ചിന്താക്രാന്തൻ

19 March 2020

കഥ. അതിമൃത്യു

 
അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന  അലിക്കയുടെ   അരികിൽ നിന്നും ഞാൻ യാത്ര പറഞ്ഞിറങ്ങി. ഇശാ ബാങ്കിന് മുന്നെ മസ്ജിദിൽ എത്തണം .    . അലിക്കയോട്  സംസാരിക്കുവാൻ പാടില്ലാ എന്ന ഡോക്ടറുടെ നിർദേശം ഉള്ളതുകൊണ്ട്   അലിക്കയുടെ അരികിൽ നിൽക്കുകയല്ലാതെ ഒന്നും സംസാരിക്കുകയുണ്ടായില്ല .സംസാരിക്കുവാനാവാതെ അലിക്കയുടെ കട്ടിലിനടുത്തുള്ള നിൽപ്പും ആശുപത്രിയിലെ ഗന്ധവും  എന്നിൽ വീർപ്പുമുട്ടൽ ഉളവാക്കുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങുവാൻ നേരം ഞാൻ  അലിക്കയുടെ കൈ പിടിച്ചു സലാം പറഞ്ഞപ്പോൾ   അലിക്കയുടെ  ഇമകൾ നിറയുന്നുണ്ടായിരുന്നു. നിസ്സഹായതയോടെയുള്ള അലിക്കയുടെ നോട്ടം   എൻ്റെ  ഇമകളേയും  നനയിപ്പിച്ചു.

   മനസ്സ്  അസ്വസ്ഥമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ് ഇന്നു രാവിലെ അരങ്ങേറിയത് .നീണ്ട നാൽപതു വർഷത്തെ പ്രവാസ ജീവിതത്തോട്  എന്നെന്നേയ്ക്കുമായി   വിട പറഞ്ഞു അലിക്ക ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ടതായിരുന്നു. പ്രവാസജീവിതം അലിക്ക അവസാനിപ്പിച്ചതല്ല. പ്രായം അറുപതു കഴിഞ്ഞതുകൊണ്ട് ജോലി ചെയ്യുന്ന സ്ഥാപനം അലിക്കയുടെ വിസ പുതുക്കി നൽകാത്തതുകൊണ്ട് നിവർത്തിയില്ലാതെ പാവം നാട്ടിലേക്ക് പോകുകയാണ്   .ഒരു അഞ്ചുവർഷം കൂടി ഈ മണലാരണ്യത്തിൽ ജോലി ചെയ്യണം എന്ന് അലിക്ക ആഗ്രഹിച്ചിരുന്നു പ്രായം അറുപതു കഴിഞ്ഞിട്ടും ഇവിടെ  ജോലിയിൽ തുടരണം എന്ന് ആഗ്രഹിച്ചത് അദ്ദേഹത്തിൻ്റെ  പ്രാരബ്ധങ്ങൾ  മൂലമാണ് .

അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു അലിക്ക മക്കളിൽ രണ്ടാമനായിരുന്നു അദ്ദേഹം . മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞ അതേ  മാസം  അലിക്കയുടെ വാപ്പ നാടുവിട്ടുപോയി. പിന്നീട് അലിക്ക വാപ്പയെ ഈ കാലം വരെ കണ്ടിട്ടില്ല .കുടുംബത്തെ രക്ഷിക്കാനായി ആയിരത്തി തൊള്ളായിരത്തി എൺപതിലാണ് അലിക്ക ഗൾഫിലേക്ക് വിമാനം കയറുന്നത്.അന്ന് അലിക്കയുടെ പ്രായം ഇരുപതായിരുന്നു.നാലു സഹോദരിമാരുടെ വിവാഹം കഴിപ്പിച്ചയച്ച്  അലിക്ക വിവാഹം കഴിക്കുമ്പോൾ പ്രായം മൂപ്പത്തഞ്ചു  കഴിഞ്ഞിരുന്നു.ഓരോരോ  ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോഴേക്കും തുടർകഥപോലെ അടുത്ത ഉത്തരവാദിത്വം ആസന്നമായിരിക്കും .അലിക്കയുടെ വിവാഹം കഴിഞ്ഞപ്പോൾ അടുത്ത ഉത്തരവാദിത്വം വീട് പുതുക്കി പണിയുക എന്നതായിരുന്നു.

വീണ്ടും എട്ടു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ മോഹം പൂവണിഞ്ഞു.മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീടിൻ്റെ  പണി കഴഞ്ഞപ്പോഴേക്കും മൂന്നു പെൺമക്കൾ അലിക്കയ്ക്ക് പിറന്നിരുന്നു .പിന്നീട് അഞ്ചുവർഷങ്ങൾക്കുശേഷം അലിക്കയ്ക്ക് ഒരു കുഞ്ഞുകൂടി പിറന്നു .ഒരു ആൺകുഞ്ഞിനായുള്ള അലിക്കയുടെയും സഹധർമിണിയുടേയും മോഹം പൂവണിഞ്ഞു .അവനിപ്പോൾ ഏഴാം തരത്തിലാണ് പഠിക്കുന്നത്.രണ്ടു പെൺ മക്കളുടെ വിവാഹം കഴിഞ്ഞു. ഇനി ഒരു മകളുടെ വിവാഹം കൂടി നടത്തേണ്ടതുണ്ട് .അതിനുള്ള സാമ്പത്തീക കരുതലുകൾ ഒന്നും തന്നെ അദ്ദേഹത്തിൻ്റെ കൈവശമില്ലാ .അലിക്ക പലപ്പോഴും പറയുമായിരുന്നു.

