ചിന്താക്രാന്തൻ

Showing posts with label ചെറുകഥ.ജീവച്ഛവം. Show all posts
Showing posts with label ചെറുകഥ.ജീവച്ഛവം. Show all posts

4 July 2015

ചെറുകഥ.ജീവച്ഛവം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്

സൂര്യാസ്തമയത്തിന്‍റെ മുന്നറിയിപ്പെന്നോണം ആകാശം സ്വര്‍ണ്ണ വര്‍ണ്ണങ്ങളാല്‍ ചേതോഹരമായി കാണപ്പെട്ടു .  തിരുവനന്തപുരത്തെ ടെക്നോപാർക്കില്‍ നിന്നും ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നവരുടെ തിക്കും തിരക്കും.എല്ലാ തൊഴിലാളികളുടേയും മുഖത്തും തൊഴിലില്‍ നിന്നും അടുത്ത ദിവസം വരെ വിമുക്തമായ സന്തോഷം പ്രതിഫലിക്കുന്നത് കാണാം .   കൂട്ടത്തില്‍ രാഹുല്‍ തിരക്കിലൂടെ നന്നേ പാടുപ്പെട്ട്  തന്‍റെ  ബൈക്ക് പാര്‍ക്ക് ചെയ്ത ഇടത്തേക്ക് നടന്നു .അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ് ഈ അസ്വസ്ഥത തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു .അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്നുഭവിക്കുന്ന ജീവിത യാതനകള്‍ തരണം ചെയ്യുവാന്‍ ആവാത്തതിന്‍റെ വിഷമം അയാളുടെ മുഖത്ത് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവും .ക്ഷൌരം  ചെയ്യാത്ത അയാളുടെ മുഖത്ത് താടി നീണ്ടുവളര്‍ന്നിരിക്കുന്നു . തന്‍റെ ജീവിത വഴികാട്ടിയും, സന്തതസഹചാരിയും അയാളുടെ ഏറ്റവും പ്രിയപ്പെട്ടവനുമായ രൂപേഷ് വാഹനാപകടത്തെ തുടര്‍ന്ന്‍ തിരുവനന്തപുരം പട്ടണത്തിലെ ഹൈടെക്ക് ആശുപത്രിയില്‍ ജീവച്ഛവമായി കിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു .

രാഹുലും രൂപേഷും ടെക്നോപാർക്കില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു .അന്ന് ആ അപകടം നടന്ന നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രാഹുലിന്‍റെ പാദങ്ങളില്‍ നിന്നും രൂപാന്തരപ്പെടുന്ന വിറയല്‍ ശരീരമാകെ വ്യാപിക്കും .അപ്പോള്‍ അയാള്‍ ഇമകള്‍ ഇറുക്കിയടച്ച് കൈപാദങ്ങള്‍ മുഖത്ത് അമര്‍ത്തിപ്പിടിച്ച് അമിതമായി കിതയ്ക്കുവാന്‍ തുടങ്ങും .  രാഹുലിന്‍റെയും, രൂപേഷിന്‍റെയും     അനാഥാലയത്തിലെ ഒരുമിച്ചുള്ള ജീവിതവും ,വിദ്യാലയത്തിലെ ഒരുമിച്ചുള്ള പഠനവും പോലെ ടെക്നോപാർക്കില്‍ ഒരുമിച്ചു ഒരേ സ്ഥാപനത്തില്‍ ജോലി ലഭിച്ചതും അവരുടെ പിരിയുവാനാവാത്ത സൗഹൃദ ബന്ധം തന്നെയാണ് .ടെക്നോപാർക്കിലെ ജീവിതചര്യയില്‍നിന്നും രാഹുലിനും രൂപേഷിനും ഓരോരെ പ്രണയിനികളെ ലഭിച്ചിരുന്നു .വാഹനാപകടം നടന്നതിന്‍റെ അടുത്ത ദിവസമായിരുന്നു രൂപേഷിന്‍റെ പ്രണയിനിയായ നൈനീകയുടെ ജന്മദിനം. വാഹനാപകടം സംഭവിച്ച അന്ന് ഊണ് കഴിഞ്ഞുള്ള വിശ്രമത്തിനിടയില്‍ രൂപേഷ് രാഹുലിനോട് പറഞ്ഞു 

,, എടാ രഹുലെ നാളെയാണ് നൈനീകയുടെ ജന്മദിനം .അവള്‍ക്ക് ഇന്ന് നല്ലൊരു സമ്മാനം വാങ്ങിക്കേണം നമുക്കിന്ന് ജോലി കഴിഞ്ഞു നേരെ സമ്മാനം വാങ്ങിക്കുവാന്‍ പോകാം ,, 

രാഹുല്‍ രൂപേഷിന്‍റെ മുഖത്തേക്ക് നോക്കി ആശ്ചര്യത്തോടെ  പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

