നവരോട് നീലിമ പറഞ്ഞു.

“ഈ മനുഷ്യന് തീരെ സുഖമില്ല. ദയവായി ആരെങ്കിലും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമോ?.ഇദ്ദേഹം ഇവിടെ ഇങ്ങിനെ കിടന്നാല്‍ മരിച്ച് പോകും“

കൂടിനിന്നവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയി .ആരും നീലിമയുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല.നീലിമ ഉടനെ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി പനിക്കുള്ള മരുന്നും പിന്നെ ഹോട്ടലില്‍നിന്ന് ഒരു ഗ്ലാസ് ചായയും ഒരു കവർ ബ്രഡും വാങ്ങി വൃദ്ധന് കൊടുത്തു .ആപ്പോഴേക്കും നീലിമയ്ക്ക് പോകുവാനുള്ള ബസ്സ്‌ സ്റ്റാന്റിൽ എത്തിയിരുന്നു.ഈ ബസ്സില്‍ പോയില്ലായെങ്കില്‍ ഇനി ഒരുപാട് നേരം കഴിഞ്ഞാലെ ബസ്സ്‌ ലഭിക്കുകയുള്ളൂ എന്നതുകൊണ്ട്‌ നീലിമ മനസ്സില്ലാമനസ്സോടെ ബസ്സില്‍ കയറിയിരുന്ന് വൃദ്ധനെ നോക്കി. അയാള്‍ ശിരസ്സ്‌ പൊക്കി ബ്രെഡ്‌ കഴിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കാശ്വാസമായി.
ബസ്സ് മുന്നോട്ടുനീങ്ങി.കുത്തനെയുള്ള ഇറക്കം കഴിഞ്ഞാല്‍ പാടശേഖരങ്ങളുടെ നടുവിലൂടെയാണ് പ്രധാന പാത. ബസ്സ്‌ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുപായുന്നു.നനുത്ത കാറ്റ് നീലിമയെ തലോടിക്കൊണ്ടിരുന്നു.ഒപ്പം ജീവിതത്തില്‍ പിന്നിട്ട ജീവിത യാത്രകളെ കുറിച്ച് അവളോര്‍ത്തു.അച്ഛനെ കണ്ട നേരിയ ഓര്‍മ്മയേ നീലിമയ്ക്കുള്ളൂ വിരുന്നുകാരനെപ്പോലെ എപ്പോഴെങ്കിലും സന്ധ്യമയങ്ങിയാല്‍ മാത്രം വരികയും. നേരം പുലരുന്നതിനു മുമ്പ് തന്നെ തന്‍റെ ഇരുചക്ര വാഹനത്തില്‍ തിരികെ പോകുകയും ചെയ്യുന്ന അച്ഛന്‍ കാലക്രമേണ അശേഷം വരാതെയായി.അമ്മയോട് അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ അമ്മയുടെ ഇമകള്‍ എപ്പോഴും നിറയുമായിരുന്നു.‘പിഴച്ചു പെറ്റ സന്തതി‘ എന്ന് പലരും അവളുടെ നേരെ നോക്കി പറഞ്ഞപ്പോള്‍ കുഞ്ഞുനാളില്‍ ആ വാക്കുകളുടെ പൊരുള്‍ എന്താണെന്ന് അവള്‍ക്കറിയില്ലായിരുന്നു.പിന്നെപ്പിന്നെ ആ വാക്കുകളുടെ സാരം എന്താണെന്ന് മനസ്സിലായപ്പോള്‍ അച്ഛനെ കുറിച്ചവള്‍ അമ്മയോട് ഒന്നും ചോദിച്ചില്ല.അമ്മയൊരു സാധുവാണ്‌.മുത്തശ്ശിക്ക് ഒരേയൊരു മകളാണ് അമ്മ.മുത്തശ്ശിയെ പോലെ അമ്മയ്ക്കും ഒരേയൊരു മകളെ പ്രസവിക്കാനേ യോഗമുണ്ടായുള്ളൂ.
മുത്തശ്ശിയും,അമ്മയും വയലുകളിലും മറ്റും പണിയെടുത്താണ്.നീലിമയെ പഠിപ്പിച്ചിരുന്നത്.നീലിമ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുത്തശ്ശി ഇഹലോകവാസം വെടിഞ്ഞു.പിന്നെ അമ്മയുടെ വരുമാനം കൊണ്ട് അത്യാവശ്യ ചെലവുകളും നീലിമയുടെ പഠനവും നടന്നിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അമ്മയുടെ നട്ടെല്ലിന് ക്ഷതമേല്ക്കുന്നത്.പിന്നെ അമ്മയ്ക്ക് ജോലിചെയ്യുവാൻ ആവാതെയായി.നീലിമയുടെ പഠനത്തിന്‍റെ ആയുസ്സ് അതോടെ നിശ്ചലമായി.ഒരുമാസം അമ്മയുടെ മരുന്നുകള്‍ക്ക് തന്നെവേണം നല്ലൊരു തുക.രണ്ടുമൂന്നു സ്ഥാപനങ്ങളില്‍ നീലിമ ജോലി ചെയ്തു.മുന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ ഉടമയുടെ അര്‍ത്ഥംവെച്ചുള്ള നോട്ടവും പെരുമാറ്റത്തിലുള്ള പന്തികേടും കണ്ടപ്പോഴേ.ആ സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നായി അവള്‍ക്ക്.ഒരു ദിവസം സ്ഥാപനത്തിന്‍റെ ഉടമ വലിയൊരു തുക നീലിമയ്ക്ക് മാസ ശമ്പളമായി വാഗ്ദാനം ചെയ്തു .പകരം അയാള്‍ ചോദിച്ചത് കേട്ടപ്പോള്‍ ചെരുപ്പൂരി കാരണം നോക്കി ഒരടി കൊടുത്ത് ആ നിമിഷം സ്ഥാപനത്തില്‍ നിന്നും ഇറങ്ങിപ്പോന്നു .അന്നവള്‍ ഒരുപാട് കരഞ്ഞു ജീവിതത്തോട് തന്നെ അവള്‍ക്ക് വെറുപ്പ്‌ തോന്നി.പാത്രക്കടയില്‍ വിശ്രമമില്ലാത്ത ജോലിയാണ് എന്നാലും ആ സ്ഥാപനത്തിന്‍റെ ഉടമ ഒരു സ്ത്രീയായിരുന്നു.അതുകൊണ്ടവള്‍ക്ക് സ്വൈര്യമായി ജോലി ചെയ്യുവാനാവുന്നുണ്ട്.കണ്ടക്ടര്‍ പെരുമ്പിലാവ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും നീലിമ എഴുന്നേറ്റു ബസ്സിറങ്ങി നടന്നു .പരുവക്കുന്ന് കഴിഞ്ഞാല്‍ വീടെത്താം സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശം അവസാനിച്ചപ്പോള്‍ ബാഗില്‍ നിന്നും ഞെക്കു വിളക്കെടുത്ത് തെളിയിച്ചു നടന്നു.വിളക്ക് എടുക്കുമ്പോള്‍ ബാഗില്‍ എപ്പോഴും കരുതാറുള്ള പേനാകത്തി ബാഗില്‍ ഉണ്ടെന്നു ഉറപ്പുവരുത്തി. കറുത്തവാവ് ആയതിനാല്‍ പ്രപഞ്ചമാകെ കൂരിരുട്ടില്‍ മുങ്ങിയിരുന്നു.വൃദ്ധനെ സഹായിച്ചതില്‍ പിന്നെ അയാളുടെ ദയനീയമായ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.പകലായിരുന്നുവെങ്കില്‍ അയാളെ ഏതെങ്കിലും അഗതി മന്ദിരത്തിലും ആക്കാമായിരുന്നു.ആളെ കണ്ടിട്ട് ഏതോ തറവാട്ടില്‍ പിറന്നയാളെ പോലെ തോന്നിച്ചു. അയാളെക്കുറിച്ച് ചോദിച്ച് അറിയുവാനും ആയില്ല.നേരത്തിന് ഭക്ഷണം കഴിക്കാതെ ശരീരമാകെ ക്ഷീണിച്ചിരിക്കുന്നു.അയാള്‍ക്ക്‌ എന്തായാലുമൊരു കുടുംബം ഉണ്ടായിരുന്നിരിക്കില്ലേ ? .ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീലിമയെ വീര്‍പ്പുമുട്ടിച്ചു.നാളെ എന്തായാലും അയാളെ പോയികാണണം.തന്നാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണം .സമ്മതമാണെങ്കില്‍ ഏതെങ്കിലും അഗതി മന്ദിരത്തിലും എത്തിക്കണം.ദൂരെ നിന്നും മേല്‍ക്കൂര ഓടിട്ട ചെത്തിത്തേക്കാത്ത അവളുടെ വീട്ടില്‍ നിന്നും വൈദ്യുതി പ്രകാശം കണ്ടപ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.
കാല്‍ പെരുമാറ്റം കേട്ടിട്ടാവണം അമ്മ വിളിച്ചുചോദിച്ചു.

,,മോളെ നീലിമേ നീ വന്നോടീ ,,

അമ്മയുടെ വിളി കേട്ടപ്പോള്‍ വീടിന്‍റെ പടി ഓടിക്കടന്നവള്‍ അമ്മയുടെ അരികിലെത്തി. നേരം വൈകിയതിലുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു.

,,എന്താ മോളെ ഇത്രേം വൈകിയേ ....ന്‍റെ കുട്ടി ഇവിടന്ന്‍ പോയി തിരികെ വരുന്നത് വരെ ഞാന്‍ തീ തിന്നുകയാണ് .ന്‍റെ കുട്ടീടെ യോഗം അല്ലാണ്ടെ ഞാന്‍ എന്താ പറയാ ന്‍റെ ഈശ്വരാ ...,,

നീലിമ അമ്മയുടെ നെറുകയില്‍ ചുംബനം നല്‍കിക്കൊണ്ട് പറഞ്ഞു.

,,എന്തിനാ ന്‍റെ അമ്മെ ഇങ്ങനെ വേവലാതി പെടുന്നത്. ഞാന്‍ ഇവിടെ നിന്നും പോയാല്‍ ഇവിടേക്ക് തന്നെ തിരികെയെത്തും. അല്ലാണ്ടെ ഞാന്‍ ന്‍റെ അമ്മേനെ തനിച്ചാക്കി എവിടെ പോകാനാ....,,

നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മ പറഞ്ഞു.

,,പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും തനിയെ പുറത്തുപോയാല്‍ .അമ്മമാര്‍ അനുഭവിക്കുന്ന വിഷമം അറിയണമെങ്കില്‍ ന്‍റെ മോള് ഒരു പെണ്‍കുട്ടിയയെ പ്രസവിക്കണം .അല്ലാണ്ടെ ന്‍റെ മോളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,,

,, ഈ അമ്മയുടെയൊരു കാര്യം .ഞാന്‍ കുളിക്കട്ടെ എന്നിട്ട് എന്തെങ്കിലും കഴിക്കുവാന്‍ ഉണ്ടാക്കാം,,

കുളികഴിഞ്ഞ് വന്ന് ഭക്ഷണം പാചകം ചെയ്തു കഴിച്ച് കിടക്കുവാന്‍ നേരം വൃദ്ധനെ കണ്ടതും ഉണ്ടായ സംഭവവികാസങ്ങളും നീലിമ അമ്മയോട് പറഞ്ഞു .എല്ലാം കേട്ടതിനുശേഷം അമ്മ പറഞ്ഞു.

“ പാവം...... എത്രയോ ജന്മങ്ങള്‍ ഇതുപോലെ ഒറ്റപ്പെട്ടു പരസഹായം ഇല്ലാതെ ജീവിക്കുന്നു.അയാള്‍ക്ക്‌ ബന്ധുക്കള്‍  ഉണ്ടായിരിക്കും.പ്രായമായപ്പോള്‍ അയാളെ ആര്‍ക്കും വേണ്ടാതെ ആയിട്ടുണ്ടാവും .നീ അദ്ദേഹത്തെക്കുറിച്ചൊന്നും ചോദിച്ചില്ലേ?....,,

 “ഇല്ലാ” 

അവളുടെ മറുപടിയിൽ കുറ്റബോധം ഘനീഭവിച്ചു. 

“ന്‍റെ കുട്ടി ഉറങ്ങിക്കോളൂ......... നേരത്തെ ഉറക്കമുണരേണ്ടതല്ലേ “

 അമ്മ തിരിഞ്ഞ് കിടന്നു.
പുലര്‍ച്ചെ നാലര മണിക്ക് തന്നെ നീലിമ ഉറക്കമുണര്‍ന്നു.ലൈറ്റിട്ടപ്പോള്‍ അമ്മ ഉണർന്ന് കിടക്കുന്നതവള്‍ കണ്ടു .

,,എന്തിനാ അമ്മേ..... ഇത്രേം നേരത്തെ ഉറക്കമുണര്‍ന്നു കിടക്കുന്നത്,,

അവളുടെ ചോദ്യത്തിന് അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.നീലിമ പ്രാതലും,ഉച്ചയ്ക്ക് അവള്‍ക്ക് കഴിക്കുവാന്‍ കൊണ്ടുപോകുവാനുള്ള ഭക്ഷണവും തയ്യാറാക്കിക്കഴിഞ്ഞപ്പോഴേക്കും നേരം ആറുമണി കഴിഞ്ഞിരുന്നു.പരസഹായമില്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാത്ത അമ്മയെ പ്രഭാതകൃത്യങ്ങള്‍ക്ക് സഹായിച്ച് . കുളികഴിഞ്ഞ് വന്ന് വസ്ത്രം മാറി . ഭക്ഷണം ചോറ്റും പാത്രത്തിലാക്കി വൃദ്ധനുള്ള ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞ് പ്രാതല്‍ കഴിച്ചു എന്ന് വരുത്തി അമ്മയ്ക്ക് പ്രാതല്‍ കൊടുത്ത് അമ്മയ്ക്കുള്ള ഉച്ചഭക്ഷണം കട്ടിലിന്‍റെ അരികില്‍ കിടക്കുന്ന മേശയില്‍ കൊണ്ടുവന്നു വെച്ചപ്പോഴേക്കും സമയം ഏഴ് മണി .നീലിമ തിടുക്കത്തില്‍ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.