,,മോളുടെ വിവാഹം കൂടി നടത്തിയാൽ പിന്നെ എനിക്ക് സ്വസ്ഥമായി നാട്ടിലേക്ക് തിരികെ പോകാം.പിന്നെയുള്ളത് ഒരു ആൺകുട്ടിയല്ലേ ഒരു അഞ്ചാറു വർഷംകൂടി കഴിഞ്ഞാൽ കുടുംബം അവൻ നോക്കിക്കൊള്ളും.,,

അലിക്കയെ പോലെ എത്രയോപേർ  വാർധ്യക്യത്തിലും  ഇവിടെ ജീവിക്കുന്നു .അവർക്കെല്ലാം പ്രാരാബ്ധങ്ങളുടെ ദുരിതപൂർണമായ കഥകളായിരിക്കും പറയുവാനുണ്ടാവുക.കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല.  പ്രവാസികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് പ്രതീക്ഷകളാണ് പ്രവാസ ജീവിതം തുടരുവാനുള്ള കരുത്ത്.ചിലരുടെ പ്രതീക്ഷകൾ പാതിവഴിയിൽ അസ്തമിക്കുമ്പോൾ  ,ചിലരുടെ പ്രതീക്ഷകൾ പൂവണിയും .ഞാൻ ഗൾഫിലേക്ക് പോരുമ്പോൾ   മനസിലൊരു  പ്രതിജ്‌ഞ എടുത്തിരുന്നു.അഞ്ചുവർഷം ജോലി ചെയ്‌ത്‌ പ്രണയിച്ചിരുന്ന  പെൺകുട്ടിയെ വിവാഹം ചെയ്‌തു നാട്ടിൽ സുഖമായി ജീവിക്കണമെന്ന്. പക്ഷെ പ്രണയിച്ച പെൺകുട്ടിയെ വിവാഹം ചെയ്യുവാനായില്ല എന്നതുമാത്രമല്ല   ഇപ്പോൾ പതിനൊന്നു വർഷമായിട്ടും ഗൾഫ് ജീവിതത്തിൽ നിന്നും മോചനവും ലഭിച്ചില്ലാ .ഇന്നലെ രാത്രി അലിക്ക പറഞ്ഞ വാക്കുകൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി .

,,ഇവിടെ ഈ ഗൾഫിൽ വന്നുപെട്ടാൽ ദിവസങ്ങളും,മാസങ്ങളും,വർഷങ്ങളും കൊഴിഞ്ഞുപോകുന്നത്  അറിയുകയില്ല.നാൽപതു വർഷം കഴിഞ്ഞുപോയത് നാൽപതു ദിവസം കഴിഞ്ഞുപോയതു പോലെയാണ് എനിക്ക് തോന്നുന്നത് .വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തഞ്ചു വർഷം കഴിഞ്ഞു.രണ്ടു വർഷത്തിൽ രണ്ടു മാസത്തെ അവധിയാണ് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത് .അതായത് ഞാനും എൻ്റെ ഭാര്യയും ഒരുമിച്ചു ജീവിച്ചത് ഏതാണ്ട് എഴുനൂറ്റിഅമ്പതു ദിവസങ്ങൾ മാത്രം  ചുരുക്കി പറഞ്ഞാൽ രണ്ടു വർഷവും ഇരുപതു ദിവസവും .നേട്ടങ്ങൾക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടി വരും പക്ഷെ നഷ്ടങ്ങൾ ഇനി തിരികെ ലഭിക്കുകയില്ലല്ലോ   ,,