,, എടാ നിങ്ങളുടെ പ്രണയം സമ്മാനങ്ങള്‍ കൈമാറുവാന്‍ മാത്രം വളര്‍ന്നുവോ . നിങ്ങളുടെ പ്രണയം അവളുടെ വീട്ടുക്കാര്‍ അറിയേണ്ട . മൂന്ന് സഹോദരന്മാര്‍ക്കുള്ള   ഒരേയൊരു സഹോദരിയാണ് അവള്‍ .സമ്മാനം നീ അവള്‍ക്ക് കൊടുത്തെന്ന് അവന്മാരേങ്ങാനും  അറിഞ്ഞാല്‍ അവര്‍ നിന്‍റെ കൈവെട്ടും .വെറുതെ പൊല്ലാപ്പിനൊന്നും  പോകല്ലെ ...ആട്ടെ എന്തു സമ്മാനമാ നീ അവള്‍ക്കു മേടിച്ചു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത്   ,,

രൂപേഷ് കസേരയില്‍ നിവര്‍ന്നിരുന്ന് കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി വിരലുകള്‍ തമ്മില്‍ പൊട്ടിച്ച്ക്കൊണ്ട്   പ്രതീക്ഷ  പ്രതിഫലിക്കുന്ന  മുഖഭാവത്തോടെ വിദൂരതയിലേക്ക്  നോക്കി  പറഞ്ഞു .


,, എടാ അവള്‍ എനിക്കുള്ളതാ. ഞാന്‍ ഒരു അനാഥനായത് എന്‍റെ കുറ്റമാണോ .ഞങ്ങള്‍ വിവാഹിതരാകുവാന്‍ തീരുമാനിച്ചു .ഞാന്‍ നൈനീകയുടെ വീട്ടില്‍പോയി അവളെ വിവാഹം ചെയ്യുവാനുള്ള എന്‍റെ ആഗ്രഹം അറിയിക്കും .അവര്‍ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കും .ഇനി സമ്മതമല്ലായെങ്കില്‍ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യും അത്രതന്നെ .അവളുടെ  വീട്ടുകാര്‍  വിവാഹത്തിന്  സമ്മതിച്ചാല്‍   എനിക്ക് നഷ്ടപ്പെട്ട  മാതാപിതാക്കളുടെയും ,സഹോദരങ്ങളുടെയും ,സ്നേഹം തിരികെ ലഭിക്കും .ഞാനൊരു  സല്‍സ്വഭാവിയല്ലെ  എന്നെ അവര്‍ക്ക്  ഇഷ്ടപ്പെടാതെയിരിക്കില്ല . ഇന്ന് ഒരു രത്നമോതിരം വാങ്ങിക്കണം പിന്നെ ഒരു ചുരിദാറും.നാളെ മോതിരം എനിക്ക് അവളുടെ വിരലില്‍ അണിയിക്കണം ,,

  രാഹുല്‍ എഴുന്നേറ്റ് രൂപേഷിന്‍റെ ചുമലില്‍ കൈവെച്ചുക്കൊണ്ട് പറഞ്ഞു .

,, നിന്‍റെ എന്ത് ആഗ്രഹങ്ങള്‍ക്കും ഞാന്‍ എതിര് നില്‍ക്കുകയില്ല .ഞാനുണ്ടാവും നിന്‍റെ കൂടെ. നമുക്ക് ജോലി കഴിഞ്ഞാല്‍ നേരെ ഷോപ്പിംഗിന് പോകാം... നീ  ധൈര്യമായിരിക്ക് അവള്‍ നിന്‍റെ സ്വന്തമാകും .ആ  സുന്ദരമായ  മുഹൂര്‍ത്തം  ഇനിയും  വിദൂരമല്ല .,,

ജോലി ലഭിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും കൂടി ഒരു ബൈക്ക് വാങ്ങിച്ചിരുന്നു .ആ ബൈക്ക് ഈയിടെ വില്‍പ്പനചെയ്ത് പുതിയ മോഡല്‍ ബൈക്ക് വാങ്ങിച്ചു .അന്ന് ഷോപ്പിംഗ് കഴിഞ്ഞ് വാസസ്ഥലത്തേക്ക് തിരികെ പോരുമ്പോള്‍ രൂപേഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത് .രൂപേഷിന്‍റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ബൈക്ക് ഓരത്ത് നിറുത്തി രൂപേഷ് ബൈക്കില്‍ നിന്നും ഇറങ്ങി ഹെല്‍മെറ്റ്‌ തലയില്‍ നിന്നും ഊരി രാഹുലിന്‍റെ തലയില്‍ വെച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് അല്‍പം മാറിനിന്നു .അപ്പോഴാണ്‌ നിയന്ത്രണം വിട്ടുപോയ ഒരു പാണ്ടി ലോറി അവരുടെ നേര്‍ക്ക്‌ പാഞ്ഞുവന്നത് .രാഹുലും, രൂപേഷും, ബൈക്കും,ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക്‌ തെറിച്ചുവീണു .അവരുടെ  ആര്‍ത്തനാദം പരിസരമാകെ മുഴങ്ങി . അബോധാവസ്ഥയിലായ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . അന്നുതന്നെ രാഹുലിന് ബോധം തെളിഞ്ഞു പക്ഷെ തലയ്ക്ക്‌ സാരമായി പരുക്കേറ്റ രൂപേഷ് നാളിതുവരെ എഴുന്നേറ്റില്ല. യന്ത്രങ്ങളുടെ സഹായത്താല്‍ ഇപ്പോഴും രൂപേഷ് ജീവച്ഛവമായി ആശുപത്രിയില്‍ കിടക്കുന്നു .രാഹുല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും ജോലിയില്‍ നീണ്ട അവധിയെടുത്ത് രൂപേഷിന്‍റെ അരികില്‍ മാസങ്ങളോളം ചിലവഴിച്ചു .