ബസ്റ്റാണ്ടില്‍ ബസ്സിറങ്ങിയപ്പോള്‍ അവള്‍ തിരക്കിയത് വൃദ്ധനെയായിരുന്നു.ദൂരെ നിന്നും അവളയാളെ കണ്ടപ്പോഴാണ് അവള്‍ക്ക് സമാധാനമായത് .അവള്‍ അയാളുടെ അരികിലേക്ക് ചെന്നു .അപ്പോള്‍ അയാള്‍ ചുമരിനോട് ചാരിയിരിക്കുകയായിരുന്നു.നീലിമ അയാളുടെ കഴുത്തില്‍ തൊട്ട് നോക്കി .പനി കുറഞ്ഞിരിക്കുന്നു.അയാളുടെ ക്ഷീണത്തിന് നല്ല കുറവും തോന്നിക്കുന്നുണ്ട്. വൃദ്ധന്‍ ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്നു..അല്പനേരം കഴിഞ്ഞപ്പോള്‍ കുഴഞ്ഞ സ്വരത്തില്‍ വൃദ്ധന്‍ പറഞ്ഞു.

,, ഇന്നലെ കുട്ടി വന്നില്ലായിരുന്നെങ്കില്‍ ഒരു തുള്ളി വെള്ളം കിട്ടാതെ ഞാന്‍ ഇവിടെ കിടന്നു ചത്തുപോയേനെ .... .ഇത്തിരി ദാഹജലത്തിനായി ഞാന്‍ ഇവിടെ കിടന്ന് യാചിച്ചു. ആരും എന്‍റെ അടുത്തേക്ക്‌ പോലും വന്നില്ല മോളെ,,

നീലിമ സങ്കടം ഉള്ളിലൊതുക്കി ചോദിച്ചു .

,,ഇന്നലെ മരുന്നുകള്‍ കഴിച്ചുവോ ?,,

,,ഉവ്വ് കഴിച്ചു.... അതോണ്ടല്ലേ എനിക്ക് ഇന്ന് എഴുനേറ്റ് ഇരിക്കുവാനായത്,,

നീലിമ രണ്ടു പൊതി ഭക്ഷണം അയാളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ആദ്യം പ്രാതല്‍ കഴിക്കൂ ....ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെ വെച്ചോളൂ .ഞാന്‍ ഇവിടെ അടുത്തുള്ള പാത്ര കടയിലാണ് ജോലി നോക്കുന്നത്. തരവാച്ചാ ഞാന്‍ ഇടയ്ക്കൊന്നു വരാം .പ്രാതല്‍ കഴിച്ചാല്‍ മരുന്ന് കഴിക്കുവാന്‍ മറക്കരുത്ട്ടോ...,,

വൃദ്ധന്‍ തലയാട്ടിക്കൊണ്ട് കണ്ണുകളിൽ നിന്നും തുള്ളിയിട്ട കണ്ണനീര്‍ തുടച്ചുകൊണ്ടിരുന്നു. നീലിമ വൃദ്ധന്‍റെ അരികില്‍ എല്ലാദിവസങ്ങളിലും പോയികൊണ്ടിരുന്നു.രണ്ടുനേരത്തെ ഭക്ഷണം അവള്‍ അയാള്‍ക്കായി എന്നും കൊണ്ടുപോയി.രാത്രി ഭക്ഷണം കഴിക്കുവാനുള്ള രൂപ അവള്‍ അയാള്‍ക്ക്‌ കൊടുക്കും. ഞായറാഴ്ച അവള്‍ക്ക് അവധിയായിരുന്നു.പക്ഷെ അവള്‍ അന്നും അയാള്‍ക്കുള്ള ഭക്ഷണവുമായി അയാളെ തേടിയെത്തി.തലേദിവസം വാങ്ങിയ കാഷായ വസ്ത്രം അയാളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ദേ ആ കാണുന്ന മുനിസിപ്പാലിറ്റിയുടെ കുളിപ്പുരയില്‍ പോയി കുളിച്ച് വസ്ത്രം മാറി വരൂ ...ഞാന്‍ ഇവിടെ കാത്തിരിക്കാം,,

വൃദ്ധന്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ വസ്ത്രങ്ങള്‍ വാങ്ങി കുളിപ്പുരയിലേക്ക് നടന്നു.വൃദ്ധന്‍ കുറെയേറെ സമയം കഴിഞ്ഞാണ് തിരികെ വന്നത്.പുതിയ വസ്ത്രം ധരിച്ചുവന്ന അയാളെ കണ്ടാല്‍ ഏതോ ബുദ്ധിജീവിയാണെന്നെ തോന്നിപ്പിക്കുകയുള്ളൂ.നീലിമ വൃദ്ധനേയും കൂട്ടി അല്‍പമകലെയുള്ള ബാസ്കറ്റ്ബോള്‍ ഗ്രൌണ്ടിലേക്ക് നടന്നു.അവിടെയിരുന്നാല്‍ ജനങ്ങളുടെ നോട്ടത്തില്‍ നിന്നും രക്ഷപ്പെടാം.
നീലിമ വൃദ്ധനെക്കുറിച്ച് ചോദിച്ചു .വൃദ്ധന്‍ അയാളെക്കുറിച്ച് പറഞ്ഞു തുടങ്ങി.

,,രാഷ്ട്രപിതാവിന്‍റെ ചിതാഭസ്മം നിര്‍മ്മാര്‍ജ്ജനം ചെയ്ത തിരുന്നാവായയാണ് എന്‍റെ സ്വദേശം.മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം.മാമാങ്കം അരങ്ങേറുന്ന ഇടത്തേക്ക് എന്‍റെ വീട്ടില്‍ നിന്നും നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ.ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ദൈവം നല്‍കിയില്ല.രണ്ട് ആണ്‍ മക്കളായിരുന്നു എനിക്ക്.എന്‍റെ ഭാര്യ നേരത്തെതന്നെ മരണപ്പെട്ടിരുന്നു.കൃഷിയായിരുന്നു.എന്‍റെ ഉപജീവനമാര്‍ഗ്ഗം. .ഇളയ മകന്‍ അമേരിക്കയിലാണ് അവിടെയൊരു മദാമ്മയെ വിവാഹം കഴിച്ചതില്‍ പിന്നെ അവന്‍ എന്നെ മാത്രമല്ല ഇന്ത്യയെ ത്തന്നെ മറന്നു. ഇപ്പോള്‍ അവനെ ക്കുറിച്ച് യാതൊരു വിവരവുമില്ല.മൂത്തമകന്‍ മരണപ്പെട്ടിട്ട് ഏതാണ്ട് അഞ്ചു വര്‍ഷം കഴിയുന്നു.ബിസിനസ്സില്‍ ഒരുപാട് നഷ്ടം വന്നു . അവനൊരു പാവമായിരുന്നു.അവന് കിട്ടിയ ഭാര്യ ഒട്ടും മനസ്സാക്ഷിയില്ലാത്തവളായിരുന്നു .എന്‍റെ പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും പ്രമാണം ബിസിനസ്സ് തുടങ്ങുവാനായി എന്‍റെ മകന്‍ ബാങ്കില്‍ പണയപ്പെടുത്തി . എടുത്ത രൂപ തിരിച്ചടക്കുവാന്‍ അവനെക്കൊണ്ടായില്ല.മകനാണെങ്കില്‍ സ്വന്തമായി ഒരു തുണ്ടം ഭൂമിപോലും ഉണ്ടായിരുന്നില്ല.വീടും വസ്തുക്കളും ബാങ്കുകാര്‍ ജപ്തി ചെയ്യുവാനായി വരും എന്ന് പറഞ്ഞ ദിവസം. ഏതാനും മുഴം കയറില്‍ ന്‍റെ മോന്‍ ജീവിതം അവസാനിപ്പിച്ചു. ശവദാഹം കഴിഞ്ഞ് ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടും അനുബന്ധ വസ്തു വഹകളും ജപ്തി ചെയ്യപ്പെട്ടു.മരുമകളും കുഞ്ഞുങ്ങളും മരുമകളുടെ വീട്ടിലേക്കുപോയി .എന്നോട് അവരുടെ കൂടെ പോരുന്നോ എന്നൊരു വാക്ക് പോലും എന്‍റെ മരുമകള്‍ ചോദിച്ചില്ല.ഞാന്‍ ഒരു അകന്നബന്ധുവിന്‍റെ വീട്ടില്‍ അഭയംതേടി.അത് മറ്റൊരു കഥ അത് ഞാൻ മോളോട് പറയണില്ലാ.ആകപ്പാടെ ഉണ്ടായിരുന്ന ഇരുചക്രവാഹനം ബന്ധു സ്വന്തമാക്കി വെറും കൈയോടെയാണ് ഞാന്‍ ബന്ധുവിന്‍റെ വീടിന്‍റെ പടിയിറങ്ങിയത്.എന്‍റെ മകന്‍ ഈ ലോകത്ത് നിന്നും ഒളിച്ചോടിയത്‌ പോലെ ഒളിച്ചോടുവാന്‍ എന്നെക്കൊണ്ടായില്ല.ഞാന്‍ ഇന്ത്യ ഒട്ടുക്കും അലഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള ഈ യാത്ര തുടങ്ങിയിട്ട് കാലം കുറെയായിരിക്കുന്നു.ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദഊട്ട് കഴിച്ചാണ് ജീവന്‍ നിലനിറുത്തുന്നത് .എന്‍റെ ഈ കോലം കണ്ടാല്‍ ചില ഭക്തര്‍ എന്‍റെ നേര്‍ക്ക്‌ നാണയങ്ങളും നോട്ടുകളും നീട്ടും. അങ്ങിനെ ലഭിക്കുന്നത് വേണ്ടാ എന്നും വെയ്ക്കാറില്ല.യാത്രകള്‍ക്കുള്ള രൂപ അങ്ങിനെയാണ് സ്വരൂപിക്കുന്നത് ഇടയ്ക്കിടയ്ക്ക് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകാറുണ്ട്.ഏതാണ്ട് ആറുമാസമായി മൂകാംബിക ക്ഷേത്രത്തിലായിരുന്നു ഞാന്‍ .എന്താണെന്നറിയില്ല കുറച്ചുനാളുകളായി ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാന്‍ കലശലായ മോഹം തോന്നി.ബസ്സുകള്‍ പലതും കയറിയിറങ്ങി അവസാനം ഇവിടെയെത്തി എങ്ങിനെവീണ്ടും ഇവിടെ എത്തപ്പെട്ടൂ എന്നതും എനിക്ക് അതിശയമമാകുന്നു.ആരോഗ്യമുള്ള കാലാത്ത് അരുതാത്തത് പലതും ഞാന്‍ ചെയ്തുകൂട്ടിയിട്ടുണ്ട് അതിനൊക്കെയുള്ള ഈശ്വരന്‍റെ ശിക്ഷയാവും ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോള്‍ മോളെ വിട്ട് ഇവിടെ നിന്നും പോകുവാനും മനസ്സുവരുന്നില്ലാ ...,,

വൃദ്ധനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞപ്പോള്‍ വൃദ്ധന്‍ നിവര്‍ന്നിരുന്ന് നെടുവീര്‍പ്പിട്ടു.അപ്പോള്‍ പുഞ്ചിരിയോടെ നീലിമ ചോദിച്ചു.

“എന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പോരുന്നോ എന്‍റെ കൂടെ.എന്നെ അങ്ങയുടെ മകളായി കണ്ടാല്‍ മതി“

വൃദ്ധന്‍ അവളില്‍ നിന്നും അങ്ങിനെയൊരു വാക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.വൃദ്ധന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.നീലിമ അവളെക്കുറിച്ച് വൃദ്ധനോട് സംസാരിച്ചു.അവളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതില്‍ പിന്നെ വൃദ്ധന്‍ ഒന്നും ഉരിയാടാതെ ആലോചനയില്‍ മുഴുകിയിരുന്നു.തിരികെ പോരുവാന്‍ നേരം നീലിമ പറഞ്ഞു.

,, എനിക്ക് രണ്ടുമൂന്നു ദിവസ്സത്തെ സാവകാശം തരണം.ആദ്യം അമ്മയുടെ സമ്മതം വാങ്ങണം.പിന്നെ ഞങ്ങളുടെ വീടിന്‍റെ വരാന്തയോട് ചേര്‍ന്നുള്ള കിടപ്പുമുറി ചെത്തിതേച്ചു വൃത്തിയാക്കണം .എന്നിട്ട് ഞാന്‍ കൂട്ടിക്കൊണ്ടു പോകുവാന്‍ വരും ,,

അന്ന് അന്തിയുറങ്ങാന്‍ നേരം നീലിമ അമ്മയോട് പറഞ്ഞു .

,,അമ്മെ ആ മുത്തശ്ശനെ ഞാന്‍ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരട്ടെ,,

അമ്മ ആശ്ചര്യത്തോടെ പറഞ്ഞു.

,,എന്താ ന്‍റെ മോള് ഈ പറയുന്നെ നമുക്ക് തന്നെ നേരാംവണ്ണം ജീവിക്കുവാന്‍ വകയില്ല.ഒരാളുടെ കൂടി ബാധ്യത നമ്മള്‍ ഏറ്റെടുക്കണോ...?,,

നീലിമ അമ്മയുടെ മുടിയിഴകളീലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു .

,,വേണം ആ ബാധ്യത നമുക്ക് ഏറ്റെടുക്കണം .നമുക്ക് സ്വന്തമെന്നു പറയുവാന്‍ വേറെ ആരുമില്ലല്ലോ .ഒരാള്‍കൂടി നമ്മുടെ കൂടെ കൂടട്ടെ.അമ്മ എന്‍റെ തീരുമാനത്തെ അംഗീകരിക്കണം .“

അമ്മ പിന്നെയൊന്നും പറഞ്ഞില്ല .രണ്ടുദിവസം അവധിയെടുത്ത് നീലിമ വൃദ്ധനുള്ള കിടപ്പുമുറിയിലെ ബാക്കിയുള്ള പണികള്‍ തീര്‍ത്തു.പട്ടണത്തില്‍ നിന്നും കട്ടിലും മെത്തയും വണ്ടിക്കാരനെ പറഞ്ഞയച്ചു വാങ്ങിപ്പിച്ചു.രണ്ടുദിവസം വൃദ്ധനെ കാണാതെയിരുന്നതില്‍ നീലിമയ്ക്ക് സങ്കടം തോന്നി.മൂന്നാംനാള്‍ രാവിലെതന്നെ അക്കിക്കാവില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് വൃദ്ധനെ കൂട്ടിക്കൊണ്ടു വരുവാന്‍ നീലിമ പുറപ്പെട്ടു.ബസ്സ്റ്റാന്‍ഡിനു പുറകുവശം ഓട്ടോറിക്ഷ നിറുത്തി നീലിമ ബസ്സ്റ്റാന്‍ഡിലെക്ക് നടന്നു.മനസ്സില്‍ വലിയൊരു നന്മ ചെയ്യുന്നതിന്‍റെ സുഖം അവള്‍ അറിയുന്നുണ്ടായിരുന്നു. വൃദ്ധന്‍ ഇരിക്കാറുള്ള ഇടത്ത് നോക്കിയപ്പോള്‍ വൃദ്ധനെ അവിടെയെങ്ങും കണ്ടില്ല.അയാള്‍ അവിടെ ഇല്ലെങ്കിലും അയാളുടെ ഭാണ്ഡം അവിടെ ഉണ്ടാകുമായിരുന്നു .അവള്‍ക്കെന്തോ പന്തികേട്‌ തോന്നി . അടുത്തുള്ള ഫുട്പാത്ത് കച്ചവടക്കാരനോട് വൃദ്ധനെപ്പറ്റി തിരക്കി.

