ചിന്താക്രാന്തൻ

Showing posts with label ` ഒറി `എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി. Show all posts
Showing posts with label ` ഒറി `എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി. Show all posts

8 August 2012

ചെറു കഥ , ` ഒറി `എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്

               കാല വര്‍ഷത്തിന്‍റെ ആരംഭം കുറിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പെയ്തു  തുടങ്ങിയ മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .     പാടശേഖരങ്ങളുടെ  ഓരം ചേര്‍ന്നായിരുന്നു  അനൂപിന്‍റെ  കൊച്ചു വീട്.  മൂടി പുതച്ചു കിടന്ന്    ഉറങ്ങുകയായിരുന്ന അനൂപ്‌ ടൈം പീസിലെ  അലറാം അടിക്കുന്ന ശബ്ദംകേട്ട്‌ കൊണ്ടാണ് ഉറക്കം ഉണര്‍ന്നത്. സമയം ഏഴുമണി ആയിരിക്കുന്നു  . പുതപ്പിന്‍റെ അറ്റം മുഖത്ത് നിന്നും നീക്കി  തുറന്നിട്ട ജാലകത്തിലൂടെ അയാള്‍ പുറത്തേക്കു നോക്കി .നേരം പുലരേണ്ട സമയം കഴിഞ്ഞിട്ടും പ്രകൃതി മഴക്കാറ് മൂലം  ഇരുണ്ടു തന്നെയിരുന്നു .മഴ ആര്‍ത്തിരമ്പി പെയ്യുന്നതിനോടൊപ്പം നല്ല ഇടിയും മിന്നലും ഉണ്ട് ,  മഴ  പെയ്യുന്നത്  കണ്ടുകൊണ്ട് കിടക്കുവാന്‍ എന്നും അയാള്‍ ഇഷ്ട പെട്ടിരുന്നു .അതു കൊണ്ടു തന്നെ മഴക്കാലത്ത് ജാലക വാതില്‍ തുറന്ന് കിടന്നുറങ്ങുവാന്‍ അമ്മയില്‍ നിന്നും അയാള്‍ക്ക്‌ അനുമതി ഇല്ലാതിരുന്നിട്ടു കൂടി  ജാലക വാതില്‍ തുറന്നിട്ടു കൊണ്ടു തന്നെയാണ് അയാള്‍ ഉറങ്ങുവാന്‍ കിടക്കാറ് പതിവ് .മിന്നല്‍ ഏല്‍ക്കും എന്ന അമ്മയുടെ വാദം അയാള്‍ ചെവികൊണ്ടിരുന്നില്ല .

മകന്‍  പതിവായി ഉറക്കമുണര്‍ന്നു വരാറുള്ള സമയം കഴിഞ്ഞിട്ടും ഉറക്കമുണര്‍ന്നു വരാതെ ആയപ്പോള്‍ അമ്മ അയാളുടെ അരികിലേക്ക് ചെന്നു ചോദിച്ചു ? 

,, എന്തൊരു  ഉറക്കമാ ...എന്‍റെ കുട്ടി ഇത് .നേരം ഒരുപാടായിട്ടോ, ജോലിക്ക് പോവേണ്ടതല്ലേ.ഭക്ഷണം എല്ലാം   തയ്യാറാക്കിവെച്ചിട്ടുണ്ട് എന്‍റെ മോന്‍  വേഗം പോയി കുളിച്ചു വസ്ത്രം മാറി പോന്നോളു  ,,
,, നല്ല മഴയല്ലെ അമ്മേ ,ഇന്ന് ഇത്തിരി  വൈകി പോയാല്‍ മതി എന്തൊരു സുഖമാണെന്നോ  ഈ മഴയും കണ്ടുകൊണ്ടിങ്ങനെ  ചുരുണ്ടുകൂടി  കിടക്കുവാന്‍  ,,
എന്നും ജോലിക്ക് പോകുന്നതില്‍ കൃത്യത കാണിക്കുന്ന മകന്‍റെ സംസാരം കേട്ടപ്പോള്‍ അമ്മ അയാളുടെ കഴുത്തിലും മുഖത്തും തൊട്ട് നോക്കി പനിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തി അടുക്കളയിലേക്ക് നടന്നു .
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് അമ്മയും അനിയത്തിയും കിടക്കാറുള്ള മുറിയിലേക്ക് ചെന്നു നോക്കി .അവിടെ  ഡിഗ്രിക്ക് രണ്ടാം വര്‍ഷം  പഠിക്കുന്ന അനിയത്തി  പഠിക്കുന്നത് കണ്ടപ്പോള്‍  അയാളുടെ മുഖത്ത്  സന്തോഷം നിഴലിച്ചിരുന്ന . പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് പ്രഭാത ഭക്ഷണവും കഴിഞ്ഞ് അമ്മയോടും സഹോദരിയോടും യാത്ര പറഞ്ഞ് മഴ ക്കോട്ട് ധരിച്ച് സൈക്കിളില്‍ ജോലി സ്ഥലം   ലക്ഷ്യംവെച്ച് നടവരമ്പിലൂടെ നീങ്ങി .

