ചിത്രം കടപ്പാട് Mr ishaqh.vp വരയിടം |
മേല്‍ക്കൂര ഓടിട്ട വര്‍ഷങ്ങളായി വെള്ളപൂശാത്ത വീടിന്‍റെ കുശിനിയില്‍ ഭക്ഷണം പാചകം ചെയ്യുകയാണ് കുഞ്ഞിരാമന്‍നായര്‍ .തപാല്‍ ജീവനക്കാരനായിരുന്ന അയാള്‍ തൊഴിലില്‍ നിന്നും വിരമിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. സേവനം അനുഷ്ഠിച്ച തപാല്‍ കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുടെ പ്രിയങ്കരനായിരിരുന്നു കുഞ്ഞിരാമന്‍നായര്‍ .ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ആരെയും അസൂയപ്പെടുത്തുന്ന സന്തോഷപ്രദമായ ജീവിതമായിരുന്നു അയാളുടേത്.കുഞ്ഞിരാമന്‍നായരും ,സഹധര്‍മ്മിണിയും ,ഒരേയൊരു മകനും, മകന്‍റെ ഭാര്യയും ,മകന്‍റെ രണ്ടു പെണ്മക്കളും അടങ്ങിയ കുടുംബം യാതൊരുവിധ സാമ്പത്തിക പരാധീനതകളും കൂടാതെയാണ് ജീവിച്ചിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ മകന്‍ ബാലകൃഷ്ണൻനായർ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരുന്നു.ഭാര്യയെ അയാള്‍ അമിതമായി സ്നേഹിച്ചിരുന്നു.തൊഴില്‍ കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് വന്നിരുന്ന ബാലകൃഷ്ണൻ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാനായിരുന്നു കൂടുതലിഷ്ടം .അവധിദിനങ്ങളിലും മറ്റും വീട്ടില്‍നിന്നും പുറത്തുപോകുമ്പോള്‍ അയാളുടെ കൂടെ ഭാര്യയുമുണ്ടാകും .
ബാലകൃഷ്ണൻനായരുടെ മക്കള്‍ക്ക് പതിമൂന്നും ,പതിനൊന്നും വയസുള്ളപ്പോഴാണ് ഭാര്യ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭംധരിച്ചത്.വാര്‍ത്തയറിഞ്ഞപ്പോള്‍ വീട്ടിലുള്ളവരെല്ലാവരും സന്തോഷിച്ചു.വീട്ടില്‍ ഇനി പിറക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍ കുഞ്ഞായിരിക്കണം എന്നതായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന .കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുതലായി എല്ലാവര്‍ക്കും അനുഭവപ്പെട്ടു.വൈകിയ പ്രായത്തിലെ ഗര്‍ഭധാരണമായതുകൊണ്ട് ശരീരം അനങ്ങാതെ സൂക്ഷിക്കണം എന്ന ഡോക്ടറുടെ നിര്‍ദേശം മൂലം ഗര്‍ഭണിയെ അനങ്ങുവാന്‍ വീട്ടില്‍ ആരുംതന്നെ അനുവദിച്ചില്ല.പ്രതീക്ഷയോടെ മാസങ്ങള്‍ കൊഴിഞ്ഞുപോയി . ആതുരസേവനത്തില്‍ ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗനിര്‍ണയം അനുവദനീയമല്ലെങ്കിലും ഭാര്യയുടെ ഏഴാം മാസത്തിലെ സ്കാനിംഗ് കാണുവാന്‍ ഡോക്ടര്‍ ബാലകൃഷ്ണൻനായാരെ അനുവദിച്ചു .ഗര്‍ഭാശയത്തിലെ ഗര്‍ഭസ്ഥശിശുവിനെ ഉപകരണത്തിലെ സ്ക്രീനില്‍ വിസ്മയത്തോടെ കണ്ടുകൊണ്ടിരുന്ന ബാലകൃഷ്ണൻനായര്‍ പിറക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മനസിലെ സന്തോഷത്തെ നിയന്ത്രിക്കുവാനയാള്‍ക്കായില്ല.സ്കാനിംഗ് അവസാനിക്കുന്നതിന് മുമ്പ്തന്നെ അയാള്‍ ഭാര്യയെ ചുംബിച്ചു. ഡോക്ടറുടെ മുമ്പാകെ അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്താലവള്‍ നാണത്തോടെ ഇമകള്‍ ഇറുക്കിയടച്ചു .