,,അയാളോ ..... അയാളെ മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോയി. ,,

നീലിമയ്ക്ക് കാര്യം മനസിലാകാതെ ചോദിച്ചു.

,, എന്ത് മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോകുകയോ ? ,,

കച്ചവടക്കാരന്‍ വ്യാപാരസാധനങ്ങള്‍ തറയില്‍ വിരിച്ച ഷീറ്റിലേക്ക് എടുത്തുവെച്ചുകൊണ്ട് പറഞ്ഞു.

,,അതെ ആ കിഴവന്‍ മിനിഞ്ഞാന്ന് രാത്രി ഇവിടെ കിടന്ന് ചത്തു . കിഴവന്‍ ആത്മഹത്യ ചെയ്തതാണെന്ന്  ആളുകള്‍  പറയുന്നുണ്ട്. രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ ആരോ വിളിച്ചുനോക്കി .മുനിസിപ്പാലിറ്റി ജീവനക്കാര്‍ കിഴവനെ ഏതെങ്കിലും ചുടുകാട്ടില്‍ കുഴിച്ചുമൂടിയിട്ടുണ്ടാവും .അല്ലെങ്കില്‍ വൈദ്യുതി ശ്മശാനത്തില്‍ ചാമ്പലാക്കിയിട്ടുണ്ടാവും.ആരും പരാതി പറയുവാന്‍ ഇല്ലാത്തതുകൊണ്ട് പോലീസും വന്നില്ല പോസ്റ്റുമോര്‍ട്ടവും ചെയ്തില്ല . ആര്‍ക്കാ അതൊക്കെ അന്വേഷിക്കുവാൻ നേരം,,

അയാളുടെ വാക്കുകള്‍ കേട്ട് നീലിമ സ്തംഭിച്ചുനിന്നുപോയി.വൃദ്ധന്‍റെ വേര്‍പാട് വിശ്വസിക്കുവാനാവാതെ എന്തുചെയ്യണമെന്നറിയാതെ നീലിമ ഓട്ടോറിക്ഷയുടെ അരികിലേക്ക് നടന്നു.ഉത്സാഹത്തോടെ പോയ നീലിമ നിരാശയോടെ മടങ്ങിയെത്തിയപ്പോള്‍ ഓട്ടോറിക്ഷക്കാരന്‍ ചോദിച്ചു.

,,ഒരാളെ കൂട്ടിക്കൊണ്ടുപോകാനുണ്ട് എന്ന് പറഞ്ഞുപോയിട്ട് അയാളെവിടെ ?,,

നെടുവീര്‍പ്പിട്ടു കൊണ്ട് നീലിമ പറഞ്ഞു. 

,, അയാള്‍ പോയി ചേട്ടാ ... ചേട്ടന്‍ തിരികെ പൊയ്ക്കോളൂ .ഞാനിനി  വരുന്നില്ല. ,,

നീലിമ അയാള്‍ക്ക്‌ ഓട്ടോറിക്ഷയുടെ വാടക കൊടുത്തിട്ട് തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് നടന്നു...ഓർമ്മയിൽ എവിടെയോ ഒരു ചോദ്യം അവളെ വീര്‍പ്പുമുട്ടിച്ചു.എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം   ..... ഒരുപക്ഷേ അദ്ദേഹം.... ?                                                                 ശുഭം
rasheedthozhiyoor@gmail.com                                   rasheedthozhiyoor.blogspot.com
  10 September 2015

ചെറുകഥ. ധാതുരത്‌നാദികള്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
മദ്ധ്യ പൂര്‍വേഷ്യ രാജ്യങ്ങളിലെ  സമ്പന്നതയുടെ കൊടുമുടിയില്‍ എത്തപ്പെട്ട  ഖത്തറെന്ന രാജ്യത്തെ വേനല്‍ക്കാല ചൂടിന് എക്കാലത്തെക്കാളും കാഠിന്യം ഏറിയിരിക്കുന്നു .സ്വപ്ന സാക്ഷാത്കാരത്തിനായി സാമ്പത്തിക ശ്രോതസ്സ് തേടിയെത്തിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള, വിവിധ ഭാഷ സംസാരിക്കുന്ന ,വിവിധ വര്‍ണ്ണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഖത്തറെന്ന രാജ്യത്തിന്‍റെ  തലസ്ഥാനവും പ്രധാന നഗരിയുമായ  ദോഹ എന്ന നഗരത്തിലെ ഏറ്റവും  വശ്യമനോഹരമായ കാഴ്ചകള്‍ കാണുവാനാവുന്നത് കോര്‍ണീഷ് എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട്‌ ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളുമാണ് .കടല്‍ തീരത്തോട് ചേര്‍ന്നുപോകുന്ന പാത തുടങ്ങുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്ററോളം   യാത്ര ചെയ്‌താല്‍  റബേക്ക മാത്യൂസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണ കമ്പനിയുടെ ഓഫീസില്‍ എത്തിച്ചേരാം.വെളുത്ത ശരീരവും  ആകര്‍ഷകമായ ഭാവത്തിനുടമയുമായ റബേക്കയ്ക്ക് മുപ്പത്തൊന്ന് വയസ്സ് കഴിഞ്ഞിരിക്കുന്നു.വിവാഹമോചിതയായ റബേക്ക സ്ഥാപനത്തിന്‍റെ   മാനേജിംഗ് ഡയറക്ടർ പദവിയിലേക്ക് എത്തിയിട്ട് മൂന്ന് വര്‍ഷം തികയുവാന്‍ രണ്ടു മാസംകൂടി കഴിയണം .

റബേക്കയുടെ പിതാവ് മാത്യൂസ് ജോര്‍ജ്ജ് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് തുടങ്ങിയ സ്ഥാപനം ആദ്യകാലങ്ങളില്‍ നഷ്ടത്തിലായിരുന്നു.റബേക്കയുടെ ജനനം മുതല്‍ സ്ഥാപനത്തിന്‍റെ വളര്‍ച്ച അസൂയാവഹമായിരുന്നു.മാത്യൂസിന് റബേക്ക കൂടാതെ ഒരു മകന്‍ കൂടി ഉണ്ടായിരുന്നു.റബേക്കയെക്കാളും നാല് വയസ്സിന് ഇളയതായ റോബിന്‍ ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ലണ്ടനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു .അപകടസമയത്ത് റോബിനായിരുന്നു വാഹനമോടിച്ചിരുന്നത്.  ലണ്ടൻ യൂണിവേഴ്സിറ്റി കോളെജില്‍  ഉപരിപഠനം കഴിഞ്ഞ് മടങ്ങുവാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റോബിന്‍ കൊല്ലപ്പെടുന്നത് .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോബിന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞപ്പോള്‍ മാത്യൂസ് മകനെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയച്ച നിമിഷങ്ങളെ ശപിച്ചു.ഒരുപാട്  പ്രതീക്ഷകളുണ്ടായിരുന്നു മാത്യുസിന്. മകനിലൂടെ കെട്ടിടനിര്‍മാണ രംഗത്ത് സ്ഥാപനത്തെ ഉന്നതിയില്‍  എത്തിക്കുവാന്‍  റോബിന്  വിദേശ പഠനം അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് മകനെ   ലണ്ടനിലേക്ക് പഠനത്തിനയച്ചത്.

മകന്‍റെ വേര്‍പാട് മത്യുസിനെ മാനസീകമായി തളര്‍ത്തി.പിന്നീട്  മാനേജിംഗ് ഡയറക്ടർ പദവിയോട്  നീതിപുലര്‍ത്തുവാന്‍  മത്യുസിനായില്ല.റബേക്കക്കായി അപ്പന്‍ കണ്ടെത്തിയ വരന്‍ വേണ്ടുവോളം സാമ്പത്തീക ശ്രോതസ്സുള്ള കുടുംബത്തിലെ സുന്ദരനായിരുന്നു.ആദ്യമായി  ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തിയ അന്ന് ഭക്ഷണം കഴിക്കുവാനിരുന്നപ്പോള്‍ അടുക്കള വേലക്കാരി ഭക്ഷണത്തോടൊപ്പം  തീന്മേശയില്‍ പലതരം വിദേശ മദ്യക്കുപ്പികള്‍ നിരത്തുന്നത് കണ്ടപ്പോള്‍ റബേക്ക അന്ധാളിച്ചിരുന്നുപോയി .അപ്പനും മക്കളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ടപ്പോള്‍തന്നെ അവിടത്തെ ജീവിതരീതിയോടവള്‍ക്ക്  പൊരുത്തക്കേട് തോന്നി.സമുദായത്തിലെ ആചാരപ്രകാരം  ആദ്യരാത്രി ഭര്‍ത്താവിന്‍റെ വീട്ടിലാണ് പതിവ്.ആദ്യരാത്രിയില്‍ മദ്യപിച്ച് തലയ്ക്ക് വെളിവില്ലാതെ വന്ന ഭര്‍ത്താവിന്‍റെ  ലൈംഗീകമായ ക്രൂര വിനോദങ്ങള്‍ക്ക് മുന്‍പില്‍ തന്‍റെ പവിത്രമായ ശരീരത്തെ അയാള്‍ക്ക്‌  മുന്‍പാകെ  അടിയറവ് വെക്കാനവള്‍ക്കായില്ല. റബേക്ക കണ്ട സ്വപ്നങ്ങളിലെ ആദ്യരാത്രി അങ്ങിനെയായിരുന്നില്ല.  സ്നേഹലാളനകളോടെ ആദ്യമായി തന്‍റെ കൈത്തലം നുകര്‍ന്ന് സ്നേഹത്താല്‍  വീര്‍പ്പുമുട്ടിക്കുന്ന ഭര്‍ത്താവിനെയായിരുന്നു അവള്‍ കൊതിച്ചത്.

അവള്‍ക്ക്  ആദ്യരാത്രി ഭയാനകമായ രാത്രിയായിമാറി .മദ്യത്തിന്‍റെ രൂക്ഷഗന്ധം മുറിയിലാകെ നിറഞ്ഞുനിന്നു. അയാളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിക്കാതെയിരുന്നപ്പോള്‍ അവളെ  ദേഹോപദ്രവം ഏല്‍പ്പിക്കാനായി  അയാളുടെ ശ്രമം.ഒന്ന് ഉറക്കെ പൊട്ടിക്കരയുവാന്‍ പോലുമാവാതെ റബേക്ക നിസഹായയായി എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി തെങ്ങികരഞ്ഞുകൊണ്ടിരുന്നു.മുഖം പൊത്തിപ്പിടിച്ച് കരയുന്ന റബേക്കയുടെ ഇരു കൈത്തലങ്ങളും അടര്‍ത്തിയെടുത്ത്‌ അയാള്‍  അവളെ തന്നോടടുപ്പിച്ചു.   പിന്തിരിയാന്‍ ഭാവമില്ലായിരുന്ന ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടുവാനായി റബേക്ക  കളവുപറഞ്ഞു.

,,എന്നോട് ക്ഷമിക്കണം    എനിക്കിപ്പോള്‍ ആര്‍ത്തവകാലമാണ് ഒരു നാലുദിവസം കൂടി ക്ഷമിക്കൂ ...,,

അയാള്‍ അവളെ നിരാശയോടെ  തന്‍റെ മാറില്‍ നിന്നും അകറ്റിനിര്‍ത്തിക്കൊണ്ട് പറഞ്ഞു .

,, ശ്ശെ ....നീ ഇത് നിന്‍റെ വീട്ടുകാരെ അറിയിച്ചില്ലേ ...അല്ല സാധാരണ ഈ സമയത്ത് ആരെങ്കിലും വിവാഹം നടത്തുമോ ?ശ്ശെ ആദ്യരാത്രി കുളമായി ,,

മദ്യലഹരിയില്‍ അയാളുടെ വാക്കുകള്‍ കുഴയുന്നുണ്ടായിരുന്നു.ഗ്ലാസിലെ പാലും പലതരം പഴവര്‍‍ഗങ്ങളും മേശപ്പുറത്തിരിക്കുന്നുണ്ടായിരുന്നു.ഭര്‍ത്താവ് വന്ന്  മെത്തയിലിരുന്നാല്‍  ഗ്ലാസിലെ പാല്‍ ഭര്‍ത്താവിന്‍റെ നേര്‍ക്ക്‌  നീട്ടണം എന്ന് കരുതിയിരുന്നതാണ് പക്ഷെ അയാള്‍ കതക്‌ തുറന്നു അകത്ത് കടന്നതും അവളെ കെട്ടിപ്പിടിക്കുകയുമാണ് ഉണ്ടായത്.അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കൂര്‍ക്കംവലിച്ചുറങ്ങി.റബേക്ക അപ്പോഴും  സങ്കടം സഹിക്കവയ്യാതെ തെങ്ങികരയുന്നുണ്ടായിരുന്നു.റബേക്ക ഒത്തിരി വൈകിയാണ് ഉറങ്ങിയത്  അടുത്ത പുലരിയിലയാള്‍  ഉറക്കമുണര്‍ന്നപ്പോള്‍ റബേക്ക അടുക്കളയിലായിരുന്നു. അയാളവളെ കിടപ്പുമുറിയില്‍ നിന്നും  ഉച്ചത്തില്‍ വിളിച്ചു.

,,റബേക്ക ഇവിടെ വരൂ ...,,

ഭയാഷങ്കയോടെ റബേക്ക കിടപ്പുമുറിയിലേക്ക് ചെന്നു.അയാളപ്പോള്‍ ശാന്തനും സൗമ്യനുമായിരുന്നു .അയാളവളെ മെത്തയില്‍ പിടിച്ചിരുത്തി ക്ഷമാപണം നടത്തി .

,,റബേക്ക ഞാനിന്നലെ അല്‍പം ഓവറായിരുന്നു അല്ലെ,,

സൗമ്യതയോടെയുള്ള അയാളുടെ പെരുമാറ്റം അവളെ അത്ഭുതപ്പെടുത്തി .റബേക്ക മെത്തയില്‍ നിന്നും എഴുനേറ്റ് ജാലകത്തിനരികില്‍ പോയി തുറന്നുകിടക്കുന്ന ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.