വീട്ടില്‍ നിന്നും നോക്കിയാല്‍ പ്രധാന പാത കാണാം വീടിനു മുന്‍പിലെ  പാടശേഖരങ്ങളുടെ  കുറുകെയുള്ള  നടവരമ്പിലൂടെ പോയി പെരും തോടിനു കുറുകെയുള്ള പാലം കടന്നു വേണം പ്രധാന പാതയിലേക്ക് പ്രവേശിക്കുവാന്‍ . ശ്രദ്ധ  അല്പമൊന്നു തെറ്റിയാല്‍  സൈക്കിള്‍ പാടത്തേക്ക് തെന്നിവിഴും .പതിവിലും നേരം വൈകിയതു കൊണ്ട് അനൂപ്‌  സൈക്കിള്‍ ചവിട്ടുന്നതിനു അല്‍പം വേഗത കൂട്ടി

മഴ കോട്ടിന്‍റെ ആവരണം ഇല്ലാത്ത മുഖത്തും കൈകളിലും ക്കനമുള്ള മഴത്തുള്ളികള്‍ പതിക്കുമ്പോള്‍ നല്ല വേതന  അനുഭവപെടുന്നുണ്ടായിരുന്നു .എന്നാലും  മഴയിലൂടെ യാത്ര ചെയ്യുവാന്‍ എന്നും അയാള്‍ക്ക്‌ ഇഷ്ട മായിരുന്നു .സ്റ്റെഷനറി കടയില്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയിട്ട്  പതിനൊന്നു വര്‍ഷം തികയുവാന്‍ പോകുന്നു .എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍  സര്‍ക്കാര്‍ ഓഫീസില്‍ ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന അച്ഛന്‍റെ അപകട  മരണം അയാളുടെ  ജീവിതം മാറ്റി മറിച്ചു.
നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ട് അധികം നാളൊന്നും അമ്മയും പെങ്ങളും അടങ്ങിയ അയാളുടെ കുടുംബത്തിന് ജീവിക്കുവാന്‍ കഴിഞ്ഞില്ല .അടുത്തുള്ള കയര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ജോലിക്ക് പോകുവാന്‍ ഒരുങ്ങിയ അമ്മയെ അതില്‍നിന്നും വിലക്കിയത് അയാള്‍ തന്നെയാണ് .
അതു കൊണ്ട് തന്നെയാണ് പത്താംക്ലാസില്‍  തരക്കേടില്ലാത്ത മാര്‍ക്ക്‌ ലഭിച്ചിട്ടും തുടര്‍ന്ന് പഠിക്കാതെ ജോലി അന്വേഷിച്ചിറങ്ങിയതും .

  പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിനടുത്തുള്ള  വീട്ടിലാണ് അയാള്‍ ടൂഷ്യന്‍  പഠിക്കുവാന്‍ പോയിരുന്നത് പഠിപ്പിച്ചിരുന്ന ചേച്ചിയുടെ ഭര്‍ത്താവ് മുഴുനീള മദ്യപാനിയായിരുന്നു  .ഒരിക്കല്‍ മദ്യപാന മുക്ത  കേന്ദ്രത്തിലെ ചികിത്സ കഴിഞ്ഞപ്പോള്‍ കുറേ നാള്‍  മദ്യപാനം ചേച്ചിയുടെ ഭര്‍ത്താവ്   ഉപേക്ഷിച്ചിരുന്നു .ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന ചേച്ചിയുടെ ഭര്‍ത്താവാണ് ഒരു സ്റ്റെഷനറി  കട തുടങ്ങണം എന്നു പറഞ്ഞത് ,  കുട്ടികള്‍ക്ക് ടൂഷ്യന്‍ എടുത്ത് സ്വരൂപിച്ച രൂപയും താമസിക്കുന്ന പുരയിടത്തില്‍ നിന്നും ആകെയുള്ള പതിനഞ്ചു സെന്‍റ് ഭൂമിയില്‍  നിന്നും എട്ട് സെന്‍റ് ഭൂമി വില്‍ക്കുകയും ചെയ്ത രൂപകൊണ്ടാണ് അടുത്ത പട്ടണത്തില്‍ സ്റ്റെഷനറി  കട ആരഭിച്ചത്. കട ആരഭിക്കുമ്പോള്‍ അനൂപ്‌ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു.ഒരു വര്‍ഷത്തോളം ചേച്ചിയുടെ ഭര്‍ത്താവ് നല്ല രീതിയില്‍  കടയില്‍ വ്യാപാരം ചെയ്തു പിന്നീട് വീണ്ടും മദ്യപാനം തുടങ്ങുകയും സ്റ്റെഷനറി കട പൂട്ടിയിടുകയും  ചെയ്തു.


പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടിനായി കാത്തിരിക്കുമ്പോഴാണ് പൂട്ടി കിടക്കുന്ന കടയിലേക്ക് ജോലിക്ക്‌ ആളെ വേണം എന്ന് അനൂപ്‌ അറിയുന്നത് .വിവരം അറിഞ്ഞ ഉടനെതന്നെ ട്ടൂഷ്യന്‍ ട്ടീച്ചറോട്  അയാള്‍ പറഞ്ഞു .

,, ഞാന്‍  ജോലി അന്യഷിക്കുന്നുണ്ട്  നിങ്ങളുടെ കടയിലേക്ക് ആളെ വേണം എന്നു കേട്ടു കട തുറന്ന് ഞാന്‍ കച്ചവടം ചെയ്തോളാം ,,

,, അനൂപ്‌  പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം അറിയാന്‍ കാത്തിരിക്കുകയല്ലെ കുട്ടി നല്ല മാര്‍ക്കോട് കൂടി ജയിക്കും എന്ന് എനിക്ക് ഉറപ്പാ ഇപ്പോള്‍ത്തന്നെ ജോലിക്ക് പോകുവാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണോ  പഠിച്ച് വലിയ  ഉദ്ദ്യോഗസ്ഥനാവേണ്ടേ  കുട്ടിക്ക് ,,