അന്ന് പതിവിലും നേരത്തെ ബാലകൃഷ്ണൻനായര്‍ വീട്ടിലെത്തി .ഭാര്യക്ക് അപ്പോള്‍ എട്ടുമാസം കഴിഞ്ഞിരുന്നു.അസ്വസ്ഥമായ ഭാര്യയെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു.
,,എന്താ ലക്ഷ്മി .....ലക്ഷ്മി വല്ലാതെ വിയര്‍ത്തിട്ടുണ്ടല്ലോ ? ,,
,,എന്തോ എനിക്ക് വല്ലാതെ നെഞ്ചുവേദനിക്കുന്നുണ്ട് .ഊണിന് പയറിന്‍റെ പുഴുക്ക് കഴിച്ചിരുന്നു ഗ്യാസ്ട്രബിള്‍ ആയിരിക്കും ,,
,, എന്നാല്‍ ഞാനൊരു മരുന്ന് ഉണ്ടാക്കിത്തരാം ,,
ബാലകൃഷ്ണൻനായര്‍ ഉടനെ കുശിനിയില്‍പോയി തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി അതില്‍ നിന്നും രണ്ട് ഉരുളകള്‍ ഭാര്യയുടെ നേര്‍ക്കുനീട്ടി പറഞ്ഞു.
,, എത്ര കടുപ്പമുള്ള ഗ്യാസ്ട്രബിളാണെങ്കിലും ഈ മരുന്ന് കഴിച്ചാല്‍ ഉടനെ ശമനം ലഭിക്കും ,,
ലക്ഷ്മി രണ്ട് ഉരുളകളും വാങ്ങികഴിച്ചുവെങ്കിലും അവളുടെ നെഞ്ചുവേദനയ്ക്ക് ശമനമുണ്ടായില്ല.സന്ധ്യയോടെ ലക്ഷ്മിയെ ആശുപത്രിയിലേക്ക്കൊണ്ടുപോയി .ഗര്‍ഭണികളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ് ലക്ഷ്മിയില്‍ പ്രകടമാകുന്നതെന്ന ഡോക്ടറുടെ വാക്കുകള്‍ കേട്ട് ബാലകൃഷ്ണൻനായര്‍ ഭയാകുലനായി മഹാ മൃത്യുഞ്ജയ മന്ത്രം ഉരുവിട്ടുക്കൊണ്ടിരുന്നു .
,, ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാഽമൃതാത് ,,
നെഞ്ചുവേദനയ്ക്ക് ശമനമില്ലതെയായപ്പോള്‍ ലക്ഷ്മിയെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു.പുലര്‍ച്ചെ രണ്ടുമണിയോടെ പ്രധാന ഡോക്ടര്‍ പുറത്തേക്ക് വന്നു ബാലകൃഷ്ണൻനായരോട് പറഞ്ഞു .
,, ക്ഷമിക്കണം ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ശ്രമിച്ചു പക്ഷെ നിങ്ങളുടെ ഭാര്യയേയും,കുഞ്ഞിനേയും രക്ഷിക്കുവാന്‍ ഞങ്ങള്‍ക്കായില്ല ,,
നെറ്റിയിലും,മുഖത്തും ഉതിര്‍ന്നുവരുന്ന വിയര്‍പ്പുകണങ്ങള്‍ തൂവാലയാല്‍ ഒപ്പിയെടുത്ത് നടന്നുനീങ്ങുന്ന ഡോക്ടറെ നോക്കി ബാലകൃഷ്ണൻനായര്‍ സ്തംഭിച്ചുനിന്നു .ഭാര്യയുടേയും ഗര്‍ഭസ്ഥശിശുവിന്‍റെയും വിയോഗം ബാലകൃഷ്ണന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.അയാള്‍ പിന്നീട് തൊഴിലിനുപോകാതെയായി .ഒരു ദിവസം കുഞ്ഞിരാമന്‍നായര്‍ മകനോട് പറഞ്ഞു .