,,ആദ്യരാത്രിയില്‍ ഒരു സ്ത്രീയും ആഗ്രഹിക്കാത്തതാണ് ഇന്നലെ ഇവിടെ ഉണ്ടായത്.മദ്യലഹരിയില്‍ ഇന്നലെ ഈ മുറിയില്‍ അരങ്ങേറിയത് എന്തെങ്കിലും ഓര്‍മ്മയുണ്ടോ,,

അയാള്‍ ചിന്താവിഷ്ടനായി വീണ്ടും മെത്തയിലേക്ക് ചാഞ്ഞു.റബേക്ക അവളുടെ സങ്കടങ്ങള്‍ അയാളോട് പങ്കുവയ്ക്കുകയായിരുന്നു പക്ഷെ അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. സമയം ഏതാണ്ട് പത്തുമണി കഴിഞ്ഞപ്പോഴാണ് അയാള്‍ വീണ്ടും ഉറക്കമുണര്‍ന്നത്‌. തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് റബേക്കയോട് യാത്രപോലും പറയാതെ വാഹനത്തില്‍ കയറി അയാള്‍ പോയി.പിന്നെ തിരികെ വന്നത് രാത്രിയിലാണ് അന്നും അത്താഴത്തിന് മുന്‍പ് അപ്പനും മക്കളും മൂക്കറ്റം മദ്യപിച്ചു .സ്റ്റെയര്‍കേസ്‌ കയറാന്‍ ബുദ്ധിമുട്ടിയപ്പോള്‍ റബേക്ക അയാളെ നടക്കുവാന്‍ സഹായിച്ചു.കിടപ്പുമുറിയിലേക്ക് എത്തിയ ഉടനെ വസ്ത്രംപോലും മാറാതെ  അയാള്‍ മെത്തയിലേക്ക് ചാഞ്ഞു .ഒരുപാട് പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച റബേക്ക അയാളുടെ പ്രവര്‍ത്തികള്‍ കണ്ട് തുടര്‍ന്നുള്ള ജീവിതത്തെ ഓര്‍ത്ത്‌ അങ്കലാപ്പിലായി.കുറെയേറെ നേരം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു.ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ അയാള്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നില്ല.മൊബൈല്‍ഫോണിന്‍റെ സ്ക്രീനില്‍ നോക്കിയപ്പോള്‍ സുസന്‍ എന്നപേര് കണ്ടു .അവള്‍ മനസ്സില്ലാമനസ്സോടെ മൊബൈല്‍ഫോണ്‍ ചെവിയോടടുപ്പിച്ചു.അങ്ങേത്തലയ്ക്കല്‍ നിന്നുമുള്ള ശബ്ദം കേട്ട് ഭൂമി കീഴ്മേല്‍ മറിയുന്നത് പോലെ അവള്‍ക്ക് തോന്നി.

,, സണ്ണി വിവാഹം കഴിഞ്ഞപ്പോള്‍ നീ എന്നെ മറന്നൂലെ.എനിക്ക് നിന്‍റെ സാനിധ്യമില്ലാതെ ഉറങ്ങുവാനാവുന്നില്ല.രണ്ടു ദിവസം കഴിഞ്ഞാല്‍ അങ്ങേര് ബംഗളൂരു നിന്നും വരും അതിനുമുന്‍പ്‌ നീ എന്‍റെ അരികില്‍ വരണം എനിക്ക് നിന്‍റെ സാനിധ്യമില്ലാതെ ഭ്രാന്ത് പിടിക്കുന്നുണ്ട് .സണ്ണി നീയെന്താ ഒന്നും മിണ്ടാത്തെ നീ നാളെ വരില്ലെ ... ,,

റബേക്ക മൊബൈല്‍ഫോണ്‍ കട്ടുചെയ്തു.അവള്‍ അസ്വസ്ഥതമായ മനസ്സോടെ ഉറങ്ങുവാനായി കിടന്നെങ്കിലും അവള്‍ക്കുറങ്ങുവാനായില്ല.പ്രക്ഷുബ്ദമായ മനസ്സിന് ശാന്തി ലഭിക്കുവാനായി പ്രാര്‍ത്ഥനയോടെ റബേക്ക ഇമകള്‍ ഇറുക്കിയടച്ചു.ആ വീട്ടില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്നത് മാത്രമായിരുന്നു റബേക്കയുടെ ചിന്ത .അടുത്ത ദിവസ്സം അപ്പനെ വിളിച്ചുവരുത്തി റബേക്ക എന്നെന്നേക്കുമായി  ആ വീടിന്‍റെ ചവിട്ടുപടിയിറങ്ങി .പിന്നെ അധികം താമസിയാതെ വിവാഹമോചനവും നടന്നു .പുനര്‍വിവാഹത്തിന് അപ്പനും അമ്മച്ചിയും നിരന്തരം നിര്‍ബന്ധിച്ചുവെങ്കിലും റബേക്ക ഒഴിഞ്ഞുമാറി .പിന്നെ സഹോദരന്‍റെ വിയോഗത്തെ തുടര്‍ന്ന്‍  സ്ഥാപനത്തിന്‍റെ   മാനേജിംഗ് ഡയറക്ടർ  പദവി ഏറ്റെടുത്തപ്പോള്‍ റബേക്കയുടെ ജീവിതം തിരക്കുപിടിച്ചതായി .

സാമ്പത്തീക ക്രമക്കേടുകള്‍  നടത്തിയതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട മാനേജര്‍ ഉണ്ണിത്താന്‍റെ  ഒഴിവിലേക്കാണ്  പാലക്കാട് സ്വദേശി ആദിത്യന്‍ നമ്പൂതിരി പ്രവേശിച്ചത്‌.ജോലിയിലുള്ള ആത്മാര്‍ഥതയും കഠിനപ്രയത്നവും മൂലം പുതിയ ഒരുപാട് വര്‍ക്കുകള്‍ സ്ഥാപനത്തിന് ലഭിച്ചു.ഇപ്പോള്‍ റബേക്കയ്ക്ക് ജോലിഭാരമില്ല എല്ലാകാര്യങ്ങളും  ആദിത്യന്‍ നമ്പൂതിരി ശ്രദ്ധിക്കുന്നുണ്ട്.റബേക്കയുടെ സഹപാഠിയും ആത്മ സുഹൃത്തുമാണ് നാന്‍സി ചെറിയാന്‍  .ദോഹയില്‍ സ്വന്തമായി ട്രാവല്‍സ് നടത്തുകയാണ് ചെറിയാന്‍ .അവധിദിനങ്ങളില്‍ നാന്‍സിയാണ് റബേക്കയുടെ ഏക ആശ്വാസം .നാന്‍സിക്ക് ഒന്‍പതു വയസ്സുള്ള ആണ്‍കുട്ടിയും  ഏഴു  വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട് .നീണ്ട ഇടവേളയ്ക്കു ശേഷം നാന്‍സി ഇപ്പോള്‍ നാല്‌ മാസം ഗര്‍ഭണിയാണ്. കഴിഞ്ഞ ആഴ്ച വയറുവേദന കണ്ടപ്പോള്‍ പരിശോധനയ്ക്കായി   നാന്‍സിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു .പരിശോധിച്ച ഡോക്ടര്‍ നാന്‍സിക്ക് ബെഡ്ഡ് റെസ്റ്റ് പറഞ്ഞതിനാല്‍ നാന്‍സി ഇപ്പോള്‍ പരിപൂര്‍ണ്ണ വിശ്രമത്തിലാണ്.ഒഴുവുദിനങ്ങളില്‍ റബേക്കയും നാന്‍സിയും,നാന്‍സിയുടെ കുഞ്ഞുങ്ങളും കൂടി  പതിവായി   കോര്‍ണീഷില്‍ പോകുമായിരുന്നു.വ്യായാമം ചെയ്യുവാനും വര്‍ത്തമാനം പറഞ്ഞിരിക്കുവാനും    കോര്‍ണീഷില്‍ വിവിധരാജ്യക്കാര്‍ വരുമായിരുന്നു .

ചെറിയാനിപ്പോള്‍  പതിവിലും നേരത്തെ ഉറക്കമെഴുന്നേറ്റ് പ്രാതലും ഉച്ച ഭക്ഷണവും തയ്യാറാക്കി കുഞ്ഞുങ്ങളെ വിദ്യാലത്തില്‍ കൊണ്ടാക്കിയത്തിനു ശേഷമാണ് ജോലിക്ക് പോകുന്നത്.ഇന്ന് വ്യാഴാഴ്ചയാണ് സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.ഓഫീസ്‌ ബോയി മേശപ്പുറത്തു കൊണ്ടുവന്നു വെച്ച ഫയലുകള്‍ പരിശോധിച്ച് ഒപ്പിടെണ്ടുന്നവയില്‍ ഒപ്പിട്ട് നാലരയോടെ റബേക്ക മേനേജരോട് യാത്ര പറഞ്ഞിറങ്ങി.വെള്ളിയും,ശനിയും സ്ഥാപനത്തിന് അവധിയാണ്.ഇനി ശനിയാഴ്ച  രാത്രിവരെ നാന്‍സിയുടെ കൂടെ സമയം ചിലവഴിക്കും.അവിടെയാവുമ്പോള്‍ നാന്‍സിയോടും മക്കളോടും കൂടി കഴിയുമ്പോള്‍ നേരം പോകുന്നത് അറിയില്ല .റബേക്ക വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ഓര്‍ക്കുകയായിരുന്നു.ചെറിയാനും നാന്‍സിയും കുഞ്ഞുങ്ങളും എത്ര സന്തോഷമായി ജീവിക്കുന്നു.ഭര്‍ത്താവ്‌ കുഞ്ഞുങ്ങള്‍ സന്തോഷകരമായ  ജീവിതം ഇതൊക്കെ തനിക്കും വേണ്ടേ .ഇവിടെ  അസുഖമായി കിടന്നാല്‍ പോലും  ആത്മാര്‍ത്ഥമായി തന്നെ പരിപാലിക്കാന്‍ ആരുമില്ല .ഒരു വേലക്കാരി ഉണ്ടായിരുന്നത് അപ്പനും അമ്മച്ചിയും  നാട്ടിലേക്ക് പോയപ്പോള്‍ കൂടെ വിട്ടു. അപ്പച്ചനും അമ്മച്ചിയും നാടിലെ ജീവിതമാണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ റബേക്ക തന്നെയാണ് അവരെ നാട്ടിലേക്ക് പറഞ്ഞയക്കുവാന്‍ മുന്‍കൈയെടുത്തത്.ആറുമാസം കൂടുമ്പോള്‍ അപ്പച്ചനും അമ്മച്ചിയും  ഇവിടെ വന്ന് വിസ പുതുക്കി പോകുന്നുണ്ട്. തലമുറകള്‍ക്ക് ജീവിക്കുവാനുള്ള സ്വത്തുക്കള്‍ അപ്പനായിട്ട്‌ തന്നെ സമ്പാദിച്ചിട്ടുണ്ട് ഇപ്പോള്‍ താനും സമ്പാദിച്ചുകൂട്ടുന്നു .

റബേക്ക വാഹനം ഓരം ചേര്‍ത്തു നിറുത്തി നാന്‍സിയുടെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു.നാന്‍സി മെത്തയില്‍ തന്നെ കിടക്കുകയാണ്.കുഞ്ഞുങ്ങള്‍ ടാബില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നു.നാന്‍സി റബേക്കയെ കണ്ടപ്പോള്‍ അടുത്ത് കിടക്കുന്ന കസേരയില്‍ ഇരിക്കുവാന്‍ ആംഗ്യം കാട്ടികൊണ്ട് പറഞ്ഞു.

,, ഞാന്‍ തന്നെയും കാത്തിരിക്കുകയാണ്.ഇവിടെ ഇങ്ങിനെ കിടന്ന് ശെരിക്കും ബോറടിക്കുന്നു.എന്താടോ താന്‍ വല്ലാതെയിരിക്കുന്നത് ? കമ്പനിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ?,,

റബേക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കസേരയില്‍ നിവര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു

,, ഹേയ് ...അവിടെ നമ്മുടെ നമ്പൂതിരി വന്നതില്‍പിന്നെ യാതൊരുവിധ പ്രശ്നങ്ങളുമില്ല സെയില്‍സില്‍ കുറേ പുതിയ ആളുകളെ നിയമിച്ചിട്ടുണ്ട് .പുതിയ പ്രൊജെക്റ്റുകളും വേണ്ടുവോളമുണ്ട്.എന്തോ മനസ്സിന് ആകപ്പാടെ വല്ലാത്ത അസ്വസ്ഥത തോന്നുന്നു.,,

നാന്‍സി റബേക്കയുടെ കൈത്തലം നുകര്‍ന്നുകൊണ്ട് പറഞ്ഞു.

,, എനിക്ക് മനസ്സിലാകും തന്‍റെ ഇപ്പോഴത്തെ വല്ലായ്മയുടെ കാര്യം.കൂട്ടിന് ഒരാള്‍ വേണമെന്ന് തോന്നി തുടങ്ങി അല്ലെ.എത്രകാലം എന്ന് വെച്ചാ ഇങ്ങിനെ തനിയെ ജീവിക്കുന്നത്,,

റബേക്കയുടെ ഇമകളില്‍ നിന്നും ഇറ്റിയ കണ്ണുനീര്‍  തുള്ളികള്‍ നാന്‍സിയുടെ കൈത്തലങ്ങളില്‍ പതിച്ചു

,, എന്താടോ ഇത് കൊച്ചുകുട്ടികളെ പോലെ കരയുന്നത്.ഇനിയും വൈകീട്ടില്ല.അപ്പച്ചന്‍ ഇന്നലെ എനിക്ക് വിളിച്ചിരുന്നു.ഒരു വിവാഹാലോചന തനിക്കായി വന്നിട്ടുണ്ട് എന്ന് പറഞ്ഞു തന്നോട് പറഞ്ഞ് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നും പറഞ്ഞു.കേട്ടിട്ട് തരക്കേടില്ലാത്ത ബന്ധമാണ് എന്ന് തോന്നുന്നു.ആളൊരു റബര്‍ എസ്റ്റേറ്റ് മുതലാളിയാ പ്രായം മുപ്പത്തിയാറ് അയാളുടെ ആദ്യവിവാഹമാണ് എന്നാണ് അപ്പന്‍ പറഞ്ഞത് .ഞാന്‍ അപ്പന് വിളിച്ചു പറയട്ടെ ഇയാള് വിവാഹത്തിന് സമ്മതിച്ചു എന്ന് ,,

റബേക്ക കണ്ണുനീര്‍ തുടച്ചുകൊണ്ട് ചിരിക്കുക മാത്രം ചെയ്തു. നാന്‍സി ഉടനെ മൊബൈല്‍ഫോണ്‍ എടുത്ത് റബേക്കയുടെ അപ്പച്ചന്  കാള്‍ ചെയ്തു .സംസാരത്തിനിടയില്‍ റബേക്ക അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍  അപ്പച്ചന്‍ ഫോണ്‍ റബേക്കയ്ക്ക് കൊടുക്കുവാന്‍ പറഞ്ഞു. റബേക്ക ഫോണ്‍ ചെവിയോടടുപ്പിച്ചു