,, ഞാന്‍ ഇനി പഠിക്കുന്നില്ല ചേച്ചി . വീട്ടില്‍ വല്ല്യ കഷ്ടപാടാ അമ്മ കയറു പിരി കേന്ദ്രത്തില്‍ ജോലിക്ക് പോകും എന്നാ പറയുന്നത് .അമ്മക്ക് ആസ്മ യുടെ സുഖക്കേട്‌ ഉള്ളതാ കയറു പിരി കേന്ദ്രത്തില്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയാല്‍ അമ്മക്ക് തീരെ വയ്യാണ്ടാകും  എനിക്ക് എന്‍റെ അനിയത്തിയെ പഠിപ്പിക്കണം പട്ടിണിയില്ലാതെ എന്‍റെ കുടുംബം    പോറ്റ്ണം         ,,
,,അനൂപ്‌ അമ്മയോട് സമ്മതം ചോദിച്ചിട്ട്  അമ്മക്ക് സമ്മതം  ആണെന്ന്  വെച്ചാല്‍ നാളെ രാവിലെ പോന്നോളു .കടയുടെ താക്കോല്‍ തരാം ,,
പഠിപ്പ് മുടക്കുവാന്‍ അമ്മക്ക് സമ്മതമായിരുന്നില്ല അമ്മയെ ജോലിക്ക് പറഞ്ഞയക്കുവാന്‍ മകനും സമ്മത മായിരുന്നില്ല .
 അടുത്ത ദിവസം  രാവിലെ  ജോലിക്ക് പോകുവാന്‍ തയ്യാറായി  വീട്ടില്‍ നിന്നും  ഇറങ്ങുവാന്‍ നേരം അനൂപ്‌ അമ്മയോട് പറഞ്ഞു .
,, ഞാന്‍ ജോലിക്ക് പോകുന്നു .നമ്മുടെ വീട്ടിലെ ദാരിദ്ര്യം മാറണമെങ്കില്‍ ഇതല്ലാതെ വേറെ ഒരു വഴിയും എന്‍റെ മുന്‍പില്‍ ഇല്ല .അമ്മ എതിര്‍പ്പ് പറയരുത് ,,

അമ്മ ഒന്നും പറഞ്ഞില്ല  അവര്‍  നിസഹായതോടെ  നിന്നു . വീടിന്‍റെ ചവിട്ടു പടി ഇറങ്ങി പോകുന്ന മകന്‍ ആ അമ്മയുടെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നത്  കണ്ടില്ല .

വീട്ടില്‍നിന്നും നേരെപോയി കടയുടെ താക്കോല്‍ വാങ്ങി കച്ചവടം ആരംഭിച്ചു. അന്നു മുതല്‍ തുടങ്ങിയതാണ്‌  ദിനേനെയുള്ള ഈ പോക്കുവരവ് . ഇപ്പോള്‍ പതിനൊന്നു വര്‍ഷം പിന്നിട്ടിരിക്കുന്നു.ഈ കാലയളവില്‍ ഒരുമുറി പീടിക രണ്ടു മുറിയായി വിപുലീകരിച്ചു .കടയില്‍ രണ്ടു തൊഴിലാളികളേയും നിയമിച്ചു .കടയിലെ കച്ചവടം ഏറ്റെടുത്തു ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ടൂഷ്യന്‍ റ്റീച്ചറുടെ ഭര്‍ത്താവ്‌ അമിതമായ മദ്യപാനത്താല്‍  കരള്‍സംബന്ധമായ അസുഖംമൂലം മരണ പെട്ടു.അവരുടെ രണ്ടു പെണ്‍മക്കള്‍ക്ക്‌ അപ്പോള്‍ ഒന്‍പതും നാലും വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ .

അനൂപ്‌ ടീച്ചരുടെ വിശ്യസ്തനായി മാറി ഒരു നിശ്ചിത തുക ശമ്പളമായി  അയാള്‍ മാസാമാസം കൈപറ്റി . റ്റീച്ചര്‍ ടുഷ്യന്‍ എടുത്തിരുന്നത് കൊണ്ട് ട്ടീച്ചരുടെ  വീട്ടിലെ ചിലവുകള്‍ക്കുള്ള രൂപ ലഭിച്ചിരുന്നു . കച്ചവടം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കടയില്‍ വില്‍പ്പനക്കായി കുറേയധികം സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ലാഭമായി ലഭിച്ച രൂപ ട്ടീച്ചറുടെ കൈവശം കൊടുത്തപ്പോള്‍ ട്ടീച്ചര്‍ അനൂപിനോട് പറഞ്ഞു .

 ,,അനൂപ്‌ മിടുക്കനാണ് നഷ്ടത്തിലായിരുന്ന സ്ഥാപനം കുറച്ചു നാളുകള്‍ കൊണ്ട്  ലാഭത്തിലാക്കിയില്ലെ .ഈ രൂപ സ്ഥാപനത്തിന്‍റെ വിപുലീകരണത്തിനായി  എടുത്തോളു ഒരു വര്‍ഷം കഴിഞ്ഞ് എല്ലാ ചിലവുകളും കഴിഞ്ഞ് ലാഭം ലഭിക്കുന്ന രൂപ എനിക്ക് തന്നാല്‍ മതി   ,,

ഒരു   വര്‍ഷം കഴിഞ്ഞ്‌ സ്ഥാപനത്തിലെ കണക്ക്‌ നോക്കി ലാഭം ലഭിച്ച രൂപ അനൂപ്‌ ട്ടീച്ചര്‍ക്ക് നല്‍കിയപ്പോള്‍ ടീച്ചര്‍ക്ക് അത് വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല ടീച്ചര്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാളും ഒരുപാട് അധികമായിരുന്നു ആ തുക .രൂപ ട്ടീച്ചര്‍ക്ക് നല്‍കുമ്പോള്‍ അനൂപ്‌ പറഞ്ഞു .