രൂപേഷിന്‍റെ ചികിത്സക്ക് വേണ്ടുന്ന ഭീമമായ തുക രാഹുലും മറ്റ് സഹപ്രവര്‍ത്തകരും ടെക്നോപാർക്കില്‍ നിന്നും സ്വരൂപിച്ചു .ചികിത്സക്ക് വേണ്ടുന്ന രൂപ സ്വരൂപിക്കുവാന്‍ രാഹുലിന് യാതൊരുവിധ പ്രയാസങ്ങളും നേരിടെണ്ടിവന്നില്ല .പക്ഷെ രൂപേഷിന്‍റെ തലച്ചോറിന് ക്ഷതം സംഭവിച്ചതിനാല്‍ അയാള്‍ക്കിനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരുവാന്‍ ആവില്ലെന്നും യന്ത്രങ്ങളുടെ സഹായത്താല്‍ മാത്രമേ ജീവന്‍ നില നിര്‍ത്തുവാന്‍ ആവുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ രാഹുല്‍ മാനസീകമായി തകര്‍ന്നുപോയി . അപകടം നടന്ന ആ നിമിഷങ്ങള്‍ക്ക് മുന്‍പ് രൂപേഷ് ഹെല്‍മെറ്റ്‌ തന്‍റെ തലയില്‍ വെച്ചുതന്നില്ലായിരുന്നെങ്കില്‍ താനും ഒരു പക്ഷെ ജീവച്ഛവമായി ആശുപത്രിയില്‍ കിടക്കേണ്ടി വരുമായിരുന്നു .അല്ലെങ്കില്‍ മരണം തന്നെ സംഭവിക്കുമായിരുന്നു  എന്ന് സങ്കടത്തോടെ രാഹുല്‍ ഓര്‍ത്തു .തന്‍റെ ജീവന്‍ സുരക്ഷിതമാക്കി  വിധിയുടെ താണ്ഡവത്തിനു മുന്‍പിലേക്ക് തന്‍റെ ശരീരം അര്‍പ്പിച്ച പ്രിയ കൂട്ടുകാരന്‍ ഇനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയില്ല എന്ന തിരിച്ചറിവിനാല്‍ രാഹുല്‍  പ്രിയ കൂട്ടുകാരന് വേണ്ടി നീതിന്യായ കോടതിയില്‍ ദയാവധത്തിനായി ഹര്‍ജി സമര്‍പ്പിച്ച്‌ കാത്തിരുന്നു .പലപ്പോഴും മരണവീടുകകളില്‍ പോയി മടങ്ങുമ്പോള്‍ രൂപേഷ് പറഞ്ഞിരുന്ന വാക്കുകള്‍ രാഹുലിന്‍റെ മനസ്സില്‍ അലയടിച്ചുകൊണ്ടേയിരുന്നു .

,, എടാ മരണപ്പെടുകയാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിയണം .കിടന്ന് നരകിച്ചുള്ള മരണം എനിക്ക് ഓര്‍ക്കുവാനേ ആവുന്നില്ല.എനിക്ക് എഴുനേറ്റ് നടക്കുവാനാവാത്ത എന്തെങ്കിലും അസുഖം പിടിപ്പെട്ടാല്‍ പിന്നെ നീ എന്നെയങ്ങ് കൊന്നുകളഞ്ഞെക്കണം  ,,