,,  മോളെ എന്താ വിശേഷം ,,

,, സുഖമായിരിക്കുന്നു അപ്പച്ചാ ,,

,,മോളെ ഇന്നലെ ഞങ്ങള്‍ ചെറുക്കനെ പോയികണ്ടിരുന്നു.മോളുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ അവര്‍ക്ക് മോളെ ഇഷ്ടപ്പെട്ടു.ഞാന്‍ എല്ലാകാര്യങ്ങളും അവരോട് പറഞ്ഞു ചെറുക്കന്‍റെ ഫോട്ടോകള്‍ മോള്‍ക്ക്‌ മെയില്‍ ചെയ്തിട്ടുണ്ട് മോള്‍ക്ക്‌ ഇഷ്ടമാകുകയാണെങ്കില്‍ നമുക്ക് ഈ ബന്ധം ഉറപ്പിക്കാം.കൃഷിയുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്ന പുരാതന തറവാട്ടുകാരാണ് .മണ്ണിനെ സ്നേഹിക്കുന്നവര്‍ സന്മനസ്സുള്ളവരായിരിക്കും,,

സംസാരത്തിനൊടുവില്‍ തിരികെ വിളിക്കാം എന്ന് പറഞ്ഞ് റബേക്ക ഫോണ്‍ കട്ട് ചെയ്തു.ഹൃദയത്തിന്‍റെ വേഗത അധികരിക്കുന്നത് പോലെ . ആകാംക്ഷയോടെ റബേക്ക മെയില്‍ തുറന്നുനോക്കി.കട്ടമീശ, ചീകി ഒതുക്കിയ ചുരുണ്ട മുടി.ഇരുനിറം ജുബ്ബയും മുണ്ടും വേഷം.ഒറ്റനോട്ടത്തില്‍ തന്നെ അവള്‍ക്കവനെ  ഇഷ്ടമായി.ഇങ്ങനെയൊരു ബന്ധം തന്നെ തേടിയെത്തുന്നതിന്‍റെ മുന്നറിയിപ്പാവുമോ ഒരു ജീവിത പങ്കാളി തനിക്ക് അനിവാര്യമാണെന്ന  തോന്നല്‍ തന്നില്‍  ഉണ്ടായതെന്നവള്‍  ഓര്‍ത്തുപോയി.മനസ്സ് ഉന്മാദ നൃത്തം ചവിട്ടുന്നത് പോലെ അറിയാന്‍ കൊതിച്ചത് ഇനിയും വിദൂരമല്ല എന്ന തിരിച്ചറിവിനാല്‍ റബേക്ക പ്രസന്നവതിയായി.ശനിയാഴ്ച സന്ധ്യ കഴിഞ്ഞപ്പോള്‍ റബേക്ക യാത്രപറഞ്ഞിറങ്ങി സ്വന്തം വാസസ്ഥലത്തേക്ക് തിരികെ പോന്നു.

അടുത്ത ദിവസം ഓഫീസില്‍ പോയി  രണ്ടുമാസത്തെക്കുള്ള ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടുകൊടുക്കുകയും   ആദിത്യന്‍ നമ്പൂതിരിയെ സ്ഥാപനത്തിന്‍റെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്ത് ചെറിയാന്‍റെ ട്രാവല്‍സിലേക്ക് വിളിച്ച് വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്തു.രണ്ടാം നാള്‍ പര്യാലോചനയോടെ  റബേക്ക കേരളത്തിലേക്ക് യാത്രയായി. സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരിക്കണേ തന്‍റെ ജീവിതത്തിലേക്ക് വരുന്ന യുവാവ് എന്നവള്‍ പ്രാര്‍ഥിച്ചുകൊണ്ട് വിമാനത്തിന്‍റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു അപ്പോള്‍ മേഘപടലങ്ങള്‍ക്കുള്ളിലൂടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുവാനായി കുതിച്ചുപായുകയായിരുന്നു.
                                                               ശുഭം
rasheedthozhiyoor@gmail.com                                    rasheedthozhiyoor.blogspot.com                                  

                                                                         

29 August 2015

ചെറുകഥ.പുകയില്ലാത്ത തീനാളങ്ങള്‍

ചിത്രം കടപ്പാട് .Zain Thozhiyoor

നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു .വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ് . രാവിലെ മുതല്‍ ശമനമില്ലാതെ   തിമര്‍ത്തു പെയ്തിരുന്നു   ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അല്‍പം ശമനമുണ്ട് .വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന്  പെരുംതോടിനു  കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ  ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്നാല്‍  പ്രധാന പാതയില്‍ എത്താം.പള്ളികാടിന്‍റെ അങ്ങേയറ്റത്താണ് ജുമാമസ്ജിദ്‌ സ്ഥിതിചെയ്യുന്നത്. മസ്ജിദിനോട് ചേര്‍ന്ന് കണ്ണെത്താ ദൂരത്തോളമുണ്ട് പള്ളിക്കാട് .മയ്യത്തുകള്‍ ഖബറടക്കുമ്പോള്‍  മീസാന്‍ കല്ലുകളുടെ അരികിലായി കുഴിച്ചിടുന്ന മൈലാഞ്ചി ചെടികളും മറ്റുള്ള ചെടികളും പടര്‍ന്നു പന്തലിച്ചതിനാല്‍ ഖബര്‍സ്ഥാന്‍ കാടായി പരിണമിക്കുകയായിരുന്നു .അനേകായിരങ്ങള്‍ അന്ത്യനിദ്രയിലുള്ള  ഈ  പള്ളിക്കാട്ടിലെലെ ചെടികളും മരങ്ങളും വെട്ടിതെളിക്കുന്ന പതിവില്ല.പള്ളിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ ആത്മധൈര്യമുള്ളവര്‍   മാത്രമേ രാത്രികാലങ്ങളില്‍  സഞ്ചരിക്കുകയുള്ളൂ.

ഫര്‍ഹാനയുടെ വാപ്പ മത്സ്യ വില്പനക്കാരനായ ബീരാന്‍കുട്ടി അഞ്ചു വകത്ത് നമസ്കാരത്തിനും മസ്ജിദില്‍ പോകും.സുബഹി നമസ്കാരം കഴിഞ്ഞാണ് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള   മത്സ്യ ച്ചന്തയിലേക്ക് പോകുന്നത് .എന്തിനും ഏതിനും യന്ത്ര  വല്‍ക്കരിക്കപ്പെട്ട ഈ കാലത്തും ബീരാന്‍കുട്ടി കാവിന്‍ കുട്ടകളില്‍ വീടുവീടാന്തരം  കയറിയിറങ്ങിയാണ് മത്സ്യം വില്പനചെയ്യുന്നത്.

ബീരാന്‍കുട്ടിയും,മാതാവും,ഭാര്യയും,ഫര്‍ഹാനയും അടങ്ങുന്ന കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചു പോരുന്നത്.തന്‍റെ പന്ത്രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടമായതോടെ ഏഴാം തരത്തിലെ പഠിപ്പ് അവസാനിപ്പിച്ച് കുടുംബം പോറ്റുവാനായി തൊഴിലാളിയാവുകയായിരുന്നു ബീരാന്‍കുട്ടി .പല തൊഴിലുകളും ചെയ്തുവെങ്കിലും മത്സ്യ വില്പനയാണ് ശാശ്വതമായ തൊഴിലായി സ്വീകരിച്ചത് .തന്‍റെ  മൂന്ന് സഹോദരികളുടെ  വിവാഹം കഴിഞ്ഞതിനു ശേഷമേ താന്‍ വിവാഹിതനാവുകയുള്ളൂ എന്ന അയാളുടെ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് മൂലം നാല്പതു വയസ്സ് കഴിഞ്ഞതിനു ശേഷമാണ് ബീരാന്‍കുട്ടി വിവാഹിതനായത്.

വിവാഹിതനായതിനു ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാവതെയിരുന്നതിനാല്‍ ഒരു ഉസ്താദിന്‍റെ നീണ്ട കാലത്തെ  ചികത്സയുടെ ഫലമായി അവര്‍ക്കൊരു പെണ്‍കുട്ടി  പിറന്നു. ഫര്‍ഹാനയുടെ ജനനത്തോടെ ജീവിതം അര്‍ത്ഥവത്തായത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .ഏതൊരു പിതാവും ആഗ്രഹിക്കുന്നത് പോലെ ബീരാന്‍കുട്ടിയും ആഗ്രഹിച്ചു തന്‍റെ മകളെ പഠിപ്പിച്ചു വലിയ നിലയിലാക്കണമെന്ന് .ഫര്‍ഹാന എന്ത് ആഗ്രഹം പറഞ്ഞാലും ബീരാന്‍കുട്ടി അത് നിറവേറ്റികൊടുക്കും.ഫര്‍ഹാനയുടെ ഏറ്റവുംവലിയ ഇഷ്ടങ്ങളില്‍ ഒന്ന് യാത്രകളായിരുന്നു.യാത്രകളില്‍ ഇതുവരെ കാണാത്ത ഗ്രാമങ്ങളും, നഗരങ്ങളും,മനുഷ്യ മുഖങ്ങളും കൌതുകത്തോടെ  കണ്ടാസ്വദിക്കും  .വിദ്യാലയത്തിന് നീണ്ട അവധി ലഭിക്കുമ്പോള്‍ നാലംഗസംഘം യാത്ര പോകും. പുതിയ ദേശങ്ങള്‍ താണ്ടിയുള്ള യാത്ര പിന്നെപ്പിന്നെ ബീരാന്‍കുട്ടിയും ആസ്വദിച്ചു .യാത്രകളില്‍ ദര്‍ഗകള്‍ സന്ദര്‍ശിക്കുക എന്നത് ആ കുടുംബത്തിന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണ് .എത്രയോ തവണ അജിമീര്‍ ദര്‍ഗ  സന്ദര്‍ശിച്ചിരിക്കുന്നു.


ഫര്‍ഹാന പുസ്തകങ്ങള്‍ എടുത്തുവെച്ചു തിണ്ണയില്‍ വന്നിരുന്നു. അവിടെയിരുന്ന് നോക്കിയാല്‍ പെരും തോട് വരെയുള്ള കാഴ്ചകള്‍ കാണാം .ആകാശത്ത്   കാര്‍മേഘങ്ങള്‍  പെയ്തൊഴിയുവാന്‍ തിരക്ക് കൂട്ടുന്നതുപോലെ അവള്‍ക്കു തോന്നി. നാളെ കലാലയത്തിലേക്ക്‌ കൊണ്ടുപോകേണ്ടുന്ന നോട്ടുപുസ്തകം വാപ്പ വാങ്ങുവാന്‍ മറക്കാതെയിരുന്നാല്‍ മതിയായിരുന്നു.കാത്തിരിപ്പിന് വിരാമമിട്ട് അങ്ങ് ദൂരെനിന്ന് വാപ്പ നടന്നു വരുന്നത് അവള്‍   കണ്ടു . ഉമ്മറത്ത് നിന്നും ഇറങ്ങി നടവരമ്പിലൂടെ വാപ്പയുടെ അരികിലേക്ക് അവളോടി . അയാളുടെ അരികില്‍ എത്തിയപ്പോള്‍ ബീരാന്‍കുട്ടി  പറഞ്ഞു .


,, എന്ത് പായലാണ്  ന്‍റെ മോള് ഈ പായണത്  ചെറിയ കുട്ടിയാണ് എന്നാ ബിചാരം.ഇമ്മിണി പോന്ന പെണ്‍കുട്ട്യോള് ഇങ്ങനെ പായാന്‍  പാടില്ലാട്ടോ ,,

ഫര്‍ഹാന കിതപ്പോടെ പറഞ്ഞു.

,,ഞാന്‍ വാപ്പാന്‍റെ ചെറിയ കുട്ടിന്ന്യാ ... വാപ്പ ഞാന്‍ പറഞ്ഞ പുസ്തകം വാങ്ങിയോ ,,


ബീരാന്‍കുട്ടി മുറുക്കാന്‍ തുപ്പിക്കൊണ്ട് തൊപ്പി ക്കുട  തലയില്‍ നിന്നും എടുത്ത്  മകളുടെ കൈയില്‍ കൊടുത്ത്   പറഞ്ഞു.


,,വാപ്പാക്ക് ന്‍റെ മോള് ചെറിയ കുട്ടിന്ന്യാ ..പക്ഷേങ്കില് നാട്ടുകാരുടെ മുമ്പില് ന്‍റെ കുട്ടി വലിയ കുട്ട്യല്ലേ ....പുസ്തകം  വാങ്ങിയോ എന്നോ ....  നല്ല കാര്യായി.... ന്‍റെ മോള് പറഞ്ഞ സാധനം  വാങ്ങാതെ വന്നാല്‍ എനിക്ക് വീട്ടിലിരിക്കാന്‍ ന്‍റെ മോള് പൊറുതി തരുമോ ?..,,


അവശ്യസാധനങ്ങള്‍ വാങ്ങിയ സഞ്ചിയില്‍ നിന്നും പുസ്തകവും പരിപ്പുവടയുടെ പൊതിയും  മകളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്  ബീരാന്‍കുട്ടി പറഞ്ഞു .


,, ന്നാ ന്‍റെ മോള് പറഞ്ഞ പുസ്തകോം ന്‍റെ മോള്‍ക്ക്‌ ഇഷ്ടമുള്ള പലഹാരവും ,,


ഫര്‍ഹാനയുടെ പുറകിലായി ബീരാന്‍കുട്ടി വീട് ലക്ഷ്യമാക്കി നടന്നു .ഒതുക്കുകല്ല് ചവിട്ടിക്കയറിയപ്പോള്‍ ഫര്‍ഹാനയുടെ ഉമ്മ ചോദിച്ചു ?