,, എല്ലാം ഈശ്വരനിശ്ചയം അല്ലാതെ ഞാനിപ്പോള്‍ എന്താ പറയാ .ബാങ്കില്‍ നിന്നും വിളിച്ചിരുന്നു. ഇനിയും തൊഴിലിന് പോയില്ലായെങ്കില്‍ നിനക്ക് എന്നെന്നേയ്ക്കുമായി തൊഴില്‍ നഷ്ടപ്പെടും .തൊഴില്‍ നഷ്ടമായാല്‍ നമ്മള്‍ ഇനി എങ്ങിനെയാണ് ജീവിക്കുന്നത് .രണ്ടു പെണ്മക്കളാണ് കാലമായി വരുന്നത് .അവരെ പഠിപ്പിച്ച് നല്ല നിലയില്‍ വിവാഹംകഴിച്ചുക്കൊടുക്കെണ്ടേ ? ,,
ബാലകൃഷ്ണൻനായര്‍ അച്ഛന്‍റെ വാക്കുകള്‍ക്ക് മറുപടി പറയാതെ ലക്ഷ്മിയുടെ കുഴിമാടത്തിനരികില്‍ അല്പനേരം പ്രാര്‍ഥിച്ചതിനുശേഷം തിരിഞ്ഞുനടന്നു .അപ്പോള്‍ അസ്തമയസൂര്യന്‍റെ പ്രഭയില്‍ പ്രപഞ്ചമാകെ സ്വര്‍ണ്ണ വര്‍ണ്ണത്താല്‍ ചെതോഹരമായി കാണപ്പെട്ടു.ബാലകൃഷ്ണൻനായര്‍ പിന്നീട് തിരികെയെത്തിയില്ല .കുഞ്ഞിരാമന്‍നായര്‍ മകനെ തേടിയലഞ്ഞു . ബാലകൃഷ്ണൻനായരുടെ തിരോധാനം കുഞ്ഞിരാമന്‍നായരുടെ കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു.
ബാലകൃഷ്ണൻനായരുടെ തിരോധാനം മാനസീകമായും ശാരീരികമായും ഏറെ തളര്‍ത്തിയത് മാതാവ് വിശാലാക്ഷിയെയായിരുന്നു.വിധിയുടെ വേറൊരു താണ്ഡവമായിരുന്നു വിശാലാക്ഷിയുടെ നട്ടെല്ലിന് ഏറ്റ ക്ഷതം .പൈപ്പ്‌ലൈന്‍ വഴി കുശിനിയിലേക്ക് ജലമെത്തുമെങ്കിലും കുടിക്കുവാനുള്ള ജലം കിണറില്‍ നിന്നും കോരിയെടുത്ത് മണ്‍കുടത്തില്‍ ശേഖരിക്കുകയാണ് പതിവ്.അന്ന് മണ്‍കുടത്തില്‍ ജലമെടുത്ത് തിരിഞ്ഞപ്പോള്‍ വിശാലാക്ഷി കാല്‍ വഴുതിവീണു .വീഴ്ചയില്‍ നട്ടെല്ലിന് സാരമായി പരിക്കുപറ്റിയ അവര്‍ക്ക് പിന്നീട് പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കുവാന്‍ പറ്റാതെയായി .ചികിത്സകള്‍ അനവധി ചെയ്തുവെങ്കിലും അവരുടെ രോഗാവസ്ഥയില്‍ യാതൊരുവിധ മാറ്റവും സംഭവിച്ചില്ല .കുഞ്ഞിരാമന്‍നായര്‍ കുഷിനിയിലെ ജോലികള്‍ ഏറ്റെടുത്തു .അയാള്‍ക്ക് ഭക്ഷണം പാചകം ചെയ്യുവാന്‍ അറിയില്ലായിരുന്നു .അയാള്‍ അടുക്കളയിലെ ജോലികള്‍ക്കായി കുശിനിയില്‍ കയറിയാല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഭാര്യ അയാള്‍ക്ക് പാചകം പഠിപ്പിച്ചു.ഇന്ന് കുഞ്ഞിരാമന്‍നായര്‍ ഒന്നാന്തരം പാചകക്കാരനാണ്. പേരക്കുട്ടികള്‍ക്ക് ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കുഞ്ഞിരാമന്‍നായര്‍ ആനന്ദം കണ്ടെത്തി .