,,സ്ഥാപനം തുടങ്ങുവാന്‍ വേണ്ടി വില്‍പ്പന ചെയ്ത ഭൂമി നമുക്ക് തിരികെ വാങ്ങണം .ഞാന്‍ ഭൂമി വാങ്ങിയ ആളുമായി സംസാരിച്ചിരുന്നു .ഈ തുക നമുക്ക് കരാര്‍ എഴുതി അദ്ദേഹത്തിനു നാളെ കൊടുക്കാം .ഭാക്കി വരുന്ന തുക ആറു മാസത്തിനുള്ളില്‍ കൊടുക്കുവാന്‍ കഴിയും എന്ന് എനിക്ക് വിശ്യാസമുണ്ട് .,,
അനൂപിന്‍റെ വാക്കുകള്‍ കേട്ട് ട്ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു .വില്പന ചെയ്ത ഭൂമി ഒരിക്കലും തിരികെ വാങ്ങിക്കുവാന്‍ കഴിയുകയില്ലാ എന്ന് കരുതിയിരുന്നതാണ് .എന്നും സ്ഥാപനത്തിലേക്ക് പോകുമ്പോള്‍ വിശേഷങ്ങള്‍ അന്യേഷിച്ചാണ് അനൂപ്‌ പോകുന്നത് പതിവ് .വീടിന് മുന്‍പില്‍ കണ്ടില്ലാ എങ്കില്‍  ടീച്ചറേ... എന്ന് സൈക്കിളില്‍ നിന്നും ഇറങ്ങാതെ വിളിക്കും എന്തെങ്കിലും കഴിച്ചിട്ട് പോകാം എന്നു പറഞ്ഞാല്‍ ഒന്നു കയറി ഇരിക്കുക പോലും ചെയ്യില്ല .അനൂപിന്‍റെ വീട്ടിലേക്ക് ആവശ്യ മുള്ള സാദനങ്ങള്‍ വാങ്ങുന്നതിന്‍റെ കൂടെ അതേ അളവില്‍ ടീച്ചറുടെ വീട്ടിലേക്കും വാങ്ങും രാത്രി എട്ടുമണി കഴിഞ്ഞാണ് അനൂപ്‌ സ്ഥാപനം പൂട്ടുന്നത് അപ്പോഴാണ് വീട്ടിലേക്ക് ആവശ്യമുള്ള സദനങ്ങള്‍ വാങ്ങിക്കുന്നതും ടീച്ചര്‍ക്കുള്ള സാദനങ്ങള്‍ അടുത്ത ദിവസ്സം രാവിലെയാണ് കൊടുക്കുക ഒരിക്കല്‍ പോലും ഇരുട്ട് അയാല്‍ അനൂപ്‌ ടിച്ചറുടെ വീട്ടിലേക്ക് പോകാറില്ല .രണ്ടു പെണ്‍ മക്കളുമായി കഴിയുന്ന ടീച്ചര്‍ക്ക് അനൂപിന്‍റെ സാനിദ്ധ്യം വളരെയധികം ആശ്വാസ മേകി.

സ്ഥാപനത്തിന്‍റെ മുന്‍പില്‍ പതിവിലും വൈകി അയാള്‍ എത്തിയപ്പോള്‍ ജോലിക്കാര്‍ അയാളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അപ്പോഴും മഴ ശമനമില്ലാതെ പെയ്തുകൊണ്ടേയിരുന്നു .ഷട്ടര്‍ തുറക്കുവാന്‍ ജോലിക്കാരന്‍റെ കയ്യില്‍ താക്കോല്‍  കൊടുത്ത് മഴക്കോട്ട് ഊരി വെക്കുംമ്പോഴാണ്  കടയുടെ രണ്ടാമത്തെ ഷട്ടറിനോട് ചേര്‍ന്നു കണ്ടാല്‍ ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും മൂന്നു വയസ്സ് പ്രായമുള്ള  ബാലികയും ദേഹമാസകലം മഴ നനഞ്ഞു വിറങ്ങലിച്ചു തറയില്‍ ഇരിക്കുന്നത് അനൂപിന്‍റെ കണ്ണില്‍ പെട്ടത് .യുവതി ബാലികയെ തണുപ്പില്‍ നിന്നും ശമനം ലഭിക്കാനായി തന്‍റെ മാറോട് ചേര്‍ത്തു പിടിച്ച് തറയില്‍ ഇരിക്കുകയായിരുന്നു. തോളിലൊരു ഭാണ്ഡ കെട്ടു കണ്ടപ്പോള്‍ അനൂപിന് മനസ്സിലായി ഭിക്ഷാടനത്തിനു ഇറങ്ങിയവരാണെന്ന്. അനൂപ്‌ തന്‍റെ ഇരിപ്പിടത്തില്‍ ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒന്നുരണ്ട്‌ പേര്‍ സാധനങ്ങള്‍ വാങ്ങി പോയതിനു ശേഷം യുവതി കുഞ്ഞിനേയും കൊണ്ട് അനൂപിന്‍റെ മുന്‍പില്‍ വന്നു കൈ നീട്ടി .യുവതിയുടെ വശ്യമനോഹരമായ നയനങ്ങളും വെളുത്തു മെലിഞ്ഞ ശരീരവും എണ്ണ പുരളാത്ത തല മുടിയും വൃത്തി ഹീനമായ വസ്ത്രങ്ങളും കണ്ടപ്പോള്‍ വിധിയുടെ വികൃതിയാണ്  സുന്ദരിയായ യുവതി ഭിക്ഷാടനത്തിന് ഇറങ്ങി തിരിക്കേണ്ടി വന്നിട്ടുണ്ടാവുക  എന്ന് അയാള്‍  ഓര്‍ത്തു .


  കൈ നീട്ടി നില്‍ക്കുന്ന യുവതിയോട് അയാള്‍ പറഞ്ഞു .