,, ഇയ്യ് എന്ത് പായലാണ് ന്‍റെ മോളെ  ഈ പായണത്  .അന്‍റെ വാപ്പ ഇങ്ങാട്ടേക്ക്    തന്നെയല്ലേ വരണത്. പിന്നെ എന്തിനാണ് ഇങ്ങനെ പായണത് .മോന്തേം കുത്തി വീണാല് പിന്നെ എന്താ ഇണ്ടാവാന്ന് ആലോയിച്ചിട്ടുണ്ടാ  നിയ്യ്‌ .ഇനി മേലാക്കം ഇയ്യ്‌ പായണത്  ഞമ്മള് കാണട്ടെ .ഇറയത്തിരിക്കുന്ന ചൂലും കെട്ട് എടുത്ത് നല്ല അടി വെച്ചുതരും ഞാന്‍ ,,


ഫര്‍ഹാനയെ ശകാരിക്കുന്നത് കേട്ടപ്പോള്‍ ബീരാന്‍കുട്ടിക്ക് അത് ഇഷ്ടമായില്ല


,, ഇയ്യെന്തിനാ ന്‍റെ മോളെ മെക്കട്ട് കേറാന്‍ വരണത് .ന്‍റെ മോള്‍ക്ക്‌ എന്നോട് അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് തന്ന്യാ എന്നെ ദൂരത്തു നിന്നും കാണുമ്പോളെ ന്‍റെ അടുത്തേക്ക്‌ പാഞ്ഞു വരണത്  ,,


,, ഒരു വാപ്പേം മോളും, ഇങ്ങള്  കൊഞ്ചിച്ച് കൊഞ്ചിച്ച്  ഓളെ വഷളാക്കിയെക്ക്ണ്.ഞമ്മള് ഓളെ കുറിച്ച്  എന്തെങ്കിലും പറഞ്ഞാ   എന്നും ഞമ്മള് കുറ്റക്കാരിയാണല്ലോ  ഇങ്ങള് വാപ്പേം മോളും എന്താച്ചാ ആയിക്കോ ,,


 കലഹം കേട്ടുകൊണ്ട് ഉമ്മറത്തിണ്ണയില്‍  ബീരാന്‍കുട്ടിയുടെ മാതാവ് ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു .ഫര്‍ഹാന നോട്ടുപുസ്തകം മേശയില്‍ വെച്ച് പരിപ്പുവടയുടെ പൊതിയുമായി വല്ലിമ്മയുടെ  അരികിലേക്ക് ചെന്ന് ഒരു പരിപ്പുവട അവരുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്  പറഞ്ഞു .

,, ന്നാ ഇത് വെല്ലിമ്മാക്കുള്ളതാ...... നല്ല ചൂടുള്ള പരിപ്പുവടയാ, വാപ്പ ഇപ്പൊ വരുമ്പോള്‍ വാങ്ങിക്കൊണ്ടുവന്നതാ ...,,


വല്ലിമ്മ പരിപ്പുവട  വാങ്ങിക്കൊണ്ട്  പറഞ്ഞു


,, ഇത് മോള് തന്നെ കഴിച്ചോ... വല്ലിമ്മാക്ക് പല്ലില്ലാത്തത് കൊണ്ട് ചവയ്ക്കുവാന്‍ ആവില്ല .ന്‍റെ കുട്ടി കഴിച്ചാല്‍ വല്ലിമ്മയുടെ വയറ് നിറയും ,,


ഫര്‍ഹാന വല്ലിമ്മയുടെ മുഖത്തെ അരിമ്പാറയില്‍ നുള്ളിക്കൊണ്ട്  പറഞ്ഞു


,, അതെങ്ങിനെയാ ഞാന്‍ കഴിച്ചാല്‍ വല്ലിമ്മാടെ  വയറ് നിറയണത്  .വെല്ലിമ്മയുടെ വയറ് നിറയണമെങ്കില്‍ വല്ലിമ്മ തന്നെ കഴിക്കണം .ഞാനൊരു സൂത്രം ഒപ്പിക്കട്ടെ .ഈ പരിപ്പുവട അമ്മിയില്‍ വെച്ച് പൊടിച്ചു കൊണ്ടന്നു തരാം അപ്പൊ വല്ലിമ്മാക്ക് കഴിക്കാലോ ..,,,


വല്ലിമ്മ  ഫര്‍ഹാനയുടെ മുഖത്ത് നോക്കി ചിരിച്ചു .അല്‍പം കഴിഞ്ഞപ്പോള്‍ പൊടിച്ച പരിപ്പുവടയുമായി ഫര്‍ഹാന വന്ന് അല്പാല്പമായി വല്ലിമ്മയുടെ വായില്‍ വെച്ചുകൊടുത്തുകൊണ്ട് ചോദിച്ചു?


,, ഇന്ന് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍  വല്ലിമ്മ  എനിക്ക് ഏതു കഥയാ പറഞ്ഞു തരിക. ഈയിടെയായി 
മുമ്പ് പറഞ്ഞു തന്ന കഥകള്‍ തന്നെയാ പറഞ്ഞു തരുന്നത് .ഇന്ന് എനിക്ക് ഇതുവരെ പറഞ്ഞു തരാത്ത  കഥ പറഞ്ഞു തരണം ,,

വല്ലിമ്മ  അവളെ തലോടിക്കൊണ്ട് പറഞ്ഞു


,,വല്ലിമ്മാക്ക് അറിയാവുന്ന കഥകളൊക്കെ മോള്‍ക്ക്‌ വല്ലിമ്മ പറഞ്ഞു തന്നില്ലേ ? .ഇത്രേം വലിയകുട്ടി ആയിട്ടും ന്‍റെ മോള്‍ക്ക്‌ ഇപ്പോഴും കഥകള്‍ കേള്‍ക്കണം എന്നാണ് പൂതി  ,,


വല്ലിമ്മ   അല്‍പം ആലോചിച്ചുക്കൊണ്ട് പറഞ്ഞു


,, ഒരു കഥയുണ്ട് ഒരു ജിന്നിന്‍റെ കഥ. കഥ കേട്ട് ന്‍റെ മോള് പേടിക്കില്ലാച്ചാ വല്ലിമ്മ പറഞ്ഞു തരാം ,,

             
ഫര്‍ഹാനയ്ക്ക് വല്ലിമ്മയെ ഒരുപാട് ഇഷ്ടമാണ്. സ്വന്തം ഉമ്മയെക്കാളും കൂടുതല്‍ അവള്‍ വല്ലിമ്മയെ സ്നേഹിക്കുന്നുണ്ട് .കുഞ്ഞായിരിക്കുമ്പോള്‍ ത്തന്നെ  വല്ലിമ്മ ഭക്ഷണം വാരി  നല്‍കിയാലേ അവള്‍ കഴിക്കുമായിരുന്നുള്ളൂ .ഇപ്പോഴും വല്ലിമ്മ ഭക്ഷണം വാരിയാണ് അവള്‍ക്കു നല്‍കുന്നത് .ഒരിക്കല്‍ ഒരു മുല നീണ്ടുവരുന്ന  കുറുമത്തികാളിയുടെ കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഫര്‍ഹാന രണ്ടു ദിവസ്സം പേടിച്ചു പനി പിടിച്ചു കിടന്നു. അതില്‍ പിന്നെ വല്ലിമ്മ  അത്തരം കഥകള്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുമായിരുന്നില്ല  .അത്താഴം കഴിഞ്ഞ് വാപ്പയും ഉമ്മയും അവരുടെ കിടപ്പ് മുറിയിലേക്കു ഉറങ്ങുവാനായി  പോയപ്പോള്‍ ഫര്‍ഹാനയും വല്ലിമ്മയും അവരുടെ കിടപ്പുമുറിയിലെക്കും പോന്നു .വല്ലിമ്മ ഫര്‍ഹാനയുടെ തലയില്‍ തടവിക്കൊണ്ട് കഥ പറഞ്ഞു തുടങ്ങി .തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന  മൂന്നാള്‍ പൊക്കമുള്ള ജിന്നിന്‍റെ കഥ..തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് പ്രത്യക്ഷമാകുന്ന ജിന്നിന്‍റെ ചുറ്റിലും ഒരു പ്രത്യേക വെളിച്ചം  പ്രത്യക്ഷമാകും .അപ്പോള്‍ അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കും. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെപ്പോലെതന്നെ ചിന്തിക്കാനും അതനുസരിച്ച് തൻറെ ജീവിതം മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ട ജിന്നുകള്‍ക്ക് ജീവികളുടെ രൂപം പ്രാപിക്കാനുള്ള കഴിവുമുണ്ട്.

ഭയാനകമായ  ജിന്നിന്‍റെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍  ഫര്‍ഹാന വല്ലിമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.വല്ലാത്തൊരു   ഭയം അവളില്‍ നിറഞ്ഞുനിന്നു.ഉറങ്ങുവാനായി ഇമകള്‍ ഇറുക്കിയടച്ചു പക്ഷേ ഉറങ്ങുവാനവള്‍ക്കായില്ല .തുറന്നിട്ട ജാലകവാതിലിനപ്പുറം  മൂന്നാള്‍ പൊക്കമുള്ള ജിന്ന് നില്ക്കുന്നത്  പോലെ അവള്‍ക്ക് തോന്നി.വല്ലിമ്മയെ പതുക്കെ വിളിച്ചുനോക്കിയപ്പോള്‍ വല്ലിമ്മ നിദ്ര പൂണ്ടിരുന്നു.ഹൃദയമിടിപ്പിന്‍റെ വേഗം പെരുമ്പറ കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു. അവള്‍ ധൈര്യം സംഭരിച്ച് പതുക്കെ എഴുന്നേറ്റ് ജാലകവാതില്‍ കൊട്ടിയടച്ചു.രാത്രിയുടെ എതോയാമത്തില്‍ നിദ്രയിലേക്കവള്‍  വഴുതി വീണൂ.നേരം പുലര്‍ന്നപ്പോള്‍ ഉമ്മയുടെ വിളികേട്ട്  പതിവിലും വൈകിയാണ് ഉണര്‍ന്നത്.തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് പ്രഭാതഭക്ഷണം കഴിച്ചു എന്ന് വരുത്തി  കലാലയത്തിലേക്ക്‌ യാത്രയായി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലെക്കെത്തിയപ്പോള്‍ അവളറിയാതെ ഇമകള്‍ പള്ളികാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.ഖബറുകളിലെ മീസാന്‍ കല്ലുകള്‍ പ്രതാപികളുടെയും ദരിദ്രരുടെയും വേര്‍ത്തിരിച്ചറിയുവാന്‍ കഴിയും.വലുതും ചെറുതുമായ അനേകായിരം മീസാന്‍ കല്ലുകള്‍ .വല്ലിമ്മ പറഞ്ഞു തന്ന കഥയിലെ ജിന്ന് പള്ളികാട്ടില്‍ നില്‍ക്കുന്നുണ്ടോ എന്നവള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.


ഒരു ദിവസം  കലാലയത്തിലേക്ക്‌ പോകുമ്പോള്‍ ഗോതമ്പ് കഴുകി ഉണക്കുവാനിടുന്ന ഉമ്മയോട് ഫര്‍ഹാന  പറഞ്ഞു.


,, ഉമ്മ ഞാനിന്ന് അല്‍പം വൈകിയേ വരൂ...... സാബിറയുടെ താത്താടെ കല്യാണ ആല്‍ബം കിട്ടിയിട്ടുണ്ടത്രേ. അത് കാണാന്‍ ഇന്നവള്‍ അവളുടെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് ,,

   
കുനിഞ്ഞുനിന്ന്‌  പരമ്പില്‍ ഗോതമ്പിടുന്ന ഉമ്മ നിവര്‍ന്നുനിന്നു പറഞ്ഞു .

,, ഊര് തെണ്ടാന്‍ നടക്കാതെ മോന്തിയാവുന്നതിനു മുന്നെ മനുഷ്യനെ തീ തീറ്റിക്കാണ്ട്‌ ബെക്കം   ഇങ്ങോട്ട് വന്നേക്കണം. ഒന്നിനു മാത്രം പോന്ന പെണ്ണാണ് ഇജ്ജ് എന്ന ബോധം  ഉണ്ടാവണം ,,


ഉമ്മ ഇങ്ങിനെയാണ്‌ എപ്പോഴും ദേഷ്യത്തിലേ സംസാരിക്കുകയുള്ളൂ.കലാലയത്തില്‍ നിന്നും തിരികെ പോരുമ്പോള്‍ മുന്‍പ് തീരുമാനിച്ച പ്രകാരം   സാബിറയുടെ വീട്ടില്‍ പോയി നിശ്ചലചിത്രങ്ങളുടെ ആല്‍ബം കണ്ടുകഴിഞ്ഞപ്പോള്‍ വീഡിയോ ആല്‍ബം കൂടി കണ്ടിട്ടു പോകാം എന്ന്  സാബിറ നിര്‍ബന്ധിച്ചു .സാബിറയുടെ  നിര്‍ബന്ധത്തിനവള്‍ക്ക് വഴങ്ങേണ്ടി വന്നു.മനോഹരമായ ചിത്രീകരണം കണ്ട് നേരം പോയതവളറിഞ്ഞില്ല.സാബിറയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.സൂര്യന്‍ അസ്തമിച്ചുവെങ്കിലും  ചന്ദ്രാദയമുള്ളതിനാല്‍ നടവഴി തിരിച്ചറിയുവാന്‍ കഴിയും.അവള്‍ വീട് ലക്ഷ്യമാക്കി തിടുക്കത്തില്‍ നടന്നു .പള്ളിക്കാടിന്‍റെ  ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ വല്ലാത്ത ഭയം അവളില്‍ കടന്നുകൂടി.വല്ലിമ്മ പറഞ്ഞ കഥയിലെ ജിന്ന് നടവഴിയില്‍ നില്‍ക്കുന്നുണ്ടാവുമോ എന്നതായിരുന്നു അവളുടെ ഭയം.സര്‍വ ധൈര്യവും സംഭരിച്ച് നടത്തത്തിനവള്‍ വേഗത കൂട്ടി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള പാത അവസാനിച്ച് പാടശേഖരങ്ങളിലെ നടവരമ്പില്‍ എത്തുന്ന സ്ഥലത്തെത്തിയപ്പോള്‍, ദൂരെ  പള്ളിക്കാട്ടില്‍   നില്‍ക്കുന്ന രൂപത്തെ കണ്ടവള്‍  സ്തംഭിച്ചു നിന്നുപോയി.


അരണ്ടവെളിച്ചത്തില്‍ അവള്‍ കണ്ട രൂപത്തിന് വല്ലിമ്മ പറഞ്ഞുതന്ന  കഥയിലെ ജിന്നിന്‍റെ രൂപമായിരുന്നു.പക്ഷെ  തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് നില്‍ക്കുന്ന രൂപത്തിന് മൂന്നാള്‍ പൊക്കമില്ലായിരുന്നു. രൂപത്തിന്  ചുറ്റിലും ഒരു പ്രത്യേക വെളിച്ചവും ഇല്ലായിരുന്നു. പക്ഷെ   അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കുന്നുണ്ട്.ജിന്ന് നടന്നടുക്കുന്നത് തന്‍റെ അരികിലേക്കാണ് എന്ന തിരിച്ചറിവ് അവളെ കൂടുതല്‍ ഭയപ്പെടുത്തി.സര്‍വ ശക്തിയും സംഭരിച്ച് ഫര്‍ഹാന നടവരമ്പിലൂടെ ഓടി .അവളുടെ ഓട്ടത്തിന് വേഗം  കുറയുന്നതുപോലെ തോന്നിയപ്പോള്‍ അവള്‍  നടവരമ്പില്‍ നിന്ന്  തിരിഞ്ഞു നോക്കി. ജിന്ന് തന്‍റെ പുറകെ ഓടിവരുന്നു .അവള്‍ പെരും തോട്ടിലെ കുറുകനെയുള്ള പാലം കടന്നപ്പോള്‍ വാപ്പ നടവരമ്പിലൂടെ നടന്നു വരുന്നത് കണ്ടു. അപ്പോള്‍  അവള്‍ക്കാശ്വാസമായി .ഫര്‍ഹാന  ഓടി വാപ്പയുടെ മാറിലേക്ക്‌ ചാഞ്ഞു കൊണ്ട് പറഞ്ഞു .