പറമ്പില്‍ നിന്നും കാര്യമായ വരുമാനമില്ലാത്ത ആ കുടുംബത്തിന്‍റെ ജീവിതം കുഞ്ഞിരാമന്‍നായരുടെ പെന്‍ഷന്‍ തുകയാല്‍ ഒരുവിധം ജീവിച്ചുപോന്നു.പേരക്കുട്ടികള്‍ക്ക് പ്രാതല്‍ നല്‍കി അവര്‍ക്ക് കൊണ്ടുപോകുവാനുള്ള ഭക്ഷണം ടിഫിനിലാക്കിയപ്പോഴേക്കും സമയം എട്ടര കഴിഞ്ഞിരുന്നു.ഭാര്യയ്ക്കും അയാള്‍ക്കുമുള്ള പ്രാതല്‍ ഒരു പാത്രത്തിലെടുത്തയാള്‍ കിടപ്പുമുറിയിലേക്ക് ചെന്നു .ഭാര്യ ഒരു വശം ചെരിഞ്ഞു കിടപ്പാണ്. കാല്‍പെരുമാറ്റം കേട്ടപ്പോള്‍ അവര്‍ നീണ്ടുനിവര്‍ന്നു കിടന്നു .കുഞ്ഞിരാമന്‍നായര്‍ വിശാലാക്ഷിയെ ചുമരില്‍ ചാരിയിരിക്കുവാന്‍ സഹായിച്ചു.ചൂടാറാത്ത ഇഡലിയും,സാമ്പാറും കഴിക്കുമ്പോള്‍ വിശാലാക്ഷിയുടെ ഇമകള്‍ നിറഞ്ഞത് കണ്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ ചോദിച്ചു .
,, എന്താ ഇന്നത്തെ മനസിലെ സങ്കടം .ജീവിതം ഇങ്ങിനെയൊക്കെയാണ്. ഉള്ളജീവിതം സന്തോഷത്തോടെ ജീവിക്കുവാനാണ് മനസുണ്ടാവേണ്ടത്.കരഞ്ഞുതീര്‍ക്കുവാനുള്ളതല്ല ജീവിതം ,,
ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ ഇടതുകൈയ്യാലെ തുടച്ചുക്കൊണ്ട് വിശാലാക്ഷി പറഞ്ഞു.
,, നമ്മുടെ മോന് എങ്ങിനെ മനസ്സുണ്ടായി നമ്മളെവിട്ടുപോകുവാന്‍ .എന്‍റെ കണ്ണടയുന്നതിനു മുമ്പ് എനിക്ക് നമ്മുടെ മോനെ ഒരു നോക്ക് കാണുവാനാവുമോ ? ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍ മനസിന് അല്പമെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു ,,
കുഞ്ഞിരാമന്‍നായര്‍ ഒന്ന് നെടുവീര്‍പ്പിട്ടു ഇമകള്‍ തുടച്ചുക്കൊണ്ട് പറഞ്ഞു.
,,വീടുവിട്ടുപോകുവാന്‍ മാത്രം ഞാനൊന്നും അവനോട് പറഞ്ഞിട്ടില്ല .ലക്ഷ്മിയെ അവന് ജീവനായിരുന്നു .അവളുടെ വിയോഗം നമ്മുടെ മോന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു,,
പഠിക്കുവാന്‍ പോകുവാനായപ്പോള്‍ പേരക്കുട്ടികള്‍ രണ്ടുപേരും കിടപ്പുമുറിയിലേക്ക് വന്ന് രണ്ടുപേര്‍ക്കും ചുംബനങ്ങള്‍ നല്‍കിക്കൊണ്ട് യാത്രപറഞ്ഞിറങ്ങി . വിശാലാക്ഷി തുടര്‍ന്നു .
,,അനാമിക മോളുടെ പന്ത്രണ്ടാം ക്ലാസ്സ് അവസാനവര്‍ഷ പരീക്ഷ തുടങ്ങുവാന്‍ ഇനി രണ്ടുമാസമേയുള്ളൂ .അവള്‍ ജയിച്ചാല്‍ എന്ജിനിയറിങ്ങിനു പഠിക്കണം എന്നാണ് പറയുന്നത്. അതിനുള്ള പണം നമ്മള്‍ എങ്ങിനെയാണ് കണ്ടെത്തുന്നത് .രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ശ്രീകല മോളും പന്ത്രണ്ടാം ക്ലാസ്സ് കഴിയും .,,
കുഞ്ഞിരാമന്‍നായര്‍ അല്പനേരം ആലോചിച്ചതിനു ശേഷം പറഞ്ഞു.