ആശുപത്രിയില്‍ രൂപേഷിന്‍റെ അരികില്‍ ആരും വേണമെന്നില്ല എന്ന ആശുപത്രി അധികൃതരുടെ പ്രക്ക്യാപനവും. ഇനിയും ജോലിയില്‍ അവധിയെടുത്താല്‍ ജോലി തന്നെ നഷ്ടപ്പെടും എന്നത് കൊണ്ടും രാഹുല്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു .ജോലി കഴിഞ്ഞ് എന്നും രാഹുല്‍ രൂപേഷിനെ സന്ദര്‍ശിച്ചു പോരും. നീതിന്യായ വ്യവസ്ഥയുടെ ദയാവധത്തിനായുള്ള അനുകൂലമായ വിധിക്ക് വേണ്ടി രാഹുല്‍ പ്രതീക്ഷയോടെ കാത്തിരുന്നു .ഇമകള്‍ അടയ്ക്കാതെ കിടക്കുന്ന രൂപേഷിന്‍റെ ദയനീയമായ മുഖഭാവം തനിക്കിനി ഈ ഭൂലോകത്ത്  ജീവിക്കേണ്ടതില്ല   എന്നതാണ് തന്നോട് പറയുന്നത് എന്ന് രാഹുലിന് തോന്നിപ്പിച്ചു .ദ്രാവക രൂപത്തിലുള്ള ഭക്ഷണം റ്റ്യൂബ് വഴി രൂപേഷിനു നല്‍കുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ രൂപേഷിന്‍റെ ശരീരം ക്ഷീണിച്ചുകൊണ്ടേയിരുന്നു .സുമുഖനായിരുന്ന രൂപേഷിനെ ഇപ്പോള്‍ ആര് കണ്ടാലും ഇമകള്‍ അറിയാതെ നിറഞ്ഞുപോകും .അത്രയും ദയനീയമാണ്  രൂപേഷിന്‍റെ  അവസ്ഥ .രൂപേഷിന് ആശുപത്രി  സന്ദര്‍ശിക്കുന്നത്  തന്നെ  ഇഷ്ടമല്ലായിരുന്നു .കാരണം  ആശുപത്രിയിലെ  മനം പുരട്ടുന്ന മണം രൂപേഷിനെ അസ്വസ്ഥനാക്കിയിരുന്നു .ഒരിക്കല്‍  ആശുപത്രി യില്‍  അസുഖമായി   കിടന്നിരുന്ന  സഹപ്രവര്‍ത്തകനെ  കാണുവാന്‍ രാഹുല്‍  രൂപേഷിനെ  നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോയി  .ആശുപത്രി യില്‍  നിന്നും പുറത്തിറങ്ങിയപ്പോള്‍  രൂപേഷ്  ഛർദ്ദിച്ചു  അവശനായത്  രൂപേഷ്  ഓര്‍ത്തു .  നൈനീക ഇടയ്ക്കൊക്കെ രൂപേഷിനെ സന്ദര്‍ശിക്കുന്നുണ്ട് .

തിരുവനന്തപുരത്തെ മുന്നൂറ്റി അന്‍പതോളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിലെ ഇരുനൂറ്റി അന്‍പതിലേറെ വിവര സാങ്കേതിക അനുബന്ധ കമ്പനികളിലെ,  മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നിടത്ത് തൊഴില്‍ സമ്പാദിക്കുക എന്നത് രാഹുലിനെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് രൂപേഷായിരുന്നു .രൂപേഷായിരുന്നു രണ്ടുപേര്‍ക്കും തൊഴിലിനായി പ്രയത്നിച്ചതും . കോട്ടയം പട്ടണത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്തു സ്ഥിതിചെയ്യുന്ന അനാഥാലയത്തില്‍ രാഹുല്‍ എത്തിപ്പെട്ടത് തന്‍റെ ആറാമത്തെ വയസ്സിലായിരുന്നു .തന്‍റെ മാതാവിനെ അവസാനമായി കണ്ട ദിവസവും അന്നായിരുന്നു .പേരുകേട്ട തറവാട്ടില്‍ പിറന്ന രാഹുലിന്‍റെ അമ്മയുടെ വിവാഹം പ്രണയ വിവാഹമായിരുന്നു .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തറവാട്ടില്‍ തോഴിലെടുക്കുവാന്‍ വന്ന ചെറുപ്പക്കാരനുമായുള്ള രാഹുലിന്‍റെ അമ്മയുടെ പ്രണയം അമ്മയുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കുവാനായില്ല .പിന്നെ എത്ര എതിര്‍പ്പുകള്‍ ഉണ്ടായാലും ഒരുമിച്ചു ജീവിക്കണം എന്ന് തീരുമാനിക്കുന്ന കമിതാക്കള്‍ എടുക്കുന്ന അതേ തീരുമാനം രാഹുലിന്‍റെ മാതാപിതാക്കളും തിരഞ്ഞെടുക്കുകയായിരുന്നു .