പ്രവാസ ജീവിതം തുടങ്ങിയ അന്നുമുതൽ അലിക്കയുടെ കൂടെ ഒരു മുറിയിലാണ് എൻ്റെ താമസം .അലിക്ക ഏതാണ്ട് ഇരുപതു പേർക്കുള്ള മെസ്സ്  നടത്തിയിരുന്നു .അതിരാവിലെ എഴുനേറ്റ് ഏഴര മണിയാവുമ്പോഴേക്കും പ്രാതലും,ഊണും കാലമാക്കിയിട്ടാണ് അലിക്ക ജോലിക്ക് പോകുന്നത് .ആറുമണിക്ക് ജോലി കഴിഞ്ഞു വന്നാൽ അത്താഴത്തിനുള്ള പണികൾ തുടങ്ങും .നാൽപതു വർഷമായി തുടരുന്ന വിശ്രമമില്ലാത്ത പ്രവാസ ജീവിതത്തിന്റെ അന്ത്യം കുറിക്കുന്ന ദിവസമായിരുന്നു ഇന്ന് പക്ഷെ വിധിയുടെ വിളയാട്ടം അദ്ദേഹത്തെ എത്തിച്ചത് ആശുപത്രി കിടക്കയിലേക്കാണ് .നാട്ടിൽ പോയാൽ ഇനിയുള്ള കാലം എങ്ങിനെ ജീവിക്കും എന്ന ആധിയായിരിക്കും
ഹൃദയാഘാതം ഉണ്ടാകുവാനുള്ള കാരണം .
നാട്ടിലേക്കുള്ള യാത്രയുടെ മുന്നോടിയായി ശുചിമുറിയിൽ കയറിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.ഞാൻ എമർജൻസി നമ്പറായ   തൊള്ളായിരത്തി തൊണ്ണൂറ്റൊൻപതിലേക്കു  വിളിച്ചു പറഞ്ഞപ്പോൾ ഉടനെ ആംബുലൻസെത്തി  അലിക്കയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .എനിക്കും മറ്റുള്ളവർക്കും ജോലിയുള്ളതിനാൽ ആർക്കും അലിക്കയുടെ കൂടെ പോകുവാനായില്ല .നാട്ടിലാണെങ്കിൽ കൂടെ ആശുപത്രിയിലേക്ക് പോകുവാൻ ഒത്തിരിപേരുണ്ടാവും ഇവിടെ ഇങ്ങിനെയൊക്കെയാണ് .ഞാൻ ഓഫിസിലേക്ക് പോകുന്നത് സ്ഥാപനത്തിന്റെ അധീനതയിലുള്ള ബസ്സിലാണ്.ജോലി കഴിഞ്ഞ ഉടനെ അലിക്കയെ കാണുവാനായി ടാക്സി വിളിച്ചു  ആശുപത്രിയിലേക്ക് പോന്നതാണ്.

ഇന്നലെ അത്താഴ ഭക്ഷണത്തോടു കൂടി അലിക്കയുടെ മെസ്സ് അവസാനിപ്പിച്ചിരുന്നു.അവിടെ പുതിയ മെസ്സ് തുടങ്ങുന്ന കാര്യം ആരും പറഞ്ഞുകേട്ടില്ല .അലിക്ക നാട്ടിലേക്കുപോയാൽ ഞാൻ കമ്പനയുടെ താമസസ്ഥലത്തേക്ക് താമസം മാറും .ഇന്നത്തെ പ്രാതൽ കഴിക്കുവാനായില്ല .ഊണ് ഇന്ന് ഹോട്ടലിൽ നിന്നുമാണ് കഴിച്ചത്.പതിവില്ലാത്ത ഭക്ഷണം കഴിച്ചതുകൊണ്ടാവാം   വയറിനകത്തുനിന്നും അപശബ്ദങ്ങളൊക്കെ വരുന്നുണ്ട് .ഇവിടെ പതിനൊന്നു വർഷമായി അലിക്കയുടെ കൂടെയാണ് ജീവിക്കുന്നത്.ഇത്രയധികം  സ്നേഹമുള്ള മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.എൻ്റെ സ്‌പോൺസർഷിപ് രണ്ടു തവണ മാറിയതാണ് ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം എനിക്ക് താമസിക്കുവാനുള്ള സൗകര്യം വാഗ്‌ദാനം ചെയ്തതാണ് പക്ഷെ അലിക്കയെയും അലിക്ക പാചകം ചെയ്തു തരുന്ന ഭക്ഷണവും ഉപേക്ഷിക്കാൻ എനിക്കായില്ല .ഇനി അലിക്കയുടെ ആരോഗ്യസ്ഥിതി എന്താകുമെന്നൊന്നും അറിയില്ലാ . അലിക്കയുടെ വിസ കേൻസലാക്കിയതാണ് അതുകൊണ്ട് ആശുപത്രിയിൽ നിന്നും വന്നാൽ ഉടനെ സ്വദേശത്തേക്കു പോകേണ്ടിവരും  .ആശുപത്രിയിൽ നിന്നും യാത്രപറഞ്ഞിറങ്ങിയ ഞാൻ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പാതയിലൂടെ ഓരംചേർന്നു നടന്നു .ഇശാ ബാങ്ക് വിളിക്കുന്നുണ്ട് ഇനി ഞാൻ മസ്ജിദിലേക്കു പോകുകയാണ് .നമസ്കാരത്തിനു ശേഷം അലിക്കയുടെ അസുഖം എത്രയും പെട്ടന്ന് ഭേതമാകുവാനായി  മനമുരുകി സർവ്വശക്തനോട്‌  പ്രാർത്ഥിക്കണം .

                                                                  ശുഭം

4 comments:

  1. നൊമ്പരമുണർത്തുന്ന അലിക്കയുടെ കഥ ...

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി 🙏🥰🤝

      Delete
  2. മലരാണ്യത്തിൽ ജീവിതസ്വപ്നം മെനയുന്നവരുടെ ദു:ഖക്കഥ.
    ആശംസകൾ

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി 🙏🥰🤝

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