,, താന്‍ ഇങ്ങിനെ ഓരോന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കല്ലേ ....ഇതുവരെ നമുക്കവരെ പഠിപ്പിക്കുവാനായില്ലേ.... അവരുടെ ആഗ്രഹംപോലെ ഇനിയും അവര്‍ക്ക് പഠിക്കുവാനാവും ,,
പ്രാതല്‍ കഴിച്ചുകഴിഞ്ഞപ്പോള്‍ പാത്രം കഴുകി കുഞ്ഞിരാമന്‍നായര്‍ വിശാലാക്ഷിയുടെ അരികില്‍വന്നു വീണ്ടും സംസാരിച്ചിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വിശാലക്ഷിയുടെ ദേഹമാസകലം തൈലം തേച്ചു കുളിക്കാന്‍ സഹായിച്ചു.കുഞ്ഞിരാമന്‍നായര്‍ അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ മാത്രമേ പുറത്തുപോകുന്ന പതിവുള്ളൂ, അതും പേരക്കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ മാത്രം .കിടപ്പിലായതിനുശേഷം വിശാലാക്ഷിയെ തനിച്ചാക്കിയിട്ടു ഇതുവരെ അയാള്‍ എവിടേക്കും പോയിട്ടില്ല.ഇപ്പോള്‍ രക്തവാതത്തിന്‍റെ അസ്ഥിരതയാല്‍ ഇടതു കാല്‍പാദങ്ങള്‍ക്ക് സ്വല്പം വേദന അനുഭവപ്പെടുന്നുണ്ട്.
പന്ത്രണ്ടാം ക്ലാസ്സ് അവസാന വര്‍ഷ പരീക്ഷാഫലം വന്നപ്പോള്‍ അനാമിക തരക്കേടില്ലാത്ത മാര്‍ക്കുവാങ്ങി വിജയിച്ചു.എന്ജിനിയറിങ്ങിനു ചേരുന്നതിനു മുന്നോടിയായി കോച്ചിംഗ് ക്ലാസിന് പോകണമെന്ന് പറഞ്ഞപ്പോള്‍ അവിടെ അടയ്ക്കേണ്ട തുകയ്ക്ക് വേണ്ടി എന്തുചെയ്യുമെന്നറിയാതെ കുഞ്ഞിരാമന്‍നായര്‍ ധര്‍മ്മസങ്കടത്തിലായി .അടുത്തുതന്നെ എന്ജിനിയറിങ്ങിനു ചേരാനുള്ള തുകയും കണ്ടത്തെണ്ടിയിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ എന്തുചെയ്യുമെന്നറിയാതെ അയാള്‍ ചിന്തയിലാണ്ടിരുന്നു .അവസാനമയാള്‍ ഒരു ഉറച്ചതീരുമാനത്തിലെത്തി .മുപ്പതു സെന്‍റ് പുരയിടത്തില്‍ നിന്നും പത്തു സെന്‍റ് വസ്തു വില്‍ക്കുവാനയാള്‍ തീരുമാനിച്ചു.ഗ്രാമത്തിലൊരു പുതു പണക്കാരനുണ്ട് മുമ്പ് പറമ്പ് കിളക്കുവാന്‍ വന്നിരുന്ന ഗോപാലന്‍റെ മകന്‍ രാജീവന്‍ അയാളിപ്പോള്‍ ഗള്‍ഫില്‍ എന്തൊക്കയോ വ്യാപാരങ്ങള്‍ നടത്തുകയാണെന്ന് പറഞ്ഞു കേട്ടിരുന്നു.ഗ്രാമത്തില്‍ ലഭിക്കാവുന്ന ഭൂമിയൊക്കെ അയാള്‍ വാങ്ങികൂട്ടുകയാണ് .മകന്‍ ബാലകൃഷ്ണന്‍റെ സഹപാഠിയാണ് രാജീവന്‍ .അടുത്ത ദിവസം കുഞ്ഞിരാമന്‍നായര്‍ രാജിവനെ കാണുവാനായിപോയി.പുതിയ ഇരുനില വീടിന്‍റെ പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയാണ് ഗോപാലന്‍ .കുഞ്ഞിരാമന്‍നായരെ കണ്ടപ്പോള്‍ ഗോപാലന്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ് കുഞ്ഞിരാമന്‍നായരുടെ അരികിലേക്ക് വന്നു ചോദിച്ചു .