അവര്‍ ഒളിച്ചോടി എത്തിപ്പെട്ടത് തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍ .അവിടെ എത്തി രണ്ടാം വര്‍ഷം രാഹുല്‍ പിറന്നു .പൈനാപ്പിള്‍ തോട്ടത്തിലെ തൊഴിലെടുത്ത് തന്‍റെ പത്നിയേയും മകനേയും പട്ടിണി കൂടാതെ അയാള്‍ പോറ്റി പോന്നു .വാടകവീട്ടില്‍ സന്തോഷപ്രദമായ അവരുടെ ജീവിതത്തിന് അഞ്ചു വര്‍ഷകാലമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ .പൈനാപ്പിള്‍ തോട്ടത്തില്‍ നിന്നും ഉഗ്ര വിഷമുള്ള സര്‍പ്പത്തിന്‍റെ കടിയേറ്റ് രാഹുലിന്‍റെ അച്ഛന്‍ വിഷം തീണ്ടി മരണപ്പെട്ടു .അച്ഛന്‍റെ മരണ ശേഷം അമ്മ പൈനാപ്പിള്‍ തോട്ടത്തില്‍ തൊഴിലെടുക്കാന്‍ പോയതും .അച്ഛന്‍റെ മരണ ശേഷം അമ്മ സ്ഥിരമായി വെള്ള വസ്ത്രം ധരിച്ചിരുന്നതും നേരിയ ഓര്‍മ്മ മാത്രമേ രഹുലിനുള്ളൂ .അമ്മ തോട്ടത്തില്‍ തൊഴിലിനായി പോകുമ്പോള്‍ രാഹുലിനേയും കൊണ്ടു പോകുമായിരുന്നു .ആ ഗ്രാമത്തില്‍ വിദ്യാലയം ഇല്ലാത്തതുകൊണ്ട് രാഹുലിനെ വിദ്യാലയത്തില്‍ ചേര്‍ത്തിരുന്നില്ല .

ഒരു ദിവസ്സം അമ്മയുടെ കൂടെ തോട്ടത്തില്‍ പോയ രാഹുല്‍ അമ്മ തൊഴിലെടുക്കുന്ന സ്ഥലത്ത് നിന്നും അല്‍പമകലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു .രാഹുലിന്‍റെ ഉച്ചത്തിലുള്ള നിലവിളി കേട്ടപ്പോള്‍ അമ്മ തിടുക്കത്തില്‍ മകന്‍റെ അരികിലേക്ക് പോയി നോക്കിയതും  കണ്ട കാഴ്ച അവരെ വല്ലാതെ ഭയാകുലയാക്കി .തന്‍റെ പൊന്നോമാനയുടെ എതിര്‍വശത്തായി ഉഗ്ര വിഷമുള്ള സര്‍പ്പം ഫണം വിടര്‍ത്തി നില്‍ക്കുന്നു .അമ്മയുടെയും മകന്‍റെയും ആര്‍ത്തനാദം കേട്ട് തോട്ടം തൊഴിലാളികള്‍ ഒന്നടങ്കം ഓടികൂടി .തൊഴിലാളികള്‍ സര്‍പ്പത്തെ ആട്ടിപായിച്ചു .ആ ഗ്രാമത്തിലുള്ളവര്‍ സര്‍പ്പങ്ങളെ കൊല്ലുമായിരുന്നില്ല .അവരുടെ വിശ്വാസം അതിന് എതിരായിരുന്നു .അടുത്ത ദിവസ്സം രാഹുലിനെയുമായി അമ്മ കേരളത്തിലേക്ക് പോന്നു .തന്‍റെ ഭര്‍ത്താവിന്‍റെ ജീവനെടുത്ത സര്‍പ്പം തന്‍റെ മകന്‍റെയും ജീവനെടുക്കും എന്ന് അവര്‍ ഭയന്നു. തന്നെയുമല്ല തന്‍റെ മകന് എങ്ങിനെയെങ്കിലും വിദ്യാഭ്യാസം നല്‍കണം എന്നും അവര്‍ തീരുമാനമെടുത്തിരുന്നു .ആ തീരുമാനത്തിന്‍റെ സമാപ്തിയായിരുന്നു മകനെ ഏതെങ്കിലുമൊരു അനാഥാലയത്തില്‍ ഏല്പിക്കുക എന്നത് .