``കുഞ്ഞിന്‍റെയും നിങ്ങളുടേയും തല തോര്‍ത്തു .ഇങ്ങനെ തലയില്‍ വെള്ളം ഇറങ്ങിയാല്‍ പനി പിടിപെടും``
അറിയാവുന്ന മലയാളത്തില്‍ യുവതി തോര്‍ത്തു മുണ്ട് കയ്യില്‍  ഇല്ലാ എന്ന് പറഞ്ഞു, അയാള്‍ അടുത്ത തുണി കടയില്‍ നിന്നും ഒരു തോര്‍ത്തു വാങ്ങി   യുവതിക്ക് കൊടുത്തപ്പോള്‍ യുവതി അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .അപ്പോള്‍ യുവതിയോടും കുഞ്ഞിനോടും സഹതാപം രൂപാന്തരപെടുന്നത് അയാള്‍ അറിഞ്ഞു .അവളെ കുറിച്ച് അറിയാന്‍ അയാളുടെ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു  കൂടെയുള്ള ജോലിക്കാര്‍ക്ക് എന്തു തോന്നും എന്നത് കൊണ്ട് ആ ഉദ്ധ്യമത്തിനു അയാള്‍ തുനിഞ്ഞില്ല അന്‍പതു രൂപയുടെ നോട്ട് എടുത്ത് യുവതിയുടെ നേര്‍ക്ക്‌ നീട്ടിയപ്പോള്‍ അവളുടെ മുഖത്ത് ആശ്ചര്യം നിഴലിക്കുന്നത് അയാള്‍ കണ്ടു .അവള്‍ രൂപ വാങ്ങി നന്ദി പറഞ്ഞ് കുഞ്ഞിനേയും എടുത്ത്  അയാളെ തന്നെ  തിരിഞ്ഞു നോക്കി കൊണ്ട് നടന്നകന്നു.

യുവതി പോയപ്പോഴാണ് അയാള്‍ ഓര്‍ത്തത് കുറച്ചു ദിവസ്സങ്ങളായി വരുന്ന വഴിയില്‍ പഞ്ചായത്തിന്‍റെ അധീനതയിലുള്ള  വിജനമായ സ്ഥലത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലുകളില്‍ രാപാര്‍ക്കുന്ന നാടോടികളെ കുറിച്ച്, യുവതിയും കുഞ്ഞും ആ കുടിലുകളിലെ  ഏതെങ്കിലും ഒരു കുടിലിലെ അന്തേവാസി ആവും എന്ന് അയാള്‍ക്ക്‌ മനസ്സിലായി .യുവതിയേയും കുഞ്ഞിനേയും കുറിച്ചറിയുവാന്‍ അയാള്‍ക്ക്‌ ആഗ്രഹം തോന്നി  

രാത്രി എട്ടു മണിക്ക് സ്ഥാപനം പൂട്ടി  വീട്ടിലേക്കും ടീച്ചറുടെ വീട്ടിലേക്കും ആവശ്യമുള്ള പച്ചക്കറികളും ചില്ലാനങ്ങളും വാങ്ങി , പോകുമ്പോള്‍ കുടിലുകളുടെ അരികില്‍ എത്തിയപ്പോള്‍ സൈക്കിള്‍ നിറുത്തി അല്‍പം നേരം അവിടെ നിന്നു .ഇരുപതില്‍ കൂടുതല്‍  താല്‍ക്കാലിക കുടിലുകള്‍ അവിടെ ഉണ്ടായിരുന്നു .എല്ലാ കുടിലുകളിലും റാന്തല്‍ വിളക്കുകള്‍ എരിയുന്നുണ്ട് .കുടിലുകള്‍ക്ക്‌ പുറത്ത്  സ്ത്രീകള്‍ ഭക്ഷണം പാചകം ചെയ്യുന്നുണ്ട് .ഭക്ഷണം പാചകം ചെയ്യാനായി എല്ലാ കുടിലുകള്‍ക്കുമായി വശങ്ങള്‍ മറക്കാത്ത ഒരു കുടിലുമാത്രമാണ്  അവിടെ അയാള്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞത് .ആ കുടിലിനുള്ളില്‍ രാവിലെ സ്ഥാപനത്തില്‍ വന്ന യുവതിയെ കണ്ടു. ഒപ്പം ആ കുഞ്ഞിനേയും .കുറച്ചു മാറി പുരുഷന്മാര്‍ സംസാരിച്ചും  കുഞ്ഞുങ്ങള്‍ കളിക്കുന്നും ഉണ്ടായിരുന്നു .അധികം നേരം അവിടെ നില്‍ക്കുന്നത് പന്തികേട് ആണെന്നത് കൊണ്ട് അയാള്‍ വീട്ടിലേക്ക് യാത്രയായി .

വീട്ടില്‍ എത്തിയീട്ടും, ഉറങ്ങാന്‍ ക്കിടക്കുമ്പോഴും യുവതിയേയും കുഞ്ഞിനേയും കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സില്‍ . കുഞ്ഞ് ആ യുവതിയുടെത്‌ ആകുമോ? അവള്‍ വിവാഹിതയാകുമോ?..എങ്ങിനേയാണ് അവര്‍ നാടോടികള്‍ ആയത് ? ഇങ്ങിനെയുള്ള ഒരു പാട് ചോദ്യങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു കൊണ്ടേയിരുന്നു.അടുത്ത ദിവസ്സം പതിവിലും നേരത്തെതന്നെ വീട്ടില്‍ നിന്നും ഇറങ്ങി ടീച്ചറുടെ വീട്ടിലേക്കുള്ള സാദനങ്ങള്‍ കൊടുത്ത്  തിടുക്കത്തില്‍ സൈക്കിള്‍ ചവിട്ടി ,കുടിലുകളുടെ അരികില്‍ എത്തിയപ്പോള്‍ യുവതിയും കുഞ്ഞും പുറത്തിറങ്ങുവാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു .റോഡിന്‍റെ ഓരത്ത് സൈക്കിള്‍ നിറുത്തിയ അയാളെ കണ്ടപ്പോള്‍ യുവതി കുഞ്ഞിനേയും എടുത്ത് അയാളുടെ അരികിലേക്ക് വന്നു .പതുക്കെ സൈക്കിള്‍ ചവിട്ടുവാന്‍ തുടങ്ങിയ അയാളുടെ പുറകെ യുവതിയും നടന്നു .കുടിലിലുള്ളവര്‍ കാണില്ലാ എന്ന് ഉറപ്പായപ്പോള്‍ അയാള്‍ സൈക്കിളില്‍ നിന്നും ഇറങ്ങി അവളോടൊപ്പം നടന്നുകൊണ്ടു പറഞ്ഞു.

