പ്രവാസം: മലയാളികളുടെ അതിജീവനയാത്ര (ലേഖനം )


പ്രവാസം: മലയാളികളുടെ അതിജീവനയാത്ര

– ഒരു കുടുംബം രക്ഷപെടുവാൻ , കണ്ണീരിലൂടെ കെട്ടിപ്പടുത്ത സ്വപ്നങ്ങൾക്ക് നിറം പകരാൻ തിരഞ്ഞെടുക്കുന്ന മാർഗ്ഗരേഖയാണ് പ്രവാസം. 

മൂടൽമഞ്ഞ് നിറഞ്ഞ ഒരു പ്രഭാതത്തിലൂടെ, പ്രാരപ്തങ്ങളുടെ   ഭാണ്ഡകെട്ടും  പേറിയുള്ള  വിമാനത്താവളത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു, തിരിച്ചുവരവിനായി  കാത്തിരിക്കുന്ന അമ്മയും, ശാരീരിക ബലഹീനതയുള്ള  നിസ്സഹായനായ അച്ഛനും.... പലർക്കും പലവിധ കഥകളാണ് പറയുവാനുണ്ടാവുക . പ്രിയപെട്ടവരുടെ   മുഖം പിന്നിലായി മറയുമ്പോൾ, ഹൃദയത്തിൽ  ആഴത്തിൽ സൂക്ഷിച്ച ഒരു വാക്ക് മാത്രം: ‘പോയിവരാം ...’

ഇതാണ് പ്രവാസം – മലയാളിയുടെ ഹൃദയത്തെ തൊട്ടുള്ള, സ്വപ്നസാക്ഷാത്കാരത്തിനായുള്ള , അതിജീവനത്തിന്റ്റെ  മറ്റൊരു പേരായ ജീവിതയാത്ര.അവിടെ തുടങ്ങുന്നു.

പ്രാരാപ്തങ്ങളോടെ മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറുന്ന
ഓരോ പ്രവാസിയുടെയും തുടക്കം ഒരു ചെറിയ സ്വപ്നത്തോടെയാണ്. നല്ലൊരു ജോലി, സ്ഥിരമായ വരുമാനം, കുട്ടികൾക്കുള്ള നല്ല വിദ്യാഭ്യാസം, വീടിന്റെ കടം തീർക്കൽ, വിവാഹക്കാര്യങ്ങൾ – എല്ലാമെല്ലാം ഒരു ചെറു പുഞ്ചിരിയോടെ മനസ്സിന്റെ അകത്തളങ്ങളിൽ താഴിട്ടു പൂട്ടിയുള്ള ആ യാത്രയിൽ ചിലർ ലക്ഷ്യസ്ഥാനത്തെത്തുകയും ചിലർ പരാജയപെടുകയും ചെയ്യും..

പ്രവാസലോകത്ത് പരിചയമില്ലാത്ത ഭാഷ,പുതുമയുള്ള സംസ്കാരങ്ങൾ,ജോലി ചെയ്യേണ്ട ഗതികെട്ട സാഹചര്യങ്ങൾ,ഒറ്റപ്പെട്ട ജീവിതം. പ്രവാസികൾ ഇങ്ങനെയൊക്കെ ആണെങ്കിലും നാട്ടിലുള്ളവർക്ക് പ്രവാസികൾ എന്നുവെച്ചാൽ സ്വർഗ്ഗതുല്യ ജീവിതം നയിക്കുന്നവരാണ്.

ദിവസങ്ങൾ കടന്നുപോകുമ്പോൾ ആ പ്രവാസത്തിന്റെ യഥാർത്ഥ തീവ്രത മനസ്സിലാകുന്നു.ദിനരാത്രങ്ങൾ കൊഴിഞ്ഞുപോകുമ്പോൾ ഒരു ശൂന്യത, പലർക്കും മനസ്സിൽ കയറി കൂടും .

മാറ്റത്തിന്റെയും ക്ഷമയുടെയും പാഠങ്ങൾ

പ്രവാസം മലയാളിയേയും മാറ്റിക്കൊണ്ടിരിക്കും . കഠിനമായി ജോലി ചെയ്ത് സ്വപ്ന സാക്ഷാത്‍കാരത്തിനായുള്ള പ്രയാണത്തിനിടയിൽ   ആശ്വാസം നല്കുന്ന ചില നേട്ടങ്ങൾ – എല്ലാം നമ്മളെ ബോധ്യപ്പെടുത്തുന്നു, "ഇത് വിലപ്പെട്ടതാണ്, കാരണം ഇതിന് വേദനയുണ്ട്.വിയർപ്പിന്റെ ഗന്ധമുണ്ട് "


ഒരു ജോലിക്കാരൻ രാവിലെ  പുറത്തിറങ്ങി വൈകിട്ട്  മടങ്ങുന്നു.  പ്രവാസികളുടെ  നേട്ടം  എന്നും കണ്ണീരിന്റെ കൈപ്പുള്ള  സന്തോഷം തന്നെയാണ് – “കഷ്ടതകൾ  തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണെന്നുള്ള ചിന്ത അവരുടെ ഏതു കഠിനാധ്വാനവും മറികടക്കാൻ അവരെ പ്രാപ്തരാക്കുന്നു എന്നതാണ് വാസ്തവം .”