രാഹുല്‍ അനാഥാലയത്തില്‍ എത്തുമ്പോള്‍ രൂപേഷ് അവിടത്തെ മറ്റു അന്തേവാസികളില്‍ ഒരുവനായിരുന്നു .അനേകം കുരുന്നുകളില്‍ ഒരാള്‍ മാത്രം അവിടെ വിത്യസ്തനായിരുന്നു .ജാക്സണ്‍ എന്നായിരുന്നു അവന്‍റെ പേര് . മറ്റു കുട്ടികളെ ദേഹോപദ്രവം ചെയ്തു ആനന്ദം കണ്ടെത്തുക എന്നതായിരുന്നു ജാക്സന്‍റെ പ്രധാന വിനോദം .ഒരു ദിവസം വിദ്യാലയത്തിലെ ഇടവേളയില്‍ അന്നത്തെ ജാക്സന്‍റെ ഇര രാഹുലായിരുന്നു .മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ തിരികെ മര്‍ദ്ദിക്കുവാന്‍ രാഹുലിന് ആവുന്നുണ്ടയിരുന്നില്ല .അവിടെ രാഹുലിന്‍റെ രക്ഷകനായി എത്തിയത് രൂപേഷായിരുന്നു .പിന്നെ രൂപേഷും ജാക്സനും പരസ്പരം പോരാടി .പോരാട്ടത്തില്‍ രൂപേഷ് പരാജയപ്പെടും എന്നായപ്പോള്‍ രാഹുലും പോരാട്ടത്തില്‍ ഇടപ്പെട്ടു .മതിലിനു അരികിലായി കിടന്നിരുന്ന ഒരു മര പട്ടിക രാഹുല്‍ രൂപേഷിനു എറിഞ്ഞു കൊടുത്തു .പിന്നെ രൂപേഷ് പട്ടികകൊണ്ട് ജാക്സനെ മര്‍ദ്ദിച്ചു .ജാക്സന്‍റെ നെറ്റിയില്‍ നിന്നും രക്തം പൊടിഞ്ഞപ്പോള്‍ കൂടിനിന്ന കുട്ടികളെല്ലാം ഓടിമറഞ്ഞു .അവശനായ ജാക്സനെ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയി .അനാഥായത്തിലെ അധികൃതര്‍ രൂപേഷിനെ ശാസിച്ചു .പക്ഷെ അന്ന് അവിടെ ഒരു പുതിയ സൌഹൃദം നാമ്പിടുകയായിരുന്നു .രാഹുലും രൂപേഷും ഉറ്റമിത്രങ്ങളായി മാറി .രൂപേഷ് തന്‍റെ മാതാപിതാക്കളെ കണ്ടതായി ഓര്‍ക്കുന്നില്ല .ചോരകുഞ്ഞിനെ അനാഥാലയത്തിലെ തൊട്ടിലില്‍ ഉപേക്ഷിച്ചതായിരുന്നു  എന്നാണ്  കേട്ടറിവ് .

ഇന്നാണ് രൂപേഷിന്‍റെ ദയാവധത്തിനുള്ള ഹര്‍ജിയുടെ വിധി പറയുന്നത്. രാഹുല്‍ അവധിയെടുത്ത് രാവിലെതന്നെ കോടതിയിലേക്ക് യാത്രയായി .തന്‍റെ പ്രിയ സുഹൃത്തിന് വേണ്ടി ദയാവധത്തിനായി ഹര്‍ജി സമര്‍പ്പിച്ചതില്‍ യാതൊരുവിധ കുറ്റബോധവും രാഹുലിന് തോന്നിയില്ല .അവന്‍റെ ഉപബോധമനസ്സില്‍ വേദന അവന്‍ അറിയുന്നുണ്ടാവും. ഓരോരോ നിമിഷവും വേദന സഹിച്ചുക്കൊണ്ടുള്ള ജീവിതത്തില്‍നിന്ന് രക്ഷപ്പെടുവാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവും .ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ അതിനെ ഒന്ന് ആട്ടുവാന്‍ കഴിയാതെ , ശരീരം  ഒന്ന് ചൊറിയണം എന്ന് തോന്നിയാല്‍ ,കൈകാലുകള്‍ ഒന്ന് അനക്കണം എന്ന് തോന്നിയാല്‍  നിസ്സഹായകനായി  വേദന സഹിച്ചുള്ള ഈ ജീവിതം അവന്‍ മടുത്തിട്ടുണ്ടാവും .ഈ ലോകത്തുനിന്നും വിടവാങ്ങുവാന്‍ അവന്‍ അതിയായി  ആഗ്രഹിക്കുന്നുണ്ടാവും . അല്ലെങ്കില്‍ത്തന്നെ ജീവച്ഛവമായി  ജീവിക്കുവാന്‍ ആരാണ് ആഗ്രഹിക്കുക . അനുകൂലമായ വിധിക്ക് വേണ്ടി അക്ഷമനായി രാഹുല്‍ കാത്തിരുന്നു .ഏഴാമത്തെ വിധി പ്രസ്താവനയായിരുന്നു രൂപേഷിന്‍റെ .കാത്തിരിപ്പിനൊടുവില്‍ ന്യായാധിപന്‍ വിധി പ്രസ്താവിച്ചു .

,, ഹരജിക്കാരന്‍ രോഗിയുടെ രക്തബന്ധത്തിലുള്ള ആരുമാല്ലാത്തത് കൊണ്ടും . ആശുപത്രിയില്‍ നിന്നുമുള്ള  രേഖകളിലെ പോരായ്മകള്‍ കൊണ്ടും .ദയാവധത്തെ പ്രോത്സാഹിപ്പിക്കുവാന്‍ നിർവ്വാഹമില്ലാത്തത് കൊണ്ടും  , ജീവന്‍ പവിത്രമാണ് അതു തിരിച്ചെടുക്കാന്‍ ഈശ്വരനു മാത്രമേ അവകാശമുള്ളൂ എന്ന വിശ്വാസങ്ങളുമായി കൂടുതല്‍ പേര്‍  ജീവിക്കുന്ന രാജ്യമായതുകൊണ്ടും.    ശ്രീ  രാഹുല്‍ എന്നയാള്‍ ശ്രീ   രൂപേഷ് എന്നയാളുടെ   ദയാവധത്തിനായി സമര്‍പ്പിച്ച  ഹര്‍ജി  ഈ കോടതി തള്ളുന്നു .ഹര്‍ജിക്കാരന് വേണമെങ്കില്‍  മേല്‍ക്കോടതിയില്‍   ഹര്‍ജി സമര്‍പ്പിക്കാം ,,