,, ആരാ ഈ വന്നിരിക്കുന്നെ..... മാഷെ കണ്ടിട്ട് ഒരുപാട് കാലമായല്ലോ .മകനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലാ അല്ലെ .എന്താ ചെയ്യാ എല്ലാം വിധി അല്ലാതെ എന്താ ഇതിനൊക്കെ പറയാ വരൂ കയറിയിരുന്ന് സംസാരിക്കാം ,,
തറയില്‍ മുന്തിയതരം ഗ്രാനൈറ്റ് പാകിയിരിക്കുന്നു .കണ്ണാടിപോലെ തിളങ്ങുന്ന ഗ്രാനൈറ്റിനു മുകളിലെ നല്ല ഭംഗിയുള്ള ഇരിപ്പിടത്തിലേക്ക് ഗോപാലന്‍ അയാളെ ആനയിച്ചു.
,, ഞാന്‍ മകന്‍ രാജിവനെ കാണുവാനാണ് വന്നത് മകനിവിടെയില്ലേ ,,
,, അയ്യോ അവന്‍ പത്തുദിവസത്തെ അവധിക്ക് വന്നതാണ് പക്ഷെ ഗള്‍ഫില്‍ നിന്നും ഉടനെ തിരികെയെത്താന്‍ വിളി വന്നു .ഇന്നലെ മോന്‍ തിരികെ പോയല്ലോ .എന്താ വിശേഷിച്ച് ? വൈകീട്ട് വിളിക്കുമ്പോള്‍ ഞാന്‍ കാര്യം പറഞ്ഞോളാം ,,
പോയ കാര്യം പറഞ്ഞ് അയാള്‍ തിരികെ പോന്നു .മനസ് വല്ലാതെ അസ്വസ്ഥമാണ് .ഭൂമി വില്‍ക്കുവാനായില്ലെങ്കില്‍ അനാമികമോളുടെ പഠിപ്പ് അവതാളത്തിലാവും .മനസിലെ സങ്കടം ഒതുക്കിവെച്ച് അയാള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ വിശാലാക്ഷി ചോദിച്ചു .
,, പോയ കാര്യം എന്തായി ആ ചെറുക്കനെ കണ്ടോ ?,,
,, ഇല്ല അയാളെ കാണുവാനായില്ല. അയാള്‍ ഇന്നലെ വിദേശത്തേക്ക് പോയത്രേ .ഗോപാലനോട് വിവരം ധരിപ്പിച്ചിട്ടുണ്ട് ,,
കുഞ്ഞിരാമന്‍നായര്‍ പൂമുഖത്തെ ചാരുകസേരയിലിരുന്ന് തൊടിയിലേക്ക് നോക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്യമാകുന്ന പ്രദേശത്ത് പശുവും കിടാവും പുല്ല് തിന്നുന്നത് അയാള്‍ ഒരുപാടുനേരം നോക്കിയിരുന്നു .
അടുത്ത ദിവസം സമയം പന്ത്രണ്ടുമണി കഴിഞ്ഞുകാണും മുറ്റത്ത് വാഹനം വന്നുനിന്ന ശബ്ദം കേട്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ പൂമുഖത്തേക്ക് ചെന്നുനോക്കി .ഗോപാലന്‍ വാഹനത്തില്‍ നിന്നും ഇറങ്ങിവന്നു.അയാളുടെ കൈയ്യില്‍ ഒരു പൊതിയുമുണ്ടായിരുന്നു.ഗോപാലന്‍ പറഞ്ഞു.
,, ഇന്നലെ മോന്‍ വിളിച്ചപ്പോള്‍ ഞാന്‍ ഇവിടത്തെ പ്രയാസങ്ങള്‍ മോനോട് പറഞ്ഞു .ഇവിടത്തെ കുട്ടിയുടെ പഠിപ്പിനുവേണ്ടിയാണ് ഭൂമി വില്‍ക്കുന്നത് എന്നറിഞ്ഞപ്പോള്‍ രാവിലെ പത്തുമണിക്ക് മുമ്പ്തന്നെ ഇവിടെ പണം എത്തിക്കണം എന്ന് മോന്‍ പറഞ്ഞിരുന്നു .ബാങ്കില്‍ പോയപ്പോള്‍ കൂടുതല്‍ തുകയുള്ളതുകൊണ്ട് പണം ലഭിക്കാന്‍ സമയമെടുത്തു .പിന്നെ ഭൂമിയുടെ കാര്യം മോന്‍ വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു,,
കൈയ്യിലെ പൊതി കുഞ്ഞിരാമന്‍നായരുടെ കൈയ്യില്‍ കൊടുത്തിട്ട് അയാള്‍ പറഞ്ഞു .