,, വാപ്പ.... ജിന്ന് എന്നെ പിടിക്കുവാന്‍ വരുന്നു എന്‍റെ പുറകെ ജിന്നുണ്ട് ,,


മകളെ കാണാതെ തിരക്കിയിറങ്ങിയ  ബീരാന്‍കുട്ടി മകളുടെ വാക്കുകള്‍ കേട്ട് അന്ധാളിച്ചു നിന്നു .


,, എന്താ !..... എന്താ ഉണ്ടായേ   ന്‍റെ മോള് എന്താ ഈ പറയുന്നേ ....,,


 കിതപ്പോടെ ഫര്‍ഹാന വീണ്ടും പറഞ്ഞു .


,, ജിന്ന് ....ഞാന്‍ കണ്ടൂ ജിന്നിനെ..... ഞാന്‍ നേരില്‍ കണ്ടു .....ഞാന്‍ ഓടിയപ്പോള്‍ എന്‍റെ പുറകെ ജിന്നും ഓടി വന്നു ,,


ബീരാന്‍കുട്ടി പാലത്തിന് മുകളില്‍ കയറിനിന്ന് വിദൂരതയിലേക്ക്     ഞെക്കുവിളക്ക് തെളിയിച്ചു നോക്കി പറഞ്ഞു


,, എവിടെ ജിന്ന്? അവിടെ ആരെയും കാണുന്നില്ലല്ലോ....... ന്‍റെ മോള്‍ക്ക്‌ തോന്നിയതാവും.ന്‍റെ മോള് എവിടെയായിരുന്നു ഇത്രേം നേരം? നേരം ഇരുട്ടുന്നതിനു മുന്നെ വീട്ടില്‍ എത്താം എന്ന് ഉമ്മാനോട്  പറഞ്ഞല്ലേ ന്‍റെ മോള് പോയത്. പിന്നെ എന്തേ ഇത്രേം വൈകിയേ? .ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞുവല്ലോ ന്‍റെ കുട്ട്യേ ....  ,,


ഫര്‍ഹാനയുടെ ഭയവും സങ്കടവും അസഹിനീയമായപ്പോള്‍ അവളുടെ എല്ലാ നിയന്ത്രണവും വെടിഞ്ഞ്  പൊട്ടിക്കരഞ്ഞു  .മകളുടെ അവസ്ഥകണ്ട് ബീരാന്‍കുട്ടി ധര്‍മസങ്കടത്തിലായി .അയാള്‍ അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു.


,, ന്‍റെ മോള്‍ക്ക്‌ തോന്നിയതാവും .ജിന്ന് എന്തിനാ എന്‍റെ മോളുടെ അരികിലേക്ക് വരുന്നത്..... പേടിക്കേണ്ടാട്ടോ ..വാപ്പയില്ലേ കൂടെ.വാപ്പാന്‍റെ മോളെ ആരും ഒന്നും ചെയ്യില്ലാട്ടോ   ,,


ഒതുക്കുകല്‍  കയറുമ്പോള്‍ നേരം വൈകിയതിനു വഴക്ക് പറയുവാനായി മകളുടെ നേരെ വരുന്ന ഭാര്യയോട് ബീരാന്‍കുട്ടി പറഞ്ഞു .


,,ഇയ്യിനി ഒന്നുംരണ്ടും പറഞ്ഞ് ന്‍റെ മോളെ വിഷമിപ്പിക്കല്ലേ .എന്തോ കണ്ട് പേടിച്ചിട്ടാണ് മോളുടെ വരവ്. ജിന്നിനെ കണ്ടൂന്നും പറഞ്ഞ് വേണ്ട പുകിലായിരുന്നു വഴീല്.ആ സമയത്ത് ഞമ്മള് അവിടെ എത്തിപ്പെട്ടില്ലായിരുന്നെകില്‍ ന്‍റെ മോള് പേടിച്ച് മയ്യത്തായേനേ.... ,,


ബീരാന്‍കുട്ടി മകളെ തലോടിക്കൊണ്ട് പറഞ്ഞു


,,ന്‍റെ മോള് ചെന്ന് കുളിച്ച് വസ്ത്രം മാറി നിസ്കരിക്കാന്‍ നോക്ക്. എന്നിട്ട് ഒരു ആപത്തും വരുത്തല്ലെ എന്ന്  പടച്ച റബ്ബിനോട്  ദുആ   ഇരക്ക് .ന്‍റെ മോള് പേടിക്കേണ്ട ,,


ബീരാന്‍കുട്ടി ഇഷാ നമസ്കാരത്തിനായി   മസ്ജിദിലേക്ക്  പോയി. നമസ്കാരം കഴിഞ്ഞ് തിരികെ പോരാന്‍ നേരം മകള്‍ക്ക് വഴിയില്‍ വെച്ചുണ്ടായ  അനുഭവം അവിടെ കൂടിയിരുന്നവരോട് ബീരാന്‍കുട്ടി  പങ്കുവെച്ചു. അടുത്ത ദിവസ്സം ഗ്രാമം ഉണര്‍ന്നത് ഒരു പുതിയ വാര്‍ത്തയുമായായിരുന്നു .ബീരാന്‍കുട്ടിയുടെ മകളുടെ മേല്‍ ജിന്ന് പ്രവേശിച്ചു എന്നതായിരുന്നു ആ വാര്‍ത്ത.ഫര്‍ഹാനയ്ക്ക് കലശലായ പനി പിടിപ്പെട്ടു.അവള്‍    പിച്ചും പേയും പറയുവാന്‍തുടങ്ങി .ബീരാന്‍കുട്ടി ജുമാമസ്ജിദിലെ  ഉസ്താദിനെ കൊണ്ട് വെള്ളം മന്ത്രിച്ചുകൊണ്ട്‌ വന്ന് മകള്‍ക്ക് കൊടുത്തു.ഒരാഴ്ചയ്ക്കുള്ളില്‍ ഫര്‍ഹാനയുടെ പനി മാറിയെങ്കിലും  പിച്ചും പേയും പറയുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു.ഏതുനേരവും കിടപ്പുമുറിയില്‍ അവള്‍ തനിച്ചിരിക്കുവാന്‍ ആഗ്രഹിച്ചു.വെളിച്ചം കാണുമ്പോള്‍ ഇമകള്‍ ഇറുക്കിയടച്ച്  പല്ലുകള്‍ തമ്മില്‍ ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിക്കും.കലാലയത്തിലേക്കുള്ള പോക്ക് പിന്നീടുണ്ടായില്ല .ബീരാന്‍കുട്ടിയും കുടുംബവും നാട്ടുകാരെപ്പോലെ   മകളുടെ ശരീരത്തില്‍ ജിന്ന് പ്രവേശിച്ചു എന്ന് തന്നെ കരുതി .ഒരു ദിവസം  ഉസ്താദ് അവരുടെ വീട്ടിലേക്ക് വന്നു. ഫര്‍ഹാനയെ കണ്ട ഉസ്താദ് ബീരാന്‍കുട്ടിയോട് പറഞ്ഞു .


,, ഇങ്ങടെ മോളുടെ മേല് ജിന്ന് കയറിയിരിക്ക്ണ് . അതിന്‍റെ ലക്ഷണങ്ങളാണ് ഓള് കാട്ടിക്കൊണ്ടിരിക്കണത്  .അതോണ്ട് ഇത് ഇങ്ങനെ ബെച്ചിരിക്കേണ്ട കാര്യമല്ല .ജിന്നിനെ ഒഴിപ്പിക്കാന്‍  കഴിവുള്ള ഒരു ഉസ്താദിനെ ഞമ്മക്കറിയാം .കുട്ട്യോള് ഉണ്ടാവാത്ത എത്രയോ പേര്‍ക്ക് ഉസ്താദിന്‍റെ ചികിത്സകൊണ്ട് കുട്ട്യോള് ഉണ്ടായിരിക്ക്ണ്   .ഇങ്ങള് നേരം കളയാണ്ട് ഉസ്താദിനെ പോയി കണ്ടോളീം ,,

       
ഉസ്താദിന്‍റെ നിര്‍ദേശ പ്രകാരം ജിന്നിന്‍റെ ബാധ ഒഴിപ്പിക്കുന്ന ഉസ്താദിനെ പോയി കാണുവാന്‍ ബീരാന്‍കുട്ടി തീരുമാനിച്ചു .അടുത്ത ദിവസം ബീരാന്‍ കുട്ടിയും ഭാര്യയും ഫര്‍ഹാനയുമായി ഉസ്താദിനെ കാണുവാനായി യാത്രയായി.പള്ളികാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ ഫര്‍ഹാന വീട്ടിലേക്ക് തിരികെയോടി .ബീരാന്‍കുട്ടി മകളെ പിടിക്കുവാന്‍ മകളുടെ പുറകെയോടി. ഫര്‍ഹാന ബീരാന്‍കുട്ടിയെ   ഉപദ്രവിച്ചു.അവള്‍ ബീരാന്‍കുട്ടിയുടെ കയ്യില്‍ ശക്തിയായി കടിച്ച് മുറിവേല്‍പ്പിച്ചു.ബീരാന്‍കുട്ടിക്ക് മകളെ വരുതിയിലാക്കുവാനായില്ല  .അവള്‍ ഓടി  വീട്ടില്‍  കയറി കതകടച്ചിരുന്നു.വിരാന്‍കുട്ടി  നാട്ടുകാരുടെ സഹായത്താല്‍ കതക് പൊളിച്ച് മകളെ ബലംപ്രയോഗിച്ച് ഉസ്താദിന്‍റെയരികില്‍ കൊണ്ടുപോയി.

ദൂരെയുള്ള ഉസ്താദിന്‍റെ ചികിത്സാകേന്ദ്രത്തില്‍ എത്തിയപ്പോള്‍ നേരം ഉച്ച കഴിഞ്ഞിരുന്നു .ഒരു വീടായിരുന്നു ചികിത്സാകേന്ദ്രം. വീടിന്‍റെ മുന്‍വശം അലുമിനിയ ഷീറ്റ്  മേല്‍ക്കൂരയില്‍  പാകി സന്ദര്‍ശകര്‍ക്ക് ഇരിക്കുവാന്‍ ഇടം ഒരുക്കിയിരുന്നു .ഭക്തിസാന്ദ്രമായ അന്തരീക്ഷം . അവിടമാകെ  സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നിന്നു .   സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം മൂലം ഫര്‍ഹാന അവിടെ നിന്നും ഓടിപോകുവാന്‍ തുനിഞ്ഞു.കൂടെ വന്ന സഹായിയും ബീരാന്‍കുട്ടിയും കൂടി ഫര്‍ഹാനയെ ബലംപ്രയോഗിച്ച് പിടിച്ചിരുത്തി .ഫര്‍ഹാനയുടെ സമാനമായ അവസ്ഥയിലുള്ള  പലരും അവിടെ ഉണ്ടായിരുന്നു.ഉസ്താദിന്‍റെ അരികിലേക്ക് പോകുവാനുള്ള സമയത്തിനായി ബീരാന്‍കുട്ടി അക്ഷമയോടെ കാത്തിരുന്നു .മണിക്കൂറുകള്‍ക്കുശേഷം അവരുടെ ഊഴം വന്നെത്തി.ഉസ്താദിന്‍റെ ചികിത്സാമുറിയില്‍     സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും പുകപടലങ്ങള്‍ നിറഞ്ഞു നിന്നു, ഒപ്പം  രൂക്ഷഗന്ധവും .തൂവെള്ള വസ്ത്രധാരണത്തോടെ  താടിനീട്ടി വളര്‍ത്തിയ ഉസ്താദ് തലേക്കെട്ട് രണ്ടു കൈകള്‍കൊണ്ട് നേരെയാക്കി ഫര്‍ഹാനയുടെ ഇമകള്‍ അകത്തി നോക്കി. അല്‍പ നേരത്തെ പരിശോധനയ്ക്ക്  ശേഷം പറഞ്ഞു  .


,,ജിന്ന്  കേറിയിരിക്ക്ന്ന്. നല്ല ശക്തിയുള്ള ജിന്ന് തന്നെയാണ് നിങ്ങളുടെ മകളുടെ മേല് കയറിയിരിക്കുന്നത് .ഇതിനെക്കാളും ശക്തിയുള്ള ജിന്നിനെ ഞമ്മള് ഒഴിവാക്കിയിരിക്കുന്നു .ഈ ജിന്നിനെ ഞമ്മള് ഒഴിപ്പിച്ചു തരാം .ഇത്തരി പൈസയ്ക്ക് ചിലവുണ്ടാവും .എന്താ നിങ്ങള് തയ്യാറാണോ ,,


ഉസ്താദ് മുറുക്കിച്ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു .ബീരാന്‍കുട്ടി ഉസ്താദിനോട് പറഞ്ഞു .


,, പൈസയൊന്നും ഞമ്മക്ക് പ്രശനമല്ല .പഠിക്കാന്‍ പോയിരുന്നെന്‍റെ   മോളെ എനിക്ക് പഴയത് പോലെ ആക്കിത്തന്നാല്‍  മതി ,,


ഫര്‍ഹാനയെ ഒഴിച്ച് എല്ലാവരോടും മുറിക്ക് പുറത്ത് പോകുവാന്‍ ഉസ്താദ് കല്പിച്ചു .ഫര്‍ഹാനയും ഉസ്താദും  ഒഴികെ എല്ലാവരും മുറിക്ക് പുറത്തുകടന്നു.ഉസ്താദിന്‍റെ സഹായി ബീരാന്‍കുട്ടിയോട് ഉസ്താദിന്‍റെ കറാമത്തുകളെക്കുറിച്ച്    പറഞ്ഞുകൊണ്ടിരുന്നു.കലുക്ഷിതമായ  മനസ്സോടെ ബീരാന്‍കുട്ടി ഉസ്താദിന്‍റെ  കറാമത്തുകളെ കുറിച്ച്  കേട്ടിരുന്നു . ഉസ്താദിന്‍റെ ചികിത്സാ രീതികള്‍ മറ്റുള്ളവരില്‍ നിന്നും വിഭിന്നമാണ് .ജിന്ന് ബാധ,പിശാച് ബാധ,ഭ്രാന്തുപോലുള്ള അസുഖങ്ങള്‍ക്ക് പുരുഷന്മാരാണെങ്കില്‍ രണ്ടുകൈയും ബന്ധിപ്പിച്ച് കനമുള്ള ചൂരല്‍ പ്രയോഗമാണ്. രോഗികള്‍ മര്‍ദ്ദനത്തിന്‍റെ വ്യാപ്തി പോലെ അലമുറയിടും .രോഗിയുടെ ബന്ധുക്കള്‍ നിസഹായരായി സങ്കടം സഹിച്ച് പുറത്തിരിക്കും .സ്ത്രീകളാണെങ്കില്‍  ഉസ്താദിന്‍റെ ഇംഗിതം അനുസരിക്കുന്നവര്‍ക്ക് മര്‍ദ്ദനത്തിന്‍റെ വ്യാപ്തി കുറയും. അല്ലാത്തവരുടെ  പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍   പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിക്കും അതോടെ രോഗി അബോധാവസ്ഥയിലാവും .