`` എനിക്ക് നിങ്ങളെ കുറിച്ച് അറിയണം  എന്നുണ്ട് മലയാളികള്‍ അല്ലാത്ത നിങ്ങള്‍ എങ്ങിനേ ഇവിടെ എത്തി പെട്ടു ?``

മലയാളം നന്നായി സംസാരിക്കുവാന്‍ അറിയാത്ത അവള്‍ അറിയാവുന്ന മലയാളത്തില്‍  അവരുടെ കഥ പറഞ്ഞു .

ബീഹാറിലെ   മധേപ്പുര ജില്ലയില്‍പ്പെട്ട മുസ് ലി  ഗാഞ്ചി നടുത്തുള്ള `ഒറി` എന്ന ഗ്രാമത്തിലായിരുന്നു  അവരുടെ വീടുകള്‍ .ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകൃതിയുടെ താണ്ഡവം മൂലം ഗ്രാമം മുഴുവനും ഗ്രാമീണരില്‍  നല്ലൊരു പങ്കും  ഭൂമിയില്‍ നിന്ന് തുടച്ചു നീക്ക പെട്ടു . ഒറിയില്‍ നിന്നും നോക്കിയാല്‍ ഏറെ ദൂരത്തായി നേപ്പാളിന്‍റെ അതിര്‍ത്തി കാണാം .പരന്നൊഴുകുന്ന കോസി നദിക്കക്കരെ  നേപ്പാള്‍ ആണ് .ജനവാസം തീരെ കുറഞ്ഞ നദിക്കക്കരെയുള്ള  പ്രദേശത്തുനിന്നും വീണ്ടും മൈലുകള്‍ താണ്ടിയാല്‍ മാത്രമേ നേപ്പാളിലെ ജനവാസ കേന്ദ്രങ്ങളില്‍ എത്തു ,
ആര്‍ത്തലച്ച് പെയ്ത ഏതാനും ദിവസത്തെ മഴ കോസി നദിയിലെ ജല വിതാനം ഉയര്‍ത്തി നദി ക്കരയില്‍ അനേകം വര്‍ഷങ്ങളായി കഴിഞ്ഞു വന്നിരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ വിഭവങ്ങള്‍ക്കു മീതെ കോസിയായിലെ ജലം പരന്നൊഴുകി .ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല . പതിനായിരത്തിലധികം പേരാണ് കോസി നദി കരയിലെ  വിവിധ ഗ്രാമങ്ങളില്‍നിന്നും  തുടച്ചു നീക്ക പെട്ടത് .അനേകായിരം കുടിലുകള്‍  വെള്ളത്തിനടിയില്‍ പെട്ടു  .

ഗ്രാമവാസികളില്‍ ഭൂരിഭാഗം ജനങ്ങളും   ഗോതമ്പും  ചോളവും കൃഷി ചെയ്തു ഉപജീവനം നടത്തുന്നവരായിരുന്നു .മണ്‍ ചുമരുകളാല്‍ നിര്‍മിതമായ കുടിലുകളാണെങ്കിലും ഗ്രാമത്തില്‍ പട്ടിണി ഇല്ലാതെയാണ് ഗ്രാമ വാസികള്‍ ജീവിച്ചിരുന്നത് . ആ വെള്ള പാച്ചിലില്‍ അവള്‍ക്കു നഷ്ടമായത് അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും മുത്തശ്ശനും മുത്തശ്ശിയേയും ആണ് ആ ഗ്രാമത്തില്‍ നിന്നും വെള്ളം ഒഴിഞ്ഞു പോയില്ല അവിടം ഒരു പുതിയ നദി രൂപാന്തരപ്പെട്ടു.കൃഷിയിടവും വീടും നഷ്ടമായ അവര്‍ അങ്ങിനെ നാടോടികളായി മാറി .കഥ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .അയാള്‍ ആഗ്രഹിച്ചത്‌ പോലെ അവളെ കുറിച്ചു അവള്‍ പറയുവാന്‍ തുടങ്ങി .കൂടെയുള്ള കുഞ്ഞ് അവളുടെ ചേച്ചിയുടെതാണ് .വെള്ള പാച്ചിലില്‍ ചേച്ചിയും രക്ഷ പെട്ടിരുന്നു .ഇവിടെ കേരളത്തില്‍ എത്തിയതിനു ശേഷം കൂടെയുള്ള ഒരാളുമായി ചേച്ചി വിവാഹിതയായി ഈ കുഞ്ഞു പിറന്നതിനു ശേഷം കുഞ്ഞ് ചേച്ചിയുടെ ഭര്‍ത്താവിന്‍റെ അല്ലാ എന്നു പറഞ്ഞ് മദ്യപിച്ചു ചേച്ചിയെ ദേഹോപദ്രവം ചെയ്യല്‍ പതിവായിരുന്നു.ഒരു ദിവസ്സം ആ ദ്രോഹി ചേച്ചിയെ തലക്കടിച്ചു കൊന്നു .അയാളിപ്പോള്‍ ജയിലില്‍ നിന്നും പരോളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.പ്രളയം ഞങ്ങളുടെ നാടിനെ പിടികൂടുന്നതിന്  മുന്‍പ് സ്വര്‍ഗ്ഗ തുല്ല്യമായിരുന്നു  ഞങ്ങളുടെ ജീവിതം ,,


 അനൂപ്‌  യുവതിയുടെ കഥ കേട്ട് യുവതിയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ വിഷമിച്ചു.പിന്നീടുള്ള  ദിവസങ്ങളില്‍  യുവതിയും അയാളും എന്നും കാണുകയും സംസാരിക്കുകയും പതിവായി .ഒരു ദിവസ്സം യുവതിക്കും കുഞ്ഞിനും ഒരേ ജോഡി വസ്ത്രങ്ങളും നല്ലെണ്ണയും സോപ്പും     നല്‍കി കൊണ്ടു പറഞ്ഞു .