,, പണത്തിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. മക്കളുടെ പഠിപ്പ് മുടങ്ങരുത് .ഇത് എന്‍റെ വാക്കുകളല്ല എന്‍റെ മോന്‍ മാഷോട് പറയുവാന്‍ പറഞ്ഞ വാക്കുകളാണ് .ഞാന്‍ പോകുന്നു .ഊണിനുള്ള മത്സ്യം വാങ്ങിയത് വാഹനത്തിലുണ്ട് ഇനിയും വൈകിയാല്‍ മത്സ്യം കേടാവും ,,
ചായ എടുക്കാം എന്ന കുഞ്ഞിരാമന്‍നായരുടെ വാക്കുകള്‍ സ്നേഹത്തോടെ നിരസിച്ചുകൊണ്ട് ഗോപാലന്‍ വാഹനത്തില്‍ കയറിപോയി. ഈശ്വരന്‍ നേരിട്ട് തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് പോലെയാണ് അപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ക്ക് അനുഭവപ്പെട്ടത് .ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ ഒരു പരിചയക്കാരന്‍ കുഞ്ഞിരാമന്‍നായരെ കാണുവാനായി വന്നു .അഥിതി കയറിയിരുന്നു പറഞ്ഞു .
,,ഞാനും കുടുംബവും കഴിഞ്ഞ ദിവസം മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരുന്നു. അവിടെ ഞങ്ങള്‍ കണ്ട ഒരു സന്യാസിയുടെ മുഖത്തിന് അങ്ങേയുടെ കാണാതായ മകന്‍റെ മുഖച്ഛായയാണ് തോന്നിയത് .നീട്ടിവളര്‍ത്തിയ തലമുടിയും താടിയുമുള്ള ആ സന്യാസി അങ്ങേയുടെ മകനാണെന്ന് എനിക്കുറപ്പുണ്ട് .ഞങ്ങള്‍ ആളെ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണ് ഞങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ലാതെ ഞങ്ങളുടെ അരികില്‍ നിന്നും അയാള്‍ വേഗത്തില്‍ പോയ്മറഞ്ഞത് .ഈ വിവരം ഇവിടെ വന്നു പറയാതെ മനസ് അസ്വസ്ഥമായിരുന്നു. കുഞ്ഞിരാമന്‍നായര്‍ അവിടെവരെ ഒന്ന് പോയ്നോക്കൂ ,,
ആ വാര്‍ത്തകേട്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ക്ക് സങ്കടവും സന്തോഷവും ഒരുപോലെ തോന്നി കുഞ്ഞിരാമന്‍നായര്‍ പറഞ്ഞു .
,, ഒരിക്കലും ഞങ്ങളുടെ മോന്‍ ഞങ്ങളില്‍ നിന്നും ഒളിച്ചോടുമെന്നു നിരീച്ചില്ല.ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് അവന്‍റെ ഈ സന്യാസ ജീവിതം .അവന്‍റെ മാതാപിതാക്കളെ അവന്‍ മറന്നോട്ടെ പക്ഷെ അവന്‍റെ രക്തത്തില്‍ പിറന്ന രണ്ടു പെണ്മക്കളെ അവന്‍ മറക്കരുതായിരുന്നു.എന്‍റെ ജീവന്‍ ബാക്കിയായതുകൊണ്ട് മക്കള്‍ അല്ലലില്ലാതെ വളര്‍ന്നു .മറിച്ചായിരുന്നെങ്കില്‍. എന്താകുമായിരുന്നു അവരുടെ ജീവിതം .നാളെ നേരം പുലര്‍ന്നോട്ടെ അവന്‍ മൂകാംബികയിലുണ്ടെങ്കില്‍ ഞാനവനെ കണ്ടെത്തിയിരിക്കും ,,
അന്നുരാത്രി ഉറങ്ങുവാന്‍ കുഞ്ഞിരാമന്‍നായര്‍ക്കായില്ല .പുലര്‍ച്ചെ യാത്രയാകുവാന്‍ വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ട് .പേരക്കുട്ടികളും കൂടെ വരുന്നു എന്ന് പറഞ്ഞുവെങ്കിലും അയാള്‍ അത് നിരസിച്ചു.അയല്‍പക്കത്തെ ദാമോദരന്‍ കൂടെ വരാമെന്ന് പറഞ്ഞത് അയാള്‍ക്കാശ്വാസമായി.നേരം ഏതാണ്ട് പുലര്‍ച്ചെ മൂന്നുമണികഴിഞ്ഞുകാണും .കുഞ്ഞിരാമന്‍നായര്‍ ഉറങ്ങുവാനാവാതെ അസ്വസ്ഥതയോടെ എഴുന്നേറ്റിരുന്നു. വിശാലാക്ഷി അയാളോട് ചോദിച്ചു .
