മിനിക്കഥ.നിദ്ര

കഥ നിദ്ര 


പുലര്‍കാലം ഒരു ദാരുണമായ സംഭവത്തിനു മുന്നോടിയായി
നിദ്ര അയാളെ പിടിക്കൂടി. വാഹനത്തിന്‍റെ വളയം
അയാളുടെ കൈകളിലാണ്. അയാളെ കൂടാതെ ഏഴ് ജീവനുകള്‍
അപ്പോള്‍ അയാളുടെ സംരക്ഷണത്തിലാണ്.
ശ്രദ്ധയൊന്നു വ്യതിചലിച്ചാല്‍ പൊലിഞ്ഞുപോകുന്ന ജീവനുകള്‍.
അയാള്‍ ഉള്‍പ്പെടെ എട്ടു ജീവനുകളുണ്ട് വാഹനത്തില്‍.

പ്രവാസലോകത്ത്‌ വര്‍ഷങ്ങളോളം തന്‍റെ കുടുംബത്തിന് വേണ്ടി
പൊരിവെയിലില്‍ തൊഴില്‍ ചെയ്തു ഹരിതാഭമായ തന്‍റെ ജന്മനാടും
പ്രിയപ്പെട്ടവരെയും കണ്‍ കുളിര്‍ക്കെ കാണുവാന്‍ കൊതിയോടെ
വന്നതാണ് കൂട്ടത്തിലൊരു ജീവന്‍.

ജന്മനാട്ടില്‍ നിന്നും ഉപജീവനത്തിനായി
അന്യനാട്ടില്‍ പോയ ആ ജീവനെ സമൂഹം നേരത്തെതന്നെ
പ്രവാസിയെന്ന് മുദ്രകുത്തിയിരുന്നു.

ആ ജീവന്‍റെ രക്തത്തില്‍ നിന്നും
പിറവിയെടുത്ത രണ്ട് കുരുന്നുകളുമുണ്ട് കൂട്ടത്തില്‍.
ആ കുരുന്നുകളെ പത്തുമാസം ഉദരത്തില്‍ പേറി നൊന്തുപ്രസവിച്ച
മതാവുമുണ്ട് കൂട്ടത്തില്‍.

പ്രവാസിയുടെ മാതാപിതാക്കളും
ഭാര്യ സഹോദരൻ എന്നിവരുമുണ്ട്.
പുലർകാലേ വിധിയുടെ താണ്ഡവം
നിദ്രയിലൂടെയാണ് ആഗതമായത്.

ചാറ്റല്‍മഴയില്‍ നിന്നും നനുത്തൊരു
കാറ്റ് വളയം നിയന്ത്രിക്കുന്നയാളെ തഴുകിപ്പോയി.
അയാളറിയാതെ അയാളുടെ ഇമകള്‍ അടഞ്ഞു.

വാഹനത്തിന്‍റെ നിയന്ത്രണം
അയാളില്‍ നിന്നും അന്യമായി.
നിയന്ത്രണംവിട്ട വാഹനം
ചതുപ്പിലെ വെള്ളക്കെട്ടിലെ അഗാധതയിലേക്ക്‌,
വേഗത്തില്‍ പതിച്ചു.

ആരുടേയും ആര്‍ത്തനാദങ്ങള്‍ ആരുംതന്നെ കേട്ടില്ല.
ജലത്തില്‍ ശ്വാസംമുട്ടി എട്ട് ജീവനുകളും പിടഞ്ഞുകൊണ്ടിരുന്നു.

എട്ട് ജീവനുകളില്‍ ഒരു ജീവന്‍ മാത്രം
ക്രൂരനായ മരണത്തിന് പിടികൊടുക്കാതെ
ജീവിതം ജീവിച്ചു തീര്‍ക്കുവാനായി ഉയര്‍ത്തെഴുന്നേറ്റു.

ഒരു പോറല്‍ പോലും ഏല്ക്കാതെ
ആ ബാലന്‍ ആശുപത്രിയില്‍ അവന്‍റെ
കൂടെ യാത്ര ചെയ്തിരുന്നവരെ തിരക്കിക്കൊണ്ടിരുന്നു.

പൊലിഞ്ഞുപോയ ഏഴ് ജീവനുകളെ ക്കുറിച്ച്
പറയുവാന്‍ ആര്‍ക്കുംതന്നെ കഴിയുന്നുണ്ടായിരുന്നില്ല.

ദൈവം ജീവനുകള്‍ അപഹരിച്ചാല്‍
കൃത്യമായി അപഹരിക്കപ്പെട്ട
ജീവനുകളെ കുറിച്ച് പുസ്തകത്തില്‍
അടയാളപ്പെടുത്തും.

ദൈവത്തിന്‍റെ വികൃതികള്‍ എഴുതുന്ന താളിലാണ്
ദൈവം ഈ ഏഴ് ജീവനുകള്‍ അപഹരിച്ച കണക്ക് എഴുതിച്ചേർത്തത്.

                                                          ശുഭം
rasheedthozhiyoor@gmail.com                       rasheedthozhiyoor.blogspot.com





Post a Comment

6 Comments

  1. "ദൈവത്തിന്‍റെ വികൃതികള്‍ എഴുതുന്ന താളിലാണ്
    ദൈവം ഈ ഏഴ് ജീവനുകള്‍ അപഹരിച്ച കണക്ക് എഴുതിച്ചേർത്തത്" സത്യം ഇത് കഥയല്ല ജീവിതം
    കഴിഞ്ഞ ദിവസവും കേട്ടു
    ഇജാസ് മൻസിലിൽ ഇനി ഇജാസ് മാത്രം
    എന്നൊരു ഒറ്റലൈൻ കഥ
    ഒരു നിമിഷത്തിൽ വിധി ചെയ്തുകൂട്ടുന്ന കാര്യങ്ങൾ

    ReplyDelete
    Replies
    1. നന്ദി ശ്രീ ബൈജു വായനയ്ക്കും അഭിപ്രായത്തിനും .ദാരുണമായ ഈ വാര്‍ത്ത മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി .ഇജാസ് രക്ഷപ്പെട്ടത് അത്ഭുതം തന്നെയാണ്

      Delete
  2. ടിവിയിലൂടെ ഈ വാര്‍ത്ത അറിഞ്ഞുകൊണ്ടിരുന്നപ്പോള്‍.......
    ആ നടുക്കം ഇപ്പോഴും..................

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും

      Delete
  3. വിധിയുടെ വിളയാട്ടം
    ഞാൻ നാട്ടിലുണ്ടായിരുന്നപ്പോഴാണ്
    ഈ ദാരുണ സംഭവം നന്ദിക്കരയിൽ നടന്നത്

    ReplyDelete
  4. ദൈവത്തിന്‍റെ ക്രൂരമായ വികൃതികൾ......
    നന്മകള്‍ നേരുന്നു......

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