``ഈ  വസ്ത്രം ധരിച്ച് നല്ല വൃത്തിയായി നടക്കണം .ഇനി മുതല്‍ ഭിക്ഷാടനത്തിനു പോകരുത് ചിലവിനുള്ള രൂപ ഞാന്‍ തരാം ``
യുവതിക്കതിനു ആവില്ലാ എന്നു പറഞ്ഞ് കാരണം വിശദീകരിച്ചു.
``നല്ല വസ്ത്രങ്ങളും ധരിച്ച്  വൃത്തിയായി നടന്നാല്‍ കഴുകന്മാരെ പോലെ ശരീരം കൊത്തി തിന്നുവാന്‍ നൂറാള്‍ക്കാര്‍ ഉണ്ടാവും .എല്ലാവര്‍ക്കും എന്‍റെ ശരീരമാണ് വേണ്ടത് സാറിനെ പോലെ നല്ല മനസ്സുള്ള വരെ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല .കുടിലുകളില്‍ നിന്നും എല്ലാവരും ഇറങ്ങുന്നതിനോടൊപ്പം ഞാനും ഇറങ്ങുന്നത് ഈ കുഞ്ഞിന്‍റെ അച്ഛനെ പേടിച്ചിട്ടാണ് അയാള്‍ക്ക്‌ എന്നെ വിവാഹം കഴിക്കണം എന്നു പറഞ്ഞ് എന്‍റെ പുറകെ നടക്കുകയാണ് .അയാള്‍ തക്കം നോക്കി നടക്കുകയാണ് എന്നെ നശിപ്പിക്കുവാന്‍ .എന്നെ ആര്‍ക്കും നശിപ്പിക്കുവാന്‍  ജീവനോടെ ആവില്ല``
കരയുന്ന യുവതിയെ അയാള്‍ ആശ്വസിപ്പിച്ചു. അടുത്ത ദിവസ്സം അയാള്‍ക്ക്‌ കാണുവാനായി മാത്രം കുറച്ചു നേരത്തേക്ക് കുളിച്ച് പുതിയ വസ്ത്രം ധരിച്ചു വരാം എന്നു പറഞ്ഞുകൊണ്ട് അന്ന് അവര്‍ പിരിഞ്ഞു .

അടുത്ത ദിവസ്സം പതിവിലും നേരത്തെ യുവതിയേയും കുഞ്ഞിനേയും കാണുവാനുള്ള ആകാംക്ഷയോടെ  വീട്ടില്‍ നിന്നും ഇറങ്ങി .ടീച്ചറുടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ കൊടുത്ത് തിടുക്കത്തില്‍ പോരുവാന്‍ നേരം ടീച്ചര്‍ പറഞ്ഞു .
``ഞാന്‍ അനൂപിന്‍റെ വീട്ടിലേക്ക് അമ്മയു മായി സംസാരിക്കുവാന്‍ അടുത്ത ദിവസ്സം  വരുന്നുണ്ട് അനൂപുമായുള്ള എന്‍റെ മകളുടെ വിവാഹ കാര്യം സംസാരിക്കുവാന്‍ ``
അയാള്‍ ചിരിക്കുക മാത്രം ചെയ്തു കൊണ്ട് തിരികെ പോന്നു ,സൈക്കിള്‍ ചവിട്ടുമ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു , എന്ത് അര്‍ഹതയാണ് ഉന്നത വിദ്യാഭ്യാസമുള്ള ടീച്ചറുടെ മകളെ വിവാഹം ചെയ്യുവാന്‍ തനിക്കുള്ളത് തന്നയുമല്ല സഹോദരിയുടെ വിവാഹം കഴിയാതെ വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുക പോലും അരുത് .

നാടോടികളുടെ കുടിലുകള്‍ക്ക്  മുന്‍പില്‍ എത്തിയപ്പോള്‍  അനൂപ്‌ റോഡിന്‍റെ അരികില്‍ സൈക്കിള്‍ നിറുത്തി .യുവതിയേയും കുഞ്ഞിനേയും പ്രതീക്ഷിച്ചു നിന്നു.അല്‍പം സമയം കഴിഞ്ഞപ്പോള്‍ യുവതി കുഞ്ഞിനേയും എടുത്ത് കുടിലില്‍ നിന്നും പുറത്തിറങ്ങി അയാളുടെ അരികിലേക്ക് നടന്നു വന്നു.യുവതിയേയും കുഞ്ഞിനേയും കണ്ട അനൂപ്‌ അക്ഷരാര്‍ത്ഥത്തില്‍ തന്‍റെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .എണ്ണതേച്ചുകുളിച്ച് പുതിയ വസ്ത്രം ധരിച്ച് കണ്ണുകളില്‍ കണ്മഷിയും മുഖത്ത് പൌഡറും നെറ്റിയില്‍ പൊട്ടും ഇട്ടു വന്ന യുവതി അതീവ സുന്ദരിയായിരിക്കുന്നു .ഇങ്ങിനെ യുവതിയേയും കുഞ്ഞിനേയും  ആരുകണ്ടാലും പറയുക സമ്പന്നമായ തറവാട്ടില്‍ പിറന്നവരാണ് എന്നാകും .ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം യുവതി പറഞ്ഞു .
``എല്ലാവരും കുടിലുകളില്‍ നിന്നും പുറത്തു പോയി കാണും ആ നീചന്‍ തക്കം പാര്‍ത്തു നടക്കുന്നുണ്ട് എന്നെ നശിപ്പിക്കുവാന്‍  ഞാന്‍ പൊയ്കോട്ടേ . എത്രയും പെട്ടന്ന് ഈ വസ്ത്രങ്ങള്‍ മാറി അഴുക്ക് പുരണ്ട വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങണം .``