രാഹുല്‍ വിധിപ്രസ്താവം കേട്ട് രണ്ടു കൈപാദങ്ങളും നെറ്റിയില്‍ അമര്‍ത്തിപിടിച്ച്‌ മൂഖനായിരുന്നു .നീതിന്യായ വ്യവസ്ഥയെ അയാള്‍ ആദ്യമായി  വെറുത്തു .ഒരുപാട്  നേരം അവിടെത്തന്നെ അയാള്‍ ഇരുന്നു .പിന്നെ  പരിസരബോധം ഇല്ലാതെ   രാഹുല്‍ പിറുപിറുത്തു.

,, ഉം രക്തബന്ധം അല്ലപോലും. അനാഥന്‍റെ രക്തബന്ധങ്ങളെ ഞാന്‍ എവിടെപോയി കണ്ടെത്തും .ഇനി മേല്‍കോടതിയില്‍ പോയാല്‍ അനുകൂലമായ വിധി ലഭിക്കുമോ ? ജീവച്ഛവമായി കിടക്കുന്നവന്‍റെ മനസ്സറിയുവാന്‍ ഒരു നീതിന്യായ അധിപന്മാര്‍ക്കും ആവില്ല .ജീവിതത്തിലേക്കു മടങ്ങില്ലെന്നു വൈദ്യശാസ്‌ത്രം സ്‌ഥിരീകരിച്ചവരെ മരിക്കാന്‍ അനുവദിക്കാത്ത നീതിന്യായ വ്യവസ്ഥ .  പക്ഷെ എനിക്ക് എന്‍റെ രൂപേഷിനെ കൈവെടിയുവാന്‍ ആവില്ല .അവന്‍റെ മനസ്സ് തനിക്കറിയാവുന്നത് പോലെ ഈ ഭൂലോകത്ത് മറ്റാര്‍ക്കും അറിയില്ല ,, 

രൂപേഷിന്‍റെ വാക്കുകള്‍ അവിടമാകെ മുഴങ്ങുന്നതുപോലെ രാഹുലിന് തോന്നി .
,,എടാ മരണപ്പെടുകയാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിയണം .കിടന്ന് നരകിച്ചുള്ള മരണം എനിക്ക് ഓര്‍ക്കുവാനേ ആവുന്നില്ല.എനിക്ക് എഴുനേറ്റ് നടക്കുവാനാവാത്ത എന്തെങ്കിലും അസുഖം പിടിപ്പെട്ടാല്‍ പിന്നെ നീ എന്നെയങ്ങ് കൊന്നുകളഞ്ഞെക്കണം  ,,

രൂപേഷിനു ഇങ്ങനെയോരൊരു അവസ്തയുണ്ടാവുമെന്ന് അവന് നേരത്തെ അറിയാവുന്നതുപോലെയല്ലേ അവന്‍ അറം പറ്റിയ ആവാക്കുകള്‍ തന്നോട് പറഞ്ഞത് .രാഹുല്‍ നേരെ ആശുപത്രിയിലേക്ക് പോയി രൂപേഷിന്‍റെ അരികില്‍ രൂപേഷിനെ നോക്കി ഒരുപാട് നേരം ഇരുന്നു .തിരികെ പോരുവാന്‍ നേരത്ത് രൂപേഷിനോട് യാത്ര പറഞ്ഞപ്പോഴാണ് രാഹുല്‍ അത് ശ്രദ്ധിച്ചത് .രൂപേഷിന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നു .രാഹുല്‍ രൂപേഷിന്‍റെ കരം നുകര്‍ന്നു കൊണ്ട് ചോദിച്ചു .

,, രൂപേഷ് നിനക്ക് ഈ അവസ്ഥയില്‍ നിന്നും ഇനി ഒരിക്കലും മോചിതനാകുവാനാവുകയില്ല .നിനക്ക് ഇനിയും ഈ അവസ്ഥയില്‍ ജീവിക്കണമോ ? ഒരുവട്ടം എന്നോട് പറയടാ ...ഒരുവട്ടം മാത്രം.ഇനിയും ജീവച്ഛവമായി  ഈ അവസ്ഥയില്‍ നിനക്ക്  ജീവിക്കണോ .എനിക്ക് നിന്‍റെ ഈ അവസ്ഥകണ്ട് സഹിക്കുവാനാവുന്നില്ല ടാ .....,,

രാഹുല്‍ സ്വയം മറന്ന് പൊട്ടികരഞ്ഞു. രാഹുലിന്‍റെ കരച്ചില്‍ കേട്ട് ഡ്യൂട്ടി നഴ്സ് അവിടേക്ക് ഓടിവന്നു .പൊട്ടികരയുന്ന രാഹുലിനെ നഴ്സ് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു .

,, സാര്‍ ഇവിടെ ഇങ്ങിനെ ബഹളം വെയ്ക്കരുത്. ഒരു പക്ഷെ രൂപേഷ് എല്ലാം അറിയുന്നുണ്ടാവും. രൂപെഷിനു പ്രതികരിക്കുവാന്‍ ആവുകയില്ലാ എന്നേയുള്ളൂ.നിങ്ങളുടെ കരച്ചില്‍  രൂപേഷിനെ കൂടുതല്‍  വിഷമിപ്പിക്കും  ..

രാഹുല്‍ എഴുനേറ്റപ്പോള്‍ രൂപേഷിന്‍റെ കൈവിരലുകള്‍ രാഹുലിന്‍റെ കൈവിരലുകളില്‍ ഉടക്കിയത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു .തിരികെ വാസസ്ഥലത്ത് എത്തിയപ്പോള്‍ രാഹുലിന്‍റെ മനസ്സിനെ അയാള്‍ക്ക്‌ നിയന്ത്രിക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ബാത്രൂമില്‍ കയറി ഷവര്‍ തുറന്നിട്ട്‌ അയാള്‍ പൊട്ടിപ്പൊട്ടി ഒരുപാട് നേരം കരഞ്ഞു .കുറേനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കുളികഴിഞ്ഞു പുറത്തിറങ്ങി ജീവച്ഛവമായി കിടക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ നോക്കി ,യന്ത്രം അല്പനേരത്തേക്ക് നിശ്ചലമാക്കുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കി .വിശപ്പ്‌ തോന്നാത്തതിനാല്‍ അല്പം വെള്ളംകുടിച്ച് ഉറങ്ങുവാനായി കിടന്നു .പക്ഷെ ഉറങ്ങുവാന്‍ എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാന്‍ അയാള്‍ക്കായില്ല .അയാള്‍ മനസ്സില്‍ ചില തീരുമാനങ്ങള്‍ എടുത്തു .രൂപേഷിന്‍റെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രം അല്പനെരത്തെക്ക് നിശ്ചലമാക്കണം .ഒരു പക്ഷെ താന്‍ പിടിക്കപ്പെട്ടെക്കാം .കൊലപാതകക്കുറ്റത്തിന്  പോലീസ്‌ തന്നെ   അറസ്റ്റു ചെയ്തേക്കാം .ഇനിയും അസഹ്യമായ വേദന സഹിച്ചു  ജീവിക്കുവാന്‍ രൂപേഷിനെ  അനുവദിച്ചുകൂടാ . എന്തുമാവട്ടെ തന്‍റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല .തന്‍റെ ജീവന്‍ നല്‍കിയാല്‍ രൂപേഷിന്‍റെ ജീവന്‍ നിലനിര്‍ത്തുവാന്‍ ആവുമെങ്കില്‍ അതിനു താന്‍ തയ്യാറാണ് .പക്ഷെ തന്‍റെ ജീവന്‍ നല്‍കിയാലും രൂപേഷിന് പൂര്‍വസ്തിയിലേക്ക് മടങ്ങുവാന്‍ ആവില്ലല്ലോ .ഉറച്ച തീരുമാനവുമായി ഉറങ്ങുവാന്‍ അയാള്‍ ഇമകള്‍ ഇറുക്കിയടച്ചു . തുറന്നിട്ടിരിക്കുന്ന ജാലകത്തിലൂടെ  നനുത്ത കാറ്റ്  മുറിയിലേക്ക് വീശിക്കൊണ്ടിരുന്നു . അര്‍ദ്ധരാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കം അയാളെ തേടിയെത്തി .

 ആശുപത്രിയില്‍   നിസഹായതയോടെ രാത്രിയില്‍ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വെളിച്ചം ഇഷ്ടപെടാത്ത   രൂപേഷ് വൈദ്യുതി പ്രകാശത്തില്‍   ഇമകള്‍ അടയ്ക്കുവാനാവാതെ കിടയ്ക്കുകയായിരുന്നു   . അയാളുടെ ജീവനോടെയുള്ള അവസാനത്തെ രാത്രിയായിരുന്നു ആ രാത്രി .അപ്പോള്‍ ദൂരെ  നിന്നും  മരണ ദേവനയച്ച  ദൂതന്‍റെ   വരവറിയിച്ചു കൊണ്ട്  കൂമന്‍റെ കരച്ചില്‍  കേള്‍ക്കുന്നുണ്ടായിരുന്നു .
                                                ശുഭം     
rasheedthozhiyoor@gmail.com                                                                            rasheedthozhiyoor.blogspot.com