ഏതൊരു  ദമ്പതികളുടെയും ആഗ്രഹമാണ് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കുക എന്നത്. കുഞ്ഞുങ്ങളില്ലാത്തവരെയാണ് ഉസ്താദ്  കൂടുതലും ചികിത്സിക്കുന്നത് .ഉസ്താദിന്‍റെ   ചികിത്സ തേടി വരുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളും ഗര്‍ഭണികളായിട്ടുണ്ട് എന്നതാണ് വാസ്തവം .എന്ത് അസുഖമായി വരുന്നവര്‍ക്കും ഉസ്താദിന്‍റെ    ചികിത്സ ലഭിക്കും .പണ്ട് പട്ടാമ്പിയില്‍ നിന്നും ദൂരെ ദേശങ്ങളിലേക്ക്  കുട്ടയില്‍ തലച്ചുമടുമായി ഞാവല്‍ പഴം വില്പനയ്ക്ക് വന്നയാളാണ് ഈ ഉസ്താദ്  എന്ന് ചിലര്‍ക്കൊക്കെ അറിയാം.ഇന്ന് ഉസ്താതിനെ കുറിച്ച് അപവാദം പറയുന്നവര്‍ക്ക് മൂന്നാംപക്കത്തിനകം അപായം സംഭവിക്കും. ആ അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട് . കൂടുതലും അപകടങ്ങളിലാണ് അപായം സംഭവിക്കുന്നത്‌ . മാനഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചവരും ഈ കൂട്ടത്തില്‍ പെടും .


ഉസ്താദ് ഫര്‍ഹാനയെ ശരീരമാകെ വീക്ഷിച്ചുകൊണ്ടിരുന്നു . ഉസ്താദിന്‍റെ   നോട്ടം  സ്തനഗ്രന്ഥികളില്‍ പതിച്ചപ്പോള്‍ ഫര്‍ഹാന ഇരു കൈത്തലം കൊണ്ട് മാറ് മറച്ചു പിടിച്ചു .അപ്പോള്‍  അവളുടെ വെളുത്ത കൈകളിലെ സ്വര്‍ണ്ണ നിറമുള്ള രോമങ്ങളിലേക്കായി ഉസ്താദിന്‍റെ നോട്ടം .ഉസ്താദ് ഫര്‍ഹാനയുടെ കൈകളില്‍ തലോടിക്കൊണ്ട് പറഞ്ഞു .


,,ഇജ്ജ് എന്തിനാ ഇങ്ങനെ പേടിക്കണത്. അന്‍റെ മേല് കയറിയിരിക്ക്ണ ജിന്നിനെ ഞമ്മള് പായിച്ച് തരാം .വേദനയില്ലാണ്ടെ  ജിന്നിനെ പായിക്കണോന്ന് ബെച്ചാല് ഇജ്ജ് ഞമ്മ പറയണതൊക്കെ അനുസരിക്കണം .ഇജ്ജ് വന്ന് അബിടെ കിടന്നാണി ,,


ഉസ്താദിന്‍റെ    ദൂരെ കിടക്കുന്ന ചെറിയ  മെത്തയിലേക്ക് ഫര്‍ഹാനയെ ക്ഷണിച്ചു .പന്തികേട് തോന്നിയ ഫര്‍ഹാന വാതിലിനരികിലേക്ക്‌ കരഞ്ഞുകൊണ്ടോടി  ഒപ്പം ഉസ്താദും . പിന്നെ ഉസ്താദിന്‍റെ അലര്‍ച്ചയായിരുന്നു .


,, അസത്തെ ഇജ്ജ് ഞമ്മള് പറയണത് അനുസരിക്കൂലാലെ..... .അന്‍റെ മേല് കൂടിയിരിക്കുന്ന ജിന്നിനെ ഇന്ന് ഞമ്മള് അടിച്ച്  പായിക്കും ,,


പിന്നെ കനമുള്ള ചൂരല്‍ വടികൊണ്ട് മര്‍ദ്ദനമായിരുന്നു .തുരുതുരെയുള്ള മര്‍ദനം സഹിക്കവയ്യാതെയായപ്പോള്‍ ഫര്‍ഹാന അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നു.ബീരാന്‍കുട്ടിയും ഭാര്യയും മകളുടെ രോദനം കേട്ട് നിസ്സഹായരായിരുന്നു.അപ്പോള്‍ വിഷമത്തോടെയിരിക്കുന്ന ബീരാന്‍കുട്ടിയോടായി ഉസ്താദിന്‍റെ സഹായി പറഞ്ഞു .


,, ഇബിടെ ഇതുപോലത്തെ എത്ര കെയ്സുകള്‍ ബന്നിരിക്കുന്ന്‍ . കേട്ടില്ലേ ... ഇങ്ങക്ക് തോന്നും ആ കരയണത് ഇങ്ങടെ സന്തതിയാണെന്ന്. അത് ബെറും തോന്നലാണ്. ജിന്നാണ് കരയണത്. അടികൊണ്ട് അടികൊണ്ട് ജിന്ന് ഓളെ മെലൂമ്മല്‍ നിന്നും പായണം. അതുവരെ അടി തുടര്‍ന്നുകൊണ്ടിക്കും .ഹേയ് ഇങ്ങള് ഇങ്ങനെ ബേജാറാവല്ലീം ഒക്കെ ഉസ്താദ്  ശെരിയാക്കിതരും ,,


ഫര്‍ഹാന മര്‍ദനം മൂലം തളര്‍ന്നു നിലംപതിച്ചു .അവളുടെ വെളുത്ത ശരീരമാകെ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ തിണര്‍ത്തുനിന്നു.ഉസ്താദ്    ഫര്‍ഹാനയുടെ  പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍   പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിച്ചു .ഏതാനും നിമിഷങ്ങള്‍ക്കകം ഫര്‍ഹാന അബോധാവസ്ഥയിലായി .ഉസ്താദ് ഫര്‍ഹാനയെ മെത്തയിലേക്ക് എടുത്തുകൊണ്ടുപോയി കിടത്തി .മേശയിലെ  ഗ്ലാസിലുള്ള വെള്ളം ഒരൊറ്റ വലിക്ക് അകത്താക്കി വീണ്ടും ഫര്‍ഹാനയുടെ അരികില്‍ പോയിരുന്ന് ദേഹമാസകലം പരിശോധിച്ചു .ഫര്‍ഹാന ഋതുമതിയാണെന്ന് ഉസ്താത് തിരിച്ചറിഞ്ഞു .ഉസ്താദ് തിടുക്കത്തില്‍ നാല് ചെമ്പിന്‍ തകിടുകളില്‍ അറബ് വാക്കുകള്‍ കുത്തികുറിച്ചു.രണ്ടുമൂന്നു തരം  മരുന്നുകളും എടുത്ത് വെച്ചതിനു ശേഷം ബീരാന്‍കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തി പറഞ്ഞു .


,,നല്ല ഇനം ജിന്ന് തന്ന്യാ മോളുടെ മേല് കൂടിയിരിക്കണത് .ഇങ്ങള് ന്‍റെ അടുത്തേക്ക്‌ കൊണ്ട് ബന്നത് നന്നായി .അല്ലെങ്കില് ഇങ്ങടെ മോള്‍ടെ ജീവന്‍ തന്നെ അപായപ്പെട്ടുപോയേനെ .ഈ തകിടുകള്‍ ഉടയുന്ന കുപ്പികളിലാക്കി വീടിന്‍റെ നാല് മൂലയിലും കുഴിച്ചിടണം .പിന്നെ  ഈ മൂന്ന് തരം മരുന്നുകള് ഇതില് എഴുതിയ പ്രകാരം കൊടുക്കീന്‍. എന്നിട്ട് ഒരു പത്തു ദിവസം കഴിഞ്ഞ് വരീം.മോളെ കൊണ്ടോയി തത്കാലം പുറത്തുള്ള കട്ടിലില്‍ കിടത്തിക്കൊളീം .കൊറച്ച് സമയം കഴിഞ്ഞാല് ഓള്‍ക്ക് ബോധം തെളിയും അപ്പൊ ഓളെ കൊണ്ടോയ്ക്കൊളീം  ,,    


ഉസ്താദ് മുറുക്കി ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു . ബീരാന്‍കുട്ടിയും മറ്റു ചിലരും കൂടി ഫര്‍ഹാനയെ എടുത്ത് പുറത്തുള്ള കട്ടിലില്‍ കൊണ്ടുപോയി കിടത്തി .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഫര്‍ഹാന അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു .അവള്‍ തേങ്ങി ത്തേങ്ങി കരഞ്ഞുകൊണ്ടിരുന്നു .ബീരാന്‍കുട്ടിയും കുടുംബവും  തിരികെ വീട്ടിലേക്ക്  യാത്ര തിരിക്കുമ്പോള്‍ സമയം സന്ധ്യകഴിഞ്ഞിരുന്നു .അപ്പോള്‍ ഉസ്താദ് സ്വയം പറഞ്ഞു .


,, ഉം ഓള് എന്താ മുതല് ഈ അടുത്ത കാലത്തൊന്നും ഇത്രേം സുന്ദരിയായ പെണ്ണിന്‍റെ മേല് ജിന്ന് കയറി കൂടിയിട്ടില്ല .ഓള്‍ടെ സമയം ശെരിയായില്ല . ഏഴ് ദിവസം കയിഞ്ഞ് ബരാന്‍ പറഞ്ഞാ മതിയായിരുന്ന്‍ അപ്പോളേക്കും ഓള്‍ടെ  കുളി കഴിയൂലോ ,,


തിരികെ വരുവാന്‍ മൂന്ന് ദിവസ്സം അധികം പറയാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഉസ്താദ് പിറുപിറുത്തു കൊണ്ടിരുന്നു .അപ്പോള്‍ വാഹനത്തില്‍ ഉമ്മയുടെ തോളില്‍ ചാഞ്ഞുകൊണ്ട് ഫര്‍ഹാന ഉമ്മയോട് പറഞ്ഞു .


,, ഉമ്മ ഇനി എന്നെ ഉസ്താദിന്‍റെ അടുത്തേക്ക്‌ കൊണ്ട് പോകരുത്.ഉസ്താദ് ചീത്തയാ എന്നെ ഒത്തിരി തല്ലി ,,


ഉമ്മ ഫര്‍ഹാനയുടെ വായ്‌ പൊത്തിപിടിച്ച്‌കൊണ്ട് പറഞ്ഞു .


,,റബ്ബില്‍ ആലമീനായ തമ്പുരാനേ ....എന്താ ന്‍റെ മോള് ഈ പറയുന്നത്.ഉസ്താദ് ചീത്തയാണെന്ന് പറയല്ലേ ..കുരുത്തക്കേട്‌ കിട്ടും .കറാമത്തുള്ള അല്ലാഹുവിന്‍റെ അവുലിയാനെ ഇങ്ങനെയൊന്നും പറയല്ലേ ....ഉസ്താദ് അടിച്ചത് ജിന്നിനെയല്ലേ ന്‍റെ മോള് ഉമ്മാനോട് നേരാം വണ്ണം സംസാരിച്ചിട്ട് നാളെത്രയായി .ഒരു ദിവസ്സത്തെ ചികിത്സകൊണ്ട് ന്‍റെ മോള്‍ക്ക്‌ എത്ര മാറ്റമുണ്ട് .ഇനി പത്തു ദിവസ്സം കഴിഞ്ഞാല്‍ ഞമ്മക്ക് വീണ്ടും വരണം .നിക്ക് ഒറപ്പുണ്ട്  ന്‍റെ മോളുടെ എല്ലാ അസുഖങ്ങളും ഉസ്താദ് മാറ്റിത്തരും  ,,


ഉമ്മ ഉസ്താദിന്‍റെ കറാമത്തുകളെക്കുറിച്ച്  വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു .ഇപ്പോള്‍  തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന  മൂന്നാള്‍ പൊക്കമുള്ള ജിന്നിനെക്കാളും കൂടുതല്‍ ഫര്‍ഹാന ഭയപ്പെടുന്നത് മുറുക്കി ചുവപ്പിച്ച് മോണ കാട്ടി ചിരിക്കുന്ന  ഉസ്താദിനെയായിരുന്നു.അയാള്‍  കാമാസക്തനായി തന്‍റെ അരികില്‍ വന്ന്   അടിവസ്ത്രം വലിച്ചൂരിയതോര്‍ത്തപ്പോള്‍  ഉമ്മ എന്ന രോദനത്തോടെ അവള്‍  ഉമ്മയെ ഇറുകെ പിടിച്ചു .ബീരാന്‍കുട്ടിയും കുടുംബവും സഹായികളും കയറിയ വാഹനം നേര്‍വഴികളും   തിരിവുകളും താണ്ടി തിരിച്ചുവരവിനായി  യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു . അപ്പോള്‍ പ്രപഞ്ചമാകെ ഇരുട്ട് വ്യാപിച്ചിരുന്നു .വഴിയില്‍ വാഹനങ്ങളുടെ ചീറിപ്പായുന്ന ശബ്ദവും  പ്രകാശങ്ങളും  മാത്രം. ഫര്‍ഹാന ഉമ്മയുടെ മാറില്‍ തലചായ്ച്ചുറങ്ങി. ആകാശത്തേക്ക് നോക്കിയ ബീരാന്‍കുട്ടിക്ക്   ആകാശത്ത്‌ ഒരു നക്ഷത്രത്തെയും കാണുവാനായില്ല . മകളുടെ ശരീരത്തില്‍ കയറിക്കൂടിയ ജിന്ന് മകളുടെ ശരീരത്തില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ ബീരാന്‍കുട്ടി നെടുവീര്‍പ്പിട്ടു .

                                                              ശുഭം
rasheedthozhiyoor.blogspot.com                          rasheedthozhiyoor@gmail.com