അവളെ  പറഞ്ഞു വിടുവാന്‍ അയാള്‍ക്ക്‌ ഇഷ്ട മായിരുന്നില്ല അവളുടെ ഭയത്തോടെയുള്ള മുഖം കണ്ടപ്പോള്‍ ``പോയ്ക്കോളു`` എന്ന് പറഞ്ഞ് അയാള്‍ സ്ഥാപനത്തിലേക്ക് പോന്നു .ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും .സ്ഥാപനത്തില്‍ നല്ല തിരക്കുള്ള സമയം ഒരു പോലിസ്‌ ജീപ്പ്  ചീറിപാഞ്ഞു  റോഡിലൂടെ പോകുന്നത് കണ്ടു  .അല്‍പംകൂടി കഴിഞ്ഞപ്പോള്‍ ഒരു ആമ്പുലന്‍സും.അടുത്ത സ്ഥാപനത്തിലെ ദിനേശേട്ടനാണ് അയാളോട് വിവരം വന്നു പറഞ്ഞത് .

``അറിഞ്ഞില്ലെ ആ നാടോടികളുടെ കുടിലില്‍ ഒരു വെട്ട് നടന്നിട്ടുണ്ട് .ഇവിടെ ഭിക്ഷാടനത്തിനു  വരാറില്ലേ   കുഞ്ഞിനേയും കൊണ്ട്  ഒരു പെണ്ണ് അവള് ഒരുത്തനെ വെട്ടീന്ന്``
അയാളുടെ  വാക്കുകള്‍ കേട്ടതും ``ഈശ്വരാ  ചതിച്ചൂലോ `` എന്ന് പറഞ്ഞ് അനൂപ്‌ തലയില്‍ കൈവെച്ചു .അത് കേട്ടപ്പോള്‍ ദിനേശേട്ടന്‍ പറഞ്ഞു.
``ഇതാപ്പോ നന്നായെ ആ പെണ്ണ് ഒരുത്തനെ  വെട്ടിയതിനു നിനക്കെന്താടാ ഇത്ര  വിഷമിക്കാന്‍ ``
ദിനേശേട്ടന്‍റെ വാക്കുകള്‍ അനൂപ്‌ ചെവി കൊണ്ടില്ല അയാള്‍ ഇപ്പോള്‍ വരാം എന്ന് ജോലിക്കാരനോട് പറഞ്ഞ് സൈക്കിളും എടുത്ത് തിടുക്കത്തില്‍ നാടോടികളുടെ കുടിലിനെ ലക്ഷ്യമാക്കി പാഞ്ഞു .

അവിടെ എത്തുന്നതിനു മുന്‍പ് തന്നെ ആംബുലന്‍സ്‌ തിരികെ ചീറി പാഞ്ഞു പോയി .കുടിലിനു മുന്‍പില്‍ എത്തിയ അയാള്‍ അവിടത്തെ രംഗം കണ്ട് നടുങ്ങി ഏതാനും ദിവസ്സങ്ങള്‍ കൊണ്ട് തന്‍റെ പ്രിയങ്കരിയായി മാറിയ   നാടോടി യുവതിയുടെ കൈകളില്‍ കൈ വിലങ്ങുകള്‍ ഇട്ട് ജീപ്പില്‍ ഇരുത്തിയിരിക്കുന്നു .
ഒപ്പം കുഞ്ഞ് അരികില്‍ ഇരുന്ന് എടുക്കുവാന്‍ വേണ്ടി വാവിട്ടു കരയുന്നു .യുവതിക്ക് അയാള്‍ നല്‍കിയ പുതിയ വസ്ത്രത്തില്‍ നിറയെ രക്തക്കറ.യുവതി അയാളെ കണ്ടതും സങ്കടം സഹിക്കുവാന്‍ കഴിയാതെ തേങ്ങുന്നുണ്ടായിരുന്നു .താന്‍ കാരണ മല്ലെ അവള്‍ക്ക് ഈ അവസ്ഥ വന്നത് എന്ന ചിന്ത അയാളെ വല്ലാതെ സങ്കട പെടുത്തി .പോലീസ്‌ യുവതിയേയും കുഞ്ഞിനേയും കൊണ്ടു പോയപ്പോള്‍ അയാള്‍ പ്രതീക്ഷ കൈ വിടാതെ യുവതിയേയും കുഞ്ഞിനേയും രക്ഷിക്കാനായി  പട്ടണത്തിലെ അറിയ പെടുന്ന വക്കീലിന്‍റെ  ഓഫീസ് ലക്ഷ്യമാക്കി തിടുക്കത്തില്‍  സൈക്കിളില്‍  യാത്രയായി. അപ്പോള്‍ രണ്ടു ദിവസമായി  ശമനമുണ്ടായിരുന്ന മഴ  പൂര്‍വാധികം ശക്തിയോടെ  ഇടിയോടുകൂടി ആര്‍ത്തിരമ്പി പെയ്യുവാന്‍ തുടങ്ങി . 
                                                                                     ശുഭം         
rasheedthozhiyoor@gmail.com