,, പോകുവാനാവുന്നല്ലെയുള്ളൂ എന്തിനാ ഇത്ര നേരത്തെ ഉറക്കമുണര്‍ന്നത് .കെടന്നോളൂ........ സമയമാകുമ്പോള്‍ ഞാന്‍ ഉണര്‍ത്താം ,,
അയാള്‍ അരണ്ടവെളിച്ചത്തില്‍ വൈദ്യുതി സ്വീച്ച് ഓണാക്കുവാനായി എഴുന്നേറ്റു നടന്നു. പക്ഷെ അയാള്‍ക്ക് നടക്കുവാനാവുന്നില്ലായിരുന്നു .നെഞ്ചിനുള്ളില്‍ വല്ലാതെ വേദന അനുഭവപ്പെട്ടു. ഹൃദയത്തിനു മുകളില്‍ വലിയ പാറകല്ല് എടുത്തുവെച്ചതുപോലെ . ശ്വസോച്ചാസം സുഖമമായി നടക്കുന്നില്ല.അപ്പോള്‍ അയാള്‍ അമിതമായി വിയര്‍ക്കുന്നുണ്ടായിരുന്നു.വലതു കാല്‍പാദം മുന്നോട്ടെടുക്കാന്‍ ശ്രമിച്ച അയാള്‍ അവശനായി നിലംപതിച്ചു.വീഴ്ചയുടെ ശബ്ദംകേട്ട് വിശാലാക്ഷി എഴുന്നേല്‍ക്കുവാതെ നിസഹായയായി നിലവിളിച്ചു .നിലവിളികേട്ട് അടുത്ത കിടപ്പുമുറിയില്‍ നിന്നും ,അനാമികയും ശ്രീകലയും ഓടിവന്ന് പ്രകാശം തെളിയിച്ചു നോക്കിയപ്പോള്‍ മുത്തച്ഛന്‍ തറയില്‍ വീണുകിടക്കുന്നത്കണ്ട് അനാമിക അയാളുടെ ശിരസ്സ് അവളുടെ മടിയിലേക്ക് എടുത്തുവച്ച് ചോദിച്ചു .
,, മുത്തച്ഛാ എന്താ ...എന്താ മുത്തച്ഛന് പറ്റിയെ? എന്താ ഉണ്ടായെ? ,,
ആ നിമിഷങ്ങളിൽ കുഞ്ഞിരാമന്‍നായരുടെ കണ്ണുകള്‍ തുറിച്ചു. വായില്‍നിന്നും രക്തമൊഴുകി. അയാളുടെ ഇമകളടഞ്ഞു .പതിയെ അയാളുടെ ശ്വാസവും നിലച്ചു.അവിടമാകെ ആര്‍ത്തനാദം മുഴങ്ങി . കുഞ്ഞിരാമന്‍നായരുടെ ഭൂലോകവാസത്തിലെ അയാള്‍ക്ക് അനുവദനീയമായ അവസാനത്തെ ദിവസമായിരുന്നു ആ ദിവസം. മകനെ അന്വേഷിച്ചുള്ള യാത്രപോകുവാനാവാതെ അയാള്‍ കാലയവനികക്കുള്ളിൽ മറഞ്ഞു.ആ വീട്ടില്‍ ബാക്കിയായ മൂന്ന് ജീവനുകള്‍ ജീവിതം ഇനിയെങ്ങിനെ ജീവിച്ചു തീര്‍ക്കുമെന്നറിയാതെ വിധിയുടെ ക്രൂരതയ്ക്ക് മുമ്പില്‍ പകച്ചുനിന്നു.
ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.qa