കണ്ണീരും കരുത്തും ചേർന്ന ജീവിതം

ഒരു ദിവസം വരും – മണ്ണിന്റെ മണവും മഴയുടെ   നനവും വീണ്ടും അനുഭവപ്പെടുന്ന .നാൾ 
, ഓരോ പ്രവാസിയും സ്വന്തം നാട്ടിലേക്ക് തിരികെയെത്താൻ  പ്രതീക്ഷയോടെ  കാത്തിരിക്കും .

 സന്ദേശങ്ങൾ ,വീട്ടിൽ നിന്നും  വരുന്ന  ഓരോ ഫോൺകോളുകളും,  വീഡിയോ കോളുകളും ,  എതിർവശത്ത് പ്രിയപെട്ടവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ  , സ്നേഹസന്ദേശങ്ങൾ,…പ്രിയപെട്ടവരുടെ സ്നേഹമാണ്  പലർക്കും പ്രവാസ ജീവിതം തുടരാനുള്ള ഊർജ്ജം.

കൊഴിഞ്ഞുപോകുന്ന ദിനരാത്രങ്ങളിൽ  നിന്ന് പ്രതീക്ഷയെന്നൊരു നീളുന്ന രേഖയാണ് അവർക്കായി തുടർന്നുകൊണ്ടിരിക്കുന്നത്.

 , ഒത്തിരി സന്തോഷവാർത്തകളും  ഒപ്പം ചില ദുഃഖവാർത്തകളും,ഉണ്ടാകാറുണ്ടെങ്കിലും താൻ നേരിൽ കാണാതെപോകുന്ന  തൻ്റെ  നാട്ടിലെ രേഖാചിത്രങ്ങൾ തനിക്കുമുന്നിൽ തുറന്നുകാണിക്കുന്ന പ്രിയപെട്ടവർ .

പലരും സ്വന്തം ദുരിതങ്ങൾ ഒറ്റവാക്കിലും പറയാറുണ്ട് – “സമ്പാദിക്കാൻ വേണ്ടി അല്ലേ?”.

അതിന്റെ പിന്നിൽ ഒരുപാട് ത്യാഗങ്ങളുണ്ട്, പ്രവാസികളുടെ  മനസ്സിലെ  നിശബ്ദമായ അനേകം   കഥകൾ,കൂടുതൽ പ്രവാസികളും ദുരിതപൂർണമായ ജീവിത യാഥാർഥ്യങ്ങൾ നാട്ടിലുള്ളവരോട് പങ്കുവെക്കാറില്ല എന്നതാണ് സത്യം 

മറ്റുള്ളവർക്കായി ജീവിക്കുന്ന മനുഷ്യർ .........അതാണ് പ്രവാസികൾ.

പ്രവാസം, മലയാളിയെ സഹനത്തിന്റെ പ്രതീകമാക്കി. തന്റെ ആഗ്രഹങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തീരുമാനിച്ച മനുഷ്യത്വം എന്നതാണ് സത്യം  .


അവസാനം, പ്രവാസം നമ്മെ പഠിപ്പിക്കുന്നു:

“ജീവിതം എളുപ്പമല്ല, പക്ഷേ സ്നേഹത്തോടെ എടുത്ത ഓരോ തീരുമാനങ്ങളും   വിലപ്പെട്ടതാണ്.”

ഇതെല്ലാം അവസാനിപ്പിച്ചു ഒരുനാൾ ഞാൻ തിരിച്ചുവരും  എന്ന് പറയാൻ കഴിയുന്ന ഒരു നാളേക്കായി, കാത്തിരിക്കുന്ന കോടാനുകോടി  പ്രവാസികൾ  അന്യഭൂമികളിൽ ഇന്ന് ജോലി ചെയ്യുന്നു.

അവർക്ക്  ആശ്വാസമുണ്ട് – എവിടെയായാലും ഞാൻ മലയാളിയാണ്.ദൈവത്തിന്റെ സ്വാന്തം നാടാണ്‌ എന്റെയും നാട് .. തൻ്റെ  സ്വന്തം നാട്ടിൽ തിരികെ എത്തുന്ന ആ അസുലഭസുന്ദര നിമിഷത്തിനായി എല്ലാ പ്രയാസങ്ങളേയും തരണം ചെയ്ത് ..അവർ അവരുടെ പ്രവാസജീവിതം തുടർന്നുകൊണ്ടേയിരിക്കും .


✍️ എഴുതിയത്: റഷീദ്  തൊഴിയൂർ .

Post a Comment

2 Comments

  1. 🙏🏽🙏🏽🙏🏽♥️♥️♥️♥️👍🏽👍🏽👍🏽👍🏽 namichu

    ReplyDelete
    Replies
    1. നന്ദി ആദ്യ പ്രതികരണത്തിന്

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